Showing posts with label മാധ്യമങ്ങള്‍. Show all posts
Showing posts with label മാധ്യമങ്ങള്‍. Show all posts

Monday, April 23, 2012

ഫാസിസത്തിന്റെ പ്രേതജന്മം



അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സാണ് തോമസ്മാന്‍, ഹേയ്നേ ബ്രെഹ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ ചുട്ടുകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. നാസി ജര്‍മനിയില്‍ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സ്വന്തം ഭാഷയിലെ സത്യം കാത്തുസൂക്ഷിക്കാന്‍ നാടുവിടേണ്ടി വന്നു. പോളണ്ടില്‍ ആക്രമിച്ചുകയറിയ നാസിപ്പട ഗ്രന്ഥശാലകള്‍ അടച്ചുപൂട്ടുകയും പോളിഷ് ക്ലാസിക്കുകളും നിഘണ്ടുക്കളും ഭൂപടങ്ങളും കണ്ടുകെട്ടുകയും റേഡിയോ കൈവശം വച്ചവരെ വധിക്കുകയും ചെയ്തു. ഡോ. ലോറന്‍സ് ബ്രിട്ട് ഫാസിസത്തിന്റെ 14 സവിശേഷത കണ്ടെത്തിയതില്‍ ഒന്ന്, "പൊതുശത്രു"വിനെ സൃഷ്ടിച്ച് അതില്‍ ഭീതിവളര്‍ത്തി എന്തും ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ്. ശത്രുവായി പ്രഖ്യാപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലെന്നും അവര്‍ എത്ര കഠിനമായി ശിക്ഷിക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ഫാസിസ്റ്റുകള്‍ പഠിപ്പിക്കുന്നു. കലാകാരന്മാരെയും അധ്യാപകരെയും സെന്‍സര്‍ ചെയ്യുന്നതും തടവിലിടുന്നതും ഫാസിസ്റ്റ് ഭരണാധികാരികളുടെ പൊതുസ്വഭാവങ്ങളിലൊന്നാണ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക; വഴങ്ങാത്തവയെ നശിപ്പിക്കുക; സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുക; നിയമത്തിന്റെ ചങ്ങലപ്പൂട്ടില്‍ കുടുക്കുക; സര്‍ക്കാര്‍ നേരിട്ട് മാധ്യമങ്ങള്‍ നടത്തുക തുടങ്ങിയ നടപടികളും ഈ പട്ടികയില്‍ വരുന്നു

. പശ്ചിമബംഗാളില്‍നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍, ആ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഒറ്റനോട്ടത്തില്‍ തന്നെ ഫാസിസത്തോട് പൊരുത്തപ്പെടുന്ന ഇത്തരം നീക്കങ്ങള്‍ തുടരെത്തുടരെ നടത്തുന്നു എന്നാണ്. മമതാബാനര്‍ജി നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യത്തെയല്ല; ഫാസിസത്തെയാണ് മാതൃകയാക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ് മമതാബാനര്‍ജി. ഇടതുമുന്നണി ഭരണത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാനായി അവര്‍ ഊതിവീര്‍പ്പിച്ചതാണ് മമത എന്ന "രക്ഷക"യെ. കേരളത്തിലെന്നപോലെ വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളുടെ വന്‍പടതന്നെയാണ് സിപിഐ എമ്മിനെതിരെ അഹോരാത്രം പ്രവര്‍ത്തിച്ചത്. സിപിഐ എം വിരുദ്ധ വാര്‍ത്തകളില്ലാതെ ഒരുദിവസംപോലും പത്രങ്ങള്‍ ഇറങ്ങിയില്ല. സംഘടിതമായ ആ പ്രചാരണ തന്ത്രം മമതയ്ക്ക് കൃത്രിമമായ സ്വീകാര്യത നേടിക്കൊടുക്കാന്‍ വലിയതോതില്‍ സഹായകമായി. ഇപ്പോഴിതാ അതേ മാധ്യമങ്ങള്‍ മമതയുടെ ശത്രുപക്ഷത്തെത്തിയിരിക്കുന്നു.

കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായ സംഭവം മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെയായിരുന്നു മമതയുടെ ആദ്യ രോഷപ്രകടനം. പെണ്‍കുട്ടി മാനഭംഗപ്പെട്ടില്ലെന്നു വാദിച്ച മമത, തനിക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വായനശാലകളില്‍ ഈ പത്രങ്ങള്‍ വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 13 പത്രങ്ങളേ വാങ്ങാവൂ എന്ന് ഉത്തരവിട്ടു. പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ വാര്‍ത്താ ചാനലുകള്‍ക്കെതിരെ തിരിഞ്ഞു. പൊതുജനം വാര്‍ത്താ ചാനലുകള്‍ കാണരുത്, പകരം വിനോദപരിപാടികള്‍ കണ്ടാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ആജ്ഞാപിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ സര്‍ക്കാരിനെതിരെ അപവാദപ്രചാരണം നടത്തുകയാണത്രേ. അവയിലെ വാര്‍ത്ത കാണുന്നതിനു പകരം ബംഗാളികള്‍ പാട്ടുകേട്ടുകൊള്ളട്ടെ എന്ന് മമത പറയുന്നു.

വെറുതെ ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കാണാതിരിക്കേണ്ട ചാനലുകളുടെ പട്ടിക അവര്‍ പൊതുയോഗത്തില്‍ വായിച്ചു. സര്‍ക്കാര്‍ ലൈബ്രറികളില്‍ ഏതൊക്കെ പത്രം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവ് രൂക്ഷമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഘട്ടത്തില്‍ തന്നെയാണ് ചാനല്‍വിരുദ്ധ പ്രഖ്യാപനം. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്വന്തം വാര്‍ത്താ ചാനലും ദിനപ്പത്രവും തുടങ്ങുകയാണെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഫാസിസ്റ്റ് രീതികള്‍ മമതയ്ക്ക് അതിലും മാതൃകയാകുകയാണ്.

നിഷേധാത്മകവാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതെന്നാണ് മമതയുടെ പ്രധാന പരാതി. സിപിഐ എമ്മിനെതിരെ അത്തരം നിഷേധാത്മക വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കാനും അതിന്റെ മറവില്‍ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാനും ആവേശപൂര്‍വം ഇറങ്ങിയ മമതയുടെ യഥാര്‍ഥ സ്വഭാവം ഇന്നലെവരെ അനുകൂലിച്ച മാധ്യമങ്ങളും തിരിച്ചറിയുകയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒട്ടേറെ സാംസ്കാരികപ്രവര്‍ത്തകരും ബുദ്ധിജീവികളും വീണുപോയിരുന്നു. അത്തരക്കാര്‍ക്ക് മമത നല്‍കിയ ആദ്യശിക്ഷയാണ്, റെയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ജാദ്പുര്‍ സര്‍വകലാശാലാ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയുടെ അറസ്റ്റ്. ഇതേക്കുറിച്ച്, ""മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. തെരുവുപോരാളിയുടെ സ്ഥാനത്തല്ല. ഭരണാധികാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മമത പഠിച്ചേ തീരൂ"" എന്നാണ് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്.

ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് പശ്ചിമ ബംഗാള്‍. അവിടത്തെ ഭരണാധികാരം കിട്ടിയപ്പോള്‍, നീതിയെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മമതയ്ക്ക് കഴിയുന്നെങ്കില്‍, ഇത്തരം ശക്തികളുടെ വളര്‍ച്ച എത്രമാത്രം ആശങ്കയോടെ കാണണമെന്ന് ജനാധിപത്യബോധമുള്ള സകലരും ചിന്തിച്ചേ മതിയാകൂ. മമതയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ക്കെന്ന പോലെ കേന്ദ്രത്തില്‍ മമതയ്ക്ക് കീഴടങ്ങാതെ ഭരണം നിലനിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ മമത എന്ന ഫാസിസ്റ്റ് മനസ്സുള്ള ഭരണാധികാരിയെ കോണ്‍ഗ്രസ് പാലൂട്ടിവളര്‍ത്തുകയാണ്. അധികാരം നിലനിര്‍ത്തുന്നതിനുള്ള ഈ വിട്ടുവീഴ്ച ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കലുമാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ മമതയുടെ തനിനിറം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ തനിനിറം അനുഭവിച്ചറിയുന്നു. അന്നാട്ടിലെ കോണ്‍ഗ്രസുകാരും പൊറുതിമുട്ടിയിരിക്കുന്നു. പക്ഷേ, കേന്ദ്രത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കുലുക്കമില്ല. അവര്‍ക്ക് എല്ലാത്തിലും വലുതാണ് അധികാരം. ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ ശക്തമായ ബഹുജനവികാരം രാജ്യത്താകെ ഉയരേണ്ടതുണ്ടെന്നാണ് പശ്ചിമബംഗാളിന്റെ സന്ദേശം. ബംഗാളിലെ പൊരുതുന്ന ഇടതുപക്ഷത്തോടുള്ള ഐക്യപ്പെടല്‍ കൂടുതല്‍ ദൃഢതരമാകണം. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിനടിപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്ക്, മമത എന്ന വിപത്ത് തങ്ങള്‍ക്കുനേരെ വന്നപ്പോഴെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

Wednesday, February 29, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

Tuesday, September 13, 2011

മാഫിയാ രാഷ്ട്രീയമോ?

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .

തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.

പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.

പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.

ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.

ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?

കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.

Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Tuesday, November 23, 2010

കെട്ടകാലത്തിന്റെ മാധ്യമ മുഖം

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.

Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

Tuesday, October 5, 2010

ജനാധിപത്യഹിംസയോ മാധ്യമധര്‍മം?

ജനാധിപത്യം, മാധ്യമ സത്യസന്ധത എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കെട്ടുപോകുന്ന അവസ്ഥ ഇന്ത്യയില്‍ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഇപ്പോള്‍, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പുചെലവ് പരിശോധിക്കുമ്പോള്‍, പണംകൊടുത്തുള്ള വാര്‍ത്ത എത്രയുണ്ടെന്നുകൂടി തിട്ടപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം രാജ്യം എത്രമാത്രം അപമാനകരമായ സ്ഥിതിയില്‍ എത്തിയിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് തുടങ്ങാനിരിക്കെയാണ്, തെരഞ്ഞെടുപ്പിലെ മാധ്യമദുരുപയോഗം നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നത്. പരസ്യങ്ങള്‍ക്ക് പണം ചെലവിടുന്നതിനുപുറമെ വാര്‍ത്തകള്‍ക്ക് എത്ര ചെലവിട്ടു എന്നാണ് പരിശോധിക്കുക. നിരീക്ഷകര്‍ക്കുള്ള ചോദ്യാവലിയില്‍ ഇനി പെയ്ഡ് വാര്‍ത്തകളുടെ വിശദാംശം രേഖപ്പെടുത്താനുള്ള പ്രത്യേക ഇടവുമുണ്ടാകും. ഇപ്പോള്‍ ബിഹാറിലും അടുത്തവര്‍ഷം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പുകമീഷന്റെ ഈ നീക്കങ്ങള്‍. ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായമാരായാനുള്ള പ്രക്രിയയും നടക്കുന്നു.

മാധ്യമങ്ങളുടെ അപമാനകരമായ മുഖം മാത്രമല്ല ഇവിടെ വെളിപ്പെടുന്നത്. ഇന്ത്യാ രാജ്യത്ത് ജനാധിപത്യം അതിന്റെ പരിമിതമായ അവസ്ഥയില്‍പ്പോലും നിലനില്‍ക്കാനുള്ള സാധ്യത ഇല്ലാതാകുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. പണം ഒഴുക്കാത്ത പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകില്ല. കോടികള്‍ ചെലവിട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയെഴുതിച്ച് ജനങ്ങളുടെ മുന്നില്‍ മഹാന്മാരാവുകയും അതിലൂടെ വോട്ടും വിജയവും നേടുകയും ചെയ്ത പ്രമുഖരെക്കുറിച്ചുള്ള വാര്‍ത്തകള്‍ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏറെ വന്നിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പണമാണ് വിജയികളെ നിശ്ചയിച്ചത്. ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടാന്‍ എളുപ്പമാര്‍ഗം വാര്‍ത്തകളിലെ ഹീറോ ആവുകയാണെന്നും വോട്ട് നേടാന്‍ ആശ്രയിക്കേണ്ടത് മാധ്യമ ഉപജാപങ്ങളെയാണെന്നും കരുതുന്ന ബൂര്‍ഷ്വാ പാര്‍ടികളും അവയുടെ നേതാക്കളും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയിരിക്കുന്നു; മാധ്യമങ്ങളെ വാടക ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു. പണം മുടക്കുന്ന ആളെ പുകഴ്ത്തുക എന്ന 'ധര്‍മം' മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. എതിരാളികളെ ഇകഴ്ത്താനും മാധ്യമസ്ഥലം ഉപയോഗിക്കപ്പെടുന്നു. വ്യാജ വാര്‍ത്തകളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും ഇത് സാധിക്കുന്നു. ആ അര്‍ഥത്തില്‍, തെരഞ്ഞെടുപ്പു കമീഷന്‍ എത്രതന്നെ പരിശോധന നടത്തിയാലും പണംകൊടുത്തുള്ള വാര്‍ത്തകളുടെ നിജസ്ഥിതി കണക്കാക്കാനാകില്ല.

അധികാരം കൈയാളുന്ന വര്‍ഗത്തിന്റെ ആയുധങ്ങളായ പൊതുമാധ്യമങ്ങള്‍, മൂലധനശക്തികളുടെ വാടകഗുണ്ടകള്‍ എന്ന തലത്തിലേക്കുകൂടിയാണ് എത്തുന്നത്. കോര്‍പറേറ്റുകളും മാധ്യമ ഉടമകളും തമ്മില്‍ സ്വകാര്യ കരാറുകളുണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതി നിലവിലുണ്ട്. രാഷ്ട്രീയത്തിലെ പണം കൊടുത്തുള്ള വാര്‍ത്തകള്‍പോലെതന്നെ അപകടകരമാണതും. അമേരിക്കയിലെ വന്‍കിട പടക്കോപ്പുകമ്പനികള്‍ക്കെല്ലാം അനുബന്ധ മാധ്യമസ്ഥാപനങ്ങളുമുണ്ട്- വാര്‍ത്താ ഏജന്‍സികളും പത്രങ്ങളും ടിവി, റേഡിയോ നിലയങ്ങളും. കോര്‍പറേറ്റുകള്‍ ലാഭം വര്‍ധിപ്പിക്കാനുള്ള ദല്ലാള്‍മാരായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഏതാണ് വാര്‍ത്ത; ഏതാണ് പരസ്യം എന്നു തിരിച്ചറിയാനാകാത്ത ദയനീയസ്ഥിതിയാണ് ഉരുത്തിരിയുന്നത്.

ഒരുകൊല്ലത്തിലേറെയായി ഇന്ത്യയില്‍ 'പെയ്ഡ് വാര്‍ത്ത'യെക്കുറിച്ച് ചര്‍ച്ചകളുയരുന്നു. മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പുകളും ജനവിധിയും അട്ടിമറിക്കപ്പെടുന്നത് നാം കാണുന്നു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ അതിശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരെ പലപ്പോഴായി നടത്തിയത്. പ്രസ് കൌണ്‍സില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഈ പ്രവണതയെക്കുറിച്ച് അന്വേഷിച്ചു. ആ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നു. അത് പുറത്തുവരുന്നത് രാജ്യത്തിന്റെ ഭരണനേതൃത്വം ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയായ പ്രസ് കൌണ്‍സില്‍ അംഗം കെ കേശവറാവു പറയുന്നത്, എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി പ്രധാന മാധ്യമപ്രവര്‍ത്തകരെയും മുതിര്‍ന്ന പൌരന്മാരെയും നിയോഗിക്കണമെന്ന പ്രസ് കൌണ്‍സിലിന്റെ ശുപാര്‍ശ തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ചിട്ടില്ല. പണംകൊടുത്തുള്ള വാര്‍ത്ത നിയന്ത്രിക്കാനുള്ള ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് പേരിനുമാത്രമുള്ളതോ ഉപരിപ്ളവമോ ആകരുത്. തെരഞ്ഞെടുപ്പു കമീഷന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗൌരവമുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്.

എല്ലാ മൂല്യങ്ങളെയും നിഷേധിച്ച് ധനാര്‍ത്തി എന്ന ഒറ്റക്കയറില്‍ തൂങ്ങിനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ ഉപദേശിച്ച് നന്നാക്കാമെന്നുള്ള ധാരണ വിഡ്ഢിത്തമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്ത ഉപജാപങ്ങളിലും പ്രചാരണതന്ത്രങ്ങളിലുമാണ് അവ അഭിരമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന മാധ്യമപ്രചാരണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. മാധ്യമസമീപനത്തെ വിവേചിച്ച് കാണാനുള്ള ഉള്‍ക്കണ്ണാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ അത്തരമൊരു സവിശേഷ വിവേചനബുദ്ധി പ്രയോഗിക്കുമ്പോള്‍, കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെടുകയും ബദല്‍മാധ്യമങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. ആരുടെ താല്‍പ്പര്യങ്ങളാണ് മാധ്യമ ഉപജാപങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന പൊതുപരിശോധനയും തുറന്നുകാട്ടലും ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യ രാജ്യമെന്ന വിശേഷണം അവസാനിക്കുകയും പണാധിപത്യം പുലരുകയും ചെയ്യും.

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിക്കുന്നതെന്നും ആ നിയന്ത്രണം ഉറപ്പിക്കാനുള്ള സുപ്രധാന പ്രവര്‍ത്തനമാണ് വാര്‍ത്താസ്ഥലം വിലയ്ക്കെടുക്കല്‍ എന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളിലാകെ എത്തിക്കുന്നതിലൂടെയേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ. മാധ്യമരംഗത്തുമാത്രമല്ല, തെരഞ്ഞെടുപ്പു കമീഷനിലും പ്രസ് കൌണ്‍സിലിലും മാത്രമല്ല, ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഈ ചര്‍ച്ച ഉയരേണ്ടതുണ്ട്. മാധ്യമസമീപനം തുറന്നുകാട്ടുന്നതും മാധ്യമ ഉപജാപങ്ങളെ തടയുന്നതും അനിവാര്യമായ ജനാധിപത്യസംരക്ഷണ പ്രവര്‍ത്തനംകൂടിയാണ്.

Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്നു പദ്ധതികളും കാലാനുസൃതമായി നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിക്ക് ധാരണാ പത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത സഹായം പൂര്‍ണ്ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷ വിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്.

സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.

മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.

ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.

ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

Thursday, December 17, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?

1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.

'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).

എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).

എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി മറുപടി പയണം.

1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?

2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?

3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?

3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?

4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?

5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?

ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.

Thursday, October 29, 2009

കള്ളവോട്ടോ?

വോട്ടെടുപ്പുമായുള്ള അകലം ആഴ്ചകള്‍ മാറി ദിവസങ്ങളാകുമ്പോള്‍ കണ്ണൂരിന്റെ മനസ്സ് തെളിഞ്ഞുവരികയാണ്. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പിച്ചു പറയാവുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്ന് എന്ന വിശേഷണംപേറിയ കണ്ണൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ക്കുപോലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ പ്രചാരണ വേദികളില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല-കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും കണ്ണൂരിലെത്തിയിട്ടുപോലും രാഷ്ട്രീയം മിണ്ടുന്നില്ല. എല്ലാവരും എല്‍ഡിഎഫ് 'ഇറക്കുമതി വോട്ടുചേര്‍ത്തു' എന്ന ഏക ആരോപണം ആവര്‍ത്തിക്കുന്നു.

കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.

കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.

വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.

യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.

കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.

എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.

വാര്‍ത്തയും കച്ചവടച്ചരക്കോ?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രസ്കൌസില്‍ ചെയര്‍മാന്‍ ജസ്റിസ് പി ബി സാവന്ത് പണം കൊടുത്തുള്ള വാര്‍ത്തകളെപ്പറ്റി ഗൌരവതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇന്നാട്ടിലെ വലതുപക്ഷ-മുഖ്യധാരാ മാധ്യമങ്ങള്‍ അതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വച്ചു. മാധ്യമരംഗം നേരിടുന്ന വലിയ വെല്ലുവിളി ആയിരുന്നിട്ടുകൂടി, പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ട വിഷയമായിരുന്നിട്ടുകൂടി ജസ്റിസ് സാവന്തിന്റെ വാക്കുകള്‍ വാര്‍ത്തയാകുന്നതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍, എല്ലാ പരിധികളെയും അതിലംഘിച്ച് ആ ദുഷ്പ്രവണത രാജ്യത്തിന്റെ മാധ്യമമേഖലയെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി മാറിയിരിക്കയാണെന്ന് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവത്തില്‍ വ്യക്തമാകുന്നു. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും 'ദ ഹിന്ദു' പത്രത്തിന്റെ റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായ്നാഥ് എഴുതിയ ലേഖനം ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ്. സായ്നാഥ് പറയുന്നു:

"തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത് പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു.''

കൂടുതല്‍ പണം മുടക്കി ജയിച്ചുകയറിയ സ്ഥാനാര്‍ഥികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളല്ല 'കവറേജ് പാക്കേജു'കളാണ് ജയവും തോല്‍വിയും നിശ്ചയിച്ചതെന്ന് പറയുമ്പോള്‍ മാധ്യമങ്ങളുടെ ദുഃസ്വാധീനവും ദുര്‍വൃത്തിയും ജനാധിപത്യത്തിന് ശവക്കുഴിതോണ്ടാന്‍വരെ പ്രാപ്തമായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് തെളിഞ്ഞുവരുന്നത്. ഞങ്ങള്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയ വിഷയമാണിത്. കേരളത്തിന്റെ മാധ്യമ ഭൂമികയില്‍ സജീവ ചര്‍ച്ചയ്ക്ക് ഇത് വിഷയമാകേണ്ടതുണ്ട്. കാരണം, ഇവിടെ അത്തരം അനാശാസ്യപ്രവണതകള്‍ക്ക് അതിവേഗം വേരോട്ടം ലഭിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്ന കര്‍ത്തവ്യം മറന്ന് വാര്‍ത്ത സൃഷ്ടിക്കുകയും തമസ്കരിക്കുകയും സ്വയംതന്നെ വാര്‍ത്തയാവുകയും ചെയ്യുന്നു. സമീപനാളുകളിലെ ഏതാനും ഉദാഹരണങ്ങള്‍ നോക്കിയാല്‍ കേരളത്തില്‍ ഈ പ്രവണത പലവഴികളിലായി പടര്‍ന്നുകയറുന്നതാണ് കാണാനാവുക.

സിപിഐ എം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചപ്പോള്‍, അതുവെളിപ്പെടുത്തി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ കാര്യങ്ങള്‍ തമസ്കരിച്ച്, കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇനി രണ്ടുവര്‍ഷ കാലാവധിമാത്രം എന്ന ദുസ്സൂചനയടങ്ങുന്ന തലക്കെട്ടോടെ മുഖ്യവാര്‍ത്ത സൃഷ്ടിക്കാന്‍ തയ്യാറായത് ഇവിടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റി എടുത്ത തീരുമാനമല്ല, എടുക്കാത്ത തീരുമാനമാണ് അവര്‍ക്ക് വാര്‍ത്തയായത്. പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ് നേതാവ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടിവരുമെന്ന് പ്രവചിക്കാന്‍ ആ പത്രം കാണിച്ച ആവേശവും അമിതോത്സാഹവും അവരുടെ ദുരുദ്ദേശ്യജടിലമായ മനസ്സിനെയാണ് തുറന്നുകാട്ടിയത്. എന്തേ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ സെക്രട്ടറിപദവിയില്ലെങ്കില്‍ വനവാസത്തിന് പോകേണ്ടിവരുമോ എന്ന സാമാന്യ യുക്തിപോലും കാണാതെയുള്ള ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ എന്തൊക്കെ താല്‍പ്പര്യങ്ങളും ദുഃസ്വാധീനങ്ങളുമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? ബംഗളൂരു നഗരത്തിലെ പൊലീസ് അധികാരികള്‍ അറിയാത്ത ഒരു വ്യാജറെയ്ഡിന്റെ വാര്‍ത്ത സൃഷ്ടിച്ച്, 'സ്റ്റിങ് ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ ഒരു ചാനല്‍ കല്‍പ്പിത കഥ പുറത്തുവിടുകയും ദുബായില്‍ ജോലിചെയ്യുന്ന യുവാവിനെ, അയാള്‍ സിപിഐ എം നേതാവിന്റെ മകനാണ് എന്ന ഒറ്റക്കാരണത്താല്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തപ്പോള്‍ നേരിട്ടും അല്ലാതെയും ആ കഥ ഇവിടത്തെ മാധ്യമങ്ങള്‍ ഏറ്റുപാടിയില്ലേ? കാര്‍ട്ടൂണുകളിലൂടെയും വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെയും ആവര്‍ത്തിച്ചില്ലേ? എന്താണ് അതിനുപിന്നിലെ സ്വാധീനം?

കണ്ണൂരിലേക്ക് ശ്രദ്ധിക്കൂ. അവിടെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ ഒറ്റരാത്രികൊണ്ട് കോണ്‍ഗ്രസിലെത്തി ഇന്നലെവരെ ചെയ്തതിനെയെല്ലാം തള്ളിപ്പറഞ്ഞ് ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നു. അത്തരം ഒരു കൂറുമാറ്റത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ 'വോട്ടര്‍ പട്ടിക വിവാദം' എണ്ണയൊഴിച്ച് കത്തിക്കാനുള്ള ദൌത്യം ഏറ്റെടുത്തവരില്‍ 'നിഷ്പക്ഷ പാരമ്പര്യം' അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പലതുമുണ്ട്. യുഡിഎഫുകാര്‍ എഴുതിത്തയ്യാറാക്കി എത്തിക്കുന്ന കഥകള്‍ സ്വന്തമെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ മടികാട്ടാത്ത അവര്‍ക്ക്, പിറ്റേന്ന് അത്തരം പത്രങ്ങളിലെല്ലാം ഒരേ വാചകങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ അല്‍പ്പം നാണംപോലും തോന്നുന്നില്ല. ലാവ്ലിന്‍ കേസും വാര്‍ത്തകളും കൊഴുപ്പിക്കാന്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ച 'വരദാചാരിയുടെ തല പരിശോധന','എജിയുടെ ടെലിഫോ ചോര്‍ത്തല്‍', 'മന്ത്രിസഭയുടെയും രാജ്ഭവന്റെയും രേഖ ചോര്‍ത്തല്‍' തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ദയനീയമായി ചരമഗതി പൂകിയത് ഇന്നാട്ടിലെ ജനങ്ങളുടെ മനസ്സില്‍നിന്ന് മായുമോ?

സായ്നാഥ് ചൂണ്ടിക്കാട്ടിയ പാക്കേജുകള്‍ ഈ കേരളത്തിലും ഉണ്ടെന്ന് തെളിയിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഇവയൊക്കെ. കേരളം മഹാരാഷ്ട്രയില്‍നിന്ന് ഭിന്നമാകുന്നത് പാക്കേജുകളുടെ വലുപ്പത്തില്‍ മാത്രമാകും. വാര്‍ത്തയെ വിലപേശി വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കാക്കി മാറ്റുന്നവര്‍ ജനങ്ങളെ കബളിപ്പിക്കുക എന്ന കാപട്യപൂര്‍ണമായ തൊഴിലെടുക്കുന്നവരാണ്. അത്തരക്കാരെക്കുറിച്ച് തുറന്ന ചര്‍ച്ച തുടങ്ങാന്‍, സായ്നാഥ് ചൂണ്ടിക്കാട്ടുന്ന മഹാരാഷ്ട്ര അനുഭവങ്ങള്‍ നിമിത്തമാകട്ടെ.

Wednesday, October 21, 2009

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

മൂന്നു മണ്ഡലങ്ങളിലെയും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫ് കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് പിഎന്‍ സീനുലാല്‍, ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദ് എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് ലിസ്റ്റില്‍ യഥാക്രമം എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക്ക് പ്രസന്റേഷന്‍, എ എ ഷുക്കൂര്‍ എന്നിവരാണ്. മൂന്നിടത്തും എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വന്‍ഷനുകള്‍ അഭുതപൂര്‍വ ജനമുന്നേറ്റത്തിന് വേദിയായി. കണ്ണൂരിലും ആലപ്പുഴയിലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എറണാകുളത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ എത്തി എന്നതാണ് മൂന്നു കണ്‍വന്‍ഷനുകളിലും കണ്ട പ്രധാന പ്രത്യേകത. ഇത് സമീപനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വരുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. ഇരുപതില്‍ പതിനാറുസീറ്റിലും യുഡിഎഫിന് ജയിക്കാനായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ കേരളത്തിന്റെ മനസ്സ്.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പുകളുടേതുമായിരുന്നു. എണ്ണൂറ്റമ്പത് ഹൈസ്കൂളുകളിലാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുനടന്നത്. അതില്‍ 703ല്‍ എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയ്ക്കുകീഴില്‍ ആകെ 49 കോളേജുകള്‍. അതില്‍ 39ല്‍ എസ്എഫ്ഐ. എണ്‍പത് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനമുള്ളതില്‍ അറുപതും എസ്എഫ്ഐക്ക്.

എംജി സര്‍വകലാശാലയില്‍ ആകെ കോളേജ്-87. എസ്എഫ്ഐ ജയം 78ല്‍. 127 കൌണ്‍സിലര്‍മാരുള്ളതില്‍ 109ഉം എസ്എഫ്ഐക്ക്. കലിക്കറ്റില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌണ്‍സിലര്‍ സ്ഥാനവും നേടിയ എസ്എഫ്ഐ കണ്ണൂരില്‍ 33 കോളേജുകളും(ആകെ 41) 47 കൌണ്‍സിലര്‍ സ്ഥാനങ്ങളും(ആകെ 58) കരസ്ഥമാക്കി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ആകെയുള്ള ഒന്‍പതുകോളേജുകളില്‍ ഒരിടത്തേ എസ്എഫ്ഐക്ക് ജയിക്കാന്‍ കഴിയാതിരുന്നുള്ളൂ. സംസ്ഥാനത്തെ 46 പോളി ടെക്നിക്കുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 39ലും എസ്എഫ്ഐ വിജയപതാക പറപ്പിച്ചു.

ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി, സമീപകാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വലതുപക്ഷം ഏറ്റെടുത്തതുമായ അനവധി വിവാദങ്ങള്‍, ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെടുന്നു എന്ന വിലാപം-ഇവയെല്ലാം സൃഷ്ടിച്ച സവിശേഷമായ അന്തരീക്ഷം കേരളം ഒരു തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സഹായകമായി. വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ ഇടതുപക്ഷ മനസ്സ് ക്ഷയിക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുകയും ചെയ്തു. കേരളത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നവര്‍ക്ക് തീര്‍ച്ചയായും ആഹ്ളാദം നല്‍കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും വിവാദവേലിയേറ്റമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ-മാധ്യമ സഖ്യത്തിന് കഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷമുന്നണിയെ അട്ടിമറിച്ച് നായനാര്‍ സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ആന്റണി പ്രഖ്യാപിച്ചത്, സിപിഐ എമ്മിന് നൂറുവര്‍ഷത്തേക്ക് കേരളംഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു.(ആ അതിമോഹം 87ല്‍ തകര്‍ന്നു. പിന്നെ 96ല്‍, 2006ല്‍) പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസില്‍നിന്ന് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകളുണ്ടായി. സാധാരണ നിലയില്‍ ഇത്തരം കൂട്ടായ ആക്രമണത്തെ പരാജയപ്പെടുത്തുക ക്ഷിപ്ര സാധ്യമല്ല. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രചാരണ സംവിധാനങ്ങളും കയ്യാളുന്നത് ഇടതുപക്ഷ വിരോധത്തിന്റെയും മൂലധന താല്‍പര്യത്തിന്റെയും ഉടമകളാണ്.അവരുടെ അരിപ്പകള്‍ കടന്ന്ഇടതുപക്ഷത്തിനനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ബഹുജനങ്ങളിലെത്തുന്നത് അനിതരസാധാരണമായ പ്രയത്നത്തിന്റെ ഫലമായി മാത്രമാണ്.

സിപിഐ എമ്മിനെതിരെ കേരളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം പത്രങ്ങളും ആഞ്ഞടിക്കുമ്പോള്‍ മധ്യമാര്‍ഗം സ്വീകരിക്കാന്‍ ഒന്നോരണ്ടോ എണ്ണമേയുള്ളൂ. പാര്‍ട്ടിനയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യാക്രമണവും പ്രതിരോധവുംസംഘടിപ്പിക്കാന്‍ ദേശാഭിമാനിയേ ഉള്ളൂ. പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം വലതുപക്ഷ ആശയങ്ങളുടെയും ഇടതുപക്ഷ വിരോധത്തിന്റെയും പ്രചാരണം ഏറ്റെടുക്കുമ്പോള്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കൈരളി-പീപ്പിള്‍ ചാനലുകളേ ഉള്ളൂ. വലതുപക്ഷ ആശയങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ മനസ്സ് തകരുകയാണെന്ന കണക്കുകൂട്ടലുണ്ടാവുക സ്വാഭാവികമാണ്. സംശുദ്ധമായ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും നയിക്കുന്ന ബഹുജനനേതാക്കളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാത്രം അഴിമതിക്കാരും സമ്പന്ന പക്ഷപാതികളും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചതിലൂടെ സിപിഐ എമ്മില്‍നിന്ന് ബഹുജനങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു എന്നാണവര്‍ വിശ്വസിച്ചത്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നു; ജനങ്ങള്‍ വേറെ-പാര്‍ട്ടി വേറെ; സംഘടനാ സംവിധാനം തകര്‍ന്നു; നേതൃത്വം അപ്രസക്തമായി; പോരാട്ടങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു;ഇനി ചെങ്ങറമോഡല്‍ കടന്നുകയറ്റങ്ങളേ വാഴൂ-ഇത്തരം 'കണ്ടെത്ത'ലുകളാണ് മുഴങ്ങിക്കൊണ്ടിരുന്നത്. ഇവയ്ക്കുള്ള മറുപടികള്‍ ജനങ്ങളിലെത്തുന്നില്ല-എത്തിയാലും ജനമനസ്സുകളെ സ്വാധീനിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് കേരളത്തിലെ വലതുപക്ഷം അഭിരമിച്ചത്. ആ വിശ്വാസം തകര്‍ത്തത് സംസ്ഥാനത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലാണ്. അതിനുംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനേററ താല്‍കാലിക തിരിച്ചടി മാത്രമാണെനും ജനങ്ങള്‍ മുന്നണിയോടൊപ്പം തന്നെയാണെന്നും അത് ചൂണ്ടിക്കാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചവര്‍ കുറവാണ്. അതുംകഴിഞ്ഞ് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളാകട്ടെ മാധ്യമങ്ങള്‍ ഗൌനിച്ചുമില്ല. അല്ലെങ്കിലും അക്രമകഥകളില്‍ വില്ലന്‍സ്ഥാനത്തുനിര്‍ത്താന്‍ മാത്രമാണല്ലോ അവര്‍ക്ക് എസ്എഫ്ഐ.

ഇപ്പോഴിതാ ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു തെളിവുകൂടി-കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മനുഷ്യച്ചങ്ങല. വലതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ അവഗണനയും അവജ്ഞയും കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് പറിച്ചുമാറ്റാനാവില്ല എന്നാണ് മനുഷ്യച്ചങ്ങല തെളിയിച്ചതെന്ന് പറയുന്നത് അപൂര്‍ണ്ണമാകും. എല്ലാപ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ബഹുജന പ്രവാഹമാണുണ്ടായത്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ചിന്തിക്കാന്‍ കഴിയാത്തതാണത്. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനം, ബഹുജന സ്വാധീനം, സമര സംഘാടനം-ഒന്നിനും ഒരുകോട്ടവുമുണ്ടായിട്ടില്ലെന്നുമാത്രമല്ല, എന്നത്തെയുംകാള്‍ ഉയരത്തിലാണ് അവയെന്ന് ആ ജനപ്രവാഹം വിളിച്ചോതി.

അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കാണ് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവുമെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത്തരം പ്രക്ഷോഭങ്ങള്‍ അതിന്റെ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് കഴിയുക എന്നതും. ആസിയാന്‍ കരാറിന്റെ കെടുതിയെക്കുറിച്ച് സിപിഐ എം നടത്തിയ പ്രചാരണം ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മനുഷ്യച്ചങ്ങലയെ അതിന്റെ പ്രചാരണ ഘട്ടത്തില്‍ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്ത മാധ്യമങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ആ മഹാസംഭവം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുതുറക്കാതെ നിര്‍വാഹമില്ലെന്നു വന്നു. ചങ്ങല പൊട്ടുന്നതെവിടെയെന്ന് നോക്കി അതിവേഗത്തില്‍ ക്യാമറയുമായി ദേശീയപാതയിലൂടെ പാഞ്ഞുപോയവര്‍ക്ക്, ചങ്ങലയല്ല മനുഷ്യക്കോട്ടതന്നെയാണ് കാണാനായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു എന്നും പതിനായിരങ്ങള്‍ അണിചേര്‍ന്നു എന്നുമെല്ലാം പറഞ്ഞും എഴുതിയും മനുഷ്യച്ചങ്ങലയെ ചെറുതാക്കാനുള്ള അപഹാസ്യ ശ്രമം പോലുമുണ്ടായി. എണ്ണൂറുകിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യര്‍ കൈകോര്‍ത്തുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ വേണ്ടിവരുമെന്ന ലളിതമായ കണക്കിനുമുന്നില്‍ അവരുടെ 'ആയിരവും' 'പതിനായിരവും' പരിഹാസ്യമായി.

ഗത്യന്തരമില്ലാതെ മനുഷ്യച്ചങ്ങലയുടെ വാര്‍ത്തയും ചിത്രവുംനല്‍കേണ്ടിവന്ന ചാനലുകളും പത്രങ്ങളും ശ്രദ്ധിച്ചാല്‍, ആ സമരത്തില്‍ സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വമായി പങ്കെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. വന്‍തോതില്‍ പങ്കെടുത്തത് പുതിയ തലമുറയാണ്-യുവജനങ്ങളാണ്. അതിനര്‍ത്ഥം കേരളത്തിന്റെ യുവതലമുറ ഹൃദയപൂര്‍വം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നു എന്നാണ്. നടേ സൂചിപ്പിച്ച കലാലയങ്ങളിലെ എസ്എഫ്ഐ ആധിപത്യവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകരുകയാണ് എന്ന വ്യക്തമായ സന്ദേശംകൂടി ഇതില്‍നിന്നൊക്കെ വായിച്ചെടുക്കാവുന്നതുമാണ്. അത് വ്യക്തമായി അറിയാവുന്നത് സിപിഐഎമ്മിന്റെ തകര്‍ച്ച കാണാനായി നോമ്പുനോറ്റിരിക്കുന്നവര്‍ക്കുതന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ വിഭാഗീയത എന്ന തുറുപ്പുഗുലാന്‍ ഇറക്കികകളിക്കാനുള്ള അവസരം ഇന്നില്ല. അങ്ങനെയൊരു ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനടന്ന വിഭാഗീയതയെക്കുറിച്ച് എന്തുതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ പുതിയ ചില ചേരുവകളും കൂട്ടുകളുമായി രംഗത്തിറങ്ങാന്‍ തയാറാവുകയാണവര്‍. പറഞ്ഞുപഴകിയതും പരിഹരിക്കപ്പെട്ടതുമായ കാര്യങ്ങള്‍പോലും പുതിയതെന്നമട്ടില്‍ അപഹാസ്യമാംവിധം എഴുന്നള്ളിക്കുന്നത് അത്തരമൊരു വിഭ്രമത്തില്‍നിന്നാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന പ്രസ്ഥാനത്തെ ഏതാനും നുണകളുടെ ബലത്തില്‍ തകര്‍ത്തുകളയാമെന്ന വ്യാമോഹം അത്തരക്കാര്‍ അവസാനിപ്പിച്ചിട്ടിലെന്നര്‍ത്ഥം. ഏതാനും കുബുദ്ധികളുടെ മനസ്സിനെ സുഖിപ്പിക്കുക എന്നതിലപ്പുറമുള്ള ഒരു ദൌത്യവും ഇത്തരം നുണകള്‍ക്ക് ഇനി നിര്‍വഹിക്കാനില്ല. വിഭാഗീയതയേയോ എതിരാളികളുടെ കുതന്ത്രങ്ങളെയോ വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും തയാറാവില്ലെന്നും അത്തരം കുതന്ത്രങ്ങളുമായി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെ കൊടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷമനസ്സിന്റെ തീരുമാനമെന്നുമാണ് ജനലക്ഷങ്ങള്‍ കണ്ണിചേര്‍ന്ന മനുഷ്യച്ചങ്ങല തെളിയിച്ചത്. ഒറ്റക്കെട്ടായി, ഒരു മനസ്സായി മുന്നേറുന്ന കമ്മ്യുണിസ്ററുകാരെ, ഇടതുപക്ഷത്തെ തളര്‍ത്താനോ തച്ചമര്‍ത്താനോ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിന്റെ ചരിത്രം തെളിയിച്ച വസ്തുതയാണത്. അകന്നുപോയവരെയടക്കം അടുപ്പിക്കാനും ഒരിക്കലും അടുത്തിട്ടില്ലാത്തവരെ അണിനിരത്താനും കഴിഞ്ഞ ഒന്നായിരുന്നു മനുഷ്യച്ചങ്ങലയെങ്കില്‍, ആ പ്രക്രിയ ഇനിയും ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടാവുക. ഇടതുപക്ഷമാണ് ജനങ്ങളുടെ, കേരളത്തിന്റെ ഹൃദയപക്ഷം എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന അനുഭവമാണ് തെളിഞ്ഞുവരാനുള്ളത്.

Tuesday, October 13, 2009

മാധ്യമങ്ങളും ഗുണ്ടകളും

മാധ്യമങ്ങളുടെ ഗുണ്ടാ ബന്ധമാണ് പുതിയ വിഷയം. പോള്‍ മുത്തൂറ്റ് വധക്കേസിനോടനുബന്ധിച്ച് പിടിയിലായ ഗുണ്ടാ നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാന്‍ സംഘടിതമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. പോള്‍ വധത്തിന് സിപിഐ എമ്മുമായി വിദൂരമായ ബന്ധം പോലും ഇല്ല; ആരും ആരോപിച്ചിട്ടുമില്ല. പോളിന്റെ കൊലയാളികളല്ല, ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് പിടിയിലായ ഗുണ്ടാത്തലവന്‍മാര്‍. മറിച്ചുള്ള തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല. പോള്‍ ജോര്‍ജിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ യുഡിഎഫ് നേതൃനിരയിലുള്ളവരാണ്. ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.

പോള്‍ വധവുമായി ബന്ധപ്പെട്ട എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തുവരണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് സഹായം നല്‍കുന്നതിനുപകരം തങ്ങള്‍ ആഗ്രഹിക്കുന്നതുമാത്രമാണ് പുറത്തുവരേണ്ടത് എന്ന ശാഠ്യം നീതിക്കുനിരക്കുന്നതാണോ എന്ന് മാധ്യമ സുഹൃത്തുക്കളും സ്ഥാപനങ്ങളും സ്വയം പരിശോധിക്കേണ്ടതല്ലേ? ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെങ്കിലും അവര്‍ ഒരാവര്‍ത്തി വായിച്ചുനോക്കേണ്ടേ? ഇന്ത്യയില്‍ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണ്. രാത്രി സ്ത്രീകള്‍ക്ക് നിര്‍ഭയം വഴിനടക്കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ഇയ്യിടെ സുപ്രിം കോടതി വ്യക്തമാക്കുകയുണ്ടായി. ക്രമസമാധാന പാലനത്തിലെ നേട്ടത്തിന് ഇന്ത്യ ടുഡെയുടെ അവാര്‍ഡിനും കേരളം അര്‍ഹമായി. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി കേസ് തെളിയിച്ച പൊലീസ് പ്രശംസാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ, കേസ് സര്‍ക്കാരിനെതിരായ ആയുധമായി മാറ്റാനുള്ള അസാധാരണ നീക്കമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്.യുഡിഎഫ് ഭരിച്ച കാലത്തെ പലകേസുകളിലും പ്രതികളെ രക്ഷിക്കുകയോ കേസ് തേച്ചുമാച്ചുകളയുകയോ ചെയ്തവരാണ് ഇപ്പോള്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തിറങ്ങിയതെന്നത് വിചിത്രമാണ്.

മൂന്നരക്കൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണകാലം നമ്മുടെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞിട്ടില്ല. അന്ന് മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലായിരുന്നു. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. .പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു.നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്ര്യം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്ര്യത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്ര്യത്തിന്റെ കാലം കൂടിയായിരുന്നുവെന്നര്‍ത്ഥം.

ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്ര്യ ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം എന്ന മൌലികാവകാശം നിഷേധിച്ചു. സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്ര്യവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.

'അടിയന്തരാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ മുഴുവന്‍ കാണിക്കുന്നത് ജനങ്ങളാണ് മുഖ്യഎതിരാളി എന്നാണ്. ജനങ്ങള്‍ക്കുണ്ടായിരുന്ന സര്‍വജനാധിപത്യ അവകാശങ്ങളും നിഷ്ഫലമായി. മൌലികാവകാശങ്ങളെപ്പറ്റി പറയുന്ന ഭരണഘടനയിലെ മൂന്നാംഭാഗം പുസ്തകത്തില്‍ മരിച്ചു കിടക്കുന്നു. 14, 22 ഖണ്ഡികകള്‍ സസ്പെണ്ട് ചെയ്തിരിക്കുകയാണ്.... കോണ്‍ഗ്രസിനോ സര്‍ക്കാരിനോ എതിരായ വിമര്‍ശനം അത് എത്ര മൃദുവായാലും വെളിച്ചം കണ്ടുകൂടാ. ജനങ്ങളെ സ്ഥാപിതതാല്‍പര്യക്കാര്‍ ചൂഷണം ചെയ്യുന്നതിന്റെ, തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മുതലാളിമാര്‍ ചൂഷണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൂടാ. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ ആരും സംഘടിച്ചു കൂടാ. അത് ഉല്‍പാദനത്തെ തടസപ്പെടുത്തുമത്രെ.''

അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെണ്ടില്‍ എകെജി നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ പ്രസക്തമാണ്.

അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.

ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു. 1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കോണ്‍ഗ്രസിന്റെ മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വി എന്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. കോണഗ്രസിന്റെ മാധ്യമങ്ങളോടുള്ള സമീപനം ഇങ്ങനെയുള്ളതാണ്‍െന്നിരിക്കെ, ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാപട്യത്തിന്റെ കുഞ്ഞുങ്ങളാണ് എന്ന് പറയേണ്ടതുണ്ട്.

മലയാള പത്രപ്രവര്‍ത്തനത്തില്‍ സമീപകാലത്ത് കണ്ടുവരുന്ന പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് .നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അനാശാസ്യമായ ശൈലി വിമര്‍ശിക്കപ്പെടാതിരുന്നുകൂട.ഈ ശൈലിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കോണ്‍ഗ്രസ്.

മുത്തങ്ങ സംഭവമാണ് സമീപകാലകേരള ചരിത്രത്തിലെ കടുത്ത മാധ്യമവിരുദ്ധാക്രമണം അരങ്ങേറിയ ഒന്ന്. ഏഷ്യാനെറ്റ് ലേഖകന്‍ രാംദാസിനെതിരെ മുത്തങ്ങയില്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കേസെടുത്ത പൊലീസിനെ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം എം ഹസന്‍ ഒരു സെമിനാറില്‍ (ഏഷ്യാനെറ്റ്,മാര്‍ച്ച്8)ശക്തമായി ന്യായീകരിച്ചു. രാംദാസ് മുത്തങ്ങയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ടെലിഫോണ്‍ വിളിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 14 ആണെന്ന് പറഞ്ഞുവത്രെ. അതുകൊണ്ടാണ് രാംദാസിനെതിരെ കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.ഇതേ കാര്യം അന്നുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് അന്നത്തെയു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് സാധാരണ പൌരന്‍മാരില്‍ കവിഞ്ഞ അവകാശങ്ങളൊന്നുമില്ലെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച ഇരുനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസിനുള്ള അധികാരത്തെക്കുറിച്ച് തെല്ലും സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന് ഫോണ്‍ ചെയ്ത 'കുറ്റ'ത്തിന് കലാപഗൂഢാലോചന കേസില്‍പെടുത്തുക. അക്കാര്യം സങ്കോചമില്ലാതെ പറഞ്ഞു നടക്കുക. മുത്തങ്ങ സംഭവത്തിനുശേഷം വയനാട്ടിലെ പത്രപ്രവര്‍ത്തകരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അന്നത്തെ ഗവര്‍മെണ്ട്. അറിയുന്നതൊന്നും എഴുതരുത്, എഴുതിയാല്‍ ജയിലിലടക്കും-ഇതായിരുന്നു ഉത്തരവ്. മുത്തങ്ങയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ക്ക് ഇത് നേരിട്ടു ബോധ്യപ്പെട്ടതാണ്. വെടിവെപ്പിനെക്കുറിച്ച് ഒന്നും പറയാന്‍ ചില പത്രലേഖകര്‍ തന്നെ ഭീതി മൂലം തയ്യാറായില്ല. കൈരളി ടിവിയുടെ ക്യാമറാമാന്‍ ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം. മറ്റൊരു ദൃക്സാക്ഷിയായ രാംദാസിനെതിരെ (ഏഷ്യാനെറ്റ്) കേസെടുത്തു. ആദിവാസികളുടെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന്. അതൊരു മുന്നറിയിപ്പായിരുന്നു. മുത്തങ്ങയിലെ സത്യം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇനി ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ രാംദാസിന്റെ അനുഭവമുണ്ടാകുമെന്നും മാധ്യമലോകത്തിന് ഭരണകൂടം നല്‍കുന്ന താക്കീത്.

ദൃശ്യമാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ മാധ്യമരംഗത്ത് നിരവധി മാറ്റങ്ങളാണുണ്ടായത്. ജനങ്ങള്‍ക്ക് വളരെ വേഗം വാര്‍ത്തകള്‍ ലഭ്യമാക്കാനും ചിലതെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യാനും ദൃശ്യമാധ്യമങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്. നിയമസഭാ നടപടികള്‍ നേരിട്ട് സംപ്രേഷണം ചെയ്യാന്‍ ചില ചാനലുകള്‍ തയ്യാറായി. സഭയില്‍ സര്‍ക്കാരിനനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല അലോസരമുണ്ടാക്കുന്നതും നടക്കും. എന്നാല്‍ അത്തരം അലോസരങ്ങള്‍ ജനങ്ങള്‍ വീക്ഷിക്കരുതെന്ന് ആന്റണി ഗവര്‍മെണ്ട് തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് സഭാനടപടികളില്‍ ചോദ്യോത്തരം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്നും ആ സമയത്ത് സഭയില്‍ ബഹളമുണ്ടായാല്‍ ക്യാമറയില്‍ തന്റെ മുഖം മാത്രം പതിഞ്ഞാല്‍ മതിയെന്നും സ്പീക്കര്‍ വക്കംപുരുഷോത്തമനെക്കൊണ്ട് ഉത്തരവ് ഇറക്കിച്ചത്. പ്രതിഷേധങ്ങള്‍ വകവെക്കാതെ ഉത്തരവ് കര്‍ക്കശമായി നടപ്പാക്കാന്‍ സ്പീക്കര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ വിവിധതലങ്ങളിലായി ഒരു മാസത്തോളം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. 24 നിയന്ത്രണങ്ങളാണ് സ്പീക്കര്‍ പ്രഖ്യാപിച്ചത്. ചേദ്യോത്തര വേള കഴിഞ്ഞയുടനെ ടിവി ക്യാമറാമാന്‍മാര്‍ നിയമസഭാ വളപ്പില്‍ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു അതിലൊന്ന്. പ്രതിപക്ഷത്തിന്റെ വാക്കൌട്ടും മറ്റും ടിവിയില്‍ വരുന്നത് തടയുക എന്ന ഗൂഢലക്ഷ്യമാണിതിന് പിന്നില്‍.

കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ മാധ്യമരംഗത്ത് വേര്‍തിരിച്ചു നില്‍ക്കുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പത്രാധിപര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തിന്‍കീഴില്‍ സുഖിച്ചു ജീവിക്കാന്‍ അവസരമുണ്ടാക്കിയത്, കേരളത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ നിറം നല്‍കാന്‍ ആ പത്രത്തിന്റെ ശേഷി മതിയാവില്ല എന്ന യാഥാര്‍ഥ്യം മൂലമാണ്.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിനിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി സംപ്രേഷണം ചെയ്യുന്നത് ചെയ്യാന്‍ പാടില്ലെന്നാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ മാധ്യമങ്ങളോട് ഉത്തരവിട്ടത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത പ്രശ്നങ്ങള്‍ സഭയിലെത്തുമ്പോള്‍ അത് അതിന്റേതായ തീവ്രതയോടെജനങ്ങളെ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് തടയുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ തറവാട്ടുസ്വത്തുപോലെ കണക്കാക്കി പെരുമാറിയ സ്പീക്കര്‍ക്കെതിരെ പരാതിയുമായി ചെന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാനാണ് അന്നത്തെ സഭാനേതാവായ എ കെ ആന്റണി തയ്യാറായത്. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ചെന്നപ്പോള്‍ അവരുടെ കുപ്പായകീശയിലെ കറുത്ത തുണി കണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു ആന്റണി. അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് താന്‍ എന്നത് ഒരു നിമിഷം ആന്റണി മറന്നുപോയി. പ്രതിഷേധങ്ങളോടും വിമര്‍ശനത്തോടും ഉള്ള അസഹിഷ്ണുത സ്വന്തം പത്രസമ്മേളനം ബഹിഷ്കരിക്കുന്നതിലേക്കാണ് ആന്റണിയെ എത്തിച്ചത്.പ്രശ്നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അത് സ്പീക്കറെ സംബന്ധിക്കുന്ന കാര്യമാണെന്നും താന്‍ നിസ്സഹായനാണെന്നും ആയിരുന്നു ആന്റണിയുടെ മറുപടി. സ്പീക്കര്‍ക്ക് ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആഗോള നിക്ഷേപക മേള കൊച്ചിയില്‍ നടന്നപ്പോള്‍ അതിനെ പാടിപ്പുകഴത്താന്‍ ഗവര്‍മെണ്ടിന് മാധ്യമങ്ങള്‍ വേണമായിരുന്നു. കേരളം മുഴുവന്‍ സഞ്ചരിച്ച് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉദ്യോഗസ്ഥപ്രമുഖരും നിക്ഷേപക മേളയുടെ അപദാനങ്ങള്‍ വാഴ്ത്തി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രസമ്മേളനങ്ങള്‍ വിളിച്ചു. മേളയുടെ വിമര്‍ശനാത്മക ചിത്രം വരയ്ക്കുന്ന മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വികസനവിരുദ്ധരായി മുദ്രകുത്തി. മേളയുടെ അപകടങ്ങളെക്കുറിച്ച് എഴുതിയതിന് കൊച്ചിയിലെ 'മാധ്യമം' ലേഖകന്‍ പി കെ പ്രകാശിന്റെ വീട്ടിലേക്ക് കയറിച്ചെന്നത് ആന്റണിയുടെ പൊലീസ് പടയായിരുന്നു. നക്സല്‍ ബന്ധവും വികസനവിരുദ്ധതയും ചാര്‍ത്തി ആ ലേഖകനെ പീഡിപ്പിക്കാന്‍ ഗവര്‍മെണ്ടിന് ഒട്ടും അറപ്പുണ്ടായില്ല. അര്‍ധരാത്രി വീട് റെയ്ഡ് ചെയ്യുക, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുക, മനുഷ്യത്വഹീനമായി പെരുമാറുക ഇങ്ങനെ ഒട്ടേറെ സഹിക്കേണ്ടിവന്നു ആ പത്രപ്രവര്‍ത്തകന്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി കെ വി തോമസും ശോഭനാ ജോര്‍ജ് എംഎല്‍എയും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. ഒരുദിവസം സൂര്യാ ടിവിയില്‍ തോമസിനെക്കുറിച്ച് ഒരു വാര്‍ത്ത വരുന്നു. കുപ്രസിദ്ധമായ 336കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. അതിനുപോല്‍ബലകമായി ഒരു ഇന്റലിജന്റ്സ് രേഖയും ടിവി പ്രദര്‍ശിപ്പിച്ചു. ആ രേഖ വ്യാജമായിരുന്നുവെന്നും അത് ഉണ്ടാക്കിയത് ശോഭനാജോര്‍ജാണെന്നും കോണ്‍ഗ്രസ് ഐ തന്നെ പറഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ ശോഭനാ ജോര്‍ജിനെ പാര്‍ടിയില്‍ നിന്ന് പുറത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആ വഴിവിട്ട കളിയില്‍ പീഡിപ്പിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ്. സൂര്യാ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനില്‍നമ്പ്യാര്‍ വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.വാര്‍ത്ത നല്‍കിയ ന്യൂസ് എഡിറ്റര്‍ ഉള്‍പ്പെടെ പ്രതിയായി. പൊലീസ് സംഘം സൂര്യാ ടിവിയുടെ ആപ്പീസില്‍ പരിശോധനക്കെത്തി.. അനില്‍നമ്പ്യാരെ ഒരു കൊലപാതകിയെപ്പോലെയാണ് പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതും.

നിയമസഭാ മന്ദിരത്തില്‍ നിരാഹാരസമരം നടത്തിയ മുന്‍ മന്ത്രിയും അന്നത്തെ പ്രതിപക്ഷ ചീഫ് വിപ്പു ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണനെ മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിലവിട്ടു പെരുമാറുകയായിരുന്നു. രാധാകൃഷ്ണന്റെ സമീപത്തേക്ക് പത്രഫോട്ടോഗ്രാഫര്‍മാരോ ടിവി ക്യാമറാമാന്‍മാരോ പ്രവേശിക്കുന്നത് തന്നെ സ്പീക്കര്‍ തടഞ്ഞു. ആ ഒരൊറ്റ കാര്യം നടപ്പാക്കാന്‍ നിരവധി പൊലീസുകാരെ നിയോഗിച്ചു. ചിത്രമെടുക്കുന്നത് മാത്രമല്ല ഏതെങ്കിലും വിധത്തില്‍ ചിത്രം കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കൂടി സ്പീക്കര്‍ ശ്രമിച്ചു. രണ്ട് എംഎല്‍എമാര്‍ ചിത്രമെടുത്തു എന്ന് വിവരം ലഭിച്ചപ്പോള്‍ അവരെ വ്യക്തിപരമായി വിളിച്ച് അങ്ങനെ ഉണ്ടെങ്കില്‍ ചിത്രം പത്രങ്ങള്‍ക്ക് നല്‍കരുത് എന്ന് നിര്‍ദേശിക്കാന്‍ വക്കം തയ്യാറായി. എന്നാല്‍ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം സ്പീക്കറുടെ എല്ലാ നിയന്ത്രണങ്ങളും തട്ടിമാറ്റിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കാനും അത് പ്രസിദ്ധീകരിക്കാനും തയ്യാറായി. ഏകാധിപത്യപരമായ സമീപനത്തിനെതിരായ പരസ്യമായ താക്കീതായിരുന്നു ആ വിലക്ക് ലംഘനം.

യുഡിഎഫ് ഭരിച്ച കാലത്തെ ഏതാനും അനുഭവങ്ങള്‍ മാത്രമാണിത്. ഇത്തരത്തിലൊന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. എന്നിട്ടുമെന്തേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ പടയണി തീര്‍ക്കുന്ന? ഉത്തരം മാധ്യമങ്ങളുടെ രാഷ്ട്രീയമെന്നുതാന്നെയാണ്. പോള്‍ വധക്കേസിലേക്കു തന്നെ നോക്കൂ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പറഞ്ഞ പേര് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതായിരുന്നു. ആ കേസിലെ എല്ലാ രപതികളും ഇരുമ്പഴിക്കുള്ളിലാകാന്‍ യുഡിഎഫ് മാറി എല്‍ഡിഎഫ് ഭരണത്തില്‍ വരേണ്ടിവന്നു എന്നത് മറക്കരുത്. പോള്‍ വധക്കേസില്‍ എല്ലാ പ്രതികളെയും പിടിക്കുകയും നാടുവിട്ട ഗുണ്ടകളെ കേരളത്തിലേക്ക് കൊണ്ടുരവന്ന് ജയിലിലടക്കുകയും ചെയ്തു. അന്വേഷണ ഘട്ടത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ മാധ്യമങ്ങ്ളും പ്രതിപക്ഷവും ഉന്നയിച്ച ഒരാരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ തല്‍പര കക്ഷികള്‍ പൊലീസന്വേഷണത്തെ ഭയപ്പെടുകയാണ്. അതുകൊണ്ടാണ്, അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതി കാരി സതീശന്റെ അമ്മ, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ രാജു പുഴങ്കര, കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, ഏതാനും മാധ്യമങ്ങള്‍, ഓം പ്രകാശിന്റെ അഭിഭാഷകന്‍ എന്നിവരാണ് സിബിഐ അന്വേഷണ ആവശ്യമുയര്‍ത്തിയത്. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ആ ആവശ്യം ആവര്‍ത്തിക്കാന്‍ ഇവര്‍ക്കുള്ള പ്രചോദനമെന്താണ്? എങ്ങനെയാണ് ചെന്നിത്തലയുടെയും കാരി സതീശന്റെയും ഓംരപകാശിന്റെയും താല്‍പര്യങ്ങള്‍ ഒന്നാകുന്നത്? പൊലീസന്വേഷണത്തെ ഇവരാകെ ഭയപ്പെടുന്നതെന്തിനാണ്?

കോണ്‍ഗ്രസ് നേതൃത്വവും ഗുണ്ടകളുമായുള്ള ബന്ധം അടിയുറച്ചതാണ്. ഡിസിസി ആപ്പീസില്‍ പരസ്യമായി ബോംബുപ്രദര്‍ശിപ്പിച്ച ആളാണ് കണ്ണൂര്‍ എംപി സുധാകരന്‍. ലോക് സഭാ തെരഞ്ഞെടുപ്പുനാളില്‍ കണ്ണൂരിലേക്ക് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും അവരില്‍ ചിലര്‍ പിടിയിലായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ടുപോയതും സുധാകരനാണ്. അതിന് സുധാകരന്റെ പേരില്‍ കേസ് നിലവിലുണ്ട്. കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണക്കേസടക്കം അനേകം ഗുണ്ടാ ആക്രമണക്കേസുകളുടെ ആസൂത്രകനോ പേരകശക്തിയോ ആയി പ്രവര്‍ത്തിച്ച സുധാകരന്‍ സ്വന്തം ഗുണ്ടാ പശ്ചാത്തലം ആദ്യം വിശദീകരിക്കട്ടെ. വഴിയില്‍ നില്‍ക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവെച്ചു കൊന്നശേഷം മട്ടനൂരിലെ പൊതുയോഗത്തില്‍, 'ഒരുത്തനെ വെടിവെച്ചിട്ടിട്ടുണ്ട്' എന്ന് അഹങ്കാരത്തോടെ പ്രസംഗിച്ച ആ പാരമ്പര്യം മാധ്യമങ്ങളും അന്വേഷിക്കണം. ഇ പി ജയരാജനെ വധിക്കാന്‍ സുധാകരനും എം വി രാഘവനും ചേര്‍ന്നാണ് പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ കുപ്രസിദ്ധ ക്വട്ടേഷന്‍ ക്രിമിനലുകളെ തോക്കും പണവും നല്‍കി അയച്ചതെന്നും അതുസംബന്ധിച്ച കേസില്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും കേസ് ഇന്നും തുടരുകയാണെന്നുമുള്ള സത്യം യുഡിഎഫ് മറച്ചുവെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല.കോടാലി ശ്രീധരന്‍ എന്ന ഹൈവേ ഹവാല കൊള്ളക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ രമേശ് ചെന്നിത്ത, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയതും തൃശൂരിലെ ഒരു കോണ്‍ഗ്രസ് നേതാവുമായുള്ള ഗാഢ ബന്ധവും പുറത്തുവന്നു. അത് ഒരു കുറ്റവാളിയുടെ വ്യാജമൊഴിയായി തലയൂരാന്‍ ശ്രമിക്കുന്ന കോണഗ്രസ് തന്നെയാണ്, പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരി സതീശന്റെ അമ്മയുടെയും ഗുണ്ട ഓംപ്രകാശിന്റെ അച്ഛന്റെയും വാക്കുകള്‍ക്ക് പ്രചാരംകൊടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം അപഹാസ്യമായ നീക്കങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാതാക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍ യുഡിഎഫും ചില മാധ്യമങ്ങളും കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. നിയമാനുസൃതം കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയന്‍ വാങ്ങി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ മോഷണമെന്നുവരെ അധിഷേപിക്കാന്‍ തയാറായവര്‍ ആ കള്ളം പൊളിഞ്ഞു തകര്‍ന്ന ഈ വേളയില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ ഇന്നലെവരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരുവട്ടം പുനഃപരിശോധിക്കാനും അതില്‍ എത്രയെണ്ണം പിന്നീട് ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമാംവിധം പൊളിഞ്ഞു എന്ന് വിലയിരുത്താനും തയാറാകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ സഹായകമാകും.ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിലെ പാര്‍ട്ടികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.