ചാണകം ചാരുന്ന ഉദ്യോഗസ്ഥവൃന്ദം
രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവിത്വവും കോര്‍പറേറ്റുകളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ അഴിമതിയെന്ന ഊരാക്കുരുക്കില്‍നിന്ന് സിവില്‍ സര്‍വീസ് മാറ്റിനിര്‍ത്തപ്പെടില്ല. സത്യസന്ധമായും ആര്‍ജവത്തോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥമേധാവികളെപോലും അഴിമതിയില്‍ കുരുക്കിയിടാനോ നിസ്സഹായരാക്കി മാറ്റാനോ രാഷ്ട്രീയനേതൃത്വത്തിന് കഴിയുന്നു. അതിന് കോര്‍പറേറ്റുകളുടെ സഹായവും ഇടപെടലും ഉണ്ടാകുന്നു. സമീപകാലത്ത് കേരളത്തില്‍ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത എക്കാലത്തെക്കാളും ഇടിഞ്ഞിരിക്കുന്നു. ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലടിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനുനേരെ പരസ്യമായ ആക്രമണം നടത്തിയവരെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഭരണനേതൃത്വം തയ്യാറാകുന്നു. ഐപിഎസില്‍ കിടമത്സരവും തൊഴുത്തില്‍കുത്തും യജമാനപ്രീതിക്കായുള്ള ആഭിചാരകര്‍മങ്ങളും അരങ്ങുതകര്‍ത്താടുന്നു.ഒരു ജില്ലയിലെ പൊലീസ് മേധാവി അഴിമതി നടത്തി പിടിക്കപ്പെട്ടു. തന്നെക്കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത് ചെയ്യിച്ചു എന്നാണ് രാഹുല്‍ ആര്‍ നായര്‍ എന്ന ആ ജില്ലാമേധാവി ആക്ഷേപമുന്നയിച്ചത്.
ജയില്‍വകുപ്പ് മേധാവിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ്ബിനെ പരസ്യമായി അപമാനിച്ച് പുറത്താക്കിയത് ഇതേ സര്‍ക്കാരാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേധാവിയായിരുന്ന എ ഫിറോസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് വിവാദത്തിലാണ് പിടിക്കപ്പെട്ടത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അഴിമതിയിലൂടെ കോടികള്‍ അവിഹിതമായി സമ്പാദിച്ച് സസ്പെന്‍ഷനിലാണ്. ഈ ഉദാഹരണങ്ങള്‍ കണ്ടുവേണം സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ നിലവാരത്തകര്‍ച്ചയും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും പരിശോധിക്കാന്‍. ജനുവരി 31ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഒരു പത്രത്തില്‍ ഇങ്ങനെ എഴുതുന്നു: "ഏകദേശം രണ്ടുവര്‍ഷം ചീഫ് സെക്രട്ടറിയായിരുന്ന എനിക്കെതിരെ ആരോപണങ്ങളുടെ പരമ്പരതന്നെ ഉണ്ടാക്കി. അത് ചെയ്തത് സിവില്‍ സര്‍വീസിലെ തന്നെ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്നു പറയേണ്ടിവരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്'. "ഏതാനും ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നു കരുതി കള്ള ഒപ്പിട്ടാണ് പ്രധാനമന്ത്രിമുതല്‍ പേഴ്സണല്‍ മന്ത്രാലയത്തിനുവരെ പരാതികള്‍ എത്തിച്ചത്' എന്നും സ്ഥാനമൊഴിഞ്ഞശേഷം ചീഫ് സെക്രട്ടറി വിലപിക്കുന്നു. ഇതേ ചീഫ് സെക്രട്ടറിയാണ് തലസ്ഥാന നഗരത്തിലെ അനധികൃത ഭൂമി ഇടപാടുകേസില്‍ താന്‍ ചെയ്തത് മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമായിരുന്നുവെന്ന് പ്രസ്താവന നടത്തിയത്. ആ കേസില്‍ അദ്ദേഹം വിരമിക്കുന്നതുവരെ എഫ്ഐആര്‍ സമര്‍പ്പിക്കാതെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ചീഫ് സെക്രട്ടറി ഇതര ഐഎഎസ് ഉദ്യോഗസ്ഥരെ നയിക്കേണ്ട ആളാണ്. അങ്ങനെയൊരാള്‍തന്നെ, കീഴുദ്യോഗസ്ഥര്‍ തനിക്കെതിരെ ഉപജാപം നടത്തുന്നു എന്ന് വിലപിക്കുമ്പോള്‍ വായിച്ചെടുക്കേണ്ടത് സിവില്‍ സര്‍വീസ് ചെന്നുപെട്ട അരാജകാവസ്ഥയുടെ ഗൗരവമാണ്.
സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മൂന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും എട്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും 14 പിഎമാരും പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളും സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപണത്തിന്റെ നിഴലിലാണ് എന്ന് വിജിലന്‍സ് രേഖകളുണ്ട്. ഈ അഴിമതിക്കാരെ പിടിക്കുന്നതിന് മുന്നുപാധിയായി പൊലീസിലെ ഡിവൈഎസ്പി, സിഐ റാങ്കില്‍പ്പെട്ട മുപ്പത്തഞ്ചോളം വിജിലന്‍സ് ഉദ്യോസ്ഥരെ മാറ്റണം എന്ന് വിജിലന്‍സ് മേധാവി ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു. അതില്‍ പൊലീസ് സേനയിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാകും. ഉദ്യോഗസ്ഥരെക്കൊണ്ട് അരുതാത്തത് ചെയ്യിക്കുകയാണ്. പൊലീസ് സേനയില്‍ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞുവരുന്നു. മുഖംനോക്കാതെയല്ല, സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന മുഖങ്ങള്‍ നോക്കിത്തന്നെയാണ് നടപടികളുണ്ടാകുന്നത്. എഡിജിപി ഹേമചന്ദ്രന്‍ ഈ നയത്തിന്റെ ഇരകളിലൊരാളാണ്. നേരത്തെ അദ്ദേഹത്തെക്കുറിച്ച് പക്ഷപാതത്തിന്റെയോ തെറ്റായ സമീപനത്തിന്റെയോ ആക്ഷേപം ഉണ്ടായിരുന്നില്ല. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം കെട്ടിവച്ചത് അദ്ദേഹത്തിന്റെ തലയിലാണ്. രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ തീര്‍ത്ത കുരുക്കില്‍ സ്വന്തം വിശ്വാസ്യതയുടെ കഴുത്ത് ഞെരിഞ്ഞ് അമരുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കാനേ പിന്നീട് ആ ഉദ്യോഗസ്ഥന് കഴിഞ്ഞുള്ളൂ.
അലക്സാണ്ടര്‍ ജേക്കബ് പൊലീസ് സേനയിലെ നീതിനിഷ്ഠനായ ഉദ്യോഗസ്ഥന്‍ എന്ന സല്‍പ്പേരിന് ഒരിക്കലും കളങ്കം ഏല്‍പ്പിച്ച ആളല്ല. ജയിലറകളെ മനുഷ്യാവകാശലംഘനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഇടങ്ങളായി മാറ്റാനുള്ള യുഡിഎഫ് ഭരണനേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങിയില്ല എന്നതാണ് അദ്ദേഹത്തെ അപമാനിച്ച് ഒഴിവാക്കാന്‍ കാരണമായത്.
ബാര്‍ കോഴ ആരോപണമുയര്‍ന്നിട്ട് മൂന്നുമാസം പിന്നിട്ടു. ഇന്നുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു ബാറുടമ പരസ്യമായി പ്രഖ്യാപിച്ചതാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന്. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ പുറത്തുവന്നു. സംഭാഷണങ്ങള്‍, ഉള്‍പ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍- അങ്ങനെ പലതും. പക്ഷേ, പൊലീസ് കേസ് തെളിയിക്കുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകക്കേസില്‍, നടന്നിട്ടില്ലാത്ത ടെലിഫോണ്‍ സംഭാഷണം കേട്ടിട്ടും പ്രതികരിച്ചില്ല എന്ന വ്യാജ ആരോപണം സൃഷ്ടിച്ച് സിപിഐ എമ്മിന്റെ രണ്ട് പ്രധാന നേതാക്കളെ തുറുങ്കിലടച്ച പൊലീസാണ് കേരളത്തിലേത്. ആ പൊലീസിനും വിജിലന്‍സിനും മാണി വാങ്ങിയ കോഴയുടെ തെളിവ് ശേഖരിക്കാന്‍ കഴിയുന്നില്ലപോലും.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ യുഡിഎഫ് എംഎല്‍എ കെ ബി ഗണേശ്കുമാര്‍ നിയമസഭയിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് അദ്ദേഹം വിശദീകരിച്ചു. എ നാസിമുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവര്‍ അഴിമതിക്കാരാണെന്നും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നുമെന്നാണ് ഗണേശ് പറഞ്ഞത്. തന്റെപക്കല്‍ തെളിവുണ്ടെന്നും അവ എവിടെ വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും വെല്ലുവിളിസ്വരത്തില്‍ ഗണേശ്&മലഹശഴ;പറഞ്ഞിട്ടും അന്വേഷണവുമില്ല; മറുപടിയുമില്ല. പൊതുമരാമത്ത് വകുപ്പില്‍ മാത്രമല്ല മറ്റൊരു മന്ത്രികൂടി അഴിമതിക്കാരാണെന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി ഗണേശ് പറഞ്ഞതിനെ ആക്ഷേപിക്കാനും സാങ്കേതികത്വം പറഞ്ഞ് അവഗണിക്കാനുമാണ് യുഡിഎഫ് ഗവണ്‍മെന്റ് തയ്യാറായത്.
ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുകയാണ്. ഒടുവില്‍ വരുന്ന വാര്‍ത്ത കേസന്വേഷണ ചുമതലയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ പോകുന്നു എന്നാണ്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളും അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസും അവധിയില്‍ പോകുകയാണ്. മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കാളിത്തമുണ്ടെന്ന് ആരോപണമുള്ള പാറ്റൂര്‍ ഭൂമി ഇടപാട് കേസന്വേഷണത്തിന്റെ ചുമതലകൂടി ഉള്ളയാളാണ് ജേക്കബ് തോമസ്. വിന്‍സന്‍പോള്‍ അവധിയില്‍ പോകുമ്പോള്‍ വിജിലന്‍സിന്റെ പൂര്‍ണചുമതല ജേക്കബ് തോമസിന് നല്‍കേണ്ടതായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു.
ബാര്‍ കോഴ കേസ് കെ എം മാണി എന്ന ഒരു മന്ത്രിയില്‍ കേന്ദ്രീകരിക്കുക, മാണിയെ രക്ഷിച്ച് കേസ് തന്നെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഭരണനേതൃത്വം സ്വീകരിക്കുന്നത്. മദ്യനയം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ധനമന്ത്രി മാത്രമല്ല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പുറമെയുണ്ട്. രണ്ടു മന്ത്രിമാര്‍ക്ക് കൂടി പണം കൊടുത്തു എന്ന് ബാര്‍ ഉടമാസംഘം നേതാവ് വിജിലന്‍സിന് മൊഴി നല്‍കിയിട്ടുമുണ്ട്. അന്വേഷണം ആ വഴിക്കൊന്നും പോകാന്‍ പാടില്ല എന്നാണ് നിര്‍ബന്ധം. അതിനര്‍ഥം ഉദ്യോഗസ്ഥര്‍ക്ക് നേരായ നിലയില്‍ അന്വേഷണം നടത്താനും നിയമം നടപ്പാക്കാനും സ്വാതന്ത്ര്യമില്ല എന്നാണ്. ഇത് പുതിയ അനുഭവമല്ല. സോളാര്‍ കേസില്‍ പങ്കാളികളായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്തുപോയവരുണ്ട്. ടെനി ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലീംരാജിനെയും പുറത്താക്കേണ്ടിവന്നു. അഴിമതി നടത്താനും അത് മൂടിവയ്ക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ കരുക്കളാകുന്നു.
കേരളത്തിന്റെ നേട്ടങ്ങളെ മാത്രമല്ല സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്ന ഒന്നായി ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഭരണം മാറിയിരിക്കുന്നു. ഇതിന്റെ അനിവാര്യമായ പ്രത്യാഘാതമാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരും ഉദ്യോഗസ്ഥരിലെ അഴിമതിയുടെയും അരാജകത്വത്തിന്റെയും വര്‍ധനയും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യവും. അഴിമതിക്കാരായ ഭരണനേതൃത്വത്തിന് വഴങ്ങി വിടുവേല ചെയ്ത് സ്വയം നാറുക, അഴിമതി ഘോഷയാത്രയില്‍ പങ്കാളികളായി സ്വന്തം സമ്പാദ്യം കൂട്ടുക, അതിനു തയ്യാറല്ലെങ്കില്‍ പീഡനത്തിനിരയാകുക എന്നതായിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥന്റെ ഗതി. ചാണകം ചാരിയാല്‍ ചാണകമേ മണക്കൂ. യുഡിഎഫ് എന്ന ചാണകത്തിെന്‍റ ദുര്‍ഗന്ധം ഉദ്യോഗസ്ഥവൃന്ദം പേറുകയാണ്. ഐഎഎസ്-ഐപിഎസുകാര്‍ക്ക് ഡെപ്യൂട്ടേഷന്‍ എന്ന രക്ഷാമാര്‍ഗമുണ്ട്. അതില്‍ താഴെയുള്ളവര്‍ക്ക് അതുമില്ല.