സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനദിവസം ചില ചാനലുകള്‍ സംപ്രേഷണംചെയ്ത ഒരു ബ്രേക്കിങ് ന്യൂസ് "കാരായി രാജനും ജില്ലാ കമ്മിറ്റിയില്‍' എന്നായിരുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് കണ്ടുമടുത്ത ജനങ്ങള്‍ക്ക് അത് ശ്രദ്ധിക്കേണ്ട വാര്‍ത്തയായി തോന്നിയില്ല എന്നതുകൊണ്ടാകണം, അന്ന് അതിന്മേല്‍ ചര്‍ച്ചയോ തുടര്‍വാര്‍ത്തകളോ ഉണ്ടായില്ല. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെയാണെങ്കില്‍ എത്ര നികൃഷ്ടമായ രീതിയിലും അപവാദപ്രചാരണവും ആക്രമണവും നടത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ മടിച്ചുനില്‍ക്കാറില്ല എന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി ആ വാര്‍ത്തയും മാറിയതു മിച്ചം. എന്നാല്‍, അത്തരമൊരു വാര്‍ത്തയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അങ്ങനെ വിസ്മൃതമാകുന്നതല്ല. ഫസല്‍വധക്കേസ് ഇന്ന് ദുരൂഹമായ ഒന്നല്ല. അതില്‍ പങ്കെടുത്തവരും സഹായിച്ചവരും ആരെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. അങ്ങനെ പുറത്തുവരുന്ന പ്രതികളുടെ ലിസ്റ്റില്‍ കാരായി രാജന്റെ പേരില്ല; സിപിഐ എമ്മിന്റെ പേരില്ല.
2006 ഒക്ടോബര്‍ 22നാണ്, തലശേരിയിലെ സെയ്താര്‍ പള്ളിക്കടുത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ കൊലചെയ്യപ്പെട്ടത്. കൊലപാതകം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് എന്‍ഡിഎഫ് പരസ്യമായി പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. "കൊലയാളികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല' എന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ക്കുനേരെ വിരല്‍ചൂണ്ടിയാണ് അന്ന് സമാധാനയോഗം എന്‍ഡിഎഫ് ബഹിഷ്കരിച്ചത്. എന്നാല്‍, തുടര്‍ച്ചയായ വ്യാജപ്രചാരണത്തിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് ആര്‍എസ്എസിനെ രക്ഷിക്കുന്ന സംഘടിതമായ പ്രവര്‍ത്തനമാണ് പിന്നീടുണ്ടായത്. അതില്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളും ഏതാനും മാധ്യമങ്ങളും പങ്കാളിയായി.
സിബിഐയെക്കൊണ്ട് കേസ് എടുപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിനുപിന്നില്‍, സിപിഐ എം വേട്ടയ്ക്കുള്ള ആഗ്രഹമായിരുന്നു. ഒരു തെളിവുമില്ലാതെ, ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ സിപിഐ എമ്മിനുമേല്‍ സിബിഐ കേസ് വച്ചുകെട്ടി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് അവര്‍ 17 മാസം ജയിലില്‍ കിടന്നു. 14 മാസമായി സ്വന്തം നാട്ടിലോ വീട്ടിലോ പോകാന്‍പോലും കഴിയുന്നില്ല. കേസില്‍ ആദ്യം പ്രതിയാക്കപ്പെട്ട മൂന്നുപേരോട് സിബിഐ സംഘം ആവശ്യപ്പെട്ടത്, കാരായി രാജനടക്കമുള്ള നേതാക്കളുടെ പേര് പറയാനാണ്. സിബിഐയുടെ കേസ് ഡയറിയില്‍, കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ ആസൂത്രണം വ്യക്തമാക്കുന്ന മൊഴികളുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാറിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളുടെ തുടര്‍ച്ചയായി, ഫസല്‍ കേസിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാള്‍ ആര്‍എസ്എസിന്റെ പ്രചാരകനായി ചുമതലയെടുത്തശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നും ആര്‍എസ്എസ് ക്രിമിനല്‍ ടീമിനെ കൊല നടത്താനായി നിയോഗിച്ചിരുന്നുവെന്നുമാണത്. ഈ സംഘത്തില്‍പ്പെട്ടവരെ സിബിഐ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തെങ്കിലും, രാഷ്ട്രീയസമ്മര്‍ദത്തിനുവഴങ്ങി കുറ്റം സിപിഐ എമ്മിനുമേല്‍ ചാര്‍ത്താന്‍ വ്യഗ്രതയോടെ ശ്രമം തുടരുകയാണുണ്ടായത്.
2007ല്‍ തലശേരിയിലെ മാടപീടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിജേഷിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഫസല്‍വധം നടന്ന് മൂന്നുമാസത്തിനുശേഷമായിരുന്നു ജിജേഷിന്റെ കൊലപാതകം. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എന്‍ഡിഎഫുകാരാണ് അത് ചെയ്തതെന്നുമാണ് ആര്‍എസ്എസ് ആ ഘട്ടത്തില്‍ പറഞ്ഞത്. സിപിഐ എമ്മും എന്‍ഡിഎഫും തമ്മില്‍ ഒരു സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് എന്‍ഡിഎഫുകാരനെ കൊന്ന് അതിന്റെപിന്നില്‍ സിപിഐ എം ആണെന്നും ഏതാനും നാളുകള്‍ക്കുശേഷം സിപിഐ എം പ്രവര്‍ത്തകനെ കൊന്ന് അതിനു പിന്നില്‍ എന്‍ഡിഎഫ് ആണെന്നും പ്രചരിപ്പിച്ച കൗശലമാണ് ആര്‍എസ്എസ് സ്വീകരിച്ചത്. അതിനാണ് സിബിഐ കുടപിടിച്ചത്.
ഈ രാഷ്ട്രീയക്കളിയുടെ ഫലമായി, ഫസല്‍ കേസില്‍ നിരപരാധികളാണ് പ്രതികളാക്കപ്പെട്ടത്. ഈ കേസില്‍ തുടരന്വേഷണം നടത്തുകയും യഥാര്‍ഥ പ്രതികളെ പിടികൂടുകയും നിരപരാധികളെ വിട്ടയക്കുകയും ചെയ്യണമെന്ന ആവശ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ഇതാവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ പ്രമേയം പാസാക്കിയ ജില്ലാ കമ്മിറ്റിയില്‍, കാരായി രാജനെ ഉള്‍പ്പെടുത്തിയതിലാണ്, വലതുപക്ഷമാധ്യമങ്ങള്‍ക്ക് അരിശം വന്നത്. സിബിഐക്കും ആര്‍എസ്എസിനും തോന്നുന്ന കഥകള്‍ക്കനുസരിച്ച് കേസുകള്‍ ഉണ്ടാകുമ്പോള്‍, ഇരകളാകുന്ന സിപിഐ എം പ്രവര്‍ത്തകരെ പാര്‍ടി തള്ളിപ്പറയണമെന്ന് വലതുപക്ഷത്തിന് ആഗ്രഹിക്കാം- അങ്ങനെ സംഭവിച്ചേ തീരൂ എന്ന ശാഠ്യമരുത്. കള്ളക്കേസില്‍ പീഡിപ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്തരം മാധ്യമങ്ങളില്‍നിന്ന് ഒരിറ്റു സഹതാപം ആവശ്യമില്ല- എന്നാല്‍, മറ്റുപലേടത്തും സമാന്തര അന്വേഷണം നടത്തി വിധിപറയാന്‍ അത്യുത്സാഹം കാണിക്കുന്ന നിങ്ങള്‍, ആര്‍എസ്എസില്‍നിന്ന് പുറത്തുവന്ന പുതിയ വിവരങ്ങള്‍ വച്ച് നേരിയ പരിശോധന നടത്താനുള്ള ആര്‍ജവമെങ്കിലും കാണിക്കണം. സിബിഐയും ആര്‍എസ്എസും ചൂണ്ടിക്കാട്ടുന്നവര്‍ക്കുനേരെ അലറിവിളിച്ച് ഓടുന്നതിനുപകരം അത്തരമൊരു വിശേഷബുദ്ധി നിങ്ങള്‍ക്കുണ്ടായെങ്കില്‍ എന്നാശിക്കട്ടെ. നാദാപുരത്ത് നടക്കാത്ത തെരുവന്‍പറമ്പ് "ബലാത്സംഗക്കഥ'യുടെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ വര്‍ഗീയതീവ്രവാദികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ദുഷ്ടമനസ്സിനെ ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ തയ്യാറാകണം.