Tuesday, November 1, 2011

അതിരുവിട്ട അധികാര ഗര്‍വ്സുപ്രീംകോടതിയാണ് ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്. ചെയ്ത കുറ്റത്തിന് അഞ്ചുവര്‍ഷമെങ്കിലും ശിക്ഷ അനുഭവിക്കണം. കേസിന്റെ കാലപ്പഴക്കവും പിള്ളയുടെ പ്രായാധിക്യവുമൊക്കെ കണക്കിലെടുത്ത് സുപ്രീംകോടതി ഒരു ഇളവ് നല്‍കി- ഒരു വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. അങ്ങനെയാണ് പിള്ള ജയിലിലടയ്ക്കപ്പെടുന്നത്. ഇന്നിപ്പോള്‍ പിള്ളയെ യുഡിഎഫ് സര്‍ക്കാര്‍ വിട്ടയക്കുകയാണ്. ഇതിനകം ആകെ ജയിലില്‍ കഴിഞ്ഞ ദിവസങ്ങള്‍ 69. ജയിലില്‍ ശീതീകരണിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടും പിള്ളയ്ക്ക് അവിടെ കഴിഞ്ഞുകൂടാ.


ആദ്യം പരോളിലിറങ്ങി വീട്ടില്‍ പോയി. തുടര്‍ച്ചയായ പരോള്‍ അസാധ്യമെന്നുവന്നപ്പോള്‍ "പിള്ളയ്ക്ക് മാരകമായ രോഗമുണ്ട്; വിദഗ്ധ ചികിത്സ വേണം" എന്ന് യുഡിഎഫ് തീരുമാനിച്ചു. സാധാരണനിലയില്‍ ഗുരുതരമായ രോഗം പിടിപെട്ടാല്‍ തടവുകാരെ വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൊണ്ടുപോവുക. പിള്ളയെ അയച്ചത് ആഡംബര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ്. കഠിന തടവ് അനുഭവിക്കേണ്ട തടവുപുള്ളിക്ക് പഞ്ചനക്ഷത്ര സൗകര്യമുള്ള സുഖവാസമാണ് അങ്ങനെ തരപ്പെടുത്തിയത്. അതുംപോര; പിള്ളയെ വിട്ടയച്ചേ മതിയാകൂ എന്നാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.


ഐക്യകേരളം പിറന്നിട്ട് അഞ്ചരപ്പതിറ്റാണ്ടായി. ഇന്നുവരെ, കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ ഇളവു നല്‍കുന്ന അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ 138 തടവുകാരെ വിട്ടയക്കാനും ഇളവുനല്‍കാനും കേരളപ്പിറവിദിനം തെരഞ്ഞെടുത്തത് കേരളത്തോടുള്ള സ്നേഹംകൊണ്ടല്ല; എത്രയും വേഗം പിള്ളയെ വീട്ടിലെത്തിക്കാനാണ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളെ അധികാര ദുര്‍വിനിയോഗത്തിലൂടെ വിട്ടയക്കുകയാണിവിടെ. അഴിമതിക്കാരനെ വഴിവിട്ടു സംരക്ഷിക്കും എന്ന പ്രഖ്യാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാളിക്ക് നല്‍കുന്ന കേരളപ്പിറവി സമ്മാനം.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനെപ്പോലും അധികാരഗര്‍വുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു. പിള്ളയുടെ കുറ്റത്തിന്റെ കാഠിന്യംകൊണ്ടാണ് ഒരുവര്‍ഷം കഠിനതടവിലും 10,000 രൂപ പിഴയിലും ശിക്ഷ ചുരുക്കിയത്. പ്രായവും ആരോഗ്യവുമെല്ലാം കണക്കിലെടുത്ത് പരമാവധി ഇളവു നല്‍കിയാലും ഒരുകൊല്ലമെങ്കിലും തടവില്‍ കഴിഞ്ഞേ മതിയാകൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതും കഠിനതടവുതന്നെ വേണമെന്ന്. ആ കോടതിയേക്കാള്‍ വലിയ കോടതി താനാണ് എന്ന് മോചന ഉത്തരവിലൂടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. അഴിമതിക്കേസില്‍ കോടതി വിധിച്ചാലും ശിക്ഷ അനുഭവിക്കാന്‍ യുഡിഎഫുകാര്‍ തയ്യാറാകില്ല എന്നതാണ് ലജ്ജയില്ലാതെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. പിള്ളയുടെ കാര്യത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്രതന്നെയാണുണ്ടായത്. പരോളിലിറങ്ങിയപ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച് പിള്ള മാധ്യമങ്ങളോട് സംസാരിച്ചു; രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി. തിരികെ ജയിലില്‍ കയറിയപ്പോള്‍ ജയില്‍ചട്ടം ലംഘിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു. ചട്ടലംഘനം അവഗണിക്കാനാകാതെ സര്‍ക്കാരിന് പിള്ളയ്ക്ക് അധികശിക്ഷ നല്‍കേണ്ടിവന്നു.


സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി ചികിത്സയ്ക്ക് വിധേയമാകുമ്പോള്‍ ജയിലിന്റെ ഭാഗമെന്ന നിലയിലാണ് ചികിത്സ നടക്കുന്ന മുറിയെയും കാണേണ്ടത്. ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതെല്ലാം കാറ്റില്‍പറത്തി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബാലകൃഷ്ണപിള്ള യഥേഷ്ടം സംസാരിക്കുകയും ഭരണനേതൃത്വത്തില്‍പ്പോലും ഇടപെടുകയും ചെയ്തു. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചത് പിള്ളതന്നെയായിരുന്നു. ഒരുതരത്തിലും മൂടിവയ്ക്കാനാകാത്ത ഈ ചട്ടലംഘനം പുറത്തുവന്നപ്പോള്‍ ആശുപത്രിയില്‍ പരിശോധിച്ച് ഫോണ്‍ കണ്ടെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. പകരം ചാനല്‍ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്ന് പ്രഖ്യാപിക്കുകയുമായിരുന്നു യുഡിഎഫ് ഭരണം.

ജയില്‍വാസത്തിനിടെ കുറ്റകൃത്യം ചെയ്താല്‍ സ്വാഭാവികമായി ലഭിക്കാവുന്ന ശിക്ഷയിളവുപോലും ഇല്ലാതാകും. ഇവിടെ, പിള്ളയ്ക്ക് നിയമവും നീതിപീഠവും പ്രശ്നമല്ല- യുഡിഎഫിന്റെ സ്ഥാപക നേതാവ് എല്ലാ നിയമത്തിനും അതീതനാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന്‍ ദാരുണമായി ആക്രമിക്കപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പിള്ളമാത്രമല്ല, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഗണേശ്കുമാറും സംശയത്തിന്റെ നിഴലിലാണ്. അധ്യാപകന്‍ എങ്ങനെ; ആരാല്‍ ആക്രമിക്കപ്പെട്ടു എന്ന് ഒരുമാസത്തിലേറെ അന്വേഷിച്ചിട്ടും പൊലീസ് പറയുന്നില്ല. അദ്ദേഹം "കൈകാര്യംചെയ്യപ്പെട്ട"താണ് എന്ന് ഗണേശ്കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു.


അധ്യാപകനോട് വ്യക്തിവിരോധമുള്ളത് പിള്ളയ്ക്കുതന്നെയാണ്. അത് തെളിയിക്കാന്‍ വേണ്ടതിലേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ആ വഴിക്ക് അന്വേഷണമില്ല. പിള്ളയ്ക്ക് ഇടമലയാര്‍ കേസില്‍ ശിക്ഷ വൈകാനും കാരണമായത് നേരത്തെ ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ്.


ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ പദ്ധതിയുടെ സാര്‍ജ് ഷാഫ്റ്റ്, ടണല്‍ നിര്‍മാണക്കരാറുകള്‍ അടങ്കല്‍ തുകയേക്കാള്‍ യഥാക്രമം 188 ശതമാനവും 162 ശതമാനവും വര്‍ധിപ്പിച്ചുകൊടുത്തതിനെക്കുറിച്ച് പി സീതിഹാജി എംഎല്‍എ ചെയര്‍മാനായ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. പിള്ള അധികാരദുര്‍വിനിയോഗം നടത്തിയതായി കമീഷന്‍ കണ്ടെത്തി. പ്രത്യേക കോടതി 1999 നവംബര്‍ 10ന് ബാലകൃഷ്ണപിള്ള, കോണ്‍ട്രാക്ടര്‍ സജീവ്, കെ രാമഭദ്രന്‍നായര്‍ എന്നിവരെ അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അപ്പീലില്‍ കേരള ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. അതില്‍ അപ്പീല്‍ പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അതിന്‍മേലാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി വിധിച്ചത്.


പ്രത്യേക കോടതിയുടെ ശിക്ഷ അഞ്ചുവര്‍ഷം എന്നത് ഒരുവര്‍ഷമായി ചുരുക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമത്തിന്റെ പിടിയില്‍നിന്ന് വഴുതിമാറാനുള്ള പിള്ളയുടെയും രക്ഷപ്പെടുത്താനുള്ള യുഡിഎഫിന്റെയും എല്ലാ ശ്രമത്തെയും പരാജയപ്പെടുത്തിയാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. ആ ശിക്ഷ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ റദ്ദാക്കുമ്പോള്‍ , ഏത് കുറ്റവാളിക്കും ഭരണത്തിന്റെ തണലുണ്ടെങ്കില്‍ നിയമത്തെയും നീതിപീഠത്തെയും പുല്ലുപോലെ മറികടക്കാം എന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് അപകടകരമാണ്്. യുഡിഎഫ് സര്‍ക്കാരിന്റെ കടിഞ്ഞാണില്ലാത്ത ഈ കുതിച്ചോട്ടം അനുവദിക്കാന്‍ പാടില്ല. കുറ്റവാളികളുടെ കൂടാരമായി; കുറ്റകൃത്യങ്ങളുടെ സംരക്ഷകരായി ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന്? അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമായി.

Tuesday, September 27, 2011

ഹനീഫ ജഡ്ജി എന്തു ചെയ്തു?

കോണ്‍ഗ്രസുകാരെ തെണ്ടികളെന്ന് പി സി ജോര്‍ജിന് വിളിക്കാം. ജോര്‍ജിന്റെ നില തെറ്റിയെന്നും ചികിത്സ കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാവിന് ആവശ്യപ്പെടാം. അതെല്ലാം യുഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. ജോര്‍ജിനെപ്പോലൊരാളെ എന്തു വിലകൊടുത്തും സംരക്ഷിച്ചു നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുള്ളപ്പോള്‍ ടി എന്‍ പ്രതാപനോ വി ഡി സതീശനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആര്യാടന്‍ മുഹമ്മദിനോ ഒന്നും ചെയ്യാനാകില്ല. അവരുടെ പ്രസ്താവനകള്‍ക്ക് അച്ചടിക്കടലാസിന്റെ വില കിട്ടുകയുമില്ല. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ജോര്‍ജിനെ രംഗത്തിറക്കേണ്ടിവന്നു എന്നതുതന്നെ കോണ്‍ഗ്രസിലെ ഇന്നത്തെ സ്ഥിതിയുടെ സൂചകമാണ്. ജോര്‍ജിനോളം വിശ്വാസമുള്ള ഒരാളെ മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ടിയില്‍നിന്ന് കിട്ടാനില്ല. ജോര്‍ജ് ആക്രമിച്ചത് നീതിന്യായ കോടതിയെ ആണ്. അങ്ങനെ ആക്ഷേപിക്കല്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നയമല്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ജോര്‍ജ് അയച്ച കത്ത് സര്‍ക്കാരുമായി ആലോചിച്ചല്ല എന്നും അത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും നിയമസഭയില്‍ സമ്മതിക്കുന്നില്ല?

ചീഫ് വിപ്പിന്റെ പദവി ഉപയോഗിച്ച് ജോര്‍ജ് നടത്തിയ അധികാര ദുര്‍വിനിയോഗം യുഡിഎഫ് സര്‍ക്കാരിന്റെ ഔദ്യോഗിക സമീപനമല്ല എങ്കില്‍ തിരുത്തല്‍ സര്‍ക്കാര്‍തലത്തില്‍തന്നെയാണ് വേണ്ടത്. ജോര്‍ജിനോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ജോര്‍ജ് കത്തയച്ച കേന്ദ്രങ്ങളെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുകയും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റുകയും വേണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം വ്യക്തമായത്. അവിടെയാണ്, ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കള്ളക്കളി തെളിയുന്നതും. വിജിലന്‍സ് ജഡ്ജിക്കെതിരെ കുറെ ദിവസമായി നാടാകെ പത്രസമ്മേളനം വിളിച്ച് ജോര്‍ജ് ഉറഞ്ഞുതുള്ളുകയാണ്. "ഞങ്ങള്‍ക്കില്ലാത്ത പരവേശം ജോര്‍ജിനെന്തിന്" എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംശയം ദൂരീകരിക്കാനുള്ള ചുമതല അവര്‍ക്കുതന്നെ വിടാം. എന്നാല്‍ , വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ എന്തിന് ജോര്‍ജ് പരാക്രമം കാണിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്.

മാതൃഭൂമി ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു:

"(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. (ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ. (സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല. (ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്." ഇവിടെയാണ് പ്രശ്നം.

പ്രത്യേക വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ(അദ്ദേഹത്തിനെതിരെയാണ് ജോര്‍ജിന്റെ ആക്ഷേപം. വ്യക്തിപരമായ അധിക്ഷേപം സഹിക്കാതെയാണ് അദ്ദേഹം കേസില്‍നിന്നൊഴിവായത്) ജോര്‍ജ് പറയുന്ന ഒരു പ്രശ്നത്തിലും ഇടപെട്ടയാളല്ല. കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2011 മാര്‍ച്ച് 14 നാണ്. അന്ന് ജഡ്ജി എസ് ജഗദീശാണ്. ആ സമയത്ത് ജോര്‍ജ് എവിടെയായിരുന്നു? ഇന്ന് പറയുന്ന ന്യായങ്ങളെല്ലാം അന്നാണല്ലോ പറയേണ്ടിയിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി രഷിക്കപ്പെടേണ്ടയാളാണെന്നും തുടരന്വേഷണം നിയമവിരുദ്ധമാണെന്നും അതിനുത്തരവിട്ട ജഡ്ജിയുടെ നടപടി അപാകമെന്നും ജോര്‍ജിന് തോന്നിയതേയില്ല. പി കെ ഹനീഫ പ്രത്യേക വിജിലന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തെത്തുന്നത് പിന്നീടാണ്. അദ്ദേഹത്തിന്റെ മുന്നില്‍ മെയ് പതിമൂന്നിന്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം കിട്ടും എന്നുറപ്പായശേഷം ഒരു റിപ്പോര്‍ട്ട് കിട്ടി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ്, വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ അതില്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം നടത്താതെ, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയൊരുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കി, കോടതി അനുവദിച്ച സമയത്തിന് ഒരുമാസം മുമ്പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ തട്ടിപ്പുകള്‍ അന്നുതന്നെ വ്യക്തമായതാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് അതില്‍ പറഞ്ഞത്. തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ആവശ്യം.

അതേ വിജിലന്‍സ് പിന്നെ പറയുന്നു, ഒരു തെളിവുമില്ല എന്ന്. എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തി എന്നതിന് ഉത്തരമില്ല. പാതി വെന്ത ആ റിപ്പോര്‍ട്ട് തള്ളിയ സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ "ഇറക്കുമതി സമയത്തെ ധനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന"ടക്കം കാര്യകാരണങ്ങള്‍ വ്യക്തമാക്കിയാണ്, മൂന്നുമാസംകൊണ്ട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. ഇതില്‍ എവിടെയും അസാധാരണത്വമില്ല. വിജിലന്‍സിന്റെ ഉമ്മന്‍ചാണ്ടി സേവയ്ക്ക് അവിഹിതമായി കൂട്ടുനില്‍ക്കാന്‍ ജഡ്ജിയുടെ നീതിന്യായബോധം അനുവദിച്ചില്ല. പി കെ ഹനീഫയുടെ ഈ കേസിലെ പങ്കാളിത്തം അത്രയുമാണ്. അതെങ്ങനെ, പി സി ജോര്‍ജിന്റെ നിലവിട്ട പ്രതികരണത്തിന് കാരണമാകും? തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയോടില്ലാത്ത വിരോധം എങ്ങനെ തട്ടിപ്പ് റിപ്പോര്‍ട്ട് തള്ളിയ പി കെ ഹനീഫയോട് വന്നു? എന്തുകൊണ്ട് പാകിസ്ഥാനിലേക്കുവരെ ഉപമ നീട്ടി മതപരമായ അധിക്ഷേപത്തില്‍ ജോര്‍ജ് എത്തി? അതിനുള്ള ഉത്തരം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയില്‍ത്തന്നെയാണ്. കേസ് നേരെചൊവ്വേ നടന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും.

1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇറക്കുമതിയെ എതിര്‍ത്തില്ല; മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വന്നപ്പോള്‍ എതിരഭിപ്രായം പറഞ്ഞില്ല; നാലാംപ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിന്റെ കുറിപ്പിലെ കാര്യങ്ങള്‍ ധനമന്ത്രിക്ക് അറിയാമായിരുന്നു; ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതെല്ലാം ഇതിനകം വ്യക്തമാക്കപ്പെട്ട തെളിവുകളാണ്. പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ്. ചട്ടം ലംഘിച്ചു നടത്തിയ ഇറക്കുമതി തടയാന്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്ന് ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനും പുറമെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ വഴിവിട്ട ശ്രമം നടന്നത്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ , ഉമ്മന്‍ചാണ്ടിക്ക് ഉത്തരം പറയാനാവാത്ത നിരവധി ചോദ്യങ്ങള്‍ നീതിപീഠത്തിനു മുന്നില്‍ വരും. നിഷ്പക്ഷവും നിര്‍ഭയവുമായി കേസ് നടന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതു മനസിലാക്കിയാണ് പി സി ജോര്‍ജ് എന്ന കോടാലിക്കൈയെ ജഡ്ജിക്കുനേരെ ഉപയോഗിക്കാനും ജഡ്ജിയുടെ വിശ്വാസ്യത തകര്‍ത്തും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായത്. കോടതിക്കെതിരായ ഗൂഢാലോചനയില്‍ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയാണ്. പി സി ജോര്‍ജ് രണ്ടാമതേ വരുന്നുള്ളൂ. തുടരന്വേഷണത്തിന് ഉത്തരവിട്ടത് മറ്റൊരു ജഡ്ജിയാണെന്നിരിക്കെ അതേക്കുറിച്ച് മിണ്ടാതെ പി കെ ഹനീഫയെ പരസ്യമായി ഭര്‍ത്സിച്ചത് എന്തിനെന്ന് പി സി ജോര്‍ജും അതിന് ജോര്‍ജിനെ നിയോഗിച്ചതെന്തിനെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത് ചീഞ്ഞു നാറുന്ന കേസാണ്.

ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.

Tuesday, September 13, 2011

മാഫിയാ രാഷ്ട്രീയമോ?

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .

തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.

പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.

പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.

ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.

ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?

കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.

Tuesday, August 30, 2011

കീറിപ്പോയ 'വിക്കിലീക്സ് വല'അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന്‍ അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ.

ഇന്ത്യാവിഷന്‍ പറയുന്നു: \"അമേരിക്കന്‍ നിക്ഷേപത്തോട് കേരളത്തിലെ സിപിഐ എം നേതൃത്വം അമിതമായ താല്‍പ്പര്യം എടുത്തിരുന്നതായി വിക്കിലീക്സ് രേഖകള്‍. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ് ഐസക്, എം എ ബേബി എന്നീ നേതാക്കള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് യുഎസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നതായി വിക്കിലീക്സ് രേഖകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടുചെയ്തു... പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടെങ്കിലും, യുഎസ് പൊളിറ്റിക്കല്‍ കൌണ്‍സിലുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തയ്യാറായില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആയുര്‍വേദചികിത്സയിലാണെന്ന് പറഞ്ഞാണ് വി എസ് അമേരിക്കന്‍ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതെന്നും നയതന്ത്ര പ്രതിനിധികളുടെ രേഖകളില്‍ വ്യക്തമാകുന്നു.\'\'


സംഗതി വ്യക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അമേരിക്കയോട് സ്നേഹമുള്ള ഒരു പക്ഷം. വി എസ് അമേരിക്കക്കാരെ കാണാന്‍ കൂട്ടാക്കാത്ത നിലപാടില്‍. പാര്‍ടിയില്‍ രണ്ടുചേരി. ഒന്ന് യഥാര്‍ഥ ഇടതുപക്ഷം. മറ്റൊന്ന് വലത്തോട്ട് ചാഞ്ഞത്. സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ചേരിതിരിവ് രൂക്ഷമാകുന്നു; ആശയപരമായി പാര്‍ടി രണ്ടുതട്ടില്‍- പ്രചാരണയുദ്ധത്തിനുള്ള വക കളഞ്ഞുകിട്ടിയെന്ന സന്തോഷത്തില്‍ ഒറ്റയടിക്ക് മാധ്യമങ്ങള്‍ ഉണര്‍ന്നെണീറ്റു. യഥാര്‍ഥ വിക്കിലീക്സ് വെളിപ്പെടുത്തലില്‍ ഇല്ലാത്ത ചിലത് കൂട്ടിച്ചേര്‍ത്തും വക്രീകരിച്ചും കാര്യം നേടാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മറന്നില്ല. കേരളത്തിലെ വിവിധ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണ് വിക്കിലീക്സ് രേഖ. പത്രം അത് അടച്ചിട്ട മുറിയിലെ സംയുക്ത കൂടിക്കാഴ്ചയാക്കി. പാര്‍ടി നേതാക്കളുടെ തുറന്നുപറച്ചില്‍ അമേരിക്കക്കാരെ \'അത്ഭുതപ്പെടുത്തി\'യതായി സ്വയം കണ്ടെത്തി


സിപിഐ എം സമ്മേളനങ്ങള്‍ തുടങ്ങുകയാണ്. അതിനുമുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇതുവരെ കൊണ്ടുവന്നതെല്ലാം പാളിപ്പോയി. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പോലും പാര്‍ടിയിലെ ഭിന്നതയ്ക്കുള്ള വിഷയമായി എടുത്തിട്ടുനോക്കി. അതും ആരും ഏറ്റുപിടിച്ചില്ല. പാര്‍ടി സമ്മേളനങ്ങളില്‍ മത്സരം നടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് മലയാളമനോരമ ചൊവ്വാഴ്ച വാര്‍ത്തയെഴുതിയത്. മൂന്നുമാസത്തേക്കുള്ള സസ്പെന്‍ഷന്‍ നടപടിയെ പാര്‍ടിയില്‍നിന്നുള്ള പുറന്തള്ളലായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം അതിനുപുറമെ. അതിനിടയിലാണ് വിക്കിലീക്സ് വീണുകിട്ടിയത്.

ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ചാനലുകള്‍ക്കും പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കും മടിയുണ്ടായില്ല.
അങ്ങനെ എല്ലാം ഒത്തുവന്ന ഘട്ടത്തിലാണ്, വിക്കിലീക്സിന്റെ മറ്റൊരു രേഖ പുറത്തുവന്നത്. അതില്‍, പറയുന്നത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിനുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചാണ്. (അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്ന് അയച്ച 08 ചെന്നൈ 299 എന്ന കേബിള്‍. 2008 സെപ്തം. 5) മുഖ്യമന്ത്രി വി എസ്, ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, ചീഫ് സെക്രട്ടറി കെ ജെ തോമസ്, ധനമന്ത്രി തോമസ് ഐസക്, ഡിജിപി, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായെല്ലാം അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് അതിലുള്ളത്. അമേരിക്കന്‍ നിക്ഷേപം കേരളത്തില്‍ വരുന്നതില്‍ താല്‍പ്പര്യം അറിയിച്ചതിനൊപ്പം ഐടി, ബിടി, ടൂറിസം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വി എസ് അറിയിച്ചതായി രേഖ പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ- പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ വിക്കിലീക്സ് രേഖകളിലൂടെ തെളിയുന്നത്. അതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയുമില്ല. മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ രഹസ്യവുമല്ല. സംയുക്തസംരംഭങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്കന്‍സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി 2008 ആഗസ്ത് 30ന് മലയാളമനോരമ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നതോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നതോ സിപിഐ എമ്മിന്റെ നയമല്ല.

പാര്‍ടിപരിപാടിയില്‍ \"ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും; മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിനനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും\'\' എന്നീ കാര്യങ്ങള്‍ വിപ്ളവത്തിന്റെ ജനാധിപത്യഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യ ഭരണകൂടം വന്നാല്‍ ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും പാര്‍ടി വ്യക്തമാക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശമൂലധനം ഉപയോഗിക്കപ്പെടുന്നത്; അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം എന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയപ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖ ഉറപ്പിച്ചുപറയുന്നു.

വിദേശവായ്പയോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുടെ സമീപനം സംബന്ധിച്ച് ആ രേഖ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. \"ആഗോളവല്‍ക്കരണനയങ്ങള്‍ക്കു കീഴില്‍ സ്വീകരിച്ച നവ ലിബറല്‍ നയങ്ങള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചും നല്‍കുന്ന വായ്പകള്‍ക്ക് കൊള്ളപ്പലിശ നിരക്ക് ഈടാക്കിയും (കുറഞ്ഞപലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കകത്തുനിന്ന് സംഭരിക്കപ്പെടുന്ന ലഘുസമ്പാദ്യങ്ങളെ ആസ്പദമാക്കിയ വായ്പകള്‍ ഉള്‍പ്പെടെ) സാമ്പത്തികമാന്ദ്യം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ഷികത്തകര്‍ച്ച സംസ്ഥാന ഗവണ്‍മെന്റുകളെ കൊടും ദാരിദ്യ്രത്തിലെത്തിക്കുന്നു-\'\' എന്നാണ് അതില്‍ പാര്‍ടി വിലയിരുത്തിയത്. \"ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ കേന്ദ്രഗവണ്‍മെന്റുമാത്രമാണ് പ്രധാന സാമ്പത്തിക- വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്. ഈ പരിതസ്ഥിതിയില്‍ നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്‍മെന്റുകള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസനപദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി ഒരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരുവിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും.\'\' ഇതാണ് പാര്‍ടിനയമെന്നിരിക്കെ പിണറായിയോ വി എസോ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് അപാകത?
കൊക്കകോളയുമായി ബന്ധിപ്പിച്ച് പിണറായി പറഞ്ഞു എന്ന വാക്കുകളില്‍ പിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് മറ്റൊരു ശ്രമം. കൊക്കകോളയുടെ കേരളത്തിലെ ബോട്ടിലിങ് പ്ളാന്റ് അടച്ചുപൂട്ടുന്നതിനിടയായതിനെക്കുറിച്ച് അമേരിക്കന്‍ പൊളിറ്റിക്കല്‍ കൌണ്‍സിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്, \"അത് മറ്റ് യുഎസ് കമ്പനികളെ കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല\'\' എന്ന് പിണറായി പറഞ്ഞതായാണ് രേഖയിലുള്ളത്. കൊക്കകോള പ്രശ്നം അമേരിക്കന്‍ കമ്പനി എന്നനിലയില്‍ ഉയര്‍ന്നതല്ലെന്നും പാരിസ്ഥിതികപ്രശ്നമാണതെന്നും പിണറായി പറഞ്ഞതായും രേഖ വിശദീകരിക്കുന്നു. ഇതിലും വിവാദത്തിനുള്ള വക കാണാനില്ല. എന്നിട്ടും, എല്ലാ വാദങ്ങളും പൊളിഞ്ഞശേഷം ഇന്ത്യാവിഷന്‍ ഉരുവിട്ട തലവാചകം \"കേരളത്തിലെ സിപിഎം വിക്കിലീക്സ് വലയില്‍\'\' എന്നാണ്. മറ്റു ചിലരാകട്ടെ, അമേരിക്കന്‍ കേബിളിലെ കൊക്കോകോളയുമായി ബന്ധപ്പെട്ട ഒരു വാക്കെടുത്ത് \'അങ്ങനെ പറയാന്‍ കൊള്ളാമോ\' എന്ന് ചോദിക്കുന്നു. അതില്‍ വിശദീകരണം നല്‍കിയാലും അവര്‍ വിടില്ല-ഒരു പണ്ഡിതന്‍ ചാനലില്‍ പറയുന്നതുകേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചര്‍ച്ച നടത്തിയതിന് മറുപടി പറയണം എന്നാണ്.

വാര്‍ത്തയുടെ പാതിമാത്രം അവതരിപ്പിച്ച് അത് ചര്‍വിതചര്‍വണംചെയ്ത് സിപിഐ എമ്മില്‍ ഭിന്നതയാണെന്ന് വരുത്താനും പാര്‍ടി അമേരിക്കന്‍ പക്ഷപാതികളുടേതാണെന്ന് ദ്യോതിപ്പിക്കാനും നടത്തുന്ന ഈ ശ്രമമാണ് അതിനീചഗണത്തില്‍ പെടുത്തേണ്ടത്.

കേരളത്തില്‍ മറ്റു പല സുപ്രധാന കാര്യങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ അഗാധമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ വഞ്ചിച്ചു എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഇതൊന്നും കാണാതെ, അല്ലെങ്കില്‍ തമസ്കരിച്ച് സിപിഐ എമ്മിനെക്കുറിച്ച് ഏറ്റവും തരംതാണ നിലയില്‍ വാര്‍ത്ത ചമയ്ക്കുന്നവരുടെ വൈകൃതമാണ് \'വിക്കിലീക്സി\'ലൂടെ ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു തുടക്കമായേ കാണാനാകൂ. സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ ഇതുപോലുള്ളവ ഇനിയും വരും. പാര്‍ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഭാവനയില്‍ ദൃക്സാക്ഷിവിവരണം ചമയ്ക്കുന്നവര്‍ക്ക് വിക്കിലീക്സ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനും വിഷമമുണ്ടാകില്ല.

Thursday, August 11, 2011

അയോഗ്യനായ മുഖ്യമന്ത്രി

"ഈ കേസിന്റെ എല്ലാം അറിയുന്നവനാണ് ഞാന്‍ . മുഖ്യമന്ത്രിസ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നതുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കാരണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഗവണ്‍മെന്റാണ് വലുത്"- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതാണ് 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം. "എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനം. ഭീരുവായി മാറിനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് പിന്‍വലിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടുമില്ല"-2005 ജനുവരി 18ന് പത്രസമ്മേളനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അതായത്, കരുണാകരനെ രക്ഷിക്കാനായിരുന്നില്ല ആ തീരുമാനമെന്ന് വ്യക്തം. കാരണം കരുണാകരന്‍ എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ ബദ്ധ വൈരിയായിരുന്നു. പാമൊലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിലെ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. അന്ന് തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകര്‍ക്ക് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ന്നുനല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്.

കരുണാകരന് നന്നായി മുറിവേറ്റു. പിന്നെ ആ കേസ് തുടര്‍ന്നാല്‍ എല്ലാം അറിയുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തെത്തും. കേസ് കോടതിയില്‍ എത്തിയ സ്ഥിതിക്ക് കോടതിയുടെ തീരുമാനത്തിന് വിടുകയല്ലേ വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി "ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഞാന്‍ അക്കാലത്ത് ധനമന്ത്രിയായിരുന്നു. എനിക്ക് എല്ലാം അറിയാം." എന്നാണ്. "പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമല്ല, ഒമ്പതുകോടിരൂപ ലാഭമാണുണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് കേസുണ്ടായത്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതിന് കേസെടുക്കുന്നതു ശരിയല്ല. അത് സിവില്‍ സര്‍വീസിന്റെ മനോവീര്യം കെടുത്തും. സര്‍ക്കാരിന് നഷ്ടം പറ്റുന്ന തീരുമാനമുണ്ടായാലും സ്വജനപക്ഷപാതമുണ്ടായാലും കേസെടുക്കാം" എന്നും വിശദീകരിച്ചു അദ്ദേഹം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചത്. അതായത്, യുഡിഎഫ് ഭരണം വരുമെന്നുറപ്പായശേഷം, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥപ്രമുഖര്‍ തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കിയെന്നര്‍ഥം. അതാണിപ്പോള്‍ കോടതി തുറന്നടിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമായ മാര്‍ച്ച് ഒന്നിലെ സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അന്നും ഉമ്മന്‍ചാണ്ടി ഉപയോഗിച്ചത് വിജിലന്‍സിനെയാണ്.

ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കീഴില്‍ വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന പേര് ഇല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് അസാധാരണമായ മലക്കംമറിച്ചിലിലൂടെ ഉമ്മന്‍ചാണ്ടി ഇതു ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐയെ ഉപയോഗിച്ച് കേസില്‍ കുരുക്കുക എന്നതായിരുന്നു ഏക ഉദ്ദേശ്യം. സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരനെതിരെ പാമൊലിന്‍ കേസില്‍ ലജ്ജാരഹിതമായി ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് അത്തരം നീക്കങ്ങള്‍ എന്നും പഥ്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസം രാഷ്ട്രീയ എതിരാളിയെ വിജിലന്‍സിനെ ഉപയോഗിച്ച് വെട്ടിനിരത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിതന്നെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിജിലന്‍സിലെ സ്വാധീനം ഉപയോഗിച്ച് സ്വയം കുറ്റമുക്തനാകാനും ശ്രമിച്ചു. അതാണിപ്പോള്‍ കോടതി തുറന്നുകാട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നൈതികത, മാന്യത, മര്യാദ എന്നിവയെല്ലാം കളഞ്ഞുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ . ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ അന്വേഷണം വേണമെന്നല്ല, കണ്‍മുന്നിലുള്ള തെളിവുകള്‍ വിജിലന്‍സ് മുക്കി എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ കാര്യം. അത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. അതാകട്ടെ അധികാരത്തിന്റെ നെറുകയിലിരിക്കുന്ന വ്യക്തി സ്വയം രക്ഷപ്പെടാന്‍ നഗ്നമായി തന്റെ സ്ഥാനം ദുരുപയോഗിച്ചു എന്ന ഗുരുതരമായ പ്രശ്നമാണ്.

ലാവ്ലിന്‍ കേസിലാകട്ടെ രാഷ്ട്രീയശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണയന്ത്രത്തിന്റെ ദുരുപയോഗമുണ്ടായത്. രണ്ടു സംഭവങ്ങളിലും പ്രതി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്ന അക്ഷന്തവ്യമായ കുറ്റവും ഇവിടെ ഉമ്മന്‍ചാണ്ടിയില്‍ വന്നുചേരുന്നു. കരുണാകരന്‍ അന്തരിച്ചതുകൊണ്ടുമാത്രമാണ് കേസില്‍നിന്ന് ഒഴിവായത്. പാമൊലിന്‍ ഇടപാടിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നുവെങ്കില്‍ , ഒത്താശക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ടാണ് അഴിമതിക്ക് കാര്‍മികത്വം വഹിച്ചത്. പി സി ജോര്‍ജിനെപ്പോലുള്ള മൂര്‍ച്ചപോയ വാളുകളെ രംഗത്തിറക്കിയതുകൊണ്ടോ വിജിലന്‍സ് വകുപ്പില്‍നിന്ന് തലയൂരിയതുകൊണ്ടോ ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. പാമൊലിന്‍ അഴിമതിക്കുപുറമെ ക്രിമിനല്‍ അധികാര ദുര്‍വിനിയോഗം എന്ന കുറ്റത്തിനുകൂടി വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കാന്‍ സര്‍വഥാ അയോഗ്യനും.

Tuesday, July 26, 2011

വന്‍സ്രാവുകള്‍ പിടിക്കപ്പെടട്ടെ


സുപ്രീംകോടതി കേന്ദ്ര യുപിഎ സര്‍ക്കാരിനോട് ഈയിടെ ചോദിച്ച ചില ചോദ്യങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടതാണ്. "ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ, എന്തിനാണ് എലികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്?", "സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റ് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല?", "എന്തുകൊണ്ടാണ് ഒരു ക്രിമിനല്‍ കുറ്റാരോപിതനെ, രാജ്യത്തിന്റെ ചീഫ് വിജിലന്‍സ് കമീഷണറായി നിങ്ങള്‍ നിയമിച്ചത്?", "എന്തുകൊണ്ടാണ് നേര്‍പകുതി ദരിദ്രരെ ഒഴിവാക്കി ബിപിഎല്‍ പട്ടിക തയ്യാറാക്കുന്നത്?", "1,76,645 കോടി രൂപ കവര്‍ന്നെടുക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഒരഴിമതി ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ നിങ്ങള്‍ മടിക്കുന്നതെന്തിന്?"-ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഓര്‍ത്തെടുക്കാന്‍ . ഇതില്‍ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരമാണ് മുന്‍കേന്ദ്രമന്ത്രി എ രാജ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച പറഞ്ഞത്.

2ജി സ്പെക്ട്രം കേസില്‍ സ്പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്നുമാണ് രാജ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതെന്നും അന്നത്തെ ധനമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും രാജ കൂട്ടിച്ചേര്‍ത്തു. അതായത്, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അന്നത്തെ ധനമന്ത്രിയും ഇന്നത്തെ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം എന്നിവര്‍ കൂട്ടുപ്രതികളാണെന്ന്. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ താന്‍ മാത്രം കുറ്റവാളിയാകുന്നതെങ്ങനെയെന്നും 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരും ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിക്കുന്നു.
1,76,645 കോടിയുടെ നഷ്ടം വന്ന കേസില്‍ ഏതാനും കോടി രൂപയുടെ പേരിലാണ് രാജയും കനിമൊഴിയും തിഹാര്‍ ജയിലിലായത്. സിബിഐ കണ്ടെത്തിയത് 30,984 കോടി രൂപയുടെ നഷ്ടം മാത്രമാണ്. ബാക്കി വന്‍തുക എവിടെപ്പോയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അത് പുറത്തുവരുമ്പോഴാണ് വന്‍തോക്കുകള്‍ പിടിക്കപ്പെടുക. ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടതെന്നും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി മുമ്പാകെ രാജ മൊഴിനല്‍കിയിട്ടുണ്ട്.

ഇതോടെ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെന്ന് അസന്ദിഗ്ധമായി വ്യക്തമാവുകയാണ്. ഡിഎംകെയുടെ ഒരു മുന്‍മന്ത്രിയും എംപിയും ചില ഉദ്യോഗസ്ഥരും മൂന്ന് സ്വകാര്യ ടെലികോം കറക്കുകമ്പനികളുംകൂടി ഗൂഢാലോചന നടത്തി പൊതുമുതല്‍ തട്ടിയെടുത്തു എന്ന കേസായി നിസ്സാരവല്‍ക്കരിച്ച് അവസാനിപ്പിക്കാനുള്ളതല്ല 2ജി സ്പെക്ട്രം അഴിമതിക്കേസ്. ഈ ഹിമാലയന്‍ കൊള്ള അരങ്ങേറിയ 2008ല്‍ തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഇതേക്കുറിച്ച് സിപിഐ എം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയതാണ്. സ്പെക്ട്രം ലഭിക്കാത്ത ചില കമ്പനികളും ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടു. അതുകഴിഞ്ഞ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായ കുറ്റാരോപണമുണ്ടായി. അതൊന്നും ചെവിക്കൊള്ളാതെ അഴിമതി നടന്നിട്ടില്ല എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്തതെല്ലാം പ്രധാനമന്ത്രിയുടെ

അറിവോടെയാണെന്ന് അന്നത്തെ ടെലികോം മന്ത്രി രാജയും വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഒന്നരക്കൊല്ലത്തോളം ഒന്നും ചെയ്തില്ല. ശക്തമായ വിമര്‍ശവുമായി സുപ്രീംകോടതി ഇടപെട്ടതോടെയാണ് സിബിഐ അനങ്ങിയതുതന്നെ. സിബിഐയുടെ ആ നിഷ്ക്രിയത്വവും കേസിന്റെ ഒരറ്റത്തില്‍മാത്രം പിടിച്ച് കൂറ്റന്‍ പ്രതികളെ രക്ഷിക്കാനുള്ള പരിശ്രമവും എന്തിനായിരുന്നുവെന്നാണ് രാജയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നത്. ഈ കേസിനെ ഭയന്നാണ് പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലയളവാകെ മന്‍മോഹന്‍ സര്‍ക്കാര്‍ പാഴാക്കിയത്. രാജയ്ക്കുപകരം ടെലികോംമന്ത്രിയായ കപില്‍സിബല്‍ പറഞ്ഞത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് കള്ളമാണെന്നും രാജ്യത്തിന് ഒരൊറ്റ പൈസയും നഷ്ടം വന്നിട്ടില്ലെന്നുമാണ്.
കേസ് തേച്ചുമാച്ചുകളയാനും വഴിതിരിച്ചുവിടാനും കോണ്‍ഗ്രസ് തുടര്‍ച്ചയായി ശ്രമിച്ചു. ആദ്യം അഴിമതിയില്ലെന്ന്; പിന്നെ നഷ്ടം വന്നില്ലെന്ന്; അതും കഴിഞ്ഞ് തങ്ങള്‍ക്ക് ഒന്നിലും പങ്കാളിത്തമില്ലെന്ന്. രക്ഷപ്പെടാന്‍ സിബിഐയെ നഗ്നമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇടപാടിലെ എല്ലാ കള്ളക്കളികള്‍ക്കും ഒത്താശചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. എന്നാല്‍ , എല്ലാ തെളിവും കണ്ടില്ലെന്നു നടിച്ച് മന്‍മോഹനെ കുറ്റവിമുക്തനാക്കാനാണ് സിബിഐയുടെ ശ്രമം. പ്രധാനമന്ത്രിയെ രാജ തെറ്റിദ്ധരിപ്പിച്ചതാണെന്ന് സിബിഐ പറയുകയാണ്. ടെലികോം വകുപ്പില്‍ അവിഹിതമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് സൂചിപ്പിച്ച് ഇതേ പ്രധാനമന്ത്രി, ടെലികോം മന്ത്രിക്കെഴുതിയ കത്തുകള്‍ പുറത്തുവന്നിട്ടുണ്ട്.

സിപിഐ എം നേതാക്കള്‍ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തുകള്‍ രഹസ്യമല്ല. എല്ലാറ്റിനുമുപരി, 1,76,645 കോടി രൂപയുടെ അഴിമതി തന്റെ മന്ത്രിസഭയില്‍ ഒരംഗം നടത്തിയിട്ട് താനൊന്നും അറിഞ്ഞില്ല എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ എന്ന ചോദ്യം വേറെ ഉയരുന്നു. കേസില്‍ ഇനി വരാനിരിക്കുന്നതാണ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ . അന്വേഷണം നേര്‍വഴിയില്‍ മുന്നോട്ടുപോയാല്‍ രാജയ്ക്കപ്പുറം യുപിഎ സര്‍ക്കാരിനകത്തുള്ളവരും പുറത്ത് അതിനെ നിയന്ത്രിക്കുന്നവരുമാണ് പ്രതിക്കൂട്ടിലെത്തുക. തീര്‍ച്ചയായും യുപിഎ നേതൃത്വം അത്തരമൊരവസ്ഥയെ ഭയപ്പെടണം. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വാരിയെറിഞ്ഞ പണത്തിന്റെ സ്രോതസ്സ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരവും അത്തരമൊരന്വേഷണത്തില്‍ തെളിയും.

ഭരണകക്ഷിയെ രാഷ്ട്രീയമായി രക്ഷിക്കാനും ഭരണകക്ഷിയുടെ എതിരാളികളെ തകര്‍ക്കാനുമുള്ള വാടക ഏജന്‍സിയായി സിബിഐയെ അധഃപതിപ്പിക്കുന്നതെന്തിനെന്ന സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്. താന്‍ മാത്രമല്ല ജയിലിലടയ്ക്കപ്പെടേണ്ടത് എന്ന് രാജ പറയുമ്പോള്‍ , മറ്റാരൊക്കെ എന്ന് അറിയാനുള്ളതും അവര്‍ ജയിലിലടയ്ക്കപ്പെടും എന്നുറപ്പാക്കാനുള്ളതുമായ അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ഏതെങ്കിലുമൊരു മറവിരോഗത്തിന്റെ ചെലവിലോ അന്വേഷണ ഏജന്‍സിയുടെ കള്ളക്കളിയിലോ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടായിക്കൂടാ. നിയമപരമായും രാഷ്ട്രീയമായും ഈ കൊള്ളക്കാരെ നേരിടണം;

അപവാദം എന്ന ആയുധം


ലോകത്താകെയുള്ള മാധ്യമക്കച്ചവടക്കാരുടെ സ്വപ്നപുരുഷനാണ് കീത്ത് റൂപര്‍ട്ട് മര്‍ഡോക്. ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ തന്റെ പിതാവ് നടത്തിയിരുന്ന 'ദ ന്യൂസ്' പത്രം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്ത് മാധ്യമരംഗത്ത് എളിയ തുടക്കമിട്ട മര്‍ഡോക് ഇന്ന് ലോകത്തെ ഏറ്റവും ശക്തനായ മാധ്യമ ചക്രവര്‍ത്തിയാണ്. അമേരിക്കയില്‍ മൂന്നു പ്രസിഡന്റ്തെരഞ്ഞെടുപ്പുകളില്‍ മര്‍ഡോക്കിന്റെ നിര്‍ണായക ഇടപെടലുണ്ടായിരുന്നു.

ബ്രിട്ടനില്‍ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മര്‍ഡോക്കാണെന്ന് പറയാറുണ്ട്. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായാണ് മര്‍ഡോക് അറിയപ്പെട്ടത്. പിന്നീട് ടോണി ബ്ളെയറിന്റെ രക്ഷകനും ഉപദേശകനുമായി. അതുകഴിഞ്ഞ് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സഹായഹസ്തം നീട്ടിയത് ഗോര്‍ഡന്‍ ബ്രൌണിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രൌണിനെ വിട്ട് ഡേവിഡ് കാമറോണിനെ തുണച്ചു-അദ്ദേഹം പ്രധാനമന്ത്രിയായി.

അമേരിക്കയില്‍ അല്‍ഗോറിനെതിരെ മത്സരിച്ച് പരാജയത്തിലേക്ക് വീഴുമായിരുന്ന ജോര്‍ജ് ബുഷിന് രക്ഷാകവചം സൃഷ്ടിച്ചത് മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്കാണ്. ബുഷിന്റെ സംരക്ഷകനായും ഇറാഖ് അധിനിവേശത്തിന്റെ പ്രചാരകനായും മര്‍ഡോക് നിലക്കൊണ്ടു. ഇറാഖില്‍ ആണവ-രാസായുധ ശേഖരമുണ്ടെന്ന കൂറ്റന്‍ നുണ ബുഷ് പറഞ്ഞപ്പോള്‍ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്തത് മര്‍ഡോക്കിന്റെ മാധ്യമ ശൃംഖലയാണ്. ഇറാഖിനെക്കുറിച്ചുള്ള അപവാദ പരമ്പരകള്‍; ആയുധ ശേഖരത്തിന്റെ വര്‍ണനകള്‍; ഭീകരതയുടെ മറവില്‍ ഇസ്ളാംവിരുദ്ധ പ്രചാരണം-എല്ലാം മര്‍ഡോക് ഏറ്റെടുത്തു. കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് മര്‍ഡോക്കിന്റേത്.

പലസ്തീന്റെ പോരാട്ടത്തെക്കുറിച്ചോ ഇസ്രയേലി കാടത്തത്തെക്കുറിച്ചോ ക്യൂബയുടെ ഇതിഹാസതുല്യമായ ചെറുത്തുനില്‍പ്പുകളെക്കുറിച്ചോ മര്‍ഡോക്കിയന്‍ മാധ്യമങ്ങളില്‍ വായിക്കാനാവില്ല.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ഓസ്ട്രേലിയന്‍ മാഗസിനില്‍ ഒരിക്കല്‍ അച്ചടിച്ച കവറില്‍, ഒരുകൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായി നില്‍ക്കുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമായിരുന്നു. "അവളെ ഗര്‍ഭിണിയെപ്പോലെ തോന്നിച്ചു. ഗര്‍ഭിണിയല്ലെങ്കില്‍ അവള്‍ സാധാരണമട്ടില്‍ പെരുമാറുമായിരുന്നു. അവള്‍ എന്നെ നോക്കി. ഒന്നു ചിരിച്ചു; പിന്നെ പൊട്ടിത്തെറിച്ചു.'' ഗാസാചീളിലെ തടവറയിലായിരുന്ന അവള്‍ അവിഹിതമായി ഗര്‍ഭിണിയായതാണെന്നും അതാണ്, ചാവേറാകാന്‍ അവളെ നിര്‍ബന്ധിതയാക്കിയതെന്നും സമര്‍ഥിക്കുന്നു, 'മാതാവ്, കൊലപാതകി, രക്തസാക്ഷി' എന്ന ശീര്‍ഷകത്തിലുള്ള ആ കവര്‍സ്റ്റോറി. പലസ്തീന്‍ പോരാട്ടത്തെ ശാസ്ത്രീയമായി അധിക്ഷേപിക്കുന്ന ഒന്ന് എന്നാണ് അതിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല; തങ്ങള്‍ക്ക് എന്താണ് വായനക്കാരെ അറിയിക്കേണ്ടത് എന്നതാണ് മര്‍ഡോക്കിയന്‍ മാധ്യമങ്ങളുടെ അജന്‍ഡ. അതിനവര്‍ മൂന്നാംകിട അപവാദ പ്രചാരണങ്ങളെപ്പോലും ആശ്രയിക്കുന്നു; പരിഷ്കൃതലോകം ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്യുന്നു.

സമ്പത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റത്തില്‍ മര്‍ഡോക്ക് ചവിട്ടിയരച്ചത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ്. നിയമവിരുദ്ധവും അമാന്യവുമായ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന വാര്‍ത്താശകലങ്ങളും സങ്കല്‍പ്പകഥകളുമാണ് വാര്‍ത്തകളായി ഘോഷിക്കപ്പെട്ടത്. അത്തരം ആഘോഷങ്ങള്‍ക്കിടെ, നിറംപിടിപ്പിച്ച വാര്‍ത്തകളുടെ പ്രത്യാഘാതം നിരപരാധികളുടെ ജീവിതം തകര്‍ക്കുന്നത് മര്‍ഡോക്കിനെ അലട്ടിയില്ല.

കൊലപാതകമായാലും രാഷ്ട്രീയ സംഭവങ്ങളായാലും കേസന്വേഷണവും വിചാരണയും വിധിപ്രസ്താവവും മാധ്യമം ഏറ്റെടുക്കുന്ന അവസ്ഥ വന്നു. കടിഞ്ഞാണില്ലാത്ത ആ പോക്കില്‍നിന്നാണ് മര്‍ഡോക്കിന് ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും പിന്മാറേണ്ടിവന്നിരിക്കുന്നത്. 168 വര്‍ഷത്തെ പാരമ്പര്യവും 27 ലക്ഷം വായനക്കാരും ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ അതുല്യമായ സ്വാധീനശേഷിയുമുണ്ടായിരുന്ന 'ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്രം അടച്ചുപൂട്ടേണ്ടിവന്നു മര്‍ഡോക്കിന്. റബേക്ക ബ്രൂക്സ് എന്ന തന്റെ വിശ്വസ്ത പത്രാധിപയെ നിയമത്തിന്റെ പിടിയിലേക്ക് വിട്ടുകൊടുത്തതിനുപുറമെ ബ്രിട്ടീഷ് ജനതയോട് പരസ്യമായി 'എന്റെ പിഴ; എന്റെ വലിയ പിഴ' എന്ന് ഏറ്റുപറയേണ്ടിയും വന്നു സുര്യനസ്തമിക്കാത്ത മാധ്യമ സാമ്രാജ്യത്തിന്റെ അധിപന്. അതിനുമപ്പുറം ബി സ്കൈ ബി (ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റിങ്) എന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖല അപ്പാടെ വെട്ടിപ്പിടിക്കാനുള്ള നീക്കത്തില്‍നിന്നു നിരുപാധികം പിന്മാറുകയുംചെയ്തു.

'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്രത്തിന് പ്രചാരം വര്‍ധിപ്പിക്കാന്‍ നടത്തിയ അധാര്‍മിക 'അഴുക്കുചാല്‍' ഇടപെടലുകളാണ് മര്‍ഡോക്കിന്റെ പല്ലുകള്‍ കൊഴിക്കുന്ന ആഘാതമായി പരിണമിച്ചത്. 2002ല്‍ കാണാതായ മില്ലിഡൌളര്‍ എന്ന പെണ്‍കുട്ടിയുടെ കേസ് സ്വന്തമായി അന്വേഷിക്കാന്‍ ന്യൂസ് ഓഫ് ദ വേള്‍ഡിലെ 'പത്രപ്രവര്‍ത്തകര്‍' പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കി. മില്ലിയുടെ മാതാപിതാക്കള്‍ മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അങ്ങനെ ചോര്‍ത്തി. അതുവച്ച് അനേകം കഥകള്‍ സൃഷ്ടിച്ചു. സൌകര്യത്തിനുവേണ്ടി ചില ശബ്ദസന്ദേശങ്ങള്‍ മായ്ച്ചുകളയാനും മടിച്ചില്ല. കേസന്വേഷിച്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് ഇതിലൂടെ തെറ്റായ നിഗമനങ്ങളിലെത്തേണ്ടിവന്നു. കൊല്ലപ്പെട്ട കുട്ടി ജീവിച്ചിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഒരുഘട്ടത്തില്‍, മാതാപിതാക്കളാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന വാര്‍ത്തവരെ വന്നു.

മില്ലി സംഭവത്തിലെ പത്രത്തിന്റെ ഇടപെടല്‍ പുറത്തുവന്നതോടെ അത്തരം കഥകളുടെ ഘോഷയാത്രയാണുണ്ടായത്. വായനക്കാരെ ആകര്‍ഷിക്കാന്‍ അഴുക്കുചാലിലൂടെ നീന്തുന്ന മാധ്യമ ദുഷ്പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചകള്‍ക്കാണ് ലോകവ്യാപകമായി ഈ സംഭവം വഴിതുറന്നത്.

ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയതിനുപുറമെ നിരവധി അറസ്റുകളുമുണ്ടായി; അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അനധികൃതമായി ചോര്‍ത്തിക്കൊടുത്ത പൊലീസുദ്യോഗസ്ഥര്‍ അഴികള്‍ക്കുള്ളിലായി; സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നു. എല്ലാമായിട്ടും മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ ഉലയ്ക്കാന്‍ പര്യാപ്തമല്ല ഇതൊന്നും. ഇത്തരം നിരവധി അഴുക്കുചാലുകളിലൂടെയാണ് അത് വളര്‍ന്നുവന്നത്. തല്‍ക്കാലം പിറകോട്ടുവച്ച കാല്‍ വീണ്ടും മുന്നോട്ടുവയ്ക്കാന്‍തന്നെയാണെന്ന് മര്‍ഡോക് പിന്നിട്ട വഴികളില്‍നിന്നുള്ള അനുഭവസാക്ഷ്യങ്ങള്‍ ഏറെയുണ്ട്.

ബ്രിട്ടനില്‍ പിറകോട്ടുപോയപ്പോള്‍, ഓസ്ട്രേലിയയില്‍ എബിസിയുടെ അന്താരാഷ്ട്ര ടിവി ബ്രോഡ്കാസ്റിങ് ശൃംഖല സ്വന്തമാക്കാനുള്ള തിടുക്കപ്പെട്ട നീക്കത്തിലാണ് മര്‍ഡോക്. ആഗോള മാധ്യമക്കുത്തകകളുടെ ഈ അനാശാസ്യവഴികള്‍ നമുക്കും അന്യമല്ലാതായിരിക്കുന്നു എന്നതാണ് കേരളത്തിന്റെ മാധ്യമരംഗത്തെ സമകാലീന പ്രവണതകള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ അധികാരവും മാധ്യമ ഉടമസ്ഥതയും തമ്മിലുള്ള പാരസ്പര്യം സദാചാരത്തിന്റെയും മാന്യതയുടെയും മാനവികതയുടെയും തുടലുകള്‍പൊട്ടിച്ച് മുക്രയിടുകയാണിന്ന് കേരളത്തില്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി എതിരാളികളുടെ സ്വഭാവഹത്യ പതിവാക്കിമാറ്റുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത എസ്എംഎസ് വിവാദം നോക്കുക. കേരള കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ക്ക് മന്ത്രിയാകാന്‍ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണംചെയ്ത കേസാണ് അത് എന്ന് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. ഇതൊരു ഉദാഹരണംമാത്രമാണ്. പി ജെ ജോസഫ് കുറ്റക്കാരനാണോ നിരപരാധിയാണോ മറ്റേതെങ്കിലും അപരാധികള്‍ ഈ കേസിലുണ്ടോ എന്ന് തെളിയിക്കാനുള്ള അന്വേഷണം കെ എം മാണി ഏറ്റെടുത്തിരിക്കുന്നു. അത് അതിന്റെ വഴിക്ക് നടക്കട്ടെ. പി ജെ ജോസഫിനെതിരെ നേരത്തെയും സാമ്യമുള്ള കേസ് ഉയര്‍ന്നിരുന്നു എന്ന പശ്ചാത്തലവും അതിനുണ്ട്. അതായിരിക്കില്ല എല്ലാവരുടെയും സ്ഥിതി.

അങ്ങേയറ്റം സെന്‍സിറ്റീവായ സമൂഹത്തില്‍, മാന്യമായി ജീവിക്കുന്ന ഒരാള്‍ ഇത്തരം കേസുകളില്‍ കുടുങ്ങുക എന്നത് അയാളുടെ പൊതുജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും അന്ത്യംതന്നെയായി മാറിയേക്കും. അങ്ങനെയൊരു പരിസമാപ്തി ഉദ്ദേശിച്ചാണ്, സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച് കേസ് കെട്ടിച്ചമയ്ക്കുകയും അതിന് മാധ്യമങ്ങള്‍ പ്രചാരം കൊടുക്കുകയും ചെയ്യുന്നതെങ്കിലോ? അപകടകരമായ അവസ്ഥയാണത്. ആര്‍ക്കും ആരെയും അങ്ങനെ അപമാനിക്കാം.

നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഒരു നിമിഷത്തേക്ക് മറ്റാരെങ്കിലും എടുത്ത് അനാവശ്യ നമ്പരിലേക്ക് ഒരു സന്ദേശം അയച്ചാല്‍പോലും നിങ്ങള്‍ വലിയ വിപത്തിലേക്ക് പതിക്കാം. ടെലിഫോണിനെ; ഇ-മെയിലിനെ; യാത്രകളെ; എന്തിന് മാന്യമായ പെരുമാറ്റത്തെപ്പോലും ഇത്തരം മഞ്ഞയും നീലയും കലര്‍ന്ന കഥകളാക്കി പ്രചരിപ്പിച്ചാല്‍ അതിന് വിപണിമൂല്യം ലഭിക്കുന്ന കെട്ട അവസ്ഥ നിലനില്‍ക്കുന്നു. മര്‍ഡോക്കിന്റെ പണവും മാധ്യമ ഉടമസ്ഥതയും മാത്രമല്ല മര്‍ഡോക്കിയന്‍ പാപ്പരാസി സംസ്കാരവും ഇവിടെ മൂക്കുകയറില്ലാതെ ചീറിപ്പായുന്നുണ്ട്.

സ്വന്തം കൊച്ചുമക്കളുടെ പ്രായമില്ലാത്ത കുരുന്നുകളെ കാമപൂര്‍ത്തിക്കായി പീഡിപ്പിക്കുന്നവരും മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന പിതാക്കന്മാരും മദിച്ചുജീവിക്കുന്ന സമൂഹത്തില്‍ എന്തിനെയും സംശയത്തോടെമാത്രം കാണാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ ഗതികേടും മാധ്യമങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കാനും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ചൂഷണംചെയ്യപ്പെടുകയാണ്. ഒരു ചാരക്കേസുണ്ടായതും മറിയം റഷീദയിലൂടെ പിറകോട്ട് സഞ്ചരിച്ച് മാതാഹരി എന്ന മദാലസ ചാരവനിതയുടെ ഉറക്കറക്കഥകളിലേക്ക് മാധ്യമങ്ങള്‍ കൂപ്പുകുത്തിയതും മറക്കാറായിട്ടില്ല. ഇക്കിളിക്കഥകളാണവര്‍ക്ക് പഥ്യം.

ബോധപൂര്‍വമായ അപവാദ പ്രചാരണത്തിനുമുന്നില്‍ ശിലപോലെ ഉറച്ച പ്രകൃതക്കാരും അലിഞ്ഞില്ലാതായിപ്പോകും എന്നറിയാവുന്നവരാണ് കളിക്കുന്നത്. അവര്‍ക്കെതിരെ; അവരുടെ തെറ്റായ രീതിക്കെതിരെ പ്രതികരിക്കാനുള്ളതാകണം മര്‍ഡോക്കിന്റെ ഇംഗ്ളണ്ടിലെ കൊള്ളരുതായ്മകളെക്കുറിച്ചുള്ള ചര്‍ച്ച. അത്തരം രീതികള്‍ പകര്‍ത്താനുള്ളതാവരുത്; അവയെ എതിര്‍ത്തുതോല്‍പ്പിക്കാനുള്ളതാകണം ഈ സംവാദങ്ങളുടെ ശേഷിപ്പ്. വീണുകിട്ടുന്ന കഥകള്‍ വിശ്വാസ്യതയോ ആധികാരികതയോ പരിശോധിക്കാതെ, അതുകൊണ്ട് ആര്‍ക്ക് പ്രയോജനമെന്നോ ആര് തകര്‍ക്കപ്പെടുമെന്നോ എത്ര കുടുംബങ്ങള്‍ കണ്ണീരുകുടിക്കുമെന്നോ ചിന്തിക്കാതെ വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അമാന്യമായ രീതിപോലുമല്ല. ഒരുതരം കൂലിയെഴുത്ത് എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.

ചിലരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി അത്തരം കൃത്യത്തില്‍ തങ്ങളും പങ്കാളികളാകുന്നുണ്ടോ എന്ന ആത്മപരിശോധന മാധ്യമ പ്രവര്‍ത്തകരുടെ നിലവാരം ഉയര്‍ത്തുകയേ ഉള്ളൂ. എസ്എംഎസ് വിവാദത്തിന്റെ ചര്‍ച്ച കെ എം മാണിയുടെ അന്വേഷണ പ്രഖ്യാപനത്തോടെ ഒതുക്കേണ്ടതല്ല എന്നുതിരിച്ചറിയാനുള്ള വിശേഷബുദ്ധിയെ ഉണര്‍ത്താന്‍ മര്‍ഡോക്കിന്റെ കഥ പറയേണ്ടിവരികയാണ് ഇവിടെ. അതാണ് നമ്മുടെ യഥാര്‍ഥ മാധ്യമ വിശേഷം.

Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Thursday, July 7, 2011

മിച്ചം തന്നെ, അതായത് കമ്മി

"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.

കെ എം മാണി വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ , അദ്ദേഹത്തിന്റെ അവസാന ബജറ്റ് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ പരിഹാസ്യത കേരളത്തിനു മറക്കാനാവില്ല. "ബജറ്റ്: 15 കോടി മിച്ചം, നികുതി കുറവ്" എന്ന് ആറുകോളം നീളത്തിലാണ് മാണിയുടെ ബജറ്റ് മനോരമ ആഘോഷിച്ചത്. മിച്ചക്കണക്കുകള്‍ കപടമാണെന്ന് വസ്തുതകള്‍ നിരത്തി പ്രതിപക്ഷം ബജറ്റു ചര്‍ച്ചയില്‍ സ്ഥാപിച്ചു. വിചിത്രമായ ഒരു ന്യായം ചമച്ചാണ് അതിനെ മാണി നേരിട്ടത്. റിസര്‍വ് ബാങ്കില്‍ ഏതോ ഒരു ദിവസത്തെ മാത്രം ബാലന്‍സ് എടുത്തുകാട്ടി സംസ്ഥാനത്തിന് വന്‍തുക മിച്ചമുണ്ടെന്ന് അദ്ദേഹം വാദിച്ചു. "ബജറ്റു ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ മറുപടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു: മന്ത്രി മാണി" എന്ന തലക്കെട്ടിലെ മനോരമ റിപ്പോര്‍ട്ട് നോക്കൂ:

"റിസര്‍വ് ബാങ്ക് അക്കൗണ്ടില്‍ കേരളത്തിന് ഇപ്പോള്‍ 101.59 കോടി രൂപ മിച്ചമുള്ളതായി ധനമന്ത്രി കെ. എം. മാണി നിയമസഭയില്‍ വെളിപ്പെടുത്തി... കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് 101.59 കോടി രൂപ മിച്ചമുള്ളതായി അറിയാന്‍ കഴിഞ്ഞതെന്ന് ധനമന്ത്രി അറിയിച്ചു.

വര്‍ഷാവസാനം 82 കോടി രൂപ മിച്ചമുണ്ടാകുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുളള തുക കള്ളമാണെന്ന് പ്രചരിപ്പിച്ചിരുന്ന പ്രതിപക്ഷം റിസര്‍വ് ബാങ്ക് പറയുന്നതെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകണം." മിച്ച ബജറ്റിന്റെ കീര്‍ത്തിക്ക് ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളൊക്കെ ചവിട്ടിത്തേച്ച മാണിയുടെ ഗര്‍വ് വകവച്ചുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും കഴിയുമായിരുന്നില്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. പി കെ ഗോപാലകൃഷ്ണന്‍ മാണിയുടെ വാദങ്ങളെ പൊളിച്ചടുക്കി. "വസ്തുതകള്‍ സംസാരിക്കട്ടെ" എന്ന തലക്കെട്ടില്‍ അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവന "ബജറ്റിലെ മിച്ചം 78 കോടിയുടെ കമ്മിയായി മാറും" എന്ന തലക്കുറിയില്‍ മനോരമ ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തു. "സുദീര്‍ഘമായ പ്രസ്താവനയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ധനമന്ത്രി പുറപ്പെടുവിച്ച അവകാശവാദങ്ങളെയെല്ലാം ചോദ്യംചെയ്തിട്ടുണ്ട്. കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയുംചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ് 78 കോടിയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നൂറ്റിനാല്‍പതു കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ഥവും യുക്തിഹീനവുമാണ്."

വരവു കൂടുതലുള്ള ഏതെങ്കിലും ഒരു പ്രത്യേകദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുള്ളവര്‍ക്കൊക്കെ അറിയാം. (ഊന്നല്‍ ലേഖകന്റേത്). ഡോ. ഗോപാലകൃഷ്ണനു പിന്തുണയുമായി ഡോ. കെ എന്‍ രാജ് രംഗത്തിറങ്ങിയതോടെ മാണിയന്‍ മിച്ചസിദ്ധാന്തം രൂക്ഷമായ ഭാഷയില്‍ ആക്രമിക്കപ്പെട്ടു. മാണിയുടെ അവകാശവാദം അപഹാസ്യം ഡോ. കെ. എന്‍ . രാജ് എന്ന തലക്കെട്ടില്‍ മനോരമ നല്‍കിയ വാര്‍ത്തയില്‍നിന്ന്.. "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്."

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും പത്രക്കാരെ കാണുമ്പോഴൊക്കെ മിച്ചക്കണക്കു വിളമ്പിയ മാണിയുടെ നെറുകംതലയ്ക്കു കിട്ടിയ അടുത്ത പ്രഹരം കേന്ദ്രധനസഹമന്ത്രി ജനാര്‍ദന്‍ പൂജാരിയില്‍നിന്നായിരുന്നു.

1986 ഏപ്രില്‍ 25ന് ശരദ് ദിഘെ എംപിക്ക് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ മാണിയുടെ കണക്കുകള്‍ തെറ്റാണെന്നു പൂജാരി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം 59 കോടി 40 ലക്ഷം രൂപയുടെ കമ്മി കേരളത്തിനുണ്ടെന്നായിരുന്നു ആ മറുപടി. രണ്ടാഴ്ച കഴിഞ്ഞു രാജ്യസഭയിലും പൂജാരി ഇതേകാര്യം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ആവര്‍ത്തിച്ചു. പൂജാരിക്കെതിരെ രാജീവ് ഗാന്ധിക്ക് മാണി കത്തയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. മാണി പറഞ്ഞത് സത്യം, പൂജാരി പറഞ്ഞത് മഹാസത്യം എന്ന തന്ത്രപരമായ നിലപാടിലായിരുന്നു മുഖ്യമന്ത്രി കെ കരുണാകരന്‍ . "കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല അത്: മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കരുണാകരന്റെ മെയ്വഴക്കം ചിരപ്രതിഷ്ഠ നേടുന്നതു നോക്കൂ,

"സംസ്ഥാനത്തിന്റെ കടബാധ്യത പൂര്‍ണമായും തീര്‍ത്തുകൊണ്ടുള്ള മിച്ചബജറ്റല്ല നിയമസഭയില്‍ അവതരിപ്പിച്ചതും അംഗീകരിച്ചതുമെന്ന് മുഖ്യമന്ത്രി കരുണാകരന്‍ വിശദീകരിച്ചു.... 86-87ലെ കേരളത്തിന്റെ വരവു ചെലവു മാത്രം അതേപടി എടുത്താല്‍ നമുക്കു മിച്ചമല്ല, കമ്മിയാണ്. എന്നാല്‍ ബജറ്റില്‍ ഈ വരവും ചെലവും മാത്രമല്ല ഉള്‍പ്പെടുത്തുക പതിവ്... ബജറ്റ് കമ്മിയാണെന്ന പൂജാരിയുടെ പ്രസ്താവന ധനകാര്യ കമ്മിഷന്‍ മുമ്പാകെ നമുക്ക് അനുകൂലമായ വാദമുഖങ്ങള്‍ക്ക് സഹായകരമാകുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു."

ഇങ്ങനെപോയി റിപ്പോര്‍ട്ട്. പത്രങ്ങളില്‍ മേനി നടിക്കാന്‍ മാണിയുടെ മിച്ചക്കണക്ക്; ധനകാര്യകമീഷനു മുന്നില്‍ അനുകൂലമായ വാദമുഖങ്ങള്‍ക്ക് പൂജാരിയുടെ വക കമ്മിക്കണക്ക്. കരുണാകരന്റെ നാവിനുമാത്രം വഴങ്ങുന്ന ഈ ന്യായം പക്ഷേ, അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജി കാര്‍ത്തികേയനു ബോധ്യപ്പെട്ടില്ല.

കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന് ആര്യനാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാര്‍ത്തികേയന്‍ ആരോപിച്ചു. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചെന്ന് റിപ്പോര്‍ട്ടുചെയ്തതും മനോരമതന്നെ. കേരള ചരിത്രത്തിലാദ്യമായി ഒരു മിച്ച ബജറ്റ് അവതരിപ്പിച്ച മാണിക്ക് കോണ്‍ഗ്രസിന്റെ വക ഇരുട്ടടി പിന്നെയും കിട്ടി. പ്രതിച്ഛായ മിനുക്കാനുള്ള കരുണാകരന്റെ തീരുമാനം മാണിയുടെ ധനമന്ത്രിസ്ഥാനം കവര്‍ന്നുകൊണ്ടാണ് നടപ്പായത്. മിച്ച ബജറ്റ് അവതരിപ്പിച്ച മാണി മിന്നല്‍വേഗത്തില്‍ വെറും നിയമമന്ത്രിയായി. പുതിയ ധനമന്ത്രി തച്ചടി പ്രഭാകരന്‍ തന്റെ മുന്‍ഗാമിയുടെ ബജറ്റിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം ചിന്തോദ്ദീപകമായ തലക്കെട്ടിലാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. "മിച്ചംതന്നെ. അതായത് കമ്മി: തച്ചടി" എന്ന ആ തലക്കെട്ടില്‍ മാണിയുടെ മഞ്ഞളിച്ച മുഖംകൂടിയാണ് മനോരമ വരച്ചുചേര്‍ത്തത്. തുടക്കത്തില്‍ ഉദ്ധരിച്ച വാസുദേവ ലേഖനത്തില്‍നിന്ന് ഒരല്‍പ്പം കൂടി കേള്‍ക്കുക.

"ചെലവ് മുഴുവന്‍ കണക്കാക്കാതെയാണത്രേ ബജറ്റുണ്ടാക്കിയത്. കോടിക്കണക്കിനു രൂപയുടെ ബില്ലുകള്‍ കൊടുത്തു തീര്‍ക്കാനുണ്ടത്രേ. കൊടുക്കാനുള്ളതു കണക്കാക്കുന്നില്ലെങ്കില്‍ സകലബജറ്റുകളും മിച്ചമാവുമെന്നത് ലളിതമായൊരു സത്യമല്ലേ... അതൊക്കെ ആരെങ്കിലും ചെയ്യുമോ? അതിനെ ആരെങ്കിലും ബജറ്റെന്നു പറയുമോ?" ആരും ചെയ്യാത്തതൊക്കെ കെ എം മാണി ചെയ്യും. "കണക്കില്‍ കമ്മി, വാക്കില്‍ മിച്ചം" എന്നാണ് സാക്ഷാല്‍ കെ കരുണാകരന്‍ മാണിയുടെ ചെയ്തിയെ വിശേഷിപ്പിച്ചത്. (മാതൃഭൂമി 1986 മെയ് 8).

കേരള ചരിത്രത്തില്‍ ആദ്യത്തെ മിച്ചബജറ്റ് അവതരിപ്പിച്ച മഹാനായ ധനമന്ത്രി എന്ന ഖ്യാതിമാത്രമാണ് പാവം കെ എം മാണി മോഹിച്ചത്. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഒന്നുമാകാന്‍ കോണ്‍ഗ്രസുകാര്‍ ഈ ജന്മം സമ്മതിക്കില്ല. അപ്പോള്‍ ഒരല്‍പ്പം കീര്‍ത്തി മോഹിച്ചുപോയതില്‍ തെറ്റൊന്നുമില്ല. ചില കണക്കുകള്‍ വെട്ടിക്കളഞ്ഞും കണക്കിലില്ലാത്തത് എഴുതിച്ചേര്‍ത്തും ഒരു മിച്ചബജറ്റ് അവതരിപ്പിച്ചുനോക്കിയതാണ്. അവിടെയും വില്ലന്മാരായത് കോണ്‍ഗ്രസുകാര്‍തന്നെ. മിച്ചബജറ്റിന്റെ ക്ഷീണം തീരുന്നതിനു മുന്നേ ധനമന്ത്രിപദവും കോണ്‍ഗ്രസുകാര്‍ തിരികെ വാങ്ങി. വീണ്ടും മാണി ഒരു ബജറ്റുമായി എത്തുകയാണ്. അനേകം തിരുത്തലുകളുണ്ടത്രേ അദ്ദേഹത്തിന്റെ ബജറ്റില്‍ . പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

Tuesday, July 5, 2011

മാധ്യമവേട്ട പരിധി വിടുന്നു
മുംബൈയില്‍നിന്നിറങ്ങുന്ന മിഡ് ഡേ എന്ന പത്രം ആ മഹാനഗരത്തിന്റെ അഭേദ്യഭാഗമാണ്. ആ പത്രത്തിലെ പ്രമുഖ റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ഡേ(ജെ ഡേ)യുടെ കൊലപാതകം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയെല്ലാം ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുംബൈ അധോലോകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തിന് പകര്‍ന്നുനല്‍കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു ജെ ഡേ. അധോലോകത്തെക്കുറിച്ച് വിവരങ്ങള്‍ പൊലീസിനു നല്‍കുന്നവരുടെ അപകടംപിടിച്ച ജീവിതത്തെക്കുറിച്ചുള്ള "സീറോ ഡയല്‍", "ഖലാസ്" എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.

ഒരു ദശാബ്ദത്തോളം "ദ ഇന്‍ഡ്യന്‍ എക്സ്പ്രസ്" പത്രത്തില്‍ മുംബൈയില്‍നിന്നുള്ള ശ്രദ്ധേയ വാര്‍ത്തകള്‍ പേരുവച്ചെഴുതിയ ഡേ, അധോലോകത്തുനിന്ന് എന്ന പേരില്‍ ആഴ്ചക്കോളവും കൈകാര്യംചെയ്തു. മുംബൈ തീരത്ത് പ്രവര്‍ത്തിക്കുന്ന എണ്ണ മാഫിയയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുനടന്ന പതിനായിരം കോടി രൂപയുടെ വെട്ടിപ്പിനെക്കുറിച്ചും ലോകം അറിഞ്ഞത് ഡേയുടെ വാര്‍ത്തകളിലൂടെയാണ്. അങ്ങനെയൊരു മനുഷ്യനെ പട്ടാപ്പകലാണ് വെടിവച്ചുകൊന്നത്. രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിനുപിന്നില്‍ അധോലോകസംഘങ്ങളാണെന്ന സംശയം ഇതുവരെ നടന്ന അറസ്റ്റുകളോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഡേയുടേത് ഒറ്റപ്പെട്ട സംഭവമല്ല. നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താന്‍ സന്നദ്ധരാകുന്നവര്‍ നാനാഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്നു. അബ്ദുനാസര്‍ മഅ്ദനിക്കെതിരായി ചുമത്തിയ "ബംഗ്ലൂര്‍ സ്ഫോടനക്കേസ്" കെട്ടിച്ചമച്ചതാണെന്ന് സാക്ഷിമൊഴികളിലെ പൊള്ളത്തരവും സാക്ഷികളുടെ ഏറ്റുപറച്ചിലും കൊണ്ട് തെളിയിച്ച മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയെ ഭീകരപ്രവര്‍ത്തകയായി ചിത്രീകരിച്ച് വേട്ടയാടുകയാണ് കര്‍ണാടക പൊലീസ്. ഷാഹിനയ്ക്കുവേണ്ടി കേരളത്തിലെ "മാധ്യമസ്വാതന്ത്ര്യ"ത്തിന്റെ അപ്പോസ്തലന്മാരായ മുഖ്യധാരാപത്രങ്ങളൊന്നുംതന്നെ ഒരിറ്റു കണ്ണീരൊഴുക്കുന്നത് കണ്ടില്ല. സ്വന്തം സഹപ്രവര്‍ത്തക വേട്ടയാടപ്പെടുന്ന വാര്‍ത്ത അവര്‍ ക്രൂരമായി തമസ്കരിച്ചു. മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂടഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. ജനങ്ങളെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഭരണകൂടത്തിന് മാധ്യമങ്ങള്‍ . കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി സംഘ്പരിവാര്‍ നിയന്ത്രിച്ച എന്‍ഡിഎ സര്‍ക്കാര്‍ ജയിലിലടച്ചത് അദ്ദേഹം സംഘപരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതിയെന്ന "കുറ്റം"കൊണ്ട് മാത്രമായിരുന്നു. ഭരണനേതൃത്വത്തിലെ കൊടിയ അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്ന തെഹല്‍ക ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിനെ നശിപ്പിക്കാന്‍ കേന്ദ്ര എന്‍ഡിഎ ഭരണാധികാരികള്‍ സ്വീകരിച്ചത് വിചിത്രവും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ മാര്‍ഗങ്ങളാണ്. അത്തരം സമീപനങ്ങള്‍ യുപിഎ ഭരണത്തിലും അവിരാമം തുടരുന്നു.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസങ്ങളിലായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഛത്തീസ്ഗഢില്‍ വധിക്കപ്പെട്ടു. ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്കറിന്റെയും നയിദുനിയയുടെയും പ്രതിനിധികളായ സുശീല്‍ പാഠക്, ഉമേഷ് രജപുത് എന്നിവരാണ് വധിക്കപ്പെട്ടത്. കേസ് സിബിഐ അന്വേഷണത്തിലാണിന്ന്. ഇതുവരെ തുമ്പൊന്നും കിട്ടിയില്ല. മഹാരാഷ്ട്രയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 180 ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായി. മിക്കകേസും പൊതിയാത്തേങ്ങയായി കിടക്കുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളും ഭിന്നമല്ല. ഒറീസ, ഗോവ, അരുണാചല്‍ പ്രദേശ്,ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്. ഭരണകൂടഭീകരതയുടെ ഇരകളായും മാഫിയകളുടെ ആക്രമണലക്ഷ്യമായും ഒരേസമയം മാധ്യമപ്രവര്‍ത്തകര്‍ മാറുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഭീതിദമാണ് അവസ്ഥ. അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലിട്ടതിനുപുറമെ 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി.

ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. സര്‍ക്കാരിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പ്പന പുറപ്പെടുവിച്ചു. അത്രതന്നെ തുറന്ന യുദ്ധമല്ലെങ്കിലും തുടര്‍ച്ചയായി പുറത്തുവരുന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ പത്രങ്ങളില്‍ അച്ചടിച്ചുവരാതിരിക്കാന്‍ ചതുരുപായങ്ങളും പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ . അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ പൊറുക്കപ്പെടുന്നത്, അഥവാ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പന്ത്രണ്ടുവര്‍ഷം മുമ്പാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനപരിഷ്കരണം നടന്നത്. നിയമപ്രകാരം പുതിയ വേതനപരിഷ്കരണ കമീഷന്‍ രൂപീകരിച്ച് വളരെ വൈകി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ , ആ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന വാശിയിലാണ് മാധ്യമ ഉടമകള്‍ . ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാരും നിസ്സംഗതയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയും ആക്രമിക്കപ്പെടുന്നു. അഴിമതി സര്‍വവ്യാപിയായി സാമൂഹ്യജീവിതത്തെ ഗ്രസിക്കുന്ന കാലമാണ് ആഗോളവല്‍ക്കരണത്തിന്റേത്. മാധ്യമങ്ങളും അതില്‍നിന്ന് മുക്തമല്ല. എന്നാല്‍ , ബദല്‍ മാധ്യമങ്ങളുടെയും സാമൂഹ്യവും തൊഴില്‍പരവുമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചിലരുടെയും ഇടപെടലുകള്‍ മാധ്യമമേഖലയെ അഴിമതിവിരുദ്ധസമരത്തില്‍ കണ്ണിചേര്‍ക്കുന്നു. പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ജനങ്ങളോട് സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെടുന്നത് എന്നതോര്‍ക്കണം.

മാധ്യമപ്രവര്‍ത്തകരില്‍ പുഴുക്കുത്തുകളില്ലെന്നല്ല. പണം വാങ്ങിയുള്ള വാര്‍ത്തയും ദുഃസ്വാധീനങ്ങള്‍ക്കടിപ്പെട്ട് വ്യാജവാര്‍ത്തകള്‍ ചമച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും കള്ളമെന്നറിഞ്ഞിട്ടും പ്രത്യേക ഉദ്ദേശ്യത്തോടെ അവയ്ക്ക് പ്രസിദ്ധീകരണം നല്‍കുന്ന മാധ്യമങ്ങളും നമ്മുടെ തീരാശാപമായി നിലനില്‍ക്കുന്നു. അത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, നിര്‍ഭയമായി ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയും പരിരക്ഷയും നല്‍കിയേ തീരൂ. അതിനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ജെ ഡേയെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ ഇനിയും കൊല്ലപ്പെട്ടുകൂടാ. കുറ്റവാളികളെയാകെ പിടികൂടി മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണാനും എതിര്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം

Thursday, June 30, 2011

പഴയ വേട്ടക്കാര്‍ രംഗത്തിറങ്ങുന്നു

കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന്‍ എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന്‍ നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന്‍ എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.

ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ലാത്തിച്ചാര്‍ജിനെന്നല്ല-നേരിയ ബലപ്രയോഗത്തിനുപോലുമുള്ള പ്രകോപനം ബുധനാഴ്ച ഉണ്ടായിരുന്നില്ല. എന്നാല്‍ , രാവിലെ മുതല്‍ പൊലീസിന്റെ അസാധാരണമായ നീക്കങ്ങളുണ്ടായിരുന്നു. ഉന്നത തലത്തിലുള്ള ആസൂത്രണമാണുണ്ടായത്. അടിച്ചമര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് പൊലീസ് മേധാവികള്‍ എത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ കയറി പെണ്‍കുട്ടികളുടെ തല തല്ലിപ്പൊളിച്ചത് ഒരു പ്രകോപനവുമുണ്ടായിട്ടല്ല. ആ കലാലയത്തിലും അതിന്റെ പരിസരത്തും നമ്മുടെ കുഞ്ഞുങ്ങളുടെ കട്ടച്ചോര തളംകെട്ടിനില്‍ക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കച്ചവടക്കാര്‍ക്ക് അവിരാമം കൊള്ളക്കച്ചവടം നടത്താനാണ് രണ്ടുസീറ്റിന്റെ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കുട്ടികളെ തല്ലിയും ഗ്രനേഡ് എറിഞ്ഞും ആശുപത്രിയിലെത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേട്ടപ്പട്ടികളായി മാറുന്ന ഈ പൊലീസുകാരുടെ വീട്ടില്‍ കുട്ടികളില്ലേ? അവര്‍ക്ക് പഠിക്കേണ്ടേ? ദശലക്ഷങ്ങള്‍ കൊടുത്ത് ആ കുട്ടികളെ പഠിപ്പിക്കാന്‍ അഴിമതിക്കാരായ ഉന്നതര്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, സത്യസന്ധമായി ജോലിചെയ്യുന്നവര്‍ക്കോ? അവര്‍ക്കുവേണ്ടി കൂടിയാണ് വിദ്യാര്‍ഥികളുടെ സമരം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി വിടുപണിചെയ്യാന്‍ മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മടിയുണ്ടാകില്ല. അവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടുന്നുണ്ടാകും. എന്നാല്‍ , സാധാരണ പൊലീസുകാര്‍ക്കോ? സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനമെങ്കിലും പരിക്കേല്‍ക്കണം എന്ന നിര്‍ദേശമാണ് പൊലീസുകാര്‍ക്ക് കമീഷണര്‍ നല്‍കിയത്.

സാധാരണ മിതസ്വഭാവികളായ പൊലീസുകാരെയാണ് ഇത്തരം സമരങ്ങളെ നേരിടുമ്പോള്‍ മുന്നില്‍ നിര്‍ത്തുന്നത്. ബുധനാഴ്ച പക്ഷേ, യുഡിഎഫ് ഗുണ്ടകളായ പൊലീസുകാരെത്തന്നെയാണ് അണിനിരത്തിയത്. അതും കമീഷണറുടെ പ്രത്യേക തെരഞ്ഞെടുപ്പായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ 20 പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്ന അതിഭീകരമായ ദൃശ്യത്തിനും തലസ്ഥാന നഗരം സാക്ഷ്യംവഹിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖംതന്നെ ഇത്തരം ചോരക്കളികളുടേതായിരുന്നു. ഇന്നിതാ അതേ വഴിയില്‍ വീണ്ടും. ഇത് അപകടം പിടിച്ച കളിയാണ്്. ഇങ്ങനെ കുഞ്ഞുങ്ങളെ തല്ലി ചോര തെറിപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ അവരുടെ രക്ഷിതാക്കള്‍ക്കു കഴിയില്ല, സഹോദരങ്ങള്‍ക്ക് കഴിയില്ല. നിയമപാലനത്തിന് വടിയെടുക്കുന്നതും നിയമം ലംഘിച്ച് വടിയെടുക്കുന്നതും രണ്ടുകാര്യമാണ്. നിയമം ലംഘിച്ച് പൊലീസുകാര്‍ തല്ലാന്‍ തുടങ്ങിയാലും അത്തരക്കാര്‍ ഗുണ്ടകളുടെ ഗണത്തിലാണ് വരിക. വിദ്യാര്‍ഥികളോട് മനുഷ്യരെപ്പോലെ പെരുമാറാന്‍ ഇവര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല? എന്തിന് പകയോടെ; വെറുപ്പോടെ; നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ കുട്ടികളെ നേരിടുന്നു? ഒറ്റപ്പെട്ടുപോയ കുട്ടികളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ കണ്ടില്ലേ. പേപ്പട്ടികളോട് ഇതിലും മര്യാദ കാണിക്കും. ഉമ്മന്‍ചാണ്ടി എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണത്തിനു കൊതിച്ച് കുട്ടികളെ കടിച്ചുപറിക്കാന്‍ എങ്ങനെ ഈ പൊലീസ് ക്രിമിനലുകള്‍ക്ക് ധൈര്യം വരുന്നു?

പ്രതിപക്ഷത്താണ് എന്നതുകൊണ്ട് ഇന്നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ നരമേധം കണ്ട് മിണ്ടാതിരിക്കുമെന്ന് കരുതുന്നുവോ? സ്വാശ്രയ കച്ചവടക്കാര്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി ഏതാനും പൊലീസുകാരും. ഇവരെ ഈ നാടിന്റെ സ്വാസ്ഥ്യം കെടുത്താന്‍ അനുവദിക്കേണമോ എന്നതാണ് ജനങ്ങള്‍ക്കുമുന്നിലുള്ള ചോദ്യം. അതിന് അനുവദിക്കില്ല എന്നാണ് ബുധനാഴ്ച സംസ്ഥാനത്തുടനീളം ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങളുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന യുവജനങ്ങളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഉശിര് ഒരു മുന്നറിയിപ്പാണ്. അണപൊട്ടിയ പ്രതിഷേധമാണത്. പൊലീസുകാരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ , ചോരക്കൊതി പൂണ്ട പൊലീസ് ഓഫീസര്‍മാരെ തളച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം കനക്കുമെന്നാണ് പുരോഗമന പ്രസ്ഥാനങ്ങളാകെ നല്‍കുന്ന സൂചനകള്‍ . വിദ്യാര്‍ഥികള്‍ തല്ലുകൊള്ളുന്നതും ചോരയൊലിപ്പിക്കുന്നതും അവര്‍ക്കുമാത്രം വേണ്ടിയല്ല എന്നും അത് നാടിന്റെയാകെ ആവശ്യത്തിനുവേണ്ടിയാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.

Thursday, June 2, 2011

ഹസാരെ എന്ന ബിംബം

ഇരുപതാം നൂറ്റാണ്ട് അവസാനിച്ചത് സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെയും മുതലാളിത്തം മാത്രമാണ് പകരം വെക്കാവുന്നത് എന്ന അവകാശവാദം പാരമ്യത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിലാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ലോകത്തിന് ഏകധ്രുവമേയുള്ളൂ; അത് വാഷിങ്ടണ്‍ മാത്രമാണ് എന്ന അഹന്തയും സ്വപ്നങ്ങളുടെയും സ്വപ്ന ഭംഗങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ചു. മുതലാളിത്തത്തിന്റെ വിജയാഘോഷക്കാര്‍ മാര്‍ക്സിസത്തിന് 'അനന്തര സിദ്ധാന്ത'മുണ്ടാക്കി. അത് പുരോഗമനപരമായ സാമൂഹിക സിദ്ധാന്തം എന്ന ഭാവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അന്നുവരെ ആര്‍ജിച്ച പ്രബുദ്ധതയുടെ മൂല്യങ്ങളെ തിരസ്കരിക്കുന്ന 'ഉത്തരാധുനികത' മുതലാളിത്തത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്നു എന്ന് ഭാവിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് മുതലാളിത്തത്തിന് എതിരല്ല. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ബദലുമല്ല. അത് മാര്‍ക്സിസത്തിന് വിരുദ്ധമാണ്.

മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ ഒരു സംവിധാനം എന്ന നിലയിലോ വ്യവസ്ഥിതിയെന്ന നിലയിലോ അംഗീകരിക്കാതെ, സ്വത്വങ്ങളുടെയും ഭിന്നതകളുടെയും സംഘര്‍ഷങ്ങളുടെയും നാനാത്വത്തിന്റെ പേരിലാണ് അത് നിലനില്‍ക്കുന്നത്. അഥവാ അങ്ങനെ ഭാവിക്കുന്നത്. നിലവിലുള്ളതെല്ലാം വ്യവസ്ഥാപിതമാണ്; തള്ളിക്കളയുക; ഉല്‍കൃഷ്ടവും ആധുനികോത്തരവുമായ വഴി ഇതാ ഞങ്ങള്‍ തുറക്കുന്നു എന്നാണ് ഉത്തരാധുനികതയുടെ വക്താക്കള്‍ പറയുന്നത്. പഞ്ചസാരയുടെ ലേബലൊട്ടിച്ച ഭരണിയില്‍ പാഷാണം സൂക്ഷിക്കുന്നതുപോലെയാണ് ഉത്തരാധുനികത പുരോഗമനത്തിന്റെ മുഖംമൂടിയിട്ട് നമുക്ക് മുന്നിലെത്തുന്നത്. നമ്മുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെയോ പോരാട്ടങ്ങളെയോ അത് കാണുന്നില്ല. നിലനില്‍ക്കുന്ന ചൂഷണ വ്യവസ്ഥയുടെ സംരക്ഷകരായി അതിന് പ്രവര്‍ത്തിക്കേണ്ടിവരുന്നു. സ്വത്വവിഭാഗങ്ങളെ സംഘടിപ്പിച്ചും അരാജക വാദികളെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന അത്തരം നീക്കങ്ങളിലൂടെ തൊഴിലാളിക്ക് ഒരു വര്‍ഗം എന്ന നിലയില്‍ സംഘടിക്കാനുള്ള സ്വാതന്ത്യ്രം തകര്‍ക്കുക മാത്രമല്ല വര്‍ഗ രാഷ്ട്രീയത്തെ നശിപ്പിക്കുക എന്ന ദൌത്യം കൂടി ഉത്തരാധുനികതയുടെ വക്താക്കള്‍ക്കുണ്ട്.

അഴിമതി ഇന്ന് ഇന്ത്യയെ മുറിപ്പെടുത്തുന്ന വിപത്താണ്. അഴിമതി രാജാണ് ഇന്ത്യയിലേതെന്നത് ആക്ഷേപവാക്കായല്ല അനിഷേധ്യ യാഥാര്‍ത്ഥ്യമായാണ് നമ്മുടെ മുന്നില്‍നില്‍ക്കുന്നത്. അഴിമതിക്കെതിരായ വികാരം ജനഹൃദയങ്ങളില്‍ ആഞ്ഞടിക്കുന്നു. അത് സ്വാഭാവികമായും അഴിമതിയെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കെതിരായി തിരിയേണ്ടതാണ്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയുടെ ദുര്‍ഗുണങ്ങളിലൊന്നാണ് അഴിമതിയെന്നും ലേബല്‍ മാറ്റിയൊട്ടിച്ചതുകൊണ്ട് പാഷാണം പഞ്ചസാരയാകില്ല എന്നും ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ വര്‍ഗസമരമാണ് ശക്തിപ്പെടുക. അത്തരമൊരു ശക്തിപ്പെടലിനെ ഭയക്കുന്നവര്‍ കുറുക്കുവഴികള്‍ തേടുന്നു. അങ്ങനെയുള്ള കുറുക്കുവഴിക്ക് സൈദ്ധാന്തിക രൂപം നല്‍കുന്നു. ഉത്തരാധുനികത സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ ആ കര്‍ത്തവ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗം ജനമനസ്സുകളാല്‍ വിചാരണ ചെയ്യപ്പെടുകയാണ്. ആ വിചാരണ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല. എന്നാല്‍, സമ്പന്ന വര്‍ഗത്തെ സേവിക്കുന്ന ഭരണ നയങ്ങളില്‍ പൊറുതിമുട്ടുകയും കഷ്ടപ്പാടടനുഭവിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ അരാഷ്ട്രീയതയുടെ വഴിയിലേക്ക് സൂക്ഷ്മമായി തിരിച്ചുവിടുക എന്ന ശേവുകദൌത്യം ഉത്തരാധുനികതയുടെ സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും നിര്‍വഹിക്കുന്നു. അതിലെ ചെത്തിമിനുക്കിയ ഒരുപകരണമാണ് അണ്ണാ ഹസാരെ. ഹസാരെയുടെ വഴിയില്‍ ജനാധിപത്യത്തിന് അഞ്ചാം സ്തംഭം പണിയാനായി കേരളത്തിലെ ചിലര്‍ ഇറങ്ങിപ്പുറപെട്ടതിന്റെ പൊരുളും ഈ പറഞ്ഞതിനോട് ചേര്‍ന്നുനില്‍ക്കുന്നു. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെയും അതിന്റെ അനിവാര്യമായ ദുര്‍ഗുണങ്ങളെയും ചെറുത്തു തോല്‍പിക്കുന്നതുപോലെയുള്ള വിശാലമായ ലക്ഷ്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയെ തകര്‍ക്കുന്നതിനുള്ള ഇടപെടലാണത്. യഥാര്‍ത്ഥത്തില്‍ അഴിമതി വിരുദ്ധമെന്നും മനുഷ്യാവകാശ സംരക്ഷണമെന്നും മറ്റുമുള്ള ഉദാത്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ ഇളക്കിവിടുന്നവര്‍, ആ ജനരോഷം ആത്യന്തികമായി അഴിമതിയുടെയും ചൂഷണത്തിന്റെയും സമ്മതപത്രമായി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പണംകൊടുത്ത് കോടതിവിധി വിലയ്ക്കുവാങ്ങാന്‍ അനായാസം തയാറാകുന്നവര്‍, അഴിമതി തടയാനുള്ള നിയമ നിര്‍മ്മാണത്തിന്റെ അവസാന വാക്കുപറയാന്‍ നിയോഗിക്കപ്പെടുന്ന അവസ്ഥ അനാശാസ്യവും അസഹനീയവുമാണ്.

ലോക് പാല്‍ ബില്‍ കുറ്റമറ്റതാവുകയും കര്‍ക്കശമായി നടപ്പാക്കപ്പെടുകയും വേണം. അതിന്റെ പരിധിയില്‍ എല്ലാ ഉന്നതരുമുണ്ടാകണം. എന്നാല്‍, അങ്ങനെയൊരു ബില്‍ നിയമമാകുന്നതുകൊണ്ട് കൊണ്ട് രാജ്യം എന്നെന്നേക്കുമായി രക്ഷപ്പെടും എന്ന് ധ്വനിപ്പിക്കുന്ന പ്രചാരകര്‍ ആപത്തിന്റെ സന്ദേശവാഹകരുമാണ്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നിയമമില്ലാഞ്ഞിട്ടല്ല കാശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും രണ്ടുലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. അന്ന് ആ അത്യുജ്ജ്വല ജനമുന്നേറ്റം കണ്ടില്ലെന്നു നടിച്ചവര്‍, അതേ ജന്തര്‍മന്ദിറിനു മുന്നില്‍ ഏപ്രില്‍ അഞ്ചിന് അണ്ണാഹസാരേ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ ഒരുത്സവമായി അതിനെ കൊണ്ടാടി. പ്രകടനത്തിന് ആളെ കൂട്ടിക്കൊടുക്കുക എന്ന കടമ വാശിയോടെ അവര്‍ ഏറ്റെടുത്തു. ആള്‍ദൈവത്തട്ടിപ്പു സംഘങ്ങളും വിദേശ ഫണ്ട് വിഴുങ്ങുന്ന എന്‍ജിഒകളും മധ്യവര്‍ഗ അരാജക വാദികളുമൊക്കെ കൊട്ടിയും പാടിയും ഹസാരെയോടൊപ്പം ചേര്‍ന്നു. നവ മാധ്യമങ്ങളിലൂടെ പ്രചണ്ഡപ്രചാരണം അരങ്ങേറി.

അണ്ണ ഹസാരെ എന്ന വ്യക്തിയെ അവതാര പുരുഷനാക്കി മാറ്റുക; അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനാധിപത്യത്തിന്റെയും മുകളില്‍ സ്ഥാനം നല്‍കുക; അഴിമതി തടയാന്‍ ഇതേ മാര്‍ഗമുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുക; പ്രകടനം നടത്തുന്ന ജനങ്ങളെച്ചൂണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുക-ഈ തന്ത്രമാണരങ്ങേറിയത്. കൃത്യമായി ആസൂത്രണംചെയ്ത ഒരു താളവും ക്രമവും ആ സമരത്തിനുണ്ടായിരുന്നു. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോക്പാല്‍ ബില്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മതസംഘടനകളും വര്‍ഗീയ സംഘടനകളും പ്രമുഖ വ്യക്തികളും എന്നുവേണ്ട ഇന്നലെവരെ രാഷ്ട്രീയത്തെയും സമരങ്ങളെയും പുച്ഛിച്ചു നടന്നവര്‍പോലും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിക്കൊണ്ടേയിരുന്നു. ടുണീഷ്യയിലും ഈജിപ്തിലുമെല്ലാം ജീവിതം വഴിമുടി ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനമുന്നേറ്റത്തിന്റെ ഇന്ത്യന്‍ രൂപമായി ഇതും വ്യാഖ്യാനിക്കപ്പെട്ടു. ഇനി സിവില്‍ സമുഹത്തിന്റെ കാലമാണ്; രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും മ്ളേച്ഛതരം എന്ന ചിന്തയാണ് ആയിരം വോള്‍ട്ട് ശക്തിയോടെ പ്രസരിപ്പിക്കപ്പെട്ടത്.

അനന്തരം എന്തുണ്ടായി? ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു. ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും അണ്ണാ ഹസാരെയുമടക്കമുളളവരെ നിരത്തി ലോക്പാല്‍ ബില്ലിന് കരടുണ്ടാക്കുന്നതിനുള്ള കമ്മറ്റി രൂപീകരിക്കപ്പെട്ടു. എന്താണ് ഈ അംഗത്വത്തിന്റെ യോഗ്യത? ശാന്തി-പ്രശാന്ത ഭൂഷണ്‍മാര്‍ക്കെതിരെ വന്ന ആരോപണം കോടതിയെ വിലയ്ക്കുവാങ്ങാന്‍ മടിയില്ലാത്ത മാഫിയാ സ്വഭാവം അവര്‍ക്കുണ്ടെന്നാണ്. അത്തരക്കാര്‍ എങ്ങനെ അഴിമതിവിരുദ്ധ നിയമത്തിന്റെ സ്രഷ്ടാക്കളാകും?

നിരാഹാരോത്സവം സംഘടിപ്പിച്ച ഹസാരെക്ക് ജനങ്ങളെ ഉപദേശിക്കാം-പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമ നിര്‍മ്മാണത്തിന് നേതൃത്വം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ്. ജനപിന്തുണ ആള്‍ക്കൂട്ടത്തെ പ്രദര്‍ശിപ്പിക്കുന്നതിലല്ല; വ്യക്തമായ നയ സമീപനങ്ങള്‍ അവതരിപ്പിച്ച് ജനഹിതം ആര്‍ജിക്കുന്നതിലാണ്. അവിടെയാണ് ജനാധിപത്യത്തിന്റെ അടിത്തറ. അല്ലാത്തത് കേവലമായ ആള്‍ക്കൂട്ടത്തിന്റെ വികാര പ്രകടനമായി അവസാനിക്കും. ഇവിടെയും അതാണുണ്ടായത്. ഫലമോ? അസഹ്യമായ അഴിമതികണ്ട് ജനങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള സാധ്യതയില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഹസാരെയുമായുണ്ടാക്കിയ തീര്‍പ്പുകള്‍ അഴിമതിക്കെതിരായ യുപിഎ സര്‍ക്കാരിന്റെ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഗുണഭോക്താക്കളായത് അഴിമതിക്കാര്‍തന്നെ. യുക്തിഭദ്രമായ ഇത്തരം ചിന്തകളും കണ്ടെത്തലുകളും വലതുപക്ഷം ഇഷ്ടപ്പെടുന്നില്ല. അവരുടെ മാധ്യമങ്ങള്‍ അതിലേക്ക് എത്തിനോക്കുന്നില്ല.

പ്രകടനങ്ങളിലും മാധ്യമക്കസര്‍ത്തുകളിലും വികാര വിക്ഷോഭങ്ങളിലും ജനതയുടെ വിചാരത്തെ മുക്കിക്കെടുത്തി അവര്‍ 'ലാഭം' കൊയ്യുന്നു. പുരോഗമന പ്രസ്ഥാനങ്ങളെ അപഹസിക്കുന്നു; അവമതിക്കുന്നു.


ഹസാരെയുടെയോ സമരത്തില്‍ അണിചേര്‍ന്നവരുടെയോ ഉദ്ദേശ്യശുദ്ധിയെ വെറുതെ വിട്ടാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. 'ഇന്ത്യ അഴിമതിക്കെതിരെ' എന്നാണ് ഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യം. സമരത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട രൂപം ഗാന്ധിജിയുടതാണ്. ഗാന്ധിജിയുടെ പേരില്‍ ആണയിട്ട, ഗാന്ധിയന്‍ മുറയോട് തുല്യപ്പെടുത്തിയ സമരത്തില്‍ രാഷ്ട്രീയക്കാര്‍ക്കെതരെ പുലയാട്ടുകളാണ് ഉയര്‍ന്നുകേട്ടത്. സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹത്തിനാണ് സമരത്തിന്റെ നേതൃത്വമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഈ 'പൌരസമൂഹം' എവിടെനിന്നു വന്നു? എന്താണതിന്റെ സ്വഭാവം? ആരാണ് സംഘാടകര്‍? ആള്‍ദൈവക്കൂട്ടത്തിന്റെ ഫണ്ടിങ്ങ് സമരപ്പന്തലിലെത്തുമ്പോള്‍ അതിനുപിന്നിലെ ചരടുകള്‍ എങ്ങനെയുള്ളതാകും?
സമരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ലോക്പാല്‍ ബില്‍ തതയാറാക്കുന്നതിനായി സമിതി രൂപീകരിക്കപ്പെട്ടു. അതില്‍ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരാണുള്ളത്. സ്വാഭാവികമായും അവര്‍ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നു. ഹസാരേയുടെ പ്രതിനിധികള്‍ അരാഷ്ട്രീയക്കാര്‍. എന്നു്വച്ചാല്‍ കോണ്‍ഗ്രസ്-അരാഷ്ട്രീയ സമിതി. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയും സമിതിയില്‍ ഇല്ല. അതായത്, ഒരു കോണ്‍ഗ്രസ് വിലാസം സമിതിയായി അത് മാറി എന്നര്‍ത്ഥം. ആര്‍ക്കാണതുകൊണ്ട് പ്രയോജനം? അഴിമതിക്കാര്‍ക്കുതന്നെ എന്നുപറയാന്‍ മടിച്ചുനില്‍ക്കേണ്ടതില്ല.
ബൂര്‍ഷ്വാഭരണ വ്യവസ്ഥയുടെ അവയവംതന്നെയാണ് അഴിമതി. രാഷ്ട്രത്തെ ബാധിച്ചമാരകരോഗമാണത്. പത്തുപേര്‍ പടച്ചുണ്ടാക്കുന്ന ഒരു നിയമത്തിലൂടെ മാറുന്നതല്ല ആ മഹാരോഗം. വ്യവസ്ഥിതിയുടെ കൂടപ്പിറപ്പാണത്. വ്യവസ്ഥിതി മാറാതെ രോഗം മാറില്ല. ഈ അടിസ്ഥാന വസ്തുത മറച്ചുവെച്ചുള്ള വലിയൊരു പ്രത്യയശാസ്ത്ര ഒളിയുദ്ധമാണ് ഹസാരെ സമരത്തിലൂടെ അരങ്ങേറിയത്. അതിന്റെ പ്രയോജനം നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കാണ്. ശുദ്ധമനസ്സുകളെ സ്വാധീനിക്കാനുള്ള അതിന്റെ പ്രയത്നം ഫലം കണ്ടു എന്നതില്‍ സംശയത്തിനവകാശമില്ല. അല്ലെങ്കിലും അതുതന്നെയാണ് അതിന്റെ ദൌത്യവും.
അരാഷ്ട്രീയവല്‍ക്കരണമാണ് പ്രയോഗിക്കപ്പെടുന്നത്. ഭരണകൂടത്തേയും പൌരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോളവല്‍ക്കരണ ശക്തികളുടെ; ധനമൂലധനത്തിന്റെ ആവശ്യമാണ്. ജനാധിപത്യം അപ്രസക്തമാണെന്നു വരുത്തുന്നിടത്ത് രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. രാഷ്ട്രീയ പാര്‍ട്ടികളുടെ അതിരുവിട്ട് പുറത്തുചാടുകയോ വളരുകയോ ചെയ്യുന്ന ചില ബിംബങ്ങള്‍ മുന്‍നിര്‍ത്തപ്പെടുന്നു. അഴിമതിവിരോധം, പരിസ്ഥിതിപ്രണയം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ വൈകാരികമായി ഇടപെട്ടുകൊണ്ട്, അവയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ ഇകഴ്ത്തിക്കൊണ്ട് സര്‍വസ്വീകാര്യതയിലേക്ക് അത്തരം ബിംബങ്ങളെ ഉയര്‍ത്തുകയും തങ്ങളുടെ വിശ്വസനീയമായ ഉപകരണമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. പുറമെ കാണുന്ന നിഷ്കളങ്കതയല്ല, ഒളിപ്പിച്ചുവെച്ച വിഷമുള്ളുകളാണ് ഇത്തരം 'പ്രതിഭാസ'ങ്ങളുടെ പ്രത്യേകത.
ഹസാരെ സംശയിക്കപ്പെടുന്നു എന്നോ വിമര്‍ശിക്കപ്പെടുന്നു എന്നോ ഉള്ള തൊലിപ്പുറമെയുള്ള കാഴ്ചക്കപ്പുറം രാഷ്ട്രീയമായ അജണ്ട ഇതില്‍ കാണാതിരിക്കുന്നതാണ് അപകടം. സമരങ്ങള്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടാകാം. സമര നായകര്‍ പലരും നേരായ ലക്ഷ്യമുള്ളവരാകാം. സമരത്തില്‍ അണിചേരുന്നവര്‍ നന്‍മ മാത്രം ലക്ഷ്യമിടുന്നവരാകാം. എന്നാല്‍ ഇത്തരം സമരങ്ങളുടെ ആത്യന്തികമായ ഫലം വ്യവസ്ഥിതിയുടെ സംരക്ഷണത്തിന് സഹായം നല്‍കലാണ്. അത് തിരിച്ചറിയാനും ശരിയായ രാഷ്ട്രീയത്തിന്റെ; വര്‍ഗ സമരത്തിന്റെ വഴിയിലേക്ക് ജനതയെ കൈപിടിച്ചുയര്‍ത്താനുമുള്ള ശ്രമങ്ങളിലാണ് പുരോഗമന-ജനാധിപത്യ ശക്തികള്‍ മുഴുകേണ്ടത്.