Sunday, March 11, 2012
തിരിച്ചടിയാകുന്ന കുതിരക്കച്ചവടം
പണവും സ്ഥാനമോഹവും ബൂര്‍ഷ്വാ രാഷ്ടീയത്തിന്റെ കൂടപ്പിറപ്പാണ്. അന്യൂനമായ രാഷ്ടീയ സദാചാരം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതുകൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നിലനില്‍ക്കുന്നത്. അസംതൃപ്തികളുടെ കൂടാരമായ മുന്നണിയും അഴിമതി അരങ്ങുവാഴുന്ന ഭരണവും. കൂറുമാറ്റം ആരും ആസൂത്രണംചെയ്യേണ്ടതില്ല. ഇറങ്ങിവന്നാല്‍ ഇടതുപക്ഷം സ്വീകരിക്കുമെന്ന വിദൂരസൂചന ലഭിച്ചാല്‍ മതി, ആ നിമിഷത്തില്‍ യുഡിഎഫിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കക്ഷികളുമുണ്ട്, നേതാക്കളുമുണ്ട്. ജനാധിപത്യേതരമാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരാന്‍ അശേഷം താല്‍പ്പര്യമില്ല എന്ന എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന നിലപാടുമാത്രമാണ് ആ അര്‍ഥത്തില്‍ ഇന്ന് യുഡിഎഫ് ഭരണത്തെ താങ്ങിനിര്‍ത്തുന്നത്. അത് മുഖ്യമന്ത്രി സൌകര്യമായി എടുത്തിരിക്കുന്നു. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൂറുമാറ്റം സംഘടിപ്പിച്ച് ഭൂരിപക്ഷത്തിന്റെ കനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരമൊരു മാനസികാവസ്ഥയിലാണ്. പിറവം തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല; പിറവത്തു പരാജയപ്പെട്ടാല്‍ അതിന്റെ ആഘാതം ഇല്ലാതാക്കാനാണ് നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടമെന്നര്‍ഥം.
കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍നിന്നുതന്നെ വന്ന പ്രതികരണം, ആ പാര്‍ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിനെതിരായി നീറിനില്‍ക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. കേന്ദ്രത്തില്‍ നരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്തിയത് എംപിമാരെ കൂട്ടത്തോടെ വിലയ്ക്കുവാങ്ങിയിട്ടായിരുന്നു എന്നത് രഹസ്യമല്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒഴുക്കിയ കോടികളില്‍ ഒരംശം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. അതാണ് കോണ്‍ഗ്രസിന്റെ വഴക്കം. കേരളത്തില്‍, കമ്യൂണിസ്റ്പാര്‍ടിയില്‍നിന്ന് ഒരാളെ വിലയ്ക്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ചാണ്ടി കാണിച്ച മിടുക്ക്. വര്‍ഗവഞ്ചകര്‍ പാര്‍ടിയെ ഒറ്റുകൊടുക്കാന്‍ തയ്യാറായ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പണത്തിനും പദവിക്കുമായി വഞ്ചന നടത്തിയ ചിലര്‍ കേരളത്തില്‍തന്നെ സമീപഭൂതത്തില്‍ പാര്‍ടിയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും, സെല്‍വരാജിനെപ്പോലെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാള്‍ വിലയ്ക്കെടുക്കപ്പെടുന്നതും പുറത്തുപോകുന്നതും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വേദനാജനകവും ഗൌരവതരവുമാണ്. സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള നഷ്ടങ്ങള്‍ ചരിത്രത്തിലുണ്ട്. അവയൊന്നും പ്രസ്ഥാനത്തിന്റെ കരുത്തിലും മുന്നേറ്റത്തിലും പോറലേല്‍പ്പിച്ചിട്ടില്ലെങ്കിലും. അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രതയുടെ പ്രാധാന്യത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ അനുഭവം. കള്ളന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കുതികാല്‍വെട്ടികള്‍ക്കും കൊലപാതകികള്‍ക്കും തങ്ങളുടേതായ ന്യായം കാണും. അത്തരം ചില ന്യായങ്ങളാണ് സെല്‍വരാജ് രാജിപ്രഖ്യാപനത്തോടൊപ്പം നിരത്തിയത്. ആ പ്രസ്താവനയാണ് പിറവത്തെ യുഡിഎഫിന്റെ പ്രചാരണ വിഷയമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനംകൂടി വന്നപ്പോള്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് സംശയിക്കാനില്ല. സിപിഐ എമ്മിനെതിരെ എതിരാളികള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിച്ചതും വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയതുമായ കുറെ മുനപോയ ആരോപണങ്ങള്‍ സമാഹരിച്ച് പ്രസ്താവനയിറക്കി എറിഞ്ഞുകൊടുക്കുകയായിരുന്നു സെല്‍വരാജ്. ആത്മവഞ്ചകര്‍ക്കുമാത്രം കഴിയുന്ന അഭ്യാസമാണ്, തെളിവുകളോ യുക്തിയോ ഇല്ലാത്ത ശകാരം നടത്തല്‍. അര്‍ഥമില്ല എന്നപോലെ അതിന് ആയുസ്സുമില്ല.
പിറവത്ത് യുഡിഎഫ് പ്രചാരണം മുന്നേറുന്നത് അന്തരിച്ച മന്ത്രി ടി എം ജേക്കബ്ബിന്റെ പേരുപറഞ്ഞുമാത്രമാണ്. അതിലുപരി സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; ജനങ്ങള്‍ക്ക് നല്‍കാന്‍ പ്രതീക്ഷപോലുമില്ല. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനയോ ഉത്തരേന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസംതന്നെ നഷ്ടപ്പെട്ടതോ ഭാവിയിലേക്കുള്ള ഈടുവയ്പായി അവതരിപ്പിച്ച നേതൃരൂപത്തിന്റെ തകര്‍ച്ചയോ ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാനാവില്ല. സാമുദായിക സമവാക്യങ്ങളുടെയും സങ്കുചിത വികാരങ്ങളുടെയും പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വഴിയിലാണ് യുഡിഎഫ്. പക്ഷേ, അതിലൊന്നും ആശ്രയിക്കാനാവില്ല എന്ന ബോധം നേതൃത്വത്തിനുതന്നെ വന്നിരിക്കുന്നു. അതിന്റെ ഫലമാണ്, കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും വഴി. യുഡിഎഫ് അമ്പരപ്പിക്കുംവിധം മ്ളേച്ഛമായ പാതയിലൂടെയാവും മുന്നേറുക എന്ന മുന്നറിയിപ്പുകൂടിയാണിത്്. നെയ്യാറ്റിന്‍കരയില്‍ രാജിവച്ച എംഎല്‍എ വീണത് അത്തരമൊരു അഴുക്കുനിറഞ്ഞ പാതയിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. യുഡിഎഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞയാള്‍ ഇരുട്ടിവെളുത്തപ്പോള്‍ യുഡിഎഫിലേക്കാണ് തന്റെ പോക്ക് എന്ന് മാറ്റിയത് സ്ഥലജലഭ്രമംകൊണ്ടല്ല. വിലയ്ക്കെടുക്കപ്പെടുന്ന ആരുടെയും കടമയാണ് ആ ആത്മഹത്യ. ഇത്തരം വഞ്ചന നടത്തിയവര്‍ക്കും നടത്തിച്ചവര്‍ക്കും ജനങ്ങള്‍തന്നെ ശിക്ഷ നല്‍കും എന്നതില്‍ തര്‍ക്കമില്ല. ചീഞ്ഞുനാറുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് പിറവത്തെ സമ്മതിദായകര്‍ക്കു ലഭിച്ചിരിക്കുന്നത്. നേരിന്റെയും നെറിയുടെയും രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പിറവത്തെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടൊപ്പമാണ് അണിനിരക്കേണ്ടത് എന്ന്, നെയ്യാറ്റിന്‍കരയിലെ അനുഭവം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രാഷ്ട്രീയ ഉപജാപങ്ങള്‍ക്കെതിരായി ചിന്തിക്കുന്നവര്‍ യുഡിഎഫിനകത്തുമുണ്ട്. അവരും ഈ തിരിച്ചറിവിലേക്കാണ് എത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറ്റത്തിനെതിരെ രംഗത്തുവന്നതിലൂടെ തെളിയിക്കപ്പെടുന്നത്.
Tuesday, September 27, 2011
ഹനീഫ ജഡ്ജി എന്തു ചെയ്തു?
ചീഫ് വിപ്പിന്റെ പദവി ഉപയോഗിച്ച് ജോര്‍ജ് നടത്തിയ അധികാര ദുര്‍വിനിയോഗം യുഡിഎഫ് സര്‍ക്കാരിന്റെ ഔദ്യോഗിക സമീപനമല്ല എങ്കില്‍ തിരുത്തല്‍ സര്‍ക്കാര്‍തലത്തില്‍തന്നെയാണ് വേണ്ടത്. ജോര്‍ജിനോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ജോര്‍ജ് കത്തയച്ച കേന്ദ്രങ്ങളെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുകയും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റുകയും വേണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം വ്യക്തമായത്. അവിടെയാണ്, ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കള്ളക്കളി തെളിയുന്നതും. വിജിലന്‍സ് ജഡ്ജിക്കെതിരെ കുറെ ദിവസമായി നാടാകെ പത്രസമ്മേളനം വിളിച്ച് ജോര്‍ജ് ഉറഞ്ഞുതുള്ളുകയാണ്. "ഞങ്ങള്‍ക്കില്ലാത്ത പരവേശം ജോര്‍ജിനെന്തിന്" എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംശയം ദൂരീകരിക്കാനുള്ള ചുമതല അവര്‍ക്കുതന്നെ വിടാം. എന്നാല്‍ , വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ എന്തിന് ജോര്‍ജ് പരാക്രമം കാണിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്.
മാതൃഭൂമി ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു:
"(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. (ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ. (സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല. (ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്." ഇവിടെയാണ് പ്രശ്നം.
പ്രത്യേക വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ(അദ്ദേഹത്തിനെതിരെയാണ് ജോര്‍ജിന്റെ ആക്ഷേപം. വ്യക്തിപരമായ അധിക്ഷേപം സഹിക്കാതെയാണ് അദ്ദേഹം കേസില്‍നിന്നൊഴിവായത്) ജോര്‍ജ് പറയുന്ന ഒരു പ്രശ്നത്തിലും ഇടപെട്ടയാളല്ല. കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2011 മാര്‍ച്ച് 14 നാണ്. അന്ന് ജഡ്ജി എസ് ജഗദീശാണ്. ആ സമയത്ത് ജോര്‍ജ് എവിടെയായിരുന്നു? ഇന്ന് പറയുന്ന ന്യായങ്ങളെല്ലാം അന്നാണല്ലോ പറയേണ്ടിയിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി രഷിക്കപ്പെടേണ്ടയാളാണെന്നും തുടരന്വേഷണം നിയമവിരുദ്ധമാണെന്നും അതിനുത്തരവിട്ട ജഡ്ജിയുടെ നടപടി അപാകമെന്നും ജോര്‍ജിന് തോന്നിയതേയില്ല. പി കെ ഹനീഫ പ്രത്യേക വിജിലന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തെത്തുന്നത് പിന്നീടാണ്. അദ്ദേഹത്തിന്റെ മുന്നില്‍ മെയ് പതിമൂന്നിന്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം കിട്ടും എന്നുറപ്പായശേഷം ഒരു റിപ്പോര്‍ട്ട് കിട്ടി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ്, വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ അതില്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം നടത്താതെ, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയൊരുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കി, കോടതി അനുവദിച്ച സമയത്തിന് ഒരുമാസം മുമ്പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ തട്ടിപ്പുകള്‍ അന്നുതന്നെ വ്യക്തമായതാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് അതില്‍ പറഞ്ഞത്. തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ആവശ്യം.
അതേ വിജിലന്‍സ് പിന്നെ പറയുന്നു, ഒരു തെളിവുമില്ല എന്ന്. എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തി എന്നതിന് ഉത്തരമില്ല. പാതി വെന്ത ആ റിപ്പോര്‍ട്ട് തള്ളിയ സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ "ഇറക്കുമതി സമയത്തെ ധനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന"ടക്കം കാര്യകാരണങ്ങള്‍ വ്യക്തമാക്കിയാണ്, മൂന്നുമാസംകൊണ്ട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. ഇതില്‍ എവിടെയും അസാധാരണത്വമില്ല. വിജിലന്‍സിന്റെ ഉമ്മന്‍ചാണ്ടി സേവയ്ക്ക് അവിഹിതമായി കൂട്ടുനില്‍ക്കാന്‍ ജഡ്ജിയുടെ നീതിന്യായബോധം അനുവദിച്ചില്ല. പി കെ ഹനീഫയുടെ ഈ കേസിലെ പങ്കാളിത്തം അത്രയുമാണ്. അതെങ്ങനെ, പി സി ജോര്‍ജിന്റെ നിലവിട്ട പ്രതികരണത്തിന് കാരണമാകും? തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയോടില്ലാത്ത വിരോധം എങ്ങനെ തട്ടിപ്പ് റിപ്പോര്‍ട്ട് തള്ളിയ പി കെ ഹനീഫയോട് വന്നു? എന്തുകൊണ്ട് പാകിസ്ഥാനിലേക്കുവരെ ഉപമ നീട്ടി മതപരമായ അധിക്ഷേപത്തില്‍ ജോര്‍ജ് എത്തി? അതിനുള്ള ഉത്തരം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയില്‍ത്തന്നെയാണ്. കേസ് നേരെചൊവ്വേ നടന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും.
1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇറക്കുമതിയെ എതിര്‍ത്തില്ല; മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വന്നപ്പോള്‍ എതിരഭിപ്രായം പറഞ്ഞില്ല; നാലാംപ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിന്റെ കുറിപ്പിലെ കാര്യങ്ങള്‍ ധനമന്ത്രിക്ക് അറിയാമായിരുന്നു; ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതെല്ലാം ഇതിനകം വ്യക്തമാക്കപ്പെട്ട തെളിവുകളാണ്. പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ്. ചട്ടം ലംഘിച്ചു നടത്തിയ ഇറക്കുമതി തടയാന്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്ന് ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനും പുറമെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ വഴിവിട്ട ശ്രമം നടന്നത്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ , ഉമ്മന്‍ചാണ്ടിക്ക് ഉത്തരം പറയാനാവാത്ത നിരവധി ചോദ്യങ്ങള്‍ നീതിപീഠത്തിനു മുന്നില്‍ വരും. നിഷ്പക്ഷവും നിര്‍ഭയവുമായി കേസ് നടന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതു മനസിലാക്കിയാണ് പി സി ജോര്‍ജ് എന്ന കോടാലിക്കൈയെ ജഡ്ജിക്കുനേരെ ഉപയോഗിക്കാനും ജഡ്ജിയുടെ വിശ്വാസ്യത തകര്‍ത്തും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായത്. കോടതിക്കെതിരായ ഗൂഢാലോചനയില്‍ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയാണ്. പി സി ജോര്‍ജ് രണ്ടാമതേ വരുന്നുള്ളൂ. തുടരന്വേഷണത്തിന് ഉത്തരവിട്ടത് മറ്റൊരു ജഡ്ജിയാണെന്നിരിക്കെ അതേക്കുറിച്ച് മിണ്ടാതെ പി കെ ഹനീഫയെ പരസ്യമായി ഭര്‍ത്സിച്ചത് എന്തിനെന്ന് പി സി ജോര്‍ജും അതിന് ജോര്‍ജിനെ നിയോഗിച്ചതെന്തിനെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത് ചീഞ്ഞു നാറുന്ന കേസാണ്.
ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.
Tuesday, September 13, 2011
മാഫിയാ രാഷ്ട്രീയമോ?
കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .
തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.
പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.
ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.
പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.
ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.
ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?
കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.
Thursday, August 11, 2011
അയോഗ്യനായ മുഖ്യമന്ത്രി
കരുണാകരന് നന്നായി മുറിവേറ്റു. പിന്നെ ആ കേസ് തുടര്‍ന്നാല്‍ എല്ലാം അറിയുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തെത്തും. കേസ് കോടതിയില്‍ എത്തിയ സ്ഥിതിക്ക് കോടതിയുടെ തീരുമാനത്തിന് വിടുകയല്ലേ വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി "ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഞാന്‍ അക്കാലത്ത് ധനമന്ത്രിയായിരുന്നു. എനിക്ക് എല്ലാം അറിയാം." എന്നാണ്. "പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമല്ല, ഒമ്പതുകോടിരൂപ ലാഭമാണുണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് കേസുണ്ടായത്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതിന് കേസെടുക്കുന്നതു ശരിയല്ല. അത് സിവില്‍ സര്‍വീസിന്റെ മനോവീര്യം കെടുത്തും. സര്‍ക്കാരിന് നഷ്ടം പറ്റുന്ന തീരുമാനമുണ്ടായാലും സ്വജനപക്ഷപാതമുണ്ടായാലും കേസെടുക്കാം" എന്നും വിശദീകരിച്ചു അദ്ദേഹം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചത്. അതായത്, യുഡിഎഫ് ഭരണം വരുമെന്നുറപ്പായശേഷം, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥപ്രമുഖര്‍ തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കിയെന്നര്‍ഥം. അതാണിപ്പോള്‍ കോടതി തുറന്നടിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമായ മാര്‍ച്ച് ഒന്നിലെ സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അന്നും ഉമ്മന്‍ചാണ്ടി ഉപയോഗിച്ചത് വിജിലന്‍സിനെയാണ്.
ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കീഴില്‍ വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന പേര് ഇല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് അസാധാരണമായ മലക്കംമറിച്ചിലിലൂടെ ഉമ്മന്‍ചാണ്ടി ഇതു ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐയെ ഉപയോഗിച്ച് കേസില്‍ കുരുക്കുക എന്നതായിരുന്നു ഏക ഉദ്ദേശ്യം. സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരനെതിരെ പാമൊലിന്‍ കേസില്‍ ലജ്ജാരഹിതമായി ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് അത്തരം നീക്കങ്ങള്‍ എന്നും പഥ്യമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസം രാഷ്ട്രീയ എതിരാളിയെ വിജിലന്‍സിനെ ഉപയോഗിച്ച് വെട്ടിനിരത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിതന്നെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിജിലന്‍സിലെ സ്വാധീനം ഉപയോഗിച്ച് സ്വയം കുറ്റമുക്തനാകാനും ശ്രമിച്ചു. അതാണിപ്പോള്‍ കോടതി തുറന്നുകാട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നൈതികത, മാന്യത, മര്യാദ എന്നിവയെല്ലാം കളഞ്ഞുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ . ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ അന്വേഷണം വേണമെന്നല്ല, കണ്‍മുന്നിലുള്ള തെളിവുകള്‍ വിജിലന്‍സ് മുക്കി എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ കാര്യം. അത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. അതാകട്ടെ അധികാരത്തിന്റെ നെറുകയിലിരിക്കുന്ന വ്യക്തി സ്വയം രക്ഷപ്പെടാന്‍ നഗ്നമായി തന്റെ സ്ഥാനം ദുരുപയോഗിച്ചു എന്ന ഗുരുതരമായ പ്രശ്നമാണ്.
ലാവ്ലിന്‍ കേസിലാകട്ടെ രാഷ്ട്രീയശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണയന്ത്രത്തിന്റെ ദുരുപയോഗമുണ്ടായത്. രണ്ടു സംഭവങ്ങളിലും പ്രതി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്ന അക്ഷന്തവ്യമായ കുറ്റവും ഇവിടെ ഉമ്മന്‍ചാണ്ടിയില്‍ വന്നുചേരുന്നു. കരുണാകരന്‍ അന്തരിച്ചതുകൊണ്ടുമാത്രമാണ് കേസില്‍നിന്ന് ഒഴിവായത്. പാമൊലിന്‍ ഇടപാടിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നുവെങ്കില്‍ , ഒത്താശക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ടാണ് അഴിമതിക്ക് കാര്‍മികത്വം വഹിച്ചത്. പി സി ജോര്‍ജിനെപ്പോലുള്ള മൂര്‍ച്ചപോയ വാളുകളെ രംഗത്തിറക്കിയതുകൊണ്ടോ വിജിലന്‍സ് വകുപ്പില്‍നിന്ന് തലയൂരിയതുകൊണ്ടോ ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. പാമൊലിന്‍ അഴിമതിക്കുപുറമെ ക്രിമിനല്‍ അധികാര ദുര്‍വിനിയോഗം എന്ന കുറ്റത്തിനുകൂടി വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കാന്‍ സര്‍വഥാ അയോഗ്യനും.
Thursday, October 7, 2010
ഇങ്ങനെയും നുണ പറയാം
തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.
പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:
"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "
ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.
കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.
സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.
2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.
ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.
അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.
അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.
ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?
Thursday, August 26, 2010
ലോട്ടറിരോഗം
അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)
ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.
അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.
വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?
2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.
ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു
... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)
അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.
കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.
ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?
പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.
ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.
Thursday, December 17, 2009
കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?
1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.
അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).
എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).
എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).
നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടി മറുപടി പയണം.
1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?
2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?
3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?
3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?
4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?
5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?
ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.
Wednesday, November 4, 2009
ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.
Sunday, April 19, 2009
കൂടുതല്‍ വിവരങ്ങള്‍
ചില വിവരങ്ങള്‍ കൂടി. ഇത് ഒരു പ്രത്യേക പോസ്റ്റല്ല. മുന്‍ പോസ്റ്റിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കമന്റുചെയ്യുന്നവര്‍ ദയവായി 'അപകടം, വളരെ അപകടം' എന്ന പോസ്റില്‍ ചെയ്താല്‍മതി.
1. അറസ്റ്റിലായ പ്രജിത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മാത്രമല്ല. അയാളുടെ പിതാവ് ഭരതന്‍ താഴെ ചൊവ്വയില്‍ മുമ്പ് കുത്തേറ്റുമരിച്ചതാണ്. ഭരതന്റെ കൊലപാതകത്തില്‍ പ്രധാന പങ്ക് ആരോപിക്കപ്പെട്ടത് മുമ്പ് സിപിഐ എം പ്രവര്‍ത്തകനും ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ ജനാര്‍ദനനുമേലാണ്. ജനാര്‍ദനന്‍ ഇപ്പോള്‍ താഴെചൊവ്വയില്‍ ഒരു തിരുമ്മല്‍-വൈദ്യ സ്ഥാപനം നടത്തുകയാണ്. എടക്കാട്-അഞ്ചരക്കണ്ടി മേഖലകളില്‍ ജനാര്‍ദനന് ചില ശിഷ്യന്‍മാര്‍ ഉണ്ട്.ജനാര്‍ദനനെ 'പിടിക്കാന്‍' പ്രജിത്ത് നേരത്തെ തീരുമാനിച്ചിരുന്നുവത്രെ. അത് കെ സുധാകരനെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് നടത്താനുള്ള ഒരു ക്വട്ടേഷന്‍ ജനാര്‍ദനന്റെ തലയെടുക്കലായിരുന്നു. അതിനാണ് പ്രജിത്ത് നിയോഗിക്കപ്പെട്ടത്.
2. പ്രധാന സംഘം 'വിഐപി'യെ തേടി പോകും. അത് ഒരുവഴിക്ക് നടക്കുമ്പോള്‍തന്നെ ജനാര്‍ദനന്‍ പിടിക്കപ്പെടും. അതോടെ എടക്കാട്-അഞ്ചരക്കണ്ടി-കണ്ണൂര്‍ മേഖലയിലാകെ 'ജനുവിന്റെ ശിഷ്യന്‍മാര്‍' എന്ന വ്യാജേന സിപിഐ എം ആപ്പീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കും. അങ്ങനെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പൊഴേക്കും 'വിഐപി' ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത വരും. ആ സമയത്ത് ഉമ്മന്‍ചാണ്ടി എത്തും.
3. കണ്ണൂരില്‍ പോളിങ്ങ് ഉച്ചയ്ക്കുശേഷം അലങ്കോലപ്പെടുമെന്ന് സുധാകരന്‍ നേരിട്ട് ചില കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നു. (കൂത്തുപറമ്പിലെ കെ പ്രഭാകരന്‍ അക്കാര്യം ചില സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.)ആ വിവരം താഴെത്തട്ടിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ്, അതിരാവിലെ തന്നെ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ക്യൂ കണ്ടത്. ഉച്ചയോടെ യുഡിഎഫ് വോട്ടുകള്‍ മിക്കവാറും പോള്‍ ചെയ്യപ്പെട്ടിരുന്നു.
4. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുധാകരന്‍ പതിനഞ്ചു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത് സാധാരണ നിലയില്‍ ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യേണ്ട സംഭവമായിരുന്നു. എംവി രാഘവനുള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയ്ക്കാനുമെത്തിയതാണ്. എന്നാല്‍, പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളും ആ തരത്തില്‍ അതിന്‍െ പൊലിപ്പിച്ചില്ല. പകരം, 'മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ അന്യായമായി പൊലീസ് പിടിച്ചു; അവരെ വിടുവിക്കാന്‍ സുധാകരനും അനുയായികളും സ്റ്റേഷനില്‍ ചെന്നു' എന്ന മട്ടിലുള്ള തണുപ്പന്‍ വാര്‍ത്തകളാണ് വന്നത്. കണ്ണൂരിലെ ഏതാനും മാധ്യമങ്ങള്‍(മാധ്യമ പ്രവര്‍ത്തകരുമാകാം) സുധാകരനുവേണ്ടി വിടുപണി ചെയ്തു.
5. സുധാകരന്‍ പ്രസംഗത്തിലും പത്രസമ്മേളനങ്ങളിലും ടിവി അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പലതും പരസ്പര വിരുദ്ധങ്ങളാണ്. അബ്ദുള്ളക്കുട്ടിയെ പത്രസമ്മേളനത്തില്‍ ഹാജരാക്കിയതുതന്നെ ആനമണ്ടത്തരവും. അദ്ദേഹം വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് തിട്ടമില്ല. തൃശൂര്‍-എറണാകുളം ഭാഗത്തെ പക്കാ വാടക ഗുണ്ടകളെ തന്റെ ബിസിനസ് പങ്കാളികളാണെന്നു പഞ്ഞതടക്കം സുധാകരനെ തിരിഞ്ഞുകുത്താന്‍ പോകുന്നു.
6. പൊലീസ് സേനയില്‍ സുധാകരന്റെ ചെരുപ്പുനക്കികള്‍ ഉണ്ട്. അത്തരക്കാരാണ്, പൊലീസിന്റെ നീക്കങ്ങള്‍ യജമാനനെ അപ്പപ്പോള്‍ അറിയിച്ചതും പിടിക്കപ്പെട്ട വണ്ടിയില്‍നിന്ന് ആയുധങ്ങള്‍ മാറ്റിയതും. ഹെഡ്കോണ്‍സ്റബിള്‍ ഗിരീശന്‍(കണ്ണപുരം), പൊലീസുകാരായ ദാമോദരന്‍(കൊയ്യം), മാത്യു (മാതമംഗലം) എന്നിവരാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ ഇതിന് നിയോഗിക്കപ്പെട്ടതെങ്കില്‍, കണ്ണൂര്‍ പൊലീസിലെ ചില ഉന്നതര്‍ സുധാകരനുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്. ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ഡിസിസി ആപ്പീസിലേക്ക് മാറ്റിയ വാഹനങ്ങള്‍ പരിശോധിക്കാനോ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുന്നത് തടയാനോ പൊലീസ് തയാറായില്ല.
7. പിടിക്കപ്പെട്ടവരെ ഒരുകാരണവശാലും ആ സമയത്ത് പൊലീസ് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് സുധാകരന് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തിന് പൊലീസ് വഴങ്ങുകയാണുണ്ടായത്. സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ നാടകമാടുമ്പോള്‍ മുക്കാല്‍ കിലോമീറ്ററകലെ ഡിസിസി ആപ്പീസിലും പുറത്തും വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള സാമാന്യബുദ്ധിപോലും പൊലീസ് കാണിച്ചില്ല. പൊലീസിലെ സുധാകരന്റെ ഇടപെടല്‍ പ്രത്യേകം അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.
8. കണ്ണൂരില്‍ നടന്നത് നിസ്സാരമായി തള്ളിക്കളയാന്‍ മാധ്യമങ്ങളുടെ വലിയൊരു നീക്കമുണ്ട്. യഥാര്‍ത്ഥത്തില്‍, പ്ളാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഊഹിച്ചുനോക്കാവുന്നതേയുള്ളൂ. സുധാകരനും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ സംശയത്തിന്റെമാത്രമല്ല, നേരിട്ടുള്ളതും സാഹചര്യത്തിന്റെ ബലത്തിലുള്ളതുമായ കൃത്യമായ തെളിവുകളാണ് വന്നിട്ടുള്ളത്. വളരെ ആഴത്തിലുള്ള അന്വേഷണം നടന്നാല്‍, നമ്മുടെ നാട്ടിലെ സമുന്നതരായ ഈ നേതാക്കളുടെ കൊടും ക്രിമിനല്‍ മുഖമാണ് തെളിയുക.
Friday, April 3, 2009
ചില നേരങ്ങളില്‍ ചിലര്‍
മനുഷ്യന്‍ എല്ലായ്പോഴും തനിസ്വഭാവം കാട്ടാറില്ല. കേരളത്തില്‍ ഇന്ന് മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാര്‍ത്ഥി സ്വന്തം ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചിരുന്നയാളാണത്രെ. സിഗരറ്റ് കുറ്റികള്‍കൊണ്ട് ശരീരത്തില്‍ കുത്തുന്നതുപോലുള്ള സാഡിസം പതിവാക്കിയ ആള്‍. അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് പ്രസ്തുത സ്ഥാനാര്‍ത്ഥിയെ കണ്ടാല്‍ തോന്നുകയേ ഇല്ല. അകന്നുനില്‍ക്കുന്ന ഭാര്യ പൊതുവേദിയില്‍ അതൊന്നും വിളിച്ചുപറയാനും പോകുന്നില്ല.
സ്ഥാനാര്‍ത്ഥിയോടടുപ്പമുണ്ടായിരുന്ന ചലച്ചിത്ര താരങ്ങളും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പുറത്തറിയിച്ച് സ്വയം അപഹാസ്യരാകാന്‍ തയാറാകില്ല. അതുകൊണ്ടുതന്നെ, സാധാരണ മനുഷ്യര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ദുസ്വഭാവമുള്ളവര്‍ മുഖം മിനുക്കി നിഷ്കളങ്കവേഷത്തില്‍ നമുക്ക് മുന്നില്‍ വരുന്നു. നക്ഷത്ര ഹോട്ടലുകളില്‍ അവരുടെ പലകോഴ്സ് വിരുന്നുണ്ണുന്ന മാധ്യമ കങ്കാണിമാര്‍ വരച്ചുകാട്ടുന്ന പളപളപ്പുള്ള ചിത്രത്തില്‍ മയങ്ങി നമ്മളില്‍ചിലരെങ്കിലും അത്തരക്കാര്‍ക്ക് വോട്ടുചെയ്ത് പോകുന്നു. ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് അപകീര്‍ത്തികരമാകരുത് ഈ കുറിപ്പ് എന്നതുകൊണ്ടാണ് ആളെ തിരിച്ചറിയുന്നതിനുള്ള സൂചനകള്‍ ഒഴിവാക്കുന്നത്.
ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിച്ച വിഷയം ആ സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമോ അല്ല; ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച 'അപരനെ 'നെ പുറത്തെടുക്കുന്ന അവസ്ഥയാണ്.
മണിച്ചിത്രത്താഴ് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മലയാള ചലച്ചിത്രമാണ്. ആ ചിത്രമോ അതിലെ ഏതാനും രംഗങ്ങളോ കണ്ടിട്ടില്ലാത്ത മലയാളികള്‍-ലോകത്തിന്റെ ഏതുമൂലയിലായാലും-ചുരുങ്ങും. നായികാ കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ച ശോഭനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ശാന്തസ്വഭാവിയായ ഗംഗ, ഭര്‍ത്താവ് നകുലനോട് പെട്ടെന്ന് ഭാവംമാറ്റി 'വിടമാട്ടേന്‍...'എന്നു ഗര്‍ജിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആ സമയത്ത് ഗംഗ രൌദ്രസ്വരൂപിണിയാകുന്നു; അസാധാരണ ശക്തിയും ക്രൌര്യവും കാണിക്കുന്നു; കൂറ്റന്‍ കട്ടില്‍ ഒരു പുസ്തകംപോലെ എടുത്ത് പൊന്തിക്കുന്നു. മനഃശാസ്ത്രത്തില്‍ ഇത്തരം അവസ്ഥയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്-വിശദാംശങ്ങള്‍ അറിയില്ല.
എന്തായാലും മനസ്സില്‍ ഒളിപ്പിച്ച പകയും കുടിലതയും വെറുപ്പും മാലിന്യവുമെല്ലാം ചിലനേരങ്ങളില്‍ അറലയാതെ പുറത്തുവരും എന്നത് ഉദാഹരിക്കാന്‍ ഗംഗയെ ഓര്‍ക്കാമെന്നുമാത്രം.ഉമ്മന്‍ ചാണ്ടിയും 'ഗംഗ'യും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്ന 'വിടമാട്ടേന്‍' പ്രയോഗം ഗംഗയുടേതുതന്നെ. ഏതുചെകുത്താനാണ് അദ്ദേഹത്തിന്റെ ഉള്ളില്‍നിന്ന് പുറത്തുചാടുന്നതെന്ന് ആര്‍ക്കറിയാം.
ഇന്ന്,ഏപ്രില്‍ മൂന്നിന് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 'മാതൃഭൂമി' പത്രത്തില്‍ വന്ന ഒരു ലേഖനം കണ്ടപ്പോഴാണ് സിഗരറ്റുകത്തിച്ച് ഭാര്യയെ കുത്തുന്ന സ്ഥാനാര്‍ത്ഥിയുടെയും മണിച്ചിത്രത്താഴിന്റെയുമെല്ലാം വേണ്ടാത്ത ഓര്‍മ്മ വന്നത്.
ലേഖനത്തിന്റ തലക്കെട്ട് ഇതാണ്:
'ആസൂത്രിതമായ കാലവിളംബം'.
ലാവലിന്‍ കേസില്‍ മൂന്നുപേരെ(പിണറായി വിജയന്‍ അടക്കമുള്ളവരെ) നാളെത്തന്നെ പ്രാസിക്യൂട്ട് ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറല്‍ എഴുതിക്കൊടുക്കാത്തതിലാണ് ഉമ്മന്‍ചാണ്ടിയുടെ പരിഭവവും രോഷവും നൈരാശ്യവും. എന്തിനാണ് അഡ്വക്കറ്റ് ജനറലിന്റെയടുത്ത് പോയത്, നിയമവകുപ്പ് പരിശോധിച്ചാല്‍ പോരായിരുന്നോ എന്നും ചോദിക്കുന്നുണ്ടദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
"ഈ പശ്ചാത്തലത്തിലാണ് മൂന്നാഴ്‌ച വൈകിക്കാതെ കഴിയുന്നതും വേഗം എ.ജി. നിയമോപദേശം നല്‌കണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതുജനതാത്‌പര്യ ഹര്‍ജി ഹൈക്കോടതിക്കു മുമ്പിലെത്തിയത്. തുടര്‍ന്നു ഹൈക്കോടതി മൂന്നു മാസത്തെ സാവകാശം അനുവദിച്ചു. അതു മെയ് 12 വരെയാണ്. മൂന്നുമാസത്തിനുള്ളില്‍ എന്നു വെച്ചാല്‍ മെയ് 12-നുള്ളില്‍ എപ്പോഴെങ്കിലും എന്നാണര്‍ഥം.''
അതായത് അക്കൌണ്ടന്റ് ജനറലിന് ഹൈക്കോടതി നല്‍കിയ സാവകാശം ഇനിയും ഒരുമാസത്തിലേറെ ഉണ്ട് എന്നര്‍ത്ഥം. ഇത്തരം കേസുകള്‍ എത്രമാത്രം സങ്കീര്‍ണ്ണമാണെന്നും രേഖകളുടെ വൈപുല്യം എത്രയാകുമെന്നും ഹൈക്കോടതിക്ക് അറിയുമായിരിക്കുമല്ലോ. അതുസംബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ.
''ലാവ്ലിന്‍ രേഖ അപൂര്‍ണം; വിശദീകരണമില്ലാതെ സിബിഐ
നിയമകാര്യലേഖകന്‍
കൊച്ചി: ലാവ്ലിന്‍ കേസില്‍ അഡ്വക്കറ്റ് ജനറലിനു ലഭിച്ച രേഖകള്‍ അപൂര്‍ണമാണെന്ന കത്തിന് സിബിഐ വിശദീകരണം നല്‍കിയില്ല. രേഖകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കി അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ കത്ത് ആഭ്യന്തരവകുപ്പ് സിബിഐക്കു കൈമാറിയിരുന്നു.
ഇടപാടിന്റെ മുഖ്യ ആസൂത്രകന്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനാണെന്ന് സിബിഐ വിലയിരുത്തിയിരുന്നു. എങ്കിലും കാര്‍ത്തികേയന്റെ മൊഴികളുടെ പകര്‍പ്പ് സിബിഐ നല്‍കിയ രേഖകളിലില്ല. മറ്റ് പ്രധാന സാക്ഷികളില്‍നിന്ന് സിബിഐ ശേഖരിച്ച വിശദാംശങ്ങളും മൊഴികളും സര്‍ക്കാരിനു കൈമാറിയ രേഖകളോടൊപ്പം ഇല്ലായിരുന്നു. 12 വാല്യങ്ങളുള്ള കേസ് ഡയറിയില്‍ അധികം പേജുകളും നീക്കിയിരുന്നു. പ്രാധാന്യമുള്ള മൊഴികളില്‍ പലതും നീക്കി. അപൂര്‍ണമായ ഈ രേഖകള്‍ പരിശോധിച്ച് പ്രതികളെ പ്രോസിക്യൂട്ട്ചെയ്യാന്‍ അനുവദിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടാണ് അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയത്.
സിബിഐ സര്‍ക്കാരിനു നല്‍കിയ മുഴുവന്‍ രേഖകളും ആഭ്യന്തരവകുപ്പ് അഡ്വക്കറ്റ് ജനറലിന് കൈമാറിയിരുന്നു. എണ്ണായിരത്തോളം പേജുള്ള കേസ് ഡയറിയാണ് അഡ്വക്കറ്റ് ജനറല്‍ പരിശോധിക്കുന്നത്. ഞായറാഴ്ചകളില്‍ പ്രത്യേക അനുമതിയോടെയാണ് ഹൈക്കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എജി ഓഫീസ് ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കുന്നത്. നിയമോപദേശം നല്‍കുന്നതിന് മുഴുവന്‍ രേഖകളും ആവശ്യമാണെന്നിരിക്കേ ജി കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മറച്ചുവച്ച സിബിഐയുടെ നടപടി ദുരൂഹമാണ്. ''
ഹൈക്കോടതി പറഞ്ഞത്, മൂന്നുമാസം കഴിഞ്ഞാലും ആവശ്യമെങ്കില്‍ സമയപരിധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കാമെന്നാണ്. പിണറായി വിജയനെ ഇന്ന് സന്ധ്യയ്ക്കുമുമ്പ് കേസില്‍കുടുക്കി സംഹരിച്ചുകളയാന്‍ ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. അങ്ങനെയുള്ള കടന്ന ആഗ്രഹങ്ങളെല്ലാം അതേപോലെ നടന്നുകിട്ടാനുള്ള സാഹചര്യവും വേണ്ടേ. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുകയാണ്:
"എന്നാല്‍, ഹൈക്കോടതി നല്‌കിയ അവസരത്തെ പരമാവധി വലിച്ചുനീട്ടി പ്രോസിക്യൂഷന്‍ അനുമതി കഴിയുന്നത്ര വൈകിക്കുക എന്ന തന്ത്രമാണു ഭരണപക്ഷം സ്വീകരിച്ചത്. ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ നല്‌കാവുന്ന നിയമോപദേശത്തിനു മൂന്നാഴ്‌ച സാവകാശം ചോദിച്ച എ.ജി., ഏഴാഴ്‌ച കഴിഞ്ഞിട്ടും അതു നല്‌കിയില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രഥമദൃഷ്‌ട്യാ കേസുണ്ടോയെന്നു പരിശോധിക്കാന്‍ ഇത്രയധികം രേഖകള്‍ പരതുന്നതിനാല്‍ ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുന എ.ജി.യിലേക്കു നീണ്ടിരിക്കുകയാണ്.
''
അതെ. ഒന്നോരണ്ടോ ദിവസംകൊണ്ട് തീരുമാനമെടുക്കാന്‍ കഴിയും-ഉമ്മന്‍ചാണ്ടിയെപ്പോലെ സദാചാരവും മാന്യതയും പരണത്തുവെച്ച്, ഒടുങ്ങാത്ത പകയും വൈരവും അതിന്റെ ഫലമായ കുതന്ത്രങ്ങളും മനസ്സില്‍കൊണ്ടുനടക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക്. സ്വന്തം വകുപ്പായ വിജിലന്‍സ് സ്വന്തം ഭരണകാലത്ത് മൂന്നുകൊല്ലം അന്വേഷിച്ച് മടക്കിക്കെട്ടിയകേസ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം 'ഔട്ട് ഓഫ് അജണ്ട'യായി മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക എന്ന ഉളുപ്പില്ലായ്മ കാണിച്ചയാളാണല്ലോ ഉമ്മന്‍ചാണ്ടി.
എന്തേ വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയിലില്ല? ആ പേര് വരുത്താന്‍ വേണ്ടി മാത്രമാണ് സിബിഐയെ കൊണ്ടുവന്നതെന്നും അതിനുവേണ്ടിയാണ് സകല ദുര്‍മന്ത്രവാദികളെയും കൂട്ടിയോജിപ്പിച്ച് ഡല്‍ഹിയില്‍ചെന്ന് പാടുകിടന്നതെന്നും അങ്ങനെയൊരു മഹായജ്ഞത്തിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥയെന്നും ഉമ്മന്‍ചാണ്ടി മറച്ചുപിടിച്ചാല്‍ കേരളം കാണാതിരിക്കുമോ?
സിബിഐ അന്വേഷണത്തിനു വിട്ടതിന്റെ പേരിലായിരുന്നല്ലോ നിയമസഭാതെരഞ്ഞെടുപ്പിലെ ലാവലിന്‍ പ്രയോഗം. ഫലം വന്നപ്പോള്‍ 98 സീറ്റ് എല്‍ഡിഎഫിന്. അതിനുമുമ്പ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെ എടുത്തിടലക്കാന്‍ ഉപയോഗിച്ചതും ലാവലിന്‍ എന്ന ആയുധം തന്നെ. അതിന്റെ ഫലം ഇരുപതില്‍ പതിനെട്ടു സീറ്റും എല്‍ഡിഎഫിന്.
രാഷ്ട്രീയമായി എതിരാളികളെ നേരിടാം. ഇത്തരമൊരു രീതി നല്ലതല്ല. ഒരു കേസ് കൃത്രിമമായി സൃഷ്ടിക്കുക, സംഘടിതമായി വ്യാജപ്രചാരണം നടത്തുക, അതിന് മാധ്യമങ്ങളെ വഴിവിട്ടുപയോഗിക്കുക, ഭരണസംവിധാനത്തെ ദുരുപയോഗിച്ച് കേസന്വേഷണത്തില്‍ ഇടപെടുക, അങ്ങനെ കെട്ടിച്ചമച്ച കാര്യങ്ങളുടെ ബലത്തില്‍ അലമുറയിടുക-ഇതാണിപ്പോള്‍ നടക്കുന്നത്.
ലാവലിന്‍ കേസ് എന്താ ആസന്നമരണനായിക്കിടക്കുന്ന രോഗിയോ? അഡ്വക്കറ്റ് ജനറല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, രേഖയൊന്നും നോക്കാതെ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന അഭിപ്രായം ആംബുലന്‍സില്‍ അയച്ചുകൊടുക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍, ഇന്നാട്ടില്‍ നിയമം വേണോ ഭരണ സംവിധാനങ്ങള്‍ വേണോ?
വിവരക്കേട് എഴുന്നള്ളിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് വിലക്കൊന്നുമില്ലെന്ന് തോന്നുന്നു. ഹൈക്കോടതി മൂന്നുമാസമോ, ആവശ്യമെങ്കില്‍ അതിലധികമോ സമയം കൊടുത്ത പ്രശ്നം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ എന്നാണദ്ദേഹമിപ്പോള്‍ പറയുന്നത്. മനസ്സില്‍ കുബുദ്ധിയും കുതന്ത്രവും എതിരാളിയെ കുത്തിമലര്‍ത്തണമെന്ന അടങ്ങാത്ത ആശയും മാത്രമുള്ള ഒരു രാഷ്ട്രീയനേതാവിന്റെ മുഖം ഉമ്മന്‍ചാണ്ടിയുടെ ഉടലിനുമുകളില്‍ കാണുന്നില്ലേ?
ഇപ്പോള്‍ ഒരു 'വിടമാട്ടേന്‍...'ലൈന്‍ ഫീല്‍ ചെയ്യുന്നുണ്ടോ? ഒരുകാര്യം കൂടി. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുന്നു:
" പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ ഇടപാടിലെ 374.5 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് ഇനിയും ലഭിക്കാനുള്ള 86.25 കോടിയും ചേര്‍ത്താല്‍ 460.75 കോടിയുടെ അഴിമതിയാണ് ഈ ഇടപാടില്‍ നടന്നിരിക്കുന്നത്. അതുകൊണ്ടാണ് യു.ഡി.എഫ്. ഈ വിഷയത്തെ അതീവഗൗരവമായി കാണുന്നത്. ''
അമ്പമ്പോ. ഈ കണക്ക് ഒന്നുനോക്കുക:
ആകെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപയാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്മിനിസ്ടേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപ.
ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-സര്‍ക്കാരിന്റെയും വൈദ്യുതി ബോഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ കാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ഈ ചെലവിട്ട തുകയും വാങ്ങിയ യന്ത്രങ്ങളും നടത്തിയ നിര്‍മ്മാണവും നവീകരണത്തിനുശേഷം മൂന്നു പദ്ധതികളില്‍നിന്നായി ഉല്‍പാദിപ്പിച്ച 1200 കോടി രൂപയുടെ വൈദ്യുതി ഏതുകണക്കിലാണ് ഉമ്മന്‍ചാണ്ടി പെടുത്തുന്നത്?
കഷ്ടം. കള്ളം പറയാന്‍ ചിലര്‍. അത് ഏറ്റുപിടിച്ച് അപസ്മാരബാധ കാട്ടാന്‍ മറ്റുചിലര്‍. കുറെ ഉപജാപങ്ങളും തൊടുന്യായങ്ങളും കൊണ്ട് സിപിഐ എമ്മിനെയും പിണറായി വിജയനെയും ഒടുക്കിക്കളയാന്‍ ഇനിയും ശ്രമിക്കുക. അതിന് കിട്ടാവുന്ന എല്ലാ മനോരോഗികളെയും കൂട്ടുപിടിക്കുക. ഇതാണല്ലോ പുതിയ ആദര്‍ശാത്മക മൂല്യാധിഷ്ഠിത രാഷ്ട്രീയം.