Tuesday, April 12, 2011

കടം കൊണ്ട പോസ്റ്റ്‌

ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ്
- എന്‍ എസ് സജിത്

'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍'- കെ ജി ശങ്കരപ്പിള്ളയുടെ ഒരു കവിതയുടെ പേരാണ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം ജില്ലയില്‍ വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അരങ്ങേറിയ അസംബന്ധനാടകം കണ്ട പലര്‍ക്കും ഈ കവിതയുടെ പേര് ഓര്‍മവന്നിട്ടുണ്ടാകും.

പത്തുപതിനാറുവര്‍ഷം വിദ്യാര്‍ഥിനേതാവായിരുന്നെങ്കിലും തന്റെ അഭിനയചാതുരി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും. ഈ അഭിനയ നൈപുണി മുമ്പ് തിരിച്ചറിയാനായില്ലല്ലോ എന്ന വിഷമം എസ്എഫ്ഐയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും.

മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കാലിന് പരിക്കേല്‍പ്പിച്ചപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴും മുഖത്തുണ്ടായ ഭാവമാറ്റം അഭിനയമായിരുന്നില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പരസ്പരം പറഞ്ഞും എസ്എംഎസ് അയച്ചും ആശ്വസിക്കുന്നുണ്ടാകും. അതൊരു കാലം. തീയില്‍ മുളച്ചവള്‍. വെയിലത്ത് വാടിയില്ലെന്നുമാത്രമല്ല, ആ ശൌര്യത്തിനുമുന്നില്‍ ലാത്തിയും ഗ്രനേഡുംപോലും തോറ്റുപോയി. പോരാട്ടത്തിന്റെ തുടര്‍ച്ചയില്‍ കാലത്തിന്റെ ചുവരില്‍ ഹൃദയരക്തംകൊണ്ട് അവള്‍ എഴുതിവച്ചു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ലെന്ന്. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനെ ഗോസിപ്പ് കോളത്തില്‍ ഒരു പത്രം പുലഭ്യം പറഞ്ഞപ്പോഴും പതറാതെ പിടിച്ചുനിന്നു.

ഓരോ തെരഞ്ഞെടുപ്പും വളര്‍ച്ചയുടെ ഓരോ പടവുകളാക്കി. എന്നാല്‍, ഒരു മാസം എന്തെല്ലാം മാറ്റമാണ് വരുത്തിയത്. ആദ്യം കഴുത്തില്‍ തൂങ്ങിയത് ത്രിവര്‍ണ ഷാള്‍. പിന്നെ എല്ലാ വര്‍ണങ്ങളും അഴിഞ്ഞുവീണു. പിന്നെ കാണുന്നത് വെള്ളവസ്ത്രം ധരിച്ച്. നാടുവിറപ്പിച്ച വിപ്ളവകാരിയില്‍നിന്ന് ഒരു ഭഗിനി സേവാമയി ലുക്കിലേക്ക് പതുക്കെയുള്ള മാറ്റം എല്ലാവരും ആസ്വദിച്ചു. നിവര്‍ന്നുനിന്ന് നെഞ്ചൂക്കോടെ പോര്‍വിളിച്ചവളെയല്ല ഇപ്പോള്‍ കാണുന്നത്. പ്രസംഗിക്കുമ്പോള്‍ തലയ്ക്ക് ആവശ്യത്തിലേറെ ചെരിവ്. പതിവില്ലാത്ത വിധേയത്വവും വിനയവും. യുഡിഎഫ് നേതാക്കളെ പുകഴ്ത്തുമ്പോള്‍ വിനയവും വിധേയത്വം കരച്ചിലോളമെത്തുന്നുമുണ്ട്.

കരുണയില്ലാതെ ഗ്രനേഡ് പ്രയോഗിക്കാന്‍ പൊലീസിന്ഉത്തരവ് കൊടുത്ത ഉമ്മന്‍ചാണ്ടി പണ്ട് ജനറല്‍ ഡയറായിരുന്നു. ഇന്നദ്ദേഹം പിതൃതുല്യന്‍. ചാണ്ടി ഉമ്മന് അവള്‍ 13 വയസ്സ് മൂപ്പുള്ള മൂത്ത പെങ്ങള്‍. മരിയക്കും അച്ചുവിനും മൂത്തചേച്ചി. മറിയാമ്മയ്ക്ക് വൈകിയെത്തിയ മൂത്തമകള്‍.

വേങ്ങരയില്‍ പോയി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ഈ മുത്തിനെ മുങ്ങിയെടുക്കാന്‍ വൈകിയതിന് കുഞ്ഞാപ്പയെ ലീഗുകാര്‍ മനസ്സില്‍ പ്രാകിയിട്ടുണ്ടാകും. കുഞ്ഞാലിക്കുട്ടി മന്ത്രിയെന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര കേമമായിരുന്നു എന്നും അദ്ദേഹത്തില്‍നിന്ന് കേരളം ഇനിയുമെത്രയോ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വാക്കുകള്‍ ഉള്‍പ്പുളകത്തോടെയല്ലേ വേങ്ങരക്കാര്‍ കേട്ടത്.

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ.

ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം.

സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും.

Thursday, April 7, 2011

നുള്ളിയോ പിച്ചിയോ?


പ്രൈമറി ക്ളാസ്സിയെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്.

എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍നില്‍ക്കുന്ന ആദരണീയനായ രാഷ്ട്രീയ നേതാവ്, തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ത്ഥമേ ഏതു നിഘണ്ഡുവിലും കാണുന്നുള്ളൂ.

സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വിഎസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വിഎസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചുണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തിമൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്ര വരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം.
ഇതേ സിന്ധു ജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വിഎസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളം വെച്ചത്്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവെച്ചുമാത്രം അപവാദ കഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ട അസുഖം തന്നെ.

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വിഎസ്സില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന്'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വിഎസ്?

ലതികാ സുഭാഷിന്റെ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ദുരുദ്ദേശ്യം പിറന്നത്. പൊതു സമൂഹം ലതികാ സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വിഎസിനെതിരെയും എല്‍ഡിഎഫനെതിരെയും നിങ്ങള്‍ രാഷ്ട്രീയം പറയൂ.

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ത്ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല.

വി എസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ത്ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്.