Wednesday, April 25, 2012

ലീഗിന്റെ കൈയിലെ വിദ്യാഭ്യാസ വകുപ്പ്


ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടത്. ലീഗിന്റെ കൈയില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് എടുത്തുമാറ്റിയേ തീരൂ എന്ന വാശിയിലാണ് യുഡിഎഫിലെ മുഖ്യപാര്‍ടിയുടെ വിദ്യാര്‍ഥിസംഘടന ഇങ്ങനെയൊരാവശ്യം പരസ്യമായി ഉന്നയിച്ചത്. ഇത് ഡോ. സുകുമാര്‍ അഴീക്കോട് മുമ്പേ പറഞ്ഞതാണ്. മുസ്ലിംലീഗിലെ അബ്ദുറബ്ബിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് വകുപ്പുവിഭജന വാര്‍ത്ത പുറത്തുവന്നയുടന്‍ അഴീക്കോട് പ്രതികരിച്ചത്. മുസ്ലിംലീഗ് മാനേജ്മെന്റിന്റെ ഭാഗത്തുമാത്രമേ നില്‍ക്കുകയുള്ളൂവെന്നും ലീഗിന് വിദ്യാഭ്യാസവകുപ്പ് നല്‍കിയത് തെറ്റായ വഴിയിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആ മുന്നറിയിപ്പ് ശരിവയ്ക്കുന്ന അനുഭവങ്ങളാണ് തുടരെത്തുടരെ ഉണ്ടായത്. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി ലീഗ് നേതാക്കള്‍ക്ക് വീതിച്ചുനല്‍കാനുള്ള തീരുമാനം അതില്‍ ഒടുവിലത്തേതാണ്.

കാട്ടാന കരിമ്പിന്‍തോട്ടത്തില്‍ കയറിയാല്‍ എല്ലാം താറുമാറാക്കുകയേ ഉള്ളൂ.ലീഗ് വിദ്യാഭ്യാസവകുപ്പില്‍ കയറിയപ്പോള്‍ സര്‍വതും കൊള്ളയടിച്ചുകൊണ്ടുപോകുകയാണ്. തപാല്‍ മാര്‍ഗം വിദ്യാഭ്യാസം നടത്തിയ, കോളേജിന്റെ പടികയറിയിട്ടില്ലാത്ത ആളെ ലീഗുകാരനെന്ന ഒറ്റ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് ലീഗുകാര്‍. നന്നായി കച്ചവടം നടത്താന്‍ അറിയാവുന്നവര്‍ വൈസ്ചാന്‍സലറായാല്‍ മതിയെന്ന് ലീഗുകാര്‍ കരുതുന്നു.

 പോസ്റ്റല്‍ ഡിഗ്രിക്കാരനായ ആദ്യത്തെ ആളെ ഒഴിവാക്കേണ്ടിവന്നെങ്കിലും അതിനേക്കാള്‍ വലിയ കച്ചവടക്കാരനെയാണ് പിന്നീട് കണ്ടെത്തി നിയമിച്ചത്. സര്‍വകലാശാല തറവാട്ടു സ്വത്താണെന്ന മട്ടിലാണ് ലീഗ് കൈകാര്യം ചെയ്യുന്നത്. വിവരംകെട്ട തറവാട്ടു കാരണവന്മാരുടെ തണ്ടന്‍ ഭരണശൈലിയാണ് വൈസ് ചാന്‍സലര്‍ മുതിര്‍ന്ന അധ്യാപകര്‍ക്കുനേരെ പോലും പ്രയോഗിക്കുന്നത്. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്ന് അധ്യാപകരോ വിദ്യാര്‍ഥികളോ അല്ല, സ്വകാര്യ കമ്പനികളുടെ ഏജന്റുമാരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമാണ് വിരാജിക്കുന്നത്. ജീവനക്കാരോടും അധ്യാപകരോടും മാന്യമായി ഒന്നുചിരിക്കാന്‍ തയ്യാറാകാത്ത വൈസ്ചാന്‍സലര്‍ ഇത്തരം കച്ചവടക്കാരെ മാലയിട്ടു സ്വീകരിക്കുന്നു.

 ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍വകലാശാല എടുത്ത തീരുമാനം താന്‍ അറിഞ്ഞതല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. അതു ശരിയെങ്കില്‍ ഒന്നുകില്‍ വിസി; അല്ലെങ്കില്‍ മന്ത്രി- ഇതിലൊരാള്‍ക്കു മാത്രമേ തുടരാന്‍ അവകാശമുള്ളൂ. വിസിയുടെ ഭൂമിദാന തീരുമാനം തെറ്റാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ഒടുവില്‍ പറഞ്ഞിരിക്കുന്നു. എങ്കില്‍ വിസിയെ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല? ഭൂമി കൈക്കലാക്കാന്‍ ഉപജാപം നടത്തി ആര്‍ത്തിയോടെ കൈയിട്ടുവാരാന്‍ ശ്രമിച്ച സ്വന്തം ബന്ധുക്കള്‍ നല്ല പിള്ളകളാണോ എന്നും കുഞ്ഞാലിക്കുട്ടി പറയേണ്ടതാണ്

. കോണ്‍ഗ്രസ് നോക്കുകുത്തിയാണ്. ആ പാര്‍ടിയുടെ രണ്ട് സിന്‍ഡിക്കറ്റംഗങ്ങള്‍ പരസ്യമായി എതിര്‍ത്തിട്ടും ഭൂമിദാനത്തില്‍നിന്ന് പിന്മാറാന്‍ ലീഗ് തയ്യാറായിരുന്നില്ല. ലീഗിന്റെ ഔദാര്യമാണ് ഉമ്മന്‍ചാണ്ടി വഹിക്കുന്ന മുഖ്യമന്ത്രിസ്ഥാനമെന്ന അഹന്ത പ്രവൃത്തിയില്‍ വരുന്നത് ഇത്തരം രംഗങ്ങളിലൂടെയാണ്. മലപ്പുറം ജില്ലയില്‍ ആസ്ഥാനം സ്ഥിതിചെയ്യുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ കാര്യംനോക്കാന്‍ കോണ്‍ഗ്രസിന് എന്തവകാശം എന്നതാണ് അഹന്ത. എം അബ്ദുള്‍സലാമാണ് ലീഗ് നോമിനിയായ കലിക്കറ്റ് വിസി. കൃഷിയാണ് പഠിപ്പിച്ചത് എന്നതുകൊണ്ടുതന്നെ വൈസ് ചാന്‍സലറായപ്പോള്‍ അദ്ദേഹം സര്‍വകലാശാലയെ കൃഷിചെയ്തു തുടങ്ങി.

 പതിനാലംഗ സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍ എസ് പണിക്കര്‍, ജി സി പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രത്യേകം വാര്‍ത്താസമ്മേളനം വിളിച്ച് കലിക്കറ്റ് വാഴ്സിറ്റിയിലെ ക്രമക്കേടുകള്‍ എണ്ണിപ്പറയേണ്ടിവന്നു. വിവാദമായപ്പോഴാണ് ഭൂമിദാന തീരുമാനം മരവിപ്പിച്ചതെന്നും ഇല്ലെങ്കില്‍ ഭൂമിദാനവുമായി മുന്നോട്ടു പോകുമായിരുന്നുവെന്നുമാണ് പണിക്കര്‍ പറഞ്ഞത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അതില്‍ താന്‍ ആശങ്ക തുടര്‍ച്ചയായി അറിയിച്ചിരുന്നുവെന്നും വിസിയുടെ കടുംപിടിത്തമാണ് തീരുമാനത്തിനു പിന്നിലെന്നും പണിക്കര്‍ പറഞ്ഞിട്ടുണ്ട്. ഭൂമിദാനം കലിക്കറ്റില്‍ നിന്നുയരുന്ന നാറ്റത്തിന്റെ ഒരുഭാഗം മാത്രമാണ്. ലീഗിന്റെ പേക്കൂത്താണ് അവിടെ വൈസ് ചാന്‍സലറിലൂടെ അരങ്ങേറുന്നത്.

 അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് ക്യാമ്പസില്‍. സര്‍വകലാശാലാ കെട്ടിടങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രക്ഷോഭങ്ങള്‍ പാടില്ലെന്ന വിധി വിസി കോടതിയില്‍ നിന്നു സമ്പാദിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ എല്ലാ പ്രതിഷേധവും പ്രകടനങ്ങളും യോഗങ്ങളും പോസ്റ്ററുകളും നിരോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്യാമറ വയ്ക്കുന്നത് നിയമം അനുവദിക്കുന്നില്ല. കലിക്കറ്റില്‍ ഇപ്പോള്‍ ക്യാമറകളുടെ കൃഷിയും നടക്കുന്നു. മൂത്രപ്പുരയില്‍ വരെ ക്യാമറ വച്ച് ജീവനക്കാരെ "നിരീക്ഷിക്കുന്നു" എന്നാണ് കേള്‍വി. പ്രതിഷേധിച്ചാല്‍ കേസും സസ്പെന്‍ഷനും പ്രതികാരവുമാണ്. ഈയിടെ ചരിത്ര സെമിനാര്‍ പോലും നിരോധിച്ചു. മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് 36 സ്വാശ്രയ കോളേജിന് ഒറ്റയടിക്ക് അംഗീകാരം നല്‍കിയത്. അതില്‍ മുപ്പതോളം കോളേജ് ലീഗിന്റെ സ്വന്തക്കാരുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയുമാണ്.

 വിസി മൂര്‍ച്ചയുള്ള ഉപകരണം മാത്രമാണ് ലീഗിന്. സെമിനാറുകള്‍ക്കും മറ്റു സര്‍വകലാശാലകളിലെ പരീക്ഷാജോലികള്‍ക്കും പോകുന്നത് അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാണ്. എന്നാല്‍, അവയെല്ലാം ഒഴിവാക്കി സര്‍വകലാശാലയില്‍ തന്നെ ഇരിക്കണമെന്നാണ് വിസിയുടെ ശാഠ്യം. പുച്ഛത്തോടെയേ പെരുമാറുന്നുള്ളൂ. അധ്യാപക നിയമനത്തിനായി അക്കാദമിക് കൗണ്‍സില്‍ തീര്‍ത്ത മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു. അതിലൂടെ, റാങ്കുനേടിയവരെയും മിനിമം മാര്‍ക്കുള്ളവരെയും ഒരേനിലയില്‍ പരിഗണിക്കുന്ന വിചിത്രമായ അവസ്ഥ വരുന്നു.

 പട്ടാളത്തില്‍ നിന്നു വിരമിച്ച പാചകക്കാരനും പ്ലസ്ടു അധ്യാപകനും പ്രാദേശിക രാഷ്ട്രീയക്കാരനുമെല്ലാം അടങ്ങുന്ന സിന്‍ഡിക്കറ്റിലെ അംഗങ്ങളും സ്വന്തം പഠനമേഖലയല്ലാതെ മറ്റൊന്നിനെക്കുറിച്ചും തരിമ്പും വിവരമില്ലാത്ത വിസിയും അക്കാദമിക് നിയമനങ്ങള്‍ നടത്തുകയാണ്. വിഷയവിദഗ്ധനായ മറ്റ് അധ്യാപകരെ സമ്മര്‍ദത്തിലൂടെയും ഭീഷണിയിലൂടെയും വരുതിയില്‍ നിര്‍ത്തുന്നു. സാമുദായിക നേതാക്കളുടെ മക്കളും ബന്ധുക്കളും ഇഷ്ടക്കാരുമൊക്കെ ഇങ്ങനെ നിയമനം നേടുകയാണ്. സീനിയര്‍ അധ്യാപകരോടും വകുപ്പുതലവന്മാരോടും പുറത്താക്കുമെന്നും കുടുക്കുമെന്നും നിങ്ങള്‍ വെറും വെയിസ്റ്റാണെന്നും മറ്റും പരസ്യമായി പുലമ്പുകയാണ് വിസി.

അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം ഗുണനിലവാരം ഇല്ലാത്തവരാണെന്ന് പൊതുവേദികളില്‍ കയറി ആവര്‍ത്തിച്ചുപറയാന്‍ അദ്ദേഹത്തിന് അറപ്പില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തലവന്മാരായ സീനിയര്‍ അധ്യാപകരെ "വിവരമില്ലാത്ത വയസ്സന്മാരെന്നാണ്" വിസി വിശേഷിപ്പിച്ചത്. ഇതൊക്കെ ആരെങ്കിലും പുറത്തുപറയാമെന്നുവച്ചാലോ? മാധ്യമങ്ങളോട് ജീവനക്കാര്‍ മിണ്ടാന്‍ പാടില്ലെന്ന കല്‍പ്പനയുണ്ട്. കുരങ്ങന് പൂമാല കിട്ടിയപോലെ എന്ന പ്രയോഗം ലീഗിന് വിദ്യാഭ്യാസവകുപ്പു കിട്ടിയതുമായി ചേര്‍ത്തുവയ്ക്കാനാകില്ല. ഹിറ്റ്ലര്‍ഭരണം തകര്‍ത്തുനടത്തുമ്പോഴും രാഷ്ട്രീയ യജമാനന്മാര്‍ക്ക് ഭൂമി സമ്പാദിച്ചുകൊടുക്കാനും അഴിമതിക്കുള്ള അവസരമൊരുക്കിക്കൊടുക്കാനും വിസി ബദ്ധശ്രദ്ധനാണ്.

 കലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമല്ല, എല്ലാ തലത്തിലും ഇതുതന്നെയാണ് സ്ഥിതി. മന്ത്രി എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിംലീഗ് നിലമ്പൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയെയാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഐടി@സ്കൂള്‍ ഡയറക്ടറാക്കിയത്. അഞ്ചുവര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഐടി@സ്കൂളിനെ പൊതുവിദ്യാഭ്യാസമേഖലയുടെ ചാലകശക്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഡയറക്ടര്‍ അന്‍വര്‍ സാദത്തിനെ നീക്കിയാണിത്. ഇത് ഒരുദാഹരണം മാത്രം. എണ്ണിയാലൊടുങ്ങാത്ത ഇത്തരം ഇടപെടലുകള്‍ വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്നു.

ലീഗിന്റെ അപ്രമാദിത്വത്തിന്റെ അരികുപറ്റി, കിട്ടുന്നതുകൊണ്ട് തൃപ്തിയടഞ്ഞ് കോണ്‍ഗ്രസ് മിണ്ടാതിരിക്കുന്നു. ഈ പോക്കുപോയാല്‍, നാളെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളും കോളേജുകളും സ്ഥിതിചെയ്യുന്ന കണ്ണായ സ്ഥലങ്ങള്‍ ലീഗ് നേതാക്കളുടെ പേരിലായാല്‍ അത്ഭുതപ്പെടാനില്ല. അവിടങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ ഉയരുമ്പോള്‍ ഏതാനും സ്ഥലം കോണ്‍ഗ്രസിനും കിട്ടുമായിരിക്കും. അഴീക്കോടിന്റെ ദീര്‍ഘദൃഷ്ടി ആപാരമെന്നുതന്നെ പറയണം.

Monday, April 23, 2012

ഫാസിസത്തിന്റെ പ്രേതജന്മം



അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സാണ് തോമസ്മാന്‍, ഹേയ്നേ ബ്രെഹ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ ചുട്ടുകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. നാസി ജര്‍മനിയില്‍ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സ്വന്തം ഭാഷയിലെ സത്യം കാത്തുസൂക്ഷിക്കാന്‍ നാടുവിടേണ്ടി വന്നു. പോളണ്ടില്‍ ആക്രമിച്ചുകയറിയ നാസിപ്പട ഗ്രന്ഥശാലകള്‍ അടച്ചുപൂട്ടുകയും പോളിഷ് ക്ലാസിക്കുകളും നിഘണ്ടുക്കളും ഭൂപടങ്ങളും കണ്ടുകെട്ടുകയും റേഡിയോ കൈവശം വച്ചവരെ വധിക്കുകയും ചെയ്തു. ഡോ. ലോറന്‍സ് ബ്രിട്ട് ഫാസിസത്തിന്റെ 14 സവിശേഷത കണ്ടെത്തിയതില്‍ ഒന്ന്, "പൊതുശത്രു"വിനെ സൃഷ്ടിച്ച് അതില്‍ ഭീതിവളര്‍ത്തി എന്തും ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ്. ശത്രുവായി പ്രഖ്യാപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലെന്നും അവര്‍ എത്ര കഠിനമായി ശിക്ഷിക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ഫാസിസ്റ്റുകള്‍ പഠിപ്പിക്കുന്നു. കലാകാരന്മാരെയും അധ്യാപകരെയും സെന്‍സര്‍ ചെയ്യുന്നതും തടവിലിടുന്നതും ഫാസിസ്റ്റ് ഭരണാധികാരികളുടെ പൊതുസ്വഭാവങ്ങളിലൊന്നാണ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക; വഴങ്ങാത്തവയെ നശിപ്പിക്കുക; സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുക; നിയമത്തിന്റെ ചങ്ങലപ്പൂട്ടില്‍ കുടുക്കുക; സര്‍ക്കാര്‍ നേരിട്ട് മാധ്യമങ്ങള്‍ നടത്തുക തുടങ്ങിയ നടപടികളും ഈ പട്ടികയില്‍ വരുന്നു

. പശ്ചിമബംഗാളില്‍നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍, ആ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഒറ്റനോട്ടത്തില്‍ തന്നെ ഫാസിസത്തോട് പൊരുത്തപ്പെടുന്ന ഇത്തരം നീക്കങ്ങള്‍ തുടരെത്തുടരെ നടത്തുന്നു എന്നാണ്. മമതാബാനര്‍ജി നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യത്തെയല്ല; ഫാസിസത്തെയാണ് മാതൃകയാക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ് മമതാബാനര്‍ജി. ഇടതുമുന്നണി ഭരണത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാനായി അവര്‍ ഊതിവീര്‍പ്പിച്ചതാണ് മമത എന്ന "രക്ഷക"യെ. കേരളത്തിലെന്നപോലെ വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളുടെ വന്‍പടതന്നെയാണ് സിപിഐ എമ്മിനെതിരെ അഹോരാത്രം പ്രവര്‍ത്തിച്ചത്. സിപിഐ എം വിരുദ്ധ വാര്‍ത്തകളില്ലാതെ ഒരുദിവസംപോലും പത്രങ്ങള്‍ ഇറങ്ങിയില്ല. സംഘടിതമായ ആ പ്രചാരണ തന്ത്രം മമതയ്ക്ക് കൃത്രിമമായ സ്വീകാര്യത നേടിക്കൊടുക്കാന്‍ വലിയതോതില്‍ സഹായകമായി. ഇപ്പോഴിതാ അതേ മാധ്യമങ്ങള്‍ മമതയുടെ ശത്രുപക്ഷത്തെത്തിയിരിക്കുന്നു.

കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായ സംഭവം മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെയായിരുന്നു മമതയുടെ ആദ്യ രോഷപ്രകടനം. പെണ്‍കുട്ടി മാനഭംഗപ്പെട്ടില്ലെന്നു വാദിച്ച മമത, തനിക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വായനശാലകളില്‍ ഈ പത്രങ്ങള്‍ വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 13 പത്രങ്ങളേ വാങ്ങാവൂ എന്ന് ഉത്തരവിട്ടു. പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ വാര്‍ത്താ ചാനലുകള്‍ക്കെതിരെ തിരിഞ്ഞു. പൊതുജനം വാര്‍ത്താ ചാനലുകള്‍ കാണരുത്, പകരം വിനോദപരിപാടികള്‍ കണ്ടാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ആജ്ഞാപിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ സര്‍ക്കാരിനെതിരെ അപവാദപ്രചാരണം നടത്തുകയാണത്രേ. അവയിലെ വാര്‍ത്ത കാണുന്നതിനു പകരം ബംഗാളികള്‍ പാട്ടുകേട്ടുകൊള്ളട്ടെ എന്ന് മമത പറയുന്നു.

വെറുതെ ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കാണാതിരിക്കേണ്ട ചാനലുകളുടെ പട്ടിക അവര്‍ പൊതുയോഗത്തില്‍ വായിച്ചു. സര്‍ക്കാര്‍ ലൈബ്രറികളില്‍ ഏതൊക്കെ പത്രം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവ് രൂക്ഷമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഘട്ടത്തില്‍ തന്നെയാണ് ചാനല്‍വിരുദ്ധ പ്രഖ്യാപനം. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്വന്തം വാര്‍ത്താ ചാനലും ദിനപ്പത്രവും തുടങ്ങുകയാണെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഫാസിസ്റ്റ് രീതികള്‍ മമതയ്ക്ക് അതിലും മാതൃകയാകുകയാണ്.

നിഷേധാത്മകവാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതെന്നാണ് മമതയുടെ പ്രധാന പരാതി. സിപിഐ എമ്മിനെതിരെ അത്തരം നിഷേധാത്മക വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കാനും അതിന്റെ മറവില്‍ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാനും ആവേശപൂര്‍വം ഇറങ്ങിയ മമതയുടെ യഥാര്‍ഥ സ്വഭാവം ഇന്നലെവരെ അനുകൂലിച്ച മാധ്യമങ്ങളും തിരിച്ചറിയുകയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒട്ടേറെ സാംസ്കാരികപ്രവര്‍ത്തകരും ബുദ്ധിജീവികളും വീണുപോയിരുന്നു. അത്തരക്കാര്‍ക്ക് മമത നല്‍കിയ ആദ്യശിക്ഷയാണ്, റെയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ജാദ്പുര്‍ സര്‍വകലാശാലാ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയുടെ അറസ്റ്റ്. ഇതേക്കുറിച്ച്, ""മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. തെരുവുപോരാളിയുടെ സ്ഥാനത്തല്ല. ഭരണാധികാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മമത പഠിച്ചേ തീരൂ"" എന്നാണ് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്.

ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് പശ്ചിമ ബംഗാള്‍. അവിടത്തെ ഭരണാധികാരം കിട്ടിയപ്പോള്‍, നീതിയെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മമതയ്ക്ക് കഴിയുന്നെങ്കില്‍, ഇത്തരം ശക്തികളുടെ വളര്‍ച്ച എത്രമാത്രം ആശങ്കയോടെ കാണണമെന്ന് ജനാധിപത്യബോധമുള്ള സകലരും ചിന്തിച്ചേ മതിയാകൂ. മമതയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ക്കെന്ന പോലെ കേന്ദ്രത്തില്‍ മമതയ്ക്ക് കീഴടങ്ങാതെ ഭരണം നിലനിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ മമത എന്ന ഫാസിസ്റ്റ് മനസ്സുള്ള ഭരണാധികാരിയെ കോണ്‍ഗ്രസ് പാലൂട്ടിവളര്‍ത്തുകയാണ്. അധികാരം നിലനിര്‍ത്തുന്നതിനുള്ള ഈ വിട്ടുവീഴ്ച ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കലുമാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ മമതയുടെ തനിനിറം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ തനിനിറം അനുഭവിച്ചറിയുന്നു. അന്നാട്ടിലെ കോണ്‍ഗ്രസുകാരും പൊറുതിമുട്ടിയിരിക്കുന്നു. പക്ഷേ, കേന്ദ്രത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കുലുക്കമില്ല. അവര്‍ക്ക് എല്ലാത്തിലും വലുതാണ് അധികാരം. ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ ശക്തമായ ബഹുജനവികാരം രാജ്യത്താകെ ഉയരേണ്ടതുണ്ടെന്നാണ് പശ്ചിമബംഗാളിന്റെ സന്ദേശം. ബംഗാളിലെ പൊരുതുന്ന ഇടതുപക്ഷത്തോടുള്ള ഐക്യപ്പെടല്‍ കൂടുതല്‍ ദൃഢതരമാകണം. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിനടിപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്ക്, മമത എന്ന വിപത്ത് തങ്ങള്‍ക്കുനേരെ വന്നപ്പോഴെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

Friday, April 13, 2012

കോണ്‍ഗ്രസിന്റെ ആത്മഹത്യ

ചത്തകുതിര എന്നുവിളിച്ച കോണ്‍ഗ്രസിനോട് ലീഗ് കൃത്യമായി പ്രതികാരം ചെയ്തിരിക്കുന്നു; കോണ്‍ഗ്രസിനെ ഒരു മരക്കുതിരയാക്കിക്കൊണ്ട്. മരക്കുതിരയുടെ പ്രത്യേകത നിന്നിടത്തുനിന്ന് അതിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ചലിക്കാനാകില്ല. അഥവാ ചലിക്കണമെങ്കില്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ വടംകെട്ടി വലിക്കണം. ഒരര്‍ഥത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആത്മഹത്യ ചെയ്യേണ്ടതാണ്, ഒരു ദേശീയ പാര്‍ടിക്ക് ഇങ്ങനൊരു ദുരന്തം വന്നുകൂടാ. മലപ്പുറം ജില്ലയില്‍ പലേടത്തും മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രംവച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു കണ്ടു. ആ ആഹ്ലാദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടിയുടെയും പരാജയത്തിലുള്ള ആഹ്ലാദംകൂടിയാണ്. മന്ത്രിസ്ഥാനം വെള്ളിത്താലത്തില്‍വച്ച് പാണക്കാട്ടേക്ക് കൊണ്ടുവന്നുതരും എന്ന ലീഗിന്റെ അഹന്ത ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു.

അഹങ്കാരത്തിന്റെ പാരമ്യത്തില്‍ മുസ്ലിംലീഗ് മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ലീഗിന്റെ ഇന്നലെവരെയുണ്ടായിരുന്ന നാല് മന്ത്രിമാര്‍ കഴിവുകെട്ടവരാണെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടു എന്നതാണ് അത്. ലീഗിന് അഞ്ചാംമന്ത്രി വന്നതുകൊണ്ട് നേട്ടം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മഞ്ഞളാംകുഴി അലിക്കുമാത്രമാണ്. പുതിയ മന്ത്രി വന്നതുകൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എന്തെങ്കിലും നേട്ടമുണ്ടാകുന്നില്ല. പുതിയ മന്ത്രിക്കായി പുതിയ വകുപ്പോ പുതിയ ചുമതലകളോ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍ എന്നീ മന്ത്രിമാരുടെ കൈയിലുള്ളതില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് അലിക്കു കൊടുത്ത വകുപ്പുകള്‍. ഇതുവരെ ഈ നാലു മന്ത്രിമാര്‍ക്ക് ഈ വകുപ്പുകള്‍ കഴിവുറ്റ രീതിയില്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞിരുന്നില്ലേ? അങ്ങനെയെങ്കില്‍ ലീഗ് അത് സമ്മതിക്കണം. നാലു മന്ത്രിമാര്‍ക്ക് കാര്യപ്രാപ്തിയില്ലാത്തതുകൊണ്ട് അഞ്ചാമതൊരാളെക്കൂടി മന്ത്രിയാക്കി എന്നുതന്നെ പറയണം. അത് പറയാന്‍ തയ്യാറാകാത്തിടത്തോളം കഴിവുകേട് തന്നെയാണ് തെളിയുന്നത്.

രണ്ടു ഡസനോളം സ്റ്റാഫ്, ഓഫീസ്, മന്ത്രിമന്ദിരം, ടെലിഫോണ്‍, യാത്രച്ചെലവ് ഇങ്ങനെ കോടികളുടെ ബാധ്യതയാണ് അഞ്ചാംമന്ത്രി കേരളത്തിന്റെ ഖജനാവിനെ അടിച്ചേല്‍പ്പിക്കുന്നത്. ഈ വന്‍ചെലവുകൊണ്ട് ഇന്നാട്ടിലെ ന്യൂനപക്ഷസമുദായങ്ങളുടെ എന്തു പ്രശ്നമാണ് പരിഹരിക്കപ്പെടുക? മുസ്ലിംസമുദായം ഇന്നു നേരിടുന്ന അനേക പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മ മുതല്‍ തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലടയ്ക്കപ്പെടുന്നതുവരെ. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ടി സിപിഐ എമ്മാണ്. അതിലൊന്നും ലീഗ് പ്രത്യേക താല്‍പ്പര്യമോ നിര്‍ബന്ധമോ കാണിച്ചുകണ്ടിട്ടില്ല. കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി, കേരളത്തിലെ കെപിസിസി നേതൃത്വത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ലീഗിന് മറ്റെന്താണ് സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയാത്തത്. എന്നിട്ടും എന്തുകൊണ്ട് ജീവല്‍പ്രധാന പ്രശ്നങ്ങള്‍ക്കുമുന്നില്‍ പൊട്ടന്‍കളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഇ അഹമ്മദും അണികളോട് മുഖതാവില്‍ പറയേണ്ടിവരും.

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ബിജെപിക്ക് ഹര്‍ത്താലിന് അവസരം ലഭിച്ചു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജയിപ്പിക്കാന്‍ അഹോരാത്രം പാടുപെട്ടവരും ആ പ്രയത്നത്തിന്റെ ശമ്പളം കണക്കുപറഞ്ഞ് വാങ്ങിയവരുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവിനുള്ള ആയുധമാക്കി മറയില്ലാതെ മാറ്റുന്നത്. അവര്‍ പറഞ്ഞ നിരവധി കാര്യങ്ങള്‍ കേരളീയസമൂഹം സജീവമായി ചര്‍ച്ചചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനാണ്. ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരം തിരുവഞ്ചൂരിന്റെ മുതുകത്തു വച്ചുകെട്ടിയതുകൊണ്ട് തീരുന്ന പ്രശ്നവുമല്ലത്. നാളെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ലീഗിനെപ്പോലെ ആവശ്യങ്ങളുന്നയിക്കാം. എന്തിന്, യുഡിഎഫിലെ ഏകാംഗ കക്ഷികള്‍ക്കുപോലും ഇത്തരം ആവശ്യങ്ങളുമായി വരാം, ഉമ്മന്‍ചാണ്ടി വഴങ്ങേണ്ടിവരും. കാരണം, അദ്ദേഹത്തിന്റെ ഏക അജന്‍ഡ അധികാരമാണ്. ഉമ്മന്‍ചാണ്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കാനായി തകര്‍ക്കപ്പെട്ട പാര്‍ടി എന്നായിരിക്കും കോണ്‍ഗ്രസിന് കേരളചരിത്രത്തിലെ ഇനിയുള്ള സ്ഥാനം. ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരും മുസ്ലിംലീഗാണ്; മാണി കേരളയാണ്. മലപ്പുറത്തും കോട്ടയത്തും മതിയോ ഭരണം? ഈ രണ്ട് ജില്ലകളിലും ആധിപത്യം വഹിക്കുന്ന കക്ഷികള്‍ക്കുപിന്നില്‍ മതിയോ കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് ആ പാര്‍ടിക്കാര്‍തന്നെ നിശ്ചയിക്കേണ്ടിവരും.

അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് ലഭിച്ചതോടെ യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് നിരാശ നല്‍കുന്ന സംഭവവികാസങ്ങളാണ് യുഡിഎഫിനകത്ത് ഉണ്ടാകുന്നത്. ഇന്നലെവരെ എല്ലാം സഹിച്ച കോണ്‍ഗ്രസുകാര്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പ് ലഭിച്ചതുകൊണ്ട് ആ വികാരം അടങ്ങില്ല. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ശബ്ദം മറ്റൊരു അപകടസൂചനയാണ്. കേവലം ഒരു തെരഞ്ഞെടുപ്പിന്റെയോ വോട്ടുകളുടേയോ അല്ല, കേരളത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന്റേതാണ് പ്രശ്നം. അതു തകര്‍ക്കാനുള്ളതാണ് പുതിയ നീക്കങ്ങള്‍. അതീവ ജാഗ്രതയോടെ മതനിരപേക്ഷസമൂഹം ഇതിനെ കാണേണ്ടതുണ്ട്. എന്തിനുവേണ്ടി അഞ്ചാംമന്ത്രി, ആര്‍ക്കാണ് അതുകൊണ്ടു പ്രയോജനം, ആരുടെ കഴിവുകേടുകൊണ്ട് പുതിയ മന്ത്രി വേണ്ടിവന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളാകും അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഇനി യുഡിഎഫ് നേരിടേണ്ടിവരിക.

Monday, April 9, 2012

അതുല്യമായ മഹാസമ്മേളനം

ഇതുപോലൊന്ന് മറ്റൊരു രാഷ്ട്രീയപാര്‍ടിക്ക് ചിന്തിക്കാനാകാത്തതാണ്. ജനങ്ങള്‍ മഹാനദികളായാണ് കോഴിക്കോട്ടേക്ക് ഒഴുകിയത്. അറബിക്കടലിന്റെ തീരത്ത് ആ നദികള്‍ മനുഷ്യമഹാസാഗരമാണ് തീര്‍ത്തത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യതയാണ് ആ സാഗരഗര്‍ജനത്തിലൂടെ ഉയര്‍ന്നുകേട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ടിയുടെ സമ്മേളനം എന്നതിലുപരി, ഒരു ജനതയുടെയാകെ മുന്നേറ്റമായി മാറി.

എതിരാളികള്‍ പ്രചരിപ്പിച്ചതൊന്നുമല്ല പാര്‍ടി കോണ്‍ഗ്രസില്‍ സംഭവിച്ചത്. ഏഴു പ്രധാന കാര്യങ്ങളാണ് തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയുടെ ആറുദിന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കിയത്. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം, രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവ അംഗീകരിക്കലായിരുന്നു ആദ്യത്തെ മൂന്നു കടമകള്‍. അവ പൂര്‍ത്തിയാക്കിയശേഷം ഭരണഘടനാഭേദഗതി അംഗീകരിച്ചു. അതില്‍പ്പിന്നെ പുതിയ കേന്ദ്ര കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമീഷന്റെയും തെരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെയും പൊളിറ്റ്ബ്യൂറോയുടെയും തെരഞ്ഞെടുപ്പ്. എല്ലാ സുപ്രധാന അജന്‍ഡകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിനിധിസമ്മേളന ഹാളില്‍ ഇന്റര്‍നാഷണല്‍ ഗാനം ഉയര്‍ന്നത്.

ഇന്ത്യയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനുള്ള മുന്നുപാധി എന്ന നിലയില്‍ ജനകീയ ജനാധിപത്യവിപ്ലവം വിജയിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ ശരിയായ അടവുനയത്തിന് രൂപംനല്‍കി എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയ കടമയുടെ സാരാംശം. ഇടതുപക്ഷ- ജനാധിപത്യ പരിപാടിക്കുചുറ്റും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിനായി മാര്‍ക്സിസം- ലെനിനിസത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അനവരതം പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

സമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യം കുറച്ചുകാണാനും പരദൂഷണശൈലിയിലുള്ള വാര്‍ത്തകളിലൂടെ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും തുടര്‍ച്ചയായ ശ്രമങ്ങള്‍ വലതുപക്ഷമാധ്യമങ്ങളില്‍നിന്നുണ്ടായി. ഏതെങ്കിലും നേതാവിന്റെ സമ്മേളനത്തിലെ അസാന്നിധ്യവും കമ്മിറ്റികളിലെ അംഗത്വവും സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയാണെന്ന് വരുത്താന്‍ തുടരെ വാര്‍ത്തകള്‍ വന്നു. അതിന് സാധൂകരണം നല്‍കാന്‍ മാര്‍ക്സിസ്റ്റ് ചിന്തകരെന്ന ഭാവേന പാര്‍ടിവിരുദ്ധരെ ചര്‍ച്ചയ്ക്കായി അണിനിരത്തി. സമ്മേളനസമാപനത്തോടെ അത്തരക്കാരുടെ വ്യാമോഹങ്ങളെല്ലാം അസ്തമിച്ചിരിക്കുന്നു. മാധ്യമങ്ങളുടെയും ചര്‍ച്ചാവിദഗ്ധരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല; ഇന്നാട്ടിലെ ജനകോടികളുടെ മോചനം എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനങ്ങളെടുക്കുക എന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, അധികാരത്തിലേക്ക് നടന്നുകയറാന്‍ തെരഞ്ഞെടുപ്പുമുന്നണി തട്ടിക്കൂട്ടുന്നത് പാര്‍ടിയുടെ അജന്‍ഡയല്ല എന്ന് സുവ്യക്തമായി പാര്‍ടി കോണ്‍ഗ്രസിന് പ്രഖ്യാപിക്കാനായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വെള്ളിത്തളികയിലാക്കി വച്ചുനീട്ടിയിട്ടും വേണ്ടെന്നുപറയാനുള്ള ആര്‍ജവം ഈ പാര്‍ടിക്കാണുണ്ടായത്. അതേ ആര്‍ജവംതന്നെയാണ്, അധികാരത്തെ നോക്കിയുള്ള തട്ടിക്കൂട്ടുസഖ്യത്തിന് ഞങ്ങളില്ലെന്ന പ്രഖ്യാപനത്തിലും വായിച്ചെടുക്കാനാകുന്നത്.

സമ്മേളനം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വാര്‍ത്തകളിലൊന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായതായിരുന്നു. ആണവ കരാറുണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടിയെ ചൂണ്ടിയാണ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയുടെ അടിസ്ഥാന സംഘടനാതത്വങ്ങള്‍പോലും മറച്ചുവച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. രാജ്യവിരുദ്ധമായ ആണവകരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടി വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചതാണ്. പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലും ഇത് ആവര്‍ത്തിക്കുന്നു. പാര്‍ടിക്കകത്ത് ഒട്ടും ആശയക്കുഴപ്പം ഇക്കാര്യത്തിലില്ല എന്നിരിക്കെയാണ് ജനറല്‍സെക്രട്ടറിയെ ഒറ്റതിരിച്ചുനിര്‍ത്തി ആക്രമിക്കാന്‍ വലതുപക്ഷമാധ്യമലോകം ഇറങ്ങിയത്. പിന്തുണ ഇതിലും നേരത്തെ പിന്‍വലിക്കണമെന്ന അഭിപ്രായമാണ് പാര്‍ടിയിലുയര്‍ന്നത്. പാര്‍ടി ഐക്യത്തോടെ അംഗീകരിച്ച ആ തീരുമാനത്തെ, എത്രതന്നെ വിശദീകരിച്ചിട്ടും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. പരക്കെ ഉയര്‍ന്ന ഊഹാപോഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടിയായി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം പ്രതികരിച്ചത്, ""കാത്തിരിക്കൂ"" എന്നാണ്. ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു.

വര്‍ഗാടിസ്ഥാനത്തിലുള്ള സംഘാടനമാണ് തൊഴിലാളിവര്‍ഗത്തിന്റെ വിമോചനം കൈവരിക്കുന്നതിലെ പ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപ്രശ്നങ്ങളെയും വിലയിരുത്തിയതെന്ന് രണ്ടു പ്രമേയങ്ങളും വ്യക്തമാക്കുന്നു. വിപ്ലവാത്മകവിഭാഗങ്ങളെയെല്ലാം ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിപ്പിക്കുക എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ സത്ത. ജനവിരുദ്ധനയങ്ങള്‍ക്കെതിരായി സമരംചെയ്യുന്നതിനും ജനങ്ങളുടെ ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളിവര്‍ഗത്തെയും കര്‍ഷക ജനസാമാന്യത്തെയും കര്‍ഷകത്തൊഴിലാളികളെയും കൈവേലക്കാരെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഇടതുപക്ഷ ജനാധിപത്യപരിപാടിയുടെ അടിസ്ഥാനത്തില്‍ അണിനിരത്തുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. ബൂര്‍ഷ്വാപാര്‍ടികളുടെ സ്വാധീനത്തിലകപ്പെട്ട ബഹുജനങ്ങളെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയുക്തസമരങ്ങളിലേക്ക് കൊണ്ടുവന്ന് പാര്‍ടിക്കൊപ്പം അണിനിരത്തുമെന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കടമകള്‍ ഏറ്റെടുത്ത്, പൂര്‍ത്തീകരിക്കുന്നതിനായി പ്രയത്നിക്കുന്നതിന് എല്ലാ പാര്‍ടി അണികളെയും സജ്ജമാക്കുന്നതാണ് ആ ആഹ്വാനം. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം, ഭൂമിക്കും ഭക്ഷണത്തിനും ജോലിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സമരം, വര്‍ഗീയശക്തികള്‍ക്കും വിഘടനശക്തികള്‍ക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത സമീപനം എന്നിങ്ങനെ ബഹുമുഖമായ സമരമുഖമാണ് തുറക്കപ്പെടുന്നത്. മതനിരപേക്ഷതയെ സംരക്ഷിക്കുക, എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വസമ്മര്‍ദങ്ങളെ ചെറുക്കുക എന്നിവയും പാര്‍ടി കോണ്‍ഗ്രസ് ഊന്നിപ്പറയുന്ന കടമകളാണ്. പാര്‍ടിക്കുനേരെയുള്ള ആക്രമണങ്ങളെയും പാര്‍ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കുമെന്ന പ്രതിജ്ഞ പാര്‍ടി പുതുക്കുന്നുണ്ട്.

രാജ്യത്തെങ്ങും ശക്തിയുള്ളതും എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതുമായ കമ്യൂണിസ്റ്റ് പാര്‍ടി നമുക്ക് കെട്ടിപ്പടുക്കാനുള്ള തീരുമാനങ്ങളോടെ പൂര്‍ത്തിയാക്കിയ 20-ാം കോണ്‍ഗ്രസ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പായി ചരിത്രത്തില്‍ ഇടംനേടുമെന്ന് ഉറപ്പിക്കാം. കേരളത്തിലാകെയും കോഴിക്കോട് ജില്ലയില്‍ വിശേഷിച്ചും ഈ പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശം പാര്‍ടിയുടെ സമര- സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് സംഗമിക്കും. ദൂരദേശങ്ങളില്‍നിന്ന് ക്ലേശംതാണ്ടി കൊടുംവെയില്‍ കൂസാതെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍, ശത്രുവര്‍ഗത്തിന്റെ ആയുധമുനകള്‍ക്ക് കുത്തിമലര്‍ത്താനാകാത്തതാണ് സിപിഐ എമ്മിന്റെ കരുത്തെന്നാണ് തെളിയിച്ചത്. ഈ ആവേശമാണ്, വരുംനാളുകളില്‍ ജനദ്രോഹനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് വര്‍ധിച്ച ചൂടുപകരുക.

Saturday, April 7, 2012

മാധ്യമ ധര്‍മം മാര്‍ക്സിസ്റ്റുകാരോട്

പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്‍കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.

മാധ്യമങ്ങള്‍ എങ്ങനെ പാര്‍ടി കോണ്‍ഗ്രസിനെ കാണുന്നു എന്നതിന്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ തുളസിയുടെ ദുരനുഭവത്തേക്കാള്‍ തെളിവുവേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ടിയാണ് സിപിഐ എം. അതിന്റെ പരമോന്നതസമ്മേളനം ചേരുന്നത് ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും അതില്‍ എങ്ങനെ ഇടപെടണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാനുമാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സംഘടനാകടമകളുമായി ഏഴു പ്രധാന കാര്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് ആറുദിവസം ഇരുന്ന് ചര്‍ച്ചചെയ്യുന്നതും തീരുമാനത്തിലെത്തുന്നതും. അതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ബുദ്ധദേവ് വരാത്തത് പാര്‍ടിയുടെ വലിയ ക്ഷീണമായി അവര്‍ പ്രചരിപ്പിച്ചു. അസുഖംമൂലമാണ് താന്‍ വരാത്തതെന്ന് ബുദ്ധദേവ് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ഒടുവില്‍, ബുദ്ധദേവിന്റെ അസാന്നിധ്യം അസുഖംമൂലമാണെന്നും അതുകാണിച്ച് അദ്ദേഹം കത്ത് തന്നിട്ടുണ്ടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിതന്നെ പറഞ്ഞിട്ടും തെറ്റായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല.

വി എസ് അച്യുതാനന്ദന്‍ പിബിയിലെത്തുമോ എന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡയായി മലയാളപത്രങ്ങള്‍ പലതും പ്രചരിപ്പിച്ചത്. അതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മൂന്നു ദിവസംകൂടി ക്ഷമിക്കൂ എന്നാണ് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയാണ് പുതിയ പൊളിറ്റ്ബ്യൂറോയെ തെരഞ്ഞെടുക്കുന്നത്. അതിനുമുമ്പ് രാഷ്ട്രീയപ്രമേയവും ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയവും രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കണം. രാഷ്ട്രീയപ്രമേയം യോജിപ്പോടെ അംഗീകരിച്ചുകഴിഞ്ഞു. ആ പ്രമേയം ""ഇന്ത്യന്‍ജനതയിലെ വര്‍ഗചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതിനുള്ള സമരം വര്‍ധിതമായ ദൃഢനിശ്ചയത്തോടെ തുടരും"" എന്നാണ് പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ പ്രഖ്യാപനത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനുള്ള ഗൗരവാവഹമായ ചര്‍ച്ചകള്‍ കാണാതെ, അവയെക്കുറിച്ച് സത്യസന്ധമായി ഒരക്ഷരം മിണ്ടാതെ, പ്രചാരണബോര്‍ഡ് സ്ഥാനം തെറ്റിയതും പ്രതിനിധികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കിയതും വലിയ വാര്‍ത്തകളായി ആഘോഷിക്കുകയാണ്.

""നമ്മുടെ ജനങ്ങള്‍ക്കിടയിലെ വര്‍ഗശക്തികളുടെ വര്‍ത്തമാനകാല ബലാബലത്തില്‍ മാറ്റംവരുത്തുന്നതിനായി ഇന്ത്യന്‍ജനതയിലെ ചൂഷിത വിഭാഗങ്ങളെ അണിനിരത്തുകയും ജനകീയ ജനാധിപത്യവും അതിന്റെ അടിത്തറയില്‍ മാനവസ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും ഒരേയൊരു അടിസ്ഥാനമായ സോഷ്യലിസവും സ്ഥാപിക്കുന്നതിനായുള്ള വിപ്ലവ കടന്നാക്രമണത്തിന് ഊക്ക് കൂട്ടുകയും ചെയ്യും"" എന്നു പ്രഖ്യാപിക്കുന്നതാണ് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള കരടുപ്രമേയം. അതിന്റെ ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്. നടക്കുന്ന ചര്‍ച്ചകളുടെ വിവരം ദിനേ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും മികച്ച സംവിധാനമാണ് മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെല്ലാം ഉപയോഗിക്കുമ്പോഴും "കട്ടുതിന്നാന്‍" താല്‍പ്പര്യപ്പെടുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. മാധ്യമമനോവൈകൃതമാണ് പ്രകടമാകുന്നത്.

മാതൃഭൂമി വാര്‍ത്ത നോക്കുക: ""സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കുത്തിനിറച്ച് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം ഇടപെട്ടു തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഇടപെടല്‍. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ തിരുത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്.""

മനോരമ എഴുതുന്നത് ഇങ്ങനെ: ""കേരളത്തിലെ വിഭാഗീയ പ്രവണതകളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേതുപോലെ പ്രത്യേകം പ്രതിപാദിക്കുന്നില്ല. പഴയ വിഭാഗീയത അതേപടി നിലനില്‍ക്കാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിബി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പിബി നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.""

ഇന്നലെവരെ പറഞ്ഞത് അതേപടി വിഴുങ്ങാന്‍ ഇവര്‍ക്ക് സങ്കോചമില്ല. രണ്ടുകൂട്ടരുടെയും വാര്‍ത്ത വായിച്ചാല്‍ ഏറ്റവും വലിയ നുണ ഏതെന്ന തര്‍ക്കത്തിനേ സാധ്യതയുള്ളൂ. ചോര്‍ത്തിയെടുക്കുന്നത് എന്ന ഭാവത്തില്‍ എന്തും എഴുതുന്നു. അത് പരസ്പരവിരുദ്ധമായാലും അവര്‍ക്ക് പ്രശ്നമില്ല.

ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ്രകാശ് കാരാട്ടിനെതിരെ പറഞ്ഞു എന്നാണ് ആദ്യദിവസം കൊണ്ടാടിയ വാര്‍ത്ത. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധിസംഘങ്ങള്‍ ഓരോന്നും പ്രത്യേകം ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലേതെന്ന് പറഞ്ഞ് അവതരിപ്പിച്ച ആ അസംബന്ധത്തിന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. അങ്ങനെയൊരു കാര്യം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിയില്ല- പക്ഷേ ചില മാധ്യമങ്ങള്‍ക്കറിയാം. സ്വപ്നം കാണുന്നതുപോലും ആധികാരിക വാര്‍ത്തയാക്കുകയാണ് ചിലര്‍. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങുന്ന ദിവസം മനോരമയുടെ ഒന്നാംപേജ് വാര്‍ത്ത, ""ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സിപിഐ എം സംഘടനാ റിപ്പോര്‍ട്ട്"" എന്നായിരുന്നു. ലോകവും ഇന്ത്യാ രാജ്യവും നേരിടുന്ന ജീവല്‍പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്നും ജനകീയപോരാട്ടങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നും ചര്‍ച്ചചെയ്യുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകളും പ്രധാന പരിഗണനാ വിഷയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയിട്ടുമുണ്ട്. സ്ത്രീപീഡനത്തിനും പീഡകര്‍ക്കും സ്ഥാനമില്ലാത്ത പാര്‍ടിയാണ് സിപിഐ എം. അത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ നിഷ്കരുണം പുറത്താക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ പാര്‍ടിയില്‍ ഭിന്നതയുമില്ല; സംശയവുമില്ല. പക്ഷേ, മനോരമയ്ക്ക് പാര്‍ടി കോണ്‍ഗ്രസിന്റെ തുടക്ക വാര്‍ത്തയ്ക്കുപകരം കൊടുക്കാന്‍ തോന്നുന്നത് "ലൈംഗിക പീഡ" കഥയാണ്. മുമ്പ് പാര്‍ടി സമ്മേളനങ്ങളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പൊലിപ്പിച്ച കഥകളായിരുന്നു പ്രിയമെങ്കില്‍, ഇത്തവണ പാര്‍ടി കോണ്‍ഗ്രസിനെത്തിയ നേതാക്കള്‍ എപ്പോഴോ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയതായി പരിഹാസവാര്‍ത്ത. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ചെന്ന് പൊറോട്ട കഴിച്ചാല്‍ അത് തിരുവത്താഴം. സിപിഐ എമ്മുകാര്‍ ഭക്ഷണം കഴിക്കാന്‍ ഏതെങ്കിലും സാദാ ഹോട്ടലില്‍ പോയാല്‍ പരിഹാസം.

കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ വാക്കുകള്‍ മനോരമ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇന്നത്തെ കാലത്തു മോശപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല വാര്‍ത്തകളാക്കുന്നത്; നല്ല കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ വാര്‍ത്തകളേ ആക്കുന്നില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളോടു നേരിട്ടു വന്നു ചോദിക്കണം. അവരതു ചെയ്യില്ല. കാരണം അവര്‍ ധരിച്ചിരിക്കുന്നതു തെറ്റാണെന്ന് അവര്‍ക്കറിയാം.""

(ഇതു പറഞ്ഞത് ഏതെങ്കിലും സിപിഐ എം നേതാക്കളാണെങ്കില്‍ അത് ധാര്‍ഷ്ട്യമോ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമോ ആകും).