Monday, April 23, 2012

ഫാസിസത്തിന്റെ പ്രേതജന്മംഅഡോള്‍ഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സാണ് തോമസ്മാന്‍, ഹേയ്നേ ബ്രെഹ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ ചുട്ടുകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. നാസി ജര്‍മനിയില്‍ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സ്വന്തം ഭാഷയിലെ സത്യം കാത്തുസൂക്ഷിക്കാന്‍ നാടുവിടേണ്ടി വന്നു. പോളണ്ടില്‍ ആക്രമിച്ചുകയറിയ നാസിപ്പട ഗ്രന്ഥശാലകള്‍ അടച്ചുപൂട്ടുകയും പോളിഷ് ക്ലാസിക്കുകളും നിഘണ്ടുക്കളും ഭൂപടങ്ങളും കണ്ടുകെട്ടുകയും റേഡിയോ കൈവശം വച്ചവരെ വധിക്കുകയും ചെയ്തു. ഡോ. ലോറന്‍സ് ബ്രിട്ട് ഫാസിസത്തിന്റെ 14 സവിശേഷത കണ്ടെത്തിയതില്‍ ഒന്ന്, "പൊതുശത്രു"വിനെ സൃഷ്ടിച്ച് അതില്‍ ഭീതിവളര്‍ത്തി എന്തും ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ്. ശത്രുവായി പ്രഖ്യാപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലെന്നും അവര്‍ എത്ര കഠിനമായി ശിക്ഷിക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ഫാസിസ്റ്റുകള്‍ പഠിപ്പിക്കുന്നു. കലാകാരന്മാരെയും അധ്യാപകരെയും സെന്‍സര്‍ ചെയ്യുന്നതും തടവിലിടുന്നതും ഫാസിസ്റ്റ് ഭരണാധികാരികളുടെ പൊതുസ്വഭാവങ്ങളിലൊന്നാണ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക; വഴങ്ങാത്തവയെ നശിപ്പിക്കുക; സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുക; നിയമത്തിന്റെ ചങ്ങലപ്പൂട്ടില്‍ കുടുക്കുക; സര്‍ക്കാര്‍ നേരിട്ട് മാധ്യമങ്ങള്‍ നടത്തുക തുടങ്ങിയ നടപടികളും ഈ പട്ടികയില്‍ വരുന്നു

. പശ്ചിമബംഗാളില്‍നിന്നു വരുന്ന പുതിയ വാര്‍ത്തകള്‍, ആ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഒറ്റനോട്ടത്തില്‍ തന്നെ ഫാസിസത്തോട് പൊരുത്തപ്പെടുന്ന ഇത്തരം നീക്കങ്ങള്‍ തുടരെത്തുടരെ നടത്തുന്നു എന്നാണ്. മമതാബാനര്‍ജി നയിക്കുന്ന ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യത്തെയല്ല; ഫാസിസത്തെയാണ് മാതൃകയാക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ് മമതാബാനര്‍ജി. ഇടതുമുന്നണി ഭരണത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാനായി അവര്‍ ഊതിവീര്‍പ്പിച്ചതാണ് മമത എന്ന "രക്ഷക"യെ. കേരളത്തിലെന്നപോലെ വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളുടെ വന്‍പടതന്നെയാണ് സിപിഐ എമ്മിനെതിരെ അഹോരാത്രം പ്രവര്‍ത്തിച്ചത്. സിപിഐ എം വിരുദ്ധ വാര്‍ത്തകളില്ലാതെ ഒരുദിവസംപോലും പത്രങ്ങള്‍ ഇറങ്ങിയില്ല. സംഘടിതമായ ആ പ്രചാരണ തന്ത്രം മമതയ്ക്ക് കൃത്രിമമായ സ്വീകാര്യത നേടിക്കൊടുക്കാന്‍ വലിയതോതില്‍ സഹായകമായി. ഇപ്പോഴിതാ അതേ മാധ്യമങ്ങള്‍ മമതയുടെ ശത്രുപക്ഷത്തെത്തിയിരിക്കുന്നു.

കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായ സംഭവം മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെയായിരുന്നു മമതയുടെ ആദ്യ രോഷപ്രകടനം. പെണ്‍കുട്ടി മാനഭംഗപ്പെട്ടില്ലെന്നു വാദിച്ച മമത, തനിക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വായനശാലകളില്‍ ഈ പത്രങ്ങള്‍ വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 13 പത്രങ്ങളേ വാങ്ങാവൂ എന്ന് ഉത്തരവിട്ടു. പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ വാര്‍ത്താ ചാനലുകള്‍ക്കെതിരെ തിരിഞ്ഞു. പൊതുജനം വാര്‍ത്താ ചാനലുകള്‍ കാണരുത്, പകരം വിനോദപരിപാടികള്‍ കണ്ടാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ആജ്ഞാപിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ സര്‍ക്കാരിനെതിരെ അപവാദപ്രചാരണം നടത്തുകയാണത്രേ. അവയിലെ വാര്‍ത്ത കാണുന്നതിനു പകരം ബംഗാളികള്‍ പാട്ടുകേട്ടുകൊള്ളട്ടെ എന്ന് മമത പറയുന്നു.

വെറുതെ ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശമല്ല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കാണാതിരിക്കേണ്ട ചാനലുകളുടെ പട്ടിക അവര്‍ പൊതുയോഗത്തില്‍ വായിച്ചു. സര്‍ക്കാര്‍ ലൈബ്രറികളില്‍ ഏതൊക്കെ പത്രം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവ് രൂക്ഷമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഘട്ടത്തില്‍ തന്നെയാണ് ചാനല്‍വിരുദ്ധ പ്രഖ്യാപനം. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ സ്വന്തം വാര്‍ത്താ ചാനലും ദിനപ്പത്രവും തുടങ്ങുകയാണെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഫാസിസ്റ്റ് രീതികള്‍ മമതയ്ക്ക് അതിലും മാതൃകയാകുകയാണ്.

നിഷേധാത്മകവാര്‍ത്തകള്‍ക്കാണ് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതെന്നാണ് മമതയുടെ പ്രധാന പരാതി. സിപിഐ എമ്മിനെതിരെ അത്തരം നിഷേധാത്മക വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കാനും അതിന്റെ മറവില്‍ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാനും ആവേശപൂര്‍വം ഇറങ്ങിയ മമതയുടെ യഥാര്‍ഥ സ്വഭാവം ഇന്നലെവരെ അനുകൂലിച്ച മാധ്യമങ്ങളും തിരിച്ചറിയുകയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒട്ടേറെ സാംസ്കാരികപ്രവര്‍ത്തകരും ബുദ്ധിജീവികളും വീണുപോയിരുന്നു. അത്തരക്കാര്‍ക്ക് മമത നല്‍കിയ ആദ്യശിക്ഷയാണ്, റെയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ജാദ്പുര്‍ സര്‍വകലാശാലാ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയുടെ അറസ്റ്റ്. ഇതേക്കുറിച്ച്, ""മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. തെരുവുപോരാളിയുടെ സ്ഥാനത്തല്ല. ഭരണാധികാരി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മമത പഠിച്ചേ തീരൂ"" എന്നാണ് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്.

ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് പശ്ചിമ ബംഗാള്‍. അവിടത്തെ ഭരണാധികാരം കിട്ടിയപ്പോള്‍, നീതിയെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ മമതയ്ക്ക് കഴിയുന്നെങ്കില്‍, ഇത്തരം ശക്തികളുടെ വളര്‍ച്ച എത്രമാത്രം ആശങ്കയോടെ കാണണമെന്ന് ജനാധിപത്യബോധമുള്ള സകലരും ചിന്തിച്ചേ മതിയാകൂ. മമതയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ക്കെന്ന പോലെ കേന്ദ്രത്തില്‍ മമതയ്ക്ക് കീഴടങ്ങാതെ ഭരണം നിലനിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ മമത എന്ന ഫാസിസ്റ്റ് മനസ്സുള്ള ഭരണാധികാരിയെ കോണ്‍ഗ്രസ് പാലൂട്ടിവളര്‍ത്തുകയാണ്. അധികാരം നിലനിര്‍ത്തുന്നതിനുള്ള ഈ വിട്ടുവീഴ്ച ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കലുമാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ മമതയുടെ തനിനിറം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ തനിനിറം അനുഭവിച്ചറിയുന്നു. അന്നാട്ടിലെ കോണ്‍ഗ്രസുകാരും പൊറുതിമുട്ടിയിരിക്കുന്നു. പക്ഷേ, കേന്ദ്രത്തിലിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കുലുക്കമില്ല. അവര്‍ക്ക് എല്ലാത്തിലും വലുതാണ് അധികാരം. ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ ശക്തമായ ബഹുജനവികാരം രാജ്യത്താകെ ഉയരേണ്ടതുണ്ടെന്നാണ് പശ്ചിമബംഗാളിന്റെ സന്ദേശം. ബംഗാളിലെ പൊരുതുന്ന ഇടതുപക്ഷത്തോടുള്ള ഐക്യപ്പെടല്‍ കൂടുതല്‍ ദൃഢതരമാകണം. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിനടിപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്ക്, മമത എന്ന വിപത്ത് തങ്ങള്‍ക്കുനേരെ വന്നപ്പോഴെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

2 comments:

manoj pm said...

അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിനടിപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്ക്, മമത എന്ന വിപത്ത് തങ്ങള്‍ക്കുനേരെ വന്നപ്പോഴെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

dileep kumar said...

കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മാറുന്ന ബംഗാളിനെ കുറിച്ചും നന്ദി ഗ്രാമിനെ കുറിച്ചും തുടരാന്‍ ലേഘനങ്ങള്‍ എഴുതാന്‍ ബംഗാളിലേക്ക് പറഞ്ഞു വിട്ട ഇന്ദ്രന്‍ എന്ന എം പി രാജേന്ദ്രനെ ഇക്കുറി അങ്ങോട്ട്‌ വിട്ടു എഴുതിക്കാന്‍ ധര്യമുണ്ടോ വീരഫൂമിക്കാര....?