Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

Friday, August 6, 2010

യുഡിഎഫിന്റെ അട്ടപ്പാടി നയം

അട്ടപ്പാടിയില്‍ ഭൂപ്രശ്നം പറഞ്ഞ് യുഡിഎഫ് നടത്തുന്ന സമരത്തില്‍ കെ എം മാണി പങ്കെടുക്കുമോ? വീരേന്ദ്രകുമാറിനെ പങ്കെടുപ്പിക്കുമോ? കര്‍ഷകസ്നേഹമാണ് കെ എം മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയായ കേരള കോഗ്രസിന്റെയും മുഖത്തെഴുതിവച്ച മന്ത്രം. അട്ടപ്പാടിയില്‍ കര്‍ഷകര്‍ക്ക് നിയമപ്രകാരം ഭൂമിയില്‍ ലഭിച്ച അവകാശം എടുത്തുകളയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. അഞ്ചേക്കര്‍ വരെയുള്ളതും 1986നുമുമ്പില്‍ സ്വന്തം പേരിലുള്ളതുമായ ഭൂമി പിടിച്ചെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ മാണിയുടെ കര്‍ഷകസ്നേഹം പൊളിയുമെന്നുമാത്രമല്ല; എം പി വീരേന്ദ്രകുമാര്‍ എന്ന വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കൈയേറ്റക്കാരന്‍ യുഡിഎഫ് വിടേണ്ടിയുംവരും.

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. ആദിവാസികള്‍ക്ക് ഭൂമിയും കൃഷിക്കാര്‍ക്ക് സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നു പാസാക്കിയ ആ നിയമം.

അട്ടപ്പാടിയില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഭൂമിപ്രശ്നം ആ നിയമത്തിന്റെ അപാകതകൊണ്ട് ഉണ്ടായതല്ല. അവിടെ ഒരു കമ്പനി കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. നിയമാനുസൃതമുള്ള അനുമതി വാങ്ങിയാണ് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയത്. ആ കമ്പനി ഏറ്റെടുത്ത ഭൂമി സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. നിലനില്‍ക്കുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കാവുന്നതാണ്. 27 കാറ്റാടികളില്‍നിന്നായി 16.4 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനമാണ് കഴിഞ്ഞ ഒരുവര്‍ഷമായി അവിടെ നടത്തുന്നത്. പദ്ധതി തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട സ്ഥലത്തിന്റെ ആധാരം, നികുതി റസീപ്റ്റ്, ആവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കുകയും അതിന്മേല്‍ നിയമപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്താണ് കമ്പനി അനുവാദം വാങ്ങിയത്. അന്ന് ഉയരാത്ത ആരോപണമാണ് ഇപ്പോള്‍ വന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് കമ്പനി കൈക്കലാക്കിയതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത് ചാത്തന്റെ ഭൂമിയെക്കുറിച്ചാണ്. ചാത്തന്റേത് 1976ല്‍ മണ്ണാര്‍ക്കാട് മൂപ്പില്‍നായരില്‍നിന്ന് പട്ടയംവഴി ജന്മംതീറായി ലഭിച്ച ഭൂമിയാണ്. ആ ഭൂമി 1985ല്‍ (ജൂണ്‍ ഏഴ്) ചാത്തന്‍, രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് കൈമാറുന്നു. '87 ജനുവരി 31ന് രാധാകൃഷ്ണന്‍, ലക്ഷ്മിയമ്മാള്‍ക്ക് വില്‍ക്കുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ രണ്ട് കൈമാറ്റവും നടന്നത്. 2006 ആഗസ്ത് 26ന് ലക്ഷ്മിയമ്മാള്‍, വി പി സുരേഷ് എന്നയാള്‍ക്കും സെപ്തംബര്‍ 28ന് സുരേഷ്, സാര്‍ജന്‍ റിയല്‍ട്ടേഴ്സ് എന്ന കാറ്റാടിക്കമ്പനിക്കും സ്ഥലം കൈമാറ്റംചെയ്യുന്നു. നാലാമത്തെ കൈമാറ്റമാണ് നടന്നതെന്നര്‍ഥം. ഇങ്ങനെ അഞ്ച് കൈമാറ്റംവരെ നടന്ന ഭൂമി കാറ്റാടിക്കമ്പനി വാങ്ങിയിട്ടുണ്ട്. ഇത്തരം ഭൂമിക്ക് '99ലെ നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, അങ്ങനെ നിയമസാധുത നേടുന്നതിനുവേണ്ടി വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്.

ഭൂമി സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ അത് അവഗണിച്ചു തള്ളാനല്ല കൃത്യമായ അന്വേഷണം നടത്താനാണ് എല്‍ഡിഎഫ് ഗവമെന്റ് തയ്യാറായത്. കലക്ടര്‍ നേരിട്ട് വില്ലേജ് ഓഫീസില്‍ചെന്ന് അന്വേഷണം നടത്തി. അങ്ങനെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നത് 'ആധാരങ്ങളില്‍ പ്രസ്താവിച്ച കൈമാറ്റങ്ങളൊന്നുംതന്നെ ആദിവാസികളില്‍നിന്ന് വന്നതാണെന്ന് കാണുന്നില്ല. 1987 വരെയുള്ള മുന്നാധാരങ്ങള്‍ പരിശോധിച്ചതിലും ആദിവാസി നേരിട്ട് കൈമാറ്റം ചെയ്തതായി കാണുന്നില്ല. അതുകൊണ്ട് 1999ലെ നിയമത്തിന് വിരുദ്ധമാണ് ഈ കൈമാറ്റമെന്ന് കാണാന്‍ കഴിയില്ല' എന്നാണ്. ഈ പരാമര്‍ശമുള്ള റിപ്പോര്‍ട്ടിന്മേല്‍ ധൃതിവച്ച് ഒരു സര്‍ക്കാരിനും ഭൂമി പിടിച്ചെടുക്കുന്നതുപോലെയുള്ള നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പുറത്തുകൊണ്ടുവരികതന്നെ വേണം. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ ചുമതലയുള്ള നാല് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് നിയമസാധുത ലഭിക്കുകയും ചെയ്യും. ഭൂമാഫിയയുടെ വേരറുക്കും എന്ന പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്റെ ധീരമായ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.

കാറ്റാടിക്കമ്പനിക്കുപുറമെ അടയാര്‍ ഫാം, കള്ളമല മള്‍ട്ടി പര്‍പ്പസ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയും ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആധാരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിലത് ഇരട്ടിപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. അത്തരം കാര്യങ്ങളും ഓരോന്നായെടുത്ത് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു സ്ഥാപനവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ടുള്ള പരിശോധനമാത്രമല്ല, സമഗ്രമായ പരിശോധനയാണ് വേണ്ടത്. എങ്കില്‍മാത്രമേ ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ഉറപ്പാക്കാനാകൂ. സംശയകരമായ നിലപാടെടുത്ത ഒരു വില്ലേജ് ഓഫീസറെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

1986നുമുമ്പ് ആദിവാസിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വാങ്ങിയതുമായ കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇത് നശീകരണ രാഷ്ട്രീയമാണ്. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് ചെയ്തതുപോലെ പൊലീസിനെവിട്ട് ജോഗിയെ കൊല്ലിക്കുകയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മറിച്ച് ചീഫ് സെക്രട്ടറിയെ വിട്ട് അന്വേഷിപ്പിക്കുകയാണ്. ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ എന്തേ യുഡിഎഫിന് വൈക്ളബ്യം? 1982ലെ കൈവശസ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ അത്തരമൊരാവശ്യം പോലും വിദഗ്ധ സമിതി പരിശോധിച്ച് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കാതെയാണ് യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് ആദിവാസികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പാസാക്കിയ നിയമത്തിനെതിരെ പി പി തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും സമരം നയിക്കുന്നത്.

വയനാട്ടില്‍ വീരേന്ദ്രകുമാറും മകനും പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഭൂമികൈയേറ്റത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാതൃഭൂമി മുഖേന കരുപ്പിടിപ്പിച്ച കഥകളാണ് അട്ടപ്പാടിയുടെ പേരില്‍ ചുറ്റിക്കറങ്ങുന്നത്. വീരേന്ദ്രകുമാര്‍ തന്റെ കെണിയിലേക്ക് വിദഗ്ധമായി യുഡിഎഫിനെ വീഴ്ത്തിയിരിക്കുന്നു. പ്ളാച്ചിമടയില്‍ സമരപ്പന്തലില്‍ ആദിവാസിയെ തല്ലിയ കൃഷ്ണന്‍കുട്ടിയുടെ പാര്‍ടിയും ജാനുവിന്റെ അമ്മയ്ക്ക് പട്ടയം നല്‍കിയ എ കെ ബാലന്റെ പാര്‍ടിയും തമ്മില്‍ ആദിവാസികളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ മത്സരം സാധ്യമോ? വീരേന്ദകുമാര്‍ വയനാട്ടില്‍ കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം കൈയിലുണ്ടോ? പണ്ട് 'ഗ്രോ മോര്‍ ഫുഡ്' പദ്ധതിപ്രകാരം താല്‍ക്കാലികമായി കൃഷിചെയ്യാന്‍ വിട്ടുകിട്ടിയ ഭൂമി സ്വന്തമാക്കി, അത് തറവാട്ടുസ്വത്താണെന്നും നികുതി അടയ്ക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് വീരേന്ദ്രകുമാറും പുത്രനും വയനാട്ടിലെ ഭൂമിയില്‍നിന്നിറങ്ങാത്തത്. നിയമാനുസൃതം പട്ടയത്തോടുകൂടി കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അവര്‍ എങ്ങനെ സമരത്തിനിറങ്ങും?

കക്ഷി രാഷ്ട്രീയത്തിന്റെ വിരോധംവച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. ഇവിടെ യുഡിഎഫ് ഏതു കാര്‍ഡാണ് ഇറക്കുന്നത്? അത് കര്‍ഷകര്‍ക്കെതിരെയല്ലേ? ആദിവാസികളുടെ പേരിലുള്ള മുതലെടുപ്പല്ലേ? ആദിവാസികളെയും കര്‍ഷകരെയും തമ്മിലടിപ്പിക്കാനുള്ളതല്ലേ? അട്ടപ്പാടിയില്‍ സിപിഐ എം കാറ്റാടിക്കമ്പനിക്കൊപ്പം; കമ്പനിയെ ന്യായീകരിക്കുന്നു എന്ന ഉമ്മാക്കി കാട്ടിയുള്ള ഭയപ്പെടുത്തല്‍ നിഷ്ഫലമാണ്. കാറ്റാടിക്കമ്പനിയല്ല ഏതു പടച്ചതമ്പുരാനായാലും ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും എന്ന് മന്ത്രിമാരായ എ കെ ബാലനും കെ പി രാജേന്ദ്രനും പ്രഖ്യാപിച്ചത് കേട്ടില്ലെന്നു നടിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവര്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന് ധരിച്ചുപോയിട്ടുണ്ടെന്നും തോന്നുന്നു. അതല്ലെങ്കില്‍ കലക്ടറുടെ റിപ്പോര്‍ട്ടുമതി; ഐടിഡിപി ഓഫീസര്‍ പറഞ്ഞിടത്തു നിന്നാല്‍മതി; ചീഫ് സെക്രട്ടറി അന്വേഷിക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് സമരം നടത്തുമോ അവര്‍? അങ്ങനെയെങ്കില്‍ ശ്രേയാംസ്കുമാറിന്റെ കൃഷ്ണഗിരിയിലെ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യേണ്ടതാണ്. നാലുകൊല്ലംകൊണ്ട് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പതിനേഴായിരം ഏക്കര്‍ ഭൂമി വിതരണംചെയ്ത എ കെ ബാലന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയമാണോ, ജോഗിയുടെ ചോരപുരണ്ട യുഡിഎഫ് രാഷ്ട്രീയമാണോ ശരി എന്നാണ് ജനങ്ങള്‍ തീരുമാനിക്കുക. അതാണ് ചര്‍ച്ചചെയ്യേണ്ടതും. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സമിതിക്കു മുന്‍പാകെ തെളിവുകള്‍ നിരത്താന്‍ ആളെ വിടട്ടെ യു.ഡി.എഫ് - മാര്‍ച്ച് നടത്തി സമയം കളയാതെ.

Sunday, August 1, 2010

മാധ്യമ-സിബിഐ ഗൂഢാലോചന

മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:

മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ

മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി

മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍

മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)

ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍

കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)

വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി

ചന്ദ്രിക പിണറായിക്കെതിരെ മൊഴി

ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ

ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.

പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?

പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:

"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''

ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.

ഇത് വെള്ളരിക്കാപ്പട്ടണമോ?

കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?

സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.