Showing posts with label സിബിഐ. Show all posts
Showing posts with label സിബിഐ. Show all posts

Sunday, August 1, 2010

മാധ്യമ-സിബിഐ ഗൂഢാലോചന

മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:

മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ

മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി

മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍

മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)

ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍

കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)

വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി

ചന്ദ്രിക പിണറായിക്കെതിരെ മൊഴി

ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ

ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.

പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?

പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:

"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''

ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.

ഇത് വെള്ളരിക്കാപ്പട്ടണമോ?

കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?

സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.

Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്നു പദ്ധതികളും കാലാനുസൃതമായി നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിക്ക് ധാരണാ പത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത സഹായം പൂര്‍ണ്ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷ വിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്.

സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.

മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.

ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.

ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

ലാവ്ലിന്‍ - അഴിമതിക്കഥ പൊള്ളയെന്ന് ഒടുവില്‍ സിബിഐയും

ലാവ്ലിന്‍ കേസ് ഫലത്തില്‍ അവസാനിച്ചു. ജീവശാസ്ത്രപരമായി അതിന്റെ അന്ത്യം. അഴിമതിക്കേസ് എന്ന വിശേഷണം അതിന് ചേരില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു.

ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയെന്ന് സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യംവച്ച് പിണറായിയെ പ്രതിചേര്‍ത്തു. ഇപ്പോള്‍ സിബിഐ ഉറപ്പിച്ചുപറയുന്നു പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന്. 374 കോടിയുടെ അഴിമതി, നൂറുവട്ടം ദുബായ്-സിംഗപ്പുര്‍ യാത്ര, കമല ഇന്റര്‍നാഷണല്‍, കനഡയില്‍നിന്ന് വന്ന പണം എവിടെ എന്നിങ്ങനെ പലതും പറഞ്ഞു നടന്നവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടേത്. ഇനി കേസ് സാങ്കേതികംമാത്രമാണ്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ.

കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയഗൂഢാലോചനയിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്- അതിന്റെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്.

നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും നയാപൈസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അന്ന് അത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നിരിക്കുന്നു, പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ സ്വഭാവഹത്യചെയ്ത് തകര്‍ക്കാന്‍ അധ്വാനിച്ചവര്‍ക്കാകെ ഇനി തലതല്ലിച്ചാകാം. അതല്ലെങ്കില്‍ തെറ്റുതിരിച്ചറിഞ്ഞ് മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ 'വരദാചാരിയുടെ തല' മാതൃകയില്‍ കഥകള്‍ മെനഞ്ഞ ഗവേഷകര്‍ക്കും ഉപജാപം നടത്തിയവര്‍ക്കും മാപ്പുപറയാനുള്ള കാലമാണിനി. ലാവ്ലിന്‍ വാര്‍ത്തകളില്‍ നീരാടിയ മാധ്യമങ്ങള്‍ക്കും വായനക്കാരോട് സത്യം തുറന്നുപറയാം- രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീചമായ കളിയില്‍ പങ്കാളികളായിരുന്നു തങ്ങളുമെന്ന്.

Thursday, June 4, 2009

മാധ്യമങ്ങളെപ്പറ്റിത്തന്നെ

ബുധനാഴ്ച ഇറങ്ങിയ രണ്ട് പ്രമുഖ മലയാളപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളിലൊന്ന്, കേരളത്തിന്റെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ ചോര്‍ത്തി എന്നാണ്. അങ്ങനെ ചോര്‍ത്തിയ വിവരങ്ങള്‍ സിബിഐ ഗവര്‍ണര്‍ക്ക് കൈമാറി എന്നും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് 'മാതൃഭൂമി'യും 'മലയാള മനോരമ'യും. മനോരമ ഇങ്ങനെ എഴുതുന്നു:
"അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുരു പ്രധാനിയുമായിപ്രമുഖ സിപിഎം നേതാവ് നടത്തിയ
ഫോണ്‍വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം
നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ കാര്യത്തില്‍
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുനു
ശേഷം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക്ക്കു നേതാവിന്റെ
ഫോണില്‍നിന്ന് പോയ വിളികളാണ് സിബിഐ കണ്ടെത്തിയതെന്നറിയുന്നു. എജി സര്‍ക്കാരിന്നു
റിപ്പോര്‍ട്ട് നല്‍കുന്നതിന്നു മുന്‍പുള്ള ദിവസങ്ങളിലും നേതാവിന്റെ ഫോണില്‍നിന്ന്
ഇത്തരം വിളി പോയിട്ടുണ്ടത്രെ.''
"
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായി എന്നാണ് സിബിഐ
സംശയിക്കുന്നത്''
എന്നും ഉറപ്പിച്ചുപറയുന്ന മനോരമ തൊട്ടടുത്ത വാചകം
'ഫോണ്‍ നമ്പരിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക്ക്കു കൈമാറിയ കാര്യം
സ്ഥിരീകരിക്കാന്‍ രാജ്ഭവന്‍ വൃത്തങ്ങളോ സിബിഐ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല'
എന്നും പറയുന്നുണ്ട്.മാതൃഭൂമിയുടെ വാര്‍ത്തയില്‍ സമാനമായ കാര്യങ്ങളാണ് പറയുന്നത്
-"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും
തമ്മില്‍ നടത്തിയ ടെലിഫോണ്‍സംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍
പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍
കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതിന്
പിറ്റേദിവസം മുതല്‍ തുടങ്ങിയ ഫോണ്‍വിളികളില്‍ അഡ്വക്കേറ്റ് ജനറല്‍ തിരക്കിട്ട്
മറുപടി നല്‍കിയതിന്റെ തലേദിവസത്തെ സംഭാഷണവും ഉള്‍പ്പെടുന്നുണ്ട്. മന്ത്രിസഭയില്‍
പ്രോസിക്യൂഷന് അനുമതി നല്‍കണമോയെന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നദിവസവും
അതിനുനുശേഷവും ടെലിഫോണ്‍ സംഭാഷണം ഉണ്ടായി. ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ.
ചൂണ്ടിക്കാണിച്ചിട്ടുണ്ട്''
ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയതായി മനോരമയ്ക്കും മാതൃഭൂമിക്കും 'വിശ്വസനീയ' വിവരം ലഭിച്ചിട്ടുണ്ട് എന്നാണ്. മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്: സിബിഐ അങ്ങനെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ വിവരം എങ്ങനെ മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടി എന്നത്.
രണ്ടാമത്തേത്, ഇത്തരമൊരു ടെലിഫോണ്‍ ചോര്‍ത്തലിന് സിബിഐക്ക് അധികാരമുണ്ടോ എന്നത്.
ഫോണ്‍ ചോര്‍ത്തല്‍ കെട്ടുകഥയാണെങ്കില്‍, ഗവര്‍ണറെ സ്വാധീനിക്കാന്‍ വ്യാജവാര്‍ത്ത ചമച്ചു എന്ന ഗുരുതരമായ സവഭാവദൂഷ്യക്കുറ്റം ചെന്നുപതിക്കുന്നത് മനോരമയുടെയും മാതൃഭൂമിയുടെയും തലയിലാണ്. മൂന്നായാലും ജനാധിപത്യവും നിയമവാഴ്ചയും പുലരുന്ന സമൂഹത്തില്‍ നടക്കേണ്ട ആശാസ്യകരമായ സംഗതികളല്ല അവ എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഫോണ്‍ചോര്‍ത്തല്‍വാര്‍ത്ത ശരിയാണെങ്കില്‍ സിബിഐ പെടാന്‍ പോകുന്നത് വലിയ നിയമക്കുരുക്കിലാണ്. കാരണം അത്തരമൊരു പ്രവൃത്തി സ്വന്തമായി തീരുമാനിച്ചു ചെയ്യാന്‍ ആ ഏജന്‍സിക്ക് അധികാരമില്ല. രാജ്യസുരക്ഷ, രാജത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍, വിദേശരാജ്യങ്ങളുമായുള്ള സൌഹൃദം തകര്‍ക്കുന്ന പ്രശ്നങ്ങള്‍, ക്രമസമാധാനപാലനം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയല്‍ എന്നിങ്ങനെയുള്ള അഞ്ചു സവിശേഷ ഘട്ടങ്ങളില്‍ കര്‍ക്കശമായ നിബന്ധനകളോടെ വ്യക്തമായ ഉത്തരവിന്റെ ബലത്തില്‍ ചെയ്യേണ്ട ഒന്നാണ് ആരുടെയെങ്കിലും ടെലിഫോണ്‍ ചോര്‍ത്തല്‍.
കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവാണ് ഇതിനുവേണ്ടത്് അതും അന്തിമമല്ല. അഖിലേന്ത്യാതലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍-കമ്യൂണിക്കേഷന്‍ സെക്രട്ടറി എന്നിവരും തത്തുല്യ ചുമതലയുള്ളവര്‍തന്നെ സംസ്ഥാന തലത്തിലും ഈ ഉത്തരവ് പരിശോധനാ വിഷയമാക്കേണ്ടതും സാധൂകരണമില്ലാത്തതാണെന്ന് തോന്നിയാല്‍ റദ്ദുചെയ്യേണ്ടതുമാണ്. അങ്ങനെ റദ്ദുചെയ്യുമ്പോള്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ അസാധുവാക്കപ്പെടും.
ഇതെല്ലാം സുപ്രീംകോടതി കൃത്യമായി നിര്‍വചിച്ച മാനദണ്ഡങ്ങളാണ്. ഒരാള്‍ക്ക് ടെലിഫോണില്‍ സംസാരിക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1) (എ) അനുസരിച്ചുള്ള ആശയാവിഷ്കാര സ്വാതന്ത്യ്രവും 21-ാം അനുച്ഛേദമനുസരിച്ചുള്ള വ്യക്തിസ്വാതന്ത്യ്രവും അതിന്റെ സ്വകാര്യതയുമാണ്. അത് തടയുന്നത് പൌരന്റെ മൌലികാവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവും. ഇവിടെ, ഭരണഘടനാ പദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറല്‍ മേല്‍പറഞ്ഞ അഞ്ചു ഗുരുതരപ്രശ്നങ്ങളില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്ന കുറ്റകൃത്യംചെയ്തു എന്ന് സിബിഐക്ക് തോന്നിയോ? ഇല്ലെങ്കില്‍ ടെലിഫോണ്‍ ചോര്‍ത്തലിന്റെ സാധൂകരണമെന്താണ്?
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ഒരു മാനദണ്ഡവും പാലിക്കാതെ സിബിഐക്ക് തോന്നിയപോലെ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്താനാകുമോ? അന്വേഷണം പൂര്‍ത്തിയായ ഒരു കേസില്‍, നിയമാനുസൃതമുള്ള ഒരു പ്രശ്നത്തിന് സംസ്ഥാന ഗവണ്‍മെന്റിന് നിയമോപദേശം നല്‍കുക എന്ന ചുമതലയാണ് അഡ്വക്കറ്റ് ജനറല്‍ നിര്‍വഹിച്ചത്. അദ്ദേഹം നല്‍കിയ ഉപദേശത്തിനുമാത്രമാണ് പ്രാധാന്യം. ഉപദേശം നല്‍കുന്നതിനുമുമ്പോ പിമ്പോ അഡ്വക്കറ്റ് ജനറലിന്റെ പിന്നാലെ പോകേണ്ട ചുമതല സിബിഐക്കില്ല. എന്നിട്ടും സിബിഐ അങ്ങനെ ചെയ്യുകയും ആ വിവരം സ്വകാര്യമായി മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, കുറ്റാന്വേഷണത്തിന് ചുമതലപ്പെട്ട ഏജന്‍സി നീതീകരണമില്ലാത്ത കുറ്റമാണ് ചെയ്തത് എന്നര്‍ഥം.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്ന മറ്റൊരു കുറ്റം അതിനു പുറമെ. സ്വാഭാവികമായും ഗവര്‍ണര്‍ക്ക് അത്തരമൊരു കുറ്റകൃത്യം അംഗീകരിക്കാനാവില്ല. സിബിഐ അങ്ങനെയൊരു ഗുരുതരവും ഭരണഘടനാവിരുദ്ധവുമായ കുറ്റകൃത്യം നടത്തിയതിന്റെ തെളിവുസഹിതമുള്ള റിപ്പോര്‍ട്ട് കിട്ടുന്ന ഗവര്‍ണര്‍ക്ക് അക്കാര്യം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇനി വാര്‍ത്ത വ്യാജമാണെങ്കിലോ? സിബിഐ അന്വേഷണത്തെക്കുറിച്ചടക്കം നുണക്കഥകളുണ്ടാക്കി ലാവ്ലിന്‍ കേസില്‍ അട്ടിമറിനടത്താന്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നതിന്റെ നാണംകെട്ട ചിത്രമാണ് തെളിയുക.
ദുര്‍ബലമായ തെളിവുകളുള്ള കേസുകള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടാനും ജനശ്രദ്ധയില്‍ നിര്‍ത്താനും ചിലചില വിവരങ്ങള്‍ ബോധപൂര്‍വം ചോര്‍ത്തിനല്‍കുന്നത് സിബിഐ പലപ്പോഴും അവലംബിക്കുന്ന ഒരു രീതിയാണ്്. ഇവിടെ, സിബിഐയേക്കാള്‍ താല്‍പ്പര്യങ്ങളുള്ള മാധ്യമങ്ങള്‍ ചോര്‍ത്തിക്കിട്ടിയതിനേക്കാള്‍ വലിയ കല്‍പ്പിതകഥകളും ഉണ്ടാക്കുന്നു. സാമാന്യ ബോധം തൊട്ടുതീണ്ടാത്ത വാര്‍ത്തകളാണ് അതിന്റെ ഫലമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
കാപട്യത്തിന്റെ കൂത്താട്ടം നടത്തുകയാണ് മാധ്യമങ്ങള്‍. ഫോണ്‍ചോര്‍ത്തല്‍ എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം എന്തൊക്കെയാണ്, ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇത്തരമൊരു വാര്‍ത്ത നിലംതൊടാതെ വിഴുങ്ങി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അത് ജനങ്ങളുടെ അവകാശമാണ്. അല്ലെങ്കില്‍, അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന അവഹേളനത്തെയും അപവാദ പ്രചാരണത്തെയും നിസ്സംഗം കണ്ടുനില്‍ക്കുന്നു എന്ന കുറ്റകൃത്യമാണ് നിയമബോധമുള്ള കേരളീയ സമൂഹത്തിനുമേല്‍ പതിക്കുക.

Thursday, April 2, 2009

നന്ദി, മാതൃഭൂമി,നന്ദി


ഒരു മാര്‍ക്സിസ്റ്റുകാരന്റെ ആത്മഗതം


ലാവലിന്‍ വിഷയം തെരഞ്ഞെടുപ്പുചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ മാതൃഭൂമി കാണിക്കുന്ന പിടച്ചില്‍ രസാവഹമാണ്. ഇവര്‍ക്ക് വായനക്കാരെ ഒട്ടും മതിപ്പില്ലെന്ന് തോന്നുന്നു. പ്രകടമായ ആക്രാന്തം കണ്ടാല്‍ വായനക്കാര്‍ തിരിച്ചറിയുമെന്നും അത് പത്രത്തിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നുമുള്ള ചിന്ത അവര്‍ക്കില്ല എന്നുതന്നെ കരുതണം.

ഈയൊരു തെരഞ്ഞെടുപ്പോടെ ലോകം അവസാനിക്കുമെന്നോ വീന്ദ്രേകുമാറിന്റെ പകയും കൌശലവുമാകുന്ന മാലിന്യം ചുമന്നുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നോ കരുതിപ്പോയ അല്‍പബുദ്ധികളുടെ അഭ്യാസപ്രകടനമാണ് നടക്കുന്നത്.

വഴിനടക്കുമ്പോള്‍ ഉടുമുണ്ടഴിഞ്ഞുപോയത് അറിയാത്ത പാവങ്ങള്‍. അതുകണ്ട് ജനം വാപൊത്തിച്ചിരിക്കുന്നത് പ്രോത്സാഹനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.

പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'.'ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ' എന്നാണ് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്ക്കകത്ത് ഒരിടത്തും കാണുന്നില്ല, സാമ്പത്തിക ലാഭത്തിനോ, വഴിവിട്ട എന്തെങ്കിലും ആനുകൂല്യത്തിനോ വേണ്ടി പിണറായി എന്തെങ്കിലും ചെയ്തുവെന്ന്.

സ്വന്തം പ്രദേശത്ത്(മലബാറില്‍) ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നാഗ്രഹിച്ച 'മഹാപരാധം' അഴിമതിയുടെ ഗണത്തില്‍ വരുമോ?

എവിടെ 374 കോടിയുടെ അഴിമതി?

പിണറായി ഒരു നയാപൈസയുടെ ക്രമക്കേടു നടത്തി എന്ന് സിബിഐ എവിടെ കണ്ടെത്തി?

മാതൃഭൂമി നിരത്തിയ പന്ത്രണ്ട് കുറ്റാരോപണങ്ങള്‍ നോക്കുക:

"12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.


1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.


2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.

3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.


4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.


6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.


7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.


8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.


9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.


11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.


12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. "

(ഈ പറയുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ലാവലിന്റെ കാണാപ്പുറങ്ങള്‍ prabha varma തയ്യാറാക്കിയത് ഇവിടെ കാണുക. )

ഒരു മഹാപരാധവും ഒരിടത്തും കാണുന്നില്ല. ഒരഴിമതിയും കാണുന്നില്ല. സാങ്കേതികമായ, വൈദ്യുതിബോഡും സര്‍ക്കാരും മറുപടി പറഞ്ഞുകഴിഞ്ഞ കുറെ കാര്യങ്ങള്‍ മാത്രം.

r ഇതുകണ്ടാല്‍ ആര്‍ക്കാണ് സംശയമുണ്ടാവുക സംഗതി ചീറ്റിപ്പോയി എന്നതില്‍? ഈ ദുര്‍ബലവാദങ്ങളും വെച്ചാണോ നിങ്ങള്‍ പിണറായി വിജയനെ പിടിക്കാന്‍ നടക്കുന്നത്?

എങ്കില്‍, സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ ഏതു വിദേശ കരാറാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള സന്നദ്ധതയും കാണിക്കണം.

ഒരു വൈദ്യുതി പദ്ധതി നവീകരണ കരാര്‍ നടപ്പാക്കുന്നതിന്റെ ഘട്ടത്തില്‍, ചുരുങ്ങിയ കാലം മന്ത്രിക്കസേരയിലിരുന്നതുകൊണ്ട്, പിടിക്കപ്പെടാനും തകര്‍ക്കപ്പെടാനുമുള്ളതാണ് പിണറായി വിജയനെപ്പോലൊരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എന്ന് ചിന്തിക്കാനും ആ ചിന്തയ്ക്കനുസരിച്ച് അനുചരന്‍മാരെ തുള്ളിക്കാനും നടക്കുന്ന സ്വപ്നജീവികള്‍ക്കുവേണ്ടി ആളിക്കത്താനുള്ളതാണല്ലോ മാതൃഭൂമിയിലെ എക്സ്റ്റന്‍ഷന്‍ വാങ്ങികളും തൊമ്മികളുമായ സുഹൃത്തുക്കളേ നിങ്ങളുടെ ജീവിതം എന്നോര്‍ത്ത് അല്‍പം സങ്കടപ്പെടട്ടെ. ഈ ബ്ളോഗില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുണ്ട്. 'അപ്പനില്ലാത്ത നോട്ടീസ്' എന്ന പേരില്‍. അതില്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.

എന്തായാലും മാതൃഭ‌ുമിക്ക് നന്ദി പറയാം. അവസാനം എതിര്‍ക്കാന്‍ വേണ്ടിയെന്കിലും അവര്‍സംഗതിയുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ.