Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Wednesday, April 14, 2010

വീരന്‍, പ്രകമ്പനമരുതേ

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

വീരന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മണ്‍മറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും?

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍.

ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുരുലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ:

"തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുന്നുപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി)

ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു.

സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിസെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്.

വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്. ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്റ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം രേഖകളും വസ്തുതകളുമായി ഭൂമി കൈയേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് വിശദീകരണം നല്‍കാന്‍ വീരേന്ദ്രകുമാര്‍ മുതിരുന്നില്ല. പകരം പാരമ്പര്യത്തിന്റെ കഥപറയുന്നു; തുറന്ന കത്തയക്കുന്നു; പ്രസംഗിച്ചും ലേഖനമെഴുതിച്ചും അപവാദ പ്രചാരണം നടത്തുന്നു. ഇതിലെവിടെയാണ് ന്യായം? രാഷ്ട്രീയ മര്യാദ? സാമാന്യ മര്യാദ? പ്ളാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരപ്പന്തല്‍ തകര്‍ക്കുകയും ആദിവാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത് വീരേന്ദ്രകുമാറിന്റെ പാര്‍ടിക്കാരാണ്. അദ്ദേഹംതന്നെ പറയുന്നുണ്ട് തന്റേത് ചെറിയൊരു പാര്‍ടിയാണെന്ന്. ചെറിയ പാര്‍ടിയായിട്ടും ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അല്‍പ്പം വലുതായിരുന്നെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. മാനസാന്തരം വന്ന മുന്‍ സോഷ്യലിസ്റ്റിന്റെ വിചിത്രമായ ന്യായീകരണ ശ്രമങ്ങളല്ല, ഇടതുപക്ഷ മുഖംമൂടിയിട്ടിരുന്ന കാപട്യത്തിന്റെ പൊട്ടിയൊലിക്കലാണുണ്ടാകുന്നത്. വലതുപക്ഷ കൂടാരത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇടതുപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ അവകാശമുണ്ട്; പക്ഷേ, അതുകൊണ്ട് ഇന്നു നില്‍ക്കുന്നിടത്തെ ദുര്‍ഗന്ധം ഇല്ലാതാകില്ല. അതുകൊണ്ട്, പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ താങ്കള്‍ പ്രകമ്പനം കൊള്ളുന്നതില്‍ അല്‍പ്പം നിയന്ത്രണം പാലിക്കൂ.

Thursday, June 4, 2009

മാധ്യമങ്ങളെപ്പറ്റിത്തന്നെ

ബുധനാഴ്ച ഇറങ്ങിയ രണ്ട് പ്രമുഖ മലയാളപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളിലൊന്ന്, കേരളത്തിന്റെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ ചോര്‍ത്തി എന്നാണ്. അങ്ങനെ ചോര്‍ത്തിയ വിവരങ്ങള്‍ സിബിഐ ഗവര്‍ണര്‍ക്ക് കൈമാറി എന്നും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് 'മാതൃഭൂമി'യും 'മലയാള മനോരമ'യും. മനോരമ ഇങ്ങനെ എഴുതുന്നു:
"അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുരു പ്രധാനിയുമായിപ്രമുഖ സിപിഎം നേതാവ് നടത്തിയ
ഫോണ്‍വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം
നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ കാര്യത്തില്‍
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുനു
ശേഷം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക്ക്കു നേതാവിന്റെ
ഫോണില്‍നിന്ന് പോയ വിളികളാണ് സിബിഐ കണ്ടെത്തിയതെന്നറിയുന്നു. എജി സര്‍ക്കാരിന്നു
റിപ്പോര്‍ട്ട് നല്‍കുന്നതിന്നു മുന്‍പുള്ള ദിവസങ്ങളിലും നേതാവിന്റെ ഫോണില്‍നിന്ന്
ഇത്തരം വിളി പോയിട്ടുണ്ടത്രെ.''
"
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായി എന്നാണ് സിബിഐ
സംശയിക്കുന്നത്''
എന്നും ഉറപ്പിച്ചുപറയുന്ന മനോരമ തൊട്ടടുത്ത വാചകം
'ഫോണ്‍ നമ്പരിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക്ക്കു കൈമാറിയ കാര്യം
സ്ഥിരീകരിക്കാന്‍ രാജ്ഭവന്‍ വൃത്തങ്ങളോ സിബിഐ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല'
എന്നും പറയുന്നുണ്ട്.മാതൃഭൂമിയുടെ വാര്‍ത്തയില്‍ സമാനമായ കാര്യങ്ങളാണ് പറയുന്നത്
-"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും
തമ്മില്‍ നടത്തിയ ടെലിഫോണ്‍സംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍
പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍
കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതിന്
പിറ്റേദിവസം മുതല്‍ തുടങ്ങിയ ഫോണ്‍വിളികളില്‍ അഡ്വക്കേറ്റ് ജനറല്‍ തിരക്കിട്ട്
മറുപടി നല്‍കിയതിന്റെ തലേദിവസത്തെ സംഭാഷണവും ഉള്‍പ്പെടുന്നുണ്ട്. മന്ത്രിസഭയില്‍
പ്രോസിക്യൂഷന് അനുമതി നല്‍കണമോയെന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നദിവസവും
അതിനുനുശേഷവും ടെലിഫോണ്‍ സംഭാഷണം ഉണ്ടായി. ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ.
ചൂണ്ടിക്കാണിച്ചിട്ടുണ്ട്''
ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയതായി മനോരമയ്ക്കും മാതൃഭൂമിക്കും 'വിശ്വസനീയ' വിവരം ലഭിച്ചിട്ടുണ്ട് എന്നാണ്. മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്: സിബിഐ അങ്ങനെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ വിവരം എങ്ങനെ മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടി എന്നത്.
രണ്ടാമത്തേത്, ഇത്തരമൊരു ടെലിഫോണ്‍ ചോര്‍ത്തലിന് സിബിഐക്ക് അധികാരമുണ്ടോ എന്നത്.
ഫോണ്‍ ചോര്‍ത്തല്‍ കെട്ടുകഥയാണെങ്കില്‍, ഗവര്‍ണറെ സ്വാധീനിക്കാന്‍ വ്യാജവാര്‍ത്ത ചമച്ചു എന്ന ഗുരുതരമായ സവഭാവദൂഷ്യക്കുറ്റം ചെന്നുപതിക്കുന്നത് മനോരമയുടെയും മാതൃഭൂമിയുടെയും തലയിലാണ്. മൂന്നായാലും ജനാധിപത്യവും നിയമവാഴ്ചയും പുലരുന്ന സമൂഹത്തില്‍ നടക്കേണ്ട ആശാസ്യകരമായ സംഗതികളല്ല അവ എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഫോണ്‍ചോര്‍ത്തല്‍വാര്‍ത്ത ശരിയാണെങ്കില്‍ സിബിഐ പെടാന്‍ പോകുന്നത് വലിയ നിയമക്കുരുക്കിലാണ്. കാരണം അത്തരമൊരു പ്രവൃത്തി സ്വന്തമായി തീരുമാനിച്ചു ചെയ്യാന്‍ ആ ഏജന്‍സിക്ക് അധികാരമില്ല. രാജ്യസുരക്ഷ, രാജത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍, വിദേശരാജ്യങ്ങളുമായുള്ള സൌഹൃദം തകര്‍ക്കുന്ന പ്രശ്നങ്ങള്‍, ക്രമസമാധാനപാലനം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയല്‍ എന്നിങ്ങനെയുള്ള അഞ്ചു സവിശേഷ ഘട്ടങ്ങളില്‍ കര്‍ക്കശമായ നിബന്ധനകളോടെ വ്യക്തമായ ഉത്തരവിന്റെ ബലത്തില്‍ ചെയ്യേണ്ട ഒന്നാണ് ആരുടെയെങ്കിലും ടെലിഫോണ്‍ ചോര്‍ത്തല്‍.
കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവാണ് ഇതിനുവേണ്ടത്് അതും അന്തിമമല്ല. അഖിലേന്ത്യാതലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍-കമ്യൂണിക്കേഷന്‍ സെക്രട്ടറി എന്നിവരും തത്തുല്യ ചുമതലയുള്ളവര്‍തന്നെ സംസ്ഥാന തലത്തിലും ഈ ഉത്തരവ് പരിശോധനാ വിഷയമാക്കേണ്ടതും സാധൂകരണമില്ലാത്തതാണെന്ന് തോന്നിയാല്‍ റദ്ദുചെയ്യേണ്ടതുമാണ്. അങ്ങനെ റദ്ദുചെയ്യുമ്പോള്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ അസാധുവാക്കപ്പെടും.
ഇതെല്ലാം സുപ്രീംകോടതി കൃത്യമായി നിര്‍വചിച്ച മാനദണ്ഡങ്ങളാണ്. ഒരാള്‍ക്ക് ടെലിഫോണില്‍ സംസാരിക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1) (എ) അനുസരിച്ചുള്ള ആശയാവിഷ്കാര സ്വാതന്ത്യ്രവും 21-ാം അനുച്ഛേദമനുസരിച്ചുള്ള വ്യക്തിസ്വാതന്ത്യ്രവും അതിന്റെ സ്വകാര്യതയുമാണ്. അത് തടയുന്നത് പൌരന്റെ മൌലികാവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവും. ഇവിടെ, ഭരണഘടനാ പദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറല്‍ മേല്‍പറഞ്ഞ അഞ്ചു ഗുരുതരപ്രശ്നങ്ങളില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്ന കുറ്റകൃത്യംചെയ്തു എന്ന് സിബിഐക്ക് തോന്നിയോ? ഇല്ലെങ്കില്‍ ടെലിഫോണ്‍ ചോര്‍ത്തലിന്റെ സാധൂകരണമെന്താണ്?
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ഒരു മാനദണ്ഡവും പാലിക്കാതെ സിബിഐക്ക് തോന്നിയപോലെ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്താനാകുമോ? അന്വേഷണം പൂര്‍ത്തിയായ ഒരു കേസില്‍, നിയമാനുസൃതമുള്ള ഒരു പ്രശ്നത്തിന് സംസ്ഥാന ഗവണ്‍മെന്റിന് നിയമോപദേശം നല്‍കുക എന്ന ചുമതലയാണ് അഡ്വക്കറ്റ് ജനറല്‍ നിര്‍വഹിച്ചത്. അദ്ദേഹം നല്‍കിയ ഉപദേശത്തിനുമാത്രമാണ് പ്രാധാന്യം. ഉപദേശം നല്‍കുന്നതിനുമുമ്പോ പിമ്പോ അഡ്വക്കറ്റ് ജനറലിന്റെ പിന്നാലെ പോകേണ്ട ചുമതല സിബിഐക്കില്ല. എന്നിട്ടും സിബിഐ അങ്ങനെ ചെയ്യുകയും ആ വിവരം സ്വകാര്യമായി മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, കുറ്റാന്വേഷണത്തിന് ചുമതലപ്പെട്ട ഏജന്‍സി നീതീകരണമില്ലാത്ത കുറ്റമാണ് ചെയ്തത് എന്നര്‍ഥം.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്ന മറ്റൊരു കുറ്റം അതിനു പുറമെ. സ്വാഭാവികമായും ഗവര്‍ണര്‍ക്ക് അത്തരമൊരു കുറ്റകൃത്യം അംഗീകരിക്കാനാവില്ല. സിബിഐ അങ്ങനെയൊരു ഗുരുതരവും ഭരണഘടനാവിരുദ്ധവുമായ കുറ്റകൃത്യം നടത്തിയതിന്റെ തെളിവുസഹിതമുള്ള റിപ്പോര്‍ട്ട് കിട്ടുന്ന ഗവര്‍ണര്‍ക്ക് അക്കാര്യം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇനി വാര്‍ത്ത വ്യാജമാണെങ്കിലോ? സിബിഐ അന്വേഷണത്തെക്കുറിച്ചടക്കം നുണക്കഥകളുണ്ടാക്കി ലാവ്ലിന്‍ കേസില്‍ അട്ടിമറിനടത്താന്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നതിന്റെ നാണംകെട്ട ചിത്രമാണ് തെളിയുക.
ദുര്‍ബലമായ തെളിവുകളുള്ള കേസുകള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടാനും ജനശ്രദ്ധയില്‍ നിര്‍ത്താനും ചിലചില വിവരങ്ങള്‍ ബോധപൂര്‍വം ചോര്‍ത്തിനല്‍കുന്നത് സിബിഐ പലപ്പോഴും അവലംബിക്കുന്ന ഒരു രീതിയാണ്്. ഇവിടെ, സിബിഐയേക്കാള്‍ താല്‍പ്പര്യങ്ങളുള്ള മാധ്യമങ്ങള്‍ ചോര്‍ത്തിക്കിട്ടിയതിനേക്കാള്‍ വലിയ കല്‍പ്പിതകഥകളും ഉണ്ടാക്കുന്നു. സാമാന്യ ബോധം തൊട്ടുതീണ്ടാത്ത വാര്‍ത്തകളാണ് അതിന്റെ ഫലമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
കാപട്യത്തിന്റെ കൂത്താട്ടം നടത്തുകയാണ് മാധ്യമങ്ങള്‍. ഫോണ്‍ചോര്‍ത്തല്‍ എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം എന്തൊക്കെയാണ്, ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇത്തരമൊരു വാര്‍ത്ത നിലംതൊടാതെ വിഴുങ്ങി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അത് ജനങ്ങളുടെ അവകാശമാണ്. അല്ലെങ്കില്‍, അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന അവഹേളനത്തെയും അപവാദ പ്രചാരണത്തെയും നിസ്സംഗം കണ്ടുനില്‍ക്കുന്നു എന്ന കുറ്റകൃത്യമാണ് നിയമബോധമുള്ള കേരളീയ സമൂഹത്തിനുമേല്‍ പതിക്കുക.

Monday, April 13, 2009

എച്ചിത്തരം




മാതൃഭൂമി വായിക്കുമ്പോള്‍ നാമെല്ലാം ഞെട്ടാറില്ലേ. ഈ പത്രം എന്തുകൊണ്ടിങ്ങനെ തരംതാണ രാഷ്ട്രീയക്കളിക്കിറങ്ങുന്നു; പരിഹാസ്യമാകുന്നു എന്നെല്ലാം അത്ഭുതം കൂറാറില്ലേ. ഒന്നും വേണ്ട. എച്ചിത്തരം അതിന്റെ ഉള്ളില്‍തന്നെയാണ്.ഒരു നോട്ടീസ് വായിക്കുക.

Friday, April 3, 2009

ചില നേരങ്ങളില്‍ ചിലര്‍

(തനിസ്വഭാവം)
മനുഷ്യന്‍ എല്ലായ്പോഴും തനിസ്വഭാവം കാട്ടാറില്ല. കേരളത്തില്‍ ഇന്ന് മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാര്‍ത്ഥി സ്വന്തം ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചിരുന്നയാളാണത്രെ. സിഗരറ്റ് കുറ്റികള്‍കൊണ്ട് ശരീരത്തില്‍ കുത്തുന്നതുപോലുള്ള സാഡിസം പതിവാക്കിയ ആള്‍. അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് പ്രസ്തുത സ്ഥാനാര്‍ത്ഥിയെ കണ്ടാല്‍ തോന്നുകയേ ഇല്ല. അകന്നുനില്‍ക്കുന്ന ഭാര്യ പൊതുവേദിയില്‍ അതൊന്നും വിളിച്ചുപറയാനും പോകുന്നില്ല.

സ്ഥാനാര്‍ത്ഥിയോടടുപ്പമുണ്ടായിരുന്ന ചലച്ചിത്ര താരങ്ങളും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പുറത്തറിയിച്ച് സ്വയം അപഹാസ്യരാകാന്‍ തയാറാകില്ല. അതുകൊണ്ടുതന്നെ, സാധാരണ മനുഷ്യര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ദുസ്വഭാവമുള്ളവര്‍ മുഖം മിനുക്കി നിഷ്കളങ്കവേഷത്തില്‍ നമുക്ക് മുന്നില്‍ വരുന്നു. നക്ഷത്ര ഹോട്ടലുകളില്‍ അവരുടെ പലകോഴ്സ് വിരുന്നുണ്ണുന്ന മാധ്യമ കങ്കാണിമാര്‍ വരച്ചുകാട്ടുന്ന പളപളപ്പുള്ള ചിത്രത്തില്‍ മയങ്ങി നമ്മളില്‍ചിലരെങ്കിലും അത്തരക്കാര്‍ക്ക് വോട്ടുചെയ്ത് പോകുന്നു. ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് അപകീര്‍ത്തികരമാകരുത് ഈ കുറിപ്പ് എന്നതുകൊണ്ടാണ് ആളെ തിരിച്ചറിയുന്നതിനുള്ള സൂചനകള്‍ ഒഴിവാക്കുന്നത്.

ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിച്ച വിഷയം ആ സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമോ അല്ല; ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച 'അപരനെ 'നെ പുറത്തെടുക്കുന്ന അവസ്ഥയാണ്.

മണിച്ചിത്രത്താഴ് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മലയാള ചലച്ചിത്രമാണ്. ആ ചിത്രമോ അതിലെ ഏതാനും രംഗങ്ങളോ കണ്ടിട്ടില്ലാത്ത മലയാളികള്‍-ലോകത്തിന്റെ ഏതുമൂലയിലായാലും-ചുരുങ്ങും. നായികാ കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ച ശോഭനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ശാന്തസ്വഭാവിയായ ഗംഗ, ഭര്‍ത്താവ് നകുലനോട് പെട്ടെന്ന് ഭാവംമാറ്റി 'വിടമാട്ടേന്‍...'എന്നു ഗര്‍ജിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആ സമയത്ത് ഗംഗ രൌദ്രസ്വരൂപിണിയാകുന്നു; അസാധാരണ ശക്തിയും ക്രൌര്യവും കാണിക്കുന്നു; കൂറ്റന്‍ കട്ടില്‍ ഒരു പുസ്തകംപോലെ എടുത്ത് പൊന്തിക്കുന്നു. മനഃശാസ്ത്രത്തില്‍ ഇത്തരം അവസ്ഥയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്-വിശദാംശങ്ങള്‍ അറിയില്ല.

എന്തായാലും മനസ്സില്‍ ഒളിപ്പിച്ച പകയും കുടിലതയും വെറുപ്പും മാലിന്യവുമെല്ലാം ചിലനേരങ്ങളില്‍ അറലയാതെ പുറത്തുവരും എന്നത് ഉദാഹരിക്കാന്‍ ഗംഗയെ ഓര്‍ക്കാമെന്നുമാത്രം.ഉമ്മന്‍ ചാണ്ടിയും 'ഗംഗ'യും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്ന 'വിടമാട്ടേന്‍' പ്രയോഗം ഗംഗയുടേതുതന്നെ. ഏതുചെകുത്താനാണ് അദ്ദേഹത്തിന്റെ ഉള്ളില്‍നിന്ന് പുറത്തുചാടുന്നതെന്ന് ആര്‍ക്കറിയാം.

ഇന്ന്,ഏപ്രില്‍ മൂന്നിന് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 'മാതൃഭൂമി' പത്രത്തില്‍ വന്ന ഒരു ലേഖനം കണ്ടപ്പോഴാണ് സിഗരറ്റുകത്തിച്ച് ഭാര്യയെ കുത്തുന്ന സ്ഥാനാര്‍ത്ഥിയുടെയും മണിച്ചിത്രത്താഴിന്റെയുമെല്ലാം വേണ്ടാത്ത ഓര്‍മ്മ വന്നത്.

ലേഖനത്തിന്റ തലക്കെട്ട് ഇതാണ്:
'ആസൂത്രിതമായ കാലവിളംബം'.
ലാവലിന്‍ കേസില്‍ മൂന്നുപേരെ(പിണറായി വിജയന്‍ അടക്കമുള്ളവരെ) നാളെത്തന്നെ പ്രാസിക്യൂട്ട് ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറല്‍ എഴുതിക്കൊടുക്കാത്തതിലാണ് ഉമ്മന്‍ചാണ്ടിയുടെ പരിഭവവും രോഷവും നൈരാശ്യവും. എന്തിനാണ് അഡ്വക്കറ്റ് ജനറലിന്റെയടുത്ത് പോയത്, നിയമവകുപ്പ് പരിശോധിച്ചാല്‍ പോരായിരുന്നോ എന്നും ചോദിക്കുന്നുണ്ടദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
"ഈ പശ്ചാത്തലത്തിലാണ്‌ മൂന്നാഴ്‌ച വൈകിക്കാതെ കഴിയുന്നതും വേഗം എ.ജി. നിയമോപദേശം നല്‌കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു പൊതുജനതാത്‌പര്യ ഹര്‍ജി ഹൈക്കോടതിക്കു മുമ്പിലെത്തിയത്‌. തുടര്‍ന്നു ഹൈക്കോടതി മൂന്നു മാസത്തെ സാവകാശം അനുവദിച്ചു. അതു മെയ്‌ 12 വരെയാണ്‌. മൂന്നുമാസത്തിനുള്ളില്‍ എന്നു വെച്ചാല്‍ മെയ്‌ 12-നുള്ളില്‍ എപ്പോഴെങ്കിലും എന്നാണര്‍ഥം.''

അതായത് അക്കൌണ്ടന്റ് ജനറലിന് ഹൈക്കോടതി നല്‍കിയ സാവകാശം ഇനിയും ഒരുമാസത്തിലേറെ ഉണ്ട് എന്നര്‍ത്ഥം. ഇത്തരം കേസുകള്‍ എത്രമാത്രം സങ്കീര്‍ണ്ണമാണെന്നും രേഖകളുടെ വൈപുല്യം എത്രയാകുമെന്നും ഹൈക്കോടതിക്ക് അറിയുമായിരിക്കുമല്ലോ. അതുസംബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ.

''ലാവ്ലിന്‍ രേഖ അപൂര്‍ണം; വിശദീകരണമില്ലാതെ സിബിഐ
നിയമകാര്യലേഖകന്‍

കൊച്ചി: ലാവ്ലിന്‍ കേസില്‍ അഡ്വക്കറ്റ് ജനറലിനു ലഭിച്ച രേഖകള്‍ അപൂര്‍ണമാണെന്ന കത്തിന് സിബിഐ വിശദീകരണം നല്‍കിയില്ല. രേഖകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കി അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ കത്ത് ആഭ്യന്തരവകുപ്പ് സിബിഐക്കു കൈമാറിയിരുന്നു.

ഇടപാടിന്റെ മുഖ്യ ആസൂത്രകന്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനാണെന്ന് സിബിഐ വിലയിരുത്തിയിരുന്നു. എങ്കിലും കാര്‍ത്തികേയന്റെ മൊഴികളുടെ പകര്‍പ്പ് സിബിഐ നല്‍കിയ രേഖകളിലില്ല. മറ്റ് പ്രധാന സാക്ഷികളില്‍നിന്ന് സിബിഐ ശേഖരിച്ച വിശദാംശങ്ങളും മൊഴികളും സര്‍ക്കാരിനു കൈമാറിയ രേഖകളോടൊപ്പം ഇല്ലായിരുന്നു. 12 വാല്യങ്ങളുള്ള കേസ് ഡയറിയില്‍ അധികം പേജുകളും നീക്കിയിരുന്നു. പ്രാധാന്യമുള്ള മൊഴികളില്‍ പലതും നീക്കി. അപൂര്‍ണമായ ഈ രേഖകള്‍ പരിശോധിച്ച് പ്രതികളെ പ്രോസിക്യൂട്ട്ചെയ്യാന്‍ അനുവദിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടാണ് അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയത്.

സിബിഐ സര്‍ക്കാരിനു നല്‍കിയ മുഴുവന്‍ രേഖകളും ആഭ്യന്തരവകുപ്പ് അഡ്വക്കറ്റ് ജനറലിന് കൈമാറിയിരുന്നു. എണ്ണായിരത്തോളം പേജുള്ള കേസ് ഡയറിയാണ് അഡ്വക്കറ്റ് ജനറല്‍ പരിശോധിക്കുന്നത്. ഞായറാഴ്ചകളില്‍ പ്രത്യേക അനുമതിയോടെയാണ് ഹൈക്കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എജി ഓഫീസ് ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കുന്നത്. നിയമോപദേശം നല്‍കുന്നതിന് മുഴുവന്‍ രേഖകളും ആവശ്യമാണെന്നിരിക്കേ ജി കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മറച്ചുവച്ച സിബിഐയുടെ നടപടി ദുരൂഹമാണ്. ''

ഹൈക്കോടതി പറഞ്ഞത്, മൂന്നുമാസം കഴിഞ്ഞാലും ആവശ്യമെങ്കില്‍ സമയപരിധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കാമെന്നാണ്. പിണറായി വിജയനെ ഇന്ന് സന്ധ്യയ്ക്കുമുമ്പ് കേസില്‍കുടുക്കി സംഹരിച്ചുകളയാന്‍ ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. അങ്ങനെയുള്ള കടന്ന ആഗ്രഹങ്ങളെല്ലാം അതേപോലെ നടന്നുകിട്ടാനുള്ള സാഹചര്യവും വേണ്ടേ. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുകയാണ്:

"എന്നാല്‍, ഹൈക്കോടതി നല്‌കിയ അവസരത്തെ പരമാവധി വലിച്ചുനീട്ടി പ്രോസിക്യൂഷന്‍ അനുമതി കഴിയുന്നത്ര വൈകിക്കുക എന്ന തന്ത്രമാണു ഭരണപക്ഷം സ്വീകരിച്ചത്‌. ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ നല്‌കാവുന്ന നിയമോപദേശത്തിനു മൂന്നാഴ്‌ച സാവകാശം ചോദിച്ച എ.ജി., ഏഴാഴ്‌ച കഴിഞ്ഞിട്ടും അതു നല്‌കിയില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. പ്രഥമദൃഷ്‌ട്യാ കേസുണ്ടോയെന്നു പരിശോധിക്കാന്‍ ഇത്രയധികം രേഖകള്‍ പരതുന്നതിനാല്‍ ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുന എ.ജി.യിലേക്കു നീണ്ടിരിക്കുകയാണ്‌.
''
അതെ. ഒന്നോരണ്ടോ ദിവസംകൊണ്ട് തീരുമാനമെടുക്കാന്‍ കഴിയും-ഉമ്മന്‍ചാണ്ടിയെപ്പോലെ സദാചാരവും മാന്യതയും പരണത്തുവെച്ച്, ഒടുങ്ങാത്ത പകയും വൈരവും അതിന്റെ ഫലമായ കുതന്ത്രങ്ങളും മനസ്സില്‍കൊണ്ടുനടക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക്. സ്വന്തം വകുപ്പായ വിജിലന്‍സ് സ്വന്തം ഭരണകാലത്ത് മൂന്നുകൊല്ലം അന്വേഷിച്ച് മടക്കിക്കെട്ടിയകേസ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം 'ഔട്ട് ഓഫ് അജണ്ട'യായി മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക എന്ന ഉളുപ്പില്ലായ്മ കാണിച്ചയാളാണല്ലോ ഉമ്മന്‍ചാണ്ടി.

എന്തേ വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയിലില്ല? ആ പേര് വരുത്താന്‍ വേണ്ടി മാത്രമാണ് സിബിഐയെ കൊണ്ടുവന്നതെന്നും അതിനുവേണ്ടിയാണ് സകല ദുര്‍മന്ത്രവാദികളെയും കൂട്ടിയോജിപ്പിച്ച് ഡല്‍ഹിയില്‍ചെന്ന് പാടുകിടന്നതെന്നും അങ്ങനെയൊരു മഹായജ്ഞത്തിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥയെന്നും ഉമ്മന്‍ചാണ്ടി മറച്ചുപിടിച്ചാല്‍ കേരളം കാണാതിരിക്കുമോ?

സിബിഐ അന്വേഷണത്തിനു വിട്ടതിന്റെ പേരിലായിരുന്നല്ലോ നിയമസഭാതെരഞ്ഞെടുപ്പിലെ ലാവലിന്‍ പ്രയോഗം. ഫലം വന്നപ്പോള്‍ 98 സീറ്റ് എല്‍ഡിഎഫിന്. അതിനുമുമ്പ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെ എടുത്തിടലക്കാന്‍ ഉപയോഗിച്ചതും ലാവലിന്‍ എന്ന ആയുധം തന്നെ. അതിന്റെ ഫലം ഇരുപതില്‍ പതിനെട്ടു സീറ്റും എല്‍ഡിഎഫിന്.

രാഷ്ട്രീയമായി എതിരാളികളെ നേരിടാം. ഇത്തരമൊരു രീതി നല്ലതല്ല. ഒരു കേസ് കൃത്രിമമായി സൃഷ്ടിക്കുക, സംഘടിതമായി വ്യാജപ്രചാരണം നടത്തുക, അതിന് മാധ്യമങ്ങളെ വഴിവിട്ടുപയോഗിക്കുക, ഭരണസംവിധാനത്തെ ദുരുപയോഗിച്ച് കേസന്വേഷണത്തില്‍ ഇടപെടുക, അങ്ങനെ കെട്ടിച്ചമച്ച കാര്യങ്ങളുടെ ബലത്തില്‍ അലമുറയിടുക-ഇതാണിപ്പോള്‍ നടക്കുന്നത്.

ലാവലിന്‍ കേസ് എന്താ ആസന്നമരണനായിക്കിടക്കുന്ന രോഗിയോ? അഡ്വക്കറ്റ് ജനറല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, രേഖയൊന്നും നോക്കാതെ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന അഭിപ്രായം ആംബുലന്‍സില്‍ അയച്ചുകൊടുക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍, ഇന്നാട്ടില്‍ നിയമം വേണോ ഭരണ സംവിധാനങ്ങള്‍ വേണോ?

വിവരക്കേട് എഴുന്നള്ളിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് വിലക്കൊന്നുമില്ലെന്ന് തോന്നുന്നു. ഹൈക്കോടതി മൂന്നുമാസമോ, ആവശ്യമെങ്കില്‍ അതിലധികമോ സമയം കൊടുത്ത പ്രശ്നം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ എന്നാണദ്ദേഹമിപ്പോള്‍ പറയുന്നത്. മനസ്സില്‍ കുബുദ്ധിയും കുതന്ത്രവും എതിരാളിയെ കുത്തിമലര്‍ത്തണമെന്ന അടങ്ങാത്ത ആശയും മാത്രമുള്ള ഒരു രാഷ്ട്രീയനേതാവിന്റെ മുഖം ഉമ്മന്‍ചാണ്ടിയുടെ ഉടലിനുമുകളില്‍ കാണുന്നില്ലേ?

ഇപ്പോള്‍ ഒരു 'വിടമാട്ടേന്‍...'ലൈന്‍ ഫീല്‍ ചെയ്യുന്നുണ്ടോ? ഒരുകാര്യം കൂടി. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുന്നു:

" പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ ഇടപാടിലെ 374.5 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ഇനിയും ലഭിക്കാനുള്ള 86.25 കോടിയും ചേര്‍ത്താല്‍ 460.75 കോടിയുടെ അഴിമതിയാണ്‌ ഈ ഇടപാടില്‍ നടന്നിരിക്കുന്നത്‌. അതുകൊണ്ടാണ്‌ യു.ഡി.എഫ്‌. ഈ വിഷയത്തെ അതീവഗൗരവമായി കാണുന്നത്‌. ''

അമ്പമ്പോ. ഈ കണക്ക് ഒന്നുനോക്കുക:
ആകെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപയാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്മിനിസ്ടേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപ.

ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-സര്‍ക്കാരിന്റെയും വൈദ്യുതി ബോഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ കാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ഈ ചെലവിട്ട തുകയും വാങ്ങിയ യന്ത്രങ്ങളും നടത്തിയ നിര്‍മ്മാണവും നവീകരണത്തിനുശേഷം മൂന്നു പദ്ധതികളില്‍നിന്നായി ഉല്‍പാദിപ്പിച്ച 1200 കോടി രൂപയുടെ വൈദ്യുതി ഏതുകണക്കിലാണ് ഉമ്മന്‍ചാണ്ടി പെടുത്തുന്നത്?

കഷ്ടം. കള്ളം പറയാന്‍ ചിലര്‍. അത് ഏറ്റുപിടിച്ച് അപസ്മാരബാധ കാട്ടാന്‍ മറ്റുചിലര്‍. കുറെ ഉപജാപങ്ങളും തൊടുന്യായങ്ങളും കൊണ്ട് സിപിഐ എമ്മിനെയും പിണറായി വിജയനെയും ഒടുക്കിക്കളയാന്‍ ഇനിയും ശ്രമിക്കുക. അതിന് കിട്ടാവുന്ന എല്ലാ മനോരോഗികളെയും കൂട്ടുപിടിക്കുക. ഇതാണല്ലോ പുതിയ ആദര്‍ശാത്മക മൂല്യാധിഷ്ഠിത രാഷ്ട്രീയം.

Thursday, April 2, 2009

നന്ദി, മാതൃഭൂമി,നന്ദി


ഒരു മാര്‍ക്സിസ്റ്റുകാരന്റെ ആത്മഗതം


ലാവലിന്‍ വിഷയം തെരഞ്ഞെടുപ്പുചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ മാതൃഭൂമി കാണിക്കുന്ന പിടച്ചില്‍ രസാവഹമാണ്. ഇവര്‍ക്ക് വായനക്കാരെ ഒട്ടും മതിപ്പില്ലെന്ന് തോന്നുന്നു. പ്രകടമായ ആക്രാന്തം കണ്ടാല്‍ വായനക്കാര്‍ തിരിച്ചറിയുമെന്നും അത് പത്രത്തിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നുമുള്ള ചിന്ത അവര്‍ക്കില്ല എന്നുതന്നെ കരുതണം.

ഈയൊരു തെരഞ്ഞെടുപ്പോടെ ലോകം അവസാനിക്കുമെന്നോ വീന്ദ്രേകുമാറിന്റെ പകയും കൌശലവുമാകുന്ന മാലിന്യം ചുമന്നുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നോ കരുതിപ്പോയ അല്‍പബുദ്ധികളുടെ അഭ്യാസപ്രകടനമാണ് നടക്കുന്നത്.

വഴിനടക്കുമ്പോള്‍ ഉടുമുണ്ടഴിഞ്ഞുപോയത് അറിയാത്ത പാവങ്ങള്‍. അതുകണ്ട് ജനം വാപൊത്തിച്ചിരിക്കുന്നത് പ്രോത്സാഹനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.

പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'.'ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ' എന്നാണ് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്ക്കകത്ത് ഒരിടത്തും കാണുന്നില്ല, സാമ്പത്തിക ലാഭത്തിനോ, വഴിവിട്ട എന്തെങ്കിലും ആനുകൂല്യത്തിനോ വേണ്ടി പിണറായി എന്തെങ്കിലും ചെയ്തുവെന്ന്.

സ്വന്തം പ്രദേശത്ത്(മലബാറില്‍) ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നാഗ്രഹിച്ച 'മഹാപരാധം' അഴിമതിയുടെ ഗണത്തില്‍ വരുമോ?

എവിടെ 374 കോടിയുടെ അഴിമതി?

പിണറായി ഒരു നയാപൈസയുടെ ക്രമക്കേടു നടത്തി എന്ന് സിബിഐ എവിടെ കണ്ടെത്തി?

മാതൃഭൂമി നിരത്തിയ പന്ത്രണ്ട് കുറ്റാരോപണങ്ങള്‍ നോക്കുക:

"12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.


1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.


2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.

3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.


4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.


6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.


7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.


8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.


9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.


11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.


12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. "

(ഈ പറയുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ലാവലിന്റെ കാണാപ്പുറങ്ങള്‍ prabha varma തയ്യാറാക്കിയത് ഇവിടെ കാണുക. )

ഒരു മഹാപരാധവും ഒരിടത്തും കാണുന്നില്ല. ഒരഴിമതിയും കാണുന്നില്ല. സാങ്കേതികമായ, വൈദ്യുതിബോഡും സര്‍ക്കാരും മറുപടി പറഞ്ഞുകഴിഞ്ഞ കുറെ കാര്യങ്ങള്‍ മാത്രം.

r ഇതുകണ്ടാല്‍ ആര്‍ക്കാണ് സംശയമുണ്ടാവുക സംഗതി ചീറ്റിപ്പോയി എന്നതില്‍? ഈ ദുര്‍ബലവാദങ്ങളും വെച്ചാണോ നിങ്ങള്‍ പിണറായി വിജയനെ പിടിക്കാന്‍ നടക്കുന്നത്?

എങ്കില്‍, സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ ഏതു വിദേശ കരാറാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള സന്നദ്ധതയും കാണിക്കണം.

ഒരു വൈദ്യുതി പദ്ധതി നവീകരണ കരാര്‍ നടപ്പാക്കുന്നതിന്റെ ഘട്ടത്തില്‍, ചുരുങ്ങിയ കാലം മന്ത്രിക്കസേരയിലിരുന്നതുകൊണ്ട്, പിടിക്കപ്പെടാനും തകര്‍ക്കപ്പെടാനുമുള്ളതാണ് പിണറായി വിജയനെപ്പോലൊരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എന്ന് ചിന്തിക്കാനും ആ ചിന്തയ്ക്കനുസരിച്ച് അനുചരന്‍മാരെ തുള്ളിക്കാനും നടക്കുന്ന സ്വപ്നജീവികള്‍ക്കുവേണ്ടി ആളിക്കത്താനുള്ളതാണല്ലോ മാതൃഭൂമിയിലെ എക്സ്റ്റന്‍ഷന്‍ വാങ്ങികളും തൊമ്മികളുമായ സുഹൃത്തുക്കളേ നിങ്ങളുടെ ജീവിതം എന്നോര്‍ത്ത് അല്‍പം സങ്കടപ്പെടട്ടെ. ഈ ബ്ളോഗില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുണ്ട്. 'അപ്പനില്ലാത്ത നോട്ടീസ്' എന്ന പേരില്‍. അതില്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.

എന്തായാലും മാതൃഭ‌ുമിക്ക് നന്ദി പറയാം. അവസാനം എതിര്‍ക്കാന്‍ വേണ്ടിയെന്കിലും അവര്‍സംഗതിയുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ.

Wednesday, April 1, 2009

ആ വാര്‍ത്ത കാണാനില്ല


(ലജ്ജതോന്നുന്നുണ്ടാകും)

ഇന്നലെ കെപിസിസി പ്രചാരണ കമ്മിറ്റി ഒരു തീരുമാനമെടുത്തു. അതിന്റെ മാതൃഭൂമി വാര്‍ത്ത ഇങ്ങനെ:

ലാവലിന്‍ കേസ്‌ മുഖ്യതിരഞ്ഞെടുപ്പ്‌ വിഷയമാക്കും - കെ.പി.സി.സി. കാമ്പെയിന്‍ കമ്മിറ്റി തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതിയായിട്ടുള്ള ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണവിഷയമാക്കാന്‍ കെ.പി.സി.സി. കാമ്പെയിന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
യോഗത്തില്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ്‌ വക്താവുമായ ആനന്ദ്‌ശര്‍മ്മ പങ്കെടുത്തു.
തിരഞ്ഞെടുപ്പ്‌ കാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ വക്കം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍, ആര്യാടന്‍ മുഹമ്മദ്‌ എം.എല്‍.എ., ടി.എച്ച്‌.മുസ്‌തഫ, എ.നഫീസത്ത്‌ ബീവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ലതികാ സുഭാഷ്‌, ഷാനിമോള്‍ ഉസ്‌മാന്‍, എ.സി.ജോസ്‌, പന്തളം സുധാകരന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ഹിദുര്‍ മുഹമ്മദ്‌, കെ.വിദ്യാധരന്‍, പി.എം.സുരേഷ്‌ബാബു, കെ.പി.അനില്‍കുമാര്‍, ടി.ശരത്‌ചന്ദ്രപ്രസാദ്‌, വി.ദിനകരന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, അജയ്‌ തറയില്‍ എന്നിവര്‍ പങ്കെടുത്തു.


ഈ തീരുമാനം ആരാണ് നടപ്പാക്കേണ്ടത്?

എന്തു സംശയം.

മലയാള മനോരമയും മാതൃഭൂമിയും തന്നെ.

മനോരമയ്ക്ക് അത് രാഷ്ട്രീയ ധര്‍മ്മം.

മാതൃഭൂമിക്കാകട്ടെ, അതിന്റെ മാനേജിങ്ങ് ഡയറക്ടര്‍ വീരേന്ദ്രകുമാറിന്റെ ഉപജാപ ബുദ്ധിയെ തൃപ്തിപ്പെടുത്തണം.രണ്ടും രണ്ടുപത്രങ്ങളും ഭംഗിയായി ചെയ്തു. മാതൃഭൂമിയുടെ ലീഡ് വാര്‍ത്താ തലക്കെട്ട് ഇങ്ങനെ:
റിപ്പോര്‍ട്ട്‌ കണ്ടില്ല-ചെയര്‍മാന്‍; പച്ചക്കള്ളം-സി.ബി.ഐ

ല്‍ ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ ല്‍ പിണറായി വിജയനടക്കമുള്ളവര്‍ ലാവലിന്‍ കമ്പനിയുടെ സ്വാധീനത്തിന്‌ വഴങ്ങി കരാറിലേര്‍പ്പെട്ടു-സി.ബി.ഐ.


മനോരമയുടേത് ഇങ്ങനെ:

ലാവലിന്‍: മന്ത്രിസഭയ്ക്ക് തെറ്റായ വിവരം നല്കി
മന്ത്രിസഭ നോട്ടില്‍ ചേര്‍ത്തത് സത്യവിരുദ്ധ കാര്യങ്ങളെന്ന് വിനോദ് റായിയുടെ മൊഴി


കേരളത്തില്‍ ഇറങ്ങിയ മറ്റുചില പ്രധാന പത്രങ്ങള്‍ കൊടുത്ത ലീഡ് വാര്‍ത്തകള്‍ കൂടി നോക്കാം:

ദി ഹിന്ദു: Sanjay Dutt loses plea, can’t contestCourt refuses to suspend his conviction

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്: Taliban vow to amaze U S Washington next target: Mehsud \

കൌമുദി: അമേരിക്കയില്‍ മലയാളി കുടുംബത്തില്‍ കൂട്ടക്കൊല

മാധ്യമം : ദത്തിന് മത്സരിക്കാന്‍ അനുമതിയില്ല


മംഗളം : ലാഹോറില്‍ പരീക്ഷിച്ചു; ഇനി വാഷിങ്ടന്‍


ദീപിക : 74 എണ്ണം തള്ളി; ഇനി 239 പത്രിക


പാര്‍ട്ടി പത്രങ്ങള്‍ നോക്കാം:

ദേശാഭിമാനി: എന്‍സിപിയും വേലിപ്പുറത്ത്:

ജനയുഗം: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: യുപിഎയില്‍ എതിര്‍പ്പ്

വീക്ഷണം:: കെ സുധാകരന്റെ പത്രിക തള്ളിക്കാന്‍ സിപിഎം നടത്തിയ ശ്രമം പൊളിഞ്ഞു

ചന്ദ്രിക: വി എസ് തെറിക്കും

ജനമഭുമി: യൂസഫിനെതിരെ ഭാര്യയുടെ മൊഴി


നാട്ടിലെ മറ്റൊരു പത്രവും ചെയ്യാത്തത് മനോരമയും മാതൃഭൂമിയും ചെയ്തു എന്നര്‍ത്ഥം. അവരാണ് കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി തീരുമാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍! കുഴപ്പമില്ല. അതിന് അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്.


മാര്‍ച് 31ന് മനോരമ എഴുതിയത്

"ലാവലിന്‍ അഴിമതി: വിഎസിന്റെ പക്കല്‍ മൂവായിരത്തിലേറെ പേജുള്ള രേഖകള്‍'' എന്നാണ്. 'രേഖകളില്‍ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സിബിഐക്ക് നല്‍കിയ മൊഴിയും' എന്ന് ഉപ തലക്കെട്ട്.

ഇന്ന് വരദാചാരിയുടെ മൊഴി എന്നപേരില്‍ ഒരു ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.(സിബിഐയും നിയമ വൃത്തങ്ങളും മാസങ്ങളായി പരിശോധിക്കുന്ന, പഴകിപ്പുളിച്ച ഒരു മൊഴിക്ക് ഇപ്പോള്‍ എന്ത് വാര്‍ത്താ പ്രാധാന്യം എന്ന് വക്കം പുരുഷോത്തമനോടും വീരനോടും മാത്തുക്കുട്ടിച്ചായനോടും ചോദിക്കാം)വിഎസിന്റെ കയ്യിലുള്ള 'മൂവായിരത്തിലേറെ പേജുള്ള രേഖക'ളില്‍നിന്നാണ് തങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ന വ്യാജമായ സന്ദേശം നല്‍കാന്‍ മനോരമ നന്നായി അധ്വാനിച്ചിട്ടുണ്ട്. സിപിഐ എമ്മില്‍ തര്‍ക്കമെന്നു സ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമവും അവര്‍ നടത്തണമല്ലോ.

ഇവിടെ പറയാനുള്ള സംഗതി മറ്റൊന്നാണ്. മനോരമ വന്‍ പ്രാധാന്യത്തോടെ പ്രിന്റ്എഡിഷനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവരുടെ വെബ്സെറ്റില്‍ കാണാനില്ല! സത്യം.

ഇത് എഴുതുന്നത് ബുധനാഴ്ച രാവിലെ 8.31നാണ്. മറ്റെല്ലാ വാര്‍ത്തകളുമുണ്ട്-ലീഡ് മാത്രം മനോരമ സൈറ്റിലില്ല.

എല്ലാവര്‍ക്കുമുണ്ടാകുമല്ലോ സാമാന്യബോധം. ഇവിടെ, തട്ടിപ്പുവാര്‍ത്തകൊടുത്ത് യുഡിഎഫുകാരെ തൃപ്തിപ്പെടുത്താം. വെബ്സൈറ്റ് ലോകമാകെ കാണുന്നതല്ലേ. മനോരമയുടെ കണക്കില്‍ എലൈറ്റ് ക്ളാസ് വായിക്കുന്നതല്ലേ. അവര്‍ക്കുമുന്നില്‍ അപഹാസ്യരാകാന്‍ അല്‍പമെങ്കിലും ലജ്ജതോന്നിക്കാണും ഓണ്‍ലൈന്‍ എഡിറ്റര്‍ക്ക്. മനോരമയ്ക്ക് ഒരിക്കലും ലീഡ് വാര്‍ത്തതന്നെ മിസ് ചെയ്യുന്ന അനുഭവമുണ്ടായിട്ടില്ല എന്നും ഓര്‍ക്കുക.

ഇതൊന്നും ആനക്കാര്യമായിട്ടല്ല ഇങ്ങനെയൊരു പോസ്റ്റ്. രണ്ടുപത്രങ്ങള്‍ നിന്നു ചിലച്ചാല്‍ മാറിമറിഞ്ഞുപോകുന്നതല്ല നാട്ടിലെ രാഷ്ട്രീയം-ജനങ്ങളുടെ രാഷ്ട്രീയ ബോധം എന്ന് നന്നായറിഞ്ഞു:ാണ്ടുതന്നെയാണ്.ലാവലിന്‍ കേസ് "കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാമെമ്പറെയും കൂട്ടി തലസ്ഥാനത്തുപോയി, ഇത്രയൊക്കെ ആക്കിയസ്ഥിതിക്ക്'(ഇത് ഒവു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്ന് മോഹിക്കുന്നതില്‍ ഒരുതെറ്റുമില്ല. മറ്റെല്ലാം മറന്നേക്കൂ, ലാവലിനില്‍ പിടിച്ചോളൂ എന്ന് യുഡിഎഫിന് തോന്നുന്നതിലും അത്ഭുതമില്ല-അവര്‍ക്ക് ജനങ്ങളോടുപറയാന്‍ മറ്റൊന്നുമില്ലല്ലോ.

പക്ഷേ, ഈ കളിയിലെ "മാതൃഭൂമിയുടെ കൈ''(കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരസ്യം) അവഗണിക്കപ്പെടരുത്. മനോരമയുടെ അപഹാസ്യമായ വിധേയത്വം വിട്ടുപോകരുത്. വീക്ഷണത്തിനുപോലും അപഹാസ്യത തോന്നുന്ന ഒരു കാര്യം മനോരമയും മാതൃഭൂമിയും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ ചായ്വിനെ; വിശ്വസിക്കുന്ന യുഡിഎഫിന്‍െ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ത്ഥതയെ നമുക്ക് വാഴ്ത്താം. ഏതുതൊഴിലിനായാലും-അത് മോഷണമായാലും ആത്മാര്‍ത്ഥത പ്രധാനമാണ്. നാണം പോയാലെന്ത്, ആത്മാര്‍ത്ഥത വിജയിക്കട്ടെ.

ധിനക് ധിനക് കൈ....എനിക്കും നിനക്കും കൈ....