Showing posts with label വരദാചാരി. Show all posts
Showing posts with label വരദാചാരി. Show all posts

Thursday, May 6, 2010

മനോരമയുടെ നവ അടവുനയം

മുംബൈയില്‍ ബലൂണും ജപകുസും എണ്ണയും വിറ്റുനടന്ന സെയില്‍സ്മാനായിരുന്നു മനോരമയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ കെ എം മാത്യു. പരമാവധി എംആര്‍എഫിന്റെ ജില്ലാ മാനേജര്‍ ആയി റിട്ടയര്‍ചെയ്യുമായിരുന്ന ഒരാള്‍. അളന്നെടുക്കാനാവാത്ത ആസ്തിയുടെ അധിപനാണ് ഇന്ന് ആ മനുഷ്യന്‍. കേരളത്തിലും പുറത്തും ശാഖകളുള്ള വന്‍കിട പത്രസാമ്രാജ്യം, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍, കംപ്യൂട്ടര്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകളും റസ്റോറന്റുകളും, സോഡാമേക്കര്‍ ഫാക്ടറി, കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, ഇറക്കുമതി വാഹനങ്ങള്‍, ഏജന്‍സി സര്‍വീസുകള്‍, സ്പീഡ്ബോട്ട്, തോട്ടങ്ങള്‍, എസ്റ്റേറ്റ് ബംഗ്ളാവുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പങ്കാളിത്തങ്ങള്‍- ഒരു അലാവുദീനും സമ്മാനിച്ച അത്ഭുതവിളക്കിന്റെ സഹായത്താലല്ല, മുംബൈ തെരുവുകളിലൂടെ ബലൂ വിറ്റുനടന്നയാള്‍ ആകാശം മുട്ടെ വളര്‍ന്നുയര്‍ന്നത്. വളര്‍ച്ചയുടെ വഴിയില്‍ ചതിയുടെയും വഞ്ചനയുടെയും ഉപജാപങ്ങളുടെയും അനുഭവകഥകളുണ്ട്. എങ്കിലും സാരോപദേശവും നന്മയുടെ സങ്കീര്‍ത്തനവും മുഴക്കുന്നവരില്‍ ആരുടെയും പിന്നിലല്ല മാത്യുവും ഭൂതഗണങ്ങളും. ബലൂണും വാര്‍ത്തയും ഒരുപോലെ ഊതിപ്പെരുപ്പിക്കാമെന്ന് തെളിയിച്ച സാക്ഷാല്‍ മാത്യുവിന്റെ കീഴില്‍ മനോരമ വച്ചടിവച്ചടി കയറി. വിധേയ-വിശ്വസ്ത വേതാളങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും പടര്‍ന്നു വിലസി. കേരളത്തില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാനുളള കണ്ടത്തില്‍ കുടുംബത്തിന്റെ നിയോഗം ശമ്പളത്തിനൊപ്പം മാത്തുക്കുട്ടിച്ചായന്‍ ഇവര്‍ക്ക് വീതിച്ചു നല്‍കി.

കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഭീഷണിപ്പെടുത്തല്‍, ബ്ളാക്ക്മെയിലിങ്, കൂലിക്കെഴുത്ത് എന്നിങ്ങനെയുള്ള തലങ്ങളെല്ലാം കടന്ന് വേലിക്കല്‍നിന്ന് മുണ്ടുപൊക്കി തെറിവിളിക്കുന്ന നിലവാരത്തിലൂടെയും സഞ്ചരിക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം. മനോരമയിലെ പത്രപ്രവര്‍ത്തകരുടെ പരിശീലനക്കളരിയിലെ ആശാന്‍ ക്രൈം നന്ദകുമാറാണെന്ന് അവര്‍ പ്രചരിപ്പിച്ച ലാവ്ലിന്‍ കഥകളില്‍തന്നെ തെളിഞ്ഞതാണ്. നേരിയ സംശയമെങ്കിലും അവശേഷിച്ചവര്‍ക്ക് 2010 ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ ആറുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'കോടികള്‍ കോടികള്‍ പിന്നാലെ' എന്ന പരമ്പര വായിച്ചതോടെ കാര്യം ബോധ്യമായി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകളിലൂടെ, കര്‍ത്താവും കര്‍മവുമില്ലാത്ത വാചകങ്ങളിലൂടെ സിപിഐ എമ്മിനെതിരെ പടച്ചുവിട്ട അപവാദങ്ങള്‍ യഥാര്‍ഥത്തില്‍ മനോരമയിലെ ശിഷ്യന്മാര്‍ കളരിഗുരുവിന് നല്‍കിയ ദക്ഷിണയാണ്. അശ്ളീലവും അപവാദവും എഴുതുമെന്ന് ഭീഷണിപ്പെടുത്തി അരിക്കാശിന് വഴിതേടുന്ന ഗുരുവിന് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെങ്കില്‍ എഴുതിനാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനോരമാ ഭടന്‍. ഒരുപരിധിയില്‍ കൂടുതല്‍ ഊതിയാല്‍ ഈ ബലൂണ്‍ പൊട്ടുമെന്നും ഏതു ബലൂണും കുത്തിപ്പൊട്ടിക്കാന്‍ ഒരു മൊട്ടുസൂചിയുടെ ചെലവേയുള്ളൂവെന്നും ബോംബെ തെരുവുകളുടെ അനുഭവപരിചയമുള്ളവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.

കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളത് ഇടതുപക്ഷത്തെക്കുറിച്ച്, വിശേഷിച്ച് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണെന്ന് മനോരമയ്ക്കറിയാം. മാര്‍ക്സിസ്റ്റ് വിരോധം ആ പത്രത്തിന്റെ രാഷ്ട്രീയം മാത്രമല്ല, വിപണന തന്ത്രവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും മണിമാളികയുണ്ടെന്നും അദ്ദേഹം ബ്യൂട്ടിപാര്‍ലറില്‍ ചെലവിടുന്നത് പതിനായിരങ്ങളാണെന്നുമുള്ളത് മനോരമയ്ക്ക് വാര്‍ത്തയല്ല. സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവ് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വിമാനയാത്ര നടത്തിയാല്‍ അതാണ് വാര്‍ത്ത. സി എം സ്റ്റീഫന്‍ എന്ന സമുന്നത നേതാവിന് സ്മാരകമുണ്ടാക്കാന്‍ പിരിച്ച പണം ഖദര്‍ പോക്കറ്റിന്റെ ആഴങ്ങളില്‍ വിലയിച്ചുപോയാല്‍ അത് വാര്‍ത്തയല്ല-സിപിഐ എം പണം പിരിച്ച് ഏരിയാ കമ്മിറ്റി ഓഫീസ് പണിതാല്‍ അതാണ് വാര്‍ത്ത.

'ഇ കെ നായനാരെ നെഞ്ചോടുചേര്‍ത്തുപിടിച്ചവരുടെ ആദരം മുതലെടുത്ത് സിപിഎം കണ്ണൂരില്‍ നായനാര്‍ അക്കാദമി ഒരുക്കുന്നു' എന്നാണ് പരമ്പരയില്‍ മനോരമ വിലപിച്ചത്. പറയുന്നത് കേട്ടാല്‍ തോന്നുക, ഇ കെ നായനാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചത് കണ്ടത്തില്‍ കുടുംബവും അവരുടെ എഴുത്താളന്മാരുമാണെന്നാണ്. നായനാരെ കോമാളി എന്നു വിളിച്ചാക്ഷേപിച്ച, 'നായനാര്‍ പരസ്യ വോട്ടുചെയ്തു; നടപടിയെടുക്കണം' എന്ന് തെരഞ്ഞെടുപ്പുകമീഷനോട് രേഖാമൂലം ആവശ്യപ്പെട്ട മനോരമയില്‍നിന്ന് നായനാര്‍പ്രേമം വഴിഞ്ഞൊഴുകുന്നു. മനോരമ നടത്തിയ സകല വ്യക്തിഹത്യയെയും അതിജീവിച്ചാണ് നായനാര്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ സ്ഥാനം പിടിച്ചത്. എണ്ണമറ്റ മനോരമ പ്രചാരണങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഓരോ മലയാളിയും നായനാര്‍ സ്മാരകത്തിന് സംഭാവന നല്‍കുന്നത്. ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ എഴുതിത്തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ സ്മാരകം പണിയാന്‍ സംഭാവനകള്‍ പ്രവഹിക്കുമ്പോള്‍ അപസ്മാരബാധയില്‍ തുള്ളിയിളകുന്ന കണ്ടത്തില്‍ഭൃത്യരുടെ വെപ്രാളം മനസിലാക്കാവുന്നതേയുളളൂ. തങ്ങള്‍ എഴുതിയതും പ്രചരിപ്പിച്ചതും എങ്ങും എവിടെയും വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ നെഞ്ചിന്റെ പിടച്ചിലാണ് പരമ്പരയിലൂടെ പുറത്തുവന്നത്. വിശ്വസിപ്പിക്കുന്ന നുണകളെഴുതാനുള്ള വൈഭവം ഇനിയും തങ്ങള്‍ക്ക് കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴുളള വൈക്ളബ്യം ഊഹിക്കാവുന്നതേയുള്ളൂ.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ സഹായത്തോടെ നായനാര്‍ സ്മാരകത്തിന് സഹായമഭ്യര്‍ഥിച്ച് സിപിഐ എം നേതാക്കള്‍ നടത്തിയ പര്യടനം 'ചരിത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിപുല'മായിരുന്നുവെന്ന് മനോരമ വിലപിക്കുമ്പോള്‍ അടക്കാനാവാത്ത അസൂയയാണ് പുറത്തുചാടുന്നത്. നായനാര്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതിലും അത് ഉയര്‍ന്ന നിലവാരത്തിലുള്ളതാകുന്നതും മനോരമയുടെ ഉറക്കം കെടുത്തുന്നു. ഗള്‍ഫിലെ വ്യവസായികള്‍ പലരും 'സ്ഥലത്തില്ല, ടൂറിലാണ്' എന്ന 'അടവുനയം' പ്രയോഗിച്ച് പിരിവില്‍നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ തട്ടിവിട്ട് സ്വന്തം വാദമുഖങ്ങളെ ഒരുളുപ്പുമില്ലാതെ ഖണ്ഡിക്കുമ്പോഴും മനോരമക്കാരന്റെ എരിയുന്ന നെഞ്ചിലെ പുകയാണ് പുറത്തുചാടുന്നത്.

കേരളത്തില്‍ മനോരമയ്ക്ക് വേണ്ടപ്പെട്ട ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍-അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്- ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പലരും ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അത്തരക്കാരുടെ ബിസിനസ് ബന്ധങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച് മനോരമയ്ക്ക് എഴുതാനാകും. അതെല്ലാം മറന്ന്, ആയിരക്കണക്കിന് മലയാളികളോട് പരസ്യമായി സംവദിച്ച് സന്ദര്‍ശനം നടത്തിയ സിപിഐ എം നേതാക്കളെ അപഹസിക്കുമ്പോള്‍, ബാലജനസഖ്യം വഴി വളര്‍ത്തിയ സ്വന്തം സന്തതിക്കുവേണ്ടി നിലമൊരുക്കാനുളള വെപ്രാളം തിരിച്ചറിയില്ലെന്ന് മനോരമ കരുതരുത്.

അപവാദങ്ങള്‍ ആര്‍ക്കും പറഞ്ഞു പരത്താം. സിപിഐ എമ്മിന്റെ ഒരു നേതാവിന് പ്രോഗ്രസീവ് ലെന്‍സുള്ള കണ്ണടയുണ്ട് എന്നെഴുതുന്നത് സകല നേതാക്കളുടെയും കണ്ണടയിലേക്ക് വായനക്കാരന്റെ സംശയം എയ്തു തറപ്പിക്കുന്ന തറവേലയാണ്; മാധ്യമ പ്രവര്‍ത്തനമല്ല. എന്തിന് കണ്ണട മാത്രമാക്കണം. ഓരോ നേതാവിന്റെയും പാര്‍പ്പിടത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം വിലവിവരപ്പട്ടിക മനോരമയില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അക്കൂട്ടത്തില്‍ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ചാണ്ടിയെയുമൊന്നും വിട്ടുകളയരുതെന്നു കൂടി അഭ്യര്‍ഥനയുണ്ട്. അതാകുമ്പോള്‍, തുകയും വലുപ്പവും തെറ്റാതെ എഴുതാന്‍ മനോരമയ്ക്കാകും.

ദുസ്സൂചനകളുടെയും ദ്വയാര്‍ഥങ്ങളുടെയും സമാഹാരമായി അവതരിപ്പിച്ച പരമ്പരയ്ക്ക് കൃത്യമായ വിപണി-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുണ്ടുകൂടുന്ന പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈവരുന്ന അന്യൂനമായ ഐക്യവും ഊര്‍ജസ്വലതയും-ഇത്രയുമാണ് രാഷ്ട്രീയ കാരണങ്ങള്‍. മനോരമ എഴുതിയാല്‍ പിറ്റേന്ന് അത് വീരേന്ദ്രകുമാര്‍ പ്രസംഗിക്കും. സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ സമ്മാന പദ്ധതി തുടങ്ങിയിരിക്കുന്നു മനോരമ. അതിന്റെ മറ്റൊരു രൂപമാണീ മാര്‍ക്സിസ്റ്റ് പാര്‍ടി വധം.

ലാഭം കുന്നുകൂട്ടാനുള്ള തന്ത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നൈതികതയും മനോരമയ്ക്ക് പ്രശ്നമല്ല. വിമോചന സമരകാലത്ത് സിഐഎയുടെ പണം പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തയെഴുതിയ അളിഞ്ഞ മാധ്യമപാരമ്പര്യത്തിന് ഒരു പോറലും പറ്റാതെ മനോരമ ഇക്കാലമത്രയും കാത്തുപോരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് ദാസ്യവേലചെയ്ത് രാജമുദ്ര നെറ്റിയില്‍പതിപ്പിച്ച പത്രമാണത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ മര്‍ദക വീരന്മാര്‍ക്ക് ഓശാനപാടിയ പത്രമാണത്. എക്കാലത്തെയുംപോലെ ഇന്നും അവര്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ സമാഹരിച്ച് വില്‍ക്കുന്നു.

സിപിഐ എമ്മിന് ഓഫീസുകളുണ്ട്, പത്രമുണ്ട്, മറ്റു പ്രസിദ്ധീകരണങ്ങളുണ്ട്, പാര്‍ടി നേതൃത്വത്തിലും പാര്‍ടിയുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ സുശക്തമായി ഇടപെടുകയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അംഗങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ലെവിയായി പാര്‍ടി പ്രവര്‍ത്തനത്തിന് സിപിഐ എം നീക്കിവയ്ക്കുന്നു. ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നാല്‍പ്പതുശതമാനമെങ്കിലും ഉറച്ച ഇടതുപക്ഷ അനുഭാവികളാണ്. അത് എന്തായാലും മനോരമയുടെ സര്‍ക്കുലേഷന്റെ പല മടങ്ങ് വരും. അങ്ങനെയുള്ള അനുഭാവികള്‍ സ്വമേധയാ പാര്‍ടിക്കുവേണ്ടി സംഭാവന നല്‍കിയാല്‍തന്നെ മനോരമ മുതലാളിമാര്‍ പത്രം വിറ്റുണ്ടാക്കിയതിനേക്കാള്‍ ആസ്തി സിപിഐ എമ്മിനുണ്ടാകുമല്ലോ. കോണ്‍ഗ്രസ് പിരിച്ചാല്‍ അത് നേതാക്കളുടെ കീശയിലേക്കാണ് പോകുന്നതെങ്കില്‍ സിപിഐ എം പിരിച്ചെടുക്കുന്ന പണം ജനങ്ങളുടെ ആസ്തിയായി മാറും. എ കെ ജി സെന്ററും ഇ എംഎസ് അക്കാദമിയും കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്ന നായനാര്‍ സ്മാരകവുമെല്ലാം ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വത്തല്ല-ജനങ്ങളുടേതാണ്; പാര്‍ടിയുടേതാണ്. ലാഭം കൊയ്യുന്ന ബിസിനസിലേക്ക് ഊളിയിടാനുള്ള തന്ത്രങ്ങളല്ല ജനങ്ങളുടെ പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള പോരാട്ടത്തിന്റെ വഴിയാണ് അവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് മനോരമയുടെ ഓഫീസ് സമുച്ചയത്തിന് തൊട്ടടുത്താണ് ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം. കെട്ടിടം പണി തുടങ്ങിയതുമുതല്‍ ഒരുതരം അസഹിഷ്ണുതയോടെ മനോരമ അതിനെ കാണുന്നു. പണി നടക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നു. ദേശാഭിമാനിക്ക് മികച്ച കെട്ടിടം ഉണ്ടാവുകയോ? ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവുകയോ? കല്ലച്ച്, പരിപ്പുവട, കട്ടന്‍ചായ-ഇത്രയും മതി മാര്‍ക്സിസ്റ്റുകാര്‍ക്ക് എന്നാണ് മനോരമ കല്‍പ്പിക്കുന്നത്. സ്വന്തം ചാനല്‍ മാനംമുട്ടെ വളരുമ്പോള്‍ കൈരളി മുരടിച്ചുതന്നെ തീരണം. പത്തു കൊല്ലംകൊണ്ട് കൈരളി ലാഭം നേടിയതും ആസ്ഥാനം നിര്‍മിച്ചതും കൊടും പാതകം! രണ്ടര ലക്ഷം ഓഹരിയുടമകളുണ്ട് കൈരളിക്ക്. മനോരമയുടെ ഉടമസ്ഥത ഒരു കുടുംബത്തിന്. ലാഭവും വളര്‍ച്ചയും മനോരമയ്ക്കുമാത്രം, സ്വകാര്യമുതലാളിമാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ.

മറ്റൊരു ഉദ്ദേശ്യത്തോടെയാണെങ്കിലും മനോരമ ഇവിടെ സിപിഐ എമ്മിന് ഒരുപകാരം ചെയ്യുന്നുണ്ട്. പാര്‍ടി പിരിക്കുന്ന പണം മറ്റെവിടെയും പോകുന്നില്ല, ഓഫീസുകളും ജനോപകാര സംരംഭങ്ങളുമായി മാറുന്നുണ്ട് എന്ന് സംശയരഹിതമായി സ്ഥാപിക്കുന്നുണ്ട്. നായനാര്‍ക്ക് സ്മാരകം വരുന്നു എന്നതിനും അത് മികച്ച ഒന്നാണ് എന്നും പരസ്യം ചെയ്യുന്നുണ്ട്. മെയ് എട്ടിന് ഉദ്ഘാടനംചെയ്യാന്‍ പോകുന്ന ദേശാഭിമാനി ആസ്ഥാന മന്ദിരത്തിന്റെ ചിത്രം ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിച്ച് സഹായിക്കുന്നുണ്ട്. അതിനപ്പുറം ഏതോ ഒരു നേതാവ് വില കൂടിയ കണ്ണട വെക്കുന്നു, ചില നേതാക്കളുടെ മക്കള്‍ ഗല്‍ഫില്‍ ജോലി ചെയ്യുന്നു, ഏതോ ഒരു നേതാവ് പണ്ട് മദ്യപിച്ചു; ഇ.എം.എസ് പറഞ്ഞപ്പോള്‍ നിര്‍ത്തി, ഒരാള്‍ വിയറ്റ്നാമില്‍ ചെന്നപ്പോള്‍ ഉപചാരത്തിനു മദ്യം കഴിച്ചു എന്നെല്ലാമാണ് പരമ്പരയിലെ “കണ്ടെത്തലു“കള്‍”. പൊട്ടക്കണ്ണന്റെ മാവേലേറുകള്‍. എല്ലാ നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കട്ടെ എന്ന ലക്ഷ്യം.

സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഇതേ മട്ടില്‍ പല പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.

മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.

Tuesday, March 2, 2010

സിബിഐയുടെ 'തലപരിശോധന'

സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു:

"ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെത്തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.''

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും ചോദ്യംചെയ്ത് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിക്കെതിരെയാണ് ഈ സത്യവാങ്മൂലം. സിബിഐ നിരത്തിയ വാദമുഖങ്ങളെയാകെ ഖണ്ഡിക്കാനുള്ള പുറപ്പാടല്ല ഇത്. അത് കോടതിയില്‍ നടക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനുമുമ്പാകെ, ജനങ്ങളെയും നീതിന്യായ സംവിധാനത്തെയും കൊഞ്ഞനം കുത്തുന്ന ഇത്തരമൊരു പ്രസ്താവം നടത്താന്‍ സിബിഐക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.

വരദാചാരിയുടെ തലപ്രശ്നം സിബിഐയെ പരിഹാസ്യമാക്കിയ ഒന്നാണ്. സഹകരണമന്ത്രികൂടിയായിരുന്ന പിണറായി വിജയന്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ല എന്ന് അന്നത്തെ ധനസെക്രട്ടറി വരദാചാരി നിലപാടെടുത്തപ്പോള്‍ ശക്തമായി പ്രതികരിച്ചതായി 1997 നവംബറിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം അസംബന്ധം പറയുന്ന ധനസെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നാണ് അന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ (അത് ഒരു ഫയലല്ല, മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പുമാത്രം) പിണറായി കമന്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അത് ആ സമയത്തുതന്നെ പ്രതികരണങ്ങളും വിവാദവുമുണ്ടാക്കി. കാലക്രമത്തില്‍ ലാവ്ലിന്‍ കേസ് കുത്തിപ്പൊക്കിയവര്‍, വരദാചാരിയുടെ തലയെ അതിനായി ഉപയോഗിച്ചു. തലപരിശോധനാ ഫയല്‍ മുക്കി, അതാണ് കേസിലെ പ്രധാന തെളിവ്, മുക്കിയത് പിണറായിയും കോടിയേരിയും- ഇങ്ങനെയൊക്കെയായി പ്രചാരണം. കേസായി; കോടതിയുത്തരവായി. ഒടുവില്‍ അത് സിബിഐയും ഏറ്റുപിടിച്ചു. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ പടച്ചുണ്ടാക്കുന്ന കൂട്ടത്തില്‍ 'വരദാചാരിയുടെ തലപരിശോധന' ഒരു പ്രധാന 'തെളിവായി'ത്തന്നെ അവതരിപ്പിക്കപ്പെട്ടു. വരദാചാരി, രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളുമാക്കി. കേസ് കോടതിയിലെത്തിയപ്പോഴാണ്, തല പരിശോധന സംഭവം വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ടതല്ല, സഹകരണമേഖലയിലെ പ്രശ്നത്തിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ പത്രങ്ങളില്‍ അച്ചടിച്ചുവന്ന വാര്‍ത്തകള്‍ സഹിതം പുറത്തുവന്നത്. അതില്‍പ്പിന്നെ, കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളും യുഡിഎഫും വരദാചാരിയെക്കുറിച്ച് മിണ്ടിയിട്ടില്ല. വിചിത്രമെന്നു പറയട്ടെ, സിബിഐ ഇപ്പോഴും വരദാചാരിയെത്തന്നെ ആശ്രയിക്കുന്നു!

സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പിണറായി രണ്ടു പ്രധാന കാര്യങ്ങളാണ് ഊന്നിയത്.

ഒന്ന്: ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി തെറ്റാണ്.
രണ്ട്: സിബിഐ ഈ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം നിയമപരമായി സാധുതയില്ലാത്തതാണ്.

ഈ രണ്ടു കാര്യവും സമര്‍ഥിക്കുന്ന തെളിവുകളാണ് റിട്ടില്‍ നിരത്തുന്നത്. അവയെ ഖണ്ഡിക്കാന്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സിബിഐ നിരത്തുന്ന 17 ന്യായവാദങ്ങള്‍ പര്യാപ്തമാകുന്നില്ല. മാത്രമല്ല, നേരത്തെ പറഞ്ഞതും പരാജയപ്പെട്ടതുമായ വാദമുഖങ്ങളില്‍നിന്ന് ഒരിഞ്ചുപോലും കേന്ദ്ര അന്വേഷണ ഏജന്‍സി മുന്നോട്ടുപോകുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണല്ലോ കേസ്. അങ്ങനെ നഷ്ടമുണ്ടായത് ആരുടെ, ഏത് പ്രവൃത്തികൊണ്ടാണ് എന്ന് കണ്ടുപിടിക്കലാണ് യഥാര്‍ഥത്തില്‍ ലാവ്ലിന്‍ കേസിന്റെ അടിസ്ഥാനം. ആ അടിസ്ഥാന വസ്തുത കണ്ടെത്താന്‍ പ്രത്യേകമായ പരിശ്രമമൊന്നും വേണ്ടതില്ല. പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി അതിവേഗം നടന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് വന്നപ്പോള്‍ ആദ്യം പണി മുടങ്ങി. ധാരണപത്രം കരാറാക്കി മാറ്റാനുള്ള പ്രക്രിയക്കിടെ ഏകപക്ഷീയമായി പിന്മാറിയത് യുഡിഎഫ് ഗവമെന്റാണ്. സംസ്ഥാനത്തിന് വിദേശത്തുനിന്ന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കുന്ന ആ തീരുമാനം എന്തിനെടുത്തു, എന്തുകൊണ്ട് ധാരണപത്രം കാലഹരണപ്പെടാന്‍ വിട്ടു,
എസ്എന്‍സി ലാവ്ലിന്‍ കമ്പനി പണം തരില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ അത്, സഹായം തുടരുന്നതിന് ലാവ്ലിന്‍ കമ്പനി നടത്തിയ ശ്രമങ്ങളോടും അഭ്യര്‍ഥനയോടും പ്രതികരിക്കാതിരുന്നതെന്ത് എന്നിങ്ങനെയുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് സിബിഐ ഉത്തരം കാണുന്നില്ല. ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ലാഞ്ഞിട്ടല്ല, മറിച്ച്, മറുപടി പറഞ്ഞാല്‍ പ്രതിക്കൂട്ടിലെത്തുക സ്വന്തം രാഷ്ട്രീയ യജമാനന്‍മാരാണ് എന്ന് മറ്റാരെക്കാള്‍ നന്നായി സിബിഐ തിരിച്ചറിയുന്നുണ്ട്. ധാരണാപത്രത്തിനുപകരം കരാര്‍ വയ്ക്കുന്നതിന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളോടും ശ്രമങ്ങളോടും അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസനും കാട്ടിയ അലംഭാവപൂര്‍ണ്ണവും നിഷേധാത്മകവുമായ സമീപനം തെളിയിക്കുന്ന രേഖകള്‍ സിബിഐ തന്നെ സമര്‍പ്പിച്ചവയിലുണ്ട്. റിട്ടിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് സിബിഐയുടെ ഈ ഒളിച്ചുകളി.

കമ്പനിയെ കണ്ടുപിടിച്ച് കരാറും ധാരണപത്രവുമുണ്ടാക്കിയത് യുഡിഎഫിന്റെ കാലത്താണെന്നു സമ്മതിക്കുന്ന സിബിഐ, അന്ന് അധികാരസ്ഥാനങ്ങളിലിരുന്നവര്‍ക്ക് എന്താണ് പങ്കാളിത്തം എന്ന് ശ്രദ്ധിക്കുന്നില്ല. കരാറിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉണ്ടായിരുന്നവര്‍ വരാത്ത കേസില്‍ എങ്ങനെ ഇടക്കാലത്ത്, കുറഞ്ഞ കാലയളവില്‍മാത്രം മന്ത്രിസ്ഥാനത്തിരുന്ന ഒരാള്‍ പ്രതിയായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിബിഐ മാത്രമാണ്. സിബിഐയുടെ ചെന്നൈയിലെ എസ്പി എസ് മുരുകന്‍ സമര്‍പ്പിച്ച 36 പേജുള്ള എതിര്‍സത്യവാങ്മൂലത്തില്‍ അതൊന്നും കാണാനില്ല. റിട്ട് ഹര്‍ജിയില്‍ പിണറായി ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവയോടൊന്നും പ്രതികരിക്കാന്‍ മുതിരാതെ, ഒറ്റനോട്ടത്തില്‍ത്തന്നെ പരിഹാസ്യമെന്നു കാണാവുന്ന വാദങ്ങളാണ് സിബിഐ നിരത്തുന്നത്.

അതിലൊന്ന്, "പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിന് വലിയ പങ്കുണ്ട്'' എന്നാണ്. അതേ അര്‍ഥത്തില്‍, കേന്ദ്ര മന്ത്രിസഭയെ നിയന്ത്രിക്കുന്ന സോണിയ ഗാന്ധിയാണ് സിബിഐ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എന്ന പ്രത്യാരോപണവും ആയിക്കൂടേ? 'രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് അതുകൊണ്ട് ഇല്ലാതാകുന്നില്ല' എന്നു വാദിച്ച്, ഒരന്വേഷണ ഏജന്‍സിക്കു ചേരാത്ത അനുമാനങ്ങളിലും പരിഹാസ്യമായ താരതമ്യത്തിലുമാണ് സിബിഐ എത്തുന്നത്.

പിണറായിയെ പ്രതിയാക്കാന്‍ തെളിവാണല്ലോ വേണ്ടത്. എവിടെ തെളിവ് എന്നു ചോദിക്കുമ്പോള്‍ കൃത്യമായി പറയാന്‍ ഒന്നുംതന്നെ ഇല്ല സിബിഐയുടെ കൈവശം. 86 കോടി നഷ്ടപ്പെടുത്തിയവരെ കണ്ടെത്താന്‍ സിബിഐ എന്തിനു മടിക്കുന്നു എന്ന ചോദ്യത്തിനുത്തരം ആ ഏജന്‍സിയുടെ രാഷ്ട്രീയ വിധേയത്വം എന്നുതന്നെയാണ്. തലശേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും പിണറായി താല്‍പ്പര്യം കാട്ടി, പദ്ധതിനടത്തിപ്പ് സംബന്ധിച്ച് മന്ത്രി എന്ന നിലയില്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി എന്നതൊക്കെ കുറ്റാരോപണമായാണ് നിരത്തുന്നത്. അതായത്, ഒരു മന്ത്രി തന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അനിവാര്യമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുറ്റങ്ങളാകുന്നു!

ലാവ്ലിന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സുവ്യക്തമായി മറുപടി പറയപ്പെട്ടതും കേസ് രേഖകള്‍കൊണ്ടുതന്നെ ഖണ്ഡിക്കപ്പെട്ടതുമായ 17 കാര്യങ്ങള്‍ മാത്രമേ ഇപ്പോഴും സിബിഐക്ക് സമര്‍പ്പിക്കാനുള്ളൂ എന്നത്, തുടക്കംമുതല്‍ ഈ കേസ് രാഷ്ട്രീയമായി കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന വസ്തുതയ്ക്കാണ് അടിവരയിടുന്നത്. സിബിഐ ഇപ്പോഴും വരദാചാരിയുടെ ലെവലില്‍തന്നെയാണ്്. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അനുവാദമില്ല. എന്തുകൊണ്ട് യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെട്ടു എന്നുപറയാനുള്ള അവരുടെ ശേഷിയില്ലായ്മതന്നെയാണ്, സുപ്രീംകോടതിയില്‍പ്പോലും വസ്തുതാവിരുദ്ധവും പരിഹാസ്യവുമായ സത്യവാങ്മൂലം നല്‍കാന്‍ ആ അന്വേഷണ ഏജന്‍സിയെ നിര്‍ബദ്ധരാക്കിയത്.

Wednesday, April 1, 2009

ആ വാര്‍ത്ത കാണാനില്ല


(ലജ്ജതോന്നുന്നുണ്ടാകും)

ഇന്നലെ കെപിസിസി പ്രചാരണ കമ്മിറ്റി ഒരു തീരുമാനമെടുത്തു. അതിന്റെ മാതൃഭൂമി വാര്‍ത്ത ഇങ്ങനെ:

ലാവലിന്‍ കേസ്‌ മുഖ്യതിരഞ്ഞെടുപ്പ്‌ വിഷയമാക്കും - കെ.പി.സി.സി. കാമ്പെയിന്‍ കമ്മിറ്റി തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതിയായിട്ടുള്ള ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണവിഷയമാക്കാന്‍ കെ.പി.സി.സി. കാമ്പെയിന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
യോഗത്തില്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ്‌ വക്താവുമായ ആനന്ദ്‌ശര്‍മ്മ പങ്കെടുത്തു.
തിരഞ്ഞെടുപ്പ്‌ കാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ വക്കം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍, ആര്യാടന്‍ മുഹമ്മദ്‌ എം.എല്‍.എ., ടി.എച്ച്‌.മുസ്‌തഫ, എ.നഫീസത്ത്‌ ബീവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ലതികാ സുഭാഷ്‌, ഷാനിമോള്‍ ഉസ്‌മാന്‍, എ.സി.ജോസ്‌, പന്തളം സുധാകരന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ഹിദുര്‍ മുഹമ്മദ്‌, കെ.വിദ്യാധരന്‍, പി.എം.സുരേഷ്‌ബാബു, കെ.പി.അനില്‍കുമാര്‍, ടി.ശരത്‌ചന്ദ്രപ്രസാദ്‌, വി.ദിനകരന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, അജയ്‌ തറയില്‍ എന്നിവര്‍ പങ്കെടുത്തു.


ഈ തീരുമാനം ആരാണ് നടപ്പാക്കേണ്ടത്?

എന്തു സംശയം.

മലയാള മനോരമയും മാതൃഭൂമിയും തന്നെ.

മനോരമയ്ക്ക് അത് രാഷ്ട്രീയ ധര്‍മ്മം.

മാതൃഭൂമിക്കാകട്ടെ, അതിന്റെ മാനേജിങ്ങ് ഡയറക്ടര്‍ വീരേന്ദ്രകുമാറിന്റെ ഉപജാപ ബുദ്ധിയെ തൃപ്തിപ്പെടുത്തണം.രണ്ടും രണ്ടുപത്രങ്ങളും ഭംഗിയായി ചെയ്തു. മാതൃഭൂമിയുടെ ലീഡ് വാര്‍ത്താ തലക്കെട്ട് ഇങ്ങനെ:
റിപ്പോര്‍ട്ട്‌ കണ്ടില്ല-ചെയര്‍മാന്‍; പച്ചക്കള്ളം-സി.ബി.ഐ

ല്‍ ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ ല്‍ പിണറായി വിജയനടക്കമുള്ളവര്‍ ലാവലിന്‍ കമ്പനിയുടെ സ്വാധീനത്തിന്‌ വഴങ്ങി കരാറിലേര്‍പ്പെട്ടു-സി.ബി.ഐ.


മനോരമയുടേത് ഇങ്ങനെ:

ലാവലിന്‍: മന്ത്രിസഭയ്ക്ക് തെറ്റായ വിവരം നല്കി
മന്ത്രിസഭ നോട്ടില്‍ ചേര്‍ത്തത് സത്യവിരുദ്ധ കാര്യങ്ങളെന്ന് വിനോദ് റായിയുടെ മൊഴി


കേരളത്തില്‍ ഇറങ്ങിയ മറ്റുചില പ്രധാന പത്രങ്ങള്‍ കൊടുത്ത ലീഡ് വാര്‍ത്തകള്‍ കൂടി നോക്കാം:

ദി ഹിന്ദു: Sanjay Dutt loses plea, can’t contestCourt refuses to suspend his conviction

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്: Taliban vow to amaze U S Washington next target: Mehsud \

കൌമുദി: അമേരിക്കയില്‍ മലയാളി കുടുംബത്തില്‍ കൂട്ടക്കൊല

മാധ്യമം : ദത്തിന് മത്സരിക്കാന്‍ അനുമതിയില്ല


മംഗളം : ലാഹോറില്‍ പരീക്ഷിച്ചു; ഇനി വാഷിങ്ടന്‍


ദീപിക : 74 എണ്ണം തള്ളി; ഇനി 239 പത്രിക


പാര്‍ട്ടി പത്രങ്ങള്‍ നോക്കാം:

ദേശാഭിമാനി: എന്‍സിപിയും വേലിപ്പുറത്ത്:

ജനയുഗം: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: യുപിഎയില്‍ എതിര്‍പ്പ്

വീക്ഷണം:: കെ സുധാകരന്റെ പത്രിക തള്ളിക്കാന്‍ സിപിഎം നടത്തിയ ശ്രമം പൊളിഞ്ഞു

ചന്ദ്രിക: വി എസ് തെറിക്കും

ജനമഭുമി: യൂസഫിനെതിരെ ഭാര്യയുടെ മൊഴി


നാട്ടിലെ മറ്റൊരു പത്രവും ചെയ്യാത്തത് മനോരമയും മാതൃഭൂമിയും ചെയ്തു എന്നര്‍ത്ഥം. അവരാണ് കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി തീരുമാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍! കുഴപ്പമില്ല. അതിന് അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്.


മാര്‍ച് 31ന് മനോരമ എഴുതിയത്

"ലാവലിന്‍ അഴിമതി: വിഎസിന്റെ പക്കല്‍ മൂവായിരത്തിലേറെ പേജുള്ള രേഖകള്‍'' എന്നാണ്. 'രേഖകളില്‍ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സിബിഐക്ക് നല്‍കിയ മൊഴിയും' എന്ന് ഉപ തലക്കെട്ട്.

ഇന്ന് വരദാചാരിയുടെ മൊഴി എന്നപേരില്‍ ഒരു ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.(സിബിഐയും നിയമ വൃത്തങ്ങളും മാസങ്ങളായി പരിശോധിക്കുന്ന, പഴകിപ്പുളിച്ച ഒരു മൊഴിക്ക് ഇപ്പോള്‍ എന്ത് വാര്‍ത്താ പ്രാധാന്യം എന്ന് വക്കം പുരുഷോത്തമനോടും വീരനോടും മാത്തുക്കുട്ടിച്ചായനോടും ചോദിക്കാം)വിഎസിന്റെ കയ്യിലുള്ള 'മൂവായിരത്തിലേറെ പേജുള്ള രേഖക'ളില്‍നിന്നാണ് തങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ന വ്യാജമായ സന്ദേശം നല്‍കാന്‍ മനോരമ നന്നായി അധ്വാനിച്ചിട്ടുണ്ട്. സിപിഐ എമ്മില്‍ തര്‍ക്കമെന്നു സ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമവും അവര്‍ നടത്തണമല്ലോ.

ഇവിടെ പറയാനുള്ള സംഗതി മറ്റൊന്നാണ്. മനോരമ വന്‍ പ്രാധാന്യത്തോടെ പ്രിന്റ്എഡിഷനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവരുടെ വെബ്സെറ്റില്‍ കാണാനില്ല! സത്യം.

ഇത് എഴുതുന്നത് ബുധനാഴ്ച രാവിലെ 8.31നാണ്. മറ്റെല്ലാ വാര്‍ത്തകളുമുണ്ട്-ലീഡ് മാത്രം മനോരമ സൈറ്റിലില്ല.

എല്ലാവര്‍ക്കുമുണ്ടാകുമല്ലോ സാമാന്യബോധം. ഇവിടെ, തട്ടിപ്പുവാര്‍ത്തകൊടുത്ത് യുഡിഎഫുകാരെ തൃപ്തിപ്പെടുത്താം. വെബ്സൈറ്റ് ലോകമാകെ കാണുന്നതല്ലേ. മനോരമയുടെ കണക്കില്‍ എലൈറ്റ് ക്ളാസ് വായിക്കുന്നതല്ലേ. അവര്‍ക്കുമുന്നില്‍ അപഹാസ്യരാകാന്‍ അല്‍പമെങ്കിലും ലജ്ജതോന്നിക്കാണും ഓണ്‍ലൈന്‍ എഡിറ്റര്‍ക്ക്. മനോരമയ്ക്ക് ഒരിക്കലും ലീഡ് വാര്‍ത്തതന്നെ മിസ് ചെയ്യുന്ന അനുഭവമുണ്ടായിട്ടില്ല എന്നും ഓര്‍ക്കുക.

ഇതൊന്നും ആനക്കാര്യമായിട്ടല്ല ഇങ്ങനെയൊരു പോസ്റ്റ്. രണ്ടുപത്രങ്ങള്‍ നിന്നു ചിലച്ചാല്‍ മാറിമറിഞ്ഞുപോകുന്നതല്ല നാട്ടിലെ രാഷ്ട്രീയം-ജനങ്ങളുടെ രാഷ്ട്രീയ ബോധം എന്ന് നന്നായറിഞ്ഞു:ാണ്ടുതന്നെയാണ്.ലാവലിന്‍ കേസ് "കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാമെമ്പറെയും കൂട്ടി തലസ്ഥാനത്തുപോയി, ഇത്രയൊക്കെ ആക്കിയസ്ഥിതിക്ക്'(ഇത് ഒവു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്ന് മോഹിക്കുന്നതില്‍ ഒരുതെറ്റുമില്ല. മറ്റെല്ലാം മറന്നേക്കൂ, ലാവലിനില്‍ പിടിച്ചോളൂ എന്ന് യുഡിഎഫിന് തോന്നുന്നതിലും അത്ഭുതമില്ല-അവര്‍ക്ക് ജനങ്ങളോടുപറയാന്‍ മറ്റൊന്നുമില്ലല്ലോ.

പക്ഷേ, ഈ കളിയിലെ "മാതൃഭൂമിയുടെ കൈ''(കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരസ്യം) അവഗണിക്കപ്പെടരുത്. മനോരമയുടെ അപഹാസ്യമായ വിധേയത്വം വിട്ടുപോകരുത്. വീക്ഷണത്തിനുപോലും അപഹാസ്യത തോന്നുന്ന ഒരു കാര്യം മനോരമയും മാതൃഭൂമിയും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ ചായ്വിനെ; വിശ്വസിക്കുന്ന യുഡിഎഫിന്‍െ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ത്ഥതയെ നമുക്ക് വാഴ്ത്താം. ഏതുതൊഴിലിനായാലും-അത് മോഷണമായാലും ആത്മാര്‍ത്ഥത പ്രധാനമാണ്. നാണം പോയാലെന്ത്, ആത്മാര്‍ത്ഥത വിജയിക്കട്ടെ.

ധിനക് ധിനക് കൈ....എനിക്കും നിനക്കും കൈ....