Showing posts with label ദേശാഭിമാനി. Show all posts
Showing posts with label ദേശാഭിമാനി. Show all posts

Thursday, February 14, 2013

ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെ



കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ളിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: "ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു''. മലയാളമനോരമ മുഖപ്രസംഗത്തിലൂടെ,  "ഒരു കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്'' എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. "നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.'' ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.

മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. "മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി''

കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. "താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റിന് വിഘാതമാകും'' ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.

ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: "ഷുക്കൂര്‍ വധക്കേസില്‍ അറസ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൌരവം, അറസ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്‍കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്യ്രത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്‍. ഹര്‍ജിക്കാരനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.''

ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൌസില്‍ മുഹമ്മദ് മകന്‍ പി പി അബു (30) നല്‍കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്‍കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന്‍ മുഹമ്മദ് സാബിര്‍. "ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.''

ഇത് വെറുതെ പറയുന്നതോ സൌഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്.

ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള്‍ നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ 'മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.
അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ 'പാര്‍ട്ടിക്കോടതി' യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന്‍ ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള്‍ ഉപയോഗിച്ചത്. മാര്‍ക്സിസ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് 'അക്രമി' പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക?

സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ളിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്‍കി.



 ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില്‍ സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റുകാരെ, 'കാരായി'മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്. ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.

Thursday, December 20, 2012

മണിയും മഅ്ദനിയും മനുഷ്യരല്ലേ







പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്ന കുറ്റവാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോവുകയാണ്. അതിനവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൌകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അതേസമയം, ഇടുക്കിയിലെ ഹൈറേഞ്ചില്‍ തോട്ടംതൊഴിലാളികള്‍ക്കുനേരെ നടന്ന കടുത്ത ആക്രമണങ്ങളെയും അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പിനെയുംകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ എം എം മണി ജാമ്യം നിഷേധിക്കപ്പെട്ട് പീരുമേട് ജയിലില്‍ തുടരുകയാണ്. പ്രത്യക്ഷത്തില്‍തന്നെ വ്യാജതെളിവുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് ബോധ്യമാകുന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനി എന്ന മനുഷ്യന്‍ അനന്തമായി തടവറയില്‍ കഴിയുന്നു- വേദനയും പീഡയും കുടിച്ചുവറ്റിക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ പി മോഹനന്‍ മാസ്റര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെട്ടത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് തെളിവോടെ പിടിക്കപ്പെട്ടിട്ടല്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചെന്നു എന്നു പറയുന്ന ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു കോള്‍ മറയാക്കിയാണ് അറസ്റുണ്ടായത്- ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുന്നത്.


കേരളത്തിലും ഇന്ത്യയിലും ഭരണകൂടഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെച്ചൂണ്ടി, നിരവധി കൊലക്കേസുകള്‍ക്ക് നേതൃത്വം നല്‍കിയ ആളെന്ന് കൂട്ടുപ്രതിതന്നെയാണ് പരസ്യമായി പറഞ്ഞത്. ആ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ച് പുറത്തുവന്ന തെളിവുകളും അനിഷേധ്യമായി നിലനില്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് ദൃക്സാക്ഷിയാണ് താനെന്ന് വെളിപ്പെടുത്തിയതും സുധാകരനാണ്. പ്രശാന്ത്ബാബു എന്ന മുന്‍ സഹായിയുടെ തുറന്നുപറച്ചിലനുസരിച്ച് സുധാകരനെതിരെ കൊലക്കേസ് ചുമത്താന്‍ തലയ്ക്ക് വെളിവുള്ള പൊലീസ് അറച്ചുനില്‍ക്കേണ്ടതില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രണ്ടുവട്ടം പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങുന്നില്ല. പൊതുയോഗം വിളിച്ച് പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഇരട്ടക്കൊലപാതകക്കേസില്‍, പരസ്യാഹ്വാനം നല്‍കിയ മുസ്ളിംലീഗ് എംഎല്‍എ പ്രതിയേ ആയില്ല.


നിയമത്തിന്റെ സാങ്കേതികത്വമുന്നയിച്ചുള്ള മറുപടികളും വിശദീകരണങ്ങളും ഉണ്ടാകാം. അതെന്തായാലും ഈ കാണുന്ന വൈരുധ്യങ്ങള്‍ അനീതിയാണ്. നീതിപീഠത്തെക്കൊണ്ട് അനീതി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നഗ്നമായി ഇടപെടുകയാണ്. കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ലൊത്തേറോ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്ക് സാധാരണനിലയില്‍ വിചാരണ കഴിയാതെ ജാമ്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍കേസില്‍ പ്രതിചേര്‍ത്ത ഒരാള്‍പോലും ജാമ്യത്തിലിറങ്ങാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ വിചാരണ അതിവേഗമാക്കിയത്. വിചാരണ കഴിഞ്ഞ് വെറുതെ വിട്ടാലും പി മോഹനന്‍ ഉള്‍പ്പെടെയുള്ള ഏതാനും സിപിഐ എം നേതാക്കളെ അതുവരെ ജയിലില്‍ കിടത്തി സംതൃപ്തിയടയാനാണത്്.
പി മോഹനനും കാരായി രാജനുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളവരാണ്. അവര്‍ ജയിലിലായലും പുറത്തായാലും ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകില്ല. വിശ്വസനീയമായ തെളിവിന്റെ തുരുമ്പുപോലുമില്ലാതെ അവരെ തുറുങ്കിലടച്ച്, ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞ അതേകൂട്ടര്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിദേശികളെ ക്രിസ്മസ് ആഘോഷത്തിനായി വിമാനം കയറ്റിവിടുന്നതിനെ ഏതുഭാഷയിലാണ് ന്യായീകരിക്കാനാവുക? ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നും (ഇറ്റാലിയന്‍ സര്‍ക്കാരിന് ആറുകോടിയല്ല; അറുപതുകോടിയായാലും എന്തു പ്രശ്നം) ജനുവരി പത്തിനകം തിരിച്ചെത്തണമെന്നമുള്ള ജാമ്യവ്യവസ്ഥയുണ്ട്.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ആറുവര്‍ഷമായിട്ടും ഇന്നുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കനേഡിയന്‍ പൌരനായ ക്ളൌസ് ട്രിന്‍ഡലിനും കനേഡിയന്‍ കമ്പനിക്കും വാറന്റ് കൈമാറാന്‍പോലും ഇന്ത്യാ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ചാരക്കപ്പല്‍കേസില്‍ കോടതിയുടെ അനുവാദത്തോടെ ഫ്രാന്‍സിലേക്കയച്ച പ്രതികള്‍ പിന്നെ തിരിച്ചുവന്നിട്ടില്ല. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പും എവിടെപ്പോയെന്ന് സിബിഐക്ക് അറിയില്ല- പിന്നെ അന്വേഷിച്ചിട്ടുമില്ല. ഈ അനുഭവങ്ങളെല്ലാം ഉണ്ടായിരിക്കെയാണ്, ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ രണ്ട് കൊലപാതകികളെ ഇറ്റലിയിലേക്ക് വിടുന്നത്. ഇറ്റലിയുടെ ഉറപ്പ് വിശ്വസിച്ച് ജാമ്യം നല്‍കട്ടെ എന്ന നിലപാടാണ് യുപിഎ നേതൃത്വം എടുത്തത്്.
മതപണ്ഡിതനും ശാരീരികമായി കടുത്ത അവശതയുള്ളയാളുമാണ് അബ്ദുള്‍നാസര്‍ മഅ്ദനി. അദ്ദേഹത്തെ തുറുങ്കിലടച്ചശേഷം നിരവധി ആഘോഷവേളകള്‍ കടന്നുപോയി. റമദാന്‍നിലാവ് തെളിയുകയും അസ്തമിക്കുകയും ചെയ്തു. മഅ്ദനിക്ക് പെരുന്നാളാഘോഷിക്കാനോ നോമ്പുനോല്‍ക്കാനോ ജാമ്യം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചികിത്സ കിട്ടാനും മാന്യമായ പെരുമാറ്റം ഉറപ്പിക്കാനുമുള്ള ആവശ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. ആ മഅ്ദനിക്കുവേണ്ടി ഇടപെടാനോ ഒരിറ്റ് കണ്ണീരുപൊഴിക്കാനോ തയ്യാറാകാത്തവരുടെ മനസ്സ് ഇറ്റലിക്കാര്‍ക്കുവേണ്ടി തപിക്കുന്നു- ക്രിസ്മസ് കേക്ക് മുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറാകുന്നു.


നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കലോ ദുരുപയോഗംചെയ്യലോ ആണിത്്. കണ്‍മുന്നിലെത്തുന്ന തെളിവുകളും വസ്തുതകളുംവച്ചേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയുടെ തീര്‍പ്പുകളിലേക്കുകൂടി കുരുക്കെറിയുന്നത് നീതിന്യായവ്യവസ്ഥയെ മറികടക്കാന്‍ ഉദ്ദേശിച്ചാണ്. എം എം മണിയും മോഹനന്‍ മാസ്ററുമുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളും അബ്ദുള്‍നാസര്‍ മഅ്ദനിയും അന്യായമായി തുറുങ്കിലടയ്ക്കപ്പെടാന്‍ ഒത്താശചെയ്തവരുടെ ഇറ്റാലിയന്‍സ്നേഹം ചോദ്യംചെയ്യപ്പെടണം.
ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന അവശരും വൃദ്ധരും രോഗികളുമായവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്കുപോലും പരോള്‍ നിഷേധിക്കുന്നു. ആ അനുഭവമുള്ള നാട്ടിലാണ്, കൈയോടെ പിടിക്കപ്പെട്ട രണ്ട് വിദേശി ക്രിമിനലുകളെ അല്ലലുമാശങ്കയുമില്ലാതെ ആഘോഷച്ചടങ്ങിലേക്ക് പറത്തിവിടുന്നത്.

 കൊലപാതകം കറുത്തതൊലിയുള്ളയാള്‍ നടത്തിയാലും വെളുത്തയാള്‍ നടത്തിയാലും ഒരേകുറ്റംതന്നെ. മഅ്ദനി ആരെയും കൊന്നതായി തെളിവില്ല- ഇറ്റലിക്കാര്‍ കൊന്നതിന് തെളിവുണ്ട്. ഇറ്റലിക്കാര്‍ കൊന്നുതള്ളിയ രണ്ടു പാവങ്ങളുടെ ആശ്രിതര്‍ക്ക് ക്രിസ്മസ് കണ്ണീരിന്റേതാണ്. അവരോടില്ലാത്ത മമത കൊലപാതകികളോടുണ്ടാകുന്നത് നീതിന്യായവ്യവസ്ഥയെ അവഹേളിക്കലാണ്; ദുരുപയോഗിക്കലാണ്. മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്- ആ മനുഷ്യനെ കൊടുംപീഡനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള സൌമനസ്യം കോണ്‍ഗ്രസിനില്ല. എം എം മണിക്ക് ജാമ്യം ലഭിക്കുന്നതിനെ കോടതിയില്‍ച്ചെന്ന് പേര്‍ത്തും പേര്‍ത്തും എതിര്‍ക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസാണ്. മോഹനന്‍ മാസ്റര്‍ ഇറങ്ങാനേ പാടില്ല എന്നുറപ്പിക്കാനാണ് പൊലീസ് വെപ്രാളപ്പെടുന്നത്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും കാര്യത്തില്‍ അതേദുഷ്ടബുദ്ധിയായിരുന്നു പ്രയോഗിച്ചത്. അപകടകരമായ ഇരട്ടത്താപ്പാണിത്. മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും- ജനങ്ങള്‍ക്കുമുന്നില്‍.

Tuesday, December 18, 2012

കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍

"അതേസമയം, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറയാത്ത കാര്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോടതി വിമര്‍ശിച്ചു" എന്ന് മനോരമ ഓണ്‍ലൈനില്‍ "ലാവ് ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജിയില്‍ 24ന് വിധിപറയും" എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്തയില്‍ കാണുന്നു. എസ്എന്‍സി ലാവ് ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം മാധ്യമങ്ങള്‍ കോടതിയുടെ നിരീക്ഷണമാക്കി അവതരിപ്പിച്ചതിനെപ്പറ്റിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തുറന്ന വിമര്‍ശമുന്നയിച്ചത്. തുറന്ന കോടതിമുറിയിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കാണുമ്പോള്‍ ന്യായാധിപന്മാര്‍ അമ്പരന്നുപോകുന്ന അവസ്ഥ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല മലയാള മനോരമ പത്രവും കോടതി നടപടി തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍, ലാവ് ലിന്‍ കമ്പനിക്കും അതിന്റെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമുള്ള പതിവു പല്ലവിയാണ് അന്ന് സിബിഐ നിരത്തിയത്. പിണറായി വിജയന്‍ കേസില്‍ ഹാജരാകുന്നില്ലെന്നും അതുകൊണ്ട് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. ആ വാദം ഖണ്ഡിച്ച കോടതി, വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. അത് മൂടിവച്ച് സിബിഐയുടെ വാദം കോടതിയുടെ നിരീക്ഷണമാക്കി ചിത്രീകരിച്ച് "ലാവ്ലിന്‍ വിവാദം" കൊഴുപ്പിക്കാന്‍ സംഘടിതമായി നടത്തിയ മാധ്യമശ്രമമാണ് കോടതിയെ അമ്പരപ്പിച്ചതും പരസ്യമായ അഭിപ്രായപ്രകടനത്തിലേക്ക് നയിച്ചതും.

മാധ്യമങ്ങള്‍ വ്യക്തമായ താല്‍പ്പര്യങ്ങളും അജന്‍ഡകളും വാര്‍ത്തകളില്‍ പ്രയോഗിക്കുമ്പോള്‍ കോടതികള്‍ പോലും തെറ്റായ നിഗമനങ്ങളിലേക്കും തീര്‍പ്പുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. പൊതുസമൂഹത്തില്‍ അയഥാര്‍ഥമായ സൂചനകളും ചിത്രങ്ങളും സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് ഇത്തരം മാധ്യമ ഇടപെടലുകള്‍. കോടതിയെ എങ്ങനെ മാധ്യമങ്ങള്‍ കാണുന്നു; കോടതികള്‍ എങ്ങനെ മാധ്യമങ്ങളെ സമീപിക്കുന്നു എന്ന ചര്‍ച്ച സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഏതാനും മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പൊലീസിന്റെയും സര്‍ക്കാരിന്റെയും പരിപൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ടായിരുന്നു. സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത ഫോണില്‍ നിന്ന്, സഹപ്രവര്‍ത്തകരെ വിളിക്കുന്നതിനേക്കാള്‍ ആവേശത്തോടെ ഏതാനും മാധ്യമപ്രവര്‍ത്തകരോടാണ് ഒരു പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് "ദേശാഭിമാനി"യാണ്. കുറ്റം ചെയ്ത പൊലീസുകാരനെയും നിയമവിരുദ്ധമായി അയാളില്‍ നിന്നു ലഭിക്കുന്ന അര്‍ധസത്യവും അസത്യവും തുടരെ വായനക്കാര്‍ക്കു വിളമ്പിയ മാധ്യമങ്ങളെയും മഹത്വപ്പെടുത്താനും സത്യസന്ധമായ വാര്‍ത്ത എഴുതിയ "ദേശാഭിമാനി"യെ പ്രതിക്കൂട്ടിലെത്തിക്കാനുമാണ് അന്ന് സര്‍ക്കാര്‍ തയ്യാറായത്.

യുഡിഎഫ്- മാധ്യമ കൂട്ടുകെട്ട് നീതിന്യായവ്യവസ്ഥയ്ക്കും അതിന്റെ തീര്‍പ്പുകള്‍ക്കുമുള്ള അച്ചുകള്‍ നിര്‍മിച്ചു നല്‍കുകയാണ്. ന്യായാധിപന്മാര്‍ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരാണ്. മുന്നിലെത്തുന്ന തെളിവുകള്‍ക്കൊപ്പം അനുനിമിഷം മനസ്സിലേക്ക് കുത്തിത്തിരുകപ്പെടുന്ന ഏകപക്ഷീയമായ വാര്‍ത്തകളും അവരുടെ തീര്‍പ്പുകളെ സ്വാധീനിച്ചെന്ന് വരാം. ആ സാധ്യത സമര്‍ഥമായി ഉപയോഗിക്കാനുള്ളതാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും കണ്ണൂരില്‍ അരിയിലെ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും ഉണ്ടായ മാധ്യമ ഇടപെടലുകള്‍. തുറന്ന കോടതിയില്‍ ന്യായാധിപന്‍ പറയാത്ത കാര്യങ്ങള്‍ "വിശ്വസനീയമാംവണ്ണം" റിപ്പോര്‍ട്ട് ചെയ്ത് ന്യായാധിപനെത്തന്നെ അമ്പരപ്പിച്ച മാധ്യമങ്ങള്‍ക്ക് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നത് കൂടുതല്‍ എളുപ്പമാകും. ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ, ചോദ്യംചെയ്യപ്പെടുന്നതും വെല്ലുവിളിക്കപ്പെടുന്നതും സമൂഹത്തിന്റെ നീതിബോധവും വിവേകബുദ്ധിയുമാണെന്ന് വലതുപക്ഷ മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അതിന്റെ ആത്യന്തികമായ അപകടത്തെ കുറിച്ച് അവര്‍ ബോധവാന്മാരല്ല.

ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ട്ടി കോടതി" എന്ന പ്രയോഗം കൊണ്ടുവന്നത് മനോരമ, മാതൃഭൂമി പത്രങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ചേര്‍ന്നാണ്. ഒരു സംഘര്‍ഷത്തിനിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ "ആസൂത്രിത കൊലപാതക"മാക്കി മാറ്റാനുള്ള രാസപ്രവര്‍ത്തനം നടന്നത് മാധ്യമ- യുഡിഎഫ് ഗവേഷണശാലയിലാണ്. അങ്ങനെ ചെയ്തിട്ടും സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ കുരുക്കാനാകില്ലെന്ന് വന്നപ്പോള്‍, അവിശ്വസനീയമായ കാപട്യത്തിന്റെ വഴിയിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ നയിച്ചു. അങ്ങനെയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷും പ്രതിപ്പട്ടികയിലെത്തിയത്. അവര്‍ ഇരുവരെയും പെടുത്താന്‍ പൊലീസ് കൊണ്ടുവന്നത് രണ്ടു കള്ളസാക്ഷികളെയാണ്. സര്‍സയ്യിദ് ഹൈസ്കൂളിലെ പ്യൂണ്‍ കപ്പാലത്തെ പഴയപുരയില്‍ അബു, കേയീസാഹിബ് കോളേജ് പ്യൂണ്‍ അള്ളാംകുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ.

ഫെബ്രുവരി 20നു തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വാതില്‍ പകുതി തുറന്നുവച്ച് സിപിഐ എം അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടെന്ന് ഇവര്‍ നല്‍കിയ മൊഴിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും തുറുങ്കിലടയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആധാരമാക്കിയ "തെളിവ്". ആ ഫോണ്‍ സംഭാഷണം ഇരുനേതാക്കളും കേട്ടിട്ടുണ്ടാകുമെന്നും അങ്ങനെ കേട്ടിട്ടും ഒന്നും ചെയ്യാത്തത് അപരാധമെന്നും കേസ്. ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചേ തീരൂ എന്ന് പൊലീസിന്റെ വാശി. അറസ്റ്റിന് ന്യായീകരണവുമായി മാധ്യമങ്ങള്‍ രംഗത്തുവന്നു. കുറ്റാരോപണത്തിലെ യുക്തിഹീനതയല്ല, അറസ്റ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതാണ് വമ്പന്‍ വാര്‍ത്തയായത്്- സിപിഐ എമ്മിന്റെ "അപരാധ"മായത്. ജയരാജന് ജാമ്യം നിഷേധിക്കാന്‍ കാരണം പോലുമായത്.

ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്. തീര്‍ച്ചയായും, നേതാക്കളെ അന്യായമായി കേസില്‍ കുരുക്കി ജയിലിലടയ്ക്കാന്‍ സാഹചര്യമൊരുക്കിയ വാര്‍ത്താ ഭാവനകളുടെ സ്രഷ്ടാക്കളും അതില്‍ ഭ്രമിച്ചുപോയവരുമാകെ ഉത്തരം പറയേണ്ട പ്രശ്നങ്ങളാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

ഷുക്കൂര്‍ കേസുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു വിഷയവും സൂചിപ്പിക്കേണ്ടതുണ്ട്. ആ കേസില്‍ സിപിഐ എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുന്നതിനായി പൊലീസ് പ്രയോഗിച്ച മൂന്നാം മുറയ്ക്കെതിരായി വന്ന കോടതി ഇടപെടലാണത്. കെ വി സുമേഷ് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷനിലാണ് പ്രാകൃതമായ മൂന്നാം മുറയ്ക്ക് ഇരയാക്കിയത്. മെയ് 31നു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സുമേഷിനെ മൂന്നു ദിവസത്തിനുശേഷമാണ് ജയിലില്‍ എത്തിച്ചത്. അതുവരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. അവിടെ, സുമേഷിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കുത്തിക്കയറ്റിയതടക്കമുള്ള മര്‍ദനമുറകള്‍ അരങ്ങേറി. പരാതികളും വാര്‍ത്തകളും യുഡിഎഫ് സര്‍ക്കാരും പൊലീസും വലതുപക്ഷ മാധ്യമങ്ങളും പൂഴ്ത്തിവച്ചു. "മലദ്വാരത്തില്‍ കമ്പി കയറ്റിയ" പൊലീസിനെ കുറിച്ചുള്ള പരാതിയെയും പരാമര്‍ശങ്ങളെയും ക്രൂരമായി പരിഹസിച്ചു തള്ളി. ഇപ്പോഴിതാ, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കെ വി സുമേഷ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിക്കുകയും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നു. പരിക്കുപറ്റിയത് പൊലീസില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണെന്ന് മജിസ്ട്രേട്ട് ചോദിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ച കോടതി മൂന്നാം മുറ നടന്നെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. മര്‍ദകവീരന്മാരായ ഉദ്യോഗസ്ഥര്‍ ഇനി വിചാരണ നേരിടണം.

വലതുപക്ഷ മാധ്യമങ്ങളുടെയും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെയും ആസൂത്രിതപ്രവര്‍ത്തനത്തിലൂടെ നീതിന്യായസംവിധാനത്തെ "വളച്ചൊടിക്കാന്‍" കഴിയുന്നില്ലെന്നതിന്റെ സൂചനകളാണ് ഇത്. എന്നാല്‍, കോടതികളെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനുള്ള ആഗ്രഹത്തിനും പ്രയത്നത്തിനും അവര്‍ അവധി കൊടുക്കുന്നില്ല. കണ്ണൂരിലെ കെ ടി ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണ തീരുമാനം അത്തരത്തിലൊന്നാണ്. സുപ്രീംകോടതി തീര്‍പ്പാക്കിയ കേസ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുത്തിപ്പൊക്കുന്നതിനു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കേസില്‍ പിടിയിലായ ഒരാള്‍ പൊലീസിനോട് പറഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന ചില കാര്യങ്ങളാണ്. അതുവച്ച് പുനരന്വേഷണം, മാധ്യമവാര്‍ത്തകള്‍, പുതിയ പ്രതികളെ കണ്ടെത്തല്‍.

വിചാരണക്കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ച കേസാണ് ജയകൃഷ്ണന്‍ വധം. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വധശിക്ഷ ഇളവുചെയ്യപ്പെട്ടതും നാലുപേര്‍ വിട്ടയക്കപ്പെട്ടതും. അഞ്ചുപേര്‍ക്ക് കൂട്ട വധശിക്ഷ ലഭിച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ നല്‍കിയ സാക്ഷിമൊഴിയുടെ ബലത്തിലാണെന്ന് അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ഇപ്പോള്‍ പുനരന്വേഷണം വരുമ്പോള്‍, ആ പിഞ്ചുകുഞ്ഞുങ്ങളുടെ മൊഴി തെറ്റായിരുന്നെന്ന് വരുന്നു. പ്രതിക്ക് ശിക്ഷ വിധിക്കാന്‍ പാകത്തില്‍ വ്യാജ മൊഴി കോടതിയില്‍ നല്‍കിയവര്‍ക്ക്, പ്രതിക്ക് വിധിച്ച അതേ ശിക്ഷ ലഭിക്കാന്‍ പോലും അര്‍ഹതയുണ്ടെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേകത. കോടതിയുടെ തീര്‍പ്പുകളും സാക്ഷിമൊഴികളുടെ വിശ്വാസ്യതയുമാകെ തകര്‍ക്കാന്‍ ഒരാള്‍ നല്‍കിയെന്ന് ഉറപ്പില്ലാത്ത മൊഴി മതിയെന്നത് അപകടമായ കീഴ്വഴക്കമായി മാറും. പരമോന്നത കോടതിയുടേത് ഉള്‍പ്പെടെയുള്ള തീര്‍പ്പുകള്‍ക്ക് തുരങ്കംവയ്ക്കാന്‍, പൊലീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൊഴി മതിയെങ്കില്‍, ഇന്നു നടക്കുന്ന നിയമവ്യവഹാരങ്ങളാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടും. അന്വേഷണവും വിചാരണയും ശിക്ഷാവിധിയും പൂര്‍ത്തിയായ ഏതു കേസും അതതു ഘട്ടത്തിലെ ഭരണാധികാരികളുടെ ഇച്ഛയ്ക്കും രാഷ്ട്രീയ താല്‍പ്പര്യത്തിനും അനുസരിച്ച് പുനരന്വേഷിക്കപ്പെടാം. അങ്ങനെ വന്നാല്‍, കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണു   വധക്കേസിലെ കൂട്ടുപ്രതി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ കെ സുധാകരനെ കല്‍ത്തുറുങ്കിലേക്ക് നയിക്കും. കേസുകള്‍ ഒന്നില്‍ ഒതുങ്ങുകയുമില്ല. ആര്‍ക്കും എപ്പോഴും "വെളിപ്പെടുത്തല്‍ താര"മാകാം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്, സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു കേസ് വേണം. ടി പി ചന്ദ്രശേഖരന്‍ കേസിന്റെ ആഘോഷം പുതിയ പരീക്ഷണങ്ങളിലേക്ക് അവരെ നയിക്കുകയാണ്്. ഈ പ്രവണത, നീതിന്യായവ്യവസ്ഥയുടെയും ഭരണസംവിധാനത്തിന്റെയും പച്ചയായ ദുരുപയോഗമായി തിരിച്ചറിയപ്പെടുന്നുണ്ട്. അത് എക്കാലത്തേക്കും അപകടമാണ്. മാധ്യമങ്ങള്‍ മൂടിവച്ചതുകൊണ്ട് അത്തരം നീക്കം തിരിച്ചറിയപ്പെടാതിരിക്കില്ലെന്നാണ്, സമീപനാളുകളിലെ കോടതി ഇടപെടലുകളില്‍ ചിലതെങ്കിലും തെളിയിക്കുന്നത്.

Thursday, May 6, 2010

മനോരമയുടെ നവ അടവുനയം

മുംബൈയില്‍ ബലൂണും ജപകുസും എണ്ണയും വിറ്റുനടന്ന സെയില്‍സ്മാനായിരുന്നു മനോരമയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ കെ എം മാത്യു. പരമാവധി എംആര്‍എഫിന്റെ ജില്ലാ മാനേജര്‍ ആയി റിട്ടയര്‍ചെയ്യുമായിരുന്ന ഒരാള്‍. അളന്നെടുക്കാനാവാത്ത ആസ്തിയുടെ അധിപനാണ് ഇന്ന് ആ മനുഷ്യന്‍. കേരളത്തിലും പുറത്തും ശാഖകളുള്ള വന്‍കിട പത്രസാമ്രാജ്യം, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍, കംപ്യൂട്ടര്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകളും റസ്റോറന്റുകളും, സോഡാമേക്കര്‍ ഫാക്ടറി, കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, ഇറക്കുമതി വാഹനങ്ങള്‍, ഏജന്‍സി സര്‍വീസുകള്‍, സ്പീഡ്ബോട്ട്, തോട്ടങ്ങള്‍, എസ്റ്റേറ്റ് ബംഗ്ളാവുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പങ്കാളിത്തങ്ങള്‍- ഒരു അലാവുദീനും സമ്മാനിച്ച അത്ഭുതവിളക്കിന്റെ സഹായത്താലല്ല, മുംബൈ തെരുവുകളിലൂടെ ബലൂ വിറ്റുനടന്നയാള്‍ ആകാശം മുട്ടെ വളര്‍ന്നുയര്‍ന്നത്. വളര്‍ച്ചയുടെ വഴിയില്‍ ചതിയുടെയും വഞ്ചനയുടെയും ഉപജാപങ്ങളുടെയും അനുഭവകഥകളുണ്ട്. എങ്കിലും സാരോപദേശവും നന്മയുടെ സങ്കീര്‍ത്തനവും മുഴക്കുന്നവരില്‍ ആരുടെയും പിന്നിലല്ല മാത്യുവും ഭൂതഗണങ്ങളും. ബലൂണും വാര്‍ത്തയും ഒരുപോലെ ഊതിപ്പെരുപ്പിക്കാമെന്ന് തെളിയിച്ച സാക്ഷാല്‍ മാത്യുവിന്റെ കീഴില്‍ മനോരമ വച്ചടിവച്ചടി കയറി. വിധേയ-വിശ്വസ്ത വേതാളങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും പടര്‍ന്നു വിലസി. കേരളത്തില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാനുളള കണ്ടത്തില്‍ കുടുംബത്തിന്റെ നിയോഗം ശമ്പളത്തിനൊപ്പം മാത്തുക്കുട്ടിച്ചായന്‍ ഇവര്‍ക്ക് വീതിച്ചു നല്‍കി.

കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഭീഷണിപ്പെടുത്തല്‍, ബ്ളാക്ക്മെയിലിങ്, കൂലിക്കെഴുത്ത് എന്നിങ്ങനെയുള്ള തലങ്ങളെല്ലാം കടന്ന് വേലിക്കല്‍നിന്ന് മുണ്ടുപൊക്കി തെറിവിളിക്കുന്ന നിലവാരത്തിലൂടെയും സഞ്ചരിക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം. മനോരമയിലെ പത്രപ്രവര്‍ത്തകരുടെ പരിശീലനക്കളരിയിലെ ആശാന്‍ ക്രൈം നന്ദകുമാറാണെന്ന് അവര്‍ പ്രചരിപ്പിച്ച ലാവ്ലിന്‍ കഥകളില്‍തന്നെ തെളിഞ്ഞതാണ്. നേരിയ സംശയമെങ്കിലും അവശേഷിച്ചവര്‍ക്ക് 2010 ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ ആറുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'കോടികള്‍ കോടികള്‍ പിന്നാലെ' എന്ന പരമ്പര വായിച്ചതോടെ കാര്യം ബോധ്യമായി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകളിലൂടെ, കര്‍ത്താവും കര്‍മവുമില്ലാത്ത വാചകങ്ങളിലൂടെ സിപിഐ എമ്മിനെതിരെ പടച്ചുവിട്ട അപവാദങ്ങള്‍ യഥാര്‍ഥത്തില്‍ മനോരമയിലെ ശിഷ്യന്മാര്‍ കളരിഗുരുവിന് നല്‍കിയ ദക്ഷിണയാണ്. അശ്ളീലവും അപവാദവും എഴുതുമെന്ന് ഭീഷണിപ്പെടുത്തി അരിക്കാശിന് വഴിതേടുന്ന ഗുരുവിന് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെങ്കില്‍ എഴുതിനാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനോരമാ ഭടന്‍. ഒരുപരിധിയില്‍ കൂടുതല്‍ ഊതിയാല്‍ ഈ ബലൂണ്‍ പൊട്ടുമെന്നും ഏതു ബലൂണും കുത്തിപ്പൊട്ടിക്കാന്‍ ഒരു മൊട്ടുസൂചിയുടെ ചെലവേയുള്ളൂവെന്നും ബോംബെ തെരുവുകളുടെ അനുഭവപരിചയമുള്ളവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.

കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളത് ഇടതുപക്ഷത്തെക്കുറിച്ച്, വിശേഷിച്ച് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണെന്ന് മനോരമയ്ക്കറിയാം. മാര്‍ക്സിസ്റ്റ് വിരോധം ആ പത്രത്തിന്റെ രാഷ്ട്രീയം മാത്രമല്ല, വിപണന തന്ത്രവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും മണിമാളികയുണ്ടെന്നും അദ്ദേഹം ബ്യൂട്ടിപാര്‍ലറില്‍ ചെലവിടുന്നത് പതിനായിരങ്ങളാണെന്നുമുള്ളത് മനോരമയ്ക്ക് വാര്‍ത്തയല്ല. സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവ് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വിമാനയാത്ര നടത്തിയാല്‍ അതാണ് വാര്‍ത്ത. സി എം സ്റ്റീഫന്‍ എന്ന സമുന്നത നേതാവിന് സ്മാരകമുണ്ടാക്കാന്‍ പിരിച്ച പണം ഖദര്‍ പോക്കറ്റിന്റെ ആഴങ്ങളില്‍ വിലയിച്ചുപോയാല്‍ അത് വാര്‍ത്തയല്ല-സിപിഐ എം പണം പിരിച്ച് ഏരിയാ കമ്മിറ്റി ഓഫീസ് പണിതാല്‍ അതാണ് വാര്‍ത്ത.

'ഇ കെ നായനാരെ നെഞ്ചോടുചേര്‍ത്തുപിടിച്ചവരുടെ ആദരം മുതലെടുത്ത് സിപിഎം കണ്ണൂരില്‍ നായനാര്‍ അക്കാദമി ഒരുക്കുന്നു' എന്നാണ് പരമ്പരയില്‍ മനോരമ വിലപിച്ചത്. പറയുന്നത് കേട്ടാല്‍ തോന്നുക, ഇ കെ നായനാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചത് കണ്ടത്തില്‍ കുടുംബവും അവരുടെ എഴുത്താളന്മാരുമാണെന്നാണ്. നായനാരെ കോമാളി എന്നു വിളിച്ചാക്ഷേപിച്ച, 'നായനാര്‍ പരസ്യ വോട്ടുചെയ്തു; നടപടിയെടുക്കണം' എന്ന് തെരഞ്ഞെടുപ്പുകമീഷനോട് രേഖാമൂലം ആവശ്യപ്പെട്ട മനോരമയില്‍നിന്ന് നായനാര്‍പ്രേമം വഴിഞ്ഞൊഴുകുന്നു. മനോരമ നടത്തിയ സകല വ്യക്തിഹത്യയെയും അതിജീവിച്ചാണ് നായനാര്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ സ്ഥാനം പിടിച്ചത്. എണ്ണമറ്റ മനോരമ പ്രചാരണങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഓരോ മലയാളിയും നായനാര്‍ സ്മാരകത്തിന് സംഭാവന നല്‍കുന്നത്. ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ എഴുതിത്തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ സ്മാരകം പണിയാന്‍ സംഭാവനകള്‍ പ്രവഹിക്കുമ്പോള്‍ അപസ്മാരബാധയില്‍ തുള്ളിയിളകുന്ന കണ്ടത്തില്‍ഭൃത്യരുടെ വെപ്രാളം മനസിലാക്കാവുന്നതേയുളളൂ. തങ്ങള്‍ എഴുതിയതും പ്രചരിപ്പിച്ചതും എങ്ങും എവിടെയും വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ നെഞ്ചിന്റെ പിടച്ചിലാണ് പരമ്പരയിലൂടെ പുറത്തുവന്നത്. വിശ്വസിപ്പിക്കുന്ന നുണകളെഴുതാനുള്ള വൈഭവം ഇനിയും തങ്ങള്‍ക്ക് കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴുളള വൈക്ളബ്യം ഊഹിക്കാവുന്നതേയുള്ളൂ.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ സഹായത്തോടെ നായനാര്‍ സ്മാരകത്തിന് സഹായമഭ്യര്‍ഥിച്ച് സിപിഐ എം നേതാക്കള്‍ നടത്തിയ പര്യടനം 'ചരിത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിപുല'മായിരുന്നുവെന്ന് മനോരമ വിലപിക്കുമ്പോള്‍ അടക്കാനാവാത്ത അസൂയയാണ് പുറത്തുചാടുന്നത്. നായനാര്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതിലും അത് ഉയര്‍ന്ന നിലവാരത്തിലുള്ളതാകുന്നതും മനോരമയുടെ ഉറക്കം കെടുത്തുന്നു. ഗള്‍ഫിലെ വ്യവസായികള്‍ പലരും 'സ്ഥലത്തില്ല, ടൂറിലാണ്' എന്ന 'അടവുനയം' പ്രയോഗിച്ച് പിരിവില്‍നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ തട്ടിവിട്ട് സ്വന്തം വാദമുഖങ്ങളെ ഒരുളുപ്പുമില്ലാതെ ഖണ്ഡിക്കുമ്പോഴും മനോരമക്കാരന്റെ എരിയുന്ന നെഞ്ചിലെ പുകയാണ് പുറത്തുചാടുന്നത്.

കേരളത്തില്‍ മനോരമയ്ക്ക് വേണ്ടപ്പെട്ട ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍-അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്- ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പലരും ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അത്തരക്കാരുടെ ബിസിനസ് ബന്ധങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച് മനോരമയ്ക്ക് എഴുതാനാകും. അതെല്ലാം മറന്ന്, ആയിരക്കണക്കിന് മലയാളികളോട് പരസ്യമായി സംവദിച്ച് സന്ദര്‍ശനം നടത്തിയ സിപിഐ എം നേതാക്കളെ അപഹസിക്കുമ്പോള്‍, ബാലജനസഖ്യം വഴി വളര്‍ത്തിയ സ്വന്തം സന്തതിക്കുവേണ്ടി നിലമൊരുക്കാനുളള വെപ്രാളം തിരിച്ചറിയില്ലെന്ന് മനോരമ കരുതരുത്.

അപവാദങ്ങള്‍ ആര്‍ക്കും പറഞ്ഞു പരത്താം. സിപിഐ എമ്മിന്റെ ഒരു നേതാവിന് പ്രോഗ്രസീവ് ലെന്‍സുള്ള കണ്ണടയുണ്ട് എന്നെഴുതുന്നത് സകല നേതാക്കളുടെയും കണ്ണടയിലേക്ക് വായനക്കാരന്റെ സംശയം എയ്തു തറപ്പിക്കുന്ന തറവേലയാണ്; മാധ്യമ പ്രവര്‍ത്തനമല്ല. എന്തിന് കണ്ണട മാത്രമാക്കണം. ഓരോ നേതാവിന്റെയും പാര്‍പ്പിടത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം വിലവിവരപ്പട്ടിക മനോരമയില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അക്കൂട്ടത്തില്‍ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ചാണ്ടിയെയുമൊന്നും വിട്ടുകളയരുതെന്നു കൂടി അഭ്യര്‍ഥനയുണ്ട്. അതാകുമ്പോള്‍, തുകയും വലുപ്പവും തെറ്റാതെ എഴുതാന്‍ മനോരമയ്ക്കാകും.

ദുസ്സൂചനകളുടെയും ദ്വയാര്‍ഥങ്ങളുടെയും സമാഹാരമായി അവതരിപ്പിച്ച പരമ്പരയ്ക്ക് കൃത്യമായ വിപണി-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുണ്ടുകൂടുന്ന പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈവരുന്ന അന്യൂനമായ ഐക്യവും ഊര്‍ജസ്വലതയും-ഇത്രയുമാണ് രാഷ്ട്രീയ കാരണങ്ങള്‍. മനോരമ എഴുതിയാല്‍ പിറ്റേന്ന് അത് വീരേന്ദ്രകുമാര്‍ പ്രസംഗിക്കും. സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ സമ്മാന പദ്ധതി തുടങ്ങിയിരിക്കുന്നു മനോരമ. അതിന്റെ മറ്റൊരു രൂപമാണീ മാര്‍ക്സിസ്റ്റ് പാര്‍ടി വധം.

ലാഭം കുന്നുകൂട്ടാനുള്ള തന്ത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നൈതികതയും മനോരമയ്ക്ക് പ്രശ്നമല്ല. വിമോചന സമരകാലത്ത് സിഐഎയുടെ പണം പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തയെഴുതിയ അളിഞ്ഞ മാധ്യമപാരമ്പര്യത്തിന് ഒരു പോറലും പറ്റാതെ മനോരമ ഇക്കാലമത്രയും കാത്തുപോരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് ദാസ്യവേലചെയ്ത് രാജമുദ്ര നെറ്റിയില്‍പതിപ്പിച്ച പത്രമാണത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ മര്‍ദക വീരന്മാര്‍ക്ക് ഓശാനപാടിയ പത്രമാണത്. എക്കാലത്തെയുംപോലെ ഇന്നും അവര്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ സമാഹരിച്ച് വില്‍ക്കുന്നു.

സിപിഐ എമ്മിന് ഓഫീസുകളുണ്ട്, പത്രമുണ്ട്, മറ്റു പ്രസിദ്ധീകരണങ്ങളുണ്ട്, പാര്‍ടി നേതൃത്വത്തിലും പാര്‍ടിയുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ സുശക്തമായി ഇടപെടുകയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അംഗങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ലെവിയായി പാര്‍ടി പ്രവര്‍ത്തനത്തിന് സിപിഐ എം നീക്കിവയ്ക്കുന്നു. ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നാല്‍പ്പതുശതമാനമെങ്കിലും ഉറച്ച ഇടതുപക്ഷ അനുഭാവികളാണ്. അത് എന്തായാലും മനോരമയുടെ സര്‍ക്കുലേഷന്റെ പല മടങ്ങ് വരും. അങ്ങനെയുള്ള അനുഭാവികള്‍ സ്വമേധയാ പാര്‍ടിക്കുവേണ്ടി സംഭാവന നല്‍കിയാല്‍തന്നെ മനോരമ മുതലാളിമാര്‍ പത്രം വിറ്റുണ്ടാക്കിയതിനേക്കാള്‍ ആസ്തി സിപിഐ എമ്മിനുണ്ടാകുമല്ലോ. കോണ്‍ഗ്രസ് പിരിച്ചാല്‍ അത് നേതാക്കളുടെ കീശയിലേക്കാണ് പോകുന്നതെങ്കില്‍ സിപിഐ എം പിരിച്ചെടുക്കുന്ന പണം ജനങ്ങളുടെ ആസ്തിയായി മാറും. എ കെ ജി സെന്ററും ഇ എംഎസ് അക്കാദമിയും കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്ന നായനാര്‍ സ്മാരകവുമെല്ലാം ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വത്തല്ല-ജനങ്ങളുടേതാണ്; പാര്‍ടിയുടേതാണ്. ലാഭം കൊയ്യുന്ന ബിസിനസിലേക്ക് ഊളിയിടാനുള്ള തന്ത്രങ്ങളല്ല ജനങ്ങളുടെ പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള പോരാട്ടത്തിന്റെ വഴിയാണ് അവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് മനോരമയുടെ ഓഫീസ് സമുച്ചയത്തിന് തൊട്ടടുത്താണ് ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം. കെട്ടിടം പണി തുടങ്ങിയതുമുതല്‍ ഒരുതരം അസഹിഷ്ണുതയോടെ മനോരമ അതിനെ കാണുന്നു. പണി നടക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നു. ദേശാഭിമാനിക്ക് മികച്ച കെട്ടിടം ഉണ്ടാവുകയോ? ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവുകയോ? കല്ലച്ച്, പരിപ്പുവട, കട്ടന്‍ചായ-ഇത്രയും മതി മാര്‍ക്സിസ്റ്റുകാര്‍ക്ക് എന്നാണ് മനോരമ കല്‍പ്പിക്കുന്നത്. സ്വന്തം ചാനല്‍ മാനംമുട്ടെ വളരുമ്പോള്‍ കൈരളി മുരടിച്ചുതന്നെ തീരണം. പത്തു കൊല്ലംകൊണ്ട് കൈരളി ലാഭം നേടിയതും ആസ്ഥാനം നിര്‍മിച്ചതും കൊടും പാതകം! രണ്ടര ലക്ഷം ഓഹരിയുടമകളുണ്ട് കൈരളിക്ക്. മനോരമയുടെ ഉടമസ്ഥത ഒരു കുടുംബത്തിന്. ലാഭവും വളര്‍ച്ചയും മനോരമയ്ക്കുമാത്രം, സ്വകാര്യമുതലാളിമാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ.

മറ്റൊരു ഉദ്ദേശ്യത്തോടെയാണെങ്കിലും മനോരമ ഇവിടെ സിപിഐ എമ്മിന് ഒരുപകാരം ചെയ്യുന്നുണ്ട്. പാര്‍ടി പിരിക്കുന്ന പണം മറ്റെവിടെയും പോകുന്നില്ല, ഓഫീസുകളും ജനോപകാര സംരംഭങ്ങളുമായി മാറുന്നുണ്ട് എന്ന് സംശയരഹിതമായി സ്ഥാപിക്കുന്നുണ്ട്. നായനാര്‍ക്ക് സ്മാരകം വരുന്നു എന്നതിനും അത് മികച്ച ഒന്നാണ് എന്നും പരസ്യം ചെയ്യുന്നുണ്ട്. മെയ് എട്ടിന് ഉദ്ഘാടനംചെയ്യാന്‍ പോകുന്ന ദേശാഭിമാനി ആസ്ഥാന മന്ദിരത്തിന്റെ ചിത്രം ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിച്ച് സഹായിക്കുന്നുണ്ട്. അതിനപ്പുറം ഏതോ ഒരു നേതാവ് വില കൂടിയ കണ്ണട വെക്കുന്നു, ചില നേതാക്കളുടെ മക്കള്‍ ഗല്‍ഫില്‍ ജോലി ചെയ്യുന്നു, ഏതോ ഒരു നേതാവ് പണ്ട് മദ്യപിച്ചു; ഇ.എം.എസ് പറഞ്ഞപ്പോള്‍ നിര്‍ത്തി, ഒരാള്‍ വിയറ്റ്നാമില്‍ ചെന്നപ്പോള്‍ ഉപചാരത്തിനു മദ്യം കഴിച്ചു എന്നെല്ലാമാണ് പരമ്പരയിലെ “കണ്ടെത്തലു“കള്‍”. പൊട്ടക്കണ്ണന്റെ മാവേലേറുകള്‍. എല്ലാ നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കട്ടെ എന്ന ലക്ഷ്യം.

സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഇതേ മട്ടില്‍ പല പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.

മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.

Monday, July 14, 2008

തറവാട്ട്‌ സ്വത്ത്

ലീഗിന്റെ തറവാട്ടുസ്വത്ത്
ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.പത്തറുപതുകൊല്ലം കൊണ്ട് ലീഗിനുവന്നുപെട്ട പരിണാമത്തെക്കുറിച്ചും രസികന്‍ കഥയുണ്ട്. ആദ്യകാലത്ത് ലീഗിന്റെ നേതാക്കന്മാരും അണികളും ഒരുപോലെയായിരുന്നു. സമുദായതാല്‍പര്യാര്‍ഥം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞുനടന്നവര്‍. പതുക്കെ നേതാക്കള്‍ അണികളേക്കാള്‍വിവരമുള്ളവരായി. അവര്‍ക്ക് ബിരിയാണി, മട്ടന്‍ ചാപ്സ്, ചുട്ടപത്തിരി, ആവോലി പൊള്ളിച്ചത് തുടങ്ങിയവയുടെ രുചി ഇഷ്ടമായിത്തുടങ്ങി. അണികള്‍ അധ്വാനിക്കുക, അണിചേരുക -നേതാക്കള്‍ അധികാരികളാവുക എന്നതായി ലീഗിന്റെ വളര്‍ച്ചാ ഫോര്‍മുല. നേതാക്കള്‍ പറയും; അനുയായികള്‍ അനുസരിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കില്ലെന്നു പറഞ്ഞാല്‍ 'അങ്ങനെതന്നെ'. മരം വെട്ടിയാല്‍ മഴ പെയ്യില്ലെങ്കില്‍ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന് നേതാവു ചോദിച്ചാല്‍ അണികള്‍ 'ബലേ ഭേഷ്' പറയും. നെഹ്റു വച്ചത് തുര്‍ക്കിത്തൊപ്പിയല്ലേ എന്നുചോദിച്ചാല്‍ 'തന്നെ, തന്നെ'യെന്നുത്തരം.വിവരക്കൂടുതലുള്ള നേതാക്കള്‍ പ്രമാണിമാരും പ്രമാണിമാര്‍ നേതാക്കളുമായി. കച്ചവടത്തിന് ലൈസന്‍സൊപ്പിക്കല്‍, വന്‍കിട ലോണുകള്‍ തരപ്പെടുത്തല്‍, വ്യവസായത്തിന് ഭൂമി കച്ചവടമാക്കല്‍, നികുതിയിളവുകൊടുക്കല്‍, തോട്ടം വാങ്ങിക്കൂട്ടല്‍ തുടങ്ങിയവയായി ലീഗിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയുള്ള പണിയില്ലാത്തപ്പോള്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ പത്തുപവന്റെ ഉരുപ്പടി പൊതിഞ്ഞു കൈയില്‍ കിട്ടും. ഇടയ്ക്കൊന്ന് ദുബായില്‍ചെന്ന് ബെല്ലി ഡാന്‍സ് കാണുക, സ്വീകരണങ്ങള്‍ സംഘടിപ്പിക്കുക, ചില ഗസ്റ്റ് ഹൌസുകളില്‍ വെറുതെ താമസിക്കുക, ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്ക്രീം തുടങ്ങിയ മാധുര്യങ്ങള്‍ സേവിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇതിനു പുറമെയാണ്. അതിനെന്തെങ്കിലും തട്ടുകേടുവരുമ്പോള്‍ സമുദായത്തിന്റെ പേരുവിളിച്ച് കരയും. നിലവിളികേട്ട് അനുയായികള്‍ തെരുവിലിറങ്ങും.നേതാവിന്റെ നടപടിദോഷം പൊലീസ് കേസായാലും നാണക്കേടായാലും അഴിമതിക്കുറ്റം പിടിക്കപ്പെട്ടാലും കൊടിയുംപിടിച്ച് നിരത്തിലിറങ്ങി നല്ല തല്ല് പാട്ടത്തിനെടുക്കാന്‍ അണികള്‍ സദാ തയ്യാര്‍. പള്ളി പൊളി, കൊലപാതകം, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷപീഡനം, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വേണ്ടാതീനങ്ങളെക്കുറിച്ചൊന്നും നേതാക്കള്‍ സംസാരിക്കില്ല; അണികള്‍ അറിയുകയുമില്ല. കൊയ്ത്തുകഴിഞ്ഞ പാടത്തില്‍ താറാക്കൂട്ടത്തെ നയിക്കുമ്പോലെ, സമുദായ വികാരം എന്നൊരു കമ്പുമെടുത്ത് അണികളെ അങ്ങനെ നയിച്ചു.ഇതിനിടയില്‍ വിവരക്കൂടുതലുള്ള നേതാക്കളില്‍ ചിലര്‍ ഇടംതിരിഞ്ഞ് പിരിഞ്ഞു. ആദ്യം സുലൈമാന്‍ സേട്ട് എന്നൊരു പരദേശി. പള്ളി പൊളിയുന്നതും നാട്ടിലാകെ കൊല്ലും കൊലയും നടക്കുന്നതും സഹിക്കാതെ സേട്ട് പൊട്ടിത്തെറിച്ചു. നരസിംഹറാവു എന്നൊരു പഹയനാണ് അതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും റാവു പിടിച്ചത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും സേട്ട് പറഞ്ഞുനോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളാട്ടം വന്നു. എന്ത് സേട്ട്, എന്ത് പള്ളി. സേട്ട് സേട്ടിന്റെ പാട്ടിന് പോട്ടെ; ഞങ്ങള്‍ ഭരിക്കട്ടെ എന്നായി നാട്ടിലെ ലീഗ്. സമുദായത്തിനുവേണ്ടി അധ്വാനിച്ചതിന്റെ കൂലി നന്ദികേടിന്റെ രൂപത്തില്‍ കൈപ്പറ്റി പാവം സേട്ട് പടിയിറങ്ങി. സേട്ടിനു പകരം അതിലും വലിയ തൊപ്പിയിട്ട ബനാത്ത്‌വാല വന്നു. ആ ബനാത്ത്‌വാലയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് തട്ടി.ഇതൊക്കെ നടക്കുമ്പോള്‍ ലീഗിന്റെ അണികളില്‍ വന്ന പരിണാമം, അവര്‍ക്ക് നേതാക്കളെപ്പോലെ 'വിവരം വച്ചു' എന്നതാണ്. വിവരമുള്ള അണികള്‍ നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ലീഗ് ജേക്കബിന്റെ പാര്‍ടിയുടെ കോലത്തിലായി. നിരാഹാരസമരം നാട്ടുകാരെ അറിയിക്കാന്‍ അവഗണനവിരുദ്ധ മാര്‍ച്ച് നടത്തേണ്ട അവസ്ഥ. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റ നേതാക്കള്‍ വച്ച തൊപ്പി തുര്‍ക്കിയില്‍നിന്നു വന്നതോ ദുബായില്‍നിന്നു വന്നതോ എന്ന് തിട്ടമില്ല ഇന്നും. മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ബനാത്ത്‌വാല പറഞ്ഞത്, കോണ്‍ഗ്രസുമായും അതിന്റെ അമേരിക്കന്‍ പ്രേമവുമായും ആണവക്കരാറുമായും ലീഗിന് സന്ധി വേണ്ട എന്നാണ്. മരിച്ച നേതാവിന്റെ ഒസ്യത്തുപോലും വിഴുങ്ങിക്കളഞ്ഞു നാടന്‍ലീഗ്. അമേരിക്കയെക്കുറിച്ച് മിണ്ടരുത്, ആയതിനാല്‍ നമുക്ക് പാഠപുസ്തകത്തെക്കുറിച്ച് സംസാരിക്കാം എന്നായി അവര്‍. നല്ല ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെത്തപ്പി നേതാക്കള്‍ ഇറങ്ങി. അണികളില്‍ കുറെ വിവരമില്ലാത്തവര്‍ പുസ്തകം കത്തിച്ചു.പക്ഷേ, മഹാഭൂരിപക്ഷം അണികള്‍ക്കും ഇപ്പോള്‍ നേതാക്കളേക്കാള്‍ വിവരം വന്നിട്ടുണ്ട്. അതാണ് ലീഗിന്റെ അവസാനത്തെ പരിണാമം. അണികള്‍ സമരത്തിനുമില്ല, പള്ളിയില്‍ രാഷ്ട്രീയം കളിക്കാനുള്ള പരിപാടിക്കുമില്ല. തല്‍ക്കാലം ചില സംഘടനകളെ ഒന്നിച്ചുനിര്‍ത്തി ഒരു രാഷ്ട്രീയ രക്ഷപ്പെടല്‍ നടത്താമെന്ന നേതാക്കളുടെ പദ്ധതിയും അണികള്‍ പൊളിച്ചിരിക്കുന്നു. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊണ്ടുപോയി. ഇനി ലീഗ് നേതാക്കള്‍ക്ക് അണികളുടെ വേഷവും കെട്ടാം. അതല്ലെങ്കില്‍ കോട്ടപ്പുറം മൈതാനിയില്‍ കയറിനിന്ന് കാറ്റിനോടും മരങ്ങളോടും പ്രസംഗിക്കാം; കൊതിതീരുവോളം. ഇപ്പോള്‍ കൈയിലുള്ളതാണ് ലീഗ് നേതാക്കളുടെ തറവാട്ടു സ്വത്ത്. ചിലര്‍ ആ അമൂല്യസ്വത്തിനെ ഉളുപ്പില്ലായ്മയെന്നും വിളിക്കും. തൂക്കി വിറ്റാല്‍ നല്ല വിലയാണ്.***ഭര്‍ത്താവ് പ്രസവിച്ച വാര്‍ത്ത കൌതുകമുള്ളതാണ്. പ്രസവിച്ച ഭര്‍ത്താവ് പക്ഷേ പൂര്‍വാശ്രമത്തില്‍ സുന്ദരിയായിരുന്നു. ശസ്ത്രക്രിയ നടത്തി പുറമേക്ക് സുന്ദരനായതാണ്. അകത്ത് ഗര്‍ഭപാത്രവും സ്ത്രൈണതയുമുണ്ട്. ഒരു സ്ത്രീയുടെ സാധാരണ പ്രസവത്തില്‍ കവിഞ്ഞ അത്ഭുതമൊന്നും നടന്നിട്ടില്ലെങ്കിലും സംഗതി വലിയ വാര്‍ത്തയായി. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നോ. ഏഴാംക്ലാസിലെ സാമൂഹ്യ പാഠപുസ്തകം ഡല്‍ഹിയിലെ വിദഗ്ധരെ കാണിക്കാന്‍ ഇംഗ്ലീഷിലാക്കി കൊണ്ടുപോയപ്പോള്‍, ഇംഗ്ലീഷ് പതിപ്പില്‍ 'കുത്തും കോമയുമില്ലെന്ന് ' ഒന്നാംപേജ് വാര്‍ത്തയെഴുതിയ മുതുമുത്തശ്ശി പത്രത്തെ കണ്ടില്ലേ. വാര്‍ത്ത ഉണ്ടാകാന്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നും വേണ്ട. ഈയിടെ നമ്മുടെ നാട്ടിലെ പ്രധാനപത്രത്തിലെല്ലാം വന്ന ഒരു വാര്‍ത്ത, നാസി തടവറകളില്‍ പന്തീരായിരം ജൂതരെ കൊന്നൊടുക്കിയ യുദ്ധഭീകരന്‍ ജോഹന്‍ ബാച്ച് കര്‍ണാടക -ഗോവ അതിര്‍ത്തിയില്‍ പിടിയിലായി എന്നതായിരുന്നു. ബര്‍ലിനിലെ ചാന്‍സലറുടെ എസ്ഐസി എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രസ് ഓഫീസര്‍ ഹമ്മന്‍ സ്മിത്ത് പത്രമോഫീസുകളിലേക്കയച്ച ഇ- മെയിലുകളിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. 'മര്‍ഷക ടികാഷ് വാനാബ്' എന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ അധിപനായിരുന്നു ജോഹന്‍ ബാച്ചെന്നും ഗോവയില്‍ ഇസ്രയേലി ദമ്പതികളാണ് ജോഹനെ കണ്ടെത്തിയതെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. കിട്ടിയതുവച്ച് വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച പിയാനോയെക്കുറിച്ച്, ജോഹന്റെ കൊലപാതകശൈലിയെക്കുറിച്ച്, അയാളെ ജര്‍മനിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനെക്കുറിച്ച്, അയാളും ഹിറ്റ്ലറുമായുള്ള ബന്ധത്തെക്കുറിച്ച്....ജനം അമ്പരന്നു. പിറ്റേന്ന് വാര്‍ത്തയുടെ ബാക്കിതേടി ചില പത്രലേഖകര്‍ പോയി. അപ്പോഴാണറിയുന്നത്, ഹമ്മന്‍ സ്മിത്ത് എന്നൊരു പ്രസ് സെക്രട്ടറിയില്ല, 'മര്‍ഷക ടികാഷ് വാനാബ്'എന്നൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ജോഹന്‍ ബാച്ച് എന്നൊരു കമാന്‍ഡറോ ഇല്ല എന്നൊക്കെ. ഏതോ വിരുതന്‍ പറ്റിച്ച ഇ-മെയില്‍ പണിയില്‍ നമ്മുടെ ഒന്നാംകിട മാധ്യമങ്ങളെല്ലാം കുടുങ്ങിപ്പോയി. കിട്ടിയതുവച്ചാണ് കോത പാട്ടുപാടിയത്.ഇക്കഥ വായിച്ചപ്പോഴാണ് നമ്മുടെ പഴയ മാധ്യമ സിന്‍ഡിക്കറ്റിനെ ഓര്‍മ വന്നത്. മൂന്നുപെഗ് കാലിയാകുമ്പോഴേക്കും മാര്‍ക്സിസ്റ്റ് പാര്‍ടിയെ കുപ്പിയിലിറക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട ആ മാധ്യമ സിന്‍ഡിക്കറ്റ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അതിന്റെ അന്തര്‍ദേശീയ പതിപ്പുകള്‍ സജീവമാണ്. ഒരേ വ്യാജവാര്‍ത്ത എല്ലാ പത്രത്തിലും അച്ചടിച്ചുകാണാന്‍ ഇനി ഇ- മെയില്‍ മതി.***മാധ്യമ സിന്‍ഡിക്കറ്റിന്റെ എല്ലും നഖവുമെല്ലാം അങ്ങിങ്ങ് അഴുകാതെ അവശേഷിക്കുന്നുണ്ട്. മാധ്യമം എന്ന പത്രത്തില്‍ ഒന്നാം പുറത്ത് വന്ന ഒരു വാര്‍ത്ത അങ്ങനെയൊരവശിഷ്ടമാണ്. കണ്ണൂര്‍ ലോക്‍സഭാ നിയോജക മണ്ഡലത്തില്‍ സിപിഐ എം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ഇ പി ജയരാജനാകുമെന്ന പ്രവചനവും അതിന്റെ മറവില്‍ അദ്ദേഹത്തിനെതിരായ ശകാരവര്‍ഷവുമായാണ് മാധ്യമം 'അടവുകള്‍ ഒരുമുഴം മുമ്പേ' എറിയുന്നത്. അഥവാ ഇ പി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ പറഞ്ഞുനടക്കാന്‍ കുറെ നുണകള്‍ മാധ്യമം യുഡിഎഫിന് സൌജന്യമായി നല്‍കുകയാണ്. പൊലീസിന്റെയും രാഷ്ട്രീയ ശത്രുക്കളുടെയും നിരന്തരമായ ആക്രമണമേറ്റുവാങ്ങിയതിന്റെ പരിക്കുകളും എന്തിന്, ഒരു വെടിയുണ്ട തന്നെയും ശരീരത്തില്‍ പേറി അവിശ്രമം പൊതുപ്രവര്‍ത്തനം നടത്തുന്ന ഇ പി ജയരാജനെ 'വിപ്ലവ കോടിപതി' എന്ന് കളിയാക്കുകയാണ് മാധ്യമം ലേഖകന്‍. ദേശാഭിമാനി പ്രചാരണത്തിനും സംഘാടനത്തിനുമായി ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് അദ്ദേഹം നടത്തുന്ന പര്യടനം 'പണം സ്വരൂപിക്കാനുള്ള'താക്കിയിട്ടുണ്ട് പത്രം. ഇതാണ് രീതി. അയല്‍വാസി ഒരു ദരിദ്രവാസിയാണെന്ന് ഒരസൂയക്കാരന്‍ ചെവിയില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തെക്കുറിച്ച് സചിത്ര ഫീച്ചറെഴുതിക്കളയുന്ന വമ്പന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്നും. മാധ്യമം പറഞ്ഞിട്ടുവേണമല്ലോ ഇ പി ജയരാജനെ ജനങ്ങള്‍ അറിയാന്‍!***പാഴായ (മുന്‍) കമ്യൂണിസ്റ്റ് അഴുകിയ കമ്യൂണിസ്റ്റാണെന്ന് പറയാറുണ്ട്. അത് ശരിയാണോ, കമ്യൂണിസത്തിന്റെ നന്മ അല്‍പ്പമെങ്കിലും അവരില്‍ ശേഷിക്കില്ലേ എന്ന് ശതമന്യുവിന് കുറെനാളായി കലശലായ സംശയമാണ്. പാഠപുസ്തക വിവാദത്തില്‍ യുഡിഎഫ് പക്ഷത്തുനിന്ന് ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്നപ്പോള്‍ ആ സംശയം പിന്നെയും കനത്തു. ശരിയായ നിലപാടിലേക്ക് ആരുവന്നാലും അതിനെ അംഗീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്ന് ബദല്‍രേഖക്കാലത്ത് ഇ എം എസ് പറയുന്നത് ശതമന്യു കേട്ടിട്ടുണ്ട്. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
ഒരു കുട്ടി പാടുന്നു. പേര് ഐശ്വര്യ. പാട്ട് വേണ്ടത്ര നന്നായില്ല. സംഗതികള്‍ പലതും ഒത്തുവന്നില്ല.വിധികര്‍ത്താക്കള്‍ മറിച്ചും തിരിച്ചും പാടിക്കുകയാണ്. തളര്‍ന്നുനില്‍ക്കുന്ന കുട്ടിയെ നോക്കി ജഡ്ജിക്കസേരയില്‍നിന്ന് ഒരു കമന്റ്."ഐശ്വര്യം പേരില്‍മാത്രമാണല്ലോ''. ഓര്‍ക്കാപ്പുറത്തുള്ള അധിക്ഷേപംകേട്ട് വിതുമ്പിപ്പോകുന്ന കുട്ടി തലകുനിച്ചുകൊണ്ട് വിടവാങ്ങുന്നു. മലയാളത്തില്‍ മുന്തിനില്‍ക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ കഴിഞ്ഞദിവസം കണ്ട രംഗമാണിത്. ബംഗാളില്‍നിന്നു വന്ന വാര്‍ത്ത, ജഡ്ജിമാരുടെ പരിഹാസം സഹിക്കാനാവാതെ ഒരു കുട്ടിയുടെ മാനസികനിലതന്നെ തെറ്റിയെന്നാണ്. കൊല്‍ക്കത്തക്കാരിയും പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ഷിന്‍ജിനി ഇന്ന് ബാംഗ്ളൂരിലെ ആശുപത്രിയില്‍ മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കുകയാണ്. ബംഗാളിചാനലിലെ നൃത്തപരിപാടിയുടെ മൂന്നാംറൌണ്ടില്‍ ജഡ്ജിമാരുടെ ആക്രമണത്തിന് ഇരയായതിന്റെ ബാക്കി!കാറും ഫ്ളാറ്റും പണവും മാത്രമല്ല റിയാലിറ്റി ഷോകള്‍ നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്നത്-ഇമ്മാതിരി തീരാത്ത വേദനകള്‍കൂടിയാണ്. കേരളത്തില്‍ ഈയിടെ അവസാനിച്ച ഒരു റിയാലിറ്റി പാട്ടുപരിപാടിയിലെ അവസാനഭാഗത്ത് ഒരു ജഡ്ജി പാട്ടുകാരന്‍ പയ്യന്റെ പിതാവിനോട് ചോദിച്ചത്, മോനുകിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയോ എന്നായിരുന്നു. ഉവ്വെന്നു പറഞ്ഞപ്പോള്‍ 'അത്രയും കിട്ടിയതുതന്നെ ഭാഗ്യം' എന്ന പരിഹാസം. പയ്യന്‍ വിട്ടില്ല. ഓശാരത്തിനല്ല മാര്‍ക്കു കിട്ടിയതെന്നും ഈ ടൈപ്പ് ഡയലോഗ് തന്നോടുവേണ്ടെന്നും ക്യാമറയ്ക്കുമുന്നില്‍ കുട്ടിപ്പാട്ടുകാരന്‍ പൊട്ടിത്തെറിച്ചു. അവന്‍ അപ്പോള്‍ തന്നെ ഔട്ട്-അവന്റെ രോഷം പരിപാടിയില്‍നിന്ന് കട്ട്! റിയാലിറ്റി പരിപാടിയൊക്കെ നല്ലതുതന്നെ. കണ്ണീര്‍ക്കായലില്‍ കളിയോടം തുഴയുന്നതും വിവാഹേതര സത്രീപുരുഷബന്ധങ്ങളില്‍ ഗവേഷണം നടത്തുന്നതും മറുത, യക്ഷി, മാടന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയ അപൂര്‍വ ജന്മങ്ങളെ പരിചയപ്പെടുത്തുന്നതുമായ സീരിയല്‍ തട്ടിപ്പുമഹാമഹങ്ങളേക്കാള്‍ മുന്നില്‍ത്തന്നെ പാട്ടുപൊളിപ്പന്‍ ഷോകള്‍. കൌമാരക്കാരെ വേണ്ടാത്ത വേഷംകെട്ടിച്ച് കോമരംതുള്ളിക്കുന്ന പരിപാടിക്കും സമ്മാനം ഫ്ളാറ്റും കാറുമാണ്. ഓരോ കാലത്ത് ഓരോ ട്രെന്‍ഡാണ്. ഇന്നലെ സീരിയല്‍, ഇന്ന് പാട്ട്, നാളെ നൃത്തം-ഇങ്ങനെ. റിയാലിറ്റി പരിപാടിയാകുമ്പോള്‍ എസ്എംഎസ് വോട്ട് എന്ന തകര്‍പ്പന്‍കച്ചവടവും നടത്താമെന്ന സൌകര്യമുണ്ട്. നടത്തിക്കോട്ടെ. മുടക്കുന്നത് ഇരട്ടിപ്പിച്ച് തിരിച്ചുപിടിച്ചോട്ടെ. അതിനിടയ്ക്ക് കുഞ്ഞുങ്ങളെ തല്ലിപ്പൊളിവേഷം കെട്ടിക്കുകയും ഇളക്കംപോരെന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്‍ ഇതുപോലെ ഷിന്‍ജിനിമാര്‍ കിടപ്പിലാകുമെന്ന് ശതമന്യു വിനീതമായി ഓര്‍മിപ്പിക്കുകയാണ്.ഷിന്‍ജിനി കിടന്നാലെന്ത്, വേറെയേതെങ്കിലും രഞ്ജിനി വന്ന് സ്റ്റേജുതകര്‍ത്ത് ഫ്ളാറ്റുംകൊണ്ട് പോകും. കപ്പലുപോലത്തെ കാറോ നാല്‍പ്പത്തഞ്ചു ലക്ഷമോ നല്ലതെന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ ചര്‍ച്ച നടക്കും. 'സംഗതി' ചോര്‍ന്നുപോകണ്ട.**********"ജോലിവിയര്‍പ്പുകള്‍ വറ്റുംമുമ്പ്കൂലികൊടുക്കണമെന്നരുള്‍ ചെയ്തോന്‍,കൊല്ലാക്കൊലകളെതിര്‍ക്കുംനബി സല്ലള്ളാഹു അലൈഹി വസല്ലം..''എന്ന് പൊന്നാനിയിലെ പാവങ്ങള്‍ പത്തെഴുപതുകൊല്ലം മുമ്പ് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ബീഡിക്കമ്പനികളിലെ ചൂഷണത്തിനെതിരെ കെ ദാമോദരന്റെ നേതൃത്വത്തില്‍ കൊടിയുംപിടിച്ചു നടന്നവര്‍ക്ക് മുഹമ്മദ് നബിയുടെയും കാള്‍മാര്‍ക്സിന്റെയും ചൂഷണ വിരുദ്ധ നിലപാടുകളോട് ഒരേ ആദരമായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച അതേ നാവില്‍നിന്ന് അല്ലാഹു അക്ബര്‍ എന്ന് പറയാനും അവര്‍ക്ക് മടിയില്ലായിരുന്നു.ഇന്ന് പാഠപുസ്തകത്തില്‍ കെ ദാമോദരന്റെ പേരുകാണുമ്പോള്‍ മൂരികുത്തിയ കണക്കെ പായുന്ന ലീഗിന് അക്കഥകളൊന്നും നല്ല നിശ്ചയണ്ടാവില്ല. അല്ലെങ്കിലും ലീഗിന് പഴയ കഥകള്‍ ഓര്‍ക്കാനെവിടെ നേരം. പുതിയ കാര്യങ്ങള്‍ തന്നെ ഓര്‍മ വരുന്നില്ലല്ലോ.അഫ്ഗാനിസ്ഥാനിലും ഇറാഖിലും പലസ്തീനിലും നരനായാട്ടു നടത്തുന്ന ജോര്‍ജ് ബുഷിന്റെ അമേരിക്കയുമായി ഒരു കരാറും വേണ്ട എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞതുപോലും മന്ത്രിച്ചൂതി മറവിയിലേക്കു തള്ളിക്കളഞ്ഞില്ലേ കുഞ്ഞാലിക്കുട്ടി. അഹമ്മദ് സാഹിബിന് പറക്കാന്‍ മന്ത്രിക്കുപ്പായം വേണം. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിന്റെ അഖിലേന്ത്യനാകാന്‍ അഹമ്മദ് പറപറക്കണം. കരാറൊപ്പിട്ടോട്ടെ, ഇറാഖില്‍ ബോംബിട്ടോട്ടെ, ഇസ്രയേലിനെ ചുമന്നുനടന്നോട്ടെ, പാണക്കാടു തങ്ങളെ തള്ളിപ്പറഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ആര്യാടനെയും മോനെയും കെട്ടിപ്പിടിച്ചിട്ടാണെങ്കില്‍ അങ്ങനെ. ആകെയുള്ള ഒരു കേന്ദ്രമന്ത്രിപദം പോയാല്‍ ലീഗിനെ എന്തിനുകൊള്ളാം!നിലമ്പൂരിലെ ആര്യാടന്‍കുട്ടിക്ക് തങ്ങളുപ്പാപ്പാന്റെ തലയില്‍ കയറിത്തുള്ളാം. നിയമസഭയില്‍ പ്രകാശന്‍മാസ്റ്റര്‍ക്ക് അതേക്കുറിച്ചു ചോദിച്ചുകൂടാ. പണ്ട് ചേറ്റുവായ് പരീക്കുട്ടി എന്നൊരു നിമിഷകവിയുണ്ടായിരുന്നു. വിവാഹസദ്യയില്‍ പക്ഷപാതം കണ്ടപ്പോള്‍,'വെപ്പന്മാരുടെ വിളമ്പന്മാരുടെ മുതലല്ല,ഒപ്പംകണ്ട് വിളമ്പീല്ലെങ്കില് ഇപ്പപ്പോണം ശപ്പന്മാരെ' എന്നാണദ്ദേഹം പാടിയത്.ഇവിടെ കോണ്‍ഗ്രസിന്റെ സദ്യയില്‍ ലീഗിന് പടിക്കുപുറത്താണ് ഊണ്. എച്ചിലായാലെന്ത്, പഴകിയതായാലെന്ത് കിട്ടിയതു തിന്നാമെന്നാണ് ഭാവം. അതല്ലെങ്കില്‍ 'കാത്തുമൂപ്പിച്ചുള്ള അധികാരമാങ്ങ കാക്കകൊത്തും.' അതുകൊണ്ട് കോഗ്രസ് പൊലീസിനെ തല്ലുമ്പോള്‍ ഞങ്ങള്‍ പുസ്തകം കത്തിക്കും. കോഗ്രസ് തെരുവില്‍ കടിപിടികൂടുമ്പോള്‍ ഞങ്ങള്‍ പുരപ്പുറത്തുകയറി തല്ലും.**********ലീഗിനേ അറിയൂ അതിന്റെ ധര്‍മസങ്കടം. മനോരമക്കേ അറിയൂ അതിന്റെ ഹൃദയവേദന.കാല്‍പ്പണത്തിന്റെ വിലയില്ലാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തെക്കുവടക്ക് നടക്കുന്നത് എത്രകാലം കണ്ടുനില്‍ക്കും? രണ്ടുകൊല്ലമായി വി എസ് അച്യുതാനന്ദന്റെ ഭരണമാണ്. ബേബിമന്ത്രിയുടെ വിദ്യാഭ്യാസതാണ്ഡവമാണ്. ഇതെല്ലാം സഹിക്കുന്നതിലും ഭേദം അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞ മാര്‍ഗമായിരുന്നു-ഒരുകുപ്പി വിഷം.എന്തുചെയ്യാം, അതിനും ത്രാണിയില്ലാതായിരിക്കുന്നു.ഇനി ഒന്ന് വിമോചിപ്പിക്കുകതന്നെ. അതിനായി എന്തൊക്കെ സമവാക്യങ്ങളാണ് ഉണ്ടാക്കേണ്ടത്. പിള്ളേര്‍ പൊലീസിനെ തല്ലിയാല്‍ പ്രതി കോടിയേരി ബാലകൃഷ്ണന്‍. എംഎസ്എഫുകാരന്‍ പുസ്തകം കത്തിച്ചാല്‍ അത് ഉദാത്തമായ സമരപ്രവര്‍ത്തനം. യുവമോര്‍ച്ചക്കാരന്‍ എന്‍ജിഒയൂണിയന്‍ പ്രവര്‍ത്തകരെ മാങ്ങ വീഴ്ത്തുമ്പോലെ എറിഞ്ഞുവീഴ്ത്തിയാല്‍ അത് വെറും 'സംഘര്‍ഷം'. അതുകണ്ട് സഹിയാതെ ഡിവൈഎഫ്ഐക്കാരന്‍ ചെന്ന് യുവമോര്‍ച്ചക്കാരനിട്ട് പെരുമാറിയാല്‍ അത്'മാര്‍ക്സിസ്റ്റ് അക്രമം'. എംഎസ്എഫുകാരന്‍ മനോരമക്കാരനെ തല്ലിപ്പഴുപ്പിച്ചാല്‍ മിണ്ടാട്ടമില്ല. എം‌എസ്എഫ്ഐക്കാരന്റെ തല്ലാണ് മനോരമക്കാരന് കൊള്ളുന്നതെങ്കില്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ മര്‍മത്തിനു കയറിപ്പിടിക്കല്‍. ഏഴാംക്ളാസിലെ പാഠം മതവിരുദ്ധം. അതല്ലെന്ന് പതിമൂന്ന് ബിഷപ്പുമാര്‍ നിരന്നുനിന്ന് പറഞ്ഞാലും മനോരമ റിപ്പോര്‍ട്ടുചെയ്യില്ല.മലയാളത്തിന്റെ സുപ്രഭാതം അരങ്ങുതകര്‍ക്കുകയാണ്. രോഗം പകരുന്നതാണെന്നു തോന്നുന്നു. മലപ്പുറത്തെ എംഎസ്എഫുകാര്‍ പത്രപ്രവര്‍ത്തകരുടെ മുതുകില്‍ റിയാലിറ്റി ഷോ നടത്തിയത് വീരകേസരികളായ യൂണിയന്‍ താടിക്കാരും കണ്ടില്ല. മനോരമ ഓഫീസില്‍ കെഎസ്യു അക്രമികള്‍ ഒളിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അനിഷേധ്യനേതാക്കള്‍ക്ക് തിടുക്കം. ഇവര്‍ക്ക് പ്രത്യേക ഇടക്കാലാശ്വാസം കോട്ടയത്തുനിന്നുതന്നെ കൊടുക്കുമാറാകണം.

മാധ്യമ മഹാത്മ്യം

അടി പൊടിപൂരം
ആറാട്ടുപുഴ പൂരം, മച്ചാട്ട് മാമാങ്കം, കൊടുങ്ങല്ലൂര്‍ ഭരണി, ഉത്രാളിക്കാവ് പൂരം, മാവിലായിലെ അടി തുടങ്ങി എത്രയെത്ര ഉത്സവങ്ങള്‍. എല്ലാം ഒന്നിനൊന്നു മെച്ചം. മാവിലായില്‍ ചുമലിലേറിയുള്ള അടിയാണ് കാഴ്ച. തൃശൂരില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും. പൊതുവെ കേരളീയര്‍ തറവാട്ടുമഹിമ പറയുന്നവരാണ്. പാരമ്പര്യത്തില്‍ ഊറ്റംകൊള്ളാത്തവര്‍ ആരുമുണ്ടാകാറില്ല. അങ്കത്തട്ടില്‍ കലിയോടെ പയറ്റി എതിരാളിയെ നിലംപരിശാക്കിയ തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച എന്നിങ്ങനെ എത്രയെത്ര വീരശൂര പരാക്രമികള്‍ വാണ നാടാണ് കേരളം. പാരമ്പര്യം പറഞ്ഞുനടക്കാനുള്ളതല്ല, കളിച്ചുതെളിയിക്കാനുള്ളതുമാണ്. വെറുതെയുള്ള തനിയാവര്‍ത്തനം ഉമ്മന്‍ചാണ്ടിയുടെ മലകയറ്റംപോലെ വിരസമാകും. പാരമ്പര്യകലകളുടെ സമഞ്ജസമായ ഒരു സമ്മേളനമാണ് വേണ്ടത്. ജുഗല്‍ബന്ദി എന്നു കേട്ടിട്ടില്ലേ. അതുപോലെ.
തൃശൂരില്‍, സാക്ഷാല്‍ വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ പൂരത്തലേന്ന് അരങ്ങേറിയ പൊടിപൂരം അങ്ങനെയൊരു ജുഗല്‍ബന്ദിയാണ്. രണ്ടാള്‍ പൊക്കത്തിലുള്ള തട്ടില്‍ കയറി,കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ അങ്കം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചാനല്‍കുഞ്ഞുങ്ങളാണ് പയറ്റുകലാകാരന്മാര്‍. അടികൂടുന്ന ചാനലുകാരെ മറ്റൊരു ചാനലുകാരന്‍ ക്യാമറയിലാക്കി. അടിച്ചുമറിഞ്ഞ് വലതുകാല്‍ ഇടത്തോട്ടുവീശി, വലിഞ്ഞമര്‍ന്ന്, നിവര്‍ന്ന് ഇടത്തും വലതും ഒഴിഞ്ഞുമാറിയുള്ള പയറ്റ്. ക്ളൈമാക്സില്‍ ഒരു മാധ്യമകില്ലാടിയുടെ മിന്നലാക്രമണം. മൂന്നു പോരാളികള്‍ നിലതെറ്റി താഴേക്കു വീണു. ഒരാള്‍ തലയിടിച്ചാണ് വീണത്. തലപൊട്ടി; മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ചീറ്റി. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. നിലംപൊത്തിയ രണ്ടാമന്റെ നട്ടെല്ലിനു താഴെ തകര്‍ന്നു. ചുരുങ്ങിയത് മൂന്നുമാസം പൂര്‍ണ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായംമൂന്നാമന് തോളെല്ലിനു പരിക്കേറ്റു. കുടമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന തട്ടിലായിരുന്നു പ്രദര്‍ശനപ്പയറ്റ്. ജനക്കൂട്ടത്തിന്റെയും കുടമാറ്റത്തിന്റെയുമെല്ലാം ചിത്രം എവിടെനിന്നാലും കിട്ടും. പക്ഷേ, അടിച്ചുനേടിയ സ്ഥലത്തിരുന്ന് പടമെടുത്താല്‍ അതാണ് വീരസാഹസിക മാധ്യമപ്രവര്‍ത്തനം. അമ്മായിക്ക് അടുപ്പും നിഷിദ്ധമല്ലെന്നാണ്. അടികൂടിയത് മാധ്യമ വീരന്മാരായാല്‍, അത് വല്ല തട്ടിവീഴലോ തെന്നി വീഴലോ ആകും. നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൂട്ടത്തല്ല് '24 മണിക്കൂര്‍ ന്യൂസ് ചാനലുകള്‍' കണ്ടതേയില്ല. അടി കാണിക്കാതെ, വീഴുന്ന ഭാഗംമാത്രം കാണിച്ച് ഒരു ചാനല്‍ ദുരന്തവാര്‍ത്ത ഒരു മിനിറ്റിലൊതുക്കി. 'ക്യാമറാ പ്രവര്‍ത്തകര്‍ തട്ടില്‍നിന്ന് വീണ് പരിക്കേറ്റു' എന്നായിരുന്ന ചില പത്രങ്ങളുടെ കണ്ടെത്തല്‍. മലയാളത്തിന്റെ സുപ്രഭാതമാകട്ടെ 'ക്യാമറ ക്രമീകരിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് ക്യാമറാമാന്മാര്‍ വീഴുകയായിരുന്നുവെന്നാണ്' പുറംലോകത്തെ അറിയിച്ചത്. തെന്നിവീണാല്‍ പ്രതിഷേധത്തിന് സ്കോപ്പില്ലാത്തതുകൊണ്ട് തൃശിവപേരൂരിന്റെ മുത്തായ പത്രപ്രവര്‍ത്തക നേതാവിന്റെ പതിവു പ്രസ്താവനയും കണ്ടില്ല.
*
മാധ്യമപ്രവര്‍ത്തകര്‍ക്ക് പാളയത്തില്‍നിന്ന് തല്ലുകിട്ടിയാലേ പ്രതിഷേധമില്ലാതുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തിന്റെ പേരില്‍ പീപ്പിള്‍സ് മാര്‍ച്ചിന്റെ എഡിറ്റര്‍ പി ഗോവിന്ദന്‍കുട്ടി ഈയിടെ അറസ്റ്റിലായപ്പോള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് വീരശിങ്കങ്ങള്‍ രംഗത്തുവന്നു. ഗോവിന്ദന്‍കുട്ടിയെ ജയിലിലടച്ചത് മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു മഹാന്മാര്‍. ഇക്കണക്കിനു പോയാല്‍ ഏതെങ്കിലും മഞ്ഞപ്പത്രത്തിന്റെയോ, ഇക്കിളി മാസികയുടേയോ എഡിറ്ററെ പൊലീസ് പിടികൂടിയാല്‍ യൂണിയന് പ്രകടനം നടത്തേണ്ടിവരില്ലേ എന്നാണ് സംശയാലുക്കളും കുബുദ്ധികളും ചോദിക്കുന്നത്. ആടെന്തറിയുന്നു അങ്ങാടി വാണിഭം. കേരളത്തില്‍ 'നന്ദിഗ്രാം മോഡല്‍ വിശാലസഖ്യം' സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ളാമിയും എന്‍ഡിഎഫ്, മാവോയിസ്റ്റുകളും ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത വായിക്കാത്തവര്‍ക്കേ സംശയം കാണൂ. ഡല്‍ഹിയില്‍ ചേര്‍ന്ന 'നന്ദിഗ്രാം' ദേശീയ കവെന്‍ഷനില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ വിവാദനായകന്‍ എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിയുണ്ട്. തേജസ് പത്രാധിപര്‍ പി കോയയും മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹിമും 'പോരാട്ടം' നേതാവ് രാവുണ്ണിയുമുണ്ട്. എഡിറ്റര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഏത് പത്രപ്രവര്‍ത്തകനുണ്ട്? ആസ്ഥാന നേതാവിന്റെ തലതൊട്ടപ്പന്‍ ഗോവിന്ദന്‍കുട്ടിയുടെ വേണ്ടപ്പെട്ടവനായി ഡല്‍ഹിയില്‍ പോയപ്പോള്‍ വിനീത ശിഷ്യന്‍ ഇങ്ങ് കേരളത്തില്‍, യൂണിയന്‍ചെലവില്‍ പ്രസ്താവനയിറക്കുന്നു. ഉണ്ണുന്ന ചോറിന് ഒരായിരം നന്ദി. മെഗഫോണായി ഒരു യൂണിയനുമുണ്ടല്ലോ.
*
എറണാകുളത്തുനിന്ന് എസ് രാജന്‍ എഴുതുന്നു:
"മാധ്യമത്തിലെഴുതുന്ന കെ രാജേശ്വരി ആണോ പെണ്ണോ എന്ന് വായനക്കാര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു....... സംശയം തീര്‍ന്നത് ഇന്ത്യാവിഷനില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്പോഴും കരുതിയത് ഒരു സ്വതന്ത്ര ബുദ്ധിജീവി; സര്‍വജ്ഞന്റെ അഹന്തയും സര്‍വപുച്ഛം കാഴ്ചപ്പാടുമാക്കിയ ഹാസ്യാത്മകമായി എഴുതാന്‍ കഴിവുള്ള ഒരു അഭിഭാഷകന്‍ എന്നായിരുന്നു. പിന്നെയാണറിഞ്ഞത് സിപിഐ നേതൃത്വം കൊടുക്കുന്ന അഭിഭാഷക സംഘടനയുടെ തലതൊട്ടപ്പനാണെന്ന്. മന്ത്രി ബിനോയ് വിശ്വം ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനുകീഴിലെ ഒരു സ്ഥാപനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നിയോഗിച്ച നിയമ ഉപദേഷ്ടാവുമത്രേ മേപ്പടിയാന്‍. ഏറ്റവും അവസാനമല്ലേ അറിഞ്ഞത് ഇതിയാന്‍ സിപിഐയുടെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയുമായിരുന്നു. ആള് സിപിഐയില്‍ ഉന്നതന്‍തന്നെ എന്നിപ്പോള്‍ ബോധ്യമായി. "വെറുതെയല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താവലോകനത്തിലായാലും മാധ്യമം വിശകലനത്തിലായാലും ഒരു വരിപോലും സിപിഐക്കെതിരെ എഴുതില്ല; പറയില്ല. അഥവാ ഇനി എഴുതിയാലും പറഞ്ഞാലുംതന്നെ തൊലിപ്പുറം വിട്ട് ആഴത്തിലേക്കൊട്ട് ഇറങ്ങുകയുമില്ല. എന്നാലീ മാധ്യമശിങ്കത്തിന് സിപിഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്. എന്തു വൃത്തികേടും സിപിഐ എമ്മിനെതിരെ എഴുതിക്കൊള്ളും. "സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആര് വരണമെന്ന് പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയുമൊക്കെ തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണന്‍ വരണോ എം എ ബേബി വരണോ എന്നൊന്നും തീരുമാനിക്കുന്നത് രാജേശ്വരി എന്ന കള്ളപ്പേരിലെഴുതുന്ന സിപിഐക്കാരനോട് ചോദിച്ചിട്ടല്ല. സിപിഐയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി രാജ വേണോ റെഡ്ഡി വേണോ എന്ന് തീരുമാനിച്ചത് ജാതി നോക്കിയിട്ടല്ല. ജാതി നോക്കിയിട്ടാണെന്ന് ഒരു സിപിഐ എമ്മുകാരനും കള്ളപ്പേരുവച്ച് ഒരു മാധ്യമത്തിലുമെഴുതിയിട്ടുമില്ല. എന്നിട്ടും ബേബി ലത്തീന്‍ കത്തോലിക്കന്‍, തോമസ് ഐസക് ലത്തീന്‍ കത്തോലിക്കന്‍ എന്നൊക്കെ സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍മാത്രം വലുപ്പമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ പരസ്യമായി എഴുതുന്ന സ്ഥിതി വരുന്നത് സിപിഐക്ക് എന്തുമാത്രം ഗുണംചെയ്യുമെന്ന് അവര്‍തന്നെ പരിശോധിച്ചാല്‍ നന്നായിരിക്കും. അത് എഴുതിയവന്റെയൊക്കെ ഉള്ളില്‍ ജാതിവികാരം പഴുത്തുപൊട്ടി പുഴു തിളയ്ക്കുകയാണ്. 'തിരുമനസ്സ്' 'കാരണവരുടെ സ്വജാതിസ്നേഹം' ഇങ്ങനെ ജാതിഭ്രാന്ത് മൂത്തതിന്റെ ലക്ഷണങ്ങള്‍ മാധ്യമത്തിലൂടെ നുരഞ്ഞൊഴുകുകയാണ്. മാധ്യമത്തിന് ഇതൊക്കെ ചേരും. പക്ഷേ, സിപിഐക്ക് ചേരുമോ എന്നതാണ് പ്രശ്നം. ചേരുമെങ്കില്‍ ഇത്തരം ജാതിഭ്രാന്തന്മാരുള്ള പാര്‍ടിയാണ് സിപിഐ എന്ന് ജനം തീരുമാനിക്കും''.
ശതമന്യു മാവിലായിക്കാരനല്ലെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരനാണ്. രാജനേക്കാള്‍ സ്നേഹം രാജേശ്വരിയോടുണ്ട്. അതുകൊണ്ട് നോ കമന്റ്സ്.
*
കോടാലിക്ക് കേരളത്തില്‍ നല്ല വിപണിസാധ്യതയാണ്. സിദ്ധിക്, സുരേന്ദ്രന്‍ തുടങ്ങിയ ബ്രാന്‍ഡ് കോടാലികള്‍ വേഗം വിറ്റുപോകുന്നുണ്ട്. കല്യാണത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ജാതകക്കുറിപ്പ് നോക്കണമെന്നാണ് പുതിയ കോടാലിശാസ്ത്രം. വിരുന്നുണ്ണാനെത്തുന്നയാള്‍ കോങ്കണ്ണനോ വിക്കുള്ളവനോ മുടന്തനോ എന്നും തിരക്കണം. വാടകവീട്ടില്‍ സൌകര്യമില്ലെങ്കിലും അടുത്തുള്ള ഹാളില്‍ റിസപ്ഷന്‍ നടത്താന്‍ പാടില്ല. കഷ്ടം. അച്ഛന്‍ ആഭ്യന്തരമന്ത്രിയായതുകൊണ്ട് മകന്റെ കല്യാണം പൊലീസുകാരെമാത്രം ക്ഷണിച്ചു നടത്തണമെന്ന് തീട്ടൂരമിറക്കാത്തത് ഭാഗ്യം. മറുപടി അര്‍ഹിക്കാത്ത ഇത്തരം കോടാലിത്തങ്ങള്‍ വല്ലാതെ നാറിത്തുടങ്ങിയിട്ടുണ്ട്.