Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്നു പദ്ധതികളും കാലാനുസൃതമായി നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിക്ക് ധാരണാ പത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത സഹായം പൂര്‍ണ്ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷ വിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്.

സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.

മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.

ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.

ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

ലാവ്ലിന്‍ - അഴിമതിക്കഥ പൊള്ളയെന്ന് ഒടുവില്‍ സിബിഐയും

ലാവ്ലിന്‍ കേസ് ഫലത്തില്‍ അവസാനിച്ചു. ജീവശാസ്ത്രപരമായി അതിന്റെ അന്ത്യം. അഴിമതിക്കേസ് എന്ന വിശേഷണം അതിന് ചേരില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു.

ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയെന്ന് സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യംവച്ച് പിണറായിയെ പ്രതിചേര്‍ത്തു. ഇപ്പോള്‍ സിബിഐ ഉറപ്പിച്ചുപറയുന്നു പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന്. 374 കോടിയുടെ അഴിമതി, നൂറുവട്ടം ദുബായ്-സിംഗപ്പുര്‍ യാത്ര, കമല ഇന്റര്‍നാഷണല്‍, കനഡയില്‍നിന്ന് വന്ന പണം എവിടെ എന്നിങ്ങനെ പലതും പറഞ്ഞു നടന്നവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടേത്. ഇനി കേസ് സാങ്കേതികംമാത്രമാണ്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ.

കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയഗൂഢാലോചനയിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്- അതിന്റെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്.

നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും നയാപൈസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അന്ന് അത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നിരിക്കുന്നു, പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ സ്വഭാവഹത്യചെയ്ത് തകര്‍ക്കാന്‍ അധ്വാനിച്ചവര്‍ക്കാകെ ഇനി തലതല്ലിച്ചാകാം. അതല്ലെങ്കില്‍ തെറ്റുതിരിച്ചറിഞ്ഞ് മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ 'വരദാചാരിയുടെ തല' മാതൃകയില്‍ കഥകള്‍ മെനഞ്ഞ ഗവേഷകര്‍ക്കും ഉപജാപം നടത്തിയവര്‍ക്കും മാപ്പുപറയാനുള്ള കാലമാണിനി. ലാവ്ലിന്‍ വാര്‍ത്തകളില്‍ നീരാടിയ മാധ്യമങ്ങള്‍ക്കും വായനക്കാരോട് സത്യം തുറന്നുപറയാം- രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീചമായ കളിയില്‍ പങ്കാളികളായിരുന്നു തങ്ങളുമെന്ന്.

Wednesday, April 14, 2010

വീരന്‍, പ്രകമ്പനമരുതേ

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

വീരന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മണ്‍മറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും?

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍.

ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുരുലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ:

"തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുന്നുപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി)

ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു.

സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിസെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്.

വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്. ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്റ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം രേഖകളും വസ്തുതകളുമായി ഭൂമി കൈയേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് വിശദീകരണം നല്‍കാന്‍ വീരേന്ദ്രകുമാര്‍ മുതിരുന്നില്ല. പകരം പാരമ്പര്യത്തിന്റെ കഥപറയുന്നു; തുറന്ന കത്തയക്കുന്നു; പ്രസംഗിച്ചും ലേഖനമെഴുതിച്ചും അപവാദ പ്രചാരണം നടത്തുന്നു. ഇതിലെവിടെയാണ് ന്യായം? രാഷ്ട്രീയ മര്യാദ? സാമാന്യ മര്യാദ? പ്ളാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരപ്പന്തല്‍ തകര്‍ക്കുകയും ആദിവാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത് വീരേന്ദ്രകുമാറിന്റെ പാര്‍ടിക്കാരാണ്. അദ്ദേഹംതന്നെ പറയുന്നുണ്ട് തന്റേത് ചെറിയൊരു പാര്‍ടിയാണെന്ന്. ചെറിയ പാര്‍ടിയായിട്ടും ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അല്‍പ്പം വലുതായിരുന്നെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. മാനസാന്തരം വന്ന മുന്‍ സോഷ്യലിസ്റ്റിന്റെ വിചിത്രമായ ന്യായീകരണ ശ്രമങ്ങളല്ല, ഇടതുപക്ഷ മുഖംമൂടിയിട്ടിരുന്ന കാപട്യത്തിന്റെ പൊട്ടിയൊലിക്കലാണുണ്ടാകുന്നത്. വലതുപക്ഷ കൂടാരത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇടതുപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ അവകാശമുണ്ട്; പക്ഷേ, അതുകൊണ്ട് ഇന്നു നില്‍ക്കുന്നിടത്തെ ദുര്‍ഗന്ധം ഇല്ലാതാകില്ല. അതുകൊണ്ട്, പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ താങ്കള്‍ പ്രകമ്പനം കൊള്ളുന്നതില്‍ അല്‍പ്പം നിയന്ത്രണം പാലിക്കൂ.