Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Friday, April 13, 2012

കോണ്‍ഗ്രസിന്റെ ആത്മഹത്യ

ചത്തകുതിര എന്നുവിളിച്ച കോണ്‍ഗ്രസിനോട് ലീഗ് കൃത്യമായി പ്രതികാരം ചെയ്തിരിക്കുന്നു; കോണ്‍ഗ്രസിനെ ഒരു മരക്കുതിരയാക്കിക്കൊണ്ട്. മരക്കുതിരയുടെ പ്രത്യേകത നിന്നിടത്തുനിന്ന് അതിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ചലിക്കാനാകില്ല. അഥവാ ചലിക്കണമെങ്കില്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ വടംകെട്ടി വലിക്കണം. ഒരര്‍ഥത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആത്മഹത്യ ചെയ്യേണ്ടതാണ്, ഒരു ദേശീയ പാര്‍ടിക്ക് ഇങ്ങനൊരു ദുരന്തം വന്നുകൂടാ. മലപ്പുറം ജില്ലയില്‍ പലേടത്തും മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രംവച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു കണ്ടു. ആ ആഹ്ലാദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടിയുടെയും പരാജയത്തിലുള്ള ആഹ്ലാദംകൂടിയാണ്. മന്ത്രിസ്ഥാനം വെള്ളിത്താലത്തില്‍വച്ച് പാണക്കാട്ടേക്ക് കൊണ്ടുവന്നുതരും എന്ന ലീഗിന്റെ അഹന്ത ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു.

അഹങ്കാരത്തിന്റെ പാരമ്യത്തില്‍ മുസ്ലിംലീഗ് മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ലീഗിന്റെ ഇന്നലെവരെയുണ്ടായിരുന്ന നാല് മന്ത്രിമാര്‍ കഴിവുകെട്ടവരാണെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടു എന്നതാണ് അത്. ലീഗിന് അഞ്ചാംമന്ത്രി വന്നതുകൊണ്ട് നേട്ടം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മഞ്ഞളാംകുഴി അലിക്കുമാത്രമാണ്. പുതിയ മന്ത്രി വന്നതുകൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എന്തെങ്കിലും നേട്ടമുണ്ടാകുന്നില്ല. പുതിയ മന്ത്രിക്കായി പുതിയ വകുപ്പോ പുതിയ ചുമതലകളോ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍ എന്നീ മന്ത്രിമാരുടെ കൈയിലുള്ളതില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് അലിക്കു കൊടുത്ത വകുപ്പുകള്‍. ഇതുവരെ ഈ നാലു മന്ത്രിമാര്‍ക്ക് ഈ വകുപ്പുകള്‍ കഴിവുറ്റ രീതിയില്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞിരുന്നില്ലേ? അങ്ങനെയെങ്കില്‍ ലീഗ് അത് സമ്മതിക്കണം. നാലു മന്ത്രിമാര്‍ക്ക് കാര്യപ്രാപ്തിയില്ലാത്തതുകൊണ്ട് അഞ്ചാമതൊരാളെക്കൂടി മന്ത്രിയാക്കി എന്നുതന്നെ പറയണം. അത് പറയാന്‍ തയ്യാറാകാത്തിടത്തോളം കഴിവുകേട് തന്നെയാണ് തെളിയുന്നത്.

രണ്ടു ഡസനോളം സ്റ്റാഫ്, ഓഫീസ്, മന്ത്രിമന്ദിരം, ടെലിഫോണ്‍, യാത്രച്ചെലവ് ഇങ്ങനെ കോടികളുടെ ബാധ്യതയാണ് അഞ്ചാംമന്ത്രി കേരളത്തിന്റെ ഖജനാവിനെ അടിച്ചേല്‍പ്പിക്കുന്നത്. ഈ വന്‍ചെലവുകൊണ്ട് ഇന്നാട്ടിലെ ന്യൂനപക്ഷസമുദായങ്ങളുടെ എന്തു പ്രശ്നമാണ് പരിഹരിക്കപ്പെടുക? മുസ്ലിംസമുദായം ഇന്നു നേരിടുന്ന അനേക പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മ മുതല്‍ തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലടയ്ക്കപ്പെടുന്നതുവരെ. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ടി സിപിഐ എമ്മാണ്. അതിലൊന്നും ലീഗ് പ്രത്യേക താല്‍പ്പര്യമോ നിര്‍ബന്ധമോ കാണിച്ചുകണ്ടിട്ടില്ല. കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി, കേരളത്തിലെ കെപിസിസി നേതൃത്വത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ലീഗിന് മറ്റെന്താണ് സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയാത്തത്. എന്നിട്ടും എന്തുകൊണ്ട് ജീവല്‍പ്രധാന പ്രശ്നങ്ങള്‍ക്കുമുന്നില്‍ പൊട്ടന്‍കളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഇ അഹമ്മദും അണികളോട് മുഖതാവില്‍ പറയേണ്ടിവരും.

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ബിജെപിക്ക് ഹര്‍ത്താലിന് അവസരം ലഭിച്ചു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജയിപ്പിക്കാന്‍ അഹോരാത്രം പാടുപെട്ടവരും ആ പ്രയത്നത്തിന്റെ ശമ്പളം കണക്കുപറഞ്ഞ് വാങ്ങിയവരുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവിനുള്ള ആയുധമാക്കി മറയില്ലാതെ മാറ്റുന്നത്. അവര്‍ പറഞ്ഞ നിരവധി കാര്യങ്ങള്‍ കേരളീയസമൂഹം സജീവമായി ചര്‍ച്ചചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനാണ്. ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരം തിരുവഞ്ചൂരിന്റെ മുതുകത്തു വച്ചുകെട്ടിയതുകൊണ്ട് തീരുന്ന പ്രശ്നവുമല്ലത്. നാളെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ലീഗിനെപ്പോലെ ആവശ്യങ്ങളുന്നയിക്കാം. എന്തിന്, യുഡിഎഫിലെ ഏകാംഗ കക്ഷികള്‍ക്കുപോലും ഇത്തരം ആവശ്യങ്ങളുമായി വരാം, ഉമ്മന്‍ചാണ്ടി വഴങ്ങേണ്ടിവരും. കാരണം, അദ്ദേഹത്തിന്റെ ഏക അജന്‍ഡ അധികാരമാണ്. ഉമ്മന്‍ചാണ്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കാനായി തകര്‍ക്കപ്പെട്ട പാര്‍ടി എന്നായിരിക്കും കോണ്‍ഗ്രസിന് കേരളചരിത്രത്തിലെ ഇനിയുള്ള സ്ഥാനം. ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരും മുസ്ലിംലീഗാണ്; മാണി കേരളയാണ്. മലപ്പുറത്തും കോട്ടയത്തും മതിയോ ഭരണം? ഈ രണ്ട് ജില്ലകളിലും ആധിപത്യം വഹിക്കുന്ന കക്ഷികള്‍ക്കുപിന്നില്‍ മതിയോ കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് ആ പാര്‍ടിക്കാര്‍തന്നെ നിശ്ചയിക്കേണ്ടിവരും.

അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് ലഭിച്ചതോടെ യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് നിരാശ നല്‍കുന്ന സംഭവവികാസങ്ങളാണ് യുഡിഎഫിനകത്ത് ഉണ്ടാകുന്നത്. ഇന്നലെവരെ എല്ലാം സഹിച്ച കോണ്‍ഗ്രസുകാര്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പ് ലഭിച്ചതുകൊണ്ട് ആ വികാരം അടങ്ങില്ല. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ശബ്ദം മറ്റൊരു അപകടസൂചനയാണ്. കേവലം ഒരു തെരഞ്ഞെടുപ്പിന്റെയോ വോട്ടുകളുടേയോ അല്ല, കേരളത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന്റേതാണ് പ്രശ്നം. അതു തകര്‍ക്കാനുള്ളതാണ് പുതിയ നീക്കങ്ങള്‍. അതീവ ജാഗ്രതയോടെ മതനിരപേക്ഷസമൂഹം ഇതിനെ കാണേണ്ടതുണ്ട്. എന്തിനുവേണ്ടി അഞ്ചാംമന്ത്രി, ആര്‍ക്കാണ് അതുകൊണ്ടു പ്രയോജനം, ആരുടെ കഴിവുകേടുകൊണ്ട് പുതിയ മന്ത്രി വേണ്ടിവന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളാകും അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഇനി യുഡിഎഫ് നേരിടേണ്ടിവരിക.

Monday, April 9, 2012

അതുല്യമായ മഹാസമ്മേളനം

ഇതുപോലൊന്ന് മറ്റൊരു രാഷ്ട്രീയപാര്‍ടിക്ക് ചിന്തിക്കാനാകാത്തതാണ്. ജനങ്ങള്‍ മഹാനദികളായാണ് കോഴിക്കോട്ടേക്ക് ഒഴുകിയത്. അറബിക്കടലിന്റെ തീരത്ത് ആ നദികള്‍ മനുഷ്യമഹാസാഗരമാണ് തീര്‍ത്തത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യതയാണ് ആ സാഗരഗര്‍ജനത്തിലൂടെ ഉയര്‍ന്നുകേട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ടിയുടെ സമ്മേളനം എന്നതിലുപരി, ഒരു ജനതയുടെയാകെ മുന്നേറ്റമായി മാറി.

എതിരാളികള്‍ പ്രചരിപ്പിച്ചതൊന്നുമല്ല പാര്‍ടി കോണ്‍ഗ്രസില്‍ സംഭവിച്ചത്. ഏഴു പ്രധാന കാര്യങ്ങളാണ് തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയുടെ ആറുദിന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കിയത്. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം, രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവ അംഗീകരിക്കലായിരുന്നു ആദ്യത്തെ മൂന്നു കടമകള്‍. അവ പൂര്‍ത്തിയാക്കിയശേഷം ഭരണഘടനാഭേദഗതി അംഗീകരിച്ചു. അതില്‍പ്പിന്നെ പുതിയ കേന്ദ്ര കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമീഷന്റെയും തെരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെയും പൊളിറ്റ്ബ്യൂറോയുടെയും തെരഞ്ഞെടുപ്പ്. എല്ലാ സുപ്രധാന അജന്‍ഡകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിനിധിസമ്മേളന ഹാളില്‍ ഇന്റര്‍നാഷണല്‍ ഗാനം ഉയര്‍ന്നത്.

ഇന്ത്യയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനുള്ള മുന്നുപാധി എന്ന നിലയില്‍ ജനകീയ ജനാധിപത്യവിപ്ലവം വിജയിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ ശരിയായ അടവുനയത്തിന് രൂപംനല്‍കി എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയ കടമയുടെ സാരാംശം. ഇടതുപക്ഷ- ജനാധിപത്യ പരിപാടിക്കുചുറ്റും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിനായി മാര്‍ക്സിസം- ലെനിനിസത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അനവരതം പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

സമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യം കുറച്ചുകാണാനും പരദൂഷണശൈലിയിലുള്ള വാര്‍ത്തകളിലൂടെ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും തുടര്‍ച്ചയായ ശ്രമങ്ങള്‍ വലതുപക്ഷമാധ്യമങ്ങളില്‍നിന്നുണ്ടായി. ഏതെങ്കിലും നേതാവിന്റെ സമ്മേളനത്തിലെ അസാന്നിധ്യവും കമ്മിറ്റികളിലെ അംഗത്വവും സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയാണെന്ന് വരുത്താന്‍ തുടരെ വാര്‍ത്തകള്‍ വന്നു. അതിന് സാധൂകരണം നല്‍കാന്‍ മാര്‍ക്സിസ്റ്റ് ചിന്തകരെന്ന ഭാവേന പാര്‍ടിവിരുദ്ധരെ ചര്‍ച്ചയ്ക്കായി അണിനിരത്തി. സമ്മേളനസമാപനത്തോടെ അത്തരക്കാരുടെ വ്യാമോഹങ്ങളെല്ലാം അസ്തമിച്ചിരിക്കുന്നു. മാധ്യമങ്ങളുടെയും ചര്‍ച്ചാവിദഗ്ധരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല; ഇന്നാട്ടിലെ ജനകോടികളുടെ മോചനം എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനങ്ങളെടുക്കുക എന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, അധികാരത്തിലേക്ക് നടന്നുകയറാന്‍ തെരഞ്ഞെടുപ്പുമുന്നണി തട്ടിക്കൂട്ടുന്നത് പാര്‍ടിയുടെ അജന്‍ഡയല്ല എന്ന് സുവ്യക്തമായി പാര്‍ടി കോണ്‍ഗ്രസിന് പ്രഖ്യാപിക്കാനായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വെള്ളിത്തളികയിലാക്കി വച്ചുനീട്ടിയിട്ടും വേണ്ടെന്നുപറയാനുള്ള ആര്‍ജവം ഈ പാര്‍ടിക്കാണുണ്ടായത്. അതേ ആര്‍ജവംതന്നെയാണ്, അധികാരത്തെ നോക്കിയുള്ള തട്ടിക്കൂട്ടുസഖ്യത്തിന് ഞങ്ങളില്ലെന്ന പ്രഖ്യാപനത്തിലും വായിച്ചെടുക്കാനാകുന്നത്.

സമ്മേളനം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വാര്‍ത്തകളിലൊന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായതായിരുന്നു. ആണവ കരാറുണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടിയെ ചൂണ്ടിയാണ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയുടെ അടിസ്ഥാന സംഘടനാതത്വങ്ങള്‍പോലും മറച്ചുവച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. രാജ്യവിരുദ്ധമായ ആണവകരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടി വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചതാണ്. പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലും ഇത് ആവര്‍ത്തിക്കുന്നു. പാര്‍ടിക്കകത്ത് ഒട്ടും ആശയക്കുഴപ്പം ഇക്കാര്യത്തിലില്ല എന്നിരിക്കെയാണ് ജനറല്‍സെക്രട്ടറിയെ ഒറ്റതിരിച്ചുനിര്‍ത്തി ആക്രമിക്കാന്‍ വലതുപക്ഷമാധ്യമലോകം ഇറങ്ങിയത്. പിന്തുണ ഇതിലും നേരത്തെ പിന്‍വലിക്കണമെന്ന അഭിപ്രായമാണ് പാര്‍ടിയിലുയര്‍ന്നത്. പാര്‍ടി ഐക്യത്തോടെ അംഗീകരിച്ച ആ തീരുമാനത്തെ, എത്രതന്നെ വിശദീകരിച്ചിട്ടും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. പരക്കെ ഉയര്‍ന്ന ഊഹാപോഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടിയായി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം പ്രതികരിച്ചത്, ""കാത്തിരിക്കൂ"" എന്നാണ്. ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു.

വര്‍ഗാടിസ്ഥാനത്തിലുള്ള സംഘാടനമാണ് തൊഴിലാളിവര്‍ഗത്തിന്റെ വിമോചനം കൈവരിക്കുന്നതിലെ പ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപ്രശ്നങ്ങളെയും വിലയിരുത്തിയതെന്ന് രണ്ടു പ്രമേയങ്ങളും വ്യക്തമാക്കുന്നു. വിപ്ലവാത്മകവിഭാഗങ്ങളെയെല്ലാം ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിപ്പിക്കുക എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ സത്ത. ജനവിരുദ്ധനയങ്ങള്‍ക്കെതിരായി സമരംചെയ്യുന്നതിനും ജനങ്ങളുടെ ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളിവര്‍ഗത്തെയും കര്‍ഷക ജനസാമാന്യത്തെയും കര്‍ഷകത്തൊഴിലാളികളെയും കൈവേലക്കാരെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഇടതുപക്ഷ ജനാധിപത്യപരിപാടിയുടെ അടിസ്ഥാനത്തില്‍ അണിനിരത്തുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. ബൂര്‍ഷ്വാപാര്‍ടികളുടെ സ്വാധീനത്തിലകപ്പെട്ട ബഹുജനങ്ങളെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയുക്തസമരങ്ങളിലേക്ക് കൊണ്ടുവന്ന് പാര്‍ടിക്കൊപ്പം അണിനിരത്തുമെന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കടമകള്‍ ഏറ്റെടുത്ത്, പൂര്‍ത്തീകരിക്കുന്നതിനായി പ്രയത്നിക്കുന്നതിന് എല്ലാ പാര്‍ടി അണികളെയും സജ്ജമാക്കുന്നതാണ് ആ ആഹ്വാനം. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം, ഭൂമിക്കും ഭക്ഷണത്തിനും ജോലിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സമരം, വര്‍ഗീയശക്തികള്‍ക്കും വിഘടനശക്തികള്‍ക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത സമീപനം എന്നിങ്ങനെ ബഹുമുഖമായ സമരമുഖമാണ് തുറക്കപ്പെടുന്നത്. മതനിരപേക്ഷതയെ സംരക്ഷിക്കുക, എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വസമ്മര്‍ദങ്ങളെ ചെറുക്കുക എന്നിവയും പാര്‍ടി കോണ്‍ഗ്രസ് ഊന്നിപ്പറയുന്ന കടമകളാണ്. പാര്‍ടിക്കുനേരെയുള്ള ആക്രമണങ്ങളെയും പാര്‍ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കുമെന്ന പ്രതിജ്ഞ പാര്‍ടി പുതുക്കുന്നുണ്ട്.

രാജ്യത്തെങ്ങും ശക്തിയുള്ളതും എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതുമായ കമ്യൂണിസ്റ്റ് പാര്‍ടി നമുക്ക് കെട്ടിപ്പടുക്കാനുള്ള തീരുമാനങ്ങളോടെ പൂര്‍ത്തിയാക്കിയ 20-ാം കോണ്‍ഗ്രസ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പായി ചരിത്രത്തില്‍ ഇടംനേടുമെന്ന് ഉറപ്പിക്കാം. കേരളത്തിലാകെയും കോഴിക്കോട് ജില്ലയില്‍ വിശേഷിച്ചും ഈ പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശം പാര്‍ടിയുടെ സമര- സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് സംഗമിക്കും. ദൂരദേശങ്ങളില്‍നിന്ന് ക്ലേശംതാണ്ടി കൊടുംവെയില്‍ കൂസാതെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍, ശത്രുവര്‍ഗത്തിന്റെ ആയുധമുനകള്‍ക്ക് കുത്തിമലര്‍ത്താനാകാത്തതാണ് സിപിഐ എമ്മിന്റെ കരുത്തെന്നാണ് തെളിയിച്ചത്. ഈ ആവേശമാണ്, വരുംനാളുകളില്‍ ജനദ്രോഹനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് വര്‍ധിച്ച ചൂടുപകരുക.

Saturday, April 7, 2012

മാധ്യമ ധര്‍മം മാര്‍ക്സിസ്റ്റുകാരോട്

പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്‍കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.

മാധ്യമങ്ങള്‍ എങ്ങനെ പാര്‍ടി കോണ്‍ഗ്രസിനെ കാണുന്നു എന്നതിന്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ തുളസിയുടെ ദുരനുഭവത്തേക്കാള്‍ തെളിവുവേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ടിയാണ് സിപിഐ എം. അതിന്റെ പരമോന്നതസമ്മേളനം ചേരുന്നത് ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും അതില്‍ എങ്ങനെ ഇടപെടണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാനുമാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സംഘടനാകടമകളുമായി ഏഴു പ്രധാന കാര്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് ആറുദിവസം ഇരുന്ന് ചര്‍ച്ചചെയ്യുന്നതും തീരുമാനത്തിലെത്തുന്നതും. അതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ബുദ്ധദേവ് വരാത്തത് പാര്‍ടിയുടെ വലിയ ക്ഷീണമായി അവര്‍ പ്രചരിപ്പിച്ചു. അസുഖംമൂലമാണ് താന്‍ വരാത്തതെന്ന് ബുദ്ധദേവ് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ഒടുവില്‍, ബുദ്ധദേവിന്റെ അസാന്നിധ്യം അസുഖംമൂലമാണെന്നും അതുകാണിച്ച് അദ്ദേഹം കത്ത് തന്നിട്ടുണ്ടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിതന്നെ പറഞ്ഞിട്ടും തെറ്റായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല.

വി എസ് അച്യുതാനന്ദന്‍ പിബിയിലെത്തുമോ എന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡയായി മലയാളപത്രങ്ങള്‍ പലതും പ്രചരിപ്പിച്ചത്. അതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മൂന്നു ദിവസംകൂടി ക്ഷമിക്കൂ എന്നാണ് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയാണ് പുതിയ പൊളിറ്റ്ബ്യൂറോയെ തെരഞ്ഞെടുക്കുന്നത്. അതിനുമുമ്പ് രാഷ്ട്രീയപ്രമേയവും ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയവും രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കണം. രാഷ്ട്രീയപ്രമേയം യോജിപ്പോടെ അംഗീകരിച്ചുകഴിഞ്ഞു. ആ പ്രമേയം ""ഇന്ത്യന്‍ജനതയിലെ വര്‍ഗചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതിനുള്ള സമരം വര്‍ധിതമായ ദൃഢനിശ്ചയത്തോടെ തുടരും"" എന്നാണ് പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ പ്രഖ്യാപനത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനുള്ള ഗൗരവാവഹമായ ചര്‍ച്ചകള്‍ കാണാതെ, അവയെക്കുറിച്ച് സത്യസന്ധമായി ഒരക്ഷരം മിണ്ടാതെ, പ്രചാരണബോര്‍ഡ് സ്ഥാനം തെറ്റിയതും പ്രതിനിധികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കിയതും വലിയ വാര്‍ത്തകളായി ആഘോഷിക്കുകയാണ്.

""നമ്മുടെ ജനങ്ങള്‍ക്കിടയിലെ വര്‍ഗശക്തികളുടെ വര്‍ത്തമാനകാല ബലാബലത്തില്‍ മാറ്റംവരുത്തുന്നതിനായി ഇന്ത്യന്‍ജനതയിലെ ചൂഷിത വിഭാഗങ്ങളെ അണിനിരത്തുകയും ജനകീയ ജനാധിപത്യവും അതിന്റെ അടിത്തറയില്‍ മാനവസ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും ഒരേയൊരു അടിസ്ഥാനമായ സോഷ്യലിസവും സ്ഥാപിക്കുന്നതിനായുള്ള വിപ്ലവ കടന്നാക്രമണത്തിന് ഊക്ക് കൂട്ടുകയും ചെയ്യും"" എന്നു പ്രഖ്യാപിക്കുന്നതാണ് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള കരടുപ്രമേയം. അതിന്റെ ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്. നടക്കുന്ന ചര്‍ച്ചകളുടെ വിവരം ദിനേ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും മികച്ച സംവിധാനമാണ് മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെല്ലാം ഉപയോഗിക്കുമ്പോഴും "കട്ടുതിന്നാന്‍" താല്‍പ്പര്യപ്പെടുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. മാധ്യമമനോവൈകൃതമാണ് പ്രകടമാകുന്നത്.

മാതൃഭൂമി വാര്‍ത്ത നോക്കുക: ""സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കുത്തിനിറച്ച് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം ഇടപെട്ടു തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഇടപെടല്‍. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ തിരുത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്.""

മനോരമ എഴുതുന്നത് ഇങ്ങനെ: ""കേരളത്തിലെ വിഭാഗീയ പ്രവണതകളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേതുപോലെ പ്രത്യേകം പ്രതിപാദിക്കുന്നില്ല. പഴയ വിഭാഗീയത അതേപടി നിലനില്‍ക്കാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിബി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പിബി നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.""

ഇന്നലെവരെ പറഞ്ഞത് അതേപടി വിഴുങ്ങാന്‍ ഇവര്‍ക്ക് സങ്കോചമില്ല. രണ്ടുകൂട്ടരുടെയും വാര്‍ത്ത വായിച്ചാല്‍ ഏറ്റവും വലിയ നുണ ഏതെന്ന തര്‍ക്കത്തിനേ സാധ്യതയുള്ളൂ. ചോര്‍ത്തിയെടുക്കുന്നത് എന്ന ഭാവത്തില്‍ എന്തും എഴുതുന്നു. അത് പരസ്പരവിരുദ്ധമായാലും അവര്‍ക്ക് പ്രശ്നമില്ല.

ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ്രകാശ് കാരാട്ടിനെതിരെ പറഞ്ഞു എന്നാണ് ആദ്യദിവസം കൊണ്ടാടിയ വാര്‍ത്ത. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധിസംഘങ്ങള്‍ ഓരോന്നും പ്രത്യേകം ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലേതെന്ന് പറഞ്ഞ് അവതരിപ്പിച്ച ആ അസംബന്ധത്തിന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. അങ്ങനെയൊരു കാര്യം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിയില്ല- പക്ഷേ ചില മാധ്യമങ്ങള്‍ക്കറിയാം. സ്വപ്നം കാണുന്നതുപോലും ആധികാരിക വാര്‍ത്തയാക്കുകയാണ് ചിലര്‍. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങുന്ന ദിവസം മനോരമയുടെ ഒന്നാംപേജ് വാര്‍ത്ത, ""ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സിപിഐ എം സംഘടനാ റിപ്പോര്‍ട്ട്"" എന്നായിരുന്നു. ലോകവും ഇന്ത്യാ രാജ്യവും നേരിടുന്ന ജീവല്‍പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്നും ജനകീയപോരാട്ടങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നും ചര്‍ച്ചചെയ്യുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകളും പ്രധാന പരിഗണനാ വിഷയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയിട്ടുമുണ്ട്. സ്ത്രീപീഡനത്തിനും പീഡകര്‍ക്കും സ്ഥാനമില്ലാത്ത പാര്‍ടിയാണ് സിപിഐ എം. അത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ നിഷ്കരുണം പുറത്താക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ പാര്‍ടിയില്‍ ഭിന്നതയുമില്ല; സംശയവുമില്ല. പക്ഷേ, മനോരമയ്ക്ക് പാര്‍ടി കോണ്‍ഗ്രസിന്റെ തുടക്ക വാര്‍ത്തയ്ക്കുപകരം കൊടുക്കാന്‍ തോന്നുന്നത് "ലൈംഗിക പീഡ" കഥയാണ്. മുമ്പ് പാര്‍ടി സമ്മേളനങ്ങളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പൊലിപ്പിച്ച കഥകളായിരുന്നു പ്രിയമെങ്കില്‍, ഇത്തവണ പാര്‍ടി കോണ്‍ഗ്രസിനെത്തിയ നേതാക്കള്‍ എപ്പോഴോ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയതായി പരിഹാസവാര്‍ത്ത. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ചെന്ന് പൊറോട്ട കഴിച്ചാല്‍ അത് തിരുവത്താഴം. സിപിഐ എമ്മുകാര്‍ ഭക്ഷണം കഴിക്കാന്‍ ഏതെങ്കിലും സാദാ ഹോട്ടലില്‍ പോയാല്‍ പരിഹാസം.

കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ വാക്കുകള്‍ മനോരമ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇന്നത്തെ കാലത്തു മോശപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല വാര്‍ത്തകളാക്കുന്നത്; നല്ല കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ വാര്‍ത്തകളേ ആക്കുന്നില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളോടു നേരിട്ടു വന്നു ചോദിക്കണം. അവരതു ചെയ്യില്ല. കാരണം അവര്‍ ധരിച്ചിരിക്കുന്നതു തെറ്റാണെന്ന് അവര്‍ക്കറിയാം.""

(ഇതു പറഞ്ഞത് ഏതെങ്കിലും സിപിഐ എം നേതാക്കളാണെങ്കില്‍ അത് ധാര്‍ഷ്ട്യമോ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമോ ആകും).

Friday, March 16, 2012

ജനദ്രോഹത്തിനെതിരെ വിധിയെഴുതുക

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉചിതമായ പ്രതികരണത്തിനുള്ള അവസരമാണ് പിറവം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിനു കാരണമായ സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങളുടെ കൊടി കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ശതകോടീശ്വരന്മാര്‍ക്കുവേണ്ടി ഭരണംനടക്കുന്നു. അധ്വാനിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ അവതരിപ്പിച്ച നവനേതാക്കള്‍ പരാജയത്തിന്റെ കയ്പുനീര്‍കുടിച്ച് പിന്‍വാങ്ങി. വിലക്കയറ്റമാണ് തിരിച്ചടിക്കു കാരണമെന്ന് യുപിഎ അധ്യക്ഷതന്നെ കുറ്റസമ്മതം നടത്തി. എന്നാല്‍ , വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് പിന്മാറിയതുമില്ല. തെരഞ്ഞെടുപ്പുഫലം വന്നയുടനെ ജനങ്ങളെ ശിക്ഷിച്ചത് ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചും തീവണ്ടിയാത്ര നിരക്കുകളില്‍ വന്‍ വര്‍ധന അടിച്ചേല്‍പ്പിച്ചുമാണ്.

പെട്രോള്‍വില അഞ്ചുരൂപകൂടി വര്‍ധിപ്പിക്കാന്‍ പോകുന്നു. കോണ്‍ഗ്രസ് ഒന്നില്‍നിന്നും പഠിക്കുന്നില്ല. കേന്ദ്രഭരണത്തിന്റെ അതേ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പതിമൂന്നാം കേരള നിയമസഭയുടെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പിന് പിറവം വേദിയാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍തന്നെയാണ് വിധിയെഴുത്തിന് കാരണമാവുക. മാര്‍ച്ച് 21ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പു ഫലം സംസ്ഥാനത്ത് ഭരണമാറ്റത്തിന് വഴിവയ്ക്കുന്ന വ്യത്യാസം മുന്നണികള്‍ തമ്മില്‍ ഉണ്ടാക്കില്ല എന്നതുകൊണ്ട് പിറവത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. പത്തുമാസത്തെ യുഡിഎഫ് ഭരണം കേരളത്തിന് എന്ത് ചെയ്തു; എന്തൊക്കെ ചെയ്തില്ല എന്നതിനൊപ്പം കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയാകെയും സമകാലീന രാഷ്ട്രീയവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും ജനഹിതത്തില്‍ തെളിയും. ഏറ്റവുമൊടുവില്‍ സാധാരണക്കാരന്റെ ജീവിതഭാരത്തിനുമുകളില്‍ ഒരു കല്ലുകൂടി കയറ്റിവച്ച റെയില്‍വേ ബജറ്റും വോട്ടെടുപ്പിന് തലേന്ന് വരാനിരിക്കുന്ന പൊതു ബജറ്റുമുള്‍പ്പെടെ സമ്മതിദായകരെ സ്വാധീനിക്കും. അഞ്ചുകൊല്ലത്തെ എല്‍ഡിഎഫ് ഭരണവും പത്തുമാസത്തെ യുഡിഎഫ് ഭരണവും തമ്മിലുള്ള താരതമ്യമാണ് പിറവത്ത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ടത്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെന്നപോലെ പിറവത്തിനും വികസനത്തിന്റെയും പുരോഗതിയുടെയും കാലമായിരുന്നു. 450 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആ അഞ്ചുകൊല്ലത്തിനുള്ളില്‍ എംഎല്‍എയായിരുന്ന എം ജെ ജേക്കബ്ബിന്റെ മുന്‍കൈയില്‍ മണ്ഡലത്തില്‍ നടന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

1977ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ 11 പഞ്ചായത്താണുള്ളത്. ആകെയുള്ള 1,83,493 വോട്ടര്‍മാരുടെ സമ്മതി തേടി ഒമ്പത് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. കൂടുതല്‍കാലം വലതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലത്തില്‍ സമീപകാലത്ത് പ്രകടവും ഉറച്ചതുമായ ഇടതുപക്ഷാഭിമുഖ്യം ദൃശ്യമാണ്. 2006ല്‍ സിപിഐ എമ്മിലെ എം ജെ ജേക്കബ് 5150 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തി. അന്ന് പരാജയപ്പെട്ടത് യുഡിഎഫിലെ കരുത്തനായ ടി എം ജേക്കബാണ്. 2011ല്‍ പഴയ എതിരാളികള്‍ വീണ്ടും മാറ്റുരച്ചപ്പോള്‍ , കടുത്ത മത്സരത്തിനൊടുവില്‍ 157 വോട്ട് എന്ന നേരിയ വ്യത്യാസത്തില്‍ ടി എം ജേക്കബ് ജയിച്ചു. മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു എന്ന് പറയാന്‍തക്ക വിജയമല്ല ഉണ്ടായത്. ടി എം ജേക്കബ്ബിന്റെ നിര്യാണംമൂലം വന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ്ബിനെ യുഡിഎഫ് രംഗത്തിറക്കിയത് സഹതാപവോട്ട് ഉന്നംവച്ചാണ്. മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അവിശ്രമം പ്രവര്‍ത്തിക്കുകയും ആ പ്രവര്‍ത്തനത്തിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവയോഗ്യമാക്കുകയും ചെയ്തു എന്ന ആത്മവിശ്വാസത്തോടെ എം ജെ ജേക്കബുതന്നെ എല്‍ഡിഎഫിനുവേണ്ടി രംഗത്തുവന്നു.

യുഡിഎഫ്-എല്‍ഡിഎഫ് മത്സരം എന്നതിലുപരിയായ അര്‍ഥതലങ്ങള്‍ പിറവത്തെ തെരഞ്ഞെടുപ്പിനുണ്ട്. പിറവത്ത് പരാജയത്തിന്റെ നിഴല്‍ കണ്ടുതുടങ്ങിയപ്പോഴാണ്, ഉത്തരേന്ത്യന്‍ മാതൃകയില്‍ ചാക്കിട്ടുപിടിത്തത്തിലൂടെ ഒരു പ്രതിപക്ഷ എംഎല്‍എയെ യുഡിഎഫ് നേതൃത്വം രാജിവയ്പിച്ചത്. ജാതി-മത-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പതിവ് ചേരുവകളും അധികാര ദുര്‍വിനിയോഗവും പണത്തിന്റെ കുത്തിയൊഴുക്കുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങള്‍ . സമാനതകളില്ലാത്തത്രയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് രാഷ്ട്രീയപ്രശ്നങ്ങള്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറിയത്. പിറവത്തിന്റേതായ പ്രത്യേക പ്രശ്നങ്ങള്‍ ചെറുതല്ലാതെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതിനൊപ്പം, കേരളത്തിന്റെ ഭാവി എന്താകണം എന്ന ചോദ്യം പ്രചാരണവേദിയില്‍ മുഴങ്ങിനിന്നു. യുഡിഎഫിന്റെ ഭരണവൈകല്യങ്ങളും അഴിമതിയും വോട്ടര്‍മാര്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായി വിധിയെഴുതുന്നത്, കേരളത്തിന്റെ നല്ല നാളേയ്ക്കുവേണ്ടി പിറവത്തെ ജനങ്ങള്‍ക്ക് ചെയ്യാനുള്ള മഹത്തായ സേവനംതന്നെയാണ്. കര്‍ഷക ആത്മഹത്യ തിരിച്ചുവന്ന; അഴിമതി അരങ്ങുവാഴുന്ന; ക്ഷേമപദ്ധതികള്‍ തകര്‍ത്ത് സാധാരണക്കാരനോട് യുദ്ധംചെയ്യുന്ന; തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന; പൊലീസടക്കം ഭരണസംവിധാനത്തെയാകെ രാഷ്ട്രീയവല്‍ക്കരിക്കുന്ന; വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും പ്രോത്സാഹനം ലഭിക്കുന്ന; പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യപാലനവും തുരങ്കംവയ്ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായ കേരള ജനതയുടെ രോഷപ്രകടനം ഏറ്റെടുക്കാനുള്ള നിയോഗമാണ് പിറവത്തെ സമ്മതിദായകര്‍ക്കുമുന്നിലുള്ളത്. എം ജെ ജേക്കബ്ബിനെ വിജയിപ്പിക്കുന്നതിലൂടെ, കേരളത്തില്‍ എല്‍ഡിഎഫ്് സര്‍ക്കാര്‍ സൃഷ്ടിച്ച വികസനനേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് വിജയത്തിലേക്ക് കുതിക്കുക. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടാനും ജനങ്ങളെ ദ്രോഹിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് അര്‍ഹമായ ശിക്ഷ നല്‍കാനുമാകട്ടെ പിറവത്തെ ജനങ്ങളുടെ സമ്മതിദാനം.

Thursday, March 15, 2012

നാണക്കേടിന്റെ കിരീടം

പിറവത്തെ ജനങ്ങളെ യുഡിഎഫ് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? പിറവത്ത് ജയിക്കാനാകില്ലെന്ന് ഉറപ്പിച്ചുള്ള യുഡിഎഫ് വെപ്രാളം ഏറ്റവുമധികം പ്രകടമായത് നെയ്യാറ്റിന്‍കരയിലെ കൂറുമാറ്റത്തിലാണ്. എംഎല്‍എയെ ചാക്കിട്ട് പിടിച്ചതിന്റെയും അതിനു ചരടുവലിച്ചവരുടെയും അരങ്ങേറിയ അന്തര്‍നാടകങ്ങളുടെയും വിശദാംശങ്ങള്‍ ഇന്ന് രഹസ്യമല്ല. യുഡിഎഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയെന്നു പറഞ്ഞ് ഇരുട്ടിവെളുക്കുമ്പോള്‍ യുഡിഎഫിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന കൂറുമാറ്റക്കാരന്റെ അരങ്ങത്തെയും അണിയറയിലെയും കഥകള്‍ക്കും ഇന്ന് രഹസ്യസ്വഭാവമില്ല. പിറവത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കുതിരക്കച്ചവടം നടത്തേണ്ടിവരില്ലായിരുന്നു. ഇത്ര വലിയ നാണക്കേടിന്റെ കിരീടം ഉമ്മന്‍ചാണ്ടി എടുത്തണിഞ്ഞത് അധികാരക്കസേരയോടുള്ള അമിതമായ ആര്‍ത്തികൊണ്ടാണെന്നത് ഒരുവശം. ആ ആര്‍ത്തി ശമിപ്പിക്കാന്‍ പിറവത്തെ വോട്ടര്‍മാര്‍ തയ്യാറായേക്കില്ലെന്ന ഭീതി ഉമ്മന്‍ചാണ്ടി സംഘത്തെ ഗുരുതരമായി ഗ്രസിച്ചിട്ടുണ്ടെന്നത് രണ്ടാമത്തെ വശം.

തുടക്കംമുതലേ പിറവം യുഡിഎഫിനെ പേടിപ്പിക്കുന്നുണ്ട്. ടി എം ജേക്കബ്ബിനെ തൊട്ടുകൂടാ ഗണത്തില്‍പ്പെടുത്തി മുമ്പ് മന്ത്രിസഭയ്ക്ക് വെളിയില്‍ നിര്‍ത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. ഇത്തവണ ജേക്കബ് മന്ത്രിയായത് ഉമ്മന്‍ചാണ്ടിയുടെ മനസ്സ് മാറിയതിനാലോ ജേക്കബ് നിലപാടു മാറ്റിയതിനാലോ അല്ല; ജേക്കബ്ബിനെ ഒഴിവാക്കിയാല്‍ യുഡിഎഫ് മന്ത്രിസഭ ഉണ്ടാകുമായിരുന്നില്ല എന്നതുകൊണ്ടാണ്. ഗത്യന്തരമില്ലാതെ ജേക്കബ്ബിനെ സ്വീകരിക്കുകയായിരുന്നു എന്നര്‍ഥം. ജേക്കബ്ബിന്റെ നിര്യാണശേഷം മകന്‍ അനൂപാണ് ആ പാര്‍ടിയുടെ പ്രതിനിധി എന്ന് വ്യക്തമാക്കപ്പെട്ടു. അനൂപിനെ മന്ത്രിയാക്കിയില്ല. മന്ത്രിയാക്കാമെന്നു പറഞ്ഞ് മത്സരിപ്പിക്കുന്നതിനേക്കാള്‍ മന്ത്രിയായി മത്സരിപ്പിക്കുന്നതാണ് പ്രയോജനമെന്നിരിക്കെ അതിനു തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഇതുവരെ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. ജേക്കബ്ബിന്റെ വകുപ്പുകള്‍ ഷിബു ബേബിജോണിനെയാണ് ഏല്‍പ്പിച്ചത്. എന്തേ അനൂപിന് മന്ത്രിസ്ഥാനം നല്‍കിയില്ല- പിറവത്ത് അനൂപ് ജയിക്കുമെന്ന് യുഡിഎഫിന് ഉറപ്പില്ല എന്നുതന്നെയാണ് ഉത്തരം. ഇപ്പോള്‍ "സാദാ" അനൂപ് തോറ്റാലുണ്ടാകുന്നതിനേക്കാള്‍ ക്ഷീണം മന്ത്രിയായ അനൂപിന്റെ തോല്‍വിയിലൂടെ ഉണ്ടാകും. പരസ്യമായ പരാജയ സമ്മതമാണ് ഈ രണ്ടു നടപടിയും. ഒരര്‍ഥത്തില്‍ അത് പിറവത്തെ ജനങ്ങളെ അപമാനിക്കുന്നതുമാണ്. നിങ്ങള്‍ വേട്ടുചെയ്താലും ചെയ്തില്ലെങ്കിലും ഞങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊള്ളുമെന്നാണ് വോട്ടെടുപ്പിന് ദിവസങ്ങള്‍ മുമ്പുള്ള കുതിരക്കച്ചവടത്തിലൂടെ പിറവത്തുകാരോടു പറഞ്ഞത്. ജനാധിപത്യത്തിനുനേരെയുള്ള അശ്ലീലപ്രകടനമായി അതു മാറുന്നതും ആ അര്‍ഥത്തിലാണ്.

യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പിറവത്തെ അനൂപ് ജേക്കബ് എന്ന് പറയാനാകില്ല. യുഡിഎഫിന്റെ കൂടാരത്തിലേക്ക് ആനയിക്കപ്പെടാത്ത ജാതി-മത സംഘടനകളൊന്നും പുറത്തില്ല. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സംഘടിക്കാനും സമ്മര്‍ദ രാഷ്ട്രീയം കളിക്കാനും തുനിയുന്ന എല്ലാ ശക്തികളും പിറവത്ത് യുഡിഎഫിനുവേണ്ടി എത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ലോപമില്ലാത്ത പണവും പരിധിയില്ലാത്ത അധികാര ദുര്‍വിനിയോഗവും ജാതിസംഘടനാ നേതൃത്വങ്ങളുമായി തീര്‍ത്ത ശരിദൂരപ്പാലവുമെല്ലാം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് തോല്‍വി ഭയക്കുന്നു എന്നത് നിസ്സാരമല്ല. ഉത്തര്‍പ്രദേശിന്റെ പാഠം കോണ്‍ഗ്രസിനെ അധികമധികം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചെലവാകാത്ത മാജിക് കേരളത്തില്‍ തീരെ വിലപ്പോകില്ല. ജനവിധി നേടിയെടുക്കാന്‍ എളുപ്പവഴിയുമില്ല. കൂറുമാറ്റമെന്ന കുറുക്കുവഴിയിലെത്തിയത് ആ സാഹചര്യത്തിലാണ്. ഇനിയും ആരോ ചാക്കില്‍ കയറാനുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രഖ്യാപിച്ചുകഴിഞ്ഞു. യുഡിഎഫിനുവേണ്ടി ജോര്‍ജ് പ്രസ്താവനയിറക്കേണ്ടിവരുന്നു എന്നതാണ് നാണക്കേടിന്റെ മറ്റൊരു കിരീടം.

ഉമ്മന്‍ചാണ്ടി- പി സി ജോര്‍ജ് ദ്വയത്തിനാണ് ഭരണത്തിന്റെ യഥാര്‍ഥ നേതൃത്വം. ചീഫ് വിപ്പിന് നിയമസഭ ചേരുമ്പോള്‍ വല്ലപ്പോഴും ഭരണപക്ഷത്തിന് വിപ്പ് നല്‍കേണ്ട ജോലിയേ ഉള്ളൂ. ജോര്‍ജ് പക്ഷേ മുഖ്യമന്ത്രിയേക്കാള്‍ സൗകര്യങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഇന്ന്. അരലക്ഷത്തോളം രൂപ മാസവാടക കൊടുക്കുന്ന ഔദ്യോഗിക വസതി, 19 പേഴ്സണല്‍ സ്റ്റാഫ്, ആഡംബര വാഹനം, എംഎല്‍എ ഹോസ്റ്റലില്‍ പ്രത്യേക മുറി, നിയമസഭാ മന്ദിരത്തില്‍ ഓഫീസ്, എല്ലാത്തിനും പുറമെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ മുറികള്‍ തരംപോലെ. ജോര്‍ജ് ആലോചിക്കുന്നു; തീരുമാനിക്കുന്നു; കല്‍പ്പിക്കുന്നു; നടപ്പാക്കുന്നു. ജോര്‍ജിന്റെ സ്റ്റാഫില്‍ ഒരു മിമിക്രിക്കാരനുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും ആര്യാടന്റെയുമടക്കം ശബ്ദം നന്നായി അനുകരിക്കാനറിയാവുന്ന അയാള്‍ ജോര്‍ജിന്റെ വിശ്വസ്തനാണ്- വര്‍ഷങ്ങളായി. എല്ലാ വകുപ്പുകളും ചീഫ് വിപ്പിന്റെ ഓഫീസില്‍ കൈകാര്യം ചെയ്യപ്പെടുന്നു. യുഡിഎഫില്ല; കോണ്‍ഗ്രസില്ല; കെപിസിസി നേതൃത്വമില്ല- ഉമ്മന്‍ചാണ്ടിയേ ഉള്ളൂ. ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജേയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഭരണം മലയാളിക്ക് നാണക്കേടിന്റെ വലിയ കിരീടമാകുന്നു.

ഒമ്പതുമാസം കൊണ്ട് കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഒരാളെപ്പോലും ആകര്‍ഷിക്കാന്‍ യുഡിഎഫ് ഭരണത്തിനു കഴിഞ്ഞിട്ടില്ല. വിലക്കയറ്റത്തിന്റെയും വരുമാനക്കുറവിന്റെയും കടക്കെണിയുടെയും പ്രയാസങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അങ്ങനെ മനംമാറ്റാന്‍ കഴിയുകയുമില്ല. മാറ്റംവന്നത് ഒരു എംഎല്‍എക്കാണ്. അത് ഉമ്മന്‍ചാണ്ടിയുടെ വിജയംതന്നെ. ഭരണത്തിലൂടെ ആര്‍ജിക്കുന്ന പണം ഭരണം നിലനിര്‍ത്താന്‍ വിനിയോഗിക്കുന്നു എന്നേയുള്ളൂ. ഇനിയും ആളുകള്‍ വരുമെന്ന് പി സി ജോര്‍ജ് പറയുമ്പോള്‍ , വല വിരിച്ചിട്ടുണ്ട് എന്നാണര്‍ഥം. അങ്ങനെയാണെങ്കില്‍ പിറവത്തെ വോട്ടിന് യുഡിഎഫ് വില കല്‍പ്പിക്കുന്നില്ലെന്നും അര്‍ഥമുണ്ട്. അവിടെ ജയിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞതിന്, "ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം അവസാനിക്കും; അതുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കൂ പ്രിയ ബന്ധുമിത്രാദികളേ" എന്ന അര്‍ഥമാണ് ഉള്ളത്. തോറ്റാല്‍ രാജിവയ്ക്കുമെന്നല്ല, ഉമ്മന്‍ചാണ്ടിയുടെ കസേര കാക്കാന്‍ ജയിപ്പിക്കണമെന്നാണ് അതിനര്‍ഥം. അതൊരു തെരഞ്ഞെടുപ്പ് സൂത്രമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാണ്. അത് മുതലെടുക്കുന്നത് "ശക്തരായ" ഘടകകക്ഷികളാണ്. പ്രധാന തീരുമാനങ്ങള്‍ വരുന്നത് മുസ്ലിംലീഗിനുവേണ്ടിയാണ്. സ്കൂളധ്യാപകനെ സര്‍വകലാശാലാ വൈസ്ചാന്‍സലറാക്കാന്‍ നോക്കിയ ധാര്‍ഷ്ട്യം ലീഗിനുണ്ടായത് ഭരണത്തിന്റെ ദുരവസ്ഥയെയാണ് വെളിപ്പെടുത്തിയത്. റെയില്‍വേ ബജറ്റില്‍ "കേരളത്തിന് അഞ്ചു പുതിയ വണ്ടി" എന്ന മുട്ടന്‍ തമാശ എഴുതിയ മനോരമയാണ് യുഡിഎഫിന്റെ പ്രചാരണനായകന്‍ . സര്‍ക്കാരിനെയും ഭരണമുന്നണിയെയും പിറവത്തിന്റെ നൂല്‍പ്പാലം കടത്തിവിടാന്‍ "കണ്ണൂരില്‍ പാര്‍ടി കോടതി" എന്ന കഥവരെ അവതരിപ്പിച്ചു. നുണകള്‍ അവസാനിച്ചേക്കില്ല. അവസാന മണിക്കൂറുകളില്‍ വികാരോത്തേജനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി ആവര്‍ത്തിക്കപ്പെടാം.

പിറവത്ത് ജയിച്ചാലും തോറ്റാലും ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്നിരിക്കെ, പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്ധതയ്ക്കെതിരെ പ്രയോഗിക്കാനുള്ള അവസരം വന്നിരിക്കുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. എന്തിന് നിങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ മരവിപ്പിച്ചു; എന്തിന് വെള്ളക്കരവും വൈദ്യുതിനിരക്കും യാത്രക്കൂലിയും കൂട്ടി; റെയില്‍വേക്കൂലിയും എണ്ണവിലയും അടിക്കടി കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ എന്തേ നിങ്ങള്‍ മിണ്ടുന്നില്ല; എന്തുകൊണ്ട് നിങ്ങള്‍ ഭരണനേട്ടവും രാഷ്ട്രീയവും പറയാതെ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നു എന്നെല്ലാം യുഡിഎഫിനോട് ചോദിക്കുന്നതിനുപകരം ഒരു വോട്ടുകൊണ്ട് ചികിത്സ നല്‍കാം. യുഡിഎഫിനെതിരെ കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാകുമെന്നതാണ് പിറവത്തിന്റെ പ്രത്യേകതയിലൊന്ന്. അതുകൊണ്ടുതന്നെയാണ് കള്ളിതിരിച്ചുള്ള കൂട്ടിക്കിഴിക്കലുകളില്‍ യുഡിഎഫ് അഭയംതേടുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ഉറച്ച വിജയപ്രതീക്ഷ. കേരളത്തിന്റെ തലയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട നാണക്കേടിന്റെ കിരീടമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ . തലകുടഞ്ഞ് ആ അഴുക്ക് തെറിപ്പിച്ചുകളയാനുള്ള ആദ്യാവസരമാണ് പിറവത്തുകാര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം വന്നുചേരുന്നത്. വോട്ടിനേക്കാള്‍ നോട്ടിന് വിലയുണ്ടെന്നു കരുതി, നോട്ടുകെട്ടുകള്‍ കൊണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന് വോട്ടിന്റെ വിലയെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് പൗരന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നംകൂടിയാകുന്നുണ്ട്.

Sunday, March 11, 2012

തിരിച്ചടിയാകുന്ന കുതിരക്കച്ചവടം

കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്രതിഷേധമുയരുന്നത് ശുഭോദര്‍ക്കമാണ്. പണംകൊടുത്തും സ്ഥാനംകൊടുത്തും ആര്‍ജിക്കുന്ന പിന്തുണകൊണ്ട് നടത്തുന്ന ഭരണം ജനാധിപത്യത്തിന്റേതല്ല-പണാധിപത്യത്തിന്റെയും അഴിമതിയുടേതുമാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ആര്‍ സെല്‍വരാജ്, ഒരു പ്രത്യേക നിമിഷത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പിറ്റേന്ന് യുഡിഎഫ് ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ആഘാതമേറ്റത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും രാഷ്ട്രീയ അന്തസ്സിനുമാണ്. രാജി ഒരു രാഷ്ട്രീയ സൂത്രവുമാണ്. രാജിവയ്ക്കാതെ സെല്‍വരാജിന് യുഡിഎഫിനെ സേവിക്കാനാവില്ല. നിയമസഭയില്‍ തോന്നുമ്പോള്‍ കൂറുമാറാന്‍ പറ്റില്ല. അങ്ങനെചെയ്താല്‍ അയോഗ്യതയാണുണ്ടാവുക. രാജിക്കും കൂറുമാറ്റത്തിനും ആധാരമായി വിശ്വാസയോഗ്യമായ ഒന്നും സെല്‍വരാജ് ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പുറത്തുപറയാനാവാത്ത കാരണങ്ങളും ഘടകങ്ങളും രാജിക്കുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജിന്റെയും യുഡിഎഫിന്റെയും വാക്കിലും പ്രവൃത്തിയിലും തെളിയുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ്, വിശേഷിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഭീതിയോടെയാണ് കാണുന്നത്. പിറവത്ത് തോറ്റാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടമാകുമെന്ന് ഒരു മന്ത്രിതന്നെ പ്രസ്താവിച്ചത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരവസ്ഥ ഒഴിവാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാള്‍ മുഖ്യമന്ത്രിതന്നെയാണ്. പിറവത്ത് തോറ്റാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും അതിനേക്കാള്‍ വലിയൊരുറപ്പ് കുറുക്കുവഴിയിലൂടെ നേടാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് കുതിരക്കച്ചവടം-അതിന്റെ ആയുധമാണ് സെല്‍വരാജ്.

പണവും സ്ഥാനമോഹവും ബൂര്‍ഷ്വാ രാഷ്ടീയത്തിന്റെ കൂടപ്പിറപ്പാണ്. അന്യൂനമായ രാഷ്ടീയ സദാചാരം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതുകൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നിലനില്‍ക്കുന്നത്. അസംതൃപ്തികളുടെ കൂടാരമായ മുന്നണിയും അഴിമതി അരങ്ങുവാഴുന്ന ഭരണവും. കൂറുമാറ്റം ആരും ആസൂത്രണംചെയ്യേണ്ടതില്ല. ഇറങ്ങിവന്നാല്‍ ഇടതുപക്ഷം സ്വീകരിക്കുമെന്ന വിദൂരസൂചന ലഭിച്ചാല്‍ മതി, ആ നിമിഷത്തില്‍ യുഡിഎഫിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കക്ഷികളുമുണ്ട്, നേതാക്കളുമുണ്ട്. ജനാധിപത്യേതരമാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരാന്‍ അശേഷം താല്‍പ്പര്യമില്ല എന്ന എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന നിലപാടുമാത്രമാണ് ആ അര്‍ഥത്തില്‍ ഇന്ന് യുഡിഎഫ് ഭരണത്തെ താങ്ങിനിര്‍ത്തുന്നത്. അത് മുഖ്യമന്ത്രി സൌകര്യമായി എടുത്തിരിക്കുന്നു. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൂറുമാറ്റം സംഘടിപ്പിച്ച് ഭൂരിപക്ഷത്തിന്റെ കനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരമൊരു മാനസികാവസ്ഥയിലാണ്. പിറവം തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല; പിറവത്തു പരാജയപ്പെട്ടാല്‍ അതിന്റെ ആഘാതം ഇല്ലാതാക്കാനാണ് നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടമെന്നര്‍ഥം.

കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍നിന്നുതന്നെ വന്ന പ്രതികരണം, ആ പാര്‍ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിനെതിരായി നീറിനില്‍ക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. കേന്ദ്രത്തില്‍ നരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്തിയത് എംപിമാരെ കൂട്ടത്തോടെ വിലയ്ക്കുവാങ്ങിയിട്ടായിരുന്നു എന്നത് രഹസ്യമല്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒഴുക്കിയ കോടികളില്‍ ഒരംശം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. അതാണ് കോണ്‍ഗ്രസിന്റെ വഴക്കം. കേരളത്തില്‍, കമ്യൂണിസ്റ്പാര്‍ടിയില്‍നിന്ന് ഒരാളെ വിലയ്ക്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ചാണ്ടി കാണിച്ച മിടുക്ക്. വര്‍ഗവഞ്ചകര്‍ പാര്‍ടിയെ ഒറ്റുകൊടുക്കാന്‍ തയ്യാറായ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പണത്തിനും പദവിക്കുമായി വഞ്ചന നടത്തിയ ചിലര്‍ കേരളത്തില്‍തന്നെ സമീപഭൂതത്തില്‍ പാര്‍ടിയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും, സെല്‍വരാജിനെപ്പോലെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാള്‍ വിലയ്ക്കെടുക്കപ്പെടുന്നതും പുറത്തുപോകുന്നതും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വേദനാജനകവും ഗൌരവതരവുമാണ്. സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള നഷ്ടങ്ങള്‍ ചരിത്രത്തിലുണ്ട്. അവയൊന്നും പ്രസ്ഥാനത്തിന്റെ കരുത്തിലും മുന്നേറ്റത്തിലും പോറലേല്‍പ്പിച്ചിട്ടില്ലെങ്കിലും. അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രതയുടെ പ്രാധാന്യത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ അനുഭവം. കള്ളന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കുതികാല്‍വെട്ടികള്‍ക്കും കൊലപാതകികള്‍ക്കും തങ്ങളുടേതായ ന്യായം കാണും. അത്തരം ചില ന്യായങ്ങളാണ് സെല്‍വരാജ് രാജിപ്രഖ്യാപനത്തോടൊപ്പം നിരത്തിയത്. ആ പ്രസ്താവനയാണ് പിറവത്തെ യുഡിഎഫിന്റെ പ്രചാരണ വിഷയമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനംകൂടി വന്നപ്പോള്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് സംശയിക്കാനില്ല. സിപിഐ എമ്മിനെതിരെ എതിരാളികള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിച്ചതും വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയതുമായ കുറെ മുനപോയ ആരോപണങ്ങള്‍ സമാഹരിച്ച് പ്രസ്താവനയിറക്കി എറിഞ്ഞുകൊടുക്കുകയായിരുന്നു സെല്‍വരാജ്. ആത്മവഞ്ചകര്‍ക്കുമാത്രം കഴിയുന്ന അഭ്യാസമാണ്, തെളിവുകളോ യുക്തിയോ ഇല്ലാത്ത ശകാരം നടത്തല്‍. അര്‍ഥമില്ല എന്നപോലെ അതിന് ആയുസ്സുമില്ല.

പിറവത്ത് യുഡിഎഫ് പ്രചാരണം മുന്നേറുന്നത് അന്തരിച്ച മന്ത്രി ടി എം ജേക്കബ്ബിന്റെ പേരുപറഞ്ഞുമാത്രമാണ്. അതിലുപരി സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; ജനങ്ങള്‍ക്ക് നല്‍കാന്‍ പ്രതീക്ഷപോലുമില്ല. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനയോ ഉത്തരേന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസംതന്നെ നഷ്ടപ്പെട്ടതോ ഭാവിയിലേക്കുള്ള ഈടുവയ്പായി അവതരിപ്പിച്ച നേതൃരൂപത്തിന്റെ തകര്‍ച്ചയോ ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാനാവില്ല. സാമുദായിക സമവാക്യങ്ങളുടെയും സങ്കുചിത വികാരങ്ങളുടെയും പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വഴിയിലാണ് യുഡിഎഫ്. പക്ഷേ, അതിലൊന്നും ആശ്രയിക്കാനാവില്ല എന്ന ബോധം നേതൃത്വത്തിനുതന്നെ വന്നിരിക്കുന്നു. അതിന്റെ ഫലമാണ്, കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും വഴി. യുഡിഎഫ് അമ്പരപ്പിക്കുംവിധം മ്ളേച്ഛമായ പാതയിലൂടെയാവും മുന്നേറുക എന്ന മുന്നറിയിപ്പുകൂടിയാണിത്്. നെയ്യാറ്റിന്‍കരയില്‍ രാജിവച്ച എംഎല്‍എ വീണത് അത്തരമൊരു അഴുക്കുനിറഞ്ഞ പാതയിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. യുഡിഎഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞയാള്‍ ഇരുട്ടിവെളുത്തപ്പോള്‍ യുഡിഎഫിലേക്കാണ് തന്റെ പോക്ക് എന്ന് മാറ്റിയത് സ്ഥലജലഭ്രമംകൊണ്ടല്ല. വിലയ്ക്കെടുക്കപ്പെടുന്ന ആരുടെയും കടമയാണ് ആ ആത്മഹത്യ. ഇത്തരം വഞ്ചന നടത്തിയവര്‍ക്കും നടത്തിച്ചവര്‍ക്കും ജനങ്ങള്‍തന്നെ ശിക്ഷ നല്‍കും എന്നതില്‍ തര്‍ക്കമില്ല. ചീഞ്ഞുനാറുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് പിറവത്തെ സമ്മതിദായകര്‍ക്കു ലഭിച്ചിരിക്കുന്നത്. നേരിന്റെയും നെറിയുടെയും രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പിറവത്തെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടൊപ്പമാണ് അണിനിരക്കേണ്ടത് എന്ന്, നെയ്യാറ്റിന്‍കരയിലെ അനുഭവം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രാഷ്ട്രീയ ഉപജാപങ്ങള്‍ക്കെതിരായി ചിന്തിക്കുന്നവര്‍ യുഡിഎഫിനകത്തുമുണ്ട്. അവരും ഈ തിരിച്ചറിവിലേക്കാണ് എത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറ്റത്തിനെതിരെ രംഗത്തുവന്നതിലൂടെ തെളിയിക്കപ്പെടുന്നത്.

Friday, March 9, 2012

കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും

അധികാരം നിലനിര്‍ത്താന്‍ പണംനല്‍കി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന കോണ്‍ഗ്രസ് ശൈലി കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഉമ്മന്‍ചാണ്ടി. നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ വഞ്ചിച്ച് ആര്‍ ശെല്‍വരാജ് എംഎല്‍എസ്ഥാനം രാജിവെയ്ക്കുമ്പോള്‍, എന്തൊരാശ്വാസമാണ് ഉമ്മന്‍ചാണ്ടിയ്ക്ക്. പിറവത്തെ ആസന്നമായ തോല്‍വിയുടെ സമ്മര്‍ദ്ദം ശെല്‍വരാജിന്റെ മിന്നല്‍രാജി കൊണ്ട് മറികടക്കാം എന്ന ആഗ്രഹം അദ്ദേഹത്തിന് തീര്‍ച്ചയായും ആകാം. പിറവം ഉപതിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ പാര്‍ടിയോടും മുന്നണിയോടും ജനങ്ങളോടും ചെയ്ത ഈ കൊടുംചതിയ്ക്ക് ശെല്‍വരാജ് കൈപ്പറ്റിയ കോടികളെത്ര എന്ന ചോദ്യം എല്ലാ നാവിന്‍ തുമ്പിലുമുണ്ട്.
യുഡിഎഫിലേക്ക് പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, "അതിലും നല്ലത് ആത്മഹത്യചെയ്യുന്നതല്ലേ''—എന്നാണ് ശെല്‍വരാജ് തിരിച്ചുചോദിച്ചത്. രാഷ്ട്രീയപോരാട്ടത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ സ്വപക്ഷത്തെ ഒറ്റികൊടുത്ത് മറുപക്ഷത്തിനു വിടുപണിചെയ്ത ശെല്‍വരാജ് രാഷ്ട്രീയമായി ആത്മഹത്യ ചെയ്തുകഴിഞ്ഞു. എന്തിന് ഇനി യുഡിഎഫില്‍ ഔപചാരികമായി ചേരണം? പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യവേളയില്‍, ഇങ്ങനെയൊരു രാജിയും ആരോപണങ്ങളും കൊണ്ട് യുഡിഎഫിന് ചെയ്യുന്ന സേവനത്തിനുതന്നെ കോടികള്‍ പ്രതിഫലം കിട്ടിയിട്ടുണ്ടാകും എന്നതിലും സംശയമില്ല.

"ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെയും ആത്മവഞ്ചനയുടെയും വിഡ്ഡികളായ ഇരകളായിരുന്നിട്ടുണ്ട്. ധാര്‍മികവും മതപരവും സാമൂഹികവുമായ വാക്ജാലങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്നില്‍ ഒരു വര്‍ഗത്തിന്റെയല്ലെങ്കില്‍ മറ്റൊരു വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ കണ്ടുപിടിക്കാന്‍ അവര്‍ പഠിക്കുന്നതുവരെ എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും'' എന്ന് ലെനിന്‍ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളെ അങ്ങനെ വിഡ്ഡികളാക്കാനുള്ള ആസൂത്രണവും ചിട്ടപ്പെടുത്തലും ശെല്‍വരാജിന്റെ രാജി, പ്രസ്താവന, അതിനോടുള്ള മാധ്യമപ്രതികരണം, യുഡിഎഫ് മനോഭാവം എന്നിവയില്‍ കാണാം.

രാജിവെച്ച് ശെല്‍വരാജ് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കി വിതരണത്തിന് നല്‍കി. അത് വായിക്കുന്നവര്‍ക്ക് മുഖത്തുനോക്കി ചോദിക്കാവുന്നതാണ്; 'താങ്കള്‍ ഇന്നലെവരെ ഏതു ലോകത്തായിരുന്നു' എന്ന്. രാജിവെച്ച എംഎല്‍എയെ മാധ്യമങ്ങള്‍ കൂട്ടത്തോടെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. തീറ്റയ്ക്ക് കൂടുതുറന്നുകിട്ടുമ്പോഴുള്ള വളര്‍ത്തുജന്തുക്കളുടെ ആര്‍ത്തിയോടെയാണ് 'മാര്‍ക്സിസ്റ്റ് വിശകലന' വിദഗ്ദരായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെപ്പോലുള്ളവര്‍ ചാനല്‍ ക്യാമറകള്‍ക്കുമുന്നിലേക്ക് ഓടിയെത്തിയത്.

രാജിവെച്ച സമയവും സാഹചര്യവും പരിശോധിക്കുക. സിപിഐ എമ്മിന്റെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയമസഭയില്‍ പങ്കെടുത്തുവരികയായിരുന്നു. പാര്‍ടിയില്‍ തനിക്ക് എന്തെങ്കിലും പ്രശ്നം നേരിടുന്നുവെന്ന് അവിടെയാരോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു സൂചനപോലും അദ്ദേഹമാര്‍ക്കും നല്‍കിയില്ല. ഇന്നലെ സഭ തീര്‍ന്നു. നേതാക്കളെല്ലാം പിറവത്തേയ്ക്കു മടങ്ങി. അപ്പോഴാണ് ശെല്‍വരാജിന്റെ രാജി. അതിന്റെ കാരണമായി പറയുന്നതോ, പാര്‍ടി അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നും. പാര്‍ടിയില്‍ പൊടുന്നനെ തനിക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായി എന്നോ ഇന്നലെ രാത്രി കിടക്കാന്‍ പോകുമ്പോള്‍ ജില്ലാനേതൃത്വം ഒരുചുമട് അവഗണന തന്റെ തലയില്‍വെച്ചുതന്നു എന്നോ ശെല്‍വരാജിന് പറയാനില്ല. ധരിച്ച വസ്ത്രം മുതല്‍ വീടും ഇതുവരെയുള്ള ജീവിതവുമെല്ലാമാണ് ശെല്‍വരാജിന് പാര്‍ടി നല്‍കിയത്.

ഫെബ്രുവരി പത്തിനാണ് സിപിഐ എം സംസ്ഥാന സമ്മേളനം കഴിഞ്ഞത്. ഒരുമാസം പിന്നിട്ടു. സംസ്ഥാനത്ത് ആദ്യംനടന്ന ജില്ലാ സമ്മേളനം തിരുവനന്തപുരത്തായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ അത് മൂപ്പിച്ച് പഴുപ്പിക്കാന്‍ ഇത്രയും കാലമെടുക്കില്ലല്ലോ. പിന്നെന്തിന് ഈ സമയം തെരഞ്ഞെടുത്തു? ഈ ദിവസം തെരഞ്ഞെടുത്തു? പിറവത്തിനുവേണ്ടിയെന്നല്ലാതെ എന്തുത്തരമുണ്ട് ശെല്‍വരാജിന്?

കമ്യൂണിസ്റ്റ് പാര്‍ടിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സ്വന്തം ഘടകത്തില്‍ ഉന്നയിക്കാം. അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഉപരിഘടകത്തെ സമീപിക്കാം. പാര്‍ടിക്കകത്ത് നിര്‍ഭയം എന്തും തുറന്നു പറയാം. അങ്ങനെ എന്തെങ്കിലും താന്‍ ചെയ്തതായി ശെല്‍വരാജ് അവകാശപ്പെട്ടിട്ടില്ല. എസ്എഫ്ഐയിലൂടെ വന്ന്, പാര്‍ടി ഏരിയാസെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായുമൊക്കെ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് സംഘടനാപരമായ അവകാശങ്ങളെയും അവസരങ്ങളെയും കുറിച്ച് സന്ദേഹമുണ്ടാകേണ്ടതില്ല. അജ്ഞതയല്ല ശെല്‍വരാജിനെ നയിച്ചതെന്നര്‍ത്ഥം. രാജിക്ക് കാരണമായത് പാര്‍ടിനേതൃത്വത്തോടുള്ള വിരോധമോ അതൃപ്തിയോ അല്ല എന്നും വ്യക്തമാണ്. അങ്ങനെയെങ്കില്‍ തന്റെ ഘടകത്തില്‍ ഒരക്ഷരം ഉരിയാടാമായിരുന്നുവല്ലോ-എന്നെങ്കിലും.

ഇവിടെ തീരുമാനിച്ചുറപ്പിച്ച രംഗങ്ങളാണരങ്ങേറിയത്. ആദ്യം രാജിക്കത്ത് തയാറാക്കി സ്പീക്കര്‍ക്ക് കൊടുക്കുന്നു. തുടര്‍ന്ന് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. നെയ്യാറ്റിന്‍കര ഗസ്റ്റ്ഹൌസില്‍ ക്യാമ്പ് ചെയ്ത് പത്രസമ്മേളനത്തിനൊരുങ്ങുന്നു. പത്രക്കാര്‍ക്ക് നേരത്തെ തയാറാക്കി കോപ്പിയെടുത്ത സുദീര്‍ഘ പ്രസ്താവന വിതരണംചെയ്യുന്നു. പൊടുന്നനെയുള്ള പ്രകോപനമില്ല; തനിക്കെതിരെ പാര്‍ടി നടപടിയെടുത്തു എന്ന് ആക്ഷേപമില്ല; നേരിയ അനിഷ്ടംപോലം മുമ്പ് പ്രകടിപ്പിച്ചിട്ടുമില്ല. അക്ഷരാര്‍ഥത്തില്‍ നാടകീയമായ തീരുമാനമാണ് വന്നത്. അവിടെയാണ്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ ഘടകമെന്ത് എന്ന ചോദ്യം ഉയരുന്നത്. ഇന്നലെവരെ പ്രവര്‍ത്തിക്കുകയും തന്നെ താനാക്കുകയും ചെയ്ത പ്രസ്ഥാനത്തോടും രാഷ്ട്രീയത്തോടും ഒരിറ്റ് കൂറോ നന്ദിയോ ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രഖ്യാപനം പിറവം വോട്ടെടുപ്പ് കഴിയുംവരെയെങ്കിലും മാറ്റിവെക്കുമായിരുന്നില്ലേ? അവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രാപ്പകല്‍ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്ന ഇത്തരമൊരു വഞ്ചന കാണിച്ചാല്‍, അത് പൊറുക്കാവുന്നതിനപ്പുറമാണെന്ന് ശെല്‍വരാജിന് അറിയാത്തതാവില്ല.
യഥാര്‍ഥത്തില്‍ യുഡിഎഫിന്റെ കോടാലിക്കൈയാണിന്് ശെല്‍വരാജ്. ജനാധിപത്യത്തിനുപുറത്തുള്ള കളി ഉമ്മന്‍ചാണ്ടി ശക്തിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ നല്‍കാത്ത ഭൂരിപക്ഷം പണംകൊണ്ട് നേടിയെടുക്കാം എന്ന് തെളിയിച്ച യുപിഎ ഭരണം കേന്ദ്രത്തിലുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനുമാകില്ല. പിറവം പോയാലും ഭരണംപോകാതിരിക്കാന്‍ ശെല്‍വരാജിന്റെ വില ഒടുക്കുന്നതിന് ഉമ്മന്‍ചാണ്ടി മടിച്ചുനില്‍ക്കേണ്ടതില്ല-അതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. എത്രയാണ് ആ വിലയെന്നേ അറിയാനുള്ളൂ. അതിന് ഇടനിലക്കാരായത് ആരൊക്കെ എന്നതും പുറത്തുവരേണ്ടതുണ്ട്.

കൂറുമാറ്റക്കാരെയും നയവഞ്ചകരെയും കേരളം മുമ്പും കണ്ടിട്ടുണ്ട്. അവരുടെയൊക്കെ മുഖത്ത് തുടക്കത്തിലെങ്കിലും ചെറിയ ജാള്യമുണ്ടായിരുന്നു. ഇവിടെ ശെല്‍വരാജിന്റെ മുഖത്ത് അത്തരമൊന്ന് കണ്ടില്ല. എന്തോ ചവച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച അദ്ദേഹത്തിന്റെ ഓരോവാക്കിലും ആംഗ്യവിക്ഷേപത്തിലും കണ്ടത്, കൌശലക്കാരനായ കുറ്റവാളിയുടെ സൂത്രങ്ങളാണ്. പറ്റിപ്പോയതല്ല; കല്‍പ്പിച്ചുകൂട്ടിയുള്ളതാണ് തന്റെ ഓരോ നീക്കങ്ങളുമെന്ന് ശെല്‍വരാജ് പറയാതെ പറഞ്ഞു.

ഒരു എംഎല്‍എ പോയതുകൊണ്ട് സിപിഐ എമ്മിനോ എല്‍ഡിഎഫിനോ വിശേഷിച്ച് ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കാനില്ല. കൂറുമാറ്റത്തിലൂടെയും കുറുക്കുവഴിയിലൂടെയും അധികാരത്തിലേക്കില്ലെന്ന് സിപിഐ എം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലയ്ക്ക്, പിറവത്തിനുമുമ്പ് യുഡിഎഫിനെ ഒന്ന് മുന്നോട്ട് തള്ളുക; എല്‍ഡിഎഫിനെ ആകുംവിധം അലോസരപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് ശെല്‍വരാജ് ഭംഗിയായി നിറവേറ്റിയത്. തീര്‍ച്ചയായും സിപിഐ എമ്മിന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരെയും ഒന്ന് കുത്തി നോവിച്ചു. ഇന്നലെവരെ ഒന്നിച്ചുനിന്നവരെ അമ്പരപ്പിക്കുംവിധം വഞ്ചിച്ചു. വഞ്ചിക്കപ്പെടുന്നത് സിപിഐ എം ആകുമ്പോള്‍ വഞ്ചകന്‍ നായകനാകുന്ന രസതന്ത്രമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ എന്നതുകൊണ്ട് കുറച്ചുദിവസം ശെല്‍വരാജ് കൊണ്ടാടപ്പെടും. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് യുഡിഎഫ് കരുനീക്കിയത്. അക്കാര്യത്തില്‍ പക്ഷെ വിപരീതഫലമുണ്ടാകാനാണിട. പിറവത്ത് ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം അപകടത്തില്‍ എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണം. ഇനി അതിന് അടിസ്ഥാനമില്ല. പിറവത്ത് അത്തരം വികാരങ്ങളുണര്‍ത്തി യുഡിഎഫിന് വോട്ടുതേടാന്‍ പരിമിതി വന്നിരിക്കുന്നു.

കമ്യൂണിസ്റ്റുകാര്‍ക്കും പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്കും ശെല്‍വരാജ് തികഞ്ഞ വര്‍ഗവഞ്ചകനാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അത്യധ്വാനംചെയ്ത് ജയിപ്പിച്ച പ്രവര്‍ത്തകരെ മാത്രമല്ല, ഒരു നാടിനെത്തന്നെ അദ്ദേഹം വഞ്ചിച്ചിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത ഒറ്റുകാരന്റെ പുലമ്പലുകളായി ശെല്‍വരാജിന്റെ ആരോപണങ്ങള്‍ തള്ളിപ്പോകുന്നതും അതുകൊണ്ടുതന്നെ. ഇനിയുള്ള ചര്‍ച്ചകളില്‍ ശെല്‍വരാജാകില്ല; ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലേക്ക് ശെല്‍വരാജിലൂടെ കടത്തിക്കൊണ്ടുവന്ന കാലുമാറ്റ രാഷ്ട്രീയത്തിന്റെ വൃത്തികേടുകളാണ് വിചാരണ ചെയ്യപ്പെടുക.

Wednesday, March 7, 2012

നാടകാന്തം നൈരാശ്യം

"കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ "നാടകം" നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുല്‍ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ താരം മാത്രമല്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും അതിലൂടെ നെഹ്റു-ഇന്ദിര യുഗത്തിന്റെ കരുത്തിലേക്ക് ആ പാര്‍ടിയെ തിരിച്ചെത്തിക്കാനും ജന്മമെടുത്ത അവതാര പുരുഷനാണ് രാഹുല്‍ - അങ്ങനെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അവതരിപ്പിച്ചത്. നാട്ടിലെ കെഎസ്യു നേതാക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുപിയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രാമീണ ഭവനങ്ങളില്‍ചെന്ന് ഭക്ഷണം കഴിക്കുക; ദളിത് വീടുകളില്‍ അന്തിയുറങ്ങുക; യാത്രയ്ക്കിടയില്‍ ബോധപൂര്‍വമായ ആകസ്മികതകള്‍ സൃഷ്ടിച്ച് നാടന്‍ കടകളില്‍ പാഞ്ഞുകയറുക; സുരക്ഷാ സന്നാഹങ്ങളെ മറികടന്നുള്ള യാത്രകളിലൂടെ വാര്‍ത്താതാരമാവുക- ഇങ്ങനെയുള്ള പൊടിക്കൈകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെട്ടു. പരിഹാസവും വിമര്‍ശവുമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞു: "പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതെ, എനിക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ രാജ്യത്തിന്റെ പ്രശ്നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. "

22 വര്‍ഷത്തെ കോണ്‍ഗ്രസ് വിരുദ്ധഭരണം ഇരുളിലാഴ്ത്തിയ സംസ്ഥാനത്തിന്റെ മുമ്പില്‍ പ്രത്യാശയുടെ മണ്‍ചെരാതുകള്‍ കൊളുത്തി രാഹുല്‍ഗാന്ധി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം യുപിയുടെ വിമോചനഗാഥയായി മാറുകയാണെ"ന്നും രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം മാജിക്ക് നമ്പരായ 205 മറികടക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബിജെപിക്കും പിന്നില്‍ നാലാംസ്ഥാനമാണ് കോണ്‍ഗ്രസിന്. ദയനീയമായ അവസ്ഥ. രാഹുലും സോണിയയും ജയിച്ചുവന്ന ലോക്സഭാ മണ്ഡലപരിധിയിലും താങ്ങാനാവാത്ത തിരിച്ചടിയാണ്. രാഹുല്‍ വന്നു; പുറകെ പ്രിയങ്കയും എത്തി- ഇനി കോണ്‍ഗ്രസിന്റെ മുന്നേറ്റകാലമാണെന്ന് ആ പാര്‍ടിയും അതിനെ സംരക്ഷിക്കുന്ന മാധ്യമങ്ങളും പ്രവചിച്ചതാണ്. പതിവുപോലെ അനുഭവങ്ങളില്‍നിന്ന് അവര്‍ ഒന്നും പഠിച്ചില്ല. 2010 അവസാനം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മനക്കോട്ട കെട്ടിയതാണ്. അവിടെ രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. ആകെയുള്ള 243 സീറ്റിലും കോണ്‍ഗ്രസ് മത്സരിച്ചു- പക്ഷേ ലഭിച്ചതു നാല് സീറ്റ്. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അന്നും രാഹുല്‍ ധരിച്ചത്. പ്രധാനമന്ത്രിപദത്തോടല്ല, ഉത്തര്‍പ്രദേശിനോടാണ് തന്റെ ഭ്രമം എന്നുപറഞ്ഞാണ് സുദീര്‍ഘമായ പ്രചാരണ പര്യടനം യുപിയില്‍ രാഹുല്‍ നടത്തിയത്. പോകുന്നിടത്തെല്ലാം മാധ്യമ സംഘങ്ങളെത്തി. രാഹുലിന്റെ പ്രചാരണ പരിപാടി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പു രംഗത്തെ താരം ആര് എന്ന് ചോദിച്ചാല്‍ നിസംശയം രാഹുല്‍ എന്ന് പറയാം. ആ താരമാണ് ഇപ്പോള്‍ അടിതെറ്റി വീണിരിക്കുന്നത്. മറ്റേതെങ്കിലും പാര്‍ടിയാണെങ്കില്‍ ഇത്തരം പരാജയങ്ങള്‍ വ്യക്തിയുടെ കണക്കില്‍ വരില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരം കോണ്‍ഗ്രസ് ഏറ്റെടുത്ത അന്നുമുതല്‍ എക്കാലത്തും നെഹ്റു കുടുംബത്തില്‍നിന്നുള്ളവരാണ് തെരഞ്ഞെടുപ്പുരംഗത്തും അല്ലാതെയും പാര്‍ടിയെ നയിച്ചത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സഹതാപതരംഗത്തിലൂടെ നരസിംഹറാവു അധികാരത്തിലെത്തിയതു മാത്രമാണ് അതിനപവാദം. കോണ്‍ഗ്രസിന് അതിന്റെ നയസമീപനങ്ങള്‍കൊണ്ട് ജനപിന്തുണ ആര്‍ജിക്കാനാവില്ല. നേതാക്കളെ ഉയര്‍ത്തിപ്പിടിച്ചും പാരമ്പര്യം പറഞ്ഞും നേടുന്ന വോട്ടുകളാണ് ആ പാര്‍ടിയുടെ ശക്തി. പ്രാദേശിക പാര്‍ടികളുടെ സഹായമില്ലെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. കേരളത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമടങ്ങുന്ന മുന്നണിയുടെ ഭാഗമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസിന് എംപിമാരും എംഎല്‍എമാരുമുണ്ടാകുന്നത്. രാഹുലിന്റെ അധ്വാനത്തിലൂടെയും സഹോദരി പ്രിയങ്കയെ അവതരിപ്പിക്കുന്നതിലൂടെയും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നിവര്‍ന്നുനില്‍ക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. രാഹുലിന്റെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളില്‍ തകര്‍ന്നുപോകുന്നത് ആ പ്രതീക്ഷയാണ്. യുപിയിലെ ഫലം ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്നത് ഭൂരിപക്ഷമുണ്ടായിട്ടല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം തികയ്ക്കുന്നതിന് അവര്‍ക്ക് എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി (എസ്) തുടങ്ങിയ പാര്‍ടികളുടെ പിന്തുണ തേടേണ്ടിവന്നു. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായ ജനവികാരവും കോണ്‍ഗ്രസിന് തുണയായി. അന്ന് വോട്ടുചെയ്തവരില്‍ വലിയൊരു പങ്ക് ഇന്ന് കോണ്‍ഗ്രസിനോടൊപ്പമില്ല. യുപിഎ ഭരണത്തില്‍ തഴച്ചുവളര്‍ന്ന അഴിമതിയും കേന്ദ്രമന്ത്രിമാരെപ്പോലും തടവറയിലെത്തിച്ച കേസുകളും വിലക്കയറ്റവും സാമ്രാജ്യത്വ ദാസ്യവും തൊഴിലില്ലായ്മയും ഓരോ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുത്താല്‍ ഒരു പുനര്‍ജന്മമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഏക പ്രതീഷയും ആ വീണ്ടെടുപ്പാണ്. ആ പ്രതീക്ഷയ്ക്ക് ഇനി പ്രസക്തിയില്ല. ഇന്ദിര ഗാന്ധിയുടെ ഛായയുള്ള പ്രിയങ്കയുടെ വരവുപോലും ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതുതന്നെയാണ്. രാഹുല്‍ ഫാക്ടര്‍ സമ്പൂര്‍ണ പരാജയമായിരിക്കുന്നു. ഉത്തരേന്ത്യ കോണ്‍ഗ്രസിനെ കൈവിട്ടുവെങ്കില്‍ തെക്കന്‍ മേഖലയില്‍ ആശിക്കാനൊന്നും അവശേഷിക്കുന്നില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉണ്ടായ പിളര്‍പ്പിന്റെ ആഘാതത്തില്‍നിന്ന് മുക്തിനേടുക എളുപ്പമല്ല. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ഡിഎംകെ അക്ഷരാര്‍ഥത്തില്‍ നിലംപൊത്തി; കോണ്‍ഗ്രസിന് വിലാസമില്ലാതായി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ അവസരവാദ സഖ്യത്തിലൂടെ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതേയുള്ളൂ. തൃണമൂലുമായി കടുത്ത ഭിന്നതയിലാണിന്ന് കോണ്‍ഗ്രസ്.

സഖ്യകക്ഷികളുടെ പിന്‍ബലം, തെരഞ്ഞെടുപ്പിലെ പണമൊഴുക്കല്‍ , വന്‍കിട ബൂര്‍ഷ്വാസിയുടെ നിര്‍ലോപമായ പിന്തുണ- ഇതാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഈടുവയ്പ്. രൂക്ഷമായ വിലക്കയറ്റവും ഉയര്‍ന്ന തോതിലുള്ള അഴിമതിയും നവലിബറല്‍ അജന്‍ഡയിലൂടെ സൃഷ്ടിക്കപ്പെടുന്ന കടുത്ത ജനദ്രോഹവും കോണ്‍ഗ്രസില്‍നിന്ന് ജനസാമാന്യത്തെ അകറ്റിയിരിക്കുന്നു. രാഷ്ട്രീയമായ എളുപ്പവഴികളൊന്നും അവശേഷിക്കുന്നില്ല. രക്ഷകാവതാരങ്ങളെ മുന്നില്‍നിര്‍ത്തിയതുകൊണ്ടോ അഴിമതിയിലൂടെ ആര്‍ജിക്കുന്ന പണം തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞതുകൊണ്ടോ നവലിബറല്‍ നയങ്ങളുടെ ദ്രോഹമുഖം മറയ്ക്കാന്‍ കാപട്യപൂര്‍ണമായി ഏതാനും സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പാക്കിയതുകൊണ്ടോ രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ഇന്ന് കോണ്‍ഗ്രസ്. യുപിയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും സാധാരണ ജനങ്ങള്‍ക്ക് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെയാണ്, പിറവത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പം പറയാനാവുന്നത്. യുപിയില്‍ ഏതുവിധേനയും രക്ഷപ്പെടാനാണ് രാഹുല്‍ഗാന്ധിയെ നിയോഗിച്ചത്- ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ പാടുകിടന്ന് രാഹുല്‍ഗാന്ധി നേടിക്കൊടുത്തത് നാലാം സ്ഥാനമാണ്. പിറവത്തേക്കും രാഹുല്‍ഗാന്ധിയെ വിളിക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Wednesday, February 29, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

Monday, February 27, 2012

തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം

കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ ജില്ലയെന്ന് വീണ്ടും ചിലര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായ അശാന്തിയുടെ നാളുകള്‍ തിരിച്ചുവന്നു എന്നാണ് പലരും പരിതപിക്കുന്നത്. ഇരുപക്ഷവും സമാധാനം പാലിക്കണം എന്ന ആഹ്വാനമാണ് മുഴങ്ങിയത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് തുലോം അകന്നുനില്‍ക്കുന്ന അനുമാനങ്ങളും പക്ഷപാതങ്ങളും ഇത്തരം വെജിറ്റേറിയന്‍ വിശകലനങ്ങളില്‍ കാണാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് നടന്ന അക്രമ സംഭവങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തിലേക്ക് കടന്നാല്‍ , ഏകപക്ഷീയമായ ചില നീക്കങ്ങള്‍ കാണാനാകും. സിപിഐ എമ്മിനെ നഖശിഖാന്തം എതിര്‍ക്കുന്ന മാതൃഭൂമി പത്രം അതിന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു:

"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.

സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.

ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.

ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.

ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.

Friday, February 24, 2012

ഇറ്റലിയുടെ മന്ത്രിയോ കെ വി തോമസ്?

കേരളത്തില്‍നിന്നുള്ള നാലാമത്തെ കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ മാര്‍ ആലഞ്ചേരി അസത്യം പറയുമെന്ന് ആരും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതായി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫീദേസ് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ:

"കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുഃഖകരമാണ്. ഉടനെ തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ് ധൃതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്- മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പാശ്ചാത്യശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി നയിക്കുന്ന മുന്നണിയാണ് പ്രതിപക്ഷത്ത്. കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു''

ഈ വാര്‍ത്ത ഫിദേസ് ഏജന്‍സി പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെതന്നെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അതേപടി അതുണ്ട്. സ്ഥാനാരോഹണ ശുശ്രൂഷയില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തയാളാണ് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഏറെ ജ്ഞാനമുണ്ടാകാനിടയില്ലാത്ത ഫിദെസ് വാര്‍ത്താ ഏജന്‍സിയും വത്തിക്കാന്‍ വാര്‍ത്താ പോര്‍ട്ടലും കെ വി തോമസിന്റെ പേര് കര്‍ദിനാളിന്റെ വാക്കുകളില്‍ കൃത്രിമമായി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

ഏജന്‍സിയുടെ വാര്‍ത്ത വിവാദമായപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കി. അത് ഇങ്ങനെ: "കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കാന്‍ ഉദ്ദേശിക്കുന്നു. സംഭവം അന്വേഷിക്കുകയും കുകുറ്റക്കാരെന്നുതെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതയ്ക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഏജന്‍സി വാര്‍ത്ത അപ്പാടെ നിഷേധിക്കുകയല്ല, അതില്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട് എന്നുതോന്നിയ ഭാഗങ്ങള്‍ക്ക് കൃത്യത വരുത്താനാണ് കര്‍ദിനാള്‍ വിശദീകരണം നടത്തിയതെന്ന് വ്യക്തം.

പക്ഷേ കെ വി തോമസ് മറ്റൊന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നോട് സംസാരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫിദെസ് ഏജന്‍സി പ്രസിദ്ധീകരിച്ച കര്‍ദിനാളിന്റെ വിശദീകരണക്കുറിപ്പില്‍ അത്തരം നിഷേധമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് കെ വി തോമസ് നല്‍കിയ ഉറപ്പും തോമസിന് കര്‍ദിനാള്‍ നല്‍കിയ വിശേഷണങ്ങളും അനിഷേധ്യമായിത്തന്നെ നിലനില്‍ക്കുന്നു. അവിടെയാണ് പ്രശ്നം. എന്തിന് തോമസ് കള്ളം പറയുന്നു? കര്‍ദിനാളിനെ തിരുത്തുന്നു? ഏജന്‍സി സ്വപ്നംകണ്ട് എഴുതിയതല്ല ആദ്യവാര്‍ത്തയെങ്കില്‍ തോമസ് ആരുടെ മന്ത്രിയാണ്? ആരോടാണ് ആ മന്ത്രിക്ക് കൂറ്?

ഇന്ത്യയുടെ മന്ത്രിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം തപിക്കേണ്ടത്, ഉപജീവനത്തിനായി കടലില്‍ പോയപ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങളെ ഓര്‍ത്താണ്. ആ താപം എവിടെയും കാണുന്നില്ല. മരിച്ചത് കത്തോലിക്കാ തൊഴിലാളികള്‍; ഇടപെടേണ്ടത് കത്തോലിക്കാ മന്ത്രിമാര്‍ എന്ന സിദ്ധാന്തത്തില്‍ കേന്ദ്രമന്ത്രി ഉറച്ചുനില്‍ക്കുകയാണോ എന്ന സന്ദേഹവും ബാക്കിയാകുന്നു. കൊലപാതകികളായ ഇറ്റാലിയന്‍ സൈനികരുടെ മതവും നോക്കിയശേഷമാണോ നീതിനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കുപോകേണ്ട പ്രത്യേക വിഷയങ്ങളൊന്നും ഇതില്‍ നിലനില്‍ക്കുന്നില്ല. കടലില്‍ ഇരട്ടക്കൊലപാതകം നടന്നു; കൊല്ലപ്പെട്ടവര്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളാണ്; തെറ്റിദ്ധാരണമൂലമോ അല്ലാതെയോ അവരെ വെടിവച്ചുകൊന്നത് ഇറ്റാലിയന്‍ കപ്പലിലെ രണ്ട് ഭടന്മാരാണ്; അവര്‍ നിയമത്തിന്റെ പിടിയിലായി. ഇനി കേസന്വേഷണം പൂര്‍ത്തിയാകണം. വിചാരണയും തീര്‍പ്പുമുണ്ടാകണം. സ്വാഭാവികമായ നീതിനിര്‍വഹണത്തിലപ്പുറമുള്ള ഒന്നും അതിന് തടസ്സമായിക്കൂടാ എന്നതാണ് സാമാന്യതത്വം. അതിലെവിടെ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷം?

പ്രസിഡന്റ് ഇറ്റലിക്കാരിയായതുകൊണ്ട് കോണ്‍ഗ്രസ് ഇറ്റാലിയന്‍ പക്ഷമാകും എന്ന ആരോപണമൊന്നും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റുകള്‍ കടല്‍ക്കൊലപാതക പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. കെ വി തോമസിന്റെ പിടിപാടും സ്വാധീനശക്തിയും എന്തുകൊണ്ട് ആ നിരപരാധികള്‍ക്കും അവരുടെ നിരാധാരമായ കുടുംബങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. കര്‍ദിനാള്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സംശയം നിഷേധിക്കപ്പെട്ടാലും ആ പ്രശ്നം അവശേഷിക്കുന്നു. തോമസിന്റെ ഇത്തരം നിലപാടുകള്‍ ഇതാദ്യമല്ല. നിര്‍ണായകപ്രശ്നങ്ങളില്‍ പലതിലും തോമസ് കൈക്കൊണ്ട ജനവിരുദ്ധനിലപാടുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ 2003ല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ വി തോമസ് ഡല്‍ഹിയില്‍ പോയി സ്വീകരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തത് കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും അന്നുതന്നെ തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ ആളുകളുടെയും മനസ്സിനെ മുറിപ്പെടുത്തിയ തോമസിന്റെ ആ നടപടിയില്‍ അന്ന് യുഡിഎഫിലെ പ്രധാനികളായ മുസ്ളിംലീഗ് പരസ്യമായിത്തന്നെ അതൃപ്തി രേഖപ്പെടുത്തി. തോമസ് പക്ഷേ അതേ വഴിയിലാണ്. മാര്‍ ആലഞ്ചേരിക്കൊപ്പം വത്തിക്കാനില്‍ പോയത് നല്ലകാര്യം തന്നെ. പക്ഷേ, കര്‍ദിനാള്‍തിരുമേനിയെ തന്റെ 'സ്വാധീനശക്തി' കാട്ടി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് വിവാദത്തിനാസ്പദമായ വാര്‍ത്തകള്‍ ഉണ്ടായതെങ്കില്‍ തോമസ് കത്തോലിക്കാസഭയോടുതന്നെ ചെയ്ത പാതകമാണത്.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ വത്തിക്കാനെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞത് കെ വി തോമസിനുള്ള മറുപടിയാണ്. "ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല. അത്തരത്തില്‍ വത്തിക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല''- ഡോ. സൂസപാക്യം ഇത്രയും പറയുമ്പോള്‍ താന്‍ എത്രമാത്രം പരിധി വിട്ടു എന്ന് കെ വി തോമസാണ് ചിന്തിക്കേണ്ടത്. ഇറ്റലിക്കുവേണ്ടി ഇടപെടുന്ന ശക്തി വമ്പിച്ച സ്വാധീനശേഷിയുള്ള അദ്ദേഹമല്ലെങ്കില്‍ മറ്റാരാണ്? കെ വി തോമസ് ഇനി പറയട്ടെ- താന്‍ ഇന്ത്യയുടെ മന്ത്രിയോ ഇറ്റലിയുടെ മന്ത്രിയോ?

Tuesday, September 27, 2011

ഹനീഫ ജഡ്ജി എന്തു ചെയ്തു?

കോണ്‍ഗ്രസുകാരെ തെണ്ടികളെന്ന് പി സി ജോര്‍ജിന് വിളിക്കാം. ജോര്‍ജിന്റെ നില തെറ്റിയെന്നും ചികിത്സ കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാവിന് ആവശ്യപ്പെടാം. അതെല്ലാം യുഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. ജോര്‍ജിനെപ്പോലൊരാളെ എന്തു വിലകൊടുത്തും സംരക്ഷിച്ചു നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുള്ളപ്പോള്‍ ടി എന്‍ പ്രതാപനോ വി ഡി സതീശനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആര്യാടന്‍ മുഹമ്മദിനോ ഒന്നും ചെയ്യാനാകില്ല. അവരുടെ പ്രസ്താവനകള്‍ക്ക് അച്ചടിക്കടലാസിന്റെ വില കിട്ടുകയുമില്ല. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ജോര്‍ജിനെ രംഗത്തിറക്കേണ്ടിവന്നു എന്നതുതന്നെ കോണ്‍ഗ്രസിലെ ഇന്നത്തെ സ്ഥിതിയുടെ സൂചകമാണ്. ജോര്‍ജിനോളം വിശ്വാസമുള്ള ഒരാളെ മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ടിയില്‍നിന്ന് കിട്ടാനില്ല. ജോര്‍ജ് ആക്രമിച്ചത് നീതിന്യായ കോടതിയെ ആണ്. അങ്ങനെ ആക്ഷേപിക്കല്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നയമല്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ജോര്‍ജ് അയച്ച കത്ത് സര്‍ക്കാരുമായി ആലോചിച്ചല്ല എന്നും അത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും നിയമസഭയില്‍ സമ്മതിക്കുന്നില്ല?

ചീഫ് വിപ്പിന്റെ പദവി ഉപയോഗിച്ച് ജോര്‍ജ് നടത്തിയ അധികാര ദുര്‍വിനിയോഗം യുഡിഎഫ് സര്‍ക്കാരിന്റെ ഔദ്യോഗിക സമീപനമല്ല എങ്കില്‍ തിരുത്തല്‍ സര്‍ക്കാര്‍തലത്തില്‍തന്നെയാണ് വേണ്ടത്. ജോര്‍ജിനോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ജോര്‍ജ് കത്തയച്ച കേന്ദ്രങ്ങളെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുകയും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റുകയും വേണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം വ്യക്തമായത്. അവിടെയാണ്, ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കള്ളക്കളി തെളിയുന്നതും. വിജിലന്‍സ് ജഡ്ജിക്കെതിരെ കുറെ ദിവസമായി നാടാകെ പത്രസമ്മേളനം വിളിച്ച് ജോര്‍ജ് ഉറഞ്ഞുതുള്ളുകയാണ്. "ഞങ്ങള്‍ക്കില്ലാത്ത പരവേശം ജോര്‍ജിനെന്തിന്" എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംശയം ദൂരീകരിക്കാനുള്ള ചുമതല അവര്‍ക്കുതന്നെ വിടാം. എന്നാല്‍ , വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ എന്തിന് ജോര്‍ജ് പരാക്രമം കാണിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്.

മാതൃഭൂമി ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു:

"(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. (ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ. (സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല. (ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്." ഇവിടെയാണ് പ്രശ്നം.

പ്രത്യേക വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ(അദ്ദേഹത്തിനെതിരെയാണ് ജോര്‍ജിന്റെ ആക്ഷേപം. വ്യക്തിപരമായ അധിക്ഷേപം സഹിക്കാതെയാണ് അദ്ദേഹം കേസില്‍നിന്നൊഴിവായത്) ജോര്‍ജ് പറയുന്ന ഒരു പ്രശ്നത്തിലും ഇടപെട്ടയാളല്ല. കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2011 മാര്‍ച്ച് 14 നാണ്. അന്ന് ജഡ്ജി എസ് ജഗദീശാണ്. ആ സമയത്ത് ജോര്‍ജ് എവിടെയായിരുന്നു? ഇന്ന് പറയുന്ന ന്യായങ്ങളെല്ലാം അന്നാണല്ലോ പറയേണ്ടിയിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി രഷിക്കപ്പെടേണ്ടയാളാണെന്നും തുടരന്വേഷണം നിയമവിരുദ്ധമാണെന്നും അതിനുത്തരവിട്ട ജഡ്ജിയുടെ നടപടി അപാകമെന്നും ജോര്‍ജിന് തോന്നിയതേയില്ല. പി കെ ഹനീഫ പ്രത്യേക വിജിലന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തെത്തുന്നത് പിന്നീടാണ്. അദ്ദേഹത്തിന്റെ മുന്നില്‍ മെയ് പതിമൂന്നിന്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം കിട്ടും എന്നുറപ്പായശേഷം ഒരു റിപ്പോര്‍ട്ട് കിട്ടി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ്, വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ അതില്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം നടത്താതെ, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയൊരുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കി, കോടതി അനുവദിച്ച സമയത്തിന് ഒരുമാസം മുമ്പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ തട്ടിപ്പുകള്‍ അന്നുതന്നെ വ്യക്തമായതാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് അതില്‍ പറഞ്ഞത്. തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ആവശ്യം.

അതേ വിജിലന്‍സ് പിന്നെ പറയുന്നു, ഒരു തെളിവുമില്ല എന്ന്. എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തി എന്നതിന് ഉത്തരമില്ല. പാതി വെന്ത ആ റിപ്പോര്‍ട്ട് തള്ളിയ സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ "ഇറക്കുമതി സമയത്തെ ധനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന"ടക്കം കാര്യകാരണങ്ങള്‍ വ്യക്തമാക്കിയാണ്, മൂന്നുമാസംകൊണ്ട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. ഇതില്‍ എവിടെയും അസാധാരണത്വമില്ല. വിജിലന്‍സിന്റെ ഉമ്മന്‍ചാണ്ടി സേവയ്ക്ക് അവിഹിതമായി കൂട്ടുനില്‍ക്കാന്‍ ജഡ്ജിയുടെ നീതിന്യായബോധം അനുവദിച്ചില്ല. പി കെ ഹനീഫയുടെ ഈ കേസിലെ പങ്കാളിത്തം അത്രയുമാണ്. അതെങ്ങനെ, പി സി ജോര്‍ജിന്റെ നിലവിട്ട പ്രതികരണത്തിന് കാരണമാകും? തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയോടില്ലാത്ത വിരോധം എങ്ങനെ തട്ടിപ്പ് റിപ്പോര്‍ട്ട് തള്ളിയ പി കെ ഹനീഫയോട് വന്നു? എന്തുകൊണ്ട് പാകിസ്ഥാനിലേക്കുവരെ ഉപമ നീട്ടി മതപരമായ അധിക്ഷേപത്തില്‍ ജോര്‍ജ് എത്തി? അതിനുള്ള ഉത്തരം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയില്‍ത്തന്നെയാണ്. കേസ് നേരെചൊവ്വേ നടന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും.

1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇറക്കുമതിയെ എതിര്‍ത്തില്ല; മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വന്നപ്പോള്‍ എതിരഭിപ്രായം പറഞ്ഞില്ല; നാലാംപ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിന്റെ കുറിപ്പിലെ കാര്യങ്ങള്‍ ധനമന്ത്രിക്ക് അറിയാമായിരുന്നു; ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതെല്ലാം ഇതിനകം വ്യക്തമാക്കപ്പെട്ട തെളിവുകളാണ്. പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ്. ചട്ടം ലംഘിച്ചു നടത്തിയ ഇറക്കുമതി തടയാന്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്ന് ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനും പുറമെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ വഴിവിട്ട ശ്രമം നടന്നത്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ , ഉമ്മന്‍ചാണ്ടിക്ക് ഉത്തരം പറയാനാവാത്ത നിരവധി ചോദ്യങ്ങള്‍ നീതിപീഠത്തിനു മുന്നില്‍ വരും. നിഷ്പക്ഷവും നിര്‍ഭയവുമായി കേസ് നടന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതു മനസിലാക്കിയാണ് പി സി ജോര്‍ജ് എന്ന കോടാലിക്കൈയെ ജഡ്ജിക്കുനേരെ ഉപയോഗിക്കാനും ജഡ്ജിയുടെ വിശ്വാസ്യത തകര്‍ത്തും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായത്. കോടതിക്കെതിരായ ഗൂഢാലോചനയില്‍ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയാണ്. പി സി ജോര്‍ജ് രണ്ടാമതേ വരുന്നുള്ളൂ. തുടരന്വേഷണത്തിന് ഉത്തരവിട്ടത് മറ്റൊരു ജഡ്ജിയാണെന്നിരിക്കെ അതേക്കുറിച്ച് മിണ്ടാതെ പി കെ ഹനീഫയെ പരസ്യമായി ഭര്‍ത്സിച്ചത് എന്തിനെന്ന് പി സി ജോര്‍ജും അതിന് ജോര്‍ജിനെ നിയോഗിച്ചതെന്തിനെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത് ചീഞ്ഞു നാറുന്ന കേസാണ്.

ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.

Tuesday, September 13, 2011

മാഫിയാ രാഷ്ട്രീയമോ?

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .

തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.

പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.

പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.

ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.

ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?

കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.

Thursday, August 11, 2011

അയോഗ്യനായ മുഖ്യമന്ത്രി

"ഈ കേസിന്റെ എല്ലാം അറിയുന്നവനാണ് ഞാന്‍ . മുഖ്യമന്ത്രിസ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നതുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കാരണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഗവണ്‍മെന്റാണ് വലുത്"- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതാണ് 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം. "എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനം. ഭീരുവായി മാറിനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് പിന്‍വലിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടുമില്ല"-2005 ജനുവരി 18ന് പത്രസമ്മേളനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അതായത്, കരുണാകരനെ രക്ഷിക്കാനായിരുന്നില്ല ആ തീരുമാനമെന്ന് വ്യക്തം. കാരണം കരുണാകരന്‍ എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ ബദ്ധ വൈരിയായിരുന്നു. പാമൊലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിലെ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. അന്ന് തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകര്‍ക്ക് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ന്നുനല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്.

കരുണാകരന് നന്നായി മുറിവേറ്റു. പിന്നെ ആ കേസ് തുടര്‍ന്നാല്‍ എല്ലാം അറിയുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തെത്തും. കേസ് കോടതിയില്‍ എത്തിയ സ്ഥിതിക്ക് കോടതിയുടെ തീരുമാനത്തിന് വിടുകയല്ലേ വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി "ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഞാന്‍ അക്കാലത്ത് ധനമന്ത്രിയായിരുന്നു. എനിക്ക് എല്ലാം അറിയാം." എന്നാണ്. "പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമല്ല, ഒമ്പതുകോടിരൂപ ലാഭമാണുണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് കേസുണ്ടായത്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതിന് കേസെടുക്കുന്നതു ശരിയല്ല. അത് സിവില്‍ സര്‍വീസിന്റെ മനോവീര്യം കെടുത്തും. സര്‍ക്കാരിന് നഷ്ടം പറ്റുന്ന തീരുമാനമുണ്ടായാലും സ്വജനപക്ഷപാതമുണ്ടായാലും കേസെടുക്കാം" എന്നും വിശദീകരിച്ചു അദ്ദേഹം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചത്. അതായത്, യുഡിഎഫ് ഭരണം വരുമെന്നുറപ്പായശേഷം, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥപ്രമുഖര്‍ തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കിയെന്നര്‍ഥം. അതാണിപ്പോള്‍ കോടതി തുറന്നടിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമായ മാര്‍ച്ച് ഒന്നിലെ സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അന്നും ഉമ്മന്‍ചാണ്ടി ഉപയോഗിച്ചത് വിജിലന്‍സിനെയാണ്.

ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കീഴില്‍ വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന പേര് ഇല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് അസാധാരണമായ മലക്കംമറിച്ചിലിലൂടെ ഉമ്മന്‍ചാണ്ടി ഇതു ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐയെ ഉപയോഗിച്ച് കേസില്‍ കുരുക്കുക എന്നതായിരുന്നു ഏക ഉദ്ദേശ്യം. സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരനെതിരെ പാമൊലിന്‍ കേസില്‍ ലജ്ജാരഹിതമായി ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് അത്തരം നീക്കങ്ങള്‍ എന്നും പഥ്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസം രാഷ്ട്രീയ എതിരാളിയെ വിജിലന്‍സിനെ ഉപയോഗിച്ച് വെട്ടിനിരത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിതന്നെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിജിലന്‍സിലെ സ്വാധീനം ഉപയോഗിച്ച് സ്വയം കുറ്റമുക്തനാകാനും ശ്രമിച്ചു. അതാണിപ്പോള്‍ കോടതി തുറന്നുകാട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നൈതികത, മാന്യത, മര്യാദ എന്നിവയെല്ലാം കളഞ്ഞുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ . ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ അന്വേഷണം വേണമെന്നല്ല, കണ്‍മുന്നിലുള്ള തെളിവുകള്‍ വിജിലന്‍സ് മുക്കി എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ കാര്യം. അത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. അതാകട്ടെ അധികാരത്തിന്റെ നെറുകയിലിരിക്കുന്ന വ്യക്തി സ്വയം രക്ഷപ്പെടാന്‍ നഗ്നമായി തന്റെ സ്ഥാനം ദുരുപയോഗിച്ചു എന്ന ഗുരുതരമായ പ്രശ്നമാണ്.

ലാവ്ലിന്‍ കേസിലാകട്ടെ രാഷ്ട്രീയശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണയന്ത്രത്തിന്റെ ദുരുപയോഗമുണ്ടായത്. രണ്ടു സംഭവങ്ങളിലും പ്രതി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്ന അക്ഷന്തവ്യമായ കുറ്റവും ഇവിടെ ഉമ്മന്‍ചാണ്ടിയില്‍ വന്നുചേരുന്നു. കരുണാകരന്‍ അന്തരിച്ചതുകൊണ്ടുമാത്രമാണ് കേസില്‍നിന്ന് ഒഴിവായത്. പാമൊലിന്‍ ഇടപാടിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നുവെങ്കില്‍ , ഒത്താശക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ടാണ് അഴിമതിക്ക് കാര്‍മികത്വം വഹിച്ചത്. പി സി ജോര്‍ജിനെപ്പോലുള്ള മൂര്‍ച്ചപോയ വാളുകളെ രംഗത്തിറക്കിയതുകൊണ്ടോ വിജിലന്‍സ് വകുപ്പില്‍നിന്ന് തലയൂരിയതുകൊണ്ടോ ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. പാമൊലിന്‍ അഴിമതിക്കുപുറമെ ക്രിമിനല്‍ അധികാര ദുര്‍വിനിയോഗം എന്ന കുറ്റത്തിനുകൂടി വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കാന്‍ സര്‍വഥാ അയോഗ്യനും.

Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.