കേരളത്തില്‍നിന്നുള്ള നാലാമത്തെ കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ മാര്‍ ആലഞ്ചേരി അസത്യം പറയുമെന്ന് ആരും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതായി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫീദേസ് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ:
"കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുഃഖകരമാണ്. ഉടനെ തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്മെന്റ് ധൃതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്- മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പാശ്ചാത്യശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്കുന്ന മുന്നണി സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി നയിക്കുന്ന മുന്നണിയാണ് പ്രതിപക്ഷത്ത്. കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു''
ഈ വാര്‍ത്ത ഫിദേസ് ഏജന്‍സി പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെതന്നെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അതേപടി അതുണ്ട്. സ്ഥാനാരോഹണ ശുശ്രൂഷയില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തയാളാണ് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഏറെ ജ്ഞാനമുണ്ടാകാനിടയില്ലാത്ത ഫിദെസ് വാര്‍ത്താ ഏജന്‍സിയും വത്തിക്കാന്‍ വാര്‍ത്താ പോര്‍ട്ടലും കെ വി തോമസിന്റെ പേര് കര്‍ദിനാളിന്റെ വാക്കുകളില്‍ കൃത്രിമമായി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.
ഏജന്‍സിയുടെ വാര്‍ത്ത വിവാദമായപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്കി. അത് ഇങ്ങനെ: "കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്കാന് ഉദ്ദേശിക്കുന്നു. സംഭവം അന്വേഷിക്കുകയും കുകുറ്റക്കാരെന്നുതെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതയ്ക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഏജന്‍സി വാര്‍ത്ത അപ്പാടെ നിഷേധിക്കുകയല്ല, അതില്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട് എന്നുതോന്നിയ ഭാഗങ്ങള്‍ക്ക് കൃത്യത വരുത്താനാണ് കര്‍ദിനാള്‍ വിശദീകരണം നടത്തിയതെന്ന് വ്യക്തം.
പക്ഷേ കെ വി തോമസ് മറ്റൊന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നോട് സംസാരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫിദെസ് ഏജന്‍സി പ്രസിദ്ധീകരിച്ച കര്‍ദിനാളിന്റെ വിശദീകരണക്കുറിപ്പില്‍ അത്തരം നിഷേധമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് കെ വി തോമസ് നല്കിയ ഉറപ്പും തോമസിന് കര്‍ദിനാള്‍ നല്കിയ വിശേഷണങ്ങളും അനിഷേധ്യമായിത്തന്നെ നിലനില്ക്കുന്നു. അവിടെയാണ് പ്രശ്നം. എന്തിന് തോമസ് കള്ളം പറയുന്നു? കര്‍ദിനാളിനെ തിരുത്തുന്നു? ഏജന്‍സി സ്വപ്നംകണ്ട് എഴുതിയതല്ല ആദ്യവാര്‍ത്തയെങ്കില്‍ തോമസ് ആരുടെ മന്ത്രിയാണ്? ആരോടാണ് ആ മന്ത്രിക്ക് കൂറ്?
ഇന്ത്യയുടെ മന്ത്രിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം തപിക്കേണ്ടത്, ഉപജീവനത്തിനായി കടലില്‍ പോയപ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങളെ ഓര്‍ത്താണ്. ആ താപം എവിടെയും കാണുന്നില്ല. മരിച്ചത് കത്തോലിക്കാ തൊഴിലാളികള്‍; ഇടപെടേണ്ടത് കത്തോലിക്കാ മന്ത്രിമാര്‍ എന്ന സിദ്ധാന്തത്തില്‍ കേന്ദ്രമന്ത്രി ഉറച്ചുനില്‍ക്കുകയാണോ എന്ന സന്ദേഹവും ബാക്കിയാകുന്നു. കൊലപാതകികളായ ഇറ്റാലിയന്‍ സൈനികരുടെ മതവും നോക്കിയശേഷമാണോ നീതിനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കുപോകേണ്ട പ്രത്യേക വിഷയങ്ങളൊന്നും ഇതില്‍ നിലനില്ക്കുന്നില്ല. കടലില്‍ ഇരട്ടക്കൊലപാതകം നടന്നു; കൊല്ലപ്പെട്ടവര്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളാണ്; തെറ്റിദ്ധാരണമൂലമോ അല്ലാതെയോ അവരെ വെടിവച്ചുകൊന്നത് ഇറ്റാലിയന്‍ കപ്പലിലെ രണ്ട് ഭടന്മാരാണ്; അവര്‍ നിയമത്തിന്റെ പിടിയിലായി. ഇനി കേസന്വേഷണം പൂര്‍ത്തിയാകണം. വിചാരണയും തീര്‍പ്പുമുണ്ടാകണം. സ്വാഭാവികമായ നീതിനിര്‍വഹണത്തിലപ്പുറമുള്ള ഒന്നും അതിന് തടസ്സമായിക്കൂടാ എന്നതാണ് സാമാന്യതത്വം. അതിലെവിടെ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷം?
പ്രസിഡന്റ് ഇറ്റലിക്കാരിയായതുകൊണ്ട് കോണ്‍ഗ്രസ് ഇറ്റാലിയന്‍ പക്ഷമാകും എന്ന ആരോപണമൊന്നും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്മെന്റുകള് കടല്‍ക്കൊലപാതക പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. കെ വി തോമസിന്റെ പിടിപാടും സ്വാധീനശക്തിയും എന്തുകൊണ്ട് ആ നിരപരാധികള്‍ക്കും അവരുടെ നിരാധാരമായ കുടുംബങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. കര്‍ദിനാള്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സംശയം നിഷേധിക്കപ്പെട്ടാലും ആ പ്രശ്നം അവശേഷിക്കുന്നു. തോമസിന്റെ ഇത്തരം നിലപാടുകള്‍ ഇതാദ്യമല്ല. നിര്‍ണായകപ്രശ്നങ്ങളില്‍ പലതിലും തോമസ് കൈക്കൊണ്ട ജനവിരുദ്ധനിലപാടുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ 2003ല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ വി തോമസ് ഡല്‍ഹിയില്‍ പോയി സ്വീകരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തത് കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും അന്നുതന്നെ തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ ആളുകളുടെയും മനസ്സിനെ മുറിപ്പെടുത്തിയ തോമസിന്റെ ആ നടപടിയില്‍ അന്ന് യുഡിഎഫിലെ പ്രധാനികളായ മുസ്ളിംലീഗ് പരസ്യമായിത്തന്നെ അതൃപ്തി രേഖപ്പെടുത്തി. തോമസ് പക്ഷേ അതേ വഴിയിലാണ്. മാര്‍ ആലഞ്ചേരിക്കൊപ്പം വത്തിക്കാനില്‍ പോയത് നല്ലകാര്യം തന്നെ. പക്ഷേ, കര്‍ദിനാള്‍തിരുമേനിയെ തന്റെ 'സ്വാധീനശക്തി' കാട്ടി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് വിവാദത്തിനാസ്പദമായ വാര്‍ത്തകള്‍ ഉണ്ടായതെങ്കില്‍ തോമസ് കത്തോലിക്കാസഭയോടുതന്നെ ചെയ്ത പാതകമാണത്.
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ വത്തിക്കാനെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞത് കെ വി തോമസിനുള്ള മറുപടിയാണ്. "ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല. അത്തരത്തില്‍ വത്തിക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല''- ഡോ. സൂസപാക്യം ഇത്രയും പറയുമ്പോള്‍ താന്‍ എത്രമാത്രം പരിധി വിട്ടു എന്ന് കെ വി തോമസാണ് ചിന്തിക്കേണ്ടത്. ഇറ്റലിക്കുവേണ്ടി ഇടപെടുന്ന ശക്തി വമ്പിച്ച സ്വാധീനശേഷിയുള്ള അദ്ദേഹമല്ലെങ്കില്‍ മറ്റാരാണ്? കെ വി തോമസ് ഇനി പറയട്ടെ- താന്‍ ഇന്ത്യയുടെ മന്ത്രിയോ ഇറ്റലിയുടെ മന്ത്രിയോ?
4 comments:
കെ.വി.തോമസ് വിദേശ ചാരക്കപ്പലിനു തീരദേശത്ത് നിരീക്ഷണം നടത്തി ചിത്രീകരണം നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത കേസില്‍ തലനാരിഴക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ അയാളുടെ കൂറ് ആരോടാണെന്ന് വ്യക്തമാണ്. പക്ഷെ, മതവികാരം ഇളക്കി വിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചത്.
വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിക്ക് കേരളത്തില്‍ നടക്കുന്ന ഉപജാപങ്ങള്‍ അറിയാന്‍ വഴിയില്ല. അതുകൊണ്ട് ആലഞ്ചേരി പറഞ്ഞത് അപ്പടി പ്രസിദ്ധീകരിച്ചു. ഇവിടെ മനോരമയും മറ്റും നടത്തുന്ന പുറത്ത് പറയേണ്ട കാര്യങ്ങള്‍ മാത്രം എടുത്തു അവര്‍ പ്രസിദ്ധീകരിച്ചില്ല. അതാണ് കുഴപ്പമായത്. ആലഞ്ചേരി പറഞ്ഞതൊക്കെ അവര്‍ വിളിച്ചു പറഞ്ഞു. പിന്നീട് പ്രസ്താവന തിരുത്തിയ ആലഞ്ചേരി വാര്‍ത്ത ഏജന്‍സിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് അവര്‍ വിശദീകരണം നല്കിയതും, ഇങ്ങിനെ എല്ലാം പുറത്തു പറയുന്ന പതിവ് ഞങ്ങള്‍ക്ക് ഇല്ലെന്ന് ആലഞ്ചേരി നിര്‍ബന്ധിച്ചതുകൊണ്ടും ആവാം. അപ്പോള്‍, തോമസ് ആരുടെ മന്ത്രി എന്നത് പോലെ ആലഞ്ചേരി ആരുടെ പേരിലാണ് വാഴ്ത്തപ്പെട്ടത്, അദ്ദേഹം ആരോട് കൂറ് കാണിക്കുന്നു എന്നും കൂട്ടി വായിക്കണം. വത്തിക്കാന്റെ വാര്‍ത്ത ഏജന്‍സി കള്ളം പറയും എന്ന് ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഇതില്‍ നിന്ന് ഒരു പൊതു തത്വം മനസിലാക്കേണ്ടിയിരിക്കുന്നു. മുസിലിം ലീഗില്‍ ഒരു ചെറിയ ന്യൂനപക്ഷം പാകിസ്ഥാനെ പിന്തുണക്കുന്ന പോലെ, സഭയില്‍ ഒരു ചെറിയ വിഭാഗം ഇന്ത്യയോട് കൂറില്ലാത്തവരാണെന്നും. അവരാണ്, ഈ ഭാഗവാനികളുടെ നാട്ടില്‍ നിന്നും എങ്ങിനെയെങ്കിലും ദൈവത്തിന്റെ നാടായ അമേരിക്കയില്‍ അഭയം പ്രാപിക്കു എന്ന് അനുയായികളെ ഉല്‍ഘോഷിക്കുന്നത്. അവര്‍ക്ക് സര്‍വ്വ പിന്തുണയും സഹായവും അമേരിക്കയും, ചാര സംഘടനയായ സി.ഐ.എ യും നല്‍കുന്നുണ്ട് എന്ന് തെളിഞ്ഞ കാര്യമാണ്. അല്ലെങ്കില്‍, ചിത്രത്തില്‍ ഒരിടത്തും ഇല്ലാത്ത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേര് ആലഞ്ചേരി എന്തിനു വലിച്ചിഴച്ചു? ഇത്തരം രാജ്യദ്രോഹികളെ പൊതു സമൂഹം തിരിച്ചറിയുകയും, ഒറ്റപ്പെടുത്തുകയും തന്നെ വേണം. അല്ലെങ്കില്‍, അതിന്റെ പേരില്‍ മുതലെടുക്കുക ബിജെപി പോലുള്ള വര്‍ഗീയ ശക്തികള്‍ ആകും.
മറ്റൊരു കാര്യം ഗൌരവത്തോടെ കാണേണ്ടത്, മതം എത്രമാത്രം രാഷ്ട്രീയത്തില്‍ ഇടപെട്ട് ജനാധിപത്യ പ്രക്രിയക്ക് തുരങ്കം വെക്കുന്നു എന്നത് ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരു വശത്ത് മുസ്ലിം ലീഗും, മറു വശത്ത് സഭയും ഭരണം തങ്ങളുടെ ചൊല്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നു. അതില്‍ നിന്ന് മുതലെടുക്കാന്‍ ബിജെപിയും കിണഞ്ഞു ശ്രമിക്കുന്നു. പ്രബുദ്ധകേരളം ഈ വടം വലിയില്‍ ആഞ്ഞുലയുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ജനാധിപത്യം മതാധിപത്യത്തിനും, പണാധിപത്യത്തിനും അടിമപ്പെടും!
http://www.madhyamam.com/news/153712/120223
ഇറ്റാലിയന്‍ തിരയിളക്കം
Published on Thu, 23:41 ( 13 hours 2 min ago)
സെബാസ്റ്റ്യന്‍ പോള്‍
ാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജാഗ്രത വേണം. പരമമായ ജാഗ്രതയില്‍ പരിഹാസ്യനായ ആര്‍ച്ച്ബിഷപ്പിന്റെ കഥ മാധ്യമചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മില്‍ ശീതയുദ്ധം കൊടുമ്പിരിയില്‍ നില്ക്കുന്ന കാലത്താണ് കഥയുണ്ടായത്. മോസ്കോയില്‍നിന്ന് ന്യൂയോര്‍ക്കിലെത്തിയ ആര്‍ച്ച്ബിഷപ്പിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് ആര്‍ച്ച്ബിഷപ്പിന് മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് അപകടത്തില്‍ അകപ്പെടാതിരിക്കാന്‍ അദ്ദേഹം തന്ത്രപൂര്‍വം മൗനംപാലിച്ചു. സഹികെട്ടപ്പോള്‍ ഒരു മാധ്യമപ്രവര്ത്തകന് അവസാനമായി ഒരു ചോദ്യം ചോദിച്ചു: 'അങ്ങിവിടെ ഏതെങ്കിലും നിശാശാല സന്ദര്‍ശിക്കുന്നുണ്ടോ?'— ഇതിനെങ്കിലും മറുപടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നു കരുതിയ ആര്‍ച്ച്ബിഷപ്പ് ആത്മവിശ്വാസത്തോടെ മറുചോദ്യം ചോദിച്ചു: 'ന്യൂയോര്‍ക്കില്‍ നിശാശാലകളുണ്ടോ?' അടുത്ത ദിവസം പത്രങ്ങളുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ന്യൂയോര്‍ക്കിലെത്തിയ റഷ്യന്‍ ആര്‍ച്ച്ബിഷപ്പിന്റെ ആദ്യത്തെ അന്വേഷണം -ഇവിടെ നിശാശാലകളുണ്ടോ?
റോമില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്രകാരം അപകടത്തി ല്‍ അകപ്പെട്ടതാണോ എന്നറിയില്ല. ഇറ്റാലിയന്‍ ഭാഷയില്‍ അത്ര അവഗാഹമില്ലാത്ത കര്‍ദിനാള്‍ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയുമായി സംസാരിച്ചപ്പോള്‍ ആശയവിനിമയത്തില്‍ അപാകത ഉണ്ടായതാകാം. ഔദ്യോഗികമാണോ അല്ലയോ എന്ന് തര്‍ക്കമുണ്ടാകാമെങ്കിലും വത്തിക്കാന്റെ നിയന്ത്രണത്തിലുള്ളതാണ് വിശ്വാസം എന്നര്‍ഥമുള്ള ഫിദെസ് എന്ന ഈ വാര്‍ത്താ ഏജന്‍സി. ഇറ്റാലിയന്‍ ഏജന്‍സിക്ക് ഇറ്റാലിയന്‍ പക്ഷപാതിത്വം ഉണ്ടാകാം. പ്രസിദ്ധീകരണത്തിനുവേണ്ടിയാണ് എന്ന ധാരണയില്ലാതെ കര്‍ദിനാള്‍ പലതും സംസാരിക്കുകയും അതില്‍നിന്ന് ആവശ്യമുള്ള കാര്യങ്ങളെടുത്ത് സ്വന്തം താല്പര്യത്തിന് അനുസൃതമായി ലേഖകന്‍ എഴുതിയതുമാകാം. പശ്ചാത്തലവും സന്ദര്‍ഭവും പൂര്‍ണമായി വിവരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് നിഷേധത്തിന്റെ സ്വഭാവത്തിലുള്ള വിശദീകരണം യുക്തിസഹമാകുന്നില്ല. എങ്കിലും, നിലവിട്ടു സംസാരിക്കുന്ന ആളല്ലാത്തതിനാല്‍ കര്‍ദിനാള്‍ ആലഞ്ചേരി അവിഹിതമായി ഒന്നും പറഞ്ഞിരിക്കാനിടയില്ല.
റോമിലെത്തിയാല്‍ റോമാക്കാരനാകണമെന്നത് പണ്ടേയുള്ള പ്രമാണമാണ്. എന്നാല്‍, ആലഞ്ചേരി അത്തരക്കാരനല്ല. ഫ്രാന്സിലെത്താതെ ഫ്രഞ്ചും റോമിലെത്താതെ റോമനും ആകുന്ന ചിലര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. റോമിലെത്തിയാല്‍ പിന്നെ പറയാനുമില്ല. ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് കേരളത്തില്‍ സ്വീകരിക്കാത്ത കര്‍ദിനാള്‍— റോമിലെത്തി അങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍, ആരെങ്കിലും പറയാതെ കേരളത്തിലെ പിറവം തെരഞ്ഞെടുപ്പും ഇറ്റാലിയന്‍ കപ്പല്കേസും ഇടതുപക്ഷരാഷ്ട്രീയവും ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ക്ക്— വാര്‍ത്തയാക്കാനാവില്ല. കെ.വി. തോമസിനെ സഭയുടെ പ്രിയപുത്രനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും— പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങള്‍ കര്ദിനാളിന്റെതായി ഇറ്റാലിയന്‍ വാര്‍ത്തയിലുണ്ട്. ഫിദെസില് വരുന്ന വാര്ത്തക ള്‍ ലോകമെങ്ങുമുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുക്കും. ഇറ്റാലിയന്‍ ആയതിനാല്‍ സോണിയ ഗാന്ധിക്കും വാര്‍ത്ത എത്തിച്ചുകൊടുക്കാം. ആര്‍ക്കാണ് പ്രയോജനം എന്ന അന്വേഷണത്തിലൂടെ ഏതു കൃത്യത്തിന്റെയും ഉത്തരവാദിയെ കണ്ടെത്താം. ക്രിമിനല്‍ നിയമത്തിലെന്നപോലെ മാധ്യമരംഗത്തും ഈ തത്ത്വം പ്രസക്തമാണ്. വാര്‍ത്തയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കര്‍ദിനാള്‍ സ്വയം വിടുതല്‍ നേടിയാല്‍ പിന്നെ കൂടെയുള്ളവരില്‍ പ്രധാനി കെ.വി. തോമസാണ്. സ്വയം പുകഴ്ചക്കുവേണ്ടി അദ്ദേഹം പറഞ്ഞൊപ്പിച്ച കാര്യങ്ങളാണോ കര്ദിനാളിന്റെതായി വാര്‍ത്തയില്‍ വന്നത് എന്നു സംശയിക്കാവുന്നതാണ്. ഇക്കാര്യം അന്വേഷിച്ച് വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം കര്‍ദിനാളിനുണ്ട്.—
—മാധ്യമസൃഷ്ടിയെന്ന പ്രതിഭാസം കേരളത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. പിണറായി വിജയന് ഉയര്‍ത്തുന്നതിനു സമാനമായ വിമര്‍ശം നേരത്തേ വത്തിക്കാനില്‍നിന്ന് ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ കാര്യമറിയാതെ ഓരോന്നു പറയുകയും എഴുതുകയും ചെയ്യുന്നുവെന്നത് പ്രധാനപ്പെട്ട മാധ്യമവിമര്ശമാണ്. ക്രൈസ്തവസഭകളെ വിഭജിച്ചു നിര്‍ത്തുന്ന ദൈവശാസ്ത്രപരമായ വിയോജിപ്പുകളെക്കുറിച്ചുള്ള മാര്‍പാപ്പയുടെ അഭിപ്രായം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റൊരു തര ത്തിലായി. കത്തോലിക്കരല്ലാത്തവരെല്ലാം നരകത്തില്‍ പോകുമെന്ന് മാര്‍പാപ്പ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. മാധ്യമപ്രവര്‍ത്തകരില്‍ മിക്കവര്‍ക്കും ദൈവശാസ്ത്രത്തെപ്പറ്റി ഒന്നുമറിയില്ലെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കണ്ടപ്പോള്‍ മനസ്സിലായതായി വത്തിക്കാന്‍ പറഞ്ഞു. അറിയുന്നവരോട് കാര്യങ്ങള്‍ അന്വേഷിക്കാനും അവര്‍ മെനക്കെടാറില്ല. കാര്യങ്ങള്‍ മനസ്സിലായാലും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതും ഒരു മാധ്യമരീതിയാണ്. കത്തോലിക്കര്‍ അല്ലാത്തവര്‍ നരകത്തില്‍ പോകുമെന്ന തലക്കെട്ടിനാണ് വിപണിയിയില്‍ മൂല്യമുള്ളത്. ഇപ്രകാരമുള്ള മൂല്യവര്‍ധിത പത്രപ്രവര്‍ത്തനത്തെയാണ് യെല്ലോ ജേണലിസമെന്നു വിളിക്കുന്നത്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ മൂല്യവര്‍ധിത മാധ്യമപ്രവര്‍ത്തനത്തിനാണ് വിപണിയില്‍
നിലനില്പ്.—
പത്രപ്രവര്‍ത്തകരോട് സാന്ദര്‍ഭികമായി എന്തെങ്കിലും പറഞ്ഞുപോയാല്‍ അത് പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതിനുള്ള അവകാശം പറയുന്നയാള്‍ക്കുണ്ട്. ഓഫ് ദ റെക്കോഡ് എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. ടെലിഫോണിലായാലും സംഭാഷണം റെക്കോഡ് ചെയ്യുന്നത് സംസാരിക്കുന്നയാളുടെ അനുവാദത്തോടെ ആയിരിക്കണം. ടെലിവിഷന്‍ ജേണലിസത്തിന്റെ ആവിര്‍ഭാവത്തോടെ തത്ത്വങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. ബാലകൃഷ്ണ പിള്ളയുമായുള്ള ടെലിഫോണ്‍ സംഭാഷണം അദ്ദേഹമറിയാതെ രേഖപ്പെടുത്തിയതും പ്രക്ഷേപണം ചെയ്യരുതെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന നിഷ്കരുണം നിരാകരിക്കപ്പെട്ടതും നാം കണ്ടു. വത്തിക്കാന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയായതിനാല്‍ നവാഭിഷിക്തനായ ഒരു കര്‍ദിനാളിനെ കുഴപ്പത്തിലാക്കുന്ന പ്രവൃത്തി മനഃപൂര്‍വം ചെയ്യാനിടയില്ല. ഒരു റിപ്പോര്‍ട്ടറോട് നേരിട്ടോ ഫോണിലോ സംസാരിച്ചതായി ആലഞ്ചേരിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് സഭാ വക്താവ് പറയുന്നു. അങ്ങനെയെങ്കില്‍ രണ്ട് സാധ്യതകളുണ്ട്. ഒന്ന്: അദ്ദേഹം സ്വകാര്യമായി നടത്തിയ അനൗപചാരിക സംഭാഷണത്തിലെ സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കി. രണ്ട്: അദ്ദേഹം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങള്‍ സ്വന്തം താല്പര്യത്തിനുവേണ്ടി സഹചാരികളില്‍ ആരോ വാര്‍ത്തയാക്കി. ഏജന്സിയാകട്ടെ, കര്‍ദിനാളിന്റെ വിശദീകരണം നല്കിയതല്ലാതെ ആദ്യവാര്‍ത്ത തെറ്റാണെന്ന് പറഞ്ഞിട്ടില്ല.
പൂര്‍ണമായ നിഷേധം ഇക്കാലത്ത് അപകടകരമായ സാഹസമാണ്. കേള്ക്കുന്നതെന്തും രേഖപ്പെടുത്തുന്നതിനുള്ള ലളിതമായ സാങ്കേതിക സംവിധാനം മാധ്യമപ്രവര്‍ത്തകരുടെ കൈവശമുണ്ട്. രേഖയുണ്ടെങ്കിലും കര്‍ദിനാളിന്റെ കാര്യത്തില്‍ ഫിദെസ് അപ്രകാരം ചെയ്യില്ല. പക്ഷേ, ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ തിളക്കുന്ന രക്തം ഇന്ത്യയിലുണ്ടെന്ന തിരിച്ചറിവാണ് ഈ വിവാദത്തിലൂടെ നമുക്കുണ്ടായത്. ദാരിദ്യ്രത്തിലും കടക്കെണിയിലും അകപ്പെട്ട് യൂറോപ്യന്‍ യൂനിയന്റെ പടിക്കല്‍ ഭിക്ഷാപാത്രവുമായി നില്ക്കുന്ന രാജ്യമാണ് ഇറ്റലി. നമ്മുടെ വളപ്പില്‍ കടന്ന് രണ്ടുപേരെ വെടിവെച്ചുകൊന്നിട്ടും എന്തൊരു ധാര്‍ഷ്ട്യമാണ് അവര്‍ കാണിക്കുന്നത്. ആ ധാര്‍ഷ്ട്യത്തിനു പിന്നില്‍ കാരണമുണ്ടെന്ന് ഫിദെസ് വാര്‍ത്ത നമ്മോടു പറയുന്നു. നമുക്കാവശ്യമില്ലാത്ത ഇറ്റാലിയന്‍ ഏജന്‍സിയെയും മോണിറ്റര്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നത് ജാഗ്രതയുടെ ലക്ഷണമാണ്.
കര്‍ദിനാള്‍ ആലഞ്ചേരി പഠിക്കേണ്ടതായ ഒരു പാഠം ഈ സംഭവത്തിലുണ്ട്. ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞുപോയാല്‍ പറഞ്ഞതാവില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെയും വിവാദത്തിന്റെ അണ പൊട്ടും.—
Post a Comment