Tuesday, September 27, 2011

ഹനീഫ ജഡ്ജി എന്തു ചെയ്തു?

കോണ്‍ഗ്രസുകാരെ തെണ്ടികളെന്ന് പി സി ജോര്‍ജിന് വിളിക്കാം. ജോര്‍ജിന്റെ നില തെറ്റിയെന്നും ചികിത്സ കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാവിന് ആവശ്യപ്പെടാം. അതെല്ലാം യുഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. ജോര്‍ജിനെപ്പോലൊരാളെ എന്തു വിലകൊടുത്തും സംരക്ഷിച്ചു നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുള്ളപ്പോള്‍ ടി എന്‍ പ്രതാപനോ വി ഡി സതീശനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആര്യാടന്‍ മുഹമ്മദിനോ ഒന്നും ചെയ്യാനാകില്ല. അവരുടെ പ്രസ്താവനകള്‍ക്ക് അച്ചടിക്കടലാസിന്റെ വില കിട്ടുകയുമില്ല. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ജോര്‍ജിനെ രംഗത്തിറക്കേണ്ടിവന്നു എന്നതുതന്നെ കോണ്‍ഗ്രസിലെ ഇന്നത്തെ സ്ഥിതിയുടെ സൂചകമാണ്. ജോര്‍ജിനോളം വിശ്വാസമുള്ള ഒരാളെ മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ടിയില്‍നിന്ന് കിട്ടാനില്ല. ജോര്‍ജ് ആക്രമിച്ചത് നീതിന്യായ കോടതിയെ ആണ്. അങ്ങനെ ആക്ഷേപിക്കല്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നയമല്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ജോര്‍ജ് അയച്ച കത്ത് സര്‍ക്കാരുമായി ആലോചിച്ചല്ല എന്നും അത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും നിയമസഭയില്‍ സമ്മതിക്കുന്നില്ല?

ചീഫ് വിപ്പിന്റെ പദവി ഉപയോഗിച്ച് ജോര്‍ജ് നടത്തിയ അധികാര ദുര്‍വിനിയോഗം യുഡിഎഫ് സര്‍ക്കാരിന്റെ ഔദ്യോഗിക സമീപനമല്ല എങ്കില്‍ തിരുത്തല്‍ സര്‍ക്കാര്‍തലത്തില്‍തന്നെയാണ് വേണ്ടത്. ജോര്‍ജിനോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ജോര്‍ജ് കത്തയച്ച കേന്ദ്രങ്ങളെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുകയും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റുകയും വേണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം വ്യക്തമായത്. അവിടെയാണ്, ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കള്ളക്കളി തെളിയുന്നതും. വിജിലന്‍സ് ജഡ്ജിക്കെതിരെ കുറെ ദിവസമായി നാടാകെ പത്രസമ്മേളനം വിളിച്ച് ജോര്‍ജ് ഉറഞ്ഞുതുള്ളുകയാണ്. "ഞങ്ങള്‍ക്കില്ലാത്ത പരവേശം ജോര്‍ജിനെന്തിന്" എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംശയം ദൂരീകരിക്കാനുള്ള ചുമതല അവര്‍ക്കുതന്നെ വിടാം. എന്നാല്‍ , വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ എന്തിന് ജോര്‍ജ് പരാക്രമം കാണിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്.

മാതൃഭൂമി ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു:

"(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. (ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ. (സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല. (ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്." ഇവിടെയാണ് പ്രശ്നം.

പ്രത്യേക വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ(അദ്ദേഹത്തിനെതിരെയാണ് ജോര്‍ജിന്റെ ആക്ഷേപം. വ്യക്തിപരമായ അധിക്ഷേപം സഹിക്കാതെയാണ് അദ്ദേഹം കേസില്‍നിന്നൊഴിവായത്) ജോര്‍ജ് പറയുന്ന ഒരു പ്രശ്നത്തിലും ഇടപെട്ടയാളല്ല. കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2011 മാര്‍ച്ച് 14 നാണ്. അന്ന് ജഡ്ജി എസ് ജഗദീശാണ്. ആ സമയത്ത് ജോര്‍ജ് എവിടെയായിരുന്നു? ഇന്ന് പറയുന്ന ന്യായങ്ങളെല്ലാം അന്നാണല്ലോ പറയേണ്ടിയിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി രഷിക്കപ്പെടേണ്ടയാളാണെന്നും തുടരന്വേഷണം നിയമവിരുദ്ധമാണെന്നും അതിനുത്തരവിട്ട ജഡ്ജിയുടെ നടപടി അപാകമെന്നും ജോര്‍ജിന് തോന്നിയതേയില്ല. പി കെ ഹനീഫ പ്രത്യേക വിജിലന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തെത്തുന്നത് പിന്നീടാണ്. അദ്ദേഹത്തിന്റെ മുന്നില്‍ മെയ് പതിമൂന്നിന്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം കിട്ടും എന്നുറപ്പായശേഷം ഒരു റിപ്പോര്‍ട്ട് കിട്ടി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ്, വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ അതില്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം നടത്താതെ, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയൊരുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കി, കോടതി അനുവദിച്ച സമയത്തിന് ഒരുമാസം മുമ്പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ തട്ടിപ്പുകള്‍ അന്നുതന്നെ വ്യക്തമായതാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് അതില്‍ പറഞ്ഞത്. തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ആവശ്യം.

അതേ വിജിലന്‍സ് പിന്നെ പറയുന്നു, ഒരു തെളിവുമില്ല എന്ന്. എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തി എന്നതിന് ഉത്തരമില്ല. പാതി വെന്ത ആ റിപ്പോര്‍ട്ട് തള്ളിയ സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ "ഇറക്കുമതി സമയത്തെ ധനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന"ടക്കം കാര്യകാരണങ്ങള്‍ വ്യക്തമാക്കിയാണ്, മൂന്നുമാസംകൊണ്ട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. ഇതില്‍ എവിടെയും അസാധാരണത്വമില്ല. വിജിലന്‍സിന്റെ ഉമ്മന്‍ചാണ്ടി സേവയ്ക്ക് അവിഹിതമായി കൂട്ടുനില്‍ക്കാന്‍ ജഡ്ജിയുടെ നീതിന്യായബോധം അനുവദിച്ചില്ല. പി കെ ഹനീഫയുടെ ഈ കേസിലെ പങ്കാളിത്തം അത്രയുമാണ്. അതെങ്ങനെ, പി സി ജോര്‍ജിന്റെ നിലവിട്ട പ്രതികരണത്തിന് കാരണമാകും? തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയോടില്ലാത്ത വിരോധം എങ്ങനെ തട്ടിപ്പ് റിപ്പോര്‍ട്ട് തള്ളിയ പി കെ ഹനീഫയോട് വന്നു? എന്തുകൊണ്ട് പാകിസ്ഥാനിലേക്കുവരെ ഉപമ നീട്ടി മതപരമായ അധിക്ഷേപത്തില്‍ ജോര്‍ജ് എത്തി? അതിനുള്ള ഉത്തരം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയില്‍ത്തന്നെയാണ്. കേസ് നേരെചൊവ്വേ നടന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും.

1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇറക്കുമതിയെ എതിര്‍ത്തില്ല; മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വന്നപ്പോള്‍ എതിരഭിപ്രായം പറഞ്ഞില്ല; നാലാംപ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിന്റെ കുറിപ്പിലെ കാര്യങ്ങള്‍ ധനമന്ത്രിക്ക് അറിയാമായിരുന്നു; ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതെല്ലാം ഇതിനകം വ്യക്തമാക്കപ്പെട്ട തെളിവുകളാണ്. പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ്. ചട്ടം ലംഘിച്ചു നടത്തിയ ഇറക്കുമതി തടയാന്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്ന് ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനും പുറമെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ വഴിവിട്ട ശ്രമം നടന്നത്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ , ഉമ്മന്‍ചാണ്ടിക്ക് ഉത്തരം പറയാനാവാത്ത നിരവധി ചോദ്യങ്ങള്‍ നീതിപീഠത്തിനു മുന്നില്‍ വരും. നിഷ്പക്ഷവും നിര്‍ഭയവുമായി കേസ് നടന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതു മനസിലാക്കിയാണ് പി സി ജോര്‍ജ് എന്ന കോടാലിക്കൈയെ ജഡ്ജിക്കുനേരെ ഉപയോഗിക്കാനും ജഡ്ജിയുടെ വിശ്വാസ്യത തകര്‍ത്തും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായത്. കോടതിക്കെതിരായ ഗൂഢാലോചനയില്‍ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയാണ്. പി സി ജോര്‍ജ് രണ്ടാമതേ വരുന്നുള്ളൂ. തുടരന്വേഷണത്തിന് ഉത്തരവിട്ടത് മറ്റൊരു ജഡ്ജിയാണെന്നിരിക്കെ അതേക്കുറിച്ച് മിണ്ടാതെ പി കെ ഹനീഫയെ പരസ്യമായി ഭര്‍ത്സിച്ചത് എന്തിനെന്ന് പി സി ജോര്‍ജും അതിന് ജോര്‍ജിനെ നിയോഗിച്ചതെന്തിനെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത് ചീഞ്ഞു നാറുന്ന കേസാണ്.

ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.

Tuesday, September 13, 2011

മാഫിയാ രാഷ്ട്രീയമോ?

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .

തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.

പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.

പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.

ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.

ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?

കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.