കോണ്‍ഗ്രസുകാരെ തെണ്ടികളെന്ന് പി സി ജോര്‍ജിന് വിളിക്കാം. ജോര്‍ജിന്റെ നില തെറ്റിയെന്നും ചികിത്സ കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാവിന് ആവശ്യപ്പെടാം. അതെല്ലാം യുഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. ജോര്‍ജിനെപ്പോലൊരാളെ എന്തു വിലകൊടുത്തും സംരക്ഷിച്ചു നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുള്ളപ്പോള്‍ ടി എന്‍ പ്രതാപനോ വി ഡി സതീശനോ മുല്ലപ്പള്ളി രാമചന്ദ്രനോ ആര്യാടന്‍ മുഹമ്മദിനോ ഒന്നും ചെയ്യാനാകില്ല. അവരുടെ പ്രസ്താവനകള്‍ക്ക് അച്ചടിക്കടലാസിന്റെ വില കിട്ടുകയുമില്ല. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ജോര്‍ജിനെ രംഗത്തിറക്കേണ്ടിവന്നു എന്നതുതന്നെ കോണ്‍ഗ്രസിലെ ഇന്നത്തെ സ്ഥിതിയുടെ സൂചകമാണ്. ജോര്‍ജിനോളം വിശ്വാസമുള്ള ഒരാളെ മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ടിയില്‍നിന്ന് കിട്ടാനില്ല. ജോര്‍ജ് ആക്രമിച്ചത് നീതിന്യായ കോടതിയെ ആണ്. അങ്ങനെ ആക്ഷേപിക്കല്‍ കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നയമല്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ജോര്‍ജ് അയച്ച കത്ത് സര്‍ക്കാരുമായി ആലോചിച്ചല്ല എന്നും അത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും നിയമസഭയില്‍ സമ്മതിക്കുന്നില്ല?
ചീഫ് വിപ്പിന്റെ പദവി ഉപയോഗിച്ച് ജോര്‍ജ് നടത്തിയ അധികാര ദുര്‍വിനിയോഗം യുഡിഎഫ് സര്‍ക്കാരിന്റെ ഔദ്യോഗിക സമീപനമല്ല എങ്കില്‍ തിരുത്തല്‍ സര്‍ക്കാര്‍തലത്തില്‍തന്നെയാണ് വേണ്ടത്. ജോര്‍ജിനോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ജോര്‍ജ് കത്തയച്ച കേന്ദ്രങ്ങളെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് അറിയിക്കുകയും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റുകയും വേണം. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം വ്യക്തമായത്. അവിടെയാണ്, ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള കള്ളക്കളി തെളിയുന്നതും. വിജിലന്‍സ് ജഡ്ജിക്കെതിരെ കുറെ ദിവസമായി നാടാകെ പത്രസമ്മേളനം വിളിച്ച് ജോര്‍ജ് ഉറഞ്ഞുതുള്ളുകയാണ്. "ഞങ്ങള്‍ക്കില്ലാത്ത പരവേശം ജോര്‍ജിനെന്തിന്" എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംശയം ദൂരീകരിക്കാനുള്ള ചുമതല അവര്‍ക്കുതന്നെ വിടാം. എന്നാല്‍ , വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ എന്തിന് ജോര്‍ജ് പരാക്രമം കാണിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്.
മാതൃഭൂമി ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു:
"(എ) ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സെക്ഷന്‍ 173 (8) പ്രകാരം പ്രോസിക്യൂഷനോ പ്രതിക്കോ ഒരു അവകാശം എന്ന നിലയില്‍ കോടതിയില്‍നിന്ന് തുടരന്വേഷണം ആവശ്യപ്പെടാനാവില്ല. ഏതന്വേഷണത്തിനും ഒരു അവസാനം ഉണ്ടാവണം എന്നതിനാലാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം അവസാനിക്കും എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. (ബി) അന്വേഷണം കളങ്കിതമോ അന്യായമായ രീതിയിലുള്ളതോ ആണെങ്കില്‍മാത്രമേ കോടതി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടുള്ളൂ. (സി) ജഡ്ജി സ്വന്തമായി പുനരന്വേഷണത്തിന് ഉത്തരവിടാന്‍ പാടില്ല. (ഡി) അന്വേഷണം അന്യായവും കളങ്കരഹിതവും പക്ഷപാതപരവും നടപടിക്രമങ്ങള്‍ക്കെതിരും ആണെങ്കില്‍മാത്രമേ കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാനാവൂ. മേല്‍പ്പറഞ്ഞ സുപ്രീംകോടതി/ഹൈക്കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ നടപടിയില്‍ അപാകമുണ്ടെന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ജഡ്ജി ഈ കേസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ എടുക്കുക വഴി ഭരണഘടന വിഭാവനംചെയ്യുന്ന നീതിന്യായ ഭരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ കത്തില്‍ വ്യക്തമാക്കിയത്." ഇവിടെയാണ് പ്രശ്നം.
പ്രത്യേക വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ(അദ്ദേഹത്തിനെതിരെയാണ് ജോര്‍ജിന്റെ ആക്ഷേപം. വ്യക്തിപരമായ അധിക്ഷേപം സഹിക്കാതെയാണ് അദ്ദേഹം കേസില്‍നിന്നൊഴിവായത്) ജോര്‍ജ് പറയുന്ന ഒരു പ്രശ്നത്തിലും ഇടപെട്ടയാളല്ല. കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത് 2011 മാര്‍ച്ച് 14 നാണ്. അന്ന് ജഡ്ജി എസ് ജഗദീശാണ്. ആ സമയത്ത് ജോര്‍ജ് എവിടെയായിരുന്നു? ഇന്ന് പറയുന്ന ന്യായങ്ങളെല്ലാം അന്നാണല്ലോ പറയേണ്ടിയിരുന്നത്. അന്ന് ഉമ്മന്‍ചാണ്ടി രഷിക്കപ്പെടേണ്ടയാളാണെന്നും തുടരന്വേഷണം നിയമവിരുദ്ധമാണെന്നും അതിനുത്തരവിട്ട ജഡ്ജിയുടെ നടപടി അപാകമെന്നും ജോര്‍ജിന് തോന്നിയതേയില്ല. പി കെ ഹനീഫ പ്രത്യേക വിജിലന്‍സ് ജഡ്ജിയായി തിരുവനന്തപുരത്തെത്തുന്നത് പിന്നീടാണ്. അദ്ദേഹത്തിന്റെ മുന്നില്‍ മെയ് പതിമൂന്നിന്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം കിട്ടും എന്നുറപ്പായശേഷം ഒരു റിപ്പോര്‍ട്ട് കിട്ടി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ്, വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ അതില്‍ രേഖപ്പെടുത്തിയത്. കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം നടത്താതെ, ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയൊരുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കി, കോടതി അനുവദിച്ച സമയത്തിന് ഒരുമാസം മുമ്പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ തട്ടിപ്പുകള്‍ അന്നുതന്നെ വ്യക്തമായതാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് അതില്‍ പറഞ്ഞത്. തുടരന്വേഷണത്തിന് ആവശ്യപ്പെട്ടത് വിജിലന്‍സ് തന്നെയാണ്. കൂടുതല്‍ പേര്‍ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ആവശ്യം.
അതേ വിജിലന്‍സ് പിന്നെ പറയുന്നു, ഒരു തെളിവുമില്ല എന്ന്. എങ്ങനെ അത്തരമൊരു നിഗമനത്തിലെത്തി എന്നതിന് ഉത്തരമില്ല. പാതി വെന്ത ആ റിപ്പോര്‍ട്ട് തള്ളിയ സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫ "ഇറക്കുമതി സമയത്തെ ധനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതേപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന"ടക്കം കാര്യകാരണങ്ങള്‍ വ്യക്തമാക്കിയാണ്, മൂന്നുമാസംകൊണ്ട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചത്. ഇതില്‍ എവിടെയും അസാധാരണത്വമില്ല. വിജിലന്‍സിന്റെ ഉമ്മന്‍ചാണ്ടി സേവയ്ക്ക് അവിഹിതമായി കൂട്ടുനില്‍ക്കാന്‍ ജഡ്ജിയുടെ നീതിന്യായബോധം അനുവദിച്ചില്ല. പി കെ ഹനീഫയുടെ ഈ കേസിലെ പങ്കാളിത്തം അത്രയുമാണ്. അതെങ്ങനെ, പി സി ജോര്‍ജിന്റെ നിലവിട്ട പ്രതികരണത്തിന് കാരണമാകും? തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയോടില്ലാത്ത വിരോധം എങ്ങനെ തട്ടിപ്പ് റിപ്പോര്‍ട്ട് തള്ളിയ പി കെ ഹനീഫയോട് വന്നു? എന്തുകൊണ്ട് പാകിസ്ഥാനിലേക്കുവരെ ഉപമ നീട്ടി മതപരമായ അധിക്ഷേപത്തില്‍ ജോര്‍ജ് എത്തി? അതിനുള്ള ഉത്തരം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയില്‍ത്തന്നെയാണ്. കേസ് നേരെചൊവ്വേ നടന്നാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും.
1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇറക്കുമതിയെ എതിര്‍ത്തില്ല; മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വന്നപ്പോള്‍ എതിരഭിപ്രായം പറഞ്ഞില്ല; നാലാംപ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിന്റെ കുറിപ്പിലെ കാര്യങ്ങള്‍ ധനമന്ത്രിക്ക് അറിയാമായിരുന്നു; ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതെല്ലാം ഇതിനകം വ്യക്തമാക്കപ്പെട്ട തെളിവുകളാണ്. പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ്. ചട്ടം ലംഘിച്ചു നടത്തിയ ഇറക്കുമതി തടയാന്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ലെന്ന് ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനും പുറമെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ വഴിവിട്ട ശ്രമം നടന്നത്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ , ഉമ്മന്‍ചാണ്ടിക്ക് ഉത്തരം പറയാനാവാത്ത നിരവധി ചോദ്യങ്ങള്‍ നീതിപീഠത്തിനു മുന്നില്‍ വരും. നിഷ്പക്ഷവും നിര്‍ഭയവുമായി കേസ് നടന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ല. അതു മനസിലാക്കിയാണ് പി സി ജോര്‍ജ് എന്ന കോടാലിക്കൈയെ ജഡ്ജിക്കുനേരെ ഉപയോഗിക്കാനും ജഡ്ജിയുടെ വിശ്വാസ്യത തകര്‍ത്തും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായത്. കോടതിക്കെതിരായ ഗൂഢാലോചനയില്‍ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടിയാണ്. പി സി ജോര്‍ജ് രണ്ടാമതേ വരുന്നുള്ളൂ. തുടരന്വേഷണത്തിന് ഉത്തരവിട്ടത് മറ്റൊരു ജഡ്ജിയാണെന്നിരിക്കെ അതേക്കുറിച്ച് മിണ്ടാതെ പി കെ ഹനീഫയെ പരസ്യമായി ഭര്‍ത്സിച്ചത് എന്തിനെന്ന് പി സി ജോര്‍ജും അതിന് ജോര്‍ജിനെ നിയോഗിച്ചതെന്തിനെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത് ചീഞ്ഞു നാറുന്ന കേസാണ്.
ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.
11 comments:
ഉള്ളുകള്ളികളിലേക്ക് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ഉപജാപങ്ങളുടെയും സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞുവരിക. അതു മറച്ചുപിടിക്കുക എന്ന ദൗത്യവും കോണ്‍ഗ്രസുകാരില്‍നിന്ന് പി സി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നു. ഒരുപക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അതിന് കഴിയാത്തതുകൊണ്ടുമാകാം. സുപ്രീം കോടതിതന്നെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ, ഇന്ത്യയുടെ വിജിലന്‍സ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ച, കെ കരുണാകരന്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് മരണംവരെ വിടുതല്‍ നല്‍കാത്ത, ഒന്നാണ് പാമൊലിന്‍ കേസ്. അതിന്റെ ഗൗരവം പി സി ജോര്‍ജ് എന്ന പഴമുറംകൊണ്ട് മൂടിവയ്ക്കാനാവുന്നതല്ല. ഉമ്മന്‍ചാണ്ടി ഉപ്പുതിന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ വെള്ളം കുടിപ്പിക്കാനുമുള്ള ശേഷി ഇന്നാട്ടിലെ ജനാധിപത്യ സമൂഹത്തിനുണ്ട് എന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ ഉയര്‍ന്ന പ്രതിഷേധം തെളിയിക്കുന്നത്. സംഗതി പി സി ജോര്‍ജില്‍ ഒതുങ്ങില്ല എന്നര്‍ഥം.
കോടതി വിധികളെ മാനിക്കുക,കോടതികളെ ബഹുമാനിക്കുക,ജഡ്ജിമാരെ അധിക്ഷേപിക്കാതിരിക്കുക....
ഇതൊക്കെ സി.പി.എമ്മുകാര്‍ക്ക് മാത്രം ബാധാകമായിട്ടുള്ളതാണ്.സി.പി.എമ്മിന് മാത്രമാണ് ഇതൊക്കെ പാലിക്കേണ്ട ബാധ്യത ഉള്ളു!!!!
ഞങ്ങള്‍ "ധൈര്യം ഉണ്ടെങ്കില്‍ എന്നെ കേസില്‍ പ്രതി ചേര്‍ക്കൂ"എന്നൊക്കെ തട്ടിവിടും,വെല്ലു വിളിക്കും...
,എന്നാല്‍ അണ്ടിയോടടുക്കുമ്പോള്‍ ജഡ്ജിയെ മാത്രമല്ല,ജഡ്ജിയുടെ ജാതി വരെ കുത്തിക്കും
പൂഞ്ഞാറില്‍ നിന്നും കീരിക്കാടന്‍ ജോസിനെ ഇറക്കും..ജഡ്ജിയെ പരപ്പ് തെറി വിളിപ്പിക്കും...
.ആത്മാവില്‍ കൊതി ജട്ജിക്കും ഉണ്ടെന്നു യു.ഡി.എഫിലെ മുടിചീകാ മന്നന് നന്നായിട്ട് അറിയാം !!!!!!!!
വി.എസ്.പറഞ്ഞ ഗുണ പാഠകഥ.
ഗുണ്ടകളുമായി ലോഹ്യപ്പെടുന്നവന്മാര്‍ വളരെ ശ്രദ്ധിക്കുക!!!!
ഇടഞ്ഞാല്‍ ഗുണ്ട നിങ്ങളെയും കൊണ്ടേ പോകൂ
സിപീമ്മുകരാണ് കോടതികളെ മാനിക്കാത്തതെന്ന ആക്ഷേപം. പക്ഷെ സി.പി.എമ്മുകാർ മുഖാന്തരം ഏതെങ്കിലും ഒരു ജഡ്ജി ചുമതലയുള്ളൊരു കേസ് വിട്ടൊഴിഞ്ഞു പോയിട്ടില്ല. ഇതിപ്പോൾ ജഡ്ജിമാരെ ഇവർ മാനസികമായി പീഡിപ്പിച്ച് പുകച്ചു ചാടിയ്ക്കുന്നു. ഭാവിയിൽ ശാരീരികമായും ആക്രമണം പ്രതീക്ഷിക്കാം! ഒരുഗുണപാഠം കൂടി ഉണ്ട്. സി.പി.എമ്മോ, പഠിക്കുന്ന കാലത്ത് ഒരു എസ്.എഫ്.ഐ എങ്കിലുമോ ആയവർ ജഡ്ജിമാർ ആകരുത്. പ്രതികൾ കോൺഗ്രസ്സുകാരാണെങ്കിൽ ആ ജഡ്ജിമരുടെ വിധി അവർ അംഗീകരിക്കില്ല! ജഡ്ജിമാരിൽ രാഷ്ട്രീയം ആരോപിക്കുന്നത് സാധാരണ പതിവുള്ളതല്ല. ഇപ്പോൾ അതും സംഭവിച്ചു. അല്ലേ ഇതെങ്ങാനും സി.പി.എമ്മിന്റെ ഭാഗത്തു നിന്നാണുണ്ടായിരുന്നതെങ്കിൽ കാണാമായിരുന്നു!ഓരോരുത്തർ മുണ്ടും കിളത്തി ചാടുന്നത്! വിശ്വമാനവികം 1
ശുംബന്‍ എന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ കോടതി അലക്ഷ്യം ജഡ്ജിയെ പാക്കിസ്ഥാന്‍കാരന്‍ എന്ന് വിളിക്കാം,കോടതിയില്‍ പണം കൊടുത്താല്‍ എന്തും നടക്കും എന്ന് ഒരു മതമേലധ്യഷന് പറയാം ഇതൊന്നും കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല ഒരു മനോരമയും,വീരഭൂമിയും ഇതൊന്നും കാണില്ല ഒരു ചര്‍ച്ച തൊഴിലാളിക്കും ഇതൊന്നും വിഷയമല്ല
വളരെ നന്നായിരിക്കുന്നു. യാദൃചികമായിട്ടാണ് ഇവിടെ എത്തപ്പെട്ടത്.
അഭിനന്ദനങ്ങള്‍.
പി.സി. ജോര്‍ജ് പുരനിറഞ്ഞു നില്‍ക്കുകയല്ലേ.
കെട്ടിച്ചു വിടാന്‍ വേണ്ടി, ഒരു നല്ല writeup എഴുതണം.
1997ല്‍ ഗ്രൂപ് വഴക്കു തുടങ്ങിയ കാലത്ത് അച്ചുതാനന്ദനെതിരെ സ. നായനാര്‍ ഉയര്‍ത്തിയ ആദ്യ ആരോപണങ്ങളിലൊന്ന് അദ്ദേഹം പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സഹായിച്ചു എന്നതായിരുന്നു. നായനാര്‍ക്ക് അടുപ്പമുണ്ടായിരുന്ന മന്ത്രി ബേബി ജോണ്‍ മുല്ലപ്പെരിയാറില്‍ ഖനനം നടത്താന്‍ ഒരു തമിഴനെ സഹായിച്ചുവെന്ന ആരോപണം കൊണ്ടാണ് അച്ചുതാനന്ദന്‍ പ്രതിരോധിച്ചത്.
സര്‍ക്കാര്‍ ഒന്നും തിരുത്തില്ല . നാണമുള്ള ജഡ്ജിമാര്‍ കേസുവിട്ടു പോകും. സര്‍ക്കാരും അതിനു ചുറ്റും തിരിയുന്ന ഒരു കൊക്കസ്സും ആണ് കാര്യങ്ങള്‍ ഡ്രൈവ് ചെയ്യുന്നത് . ഉമ്മന്‍ ചാണ്ടി തനി രാഷ്ട്രീയക്കാരന്‍ ആണ്. പയറ്റി തെളിഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍.
ആരു ഭരിച്ചാലും കണക്കാണോ?
Post a Comment