Saturday, April 20, 2013
വെറുപ്പിന്റെ പ്രചാരകര്‍
Wednesday, April 17, 2013
ഒഞ്ചിയത്ത് സംഭവിക്കുന്നത്
Tuesday, April 9, 2013
തോക്കിനും വാളിനും പിന്നില്‍
Tuesday, August 30, 2011
കീറിപ്പോയ 'വിക്കിലീക്സ് വല'
Friday, November 12, 2010
സിബിഐയുടെ അട്ടിമറി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം.
മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.
മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്.
ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ?
ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല.
ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും.
കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്രത്യേകത മാത്രം. അപ്പോള്‍ ഈ ലാവ്ലിന്‍ കേസില്‍ ഉണ്ടായതു മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളായിരുന്നോ? കേസില്‍ രാഷ്ട്രീയമായി ഇടപെട്ടവരും ഇടപെടുവിച്ചവരും അന്വേഷണം വഴിതിരിച്ചുവിട്ടവരും വൈകിവന്ന സാക്ഷികളും ജനാധിപത്യത്തെയും ഭരണഘടനയെയും ധ്വംസിച്ചവരും മറുപടി പറയട്ടെ പുതിയ വെളിപാടുകള്‍ക്ക്.
Sunday, April 18, 2010
മാപ്പുപറഞ്ഞാല്‍ തീരുമോ?
സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.
മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.
ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.
ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.
ലാവ്ലിന്‍ - അഴിമതിക്കഥ പൊള്ളയെന്ന് ഒടുവില്‍ സിബിഐയും
ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയെന്ന് സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യംവച്ച് പിണറായിയെ പ്രതിചേര്‍ത്തു. ഇപ്പോള്‍ സിബിഐ ഉറപ്പിച്ചുപറയുന്നു പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന്. 374 കോടിയുടെ അഴിമതി, നൂറുവട്ടം ദുബായ്-സിംഗപ്പുര്‍ യാത്ര, കമല ഇന്റര്‍നാഷണല്‍, കനഡയില്‍നിന്ന് വന്ന പണം എവിടെ എന്നിങ്ങനെ പലതും പറഞ്ഞു നടന്നവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടേത്. ഇനി കേസ് സാങ്കേതികംമാത്രമാണ്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ.
കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയഗൂഢാലോചനയിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്- അതിന്റെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്.
നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും നയാപൈസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അന്ന് അത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നിരിക്കുന്നു, പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.
പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ സ്വഭാവഹത്യചെയ്ത് തകര്‍ക്കാന്‍ അധ്വാനിച്ചവര്‍ക്കാകെ ഇനി തലതല്ലിച്ചാകാം. അതല്ലെങ്കില്‍ തെറ്റുതിരിച്ചറിഞ്ഞ് മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ 'വരദാചാരിയുടെ തല' മാതൃകയില്‍ കഥകള്‍ മെനഞ്ഞ ഗവേഷകര്‍ക്കും ഉപജാപം നടത്തിയവര്‍ക്കും മാപ്പുപറയാനുള്ള കാലമാണിനി. ലാവ്ലിന്‍ വാര്‍ത്തകളില്‍ നീരാടിയ മാധ്യമങ്ങള്‍ക്കും വായനക്കാരോട് സത്യം തുറന്നുപറയാം- രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീചമായ കളിയില്‍ പങ്കാളികളായിരുന്നു തങ്ങളുമെന്ന്.
Tuesday, March 2, 2010
സിബിഐയുടെ 'തലപരിശോധന'
"ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെത്തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.''
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും ചോദ്യംചെയ്ത് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിക്കെതിരെയാണ് ഈ സത്യവാങ്മൂലം. സിബിഐ നിരത്തിയ വാദമുഖങ്ങളെയാകെ ഖണ്ഡിക്കാനുള്ള പുറപ്പാടല്ല ഇത്. അത് കോടതിയില്‍ നടക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനുമുമ്പാകെ, ജനങ്ങളെയും നീതിന്യായ സംവിധാനത്തെയും കൊഞ്ഞനം കുത്തുന്ന ഇത്തരമൊരു പ്രസ്താവം നടത്താന്‍ സിബിഐക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.
വരദാചാരിയുടെ തലപ്രശ്നം സിബിഐയെ പരിഹാസ്യമാക്കിയ ഒന്നാണ്. സഹകരണമന്ത്രികൂടിയായിരുന്ന പിണറായി വിജയന്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ല എന്ന് അന്നത്തെ ധനസെക്രട്ടറി വരദാചാരി നിലപാടെടുത്തപ്പോള്‍ ശക്തമായി പ്രതികരിച്ചതായി 1997 നവംബറിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം അസംബന്ധം പറയുന്ന ധനസെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നാണ് അന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ (അത് ഒരു ഫയലല്ല, മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പുമാത്രം) പിണറായി കമന്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അത് ആ സമയത്തുതന്നെ പ്രതികരണങ്ങളും വിവാദവുമുണ്ടാക്കി. കാലക്രമത്തില്‍ ലാവ്ലിന്‍ കേസ് കുത്തിപ്പൊക്കിയവര്‍, വരദാചാരിയുടെ തലയെ അതിനായി ഉപയോഗിച്ചു. തലപരിശോധനാ ഫയല്‍ മുക്കി, അതാണ് കേസിലെ പ്രധാന തെളിവ്, മുക്കിയത് പിണറായിയും കോടിയേരിയും- ഇങ്ങനെയൊക്കെയായി പ്രചാരണം. കേസായി; കോടതിയുത്തരവായി. ഒടുവില്‍ അത് സിബിഐയും ഏറ്റുപിടിച്ചു. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ പടച്ചുണ്ടാക്കുന്ന കൂട്ടത്തില്‍ 'വരദാചാരിയുടെ തലപരിശോധന' ഒരു പ്രധാന 'തെളിവായി'ത്തന്നെ അവതരിപ്പിക്കപ്പെട്ടു. വരദാചാരി, രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളുമാക്കി. കേസ് കോടതിയിലെത്തിയപ്പോഴാണ്, തല പരിശോധന സംഭവം വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ടതല്ല, സഹകരണമേഖലയിലെ പ്രശ്നത്തിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ പത്രങ്ങളില്‍ അച്ചടിച്ചുവന്ന വാര്‍ത്തകള്‍ സഹിതം പുറത്തുവന്നത്. അതില്‍പ്പിന്നെ, കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളും യുഡിഎഫും വരദാചാരിയെക്കുറിച്ച് മിണ്ടിയിട്ടില്ല. വിചിത്രമെന്നു പറയട്ടെ, സിബിഐ ഇപ്പോഴും വരദാചാരിയെത്തന്നെ ആശ്രയിക്കുന്നു!
സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പിണറായി രണ്ടു പ്രധാന കാര്യങ്ങളാണ് ഊന്നിയത്.
ഒന്ന്: ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി തെറ്റാണ്.
രണ്ട്: സിബിഐ ഈ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം നിയമപരമായി സാധുതയില്ലാത്തതാണ്.
ഈ രണ്ടു കാര്യവും സമര്‍ഥിക്കുന്ന തെളിവുകളാണ് റിട്ടില്‍ നിരത്തുന്നത്. അവയെ ഖണ്ഡിക്കാന്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സിബിഐ നിരത്തുന്ന 17 ന്യായവാദങ്ങള്‍ പര്യാപ്തമാകുന്നില്ല. മാത്രമല്ല, നേരത്തെ പറഞ്ഞതും പരാജയപ്പെട്ടതുമായ വാദമുഖങ്ങളില്‍നിന്ന് ഒരിഞ്ചുപോലും കേന്ദ്ര അന്വേഷണ ഏജന്‍സി മുന്നോട്ടുപോകുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണല്ലോ കേസ്. അങ്ങനെ നഷ്ടമുണ്ടായത് ആരുടെ, ഏത് പ്രവൃത്തികൊണ്ടാണ് എന്ന് കണ്ടുപിടിക്കലാണ് യഥാര്‍ഥത്തില്‍ ലാവ്ലിന്‍ കേസിന്റെ അടിസ്ഥാനം. ആ അടിസ്ഥാന വസ്തുത കണ്ടെത്താന്‍ പ്രത്യേകമായ പരിശ്രമമൊന്നും വേണ്ടതില്ല. പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി അതിവേഗം നടന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് വന്നപ്പോള്‍ ആദ്യം പണി മുടങ്ങി. ധാരണപത്രം കരാറാക്കി മാറ്റാനുള്ള പ്രക്രിയക്കിടെ ഏകപക്ഷീയമായി പിന്മാറിയത് യുഡിഎഫ് ഗവമെന്റാണ്. സംസ്ഥാനത്തിന് വിദേശത്തുനിന്ന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കുന്ന ആ തീരുമാനം എന്തിനെടുത്തു, എന്തുകൊണ്ട് ധാരണപത്രം കാലഹരണപ്പെടാന്‍ വിട്ടു,
എസ്എന്‍സി ലാവ്ലിന്‍ കമ്പനി പണം തരില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ അത്, സഹായം തുടരുന്നതിന് ലാവ്ലിന്‍ കമ്പനി നടത്തിയ ശ്രമങ്ങളോടും അഭ്യര്‍ഥനയോടും പ്രതികരിക്കാതിരുന്നതെന്ത് എന്നിങ്ങനെയുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് സിബിഐ ഉത്തരം കാണുന്നില്ല. ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ലാഞ്ഞിട്ടല്ല, മറിച്ച്, മറുപടി പറഞ്ഞാല്‍ പ്രതിക്കൂട്ടിലെത്തുക സ്വന്തം രാഷ്ട്രീയ യജമാനന്‍മാരാണ് എന്ന് മറ്റാരെക്കാള്‍ നന്നായി സിബിഐ തിരിച്ചറിയുന്നുണ്ട്. ധാരണാപത്രത്തിനുപകരം കരാര്‍ വയ്ക്കുന്നതിന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളോടും ശ്രമങ്ങളോടും അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസനും കാട്ടിയ അലംഭാവപൂര്‍ണ്ണവും നിഷേധാത്മകവുമായ സമീപനം തെളിയിക്കുന്ന രേഖകള്‍ സിബിഐ തന്നെ സമര്‍പ്പിച്ചവയിലുണ്ട്. റിട്ടിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് സിബിഐയുടെ ഈ ഒളിച്ചുകളി.
കമ്പനിയെ കണ്ടുപിടിച്ച് കരാറും ധാരണപത്രവുമുണ്ടാക്കിയത് യുഡിഎഫിന്റെ കാലത്താണെന്നു സമ്മതിക്കുന്ന സിബിഐ, അന്ന് അധികാരസ്ഥാനങ്ങളിലിരുന്നവര്‍ക്ക് എന്താണ് പങ്കാളിത്തം എന്ന് ശ്രദ്ധിക്കുന്നില്ല. കരാറിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉണ്ടായിരുന്നവര്‍ വരാത്ത കേസില്‍ എങ്ങനെ ഇടക്കാലത്ത്, കുറഞ്ഞ കാലയളവില്‍മാത്രം മന്ത്രിസ്ഥാനത്തിരുന്ന ഒരാള്‍ പ്രതിയായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിബിഐ മാത്രമാണ്. സിബിഐയുടെ ചെന്നൈയിലെ എസ്പി എസ് മുരുകന്‍ സമര്‍പ്പിച്ച 36 പേജുള്ള എതിര്‍സത്യവാങ്മൂലത്തില്‍ അതൊന്നും കാണാനില്ല. റിട്ട് ഹര്‍ജിയില്‍ പിണറായി ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവയോടൊന്നും പ്രതികരിക്കാന്‍ മുതിരാതെ, ഒറ്റനോട്ടത്തില്‍ത്തന്നെ പരിഹാസ്യമെന്നു കാണാവുന്ന വാദങ്ങളാണ് സിബിഐ നിരത്തുന്നത്.
അതിലൊന്ന്, "പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിന് വലിയ പങ്കുണ്ട്'' എന്നാണ്. അതേ അര്‍ഥത്തില്‍, കേന്ദ്ര മന്ത്രിസഭയെ നിയന്ത്രിക്കുന്ന സോണിയ ഗാന്ധിയാണ് സിബിഐ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എന്ന പ്രത്യാരോപണവും ആയിക്കൂടേ? 'രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് അതുകൊണ്ട് ഇല്ലാതാകുന്നില്ല' എന്നു വാദിച്ച്, ഒരന്വേഷണ ഏജന്‍സിക്കു ചേരാത്ത അനുമാനങ്ങളിലും പരിഹാസ്യമായ താരതമ്യത്തിലുമാണ് സിബിഐ എത്തുന്നത്.
പിണറായിയെ പ്രതിയാക്കാന്‍ തെളിവാണല്ലോ വേണ്ടത്. എവിടെ തെളിവ് എന്നു ചോദിക്കുമ്പോള്‍ കൃത്യമായി പറയാന്‍ ഒന്നുംതന്നെ ഇല്ല സിബിഐയുടെ കൈവശം. 86 കോടി നഷ്ടപ്പെടുത്തിയവരെ കണ്ടെത്താന്‍ സിബിഐ എന്തിനു മടിക്കുന്നു എന്ന ചോദ്യത്തിനുത്തരം ആ ഏജന്‍സിയുടെ രാഷ്ട്രീയ വിധേയത്വം എന്നുതന്നെയാണ്. തലശേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും പിണറായി താല്‍പ്പര്യം കാട്ടി, പദ്ധതിനടത്തിപ്പ് സംബന്ധിച്ച് മന്ത്രി എന്ന നിലയില്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി എന്നതൊക്കെ കുറ്റാരോപണമായാണ് നിരത്തുന്നത്. അതായത്, ഒരു മന്ത്രി തന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അനിവാര്യമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുറ്റങ്ങളാകുന്നു!
ലാവ്ലിന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സുവ്യക്തമായി മറുപടി പറയപ്പെട്ടതും കേസ് രേഖകള്‍കൊണ്ടുതന്നെ ഖണ്ഡിക്കപ്പെട്ടതുമായ 17 കാര്യങ്ങള്‍ മാത്രമേ ഇപ്പോഴും സിബിഐക്ക് സമര്‍പ്പിക്കാനുള്ളൂ എന്നത്, തുടക്കംമുതല്‍ ഈ കേസ് രാഷ്ട്രീയമായി കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന വസ്തുതയ്ക്കാണ് അടിവരയിടുന്നത്. സിബിഐ ഇപ്പോഴും വരദാചാരിയുടെ ലെവലില്‍തന്നെയാണ്്. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അനുവാദമില്ല. എന്തുകൊണ്ട് യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെട്ടു എന്നുപറയാനുള്ള അവരുടെ ശേഷിയില്ലായ്മതന്നെയാണ്, സുപ്രീംകോടതിയില്‍പ്പോലും വസ്തുതാവിരുദ്ധവും പരിഹാസ്യവുമായ സത്യവാങ്മൂലം നല്‍കാന്‍ ആ അന്വേഷണ ഏജന്‍സിയെ നിര്‍ബദ്ധരാക്കിയത്.
Wednesday, January 6, 2010
പറയൂ സിബിഐ, നേരറിയണ്ടേ?
ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന് തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ. മറ്റാരെങ്കിലും നേട്ടമുണ്ടാക്കിയതിന്റെ തെളിവ് കുറ്റപത്രത്തിലുണ്ടോ-ഇല്ലേയില്ല. കരാര്‍ ഉണ്ടാക്കിയ കാര്‍ത്തികേയനില്ലാത്ത പ്രതിപ്പട്ടികയില്‍ കരാറിന്റെ തുടര്‍നടത്തിപ്പുകാലത്ത് രണ്ടുകൊല്ലവും അഞ്ചുമാസവും മന്ത്രിയായിരുന്ന പിണറായി വിജയന്‍ വരുന്നതെങ്ങനെ?
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടേണ്ടിയിരുന്ന 86 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് സിബിഐ ഉണ്ടാക്കിയ കേസ്. ആ നഷ്ടമുണ്ടായത് പിണറായി മന്ത്രിയായ കാലത്തല്ല. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന കാലത്ത്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം തുടരാന്‍ കരാറുണ്ടാക്കണം എന്നഭ്യര്‍ഥിച്ച് കനേഡിയന്‍ അധികൃതര്‍ നിരന്തരം നടത്തിയ രേഖാമൂലമുള്ള അഭ്യര്‍ഥനകള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്തേ അങ്ങനെയൊരു കരാര്‍ വച്ചില്ല? കരാര്‍ വയ്ക്കാതെ ധാരണാ പത്രം അസാധുവാക്കിയവരല്ലേ നഷ്ടത്തിന് ഉത്തരവാദികള്‍? ഇത് സിബിഐക്ക് അന്വേഷിക്കാന്‍ പാടില്ലേ?
സിബിഐ രാഷ്ട്രീയ ചട്ടുകമായാണ് ഈ കേസില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റപത്രത്തില്‍ മാത്രമല്ല, കോടതിയില്‍ അവര്‍ ഉന്നയിച്ച വാദങ്ങളിലും തെളിയുന്നു. അതല്ലെങ്കില്‍ കോടതിയില്‍ അവര്‍ വാദിക്കേണ്ടത്, പിണറായി ചൂണ്ടിക്കാട്ടിയ കാര്യങ്ങളാകെ പരിശോധിച്ചശേഷമാണ് തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നായിരുന്നു. ഇവിടെ,'പ്രതിയുടെ അവകാശമില്ലായ്മ'യാണ് ആയുധമാക്കിയത്. ചൂണ്ടിക്കാട്ടുന്ന ആളെ നോക്കിയാണോ സിബിഐ അന്വേഷണത്തിന്റെ ഗതി തീരുമാനിക്കേണ്ടത്? കാര്‍ത്തികേയന്‍ എന്തുകൊണ്ട് പ്രതിയോ സാക്ഷിയോ ആയില്ല എന്ന പ്രശ്നം ശക്തമായി നിലനില്‍ക്കുന്നു. ആന്റണിക്കും കടവൂര്‍ ശിവദാസനും കാര്‍ത്തികേയനും ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമെന്നത് രാഷ്ട്രീയ പക്ഷപാതിത്വമോ ആജ്ഞാനുവര്‍ത്തിത്വമോ അല്ലെങ്കില്‍ മറ്റെന്താണ്?
ആന്റണിയുടെ വ്യക്തിത്വം മഹനീയമല്ല എന്നൊന്നും സ്ഥാപിക്കാന്‍ ഇവിടെ ആരും മുതിര്‍ന്നിട്ടില്ല. എന്നാല്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനാണ് ചെന്നിത്തലയടക്കമുള്ളവര്‍ ശ്രമിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകുമോ? പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കാനും തെറ്റായി ചിത്രീകരിക്കാനും ചെന്നിത്തലയടക്കമുള്ളവര്‍ നടത്തിയ മ്ളേച്ഛമായ നീക്കങ്ങളുടെ ഫലമായാണ് ഈ കേസ് തന്നെ രൂപപ്പെട്ടത് എന്ന സത്യം നിഷേധിക്കാനാകുമോ? പിണറായി എന്ത് അഴിമതിയാണ് നടത്തിയിട്ടുള്ളത്? പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തില്‍ വഴിവിട്ട എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത്? എന്തുനേട്ടമാണുണ്ടാക്കിയിട്ടുള്ളത്? എന്തെങ്കിലും ഒരുകാര്യം സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചെന്നിത്തല അത് ജനസമക്ഷം പറയാമോ?
വരദാചാരിയുടെ തലപരിശോധനയടക്കമുള്ള മുട്ടന്‍ നുണകളെ കള്ളസാക്ഷികളെ സൃഷ്ടിച്ച് കുറ്റപത്രത്തിലാക്കി പിണറായിയെ പ്രതിയാക്കിയതില്‍ സിബിഐക്ക് ലജ്ജ തോന്നുന്നില്ല; ആ സിബിഐയെ വാഴ്ത്തുന്നതില്‍ ചെന്നിത്തലയും ലജജിക്കേണ്ടതില്ലെന്നാണോ? പ്രത്യേക കോടതി, പിണറായി ഉയര്‍ത്തിയ പ്രശ്നങ്ങളൊന്നും നിരാകരിച്ചിട്ടില്ല. അവ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതല്ല എന്ന നിയമപരമായ പരിമിതിയാണ് ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജി തള്ളിയതും കോടതി നടത്തിയ പരാമര്‍ശങ്ങളും ബാധിക്കാതെ അന്വേഷണം മുന്നോട്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തുടരുന്ന അന്വേഷണം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ്-സിബിഐ വിട്ടുകളഞ്ഞ ഭാഗങ്ങളെക്കുറിച്ചാണ്. തെളിച്ചുപറഞ്ഞാല്‍, കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചാണ്. അത് സിബിഐ സ്വമേധയാ തീരുമാനിച്ച് നടത്തുന്നതല്ല. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്. പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നല്ല, അതടക്കം പരിശോധിക്കാന്‍ സിബിഐക്ക് ഇനിയും അവസരമുണ്ട് എന്നാണ് വിധിയുടെ സാരാംശം.
ഇവിടെ സിബിഐയുടെ മുന്‍വിധികളും നിര്‍ബന്ധബുദ്ധിയും പക്ഷപാതിത്വവും മറയില്ലാതെ പുറത്തുവന്നിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കാമെന്നോ, പരിശോധിച്ചിട്ടുണ്ട് എന്നോ പറയാനുള്ള ആര്‍ജവം സിബിഐ എന്തുകൊണ്ട് കാട്ടിയില്ല എന്ന ചോദ്യമാണുയരുന്നത്. ആ ചോദ്യം ധാര്‍മികതയുടേതാണ്; നൈതികതയുടേതാണ്. കൈയിലുള്ള രേഖകള്‍ പരിശോധിക്കണം എന്ന ആവശ്യത്തോട് എന്തിന് സിബിഐ പുറംതിരിഞ്ഞു നില്‍ക്കുന്നു? ആന്റണിയെ സാക്ഷിയാക്കുന്നതിനെ എന്തിന് ഭയപ്പെടുന്നു?
സിപിഐ എം തുടക്കംമുതല്‍ പറഞ്ഞുവരുന്ന വിമര്‍ശങ്ങള്‍ സിബിഐ വീണ്ടും സാധൂകരിച്ചിരിക്കുന്നു-ഈ നിഷേധത്തിലൂടെ. അതുകൊണ്ടാണ്, സാങ്കേതികമായി കോടതി തള്ളിയിട്ടുപോലും ലാവ്ലിന്‍ കേസില്‍ പിണറായിയുടെ ഹര്‍ജിക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ടാകുന്നത്. സാക്ഷിയാക്കുന്നത് 'വ്യക്തിത്വത്തില്‍ കരിതേക്കലാണ്' എന്ന ചെന്നിത്തലയുടെ ഹാസ്യം ആസ്വദിക്കാനും മലയാളികള്‍ക്ക് അവസരമുണ്ടായല്ലോ.
Sunday, September 6, 2009
അല്‍പ്പമെങ്കിലും ലജ്ജിക്കാം
സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അത് പൊതു താല്‍പ്പര്യ ഹര്‍ജി വിഭാഗത്തിലാക്കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും ആദ്യവിവാദം; നിയമ വിദഗ്ധരെ അണിനിരത്തല്‍; ചര്‍ച്ച; കോലാഹലം. കോടതി രജിസ്ട്രിയാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും ക്രിമിനല്‍ റിട്ടായാണ് പരിഗണിക്കുന്നതെന്നും വ്യക്തമായപ്പോള്‍ ഏതു ബെഞ്ചിലേക്ക് പോകുന്നുവെന്ന് സംശയം. തുടര്‍ന്ന് കേവിയറ്റ്, കക്ഷിചേരല്‍. കേസ് കോടതി പരിഗണിക്കുന്ന ദിവസം മാധ്യമപ്പട സജ്ജരായി. ഫയലില്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ കരുതിയത്. സ്വീകരിച്ചപ്പോള്‍ നൈരാശ്യം. സിബിഐ കോടതിയിലെ വിചാരണയ്ക്ക് സ്റ്റേ കിട്ടിയില്ലെന്നാണ് മാതൃഭൂമിയുള്‍പ്പെടെ വാര്‍ത്തകൊടുത്തത്. സ്റ്റേ വേണമെന്ന ആവശ്യം അന്ന് കോടതിയില്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും സ്റ്റേ കിട്ടിയില്ല എന്നാഘോഷിക്കാന്‍ തയ്യാറായ മാധ്യമങ്ങളുടെ മാനസികാവസ്ഥ ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.
പിണറായി കോടതിയില്‍ കൊടുത്ത രേഖകള്‍ എവിടെ നിന്നുകിട്ടി എന്നതായി അടുത്ത വിവാദം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നാള്‍മുതല്‍, ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിക്കുന്നവരാണ് ഈ മാധ്യങ്ങള്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ, ജയ്‌ഹിന്ദ് ചാനലുകളും മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളും അഭിമാനപൂര്‍വം വായനക്കാരോട് പറഞ്ഞത്, രേഖ ഞങ്ങള്‍ക്കു കിട്ടി എന്നാണ്. അങ്ങനെ പത്രക്കാര്‍ക്ക് ചുളുവില്‍ സംഘടിപ്പിക്കാനായ; ഫോട്ടോസ്റ്റാറ്റടക്കം പ്രസിദ്ധീകരിച്ച രേഖ പിണറായി വിജയന്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍മാത്രം 'രഹസ്യ സ്വഭാവ'ത്തിന്റെ പ്രശ്നം വരുന്നതെങ്ങനെ? പത്രങ്ങള്‍ക്ക് കിട്ടിയ രേഖയുടെ കോപ്പി, കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ നേരിടാന്‍ പിണറായി വിജയന് കിട്ടാന്‍ പാടില്ലെന്ന നിര്‍ബന്ധം ആരുടെ കുബുദ്ധിയില്‍നിന്നുദിച്ചതാണ്?
ഈ കേസിലെ ഒരു കഥാപാത്രം ക്രൈം വാരിക പത്രാധിപരാണല്ലോ. അയാള്‍ക്ക് എവിടെനിന്ന് രേഖകള്‍ കിട്ടി എന്ന് അന്വേഷിക്കേണ്ടതല്ലേ? നന്ദകുമാര്‍ മന്ത്രിയല്ല, രാഷ്ട്രീയനേതാവല്ല, നാലുപേര്‍ കാണ്‍കെ കൊണ്ടുനടക്കാവുന്ന ഒരു വാരികയുടെ പത്രാധിപരുമല്ല. അയാള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്, കുറെയേറെ രേഖകള്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. ഒരു അശ്ളീല വാരികക്കാരന് എങ്ങനെ ഇതെല്ലാം കിട്ടി; സുപ്രീം കോടതിയിലടക്കം കേസുനടത്താനും രാജ്യം ചുറ്റി പത്രസമ്മേളനം വിളിക്കാനും എവിടെനിന്ന് പണം എന്ന് തിരക്കേണ്ടതല്ലേ? അതല്ലേ ഈ കേസിലെ അസ്വാഭാവികത? എന്നിട്ടെന്തേ നമ്മുടെ മാന്യമാധ്യമങ്ങള്‍ മിണ്ടുന്നില്ല?
ഒരു കാര്യംകൂടി. പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അതിന് നമ്പരിടുന്നതിനുമുമ്പുതന്നെ കോപ്പി കൈക്കലാക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ട്. അത് ഏതു മാര്‍ഗത്തിലൂടെ എന്ന് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ. അങ്ങനെ കിട്ടാന്‍ വിവരാവകാശ നിയമത്തില്‍ വല്ല വ്യവസ്ഥയുമുണ്ടോ? അഥവാ അത് ഉപയോഗിച്ചിട്ടുണ്ടോ?
പിണറായി വിജയന്‍ സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയാണ്; പരമോന്നത സമിതിയില്‍ അംഗമാണ്. അദ്ദേഹത്തിനെതിരെ രാഷ്ട്രീയപ്രേരിതമായി കേസ് വന്നപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ സഹായവുമായി സ്വമേധയാ മുന്നോട്ടുവന്നത്, നാടിനുവേണ്ടി പൊരുതിമരിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വാതന്ത്ര്യ സമര സേനാനികളും ഇ കെ നായനാരെപ്പോലുള്ള മണ്‍മറഞ്ഞ നേതാക്കളുടെ പ്രിയപ്പെട്ടവരുമാണ്. മുതലാളിത്തരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണ് ലാവ്ലിന്‍ കേസ് എന്ന തിരിച്ചറിവോടെ ജനലക്ഷങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന കാഴ്ച കേരളം കണ്ടതാണ്.
കുറെക്കാലം നടത്തിയ ദുഷ്പ്രചാരണങ്ങളും ഉപജാപങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്ന തിരിച്ചറിവാണ് ലാവ്ലിന്‍ കേസിന്റെ ഏറ്റവുമൊടുവിലത്തെ വിശേഷം. പിണറായി വിജയന്റെ രക്തത്തിന് ദാഹിച്ചവര്‍ക്ക് അത് ലഭിക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായിരിക്കുന്നു. അവര്‍ പക്ഷേ, നിര്‍ത്തുന്നില്ല.
സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്നാണ് പുതിയ ആരോപണം. പി സി ജോര്‍ജ് തുടങ്ങിവച്ചു. സുപ്രീം കോടതി റിട്ട് ഫയലില്‍ സ്വീകരിച്ച അന്നുതന്നെ മലയാളമനോരമ വെള്ളംകൂട്ടാതെ അതുവിഴുങ്ങി. പിന്നെ മംഗളംപത്രം അത് ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വന്നു, ലാവലിന്‍ രേഖകള്‍ ചോര്‍ന്നത് മുഖ്യമന്ത്രി അന്വേഷിക്കുന്നു എന്ന്.
ആ വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ:
കൊച്ചി: ലാവലിന്‍ കേസ് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് ഗൌരവമായി കണക്കിലെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് അതിന് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കാമെങ്കിലും ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പിണറായി വിജയന്‍ അതിനായി ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടില്ല. ................ ഈ സാഹചര്യത്തില്‍ പിണറായി വിജയനുവേണ്ടി രേഖകള്‍ ആരോ ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം. വിശദമായ അന്വേഷണത്തിനായി അദ്ദേഹം നടപടികള്‍ സ്വീകരിച്ചുവരുന്നു.........ആഭ്യന്തര വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകാം രേഖകള്‍ ചോര്‍ത്തി പിണറായിയുടെ കൈയില്‍ എത്തിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയിക്കുന്നുണ്ട്....
എന്തുതോന്നുന്നു?
2009 ജൂണ്‍ 16ന് പിണറായി വിജയന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നോക്കാം.
"വിഷയം: എനിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച്
എസ്എന്‍സി ലാവലിന്‍ കേസില്‍ എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയതായി മനസ്സിലാക്കുന്നു. നിയമ കോടതിയില്‍ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് എനിക്ക് എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.''
ഈ ആമുഖത്തോടെയാണ് കേസ് സംബന്ധിച്ച രേഖകള്‍ക്ക് ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ കത്തിന് വിജിലന്‍സ് വകുപ്പിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 387 പേജുള്ള രേഖ സര്‍ക്കാരിലേക്ക് 774 രൂപ അടച്ചാല്‍ വാങ്ങാമെന്ന് മറുപടി നല്‍കി. അങ്ങനെ, വിവരാവകാശ നിയമപ്രകാരം പണമടച്ച് വാങ്ങിയ രേഖകളാണ് പിണറായി വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഓഫീസും അതിന്റെ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിക്കകത്തുതന്നെയാണ്. അവിടെനിന്നുള്ള രേഖകള്‍ നിയമാനുസൃതംതന്നെ കാശടച്ച് വാങ്ങാവുന്നതുമാണ്. അതേക്കുറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് വേണമെങ്കില്‍ തുടരന്വേഷണം നടത്താവുന്നതുമാണ്.
സംഭവിച്ചതെല്ലാം സുതാര്യവും നിയമാനുസൃതവുമായ കാര്യങ്ങള്‍. ഇതിന്റെ പേരിലാണ് പി സി ജോര്‍ജുമുതല്‍ വീരേന്ദ്രകുമാറിന്റെ പത്രംവരെ ഇത്രനാളും ബഹളം വച്ചത്. ഈ വാര്‍ത്തകള്‍ ഇങ്ങനെ എഴുതിവിടുന്നതിനുമുമ്പ് എ കെ ജി സെന്ററിലോ പിണറായി വിജയനോട് നേരിട്ടോ ചോദിക്കാമായിരുന്നു-രേഖകള്‍ എങ്ങനെ കിട്ടി എന്ന്. പി സി ജോര്‍ജിന്റെയും മാതൃഭൂമി മുതല്‍ മംഗളം വരെയുള്ള സിന്‍ഡിക്കറ്റ് പത്രങ്ങളുടെയും കുബുദ്ധി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ മാതൃഭൂമി നടത്തിയത്. വി എസ് അന്വേഷിക്കുന്നു, പിണറായി അപേക്ഷ നല്‍കിയിട്ടില്ല, ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല, ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം എന്നിങ്ങനെയുള്ള ആധികാരിക പ്രസ്താവനകളുണ്ട് വാര്‍ത്തയില്‍. പച്ചക്കള്ളങ്ങള്‍ ആധികാരികമായി എഴുതുന്നു. അതിന്റെ പേരില്‍ സിപിഐ എമ്മില്‍ വിഭാഗീയ നീക്കമുണ്ടെന്നു പറയുന്നു. സത്യം സത്യമായി അറിഞ്ഞാലും അത് അങ്ങനെ പ്രസിദ്ധീകരിക്കാനുള്ള മര്യാദ ഇവര്‍ കാണിക്കുമെന്ന് കരുതാനാവില്ല. അതാണ് അനുഭവം. വരദാചാരിയുടെ തല, സിബിഐയുടെ ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി, അവ പൊളിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന കൂട്ടരാണ്.
ഇതെന്തു കഥയാണ്? ഇത് എന്തൊരു മാധ്യമ പ്രവര്‍ത്തനമാണ്? മാധ്യമ പ്രവര്‍ത്തകന്‍ എന്നുപറഞ്ഞു പരിചയപ്പെടുത്താന്‍ മടിക്കേണ്ട കാലമായോ എന്ന് ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കട്ടെ. തങ്ങളെ വേണ്ടവിധം 'പരിഗണിക്കാത്തതു'കൊണ്ടാണ് പിണറായി വിജയനെ ശക്തമായി ആക്രമിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ കേസുവരുന്ന ദിവസം വരാന്തയില്‍നിന്ന് ഒരു പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറയുകയുണ്ടായി. അത് ശരിയായ മനോഭാവമാണോ? പത്രക്കാരെ പ്രീണിപ്പിക്കാത്തവരെ മോശക്കാരാക്കുന്ന രീതി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏതു മര്യാദയിലാണ് പെടുത്തുക? മാധ്യമ പ്രവര്‍ത്തകരെ തലോടലും മണിയടിക്കലുമാണോ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃക? ഇത്തരം വികലമായ ന്യായീകരണങ്ങളിലൂടെ കൊടിയ സ്വഭാവഹത്യയെ സാധൂകരിക്കാനുള്ള ശ്രമം ആരാണ് അംഗീകരിക്കുക? പിണറായി വിജയന് തന്റെ കേസ് വാദിക്കാന്‍ വിവരാവകാശ നിയമത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുക്കാന്‍ തയാറല്ലപോലും മാതൃഭൂമി! ഇവരാണ് ഇന്നാട്ടിലെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍!
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നമുക്ക് ഒരിത്തിരി ലജ്ജിച്ചുകൂടേ? അതല്ലെങ്കില്‍ നട്ടെല്ലിന്റെ ചെറിയ കഷണം സ്വന്തമായുണ്ടെന്ന് തെളിയിച്ചുകൂടേ? എങ്കില്‍ പറഞ്ഞുപോയ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തുക-കാണട്ടെ ഇന്നാട്ടിലെ ജനങ്ങള്‍; മാറട്ടെ മാധ്യമ പ്രവര്‍ത്തനത്തിലെ അശ്ളീലം.
Saturday, June 6, 2009
പൊളിഞ്ഞ വാര്‍ത്താകൃഷി
മാതൃഭൂമിയും മനോരമയും ഒരുദിവസമാണ് എഴുതിയത്- അഡ്വക്കറ്റ് ജനറലും ഒരു സിപിഐ എം നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കിയെന്നും. ഇപ്പോള്‍ സിബിഐ പറയുന്നു-ഞങ്ങള്‍ ചോര്‍ത്തിയിട്ടില്ല, ചോര്‍ത്താന്‍ ആലോചിച്ചിട്ടില്ല, വാര്‍ത്ത കള്ളമാണെന്ന്.
പിന്നെ എങ്ങനെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്തവന്നു? ആരാണ് ഇത്തരമൊരു കള്ളക്കഥ ചമച്ചത്? ഒരേ ദിവസം ഒരു വ്യാജവാര്‍ത്ത രണ്ടു പ്രമുഖപത്രങ്ങളില്‍ വരണമെങ്കില്‍ അതിനൊരു ഉത്തരവാദിയുണ്ടാകണമല്ലോ. എവിടെനിന്നാണ് ഈ കഥ ജനിച്ചത്? മാധ്യമ സിന്‍ഡിക്കറ്റ് എന്നു പറയുമ്പോള്‍ 'ഇല്ല, ഇല്ല, ഇല്ല' എന്ന് ആണയിടുന്ന മഹാന്മാരേ, ഉത്തരം പറയൂ. ഇത് മാധ്യമ സിന്‍ഡിക്കറ്റിന്റെ സൃഷ്ടിയല്ലെങ്കില്‍ മറ്റെന്താണ്?
എസ്എന്‍സി ലാവലിന്‍ കേസ് എന്തോ വലിയ അഴിമതിയുടേതാണെന്ന പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ഒരു പൈസയുടെ അഴിമതി ആരെങ്കിലും നടത്തിയതായി സിബിഐ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന യാഥാര്‍ഥ്യം ലാവ്ലിന്‍ കേസില്‍ അലമുറയിടുന്നവരെല്ലാം മറച്ചുവയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ഉണ്ടെന്ന് പറയുന്നവര്‍ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇന്ന് വെള്ളിയാഴ്ച മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരുപോലെയുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മതിയാകും. രണ്ടു പത്രവും പറയുന്നത്, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുന്ന പ്രശ്നത്തെക്കുറിച്ച് സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞോ ഇല്ലയോ എന്നത് ഇവിടെ വിഷയമാക്കുന്നില്ല. എന്നാല്‍,മറ്റു ചില ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. സിപിഐ എം ഇന്നാട്ടില്‍ നിരോധിക്കപ്പെട്ട പാര്‍ടിയാണോ? ഏതെങ്കിലുമൊരു പ്രശ്നത്തില്‍ സ്വാഭിപ്രായം രേഖപ്പെടുത്തുന്നതില്‍നിന്ന് സിപിഐ എമ്മിനെ ആരെങ്കിലും വിലക്കിയിട്ടുണ്ടോ? പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയവരാണ് യുഡിഎഫുകാര്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും കുഞ്ഞാലികുട്ടിയും വീരേന്ദ്രകുമാറും കെ എം മാണിയും വെളിയം ഭാര്‍ഗവനുമെല്ലാം ലാവ്ലിന്‍ കേസിനെ പരാമര്‍ശിച്ച് അഭിപ്രായം പറയുന്നത് നാമെല്ലാം കേട്ടു. യുഡിഎഫ് നേതാക്കള്‍ രണ്ടുവട്ടമാണ് ഗവര്‍ണറെ രാജ്ഭവനില്‍ പോയി കണ്ട്, പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടത്. അതിനര്‍ഥം, ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ പരസ്യവും നിരന്തരവുമായ ശ്രമങ്ങളുണ്ടായി എന്നതാണ്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടുന്നവരാണ് യുഡിഎഫുകാരെങ്കില്‍ എന്തിനീ വെപ്രാളം? പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതുകൊണ്ട് യുഡിഎഫിന്റെ എല്ലാ ഉപജാപങ്ങള്‍ക്കും വഴങ്ങിക്കൊടുക്കണം; കെട്ടിച്ചമച്ച കേസില്‍ പ്രതിയായി കൈയുംകെട്ടി നിന്നുകൊടുക്കണം; വാദിക്കാന്‍ വക്കീലിനെ വയ്ക്കരുത്; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതര തല്‍പ്പരകക്ഷികളും ആഗ്രഹിക്കുന്നതിനൊത്ത് മിണ്ടാതെ എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിക്കൊള്ളണം-ഇതെന്തു നീതി?
സിപിഐ എം തുടക്കംമുതല്‍ പറയുന്നു-ഇത് രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ചെടുത്ത കേസാണെന്ന്. വെറുതെ പറയുന്നതല്ല-കേസിനാസ്പദമായ ഓരോ കാര്യങ്ങളും രേഖകളും വിശദീകരിച്ച് സമര്‍ഥിക്കുന്നതാണ്. എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കപ്പെട്ട് ഉമ്മന്‍ചാണ്ടി ഗവമെന്റ് കേസന്വേഷണം സിബിഐക്ക് വിട്ടു എന്നതുമാത്രം പരിശോധിച്ചാല്‍മതി ഈ കേസിലെ കള്ളക്കളി വ്യക്തമാകാന്‍. സിപിഐ എം സെക്രട്ടറിയെ രാഷ്ട്രീയമായി നിഗ്രഹിക്കുക; അതിലൂടെ കേരളത്തിലെ സിപിഐ എമ്മിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക എന്ന ഏകമുഖ അജന്‍ഡയിലാണ് ലാവ്ലിന്‍ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളും നീങ്ങുന്നത്. അത് തുറന്നുകാട്ടി ഈ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സിപിഐ എമ്മിന്റെ സമീപനത്തോടുപോലും പുച്ഛമനോഭാവം കൈകൊള്ളുന്നവര്‍ ഏതു നീതിയുടെ പക്ഷത്താണ് നില്‍ക്കുന്നത് എന്നറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി പരിവാരസമേതം ഗവര്‍ണറെക്കണ്ട് പിണറായിക്കെതിരെ കേസെടുത്തേ തീരൂ എന്നു പറയുന്നതില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല; സിപിഐ എം ലാവ്ലിന്‍ കേസിനെക്കുറിച്ച് മിണ്ടിപ്പോയാല്‍ അത് രാഷ്ട്രീയതാല്‍പ്പര്യം മാത്രം-ആര്‍ക്ക് ബോധ്യപ്പെടുന്ന ന്യായമാണിത്?
ലാവ്ലിന്‍ കേസിന്റെ ഓരോ ഘട്ടത്തിലും ഇതാ ലക്ഷ്യം സാധിച്ചു എന്ന് പലരും കരുതിയിരുന്നു; ആഘോഷം നടത്തുകയും ചെയ്തിരുന്നു. കേസ് വിജിലന്‍സിനു വിട്ടപ്പോള്‍; സിബിഐക്ക് വിട്ടപ്പോള്‍, അതുസംബന്ധിച്ച് കോടതിയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍; സിബിഐ അന്വേഷണഘട്ടത്തില്‍; റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍; പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കിടെ-എല്ലാ ഘട്ടത്തിലും ഇതാ സംഗതി അവസാനിച്ചു, ഇനി പിണറായിയെ പറഞ്ഞയക്കാം എന്നാണ് പലരും പ്രചരിപ്പിച്ചത്. അത്തരമൊരു വ്യഗ്രതയ്ക്കിടയില്‍, കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ തുടക്കക്കാരനായ ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കി എന്ന കാര്യം പോലും അവര്‍ ഗൌനിച്ചില്ല. ഏകപക്ഷീയമായ സിപിഐ എം വിരോധം; പിണറായി വിരോധം-അതുമാത്രമാണ് അവരെ നയിച്ചത്. അതിനിടയില്‍ നീതിയുമില്ല, ന്യായവുമില്ല, സാമാന്യ മര്യാദയുമില്ല.
ഇപ്പോള്‍ സിബിഐയെ ഉദ്ധരിച്ച് ഓരോദിവസവും കഥകള്‍ വരുന്നു. അത് സിബിഐ തന്നെ ചോര്‍ത്തിക്കൊടുക്കുന്നതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാരണം, ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് സിബിഐ ആദ്യം വിശദീകരണം നല്‍കിയത് ഒരു വാര്‍ത്താ ചാനലിന്റെ ലേഖകനാണ്. സാധാരണ ഇത്തരം വാര്‍ത്തകള്‍ സ്വകാര്യമായി ഒരാള്‍ക്ക് കൊടുക്കേണ്ടതല്ല. ഒരു പത്രക്കുറിപ്പെങ്കിലും ഇറക്കേണ്ടതാണ്. ഇവിടെ ഔദ്യോഗികമായ നിഷേധംപോലും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്. ഏതായാലും, അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തി എന്ന ദുരുദ്ദേശ്യപരമായ വാര്‍ത്ത കൃത്രിമമായി ഉണ്ടാക്കിയ മാന്യ പത്രങ്ങളെ നമുക്ക് ഹരിശ്ചന്ദ്രപട്ടം കൊടുത്താദരിക്കാം. അങ്ങനെയൊരു വ്യാജവാര്‍ത്ത കണ്ടയുടനെ തിമിര്‍ത്താടിയ ചാനലുകളെയും അഭിനന്ദിക്കാം. സാധാരണ ഇത്തരമൊരു കള്ളം പുറത്തായാല്‍ ചെറിയ ജാള്യമെങ്കിലും മുഖത്തുണ്ടാകേണ്ടതാണ്. അതൊന്നും ഇവിടെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. റബര്‍, കാപ്പി പ്ളാന്റേഷന്‍പോലെ വാര്‍ത്താ പ്ളാന്റേഷനും നടത്തി ശീലിക്കുകയാണവര്‍. ഇത് പ്ളാന്‍ന്റേഷന്റെ കാലവുമാണല്ലോ.
ഗവര്‍ണറുടെ തീരുമാനം വരട്ടെ എന്നാണ് ഒരു ചാനലിലെ സിന്‍ഡിക്കറ്റ് പ്രതിനിധി ആവേശപൂര്‍വം പറയുന്നതുകേട്ടത്. സിബിഐ റിപ്പോര്‍ട്ടുവരട്ടെ, പ്രതിയാക്കപ്പെട്ടാല്‍ പിണറായിയെ അവസാനിപ്പിക്കും എന്ന വെല്ലുവിളി നേരത്തെ കേട്ടതാണ്; കേസിന്റെ എല്ലാ ഘട്ടത്തിലും അത് ആവര്‍ത്തിക്കപ്പെട്ടതുമാണ്. ഇങ്ങനെയുള്ള കോറസുകളാണ് നാടിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് എന്ന നില നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്നെങ്കിലും ചിന്തിക്കേണ്ടതുണ്ട്.
ഒരു പത്രസുഹൃത്ത് അഭിപ്രായപ്പെട്ടത്, സിപിഐ എം മാധ്യമങ്ങളോടുള്ള നയം മാറ്റണം; എങ്കിലേ രക്ഷയുള്ളൂ എന്നാണ്. നയം മാറ്റുകയെന്നാല്‍, ഇടയ്ക്കിടയ്ക്ക് വാര്‍ത്തകള്‍ വിളിച്ചുകൊടുക്കുക, രമേശ് ചെന്നിത്തലയുടെ ശൈലിയില്‍ പത്രസമ്മേളനത്തിന് മുമ്പും പിമ്പും ഇഷ്ടക്കാരായ ലേഖകരെ വിളിച്ച് കുശലം പറയുക, അഭിപ്രായങ്ങളാരായുക എന്നുതുടങ്ങി ഡിന്നര്‍രാഷ്ട്രീയംവരെ സിപിഐ എമ്മും പ്രയോഗിക്കണമെന്ന്. അങ്ങനെ ചെയ്താല്‍, കൂട്ടായ മാധ്യമ ആക്രമണത്തില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുമത്രേ. തയ്യാറായില്ലെങ്കില്‍ എഴുതിയും ചര്‍ച്ചചെയ്തും നാറ്റിച്ചു കളയുമെന്ന്! അങ്ങനെ നാറ്റിക്കാനുള്ള ശ്രമത്തിലൊന്നാണ് 'ഫോണ്‍ ചോര്‍ത്തല്‍' വാര്‍ത്ത. അടുത്തൂണ്‍ പറ്റിയിട്ടും മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യം തുടരാനായി കങ്കാണിപ്പണിയെടുക്കുന്നവര്‍ക്കും രാഷ്ട്രീയതിമിരം ബാധിച്ചവര്‍ക്കും ഉപജാപ-പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്കും ഇത്തരമൊരു രീതി കഴിയുമായിരിക്കും. പക്ഷേ, മാധ്യമ പ്രവര്‍ത്തകരില്‍ എല്ലാവരും അത്തരക്കാരാണെന്ന് കാണാനാവില്ല. മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ പരിമതികളുണ്ടെങ്കില്‍പ്പോലും ബദല്‍ശബ്ദം പതുക്കെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി വ്യാജവാര്‍ത്ത നിര്‍മിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താനുള്ള ആ ശ്രമങ്ങള്‍ക്കൊപ്പമാകും കേരളത്തിലെ ജനങ്ങള്‍.
Friday, April 3, 2009
ചോര മണക്കുന്ന വോട്ട്
മഅ്ദനി പറഞ്ഞത്, ഞാനിപ്പോള്‍ തീവ്രവാദിയല്ല, മുമ്പ് ചില തെറ്റുകള്‍ ചെയ്തിട്ടുണ്ട്; തിരുത്തുകയാണ്; പശ്ചാത്തപിക്കുകയാണ് എന്നാണ്. അതുപറഞ്ഞ മഅ്ദനി പിന്തുണയ്ക്കുന്നത് ഇടതുപഷത്തെയായിപ്പോയി. വിടാന്‍ പാടുണ്ടോ? മഅ്ദനി അങ്ങനെ മതനിരപേക്ഷ വാദിയാകാന്‍ പാടുണ്ടോ? ഹേയ്! വിടില്ല.
എന്‍ഡിഎഫ് ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. മുസ്ളിം ലീഗിന്റെ ഹൈക്കമാന്റ് ഇന്ന് എന്‍ഡിഎഫാണ്. ആയുധങ്ങളും പണവും ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യലും കൊടും ക്രൂരതകള്‍ കാണിക്കാനുള്ള പരിശീലനവുമെല്ലാം മുറയ്ക്ക് നടക്കുന്നു. പക്ഷേ എന്‍ഡിഎഫിനെതിരെ ഒരു മഹാ പത്രക്കാരനും വാര്‍ത്തയെഴുതില്ല. മാതൃഭൂമിക്കാരനും മനോരമക്കാരനും എന്‍ഡിഎഫ് എന്നുകേട്ടാല്‍ പെടുത്തുപോകും. ആ രണ്ടു പത്രങ്ങളില്‍ എന്നെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ എന്‍ഡിഎഫ് ഒരു വര്‍ഗീയ സംഘടനയാണെന്ന്? അവര്‍ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്‍ഡിഎഫിനെക്കുറിച്ച് ഒരു ഫീച്ചര്‍? ഇല്ല. അതിനുള്ള നട്ടെല്ലൊന്നും ഈ ധിക്കൃതശക്രപരാക്രമികള്‍ക്കില്ല.
ഇന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎഫ് പാപങ്ങള്‍ കഴുകിക്കളഞ്ഞോ? പത്തും പന്ത്രണ്ടും കൊല്ലം പഴക്കമുള്ള കീറക്കടലാസുകള്‍ പുതിയതാണെന്ന മട്ടില്‍ അരച്ചതുതന്നെ ഇടിച്ചുകൊണ്ടുള്ള അന്വേഷണാത്മകം ഒന്നാം താളില്‍ വിളമ്പിവെച്ച് കേമത്തം കാട്ടുന്ന മാന്യമഹാ പത്രങ്ങളേ, നിങ്ങള്‍ എന്‍ഡിഎഫിനെ എങ്ങനെ വിലയിരുത്തുന്നു? ധൈര്യമുണ്ടോ എന്‍ഡിഎഫ് നാട്ടില്‍ നടത്തിയ കൊലപാതകങ്ങളും അവരുടെ തീവ്രവാദ ബന്ധവും മലപ്പുറത്തെ സിനിമാക്കൊട്ടകകള്‍ കത്തിച്ചതും ബോംബുശേഖരിച്ചതുമടക്കമുള്ള വിവരങ്ങള്‍ അച്ചടിക്കാന്‍?
കേരളത്തിലെ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രശ്നം പരിശോധിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളെ പോഷിപ്പിക്കുയും സംരക്ഷിക്കുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ അവസരവാദ സമീപനങ്ങളാണ് അതില്‍ ആദ്യത്തേത്. കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍, മുസ്ളിം ലീഗിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം, വോട്ടുകച്ചവടങ്ങള്‍ എന്നിവയെല്ലാം ആ ഗണത്തില്‍ വരും.
സംഘപരിവാര്‍ കാലാകാലമായി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍, സംഘര്‍ഷ ശ്രമങ്ങള്‍, കേരളത്തിന് അന്യമായ വര്‍ഗീയ പ്രതീകങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍, ആരാധനാലയങ്ങളെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കല്‍, ആയുധ ശേഖരണം തുടങ്ങിയവയാണ് രണ്ടാമത്തെ ഇനം.
മൂന്നാമതായി ഇസ്ളാം മതത്തിന്റെ പേരുപറഞ്ഞ് തീര്‍ത്തും വര്‍ഗീയ അജണ്ടവെച്ച് ആളുകളെ സംഘടിപ്പിക്കുകയും ആര്‍എസ്എസിന് ബദല്‍ എന്ന നിലയില്‍ കായിക പരിശീലനവും ആയുധ ശേഖരണവും നടത്തുകയും സമൂഹത്തില്‍ പ്രാകൃത ആചാരങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഏതാനും സംഘടനകളാണ്.
ഈ മൂന്നു ഘടകങ്ങളും താന്താങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ഒരേ വഴിയിലെത്തുമ്പോഴാണ് കേരളത്തിന്റെ അന്തരീക്ഷത്തിന് സംഘര്‍ഷാത്മകത കൈവരുന്നത്. മൂന്നിന്റെയുംഹിസാത്മകമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്നു എന്ന കാരണമാണ് ഇടതുപക്ഷ ചേരിയെ ഇവരുടെ പൊതു ശത്രുവാക്കുന്നത്.
ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടുന്ന നിലയിലേക്ക് ന്യൂനപക്ഷ തീവ്രവാദവും പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൂട്ടക്കുരുതി ആസൂത്രണം ചെയ്യുന്നതിലേക്ക് സംഘപരിവാര്‍ ഭീകരതയും എത്തിച്ചേര്‍ന്നിരിക്കുന്നു. മാലെഗാവ്, മൊദാസ സ്ഫോടനങ്ങളുടെ അന്വേഷണ പുരോഗതിയും കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രാദികള്‍ കശ്മീരില്‍ ചെന്ന് പട്ടാളക്കാരോട് ഏറ്റുമുട്ടി മരിച്ചതിന്റെ വിശദാംശങ്ങളും വലിയ വിപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൊട്ടിപ്പുറത്തുവരാന്‍ വെമ്പല്‍കൊള്ളന്ന ലാവ നമ്മുടെയെല്ലാം കാല്‍ക്കീഴില്‍ തിളച്ചുമറിയുന്നു എന്ന സന്ദേശമാണ് ഈ സംഭവ വികാസങ്ങള്‍ നല്‍കുന്നത്.
കാശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍നിന്ന് കിട്ടിയത് വ്യാജമായി നിര്‍മിച്ച കേരള വിലാസമുള്ള ഒരു ഐഡന്ററ്റികാര്‍ഡുമാത്രമാണ്. ആ തുമ്പാണ് രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടെന്ന കണ്ടെത്തലിലേക്ക് കേരള പൊലീസിനെ നയിച്ചത്. നാലു മലയാളികളാണ് കേരളത്തില്‍നിന്ന് വണ്ടികയറി കുപ്വാരയില്‍ചെന്ന് നമ്മുടെ സുരക്ഷാസൈന്യത്തിനുനേരെ നിറയൊഴിച്ചത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മരിച്ചുവീണ അവരുടെ ജഡങ്ങള്‍ കാശ്മീരിന്റെ മണ്ണില്‍തന്നെ അടക്കം ചെയ്തിരിക്കുന്നു. സാധാരണ നിലയില്‍ 'അണ്‍എഡന്റിഫൈഡ് മിലിട്ടന്റ്സ്' എന്ന ലേബലില്‍ അവരുടെ അഥ അവിടെ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍, കാശ്മീരില്‍നിന്ന് അയച്ചുകിട്ടിയ വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്ന് കേരള പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഇന്നലെവരെ നമ്മുടെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരുന്നതും നാം മനസ്സിലാക്കാതിരുന്നതുമായ വലിയൊരധോലോകത്തിന്റെ വാതിലാണ് തുറക്കപ്പെട്ടത്.
കാശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ മതപരമല്ല. അതിര്‍ത്തിത്തര്‍ക്കം ആളിക്കത്തിക്കാനും നാട്വെട്ടിപ്പിടിക്കാനുമായി മതത്തെ ദുരുപയോഗപ്പെടുത്തലാണത്. ഇന്ത്യയുടെ കൈവശമുള്ള മഞ്ഞുമലനിരകള്‍ പാകിസ്ഥാന്റെ കയ്യിലെത്തുന്നതിലോ കാശ്മീര്‍ ഒരു പ്രത്യേക രാജ്യമാകുന്നതിലോ മതത്തിന് യാതൊരു കാര്യവുമില്ല. അധികാരക്കൊതിയുടെയും വെട്ടിപ്പിടുത്തത്തിന്റെയും എളുപ്പവഴിയില്‍ മതത്തെ വ്യഭിചരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ദല്ലാള്‍ പണിയായി, കാശ്മീരിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്ന പരിപാടി മാറുന്നത് അതുകൊണ്ടാണ്. രാജ്യദ്രോഹമെന്നല്ല, അതിനേക്കാള്‍ നികൃഷ്ടമായ തൊഴിലെന്നാണ് ഇതിനെ വിളിക്കാനാവുക. അത്തരം റിക്രൂട്ട്മെന്റുകള്‍ കേരളത്തില്‍ നടക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മെ ഞെട്ടിപ്പിക്കുക മാത്രമല്ല, അതിന്നെതിരായി ആഞ്ഞടിക്കാന്‍ ആവശ്യപ്പെടുക കൂടി ചെയ്യുന്നു.
അവരെ റിക്രൂട്ട് ചെയ്തവരോടോ ഭീകര പരിശീലനം നല്‍കിയവരോടോ കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രോഷപ്പെട്ടുകാണുന്നില്ല. 'ഇസ്ളാമിക ഭീകരത' എന്ന് അലമുറയിടുന്ന സംഘപരിവാരത്തിന്റെ പ്രതികരണങ്ങളും ആ വഴിക്കല്ലപോകുന്നത്. ഇരുകുട്ടര്‍ക്കും എന്‍ഡിഎഫ് എന്ന പേരുപോലും ഉച്ചരിക്കാന്‍ ധൈര്യമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനോടും പൊലീസിനോടും സര്‍ക്കാരിനെ നയിക്കുന്ന സിപിഐ എമ്മിനോടുമാണ് അവരുടെ എതിര്‍പ്പ് നുരഞ്ഞുപൊങ്ങുന്നത്! എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് കേരള പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
നാലു ചെറുപ്പക്കാരെ തീവ്രവാദികളാക്കി കൊണ്ടുപോയി കൊല്ലിച്ച കേസില്‍ എന്‍ഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകന്‍ അറസ്റിലായി. പല നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. അതൊന്നും കാണാതെ, നിലവില്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് ഒരു സൂചനയുമില്ലാത്ത ചിലര്‍ക്കുനേരെ, അവര്‍ സ്വന്തം ചേരിയിലല്ല എന്ന ഒറ്റക്കാരണംകൊണ്ട് കോണ്‍ഗ്രസും കുതിരകയറുന്നതാണ് കാണാനാകുന്നത്. സംഘപരിവാറും അത്തരമൊരിരട്ടത്താപ്പുമായി രംഗത്തുണ്ട്.
2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലായിരുന്നില്ല. നായനാര്‍ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വഴി നടത്തിയ ജംബോക്യാമ്പയിന്റെ സഹായംകൊണ്ടോ സര്‍ക്കാരിനെതിരായ നിഷേധവോട്ടുകളുടെ ആനുകൂല്യത്തിഗലാ ഉറപ്പായ ജയം സാധ്യമല്ലെന്നുകണ്ടപ്പോള്‍ സകലവിധ ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും കൂട്ടുമുന്നണിയാണ് യുഡിഎഫ് ഉണ്ടാക്കിയത്. അതിനു പുറമെ ബിജെപിയുടെ വോട്ട് കരാറുറപ്പിച്ച് വിലയ്ക്ക് വാങ്ങുകയും ചെയ്തു. മുസ്ളിം ലീഗും ബിജെപിയും ഇസ്ളാമിക തീവ്രവാദികളുമെല്ലാം യുഡിഎഫിന്റെ ബാനറില്‍ ഒന്നിച്ചുനിന്ന് വോട്ടുതേടുന്ന കാഴ്ചയാണ് ആ തെരഞ്ഞെടുപ്പിന്‍െ വ്യത്യസ്തമാക്കിയത്.
മുസ്ളിങ്ങളുടെ വികാരം സിപിഐ എമ്മിനെതിരെ ആളിക്കത്തിക്കാന്‍ നാദാപുരത്തെ ഒരു സാധുസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി കള്ളക്കഥയുണ്ടാക്കി. ആ യുവതിയെ മാര്‍ക്സിസ്റ്റുകാര്‍ സംഘംചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് പറയുക മാത്രമല്ല, ബലാത്സംഗകഥ സങ്കല്‍പത്തില്‍ മെനഞ്ഞ് വികാരോദ്ധീപകമായി കവലപ്രസംഗങ്ങളിലൂടെയും കാസെറ്റുകളിലൂടെയും ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത്, തലശ്ശേരിയിലെ സംഘര്‍ഷസ്ഥിതി സിപിഐ എമ്മിന്റെ ഹിന്ദു വിരോധമായി ചിത്രീകരിക്കാന്‍ ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നു. അതിനകംതന്നെ ക്രൈസ്തവരില്‍ ഭൂരിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും ചാനലിലൂടെ സ്വായത്തമാക്കാനും യുഡിഎഫ് നേതൃത്വം ശ്രദ്ധിച്ചിരുന്നു. പോരാഞ്ഞ് സമദൂരം പറയുന്നവരും അല്ലാത്തവരുമായ ജാതിസംഘടനകളെയും ഒപ്പം നിര്‍ത്തി. ചുരുക്കത്തില്‍ കേരളം കണ്ട ഏറ്റവും വലുതും വിചിത്രവുമായ ഒരു രാഷ്ട്രീയ-വര്‍ഗീയ-സങ്കുചിത കൂട്ടുകെട്ടായിരുന്നു 2001ലെ യുഡിഎഫ്.
മതത്തിന്റെ പേരില്‍ വര്‍ഗീയവാദികളുടെ തുറന്ന പിന്തുണ തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ചതിന്റെ പ്രത്യുപകാരമായി നിയമംലംഘിച്ച് എന്തുംചെയ്യാനുളള അവകാശം വര്‍ഗീയശക്തികള്‍ക്കു നല്‍കിയത് ആ യുഡിഎഫ് ഭരണമാണ്. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലത്തില്‍ കേരളത്തില്‍ 121 വര്‍ഗീയസംഘട്ടനങ്ങളാണുണ്ടായത്. അവയില്‍ 18പേര്‍ കൊല്ലപ്പെട്ടു.
ഭരണം നിലവില്‍വരവന്‍ തങ്ങളും കാതരണക്കാരാണ് എന്ന അവകാശബോധത്തോടെ വര്‍ഗീയശക്തികള്‍ യുഡിഎഫ് ഭരണത്തില്‍ അഴിഞ്ഞാടിയതിന്റെ ചിത്രമാണിത്. 2001ല്‍ യുഡിഎഫ് ഭരണമേറ്റതുമുതല്‍ 2006 ജനുവരി 15 വരെനടന്ന ആര്‍എസ്എസ് ആക്രമണങ്ങളുടെ എണ്ണം 306 ആണ്. ഇതില്‍ കൊല്ലപ്പെട്ടത് അഞ്ചു സിപിഐ എം പ്രവര്‍ത്തകരും ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകനുമാണ്. വര്‍ഗീയശക്തികളുടെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യം സിപിഐ എം ആണെന്നു തെളിയുന്ന കണക്കാണ് ഇത്. ഒരുഭാഗത്ത് ആര്‍എസ്എസിന്റെ വോട്ട് വിലകൊടുത്തും അല്ലാതെയും വാങ്ങുന്നു; മറുവശത്ത് ന്യൂനപക്ഷവര്‍ഗീയത കുത്തിയിളക്കി ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴിക്കാനുള്ള ശ്രമത്തില്‍ മുഴുകുന്നു- ഇതാണ് എക്കാലത്തെയും യുഡിഎഫ് നയം.
എല്ലാ വര്‍ഗീയതകളെയും പ്രീണിപ്പിച്ച ഭരണമെന്ന് സംശയരഹിതമായി പറയാവുന്നത് 2001ലെ യുഡിഎഫ് മന്ത്രിസഭയെ ചൂണ്ടിയായിരുന്നു. ത്രിശൂല വിതരണം അനുവദിച്ചും പ്രവീണ്‍ തൊഗാഡിയക്ക് പരവതാനി വിരിച്ചും വൈദികനെ കൊന്നെന്ന് പൊലീസ് തെളിയിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ചും സംഘപരിവാറിനെ പ്രീണിപ്പിച്ചും വിവിധ കേസുകളില്‍നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കിയും മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്കാളിത്തം മറച്ചുവച്ചും എല്ലാ ജാതിമത വര്‍ഗീയ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതംവച്ചും ഇതര വര്‍ഗീയവാദികള്‍ക്കും സംരക്ഷണം നല്‍കി.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 4.84 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നും അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ടു ലഭിച്ചിരുന്നെന്നും ബിജെപിയില്‍നിന്ന് ചോര്‍ന്ന വോട്ട് കോണ്‍ഗ്രസ് വിലയ്ക്കുവാങ്ങിയതാണെന്നും ഉമ്മന്‍ചാണ്ടി മറന്നാലും കേരളീയര്‍ക്ക് മറക്കാനാകില്ല. അത്തരമൊരവസ്ഥയെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും.
കളമശേരിയില്‍ ബസ് കത്തിച്ചത് 2005 സെപത്ംബര്‍ ഒമ്പതിനാണ്. ഇപ്പോള്‍ ആ കേസിന്റെ പേരില അമറുകയും കുരയ്ക്കുകയും ചെയ്യുന്നവര്‍ അന്ന് ാഭ്യന്തര മന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന കാര്യം മറന്നുപോകുന്നു. കോഴിക്കോട് ഗ്രീന്‍വാലി ഫൌണ്ടേഷനില്‍ സ്ഫോടനമുണ്ടായതും മാറാട് കലാപങ്ങളുണ്ടായതും യുഡിഎഫ് ഭരിക്കുമ്പോഴാണ്. ഇന്ന് എന്‍ഡിഎഫിന്റെ പേരുപോലും പറയാന്‍ മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനിക്കാന്‍ വലിയ ബുദ്ധിശക്തിയും ഭാവനാവിലാസവുമൊന്നും വേണ്ടതില്ല.
രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വേലിയേറ്റം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെന്ന ശരിയായ കാഴ്ചപ്പാടുവച്ച് പ്രശ്നങ്ങളെ സമീപിച്ചാലേ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശരിയായി വിലയിരുത്താനാകൂ. ഭീകരവാദം ഏതെങ്കിലുമൊരു മതത്തിനുമേല്‍ ചുമത്തനാവില്ല. 2004 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 25 വമ്പന്‍ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. 717 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഭീകരവാദവും വര്‍ഗീയതയും അന്യോന്യം ശക്തിപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ടു വശമാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ളിംയുവാക്കളെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നതിന്റെയും നിരപരാധികളെ പൊലീസ് കസ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും നിരവധി വാര്‍ത്ത വരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഡല്‍ഹിയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ അങ്ങനെ ആരും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂട്ടായ പരിശ്രമം മുസ്ളിം സമുദായത്തിനകത്തുതന്നെ ശക്തമായി ഉയരുന്നുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമായാണ്, കശ്മീരില്‍ കൊല്ലപ്പെട്ട മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും അതുകൊണ്ടുതന്നെ അവന്റെ മൃതദേഹം തനിക്കുകാണേണ്ടെന്നും പെറ്റുമ്മ പറഞ്ഞതിനെ വിലയിരുത്തേണ്ടത്.
ഭീകരാക്രമണങ്ങളുടെ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ്- ബിജെപി- വിഎച്ച്പി- ബജ്രംഗ്ദള്‍ സഖ്യം നടത്തുന്ന ശ്രമങ്ങളെയും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ ആ വികാരം ഏകോപിപ്പിച്ച് സുശക്തമായ മതനിരപേക്ഷ മുന്നേറ്റം സൃഷ്ടിക്കുകയാണ് സുപ്രധാനവും പ്രസക്തവുമായ കര്‍ത്തവ്യം.
മഅ്ദനിയുടെ കുമ്പസാരത്തെ പുച്ഛിക്കുന്നവര്‍, കൊലപാതകങ്ങളില്‍ അഭിരമിക്കുന്ന എന്‍ഡിഎഫിനെയും അതിന്റെ മറുവശത്തുനില്‍ക്കുന്ന ഭീകരരൂപിയായ ആര്‍എസ്എസിനെയും തൊടാതിരിക്കുമ്പോള്‍, അതുതന്നെ നല്ലകാര്യമെന്നുറപ്പിച്ച് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന മണുങ്ങൂസുകളാണ് കേരളീയരെന്ന് വല്ലവരും കരുതിപ്പോയിട്ടുണ്ടെങ്കില്‍, അതിനുള്ള മറുപടി വരുന്നുണ്ട്-മെയ് പതിനാറിന്്. അന്നേരവും നിങ്ങള്‍ മഅ്നദി, ലാവലിന്‍ എന്നെല്ലാം പറഞ്ഞ് ചിണുങ്ങിക്കൊണ്ടിരിക്കുക!
Thursday, April 2, 2009
നന്ദി, മാതൃഭൂമി,നന്ദി
ഒരു മാര്‍ക്സിസ്റ്റുകാരന്റെ ആത്മഗതം
ലാവലിന്‍ വിഷയം തെരഞ്ഞെടുപ്പുചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ മാതൃഭൂമി കാണിക്കുന്ന പിടച്ചില്‍ രസാവഹമാണ്. ഇവര്‍ക്ക് വായനക്കാരെ ഒട്ടും മതിപ്പില്ലെന്ന് തോന്നുന്നു. പ്രകടമായ ആക്രാന്തം കണ്ടാല്‍ വായനക്കാര്‍ തിരിച്ചറിയുമെന്നും അത് പത്രത്തിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നുമുള്ള ചിന്ത അവര്‍ക്കില്ല എന്നുതന്നെ കരുതണം.
ഈയൊരു തെരഞ്ഞെടുപ്പോടെ ലോകം അവസാനിക്കുമെന്നോ വീന്ദ്രേകുമാറിന്റെ പകയും കൌശലവുമാകുന്ന മാലിന്യം ചുമന്നുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നോ കരുതിപ്പോയ അല്‍പബുദ്ധികളുടെ അഭ്യാസപ്രകടനമാണ് നടക്കുന്നത്.
വഴിനടക്കുമ്പോള്‍ ഉടുമുണ്ടഴിഞ്ഞുപോയത് അറിയാത്ത പാവങ്ങള്‍. അതുകണ്ട് ജനം വാപൊത്തിച്ചിരിക്കുന്നത് പ്രോത്സാഹനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.
പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'.'ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ' എന്നാണ് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്ക്കകത്ത് ഒരിടത്തും കാണുന്നില്ല, സാമ്പത്തിക ലാഭത്തിനോ, വഴിവിട്ട എന്തെങ്കിലും ആനുകൂല്യത്തിനോ വേണ്ടി പിണറായി എന്തെങ്കിലും ചെയ്തുവെന്ന്.
സ്വന്തം പ്രദേശത്ത്(മലബാറില്‍) ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നാഗ്രഹിച്ച 'മഹാപരാധം' അഴിമതിയുടെ ഗണത്തില്‍ വരുമോ?
എവിടെ 374 കോടിയുടെ അഴിമതി?
പിണറായി ഒരു നയാപൈസയുടെ ക്രമക്കേടു നടത്തി എന്ന് സിബിഐ എവിടെ കണ്ടെത്തി?
മാതൃഭൂമി നിരത്തിയ പന്ത്രണ്ട് കുറ്റാരോപണങ്ങള്‍ നോക്കുക:
"12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.
2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന് നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്.
4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ് കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.
6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക് 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന് സഹായധനമായി ലഭിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന് പറയുന്നുണ്ട്.
8. എസ്.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ് ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന് അയച്ച കത്തില്‍ 103 കോടി രൂപയാണ് കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.
9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച് എസ്.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.
11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന് കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത് മറച്ചുവെച്ചത് കുറ്റകരമാണ്.
12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന് ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന് അത് ഒഴിവാക്കിയത് മനഃപൂര്‍വമാണ്. നവീകരണ പദ്ധതിയുമായി ഇത് പിന്നീട് ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. "
(ഈ പറയുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ലാവലിന്റെ കാണാപ്പുറങ്ങള്‍ prabha varma തയ്യാറാക്കിയത് ഇവിടെ കാണുക. )
ഒരു മഹാപരാധവും ഒരിടത്തും കാണുന്നില്ല. ഒരഴിമതിയും കാണുന്നില്ല. സാങ്കേതികമായ, വൈദ്യുതിബോഡും സര്‍ക്കാരും മറുപടി പറഞ്ഞുകഴിഞ്ഞ കുറെ കാര്യങ്ങള്‍ മാത്രം.r ഇതുകണ്ടാല്‍ ആര്‍ക്കാണ് സംശയമുണ്ടാവുക സംഗതി ചീറ്റിപ്പോയി എന്നതില്‍? ഈ ദുര്‍ബലവാദങ്ങളും വെച്ചാണോ നിങ്ങള്‍ പിണറായി വിജയനെ പിടിക്കാന്‍ നടക്കുന്നത്?
എങ്കില്‍, സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ ഏതു വിദേശ കരാറാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള സന്നദ്ധതയും കാണിക്കണം.
ഒരു വൈദ്യുതി പദ്ധതി നവീകരണ കരാര്‍ നടപ്പാക്കുന്നതിന്റെ ഘട്ടത്തില്‍, ചുരുങ്ങിയ കാലം മന്ത്രിക്കസേരയിലിരുന്നതുകൊണ്ട്, പിടിക്കപ്പെടാനും തകര്‍ക്കപ്പെടാനുമുള്ളതാണ് പിണറായി വിജയനെപ്പോലൊരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എന്ന് ചിന്തിക്കാനും ആ ചിന്തയ്ക്കനുസരിച്ച് അനുചരന്‍മാരെ തുള്ളിക്കാനും നടക്കുന്ന സ്വപ്നജീവികള്‍ക്കുവേണ്ടി ആളിക്കത്താനുള്ളതാണല്ലോ മാതൃഭൂമിയിലെ എക്സ്റ്റന്‍ഷന്‍ വാങ്ങികളും തൊമ്മികളുമായ സുഹൃത്തുക്കളേ നിങ്ങളുടെ ജീവിതം എന്നോര്‍ത്ത് അല്‍പം സങ്കടപ്പെടട്ടെ. ഈ ബ്ളോഗില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുണ്ട്. 'അപ്പനില്ലാത്ത നോട്ടീസ്' എന്ന പേരില്‍. അതില്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.
എന്തായാലും മാതൃഭുമിക്ക് നന്ദി പറയാം. അവസാനം എതിര്‍ക്കാന്‍ വേണ്ടിയെന്കിലും അവര്‍സംഗതിയുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ.