Tuesday, December 18, 2012

കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍

"അതേസമയം, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറയാത്ത കാര്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോടതി വിമര്‍ശിച്ചു" എന്ന് മനോരമ ഓണ്‍ലൈനില്‍ "ലാവ് ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജിയില്‍ 24ന് വിധിപറയും" എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്തയില്‍ കാണുന്നു. എസ്എന്‍സി ലാവ് ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം മാധ്യമങ്ങള്‍ കോടതിയുടെ നിരീക്ഷണമാക്കി അവതരിപ്പിച്ചതിനെപ്പറ്റിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തുറന്ന വിമര്‍ശമുന്നയിച്ചത്. തുറന്ന കോടതിമുറിയിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കാണുമ്പോള്‍ ന്യായാധിപന്മാര്‍ അമ്പരന്നുപോകുന്ന അവസ്ഥ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല മലയാള മനോരമ പത്രവും കോടതി നടപടി തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍, ലാവ് ലിന്‍ കമ്പനിക്കും അതിന്റെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമുള്ള പതിവു പല്ലവിയാണ് അന്ന് സിബിഐ നിരത്തിയത്. പിണറായി വിജയന്‍ കേസില്‍ ഹാജരാകുന്നില്ലെന്നും അതുകൊണ്ട് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. ആ വാദം ഖണ്ഡിച്ച കോടതി, വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. അത് മൂടിവച്ച് സിബിഐയുടെ വാദം കോടതിയുടെ നിരീക്ഷണമാക്കി ചിത്രീകരിച്ച് "ലാവ്ലിന്‍ വിവാദം" കൊഴുപ്പിക്കാന്‍ സംഘടിതമായി നടത്തിയ മാധ്യമശ്രമമാണ് കോടതിയെ അമ്പരപ്പിച്ചതും പരസ്യമായ അഭിപ്രായപ്രകടനത്തിലേക്ക് നയിച്ചതും.

മാധ്യമങ്ങള്‍ വ്യക്തമായ താല്‍പ്പര്യങ്ങളും അജന്‍ഡകളും വാര്‍ത്തകളില്‍ പ്രയോഗിക്കുമ്പോള്‍ കോടതികള്‍ പോലും തെറ്റായ നിഗമനങ്ങളിലേക്കും തീര്‍പ്പുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. പൊതുസമൂഹത്തില്‍ അയഥാര്‍ഥമായ സൂചനകളും ചിത്രങ്ങളും സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് ഇത്തരം മാധ്യമ ഇടപെടലുകള്‍. കോടതിയെ എങ്ങനെ മാധ്യമങ്ങള്‍ കാണുന്നു; കോടതികള്‍ എങ്ങനെ മാധ്യമങ്ങളെ സമീപിക്കുന്നു എന്ന ചര്‍ച്ച സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഏതാനും മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പൊലീസിന്റെയും സര്‍ക്കാരിന്റെയും പരിപൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ടായിരുന്നു. സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത ഫോണില്‍ നിന്ന്, സഹപ്രവര്‍ത്തകരെ വിളിക്കുന്നതിനേക്കാള്‍ ആവേശത്തോടെ ഏതാനും മാധ്യമപ്രവര്‍ത്തകരോടാണ് ഒരു പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് "ദേശാഭിമാനി"യാണ്. കുറ്റം ചെയ്ത പൊലീസുകാരനെയും നിയമവിരുദ്ധമായി അയാളില്‍ നിന്നു ലഭിക്കുന്ന അര്‍ധസത്യവും അസത്യവും തുടരെ വായനക്കാര്‍ക്കു വിളമ്പിയ മാധ്യമങ്ങളെയും മഹത്വപ്പെടുത്താനും സത്യസന്ധമായ വാര്‍ത്ത എഴുതിയ "ദേശാഭിമാനി"യെ പ്രതിക്കൂട്ടിലെത്തിക്കാനുമാണ് അന്ന് സര്‍ക്കാര്‍ തയ്യാറായത്.

യുഡിഎഫ്- മാധ്യമ കൂട്ടുകെട്ട് നീതിന്യായവ്യവസ്ഥയ്ക്കും അതിന്റെ തീര്‍പ്പുകള്‍ക്കുമുള്ള അച്ചുകള്‍ നിര്‍മിച്ചു നല്‍കുകയാണ്. ന്യായാധിപന്മാര്‍ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരാണ്. മുന്നിലെത്തുന്ന തെളിവുകള്‍ക്കൊപ്പം അനുനിമിഷം മനസ്സിലേക്ക് കുത്തിത്തിരുകപ്പെടുന്ന ഏകപക്ഷീയമായ വാര്‍ത്തകളും അവരുടെ തീര്‍പ്പുകളെ സ്വാധീനിച്ചെന്ന് വരാം. ആ സാധ്യത സമര്‍ഥമായി ഉപയോഗിക്കാനുള്ളതാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും കണ്ണൂരില്‍ അരിയിലെ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും ഉണ്ടായ മാധ്യമ ഇടപെടലുകള്‍. തുറന്ന കോടതിയില്‍ ന്യായാധിപന്‍ പറയാത്ത കാര്യങ്ങള്‍ "വിശ്വസനീയമാംവണ്ണം" റിപ്പോര്‍ട്ട് ചെയ്ത് ന്യായാധിപനെത്തന്നെ അമ്പരപ്പിച്ച മാധ്യമങ്ങള്‍ക്ക് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നത് കൂടുതല്‍ എളുപ്പമാകും. ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ, ചോദ്യംചെയ്യപ്പെടുന്നതും വെല്ലുവിളിക്കപ്പെടുന്നതും സമൂഹത്തിന്റെ നീതിബോധവും വിവേകബുദ്ധിയുമാണെന്ന് വലതുപക്ഷ മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അതിന്റെ ആത്യന്തികമായ അപകടത്തെ കുറിച്ച് അവര്‍ ബോധവാന്മാരല്ല.

ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ട്ടി കോടതി" എന്ന പ്രയോഗം കൊണ്ടുവന്നത് മനോരമ, മാതൃഭൂമി പത്രങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ചേര്‍ന്നാണ്. ഒരു സംഘര്‍ഷത്തിനിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ "ആസൂത്രിത കൊലപാതക"മാക്കി മാറ്റാനുള്ള രാസപ്രവര്‍ത്തനം നടന്നത് മാധ്യമ- യുഡിഎഫ് ഗവേഷണശാലയിലാണ്. അങ്ങനെ ചെയ്തിട്ടും സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ കുരുക്കാനാകില്ലെന്ന് വന്നപ്പോള്‍, അവിശ്വസനീയമായ കാപട്യത്തിന്റെ വഴിയിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ നയിച്ചു. അങ്ങനെയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷും പ്രതിപ്പട്ടികയിലെത്തിയത്. അവര്‍ ഇരുവരെയും പെടുത്താന്‍ പൊലീസ് കൊണ്ടുവന്നത് രണ്ടു കള്ളസാക്ഷികളെയാണ്. സര്‍സയ്യിദ് ഹൈസ്കൂളിലെ പ്യൂണ്‍ കപ്പാലത്തെ പഴയപുരയില്‍ അബു, കേയീസാഹിബ് കോളേജ് പ്യൂണ്‍ അള്ളാംകുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ.

ഫെബ്രുവരി 20നു തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വാതില്‍ പകുതി തുറന്നുവച്ച് സിപിഐ എം അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടെന്ന് ഇവര്‍ നല്‍കിയ മൊഴിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും തുറുങ്കിലടയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആധാരമാക്കിയ "തെളിവ്". ആ ഫോണ്‍ സംഭാഷണം ഇരുനേതാക്കളും കേട്ടിട്ടുണ്ടാകുമെന്നും അങ്ങനെ കേട്ടിട്ടും ഒന്നും ചെയ്യാത്തത് അപരാധമെന്നും കേസ്. ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചേ തീരൂ എന്ന് പൊലീസിന്റെ വാശി. അറസ്റ്റിന് ന്യായീകരണവുമായി മാധ്യമങ്ങള്‍ രംഗത്തുവന്നു. കുറ്റാരോപണത്തിലെ യുക്തിഹീനതയല്ല, അറസ്റ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതാണ് വമ്പന്‍ വാര്‍ത്തയായത്്- സിപിഐ എമ്മിന്റെ "അപരാധ"മായത്. ജയരാജന് ജാമ്യം നിഷേധിക്കാന്‍ കാരണം പോലുമായത്.

ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്. തീര്‍ച്ചയായും, നേതാക്കളെ അന്യായമായി കേസില്‍ കുരുക്കി ജയിലിലടയ്ക്കാന്‍ സാഹചര്യമൊരുക്കിയ വാര്‍ത്താ ഭാവനകളുടെ സ്രഷ്ടാക്കളും അതില്‍ ഭ്രമിച്ചുപോയവരുമാകെ ഉത്തരം പറയേണ്ട പ്രശ്നങ്ങളാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

ഷുക്കൂര്‍ കേസുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു വിഷയവും സൂചിപ്പിക്കേണ്ടതുണ്ട്. ആ കേസില്‍ സിപിഐ എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുന്നതിനായി പൊലീസ് പ്രയോഗിച്ച മൂന്നാം മുറയ്ക്കെതിരായി വന്ന കോടതി ഇടപെടലാണത്. കെ വി സുമേഷ് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷനിലാണ് പ്രാകൃതമായ മൂന്നാം മുറയ്ക്ക് ഇരയാക്കിയത്. മെയ് 31നു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സുമേഷിനെ മൂന്നു ദിവസത്തിനുശേഷമാണ് ജയിലില്‍ എത്തിച്ചത്. അതുവരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. അവിടെ, സുമേഷിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കുത്തിക്കയറ്റിയതടക്കമുള്ള മര്‍ദനമുറകള്‍ അരങ്ങേറി. പരാതികളും വാര്‍ത്തകളും യുഡിഎഫ് സര്‍ക്കാരും പൊലീസും വലതുപക്ഷ മാധ്യമങ്ങളും പൂഴ്ത്തിവച്ചു. "മലദ്വാരത്തില്‍ കമ്പി കയറ്റിയ" പൊലീസിനെ കുറിച്ചുള്ള പരാതിയെയും പരാമര്‍ശങ്ങളെയും ക്രൂരമായി പരിഹസിച്ചു തള്ളി. ഇപ്പോഴിതാ, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കെ വി സുമേഷ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിക്കുകയും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നു. പരിക്കുപറ്റിയത് പൊലീസില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണെന്ന് മജിസ്ട്രേട്ട് ചോദിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ച കോടതി മൂന്നാം മുറ നടന്നെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. മര്‍ദകവീരന്മാരായ ഉദ്യോഗസ്ഥര്‍ ഇനി വിചാരണ നേരിടണം.

വലതുപക്ഷ മാധ്യമങ്ങളുടെയും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെയും ആസൂത്രിതപ്രവര്‍ത്തനത്തിലൂടെ നീതിന്യായസംവിധാനത്തെ "വളച്ചൊടിക്കാന്‍" കഴിയുന്നില്ലെന്നതിന്റെ സൂചനകളാണ് ഇത്. എന്നാല്‍, കോടതികളെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനുള്ള ആഗ്രഹത്തിനും പ്രയത്നത്തിനും അവര്‍ അവധി കൊടുക്കുന്നില്ല. കണ്ണൂരിലെ കെ ടി ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണ തീരുമാനം അത്തരത്തിലൊന്നാണ്. സുപ്രീംകോടതി തീര്‍പ്പാക്കിയ കേസ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുത്തിപ്പൊക്കുന്നതിനു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കേസില്‍ പിടിയിലായ ഒരാള്‍ പൊലീസിനോട് പറഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന ചില കാര്യങ്ങളാണ്. അതുവച്ച് പുനരന്വേഷണം, മാധ്യമവാര്‍ത്തകള്‍, പുതിയ പ്രതികളെ കണ്ടെത്തല്‍.

വിചാരണക്കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ച കേസാണ് ജയകൃഷ്ണന്‍ വധം. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വധശിക്ഷ ഇളവുചെയ്യപ്പെട്ടതും നാലുപേര്‍ വിട്ടയക്കപ്പെട്ടതും. അഞ്ചുപേര്‍ക്ക് കൂട്ട വധശിക്ഷ ലഭിച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ നല്‍കിയ സാക്ഷിമൊഴിയുടെ ബലത്തിലാണെന്ന് അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ഇപ്പോള്‍ പുനരന്വേഷണം വരുമ്പോള്‍, ആ പിഞ്ചുകുഞ്ഞുങ്ങളുടെ മൊഴി തെറ്റായിരുന്നെന്ന് വരുന്നു. പ്രതിക്ക് ശിക്ഷ വിധിക്കാന്‍ പാകത്തില്‍ വ്യാജ മൊഴി കോടതിയില്‍ നല്‍കിയവര്‍ക്ക്, പ്രതിക്ക് വിധിച്ച അതേ ശിക്ഷ ലഭിക്കാന്‍ പോലും അര്‍ഹതയുണ്ടെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേകത. കോടതിയുടെ തീര്‍പ്പുകളും സാക്ഷിമൊഴികളുടെ വിശ്വാസ്യതയുമാകെ തകര്‍ക്കാന്‍ ഒരാള്‍ നല്‍കിയെന്ന് ഉറപ്പില്ലാത്ത മൊഴി മതിയെന്നത് അപകടമായ കീഴ്വഴക്കമായി മാറും. പരമോന്നത കോടതിയുടേത് ഉള്‍പ്പെടെയുള്ള തീര്‍പ്പുകള്‍ക്ക് തുരങ്കംവയ്ക്കാന്‍, പൊലീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൊഴി മതിയെങ്കില്‍, ഇന്നു നടക്കുന്ന നിയമവ്യവഹാരങ്ങളാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടും. അന്വേഷണവും വിചാരണയും ശിക്ഷാവിധിയും പൂര്‍ത്തിയായ ഏതു കേസും അതതു ഘട്ടത്തിലെ ഭരണാധികാരികളുടെ ഇച്ഛയ്ക്കും രാഷ്ട്രീയ താല്‍പ്പര്യത്തിനും അനുസരിച്ച് പുനരന്വേഷിക്കപ്പെടാം. അങ്ങനെ വന്നാല്‍, കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണു   വധക്കേസിലെ കൂട്ടുപ്രതി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ കെ സുധാകരനെ കല്‍ത്തുറുങ്കിലേക്ക് നയിക്കും. കേസുകള്‍ ഒന്നില്‍ ഒതുങ്ങുകയുമില്ല. ആര്‍ക്കും എപ്പോഴും "വെളിപ്പെടുത്തല്‍ താര"മാകാം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്, സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു കേസ് വേണം. ടി പി ചന്ദ്രശേഖരന്‍ കേസിന്റെ ആഘോഷം പുതിയ പരീക്ഷണങ്ങളിലേക്ക് അവരെ നയിക്കുകയാണ്്. ഈ പ്രവണത, നീതിന്യായവ്യവസ്ഥയുടെയും ഭരണസംവിധാനത്തിന്റെയും പച്ചയായ ദുരുപയോഗമായി തിരിച്ചറിയപ്പെടുന്നുണ്ട്. അത് എക്കാലത്തേക്കും അപകടമാണ്. മാധ്യമങ്ങള്‍ മൂടിവച്ചതുകൊണ്ട് അത്തരം നീക്കം തിരിച്ചറിയപ്പെടാതിരിക്കില്ലെന്നാണ്, സമീപനാളുകളിലെ കോടതി ഇടപെടലുകളില്‍ ചിലതെങ്കിലും തെളിയിക്കുന്നത്.

1 comment:

manoj pm said...

ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്.