Friday, August 6, 2010

യുഡിഎഫിന്റെ അട്ടപ്പാടി നയം

അട്ടപ്പാടിയില്‍ ഭൂപ്രശ്നം പറഞ്ഞ് യുഡിഎഫ് നടത്തുന്ന സമരത്തില്‍ കെ എം മാണി പങ്കെടുക്കുമോ? വീരേന്ദ്രകുമാറിനെ പങ്കെടുപ്പിക്കുമോ? കര്‍ഷകസ്നേഹമാണ് കെ എം മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയായ കേരള കോഗ്രസിന്റെയും മുഖത്തെഴുതിവച്ച മന്ത്രം. അട്ടപ്പാടിയില്‍ കര്‍ഷകര്‍ക്ക് നിയമപ്രകാരം ഭൂമിയില്‍ ലഭിച്ച അവകാശം എടുത്തുകളയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. അഞ്ചേക്കര്‍ വരെയുള്ളതും 1986നുമുമ്പില്‍ സ്വന്തം പേരിലുള്ളതുമായ ഭൂമി പിടിച്ചെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ മാണിയുടെ കര്‍ഷകസ്നേഹം പൊളിയുമെന്നുമാത്രമല്ല; എം പി വീരേന്ദ്രകുമാര്‍ എന്ന വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കൈയേറ്റക്കാരന്‍ യുഡിഎഫ് വിടേണ്ടിയുംവരും.

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. ആദിവാസികള്‍ക്ക് ഭൂമിയും കൃഷിക്കാര്‍ക്ക് സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നു പാസാക്കിയ ആ നിയമം.

അട്ടപ്പാടിയില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഭൂമിപ്രശ്നം ആ നിയമത്തിന്റെ അപാകതകൊണ്ട് ഉണ്ടായതല്ല. അവിടെ ഒരു കമ്പനി കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. നിയമാനുസൃതമുള്ള അനുമതി വാങ്ങിയാണ് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയത്. ആ കമ്പനി ഏറ്റെടുത്ത ഭൂമി സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. നിലനില്‍ക്കുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കാവുന്നതാണ്. 27 കാറ്റാടികളില്‍നിന്നായി 16.4 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനമാണ് കഴിഞ്ഞ ഒരുവര്‍ഷമായി അവിടെ നടത്തുന്നത്. പദ്ധതി തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട സ്ഥലത്തിന്റെ ആധാരം, നികുതി റസീപ്റ്റ്, ആവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കുകയും അതിന്മേല്‍ നിയമപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്താണ് കമ്പനി അനുവാദം വാങ്ങിയത്. അന്ന് ഉയരാത്ത ആരോപണമാണ് ഇപ്പോള്‍ വന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് കമ്പനി കൈക്കലാക്കിയതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത് ചാത്തന്റെ ഭൂമിയെക്കുറിച്ചാണ്. ചാത്തന്റേത് 1976ല്‍ മണ്ണാര്‍ക്കാട് മൂപ്പില്‍നായരില്‍നിന്ന് പട്ടയംവഴി ജന്മംതീറായി ലഭിച്ച ഭൂമിയാണ്. ആ ഭൂമി 1985ല്‍ (ജൂണ്‍ ഏഴ്) ചാത്തന്‍, രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് കൈമാറുന്നു. '87 ജനുവരി 31ന് രാധാകൃഷ്ണന്‍, ലക്ഷ്മിയമ്മാള്‍ക്ക് വില്‍ക്കുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ രണ്ട് കൈമാറ്റവും നടന്നത്. 2006 ആഗസ്ത് 26ന് ലക്ഷ്മിയമ്മാള്‍, വി പി സുരേഷ് എന്നയാള്‍ക്കും സെപ്തംബര്‍ 28ന് സുരേഷ്, സാര്‍ജന്‍ റിയല്‍ട്ടേഴ്സ് എന്ന കാറ്റാടിക്കമ്പനിക്കും സ്ഥലം കൈമാറ്റംചെയ്യുന്നു. നാലാമത്തെ കൈമാറ്റമാണ് നടന്നതെന്നര്‍ഥം. ഇങ്ങനെ അഞ്ച് കൈമാറ്റംവരെ നടന്ന ഭൂമി കാറ്റാടിക്കമ്പനി വാങ്ങിയിട്ടുണ്ട്. ഇത്തരം ഭൂമിക്ക് '99ലെ നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, അങ്ങനെ നിയമസാധുത നേടുന്നതിനുവേണ്ടി വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്.

ഭൂമി സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ അത് അവഗണിച്ചു തള്ളാനല്ല കൃത്യമായ അന്വേഷണം നടത്താനാണ് എല്‍ഡിഎഫ് ഗവമെന്റ് തയ്യാറായത്. കലക്ടര്‍ നേരിട്ട് വില്ലേജ് ഓഫീസില്‍ചെന്ന് അന്വേഷണം നടത്തി. അങ്ങനെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നത് 'ആധാരങ്ങളില്‍ പ്രസ്താവിച്ച കൈമാറ്റങ്ങളൊന്നുംതന്നെ ആദിവാസികളില്‍നിന്ന് വന്നതാണെന്ന് കാണുന്നില്ല. 1987 വരെയുള്ള മുന്നാധാരങ്ങള്‍ പരിശോധിച്ചതിലും ആദിവാസി നേരിട്ട് കൈമാറ്റം ചെയ്തതായി കാണുന്നില്ല. അതുകൊണ്ട് 1999ലെ നിയമത്തിന് വിരുദ്ധമാണ് ഈ കൈമാറ്റമെന്ന് കാണാന്‍ കഴിയില്ല' എന്നാണ്. ഈ പരാമര്‍ശമുള്ള റിപ്പോര്‍ട്ടിന്മേല്‍ ധൃതിവച്ച് ഒരു സര്‍ക്കാരിനും ഭൂമി പിടിച്ചെടുക്കുന്നതുപോലെയുള്ള നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പുറത്തുകൊണ്ടുവരികതന്നെ വേണം. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ ചുമതലയുള്ള നാല് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് നിയമസാധുത ലഭിക്കുകയും ചെയ്യും. ഭൂമാഫിയയുടെ വേരറുക്കും എന്ന പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്റെ ധീരമായ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.

കാറ്റാടിക്കമ്പനിക്കുപുറമെ അടയാര്‍ ഫാം, കള്ളമല മള്‍ട്ടി പര്‍പ്പസ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയും ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആധാരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിലത് ഇരട്ടിപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. അത്തരം കാര്യങ്ങളും ഓരോന്നായെടുത്ത് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു സ്ഥാപനവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ടുള്ള പരിശോധനമാത്രമല്ല, സമഗ്രമായ പരിശോധനയാണ് വേണ്ടത്. എങ്കില്‍മാത്രമേ ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ഉറപ്പാക്കാനാകൂ. സംശയകരമായ നിലപാടെടുത്ത ഒരു വില്ലേജ് ഓഫീസറെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

1986നുമുമ്പ് ആദിവാസിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വാങ്ങിയതുമായ കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇത് നശീകരണ രാഷ്ട്രീയമാണ്. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് ചെയ്തതുപോലെ പൊലീസിനെവിട്ട് ജോഗിയെ കൊല്ലിക്കുകയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മറിച്ച് ചീഫ് സെക്രട്ടറിയെ വിട്ട് അന്വേഷിപ്പിക്കുകയാണ്. ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ എന്തേ യുഡിഎഫിന് വൈക്ളബ്യം? 1982ലെ കൈവശസ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ അത്തരമൊരാവശ്യം പോലും വിദഗ്ധ സമിതി പരിശോധിച്ച് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കാതെയാണ് യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് ആദിവാസികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പാസാക്കിയ നിയമത്തിനെതിരെ പി പി തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും സമരം നയിക്കുന്നത്.

വയനാട്ടില്‍ വീരേന്ദ്രകുമാറും മകനും പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഭൂമികൈയേറ്റത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാതൃഭൂമി മുഖേന കരുപ്പിടിപ്പിച്ച കഥകളാണ് അട്ടപ്പാടിയുടെ പേരില്‍ ചുറ്റിക്കറങ്ങുന്നത്. വീരേന്ദ്രകുമാര്‍ തന്റെ കെണിയിലേക്ക് വിദഗ്ധമായി യുഡിഎഫിനെ വീഴ്ത്തിയിരിക്കുന്നു. പ്ളാച്ചിമടയില്‍ സമരപ്പന്തലില്‍ ആദിവാസിയെ തല്ലിയ കൃഷ്ണന്‍കുട്ടിയുടെ പാര്‍ടിയും ജാനുവിന്റെ അമ്മയ്ക്ക് പട്ടയം നല്‍കിയ എ കെ ബാലന്റെ പാര്‍ടിയും തമ്മില്‍ ആദിവാസികളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ മത്സരം സാധ്യമോ? വീരേന്ദകുമാര്‍ വയനാട്ടില്‍ കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം കൈയിലുണ്ടോ? പണ്ട് 'ഗ്രോ മോര്‍ ഫുഡ്' പദ്ധതിപ്രകാരം താല്‍ക്കാലികമായി കൃഷിചെയ്യാന്‍ വിട്ടുകിട്ടിയ ഭൂമി സ്വന്തമാക്കി, അത് തറവാട്ടുസ്വത്താണെന്നും നികുതി അടയ്ക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് വീരേന്ദ്രകുമാറും പുത്രനും വയനാട്ടിലെ ഭൂമിയില്‍നിന്നിറങ്ങാത്തത്. നിയമാനുസൃതം പട്ടയത്തോടുകൂടി കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അവര്‍ എങ്ങനെ സമരത്തിനിറങ്ങും?

കക്ഷി രാഷ്ട്രീയത്തിന്റെ വിരോധംവച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. ഇവിടെ യുഡിഎഫ് ഏതു കാര്‍ഡാണ് ഇറക്കുന്നത്? അത് കര്‍ഷകര്‍ക്കെതിരെയല്ലേ? ആദിവാസികളുടെ പേരിലുള്ള മുതലെടുപ്പല്ലേ? ആദിവാസികളെയും കര്‍ഷകരെയും തമ്മിലടിപ്പിക്കാനുള്ളതല്ലേ? അട്ടപ്പാടിയില്‍ സിപിഐ എം കാറ്റാടിക്കമ്പനിക്കൊപ്പം; കമ്പനിയെ ന്യായീകരിക്കുന്നു എന്ന ഉമ്മാക്കി കാട്ടിയുള്ള ഭയപ്പെടുത്തല്‍ നിഷ്ഫലമാണ്. കാറ്റാടിക്കമ്പനിയല്ല ഏതു പടച്ചതമ്പുരാനായാലും ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും എന്ന് മന്ത്രിമാരായ എ കെ ബാലനും കെ പി രാജേന്ദ്രനും പ്രഖ്യാപിച്ചത് കേട്ടില്ലെന്നു നടിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവര്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന് ധരിച്ചുപോയിട്ടുണ്ടെന്നും തോന്നുന്നു. അതല്ലെങ്കില്‍ കലക്ടറുടെ റിപ്പോര്‍ട്ടുമതി; ഐടിഡിപി ഓഫീസര്‍ പറഞ്ഞിടത്തു നിന്നാല്‍മതി; ചീഫ് സെക്രട്ടറി അന്വേഷിക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് സമരം നടത്തുമോ അവര്‍? അങ്ങനെയെങ്കില്‍ ശ്രേയാംസ്കുമാറിന്റെ കൃഷ്ണഗിരിയിലെ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യേണ്ടതാണ്. നാലുകൊല്ലംകൊണ്ട് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പതിനേഴായിരം ഏക്കര്‍ ഭൂമി വിതരണംചെയ്ത എ കെ ബാലന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയമാണോ, ജോഗിയുടെ ചോരപുരണ്ട യുഡിഎഫ് രാഷ്ട്രീയമാണോ ശരി എന്നാണ് ജനങ്ങള്‍ തീരുമാനിക്കുക. അതാണ് ചര്‍ച്ചചെയ്യേണ്ടതും. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സമിതിക്കു മുന്‍പാകെ തെളിവുകള്‍ നിരത്താന്‍ ആളെ വിടട്ടെ യു.ഡി.എഫ് - മാര്‍ച്ച് നടത്തി സമയം കളയാതെ.

2 comments:

manoj pm said...

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.

ചാർ‌വാകൻ‌ said...

ഇദാണ് സഖാവ്വ് പത്ര്ൻ.