Wednesday, November 4, 2009

ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയാണ് കന്റോമെന്റ് ഹൌസ്. അവിടെ വാച്ചര്‍തസ്തികയില്‍ താല്‍ക്കാലികമായി ജോലിനോക്കുന്ന ആളാണ് പെരളശേരിക്കടുത്ത കോട്ടംസ്വദേശി ദാമോദരന്‍. ഒക്ടോബറില്‍ 31 ദിവസം ദാമോദരന്‍ കൃത്യമായി കന്റോമെന്റ് ഹൌസില്‍ ജോലിചെയ്തിട്ടുണ്ടെന്നും അയാള്‍ക്ക് ആ മാസത്തെ ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ കത്ത് സെക്രട്ടറിയറ്റിലുണ്ട്. ആ ദാമോദരനെയാണ് നവംബര്‍ രണ്ടിന് കണ്ണൂര്‍ പ്രസ്ക്ളബ്ബില്‍ കൂട്ടിക്കൊണ്ടുവന്ന് ഡിസിസി പ്രസിഡന്റ് പത്രസമ്മേളനം നടത്തിച്ചത്. ദാമോദരന്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പത്രസമ്മേളനത്തില്‍ പ്രചാരണം നടത്തിയത് നിയമപരമായ തെറ്റാകുന്നില്ല. എന്നാല്‍, അത് ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തില്‍പ്പെടുന്നു. 1975ല്‍ രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്, റായ്ബറേലിയില്‍നിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയത് തെളിഞ്ഞതിനാലാണ്. പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ജീവനക്കാരന്‍ യുഡിഎഫ് പ്രചാരണത്തിന് പത്രസമ്മേളനത്തില്‍ വരുന്നത് തെരഞ്ഞെടുപ്പുചട്ടലംഘനംതന്നെ. കാരണം, അയാള്‍ക്ക് കന്റോമെന്റ് ഹൌസില്‍ കാവല്‍നില്‍ക്കുന്നതിനാണ് ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്നത്- യുഡിഎഫിനുവേണ്ടി കള്ളവോട്ടുചെയ്യാനല്ല. തിരുവനന്തപുരത്ത് ജോലിയും എടക്കാട് മണ്ഡലത്തിലെ പെരളശേരരിയില്‍ വീടുമുള്ള ദാമോദരന്റെ വോട്ട് എങ്ങനെ കണ്ണൂരിലെ ഡിസിസി ഓഫീസിലെത്തി എന്നുള്ളതാണ് അടുത്ത പ്രശ്നം. അതിനും ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. പുതിയ കല്യാശേരി മണ്ഡലത്തിലാണ് പാണപ്പുഴ. അവിടെ 39-ാം നമ്പര്‍ ബൂത്തില്‍ 846-ാം നമ്പര്‍ വോട്ടറായ ലക്ഷ്മണന് കണ്ണൂര്‍ ഡിസിസി ഓഫീസിലും വോട്ടുണ്ട്. അറിയപ്പെടുന്ന വ്യാജമദ്യക്കച്ചവടക്കാരനാണ് ലക്ഷ്മണന്‍. രണ്ട് അബ്കാരി കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് 1993 ഫെബ്രുവരി 23ന് ശിക്ഷിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞു. പാണപ്പുഴയില്‍ എക്സൈസ് സപെഷ്യല്‍ സ്ക്വാഡിനെ ആക്രമിച്ച കേസിലാണ് മറ്റൊരു ശിക്ഷ. ഒരു വര്‍ഷം 11 മാസം തടവിനും 2500 രൂപ പിഴ അടയ്ക്കാനുമാണ് പയ്യന്നൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ടിന്റെ വിധി. മോഷണമടക്കം വിവിധ കേസിലും പ്രതിയായ ലക്ഷ്മണനെ സംരക്ഷിക്കുകമാത്രമല്ല, കൂട്ടിക്കൊണ്ടുവന്ന് ഡിസിസി ഓഫീസിലെ വോട്ടറാക്കുകയും ചെയ്തിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി. കണ്ണൂരില്‍ വ്യാജവോട്ടെന്നും ഇറക്കുമതി വോട്ടെന്നും ആവര്‍ത്തിച്ചു പറയുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടാനുള്ള ഏറ്റവും ലളിതമായ രണ്ടുദാഹരണം മാത്രമാണ് സൂചിപ്പിച്ചത്.
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.

7 comments:

manoj pm said...

ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.

Joker said...

ഏതായാലും കേന്ദ്ര സേനയെ ഉപയോഗിച്ചു കൊണ്ട്റ്റ് കോണ്‍ഗ്രസ്സ് നേത്യത്വം, പണ്ട് ഇന്ദിരാ ഗാന്ധി ചെയത്ത് പോലെ തന്നെ ഭീകരാന്തരീക്ഷം സ്യഷ്ടിക്കുകയാണ്. ജനാധിപത്യത്തെ സൈന്നിക ശക്തിയിലൂടെ ഹൈജാക്ക് ചെയ്യാന്‍ എന്നും മുന്നിലായിരുന്നു. ഇന്ത്യയിലെ വലതു പക്ഷങ്ങള്‍.

ജനശക്തി said...

ഇന്നത്തെ മാതൃഭൂമി മുഖപ്രസംഗം ചില്ലിട്ടു സൂക്ഷിക്കേണ്ട ഒന്നാണ്.വാര്‍ത്തകളിലൂടെയും മറ്റു ലേഖങ്ങളിലൂടെയും കണ്ണൂരിനെ ഭീകരമണ്ഡലമാക്കിയതിനുശേഷം “ അയ്യോ ഞാനൊന്നുമറിഞ്ഞില്ലേ, എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരമല്ലേ, അവര്‍ക്ക് തോന്നിക്കാണും കേന്ദ്രസേന വേണമെന്ന്” എന്നൊക്കെയുള്ള വലിയ വായിലെ നിലവിളി.

പാഞ്ഞിരപാടം............ said...

മനൊജെ,

ഉമ്മന്‍ചാണ്ടി തന്നെ ഇതിനു മറുപടി പറയണമെന്നു പറഞ്ഞു കരയരുത്, പ്ലീസ്...


1) ദാമൊദരനെ ആദ്യം പെരുംബാവൂര്‍ മണ്ടലത്തിലെ വോട്ടറാക്കി, അതൊരു വാര്‍ത്തയാക്കി അതു പൊളിഞ്ഞപ്പൊള്‍ കൊണ്ട് വരുന്ന ഒരു നനഞ്ഞപടക്കം അല്ലെ ഇതും? ആളു മാറിയിട്ടൊന്ന്നുമില്ലല്ലൊ അല്ലെ? പഴയ ദാമൊദരന്മാര്‍ തമ്മില്‍ അവരുടെ വയസ്സില്‍ മാത്രമെ സാമ്യം ഉണ്ടായിരുന്നുള്ളൂ... ഈ മണ്ടത്തരത്തിനെല്ലാം ഉമ്മന്‍ചാണ്ടി തന്നെ ഇതിനു മറുപടി പറയണമെന്നു പറഞ്ഞാല്‍... ഇതാ മറുപടി ഇവിടെ ഉണ്ടു

2) പിന്നെ DCC ഓഫീസിലെ വോട്ട്- ഒരുപാട് വോട്ടിനു മറുപടി പ്രതീക്ഷിച്ചൊരു വെല്ലുവിളി ഉമ്മന്‍ചാണ്ടി നടത്തിയിട്ടു 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. CITU,CPM ഓഫീസുകളിലും ഉണ്ടു കുറെ ഓഫീസിലെ വോട്ടുകളുടെ എണ്ണം. മറുപടി പിണറായി കൊടുക്കുമൊ? അതൊ മനോജ് തന്നെ തരുമൊ?


3) 6356 ആണൊ അതൊ 6386 ആണൊ ഒഴിവാക്കിയ വോട്ടര്‍മാരുടെ എണ്ണം? എണ്ണം തെറ്റല്ലെട്ടൊ,ഉമ്മന്‍ചാണ്ടിയൊക്കെ മറുപടി എഴുതേണ്ടതല്ലെ :-) ഇതെല്ലാം കള്ളവോട്ടായിരുന്നു എന്നുങ്ങട് കരുതുക,എന്നിട്ട് ഇവരെല്ലാം കൂടി പുറത്തുപൊയിരുന്നേല്‍ സഹദേവന്‍ ജയിക്കുമായിരുന്നെന്നൊ? എവിടെ ?
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 23000 വോട്ടിന്റെ ലീഡ്‌ കിട്ടിയതൊക്കെ മറന്നൊ മനൊജ്? അപ്പൊ 4 മാസം മുന്നെ നടന്ന തെരെഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുമായി ഒരു താരതമ്യം നടത്താമായിരുന്നു.അല്ലാതെ 3 വര്‍ഷംമുന്നെ നടന്ന തിരെഞ്ഞെടുപ്പുമായാണൊ താരതമ്യം? അതെല്ലെ അതിന്റെ ഒരു മര്യാദ? ഉമ്മന്‍ചാണ്ടിയുടെയൊക്കെ മറുപടി പ്രതീക്ഷിക്കുന്നതല്ലെ.

4 )സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്‌. പലര്‍ക്കും നോട്ടീസ്‌ പോലും നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട്‌ തിരിച്ചു വരികയാണുണ്ടായത്‌. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ്‌ പട്ടികയില്‍ നിന്ന്‌ തള്ളിയതില്‍ ഭൂരിപക്ഷവും. എന്നതല്ലെ യാതാര്‍ത്ദ്യം?

ഏറ്റവും താഴെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി.

സിറ്റിങ് MLA യെ മല്‍സരിപ്പിച്ച് ജയിപ്പിക്കുന്നതിനെതിരെ ചോദ്യം ഉന്നയിക്കുന്നൊ? തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ- മനൊജല്ലതെ വേറാരും ദേശാഭിമാനിയില്‍ ഉണ്ടായിരുന്നില്ലെ ഈ ഈവക ചോദ്യങ്ങള്‍ എഴുതി തയ്യാറാക്കാന്‍? കണ്ണൂരിലെ ജനങ്ങള്‍ക്കില്ലാത്ത വിഷമം (അതാണല്ലൊ അദ്ധേഹം അവിടെ ജയിച്ചത്) നിങ്ങള്‍ക്കെന്തിനു സഖാവെ? സുധാകരന്‍ അല്ലാതെ വേറാരെ നിര്‍ത്തിയാലും നിങ്ങള്‍ അവര്‍ക്കു അന്ന് പിന്തുണ കൊടുക്കുമായിരുന്നൊ? പിന്നെന്തെ ഇങ്ങെനെ എല്ലാം ചോദിക്കുന്നെ? ജയിക്കാന്‍ പ്രാപ്തിയുള്ളവരെയല്ലാതെ മല്‍സരിപ്പിക്കുമൊ ആരെങ്കിലും?

മോഡിയെ അല്ലല്ലൊ സഖാവെ അദ്ധേഹം പുകഴ്തിയത്. ആണൊ? അതും CPMഇല്‍ അംഗമായിരുന്നപ്പോള്‍. കോണ്‍ഗ്രസ്സില്‍ അംഗമായതിനു ശേഷം അങ്ങനെ പറഞ്ഞതായ് അറിവൊന്നുമില്ലല്ലൊ.പിന്നെ ഒറീസയില്‍ ന്യൂനപക്ഷജനങ്ങളെ ചുട്ടുകൊന്നവരെ സംരക്ഷിച്ച നവീന്‍ പട്നായിക്കിനെ കുറിച്ചൊക്കെ അതിനു ശേഷം ഇങ്ങനെ ഒന്നും അല്ലലൊ സഖാവ് മുന്നു പറഞ്ഞിട്ടുള്ളതു. ആണൊ? ആളൊരു പാവമാണു കൂട്ട് കൂടിയപ്പോളല്ലെ അത് മനസ്സിലായത്. എന്നൊക്കെയോ മറ്റൊ ആണെന്നാണു ഓര്‍മ്മ.

ജനശക്തി said...

പരാതിയെ ലിസ്റ്റാക്കുന്ന പാഞ്ഞിരപാടം മാന്ത്രികവിദ്യ കൊള്ളാം.

നോട്ടീസ് അയച്ചില്ലെന്നോ കിട്ടിയില്ലെന്നോ? അപ്പോള്‍ ക്യൂ കണ്ടു മടങ്ങിയവരും ഹിയറിംഗിനു പോകാത്തവരും ഒക്കെ തന്നെ തള്ളപ്പെട്ടവര്‍. അത്രയെങ്കിലും സമ്മ്തിച്ചല്ലോ. ഇതു വെച്ചാണ് ഇത്രയും ഒച്ചയും ബഹളവും. ഇത് ആദ്യമേ പറഞ്ഞുകൂടായിരുന്നോ? തള്ളിയത് എലക്ഷന്‍ കമ്മീഷന്‍ അല്ലല്ലേ? അവര്‍ക്കെതിരെ ചെല്ലേണ്ടതല്ലേ പരാതി?

പാഞ്ഞിരപാടം............ said...

ജനശക്തി,
ഇലക്ഷന്‍ കമ്മീഷന്‍ തന്നെയാണു തള്ളിയത്--- അതുമാത്രമല്ലല്ലൊ പരാതി."സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ് എന്നുള്ളതാണു പരാതി."
അതില്‍ കഴന്‍ബ്ബുണ്ടെന്നും, ജില്ലാ ഭരണാധികാരി എന്ന നിലയില്‍ അതിനെ തടയാന്‍ കളക്ടര്‍ക്ക് കഴിയാതെ വരുകയും ചെയ്തതിന്റെയും ഫലമായല്ലെ ആളവിടുന്നു തെറിച്ചതും.

6386 പേരെ നീക്കം ചെയ്തു എന്ന പരാതി മാത്രം പരിഹരിക്കപ്പെട്ടില്ല.

ജനശക്തി said...

കളക്ടറെ മാറ്റിയത് അതുകൊണ്ടാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞോ? പാഞ്ഞിരപാടത്തിനെവിടെ നിന്ന് കിട്ടി ഈ വിവരം?