അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. ആരും അത്ഭുതക്കുട്ടിമാരായിട്ടുമില്ല. മൂന്നു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം വിജയം കൊണ്ട് യുഡിഎഫിനെ ആശ്വസിപ്പിക്കുന്നു. പക്ഷേ, പരാജയം കൊണ്ട് എല്‍ഡിഎഫിന് തളര്‍ച്ചയുണ്ടാക്കുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ സൂചനയായി ഈ ഫലങ്ങളെ കണ്ടാലും എല്‍ഡിഎഫിന് ആത്മവിശ്വാസത്തോടെ നില്‍ക്കാനുള്ള വകയാണ് തെളിഞ്ഞുവരിക.
രണ്ടു കാര്യമാണ് പ്രധാനമായി ചൂണ്ടിക്കാട്ടാനാവുക.
ഒന്ന്: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം നല്‍കിയ ജനവിധിയാണ് മെച്ചപ്പെട്ട നിലയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
രണ്ട്: പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം വന്നതുപോലെ തിരിച്ചുപോയിരിക്കുന്നു.
മൂന്നു മണ്ഡലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കിന്റെ അടുത്തെത്തുന്നതല്ല യുഡിഎഫിന്റെ ഇപ്പോഴത്തെ വിജയം. എല്‍ഡിഎഫിന് വിജയപ്രതീക്ഷ വച്ചുപുലര്‍ത്താനാകാത്ത രാഷ്ട്രീയ ചേരിതിരിവുള്ള മണ്ഡലങ്ങളാണ് മൂന്നും. ഉപതെരഞ്ഞെടുപ്പു വന്നാല്‍ വിജയിക്കുന്നത് ഉറപ്പാണെന്ന് കാണാതെ, മൂന്നിടത്തും സിറ്റിങ് എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോഗ്രസ് ധൈര്യപ്പെടില്ലായിരുന്നല്ലോ. എന്നിട്ടുപോലും കനത്ത മത്സരം കാഴ്ചവയ്ക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം. മൂന്നിടത്തും അന്തിമഫലത്തെക്കുറിച്ച് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണര്‍ത്തുംവിധം പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നേറിയിരുന്നു. കണ്ണൂരിലെ തെരഞ്ഞെടുപ്പാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളിലൊന്നുപോലും ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതിരുന്നത് യുഡിഎഫിന്റെയോ അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളുടെയോ സന്മനോഭാവംകൊണ്ടല്ല-അത്തരം വിവാദങ്ങളുടെ കാപട്യവും പൊള്ളത്തരവും ജനങ്ങള്‍ വലിയതോതില്‍ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ്. പകരം ഉയര്‍ത്തിയത് 'വ്യാജവോട്ട്' വിവാദമാണ്. അതാകട്ടെ കണ്ണൂരിനെ കേന്ദ്രീകരിച്ചുമാണ്.
വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും മണ്ഡലത്തില്‍ വോട്ടറാകാന്‍ അര്‍ഹതയുള്ളവരെ കൂട്ടിച്ചേര്‍ക്കാനും രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് സാധാരണ നടപടിക്രമമാണ്. കണ്ണൂരില്‍ യുഡിഎഫും എല്‍ഡിഎഫും അത് ചെയ്തു. എന്തിന്, യുഡിഎഫിന്റെ സ്ഥാനാര്‍ഥിപോലും അങ്ങനെ മാറിവന്ന വോട്ടറാണ്. എന്നിട്ടും എല്‍ഡിഎഫിനെതിരായ വന്‍ പ്രചാരണമായി 'വ്യാജവോട്ട്' വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. അതിലും നിര്‍ത്താതെ, കേന്ദ്രസേനയെ വരുത്തിക്കല്‍, കലക്ടറെ മാറ്റിക്കല്‍ എന്നിങ്ങനെയുള്ള അനേകം നാടകങ്ങള്‍. എല്‍ഡിഎഫിന് വരാമായിരുന്ന കുറെവോട്ടുകളെയെങ്കിലും തടയാന്‍ ഇത്തരം നാടകങ്ങള്‍ കാരണമായിട്ടുണ്ടാകാം. വ്യാജവോട്ട്, ഇറക്കുമതിവോട്ട്, കേന്ദ്ര സേന എന്നിങ്ങനെ പലതരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍, അവയുടെ മറവില്‍ നടത്തിയ തെരഞ്ഞെടുപ്പനാശാസ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയിട്ടുണ്ട്. നുണപ്രചാരണങ്ങളിലൂടെ മതസ്പര്‍ധയും വര്‍ഗീയവികാരവും ഇളക്കിവിട്ട് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉമ്ര കര്‍മം അനുഷ്ഠിച്ചതിനാണ് പാര്‍ടി പുറത്താക്കിയതെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് അനിഷേധ്യമായ തെളിവുകളുണ്ട്. യുഡിഎഫ് നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കിയതായി പ്രചാരണ ഘട്ടത്തില്‍തന്നെ പരാതി ഉയര്‍ന്നു. കേന്ദ്ര മന്ത്രി വയലാര്‍ രവി വന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ചട്ടലംഘനമാണെന്നുകണ്ട് തെരഞ്ഞെടുപ്പുകമീഷന്‍ തന്നെ നടപടിയെടുത്തു.
സാധാരണ ഇത്തരം ഉപതെരഞ്ഞെടുപ്പുകളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് ഭരണവിരുദ്ധ വികാരത്തിന്റെ സ്വാധീനം. ഇവിടെ അങ്ങനെയൊന്നിനെക്കുറിച്ച് ചര്‍ച്ചകളുയരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുപരിധിവരെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതിന്റെ സൂചനയാണത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കേരള രാഷ്ട്രീയത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ചീഞ്ഞ സംസ്കാരത്തെയാണ് പ്രതിനിധാനംചെയ്തത്. പാലുകൊടുത്ത കൈക്ക് കടിച്ചയാള്‍ എന്ന് ആലങ്കാരികമായി പറയാം. സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ കൌസിലില്‍ ആദ്യം ജയിച്ചു. പിന്നെ, പാര്‍ലമെന്റിലേക്കെത്തി. ഒന്നല്ല രണ്ടുതവണ. മൂന്നാം വട്ടവും മത്സരിപ്പിക്കുന്ന പതിവ് സിപിഐ എമ്മിനില്ല എന്നുകണ്ടപ്പോള്‍ പാര്‍ടിയോട് 'അഭിപ്രായ വ്യത്യാസം' തുടങ്ങി. ഇന്നലെവരെ പറഞ്ഞതിനെയെല്ലാം തള്ളിപ്പറഞ്ഞു. പാര്‍ടി തന്റെ മതാനുഷ്ഠാനങ്ങളെ വിലക്കുന്നു എന്ന നുണപ്രചാരണം നടത്തി. അടുത്ത ഘട്ടം യുഡിഎഫിലേക്കുള്ള കൂറുമാറ്റം. മുസ്ളിം ലീഗില്‍ ചെന്നാല്‍ കണ്ണൂരില്‍നിന്ന് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കിട്ടാനിടയില്ല എന്നുറപ്പായപ്പോള്‍ കോഗ്രസില്‍. ഇങ്ങനെയൊരു കാലുമാറ്റക്കാരനെ സ്വന്തം പ്രതിനിധിയാക്കുക എന്ന നാണക്കേടിലേക്ക് കണ്ണൂരിലെ ജനങ്ങളെ കോണ്‍ഗ്രസ് എത്തിച്ചു എന്നതാണ് കണ്ണൂര്‍ ഫലത്തിന്റെ അശ്ളീലവശം.
കേരളത്തില്‍ ഇങ്ങനെ ചില മണ്ഡലങ്ങളുണ്ട്. കടുത്ത രാഷ്ട്രീയ ചേരിതിരിവും ഏതെങ്കിലും കക്ഷികള്‍ക്ക് മുന്‍തൂക്കവുമുള്ളവ. അത്തരം മണ്ഡലങ്ങള്‍ സാധാരണ നിലയില്‍ അനിവാര്യമായി ജയിപ്പിക്കേണ്ട പ്രധാന നേതാക്കളെ മത്സരിപ്പിക്കാനാണ് മുന്നണികള്‍ ഉപയോഗപ്പെടുത്താറുള്ളത്. ഇവിടെ, കണ്ണൂര്‍ യുഡിഎഫിന് ഉറപ്പുള്ള മണ്ഡലമായിട്ടും ഒരു തത്വദീക്ഷയുമില്ലാതെ കൂറുമാറിയെത്തിയ ഒരാളെ അവിടെ മത്സരിപ്പിച്ച് ജയിപ്പിക്കാനും കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കളെ തഴയാനുമാണ് നേതൃത്വം തയ്യാറായത്. അബ്ദുള്ളക്കുട്ടിയുടെ വിജയംകൊണ്ട് അടങ്ങിപ്പോകുന്നതല്ല ആ പ്രശ്നത്തില്‍ കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നുവന്ന അതൃപ്തിയും അസ്വസ്ഥതയും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് അഞ്ചുമാസംകൊണ്ട് എല്‍ഡിഎഫ് എത്രമാത്രം മുന്നോട്ടുവന്നു എന്നും യുഡിഎഫ് ഏതെല്ലാം തരത്തില്‍ പിന്നോട്ടുപോയി എന്നുമാണ് വിലയിരുത്തപ്പെടേണ്ട പ്രധാന സംഗതി. കണ്ണൂരില്‍ ലോക്സഭയിലേക്ക് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയത് 34419 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 41847 ആയിരിക്കുന്നു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 23,207 ആയിരുന്നുവെങ്കില്‍ ഇപ്പോളത് 12,043 ആയി കുറഞ്ഞിരിക്കുന്നു. എറണാകുളത്ത്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5,000 വോട്ട് എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ ആ വര്‍ധന ഏഴായിരമാണ്. 2006ല്‍ 32,788 വോട്ടു ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ 38,029 ആയി. ഈ കണക്കുകള്‍ കാണിക്കുന്നത്, എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെട്ടിട്ടേയുള്ളു എന്നാണ്. യുഡിഎഫ് മൂന്നു മണ്ഡലത്തിലും വിജയിച്ചു എന്നതിനേക്കാള്‍ നിലനിര്‍ത്തി എന്നോ പിടിച്ചുനിന്നു എന്നോ മാത്രമേ പറയാനാകൂ.
വിജയം എത്ര ചെറുതായാലും ആഘോഷിക്കാനുള്ളതാണ് എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, സ്വയം വരുത്തിവച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ളാദപ്രകടനത്തിന് യുഡിഎഫിന് അവസരം ലഭിച്ചിരിക്കുന്നു എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം ഈ ഫലത്തില്‍ അവരെ സംബന്ധിച്ചില്ല. എല്‍ഡിഎഫിനാകട്ടെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളില്‍പോലും എതിരാളിയെ ഞെട്ടിക്കുന്ന മത്സരം കാഴ്ചവയ്ക്കാനാകുമെന്നും മുന്നേറ്റമുണ്ടാക്കാനാകുമെന്നുമുള്ള ആത്മവിശ്വാസമാണ് ഈ ഫലം പകര്‍ന്നുനല്‍കുന്നത്. \
അഞ്ചുമാസം മുമ്പുമാത്രം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവുമായി ഈ ഉപതെരഞ്ഞെടുപ്പുഫലത്തെ തട്ടിച്ചുനോക്കാന്‍ യുഡിഎഫ് മടിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഉറപ്പിച്ചു പറയാനാകുന്ന കാര്യം, കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം 2006ല്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്‍കിയ അതേ നിലയില്‍, അതിനേക്കാള്‍ ദീപ്തമായി എല്‍ഡിഎഫിന് അനുകൂലമായിത്തന്നെ നില്‍ക്കുന്നു എന്നാണ്. ഒത്തൊരുമിച്ച്, ജനങ്ങള്‍ക്കൊപ്പംനിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും സര്‍ക്കാരും മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും മാത്രമല്ല, അങ്ങനെ പോകുന്ന എല്‍ഡിഎഫ് അപ്രതിരോധ്യ ശക്തിയാണെന്ന യാഥാര്‍ഥ്യവും ഈ ഫലങ്ങളില്‍നിന്ന് വായിച്ചെടുക്കാം. തെരഞ്ഞെടുപ്പുഫലങ്ങള്‍ പഠിക്കാനുള്ള പാഠങ്ങള്‍കൂടിയാണ്. അങ്ങനെയൊരു പാഠമായാണ് ഈ ഫലത്തെയും വിലയിരുത്തേണ്ടത്
16 comments:
അഞ്ചുമാസം മുമ്പുമാത്രം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവുമായി ഈ ഉപതെരഞ്ഞെടുപ്പുഫലത്തെ തട്ടിച്ചുനോക്കാന്‍ യുഡിഎഫ് മടിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഉറപ്പിച്ചു പറയാനാകുന്ന കാര്യം, കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം 2006ല്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്‍കിയ അതേ നിലയില്‍, അതിനേക്കാള്‍ ദീപ്തമായി എല്‍ഡിഎഫിന് അനുകൂലമായിത്തന്നെ നില്‍ക്കുന്നു എന്നാണ്
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുപോലെ എതിരാളിയെ ഞെട്ടിക്കാന്‍ കഴിയട്ടെ എന്നും ഇതേ പോലെ എല്‍.ഡി.എഫിന് അനുകൂലമായ ജനവികാരം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
"പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം "
അതെപ്പോള്‍...
അങ്ങനെയൊരു തരംഗം ഉണ്ടായില്ലെന്നുള്ളതിനുള്ള സ്റ്റാറ്റിസ്റ്റിക്കള്‍ എവിഡന്‍സ് വേണമെങ്കില്‍ അയച്ചുതരാം. അല്ലെങ്കില്‍ മന്ത്രി സുധാകരനോടൂ ചോദിച്ചാല്‍ മതി, പുള്ളീടെ കയ്യിലും ഇതേ കണക്കുകളൂണ്ട്.
സിമി പറഞ്ഞതുപോലെ "അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുപോലെ എതിരാളിയെ ഞെട്ടിക്കാന്‍ കഴിയട്ടെ എന്നും ഇതേ പോലെ എല്‍.ഡി.എഫിന് അനുകൂലമായ ജനവികാരം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു."
ചുരുക്കിപ്പറഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പിലും എല്‍ ഡി എഫിനു തന്നെയായിരുന്നു വിജയം.
നന്ദി, അഭിലാഷ് വളരെ വളരെ നന്ദി, മൂന്നിടത്തും വലതുപക്ഷം ജയിച്ചെന്ന് പാടിനടക്കുന്ന മാധ്യമ പ്രവര്‍ത്തകരും ബ്ലോഗേഴ്സും ഒന്നടങ്കം വായിച്ചു മനസിലാക്കേണ്ട പോസ്റ്റ് :)
അതെ അതെ അത്ഭുതം ഒന്നും സംഭവിച്ചിട്ടില്ല. അല്ലങ്കിലും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കയ്യിലിരിക്കുന്ന മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം ആഘോഷിക്കുന്നത്. പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ.......!!!ബംഗാളിലും കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം കുറക്കാന്‍ പാര്‍ട്ടിക്കായി.... കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങളിലും ബംഗാളിലുമാണ് യുഡിഎഫിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുള്ളത്........! കോണ്‍ഗ്രസിനു ഭൂരിപക്ഷമൊക്കെയുണ്ടെങ്കിലും ജനപിന്തുണ നഷ്ടമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കേണ്ടതാണ്.......!!!!!!
കണ്ണൂരിലെ ഈ തോല്‍വിയില്‍ ഞാന്‍ അഭിമാനിക്കുന്നു,
കാരണം ജാതിസമവാക്യം നോക്കി ആ ഷമീറിനെ എങ്ങാനുമാണ് നിര്‍ത്തിയതെങ്കില്‍, ഈ തോല്‍വിയില്‍ നമ്മള്‍ ലജ്ജിക്കേണ്ടിവരുമായിരുന്നു.
അതിനാല്‍ തന്നെ, ഈ മൂന്ന് തോല്‍വിയും പാര്‍ട്ടിയുടെ വിജയമാണ്.
പിന്നെ സ. മനൊജെ നമ്മള്‍ പ്രശ്നങ്ങളെ പ്രശ്നങ്ങളായി തന്നെ കാണണം എങ്കിലേ നമ്മള്‍ക്ക് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയൂ. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍ കഴിയുമോ.
തോൽവി തോൽവി തന്നെ സമ്മതിക്കുന്നു.
നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കണമെന്നില്ലല്ലൊ. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളായ ഈ മൂന്നു മണ്ഡലങ്ങൾ അവർ നില നിറുത്തി. അവരുടെ ഭൂരിപക്ഷം കുറഞ്ഞത് ഒരു സത്യം തന്നെ. ഇതു കൊണ്ട് ഗവണ്മെന്റ് രാജി വെയ്ക്കണം എന്നൊക്കെ പറയുന്നത് വെറും ദിവാസ്വപ്നക്കാരാണ്.
നട്ടപ്രാന്തൻ പറഞ്ഞത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. കണ്ണൂരിലും എറണാകുളത്തും ആലപ്പുഴയിലും ജാതി സമവാക്യങ്ങൾ കണക്കിലെടുക്കാതെ തന്നെയാണ് സ്ഥാനാർത്ഥികളെ നിറുത്തിയത്. എറണാകുളത്ത് കോൺഗ്രസ്സ് ചെയ്ത പോലെ ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നും ഒരാളെ നിറുത്തിയിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നു.
എന്തായാലും തോൽവി അംഗീകരിക്കുന്നു. ഏറ്റവും വലിയ ന്യായാധിപർ ജനം തന്നേയാണ്. ജനതയുടെ വിധി സ്വീകരിക്കുന്നു.
ഉജ്വല നേട്ടം തന്നെ...
പ്രിയ സ.ഇടിമുഴക്കമേ ഈ പരാജയം കൊണ്ടൊന്നും സര്‍ക്കാര്‍ രാജിവെക്കും എന്നൊന്നും ഇവിടുത്തെ ജനം കരുതുന്നില്ല.. പക്ഷെ ഈ തോല്‍വിയില്‍ നിന്നും ഒരു പാഠം ഉള്‍കൊള്ളും എന്നൊക്കെ പറയുന്നതല്ലാതെ എന്ത് പാഠമാണ് പാര്‍ട്ടി ഉള്‍കൊണ്ടത് . വി.എസ്. സര്‍ക്കാരിനു ആദ്യ കാലത്തുണ്ടായിരുന്ന ജന പിന്തുണ ഇപ്പോള്‍ ഉണ്ടോ......? രാജി വെച്ച് ഒന്ന് മത്സരിച്ചു നോക്ക് . വോട്ടു കൂടി വോട്ടു കൂടി എന്ന് പറയുമ്പോള്‍ ഒന്നാലോചിക്കുക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ആ വകുപ്പില്‍ കിട്ടിയതല്ലേ ഈ പറയുന്ന കൂടുതല്‍ വോട്ടു. അത്ഭുതം സംഭവിച്ചില്ല എന്നൊക്കെ പറഞ്ഞു നമുക്ക് ആശ്വസിക്കാം എന്നല്ലാതെ, സത്യം എന്താണന്നു എവിടെ എല്ലാവര്‍ക്കും അറിയാം.. ഇനിയെങ്ങിലും വി.എസ് അവിടെ ഇരുന്നു ഭരിക്കട്ടെ, പിണറായി പാര്‍ട്ടിയുടെ കാര്യം നോക്കട്ടെ.....! തമ്മില്‍ തല്ലും വിഭാഗീയതയും പൊക്കിപിടിച്ച് നടന്നാല്‍ കഴിഞ തവണത്തെ കോണ്‍ഗ്രസ്സിനെ കാല്‍ മോശം തോല്‍വിയാകും ഇത്തവണ കിട്ടാന്‍ പോകുന്നത്......!
പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ.......!!!
nalla vivaravum avaghahavum keralathile pradesika charithrathe kurichum manndalngale kurichum.!!!!!!!!!!!!!, Ha ha ha ha..............
mandbudhikele mathiyakku vivarakudukal....
ഈ പോസ്റ്റില്‍ ഒരുപാടു വസ്തുതകള്‍ ഉണ്ട്.
1) തെരഞ്ഞെടുപ്പ് നടന്നത് യു.ഡി.എഫിന്റെ കോട്ടകളില്‍ ആണ്.കണ്ണൂര് നിയമസഭ മണ്ഡലം 57 നു ശേഷം ഇടത്നെ അടുപ്പിച്ചിട്ടില്ല.
2)ഈ മണ്ഡലങ്ങളില്‍ കണ്ണൂര് - 23,000.ആലപ്പുഴ-20,000. എറണാകുളം -15,000 ആയിരുന്നു ലോകസഭാ ഇലക്ഷനില്‍ ഭൂരിപക്ഷം.
3)2006 ലെ അതിശക്തമായ ഇടതു തരംഗത്തില് പോലും ആലപ്പുഴ 17,000 , കണ്ണൂര് 8700, എറണാകുളം-5800 എന്നിങ്ങനെ യുഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇവ.
4)സമാനമായി ഭരണവിരുദ്ധ തരംഗത്തില്‍ യുഡിഎഫ് കാലത്ത് LDFകോട്ടകളില്‍, കൂത്ത്പറമ്പും അഴീക്കോടും (അഴീക്കോട് അങ്ങനെ പറഞ്ഞുകൂട,എങ്കിലും) യഥാക്രമം 45,000- 30,000 വോട്ടിനാണ് LDFജയിച്ചത്
അപ്പോള്‍ വ്യകതമാവുന്നത് ഇതൊക്കെയാണ്
A) അഞ്ചുമാസം മുമ്പുണ്ടായിരുന്ന ലോകസഭ ഇലക്ഷനിലെ കമ്മ്യുനിസ്ട്ടു "മൂല്യശോഷണം" ഇടതു വിരുദ്ധതരംഗം അപ്രത്യക്ഷമാവാന്‍ തുടങ്ങി.
B)ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിലെ വന്‍ വോട്ടു ചോര്‍ച്ച UDFനെ ഇരുത്തി ചിന്തിപ്പിക്കെണ്ടാതാണ്, സിമികളും, മാഫ്യങ്ങളും എന്തെല്ലാം പറഞ്ഞാലും.
C)തിരുവമ്പാടിയില്‍ 6 മാസത്തിനു ശേഷം നടന്ന ബൈഇലക്ഷനില് LDF ജയിച്ചെങ്കിലും ഭൂരിപക്ഷം അയ്യായിരത്തില്‍ നിന്ന് 300 ആയി കുറഞ്ഞിരുന്നു. ഏതാണ്ട് "തല്ലിപ്പൊളി" ഭരണം 4വര്ഷം കഴിഞ്ഞിട്ടും,മാധ്യമ ആക്രമണം ഉണ്ടായിട്ടും, ലോകസഭ ഇലക്ഷന്‍ 'തകര്ന്നിട്ടും'ആ അളവില് (to the extend in Thiruvambati)ഭൂരിപക്ഷം, LDF ന് എവിടെയും വോട്ടു കുറഞ്ഞില്ല.
D)അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില് വലിയ ചന്കിടിപ്പില്ലാതെ എല്‍.ഡി എഫിന് തയ്യാറാകാം, പ്രത്യകിച്ചും കേരളത്തിലെ രണ്ടു മുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന സ്വഭാവം വെച്ചു, യു.ഡി എഫിന് അവരുടെ ഭരണത്തിലെ കൂത്തുപരംപ് തോല്‍വിയുമായി താരതമ്യം ച്യ്താല്‍ ഈ ബൈ ഇലക്ഷന്‍ നല്ല ആത്മവിശ്വാസം തന്നെ എല്‍.ഡി.എഫിന് നല്‍കി എന്ന് പറയാം.
e)തോല്‍വി എന്നത് തോല്‍വി തന്നെ,എങ്കിലും പൊങ്ങച്ചം, LDFനെ ഭള്ളു പറയുന്ന നേരം യു.ഡി.എഫ് അണ്ണാന്മാര്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണ്.
സിമികളും മാഫ്യങ്ങളും [http://jagrathablog.blogspot.com/2009/11/blog-post_12.html]നല്ലോണം 'ശ്രദ്ധിച്ചില്ലെങ്കില്‍'മുകളല്‍ കാണുന്ന ലിങ്ക് പോലെ ഉത്സാഹിച്ചില്ലെങ്കില്‍ ഇനിയും കൈവിട്ടു പോകാം കാര്യങ്ങള്.
മികച്ച ലേഖനം സാര്‍, ആണിയുടെ മണ്ടയ്ക്ക് തന്നെ കൊടുത്തു.
ലോക്സഭാ തെരഞ്ഞെറ്റുപ്പിലെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിഞ്ഞ നിലയ്ക്ക് മിനിമം ആ മൂന്ന് എംപിമാരെങ്കിലും രാജിവെച്ച് വോട്ടെടുപ്പിനെ നേരിടേണ്ടതാണ്
2005 ലെ കൂത്ത്പറംബ് bi- ഇലക്ഷനില്‍ മനോരമായുടെ "തല"കള് ഇങ്ങനെ എഴുതി, മുഖപ്രസംഗം.
"ഒരു തെരഞ്ഞെടുപ്പ് ഫലം ഒന്നിന്റെയും അവസാനമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. 1991 ലെ ജില്ലാകൌസില്‍ തെരഞ്ഞെടുപ്പില്‍ പതിനാലില്‍ 13 ജില്ലകളും പിടിച്ചെടുത്ത ഇടതുമുന്നണി, ആറുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഉപതെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുമുന്നണി ജയിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടിയത് യുഡിഎഫിനാണ്. ഈ യുഡിഎഫ് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും തോല്‍ക്കുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണ്. ''
മുല്ലപ്പള്ളിയും രാമകൃഷ്ണനും (കറപ്ഷന്‍ ഇല്ലാത്ത,ഗാന്ധിയന്‍ ആണ് ഡി.സി.സി പ്രസിഡണ്ട് രാമകൃഷ്ണന് എന്ന് മുല്ലപ്പള്ളി.സുധാകരന്‍ അപ്പൊ ആരായീന്നു ചോയ്ക്കണോ ?).സുധാകരനും മറ്റും രാജിവെക്കണമെന്ന് പറഞ്ഞില്ല,മുല്ലപ്പള്ളി-രാമകൃഷ്ണന്മാര്. അതിനടുത്തു എത്തിയിട്ടുണ്ട്, തലേ..
രാമകൃഷ്ണനും രാമചന്ദ്രനും(മുല്ലപ്പള്ളി) സി.പി.എം കാരായിരുന്നെങ്കില്‍ ഇവിടെ കമന്റിട്ട ചിലരും മറ്റു കുറെ ജനാധിപത്യവിശ്വാസികള്‍/മാനവികതാവാദികള്‍/നിഷ്പക്ഷര്‍ എന്നിവരും പിന്തുണയുമായി വരുമായിരുന്നു. സ്വതന്ത്രചിന്താഗതിയെ തകര്‍ക്കുന്ന നയത്തിനെതിരെ, രാമ-രാധാകൃഷ്ണന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി ഒക്കെ. ഇതിപ്പോള്‍ കോണ്‍ഗ്രസ് ആയതുകൊണ്ട് ‘തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്’ ന്യായേന ഇവരൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് മിണ്ടാതിരിക്കുകയാണ്.
അയാള്‍ ആ ബ്ലോഗിലെഴുതിയതൊക്കെ നേരാണെന്ന് ഈ ബ്ളോഗ് വായിച്ചപ്പോഴാണു ബോധ്യം വന്നത്. നന്ദി!
http://berlytharangal.com/?p=3423
Post a Comment