Thursday, July 7, 2011

മിച്ചം തന്നെ, അതായത് കമ്മി

"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.

കെ എം മാണി വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ , അദ്ദേഹത്തിന്റെ അവസാന ബജറ്റ് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ പരിഹാസ്യത കേരളത്തിനു മറക്കാനാവില്ല. "ബജറ്റ്: 15 കോടി മിച്ചം, നികുതി കുറവ്" എന്ന് ആറുകോളം നീളത്തിലാണ് മാണിയുടെ ബജറ്റ് മനോരമ ആഘോഷിച്ചത്. മിച്ചക്കണക്കുകള്‍ കപടമാണെന്ന് വസ്തുതകള്‍ നിരത്തി പ്രതിപക്ഷം ബജറ്റു ചര്‍ച്ചയില്‍ സ്ഥാപിച്ചു. വിചിത്രമായ ഒരു ന്യായം ചമച്ചാണ് അതിനെ മാണി നേരിട്ടത്. റിസര്‍വ് ബാങ്കില്‍ ഏതോ ഒരു ദിവസത്തെ മാത്രം ബാലന്‍സ് എടുത്തുകാട്ടി സംസ്ഥാനത്തിന് വന്‍തുക മിച്ചമുണ്ടെന്ന് അദ്ദേഹം വാദിച്ചു. "ബജറ്റു ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ മറുപടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു: മന്ത്രി മാണി" എന്ന തലക്കെട്ടിലെ മനോരമ റിപ്പോര്‍ട്ട് നോക്കൂ:

"റിസര്‍വ് ബാങ്ക് അക്കൗണ്ടില്‍ കേരളത്തിന് ഇപ്പോള്‍ 101.59 കോടി രൂപ മിച്ചമുള്ളതായി ധനമന്ത്രി കെ. എം. മാണി നിയമസഭയില്‍ വെളിപ്പെടുത്തി... കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് 101.59 കോടി രൂപ മിച്ചമുള്ളതായി അറിയാന്‍ കഴിഞ്ഞതെന്ന് ധനമന്ത്രി അറിയിച്ചു.

വര്‍ഷാവസാനം 82 കോടി രൂപ മിച്ചമുണ്ടാകുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുളള തുക കള്ളമാണെന്ന് പ്രചരിപ്പിച്ചിരുന്ന പ്രതിപക്ഷം റിസര്‍വ് ബാങ്ക് പറയുന്നതെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകണം." മിച്ച ബജറ്റിന്റെ കീര്‍ത്തിക്ക് ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളൊക്കെ ചവിട്ടിത്തേച്ച മാണിയുടെ ഗര്‍വ് വകവച്ചുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും കഴിയുമായിരുന്നില്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. പി കെ ഗോപാലകൃഷ്ണന്‍ മാണിയുടെ വാദങ്ങളെ പൊളിച്ചടുക്കി. "വസ്തുതകള്‍ സംസാരിക്കട്ടെ" എന്ന തലക്കെട്ടില്‍ അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവന "ബജറ്റിലെ മിച്ചം 78 കോടിയുടെ കമ്മിയായി മാറും" എന്ന തലക്കുറിയില്‍ മനോരമ ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തു. "സുദീര്‍ഘമായ പ്രസ്താവനയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ധനമന്ത്രി പുറപ്പെടുവിച്ച അവകാശവാദങ്ങളെയെല്ലാം ചോദ്യംചെയ്തിട്ടുണ്ട്. കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയുംചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ് 78 കോടിയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നൂറ്റിനാല്‍പതു കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ഥവും യുക്തിഹീനവുമാണ്."

വരവു കൂടുതലുള്ള ഏതെങ്കിലും ഒരു പ്രത്യേകദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുള്ളവര്‍ക്കൊക്കെ അറിയാം. (ഊന്നല്‍ ലേഖകന്റേത്). ഡോ. ഗോപാലകൃഷ്ണനു പിന്തുണയുമായി ഡോ. കെ എന്‍ രാജ് രംഗത്തിറങ്ങിയതോടെ മാണിയന്‍ മിച്ചസിദ്ധാന്തം രൂക്ഷമായ ഭാഷയില്‍ ആക്രമിക്കപ്പെട്ടു. മാണിയുടെ അവകാശവാദം അപഹാസ്യം ഡോ. കെ. എന്‍ . രാജ് എന്ന തലക്കെട്ടില്‍ മനോരമ നല്‍കിയ വാര്‍ത്തയില്‍നിന്ന്.. "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്."

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും പത്രക്കാരെ കാണുമ്പോഴൊക്കെ മിച്ചക്കണക്കു വിളമ്പിയ മാണിയുടെ നെറുകംതലയ്ക്കു കിട്ടിയ അടുത്ത പ്രഹരം കേന്ദ്രധനസഹമന്ത്രി ജനാര്‍ദന്‍ പൂജാരിയില്‍നിന്നായിരുന്നു.

1986 ഏപ്രില്‍ 25ന് ശരദ് ദിഘെ എംപിക്ക് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ മാണിയുടെ കണക്കുകള്‍ തെറ്റാണെന്നു പൂജാരി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം 59 കോടി 40 ലക്ഷം രൂപയുടെ കമ്മി കേരളത്തിനുണ്ടെന്നായിരുന്നു ആ മറുപടി. രണ്ടാഴ്ച കഴിഞ്ഞു രാജ്യസഭയിലും പൂജാരി ഇതേകാര്യം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ആവര്‍ത്തിച്ചു. പൂജാരിക്കെതിരെ രാജീവ് ഗാന്ധിക്ക് മാണി കത്തയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. മാണി പറഞ്ഞത് സത്യം, പൂജാരി പറഞ്ഞത് മഹാസത്യം എന്ന തന്ത്രപരമായ നിലപാടിലായിരുന്നു മുഖ്യമന്ത്രി കെ കരുണാകരന്‍ . "കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല അത്: മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കരുണാകരന്റെ മെയ്വഴക്കം ചിരപ്രതിഷ്ഠ നേടുന്നതു നോക്കൂ,

"സംസ്ഥാനത്തിന്റെ കടബാധ്യത പൂര്‍ണമായും തീര്‍ത്തുകൊണ്ടുള്ള മിച്ചബജറ്റല്ല നിയമസഭയില്‍ അവതരിപ്പിച്ചതും അംഗീകരിച്ചതുമെന്ന് മുഖ്യമന്ത്രി കരുണാകരന്‍ വിശദീകരിച്ചു.... 86-87ലെ കേരളത്തിന്റെ വരവു ചെലവു മാത്രം അതേപടി എടുത്താല്‍ നമുക്കു മിച്ചമല്ല, കമ്മിയാണ്. എന്നാല്‍ ബജറ്റില്‍ ഈ വരവും ചെലവും മാത്രമല്ല ഉള്‍പ്പെടുത്തുക പതിവ്... ബജറ്റ് കമ്മിയാണെന്ന പൂജാരിയുടെ പ്രസ്താവന ധനകാര്യ കമ്മിഷന്‍ മുമ്പാകെ നമുക്ക് അനുകൂലമായ വാദമുഖങ്ങള്‍ക്ക് സഹായകരമാകുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു."

ഇങ്ങനെപോയി റിപ്പോര്‍ട്ട്. പത്രങ്ങളില്‍ മേനി നടിക്കാന്‍ മാണിയുടെ മിച്ചക്കണക്ക്; ധനകാര്യകമീഷനു മുന്നില്‍ അനുകൂലമായ വാദമുഖങ്ങള്‍ക്ക് പൂജാരിയുടെ വക കമ്മിക്കണക്ക്. കരുണാകരന്റെ നാവിനുമാത്രം വഴങ്ങുന്ന ഈ ന്യായം പക്ഷേ, അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജി കാര്‍ത്തികേയനു ബോധ്യപ്പെട്ടില്ല.

കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന് ആര്യനാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാര്‍ത്തികേയന്‍ ആരോപിച്ചു. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചെന്ന് റിപ്പോര്‍ട്ടുചെയ്തതും മനോരമതന്നെ. കേരള ചരിത്രത്തിലാദ്യമായി ഒരു മിച്ച ബജറ്റ് അവതരിപ്പിച്ച മാണിക്ക് കോണ്‍ഗ്രസിന്റെ വക ഇരുട്ടടി പിന്നെയും കിട്ടി. പ്രതിച്ഛായ മിനുക്കാനുള്ള കരുണാകരന്റെ തീരുമാനം മാണിയുടെ ധനമന്ത്രിസ്ഥാനം കവര്‍ന്നുകൊണ്ടാണ് നടപ്പായത്. മിച്ച ബജറ്റ് അവതരിപ്പിച്ച മാണി മിന്നല്‍വേഗത്തില്‍ വെറും നിയമമന്ത്രിയായി. പുതിയ ധനമന്ത്രി തച്ചടി പ്രഭാകരന്‍ തന്റെ മുന്‍ഗാമിയുടെ ബജറ്റിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം ചിന്തോദ്ദീപകമായ തലക്കെട്ടിലാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. "മിച്ചംതന്നെ. അതായത് കമ്മി: തച്ചടി" എന്ന ആ തലക്കെട്ടില്‍ മാണിയുടെ മഞ്ഞളിച്ച മുഖംകൂടിയാണ് മനോരമ വരച്ചുചേര്‍ത്തത്. തുടക്കത്തില്‍ ഉദ്ധരിച്ച വാസുദേവ ലേഖനത്തില്‍നിന്ന് ഒരല്‍പ്പം കൂടി കേള്‍ക്കുക.

"ചെലവ് മുഴുവന്‍ കണക്കാക്കാതെയാണത്രേ ബജറ്റുണ്ടാക്കിയത്. കോടിക്കണക്കിനു രൂപയുടെ ബില്ലുകള്‍ കൊടുത്തു തീര്‍ക്കാനുണ്ടത്രേ. കൊടുക്കാനുള്ളതു കണക്കാക്കുന്നില്ലെങ്കില്‍ സകലബജറ്റുകളും മിച്ചമാവുമെന്നത് ലളിതമായൊരു സത്യമല്ലേ... അതൊക്കെ ആരെങ്കിലും ചെയ്യുമോ? അതിനെ ആരെങ്കിലും ബജറ്റെന്നു പറയുമോ?" ആരും ചെയ്യാത്തതൊക്കെ കെ എം മാണി ചെയ്യും. "കണക്കില്‍ കമ്മി, വാക്കില്‍ മിച്ചം" എന്നാണ് സാക്ഷാല്‍ കെ കരുണാകരന്‍ മാണിയുടെ ചെയ്തിയെ വിശേഷിപ്പിച്ചത്. (മാതൃഭൂമി 1986 മെയ് 8).

കേരള ചരിത്രത്തില്‍ ആദ്യത്തെ മിച്ചബജറ്റ് അവതരിപ്പിച്ച മഹാനായ ധനമന്ത്രി എന്ന ഖ്യാതിമാത്രമാണ് പാവം കെ എം മാണി മോഹിച്ചത്. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഒന്നുമാകാന്‍ കോണ്‍ഗ്രസുകാര്‍ ഈ ജന്മം സമ്മതിക്കില്ല. അപ്പോള്‍ ഒരല്‍പ്പം കീര്‍ത്തി മോഹിച്ചുപോയതില്‍ തെറ്റൊന്നുമില്ല. ചില കണക്കുകള്‍ വെട്ടിക്കളഞ്ഞും കണക്കിലില്ലാത്തത് എഴുതിച്ചേര്‍ത്തും ഒരു മിച്ചബജറ്റ് അവതരിപ്പിച്ചുനോക്കിയതാണ്. അവിടെയും വില്ലന്മാരായത് കോണ്‍ഗ്രസുകാര്‍തന്നെ. മിച്ചബജറ്റിന്റെ ക്ഷീണം തീരുന്നതിനു മുന്നേ ധനമന്ത്രിപദവും കോണ്‍ഗ്രസുകാര്‍ തിരികെ വാങ്ങി. വീണ്ടും മാണി ഒരു ബജറ്റുമായി എത്തുകയാണ്. അനേകം തിരുത്തലുകളുണ്ടത്രേ അദ്ദേഹത്തിന്റെ ബജറ്റില്‍ . പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

5 comments:

manoj pm said...

"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.

Pintu said...

പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

ജനശക്തി said...

ഓര്‍ക്കും തോറും മറക്കുകയും മറക്കും തോറും ഓര്‍ക്കുകയും ചെയ്യുന്ന ആളല്ലേ മാണിസാര്‍. ഓര്‍മ്മയുണ്ടാവും, അതായത് മറന്നു പോയി ലൈന്‍ ആയിരിക്കണം ഇക്കാര്യത്തിലും. :)

ഷാ said...

മാണി സാറിന്റെ മിച്ച ബഡ്ജറ്റിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്..!

paarppidam said...

മനോജ് സാറേ,
ബഡ്ജറ്റ് നേരത്തെ സമുദായനേതാവൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന ആഹ്ലാദത്തിലാണ് എന്നെ പോലെ ഉള്ള സാദ പൌരന്മാര്‍, അഞ്ചാമന്ത്രിയേയും വകുപ്പും ഒക്കെ ആരൊക്കെയോ പ്രഖ്യാപിച്ചത് നമ്മള്‍ നിശ്ശബ്ദരായി മാധ്യമങ്ങളില്‍ കണ്ടു. സവര്‍ണ്ണ-ഫാസിസ്റ്റ് ഭൂരിപക്ഷമല്ലല്ലോ അതൊണ്ട് എന്തു കണ്ടാലും മിണ്ടാതിരിക്കാം.

പാലാ-മലപ്പുറം ബഡ്ജറ്റുകള്‍ വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാം. പ്രതാപേട്ടന്‍ കിടന്ന് ബഹളം വച്ചോണ്ട് ഒരു കാര്യവും ഉണ്ടാകില്ല.

പേരിനൊപ്പം ഉപമുഖ്യമന്ത്രി പദവി ഇല്ലെങ്കിലും അധികാരം ഇങ്ങനെ കൈവെള്ളയില്‍ ഇട്ട് അമ്മാനമാടാന്‍ പരുവത്തില്‍ ഉണ്ടായാല്‍ പോരെ? നൂറുകണക്കിനു പട്ടയങ്ങള്‍, ചുളുവില്‍ തോട്ട ഉടമകള്‍ക്ക് അനുകൂലമായ ചില തിരുത്തലുകള്‍ തുടങ്ങിയ തിരുകള്‍ ഇതിന്റെ ഒക്കെ ഇടയില്‍ പൊതു ജനത്തെ പറ്റി ഓര്‍മ്മയുണ്ടായാല്‍ ഭാഗ്യം.

അഞ്ചുവര്‍ഷമായി തൂലിക തുരുമ്പെടുത്തെന്ന് പ്രേക്ഷകര്‍ പരാതി പറയുന്ന രണ്‍ജിപണിക്കര്‍ക്ക് ഒരു ഹിറ്റ് ചിത്രം ഉടനെ ഉണ്ടാകും.