Showing posts with label ഗാന്ധിജി. Show all posts
Showing posts with label ഗാന്ധിജി. Show all posts

Thursday, June 2, 2011

ഹസാരെ എന്ന ബിംബം

ഇരുപതാം നൂറ്റാണ്ട് അവസാനിച്ചത് സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെയും മുതലാളിത്തം മാത്രമാണ് പകരം വെക്കാവുന്നത് എന്ന അവകാശവാദം പാരമ്യത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിലാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ലോകത്തിന് ഏകധ്രുവമേയുള്ളൂ; അത് വാഷിങ്ടണ്‍ മാത്രമാണ് എന്ന അഹന്തയും സ്വപ്നങ്ങളുടെയും സ്വപ്ന ഭംഗങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ചു. മുതലാളിത്തത്തിന്റെ വിജയാഘോഷക്കാര്‍ മാര്‍ക്സിസത്തിന് 'അനന്തര സിദ്ധാന്ത'മുണ്ടാക്കി. അത് പുരോഗമനപരമായ സാമൂഹിക സിദ്ധാന്തം എന്ന ഭാവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അന്നുവരെ ആര്‍ജിച്ച പ്രബുദ്ധതയുടെ മൂല്യങ്ങളെ തിരസ്കരിക്കുന്ന 'ഉത്തരാധുനികത' മുതലാളിത്തത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്നു എന്ന് ഭാവിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് മുതലാളിത്തത്തിന് എതിരല്ല. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ബദലുമല്ല. അത് മാര്‍ക്സിസത്തിന് വിരുദ്ധമാണ്.

മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ ഒരു സംവിധാനം എന്ന നിലയിലോ വ്യവസ്ഥിതിയെന്ന നിലയിലോ അംഗീകരിക്കാതെ, സ്വത്വങ്ങളുടെയും ഭിന്നതകളുടെയും സംഘര്‍ഷങ്ങളുടെയും നാനാത്വത്തിന്റെ പേരിലാണ് അത് നിലനില്‍ക്കുന്നത്. അഥവാ അങ്ങനെ ഭാവിക്കുന്നത്. നിലവിലുള്ളതെല്ലാം വ്യവസ്ഥാപിതമാണ്; തള്ളിക്കളയുക; ഉല്‍കൃഷ്ടവും ആധുനികോത്തരവുമായ വഴി ഇതാ ഞങ്ങള്‍ തുറക്കുന്നു എന്നാണ് ഉത്തരാധുനികതയുടെ വക്താക്കള്‍ പറയുന്നത്. പഞ്ചസാരയുടെ ലേബലൊട്ടിച്ച ഭരണിയില്‍ പാഷാണം സൂക്ഷിക്കുന്നതുപോലെയാണ് ഉത്തരാധുനികത പുരോഗമനത്തിന്റെ മുഖംമൂടിയിട്ട് നമുക്ക് മുന്നിലെത്തുന്നത്. നമ്മുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെയോ പോരാട്ടങ്ങളെയോ അത് കാണുന്നില്ല. നിലനില്‍ക്കുന്ന ചൂഷണ വ്യവസ്ഥയുടെ സംരക്ഷകരായി അതിന് പ്രവര്‍ത്തിക്കേണ്ടിവരുന്നു. സ്വത്വവിഭാഗങ്ങളെ സംഘടിപ്പിച്ചും അരാജക വാദികളെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന അത്തരം നീക്കങ്ങളിലൂടെ തൊഴിലാളിക്ക് ഒരു വര്‍ഗം എന്ന നിലയില്‍ സംഘടിക്കാനുള്ള സ്വാതന്ത്യ്രം തകര്‍ക്കുക മാത്രമല്ല വര്‍ഗ രാഷ്ട്രീയത്തെ നശിപ്പിക്കുക എന്ന ദൌത്യം കൂടി ഉത്തരാധുനികതയുടെ വക്താക്കള്‍ക്കുണ്ട്.

അഴിമതി ഇന്ന് ഇന്ത്യയെ മുറിപ്പെടുത്തുന്ന വിപത്താണ്. അഴിമതി രാജാണ് ഇന്ത്യയിലേതെന്നത് ആക്ഷേപവാക്കായല്ല അനിഷേധ്യ യാഥാര്‍ത്ഥ്യമായാണ് നമ്മുടെ മുന്നില്‍നില്‍ക്കുന്നത്. അഴിമതിക്കെതിരായ വികാരം ജനഹൃദയങ്ങളില്‍ ആഞ്ഞടിക്കുന്നു. അത് സ്വാഭാവികമായും അഴിമതിയെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കെതിരായി തിരിയേണ്ടതാണ്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയുടെ ദുര്‍ഗുണങ്ങളിലൊന്നാണ് അഴിമതിയെന്നും ലേബല്‍ മാറ്റിയൊട്ടിച്ചതുകൊണ്ട് പാഷാണം പഞ്ചസാരയാകില്ല എന്നും ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ വര്‍ഗസമരമാണ് ശക്തിപ്പെടുക. അത്തരമൊരു ശക്തിപ്പെടലിനെ ഭയക്കുന്നവര്‍ കുറുക്കുവഴികള്‍ തേടുന്നു. അങ്ങനെയുള്ള കുറുക്കുവഴിക്ക് സൈദ്ധാന്തിക രൂപം നല്‍കുന്നു. ഉത്തരാധുനികത സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ ആ കര്‍ത്തവ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗം ജനമനസ്സുകളാല്‍ വിചാരണ ചെയ്യപ്പെടുകയാണ്. ആ വിചാരണ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല. എന്നാല്‍, സമ്പന്ന വര്‍ഗത്തെ സേവിക്കുന്ന ഭരണ നയങ്ങളില്‍ പൊറുതിമുട്ടുകയും കഷ്ടപ്പാടടനുഭവിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ അരാഷ്ട്രീയതയുടെ വഴിയിലേക്ക് സൂക്ഷ്മമായി തിരിച്ചുവിടുക എന്ന ശേവുകദൌത്യം ഉത്തരാധുനികതയുടെ സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും നിര്‍വഹിക്കുന്നു. അതിലെ ചെത്തിമിനുക്കിയ ഒരുപകരണമാണ് അണ്ണാ ഹസാരെ. ഹസാരെയുടെ വഴിയില്‍ ജനാധിപത്യത്തിന് അഞ്ചാം സ്തംഭം പണിയാനായി കേരളത്തിലെ ചിലര്‍ ഇറങ്ങിപ്പുറപെട്ടതിന്റെ പൊരുളും ഈ പറഞ്ഞതിനോട് ചേര്‍ന്നുനില്‍ക്കുന്നു. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെയും അതിന്റെ അനിവാര്യമായ ദുര്‍ഗുണങ്ങളെയും ചെറുത്തു തോല്‍പിക്കുന്നതുപോലെയുള്ള വിശാലമായ ലക്ഷ്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയെ തകര്‍ക്കുന്നതിനുള്ള ഇടപെടലാണത്. യഥാര്‍ത്ഥത്തില്‍ അഴിമതി വിരുദ്ധമെന്നും മനുഷ്യാവകാശ സംരക്ഷണമെന്നും മറ്റുമുള്ള ഉദാത്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ ഇളക്കിവിടുന്നവര്‍, ആ ജനരോഷം ആത്യന്തികമായി അഴിമതിയുടെയും ചൂഷണത്തിന്റെയും സമ്മതപത്രമായി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പണംകൊടുത്ത് കോടതിവിധി വിലയ്ക്കുവാങ്ങാന്‍ അനായാസം തയാറാകുന്നവര്‍, അഴിമതി തടയാനുള്ള നിയമ നിര്‍മ്മാണത്തിന്റെ അവസാന വാക്കുപറയാന്‍ നിയോഗിക്കപ്പെടുന്ന അവസ്ഥ അനാശാസ്യവും അസഹനീയവുമാണ്.

ലോക് പാല്‍ ബില്‍ കുറ്റമറ്റതാവുകയും കര്‍ക്കശമായി നടപ്പാക്കപ്പെടുകയും വേണം. അതിന്റെ പരിധിയില്‍ എല്ലാ ഉന്നതരുമുണ്ടാകണം. എന്നാല്‍, അങ്ങനെയൊരു ബില്‍ നിയമമാകുന്നതുകൊണ്ട് കൊണ്ട് രാജ്യം എന്നെന്നേക്കുമായി രക്ഷപ്പെടും എന്ന് ധ്വനിപ്പിക്കുന്ന പ്രചാരകര്‍ ആപത്തിന്റെ സന്ദേശവാഹകരുമാണ്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നിയമമില്ലാഞ്ഞിട്ടല്ല കാശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും രണ്ടുലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. അന്ന് ആ അത്യുജ്ജ്വല ജനമുന്നേറ്റം കണ്ടില്ലെന്നു നടിച്ചവര്‍, അതേ ജന്തര്‍മന്ദിറിനു മുന്നില്‍ ഏപ്രില്‍ അഞ്ചിന് അണ്ണാഹസാരേ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ ഒരുത്സവമായി അതിനെ കൊണ്ടാടി. പ്രകടനത്തിന് ആളെ കൂട്ടിക്കൊടുക്കുക എന്ന കടമ വാശിയോടെ അവര്‍ ഏറ്റെടുത്തു. ആള്‍ദൈവത്തട്ടിപ്പു സംഘങ്ങളും വിദേശ ഫണ്ട് വിഴുങ്ങുന്ന എന്‍ജിഒകളും മധ്യവര്‍ഗ അരാജക വാദികളുമൊക്കെ കൊട്ടിയും പാടിയും ഹസാരെയോടൊപ്പം ചേര്‍ന്നു. നവ മാധ്യമങ്ങളിലൂടെ പ്രചണ്ഡപ്രചാരണം അരങ്ങേറി.

അണ്ണ ഹസാരെ എന്ന വ്യക്തിയെ അവതാര പുരുഷനാക്കി മാറ്റുക; അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനാധിപത്യത്തിന്റെയും മുകളില്‍ സ്ഥാനം നല്‍കുക; അഴിമതി തടയാന്‍ ഇതേ മാര്‍ഗമുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുക; പ്രകടനം നടത്തുന്ന ജനങ്ങളെച്ചൂണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുക-ഈ തന്ത്രമാണരങ്ങേറിയത്. കൃത്യമായി ആസൂത്രണംചെയ്ത ഒരു താളവും ക്രമവും ആ സമരത്തിനുണ്ടായിരുന്നു. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോക്പാല്‍ ബില്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മതസംഘടനകളും വര്‍ഗീയ സംഘടനകളും പ്രമുഖ വ്യക്തികളും എന്നുവേണ്ട ഇന്നലെവരെ രാഷ്ട്രീയത്തെയും സമരങ്ങളെയും പുച്ഛിച്ചു നടന്നവര്‍പോലും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിക്കൊണ്ടേയിരുന്നു. ടുണീഷ്യയിലും ഈജിപ്തിലുമെല്ലാം ജീവിതം വഴിമുടി ഭരണാധികാരികള്‍ക്കെതിരെ തെരുവിലിറങ്ങിയ ജനമുന്നേറ്റത്തിന്റെ ഇന്ത്യന്‍ രൂപമായി ഇതും വ്യാഖ്യാനിക്കപ്പെട്ടു. ഇനി സിവില്‍ സമുഹത്തിന്റെ കാലമാണ്; രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും മ്ളേച്ഛതരം എന്ന ചിന്തയാണ് ആയിരം വോള്‍ട്ട് ശക്തിയോടെ പ്രസരിപ്പിക്കപ്പെട്ടത്.

അനന്തരം എന്തുണ്ടായി? ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു. ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും അണ്ണാ ഹസാരെയുമടക്കമുളളവരെ നിരത്തി ലോക്പാല്‍ ബില്ലിന് കരടുണ്ടാക്കുന്നതിനുള്ള കമ്മറ്റി രൂപീകരിക്കപ്പെട്ടു. എന്താണ് ഈ അംഗത്വത്തിന്റെ യോഗ്യത? ശാന്തി-പ്രശാന്ത ഭൂഷണ്‍മാര്‍ക്കെതിരെ വന്ന ആരോപണം കോടതിയെ വിലയ്ക്കുവാങ്ങാന്‍ മടിയില്ലാത്ത മാഫിയാ സ്വഭാവം അവര്‍ക്കുണ്ടെന്നാണ്. അത്തരക്കാര്‍ എങ്ങനെ അഴിമതിവിരുദ്ധ നിയമത്തിന്റെ സ്രഷ്ടാക്കളാകും?

നിരാഹാരോത്സവം സംഘടിപ്പിച്ച ഹസാരെക്ക് ജനങ്ങളെ ഉപദേശിക്കാം-പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമ നിര്‍മ്മാണത്തിന് നേതൃത്വം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ്. ജനപിന്തുണ ആള്‍ക്കൂട്ടത്തെ പ്രദര്‍ശിപ്പിക്കുന്നതിലല്ല; വ്യക്തമായ നയ സമീപനങ്ങള്‍ അവതരിപ്പിച്ച് ജനഹിതം ആര്‍ജിക്കുന്നതിലാണ്. അവിടെയാണ് ജനാധിപത്യത്തിന്റെ അടിത്തറ. അല്ലാത്തത് കേവലമായ ആള്‍ക്കൂട്ടത്തിന്റെ വികാര പ്രകടനമായി അവസാനിക്കും. ഇവിടെയും അതാണുണ്ടായത്. ഫലമോ? അസഹ്യമായ അഴിമതികണ്ട് ജനങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള സാധ്യതയില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഹസാരെയുമായുണ്ടാക്കിയ തീര്‍പ്പുകള്‍ അഴിമതിക്കെതിരായ യുപിഎ സര്‍ക്കാരിന്റെ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഗുണഭോക്താക്കളായത് അഴിമതിക്കാര്‍തന്നെ. യുക്തിഭദ്രമായ ഇത്തരം ചിന്തകളും കണ്ടെത്തലുകളും വലതുപക്ഷം ഇഷ്ടപ്പെടുന്നില്ല. അവരുടെ മാധ്യമങ്ങള്‍ അതിലേക്ക് എത്തിനോക്കുന്നില്ല.

പ്രകടനങ്ങളിലും മാധ്യമക്കസര്‍ത്തുകളിലും വികാര വിക്ഷോഭങ്ങളിലും ജനതയുടെ വിചാരത്തെ മുക്കിക്കെടുത്തി അവര്‍ 'ലാഭം' കൊയ്യുന്നു. പുരോഗമന പ്രസ്ഥാനങ്ങളെ അപഹസിക്കുന്നു; അവമതിക്കുന്നു.


ഹസാരെയുടെയോ സമരത്തില്‍ അണിചേര്‍ന്നവരുടെയോ ഉദ്ദേശ്യശുദ്ധിയെ വെറുതെ വിട്ടാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. 'ഇന്ത്യ അഴിമതിക്കെതിരെ' എന്നാണ് ഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യം. സമരത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട രൂപം ഗാന്ധിജിയുടതാണ്. ഗാന്ധിജിയുടെ പേരില്‍ ആണയിട്ട, ഗാന്ധിയന്‍ മുറയോട് തുല്യപ്പെടുത്തിയ സമരത്തില്‍ രാഷ്ട്രീയക്കാര്‍ക്കെതരെ പുലയാട്ടുകളാണ് ഉയര്‍ന്നുകേട്ടത്. സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹത്തിനാണ് സമരത്തിന്റെ നേതൃത്വമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഈ 'പൌരസമൂഹം' എവിടെനിന്നു വന്നു? എന്താണതിന്റെ സ്വഭാവം? ആരാണ് സംഘാടകര്‍? ആള്‍ദൈവക്കൂട്ടത്തിന്റെ ഫണ്ടിങ്ങ് സമരപ്പന്തലിലെത്തുമ്പോള്‍ അതിനുപിന്നിലെ ചരടുകള്‍ എങ്ങനെയുള്ളതാകും?
സമരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ലോക്പാല്‍ ബില്‍ തതയാറാക്കുന്നതിനായി സമിതി രൂപീകരിക്കപ്പെട്ടു. അതില്‍ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരാണുള്ളത്. സ്വാഭാവികമായും അവര്‍ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നു. ഹസാരേയുടെ പ്രതിനിധികള്‍ അരാഷ്ട്രീയക്കാര്‍. എന്നു്വച്ചാല്‍ കോണ്‍ഗ്രസ്-അരാഷ്ട്രീയ സമിതി. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയും സമിതിയില്‍ ഇല്ല. അതായത്, ഒരു കോണ്‍ഗ്രസ് വിലാസം സമിതിയായി അത് മാറി എന്നര്‍ത്ഥം. ആര്‍ക്കാണതുകൊണ്ട് പ്രയോജനം? അഴിമതിക്കാര്‍ക്കുതന്നെ എന്നുപറയാന്‍ മടിച്ചുനില്‍ക്കേണ്ടതില്ല.
ബൂര്‍ഷ്വാഭരണ വ്യവസ്ഥയുടെ അവയവംതന്നെയാണ് അഴിമതി. രാഷ്ട്രത്തെ ബാധിച്ചമാരകരോഗമാണത്. പത്തുപേര്‍ പടച്ചുണ്ടാക്കുന്ന ഒരു നിയമത്തിലൂടെ മാറുന്നതല്ല ആ മഹാരോഗം. വ്യവസ്ഥിതിയുടെ കൂടപ്പിറപ്പാണത്. വ്യവസ്ഥിതി മാറാതെ രോഗം മാറില്ല. ഈ അടിസ്ഥാന വസ്തുത മറച്ചുവെച്ചുള്ള വലിയൊരു പ്രത്യയശാസ്ത്ര ഒളിയുദ്ധമാണ് ഹസാരെ സമരത്തിലൂടെ അരങ്ങേറിയത്. അതിന്റെ പ്രയോജനം നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കാണ്. ശുദ്ധമനസ്സുകളെ സ്വാധീനിക്കാനുള്ള അതിന്റെ പ്രയത്നം ഫലം കണ്ടു എന്നതില്‍ സംശയത്തിനവകാശമില്ല. അല്ലെങ്കിലും അതുതന്നെയാണ് അതിന്റെ ദൌത്യവും.
അരാഷ്ട്രീയവല്‍ക്കരണമാണ് പ്രയോഗിക്കപ്പെടുന്നത്. ഭരണകൂടത്തേയും പൌരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോളവല്‍ക്കരണ ശക്തികളുടെ; ധനമൂലധനത്തിന്റെ ആവശ്യമാണ്. ജനാധിപത്യം അപ്രസക്തമാണെന്നു വരുത്തുന്നിടത്ത് രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. രാഷ്ട്രീയ പാര്‍ട്ടികളുടെ അതിരുവിട്ട് പുറത്തുചാടുകയോ വളരുകയോ ചെയ്യുന്ന ചില ബിംബങ്ങള്‍ മുന്‍നിര്‍ത്തപ്പെടുന്നു. അഴിമതിവിരോധം, പരിസ്ഥിതിപ്രണയം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ വൈകാരികമായി ഇടപെട്ടുകൊണ്ട്, അവയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ ഇകഴ്ത്തിക്കൊണ്ട് സര്‍വസ്വീകാര്യതയിലേക്ക് അത്തരം ബിംബങ്ങളെ ഉയര്‍ത്തുകയും തങ്ങളുടെ വിശ്വസനീയമായ ഉപകരണമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. പുറമെ കാണുന്ന നിഷ്കളങ്കതയല്ല, ഒളിപ്പിച്ചുവെച്ച വിഷമുള്ളുകളാണ് ഇത്തരം 'പ്രതിഭാസ'ങ്ങളുടെ പ്രത്യേകത.
ഹസാരെ സംശയിക്കപ്പെടുന്നു എന്നോ വിമര്‍ശിക്കപ്പെടുന്നു എന്നോ ഉള്ള തൊലിപ്പുറമെയുള്ള കാഴ്ചക്കപ്പുറം രാഷ്ട്രീയമായ അജണ്ട ഇതില്‍ കാണാതിരിക്കുന്നതാണ് അപകടം. സമരങ്ങള്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടാകാം. സമര നായകര്‍ പലരും നേരായ ലക്ഷ്യമുള്ളവരാകാം. സമരത്തില്‍ അണിചേരുന്നവര്‍ നന്‍മ മാത്രം ലക്ഷ്യമിടുന്നവരാകാം. എന്നാല്‍ ഇത്തരം സമരങ്ങളുടെ ആത്യന്തികമായ ഫലം വ്യവസ്ഥിതിയുടെ സംരക്ഷണത്തിന് സഹായം നല്‍കലാണ്. അത് തിരിച്ചറിയാനും ശരിയായ രാഷ്ട്രീയത്തിന്റെ; വര്‍ഗ സമരത്തിന്റെ വഴിയിലേക്ക് ജനതയെ കൈപിടിച്ചുയര്‍ത്താനുമുള്ള ശ്രമങ്ങളിലാണ് പുരോഗമന-ജനാധിപത്യ ശക്തികള്‍ മുഴുകേണ്ടത്.

Saturday, April 11, 2009

ഭൂതകാലം വേടയാടുമ്പോള്‍

വന്നവഴി മറക്കുന്നവരെക്കുറിനാം പഴിക്കാറുണ്ട്. അത്തരക്കാരെ നല്ലവരായി കണക്കാക്കാറില്ല. പഴയ കാലത്തില്‍ കടിച്ചുതൂങ്ങുന്നവരെയും മെച്ചപ്പെട്ടവരായല്ല നാം കാണുന്നത്. പരിപ്പുവടയും കട്ടന്‍ ചായയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ ആഹാരമെന്നും പാലൊഴിച്ച ചായയും പഴംപൊരിയും ബോണ്ടയും നിഷിദ്ധമാണെന്നും പറയുന്നവരുണ്ടല്ലോ.

കാലത്തിനൊത്ത മാറ്റം രണ്ടുതരതിലാകാം. ആദ്യത്തേത് പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച്, പഴയതിനെ മറന്നുപോകാതെയുള്ള പോക്ക്. രണ്ടാമത്തേത് അപ്പോള്‍ കണ്ടതിനെ സ്തുതിച്ചുള്ള അവസരവാദം. നമ്മുടെ കോണ്‍ഗ്രസ് അതിന്റെ പൂര്‍വകാലത്തില്‍ നിന്ന് ഒളിച്ചോടുന്നവരും രണ്ടാമതുപറഞ്ഞ വിഭാഗത്തില്‍ പെടുന്നവരുമാണെന്ന് പറയാനാകുമോ? തീര്‍ച്ചയായും ചില കാര്യങ്ങളില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊട്ട് ഉറപ്പിച്ച് പറയാനുമാകില്ല.

ഖദര്‍ കുപ്പായമിടുന്നതുതന്നെ കോണ്‍ഗ്രസിന്റെ ഒരു വലിയ കാപട്യമാണ്. പണ്ടവര്‍ അതണിഞ്ഞത് ഗാന്ധിജിയുടെ നന്‍മയില്‍ ഖദര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നവര്‍ ഖദറിട്ട് പ്രച്ഛഹ്നവേഷമാടുകയാണ്. 'ഖദറിട്ട മാംസ പിണ്ഡങ്ങള്‍'.

തമിഴ്നാട്ടിലെ പവര്‍ലൂമിലുണ്ടാക്കുന്ന കള്ളഖദര്‍ കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കി അതിനുള്ളില്‍ കയറിയിരിക്കുന്നത് കാര്യസാധ്യത്തിനും സേവപിടുത്തത്തിനും സ്ഥാനാര്‍ത്ഥിയാകുന്നതിനുമുള്ള ഉപാധിയാണിന്ന് കോണ്‍ഗ്രസില്‍.രമേശ് ചെന്നിത്തലയെ കണ്ടില്ലേ? ആ മുഖത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസാണോ റാസ്പുടിന്റെ ഉപജാപബുദ്ധിയാണോ തെളിയുന്നത്? ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ആന്റണിയുടെ സത്യസന്ധതയുടെ നൂറിലൊന്ന് നിഴലായെങ്കിലും കാണുന്നുണ്ടോ?

ആന്റണിയെപ്പോലെ ചിലര്‍ അവശേഷിക്കുന്നുണ്ട്. അവര്‍ നിസ്സഹായരാണ്. തൊള്ളായിരം കോടിയുടെ കോഴയ്ക്ക് അടിയൊപ്പുചാര്‍ത്തിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍.സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചറിവുണ്ടാകാം. പാശ്ചാത്യ സംസ്കാരത്തിന്റെ പെരുമാറ്റച്ചിട്ടയും മാന്യതയുമുണ്ടാകാം. അതുമതിയോ കോണ്‍ഗ്രസാകാന്‍? നെഹ്രുവിന്റെ പിന്‍തുടര്‍ച്ചക്കാരിയാകാന്‍?

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയെ നോക്കൂ-അദ്ദേഹത്തിന്റെ നാവില്‍നിന്ന് എന്നെങ്കിലും ഒരു രാഷ്ട്രീയ പ്രശ്നം ഗൌരവത്തോടെ ഉതിര്‍ന്നുവീണ അനുഭവമുണ്ടോ? ഏറ്റവും താണ ഉപജാപകന്റെയും ധനാര്‍ത്തിമൂത്ത കാപട്യക്കാരന്റെയും കഴിവുകെട്ട ജാലവിദ്യക്കാരന്റെയും മുഖമുള്ള ഒരാള്‍ക്കുകീഴില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുകയാണ്. നീചമായ ഒരു കൂട്ടക്കൊല നടത്തിയ പുതുപ്പണക്കാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പത്രസമ്മേളനത്തിലിരുന്ന് ആ നേതാവ് പരവേശപ്പെടുന്നതും വിയര്‍പ്പ് ഒപ്പുന്നതും നാം കണ്ടിട്ടില്ലേ? എത്ര മാധ്യമ ആപ്പീസുകള്‍ കയറിയിറങ്ങി? ചാനല്‍ പരിപാടിക്കുവേണ്ടി അഭിനയിക്കുന്നതിരക്കില്‍, 'അഭിലാഷ് എവിടെ' എന്നുചോദിച്ച്, വണ്ടിയില്‍ പാഞ്ഞുകയറി കൈവീശി യാത്രയാകുന്ന ചെന്നിത്തലയുടെ ചിത്രം ഒരു നേതാവിന്റെ സ്ഥാനത്തോ കോമാളിയുടെ സ്ഥാനത്തോ കോണ്‍ഗ്രസുകാര്‍ പ്രതിഷ്ഠിക്കുക?

തീര്‍ച്ചയായും കോണ്‍ഗ്രസ് തകര്‍ന്നിട്ടില്ല. കുറെയേറെ ജനങ്ങള്‍ ഇന്നും ആ പാര്‍ട്ടിയോടൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റുകാരോട് ബദ്ധശത്രുതയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. എന്നിട്ടും ഇന്ന് കേരളത്തിലും ഇന്ത്യയിലും ആ പാര്‍ട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ല-വളര്‍ത്തുദോഷം.ദൌര്‍ബല്യം മറച്ചുവെക്കാന്‍ വ്യാജ വാര്‍ത്തകളിലും സര്‍വേകളിലും അവര്‍ അഭയം തേടുന്നു. മനോരമ പ്രസിദ്ധീകരിച്ച സര്‍വേ, കേരളത്തില്‍ പതിനഞ്ച് യുഡിഎഫിനും അഞ്ച് എല്‍ഡിഎഫിനുമാണ്. ചെന്നിത്തലയ്ക്ക് കേരളത്തിലെ ഒരു സീറ്റ് ഉറപ്പിച്ച് യുഡിഎഫിന് കിട്ടും എന്ന് പറയാനുള്ള ധൈര്യം ഇന്നുണ്ടോ? മലപ്പുറത്തുപോലും പ്രവചനാതീതമാണ് മത്സരം. പൊന്നാനിയല്ല, മലപ്പുറമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലീഗിന് കരുതേണ്ടിവന്നിരിക്കുന്നു. പൊന്നാനി തോറ്റാലും മലപ്പുറം പിടിക്കാനുള്ള പിടച്ചിലിലാണവര്‍. പിന്നെ എവിടെ?


അഖിലേന്ത്യാ തലത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ, കോണ്‍ഗ്രസ് വോട്ടെടുപ്പു നടക്കുന്നതിനുമുമ്പുതന്നെ ഒരു തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിബിഐ എന്ന കുറ്റാന്വേഷണ സംവിധാനത്തെ നാണംകെട്ട നിലയില്‍ ദുരുപയോഗിച്ചാണ്, ജഗദീഷ് ടൈറ്റ്ലറെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'കുറ്റവിമുക്തനായി' പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിയാകാനുള്ള വഴി കോണ്‍ഗ്രസ് തുറന്നുകൊടുത്തത്.


ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്. വെടിവച്ചവര്‍ സിഖുകാരാണ് എന്ന കാരണത്താല്‍, ആ വിഭാഗത്തില്‍പെട്ടവരെ കൂട്ടക്കൊലചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. അന്ന്, സിഖ്വിരുദ്ധ കലാപം നയിച്ചവരെ ന്യായീകരിച്ച്, 'വന്‍മരം വീഴുമ്പോള്‍' ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണെന്ന് ലാഘവത്തോടെ പറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറുമെല്ലാം കൂട്ടക്കൊലകള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തവരാണ്. അക്കാര്യം നിയമപരമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കോണ്‍ഗ്രസാണ് എന്ന ഒറ്റക്കാരണംകൊണ്ട്, ടൈറ്റ്ലറെ കുറ്റമുക്തനായി പ്രഖ്യാപിക്കാനാണ് സിബിഐയെ നിയോഗിച്ചത്.

സിബിഐ കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയതുകൊണ്ട് കൊലയാളികള്‍ക്ക് തങ്ങള്‍ മാപ്പുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അണപൊട്ടിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിഖ് ജനത പ്രഖ്യാപിച്ചത്. അവര്‍ സോണിയ ഗാന്ധിയുടെ വസതിയിലേക്കുതന്നെ മാര്‍ച്ച് ചെയ്തു. ആഭ്യന്തരമന്ത്രി ചിദംബരത്തിനുനേരെ മാധ്യമപ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞതും അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പത്തു കമീഷനുകള്‍ അന്വേഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ശക്തമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുമുണ്ട്്. അതിനെയെല്ലാം പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തത്. ഒടുവില്‍ സിബിഐ സംവിധാനത്തെ ലജ്ജയില്ലാതെ ദുരുപയോഗിച്ച്, കൊലയാളികളെ മാന്യന്മാരാക്കാന്‍ നടത്തിയ കളിയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ തിരിഞ്ഞുകുത്തിയത്്.

ജഗദീഷ് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും മത്സരരംഗത്തുനിന്ന് പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ആ പാര്‍ടി ജനവികാരം മാനിച്ച് തെറ്റ് തിരുത്തുന്നതിന്റെ ഉദാഹരണമല്ല, ജനങ്ങള്‍ക്കുമുന്നില്‍ ഗത്യന്തരമില്ലാതെ പരാജയം സമ്മതിച്ചതിന്റെ തെളിവുതന്നെയാണ്. ഇരുവരും മത്സരരംഗത്തുനിന്ന് മാറാന്‍ സ്വയം തീരുമാനിച്ചതായാണ്് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും അവര്‍ സ്ഥാനാര്‍ഥികളായാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജനരോഷവും പരാജയവും ഭയന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റമാണ് അതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍, കോഗ്രസ് എല്ലാ ഘട്ടത്തിലും ഇത്തരം വിവേകപൂര്‍ണമായ രീരുമാനങ്ങളെടുക്കും എന്ന് കരുതാന്‍ ന്യായമില്ല. കേരളത്തിലെ പര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയശേഷമാണ് സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ടൈറ്റ്ലറെയും സജ്ജനെയും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത.

കേരളത്തില്‍ സോണിയ പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ അവസാനത്തേത് തിരുവനന്തപുരത്തായിരുന്നു. അവിടെ വോട്ടുചോദിച്ചത്, ശശി തരൂര്‍ എന്ന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ്. അദ്ദേഹം കടുത്ത ഇസ്രയേല്‍ പക്ഷപാതിയാണെന്നുമാത്രമല്ല, ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയുമാണ്. നാടുമായോ കോണ്‍ഗ്രസുമായോ അടുപ്പമില്ലാത്ത അത്തരമൊരു സ്ഥാനാര്‍ഥിയെ, കോണ്‍ഗ്രസുകാരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നു വിശേഷിപ്പിച്ചയാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസില്‍നിന്ന് ശബ്ദമുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങളും കോലംകത്തിക്കലുമുണ്ടായി. സമാനമായ അവസ്ഥ ടോം വടക്കനെതിരെ തൃശൂരിലുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയ കോഗ്രസ് നേതൃത്വം, തിരുവനന്തപുരത്ത് എന്തുവന്നാലും ശശിതരൂരിനെ മത്സരിപ്പിച്ചേ അടങ്ങൂ എന്നാണ് നിശ്ചയിച്ചത്. തരൂരിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍പോലും ഇസ്രയേല്‍ സ്വാധീനം ഘടകമായി എന്നതിന്റെ സൂചനയാണിത്.

സ്വന്തം പാര്‍ടിക്കകത്തുനിന്ന് വന്ന എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് അങ്ങനെ തരൂരിനെ സ്ഥാനാര്‍ഥിയാക്കിയവരാണ്, ടൈറ്റ്ലറുടെയും സജ്ജന്‍കുമാറിന്റെയും പേര് നിരുപാധികം പിന്‍വലിച്ചിരിക്കുന്നത്. പരാജയം സമ്മതിച്ചുള്ള പിന്മാറ്റമായല്ലാതെ അതിനെ വിലയിരുത്താനാകില്ല. എന്നാല്‍, രണ്ടുപേരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതുകൊണ്ട് ഇല്ലാതാകുന്നതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നം എന്ന് ആരും കരുതുന്നില്ല.

രണ്ടു പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തിയോടെ ചര്‍ച്ചയ്ക്കുവരികയാണ്. ഒന്ന്, സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ഇന്നും കോണ്‍ഗ്രസ് വഴിവിട്ടു ശ്രമിക്കുന്നു എന്നത്. സിഖുകാരുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രശ്നമാണത്. കാല്‍നൂറ്റാണ്ടു തികയാറായിട്ടും ഒരു കൊടുംപാതകത്തിലെ പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിലെ ഹീനമായ താല്‍പ്പര്യം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുന്നതാണ് ടൈറ്റ്ലര്‍ സംഭവം. രണ്ടാമത്തെ പ്രശ്നം സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റേതാണ്. കേന്ദ്ര ഭരണകക്ഷിക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരെ കേസുകളും തെളിവുകളും സൃഷ്ടിച്ച് കേസില്‍ കുടുക്കാനും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൂട്ടക്കൊലക്കേസില്‍നിന്നുപോലും ഒഴിവാക്കിക്കൊടുക്കുന്നതിനുമുള്ള പാവ സംവിധാനമായി സിബിഐയെ അധഃപതിപ്പിക്കുന്നതിന്റെ അനുഭവമാണ് തുടര്‍ച്ചയായുണ്ടാകുന്നത്്. മുലായം, മായാവതി കേസുകളിലും ലാവ്ലിന്‍ അന്വേഷണത്തിലും ഇങ്ങനെ സിബിഐയുടെ ദാസ്യസ്വഭാവമാണ് വെളിപ്പെട്ടത്-ഇപ്പോഴിതാ ടൈറ്റ്ലര്‍ക്കുവേണ്ടി സിബിഐയുടെ വില വീണ്ടും കെടുത്തിയിരിക്കുന്നു.

കോണ്‍ഗ്രസിനെ നയിക്കുന്നത് അപ്പപ്പോഴത്തെ നേട്ടങ്ങള്‍ക്കുവേണ്ടിയും സാമ്രാജ്യത്വ-സിയോണിസ്റ്റ് അജന്‍ഡകള്‍ നടപ്പാക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിന്റെ ഉല്‍പ്പന്നമാണ് ഇത്തരം പരിഹാസ്യമായ പ്രകടനങ്ങള്‍. ഈ പോക്ക് കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തിലേക്കാണ് നയിക്കുക എന്നതിന് പ്രധാന തെളിവായി ടൈറ്റ്ലര്‍ നാടകത്തെ കാണാം.