മാധ്യമങ്ങളുടെ ഗുണ്ടാ ബന്ധമാണ് പുതിയ വിഷയം. പോള്‍ മുത്തൂറ്റ് വധക്കേസിനോടനുബന്ധിച്ച് പിടിയിലായ ഗുണ്ടാ നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാന്‍ സംഘടിതമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. പോള്‍ വധത്തിന് സിപിഐ എമ്മുമായി വിദൂരമായ ബന്ധം പോലും ഇല്ല; ആരും ആരോപിച്ചിട്ടുമില്ല. പോളിന്റെ കൊലയാളികളല്ല, ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് പിടിയിലായ ഗുണ്ടാത്തലവന്‍മാര്‍. മറിച്ചുള്ള തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല. പോള്‍ ജോര്‍ജിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ യുഡിഎഫ് നേതൃനിരയിലുള്ളവരാണ്. ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.
പോള്‍ വധവുമായി ബന്ധപ്പെട്ട എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തുവരണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് സഹായം നല്‍കുന്നതിനുപകരം തങ്ങള്‍ ആഗ്രഹിക്കുന്നതുമാത്രമാണ് പുറത്തുവരേണ്ടത് എന്ന ശാഠ്യം നീതിക്കുനിരക്കുന്നതാണോ എന്ന് മാധ്യമ സുഹൃത്തുക്കളും സ്ഥാപനങ്ങളും സ്വയം പരിശോധിക്കേണ്ടതല്ലേ? ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെങ്കിലും അവര്‍ ഒരാവര്‍ത്തി വായിച്ചുനോക്കേണ്ടേ? ഇന്ത്യയില്‍ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണ്. രാത്രി സ്ത്രീകള്‍ക്ക് നിര്‍ഭയം വഴിനടക്കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ഇയ്യിടെ സുപ്രിം കോടതി വ്യക്തമാക്കുകയുണ്ടായി. ക്രമസമാധാന പാലനത്തിലെ നേട്ടത്തിന് ഇന്ത്യ ടുഡെയുടെ അവാര്‍ഡിനും കേരളം അര്‍ഹമായി. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി കേസ് തെളിയിച്ച പൊലീസ് പ്രശംസാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ, കേസ് സര്‍ക്കാരിനെതിരായ ആയുധമായി മാറ്റാനുള്ള അസാധാരണ നീക്കമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്.യുഡിഎഫ് ഭരിച്ച കാലത്തെ പലകേസുകളിലും പ്രതികളെ രക്ഷിക്കുകയോ കേസ് തേച്ചുമാച്ചുകളയുകയോ ചെയ്തവരാണ് ഇപ്പോള്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തിറങ്ങിയതെന്നത് വിചിത്രമാണ്.
മൂന്നരക്കൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണകാലം നമ്മുടെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞിട്ടില്ല. അന്ന് മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലായിരുന്നു. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. .പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു.നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്ര്യം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്ര്യത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്ര്യത്തിന്റെ കാലം കൂടിയായിരുന്നുവെന്നര്‍ത്ഥം.
ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്ര്യ ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം എന്ന മൌലികാവകാശം നിഷേധിച്ചു. സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്ര്യവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.
'അടിയന്തരാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ മുഴുവന്‍ കാണിക്കുന്നത് ജനങ്ങളാണ് മുഖ്യഎതിരാളി എന്നാണ്. ജനങ്ങള്‍ക്കുണ്ടായിരുന്ന സര്‍വജനാധിപത്യ അവകാശങ്ങളും നിഷ്ഫലമായി. മൌലികാവകാശങ്ങളെപ്പറ്റി പറയുന്ന ഭരണഘടനയിലെ മൂന്നാംഭാഗം പുസ്തകത്തില്‍ മരിച്ചു കിടക്കുന്നു. 14, 22 ഖണ്ഡികകള്‍ സസ്പെണ്ട് ചെയ്തിരിക്കുകയാണ്.... കോണ്‍ഗ്രസിനോ സര്‍ക്കാരിനോ എതിരായ വിമര്‍ശനം അത് എത്ര മൃദുവായാലും വെളിച്ചം കണ്ടുകൂടാ. ജനങ്ങളെ സ്ഥാപിതതാല്‍പര്യക്കാര്‍ ചൂഷണം ചെയ്യുന്നതിന്റെ, തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മുതലാളിമാര്‍ ചൂഷണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൂടാ. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ ആരും സംഘടിച്ചു കൂടാ. അത് ഉല്‍പാദനത്തെ തടസപ്പെടുത്തുമത്രെ.''
അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെണ്ടില്‍ എകെജി നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ പ്രസക്തമാണ്.
അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.
ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു. 1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കോണ്‍ഗ്രസിന്റെ മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വി എന്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. കോണഗ്രസിന്റെ മാധ്യമങ്ങളോടുള്ള സമീപനം ഇങ്ങനെയുള്ളതാണ്‍െന്നിരിക്കെ, ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാപട്യത്തിന്റെ കുഞ്ഞുങ്ങളാണ് എന്ന് പറയേണ്ടതുണ്ട്.
മലയാള പത്രപ്രവര്‍ത്തനത്തില്‍ സമീപകാലത്ത് കണ്ടുവരുന്ന പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് .നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അനാശാസ്യമായ ശൈലി വിമര്‍ശിക്കപ്പെടാതിരുന്നുകൂട.ഈ ശൈലിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കോണ്‍ഗ്രസ്.
മുത്തങ്ങ സംഭവമാണ് സമീപകാലകേരള ചരിത്രത്തിലെ കടുത്ത മാധ്യമവിരുദ്ധാക്രമണം അരങ്ങേറിയ ഒന്ന്. ഏഷ്യാനെറ്റ് ലേഖകന്‍ രാംദാസിനെതിരെ മുത്തങ്ങയില്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കേസെടുത്ത പൊലീസിനെ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം എം ഹസന്‍ ഒരു സെമിനാറില്‍ (ഏഷ്യാനെറ്റ്,മാര്‍ച്ച്8)ശക്തമായി ന്യായീകരിച്ചു. രാംദാസ് മുത്തങ്ങയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ടെലിഫോണ്‍ വിളിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 14 ആണെന്ന് പറഞ്ഞുവത്രെ. അതുകൊണ്ടാണ് രാംദാസിനെതിരെ കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.ഇതേ കാര്യം അന്നുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് അന്നത്തെയു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് സാധാരണ പൌരന്‍മാരില്‍ കവിഞ്ഞ അവകാശങ്ങളൊന്നുമില്ലെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച ഇരുനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസിനുള്ള അധികാരത്തെക്കുറിച്ച് തെല്ലും സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന് ഫോണ്‍ ചെയ്ത 'കുറ്റ'ത്തിന് കലാപഗൂഢാലോചന കേസില്‍പെടുത്തുക. അക്കാര്യം സങ്കോചമില്ലാതെ പറഞ്ഞു നടക്കുക. മുത്തങ്ങ സംഭവത്തിനുശേഷം വയനാട്ടിലെ പത്രപ്രവര്‍ത്തകരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അന്നത്തെ ഗവര്‍മെണ്ട്. അറിയുന്നതൊന്നും എഴുതരുത്, എഴുതിയാല്‍ ജയിലിലടക്കും-ഇതായിരുന്നു ഉത്തരവ്. മുത്തങ്ങയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ക്ക് ഇത് നേരിട്ടു ബോധ്യപ്പെട്ടതാണ്. വെടിവെപ്പിനെക്കുറിച്ച് ഒന്നും പറയാന്‍ ചില പത്രലേഖകര്‍ തന്നെ ഭീതി മൂലം തയ്യാറായില്ല. കൈരളി ടിവിയുടെ ക്യാമറാമാന്‍ ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം. മറ്റൊരു ദൃക്സാക്ഷിയായ രാംദാസിനെതിരെ (ഏഷ്യാനെറ്റ്) കേസെടുത്തു. ആദിവാസികളുടെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന്. അതൊരു മുന്നറിയിപ്പായിരുന്നു. മുത്തങ്ങയിലെ സത്യം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇനി ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ രാംദാസിന്റെ അനുഭവമുണ്ടാകുമെന്നും മാധ്യമലോകത്തിന് ഭരണകൂടം നല്‍കുന്ന താക്കീത്.
ദൃശ്യമാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ മാധ്യമരംഗത്ത് നിരവധി മാറ്റങ്ങളാണുണ്ടായത്. ജനങ്ങള്‍ക്ക് വളരെ വേഗം വാര്‍ത്തകള്‍ ലഭ്യമാക്കാനും ചിലതെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യാനും ദൃശ്യമാധ്യമങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്. നിയമസഭാ നടപടികള്‍ നേരിട്ട് സംപ്രേഷണം ചെയ്യാന്‍ ചില ചാനലുകള്‍ തയ്യാറായി. സഭയില്‍ സര്‍ക്കാരിനനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല അലോസരമുണ്ടാക്കുന്നതും നടക്കും. എന്നാല്‍ അത്തരം അലോസരങ്ങള്‍ ജനങ്ങള്‍ വീക്ഷിക്കരുതെന്ന് ആന്റണി ഗവര്‍മെണ്ട് തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് സഭാനടപടികളില്‍ ചോദ്യോത്തരം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്നും ആ സമയത്ത് സഭയില്‍ ബഹളമുണ്ടായാല്‍ ക്യാമറയില്‍ തന്റെ മുഖം മാത്രം പതിഞ്ഞാല്‍ മതിയെന്നും സ്പീക്കര്‍ വക്കംപുരുഷോത്തമനെക്കൊണ്ട് ഉത്തരവ് ഇറക്കിച്ചത്. പ്രതിഷേധങ്ങള്‍ വകവെക്കാതെ ഉത്തരവ് കര്‍ക്കശമായി നടപ്പാക്കാന്‍ സ്പീക്കര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ വിവിധതലങ്ങളിലായി ഒരു മാസത്തോളം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. 24 നിയന്ത്രണങ്ങളാണ് സ്പീക്കര്‍ പ്രഖ്യാപിച്ചത്. ചേദ്യോത്തര വേള കഴിഞ്ഞയുടനെ ടിവി ക്യാമറാമാന്‍മാര്‍ നിയമസഭാ വളപ്പില്‍ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു അതിലൊന്ന്. പ്രതിപക്ഷത്തിന്റെ വാക്കൌട്ടും മറ്റും ടിവിയില്‍ വരുന്നത് തടയുക എന്ന ഗൂഢലക്ഷ്യമാണിതിന് പിന്നില്‍.
കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ മാധ്യമരംഗത്ത് വേര്‍തിരിച്ചു നില്‍ക്കുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പത്രാധിപര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തിന്‍കീഴില്‍ സുഖിച്ചു ജീവിക്കാന്‍ അവസരമുണ്ടാക്കിയത്, കേരളത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ നിറം നല്‍കാന്‍ ആ പത്രത്തിന്റെ ശേഷി മതിയാവില്ല എന്ന യാഥാര്‍ഥ്യം മൂലമാണ്.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിനിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി സംപ്രേഷണം ചെയ്യുന്നത് ചെയ്യാന്‍ പാടില്ലെന്നാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ മാധ്യമങ്ങളോട് ഉത്തരവിട്ടത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത പ്രശ്നങ്ങള്‍ സഭയിലെത്തുമ്പോള്‍ അത് അതിന്റേതായ തീവ്രതയോടെജനങ്ങളെ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് തടയുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ തറവാട്ടുസ്വത്തുപോലെ കണക്കാക്കി പെരുമാറിയ സ്പീക്കര്‍ക്കെതിരെ പരാതിയുമായി ചെന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാനാണ് അന്നത്തെ സഭാനേതാവായ എ കെ ആന്റണി തയ്യാറായത്. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ചെന്നപ്പോള്‍ അവരുടെ കുപ്പായകീശയിലെ കറുത്ത തുണി കണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു ആന്റണി. അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് താന്‍ എന്നത് ഒരു നിമിഷം ആന്റണി മറന്നുപോയി. പ്രതിഷേധങ്ങളോടും വിമര്‍ശനത്തോടും ഉള്ള അസഹിഷ്ണുത സ്വന്തം പത്രസമ്മേളനം ബഹിഷ്കരിക്കുന്നതിലേക്കാണ് ആന്റണിയെ എത്തിച്ചത്.പ്രശ്നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അത് സ്പീക്കറെ സംബന്ധിക്കുന്ന കാര്യമാണെന്നും താന്‍ നിസ്സഹായനാണെന്നും ആയിരുന്നു ആന്റണിയുടെ മറുപടി. സ്പീക്കര്‍ക്ക് ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആഗോള നിക്ഷേപക മേള കൊച്ചിയില്‍ നടന്നപ്പോള്‍ അതിനെ പാടിപ്പുകഴത്താന്‍ ഗവര്‍മെണ്ടിന് മാധ്യമങ്ങള്‍ വേണമായിരുന്നു. കേരളം മുഴുവന്‍ സഞ്ചരിച്ച് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉദ്യോഗസ്ഥപ്രമുഖരും നിക്ഷേപക മേളയുടെ അപദാനങ്ങള്‍ വാഴ്ത്തി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രസമ്മേളനങ്ങള്‍ വിളിച്ചു. മേളയുടെ വിമര്‍ശനാത്മക ചിത്രം വരയ്ക്കുന്ന മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വികസനവിരുദ്ധരായി മുദ്രകുത്തി. മേളയുടെ അപകടങ്ങളെക്കുറിച്ച് എഴുതിയതിന് കൊച്ചിയിലെ 'മാധ്യമം' ലേഖകന്‍ പി കെ പ്രകാശിന്റെ വീട്ടിലേക്ക് കയറിച്ചെന്നത് ആന്റണിയുടെ പൊലീസ് പടയായിരുന്നു. നക്സല്‍ ബന്ധവും വികസനവിരുദ്ധതയും ചാര്‍ത്തി ആ ലേഖകനെ പീഡിപ്പിക്കാന്‍ ഗവര്‍മെണ്ടിന് ഒട്ടും അറപ്പുണ്ടായില്ല. അര്‍ധരാത്രി വീട് റെയ്ഡ് ചെയ്യുക, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുക, മനുഷ്യത്വഹീനമായി പെരുമാറുക ഇങ്ങനെ ഒട്ടേറെ സഹിക്കേണ്ടിവന്നു ആ പത്രപ്രവര്‍ത്തകന്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി കെ വി തോമസും ശോഭനാ ജോര്‍ജ് എംഎല്‍എയും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. ഒരുദിവസം സൂര്യാ ടിവിയില്‍ തോമസിനെക്കുറിച്ച് ഒരു വാര്‍ത്ത വരുന്നു. കുപ്രസിദ്ധമായ 336കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. അതിനുപോല്‍ബലകമായി ഒരു ഇന്റലിജന്റ്സ് രേഖയും ടിവി പ്രദര്‍ശിപ്പിച്ചു. ആ രേഖ വ്യാജമായിരുന്നുവെന്നും അത് ഉണ്ടാക്കിയത് ശോഭനാജോര്‍ജാണെന്നും കോണ്‍ഗ്രസ് ഐ തന്നെ പറഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ ശോഭനാ ജോര്‍ജിനെ പാര്‍ടിയില്‍ നിന്ന് പുറത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആ വഴിവിട്ട കളിയില്‍ പീഡിപ്പിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ്. സൂര്യാ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനില്‍നമ്പ്യാര്‍ വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.വാര്‍ത്ത നല്‍കിയ ന്യൂസ് എഡിറ്റര്‍ ഉള്‍പ്പെടെ പ്രതിയായി. പൊലീസ് സംഘം സൂര്യാ ടിവിയുടെ ആപ്പീസില്‍ പരിശോധനക്കെത്തി.. അനില്‍നമ്പ്യാരെ ഒരു കൊലപാതകിയെപ്പോലെയാണ് പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതും.
നിയമസഭാ മന്ദിരത്തില്‍ നിരാഹാരസമരം നടത്തിയ മുന്‍ മന്ത്രിയും അന്നത്തെ പ്രതിപക്ഷ ചീഫ് വിപ്പു ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണനെ മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിലവിട്ടു പെരുമാറുകയായിരുന്നു. രാധാകൃഷ്ണന്റെ സമീപത്തേക്ക് പത്രഫോട്ടോഗ്രാഫര്‍മാരോ ടിവി ക്യാമറാമാന്‍മാരോ പ്രവേശിക്കുന്നത് തന്നെ സ്പീക്കര്‍ തടഞ്ഞു. ആ ഒരൊറ്റ കാര്യം നടപ്പാക്കാന്‍ നിരവധി പൊലീസുകാരെ നിയോഗിച്ചു. ചിത്രമെടുക്കുന്നത് മാത്രമല്ല ഏതെങ്കിലും വിധത്തില്‍ ചിത്രം കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കൂടി സ്പീക്കര്‍ ശ്രമിച്ചു. രണ്ട് എംഎല്‍എമാര്‍ ചിത്രമെടുത്തു എന്ന് വിവരം ലഭിച്ചപ്പോള്‍ അവരെ വ്യക്തിപരമായി വിളിച്ച് അങ്ങനെ ഉണ്ടെങ്കില്‍ ചിത്രം പത്രങ്ങള്‍ക്ക് നല്‍കരുത് എന്ന് നിര്‍ദേശിക്കാന്‍ വക്കം തയ്യാറായി. എന്നാല്‍ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം സ്പീക്കറുടെ എല്ലാ നിയന്ത്രണങ്ങളും തട്ടിമാറ്റിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കാനും അത് പ്രസിദ്ധീകരിക്കാനും തയ്യാറായി. ഏകാധിപത്യപരമായ സമീപനത്തിനെതിരായ പരസ്യമായ താക്കീതായിരുന്നു ആ വിലക്ക് ലംഘനം.
യുഡിഎഫ് ഭരിച്ച കാലത്തെ ഏതാനും അനുഭവങ്ങള്‍ മാത്രമാണിത്. ഇത്തരത്തിലൊന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. എന്നിട്ടുമെന്തേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ പടയണി തീര്‍ക്കുന്ന? ഉത്തരം മാധ്യമങ്ങളുടെ രാഷ്ട്രീയമെന്നുതാന്നെയാണ്. പോള്‍ വധക്കേസിലേക്കു തന്നെ നോക്കൂ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പറഞ്ഞ പേര് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതായിരുന്നു. ആ കേസിലെ എല്ലാ രപതികളും ഇരുമ്പഴിക്കുള്ളിലാകാന്‍ യുഡിഎഫ് മാറി എല്‍ഡിഎഫ് ഭരണത്തില്‍ വരേണ്ടിവന്നു എന്നത് മറക്കരുത്. പോള്‍ വധക്കേസില്‍ എല്ലാ പ്രതികളെയും പിടിക്കുകയും നാടുവിട്ട ഗുണ്ടകളെ കേരളത്തിലേക്ക് കൊണ്ടുരവന്ന് ജയിലിലടക്കുകയും ചെയ്തു. അന്വേഷണ ഘട്ടത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ മാധ്യമങ്ങ്ളും പ്രതിപക്ഷവും ഉന്നയിച്ച ഒരാരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ തല്‍പര കക്ഷികള്‍ പൊലീസന്വേഷണത്തെ ഭയപ്പെടുകയാണ്. അതുകൊണ്ടാണ്, അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതി കാരി സതീശന്റെ അമ്മ, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ രാജു പുഴങ്കര, കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, ഏതാനും മാധ്യമങ്ങള്‍, ഓം പ്രകാശിന്റെ അഭിഭാഷകന്‍ എന്നിവരാണ് സിബിഐ അന്വേഷണ ആവശ്യമുയര്‍ത്തിയത്. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ആ ആവശ്യം ആവര്‍ത്തിക്കാന്‍ ഇവര്‍ക്കുള്ള പ്രചോദനമെന്താണ്? എങ്ങനെയാണ് ചെന്നിത്തലയുടെയും കാരി സതീശന്റെയും ഓംരപകാശിന്റെയും താല്‍പര്യങ്ങള്‍ ഒന്നാകുന്നത്? പൊലീസന്വേഷണത്തെ ഇവരാകെ ഭയപ്പെടുന്നതെന്തിനാണ്?
കോണ്‍ഗ്രസ് നേതൃത്വവും ഗുണ്ടകളുമായുള്ള ബന്ധം അടിയുറച്ചതാണ്. ഡിസിസി ആപ്പീസില്‍ പരസ്യമായി ബോംബുപ്രദര്‍ശിപ്പിച്ച ആളാണ് കണ്ണൂര്‍ എംപി സുധാകരന്‍. ലോക് സഭാ തെരഞ്ഞെടുപ്പുനാളില്‍ കണ്ണൂരിലേക്ക് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും അവരില്‍ ചിലര്‍ പിടിയിലായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ടുപോയതും സുധാകരനാണ്. അതിന് സുധാകരന്റെ പേരില്‍ കേസ് നിലവിലുണ്ട്. കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണക്കേസടക്കം അനേകം ഗുണ്ടാ ആക്രമണക്കേസുകളുടെ ആസൂത്രകനോ പേരകശക്തിയോ ആയി പ്രവര്‍ത്തിച്ച സുധാകരന്‍ സ്വന്തം ഗുണ്ടാ പശ്ചാത്തലം ആദ്യം വിശദീകരിക്കട്ടെ. വഴിയില്‍ നില്‍ക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവെച്ചു കൊന്നശേഷം മട്ടനൂരിലെ പൊതുയോഗത്തില്‍, 'ഒരുത്തനെ വെടിവെച്ചിട്ടിട്ടുണ്ട്' എന്ന് അഹങ്കാരത്തോടെ പ്രസംഗിച്ച ആ പാരമ്പര്യം മാധ്യമങ്ങളും അന്വേഷിക്കണം. ഇ പി ജയരാജനെ വധിക്കാന്‍ സുധാകരനും എം വി രാഘവനും ചേര്‍ന്നാണ് പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ കുപ്രസിദ്ധ ക്വട്ടേഷന്‍ ക്രിമിനലുകളെ തോക്കും പണവും നല്‍കി അയച്ചതെന്നും അതുസംബന്ധിച്ച കേസില്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും കേസ് ഇന്നും തുടരുകയാണെന്നുമുള്ള സത്യം യുഡിഎഫ് മറച്ചുവെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല.കോടാലി ശ്രീധരന്‍ എന്ന ഹൈവേ ഹവാല കൊള്ളക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ രമേശ് ചെന്നിത്ത, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയതും തൃശൂരിലെ ഒരു കോണ്‍ഗ്രസ് നേതാവുമായുള്ള ഗാഢ ബന്ധവും പുറത്തുവന്നു. അത് ഒരു കുറ്റവാളിയുടെ വ്യാജമൊഴിയായി തലയൂരാന്‍ ശ്രമിക്കുന്ന കോണഗ്രസ് തന്നെയാണ്, പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരി സതീശന്റെ അമ്മയുടെയും ഗുണ്ട ഓംപ്രകാശിന്റെ അച്ഛന്റെയും വാക്കുകള്‍ക്ക് പ്രചാരംകൊടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം അപഹാസ്യമായ നീക്കങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാതാക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍ യുഡിഎഫും ചില മാധ്യമങ്ങളും കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. നിയമാനുസൃതം കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയന്‍ വാങ്ങി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ മോഷണമെന്നുവരെ അധിഷേപിക്കാന്‍ തയാറായവര്‍ ആ കള്ളം പൊളിഞ്ഞു തകര്‍ന്ന ഈ വേളയില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ ഇന്നലെവരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരുവട്ടം പുനഃപരിശോധിക്കാനും അതില്‍ എത്രയെണ്ണം പിന്നീട് ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമാംവിധം പൊളിഞ്ഞു എന്ന് വിലയിരുത്താനും തയാറാകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ സഹായകമാകും.ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിലെ പാര്‍ട്ടികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.
13 comments:
തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.
'മാധ്യമങ്ങളും ഗുണ്ടകളും' അഭിനന്ദനീയമായ രീതിയില്‍ എഴുതിയ ലേഖനം!
ഇതിനെ ഇടതു വലത് കോണ്‍ഗ്രസ്സ് - എന്നു ഒന്നും ലേബല്‍ ഇല്ലാതെ വായിക്കണം.
പലപ്പോഴും നല്ല രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കാനും മാന്യമായി പ്രശ്നങ്ങള്‍ പറഞ്ഞ്
തീര്‍പ്പ് കല്പ്പിക്കാനും കമ്യൂണിസ്റ്റ് ഭരണകാലത്ത് സാധ്യമാണ്. അതല്ല എന്ന് സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നു എങ്കിലും അതാണ് സത്യം എന്ന് എല്ലാ തുറയിലും പെട്ട സാധാരണ ജനങ്ങള്‍ ബോധവാന്മാരാണ്. മുത്തൂറ്റ് കേസ് ഈ മന്ത്രിസഭയുടെ പിടിപ്പു കേടായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴും അതിനെ അടിയില്‍ ചരടു വലിച്ചവര്‍ ആരെന്ന് ഇനിയും വെളിച്ചം കാണാത്ത ഏടാണ്, കൊട്ടേഷന്‍ റ്റീം എന്ന പുകമറക്കു പിന്നിലൂടെ ആരോക്കെ ഓടി മറയാം ?
മാദ്ധമങ്ങളെ മാറ്റി നിര്‍ത്തി വാര്‍ത്തകള്‍ ഒന്നും വെളിച്ചം കാണാതിരുന്നാല്‍ രാജ്യത്ത് ഒരു ദോഷങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നില്ല എന്ന സന്ദേശം ജനങ്ങളില്‍ എത്തിച്ച്
മൂഢസ്വര്‍ഗത്തില്‍ ഇരുത്തുമൊ?
ഒരു രാജ്യത്തിന്റെ വാര്‍ത്താമാദ്ധ്യമങ്ങള്‍ ആണ് അവിടുത്തെ ജനങ്ങളുടെ നട്ടെല്ല്!
ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ !
കഷ്ടം!
സ്വന്തം വീഴ്ചകളെ ന്യായികരിക്കാന്‍, കോണ്‍ഗ്രസ്സിനെയും, മനോരമയേയും, ഹസ്സനെയും, ശോഭനയെയും ഒക്കെ എടുത്ത് ഉദ്ദരിക്കുന്ന സ.മനോജെ, ലജ്ജ തോന്നുന്നു നിങ്ങളെക്കുറിച്ച്.
ഇത്തരം കമ്പാരിറ്റീവ് ജേര്‍ണലിസമായിരുന്നില്ല, പണ്ട് ഞങ്ങള്‍ ദേശാഭിമാനിയില്‍ വായിച്ചിരുന്നത്.
നിങ്ങളെ പോലുള്ള മുറിവൈദ്യന്മാര്‍ ഇത്തരം കുറിപ്പടികള്‍ എഴുതികൊടുത്താണ് പാര്‍ട്ടിയെന്ന മഹാപ്രസ്ഥാനം ചക്രശ്വാസം വലിക്കുന്നത്.
ഓ.ടോ.
സ.മനോജെ, ആ കിടിലന്‍ പേന വച്ചാണോ ഈ കുറിപ്പടി ആദ്യം പേപ്പറില്‍ എഴുതിയത്, അത് ഏതാ ബ്രാന്‍ഡ്? എങ്ങിനെ നല്ല ഒഴുക്കാണോ അത് കൊണ്ട് എഴുതിയാല്‍.
നല്ല നമസ്ക്കാരം സഖാവെ....
"കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല "
അതു ദേശാഭിമാനി മാത്രമേയുള്ളു.
"ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍"
ആദ്യം ഒളിച്ചോട്ടമായിരുന്നല്ലൊ.
"ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്."
ശരിയാണു സഗാവെ, ഗീബല്‍സിയന്‍ തന്ത്രം നിര്‍ത്തു
----കൈരളി ടിവിയുടെ ക്യാമറാമാന്‍ ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം.----
ഈ ഷാജി ഞങ്ങളുടെ സുഹൃത്ത് ആണ്. ക്യാമറയില്‍ നിന്നും ആദ്യം കുറച്ചു ഷൂട്ട് ചെയ്ത മിനി ഡി വി കാസറ്റ് ഷാജി തന്റെ അടിവസ്ത്രത്തില്‍ എടുത്ത് സൂക്ഷിച്ചിരുന്നു. അതിനാല്‍ കുറച്ചു കൈരളിയിലൂടെ പുറത്തു വന്നു. എന്നാല്‍ പൂര്‍ണ്ണ തോതില്‍ അത് സംപ്രേക്ഷണം ചെയ്യാന്‍ കൈരളിയും തയ്യാറായില്ല. തകര്‍ത്ത ക്യാമറയില്‍ ഷൂട്ട് ചെയ്ത ടേപ്പ് പോലീസ് ഊരി എടുക്കുകയും ചെയ്തു. ഷാജി പട്ടണം ഇപ്പോള്‍ മറ്റൊരു ചാനലില്‍ ജോലി ചെയ്യുന്നു.
പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ പോളീഗ്രാഫ് നാർക്കോ പരിശോധനകൾക്ക് വിധേയമാക്കും എന്ന് വന്നപ്പോൾ മാദ്ധ്യമങ്ങൾ ആ വാർത്തയിൽ നിന്ന് പതുക്കെ പിന്തിരിയാൻ തുടൺഗി. എന്തായിരിക്കും കാരണം? മാധ്യമപ്രവർത്തകർക്ക് അവരുമായുള്ള ബന്ധം പുറത്ത് വരുമെന്ന് ഭയന്നാണോ? അതോ മാധ്യമമുതലാളിമാർ അവരെ പണ്ട് ഉപയോഗിച്ചിട്ടുള്ളതു കൊണ്ടാകുമോ? അതോ മാധ്യമമുതലാളിമാർക്ക് ബന്ധമുള്ള രാഷ്ട്രിയക്കാർക്ക് അവരുമായി ബന്ധമുണ്ടായിരുന്നത് കൊണ്ടാകുമോ? ആർക്കറിയാം!
നന്നായിരിക്കുന്നു കവലപ്രസംഗം.
ഇതിനെ ജനങ്ങള്‍ "വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിളിക്കും". അല്ലെങ്കില്‍ ഇംഗ്ലീഷില്‍ "dogmatism " എന്നും വിളിക്കാം.
സത്യത്തെ എത്രത്തോളം മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും അത് പുരത്വരും സുഹൃത്തേ!!
ഏതായാലും കൂത്തുപറമ്പിലെ മാര്‍ക്സിസ്റ്റ് യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയക്കാരുടെ കാലുനക്കി തിരുവനന്തപുരത്ത് എന്തിയത്തിനു ഇതിലും നല്ല ഉപകാരസ്മരണ ചെയ്യാനില്ല സഖാവെ!
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!! വിപ്ലവ മാടപ്രാവുകള്‍ നീണാള്‍ വാഴട്ടെ!! അല്ലെങ്കില്‍ തടിയനങ്ങി പണി എടുത്തു ജീവിക്കേണ്ടിവരും....
പ്രകോപിതനായിത്തീരുന്നത് എന്തെങ്കിലും മറച്ചു വയ്ക്കാനുള്ളപ്പോഴാകും.
"ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ്നു ഉണ്ട് "
മനോജേ ഇങ്ങനെയൊന്നും സത്യം വിളിച്ചുപറയല്ലേ,പ്രാന്തന്മാര്‍ പ്രകോപിതരാകും.ഇങ്ങോട്ട് പറയുന്നത് കേള്‍ക്കുക,തെറിയോ,പുലഭ്യമോ എന്തും അങ്ങോട്ടൊന്നും പറയരുത്. ഇപ്പോത്തന്നെ മുത്തൂറ്റ്നു (പോളിനടക്കം ?) ഇന്ത്യാ വിഷനുമായി ബന്ധമില്ലേ ? ആ വലിയ കുടുംബക്കാര്‍ ചാനലിന്റെ ഔദ്യോദിക നേതൃത്വത്തില്‍ ഇല്ലേ ? ഇതൊന്നും ചോദിക്കരുത്? പ്രാന്തന്മാര് ചൂടാവും.
വീണ്ടും ഇതാ ഇങ്ങനെ എഴുതുന്നു.
"തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.."
മുകളില്‍ പറഞ്ഞതില് സത്യമില്ലെന്കില്‍ അത് പറയണം.എന്നിട്ട് മനോജിനെ പുലഭ്യം പറയണം.അല്ലാതോ തൂറി തോല്പ്പിക്കല്ലേ. മനോജേ ഇതൊന്നും ഉറക്കെ പറയല്ലേ. ഈ ചുറ്റുവട്ടത്തുള്ള ദൈവങ്ങള് (ത്ഫൂ ചെറ്റകള്)കോപിക്കും.
എന്തേ ഇപ്പൊ പോള് വധം ഒന്നും റിപ്പോര്‍ട് ചെയ്യുന്നില്ലാ, തീര്‍ന്നോ വെടി.അതിന്റെ ഫോളോ അപ്പ് പോലും കാണുന്നില്ലല്ലോ,Mardock നെറ്റിലും ,മുനീര്‍ വിഷനിലും. നാണമുണ്ടെങ്കില്‍ ദുബായില്‍ എസ്(!)രാജേഷിന്റെ കൂടെ ക്കിടന്ന ആ മാധ്യ്മപുത്രന്റെ, മാധ്യമേന്ദ്രന്റെ വാര്‍ത്ത കൊടുക്ക് അലവലാതികളെ.
"".......നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍...""
അല്ല സി പി എം അനുഭാവികള്‍ ഗുണ്ടകലാവുന്നതോ... ഗുണ്ടകള്‍ സി പി എം അനുഭാവികലാവുന്നതോ...എന്താണ് ആക്ച്വലി നടക്കുന്നത്...
ഓംപ്രകാശു........സി.പി.എം ജനറാള്സെക്രട്ടറി ആണെന്നാണ്,ഞങ്ങളുടെ ദല്‍ഹി ലേഘക്കന് പ്രശാന്ത് രഘുവംശം റിപോര്‍ട്ട് ചെയ്തിരിക്കുന്നു.!!!!
മാര്‍ക്സിസ്റ്റ് യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയക്കാരുടെ കാലുനക്കി തിരുവനന്തപുരത്ത് എന്തിയത്തിനു ഇതിലും നല്ല ഉപകാരസ്മരണ.....
ഉത്തരം മുട്ടുമ്പോള് കൊഞ്ഞനം കുത്തുന്ന തന്തക്ക പിറക്കാത്ത ജന്മങ്ങളേ,...... അല്ലെങ്കില്‍ ഇംഗ്ലീഷില്‍ "dogson " എന്നും വിളിക്കാം.
ലജ്ജ തോന്നുന്നു നിങ്ങളെക്കുറിച്ച്.............തൂ....
Post a Comment