പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.
ഒരു സുപ്രഭാതത്തില്‍, പ്രചാരണപരമായ ലക്ഷ്യത്തോടെ നടത്തിയ ഒന്നായിരുന്നില്ല മന്ത്രി എ കെ ബാലന്റെ പര്യടനം. മറിച്ച്, കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നേട്ടങ്ങള്‍ പട്ടികവര്‍ഗ-പട്ടികജാതി മേഖലകളില്‍ കൈവരിച്ചശേഷം അവശേഷിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ പദ്ധതികള്‍ എത്രകണ്ട് ലക്ഷ്യം വരിച്ചു എന്ന് പരിശോധിക്കാനുമുള്ളതായിരുന്നു അത്. ആദിവാസിക്കുടിലുകളിലെത്തുന്നതും ആദിവാസി കുടുംബങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവിടെ അന്തിയുറങ്ങുന്നതും വലിയ ത്യാഗമൊന്നുമല്ല. മന്ത്രി എ കെ ബാലന്റെ സന്ദര്‍ശനോദ്ദേശ്യവും അതായിരുന്നില്ല. ആ പര്യടനത്തിനുശേഷം വയനാട്ടിലെ ആദിവാസി കോളനികളില്‍ചെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ-മന്ത്രിയുടെ സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന്. ആവേശപൂര്‍വമുള്ള പ്രതികരണമാണ് ഈ ലേഖകന് ലഭിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആവലാതികള്‍ മന്ത്രിയോട് നേരിട്ട് പറയാന്‍ അവസരമുണ്ടായതില്‍ അവര്‍ ആശ്വാസംകൊള്ളുന്നു. രോഗപീഡയില്‍ കഴിയുന്നവര്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും സന്ദര്‍ശനവേളയില്‍തന്നെ മന്ത്രി സഹായം പ്രഖ്യാപിക്കുകയും ദിവസങ്ങള്‍ക്കകം അത് ലഭ്യമാവുകയും ചെയ്തതില്‍ അത്ഭുതം കൂറുന്നു.
പ്രകൃതി ദുരന്തബാധിതര്‍ക്കുള്ള സഹായാപേക്ഷയുമായി എത്തിയ ഒരു കുടുംബത്തിന്റെ അനുഭവം സവിശേഷമാണ്. ആ സാധു നിരക്ഷര കുടുംബം കൃഷി നശിച്ചുപോയതിന് നഷ്ടപരിഹാരം കിട്ടാന്‍ ഉദ്യോഗസ്ഥരെ നേരത്തെ സമീപിച്ചതാണ്. നിശ്ചിത രീതിയിലല്ല അപേക്ഷ എന്നു പറഞ്ഞ് മടക്കി അയച്ചു. പലരുടെയും സഹായത്തോടെ നിശ്ചിതരീതിയില്‍ അപേക്ഷ തയ്യാറാക്കി വീണ്ടും എത്തിയപ്പോള്‍ അവസാനതീയതി കഴിഞ്ഞുപോയി എന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. നിസ്സഹായരായ കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി നിഷേധിക്കപ്പെട്ട സഹായം ഉടന്‍ നല്‍കണമെന്ന് മന്ത്രി അപ്പോള്‍ത്തന്നെ കൃഷിവകുപ്പിലെയടക്കം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് പ്രശ്നങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യംചെയ്യുന്നു എന്നും അത് പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ എത്രമാത്രം സംതൃപ്തിയോടെ അംഗീകരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ യാത്ര വന്‍വിജയമായതിലൂടെ അടിവരയിട്ട് ഉറപ്പിക്കപ്പെട്ടത്.
പട്ടികവിഭാഗ ക്ഷേമപദ്ധതികളുടെ കൂടപ്പിറപ്പാണ് അഴിമതിയും കെടുകാര്യസ്ഥതയും എന്ന് പറയാറുണ്ട്. അവര്‍ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ ചെറിയൊരംശം മാത്രമേ ലക്ഷ്യത്തിലെത്താറുള്ളൂ. ആ രണ്ടു പ്രശ്നത്തെയും വലിയതോതില്‍ മറികടക്കാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം. യുഡിഎഫ് ഭരണകാലത്ത് പട്ടികജാതി വികസനവകുപ്പില്‍ 76 ശതമാനവും പട്ടികവര്‍ഗ വികസനവകുപ്പില്‍ 67 ശതമാനവുമായിരുന്നു ഫണ്ട് വിനിയോഗമെങ്കില്‍ അത് യഥാക്രമം 97. 5 ശതമാനം, 96.29 ശതമാനം എന്ന തോതിലേക്കുയര്‍ത്തി റെക്കോഡ് സൃഷ്ടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഇരട്ടിയോളവും അതിലേറെയും വര്‍ധിപ്പിച്ചതും വീടുവയ്ക്കാനുള്ള സഹായം പട്ടികജാതി-ഒരുലക്ഷം, പട്ടികവര്‍ഗം-ഒന്നേകാല്‍ലക്ഷം എന്ന തോതില്‍ ഉയര്‍ത്തിയതും ചികിത്സാ സഹായം, ശുദ്ധജല വിതരണം, ഗതാഗത സൌകര്യം, വൈദ്യുതീകരണം എന്നിങ്ങനെയുള്ള മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായതും ഈ സര്‍ക്കാരിന്റെ നേട്ടംതന്നെ. ഇങ്ങനെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും അവയുടെ പ്രയോജനം എത്തേണ്ടിടത്ത് എത്തിയോ എന്ന സംശയം അവശേഷിക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിസംബോധനചെയ്യുക എന്നതാണ് ഭരണാധികാരികള്‍ നേരിട്ട് ഇത്തരം പര്യടനങ്ങള്‍ നടത്തുന്നതിലൂടെ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഷോമാന്‍ഷിപ്പും മന്ത്രി എ കെ ബാലന്റെ വയനാട്-പാലക്കാട് പര്യടനവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.
അഞ്ചുദിവസത്തെ പര്യടനത്തില്‍ രണ്ടായിരത്തോളം പരാതികളാണ് മന്ത്രിക്ക് എഴുതിക്കിട്ടിയത്. അതില്‍ പകുതിയും വൈദ്യസഹായം സംബന്ധിച്ചുള്ളതാണ്. വനാവകാശ നിയമം നടപ്പില്‍വരുത്തുന്നതിന്റെ പ്രായോഗിക വശങ്ങളും കോളനികളിലെ അടിസ്ഥാന സൌകര്യത്തിന്റെ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കാണുക, ലഹരി ഉപയോഗംപോലുള്ള വിപത്തുകളില്‍നിന്ന് ആദിവാസികളെ വിമുക്തരാക്കാനുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ ബഹുമുഖമായ ഇടപെടലാണ് ഈ പര്യടനംകൊണ്ട് സാധ്യമായത്. ഭൂവിതരണം, വനാവകാശം അനുവദിക്കല്‍ എന്നീ രംഗങ്ങളില്‍ ഒട്ടേറെ പ്രയോഗികമായ സമസ്യകള്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വന്‍കിടക്കാര്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നുണ്ട്. വനാവകാശം അനുവദിക്കല്‍ സമ്പൂര്‍ണ സുതാര്യതയും നിഷ്കര്‍ഷയും വേണ്ടതാണ്. അത്തരം കാര്യങ്ങളിലെ ഇടപെടല്‍ സെക്രട്ടറിയറ്റിലിരുന്ന് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വേണ്ടത്, നേരിട്ടുള്ള അറിവിന്റെ ബലത്തിലാണ് എന്നു തോന്നുന്നതുതന്നെ ഭരണാധികാരത്തിന്റെ ശരിയായ പ്രയോഗമാണ്. ദളിത് പ്രശ്നങ്ങളെ അരാഷ്ട്രീയത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്കു തിരിച്ചുവിടാനുള്ള ബോധപൂര്‍വ ഇടപെടലുകള്‍ തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്ത് മന്ത്രി എ കെ ബാലന്റെ ഈ വ്യത്യസ്തമായ സമീപനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
വനാവകാശനിയമം പാസാക്കുന്നതിന് സിപിഐ എം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. സിപിഐ എം സമ്മര്‍ദത്തിന്റെയും രാജ്യത്തെങ്ങും ഉയര്‍ത്തിക്കൊണ്ടുവന്ന ഗോത്രവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഫലമായാണ് യുപിഎ സര്‍ക്കാര്‍ വനാവകാശനിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് നിര്‍ബന്ധിതമായത്. ഗവമെന്റ് തള്ളിക്കളഞ്ഞതും സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നതുമായ നിര്‍ണായകമായ മാറ്റങ്ങള്‍ സിപിഐ എം ഇടപെടലിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടിവന്നു. ആ നിയമം ഏറ്റവുമാദ്യം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനുള്ള പ്രയോഗിക പദ്ധതി ആവിഷ്കരിച്ചത് കേരളത്തിലാണ്. അതിന്റെ പുരോഗതികൂടി മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വിലയിരുത്തപ്പെട്ടു.
സിപിഐ എം പത്തൊന്‍പതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.
"മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത് കുടംബത്തിനെതിരെ നടത്തിയ കൊടുംക്രൂരത, ദളിതര്‍ക്കെതിരായ അയിത്തത്തിന്റെയും സാമൂഹ്യ ബഹിഷ്കരണത്തിന്റെയും വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഫലമായി അവര്‍, പ്രത്യേകിച്ചും ദളിത് സ്ത്രീകള്‍, ഇപ്പോഴും അനുഭവിച്ചുവരുന്ന അതിക്രമങ്ങളുടെ പ്രതീകമാണ്. ഇപ്പോള്‍പ്പോലും നമ്മുടെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ പൊതു വാട്ടര്‍ടാപ്പുകളും ജലാശയങ്ങളും ചായക്കടകളും ക്ഷേത്രങ്ങളും പൊതുകുളിസ്ഥലങ്ങളും പൊതുവഴികളും ശ്മശാനങ്ങളും മറ്റു സേവനങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് ദളിതര്‍ വിലക്കപ്പെടുകയാണ്. പല സ്ഥലങ്ങളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലെ ദളിത് പ്രതിനിധികള്‍ കടുത്ത വിവേചനം നേരിടുന്നു. കഴിഞ്ഞ രണ്ടു ദശകമായി ദളിതര്‍ക്കെതിരെ പ്രതിവര്‍ഷം ശരാശരി 22,000 അതിക്രമങ്ങളും കൊടുംക്രൂരകൃത്യങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടുകൂടി ദളിതര്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ഭൂപരിഷ്കരണത്തിന്റെ അഭാവം മഹാഭൂരിപക്ഷംപേരും ഭൂരഹിതമായിട്ടുള്ള ദളിത് കുടുംബങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദളിതരില്‍ 75 ശതമാനത്തോളം പേരും ഭൂരഹിതരും നാമമാത്രം ഭൂമിയുള്ളവരുമാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളില്‍ 62 ശതമാനവും നഗരപ്രദേശങ്ങളിലെ ദളിത് കുടുംബങ്ങളില്‍ 63 ശതമാനവും കൂലിവേലയെ ആശ്രയിക്കുന്നവരാണ്.''
ചൂഷിത വര്‍ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി പാര്‍ടി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്നാണ് പത്തൊന്‍പതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തത്.(തമിഴ്നാട്ടില്‍ അയിത്തത്തിനെതിരായ സമരം നയിക്കുന്നത് സിപിഐ എമ്മാണ്) ദളിതുകളും ആദിവാസികളും ചേര്‍ന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം വരും. ബിജെപിയും കോണ്‍ഗ്രസും നയിച്ച ഗവമെന്റുകള്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളിലൂടെ ഈ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ രൂക്ഷതരമാക്കിയതേയുള്ളൂ. അതില്‍നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന ഇടപെടലാണ് സിപിഐ എമ്മിന്റേത് എന്ന് കേരളത്തിലെ അനുഭവം ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സാമ്രാജ്യത്വ അധിനിവേശമായിരുന്നു കോളനികളെയും ആദിവാസികളെയും ചൂഷണംചെയ്തതെങ്കില്‍ ഇന്ന് ദേശീയ അധിനിവേശമാണ് ഊരുകളെ കൊള്ളയടിക്കുന്നതെന്നാണ് അട്ടപ്പാടി ഊരിലെ ജനസമ്പര്‍ക്കപരിപാടിക്കുശേഷം മന്ത്രി ബാലന്‍ പറഞ്ഞത്. ആദിവാസികളുടെ ക്ഷേമത്തിന് ഭരണചക്രം തിരിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്നുപറഞ്ഞ അദ്ദേഹം ഇത്തരം ജനസമ്പര്‍ക്കപരിപാടികളിലൂടെ അടിസ്ഥാനവര്‍ഗങ്ങളെ സര്‍ക്കാരിനോട് ഇണക്കിച്ചേര്‍ക്കാനാകുമെന്നാണ് പ്രത്യാശിച്ചത്. കേവലമായ ദൈനംദിന ഭരണനടപടികളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സമീപനമാണിത്-മാതൃകാപരവും. എ കെ ബാലന്‍ ഉള്‍ക്കൊള്ളുന്ന സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നയസമീപനത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാണ് മന്ത്രിയുടെ ആദിവാസി ഊരുകളിലെ പര്യടനത്തെ വിലയിരുത്തേണ്ടത്. വരുംനാളുകളില്‍ കൂടുതല്‍ വിപുലമായ ഇത്തരം ഇടപെടലുകള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
3 comments:
പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.
അല്ലാ മനോജ് സഖാവെ,
നമ്മുടെ ലാവ്ലിന്‍ പിണറായി സഖാവ് "അപ്പൊളൊ"യില്‍ പനിക്കും വയറിളക്കത്തിനും ചികില്‍സക്കു പോയപ്പോള്‍, കേരളത്തിലെ ഗവ: ആശുപത്രികള്‍ എല്ലാം പൂട്ടികിടക്കായിരുന്നൊ? അതൊ സഖാവിന്റെ ഇന്‍ഷൂറന്‍സ് അവിടെയെ കിട്ടത്തുള്ളൂ? ഇനീപ്പൊ അവിടെ കുടിച്ച വെള്ളം പൈപ്പിലെ തന്നെയാകുമൊ? അതൊ മിനറല്‍ വാട്ടറൊ?
ആളുടെ കൂടെ വന്ന മകന്റെ ലണ്ടന്‍ വിദ്യഭ്യാസം എല്ലാം കഴിഞ്ഞല്ലൊ അല്ലേ? കേരളത്തിലെ വിദ്യഭ്യാസ സ്താപനത്തില്‍ ഒന്നുംവിദ്യഭ്യാസം വേണ്ടാ എന്നുള്ളതു ആളുടെ വ്യക്തിപരമായ കാര്യമാണല്ലൊ അല്ലെ?അതിനുള്ള പണമെല്ലാം ഇന്ത്യയില്‍ നിന്നും കൊണ്ട് പോയതൊ അതൊ ലണ്ടണില്‍ നിന്നും അവിടെ താമസിച്ചുണ്ടാക്കിയതൊ? പിന്നെ ആഹാരമെല്ലാം അവിടുത്തെ ബര്‍ഗറും പാസ്തയും ആയിരിക്കും അതൊ ഇന്ത്യന്‍ ഭക്ഷണമൊ?
സംശയമാണെ....
അങ്ങു ബംഗാളിലെ നന്ദിഗ്രാമിലും മറ്റു പിന്നോക്ക ഗ്രാമങ്ങളിലും ഇതുപോലെ ഒരു യാത്ര ബുദ്ധദേവ് നടത്തിയിരുന്നെങ്കില്‍........... അന്നും നമുക്കു മനോജിനെ റിപ്പോര്‍ട്ടിങ്ങിനു വിടാം. ഇതിലും രസമായിരിക്കും ആ വിവരണം.
എ കെ ബാലനു അഭിനന്തനങ്ങള്‍!!
Post a Comment