Showing posts with label എല്‍ ഡി എഫ്. Show all posts
Showing posts with label എല്‍ ഡി എഫ്. Show all posts

Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

Wednesday, January 13, 2010

മാപ്പുപറഞ്ഞേ തീരൂ

എച്ച്എംടി ഭൂമിയും കെ എസ് മനോജും പോള്‍ സക്കറിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആലപ്പുഴയിലെ തുമ്പോളിയില്‍നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൌസിലേക്കും സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലേക്കുമുള്ള ദൂരം ഏതാണ്ട് 2160 കിലോമീറ്ററാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ കെ എസ് മനോജിന് സിപിഐ എം തുമ്പോളി ലോക്കല്‍കമ്മിറ്റിയില്‍ തുടരാനാവില്ല. അത് ഒരു തെറ്റുതിരുത്തല്‍ രേഖയുടെയും തടസ്സം കൊണ്ടല്ല. ആലപ്പുഴയില്‍ തോറ്റപ്പോള്‍ മനോജ് ഡല്‍ഹിയില്‍ തുടരാനാണ് താല്‍പ്പര്യപ്പെട്ടത്. എംപി ആകാനും ആയിരിക്കുമ്പോഴും പാര്‍ടി വേണമായിരുന്നു; മുന്‍ എംപിയാകാന്‍ പാര്‍ടി വേണ്ട. യുക്തി ലളിതമാണ്. പിന്നെന്തിന്, ഒരു രാജിയും അത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കലും ഉണ്ടായി എന്ന അന്വേഷണമാണ് ഈ സംഭവത്തിലെ വാര്‍ത്ത.

അത് ദൈവവിളിയാണോ, കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി ഒരു ബോംബുപൊട്ടിക്കാനുള്ള മറ്റാരുടെയെങ്കിലും വിളിയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടതിനുപകരം മാധ്യമങ്ങള്‍ ആഘോഷിച്ചത്, മനോജിലൂടെ സിപിഐ എമ്മിനുണ്ടായ 'നഷ്ട'വും 'പ്രതിസന്ധി'യുമാണ്. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി പോള്‍ സക്കറിയ മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ ആകെ ആക്ഷേപിച്ചപ്പോള്‍ പയ്യന്നൂരില്‍ ചില പ്രതികരണങ്ങളുണ്ടായി. അവിടെ എന്തു സംഭവിച്ചു എന്നു പരിശോധിക്കാനല്ല മാധ്യമങ്ങളും പലപല സാംസ്കാരിക നായകരും ശ്രമിച്ചുകണ്ടത്. തല്ലിയോ എന്ന ചോദ്യത്തിന് തള്ളി എന്നേ സക്കറിയപോലും മറുപടി നല്‍കിയുള്ളൂ. മാധ്യമങ്ങള്‍ അതിനെ 'കൈയേറ്റശ്രമ'ത്തില്‍ തുടങ്ങി 'കൈയേറ്റ'ത്തിലൂടെ 'ആക്രമണ'മാക്കി വളര്‍ത്തി. സക്കറിയയെ ന്യായീകരിക്കാന്‍, ഉണ്ണിത്താന്റെ അവിഹിതത്തെ; അനാശാസ്യത്തെ താത്വികവല്‍ക്കരിച്ചു. ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം എവിടെയും അഴിഞ്ഞാടാനുള്ള ലൈസന്‍സുണ്ടാക്കിക്കൊടുക്കാനുള്ള പടപ്പുറപ്പാട് നടന്നു. പിടി ചാക്കോയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കിട്ടാതിരുന്ന ആനുകൂല്യം ഉണ്ണിത്താന് കിട്ടുന്നു. എന്‍ ഡി തിവാരിക്ക് കിട്ടാതിരുന്ന ചര്‍ച്ചാമൂല്യം സക്കറിയയുടെ തിവാരിയന്‍ പരികല്‍പ്പനകള്‍ക്ക് ലഭിക്കുന്നു. ആശാസ്യവും അനാശാസ്യവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെപ്പോയി എന്ന് മാധ്യമങ്ങളോട് ചോദിച്ചേ തീരൂ. അവര്‍ പ്രക്ഷേപണംചെയ്യുന്നത് ശ്ളീലമല്ല, ഒന്നാംതരം അശ്ളീലമാണ്. ആ അശ്ളീലമാണ് എച്ച്എംടി ഭൂമി ഇടപാട് കേസിന്റെ പരിണാമഗുപ്തി നമുക്കുമുന്നില്‍ തുറന്നിടുന്നത്.

എച്ച്എംടി ഭൂമി ഇടപാട് ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുള്ള മുന്ത്യടവ് സക്കറിയ-കെ എസ് മനോജ് വിവാദങ്ങള്‍ കത്തിപ്പടരുന്നതില്‍ വായിച്ചെടുക്കുന്നതിലും തെറ്റില്ല. പുതിയ കാലത്ത് വിവാദം അക്കേഷ്യപോലെ തഴച്ചുവളരുന്ന ഒന്നാണ്. വെള്ളവും വേണ്ട; വളവും വേണ്ട. സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയതിനെ അഴിമതിയെന്നു വിളിച്ച് വിവാദമുണ്ടാക്കിയവര്‍ കേരളത്തിന് നഷ്ടപ്പെടുത്തിയത് ഒരു സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകേണ്ടിയിരുന്ന വിലപ്പെട്ട ഒന്നരവര്‍ഷമാണ്. നിയമത്തിന്റെ പരമോന്നത പരിശോധന കഴിഞ്ഞ് വിധി വന്നുകഴിഞ്ഞു-ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്. എച്ച്എംടിക്ക് പൂര്‍ണ അവകാശത്തോടെ സര്‍ക്കാര്‍ കൈമാറിയ ഭൂമി അവര്‍ വിറ്റതില്‍ തെറ്റില്ല. വ്യവസായ ആവശ്യത്തിന് നീക്കിവച്ചതാണ് ഭൂമി. ഇത് വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ഹര്‍ജിക്കാര്‍ക്ക് എന്താണ് പരാതിയെന്ന് ബോധ്യപ്പെടുന്നില്ല. വ്യവസായ ആവശ്യത്തിനായിമാത്രം നീക്കിവച്ച ഭൂമിയായതിനാല്‍ വാങ്ങിയത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണോ അല്ലയോ എന്നതിലൊന്നും കഴമ്പില്ല. ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുള്ളതായി ബോധ്യപ്പെടുന്നില്ല - സുപ്രീംകോടതി പറഞ്ഞു. ഇതുതന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരുന്നത്.

വിവാദസ്രഷ്ടാക്കള്‍ എന്തു നേടി?

വികസനം മുടക്കാന്‍ വിവാദവും വ്യവഹാരവും പതിവാക്കിയവരെ തുറന്നുകാട്ടുന്ന അനുഭവമാണിത്. കാപട്യം പരിധിവിടുന്ന മുഖമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്. സുപ്രീം കോടതി വിധിയെ 'മാതൃഭൂമി' അകത്തെ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനപ്പെടുത്തി. മനോരമയ്ക്ക് അത് വെറുമൊരു 'വാണിജ്യ വാര്‍ത്ത'യായിരുന്നു. എന്നാല്‍, വിവാദം കൊഴുപ്പിക്കാന്‍ ഇവര്‍ എത്ര പേജുകള്‍, എത്ര വാര്‍ത്തകള്‍, എത്ര വിശകലനങ്ങള്‍, എത്ര ലേഖനങ്ങള്‍ നിരത്തി എന്ന് ഓര്‍ത്തുനോക്കുക.
2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ വികസനം മുഖ്യ അജന്‍ഡയായിത്തന്നെ ഏറ്റെടുത്തു. മുന്‍ സര്‍ക്കാര്‍ 'ജിം' അടക്കമുള്ള ഗുണമില്ലാസര്‍ക്കസുകളാണ് നടത്തിയതെങ്കില്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാനാകുമെന്ന് എളമരം കരീം പ്രവൃത്തിയിലുടെ തെളിയിച്ചു. നിക്ഷേപകരെ ക്ഷണിച്ച് കൊണ്ടുവന്നു. പൊതുമേഖലയില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിച്ചു.
അഴിമതി, ഭൂമികച്ചവടം, ലാന്‍ഡ് മാഫിയ എന്നിങ്ങനെയുള്ള വാക്കുകളുടെ കുത്തൊഴുക്കുമായി പത്രങ്ങളിറങ്ങി-ചാനലുകളില്‍ ചര്‍ച്ചകളുടെ മേളമായി. കേരളത്തില്‍ നിക്ഷേപിക്കാന്‍ വരുന്ന ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന വിവാദങ്ങളാണ് 'ഏഷ്യാനെറ്റ്' പോലുള്ള ചാനലുകള്‍ കൂടുതുറന്ന് പുറത്തുവിട്ടത്.
കുടിയൊഴിപ്പിക്കാതെ നെല്‍പ്പാടം നികത്താതെ ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ഒരു പദ്ധതി ഒന്നരവര്‍ഷം നശിപ്പിച്ചതിന് ആര് ഉത്തരം പറയും? സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്ത മുക്കിയാല്‍ തീരുന്നതാണോ ഈ പ്രശ്നം? ഇന്നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വിവാദം ഭക്ഷിച്ചാല്‍ വയറുനിറയുമോ? ഇടതുപക്ഷത്തെ ആക്രമിക്കാന്‍ നാടിനെ മുടിക്കുന്ന സമ്പ്രദായം നല്ലതിനോ? ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തെ വിവാദങ്ങള്‍ സാമ്പിളായെടുത്ത് അതിന്റെ പരിണാമം സത്യസന്ധമായി പ്രസിദ്ധീകരിക്കാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറുണ്ടോ? പറഞ്ഞ നുണകള്‍; അര്‍ധ സത്യങ്ങള്‍; ഭാവന-ഇവയെല്ലാം ഒടുവില്‍ എവിടെയെത്തി എന്ന് ജനങ്ങളും അറിയട്ടെ. ചുരുങ്ങിയപക്ഷം സൈബര്‍സിറ്റിയെ തകര്‍ക്കാന്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിലെങ്കിലും കേരളത്തിലെ ജനങ്ങളോട് ഈ വിവാദവ്യവസായികള്‍ മാപ്പു പറയേണ്ടതല്ലേ? അല്ലെങ്കില്‍ ജനങ്ങള്‍ അത് പറയിക്കേണ്ടതല്ലേ?

Thursday, October 29, 2009

കള്ളവോട്ടോ?

വോട്ടെടുപ്പുമായുള്ള അകലം ആഴ്ചകള്‍ മാറി ദിവസങ്ങളാകുമ്പോള്‍ കണ്ണൂരിന്റെ മനസ്സ് തെളിഞ്ഞുവരികയാണ്. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പിച്ചു പറയാവുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്ന് എന്ന വിശേഷണംപേറിയ കണ്ണൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ക്കുപോലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ പ്രചാരണ വേദികളില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല-കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും കണ്ണൂരിലെത്തിയിട്ടുപോലും രാഷ്ട്രീയം മിണ്ടുന്നില്ല. എല്ലാവരും എല്‍ഡിഎഫ് 'ഇറക്കുമതി വോട്ടുചേര്‍ത്തു' എന്ന ഏക ആരോപണം ആവര്‍ത്തിക്കുന്നു.

കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.

കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.

വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.

യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.

കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.

എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.

Wednesday, October 21, 2009

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

മൂന്നു മണ്ഡലങ്ങളിലെയും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫ് കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് പിഎന്‍ സീനുലാല്‍, ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദ് എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് ലിസ്റ്റില്‍ യഥാക്രമം എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക്ക് പ്രസന്റേഷന്‍, എ എ ഷുക്കൂര്‍ എന്നിവരാണ്. മൂന്നിടത്തും എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വന്‍ഷനുകള്‍ അഭുതപൂര്‍വ ജനമുന്നേറ്റത്തിന് വേദിയായി. കണ്ണൂരിലും ആലപ്പുഴയിലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എറണാകുളത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ എത്തി എന്നതാണ് മൂന്നു കണ്‍വന്‍ഷനുകളിലും കണ്ട പ്രധാന പ്രത്യേകത. ഇത് സമീപനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വരുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. ഇരുപതില്‍ പതിനാറുസീറ്റിലും യുഡിഎഫിന് ജയിക്കാനായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ കേരളത്തിന്റെ മനസ്സ്.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പുകളുടേതുമായിരുന്നു. എണ്ണൂറ്റമ്പത് ഹൈസ്കൂളുകളിലാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുനടന്നത്. അതില്‍ 703ല്‍ എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയ്ക്കുകീഴില്‍ ആകെ 49 കോളേജുകള്‍. അതില്‍ 39ല്‍ എസ്എഫ്ഐ. എണ്‍പത് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനമുള്ളതില്‍ അറുപതും എസ്എഫ്ഐക്ക്.

എംജി സര്‍വകലാശാലയില്‍ ആകെ കോളേജ്-87. എസ്എഫ്ഐ ജയം 78ല്‍. 127 കൌണ്‍സിലര്‍മാരുള്ളതില്‍ 109ഉം എസ്എഫ്ഐക്ക്. കലിക്കറ്റില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌണ്‍സിലര്‍ സ്ഥാനവും നേടിയ എസ്എഫ്ഐ കണ്ണൂരില്‍ 33 കോളേജുകളും(ആകെ 41) 47 കൌണ്‍സിലര്‍ സ്ഥാനങ്ങളും(ആകെ 58) കരസ്ഥമാക്കി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ആകെയുള്ള ഒന്‍പതുകോളേജുകളില്‍ ഒരിടത്തേ എസ്എഫ്ഐക്ക് ജയിക്കാന്‍ കഴിയാതിരുന്നുള്ളൂ. സംസ്ഥാനത്തെ 46 പോളി ടെക്നിക്കുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 39ലും എസ്എഫ്ഐ വിജയപതാക പറപ്പിച്ചു.

ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി, സമീപകാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വലതുപക്ഷം ഏറ്റെടുത്തതുമായ അനവധി വിവാദങ്ങള്‍, ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെടുന്നു എന്ന വിലാപം-ഇവയെല്ലാം സൃഷ്ടിച്ച സവിശേഷമായ അന്തരീക്ഷം കേരളം ഒരു തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സഹായകമായി. വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ ഇടതുപക്ഷ മനസ്സ് ക്ഷയിക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുകയും ചെയ്തു. കേരളത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നവര്‍ക്ക് തീര്‍ച്ചയായും ആഹ്ളാദം നല്‍കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും വിവാദവേലിയേറ്റമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ-മാധ്യമ സഖ്യത്തിന് കഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷമുന്നണിയെ അട്ടിമറിച്ച് നായനാര്‍ സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ആന്റണി പ്രഖ്യാപിച്ചത്, സിപിഐ എമ്മിന് നൂറുവര്‍ഷത്തേക്ക് കേരളംഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു.(ആ അതിമോഹം 87ല്‍ തകര്‍ന്നു. പിന്നെ 96ല്‍, 2006ല്‍) പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസില്‍നിന്ന് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകളുണ്ടായി. സാധാരണ നിലയില്‍ ഇത്തരം കൂട്ടായ ആക്രമണത്തെ പരാജയപ്പെടുത്തുക ക്ഷിപ്ര സാധ്യമല്ല. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രചാരണ സംവിധാനങ്ങളും കയ്യാളുന്നത് ഇടതുപക്ഷ വിരോധത്തിന്റെയും മൂലധന താല്‍പര്യത്തിന്റെയും ഉടമകളാണ്.അവരുടെ അരിപ്പകള്‍ കടന്ന്ഇടതുപക്ഷത്തിനനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ബഹുജനങ്ങളിലെത്തുന്നത് അനിതരസാധാരണമായ പ്രയത്നത്തിന്റെ ഫലമായി മാത്രമാണ്.

സിപിഐ എമ്മിനെതിരെ കേരളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം പത്രങ്ങളും ആഞ്ഞടിക്കുമ്പോള്‍ മധ്യമാര്‍ഗം സ്വീകരിക്കാന്‍ ഒന്നോരണ്ടോ എണ്ണമേയുള്ളൂ. പാര്‍ട്ടിനയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യാക്രമണവും പ്രതിരോധവുംസംഘടിപ്പിക്കാന്‍ ദേശാഭിമാനിയേ ഉള്ളൂ. പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം വലതുപക്ഷ ആശയങ്ങളുടെയും ഇടതുപക്ഷ വിരോധത്തിന്റെയും പ്രചാരണം ഏറ്റെടുക്കുമ്പോള്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കൈരളി-പീപ്പിള്‍ ചാനലുകളേ ഉള്ളൂ. വലതുപക്ഷ ആശയങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ മനസ്സ് തകരുകയാണെന്ന കണക്കുകൂട്ടലുണ്ടാവുക സ്വാഭാവികമാണ്. സംശുദ്ധമായ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും നയിക്കുന്ന ബഹുജനനേതാക്കളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാത്രം അഴിമതിക്കാരും സമ്പന്ന പക്ഷപാതികളും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചതിലൂടെ സിപിഐ എമ്മില്‍നിന്ന് ബഹുജനങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു എന്നാണവര്‍ വിശ്വസിച്ചത്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നു; ജനങ്ങള്‍ വേറെ-പാര്‍ട്ടി വേറെ; സംഘടനാ സംവിധാനം തകര്‍ന്നു; നേതൃത്വം അപ്രസക്തമായി; പോരാട്ടങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു;ഇനി ചെങ്ങറമോഡല്‍ കടന്നുകയറ്റങ്ങളേ വാഴൂ-ഇത്തരം 'കണ്ടെത്ത'ലുകളാണ് മുഴങ്ങിക്കൊണ്ടിരുന്നത്. ഇവയ്ക്കുള്ള മറുപടികള്‍ ജനങ്ങളിലെത്തുന്നില്ല-എത്തിയാലും ജനമനസ്സുകളെ സ്വാധീനിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് കേരളത്തിലെ വലതുപക്ഷം അഭിരമിച്ചത്. ആ വിശ്വാസം തകര്‍ത്തത് സംസ്ഥാനത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലാണ്. അതിനുംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനേററ താല്‍കാലിക തിരിച്ചടി മാത്രമാണെനും ജനങ്ങള്‍ മുന്നണിയോടൊപ്പം തന്നെയാണെന്നും അത് ചൂണ്ടിക്കാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചവര്‍ കുറവാണ്. അതുംകഴിഞ്ഞ് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളാകട്ടെ മാധ്യമങ്ങള്‍ ഗൌനിച്ചുമില്ല. അല്ലെങ്കിലും അക്രമകഥകളില്‍ വില്ലന്‍സ്ഥാനത്തുനിര്‍ത്താന്‍ മാത്രമാണല്ലോ അവര്‍ക്ക് എസ്എഫ്ഐ.

ഇപ്പോഴിതാ ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു തെളിവുകൂടി-കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മനുഷ്യച്ചങ്ങല. വലതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ അവഗണനയും അവജ്ഞയും കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് പറിച്ചുമാറ്റാനാവില്ല എന്നാണ് മനുഷ്യച്ചങ്ങല തെളിയിച്ചതെന്ന് പറയുന്നത് അപൂര്‍ണ്ണമാകും. എല്ലാപ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ബഹുജന പ്രവാഹമാണുണ്ടായത്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ചിന്തിക്കാന്‍ കഴിയാത്തതാണത്. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനം, ബഹുജന സ്വാധീനം, സമര സംഘാടനം-ഒന്നിനും ഒരുകോട്ടവുമുണ്ടായിട്ടില്ലെന്നുമാത്രമല്ല, എന്നത്തെയുംകാള്‍ ഉയരത്തിലാണ് അവയെന്ന് ആ ജനപ്രവാഹം വിളിച്ചോതി.

അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കാണ് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവുമെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത്തരം പ്രക്ഷോഭങ്ങള്‍ അതിന്റെ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് കഴിയുക എന്നതും. ആസിയാന്‍ കരാറിന്റെ കെടുതിയെക്കുറിച്ച് സിപിഐ എം നടത്തിയ പ്രചാരണം ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മനുഷ്യച്ചങ്ങലയെ അതിന്റെ പ്രചാരണ ഘട്ടത്തില്‍ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്ത മാധ്യമങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ആ മഹാസംഭവം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുതുറക്കാതെ നിര്‍വാഹമില്ലെന്നു വന്നു. ചങ്ങല പൊട്ടുന്നതെവിടെയെന്ന് നോക്കി അതിവേഗത്തില്‍ ക്യാമറയുമായി ദേശീയപാതയിലൂടെ പാഞ്ഞുപോയവര്‍ക്ക്, ചങ്ങലയല്ല മനുഷ്യക്കോട്ടതന്നെയാണ് കാണാനായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു എന്നും പതിനായിരങ്ങള്‍ അണിചേര്‍ന്നു എന്നുമെല്ലാം പറഞ്ഞും എഴുതിയും മനുഷ്യച്ചങ്ങലയെ ചെറുതാക്കാനുള്ള അപഹാസ്യ ശ്രമം പോലുമുണ്ടായി. എണ്ണൂറുകിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യര്‍ കൈകോര്‍ത്തുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ വേണ്ടിവരുമെന്ന ലളിതമായ കണക്കിനുമുന്നില്‍ അവരുടെ 'ആയിരവും' 'പതിനായിരവും' പരിഹാസ്യമായി.

ഗത്യന്തരമില്ലാതെ മനുഷ്യച്ചങ്ങലയുടെ വാര്‍ത്തയും ചിത്രവുംനല്‍കേണ്ടിവന്ന ചാനലുകളും പത്രങ്ങളും ശ്രദ്ധിച്ചാല്‍, ആ സമരത്തില്‍ സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വമായി പങ്കെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. വന്‍തോതില്‍ പങ്കെടുത്തത് പുതിയ തലമുറയാണ്-യുവജനങ്ങളാണ്. അതിനര്‍ത്ഥം കേരളത്തിന്റെ യുവതലമുറ ഹൃദയപൂര്‍വം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നു എന്നാണ്. നടേ സൂചിപ്പിച്ച കലാലയങ്ങളിലെ എസ്എഫ്ഐ ആധിപത്യവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകരുകയാണ് എന്ന വ്യക്തമായ സന്ദേശംകൂടി ഇതില്‍നിന്നൊക്കെ വായിച്ചെടുക്കാവുന്നതുമാണ്. അത് വ്യക്തമായി അറിയാവുന്നത് സിപിഐഎമ്മിന്റെ തകര്‍ച്ച കാണാനായി നോമ്പുനോറ്റിരിക്കുന്നവര്‍ക്കുതന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ വിഭാഗീയത എന്ന തുറുപ്പുഗുലാന്‍ ഇറക്കികകളിക്കാനുള്ള അവസരം ഇന്നില്ല. അങ്ങനെയൊരു ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനടന്ന വിഭാഗീയതയെക്കുറിച്ച് എന്തുതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ പുതിയ ചില ചേരുവകളും കൂട്ടുകളുമായി രംഗത്തിറങ്ങാന്‍ തയാറാവുകയാണവര്‍. പറഞ്ഞുപഴകിയതും പരിഹരിക്കപ്പെട്ടതുമായ കാര്യങ്ങള്‍പോലും പുതിയതെന്നമട്ടില്‍ അപഹാസ്യമാംവിധം എഴുന്നള്ളിക്കുന്നത് അത്തരമൊരു വിഭ്രമത്തില്‍നിന്നാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന പ്രസ്ഥാനത്തെ ഏതാനും നുണകളുടെ ബലത്തില്‍ തകര്‍ത്തുകളയാമെന്ന വ്യാമോഹം അത്തരക്കാര്‍ അവസാനിപ്പിച്ചിട്ടിലെന്നര്‍ത്ഥം. ഏതാനും കുബുദ്ധികളുടെ മനസ്സിനെ സുഖിപ്പിക്കുക എന്നതിലപ്പുറമുള്ള ഒരു ദൌത്യവും ഇത്തരം നുണകള്‍ക്ക് ഇനി നിര്‍വഹിക്കാനില്ല. വിഭാഗീയതയേയോ എതിരാളികളുടെ കുതന്ത്രങ്ങളെയോ വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും തയാറാവില്ലെന്നും അത്തരം കുതന്ത്രങ്ങളുമായി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെ കൊടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷമനസ്സിന്റെ തീരുമാനമെന്നുമാണ് ജനലക്ഷങ്ങള്‍ കണ്ണിചേര്‍ന്ന മനുഷ്യച്ചങ്ങല തെളിയിച്ചത്. ഒറ്റക്കെട്ടായി, ഒരു മനസ്സായി മുന്നേറുന്ന കമ്മ്യുണിസ്ററുകാരെ, ഇടതുപക്ഷത്തെ തളര്‍ത്താനോ തച്ചമര്‍ത്താനോ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിന്റെ ചരിത്രം തെളിയിച്ച വസ്തുതയാണത്. അകന്നുപോയവരെയടക്കം അടുപ്പിക്കാനും ഒരിക്കലും അടുത്തിട്ടില്ലാത്തവരെ അണിനിരത്താനും കഴിഞ്ഞ ഒന്നായിരുന്നു മനുഷ്യച്ചങ്ങലയെങ്കില്‍, ആ പ്രക്രിയ ഇനിയും ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടാവുക. ഇടതുപക്ഷമാണ് ജനങ്ങളുടെ, കേരളത്തിന്റെ ഹൃദയപക്ഷം എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന അനുഭവമാണ് തെളിഞ്ഞുവരാനുള്ളത്.

Thursday, October 8, 2009

മന്ത്രിയുടെ കോളനി സന്ദര്‍ശനം

പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.

ഒരു സുപ്രഭാതത്തില്‍, പ്രചാരണപരമായ ലക്ഷ്യത്തോടെ നടത്തിയ ഒന്നായിരുന്നില്ല മന്ത്രി എ കെ ബാലന്റെ പര്യടനം. മറിച്ച്, കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നേട്ടങ്ങള്‍ പട്ടികവര്‍ഗ-പട്ടികജാതി മേഖലകളില്‍ കൈവരിച്ചശേഷം അവശേഷിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ പദ്ധതികള്‍ എത്രകണ്ട് ലക്ഷ്യം വരിച്ചു എന്ന് പരിശോധിക്കാനുമുള്ളതായിരുന്നു അത്. ആദിവാസിക്കുടിലുകളിലെത്തുന്നതും ആദിവാസി കുടുംബങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവിടെ അന്തിയുറങ്ങുന്നതും വലിയ ത്യാഗമൊന്നുമല്ല. മന്ത്രി എ കെ ബാലന്റെ സന്ദര്‍ശനോദ്ദേശ്യവും അതായിരുന്നില്ല. ആ പര്യടനത്തിനുശേഷം വയനാട്ടിലെ ആദിവാസി കോളനികളില്‍ചെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ-മന്ത്രിയുടെ സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന്. ആവേശപൂര്‍വമുള്ള പ്രതികരണമാണ് ഈ ലേഖകന് ലഭിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആവലാതികള്‍ മന്ത്രിയോട് നേരിട്ട് പറയാന്‍ അവസരമുണ്ടായതില്‍ അവര്‍ ആശ്വാസംകൊള്ളുന്നു. രോഗപീഡയില്‍ കഴിയുന്നവര്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും സന്ദര്‍ശനവേളയില്‍തന്നെ മന്ത്രി സഹായം പ്രഖ്യാപിക്കുകയും ദിവസങ്ങള്‍ക്കകം അത് ലഭ്യമാവുകയും ചെയ്തതില്‍ അത്ഭുതം കൂറുന്നു.

പ്രകൃതി ദുരന്തബാധിതര്‍ക്കുള്ള സഹായാപേക്ഷയുമായി എത്തിയ ഒരു കുടുംബത്തിന്റെ അനുഭവം സവിശേഷമാണ്. ആ സാധു നിരക്ഷര കുടുംബം കൃഷി നശിച്ചുപോയതിന് നഷ്ടപരിഹാരം കിട്ടാന്‍ ഉദ്യോഗസ്ഥരെ നേരത്തെ സമീപിച്ചതാണ്. നിശ്ചിത രീതിയിലല്ല അപേക്ഷ എന്നു പറഞ്ഞ് മടക്കി അയച്ചു. പലരുടെയും സഹായത്തോടെ നിശ്ചിതരീതിയില്‍ അപേക്ഷ തയ്യാറാക്കി വീണ്ടും എത്തിയപ്പോള്‍ അവസാനതീയതി കഴിഞ്ഞുപോയി എന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. നിസ്സഹായരായ കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി നിഷേധിക്കപ്പെട്ട സഹായം ഉടന്‍ നല്‍കണമെന്ന് മന്ത്രി അപ്പോള്‍ത്തന്നെ കൃഷിവകുപ്പിലെയടക്കം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് പ്രശ്നങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യംചെയ്യുന്നു എന്നും അത് പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ എത്രമാത്രം സംതൃപ്തിയോടെ അംഗീകരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ യാത്ര വന്‍വിജയമായതിലൂടെ അടിവരയിട്ട് ഉറപ്പിക്കപ്പെട്ടത്.

പട്ടികവിഭാഗ ക്ഷേമപദ്ധതികളുടെ കൂടപ്പിറപ്പാണ് അഴിമതിയും കെടുകാര്യസ്ഥതയും എന്ന് പറയാറുണ്ട്. അവര്‍ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ ചെറിയൊരംശം മാത്രമേ ലക്ഷ്യത്തിലെത്താറുള്ളൂ. ആ രണ്ടു പ്രശ്നത്തെയും വലിയതോതില്‍ മറികടക്കാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം. യുഡിഎഫ് ഭരണകാലത്ത് പട്ടികജാതി വികസനവകുപ്പില്‍ 76 ശതമാനവും പട്ടികവര്‍ഗ വികസനവകുപ്പില്‍ 67 ശതമാനവുമായിരുന്നു ഫണ്ട് വിനിയോഗമെങ്കില്‍ അത് യഥാക്രമം 97. 5 ശതമാനം, 96.29 ശതമാനം എന്ന തോതിലേക്കുയര്‍ത്തി റെക്കോഡ് സൃഷ്ടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഇരട്ടിയോളവും അതിലേറെയും വര്‍ധിപ്പിച്ചതും വീടുവയ്ക്കാനുള്ള സഹായം പട്ടികജാതി-ഒരുലക്ഷം, പട്ടികവര്‍ഗം-ഒന്നേകാല്‍ലക്ഷം എന്ന തോതില്‍ ഉയര്‍ത്തിയതും ചികിത്സാ സഹായം, ശുദ്ധജല വിതരണം, ഗതാഗത സൌകര്യം, വൈദ്യുതീകരണം എന്നിങ്ങനെയുള്ള മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായതും ഈ സര്‍ക്കാരിന്റെ നേട്ടംതന്നെ. ഇങ്ങനെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും അവയുടെ പ്രയോജനം എത്തേണ്ടിടത്ത് എത്തിയോ എന്ന സംശയം അവശേഷിക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിസംബോധനചെയ്യുക എന്നതാണ് ഭരണാധികാരികള്‍ നേരിട്ട് ഇത്തരം പര്യടനങ്ങള്‍ നടത്തുന്നതിലൂടെ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഷോമാന്‍ഷിപ്പും മന്ത്രി എ കെ ബാലന്റെ വയനാട്-പാലക്കാട് പര്യടനവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.

അഞ്ചുദിവസത്തെ പര്യടനത്തില്‍ രണ്ടായിരത്തോളം പരാതികളാണ് മന്ത്രിക്ക് എഴുതിക്കിട്ടിയത്. അതില്‍ പകുതിയും വൈദ്യസഹായം സംബന്ധിച്ചുള്ളതാണ്. വനാവകാശ നിയമം നടപ്പില്‍വരുത്തുന്നതിന്റെ പ്രായോഗിക വശങ്ങളും കോളനികളിലെ അടിസ്ഥാന സൌകര്യത്തിന്റെ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കാണുക, ലഹരി ഉപയോഗംപോലുള്ള വിപത്തുകളില്‍നിന്ന് ആദിവാസികളെ വിമുക്തരാക്കാനുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ ബഹുമുഖമായ ഇടപെടലാണ് ഈ പര്യടനംകൊണ്ട് സാധ്യമായത്. ഭൂവിതരണം, വനാവകാശം അനുവദിക്കല്‍ എന്നീ രംഗങ്ങളില്‍ ഒട്ടേറെ പ്രയോഗികമായ സമസ്യകള്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വന്‍കിടക്കാര്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നുണ്ട്. വനാവകാശം അനുവദിക്കല്‍ സമ്പൂര്‍ണ സുതാര്യതയും നിഷ്കര്‍ഷയും വേണ്ടതാണ്. അത്തരം കാര്യങ്ങളിലെ ഇടപെടല്‍ സെക്രട്ടറിയറ്റിലിരുന്ന് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വേണ്ടത്, നേരിട്ടുള്ള അറിവിന്റെ ബലത്തിലാണ് എന്നു തോന്നുന്നതുതന്നെ ഭരണാധികാരത്തിന്റെ ശരിയായ പ്രയോഗമാണ്. ദളിത് പ്രശ്നങ്ങളെ അരാഷ്ട്രീയത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്കു തിരിച്ചുവിടാനുള്ള ബോധപൂര്‍വ ഇടപെടലുകള്‍ തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്ത് മന്ത്രി എ കെ ബാലന്റെ ഈ വ്യത്യസ്തമായ സമീപനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

വനാവകാശനിയമം പാസാക്കുന്നതിന് സിപിഐ എം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. സിപിഐ എം സമ്മര്‍ദത്തിന്റെയും രാജ്യത്തെങ്ങും ഉയര്‍ത്തിക്കൊണ്ടുവന്ന ഗോത്രവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഫലമായാണ് യുപിഎ സര്‍ക്കാര്‍ വനാവകാശനിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് നിര്‍ബന്ധിതമായത്. ഗവമെന്റ് തള്ളിക്കളഞ്ഞതും സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നതുമായ നിര്‍ണായകമായ മാറ്റങ്ങള്‍ സിപിഐ എം ഇടപെടലിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടിവന്നു. ആ നിയമം ഏറ്റവുമാദ്യം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനുള്ള പ്രയോഗിക പദ്ധതി ആവിഷ്കരിച്ചത് കേരളത്തിലാണ്. അതിന്റെ പുരോഗതികൂടി മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വിലയിരുത്തപ്പെട്ടു.

സിപിഐ എം പത്തൊന്‍പതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.

"മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത് കുടംബത്തിനെതിരെ നടത്തിയ കൊടുംക്രൂരത, ദളിതര്‍ക്കെതിരായ അയിത്തത്തിന്റെയും സാമൂഹ്യ ബഹിഷ്കരണത്തിന്റെയും വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഫലമായി അവര്‍, പ്രത്യേകിച്ചും ദളിത് സ്ത്രീകള്‍, ഇപ്പോഴും അനുഭവിച്ചുവരുന്ന അതിക്രമങ്ങളുടെ പ്രതീകമാണ്. ഇപ്പോള്‍പ്പോലും നമ്മുടെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ പൊതു വാട്ടര്‍ടാപ്പുകളും ജലാശയങ്ങളും ചായക്കടകളും ക്ഷേത്രങ്ങളും പൊതുകുളിസ്ഥലങ്ങളും പൊതുവഴികളും ശ്മശാനങ്ങളും മറ്റു സേവനങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് ദളിതര്‍ വിലക്കപ്പെടുകയാണ്. പല സ്ഥലങ്ങളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലെ ദളിത് പ്രതിനിധികള്‍ കടുത്ത വിവേചനം നേരിടുന്നു. കഴിഞ്ഞ രണ്ടു ദശകമായി ദളിതര്‍ക്കെതിരെ പ്രതിവര്‍ഷം ശരാശരി 22,000 അതിക്രമങ്ങളും കൊടുംക്രൂരകൃത്യങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടുകൂടി ദളിതര്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ഭൂപരിഷ്കരണത്തിന്റെ അഭാവം മഹാഭൂരിപക്ഷംപേരും ഭൂരഹിതമായിട്ടുള്ള ദളിത് കുടുംബങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദളിതരില്‍ 75 ശതമാനത്തോളം പേരും ഭൂരഹിതരും നാമമാത്രം ഭൂമിയുള്ളവരുമാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളില്‍ 62 ശതമാനവും നഗരപ്രദേശങ്ങളിലെ ദളിത് കുടുംബങ്ങളില്‍ 63 ശതമാനവും കൂലിവേലയെ ആശ്രയിക്കുന്നവരാണ്.''

ചൂഷിത വര്‍ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി പാര്‍ടി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്നാണ് പത്തൊന്‍പതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തത്.(തമിഴ്നാട്ടില്‍ അയിത്തത്തിനെതിരായ സമരം നയിക്കുന്നത് സിപിഐ എമ്മാണ്) ദളിതുകളും ആദിവാസികളും ചേര്‍ന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം വരും. ബിജെപിയും കോണ്‍ഗ്രസും നയിച്ച ഗവമെന്റുകള്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളിലൂടെ ഈ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ രൂക്ഷതരമാക്കിയതേയുള്ളൂ. അതില്‍നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന ഇടപെടലാണ് സിപിഐ എമ്മിന്റേത് എന്ന് കേരളത്തിലെ അനുഭവം ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സാമ്രാജ്യത്വ അധിനിവേശമായിരുന്നു കോളനികളെയും ആദിവാസികളെയും ചൂഷണംചെയ്തതെങ്കില്‍ ഇന്ന് ദേശീയ അധിനിവേശമാണ് ഊരുകളെ കൊള്ളയടിക്കുന്നതെന്നാണ് അട്ടപ്പാടി ഊരിലെ ജനസമ്പര്‍ക്കപരിപാടിക്കുശേഷം മന്ത്രി ബാലന്‍ പറഞ്ഞത്. ആദിവാസികളുടെ ക്ഷേമത്തിന് ഭരണചക്രം തിരിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്നുപറഞ്ഞ അദ്ദേഹം ഇത്തരം ജനസമ്പര്‍ക്കപരിപാടികളിലൂടെ അടിസ്ഥാനവര്‍ഗങ്ങളെ സര്‍ക്കാരിനോട് ഇണക്കിച്ചേര്‍ക്കാനാകുമെന്നാണ് പ്രത്യാശിച്ചത്. കേവലമായ ദൈനംദിന ഭരണനടപടികളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സമീപനമാണിത്-മാതൃകാപരവും. എ കെ ബാലന്‍ ഉള്‍ക്കൊള്ളുന്ന സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നയസമീപനത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാണ് മന്ത്രിയുടെ ആദിവാസി ഊരുകളിലെ പര്യടനത്തെ വിലയിരുത്തേണ്ടത്. വരുംനാളുകളില്‍ കൂടുതല്‍ വിപുലമായ ഇത്തരം ഇടപെടലുകള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Friday, April 10, 2009

നന്ദി ആരോട് ചൊല്ലേണ്ടു?

നന്ദിവേണം, നന്ദി എന്നാണ് ഏ കെ ആന്റണി പറയുന്നത്. ആര്‍ക്ക്? എന്തിന്? കേന്ദ്രം കേരളത്തിന് നല്‍കിയ വിഹിതത്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും കേരളീയര്‍ എന്തിന് നന്ദി പറയണം? കേന്ദ്രത്തിന്റെ പണം കോണ്‍ഗ്രസിന്റെ തറവാട്ടു സ്വത്തോ?

ആന്റണി കേരളീയരില്‍നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന ദേഹമാണോ? കേരള നിയമസഭയുടെ പ്രതിനിധിയായല്ലേ അദ്ദേഹം രാജ്യസഭയിലെത്തിയത്? കേരളത്തില്‍നിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയോടെയല്ലേ മന്‍മോഹന്‍സിങ്ങ് നാലരക്കൊല്ലം ഭരിച്ചത്? ആ കേരളം എന്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും നന്ദി പറയണം?

തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാടിന് അവിടത്തെ സഖ്യകക്ഷികളെ പ്രീണിപ്പിക്കാന്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗംതനെയാണോ എന്ന് തോന്നുമാറ് അവഗണിച്ച പാരമ്പര്യമാണ് ആന്റണിയുടെ സര്‍ക്കാരിന്. റെയില്‍വെ അവഗണനയ്ക്കെതിരെ കേരളത്തിന് ഒറ്റക്കെട്ടായി സമരം ചെയ്യേണ്ടിവന്നത് ഓര്‍മ്മയില്ലേ? റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ചത് യുപിഎ സര്‍ക്കാരല്ലേ?

കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചോ?2008 മാര്‍ച്ചിലും ഏപ്രിലിലും ഉണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ടണ്‍ നെല്ലും കുരുമുളകും നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. കേരളത്തിന് മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം ലഭിക്കേണ്ട ധനസഹായം 214 കോടി 88 ലക്ഷം രൂപ. വൈകി വന്ന കേന്ദ്ര സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ ഒതുങ്ങി. ഒരു ചില്ലിക്കാശും കേരളത്തിന് കിട്ടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തു.-നല്‍കിയത് 50.81 കോടി രൂപമാത്രം. 9.2 കോടി രൂപ രണ്ടാമതൊരു ഗഡുനല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല!2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വീണ്ടും കുറവു വരുത്തി. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ട്. ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിച്ചു.

അവഗണയുടെ കണക്ക് ഇവിടെയും ഒടുങ്ങുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ പഠനം പറയുന്നത് ഓരോ ഇനത്തിലും കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നó പണം ഒരു പൌരന് ശരാശരി 1963 രൂപയാണെന്നാണ്. കേരളത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 1686 രൂപ മാത്രം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 7.83 ലക്ഷം കോടി രൂപ മുടക്കുമ്പോള്‍ കേരളത്തില്‍ð മുടക്കുന്നത് 19,000 കോടിമാത്രം.വെറും 2.43 ശതമാനം. രണ്ടു— ശതമാനത്തില്‍ð താഴെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് കേരളത്തിനു കിട്ടുന്നത്്. കേരളത്തിനു പ്രഖ്യാപിക്കുന്നó പാക്കേജുകള്‍ക്ക് ഗ്രാന്റായി പണമില്ല!

ഇപ്പോള്‍ നമുക്ക് ചോദിക്കാം-പ്രിയപ്പെട്ട ആന്റണി, നന്ദികേടിന് ആരെങ്കിലും നന്ദി പറയുമോ?അതല്ല, ആന്റണിയും വയലാര്‍ രവിയുമടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ നിരന്നുനിന്ന് കേരളത്തോട് മാപ്പുപറയണോ? പിന്തുണയും പറ്റി പറ്റിച്ചതിന്? ഭരണഘടനയെപ്പോലും അവഗണിച്ച് അവഗണന കാട്ടിയതിന്?ആന്റണിക്ക് നന്ദി പറയേണ്ടിവരും-മനോരമയോടും മാതൃഭൂമിയോടും. മനോരമ ഏറ്റവുമൊടുവില്‍ അവതരിച്ചത് ഒരു സര്‍വേയുമായാണ്. കേരളത്തില്‍ എല്‍ഡിഎഫിന് അഞ്ചുസീറ്റിന്റേ ഔദാര്യമേയുള്ളൂ ആ സര്‍വേയില്‍. ബാക്കി മുഴുവനും യുഡിഎഫിനാണത്രെ! 2004ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പു നടന്നിരുന്നു. കോണ്‍ഗ്രസിനുവേണ്ടി അന്ന് ഒരു സര്‍വേയും നടത്തി.കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടും എന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്-അതായത് അന്ന് യുഡിഎഫിന് പതിനൊന്നും എല്‍ഡിഎഫിന് ഒന്‍പതും എംപിമാരായിരുന്നു. കോണ്‍ഗ്രസിന് എട്ട്. അതില്‍നിന്ന് യുഡിഎഫ് മേലോട് പോകുമെന്നാണ് സര്‍വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ യുഡിഎഫിന് ഒന്ന്; കോണ്‍ഗ്രസിന് വട്ടപ്പൂജ്യം. സര്‍വേ എന്നത് വിടുപണിയാകുമ്പോള്‍ ഫലം എന്തായാലും കുഴപ്പമില്ലല്ലോ.അതൊക്കെ സഹിക്കാം. മനോരമയല്ലേ. നമ്മുടെ വീരഭൂമി വേറെ ഇറങ്ങിയിട്ടുണ്ട്. വീരന്റെ ഒരു റിട്ടയേഡ് ശിങ്കം എഴുതിയിരിക്കുന്നു സോണിയാ മാഡത്തെ കാണുമ്പോള്‍ ഇന്ദിരാജിയെ നിനച്ചുപോകുന്നുവെന്ന്. ആവേശം ഇളക്കിമറിച്ചുകൊണ്ടാണ് മാഡം കടന്നുപോയതെന്ന്. ശശി തരൂര്‍ പൊറുക്കട്ടെ. ഇറ്റലിക്കാരന്‍ കോണ്‍ട്രാക്ടറുടെയും വിവാഹ സര്‍ടിഫിക്കറ്റിന്റെ ബലത്തെയും ശവക്കച്ചയെയുമെല്ലാം നമുക്ക് മറക്കാം. രാജ് മോഹന്‍ ഉണ്ണിത്താന്റെ കാര്യമെങ്കിലും ഓര്‍ക്കേണ്ടേ? സീറ്റുകിട്ടാത്തതില്‍ പരിഭവിച്ച് പതുങ്ങിയിരിപ്പാണെങ്കിലും ആ ഉണ്ണിത്താനെയാണ് ഇങ്ങനെ ഹെലിക്കോപ്ടറില്‍ കയറ്റി വടകരയിലുംകോട്ടയത്തുമെല്ലാം ഇറക്കിയതെങ്കിലോ? സോണിയക്കുതന്നെ അറിയാം അവരുടെ പരിമിതി. വീരഭൂമിക്ക് അതറിയില്ല പോലും!

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിഷമിക്കുന്നുവെന്നും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്ര കാപട്യത്തോടെയാണ് നേരിടുന്നതെന്നും വ്യക്തമാക്കുന്നതാണ് ആ പാര്‍ടിയുടെ പരമോന്നത നേതാവായ സോണിയ കേരളത്തില്‍ വന്നു നടത്തിയ പ്രചാരണ പ്രസംഗങ്ങള്‍. സോണിയ ഗാന്ധിക്കുമേലെ കോണ്‍ഗ്രസിന് നേതാക്കളില്ല. അവരുടേതാണ് അവസാന വാക്ക്. ആ 'അവസാന വാക്കുകള്‍' സാമാന്യബുദ്ധിയുള്ള ആരിലും പരിഹാസമാണ് ഉണര്‍ത്തിയത് എന്നുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തം അതിന്റെ അങ്ങേത്തലയിലെത്തിയതായാണ് മനസ്സിലാക്കേണ്ടത്്.

അമേരിക്കയുമായുള്ള ആണവ സഹകരണ കരാറാണ് ഏറ്റവും വലിയ നേട്ടമെന്ന് പറയുക മാത്രമല്ല, ആ കരാര്‍ നടപ്പാക്കിക്കിട്ടാന്‍ സര്‍ക്കാരിന്റെ ഭാവിപോലും പ്രശ്നമല്ലെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്. ആണവകരാറിന്റെ പേരിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ഇടതുപക്ഷം അക്കാര്യം തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ പ്രശ്നമായി ഉന്നയിക്കുന്നു. എന്നാല്‍, ഇടതുപക്ഷം മുഖ്യ എതിരാളിയായി മത്സരിക്കുന്ന കേരളത്തില്‍ വന്ന കോണ്‍ഗ്രസ് അധ്യക്ഷ ആണവകരാറിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇന്ത്യയുടെ വിദേശനയം യുപിഎ സര്‍ക്കാര്‍ നാണംകെട്ടരീതിയില്‍ മാറ്റിമറിക്കുകയാണെന്നും അമേരിക്കന്‍ വിധേയത്വവും ഇസ്രയേലി സഹകരണവും അപകടകരമായ കളിയാണെന്നുമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തിനും മറുപടിയുണ്ടായില്ല. എന്തിന്, യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന, ഇസ്രയേലി മിസൈല്‍ ഇടപാടിലെ 900 കോടി രൂപയുടെ അഴിമതി ആരോപണത്തിന് മറുപടിപറയാനുള്ള ശേഷിയും സോണിയ ഗാന്ധിക്കുണ്ടായില്ല.

കോണ്‍ഗ്രസിന്റെ വികലവും വികൃതവുമായ മുഖം മറച്ചുവയ്ക്കാന്‍ അവാസ്തവങ്ങളും അസംബന്ധങ്ങളും ചേര്‍ത്ത് വിലകുറഞ്ഞ ആക്രമണത്തിനാണ് സോണിയ ഒരുങ്ങിയതെന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണാനാവില്ല. കേരളത്തിന് ധനസഹായമായി 40,000 കോടി രൂപ നല്‍കിയെന്നാണ് ഇടതുപക്ഷത്തിനെതിരായ ആക്രമണമെന്ന നിലയില്‍ സോണിയ പറഞ്ഞ ഒരുകാര്യം. എവിടെ, എപ്പോള്‍, എങ്ങനെ, ഏത് ഇനത്തില്‍ ഈ ധനസഹായം നല്‍കി എന്നതിന്റെ സൂചനപോലുമില്ലാതെ ഒരാരോപണം! ഇന്ത്യയില്‍ ആകെ 3.8 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ നിക്ഷേപം. അതിന്റെ 2.4 ശതമാനം മാത്രമായ 19,000 കോടിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനമുള്ള കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കാനുള്ള ശക്തമായ ആവശ്യങ്ങളും സമ്മര്‍ദങ്ങളും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷപദവിയിലാണ് സോണിയ ഇരിക്കുന്നത്. അത്തരത്തിലൊരാള്‍, വസ്തുതകള്‍ പരിശോധിക്കാതെ വലിയൊരുതുകയുടെ കണക്കുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആശാസ്യമായ പ്രവണതയല്ല.

കേരളത്തില്‍ ഭരണസ്തംഭനമെന്ന ആരോപണം ഉന്നയിക്കുന്നതിനുമുമ്പ്, സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എങ്ങനെ നടക്കുന്നുണ്ടെന്ന് ചോദിച്ച് മനസ്സിലാക്കാനുള്ള അവധാനതപോലും സോണിയ കാണിക്കാത്തത് ഖേദകരംതന്നെയാണ്. കേന്ദ്ര വിഹിതമായി ലഭിച്ച പണം ചെലവഴിച്ചതില്‍ എല്‍ഡിഎഫ് ഭരണം യുഡിഎഫ് ഭരിച്ച കാലത്തേക്കാള്‍ ഏറെ മുന്നിലാണ്. വിഹിതമായി അനുവദിക്കുന്നതിന്റെ 78 ശതമാനം ചെലവഴിച്ചു. യുഡിഎഫിന്റെ കാലത്ത് 68 ശതമാനമായിരുന്നു. പ്രോജക്ട് അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ യുഡിഎഫ് ഭരണകാലത്ത് 38 ശതമാനമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 55 ശതമാനം ചെലവഴിച്ചു. എന്നിട്ടും കേരളത്തില്‍ സ്തംഭനമാണെന്ന വിവരം എവിടെനിന്ന് കിട്ടി?

കേരളത്തിന് പ്രത്യേകം നല്‍കിയതായി സോണിയ പറഞ്ഞ കാര്യങ്ങളൊന്നുംതന്നെ കോണ്‍ഗ്രസിന്റെ ഔദാര്യമല്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി യുപിഎ സര്‍ക്കാരിന് അനുവദിക്കേണ്ടിവന്നവയാണ് പലതും. നാലരക്കൊല്ലം കേരളത്തിലെ ഇരുപത് എംപിമാരുടെയും പിന്തുണ വാങ്ങി ഭരണം നടത്തിയ കോണ്‍ഗ്രസ്, ഈ സംസ്ഥാനത്തോടുകാണിച്ച നന്ദികേടിന്റെ കണക്കാണ് ജനങ്ങള്‍ക്കറിയേണ്ടത്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് സോണിയ പറയുന്നു-സ്വന്തം പാര്‍ടി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍പോലും കേരളത്തിലെ നിയമസമാധാന നിലയെ പ്രകീര്‍ത്തിച്ചിരിക്കെ, അഖിലേന്ത്യാ ശരാശരിയില്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഏറ്റവും മുന്നിലാണെന്നിരിക്കെ എവിടെനിന്നു കിട്ടി സോണിയക്ക് ഈ വിവരം? ഉറച്ച സര്‍ക്കാര്‍, മതേതരത്വം തുടങ്ങിയ പതിവുപല്ലവികളില്‍കവിഞ്ഞ് കോണ്‍ഗ്രസ് നാടിന് കഴിഞ്ഞ അഞ്ചുകൊല്ലം എന്തുചെയ്തു എന്നോ, ഇനി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നോ ഉള്ള വ്യക്തമായ ഒരുവാചകവും സോണിയയില്‍നിന്നു കേട്ടില്ല. പകരം ഭീകരരെ തങ്ങള്‍ നേരിട്ടുവെന്നാണ് പറഞ്ഞത്.

മുംബൈയില്‍ ഒരു പ്രയാസവുമില്ലാതെ കൊലയാളിസംഘത്തിന് കടന്നുവരാനും ദിവസങ്ങളോളം ആയുധശേഖരവുമായി തങ്ങാനുമുള്ള അവസരമുണ്ടാക്കിയതാണോ ഭീകരവിരുദ്ധ നടപടി? മൂന്നുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകരാക്രമണത്തിനു കാരണം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഭരണം രാജ്യസുരക്ഷ ഉറപ്പാക്കിയതാണോ? യുപിഎ ഭരണത്തിന്റെ ഇതുവരെയുള്ള നാളുകളില്‍, രാജ്യത്ത് അന്‍പതോളം വന്‍ സ്ഫോടനം നടന്നെന്നും അതില്‍ നൂറുകണക്കിനാളുകള്‍ മരിച്ചെന്നുമുള്ള യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയുന്നതാണോ?

ഉറച്ച ഭരണത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്ന സോണിയക്ക്, ബിജെപിയുമായി കൂട്ടുചേര്‍ന്നും, രാജീവ് ഗാന്ധിയുടെ വീട്ടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന് തൊടുന്യായം പറഞ്ഞുമെല്ലാം സര്‍ക്കാരുകളെ അട്ടിമറിച്ച കോണ്‍ഗ്രസിന്റെ ചരിത്രം അറിയില്ലെന്നുണ്ടോ? ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഇ എം എസ് ഗവണ്‍മെന്റിനെ ജനാധിപത്യതത്വങ്ങളെ കശാപ്പുചെയ്ത് പിരിച്ചുവിട്ട കോണ്‍ഗ്രസിന് 'ഉറച്ച ഭരണ'ത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ നോട്ടുകെട്ടുകളുടെ കനംകൊണ്ട് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഉറച്ച ഭരണത്തിന്റെ ലക്ഷണം? പ്രധാനമന്ത്രി വിമര്‍ശനം നേരിടേണ്ടിവരുന്നതിനെ വൈകാരികമായി അവതരിപ്പിക്കുന്ന സോണിയ, അതേ മന്‍മോഹന്‍ സിങ്ങാണ്, വാഷിങ്ടണില്‍ ചെന്ന് ഇന്ത്യക്കാകെ അപമാനമുണ്ടാക്കുംവിധം ജോര്‍ജ് ബുഷിനെ സ്തുതിച്ചതെന്ന് മറന്നുപോകുന്നു. ഫലത്തില്‍, സോണിയയുടെ പര്യടനം കേരളത്തിലെ യുഡിഎഫിന് ഗുണമുണ്ടാക്കുകയല്ല, ആ മുന്നണിയുടെയും അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെയും തനിനിറം കൂടുതല്‍ വ്യക്തമാക്കുക എന്ന ധര്‍മം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇതൊന്നും വീരഭൂമി കാണില്ല; മനോരമ എഴുതില്ല. പക്ഷേ ജനങ്ങള്‍ മനസ്സിലാക്കാതെ പോകുമോ? കേരളീയര്‍ നന്ദികാണിക്കാന്‍ ഉറച്ചങ്ങ് തീരുമാനിച്ചാല്‍ ആന്റണിയുടെ പാര്‍ട്ടി എവിടെച്ചെന്ന് നില്‍ക്കും?