Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Friday, April 19, 2013

ക്രിമിനലുകളുടെ താവളം




ഞാറ്റോത്തും താഴേക്കുനി വാസു. വയസ്സ് 49. മുയിപ്ര സ്വദേശി. കോണ്‍ഗ്രസുകാരനായിരുന്നു. ഗാന്ധിത്തൊപ്പിയും മൂവര്‍ണക്കൊടിയുമായി പദയാത്രയ്ക്ക് പോയിരുന്ന വാസുവിന്റെ കൈയില്‍ ഇന്ന് ആര്‍എംപിയുടെ കൊടിയാണ്. സിപിഐ എം പ്രവര്‍ത്തകരെയും അവരുടെ വീടും കടകളും ആക്രമിച്ച പതിനഞ്ചോളം കേസുണ്ട് വാസുവിന്റെ പേരില്‍. വാസുവിന്റെ മകന്‍ വിപിന്‍ലാല്‍. 20 വയസ്സ്. പത്താംക്ലാസില്‍ തോറ്റ് പഠനംനിര്‍ത്തി. ആ സമയത്തുതന്നെ സ്കൂള്‍ ക്യാന്റീന്‍ നടത്തിപ്പുകാരന്റെ വാഴക്കൃഷി വെട്ടിനശിപ്പിച്ച് സ്വഭാവഗുണം തെളിയിച്ചു. ഇന്ന് അച്ഛനോടൊപ്പം ആര്‍എംപിയുടെ പതാകവാഹകന്‍. സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം എത്രയോ.. കേസുകള്‍ 24.

ക്രിമിനല്‍ വാസനയുള്ളവരുടെയും സിപിഐ എമ്മിനോട് ഏതെങ്കിലും തരത്തില്‍ ശത്രുതയുള്ളവരുടെയും കൂട്ടായ്മയാണ് ഇന്ന് ആര്‍എംപി. 2009ല്‍, രൂപീകരണശേഷം ആദ്യത്തെ പുതുവര്‍ഷാഘോഷത്തിന് പുത്തലത്തുവയലില്‍ സമ്മേളിച്ച് സിപിഐ എമ്മിന്റെ ശൈലിയല്ല തങ്ങളുടേതെന്ന് അവര്‍ പ്രഖ്യാപിച്ചു- പരസ്യമായി മദ്യവിതരണം നടത്തിക്കൊണ്ട്. തുടര്‍ന്നിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സിപിഐ എമ്മിന്റെ നെടുങ്കോട്ടയായ ഒഞ്ചിയംമേഖലയില്‍ കടന്നുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കാകെ അത്താണിയായി അതിവേഗം ആര്‍എംപി മാറി. ആര്‍എസ്എസിലെയും കോണ്‍ഗ്രസിലെയും ക്രിമിനലുകള്‍ക്ക് താവളമായി. തൊഴിലാളിവര്‍ഗത്തിന്റെ ഭാവമുണ്ടെങ്കിലും ഗുണമില്ലാത്ത ലുമ്പന്‍ ശക്തികള്‍ ഒത്തുകൂടി. ഗള്‍ഫ് നാടുകളില്‍നിന്നും ചില പ്രമാണിമാരില്‍നിന്നും പണം വന്നു. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരമണ്ഡലത്തിലെ തന്റെ ഭാവി ആര്‍എംപിയില്‍ കണ്ടു.

ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തണലിലാണ് അവിടത്തെ ഓരോ പ്രവര്‍ത്തകനും വളര്‍ന്നുവന്നത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വഴിതെറ്റിപ്പോകാതിരിക്കാനാണ് അധ്യാപികയായ അമ്മ ടി പി ചന്ദ്രശേഖരനെ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ബാലസംഘമായി, എസ്എഫ്ഐയായി ചന്ദ്രശേഖരന്‍ വളര്‍ന്നു. താമരശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെക്കൊണ്ട് കഴിയില്ലെന്നുപറഞ്ഞ് വീട്ടിലേക്കു പോയ ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ടി നേതാക്കള്‍ ഏറെ പാടുപെടേണ്ടിവന്നു. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ പ്രതിനിധിയാക്കി കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ കെറുവുതീര്‍ക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ബഹിഷ്കരിച്ചപ്പോഴും ചന്ദ്രശേഖരനെ തിരുത്തി കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കാനാണ് സഖാക്കള്‍ തയ്യാറായത്. സ്വന്തമായി ഒരു അനുയായി വൃന്ദം, അവര്‍ക്കുവേണ്ടി വഴിവിട്ട ഇടപെടലുകള്‍, സാമ്പത്തിക അച്ചടക്കമില്ലായ്മ- കുറെയേറെ നല്ല ഗുണങ്ങള്‍ക്കും അധ്വാനശീലത്തിനുമൊപ്പം ഇത്തരം ചിലതുകൂടി ചന്ദ്രശേഖരന്‍ കൊണ്ടുനടന്നു. പാര്‍ടിയില്‍നിന്ന് വേറിട്ട അനുയായിവൃന്ദത്തെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായി അരാജകത്വവും വളര്‍ന്നു.

ഏറാമല പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വളംവിതരണത്തിലെ ക്രമക്കേടുകള്‍ തെളിഞ്ഞതോടെ ചന്ദ്രശേഖരനെതിരെ നടപടി വേണ്ടിവന്നു. സാമ്പത്തിക അരാജകത്വത്തിന് പാര്‍ടിയില്‍ പരമാവധി ശിക്ഷയാണ്- പുറത്താക്കല്‍. അന്ന് തെറ്റുകള്‍ ഏറ്റുപറഞ്ഞ്, തുടര്‍ന്നും പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടത്. പുറത്താക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനായി ശിക്ഷ തീരുമാനിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഏറാമല ലോക്കല്‍കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ചന്ദ്രശേഖരനെ പുറംതള്ളാനോ തകര്‍ക്കാനോ അല്ല ഒന്നിച്ചുനിര്‍ത്താനാണ് ശ്രമമുണ്ടായത്. ഏറാമല പഞ്ചായത്തില്‍ സിപിഐ എമ്മിന് ഒമ്പതു സീറ്റും ജനതാദളിന് ഏഴു സീറ്റുമാണുണ്ടായിരുന്നത്. അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലെ പ്രസിഡന്റുസ്ഥാനം പങ്കിട്ടെടുക്കാനായിരുന്നു എല്‍ഡിഎഫിലെ ജില്ലാതലധാരണ. ആദ്യപകുതിയില്‍ അഴിയൂര്‍ പഞ്ചായത്ത് ജനതാദളിനും ഏറാമല സിപിഐ എമ്മിനും; രണ്ടാം പകുതിയില്‍ തിരിച്ച്. ഇന്നത്തെ ആര്‍എംപി ഏരിയ സെക്രട്ടറി എന്‍ വേണുവാണ് അന്ന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്. വേണു ജനതാദളിനുവേണ്ടി ഒഴിയേണ്ട ഘട്ടം വന്നപ്പോള്‍ അസംതൃപ്തരുടെ കലാപക്കൊടി ഉയര്‍ന്നു. ഏറാമല പഞ്ചായത്തില്‍ ജനതാദളിനെ ഒറ്റയ്ക്കുനിന്ന് തറപറ്റിച്ച പാര്‍ടിയാണ് സിപിഐ എം എന്നും അഴിയൂരില്‍ തൊട്ടുമുമ്പ് സിപിഐ എം ഒറ്റയ്ക്കാണ് ഭരിച്ചിരുന്നതെന്നും അതുകൊണ്ട് മുന്നണി ധാരണയ്ക്ക് വഴങ്ങേണ്ടതില്ലെന്നും വികാരപരമായ വാദമുയര്‍ത്തി. ജനതാദളിന്റെ കാല്‍ക്കീഴില്‍ പാര്‍ടിയെ നേതൃത്വം കാഴ്ചവയ്ക്കുന്നു എന്നായിരുന്നു പ്രചാരണം. മുന്നണി ധാരണയെ മാനിച്ച് പാര്‍ടിക്ക് മുന്നോട്ടുപോകേണ്ടിവന്നപ്പോള്‍ "വിമതര്‍" മറ്റൊരു പാര്‍ടിയാകാനുള്ള തീരുമാനമെടുത്തു. പ്രാദേശികവികാരവും ജനതാദള്‍ വിരോധവും നന്നായി ചെലവാക്കിയപ്പോള്‍ ആര്‍എംപിക്ക് കുറെപ്പേരുടെ പിന്തുണ കിട്ടി. ഏതു ജനതാദളിനെതിരെയാണോ കലാപാഹ്വാനം മുഴക്കിയത്, അതേ പാര്‍ടിയുടെ കാല്‍ക്കീഴില്‍ ആര്‍എംപി സാഷ്ടാംഗം നമസ്കരിക്കുന്നത് പിന്നത്തെ കാഴ്ച.

ആദര്‍ശത്തിന്റെയോ സൈദ്ധാന്തികഭിന്നതയുടെയോ പുറത്തല്ല, കേവലം രണ്ടരവര്‍ഷത്തേക്കുള്ള ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലിയാണ് ഒഞ്ചിയത്തെ "യഥാര്‍ഥ വിപ്ലവ പാര്‍ടി" രൂപംകൊണ്ടതെന്നര്‍ഥം. രാഷ്ട്രീയ ന്യായീകരണം കണ്ടെത്താന്‍ നിരവധി ശ്രമം നടന്നെങ്കിലും ആര്‍എംപിയുടെ അസ്തിത്വത്തില്‍ സിപിഐ എം വിരോധത്തിന്റേതല്ലാത്ത ഒരു രാഷ്ട്രീയവും ഇന്നും കാണാനില്ല. ആര്‍എംപി ഇല്ലാതായാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് തിരികെപ്പോകുമെന്നാണ് ഞാറ്റോത്തും താഴേക്കുനി വാസു പറയുന്നത്. അതുതന്നെയാണ് ഇന്ന് ആര്‍എംപിക്കുവേണ്ടി കൊടിയും വടിയും വാളുമേന്തുന്ന ഓരോരുത്തരുടെയും ഉള്ളിലിരിപ്പ്. നാളെ അവരെ ആര്‍എസ്എസ് ശാഖയിലോ മുല്ലപ്പള്ളിയുടെ താവളത്തിലോ എന്‍ഡിഎഫ് കൂടാരത്തിലോ കണ്ടേക്കാം. തൊഴിലില്ലാത്ത നൂറോ അതിലധികമോ പേരെ ആര്‍എംപി തീറ്റിപ്പോറ്റുന്നു. അവര്‍ സദാ സന്നദ്ധരാണ്. ഒരു കൂട്ട എസ്എംഎസ് കിട്ടിയാല്‍ നിമിഷവേഗത്തില്‍ എവിടെയും പാഞ്ഞെത്തും. അതിനവര്‍ക്ക് ബൈക്കുകളുണ്ട്. എന്താണ് വരുമാനമെന്ന ചോദ്യം അപ്രസക്തം. അവരെ വേണ്ടരീതിയില്‍ തീറ്റിപ്പോറ്റാനുള്ള ഫണ്ട് "നിര്‍ഭയ കമ്യൂണിസ്റ്റ്" പാര്‍ടിക്കുണ്ട്. കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് പൊലീസിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ പാരമ്പര്യവും പണവും പറ്റാന്‍ അവര്‍ക്ക് ആദര്‍ശത്തിന്റെ വിലക്കുകളില്ല. വലതുപക്ഷ മാധ്യമങ്ങളുടെ തണലില്‍ ഇടതുപക്ഷത്തിന്റെ വേഷമിട്ട വഞ്ചകരെയും വര്‍ഗീയശക്തികളെയും മാര്‍ക്സിസ്റ്റിതരരായ എല്ലാവരെയും കൂട്ടിയിണക്കുന്ന ഏജന്‍സിയാകാന്‍ കഴിഞ്ഞതിനാലാണ്, ആര്‍എംപിക്ക് പുറമേക്കുള്ള പ്രമാണിത്തം കൈവന്നത്. മുസ്ലിം ലീഗിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും തോളില്‍ കൈയിട്ട് മാര്‍ക്സിസ്റ്റ് പ്രഭാഷണം നടത്തിയവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ദൗത്യം നിറവേറ്റി. യുഡിഎഫിന് അപ്രതീക്ഷിത നേട്ടങ്ങളുണ്ടായി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ചിത്രം കീഴ്മേല്‍മറിഞ്ഞു. വടകര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗംഭീര വിജയം നേടി. ആര്‍എംപിയുടെ മോസ്കോ എന്ന് അവര്‍തന്നെ വിശേഷിപ്പിച്ച അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല എന്നീ പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കി. കൂടുതലാളുകള്‍ സത്യം തിരിച്ചറിഞ്ഞ് സിപിഐ എമ്മിനൊപ്പം നിന്നു. "ആര്‍എംപി ബാധിത മേഖല" തിരിച്ചുവരവിന്റെ പാതയിലായി. ഒരിക്കല്‍ തെറ്റിനടിപ്പെടുന്നവര്‍ എക്കാലത്തേക്കുമുള്ള ശത്രുക്കളല്ല എന്ന ഉയര്‍ന്ന ബോധം അവരെ തിരുത്തി തിരിച്ചുകൊണ്ടുവരാനുള്ള ക്രിയാത്മക ശ്രമങ്ങളായി. തെറ്റിദ്ധരിച്ച് പോയവര്‍ക്കും തെറ്റ് തിരുത്താന്‍ തയ്യാറുള്ളവര്‍ക്കും മുന്നില്‍ സിപിഐ എം വാതിലുകള്‍ തുറന്നിട്ടു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. ആര്‍എംപിയിലെ ചിലരെല്ലാം തിരിച്ചുവരാന്‍ തയ്യാറായി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഏതോ ചില അദൃശ്യശക്തികള്‍ ആ ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു.

ഫലത്തില്‍ ഭരണകൂട സംവിധാനങ്ങളുടെയാകെ സഹായമുണ്ടായിട്ടും സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ വലതുപക്ഷ രാഷ്ട്രീയശക്തികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് ആ ഘട്ടത്തില്‍ ഉരുത്തിരിഞ്ഞത്. ആര്‍എംപി- വലതുപക്ഷ കൂട്ടുകെട്ട് നിഷ്പ്രഭമായി. വിമതവേഷക്കാരുടെ പ്രസക്തി നഷ്ടപ്പെട്ടു. അത്തരമൊരു ഘട്ടത്തിലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. സകലരെയും അമ്പരപ്പിച്ച ആ കൊലപാതകം സിപിഐ എം വേട്ടയ്ക്കുള്ള ആയുധമാക്കി നിമിഷവേഗത്തില്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്. മുന്‍വിധികളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും സിപിഐ എമ്മിനുനേരെ. മാര്‍ക്സിസ്റ്റ് വിരോധികളുടെ തമ്പുകളില്‍ ജന്മമെടുക്കുന്ന കഥകളും ഭാവനയും "തെളിവുകളായി" അവതരിപ്പിക്കപ്പെട്ടു. എന്തിന് സിപിഐ എം അങ്ങനെ ചെയ്യണം എന്ന വലിയ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഏതുമരണവും ദുഃഖകരമാണ്. തലേന്നുവരെ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒഞ്ചിയത്തുകാര്‍ക്കുണ്ടായ ദുഃഖം ചെറുതല്ല. അതിനെ സിപിഐ എമ്മിനോടുള്ള ശത്രുതയായി മാറ്റിയെടുക്കാനാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യം ആവേശപൂര്‍വം ശ്രമിച്ചത്. അതിനായി അതിവിചിത്ര വഴികളിലൂടെ അവര്‍ സഞ്ചരിച്ചു. (അവസാനിക്കുന്നില്ല)
- See more at: http://deshabhimani.com/newscontent.php?id=288289#sthash.oEqc9HQn.dpuf

Wednesday, October 21, 2009

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

മൂന്നു മണ്ഡലങ്ങളിലെയും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫ് കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് പിഎന്‍ സീനുലാല്‍, ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദ് എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് ലിസ്റ്റില്‍ യഥാക്രമം എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക്ക് പ്രസന്റേഷന്‍, എ എ ഷുക്കൂര്‍ എന്നിവരാണ്. മൂന്നിടത്തും എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വന്‍ഷനുകള്‍ അഭുതപൂര്‍വ ജനമുന്നേറ്റത്തിന് വേദിയായി. കണ്ണൂരിലും ആലപ്പുഴയിലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എറണാകുളത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ എത്തി എന്നതാണ് മൂന്നു കണ്‍വന്‍ഷനുകളിലും കണ്ട പ്രധാന പ്രത്യേകത. ഇത് സമീപനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വരുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. ഇരുപതില്‍ പതിനാറുസീറ്റിലും യുഡിഎഫിന് ജയിക്കാനായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ കേരളത്തിന്റെ മനസ്സ്.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പുകളുടേതുമായിരുന്നു. എണ്ണൂറ്റമ്പത് ഹൈസ്കൂളുകളിലാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുനടന്നത്. അതില്‍ 703ല്‍ എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയ്ക്കുകീഴില്‍ ആകെ 49 കോളേജുകള്‍. അതില്‍ 39ല്‍ എസ്എഫ്ഐ. എണ്‍പത് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനമുള്ളതില്‍ അറുപതും എസ്എഫ്ഐക്ക്.

എംജി സര്‍വകലാശാലയില്‍ ആകെ കോളേജ്-87. എസ്എഫ്ഐ ജയം 78ല്‍. 127 കൌണ്‍സിലര്‍മാരുള്ളതില്‍ 109ഉം എസ്എഫ്ഐക്ക്. കലിക്കറ്റില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌണ്‍സിലര്‍ സ്ഥാനവും നേടിയ എസ്എഫ്ഐ കണ്ണൂരില്‍ 33 കോളേജുകളും(ആകെ 41) 47 കൌണ്‍സിലര്‍ സ്ഥാനങ്ങളും(ആകെ 58) കരസ്ഥമാക്കി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ആകെയുള്ള ഒന്‍പതുകോളേജുകളില്‍ ഒരിടത്തേ എസ്എഫ്ഐക്ക് ജയിക്കാന്‍ കഴിയാതിരുന്നുള്ളൂ. സംസ്ഥാനത്തെ 46 പോളി ടെക്നിക്കുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 39ലും എസ്എഫ്ഐ വിജയപതാക പറപ്പിച്ചു.

ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി, സമീപകാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വലതുപക്ഷം ഏറ്റെടുത്തതുമായ അനവധി വിവാദങ്ങള്‍, ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെടുന്നു എന്ന വിലാപം-ഇവയെല്ലാം സൃഷ്ടിച്ച സവിശേഷമായ അന്തരീക്ഷം കേരളം ഒരു തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സഹായകമായി. വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ ഇടതുപക്ഷ മനസ്സ് ക്ഷയിക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുകയും ചെയ്തു. കേരളത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നവര്‍ക്ക് തീര്‍ച്ചയായും ആഹ്ളാദം നല്‍കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും വിവാദവേലിയേറ്റമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ-മാധ്യമ സഖ്യത്തിന് കഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷമുന്നണിയെ അട്ടിമറിച്ച് നായനാര്‍ സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ആന്റണി പ്രഖ്യാപിച്ചത്, സിപിഐ എമ്മിന് നൂറുവര്‍ഷത്തേക്ക് കേരളംഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു.(ആ അതിമോഹം 87ല്‍ തകര്‍ന്നു. പിന്നെ 96ല്‍, 2006ല്‍) പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസില്‍നിന്ന് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകളുണ്ടായി. സാധാരണ നിലയില്‍ ഇത്തരം കൂട്ടായ ആക്രമണത്തെ പരാജയപ്പെടുത്തുക ക്ഷിപ്ര സാധ്യമല്ല. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രചാരണ സംവിധാനങ്ങളും കയ്യാളുന്നത് ഇടതുപക്ഷ വിരോധത്തിന്റെയും മൂലധന താല്‍പര്യത്തിന്റെയും ഉടമകളാണ്.അവരുടെ അരിപ്പകള്‍ കടന്ന്ഇടതുപക്ഷത്തിനനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ബഹുജനങ്ങളിലെത്തുന്നത് അനിതരസാധാരണമായ പ്രയത്നത്തിന്റെ ഫലമായി മാത്രമാണ്.

സിപിഐ എമ്മിനെതിരെ കേരളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം പത്രങ്ങളും ആഞ്ഞടിക്കുമ്പോള്‍ മധ്യമാര്‍ഗം സ്വീകരിക്കാന്‍ ഒന്നോരണ്ടോ എണ്ണമേയുള്ളൂ. പാര്‍ട്ടിനയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യാക്രമണവും പ്രതിരോധവുംസംഘടിപ്പിക്കാന്‍ ദേശാഭിമാനിയേ ഉള്ളൂ. പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം വലതുപക്ഷ ആശയങ്ങളുടെയും ഇടതുപക്ഷ വിരോധത്തിന്റെയും പ്രചാരണം ഏറ്റെടുക്കുമ്പോള്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കൈരളി-പീപ്പിള്‍ ചാനലുകളേ ഉള്ളൂ. വലതുപക്ഷ ആശയങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ മനസ്സ് തകരുകയാണെന്ന കണക്കുകൂട്ടലുണ്ടാവുക സ്വാഭാവികമാണ്. സംശുദ്ധമായ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും നയിക്കുന്ന ബഹുജനനേതാക്കളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാത്രം അഴിമതിക്കാരും സമ്പന്ന പക്ഷപാതികളും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചതിലൂടെ സിപിഐ എമ്മില്‍നിന്ന് ബഹുജനങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു എന്നാണവര്‍ വിശ്വസിച്ചത്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നു; ജനങ്ങള്‍ വേറെ-പാര്‍ട്ടി വേറെ; സംഘടനാ സംവിധാനം തകര്‍ന്നു; നേതൃത്വം അപ്രസക്തമായി; പോരാട്ടങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു;ഇനി ചെങ്ങറമോഡല്‍ കടന്നുകയറ്റങ്ങളേ വാഴൂ-ഇത്തരം 'കണ്ടെത്ത'ലുകളാണ് മുഴങ്ങിക്കൊണ്ടിരുന്നത്. ഇവയ്ക്കുള്ള മറുപടികള്‍ ജനങ്ങളിലെത്തുന്നില്ല-എത്തിയാലും ജനമനസ്സുകളെ സ്വാധീനിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് കേരളത്തിലെ വലതുപക്ഷം അഭിരമിച്ചത്. ആ വിശ്വാസം തകര്‍ത്തത് സംസ്ഥാനത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലാണ്. അതിനുംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനേററ താല്‍കാലിക തിരിച്ചടി മാത്രമാണെനും ജനങ്ങള്‍ മുന്നണിയോടൊപ്പം തന്നെയാണെന്നും അത് ചൂണ്ടിക്കാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചവര്‍ കുറവാണ്. അതുംകഴിഞ്ഞ് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളാകട്ടെ മാധ്യമങ്ങള്‍ ഗൌനിച്ചുമില്ല. അല്ലെങ്കിലും അക്രമകഥകളില്‍ വില്ലന്‍സ്ഥാനത്തുനിര്‍ത്താന്‍ മാത്രമാണല്ലോ അവര്‍ക്ക് എസ്എഫ്ഐ.

ഇപ്പോഴിതാ ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു തെളിവുകൂടി-കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മനുഷ്യച്ചങ്ങല. വലതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ അവഗണനയും അവജ്ഞയും കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് പറിച്ചുമാറ്റാനാവില്ല എന്നാണ് മനുഷ്യച്ചങ്ങല തെളിയിച്ചതെന്ന് പറയുന്നത് അപൂര്‍ണ്ണമാകും. എല്ലാപ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ബഹുജന പ്രവാഹമാണുണ്ടായത്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ചിന്തിക്കാന്‍ കഴിയാത്തതാണത്. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനം, ബഹുജന സ്വാധീനം, സമര സംഘാടനം-ഒന്നിനും ഒരുകോട്ടവുമുണ്ടായിട്ടില്ലെന്നുമാത്രമല്ല, എന്നത്തെയുംകാള്‍ ഉയരത്തിലാണ് അവയെന്ന് ആ ജനപ്രവാഹം വിളിച്ചോതി.

അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കാണ് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവുമെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത്തരം പ്രക്ഷോഭങ്ങള്‍ അതിന്റെ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് കഴിയുക എന്നതും. ആസിയാന്‍ കരാറിന്റെ കെടുതിയെക്കുറിച്ച് സിപിഐ എം നടത്തിയ പ്രചാരണം ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മനുഷ്യച്ചങ്ങലയെ അതിന്റെ പ്രചാരണ ഘട്ടത്തില്‍ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്ത മാധ്യമങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ആ മഹാസംഭവം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുതുറക്കാതെ നിര്‍വാഹമില്ലെന്നു വന്നു. ചങ്ങല പൊട്ടുന്നതെവിടെയെന്ന് നോക്കി അതിവേഗത്തില്‍ ക്യാമറയുമായി ദേശീയപാതയിലൂടെ പാഞ്ഞുപോയവര്‍ക്ക്, ചങ്ങലയല്ല മനുഷ്യക്കോട്ടതന്നെയാണ് കാണാനായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു എന്നും പതിനായിരങ്ങള്‍ അണിചേര്‍ന്നു എന്നുമെല്ലാം പറഞ്ഞും എഴുതിയും മനുഷ്യച്ചങ്ങലയെ ചെറുതാക്കാനുള്ള അപഹാസ്യ ശ്രമം പോലുമുണ്ടായി. എണ്ണൂറുകിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യര്‍ കൈകോര്‍ത്തുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ വേണ്ടിവരുമെന്ന ലളിതമായ കണക്കിനുമുന്നില്‍ അവരുടെ 'ആയിരവും' 'പതിനായിരവും' പരിഹാസ്യമായി.

ഗത്യന്തരമില്ലാതെ മനുഷ്യച്ചങ്ങലയുടെ വാര്‍ത്തയും ചിത്രവുംനല്‍കേണ്ടിവന്ന ചാനലുകളും പത്രങ്ങളും ശ്രദ്ധിച്ചാല്‍, ആ സമരത്തില്‍ സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വമായി പങ്കെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. വന്‍തോതില്‍ പങ്കെടുത്തത് പുതിയ തലമുറയാണ്-യുവജനങ്ങളാണ്. അതിനര്‍ത്ഥം കേരളത്തിന്റെ യുവതലമുറ ഹൃദയപൂര്‍വം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നു എന്നാണ്. നടേ സൂചിപ്പിച്ച കലാലയങ്ങളിലെ എസ്എഫ്ഐ ആധിപത്യവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകരുകയാണ് എന്ന വ്യക്തമായ സന്ദേശംകൂടി ഇതില്‍നിന്നൊക്കെ വായിച്ചെടുക്കാവുന്നതുമാണ്. അത് വ്യക്തമായി അറിയാവുന്നത് സിപിഐഎമ്മിന്റെ തകര്‍ച്ച കാണാനായി നോമ്പുനോറ്റിരിക്കുന്നവര്‍ക്കുതന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ വിഭാഗീയത എന്ന തുറുപ്പുഗുലാന്‍ ഇറക്കികകളിക്കാനുള്ള അവസരം ഇന്നില്ല. അങ്ങനെയൊരു ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനടന്ന വിഭാഗീയതയെക്കുറിച്ച് എന്തുതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ പുതിയ ചില ചേരുവകളും കൂട്ടുകളുമായി രംഗത്തിറങ്ങാന്‍ തയാറാവുകയാണവര്‍. പറഞ്ഞുപഴകിയതും പരിഹരിക്കപ്പെട്ടതുമായ കാര്യങ്ങള്‍പോലും പുതിയതെന്നമട്ടില്‍ അപഹാസ്യമാംവിധം എഴുന്നള്ളിക്കുന്നത് അത്തരമൊരു വിഭ്രമത്തില്‍നിന്നാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന പ്രസ്ഥാനത്തെ ഏതാനും നുണകളുടെ ബലത്തില്‍ തകര്‍ത്തുകളയാമെന്ന വ്യാമോഹം അത്തരക്കാര്‍ അവസാനിപ്പിച്ചിട്ടിലെന്നര്‍ത്ഥം. ഏതാനും കുബുദ്ധികളുടെ മനസ്സിനെ സുഖിപ്പിക്കുക എന്നതിലപ്പുറമുള്ള ഒരു ദൌത്യവും ഇത്തരം നുണകള്‍ക്ക് ഇനി നിര്‍വഹിക്കാനില്ല. വിഭാഗീയതയേയോ എതിരാളികളുടെ കുതന്ത്രങ്ങളെയോ വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും തയാറാവില്ലെന്നും അത്തരം കുതന്ത്രങ്ങളുമായി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെ കൊടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷമനസ്സിന്റെ തീരുമാനമെന്നുമാണ് ജനലക്ഷങ്ങള്‍ കണ്ണിചേര്‍ന്ന മനുഷ്യച്ചങ്ങല തെളിയിച്ചത്. ഒറ്റക്കെട്ടായി, ഒരു മനസ്സായി മുന്നേറുന്ന കമ്മ്യുണിസ്ററുകാരെ, ഇടതുപക്ഷത്തെ തളര്‍ത്താനോ തച്ചമര്‍ത്താനോ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിന്റെ ചരിത്രം തെളിയിച്ച വസ്തുതയാണത്. അകന്നുപോയവരെയടക്കം അടുപ്പിക്കാനും ഒരിക്കലും അടുത്തിട്ടില്ലാത്തവരെ അണിനിരത്താനും കഴിഞ്ഞ ഒന്നായിരുന്നു മനുഷ്യച്ചങ്ങലയെങ്കില്‍, ആ പ്രക്രിയ ഇനിയും ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടാവുക. ഇടതുപക്ഷമാണ് ജനങ്ങളുടെ, കേരളത്തിന്റെ ഹൃദയപക്ഷം എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന അനുഭവമാണ് തെളിഞ്ഞുവരാനുള്ളത്.

Sunday, July 26, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം

ആദ്യ ഭാഗം ഇവിടെ

ചോദ്യങ്ങള്‍ സാങ്കല്‍പ്പികം

മൂന്ന്:

ഗ്ളോബല്‍ ടെന്‍ഡര്‍ വയ്ക്കാതെ ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതാണ് ഈ കരാറില്‍ നഷ്ടം വരാന്‍ കാരണമായതെന്നാണ് നീലകണ്ഠനും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും ഇത്രയുംകാലം പറഞ്ഞുനടന്നത്. യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതെന്ന് സിബിഐപോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ച അവസരത്തിലാണ് അതിന്റെ കള്ളി പൂര്‍ണമായി പൊളിഞ്ഞത്. ഇപ്പോള്‍ പറയുന്നത് കനഡയില്‍ ടെന്‍ഡര്‍ വയ്ക്കാമായിരുന്നില്ലേ എന്നാണ്. ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കി സാധനസാമഗ്രികള്‍ ലാവ്ലിന്‍ വാങ്ങി സപ്ളൈ ചെയ്യണമെന്ന് യുഡിഎഫ് കാലത്ത് കരാറുണ്ടാക്കിയാല്‍ പിന്നീട് എന്തു ടെന്‍ഡറാണ് വിളിക്കേണ്ടത്. സാധനസാമഗ്രികള്‍ വാങ്ങിക്കാന്‍ വേണ്ടിവരുന്ന സമയം ലാഭിക്കാന്‍ കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കാന്‍ ലാവ്ലിന് അനുവാദം കൊടുത്തത് സിബിഐ കുറ്റവിമുക്തനാക്കിയ രാജഗോപാല്‍ കെഎസ്ഇബി ചെയര്‍മാനായ കാലത്താണ്. കരാര്‍ പൂര്‍ത്തീകരിക്കേണ്ടതിലേക്കായും സമയം ലാഭിക്കുന്നതിനുവേണ്ടിയും കെഎസ്ഇബി നടപ്പാക്കിയ ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന് എന്ത് ഉത്തരവാദിത്തവും ബാധ്യതയുമാണ് നീലകണ്ഠന്‍ കല്‍പ്പിക്കുന്നത്? "ഇടനിലക്കാരനെ'' ചുമതലപ്പെടുത്തിയ ആന്റണി സര്‍ക്കാരും കാര്‍ത്തികേയനും ചെയ്യാത്ത എന്തു കുറ്റമാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ബാധ്യതകളുടെ പേരില്‍ ചെയ്തതെന്നും നീലകണ്ഠന്‍ നിഷ്പക്ഷമായി വിലയിരുത്തേണ്ടതായിരുന്നു. ഒരേ നടപടിക്രമം പാലിക്കപ്പെട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണപദ്ധതികളില്‍ അസ്വാഭാവികത കണ്ടെത്തിയ യുഡിഎഫ് അവര്‍തന്നെ പൂര്‍ത്തീകരിച്ച കുറ്റ്യാടിപദ്ധതിയില്‍ അസ്വാഭാവികത കാണാതെ പോയതു സംബന്ധിച്ച വിമര്‍ശം ഇപ്പോഴല്ല മുമ്പും സിപിഐ എം ഉന്നയിച്ചിരുന്നു. അതുതന്നെയാണ് ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കിയതാണെന്ന് സ്ഥാപിക്കുന്നതിനുള്ള വലിയ കാരണവും.

നാല്:

മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ യന്ത്രസാമഗ്രികളും 1996 ഫെബ്രുവരി 24ലെ കരാറില്‍ വിശദമായി ചേര്‍ത്തിരുന്നു. ഇതിന്റെ 1995ല്‍ നിലവിലുള്ള വിലയും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിലയില്‍ വര്‍ധനയില്ലാതെ (ലാവ്ലിന്റെ റിസ്കില്‍) സപ്ളൈ നടത്തണമെന്നാണ് കെഎസ്ഇബി തീരുമാനിച്ചത്. ഇത് ബോര്‍ഡ് രേഖകള്‍ (സിബിഐ സമര്‍പ്പിച്ചത്) പരിശോധിച്ചാല്‍ വ്യക്തമാകും. യന്ത്രസാമഗ്രികള്‍ സപ്ളൈചെയ്തത് 2000നു ശേഷമാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 1995ലെ നിലവാരപ്രകാരം വില വര്‍ധനയില്ലാതെ സാധനങ്ങള്‍ സപ്ളൈചെയ്യാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ച ഘടകം നീലകണ്ഠനു ബോധ്യപ്പെടാന്‍ പ്രയാസമാകും. വിശേഷബുദ്ധിയുള്ളവര്‍ക്ക് പ്രയാസമില്ല. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ യന്ത്രസാമഗ്രികളുടെ വിലനിലവാരം അന്താരാഷ്ട്രവിലകളുമായി പൊരുത്തപ്പെടാവുന്നതാണെന്നാണ് പറഞ്ഞത്. സുബൈദാ കമ്മിറ്റിയാകട്ടെ ഈ നവീകരണകരാറുകളിലെയും താരതമ്യംചെയ്ത മറ്റു കരാറുകളിലെയും പ്രവൃത്തികളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായതിനാല്‍ (നേര്യമംഗലം, ശബരിഗിരി) അവ തമ്മില്‍ പ്രായോഗികമായ താരതമ്യം ശരിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം ആരും പൂഴ്ത്തിവച്ചിട്ടില്ല.

അഞ്ച്:

നീലകണ്ഠന്‍തന്നെ പറയുന്നുണ്ട്. 'ലാവലിന്‍ ഇട്ട വിലയനുസരിച്ച് നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്ഫോര്‍മര്‍, സ്വിച്ച്ഗിയര്‍, കേബിള്‍മുതലായവ) ഇന്ത്യയില്‍നിന്ന് ബോര്‍ഡ് നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്?' എന്ന്. പലിശക്കാര്യത്തില്‍ ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ: 'എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കനേഡിയന്‍ ഹൈകമീഷണര്‍ കേരളത്തില്‍ വന്നിരുന്നു. അതിനുശേഷമാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടത്. അന്നത്തെ വ്യവസ്ഥപ്രകാരം ധാരണപത്രം ഒപ്പിട്ടാല്‍ സാമ്പത്തികപാക്കേജായാണ് നടപ്പാക്കേണ്ടത്. കസള്‍ട്ടന്റായി നിയമിക്കപ്പെട്ട ലാവ്ലിന് ഉപകരണ വിതരണക്കരാര്‍ നല്‍കേണ്ടിവരും.'' വിവിധ തലങ്ങളില്‍ നടന്ന പഠനത്തിനും ചര്‍ച്ചയ്ക്കുംശേഷമാണ് തീരുമാനമെടുത്തതെന്നും അന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കുറ്റ്യാടി വിപുലീകരണപദ്ധതിക്ക് ലാവ്ലിനുമായി ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഉപകരണ വിതരണക്കരാര്‍ നല്‍കിയത്. കാര്‍ത്തികേയന്റെ കാലത്ത് കരാറുകളും അതിന്മേല്‍ എല്‍ഡിഎഫ് കാലത്ത് വരുത്തിയ വ്യത്യാസവും പരിഗണിച്ചാല്‍ 30 കോടിയിലധികം രൂപയുടെ കുറവ് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറുകളില്‍ വരുത്തിയിട്ടുണ്ടെന്നു വ്യക്തമാകും. 181 കോടി രൂപയുടെ കരാര്‍ 149 കോടി രൂപയുടെ കരാറായി ചുരുങ്ങിയത് എല്‍ഡിഎഫ് വരുത്തിയ കുറവല്ലെന്ന് നീലകണ്ഠന് പറയാമോ. ലാവ്ലിന് കസള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത് അനാവശ്യമല്ലേ എന്നു ചോദിക്കുന്ന നീലകണ്ഠന്‍ 24 കോടി രൂപ കസള്‍ട്ടന്‍സി ഫീസ് കൊടുക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. (ഇക്കാര്യത്തിലെല്ലാം യുഡിഎഫ് ശരിയും എല്‍ഡിഎഫും തെറ്റും എന്നാണല്ലോ അദ്ദേഹത്തിന്റെ കണ്ടെത്തല്‍- പഴയ കോഗ്രസുകാരന്റെ കൂറ്!). വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പ ലഭ്യമാക്കുമെന്നതാണ് മറ്റൊരു കണ്ടെത്തല്‍. വായ്പയുടെ പലിശയും മറ്റു ചെലവുകളും കണക്കിലെടുക്കുമ്പോള്‍ വിദേശ വായ്പയേക്കാള്‍ ഒട്ടുംതന്നെ പി എഫ്സി വായ്പ ലാഭകരമാകുന്നില്ലെന്നതാണ് വസ്തുത. കൂടാതെ, സിബിഐതന്നെ ഹാജരാക്കിയ പിഎഫ്സിയുടെ അക്കാലത്തെ വായ്പാ നിബന്ധനകള്‍പ്രകാരം വായ്പാ കാലപരിധിക്കകത്ത് കെഎസ്ഇബി ഒരു നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കണമെന്നും നഷ്ടമുണ്ടായാല്‍ അത് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി കൊടുത്ത് നികത്തണമെന്നും പറയുന്നു. അക്കാലത്തെ കെഎസ്ഇബിയുടെ വാര്‍ഷിക നഷ്ടം ഈ പദ്ധതിക്ക് ചെലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്നതാണെന്ന വസ്തുത നീലകണ്ഠന്‍ മനസ്സിലാക്കിക്കാണില്ല. പദ്ധതിച്ചെലവിനുപോലും പണമില്ലാതെ വിഷമിക്കുന്ന കെഎസ്ഇബിക്ക് അക്കാലത്ത് നഷ്ടംകൂടാതെ പ്രവര്‍ത്തിക്കണമെന്ന നിബന്ധന പാലിച്ച് പിഎഫ്സി വായ്പ എടുക്കാന്‍ ആകുമായിരുന്നോ. ഇഡിസി വായ്പയില്‍ സാമ്രാജ്യത്വ അജന്‍ഡ കടന്നുവരുന്ന ഏതെങ്കിലും കാണാച്ചരടുകള്‍ നീലകണ്ഠന്‍ ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം.

ആറ്:

സിപിഐ എം കേന്ദ്ര കമ്മിറ്റി രേഖയില്‍ ബാലാനന്ദന്‍ കമ്മിറ്റി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു. രേഖ ദയവായി ദേശാഭിമാനിയില്‍ വായിക്കുക.

ഏഴ്:

ഇത് ഉല്‍പ്പാദനശേഷി കൂട്ടാനുള്ള പദ്ധതി ആയിരുന്നില്ലെന്നും ശേഷി കൂട്ടിയാലും ലഭ്യമായ വെള്ളത്തിനനുസരിച്ചേ വൈദ്യുതോല്‍പ്പാദനം നടത്താനാകൂ എന്നും പണ്ഡിതന് അറിയില്ലേ? റെനവേഷന്‍ ആന്‍ഡ് മോഡെണൈസേഷന്‍ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞാല്‍ അതിനര്‍ഥം നവീകരണവും ആധുനികവല്‍ക്കരണവുമാണ് എന്ന് മനസ്സിലാകാഞ്ഞിട്ടോ അങ്ങനെ ഭാവിച്ചിട്ടോ സംശയം? മുഴുവന്‍ യന്ത്രസാമഗ്രികളും മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന വിചിത്രവാദക്കാര്‍ ഇപ്പോള്‍ ലാവ്ലിന്‍ പന്നിയാറിലെ പെന്‍സ്റോക്കുകൂടി മാറ്റേണ്ടതായിരുന്നു എന്ന അഭിപ്രായത്തില്‍ എത്തിയിരിക്കുന്നു. ഈ മൂന്നു പദ്ധതിയിലെയും ഇനിയും മാറ്റിസ്ഥാപിക്കേണ്ടവയുടെ ലിസ്റ് നീലകണ്ഠന്‍ ഉടന്‍ മാതൃഭൂമിയിലൂടെ ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏല്‍പ്പിക്കാത്ത പണി ലാവലിന്‍ ചെയ്തില്ലെന്ന് വിലപിക്കുന്നതും ഉല്‍പ്പാദനശേഷി വര്‍ധിക്കുമെന്ന് ആരും പറയാത്ത കാര്യത്തിനുള്ള പ്രതികരണവും എവിടെയാണ് നീലകണ്ഠന്റെ ബുദ്ധിയെ കൊണ്ടെത്തിക്കുന്നത്?

എട്ട്:

മന്ത്രിസഭയില്‍ ഒരു ഫയല്‍ ചെല്ലുമ്പോള്‍ 3000 പേജും ചുമന്നല്ല, പ്രസക്തമായ കാര്യങ്ങള്‍ കുറിപ്പാക്കിയാണ് കൊണ്ടുപോവുക എന്നും അനുബന്ധമായി എല്ലാ വശങ്ങളും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും എന്നും നീലകണ്ഠന് അറിവുണ്ടാകില്ല. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് ആ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ പറയുന്നു, എല്ലാ വശങ്ങളും പരിശോധിച്ചാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന്. (ശിവദാസമേനോന്‍ ഒരിക്കലും ഈ കരാറിനെ എതിര്‍ത്തിട്ടില്ല. മറിച്ചുള്ള നീലകണ്ഠന്റെ പരാമര്‍ശം പച്ചക്കള്ളമാണ്). സിബിഐ രേഖപ്പെടുത്തിയ മൊഴികളനുസരിച്ചാണ് നീലകണ്ഠന്‍ നിഗമനങ്ങളിലെത്തുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പേര് ടി പി നന്ദകുമാര്‍ എന്നാക്കാവുന്നതാണ്. വരദാചാരിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയതാണല്ലോ.

ഒമ്പത്:

പിണറായി എന്നല്ല ആരെങ്കിലും പണം വാങ്ങിതായി തെളിവില്ല; അത്തരമൊന്നും സിബിഐയോ വിജിലന്‍സോ കണ്ടെത്തിയിട്ടുമില്ല.

സാങ്കല്‍പ്പികചോദ്യങ്ങളിലൂടെ നീലകണ്ഠന്‍ ചെയ്യുന്നതാണ് തെറ്റിദ്ധരിപ്പിക്കല്‍. കാര്‍ത്തികേയനില്‍ തുടങ്ങി കടവൂരില്‍ അവസാനിച്ച കരാര്‍ നടത്തിപ്പില്‍ കേവലം രണ്ടുവര്‍ഷവും അഞ്ചുമാസവും (1996 മെയ്മുതല്‍ 1998 ഒക്ടോബര്‍വരെ) മന്ത്രിയായിരുന്ന പിണറായി വിജയന്‍മാത്രം കുറ്റക്കാരനെന്ന് കള്ളം പറഞ്ഞും വ്യാജ ആരോപണങ്ങളിലൂടെയും സമര്‍ഥിക്കാന്‍ നീലകണ്ഠന്‍ പെടാപ്പാടുപെടുന്നതുതന്നെ പിണറായി കമ്യൂണിസ്റ് പാര്‍ടിയുടെ സമുന്നത നേതാവായതുകൊണ്ടാണ്. പാമോലിന്‍, ബ്രഹ്മപുരം അടക്കമുള്ള അഴിമതിക്കേസുകളുമായി ഇതിനെ താരതമ്യം ചെയ്യേണ്ടത് പിണറായി വിജയന്റെ രക്തം കൊതിക്കുന്നവരുടെ ആവശ്യം. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അത്രപെട്ടെന്ന് മാച്ചുകളയാനാകില്ലല്ലോ. ഇല്ലാത്ത ഫയലില്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി നോട്ടെഴുതി എന്ന് ആരോപണമുന്നയിച്ച് അര്‍മാദിക്കുകയും ആ പെരുങ്കള്ളം വ്യാജമൊഴികളിലൂടെ സിബിഐ കുറ്റപത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തത് ഈ കേസ് എങ്ങനെ സൃഷ്ടിച്ചതാണെന്ന് പരിഹാസ്യമാംവിധം തെളിയിച്ചിരിക്കെ അതേക്കുറിച്ച് മൌനിയാകുന്ന നീലകണ്ഠന്‍ സങ്കല്‍പ്പലോകത്തിലൂടെതന്നെ സഞ്ചരിക്കട്ടെ. പിണറായിയും പാര്‍ടിയും ജനാധിപത്യരീതിയിലല്ലാതെ എങ്ങനെയാണ് ഈ കേസില്‍ പ്രതികരിച്ചത്? യുഡിഎഫും കോഗ്രസും രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായിയെ പ്രതിചേര്‍ക്കാന്‍ നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയക്കളിയാണെന്ന് ജനങ്ങളോട് തുറന്നുപറയുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധ മാര്‍ഗമാവുക? പാര്‍ടി സംഘടന ഉപയോഗിച്ച് ഈ കേസില്‍ ആരെയാണ് ശിക്ഷിച്ചത്? അതെങ്ങനെ ഇത്ര തിട്ടമായി നീലകണ്ഠന് പറയാനാകുന്നു? വി എസ് അച്യുതാനന്ദനെ പിബിയില്‍നിന്ന് ഒഴിവാക്കിയതാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അത് പാര്‍ടി സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചതിനാണ്. മന്ത്രിയായിരിക്കെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒരാള്‍ചെയ്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും അതിനാണ് പ്രോസിക്യൂഷന്‍ അനുമതി അടക്കമുള്ള നിബന്ധനകളുള്ളതെന്നും നീലകണ്ഠന്‍ മനസ്സിലാക്കാത്തത് മറ്റുള്ളവരുടെ കുറ്റമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത് മേല്‍പറഞ്ഞ നിയമപരിരക്ഷയ്ക്ക് പിണറായി അര്‍ഹനാണെന്നുള്ളതുകൊണ്ടുതന്നെയാണ്. അത് നിയമവിധേയമാണ്.

പൊക്രാനും കരാറും

പത്ത്:

പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് കരാറിനു പകരം എംഒയു വച്ചതെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. എംഒയു ഒപ്പിട്ടത് 98 ഏപ്രില്‍ 25നും പൊക്രാന്‍ സ്ഫോടനം നടന്നത് അതിനുശേഷം 98 മെയ് 11-13നുമാണ്. എംഒയുവിനു പകരം കരാര്‍ ഒപ്പിടുന്നതിന് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം ലഭ്യമാക്കുന്നതു സംബന്ധിച്ച ധാരണകള്‍ ഉറപ്പിച്ചശേഷമേ സാധ്യമാകൂ എന്നാണ് ലാവ്ലിന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2000 മെയ് മാസത്തിനകം ഇത് സാധിക്കാതെ വന്നത് രാഷ്ട്രീയ സാഹചര്യങ്ങളാലാണ് (പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നുളവായ) എന്നാണ് അവര്‍ അറിയിച്ചത്. പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിട്ട ഉപരോധവും 'ബാലിശ'മാണെന്ന് നീലകണ്ഠന്‍ പറയാത്തത് ഭാഗ്യം. ധാരണപത്രം ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് പലവട്ടം പുതുക്കുകയാണുണ്ടായത്. പിന്നെങ്ങനെ ഓരോവട്ടവും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നെന്ന് ശര്‍മ പറയും? സമനിലതെറ്റിയോ നീലകണ്ഠന്? ലാവ്ലിന്‍ സമര്‍പ്പിച്ച കരടുകരാറിലെ ചില വ്യവസ്ഥകളെ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് എസ് ശര്‍മ ചെയ്തത്. സര്‍ക്കാര്‍നിലപാടിനനുസരിച്ച് കരാര്‍ ഭേദഗതിചെയ്ത് ഒപ്പിടണമെന്നുതന്നെയാണ് ശര്‍മയും ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതി ലാവ്ലിന്‍ സ്വീകരിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ കരാറൊപ്പിട്ടില്ല എന്നതാണ് കാതലായ പ്രശ്നം. യഥാര്‍ഥത്തില്‍ കരാറില്‍ വെള്ളംചേര്‍ക്കലല്ല സംഭവിച്ചത്; അട്ടിമറിയാണ്. അത് ചെയ്തത് കടവൂര്‍ ശിവദാസനും. നീലകണ്ഠന്റെ കണ്ണ് ആ ഭാഗത്തേക്ക് പോകുന്നതേയില്ല.

പന്ത്രണ്ടുകോടി ചെലവാക്കി, ഇനി ഒരു പൈസയും തരാനില്ല എന്നാണ് നീലകണ്ഠന്റെ മറ്റൊരുവാദം. ചെലവാക്കിയ 12 കോടിയിലധികം ലാവ്ലിന്‍ സമാഹരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ അത് എവിടെ പോയി എന്നറിയാനുമാണ് ആര്യാടന്‍ കത്തയച്ച് ചോദിച്ചത്. 12 കോടിയിലധികം ഒന്നുംതന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഹൈകമീഷണര്‍ വ്യക്തമാക്കിയത്. ആര്യാടന്റെ കത്തും ഹൈകമീഷന്റെ മറുപടിയും ചേര്‍ത്തുവച്ച് ഒരിക്കല്‍കൂടി വായിച്ചാല്‍ കാര്യം മനസ്സിലാകും. ധാരണപത്രം കരാറാക്കാനുള്ള ശ്രമം എല്‍ഡിഎഫ് കാലത്ത് തുടര്‍ച്ചയായി നടന്നെന്നും യുഡിഎഫ് വന്നപ്പോള്‍പ്പോലും ധാരണപത്രം നിലവിലുണ്ടായിരുന്നെന്നും ആന്റണിസര്‍ക്കാര്‍ ഒരുതവണ അത് പുതുക്കുകയും ബ്ളഡ് ബാങ്ക് പണിയാനുള്ള പണം ആ സമയത്ത് ലാവ്ലിന്‍ ചെലവാക്കുകയും ചെയ്തെന്നും കരാര്‍ ഒപ്പിടാന്‍ പലകുറി ലാവ്ലിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് കടവൂര്‍ ശിവദാസന്‍ ഏകപക്ഷീയമായാണ് ധാരണപത്രം പുതുക്കാതിരുന്നതെന്നുമുള്ള വസ്തുതകള്‍ എന്തേ നീലകണ്ഠന്‍ മറച്ചുപിടിക്കുന്നു?

പലതവണ ഉത്തരംകിട്ടിയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?

ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്ലിന്‍ തയ്യാറാകുന്നത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ അവര്‍ക്കു നല്‍കിയതിനുള്ള പ്രതിഫലമായിട്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ എംസിസി സംബന്ധിച്ച വ്യവസ്ഥകള്‍ 96 ഫെബ്രുവരി 24ലെ നിര്‍വഹണകരാറില്‍ത്തന്നെ കാര്‍ത്തികേയന്‍ ചേര്‍ക്കുമായിരുന്നു. എന്നാല്‍, പദ്ധതിക്കുള്ള വായ്പ എടുക്കുന്ന സമയത്താണ് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ക്യാന്‍സര്‍സെന്ററിനുള്ള പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കാമെന്ന് ലാവ്ലിന്‍ സമ്മതിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം എംഒയു ഒപ്പിട്ടത്.

പതിനൊന്ന്:

നീലകണ്ഠന്‍ ആദ്യം മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട രേഖകള്‍ വായിക്കണം. പിന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ വായിക്കണം. താങ്കള്‍ പറയുന്നതുപോലെ ടെക്നിക്കാലിയ വന്ന വഴി സംശയകരമാണെങ്കില്‍ സിബിഐയോട് ചോദിക്കണം- എന്തേ നിങ്ങള്‍ ടെക്നിക്കാലിയയെ പ്രതിചേര്‍ത്തില്ല എന്ന്. ടെക്നിക്കാലിയയുടെ ഇടപെടലിലോ ചെയ്ത ജോലിയിലോ സിബിഐ കേസ് കണ്ടെത്തിയിട്ടില്ല. ധനസഹായം സമാഹരിച്ച് സര്‍ക്കാരിനോ ബോര്‍ഡിനോ പണമായി നല്‍കാമെന്ന് ചര്‍ച്ചകളില്‍ ലാവ്ലിനോ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വിദേശസംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശസംഭാവനയില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ ഒരുകോടിയില്‍ താഴെയേ വന്നിട്ടുള്ളൂ എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ലാവ്ലിന്‍ നേരിട്ട് പദ്ധതി നിര്‍വഹിക്കുകയായിരുന്നുവെന്നതിന് കൂടുതലെന്ത് തെളിവുവേണം? ആശുപത്രി അവിടെയുണ്ടെന്നതിനും അത് ഈ പറഞ്ഞത്രയും തുക ചെലവാക്കിയാല്‍മാത്രമേ ഉയര്‍ന്നുവരുമായിരുന്നുള്ളൂ എന്നതിനും തെളിവുവേണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചിത്രം പൂര്‍ണമായേനെ. എവിടെ കാണാച്ചരട്?

പന്ത്രണ്ട്:

ഗ്രാന്റ് തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിപിഐ എം പറയുന്നത് പദ്ധതിനിര്‍വഹണം ലാവ്ലിനെ യുഡിഎഫ് ഏല്‍പ്പിച്ച കാലത്ത് ഒപ്പിട്ട എംഒയു, നിര്‍വഹണകരാര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ലാവ്ലിന് കരാര്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത യുഡിഎഫ് സര്‍ക്കാര്‍കാലത്ത് ആ പദ്ധതിയുടെ ചെലവ് ഇത്തരമൊരു ഗ്രാന്റുകൂടി ചേര്‍ത്താണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ നീലകണ്ഠന്റെ കൈവശമുണ്ടോ? അതിനെല്ലാംശേഷം വിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ട് പരിശോധിപ്പിച്ചത് പിണറായി വിജയന്‍ മന്ത്രിയായകാലത്താണെന്ന വസ്തുത നിഷേധിക്കാനാകുമോ? 2001നു ശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികരാര്‍ ഒപ്പുവച്ച് മുഴുവന്‍ സഹായവും നേടിയെടുത്തിരുന്നെങ്കില്‍ എന്‍എച്ച്പിസി റിപ്പോര്‍ട്ട് നീലകണ്ഠന്‍ സ്വീകരിക്കുമായിരുന്നോ? എങ്കില്‍ കരാര്‍ ഒപ്പിടാതെ, ധാരണപത്രം കാലഹരണപ്പെടുത്തി ആശുപത്രിക്കുള്ള സഹായം നഷ്ടപ്പെടുത്തിയതുമാത്രമല്ലേ ഈ പദ്ധതിനിര്‍വഹണത്തിലെ ഏക പോരായ്മയായി വിലയിരുത്തപ്പെടേണ്ടത്? ഇനി നീലകണ്ഠന്‍ ആരുടെ തടി രക്ഷപ്പെടുത്താന്‍വേണ്ടിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്ന് സ്വയംവിമര്‍ശപരമായി ചിന്തിക്കുമല്ലോ.

പതിമൂന്ന്:

സര്‍ക്കാര്‍ കരാറുകളില്‍ ടെന്‍ഡര്‍വഴി സുതാര്യത ഉറപ്പുവരുത്തി നടപ്പാക്കണമെന്നും സാമ്രാജ്യചരടുകളുള്ള വായ്പകള്‍ കരുതലോടെ മാത്രമേ സ്വീകരിക്കാവൂ എന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. പിണറായി മന്ത്രിയായ രണ്ടരവര്‍ഷവും അതിനുശേഷവും ടെന്‍ഡറില്ലാതെ, സുതാര്യതയില്ലാതെ, സാമ്രാജ്യചരടുകളുള്ള ഒരു വായ്പയും എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ പദ്ധതികളെല്ലാം ലാവ്ലിന് നല്‍കാമെന്ന് സമ്മതിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് അത് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും കാര്‍ത്തികേയന്റെ കാലത്തെ എംഒയു വായിച്ചാല്‍ നീലകണ്ഠന് മനസ്സിലാകും. പദ്ധതിനിര്‍വഹണവും വായ്പാ തിരിച്ചടവും പൂര്‍ത്തിയായല്ലോ. ഇപ്പോള്‍ കെഎസ്ഇബി അങ്ങനെതന്നെ നില്‍ക്കുകയല്ലേ. ഒരു ചരടും അതിനെ വരിഞ്ഞുമുറുക്കിയതായി കാണുന്നില്ലല്ലോ. മനോവിഭ്രാന്തിപൂണ്ട് എഡിബി വായ്പ, ഗൂഢാലോചന, കണ്ണൂര്‍ എന്‍റോ എന്നെല്ലാം പുലമ്പി ചോദ്യപരമ്പര അവസാനിപ്പിച്ചത് ദൌര്‍ഭാഗ്യകരമായി. അതിനെല്ലാം വല്ലവരും നീണ്ടുനിവര്‍ന്ന് ഉത്തരം പറഞ്ഞാല്‍ നീലകണ്ഠന്റെ മറ്റു പല കേസും പൊളിയും.

സിപിഐ എം സംസ്ഥാനസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിപാടിയാണ് നടപ്പാക്കുക എന്ന് നീലകണ്ഠന് എങ്ങനെ വിവരം കിട്ടി എന്നറിയില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും ആവശ്യകതയുടെയും പരിധിക്കത്തുനിന്നുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നത്. അതില്‍ പാര്‍ടിവിരുദ്ധമായ ഒരു കാര്യവും നടന്നിട്ടില്ലെന്നാണ് പാര്‍ടിയുടെ പരമോന്നത സമിതി പരിശോധിച്ച് വ്യക്തമായ നിഗമനത്തിലെത്തിയത്.

"പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല''

എന്നാണ് കേന്ദ്ര കമ്മിറ്റി സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേസ് പഠിപ്പിക്കാന്‍ സ്വയം പ്രഖ്യാപിത വാധ്യാരായി ഡല്‍ഹിക്ക് വിമാനം കയറിയ നീലകണ്ഠന്റെ ആഗ്രഹമല്ല കേന്ദ്ര കമ്മിറ്റി തീരുമാനമെന്നര്‍ഥം. പാര്‍ടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഒന്ന് ഇളക്കിയെങ്കിലും നോക്കാനുള്ള സാഹസമാണ് മാതൃഭൂമിയിലൂടെ നീലകണ്ഠന്‍ നടത്തുന്നത്.

Friday, July 24, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം

ലാവ്ലിന്‍ കേസ് എന്ന് അറിയപ്പെടുന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതി നവീകരണക്കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം സംസ്ഥാനത്തിന് കിട്ടുമായിരുന്ന 86 കോടി രൂപ കിട്ടാതെയായി എന്നതാണ്. ആ പണം കിട്ടിയിരുന്നെങ്കില്‍ കേസ് ഇല്ല എന്നര്‍ഥം. എന്തുകൊണ്ട് പണം കിട്ടിയില്ല, ആരാണതിനുത്തരവാദി എന്നിവയാണ് സ്വാഭാവികമായി ഉയരുന്ന തുടര്‍ചോദ്യങ്ങള്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പണം തരില്ലെന്ന് ലാവ്ലിന്‍ പറഞ്ഞിട്ടില്ല. ആശുപത്രിനിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത് അവര്‍ സമാഹരിച്ച് എത്തിച്ച പണംകൊണ്ടാണ്. തുടര്‍ന്ന് സഹായം നല്‍കാനുള്ള കരാറിന്റെ കരട് അവര്‍ ഉണ്ടാക്കിസമര്‍പ്പിച്ചതുമാണ്. അത് ഒപ്പിട്ടിരുന്നെങ്കില്‍, ഇന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഏഷ്യയിലെ ഏറ്റവും മികച്ച അര്‍ബുദരോഗ ചികിത്സാകേന്ദ്രമാകുമായിരുന്നു. കരാര്‍ ഒപ്പിടാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് 86കോടിയുടെ നഷ്ടത്തിന് ഉത്തരവാദി എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാം. അതുകാണാതെ, 1995 ആഗസ്ത് 10ന് ധാരണാപത്രം ഒപ്പിട്ടു തുടങ്ങി 2003 ജനുവരിയില്‍ പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 1996 മെയ് മുതല്‍ 1999 ഒക്ടോബര്‍ വരെമാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെ ആക്ഷേപക്കുരുക്കിലാക്കി ഒറ്റപ്പെടുത്തി സംഹരിച്ചുകളയാമെന്ന ദുര്‍മോഹമാണ് സിപിഐ എമ്മിന്റെ ശത്രുക്കളെ നയിച്ചത്. ആ മോഹം നടപ്പില്ലെന്നാണ്, പാര്‍ടി കേന്ദ്രകമ്മിറ്റി പ്രശ്നം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്ത് സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയത്. ഈ കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുമുന്നില്‍ പാര്‍ടി വിശദീകരിക്കുമ്പോള്‍, ഇന്നലെവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ജാള്യം സിപിഐ എം വിരുദ്ധ പ്രചാരകര്‍ക്കുണ്ട്. അത് സ്വാഭാവികവുമാണ്.

ആ ജാള്യം ഞെട്ടലായി മാറുന്നത് കാണണമെങ്കില്‍ സി ആര്‍ നീലകണ്ഠന്‍ മാതൃഭൂമിയില്‍ ജൂലൈ 22ന് എഴുതിയ ലേഖനം വായിക്കണം. ഇടയ്ക്കിടെ ഞെട്ടിത്തെറിക്കുന്ന കൊല്ലന്റെ ആലയിലെ മുയലിന്റെ അവസ്ഥയിലാണ് സാംസ്കാരിക നായകന്‍ ഇന്ന്. സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം വന്നപ്പോഴാണ് ഒടുവിലത്തെ ഞെട്ടലുണ്ടായത്. വി എസ് അച്യുതാനന്ദനെതിരായ നടപടി 'ഒരു തരംതാഴ്ത്തല്‍ മാത്രം'! പിണറായി വിജയന്‍ കുറ്റവാളിയല്ലെന്ന കണ്ടെത്തല്‍ 'അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നത്'! നീലകണ്ഠന്‍ ഞെട്ടാന്‍ പോകുന്നതേയുള്ളൂ എന്നത് വേറെ കാര്യം.

നീലകണ്ഠന്‍ ലാവ്ലിന്‍ സംബന്ധിച്ച് ചോദ്യപരമ്പരയുമായി രംഗത്തുവരികയാണ്. അതങ്ങനെ തീരുന്ന സംശയങ്ങളല്ല. പാര്‍ടി പറയുന്നതിനപ്പുറം സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയാണത്. സിപിഐ എം റിപ്പോര്‍ട്ടിങ്ങ് ഹാളില്‍ കുമ്മായംകൊണ്ട് തറയെഴുത്തു നടത്തിയവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതല്ല ഈ മനോനില. സിബിഐയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞവകൂടി പുതിയ മട്ടില്‍ സംശയങ്ങളാകുന്നുണ്ട്. അവയ്ക്ക് 'ജനാധിപത്യ രീതിയില്‍' മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലപോലും. ജനാധിപത്യ വിരുദ്ധരീതിയില്‍ എന്തു മറുപടിയാണാവോ പ്രതീക്ഷിക്കുന്നത്. നീലകണ്ഠന്‍ ഒരു പുസ്തക രചനയിലാണെന്ന് കേട്ടിരുന്നു. മിച്ചസമയം ചാനല്‍ചര്‍ച്ചയ്ക്ക് കൊടുത്തു. മാതൃഭൂമിയല്ലാതെ ഒരു പത്രവും വായിക്കാറുമില്ല. അതുകൊണ്ട്, പുതിയതെന്ന മട്ടില്‍ അവതരിപ്പിക്കുന്ന സംശയങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടി പലകുറി വന്ന വിവരമൊന്നും അറിഞ്ഞുകാണില്ല. അച്ചടിച്ചു വന്ന സംശയങ്ങളല്ലേ. സമയം, സ്ഥലം, ഔചിത്യം എന്നിവ കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. ഇതില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ നീലകണ്ഠന് സ്വാഗതം-ദേശാഭിമാനി ലൈബ്രറിയില്‍ പത്രഫയല്‍ പരിശോധനയ്ക്കുള്ള അവസരമുണ്ട്.

നീലകണ്ഠന്റെ സംശയം ഒന്ന്:

ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യുഡിഎഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നുì പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച് ഇടതുപക്ഷത്തുള്ളവെര കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്? കാര്‍ത്തികേയന് പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക?

ഉത്തരം:

കേന്ദ്രകമ്മിറ്റി പറയുന്നു-"രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്''. "കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും.'' 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം മുതല്‍ 2009 ജൂലൈ 10നും 11നും ചേര്‍ന്ന കേന്ദ്രകമ്മിറ്റിവരെ ആവര്‍ത്തിച്ച ഈ നിലപാടില്‍ പാര്‍ടിക്ക് സംശയമുണ്ടായിട്ടില്ല. കോടതിയുടെ മേല്‍നോട്ടത്തിലല്ല ലാവ്ലിന്‍ കേസന്വേഷണം നടന്നത്. കോടതി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാത്രമേ കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുമോ തള്ളുമോ എന്നെല്ലാം തീരുമാനിക്കാന്‍ കഴിയൂ. 2006 ഫെബ്രുവരി 27ന് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചശേഷം മൂന്നാംദിവസം 2006 മാര്‍ച്ച് ഒന്നിന് (മൂന്നുദിവസത്തിനുള്ളില്‍) പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്.

കാര്‍ത്തികേയന് ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞത് സിപിഐ എം അല്ല, സിബിഐ തന്നെയാണ്. കേസിലെ ഗൂഢാലോചനയുടെ തുടക്കം ടെന്‍ഡറില്ലാതെ എംഒയു വഴി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതാണെന്നും കാര്‍ത്തികേയന്‍ ഈ ഗൂഢാലോചനയുടെ സ്ഥാപകനാണെന്നും സിബിഐയാണ് പറഞ്ഞത്. ഗൂഢാലോചനയുടെ സ്ഥാപകനായ കാര്‍ത്തികേയന്‍ പ്രതിയല്ലാതെ ഗൂഢാലോചനക്കുറ്റം മറ്റുള്ളവരില്‍ ചുമത്തുന്നതിന്റെ പൊരുത്തക്കേടിനെയാണ് സിപിഐ എം ചോദ്യംചെയ്തത്. അഡ്വക്കറ്റ്ജനറലിന്റെ നിയമോപദേശത്തിലും ഇതുതന്നെയാണ് സൂചിപ്പിച്ചത്. മന്ത്രിസഭാ തീരുമാനത്തിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊരുത്തക്കേട് കാണാതെ പോയത് ഗവര്‍ണറും സിബിഐയും മാത്രമാണ്. ഈ പൊരുത്തക്കേടു തന്നെയാണ് സിബിഐ കോടതിയും ചൂണ്ടിക്കാണിച്ചത്. ഇതിനോട് സിപിഐ എം വിയോജിക്കേണ്ട കാര്യമെന്ത്? ഇതില്‍ എന്ത് കപടതന്ത്രമാണുള്ളത്? സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്ന ആഗ്രഹംതന്നെയാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടാണല്ലോ നീലകണ്ഠനുപോലും മറുപടി എഴുതുന്നത്. ലാവ്ലിന്‍ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും കാര്‍ത്തികേയന്റെ പങ്കാളിത്തമടക്കം ചര്‍ച്ചചെയ്യുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും സിപിഐ എം മാത്രമാണ്.

നീലകണ്ഠനെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത് പ്രശ്നത്തിന്റെ ഒരു വശംമാത്രം ചര്‍ച്ച ചെയ്യാനാണ്. നീലകണ്ഠന്‍തന്നെ പറയുന്നു-"ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്''. അദ്ദേഹം മലയാളത്തില്‍ പുസ്തകമെഴുതി; അത് ഇംഗ്ളീഷിലാക്കി (എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍) കഷ്ടപ്പെട്ട് വിമാനക്കൂലിയൊപ്പിച്ച് ഡല്‍ഹിയില്‍ ചെന്ന് സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കളെ ഓരോരുത്തരെയായി കണ്ട് ആ പുസ്തകം സൌജന്യമായി വിതരണംചെയ്തു. പോരാഞ്ഞ്, ചാനലുകാരെ വിളിച്ചു വരുത്തിയും ചെന്നുകണ്ടും ലാവ്ലിന്‍ കഥകള്‍ വിളമ്പി. അതിലും മതിവരാതെ, സിഎന്‍എന്‍-ഐബിഎന്‍ ചാനലില്‍ വഴിപോക്കന്റെ വേഷത്തില്‍ അവതരിച്ച് ലാവ്ലിന്‍ പ്രശ്നത്തില്‍ കേരളത്തിലെ സിപിഐ എം തകരാന്‍ പോവുകയാണെന്ന് പ്രവചനം നടത്തി. എന്താണ് പ്രചോദനം? എവിടെനിന്നു കിട്ടുന്നു ഇതിനെല്ലാമുള്ള പണം? ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് താങ്കളുടെ ഈ വെപ്രാളത്തിനും അമിതാവേശത്തിനുമപ്പുറം എന്തുവേണം തെളിവ്? വലതുപക്ഷം മാത്രമല്ല, ഇടതുപക്ഷ വേഷമണിഞ്ഞ നീലകണ്ഠനെപ്പോലുള്ളവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്.

കോടതി കുറ്റപത്രം സ്വീകരിച്ചതിനെ സിപിഐ എം തള്ളിപ്പറഞ്ഞിട്ടില്ല. കോടതിയിലെത്തിയ കേസ് നിയമപരമായി നേരിടുമെന്നുതന്നെയാണ് പറഞ്ഞത്. അങ്ങനെ നേരിടുന്നത് നിയമത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുമാത്രമായിരിക്കണം, നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ മറ്റൊരു വഴിയും നോക്കാന്‍ പാടില്ല എന്നെല്ലാം നീലകണ്ഠന് ആഗ്രഹിക്കാം.

സംശയം രണ്ട്:

കരാര്‍ യുഡിഎഫ് ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത് തെറ്റല്ലേ? പാരീസില്‍ പോയി കേസ് നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്തില്ലെങ്കില്‍ എന്നു പറഞ്ഞത് അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന് കാനഡയിലെ ഇഡിസിയുമായി വായ്പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്? (കസള്‍ട്ടന്‍സി കരാര്‍ 13ാം വകുപ്പ്) അതുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്. കരാര്‍ 24 കോടിയുടേതും എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍ ഡി.എഫ്. ഒപ്പിട്ട വായ്പക്കരാര്‍ കാനഡയിലെ ഒടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന് ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്തിരുന്നുവോ?

ഉത്തരം:

യുഡിഎഫ് തുടങ്ങിവച്ച കരാര്‍ അനിവാര്യമായ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നു നടത്തി എന്ന പച്ചപ്പരമാര്‍ഥം നീലകണ്ഠന് മറച്ചുവയ്ക്കാനാകുമോ? ധാരണാ പത്രവും അടിസ്ഥാന കരാറായ സപ്ളൈകരാറും യുഡിഎഫ് ഉണ്ടാക്കി. മാറിവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയി. (പിണറായി വിജയന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്ന വസ്തുത നീലകണ്ഠന്റെ അറിവിലേക്ക് ഓര്‍മിപ്പിക്കുന്നു)എല്‍ഡിഎഫ് കാലത്ത് പദ്ധതി നടത്തിപ്പുമായി 1997ഫെബ്രുവരി 10നും 1998 ജൂലൈ അഞ്ചിനും ഒപ്പിട്ടത് കാര്‍ത്തികേയന്റെ കാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പിട്ട കരാറിനുള്ള അനുബന്ധങ്ങളാണ്. ഈ അനുബന്ധ കരാറുകള്‍ വായിച്ചുനോക്കിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊഴിച്ച് മറ്റെല്ലാറ്റിനും 1996 ഫെബ്രുവരി 24ലെ കരാര്‍ ബാധകമാണെന്ന് നീലകണ്ഠന് ബോധ്യപ്പെടാവുന്നതേയുള്ളൂ.

96 ഫെബ്രുവരി 24ന് ഒപ്പുവച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ് പ്രകാരം, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന് കേസ് നടത്താന്‍ പാരീസില്‍ പോകണം. ഗ്ളോബല്‍ ടെന്‍ഡര്‍ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്പ കണ്ടെത്തണം.

നേര്യമംഗലം പവര്‍ പ്രോജക്ടില്‍ എബിബി കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം (കരാര്‍ പോലുമല്ല) ഒപ്പുവച്ചിരുന്നു. അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. എബിബി നാല് വര്‍ഷം കേസ് നടത്തി. യുഡിഎഫിന്റെ കാലത്ത് കേസ് തോറ്റു. പദ്ധതി എബിബിക്കുതന്നെ നല്‍കാനായിരുന്നു വിധി. ഈ ദുര്‍ഗതിതന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക് ഉണ്ടാകുമായിരുന്നു. അങ്ങനെ വരണമെന്ന് നീലകണ്ഠന്റെ നശീകരണബുദ്ധിക്ക് ആഗ്രഹിക്കാം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന് അത് കഴിയില്ലല്ലോ.

1996 ഫെബ്രുവരി 24ന്റെ കരാര്‍തന്നെ കനഡയിലെ ഇഡിസിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനും അതുപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നതിനും ലാവ്ലിന്‍ ഈ പദ്ധതികളുടെ നവീകരണം പൂര്‍ത്തീകരിച്ച് കമീഷനിങ് നടത്താനുമുള്ളതാണ്. വായ്പ ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ ലാവ്ലിന്‍ പണി ആരംഭിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. വായ്പ ലഭ്യമാക്കുന്നതും ലാവ്ലിന്റെ സേവനങ്ങളില്‍പെടുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ലാവ്ലിന്‍ മുന്നോട്ടുനീക്കുകയും കെഎസ്ഇബി 1997 ഫെബ്രുവരി രണ്ടിനുമുമ്പുതന്നെ ലാവ്ലിന്‍ മുഖാന്തരം ഇഡിസിയുമായുള്ള ചര്‍ച്ചകളും കത്തിടപാടുകളും നടത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവയ്ക്കുന്നതും കരാറിലെ 17-ാം വകുപ്പുപ്രകാരം ആര്‍ബിട്രേഷന്‍ വിഷയമാകുമെന്നു മനസ്സിലാക്കാന്‍ കൈരേഖ നോക്കി പ്രവചനം നടത്തേണ്ടതില്ല. കനഡയില്‍ നിന്ന് വായ്പ ലഭ്യമാക്കാനും സാധനസാമഗ്രികള്‍ വാങ്ങി നവീകരണപ്രവൃത്തി പൂര്‍ത്തീകരിക്കാനുമല്ലാതെ മറ്റെന്ത് ആവശ്യത്തിനാണ് കാര്‍ത്തികേയന്‍ 96 ഫെബ്രുവരി 24ന് നിര്‍വഹണ കരാര്‍ ഒപ്പിട്ടത്?

പതിനേഴാം വകുപ്പില്‍ "ഈ കരാര്‍ പ്രകാരം കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിനും തമ്മില്‍ ഉണ്ടാകുന്ന ഏതൊരു തര്‍ക്കവും അവകാശവാദവും അല്ലെങ്കില്‍ കരാര്‍ ലംഘിച്ചതായുള്ള ആക്ഷേപങ്ങളും പരസ്പര ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അങ്ങനെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാരീസിലെ ആര്‍ബിട്രേഷന് വിടണമെന്നും'' വ്യക്തമാക്കുന്നു. ഇതിനര്‍ഥം 1996 ഫെബ്രുവരിയിലെ എഗ്രിമെന്റിനെത്തുടര്‍ന്ന് ഏര്‍പ്പെടേണ്ട വായ്പക്കരാര്‍ സംബന്ധിച്ച് കെഎസ്ഇബി നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍പ്പോലും തര്‍ക്കവുമായി ലാവ്ലിന് പാരീസില്‍ കേസ് കൊടുക്കാമെന്നാണ്. കരാറിലെ 13-ാം വകുപ്പും 15, 16 വകുപ്പുകളില്‍ പറയുന്ന സസ്പെന്‍ഷന്‍, ടെര്‍മിനേഷന്‍ എന്നിവയും 17-ാം വകുപ്പിന് വിധേയമായി മാത്രമാണ് നിലനില്‍ക്കുന്നത്. കനഡയിലെ ധനസ്ഥാപനമായ ഇഡിസിയുമായുള്ള വായ്പക്കരാറിലാണ് ഒടേറിയോ പ്രവിശ്യാ നിയമങ്ങള്‍ ബാധകമാണെന്ന് പറയുന്നത്. എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറുകളിലൊന്നുംതന്നെ ഒടേറിയോ പ്രവിശ്യാ നിയമം ബാധകമാക്കിയിട്ടില്ല.

ഇന്ത്യയിലടക്കം ഏതൊരു രാജ്യത്തും വാണിജ്യ വായ്പാ ഇടപാടുകള്‍ വായ്പ നല്‍കുന്ന രാജ്യത്തിന്റെ നിയമത്തിന് വിധേയമാണ്. അതത് രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും സര്‍ക്കാരുകളുമാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ കനഡയില്‍നിന്ന് ലഭ്യമാക്കുന്ന വായ്പയ്ക്ക് ഇന്ത്യന്‍നിയമം ബാധകമാക്കണമെന്ന് ആഗ്രഹിക്കാം പക്ഷേ, പ്രായോഗികമല്ല. ഒടേറിയോ പ്രവിശ്യയിലെ നിയമം ബാധകമാക്കിയ വായ്പക്കരാര്‍ പ്രകാരം എടുത്ത വായ്പയും അതുവഴി നടത്തിയ നവീകരണവും രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിച്ചെന്ന് നീലകണ്ഠന്‍ വിശദമാക്കിയാല്‍ കൊള്ളാം. സിബിഐക്കുപോലും ഇതില്‍ കേസില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം 1998 ജൂണ്‍ 19ന് ജി (557)/97ഇസിബി പ്രകാരം വായ്പക്കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ ലഭ്യമായിട്ടുണ്ട്. ആ രേഖ സിബഐതന്നെ ഹാജരാക്കിയിട്ടുമുണ്ട്. രാമായണംതന്നെ രചിച്ച നീലകണ്ഠന്‍ ഈ സീതയെമാത്രം കാണാതെ പോയി. നാട്ടിലെ ബാങ്കില്‍നിന്ന് ലോണ്‍ വാങ്ങാന്‍ ചെന്നാല്‍ ബാങ്കിന്റെ വ്യവസ്ഥകളാണോ നീലകണ്ഠന്‍ സ്വന്തമായി ഉണ്ടാക്കുന്ന വ്യവസ്ഥകളാണോ അംഗീകരിക്കുക? മണ്ടത്തരം വിളമ്പുന്നതിനും വേണ്ടേ പരിധി?

അടുത്തത്, 'എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ' എന്നചോദ്യം. ആയിരുന്നില്ല. 131.27 കോടി രൂപയുടെ സാധനസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനുള്ള കരാറാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ലാവ്ലിനുമായി ഒപ്പുവച്ചത്. കസല്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത് 17.88 കോടി രൂപ. ആകെ 149.15 കോടി. യുഡിഎഫ് ഒപ്പുവച്ച കസല്‍ട്ടന്‍സി കരാറില്‍, സാധന സാമഗ്രികളുടെ വില 157.40 കോടി. കസല്‍ട്ടന്‍സി ഫീസ് 24.04 കോടി. ആകെ 181.44 കോടി. ഏതുവലുത്, ഏതുചെറുത് എന്ന് മനസ്സിലാക്കാനുള്ള ഗണിതവിജ്ഞാനം സാംസ്കാരിക പടുവിന് ഇല്ലേ ആവോ.

(അവസാനിക്കുന്നില്ല)

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം ഇവിടെ

Monday, March 23, 2009

ഇതില്‍ ആര്‍ക്കാണ് പ്രതിഷേധം?ആരാണ് പ്രതിഷേധിക്കേണ്ടത്?

മലയാള മനോരമയുടെ ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

മനോരമ ന്യൂസ് ഒാഫിസില്‍ സിപിഎം അക്രമം
സ്വന്തം ലേഖകന്‍
കോഴിക്കോട്: മനോരമ ന്യൂസ് ചാനലിന്റെ ഓഫിസ്
ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ
തല്ലിത്തകര്‍ത്തു.
സിപിഎമ്മിന്റെ എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
സുനില്‍കുമാറിന്റെ രാജി
സംബന്ധിച്ച് ചാനലില്‍ വാര്‍ത്ത നല്‍കിയതിന്റെ
പേരിലായിരുന്നു ആക്രമണം. ചാനലിന്റെ
ഫ്രണ്ട് ഓഫിസ് തല്ലിതകര്‍ത്ത സംഘം
കംപ്യൂട്ടറും ഫോണും ടിവിയും എറിഞ്ഞുടച്ചു. ഒബി
വാനടക്കം മനോരമ ന്യൂസിന്റെ രണ്ടു
വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു.
എലത്തൂര്‍
പഞ്ചായത്ത് പ്രസിഡന്റും സിപിഎം
പ്രാദേശിക നേതാവുമായ വി. കെ. മോഹന്‍ദാസിന്റെ
നേതൃത്വത്തില്‍ ഇരുപതോളം പേരാണ്
അക്രമം നടത്തിയത്. രാത്രി തന്നെ അറസ്റ്റ് ചെയ്ത
മോഹന്‍ദാസിനെ ഏപ്രില്‍ നാലുവരെ
റിമാന്‍ഡ് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.
എ. മുഹമ്മദ് റിയാസിന്റെ
സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് സുനില്‍കുമാര്‍
രാജിവച്ചെന്നാണു വാര്‍ത്ത
നല്‍കിയത്. എന്നാല്‍, ഓഫിസിലെത്തിയ സിപിഎം
പ്രവര്‍ത്തകര്‍ രാജിവാര്‍ത്ത നിഷേധിച്ചു.
സുനില്‍കുമാറും സംഘത്തിനൊപ്പം
ഉണ്ടായിരുന്നു
.
വാര്‍ത്ത തെറ്റാണെങ്കില്‍
തിരുത്തു നല്‍കാമെന്നു
പറഞ്ഞതിനെത്തുടര്‍ന്നു
പ്രവര്‍ത്തകര്‍
മടങ്ങാന്‍ ഒരുങ്ങുമ്പോള്‍
ഒരാള്‍ പൂച്ചെട്ടി എറിഞ്ഞ് ഓഫിസിന്റെ ചില്ലുകള്‍
ഉടച്ചു. തുടര്‍ന്ന് സംഘത്തിലെ
മറ്റുള്ളവരും അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ
സമയം ചാനല്‍ റിപ്പോര്‍ട്ടറും
രണ്ടും ജീവനക്കാരും മാത്രമേ
ഓഫിസിലുണ്ടായിരുന്നുള്ളു. അക്രമത്തിനു ശേഷം സംഘം പല
വാഹനങ്ങളിലായി
സ്ഥലം വിട്ടു.
സിറ്റി പൊലീസ് കമ്മിഷണര്‍ അനൂപ്
കുരുവിള ജോണ്‍ രാത്രി
തന്നെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ ഉത്തര മേഖല എഡിജിപി
കെ. എസ്.
ജംഗ്പാംഗിയും ഓഫിസ് സന്ദര്‍ശിച്ചു. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ഐ
എം. കെ. രാജേഷിനാണ് അന്വേഷണച്ചുമതല.


യുഡിഎഫ്
സ്ഥാനാര്‍ഥി എം. കെ. രാഘവന്‍, ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്‍,
മുസ്ലിം ലീഗ്
ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ്
കെ. എം.
ഷാജി, ഡിസിസി പ്രസിഡന്റ് കെ. സി. അബു എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു.


മനോരമ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്ത, എലത്തൂരിലെ സിപിഐ എം ലോക്കല്‍സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു എന്നായിരുന്നു. മാത്രമല്ല, ആ രാജിക്ക് കാരണം കോഴിക്കോട്ടെ സിപിഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന് ഫാരിസ് അബൂബക്കറുമായി ബന്ധമുള്ളതുകൊണ്ടാണ് എന്നുമായിരുന്നു ആ വാര്‍ത്ത.

ലോക്കല്‍ സെക്രട്ടറി രാജിവെച്ചു എന്നത് ഒന്നാമത്തെ കളവ്. റിയാസിന്റെ ഫാരിസ് ബന്ധം കല്ലുവെച്ച നുണ. ആ നുണ കുറെ നാളായി സിപിഐഎമ്മിന്റെ ശത്രുക്കള്‍ പലവിധേന പ്രചരിപ്പിക്കുകയാണ്. അതിന് ആധികാരികത നല്‍കാനാണ് മനോരമ നട്ടാല്‍ പൊടിക്കാത്ത മറ്റൊരു 'രാജിനുണ' എഴുന്നള്ളിച്ചത്. ആ വാര്‍ത്ത കണ്ടയുടനെ, മറ്റൊന്നും അന്വേഷിക്കാതെ ഇതരചാനലുകള്‍ ഏറ്റുപാടി. സ്വപ്നത്തില്‍ പോലും ഇല്ലാത്ത കാര്യം മനോരമ വാര്‍ത്തയായി കണ്ടപ്പോഴാണ് എലത്തൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

മനോരമയില്‍ ചോദിക്കാന്‍ ചെന്നവരില്‍ 'രാജി വെച്ചു' എന്ന് മനോരമ പ്രഖ്യാപിച്ച ലോക്കല്‍ സെക്രട്ടറിയുമുണ്ടായിരുന്നു എന്ന് ആ പത്രം തന്നെ പറയുന്നു. വേണമെങ്കില്‍ തിരുത്ത് കൊടുക്കാമെന്ന സൌമനസ്യമാണത്രെ ചാനല്‍ അധികൃതര്‍ കാണിച്ചത്.വഴിനടക്കുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി ചെകിട്ടത്തടിക്കുന്നു. പ്രതിഷേധം വന്നപ്പോള്‍, വേണമെങ്കില്‍ മാപ്പുപറയാം, മിണ്ടാതെ പോയ്ക്കൊള്ളൂ എന്ന് അടിച്ചവന്‍ പറയുന്നത് ഏതുകോത്താഴത്തെ ന്യായമാണ്?തല്ലിപ്പോകില്ലേ, തല്ലിത്തകര്‍ത്തുപോകില്ലേ ഈ നുണയന്‍മാരുടെ തെമ്മാടിത്തത്തെ?

ഇപ്പോള്‍ പ്രതിഷേധത്തിന്റെ അതിസാരമാണ്. ഒരുഭാഗത്ത് പത്രപ്രവര്‍ത്തക യൂണിയന്‍. മറ്റൊരുഭാഗത്ത് വീരേന്ദ്രകുമാറിന്റെ എന്തരോ സൊസൈറ്റി;മനോരമക്കാരന്‍ മൂര്‍ത്തി ഭാരവാഹിയായ എഡിറ്റേഴ്സ് ഗില്‍ഡ്.ഒരു ഗില്‍ഡുകാരനും നുണ വാര്‍ത്തയെക്കുറിച്ച് മിണ്ടാട്ടമില്ല. സഹികെട്ട് തല്ലിപ്പൊളിച്ചുപോയതാണ് മഹാപരാധം!ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. മനോരമക്കാരന്(പത്രക്കാരന്) എന്താ കൊമ്പുണ്ടോ?

മനോരമ ചാനലിന്റെ ഒരു പരിപാടിയല്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുജോയിയെ കണക്കറ്റ് പരിഹസിക്കുന്നത് കണ്ടു. ഓര്‍ക്കൂട്ടിലെ സിന്ധുവിന്റെ ചിത്രങ്ങള്‍ അപഹാസ്യമാംവിധം ഉപയോഗിക്കുന്നതുകണ്ടു. എന്തേ കെവിതോമസിന്റെ തിരുതമീനും വയനാട്ടിലെ പേയ്്മെന്റ് സീററും ശശിതരൂരിന്റെ 'മാംസപിണ്ഡപ്രയോഗ'വും ഈ ചാനലിന് വാര്‍ത്തയാകുന്നില്ല? സിന്ധുവിനെറ മെക്കിട്ടുകേറാന്‍ എന്തിത്ര ആവേശം? തല്ലില്ലേ? തല്ലിപൊളിച്ചുപോകില്ലേ ഈ തല്ലിപ്പൊളിക്കളിയെ? ആരാണ് പ്രതിഷേധിക്കേണ്ടത്? ഏതാണ് തല്ലിപ്പൊളിത്തരം?