Friday, July 24, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം

ലാവ്ലിന്‍ കേസ് എന്ന് അറിയപ്പെടുന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതി നവീകരണക്കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം സംസ്ഥാനത്തിന് കിട്ടുമായിരുന്ന 86 കോടി രൂപ കിട്ടാതെയായി എന്നതാണ്. ആ പണം കിട്ടിയിരുന്നെങ്കില്‍ കേസ് ഇല്ല എന്നര്‍ഥം. എന്തുകൊണ്ട് പണം കിട്ടിയില്ല, ആരാണതിനുത്തരവാദി എന്നിവയാണ് സ്വാഭാവികമായി ഉയരുന്ന തുടര്‍ചോദ്യങ്ങള്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പണം തരില്ലെന്ന് ലാവ്ലിന്‍ പറഞ്ഞിട്ടില്ല. ആശുപത്രിനിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത് അവര്‍ സമാഹരിച്ച് എത്തിച്ച പണംകൊണ്ടാണ്. തുടര്‍ന്ന് സഹായം നല്‍കാനുള്ള കരാറിന്റെ കരട് അവര്‍ ഉണ്ടാക്കിസമര്‍പ്പിച്ചതുമാണ്. അത് ഒപ്പിട്ടിരുന്നെങ്കില്‍, ഇന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഏഷ്യയിലെ ഏറ്റവും മികച്ച അര്‍ബുദരോഗ ചികിത്സാകേന്ദ്രമാകുമായിരുന്നു. കരാര്‍ ഒപ്പിടാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് 86കോടിയുടെ നഷ്ടത്തിന് ഉത്തരവാദി എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാം. അതുകാണാതെ, 1995 ആഗസ്ത് 10ന് ധാരണാപത്രം ഒപ്പിട്ടു തുടങ്ങി 2003 ജനുവരിയില്‍ പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 1996 മെയ് മുതല്‍ 1999 ഒക്ടോബര്‍ വരെമാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെ ആക്ഷേപക്കുരുക്കിലാക്കി ഒറ്റപ്പെടുത്തി സംഹരിച്ചുകളയാമെന്ന ദുര്‍മോഹമാണ് സിപിഐ എമ്മിന്റെ ശത്രുക്കളെ നയിച്ചത്. ആ മോഹം നടപ്പില്ലെന്നാണ്, പാര്‍ടി കേന്ദ്രകമ്മിറ്റി പ്രശ്നം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്ത് സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയത്. ഈ കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുമുന്നില്‍ പാര്‍ടി വിശദീകരിക്കുമ്പോള്‍, ഇന്നലെവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ജാള്യം സിപിഐ എം വിരുദ്ധ പ്രചാരകര്‍ക്കുണ്ട്. അത് സ്വാഭാവികവുമാണ്.

ആ ജാള്യം ഞെട്ടലായി മാറുന്നത് കാണണമെങ്കില്‍ സി ആര്‍ നീലകണ്ഠന്‍ മാതൃഭൂമിയില്‍ ജൂലൈ 22ന് എഴുതിയ ലേഖനം വായിക്കണം. ഇടയ്ക്കിടെ ഞെട്ടിത്തെറിക്കുന്ന കൊല്ലന്റെ ആലയിലെ മുയലിന്റെ അവസ്ഥയിലാണ് സാംസ്കാരിക നായകന്‍ ഇന്ന്. സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം വന്നപ്പോഴാണ് ഒടുവിലത്തെ ഞെട്ടലുണ്ടായത്. വി എസ് അച്യുതാനന്ദനെതിരായ നടപടി 'ഒരു തരംതാഴ്ത്തല്‍ മാത്രം'! പിണറായി വിജയന്‍ കുറ്റവാളിയല്ലെന്ന കണ്ടെത്തല്‍ 'അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നത്'! നീലകണ്ഠന്‍ ഞെട്ടാന്‍ പോകുന്നതേയുള്ളൂ എന്നത് വേറെ കാര്യം.

നീലകണ്ഠന്‍ ലാവ്ലിന്‍ സംബന്ധിച്ച് ചോദ്യപരമ്പരയുമായി രംഗത്തുവരികയാണ്. അതങ്ങനെ തീരുന്ന സംശയങ്ങളല്ല. പാര്‍ടി പറയുന്നതിനപ്പുറം സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയാണത്. സിപിഐ എം റിപ്പോര്‍ട്ടിങ്ങ് ഹാളില്‍ കുമ്മായംകൊണ്ട് തറയെഴുത്തു നടത്തിയവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതല്ല ഈ മനോനില. സിബിഐയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞവകൂടി പുതിയ മട്ടില്‍ സംശയങ്ങളാകുന്നുണ്ട്. അവയ്ക്ക് 'ജനാധിപത്യ രീതിയില്‍' മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലപോലും. ജനാധിപത്യ വിരുദ്ധരീതിയില്‍ എന്തു മറുപടിയാണാവോ പ്രതീക്ഷിക്കുന്നത്. നീലകണ്ഠന്‍ ഒരു പുസ്തക രചനയിലാണെന്ന് കേട്ടിരുന്നു. മിച്ചസമയം ചാനല്‍ചര്‍ച്ചയ്ക്ക് കൊടുത്തു. മാതൃഭൂമിയല്ലാതെ ഒരു പത്രവും വായിക്കാറുമില്ല. അതുകൊണ്ട്, പുതിയതെന്ന മട്ടില്‍ അവതരിപ്പിക്കുന്ന സംശയങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടി പലകുറി വന്ന വിവരമൊന്നും അറിഞ്ഞുകാണില്ല. അച്ചടിച്ചു വന്ന സംശയങ്ങളല്ലേ. സമയം, സ്ഥലം, ഔചിത്യം എന്നിവ കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. ഇതില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ നീലകണ്ഠന് സ്വാഗതം-ദേശാഭിമാനി ലൈബ്രറിയില്‍ പത്രഫയല്‍ പരിശോധനയ്ക്കുള്ള അവസരമുണ്ട്.

നീലകണ്ഠന്റെ സംശയം ഒന്ന്:

ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യുഡിഎഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നുì പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച് ഇടതുപക്ഷത്തുള്ളവെര കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്? കാര്‍ത്തികേയന് പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക?

ഉത്തരം:

കേന്ദ്രകമ്മിറ്റി പറയുന്നു-"രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്''. "കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും.'' 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം മുതല്‍ 2009 ജൂലൈ 10നും 11നും ചേര്‍ന്ന കേന്ദ്രകമ്മിറ്റിവരെ ആവര്‍ത്തിച്ച ഈ നിലപാടില്‍ പാര്‍ടിക്ക് സംശയമുണ്ടായിട്ടില്ല. കോടതിയുടെ മേല്‍നോട്ടത്തിലല്ല ലാവ്ലിന്‍ കേസന്വേഷണം നടന്നത്. കോടതി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാത്രമേ കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുമോ തള്ളുമോ എന്നെല്ലാം തീരുമാനിക്കാന്‍ കഴിയൂ. 2006 ഫെബ്രുവരി 27ന് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചശേഷം മൂന്നാംദിവസം 2006 മാര്‍ച്ച് ഒന്നിന് (മൂന്നുദിവസത്തിനുള്ളില്‍) പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്.

കാര്‍ത്തികേയന് ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞത് സിപിഐ എം അല്ല, സിബിഐ തന്നെയാണ്. കേസിലെ ഗൂഢാലോചനയുടെ തുടക്കം ടെന്‍ഡറില്ലാതെ എംഒയു വഴി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതാണെന്നും കാര്‍ത്തികേയന്‍ ഈ ഗൂഢാലോചനയുടെ സ്ഥാപകനാണെന്നും സിബിഐയാണ് പറഞ്ഞത്. ഗൂഢാലോചനയുടെ സ്ഥാപകനായ കാര്‍ത്തികേയന്‍ പ്രതിയല്ലാതെ ഗൂഢാലോചനക്കുറ്റം മറ്റുള്ളവരില്‍ ചുമത്തുന്നതിന്റെ പൊരുത്തക്കേടിനെയാണ് സിപിഐ എം ചോദ്യംചെയ്തത്. അഡ്വക്കറ്റ്ജനറലിന്റെ നിയമോപദേശത്തിലും ഇതുതന്നെയാണ് സൂചിപ്പിച്ചത്. മന്ത്രിസഭാ തീരുമാനത്തിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊരുത്തക്കേട് കാണാതെ പോയത് ഗവര്‍ണറും സിബിഐയും മാത്രമാണ്. ഈ പൊരുത്തക്കേടു തന്നെയാണ് സിബിഐ കോടതിയും ചൂണ്ടിക്കാണിച്ചത്. ഇതിനോട് സിപിഐ എം വിയോജിക്കേണ്ട കാര്യമെന്ത്? ഇതില്‍ എന്ത് കപടതന്ത്രമാണുള്ളത്? സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്ന ആഗ്രഹംതന്നെയാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടാണല്ലോ നീലകണ്ഠനുപോലും മറുപടി എഴുതുന്നത്. ലാവ്ലിന്‍ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും കാര്‍ത്തികേയന്റെ പങ്കാളിത്തമടക്കം ചര്‍ച്ചചെയ്യുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും സിപിഐ എം മാത്രമാണ്.

നീലകണ്ഠനെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത് പ്രശ്നത്തിന്റെ ഒരു വശംമാത്രം ചര്‍ച്ച ചെയ്യാനാണ്. നീലകണ്ഠന്‍തന്നെ പറയുന്നു-"ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്''. അദ്ദേഹം മലയാളത്തില്‍ പുസ്തകമെഴുതി; അത് ഇംഗ്ളീഷിലാക്കി (എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍) കഷ്ടപ്പെട്ട് വിമാനക്കൂലിയൊപ്പിച്ച് ഡല്‍ഹിയില്‍ ചെന്ന് സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കളെ ഓരോരുത്തരെയായി കണ്ട് ആ പുസ്തകം സൌജന്യമായി വിതരണംചെയ്തു. പോരാഞ്ഞ്, ചാനലുകാരെ വിളിച്ചു വരുത്തിയും ചെന്നുകണ്ടും ലാവ്ലിന്‍ കഥകള്‍ വിളമ്പി. അതിലും മതിവരാതെ, സിഎന്‍എന്‍-ഐബിഎന്‍ ചാനലില്‍ വഴിപോക്കന്റെ വേഷത്തില്‍ അവതരിച്ച് ലാവ്ലിന്‍ പ്രശ്നത്തില്‍ കേരളത്തിലെ സിപിഐ എം തകരാന്‍ പോവുകയാണെന്ന് പ്രവചനം നടത്തി. എന്താണ് പ്രചോദനം? എവിടെനിന്നു കിട്ടുന്നു ഇതിനെല്ലാമുള്ള പണം? ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് താങ്കളുടെ ഈ വെപ്രാളത്തിനും അമിതാവേശത്തിനുമപ്പുറം എന്തുവേണം തെളിവ്? വലതുപക്ഷം മാത്രമല്ല, ഇടതുപക്ഷ വേഷമണിഞ്ഞ നീലകണ്ഠനെപ്പോലുള്ളവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്.

കോടതി കുറ്റപത്രം സ്വീകരിച്ചതിനെ സിപിഐ എം തള്ളിപ്പറഞ്ഞിട്ടില്ല. കോടതിയിലെത്തിയ കേസ് നിയമപരമായി നേരിടുമെന്നുതന്നെയാണ് പറഞ്ഞത്. അങ്ങനെ നേരിടുന്നത് നിയമത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുമാത്രമായിരിക്കണം, നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ മറ്റൊരു വഴിയും നോക്കാന്‍ പാടില്ല എന്നെല്ലാം നീലകണ്ഠന് ആഗ്രഹിക്കാം.

സംശയം രണ്ട്:

കരാര്‍ യുഡിഎഫ് ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത് തെറ്റല്ലേ? പാരീസില്‍ പോയി കേസ് നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്തില്ലെങ്കില്‍ എന്നു പറഞ്ഞത് അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന് കാനഡയിലെ ഇഡിസിയുമായി വായ്പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്? (കസള്‍ട്ടന്‍സി കരാര്‍ 13ാം വകുപ്പ്) അതുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്. കരാര്‍ 24 കോടിയുടേതും എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍ ഡി.എഫ്. ഒപ്പിട്ട വായ്പക്കരാര്‍ കാനഡയിലെ ഒടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന് ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്തിരുന്നുവോ?

ഉത്തരം:

യുഡിഎഫ് തുടങ്ങിവച്ച കരാര്‍ അനിവാര്യമായ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നു നടത്തി എന്ന പച്ചപ്പരമാര്‍ഥം നീലകണ്ഠന് മറച്ചുവയ്ക്കാനാകുമോ? ധാരണാ പത്രവും അടിസ്ഥാന കരാറായ സപ്ളൈകരാറും യുഡിഎഫ് ഉണ്ടാക്കി. മാറിവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയി. (പിണറായി വിജയന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്ന വസ്തുത നീലകണ്ഠന്റെ അറിവിലേക്ക് ഓര്‍മിപ്പിക്കുന്നു)എല്‍ഡിഎഫ് കാലത്ത് പദ്ധതി നടത്തിപ്പുമായി 1997ഫെബ്രുവരി 10നും 1998 ജൂലൈ അഞ്ചിനും ഒപ്പിട്ടത് കാര്‍ത്തികേയന്റെ കാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പിട്ട കരാറിനുള്ള അനുബന്ധങ്ങളാണ്. ഈ അനുബന്ധ കരാറുകള്‍ വായിച്ചുനോക്കിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊഴിച്ച് മറ്റെല്ലാറ്റിനും 1996 ഫെബ്രുവരി 24ലെ കരാര്‍ ബാധകമാണെന്ന് നീലകണ്ഠന് ബോധ്യപ്പെടാവുന്നതേയുള്ളൂ.

96 ഫെബ്രുവരി 24ന് ഒപ്പുവച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ് പ്രകാരം, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന് കേസ് നടത്താന്‍ പാരീസില്‍ പോകണം. ഗ്ളോബല്‍ ടെന്‍ഡര്‍ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്പ കണ്ടെത്തണം.

നേര്യമംഗലം പവര്‍ പ്രോജക്ടില്‍ എബിബി കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം (കരാര്‍ പോലുമല്ല) ഒപ്പുവച്ചിരുന്നു. അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. എബിബി നാല് വര്‍ഷം കേസ് നടത്തി. യുഡിഎഫിന്റെ കാലത്ത് കേസ് തോറ്റു. പദ്ധതി എബിബിക്കുതന്നെ നല്‍കാനായിരുന്നു വിധി. ഈ ദുര്‍ഗതിതന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക് ഉണ്ടാകുമായിരുന്നു. അങ്ങനെ വരണമെന്ന് നീലകണ്ഠന്റെ നശീകരണബുദ്ധിക്ക് ആഗ്രഹിക്കാം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന് അത് കഴിയില്ലല്ലോ.

1996 ഫെബ്രുവരി 24ന്റെ കരാര്‍തന്നെ കനഡയിലെ ഇഡിസിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനും അതുപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നതിനും ലാവ്ലിന്‍ ഈ പദ്ധതികളുടെ നവീകരണം പൂര്‍ത്തീകരിച്ച് കമീഷനിങ് നടത്താനുമുള്ളതാണ്. വായ്പ ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ ലാവ്ലിന്‍ പണി ആരംഭിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. വായ്പ ലഭ്യമാക്കുന്നതും ലാവ്ലിന്റെ സേവനങ്ങളില്‍പെടുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ലാവ്ലിന്‍ മുന്നോട്ടുനീക്കുകയും കെഎസ്ഇബി 1997 ഫെബ്രുവരി രണ്ടിനുമുമ്പുതന്നെ ലാവ്ലിന്‍ മുഖാന്തരം ഇഡിസിയുമായുള്ള ചര്‍ച്ചകളും കത്തിടപാടുകളും നടത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവയ്ക്കുന്നതും കരാറിലെ 17-ാം വകുപ്പുപ്രകാരം ആര്‍ബിട്രേഷന്‍ വിഷയമാകുമെന്നു മനസ്സിലാക്കാന്‍ കൈരേഖ നോക്കി പ്രവചനം നടത്തേണ്ടതില്ല. കനഡയില്‍ നിന്ന് വായ്പ ലഭ്യമാക്കാനും സാധനസാമഗ്രികള്‍ വാങ്ങി നവീകരണപ്രവൃത്തി പൂര്‍ത്തീകരിക്കാനുമല്ലാതെ മറ്റെന്ത് ആവശ്യത്തിനാണ് കാര്‍ത്തികേയന്‍ 96 ഫെബ്രുവരി 24ന് നിര്‍വഹണ കരാര്‍ ഒപ്പിട്ടത്?

പതിനേഴാം വകുപ്പില്‍ "ഈ കരാര്‍ പ്രകാരം കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിനും തമ്മില്‍ ഉണ്ടാകുന്ന ഏതൊരു തര്‍ക്കവും അവകാശവാദവും അല്ലെങ്കില്‍ കരാര്‍ ലംഘിച്ചതായുള്ള ആക്ഷേപങ്ങളും പരസ്പര ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അങ്ങനെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാരീസിലെ ആര്‍ബിട്രേഷന് വിടണമെന്നും'' വ്യക്തമാക്കുന്നു. ഇതിനര്‍ഥം 1996 ഫെബ്രുവരിയിലെ എഗ്രിമെന്റിനെത്തുടര്‍ന്ന് ഏര്‍പ്പെടേണ്ട വായ്പക്കരാര്‍ സംബന്ധിച്ച് കെഎസ്ഇബി നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍പ്പോലും തര്‍ക്കവുമായി ലാവ്ലിന് പാരീസില്‍ കേസ് കൊടുക്കാമെന്നാണ്. കരാറിലെ 13-ാം വകുപ്പും 15, 16 വകുപ്പുകളില്‍ പറയുന്ന സസ്പെന്‍ഷന്‍, ടെര്‍മിനേഷന്‍ എന്നിവയും 17-ാം വകുപ്പിന് വിധേയമായി മാത്രമാണ് നിലനില്‍ക്കുന്നത്. കനഡയിലെ ധനസ്ഥാപനമായ ഇഡിസിയുമായുള്ള വായ്പക്കരാറിലാണ് ഒടേറിയോ പ്രവിശ്യാ നിയമങ്ങള്‍ ബാധകമാണെന്ന് പറയുന്നത്. എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറുകളിലൊന്നുംതന്നെ ഒടേറിയോ പ്രവിശ്യാ നിയമം ബാധകമാക്കിയിട്ടില്ല.

ഇന്ത്യയിലടക്കം ഏതൊരു രാജ്യത്തും വാണിജ്യ വായ്പാ ഇടപാടുകള്‍ വായ്പ നല്‍കുന്ന രാജ്യത്തിന്റെ നിയമത്തിന് വിധേയമാണ്. അതത് രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും സര്‍ക്കാരുകളുമാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ കനഡയില്‍നിന്ന് ലഭ്യമാക്കുന്ന വായ്പയ്ക്ക് ഇന്ത്യന്‍നിയമം ബാധകമാക്കണമെന്ന് ആഗ്രഹിക്കാം പക്ഷേ, പ്രായോഗികമല്ല. ഒടേറിയോ പ്രവിശ്യയിലെ നിയമം ബാധകമാക്കിയ വായ്പക്കരാര്‍ പ്രകാരം എടുത്ത വായ്പയും അതുവഴി നടത്തിയ നവീകരണവും രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിച്ചെന്ന് നീലകണ്ഠന്‍ വിശദമാക്കിയാല്‍ കൊള്ളാം. സിബിഐക്കുപോലും ഇതില്‍ കേസില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം 1998 ജൂണ്‍ 19ന് ജി (557)/97ഇസിബി പ്രകാരം വായ്പക്കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ ലഭ്യമായിട്ടുണ്ട്. ആ രേഖ സിബഐതന്നെ ഹാജരാക്കിയിട്ടുമുണ്ട്. രാമായണംതന്നെ രചിച്ച നീലകണ്ഠന്‍ ഈ സീതയെമാത്രം കാണാതെ പോയി. നാട്ടിലെ ബാങ്കില്‍നിന്ന് ലോണ്‍ വാങ്ങാന്‍ ചെന്നാല്‍ ബാങ്കിന്റെ വ്യവസ്ഥകളാണോ നീലകണ്ഠന്‍ സ്വന്തമായി ഉണ്ടാക്കുന്ന വ്യവസ്ഥകളാണോ അംഗീകരിക്കുക? മണ്ടത്തരം വിളമ്പുന്നതിനും വേണ്ടേ പരിധി?

അടുത്തത്, 'എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ' എന്നചോദ്യം. ആയിരുന്നില്ല. 131.27 കോടി രൂപയുടെ സാധനസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനുള്ള കരാറാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ലാവ്ലിനുമായി ഒപ്പുവച്ചത്. കസല്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത് 17.88 കോടി രൂപ. ആകെ 149.15 കോടി. യുഡിഎഫ് ഒപ്പുവച്ച കസല്‍ട്ടന്‍സി കരാറില്‍, സാധന സാമഗ്രികളുടെ വില 157.40 കോടി. കസല്‍ട്ടന്‍സി ഫീസ് 24.04 കോടി. ആകെ 181.44 കോടി. ഏതുവലുത്, ഏതുചെറുത് എന്ന് മനസ്സിലാക്കാനുള്ള ഗണിതവിജ്ഞാനം സാംസ്കാരിക പടുവിന് ഇല്ലേ ആവോ.

(അവസാനിക്കുന്നില്ല)

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം ഇവിടെ

3 comments:

manoj pm said...

നീലകണ്ഠന്‍ ലാവ്ലിന്‍ സംബന്ധിച്ച് ചോദ്യപരമ്പരയുമായി രംഗത്തുവരികയാണ്. അതങ്ങനെ തീരുന്ന സംശയങ്ങളല്ല. പാര്‍ടി പറയുന്നതിനപ്പുറം സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയാണത്. സിപിഐ എം റിപ്പോര്‍ട്ടിങ്ങ് ഹാളില്‍ കുമ്മായംകൊണ്ട് തറയെഴുത്തു നടത്തിയവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതല്ല ഈ മനോനില. സിബിഐയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞവകൂടി പുതിയ മട്ടില്‍ സംശയങ്ങളാകുന്നുണ്ട്. അവയ്ക്ക് 'ജനാധിപത്യ രീതിയില്‍' മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലപോലും. ജനാധിപത്യ വിരുദ്ധരീതിയില്‍ എന്തു മറുപടിയാണാവോ പ്രതീക്ഷിക്കുന്നത്. നീലകണ്ഠന്‍ ഒരു പുസ്തക രചനയിലാണെന്ന് കേട്ടിരുന്നു. മിച്ചസമയം ചാനല്‍ചര്‍ച്ചയ്ക്ക് കൊടുത്തു. മാതൃഭൂമിയല്ലാതെ ഒരു പത്രവും വായിക്കാറുമില്ല. അതുകൊണ്ട്, പുതിയതെന്ന മട്ടില്‍ അവതരിപ്പിക്കുന്ന സംശയങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടി പലകുറി വന്ന വിവരമൊന്നും അറിഞ്ഞുകാണില്ല. അച്ചടിച്ചു വന്ന സംശയങ്ങളല്ലേ. സമയം, സ്ഥലം, ഔചിത്യം എന്നിവ കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. ഇതില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ നീലകണ്ഠന് സ്വാഗതം-ദേശാഭിമാനി ലൈബ്രറിയില്‍ പത്രഫയല്‍ പരിശോധനയ്ക്കുള്ള അവസരമുണ്ട്.

വലതന്‍ said...

ലാവലിന്‍ ചീറ്റിപ്പോയതറിഞ്ഞിട്ടും?

Thomas K Prakash said...

Dear Manoj,
i had great regard for your indepth articles. now there has been a news being circulated in which you are involved in threatening one K R Unnithan. There seems to be a police complaint against you as well. i was looking for some clarifications in the deshabhimani about it. but none was seen. what is the truth about of the matter. are you involved ?