Wednesday, July 1, 2009

പുതിയ മാധ്യമ പാഠം

ബ്രഹ്ത് പറഞ്ഞത്, ദൈവത്തിനുപോലും വഴികാട്ടിയാണ് പത്രങ്ങള്‍ എന്നാണ്. ഗ്യാസ്‌ചേമ്പറിന് ഒരുസമയം നൂറുകണക്കിനാളുകളെ കൊല്ലാനാകുമെങ്കില്‍ നല്ലൊരു നുണയ്ക്ക് ദശലക്ഷങ്ങളെ കൊല്ലാനാകുമെന്നു പറഞ്ഞത് സാക്ഷാല്‍ ഗീബല്‍സാണ്. "സംഗതി അറിഞ്ഞോ'' എന്ന ചോദ്യം കേട്ടാല്‍ "ഇല്ല; എന്താണ് '' എന്നാവും നമ്മുടെ ഉത്തരം. അറിയാത്ത സംഗതി വിവരിക്കുമ്പോള്‍ താല്‍പ്പര്യത്തോടെ നാം കേട്ടിരിക്കുന്നുണ്ടെങ്കില്‍ അതില്‍ വാര്‍ത്തയുണ്ടെന്നു മനസ്സിലാക്കാം എന്നാണ് പത്രപ്രവര്‍ത്തകരെ ആദ്യം പഠിപ്പിക്കുന്ന പാഠങ്ങളിലൊന്ന്. അത് പഴയപാഠം. ഇക്കാലത്ത് താല്‍പ്പര്യം ജനിപ്പിക്കാന്‍ യഥാര്‍ഥ സംഭവങ്ങള്‍ മാത്രം വിവരിച്ചതുകൊണ്ട് ഫലമില്ലെന്നു വന്നിരിക്കുന്നു. സംഭവവിവരണം പത്രങ്ങളേക്കാള്‍ നന്നായി ദൃശ്യമാധ്യമങ്ങള്‍ നടത്തുമ്പോള്‍ ഫീച്ചര്‍ സ്വഭാവത്തിലേക്കും വിശകലന വാര്‍ത്തകളിലേക്കും പത്രങ്ങള്‍ക്ക് കടക്കേണ്ടിവരുന്നു. അതുംപോരാഞ്ഞ് മറ്റൊരു രീതിയും പ്രചാരത്തില്‍വന്നിട്ടുണ്ട്. അത്തരമൊരു സവിശേഷ സ്വഭാവത്തിലുള്ള വാര്‍ത്ത 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത് (തലക്കെട്ട്-ഔദ്യോഗികവിഭാഗത്തില്‍ ചേരിതിരിവ്) അതേപടി ഇവിടെ:

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്ബ്യൂറോ യോഗം ചേരാനിരിക്കെ, കേരളത്തിലെ സിപിഎം ഔദ്യോഗിക വിഭാഗത്തില്‍ പുതിയ ചേരിതിരിവുകള്‍ ഉടലെടുക്കുന്നതായി സൂചന. സംസ്ഥാനത്ത് ഭരണ-സംഘടനാനേതൃത്വത്തില്‍ മാറ്റം വരുത്താന്‍ പിബി തീരുമാനിക്കുന്നതായുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള മുതിര്‍ന്ന പിബി അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയിലെത്തൂ. ഭരണ-സംഘടനാതലങ്ങളില്‍ മാറ്റം വരുത്താന്‍ പിബി തീരുമാനിക്കും എന്ന കണക്കൂകൂട്ടലില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനുള്ള ചില നേതാക്കളുടെ ശ്രമങ്ങളാണ് ഔദ്യോഗികവിഭാഗത്തിനുള്ളില്‍ പുതിയ ചേരിതിരിവിന് കാരണമായത്. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ചുമതലയില്‍നിന്ന് മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ മൂന്നുപേരെങ്കിലും ആ സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നു. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട ആളാണത്രെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നത്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ അനുഗ്രാഹാശിസ്സും ഇദ്ദേഹത്തിനുള്ളതായി കേള്‍ക്കുന്നു. ഭരണ-സംഘടനാനേതൃത്വത്തില്‍നിന്ന് നിലവിലുള്ളവര്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി പരിഗണിക്കേണ്ടത് പിബി അംഗമായ മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനെയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് തടയിടാനാണ് ചില മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് എന്നാണറിയുന്നത്. ഈ ആരോപണങ്ങളുടെ ഉറവിടം പാര്‍ടിക്കുള്ളില്‍നിന്നുതന്നെയാണെന്നാണ് സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്നതും ഇദ്ദേഹംതന്നെ. അടുത്ത പിബി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂലായ് 10, 11 തീയതികളിലാണ് സംസ്ഥാനകമ്മിറ്റിയോഗം നടക്കുന്നത്. ഈ യോഗത്തില്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും പരിശോധിക്കുമെന്നറിയുന്നു. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തെ ഇളക്കിവിട്ടത് പള്ളിമേധാവികളാണെന്ന് തിരഞ്ഞെടുപ്പ് അവലോകനരേഖ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ആ സമുദായത്തെ സിപിഎമ്മിനോട് കൂടുതല്‍ അടുപ്പിക്കാന്‍ അവര്‍ക്ക് സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഔദ്യോഗികവിഭാഗം ആദ്യം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത് പാലോളി മുഹമ്മദ്കുട്ടിയെയായിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒരു സ്ഥാനത്തേക്കും റഞ്ഞുകേള്‍ക്കുന്നില്ല. ഏതായാലും അടുത്ത പിബി യോഗത്തോടെ സിപിഎം കേരളഘടകത്തിലെ ഗ്രൂപ്പ് സമവാക്യം മാറുമെന്നാണ് സൂചന.“

പുതിയ തരം വാര്‍ത്തയെഴുത്തിന്റെ ടിപ്പിക്കല്‍ ഉദാഹരണമായിത്തന്നെ ഈ വാര്‍ത്തയെ കാണാം.

ആദ്യവാചകംതന്നെ, വ്യാജപ്രസ്താവനയാണ്. "എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്ബ്യൂറോ യോഗം'' വിളിക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പിബി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍, ഒരു വ്യാജപ്രസ്താവനയില്‍ കെട്ടിപ്പടുത്തതാണ് ഈ വാര്‍ത്തയത്രയുമെന്ന് വ്യക്തമാകും. വാര്‍ത്തയ്ക്കിടയില്‍ നാലിടത്ത് ലേഖകന് എവിടെനിന്നോകിട്ടിയ 'സൂചന'യാണ്. ആര്, എന്ത്, എവിടെ, എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട് എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്കുത്തരമാകണം വാര്‍ത്ത എന്നുമുണ്ട് 'പഴയ' പാഠത്തില്‍. ഇവിടെ മാതൃഭൂമി ലേഖകന് അതൊന്നും ബാധകമല്ല. 'സൂചന', 'അത്രെ', 'കേള്‍ക്കുന്നു', 'അറിയുന്നത്','അണിയറയില്‍' എന്നെല്ലാമുള്ള പ്രയോഗങ്ങളാണ് വാര്‍ത്തയ്ക്കടിസ്ഥാനം. അതായത്, ലേഖകന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളോ, മറ്റാരെങ്കിലും വിളമ്പിക്കൊടുത്ത വിവരങ്ങളോ രണ്ടാമതൊന്നാലോചിക്കാതെ പത്രക്കടലാസില്‍ അച്ചടിച്ചിരിക്കുന്നു എന്നര്‍ഥം. എങ്ങനെ വാര്‍ത്ത എഴുതരുത് എന്ന് പഠിപ്പിക്കാന്‍ ഈ വാര്‍ത്ത ധാരാളം.

ദീര്‍ഘമായ വാര്‍ത്തയില്‍ രണ്ടുകാര്യമാണ് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നത്. ഒന്നാമത്തേത്, പിബിയും സംസ്ഥാനകമ്മിറ്റിയും യോഗം ചേരുന്നു എന്നത്. അത് എല്ലാവരും അറിഞ്ഞ പഴംകഥയാണ്. പഴകിപ്പോയാല്‍ വാര്‍ത്തയില്ല. രണ്ടാമത്തെ യാഥാര്‍ഥ്യം, വാര്‍ത്തയില്‍ ലേഖകന്‍ എഴുതിയ പേരുകളിലുള്ളവരെല്ലാം ജീവിച്ചിരിക്കുന്നവര്‍തന്നെയാണ് എന്നത്. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണല്ലോ എം പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ മകന്‍ ശ്രേയാംസ്കുമാര്‍ ഇപ്പോഴും പത്രത്തിന്റെ ഭരണസമിതിയിലില്ല. ആ ബോഡിലേക്ക് കയറിപ്പറ്റാന്‍ ശ്രേയാംസ് ചെയ്യാനിടയുള്ള കാര്യങ്ങള്‍ ഒരു പത്രലേഖകന്‍ ഭാവനയില്‍ കണ്ട് വാര്‍ത്തയായി എഴുതിയാല്‍ എന്താകും അവസ്ഥ? അദ്ദേഹത്തിന്റെ സ്വഭാവവിശേഷങ്ങള്‍ ഉദ്ധരിച്ച് അത്തരമൊരു വാര്‍ത്തവന്നാല്‍ അച്ഛനും മകനും വക്കീല്‍നോട്ടീസുകളയച്ച് തളര്‍ന്നിരിക്കേണ്ടിവരില്ലേ?
മാതൃഭൂമിയാണ് എല്ലാ നുണകളും എഴുതുന്നതെന്ന് ആരോപിക്കുന്നില്ല. എന്നാല്‍, മാതൃഭൂമി ഈയിടെയായി സിപിഐ എമ്മിനെതിരെ എഴുതുന്ന വാര്‍ത്തകളിലേറെയും പച്ചക്കള്ളമാണെന്നു പറയാതിരിക്കാന്‍ വയ്യ. അതിന്റെ ഒരുദാഹരണം ഇവിടെ ചൂണ്ടിക്കാട്ടിയെന്നുമാത്രം. സിപിഐ എമ്മിന്റെ കേരള ഘടകത്തില്‍ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങളുണ്ടെന്ന് പാര്‍ടി പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്. അതേക്കുറിച്ച് സാമാന്യം വിശദമായി പ്രതിപാദിക്കുന്നതാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പ്രസിദ്ധീകരണത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ട്. അതിനപ്പുറമുള്ള കാര്യങ്ങള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതല്ലാതെ, മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന് എവിടെനിന്നുകിട്ടുന്നു മറ്റു പല 'സൂചന'കളും? ഔദ്യോഗിക വിഭാഗം എന്നൊന്ന് പാര്‍ടിയിലുണ്ടെന്നാണ് ലേഖകന്റെ ഒരു കണ്ടുപിടിത്തം. അപ്പോള്‍ സിപിഐ എം എന്ന പാര്‍ടി എവിടെയാണാവോ ഉള്ളത്? പുഴവറ്റി പട്ടി ഇക്കരെ വന്ന് കടിക്കുന്നത് മനസ്സില്‍കണ്ട് നിലവിളിച്ച പഴയ നമ്പൂരിയുടെ വിഡ്ഢിമനസ്സല്ല; നുണകളുടെ കുത്തൊഴുക്കിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരാക്കാനുള്ള കൌശലക്കാരന്റെ കുരുട്ടുബുദ്ധിയാണ് മാതൃഭൂമിയുടെ ഇത്തരം വാര്‍ത്തകളില്‍ വായിച്ചെടുക്കേണ്ടത്.

മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും മാറ്റാന്‍ പോവുകയാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയും അഥവാ അങ്ങനെ വന്നാലും പാര്‍ടിയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ലെന്ന് പ്രവചിക്കുകയുമാണ് മാതൃഭൂമി. മുഖ്യമന്ത്രിയെ മാറ്റുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് പകരക്കാരെ കണ്ടെത്താന്‍ ലേഖകന്‍ കാടുകയറുന്നത്. ഇതേ ലേഖകന്‍തന്നെ കഴിഞ്ഞ ദിവസം എഴുതിയ വാര്‍ത്ത തിരുവനന്തപുരത്ത് നടന്ന ഒരു ശില്‍പ്പശാലയെക്കുറിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് പരാതികള്‍ തുടരെത്തുടരെ കിട്ടുന്നുവെന്നാണ്. അതെങ്ങനെ ലേഖകന്‍ മനസ്സിലാക്കി എന്ന് ഒരുചോദ്യം. അയച്ചു എന്നു പറയുന്ന പരാതിയുടെ വിശദാംശങ്ങളും ആ വാര്‍ത്തിയിലുണ്ട്. അത്തരം പരാതിയും മാതൃഭൂമിയുമായി എന്തുബന്ധം? തിരുവനന്തപുരത്തെയും ഡല്‍ഹിയിലെയും സര്‍ക്കാരിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിലെയും വിവരങ്ങള്‍ ഒരേസമയം ഒരു വാര്‍ത്തയില്‍ ദൃക്സാക്ഷിയെപ്പോലെ വിശദീകരിക്കാന്‍ ഏത് മാന്ത്രികവിദ്യയാണ് ഈ ലേഖകന് കൂട്ടാകുന്നത്? വരദാചാരിയുടെ തലപരിശോധന, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ വ്യാജ വാര്‍ത്തകളുടെ തുടര്‍ച്ചയല്ലെങ്കില്‍ മറ്റെന്താണിത്?

ലാവലിന്‍ കേസ് വച്ച് കേരളത്തിലെ പാര്‍ടിയെ തകര്‍ക്കാമെന്ന് ധരിച്ചുവശായി അസാധാരണമായ ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട പത്രമാണ് മാതൃഭൂമി. സിപിഐ എമ്മിനെതിരെ ഇന്ന് കേരളത്തില്‍ നടക്കുന്ന നുണപ്രചാരണത്തിന്റെ മൂലസ്ഥാനത്ത് മാതൃഭൂമിയുമുണ്ട്. ഒരുഭാഗത്ത് മാതൃഭൂമിയുടെ തലവന്‍ നാടാകെ നടന്ന് അശ്ളീലസമാനമായ അധിക്ഷേപപ്രസംഗം വിസര്‍ജിക്കുന്നു. യൂത്തുകോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റിന്റെ നിലവാരത്തിലും താഴെയാണ് മുന്‍ സോഷ്യലിസ്റ്റു കൂടിയായ എം പി വീരേന്ദ്രകുമാറിന്റെ ഭാഷയും പ്രസംഗവും ഇന്ന്. കോഴിക്കോട് സീറ്റ് കിട്ടാഞ്ഞതിലുള്ള പച്ചപ്പക ഒരുമനുഷ്യനെ എത്രമാത്രമാണ് അധഃപതിപ്പിച്ചത് എന്നുനോക്കുക. ആ പക, സിപിഐ എമ്മിനെതിരായ ഇത്തരം അസംബന്ധവാര്‍ത്തകളുടെ മൊത്തവ്യാപാരമായി മാറുമ്പോള്‍, മാതൃഭൂമി എന്ന പത്രത്തിന്റെ രാഷ്ട്രീയനിലപാടു മാത്രമല്ല, വാര്‍ത്താ പത്രം എന്ന നിലയിലുള്ള അസ്തിത്വംതന്നെയാണ് അപഹാസ്യമാംവിധം താണുപോകുന്നത്. ഒരുപത്രപ്രവര്‍ത്തകനും അനുകരിക്കാനാകാത്ത ഒന്നായി ആ പത്രം മാറിയിരിക്കുന്നു. മഞ്ഞപ്പത്രത്തിന്റെപോലും അടുത്തുനില്‍ക്കാനാകാത്ത താഴ്ചയാണത്. ആത്മാഭിമാനം പത്രപ്രവര്‍ത്തകരുടെ വിഷയമല്ലെന്നു കരുതുന്നവര്‍ മാതൃഭൂമി കെട്ടിപ്പടുത്തവരുടെ കുടുംബങ്ങളിലും ആധിപത്യം നേടിയോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ പ്രതികരണങ്ങള്‍ ഇതിനകം വന്നേനെ.

സിപിഐ എമ്മിനെ നന്നാക്കാനുള്ള ജോലി സ്വയം മാതൃഭൂമി ഏറ്റെടുത്തിട്ടുണ്ടാകാം. അതില്‍ ആരും പരിഭവപ്പെടുന്നതു കണ്ടില്ല. എന്നാല്‍, സിപിഐ എമ്മിനെതിരെ നുണമാത്രമേ പറയൂ എന്ന് ഒരു പത്രം ശപഥംചെയ്ത് മുന്നോട്ടുപോകുമ്പോള്‍, അതാ കള്ളന്മാര്‍ പോകുന്നു എന്ന് വിളിച്ചുപറയാനുള്ള അവകാശം സിപിഐ എമ്മിനെ സ്നേഹിക്കുന്ന ആര്‍ക്കുമുണ്ട്. മുതലാളിയുടെ തരവഴിക്കൊത്ത് ബുദ്ധിയും അഭിമാനവും പണയംവച്ച പത്രാധിപന്മാരും എന്തും വഴങ്ങുന്ന പത്രക്കടലാസുമാണ് ഈ നാടിന്റെ പൊതുബോധത്തെ നിയന്ത്രിക്കുന്നത് എന്ന് ഗീബല്‍സിനെ നിനച്ച് മാതൃഭൂമിക്ക് അവകാശപ്പെടാമെങ്കിലും അത്തരം ഗീബല്‍സിയന്‍തന്ത്രങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ച ചരിത്രമാണ് ലോകത്തിന്റേതെന്ന വസ്തുത പെട്ടെന്ന് മാച്ചുകളയാവുന്നതല്ല. സിപിഐ എമ്മില്‍ പുതിയ 'സമവാക്യം' വരണമെന്ന് വീരേന്ദ്രകുമാറിന് മോഹിക്കാം; ആ മോഹം സഫലീകരിക്കാനുള്ള പടുപണിക്ക് സ്വന്തം പത്രത്തെ ഉപയോഗിക്കുകയും ലേഖകന്മാരെക്കൊണ്ട് ചുമടെടുപ്പിക്കുകയുമാകാം. പക്ഷേ, തങ്ങള്‍ മഹത്തായ വര്‍ത്തമാനപത്രമാണ് എന്ന അഹങ്കാരവും അതിന്റെ ചെലവിലുള്ള ഞെളിഞ്ഞുനടപ്പും ഇനിയും കൊണ്ടുനടക്കുന്നതില്‍ എന്താണ് സാംഗത്യം? മാതൃഭൂമി വാര്‍ത്തയിലേതുപോലുള്ളതല്ലാത്ത 'സൂചനകള്‍' വച്ചുനോക്കിയാല്‍, ആ പത്രത്തിന്റെ കോപ്പികള്‍ കുറഞ്ഞുവരികയാണ്. ആരെങ്കിലും കാശുകൊടുത്ത് നുണ ശാപ്പിടുമോ? നുണയാണ് ഭക്ഷിക്കുന്നതെന്നു ബോധ്യമായാല്‍ പിന്നെ കാശുകൊടുക്കുമോ?

നടേപറഞ്ഞപോലെ, എങ്ങനെ വാര്‍ത്ത എഴുതരുതെന്നാണ് പഠനമെങ്കില്‍ മാതൃഭൂമിയുടെ വരിക്കാരനാകാം.

7 comments:

manoj pm said...

ആത്മാഭിമാനം പത്രപ്രവര്‍ത്തകരുടെ വിഷയമല്ലെന്നു കരുതുന്നവര്‍ മാതൃഭൂമി കെട്ടിപ്പടുത്തവരുടെ കുടുംബങ്ങളിലും ആധിപത്യം നേടിയോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ പ്രതികരണങ്ങള്‍ ഇതിനകം വന്നേനെ.

jagadees said...

നല്ല പോസ്റ്റ്

പാഞ്ഞിരപാടം............ said...

"ആദ്യവാചകംതന്നെ, വ്യാജപ്രസ്താവനയാണ്. "എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്ബ്യൂറോ യോഗം'' വിളിക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പിബി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്"

ഇതു കലക്കന്‍ !!! സംഘടനാ പ്രശ്നങ്ങള്‍ എന്നു പറയുംബോള്‍ സംഘടനയിലെ അച്ചു-പിണറായി യുദ്ധം അല്ലല്ലൊ, അല്ലെ? ജനറല്‍ സെക്രട്ടറിക്കും ബുദ്ധിയില്ലതായൊ? ഇതിനെല്ലാം കാരണം "ലാവ്ലിന്‍" അല്ലേ അല്ല !!

raman said...

I am an ardent fan of yours. I read almost all your articles in the paper as well as in the blog. Of late your pen has not been spitting enough venom, against your favourite enemies. Come on Manoj, bring out your best tomorrow...

സഹൃദയന്‍ ... said...

ഇതു നോക്കുക

"ആ മലം വാരി സ്വന്തം മുഖത്ത് തേച്ചപ്പോള്‍" എന്ന് ഈ ബ്ലോഗില്‍ കണ്ട ഒരു വാചകം ഓര്‍ത്തു പോയി..

aju said...

CPI(M) വിരുദ്ധ പ്രകടനങ്ങലുടെ പിന്നില്‍ ആര്‍?

http://www.youtube.com/watch?v=c-IcJ3ZS47c

narikunnan said...

nammal ethra paranhitentha
cpm ne thakarkanam ennaoru chinthayumayi mathram nadakunna pathrakar alle thimiram bathicha kannu kondu matonnum ivarkanilla