Wednesday, June 24, 2009

നുണപറയാന്‍ സിബിഐ

ഭസ്മാസുരന് വരംകൊടുത്തതുപോലെ തോന്നുന്നുണ്ടാകും ഇപ്പോള്‍ കോണ്‍ഗ്രസിന്. ഒരു ഇല്ലാക്കേസ് തല്ലിപ്പഴുപ്പിച്ച് പിണറായി വിജയനെ പ്രതിയാക്കാന്‍ നടത്തിയ അഭ്യാസങ്ങള്‍ തിരിഞ്ഞുകുത്തുകയാണ്. ഇന്നത് കാര്‍ത്തികേയന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു. നാളെ ആന്റണിയുടെ കുത്തിന് പിടിക്കും. അടുത്ത ഊഴം കടവൂര്‍ ശിവദാസന്റേതാകും-അപ്പോഴും ആന്റണിക്ക് ഒഴിഞ്ഞുമാറാനാവില്ല. കാര്‍ത്തികേയനെ പ്രതിപ്പട്ടികയിലോ സാക്ഷിപ്പട്ടികയിലോ ചേര്‍ക്കാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ത്തികേയന്റെ മൊഴി കിട്ടാന്‍ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടും സിബിഐ കൊടുത്തില്ല. എസ്എന്‍സി ലാവ്ലിന്‍ കേസ് കെട്ടിപ്പടുക്കണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാക്കണം. പിണറായി വിജയന്‍ മാത്രം പങ്കെടുക്കുന്ന ഗൂഢാലോചന ഉണ്ടാകില്ലല്ലോ. അതുകൊണ്ട് കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പിന്നീട് പങ്കാളിയായി എന്ന വങ്കത്തം എഴുതിവച്ചു. രണ്ടുപേരും ഗൂഢാലോചന നടത്തിയതിനോ അഴിമതി നടത്തിയതിനോ തെളിവൊന്നുമില്ല. പക്ഷേ, കാര്‍ത്തികേയന്‍ പ്രതിയുമല്ല; സാക്ഷിയുമല്ല. തെളിവില്ലെങ്കിലും പിണറായി പ്രതി! സിബിഐ ഈ കേസ് സംബന്ധിച്ച് സ്വന്തം വഴിയില്‍ ഒരു നിയമോപദേശം തേടിയതായി കേട്ടിരുന്നു. ഇതില്‍ കേസില്ല; അന്വേഷണംതന്നെ ഏറ്റെടുക്കേണ്ടതില്ല എന്നാണത്രേ കിട്ടിയ ഉപദേശം. എന്നാല്‍, രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ കേസ് ഏറ്റെടുക്കേണ്ടിവന്നു; അത് തല്ലിപ്പഴുപ്പിക്കേണ്ടിവന്നു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ തെളിഞ്ഞതാണ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തിനുവേണ്ടി ഉണ്ടാക്കിയ കേസാണ് ഇതെന്ന്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ പരിശോധിച്ചു. ആദ്യം നടന്ന നിയമപരിശോധനയാണത്. അഡ്വക്കറ്റ് ജനറല്‍ കണ്ടെത്തിയത്, ഈ കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ്. രണ്ട് മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും കേസിന്റെ നിയമവശങ്ങള്‍ പരിശോധിച്ച്, നിയമസാധുത ഇല്ലാത്തതാണെന്നു കണ്ടെത്തി. എന്നാല്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായ് സിബിഐയുടെ രാഷ്ട്രീയത്തട്ടിപ്പിന് കൈയൊപ്പ് ചാര്‍ത്തുകയാണുണ്ടായത്. അതിന്റെ ബലത്തില്‍ കോടതിയിലെത്തിയ കേസ് പ്രഥമദൃഷ്ട്യാ കുഴപ്പത്തിലാണെന്ന് കോടതിയും കണ്ടെത്തിയിരിക്കുന്നു. എല്ലാ നിയമ പരിശോധനകളിലും അയോഗ്യത കല്‍പ്പിക്കപ്പെട്ടതാണ് സിബിഐയുടെ കേസ്.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ എങ്ങനെ നടപ്പാക്കിയോ അതേ രീതിയിലാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറും നടപ്പാക്കിയത്. കുറ്റ്യാടി കരാര്‍ സമ്പൂര്‍ണമായും യുഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവിടെ ഇല്ലാത്ത അഴിമതി എങ്ങനെ ഇവിടെ എന്ന ലളിതമായ ചോദ്യത്തിനുപോലും ഉത്തരം നല്‍കാനാകാതെയാണ് സിബിഐ ഈ കേസില്‍ കുറ്റപത്രമുണ്ടാക്കിയത്. യജമാനഭക്തിയില്‍ സ്ഥലകാലം മറന്ന് പൊലീസുകാരുടെ വെപ്രാളപ്രകടനം മാത്രമാണ് ഈ കേസിലെ ഇതുവരെയുള്ള നടപടികളെന്ന് പ്രത്യേക കോടതിയുടെ ആദ്യപ്രതികരണത്തില്‍നിന്നുതന്നെ തെളിഞ്ഞിരിക്കുന്നു. കുറ്റപത്രം വായിച്ച് കോടതി പറഞ്ഞത്, പേരുണ്ടെങ്കിലും പ്രതിയാക്കാത്തവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നാണ്. അതിനര്‍ഥം പ്രഥമദൃഷ്ട്യാതന്നെ കുറ്റപത്രം അസംബന്ധമാണ് എന്നാണ്. യഥാര്‍ഥത്തില്‍ ലാവ്ലിന്‍ അഴിമതിയില്ലാത്ത അഴിമതിക്കേസാണ് എന്ന വാദമാണ് ഇവിടെ എല്ലാ അര്‍ഥത്തിലും തെളിയിക്കപ്പെടുന്നത്. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് ഇനി സിപിഐ എമ്മിന് പറയേണ്ടതില്ല. കോടതിതന്നെ അത് വ്യക്തമാക്കിയിരിക്കുന്നു. ഇതേ കാര്യം നേരത്തെ അഡ്വക്കറ്റ് ജനറലും പറഞ്ഞതാണ്.

1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്ക് ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിന് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു.1996 ഫെബ്രുവരിയിലെ ആ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 24.04 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. അത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഒരു ഭരണാധികാരി അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്.

1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ളൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്-അഡ്വക്കറ്റ് ജനറല്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളാണിവ.

പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികളും അത് വാങ്ങുന്നതിനുള്ള വായ്പയും കനഡയില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ളൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു-അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

ഇതിനര്‍ഥം, ഈ കരാറിന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടാകണമെങ്കില്‍ അത് കരാറിന്റെ ശില്‍പ്പിയായ കാര്‍ത്തികേയന്റെ പേരിലാണ് എന്നാണ്. പക്ഷേ, അതൊന്നും നോക്കാനുള്ള സന്മനസ്സ് സിബിഐക്കോ ആ ഏജന്‍സിയെ വിഡ്ഢിവേഷം കെട്ടിച്ചവര്‍ക്കോ ഉണ്ടായില്ല. അതിന്റെ വിലയാണ് ഇനി അവര്‍ ഒടുക്കേണ്ടത്. ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിച്ചത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തണം. അങ്ങനെ സിബിഐ ആരോപിക്കുന്നുപോലുമില്ല.

ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് പത്തിനാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തുതന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതും തുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐതന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചന നിയമപരമായി നിലനില്‍ക്കില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ഇതെല്ലാം എജി പറഞ്ഞിട്ടും അത് തള്ളിയ ഗവര്‍ണര്‍ക്കും കോടതിയുടെ ഇടപെടലോടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. കേസിന്റെ ഗതി മാറിയിരിക്കുന്നു. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കുമ്പോള്‍ അന്ന് സര്‍ക്കാരിനെ നയിച്ച ആന്റണിയെ മാറ്റിനിര്‍ത്താനാവില്ല. മലബാര്‍ ക്യാന്‍സര്‍സെന്ററിന് ലഭിക്കുമായിരുന്ന പണം വാങ്ങിയെടുക്കാതിരുന്നതാണ് ഈ കേസിലെ യഥാര്‍ഥ പ്രശ്നം. ധാരണാപത്രം അസാധുവാക്കിയവരും സഹായവാഗ്ദാനവുമായി വന്നവരോട് മിനിമം മര്യാദ കാണിക്കാതെ തട്ടിയകറ്റിയവരുമെല്ലാം ഇനി നിയമത്തിനുമുന്നില്‍ വരേണ്ടതുണ്ട്. ലാവ്ലിന്‍ കേസ് രാഷ്ട്രീയമാണെന്ന ശരിയായ വിലയിരുത്തലില്‍ എല്ലാവരും എത്താന്‍ ഇനി അധികം സമയം വേണ്ടതില്ല എന്നര്‍ഥം. കുറച്ചുകാലം കോണ്‍ഗ്രസ് കെട്ടി വലിക്കട്ടെ സ്വയംകൃതാനര്‍ഥം.

6 comments:

manoj pm said...

കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കുമ്പോള്‍ അന്ന് സര്‍ക്കാരിനെ നയിച്ച ആന്റണിയെ മാറ്റിനിര്‍ത്താനാവില്ല. മലബാര്‍ ക്യാന്‍സര്‍സെന്ററിന് ലഭിക്കുമായിരുന്ന പണം വാങ്ങിയെടുക്കാതിരുന്നതാണ് ഈ കേസിലെ യഥാര്‍ഥ പ്രശ്നം. ധാരണാപത്രം അസാധുവാക്കിയവരും സഹായവാഗ്ദാനവുമായി വന്നവരോട് മിനിമം മര്യാദ കാണിക്കാതെ തട്ടിയകറ്റിയവരുമെല്ലാം ഇനി നിയമത്തിനുമുന്നില്‍ വരേണ്ടതുണ്ട്. ലാവ്ലിന്‍ കേസ് രാഷ്ട്രീയമാണെന്ന ശരിയായ വിലയിരുത്തലില്‍ എല്ലാവരും എത്താന്‍ ഇനി അധികം സമയം വേണ്ടതില്ല എന്നര്‍ഥം.

ജിവി/JiVi said...

തലക്കെട്ട് കലക്കി. പലതവണ വിശദീകരിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയേണ്ടിവരുന്നു, അല്ലേ? ഇന്നലെയും ഇവിടെ ഒരു റേഡിയോയില്‍ വാര്‍ത്ത പറയുന്നത്കേട്ടു: സംസ്ഥാന സര്‍ക്കാരിനു 374 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസെന്ന്. എന്തായാലും നുണ പറയാന്‍ മാധ്യമങ്ങള്‍ക്കുള്ളത്ര സ്വാതന്ത്ര്യം(അതോ പരിമിതിയോ) സി ബി ഐക്കില്ല. അത്രയും നല്ലത്

ജനശക്തി said...

നന്നായി ഇത് പോസ്റ്റ് ചെയ്തത്.

പാവപ്പെട്ടവൻ said...

അഭിവാദ്യങ്ങള്‍

മൂലധനം (Das capital) said...

താങ്കൾ എന്തൊക്കെയോ പറയുന്നു. താങ്കൾ പ്രയുന്നതിനൊന്നും തെളിവുകളില്ല. എന്നാൽ സി.ആർ.നീലകണ്ഠൻ ഒരു പുസ്തകമെഴുതി അതിൽ പറയുന്നതൊക്കെ തെളിവു സഹിതം.ഒന്നു വായിക്കൂ.എന്റെ ബ്ലോഗിൽ ഞാനതിന്റെ കവർ പേജ്ജും പരസ്യവും കൊടുത്തിട്ടുണ്ട്.

മൂലധനം (Das capital) said...

ഇതാ ബ്ലോഗ് ഉയ്.ആർ.എൽ site-insight.blogspot.com