Friday, April 10, 2009

നന്ദി ആരോട് ചൊല്ലേണ്ടു?

നന്ദിവേണം, നന്ദി എന്നാണ് ഏ കെ ആന്റണി പറയുന്നത്. ആര്‍ക്ക്? എന്തിന്? കേന്ദ്രം കേരളത്തിന് നല്‍കിയ വിഹിതത്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും കേരളീയര്‍ എന്തിന് നന്ദി പറയണം? കേന്ദ്രത്തിന്റെ പണം കോണ്‍ഗ്രസിന്റെ തറവാട്ടു സ്വത്തോ?

ആന്റണി കേരളീയരില്‍നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന ദേഹമാണോ? കേരള നിയമസഭയുടെ പ്രതിനിധിയായല്ലേ അദ്ദേഹം രാജ്യസഭയിലെത്തിയത്? കേരളത്തില്‍നിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയോടെയല്ലേ മന്‍മോഹന്‍സിങ്ങ് നാലരക്കൊല്ലം ഭരിച്ചത്? ആ കേരളം എന്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും നന്ദി പറയണം?

തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാടിന് അവിടത്തെ സഖ്യകക്ഷികളെ പ്രീണിപ്പിക്കാന്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗംതനെയാണോ എന്ന് തോന്നുമാറ് അവഗണിച്ച പാരമ്പര്യമാണ് ആന്റണിയുടെ സര്‍ക്കാരിന്. റെയില്‍വെ അവഗണനയ്ക്കെതിരെ കേരളത്തിന് ഒറ്റക്കെട്ടായി സമരം ചെയ്യേണ്ടിവന്നത് ഓര്‍മ്മയില്ലേ? റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ചത് യുപിഎ സര്‍ക്കാരല്ലേ?

കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചോ?2008 മാര്‍ച്ചിലും ഏപ്രിലിലും ഉണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ടണ്‍ നെല്ലും കുരുമുളകും നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. കേരളത്തിന് മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം ലഭിക്കേണ്ട ധനസഹായം 214 കോടി 88 ലക്ഷം രൂപ. വൈകി വന്ന കേന്ദ്ര സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ ഒതുങ്ങി. ഒരു ചില്ലിക്കാശും കേരളത്തിന് കിട്ടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തു.-നല്‍കിയത് 50.81 കോടി രൂപമാത്രം. 9.2 കോടി രൂപ രണ്ടാമതൊരു ഗഡുനല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല!2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വീണ്ടും കുറവു വരുത്തി. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ട്. ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിച്ചു.

അവഗണയുടെ കണക്ക് ഇവിടെയും ഒടുങ്ങുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ പഠനം പറയുന്നത് ഓരോ ഇനത്തിലും കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നó പണം ഒരു പൌരന് ശരാശരി 1963 രൂപയാണെന്നാണ്. കേരളത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 1686 രൂപ മാത്രം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 7.83 ലക്ഷം കോടി രൂപ മുടക്കുമ്പോള്‍ കേരളത്തില്‍ð മുടക്കുന്നത് 19,000 കോടിമാത്രം.വെറും 2.43 ശതമാനം. രണ്ടു— ശതമാനത്തില്‍ð താഴെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് കേരളത്തിനു കിട്ടുന്നത്്. കേരളത്തിനു പ്രഖ്യാപിക്കുന്നó പാക്കേജുകള്‍ക്ക് ഗ്രാന്റായി പണമില്ല!

ഇപ്പോള്‍ നമുക്ക് ചോദിക്കാം-പ്രിയപ്പെട്ട ആന്റണി, നന്ദികേടിന് ആരെങ്കിലും നന്ദി പറയുമോ?അതല്ല, ആന്റണിയും വയലാര്‍ രവിയുമടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ നിരന്നുനിന്ന് കേരളത്തോട് മാപ്പുപറയണോ? പിന്തുണയും പറ്റി പറ്റിച്ചതിന്? ഭരണഘടനയെപ്പോലും അവഗണിച്ച് അവഗണന കാട്ടിയതിന്?ആന്റണിക്ക് നന്ദി പറയേണ്ടിവരും-മനോരമയോടും മാതൃഭൂമിയോടും. മനോരമ ഏറ്റവുമൊടുവില്‍ അവതരിച്ചത് ഒരു സര്‍വേയുമായാണ്. കേരളത്തില്‍ എല്‍ഡിഎഫിന് അഞ്ചുസീറ്റിന്റേ ഔദാര്യമേയുള്ളൂ ആ സര്‍വേയില്‍. ബാക്കി മുഴുവനും യുഡിഎഫിനാണത്രെ! 2004ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പു നടന്നിരുന്നു. കോണ്‍ഗ്രസിനുവേണ്ടി അന്ന് ഒരു സര്‍വേയും നടത്തി.കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടും എന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്-അതായത് അന്ന് യുഡിഎഫിന് പതിനൊന്നും എല്‍ഡിഎഫിന് ഒന്‍പതും എംപിമാരായിരുന്നു. കോണ്‍ഗ്രസിന് എട്ട്. അതില്‍നിന്ന് യുഡിഎഫ് മേലോട് പോകുമെന്നാണ് സര്‍വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ യുഡിഎഫിന് ഒന്ന്; കോണ്‍ഗ്രസിന് വട്ടപ്പൂജ്യം. സര്‍വേ എന്നത് വിടുപണിയാകുമ്പോള്‍ ഫലം എന്തായാലും കുഴപ്പമില്ലല്ലോ.അതൊക്കെ സഹിക്കാം. മനോരമയല്ലേ. നമ്മുടെ വീരഭൂമി വേറെ ഇറങ്ങിയിട്ടുണ്ട്. വീരന്റെ ഒരു റിട്ടയേഡ് ശിങ്കം എഴുതിയിരിക്കുന്നു സോണിയാ മാഡത്തെ കാണുമ്പോള്‍ ഇന്ദിരാജിയെ നിനച്ചുപോകുന്നുവെന്ന്. ആവേശം ഇളക്കിമറിച്ചുകൊണ്ടാണ് മാഡം കടന്നുപോയതെന്ന്. ശശി തരൂര്‍ പൊറുക്കട്ടെ. ഇറ്റലിക്കാരന്‍ കോണ്‍ട്രാക്ടറുടെയും വിവാഹ സര്‍ടിഫിക്കറ്റിന്റെ ബലത്തെയും ശവക്കച്ചയെയുമെല്ലാം നമുക്ക് മറക്കാം. രാജ് മോഹന്‍ ഉണ്ണിത്താന്റെ കാര്യമെങ്കിലും ഓര്‍ക്കേണ്ടേ? സീറ്റുകിട്ടാത്തതില്‍ പരിഭവിച്ച് പതുങ്ങിയിരിപ്പാണെങ്കിലും ആ ഉണ്ണിത്താനെയാണ് ഇങ്ങനെ ഹെലിക്കോപ്ടറില്‍ കയറ്റി വടകരയിലുംകോട്ടയത്തുമെല്ലാം ഇറക്കിയതെങ്കിലോ? സോണിയക്കുതന്നെ അറിയാം അവരുടെ പരിമിതി. വീരഭൂമിക്ക് അതറിയില്ല പോലും!

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിഷമിക്കുന്നുവെന്നും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്ര കാപട്യത്തോടെയാണ് നേരിടുന്നതെന്നും വ്യക്തമാക്കുന്നതാണ് ആ പാര്‍ടിയുടെ പരമോന്നത നേതാവായ സോണിയ കേരളത്തില്‍ വന്നു നടത്തിയ പ്രചാരണ പ്രസംഗങ്ങള്‍. സോണിയ ഗാന്ധിക്കുമേലെ കോണ്‍ഗ്രസിന് നേതാക്കളില്ല. അവരുടേതാണ് അവസാന വാക്ക്. ആ 'അവസാന വാക്കുകള്‍' സാമാന്യബുദ്ധിയുള്ള ആരിലും പരിഹാസമാണ് ഉണര്‍ത്തിയത് എന്നുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തം അതിന്റെ അങ്ങേത്തലയിലെത്തിയതായാണ് മനസ്സിലാക്കേണ്ടത്്.

അമേരിക്കയുമായുള്ള ആണവ സഹകരണ കരാറാണ് ഏറ്റവും വലിയ നേട്ടമെന്ന് പറയുക മാത്രമല്ല, ആ കരാര്‍ നടപ്പാക്കിക്കിട്ടാന്‍ സര്‍ക്കാരിന്റെ ഭാവിപോലും പ്രശ്നമല്ലെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്. ആണവകരാറിന്റെ പേരിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ഇടതുപക്ഷം അക്കാര്യം തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ പ്രശ്നമായി ഉന്നയിക്കുന്നു. എന്നാല്‍, ഇടതുപക്ഷം മുഖ്യ എതിരാളിയായി മത്സരിക്കുന്ന കേരളത്തില്‍ വന്ന കോണ്‍ഗ്രസ് അധ്യക്ഷ ആണവകരാറിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇന്ത്യയുടെ വിദേശനയം യുപിഎ സര്‍ക്കാര്‍ നാണംകെട്ടരീതിയില്‍ മാറ്റിമറിക്കുകയാണെന്നും അമേരിക്കന്‍ വിധേയത്വവും ഇസ്രയേലി സഹകരണവും അപകടകരമായ കളിയാണെന്നുമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തിനും മറുപടിയുണ്ടായില്ല. എന്തിന്, യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന, ഇസ്രയേലി മിസൈല്‍ ഇടപാടിലെ 900 കോടി രൂപയുടെ അഴിമതി ആരോപണത്തിന് മറുപടിപറയാനുള്ള ശേഷിയും സോണിയ ഗാന്ധിക്കുണ്ടായില്ല.

കോണ്‍ഗ്രസിന്റെ വികലവും വികൃതവുമായ മുഖം മറച്ചുവയ്ക്കാന്‍ അവാസ്തവങ്ങളും അസംബന്ധങ്ങളും ചേര്‍ത്ത് വിലകുറഞ്ഞ ആക്രമണത്തിനാണ് സോണിയ ഒരുങ്ങിയതെന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണാനാവില്ല. കേരളത്തിന് ധനസഹായമായി 40,000 കോടി രൂപ നല്‍കിയെന്നാണ് ഇടതുപക്ഷത്തിനെതിരായ ആക്രമണമെന്ന നിലയില്‍ സോണിയ പറഞ്ഞ ഒരുകാര്യം. എവിടെ, എപ്പോള്‍, എങ്ങനെ, ഏത് ഇനത്തില്‍ ഈ ധനസഹായം നല്‍കി എന്നതിന്റെ സൂചനപോലുമില്ലാതെ ഒരാരോപണം! ഇന്ത്യയില്‍ ആകെ 3.8 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ നിക്ഷേപം. അതിന്റെ 2.4 ശതമാനം മാത്രമായ 19,000 കോടിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനമുള്ള കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കാനുള്ള ശക്തമായ ആവശ്യങ്ങളും സമ്മര്‍ദങ്ങളും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷപദവിയിലാണ് സോണിയ ഇരിക്കുന്നത്. അത്തരത്തിലൊരാള്‍, വസ്തുതകള്‍ പരിശോധിക്കാതെ വലിയൊരുതുകയുടെ കണക്കുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആശാസ്യമായ പ്രവണതയല്ല.

കേരളത്തില്‍ ഭരണസ്തംഭനമെന്ന ആരോപണം ഉന്നയിക്കുന്നതിനുമുമ്പ്, സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എങ്ങനെ നടക്കുന്നുണ്ടെന്ന് ചോദിച്ച് മനസ്സിലാക്കാനുള്ള അവധാനതപോലും സോണിയ കാണിക്കാത്തത് ഖേദകരംതന്നെയാണ്. കേന്ദ്ര വിഹിതമായി ലഭിച്ച പണം ചെലവഴിച്ചതില്‍ എല്‍ഡിഎഫ് ഭരണം യുഡിഎഫ് ഭരിച്ച കാലത്തേക്കാള്‍ ഏറെ മുന്നിലാണ്. വിഹിതമായി അനുവദിക്കുന്നതിന്റെ 78 ശതമാനം ചെലവഴിച്ചു. യുഡിഎഫിന്റെ കാലത്ത് 68 ശതമാനമായിരുന്നു. പ്രോജക്ട് അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ യുഡിഎഫ് ഭരണകാലത്ത് 38 ശതമാനമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 55 ശതമാനം ചെലവഴിച്ചു. എന്നിട്ടും കേരളത്തില്‍ സ്തംഭനമാണെന്ന വിവരം എവിടെനിന്ന് കിട്ടി?

കേരളത്തിന് പ്രത്യേകം നല്‍കിയതായി സോണിയ പറഞ്ഞ കാര്യങ്ങളൊന്നുംതന്നെ കോണ്‍ഗ്രസിന്റെ ഔദാര്യമല്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി യുപിഎ സര്‍ക്കാരിന് അനുവദിക്കേണ്ടിവന്നവയാണ് പലതും. നാലരക്കൊല്ലം കേരളത്തിലെ ഇരുപത് എംപിമാരുടെയും പിന്തുണ വാങ്ങി ഭരണം നടത്തിയ കോണ്‍ഗ്രസ്, ഈ സംസ്ഥാനത്തോടുകാണിച്ച നന്ദികേടിന്റെ കണക്കാണ് ജനങ്ങള്‍ക്കറിയേണ്ടത്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് സോണിയ പറയുന്നു-സ്വന്തം പാര്‍ടി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍പോലും കേരളത്തിലെ നിയമസമാധാന നിലയെ പ്രകീര്‍ത്തിച്ചിരിക്കെ, അഖിലേന്ത്യാ ശരാശരിയില്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഏറ്റവും മുന്നിലാണെന്നിരിക്കെ എവിടെനിന്നു കിട്ടി സോണിയക്ക് ഈ വിവരം? ഉറച്ച സര്‍ക്കാര്‍, മതേതരത്വം തുടങ്ങിയ പതിവുപല്ലവികളില്‍കവിഞ്ഞ് കോണ്‍ഗ്രസ് നാടിന് കഴിഞ്ഞ അഞ്ചുകൊല്ലം എന്തുചെയ്തു എന്നോ, ഇനി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നോ ഉള്ള വ്യക്തമായ ഒരുവാചകവും സോണിയയില്‍നിന്നു കേട്ടില്ല. പകരം ഭീകരരെ തങ്ങള്‍ നേരിട്ടുവെന്നാണ് പറഞ്ഞത്.

മുംബൈയില്‍ ഒരു പ്രയാസവുമില്ലാതെ കൊലയാളിസംഘത്തിന് കടന്നുവരാനും ദിവസങ്ങളോളം ആയുധശേഖരവുമായി തങ്ങാനുമുള്ള അവസരമുണ്ടാക്കിയതാണോ ഭീകരവിരുദ്ധ നടപടി? മൂന്നുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകരാക്രമണത്തിനു കാരണം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഭരണം രാജ്യസുരക്ഷ ഉറപ്പാക്കിയതാണോ? യുപിഎ ഭരണത്തിന്റെ ഇതുവരെയുള്ള നാളുകളില്‍, രാജ്യത്ത് അന്‍പതോളം വന്‍ സ്ഫോടനം നടന്നെന്നും അതില്‍ നൂറുകണക്കിനാളുകള്‍ മരിച്ചെന്നുമുള്ള യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയുന്നതാണോ?

ഉറച്ച ഭരണത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്ന സോണിയക്ക്, ബിജെപിയുമായി കൂട്ടുചേര്‍ന്നും, രാജീവ് ഗാന്ധിയുടെ വീട്ടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന് തൊടുന്യായം പറഞ്ഞുമെല്ലാം സര്‍ക്കാരുകളെ അട്ടിമറിച്ച കോണ്‍ഗ്രസിന്റെ ചരിത്രം അറിയില്ലെന്നുണ്ടോ? ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഇ എം എസ് ഗവണ്‍മെന്റിനെ ജനാധിപത്യതത്വങ്ങളെ കശാപ്പുചെയ്ത് പിരിച്ചുവിട്ട കോണ്‍ഗ്രസിന് 'ഉറച്ച ഭരണ'ത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ നോട്ടുകെട്ടുകളുടെ കനംകൊണ്ട് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഉറച്ച ഭരണത്തിന്റെ ലക്ഷണം? പ്രധാനമന്ത്രി വിമര്‍ശനം നേരിടേണ്ടിവരുന്നതിനെ വൈകാരികമായി അവതരിപ്പിക്കുന്ന സോണിയ, അതേ മന്‍മോഹന്‍ സിങ്ങാണ്, വാഷിങ്ടണില്‍ ചെന്ന് ഇന്ത്യക്കാകെ അപമാനമുണ്ടാക്കുംവിധം ജോര്‍ജ് ബുഷിനെ സ്തുതിച്ചതെന്ന് മറന്നുപോകുന്നു. ഫലത്തില്‍, സോണിയയുടെ പര്യടനം കേരളത്തിലെ യുഡിഎഫിന് ഗുണമുണ്ടാക്കുകയല്ല, ആ മുന്നണിയുടെയും അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെയും തനിനിറം കൂടുതല്‍ വ്യക്തമാക്കുക എന്ന ധര്‍മം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇതൊന്നും വീരഭൂമി കാണില്ല; മനോരമ എഴുതില്ല. പക്ഷേ ജനങ്ങള്‍ മനസ്സിലാക്കാതെ പോകുമോ? കേരളീയര്‍ നന്ദികാണിക്കാന്‍ ഉറച്ചങ്ങ് തീരുമാനിച്ചാല്‍ ആന്റണിയുടെ പാര്‍ട്ടി എവിടെച്ചെന്ന് നില്‍ക്കും?

3 comments:

manoj pm said...

കേരളീയര്‍ നന്ദികാണിക്കാന്‍ ഉറച്ചങ്ങ് തീരുമാനിച്ചാല്‍ ആന്റണിയുടെ പാര്‍ട്ടി എവിടെച്ചെന്ന് നില്‍ക്കും?

binu said...

"തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാടിന് അവിടത്തെ സഖ്യകക്ഷികളെ പ്രീണിപ്പിക്കാന്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗംതനെയാണോ എന്ന് തോന്നുമാറ് അവഗണിച്ച പാരമ്പര്യമാണ് ആന്റണിയുടെ സര്‍ക്കാരിന്"
But you don't forget that this was a government which was totally dependant on Left's support for survival. And 19 of the MPs supporting this govt was LDF MPs from Kerala.What they were doing to get what is due for Kerala. Answer is very simple. While the priority for the MPs from Tamilnadu was best interests of their state our MPs had unfortunately other priorities. What right you got to criticize others when your own people miserably failed in their task?

ജനശക്തി said...

എല്ലാ സംസ്ഥാനങ്ങളെയും പക്ഷപാതമോ ശത്രുതയോ ഇല്ലാതെ പരിഗണിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു ബാധ്യതയുണ്ട്.