Tuesday, April 14, 2009

ഇനിയും ചീഞ്ഞാല്‍

പലതും പ്രതീക്ഷിക്കണമെന്ന് നേരത്തെ എഴുതുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇതിലും വലുതെന്തോ കരുതിവെച്ചിട്ടുണ്ടെന്നാണ് നിരുപിച്ചത്. ഇന്നത്തെ മാതൃഭൂമി വന്‍കിട ലീഡും മനോരമ സാദാ ലീഡുമായി കൊടുത്ത വാര്‍ത്ത ശ്രദ്ധിച്ചില്ലേ-എല്‍ഡിഎഫിനെതിരെ വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് പൊട്ടിക്കാന്‍ വെച്ച വിഷുപ്പടക്കമാണ് ഇക്കാണുന്നത്.

സുപ്രിം കോടതിയില്‍ ഒരു സ്പെഷല്‍ ലീവ് പെറ്റീഷന്‍ കൊടുപ്പിച്ച് വാര്‍ത്തയാക്കാനാണ് ആദ്യം ശ്രമം നടന്നത്. അത് ഫലിച്ചില്ല. ഒന്നുകില്‍ ഏറ്റവും മുകളില്‍-അല്ലെങ്കില്‍ ഏറ്റവും താഴെ-അതാണ് ചിലരുടെ ശീലം. സുപ്രിംകോടതിയില്‍ നടക്കാതെപോയത് മജിസ്ട്ട്ര്േ കോടതിയില്‍ നടത്തിച്ചുളഞ്ഞു. ഇത്തരം ഒരു കടലാസ് കൊടുത്താല്‍ ഏതുമജിസ്ടേട്ടിനും അത് പരിശോധിക്കണമെന്ന് പറഞ്ഞ് പൊലീസിന് വിടാം. വിജിലന്‍സും സിബിഐയും അന്വേഷിച്ചതും ഹൈക്കോടതി പലവട്ടം പരിഗണിച്ചതുമായ ഒരുപ്രശ്നത്തില്‍ തമ്പാനൂര്‍ പൊലീസിനും വഞ്ചിയൂരെ മജിസ്ടേട്ടിനും നെയ്യാറ്റിന്‍കരയിലെ വക്കീലിനും എന്ത് കാര്യം എന്നുമാത്രം ചോദിക്കരുത്.

യുഡിഎഫിന് തെരഞ്ഞെടുപ്പുവിഷയമുണ്ടാക്കാന്‍, അത്തരം ചീഞ്ഞകളിക്ക് നേതൃത്വം നല്‍കുന്ന വീരനെയും ചെന്നിത്തലയേയും പോലുള്ളവരുണ്ടായാല്‍ ഇതൊക്കെ സംഭവിക്കും .ഇന്നലെ സുപ്രിം കോടതി നടത്തിയ ഇടപെടല്‍ കണ്ടില്ലേ. ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

രാജ്യത്തെ മററുപല സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളും അതിക്രമങ്ങളും സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും അരങ്ങേറുമ്പോള്‍, കേരളം അവയില്‍നിന്നെല്ലാം വിട്ടുനില്‍ക്കുന്നുവെന്നത് ഓരോ മലയാളിയും അഭിമാനിക്കുന്ന കാര്യമാണ്. ക്രമസമാധാനത്തിലെ കേരളത്തിന്റെ ഔന്നത്യം കേന്ദ്രസര്‍ക്കാരും മാധ്യമസര്‍വെകളും അംഗീകരിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുന്ന യുഡിഎഫിനുവരെ, ക്രമസമാധാനത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ ഒരക്ഷരം ഉരിയാടാനാകുന്നില്ലെന്നത്, ഇന്നാട്ടിലെ ജനങ്ങളുടെ സ്വൈരജീവിതം ആര്‍ക്കും നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമായതുകൊണ്ടാണ്. ഇത്തരമൊരവസ്ഥ നിലനില്‍ക്കുന്ന കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു എന്ന് ഒരുദിവസം ഒരു ഹൈക്കോടതി ജഡ്ജി പ്രഖ്യാപിച്ചത്, കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളറിയാവുന്നവരെ മാത്രമല്ല, നീതിപീഠത്തിന്റെ വിശ്വാസ്യത പുലര്‍ന്നുകാണണമെന്ന് ആശിക്കുന്നവരെയാകെയാണ് ഞെട്ടിച്ചത് .

കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല എന്ന് നിയമത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും പ്രാഥമിക ബോധമുള്ളവരാകെ അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. നീതിപീഠം പരിധി ലംഘിച്ചുനടത്തിയ ആ അനാവശ്യ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാകെ ഇന്ന് സുപ്രിം കോടതി ശരിവെച്ചിരിക്കുന്നു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന ജസ്റ്റിസ് കെ രാംകുമാറിന്റെ പരാമര്‍ശം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് സ്റ്റേ ചെയ്തതിലൂടെ, സംസ്ഥാന ഗവര്‍മെന്റിന്റെ നിലപാടുകള്‍ക്ക് പരമോന്നത നീതിപീഠത്തിന്റെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് വസ്തുതകള്‍ പരിശോധിക്കാതെയാണ് ജസ്റ്റിസ് രാംകുമാര്‍ നിഗമനത്തിലെത്തിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് സുപ്രിം കോടതിയില്‍ ബോധിപ്പിച്ചത്.

മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതികള്‍ നിഗമനത്തിലെത്തുക. അത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ജഡ്ജിമാര്‍ ചോദ്യങ്ങളുന്നയികുന്നത് പതിവാണ്. ഇവിടെ, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയിലാണ് സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് ആധികാരികമെന്ന ഭാവേനയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. അതാകട്ടെ, ക്രമസമാധാനപാലനത്തില്‍ സ്തുത്യര്‍ഹമായ നേട്ടമുണ്ടാക്കിയ സംസ്ഥാന ഗവര്‍മെന്റിനെ താഴ്ത്തിക്കെട്ടുന്നതുമായിരുന്നു. ആ പരാമര്‍ശം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനുള്ള ആയുധമായി പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നതാണ് പിന്നീട് കണ്ടത്.കേരളത്തില്‍ സ്വന്ത്രവും നീതിപൂര്‍വകവുമായ തെരഞെടുപ്പ് നടക്കാനിടയില്ലെന്ന് സമര്‍ത്ഥിക്കാന്‍ പോലും ഹൈക്കോടതി ജഡ്ജിയുടെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ഉദ്ധരിക്കുന്ന നിലയുണ്ടായി. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ് എന്ന് അന്നുതന്നെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായംപോലും കേള്‍ക്കാതെ, അധികാരപരിധി വിട്ടതും ഏകപക്ഷീയവും പരിഗണിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തതുമായ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് രാംകകുമാറില്‍നിന് മുമ്പും ഉണ്ടായിട്ടുണ്ട്.

ഉന്നതനീതിപീഠത്തിന് ചേരാത്ത, വെളിപാടുകളുടെ രീതിയെക്കുറിച്ച് കേരളത്തില്‍ ശക്തമായ പ്രതിഷേധവും ഇയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ ക്രമസമാധാനം പുലരാന്‍ പട്ടാളത്തെ വിളിക്കണമെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ഒരു ജാമ്യാപേക്ഷ പരിഗണിക്കവെ ഈ ജഡ്ജി നിര്‍ദേശിച്ചു. അതിലൂടെ സ്വന്തം അധികാരപരിധിയും ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ക്രമസമാധാനച്ചുമതലയും കണക്കിലെടുക്കാതെ പ്രശ്നം കേന്ദ്രസര്‍ക്കാരിനു മുമ്പിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുകയാണുചെയ്തത്. കേന്ദ്രത്തെ സമീപിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവില്ലാതെ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ല. അത് ചൂണ്ടിക്കാട്ടി, തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിധിയിലൂടെ ജഡ്ജി പ്രകടിപ്പിച്ചിരിക്കുന്നത് എന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിക്കാതെ തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണതെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു.


രക്തച്ചൊരിച്ചിലില്‍നിന്ന് നേതാക്കള്‍ രക്ഷപ്പെടുന്നെന്നും യഥാര്‍ഥ പ്രതികളല്ല കേസില്‍ അകപ്പെടുന്നതെന്നും പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നെന്നും മറ്റുമുള്ള അടിസ്ഥാനരഹിയവും കല്‍പനാപരവുമായ പരാമര്‍ശങ്ങളുടെ പരിഹാസ്യത പാര്‍ട്ടി നേതൃത്വം തുറന്നു പറഞ്ഞു. അന്നതിനെ കോടതിക്കെതിരായ യുദ്ധമായാണ് യുഡിഎഫ് വ്യാഖ്യാനിചത്. സിപിഐ എം കോടതിയെ വെല്ലുവിളിക്കുന്നുവെന്ന മുറവിളിയുമുയര്‍നനു. ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ പിന്നീട് ഡിവിഷന്‍ ബെഞ്ച് നീക്കിയെങ്കിലും സിപിഐ എമ്മിനെതിരെ ആക്രോശിച്ചവര്‍ പഴയ നിലപാട് മാറ്റിയില്ല. ക്രമസമാധാനത്തെക്കുറിച്ച് ജസ്റ്റിസ് രാംകുമാറില്‍നിന്ന് വീണ്ടും പരാമര്‍ശമുണ്ടായപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിക്കപ്പെട്ടു. അത്തരക്കാര്‍ക്കാണ് സുപ്രിം കോടതി സ്റ്റേ നടപടിയിലൂടെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ലെങ്കിലും കോടതികളെ രാഷ്ട്രീയക്കളിക്കും അപവാദ പ്രചാരണത്തിനും ഉപകരണമാക്കുന്ന ദുരവസ്ഥ അടുത്തകാലത്തായി കേരളത്തില്‍ ബലപ്പെട്ടിട്ടുണ്ട്. വ്യവഹാരപ്രിയരും രാഷ്ട്രീയഉപജാപങ്ങളില്‍ പങ്കാളികളുമായ ചിലര്‍ നിരന്തരം പലതരത്തിലുള്ള ഹര്‍ജികളുമായി വിവിധ കോടതികളെ സമീപിക്കുകയും അത്തരം കേസുകളിലെ സാധാരണ നടപടിക്രമങ്ങള്‍ക്കുപോലും കൃത്രിമപ്രാധാന്യവും ആധികാരികതയും നല്‍കി രാഷ്ട്രീയലക്ഷ്യത്തോടെ പ്രചരിപ്പിക്കയുമാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ മജിസ്ടേട്ടുകോടതി തീരുമാനം. കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്റെ വളച്ചൊടിക്കലുകളിലൂടെ ഏതാനും മാധ്യമങ്ങളും ഈ കളിയില്‍ പങ്കാളിയാകുന്നു. അതിന് മനോരയും മാതൃഭൂമിയും തെളിവ്. നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് ആഘാതമേല്‍പിക്കുന്ന നടപടികളാണിതും. ഇത്തരം കാര്യങ്ങളില്‍ ഗൌരവമയാ ചര്‍ച്ചയും ഇടപെടലും നീതിന്യായ വ്യവസ്ഥയില്‍നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.

6 comments:

ജനശക്തി said...

ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ അഭിപ്രായം ‘ വാചാലമാകാതിരിക്കട്ടെ വിധിപ്രസ്താവനകള്‍’ എന്ന പോസ്റ്റ് കൂടി നോക്കുമല്ലോ.

മനോജിനു വിഷു ആശംസകള്‍

manoj pm said...

ഒന്നുകില്‍ ഏറ്റവും മുകളില്‍-അല്ലെങ്കില്‍ ഏറ്റവും താഴെ-അതാണ് ചിലരുടെ ശീലം. സുപ്രിംകോടതിയില്‍ നടക്കാതെപോയത് മജിസ്ട്ട്ര്േ കോടതിയില്‍ നടത്തിച്ചുളഞ്ഞു. ഇത്തരം ഒരു കടലാസ് കൊടുത്താല്‍ ഏതുമജിസ്ടേട്ടിനും അത് പരിശോധിക്കണമെന്ന് പറഞ്ഞ് പൊലീസിന് വിടാം. വിജിലന്‍സും സിബിഐയും അന്വേഷിച്ചതും ഹൈക്കോടതി പലവട്ടം പരിഗണിച്ചതുമായ ഒരുപ്രശ്നത്തില്‍ തമ്പാനൂര്‍ പൊലീസിനും വഞ്ചിയൂരെ മജിസ്ടേട്ടിനും നെയ്യാറ്റിന്‍കരയിലെ വക്കീലിനും എന്ത് കാര്യം എന്നുമാത്രം ചോദിക്കരുത്.

അല്‍ഭുത കുട്ടി said...

താരതമ്യേന ഇത്തരം വിഷയങ്ങളില്‍ പക്ഷം ചേര്‍ന്ന് അഭിപ്രായ പ്രകടനം നടത്തുകയും , വളരെ പ്രധാനപെട്ട വിഷയങ്ങളില്‍ പല തിരിമറി വിധി പ്രസ്താവങ്ങളും കോടതികളില്‍ ഇപ്പോള്‍ പതിവായിരിക്കുന്നു. ഭരണ കൂടങ്ങളുടെ ചിറി നക്കികളായി കോടതികള്‍ മാറുന്നത് നല്ല കാര്യമല്ല എന്ന് മാത്രമല്ല ജുഡീഷ്വ്വറിയിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാക്കും. താടി വെക്കാന്‍ അനുവാദം ചോദിച്ചു കൊണ്ടുള്ള ഹരജിയിന്മേലുള്‍ല വിധിയില്‍ . താലിബാന്‍ കാര്‍ ഉണ്ടാകുന്നത് തടയാന്‍ താടി വെക്കുന്നത് അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു കോടതി വിധി. താടി വെക്കുന്നവരെല്ലാം താലിബാന്‍ കാരാണ് എന്ന് കോടതി പോലും കാടടച്ച് വെടി വെക്കുമ്പോള്‍ ഇനി മറ്റുള്ളവരെ പറാഞ്ഞിട്ടെന്ത് കാര്യം എന്ന അവസ്ഥയിലെക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

suraj::സൂരജ് said...

ക്രമസമാധാന നില ആകെമൊത്തം ടോട്ടലി കൊളമാണെന്നോ കേരളം വാഴുന്നത് മാഫിയയാണെന്നോ ഇന്ത്യയെ ബാധിച്ച കാന്‍സറാണ് രാഷ്ട്രീയക്കാരന്‍ എന്നോ മുസ്ലീം പയ്യന്‍ താടിവച്ചാല്‍ താലിബാനാവുമെന്നോ ഒക്കെ ചായക്കടച്ചര്‍ച്ചകളില്‍ ആര്‍ക്കും അടിച്ചുവിടാം, കണക്കും നിരത്തണ്ട, രേഖയും കാണിക്കണ്ട, തെളിവുകൊണ്ടു സ്ഥാപിക്കുകയും വേണ്ട. പക്ഷേ ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ അമ്മാതിരി കീച്ചു കീച്ചുമ്പോള്‍ ചുരുങ്ങിയത് അത് contextual ആയിട്ടെങ്കിലുമാവണം, എന്തെങ്കിലും സാധുവായ സംഭവമോ തെളിവോ വേണം. അതല്ലാതെ നീതീപീഠമെന്ന് മുഴത്തിനു മുഴത്തിനു ആവര്‍ത്തിക്കുന്ന ‘പൊന്നാപുരം കോട്ട’യിലിരുന്ന് സുരേഷ് ഗോപി കളിക്കുന്ന ജഡ്ജിമാര്‍ സ്വന്തം നിലവാരമാണ് തറയോളമെത്തിക്കുന്നത്. കേസുകള്‍ പരിഗണിക്കുമ്പോള്‍ സന്ദര്‍ഭവും സ്ഥാനവും മറന്ന് വ്യക്തിപരമായ ചൊറിച്ചിലുകള്‍ തീര്‍ക്കാനും കൈയ്യടി വാങ്ങാനും നടത്തുന്ന ഇത്തരം സിനിമാറ്റിക് ഡയലോഗുകള്‍ പത്രങ്ങളെടുത്ത് വെണ്ടയ്ക്ക നിരത്തുമ്പോള്‍ ഉടന്‍ വരും നവയുഗതമ്പ്രാക്കന്മാരുടെ ചൊറിച്ചില്‍:പത്രപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാത്തതുകൊണ്ടാണത്രെ അവരു കോടതിയെ വിമര്‍ശിക്കുന്നത് എന്ന്.
ചുമ്മാതാണൊ അരുന്ധതി റോയ് പണ്ടീ നാടിനെ Banana Republic എന്നു വിളിച്ചത്!
(അതിനവര്‍ക്ക് ഒരു ദിവസത്തെ തടവുശിക്ഷ നല്‍കി കോടതി !!!)

തഥാഗതന്‍ said...

ഇപ്പോഴാണെനിക്ക് ഒരു പത്രത്തെ “പിതൃശൂന്യൻ/ർ” എന്ന് വിളിക്കാൻ തോന്നുന്നത്

ഇന്നലത്തെ മാതൃഭൂമി പത്രം വരാനായി പടിക്കൽ തന്നെ കാത്തിരിപ്പായിരുന്നു.സുപ്രധാനങ്ങളായ രണ്ട് വിധികൾ വന്നതിന്റെ വാർത്തകൾ വായീക്കാൻ. എന്നാൽ വിശ്വേത്തര പത്രത്തിന്റെ മുൻ പേജിൽ അങ്ങനെ ഒരു വാർത്തയേ ഇല്ല. ഭൂതക്കണ്ണാടി വേണ്ടി വന്നു ആറാമത്തേയോ ഏഴാമാത്തേയൊ പുറത്തുള്ള ഈ ചെറിയ വാർത്ത വായിക്കാൻ.അതും ക്രമസമാധന പ്രശ്നത്തിൽ ഉള്ള സുപ്രീം കോടതിയുടെ വിധി മാത്രം. സൂം കൺസ്റ്റ്രക്ഷനെ പോയി പണി നോക്കാൻ പറഞ്ഞ വാർത്ത കണ്ടില്ല

ബഹുമാന്യനായ പ്രതിപക്ഷ നേതാവും മാതൃഭൂമീയും മനോരമയും കൂടെ നനഞ്ഞ തുണി ഉടുത്ത് തിരുവാതിര കളിച്ച സംഭവങ്ങളയിരുന്നല്ലൊ ഈ രണ്ടും.. ഉമ്മൻ സാറിന്റെ അനക്കം ഒന്നും കാണാനില്ലാലൊ..

ജനശക്തി said...

ക്രൈ വാരികകളുടെ കോപ്പികളും ലക്ഷക്കണക്കിനു രൂപയുമായി ചീഞ്ഞ ചിലരുടെ ചിത്രങ്ങള്‍ ഇന്ന് ദേശാഭിമാനിയിലും ജനയുഗത്തിലും കണ്ടു. മാതൃഭൂമിയില്‍ വാര്‍ത്ത ഇല്ലെന്ന് തോന്നുന്നു. എന്തായാലും ചിത്രം ഇല്ല.