Wednesday, April 22, 2009

കേരളം കത്തിയേനെ

മേലൂട്ട്‌ മഠപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്‌ക്കുനേരെ ചെരിപ്പെറിഞ്ഞ്‌, അത്‌ മുസ്ലിങ്ങളുടെ ഏറാണെന്ന്‌ പ്രചരിപ്പിച്ചാണ്‌ ആര്‍എസ്‌എസ്‌ തലശേരി കലാപത്തിന്‌ വഴിയൊരുക്കിയത്‌. അത്തരം `ചെരിപ്പേറു'കളുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തപ്പിയാല്‍ പലേടത്തും കാണാം. നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്‌.

സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യാജമായതിനെ സൃഷ്ടിക്കുക എന്ന കൗശലം പഴകിയതെങ്കിലും കണ്ണൂരില്‍ വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്‌, യുഡിഎഫിന്റെ ചെറുഘടകകക്ഷിയുടെ പ്രമുഖനേതാവ്‌ സംസ്ഥാനത്തെ ഒരു ഉന്നതവ്യക്തിയോട്‌ പറഞ്ഞത്‌, കേരളത്തില്‍ ആകെ ഒരു സീറ്റേ ഏതെങ്കിലും മുന്നണിക്ക്‌ കിട്ടുമെന്ന്‌ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ-അത്‌ കാസര്‍കോടാണ്‌ എന്നാണ്‌. അവിടെ സിപിഐ എമ്മിലെ പി കരുണാകരന്‍ ജയിക്കും. മറ്റു പത്തൊന്‍പതുസീറ്റിലും(മലപ്പുറം ഉള്‍പ്പെടെ) പ്രവചിക്കാന്‍ പറ്റാത്ത മത്സരം നടക്കുന്നു. യുഡിഎഫിന്‌ അനുകൂല സാഹചര്യമുണ്ടാകണമെങ്കില്‍ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നായിരുന്നു ആ നേതാവിന്റെ വിലയിരുത്തല്‍.

വോട്ടെടുപ്പിന്‌ രണ്ടുദിവസം മുമ്പ്‌, `മാതൃഭൂമി'യിലെ ഒരു പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുവച്ച്‌ സുഹൃത്തിനോട് തറപ്പിച്ചു പറഞ്ഞു: "വോട്ടെടുപ്പുദിവസം സിപിഐ എം കേരളത്തില്‍ പരക്കെ ആക്രമണങ്ങള്‍ നടത്തും; കൊലപാതകങ്ങള്‍വരെ ഉണ്ടാകും എന്ന്‌.

ഏപ്രില്‍ ഒന്നിന്‌ വീക്ഷണം എഴുതി: ``പരാജയഭീതിയില്‍ സമനിലതെറ്റി കണ്ണൂരിലെ സിപിഎം നേതൃത്വം''. ``നീന്തി കരപറ്റാന്‍ സിപിഎം ഇനി പുറത്തെടുക്കാന്‍പോകുന്ന വൃത്തികെട്ട അടവ്‌ ഏതെന്ന്‌ കാത്തിരുന്നുകാണാം'' എന്നാണ്‌ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ്‌ പത്രം പ്രവചനപരമായി എഴുതിയത്‌. അന്നത്തെ അവരുടെ പ്രധാന വാര്‍ത്ത `കൃത്രിമത്തിന്‌ സിപിഎം ഗൂഢാലോചന' എന്നായിരുന്നു.

യുഡിഎഫ്‌ സ്വാധീനമുള്ള ബൂത്തുകള്‍ പ്രശ്‌നബൂത്തുകളാക്കി മാറ്റാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന്‌ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ചെന്ന്‌ അന്ന്‌ ആരോപിക്കുന്നു. ``സിപിഎമ്മിന്റെ ഹീനമായ ശ്രമങ്ങളെ വെല്ലുവിളിയായി യുഡിഎഫ്‌ ഏറ്റെടുക്കു''മെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.

അടുത്ത ദിവസത്തെ വീക്ഷണത്തിന്റെ പ്രധാന തലക്കെട്ടുകളിലൊന്ന്‌ ``കണ്ണൂരില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമം'' എന്ന്‌. അന്ന്‌ അതേ പത്രം മുഖപ്രസംഗമെഴുതുന്നു: ``കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളത്തിന്റെ രാഷ്ട്രീയമനസ്സ്‌ ഇപ്പോള്‍ എങ്ങനെയാണ്‌ ചിന്തിക്കുന്നതെന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ നേതൃത്വം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും തോറ്റ്‌ തുന്നംപാടുമെന്ന്‌ വ്യക്തമായതിന്റെ ലക്ഷണമാണ്‌ അവരുടെ അണികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ അക്രമം കൂടുതല്‍ വ്യാപിപ്പിച്ച്‌ പോളിങ്‌ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പായി യുഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്‌റ്റുകാരുടെ ഭ്രാന്തന്‍ പെരുമാറ്റത്തെ കാണണം.''

ഏപ്രില്‍ നാലിന്‌ എം എം ഹസ്സന്‍ ലേഖനമെഴുതി. തലക്കെട്ട്‌- ``മാര്‍ക്‌സിസ്‌റ്റ്‌ അക്രമത്തെ ചെറുക്കും.'' വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങളാണ്‌ കണ്ണൂരില്‍ അരങ്ങേറുന്നത്‌. അതോടൊപ്പംതന്നെ കേരളമൊട്ടാകെ ബംഗാള്‍ മോഡല്‍ ഓര്‍ഗനൈസ്‌ഡ്‌ റിഗ്ഗിങ്ങിനും സിപിഐ എം വട്ടംകൂട്ടുന്നു. അതിനു മുന്നോടിയായി യുഡിഎഫ്‌ അനുകൂല ബൂത്തുകളെയാകെ പ്രശ്‌നബാധിതബൂത്തുകളാക്കി മാറ്റാനാണ്‌ നീക്കം-ഹസ്സന്‍ വാദിച്ചു.

ഏപ്രില്‍ ആറിന്‌ കെ സുധാകരന്‍, സിപിഐ എം ഉയര്‍ത്തുന്ന അക്രമഭീഷണിയിലാണ്‌ കണ്ണൂരില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളതെന്ന്‌ പറഞ്ഞും കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തുന്നു.

വോട്ടെടുപ്പിന്റെ തലേന്ന്‌ വീക്ഷണം ഇറങ്ങിയത്‌, ``പരാജയഭീതിപൂണ്ട മാര്‍ക്‌സിസ്‌റ്റ്‌ അണികള്‍ അക്രമത്തിലൂടെ ജനങ്ങളില്‍ ഭയമുണര്‍ത്തി പോളിങ്‌ ശതമാനം പരമാവധി കുറപ്പിക്കാനുള്ള തന്ത്രം'' പയറ്റുകയാണെന്ന മുഖപ്രസംഗത്തോടെയാണ്‌. അതിന്റെ തലക്കെട്ട്‌ ``പോളിങ്‌ കലക്കാന്‍ അനുവദിക്കരുത്‌'' എന്ന്‌. സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാടുകളിലാണ്‌ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറി നടക്കാന്‍ സാധ്യതയെന്ന കണ്ടെത്തലും നടത്തുന്നുണ്ട്‌ അന്നത്തെ മുഖപ്രസംഗം.

കണ്ണൂരിലെ വോട്ടെടുപ്പു ദിവസം വന്‍തോതില്‍ കുഴപ്പം നടക്കുമെന്ന്‌ പടിപടിയായ പ്രചാരണത്തിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വവും മുഖപത്രവും സ്ഥാപിച്ചതിന്റെ നാള്‍വഴിയാണിത്‌. അതുകൊണ്ടും തീരുന്നില്ല. എ പി അബ്ദുള്ളക്കുട്ടി എംപിക്കുനേരെ ആക്രമണ നാടകം നടത്തി വാര്‍ത്തയാക്കുകയും അദ്ദേഹത്തിന്‌ വധഭീഷണിയുണ്ടെന്ന്‌ പ്രചരിപ്പിക്കുകയുംചെയ്‌തു. ഏപ്രില്‍ പത്തിന്റെ വാര്‍ത്ത ഇതാണ്‌:``കണ്ണൂര്‍: യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗം കഴിഞ്ഞ്‌ മടങ്ങുന്നതിനിടയില്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറ്‌.

ചാലാട്‌ ബാങ്കിന്‌ സമീപത്തുവച്ചാണ്‌ കല്ലേറുണ്ടായത്‌. കല്ലേറുകൊണ്ട്‌ ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല്‌ തകര്‍ന്നു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചാലാട്‌ യുഡിഎഫ്‌ പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ്‌ ഏതാനും നിമിഷങ്ങള്‍ക്കകമാണ്‌ കല്ലേറുണ്ടായത്‌.'' ഇതൊരു വ്യാജ ആക്രമണമായിരുന്നു. യുഡിഎഫിന്റെ കേന്ദ്രമായ ചാലാട്ടുവച്ച്‌ നടത്തിയ നാടകം.

തൊട്ടുത്ത ദിവസം മറ്റൊരു വാര്‍ത്ത അവതരിച്ചു: ``കണ്ണൂര്‍: സിപിഎം വിട്ട്‌ യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എ പി അബ്ദുള്ളക്കുട്ടിക്ക്‌ വധഭീഷണി. ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ്‌ ഫോണിലൂടെ ഭീഷണി വന്നത്‌. എറണാകുളത്ത്‌ യുഡിഎഫ്‌ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24 മണിക്കൂര്‍മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്‌. ഇതിനെത്തുടര്‍ന്ന്‌ അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ച്‌ പരാതി നല്‍കി.''

രണ്ട്‌ കാര്യമാണ്‌ വോട്ടെടുപ്പിനുമുമ്പ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഒന്ന്‌-വോട്ടെടുപ്പുനാളില്‍ സിപിഐ എം വ്യാപകമായി അക്രമം നടത്തും.

രണ്ട്‌: അബ്ദുള്ളക്കുട്ടിയുടെ ജീവന്‌ സിപിഐ എമ്മില്‍നിന്ന്‌ ഭീഷണിയുണ്ട്‌.
`അവസാന നിമിഷം' നടക്കുന്ന അട്ടിമറിയില്‍ യുഡിഎഫ്‌ കണ്ണുവച്ചിരുന്നു. സാധാരണ നിലയില്‍ വ്യാജനോട്ടീസ്‌ വിതരണം, നുണകള്‍ പ്രചരിപ്പിക്കല്‍, സ്വന്തം വോട്ടുകള്‍ അതിവേഗം ചെയ്‌തുതീര്‍ത്ത്‌ സംഘര്‍ഷമുണ്ടാക്കല്‍-തുടങ്ങിയ ചില പരിപാടികള്‍ യുഡിഎഫ്‌ നടത്താറുണ്ട്‌. അത്‌ പതിവാണെന്നുള്ളതുകൊണ്ട്‌, അതിനേക്കാള്‍ വലിയതെന്തോ പ്ലാന്‍ ചെയ്‌തിട്ടുണ്ടെന്ന സന്ദേശമാണ്‌, നടേപറഞ്ഞ യുഡിഎഫ്‌ നേതാവിന്റെ വാക്കുകളില്‍ തെളിഞ്ഞത്‌.

വോട്ടെടുപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ തൃശൂര്‍-എറണാകുളം ജില്ലകളില്‍നിന്നുള്ള `ക്വട്ടേഷന്‍' സംഘം കണ്ണൂരിലെത്തിയിരുന്നു. അവര്‍ വന്ന വണ്ടികള്‍, തങ്ങിയ ലോഡ്‌ജ്‌, സംഘനേതാക്കളുടെ വിവരം എന്നിവയെല്ലാം പൊലീസിന്‌ ലഭിച്ചു. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുണ്ടായ നേരിയ സമയവിളംബം, നീക്കങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യത-ഇതു രണ്ടുമാണ്‌ സംഘം അപ്പാടെ പിടിയിലാകുന്നതിന്‌ തടസ്സമായത്‌.

മധുര ജോഷി, ചാര്‍ലി തുടങ്ങിയവര്‍ സാധാരണ മനുഷ്യരുടെ ഗണത്തില്‍പെട്ടവരല്ല. പണമുണ്ടാക്കാന്‍ കാശുവാങ്ങി എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങളാണ്‌. കാശ്‌ പറഞ്ഞുറപ്പിക്കുക; ഇരയെ ചൂണ്ടിക്കാണിക്കുക-ഇത്രയുമേ വേണ്ടൂ അവര്‍ക്ക്‌ ആരെയും കൊല്ലാന്‍. അവരാണ്‌ കെ സുധാകരന്റെ ബിസിനസ്‌ പങ്കാളികളായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വോട്ടെടുപ്പുനാള്‍ പോയത്‌.

അവര്‍ അകത്തിരിക്കുമ്പോള്‍ അവിടെ എത്തിയവരില്‍ സുധാകരന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയുണ്ട്‌, എം വി രാഘവനുണ്ട്‌. മധുര ജോഷിയും മദ്രാസ്‌ ദാദയുമായി `ബിസിനസ്‌ ചര്‍ച്ച'യ്‌ക്കെത്തിയവര്‍!
സംഘത്തിലെ രണ്ടുപേരും കണ്ണൂരുകാരന്‍ പ്രജിത്തും പിടിയിലായതാണ്‌ സംഭവങ്ങള്‍ക്ക്‌ വഴിത്തിരിവായത്‌.

കോണ്‍ഗ്രസുമായോ ആ പാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുമായോ എന്തെങ്കിലും ബന്ധം ഒരുതരത്തിലും ഇല്ലാത്തവരാണ്‌ പിടിക്കപ്പെട്ട തോമസ്‌, ടെന്‍സണ്‍ എന്നിവര്‍. പ്രജിത്താകട്ടെ, കെ സുധാകരന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട, സുധാകരനുവേണ്ടി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും കാണാനില്ല-സുധാകരനല്ലാതെ.

വോട്ടെടുപ്പുകഴിഞ്ഞ്‌ സുധാകരന്‍ അനുയായികളോടൊപ്പം പുറപ്പെട്ടത്‌ കണ്ണൂര്‍ സിഐ ഓഫീസിലേക്കാണ്‌. പൊലീസ്‌ `അന്യായമായി' പിടികൂടിയ മൂന്നു യുഡിഎഫ്‌ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കുത്തിയിരിപ്പുസമരം; ബഹളം; മുദ്രാവാക്യം വിളി; വീരസ്യപ്രകടനം. അക്ഷരാര്‍ഥത്തില്‍ സുധാകരസംഘം സിഐ ഓഫീസ്‌ കൈയേറി. തുടര്‍ച്ചയായ സമരമാണ്‌-പതിനഞ്ചുമണിക്കൂര്‍. അതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നത്‌ ഒഴിവാക്കുക എന്ന ഒറ്റ നിര്‍ബന്ധം. അത്‌ സുധാകരന്‍ സാധിച്ചു.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീക്ഷണം പത്രത്തിന്റെ ഒന്നാംപുറത്ത്‌ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയും എം വി രാഘവനും എ പി അബ്‌ദുള്ളക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌. അന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗംചെയ്‌ത്‌ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂര്‍, കാസര്‍കോട്‌, വടകര, കോഴിക്കോട്‌ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ സിപിഐ എം അട്ടിമറിച്ചുവെന്നാണ്‌. എന്നാല്‍, ആ ദിവസത്തെ വീക്ഷണത്തില്‍ കണ്ണൂരില്‍ എവിടെയെങ്കിലും അക്രമം നടന്നതായോ കള്ളവോട്ട്‌ നടന്നതായോ വാര്‍ത്തയില്ല.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത്‌ അന്ന്‌ കണ്ണൂരില്‍ സിപിഐ എം അക്രമത്തിനിരയായവരെ കാണാനാണ്‌ താന്‍ ചെന്നത്‌ എന്നാണ്‌. അത്തരമൊരു പരിക്കിന്റെയോ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന്റെയോ വാര്‍ത്ത വീക്ഷണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എന്നുമാത്രമല്ല, കണ്ണൂരില്‍ എവിടെയെങ്കിലും അങ്ങനെയൊരു അക്രമമുണ്ടായതായി പൊലീസിന്‌ വിവരമില്ല. പരാതികളുമില്ല.

വീക്ഷണത്തിന്റെ വാര്‍ത്ത:``ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന്‌ കണ്ടപ്പോള്‍ സിപിഎം ഒരിക്കല്‍ക്കൂടി നെറികെട്ട അവരുടെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ പുറത്തെടുത്തു. ഉച്ചവരെ വളരെ സമാധാനപരമായാണ്‌ കാര്യങ്ങള്‍ നടന്നത്‌ എന്നുവരുത്തിയശേഷം ഉച്ചകഴിഞ്ഞ്‌ വ്യാപകമായി അക്രമവും കള്ളവോട്ടുകളും നടത്തി വടക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ സിപിഎം മുന്‍കൂട്ടി നിശ്ചയിച്ച അവരുടെ പദ്ധതി വളരെ സമര്‍ഥമായി നടപ്പാക്കുകയായിരുന്നു''. എവിടെ, എങ്ങനെ - ഉത്തരം വീക്ഷണത്തിനുമില്ല ഉമ്മന്‍ചാണ്ടിക്കുമില്ല.

ഈ പശ്ചാത്തലത്തിലാണ്‌ ഉമ്മന്‍ചാണ്ടിയും കെ സുധാകരനും ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടാകുന്നത്‌.

1. പൊലീസ്‌ പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച്‌ പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്‌?

2. പിടിയിലായവര്‍ യുഡിഎഫുകാരാണോ? എങ്കില്‍ അവര്‍ കണ്ണൂരില്‍ എന്തിനു വന്നു?

3. പിടിയിലായവര്‍ സുധാകരന്‍ പറഞ്ഞപ്രകാരം ബിസിനസ്‌ പങ്കാളികളാണെങ്കില്‍ എന്തു ബിസിനസ്‌?

4. ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയതെന്തിന്‌?

5. അബ്ദുള്ളക്കുട്ടി ചിത്രത്തിലില്ലാതിരിക്കെ അദ്ദേഹത്തെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടില്ലെന്ന്‌ സുധാകരന്‍ പത്രസമ്മേളനം വിളിച്ച്‌ പറഞ്ഞത്‌ എന്തിന്‌?

6. കണ്ണൂരില്‍ കള്ളവോട്ട്‌, അക്രമം എന്നെല്ലാം ആരോപിക്കുന്നതല്ലാതെ, എവിടെ എപ്പോള്‍ നടന്നു എന്നും എന്തുകൊണ്ട്‌ പരാതി കൊടുത്തില്ല എന്നും പറയാന്‍ കഴിയാത്തതെന്തുകൊണ്ട്‌?
മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്‌കരിച്ചും ഗൗരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ്‌ ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ.

9 comments:

manoj pm said...

മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്‌കരിച്ചും ഗൗരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ്‌ ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ.

ജനശക്തി said...

കാറില്‍ വന്ന ബിസിനസ് “സുഹൃത്തുക്കള്‍“ ആരായിരുന്നു എന്ന് പറയാന്‍ ചാനലില്‍ ജോസഫ് വാഴയ്കന്‍ തയ്യാറായില്ല. ആ ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മനോരമ ചാനലുകാര്‍ ഇന്നലെ പറഞ്ഞത് ഉമ്മന്‍ ചാണ്ടി ശക്തമായ മറുപടിയുമായി രംഗത്ത് എന്ന്. മറുപടിയില്‍ ശക്തിയൊന്നും കണ്ടില്ല. കണ്ണൂര്‍, സി.പി.എം ആക്രമരാഷ്ട്രീയമെന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന വാഴക്കനു മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ ഇ.പി.ജയരാജന്‍ വരെയുള്ളവര്‍ക്ക് നേരെ കോണ്‍ഗ്രസ് നടത്തിയിട്ടുള്ള ആക്രമരാഷ്ട്രീയത്തിന്റെ ചരിത്രത്തിനു മുന്നില്‍ ചൂളേണ്ടി വന്നു..

അഞ്ചല്‍ക്കാരന്‍ said...

പത്ര സമ്മേളനങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷ ഇത്രയും ദുര്‍ബലമായി ഇതുവരെ കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കണ്ണൂരില്‍ പോയത് എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിശദീകരണം ചോദിച്ചിരിയ്ക്കുന്നു. പോലീസിനെ അറിയിച്ചിട്ടാണ് പോയതെന്നു പിന്നീട് പറഞ്ഞു. ഇപ്പോള്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നു അന്വേഷണം നടത്താന്‍. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ദുരൂഹമായതെന്തോ സംഭവിയ്ക്കുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാകുന്നത്.

N.J ജോജൂ said...

"പൊലീസ്‌ പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച്‌ പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്‌?"

പോലീസ്റ്റേഷനില്‍ ചെന്ന് ഇറക്കിക്കൊണ്ടു പോരണമായിരുന്നോ?

"നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്‌."
നൂറുശതമാനം ശരി.

അഞ്ചല്‍ക്കാരന്‍ said...

പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതികളെ മോചിപ്പിയ്ക്കാമോ എന്നു ചോദിയ്ക്കുമ്പോള്‍ മുണ്ടു മടക്കി കുത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് “ഞങ്ങടെ ആപ്പീസി കേറിയാ പോലീസ് കേറിയ പോലെ തിരിച്ച് പോകൂലാ” എന്ന് പറഞ്ഞ് പ്രതികളേയും ഇറക്കി കൊണ്ടു പോയ വെളിയത്തേയും ഓര്‍മ്മ വരുന്നു!

കടത്തുകാരന്‍/kadathukaaran said...

1. പതിനഞ്ച് മണിക്കൂര്‍ കാത്തിരിക്കാന്‍ തക്ക ന്യായം ഈ വിഷയത്തില്‍ ഉണ്ടെന്ന് സുധാകരനും യു ഡി എഫിനും തോന്നിയതു കൊണ്ടാണ്‍ സമാധാനപരമായ പ്രതികരണത്തിലൂടെ അവര്‍ക്ക് കാത്തിര്ക്കാനായത്, മറിച്ച് പോലീസ് സ്റ്റേഷനില്‍ കയറി പോലീസുകാരെ ഭീഷണിപ്പെടുത്തി സംസ്ഥാനത്തെ നിയമ വാഴ്ച്ച കയ്യിലെടുത്ത് ഇടതുപക്ഷ പ്രവര്‍ത്തകരെ പോലെ പ്രവര്‍ത്തിച്ചില്ല എന്നത് ഒരു ദോഷമായി കാണാന്‍ താങ്കള്‍ക്ക് കഴിയുന്നത് താങ്കളുടെ മഞ്ഞക്കണ്ണട മൂക്കിന്മേല്‍ ഇരിക്കുന്നതു കൊണ്ടാണ്.

2. കണ്ണൂരില്‍ വന്നവര്‍ സുധാകരന്‍റെ സുഹൃത്തുക്കളാണെന്ന് അദ്ധേഹം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ വരാനെന്താ സഖാവേ വിസയും പാസ്സ്പോര്‍ട്ടും വേണോ? അവര്‍ വന്നത് അക്രമത്തിനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സി പി എം അല്ല. മുകളിലുള്ളവര്‍ ചൂണ്ടി കാണിച്ചവരെ അറസ്റ്റ് ചെയ്തു നമ്മുടെ പോലീസ്.. ആരു പറഞ്ഞു പോലീസിന്‍ തിരിച്ചറിവില്ലെന്ന്?

3. ഏതായാലും ജയരാജന്‍റെയും മകന്‍റെയും ബിസിനസ്സ് അല്ല എന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വാഷ്യിക്കേണ്ടത് പോലീസാണ്, പോലീസ് കൊടിയേരിയുടെ കീഴിലാണ്, വേറെ പണിയൊന്നുമില്ലല്ലോ പോലീസിന്, കാരണം, എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് ഇപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ അതിനെക്കുറിച്ചന്വഷിക്കാന്‍ പോലീസ് തയ്യാറാകില്ല, എങ്കില്‍ സുധാകരനെക്കുറിച്ചന്വാഷിക്കാമല്ലോ, എന്തെങ്കിലും ലൂപ് കിട്ടാതിരിക്കില്ല.

4. കമ്മിഷനുള്ള മറുപടിയില്‍ അദ്ധേഹം അത് വ്യക്തമാക്കിയിട്ടുണ്ട് എന്ന് ചാനല്‍ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നു. സി പി എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റവരെ കാണുക, അവരുടെ ചികിത്സക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുന്നതില്‍ നേതൃത്തം കൊടുക്കുക. 5.15നു പത്രപ്രവര്‍ത്തകരെ കണ്ടിരുന്നു. അതിനു ശേഷമാണ്‍ പ്രവര്‍ത്തകരെ കണ്ടത്, അന്നു തന്നെ മടങ്ങുകയും ചെയ്തു. ജയരാജനും മക്കളും ബോംബ് പൊട്ടിച്ച് കളിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്നതുകൊണ്ടാകാം വിവരവകാശ നിയമം പോലെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തിയത്, കൊള്ളാം.

5. സുധാകരന്‍ അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്ന് എന്ന് പ്രചരണം നടത്തി, അബ്ദുള്ളക്കുട്ടിയേയും ഫോണില്‍ അറിയിച്ച് സി പി എം ഗുണ്ഡകളെക്കൊണ്ട് അബ്ദുള്ളക്കുട്ടിയെ വകവരുത്താനുള്ള സി പി എം ശ്രമം പരാജയപ്പെടുത്തേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും, അത് സുധാകരന്‍റെ പേരില്‍ തന്നെയാകുമ്പോള്‍ അത് വിശധീകരിക്കേണ്ട് ബാധ്യത അദ്ധേഹത്തിനുണ്ട്. ഒരു വെടിക്ക് രണ്ട് പക്ഷികളാണ്‍ സി പി എം ശ്രമം. അബ്ദുള്ളക്കുട്ടിയെ വകവരുത്തുക, അത് സുധാകരന്‍റെ പേരിലാക്കുക, ശ്രമം പരാജയപ്പെട്ടതിലുള്ല സിപി എമ്മിന്‍റെ വിഷമം മനസ്സിലാക്കുന്നു.

6. അതാണ്‍ സി പി എമ്മിന്‍റെ കയ്യടക്കം എന്ന് പറയുന്നത്. കക്കാനും നിക്കാനും അറിയാവുന്നവരാണ്‍ സി പി എമ്മുകാര്‍. സി പി എമ്മുകാര്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നതിന്‍ കേരള ജനതക്ക് ആരുടേയും തെളിവുകള്‍ വേണ്ട. തെളിവ് കൊടുക്കാന്‍ ജീവനില്‍ വിലയില്ലാത്ത യു ഡി എഫുകാര്‍ അന്നാട്ടിലില്ല. ഒരു സി പി എം കാരന്‍ പോയി വോട്ട് ചെയ്യുകയല്ല ചെയ്യുന്നത്, മറിച്ച് ഓഫീസര്‍മാരെയടക്കം ഭീഷണിപ്പെടുത്തി അവരുടെ യഥാര്‍ത്ഥ അഡ്രസ്സുകളടക്കം വാങ്ങിച്ചാണ്‍ കള്ളവോട്ട് ചെയ്യുന്നത്, അവര്‍ക്കും ജീവിക്കേണ്ടേ? 90 ശതമാനത്തിലേറെ പോള്‍ ചെയ്യപ്പെട്ട് ബൂത്തുകള്‍ നൂറിലതികമാണ്, ഇതെല്ലാം സി പി എം കോട്ടകളിലാണ്, എന്തുകൊണ്ട് സി പി എം കോട്ടകളില്‍ മാത്രം ഇത് സംഭവിക്കുന്നു? " സത്യ സന്ധമായ ഒരു തിരഞ്ഞെടുപ്പിന്‍ കേരളത്തില്‍ സി പി എം തയ്യാറാകില്ല" ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൊള്ളൂ. കണ്ണൂരില്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ താങ്കള്‍ക്കുണ്ടെങ്കില്‍ സത്യ്സന്ധമായി ഒന്നു ചോദിച്ചു നോക്കൂ. എനിക്ക് നേരിട്ടറിയാവുന്ന ഒത്തിരി പേരുണ്ട് അവിടെ 6 വര്‍ഷം കണ്ണൂരില്‍ ജീവിച്ച അനുഭവവും വെച്ചുകൊണ്ട് പറയുന്നുവിത്.

യു ഡി എഫിനെതിരേയും സുധാകരനെതിരേയും താങ്കളുന്നയിക്കുന്ന ആരോപണങ്ങളും പ്രസ്ഥാവനകളും വേശ്യയുടെ ചാരിത്ര പ്രസംഗത്തേക്കാള്‍ തരം താഴ്ത്തിയെ ജനം കാണുന്നുള്ളൂ എന്നതുകൊണ്ടാണ്‍ കൈരളിയും ഡേഷാഭിമാനിയും കൊണ്ടുപിടിച്ച് ശ്രമം നടത്തിയിട്ടും ഇതൊന്നും ഏശാതെ പോയത്. അക്രമവും ഭീഷണിയും നടത്തി ഒരു ജനതയെ അടിച്ചമര്‍ത്തി എത്ര കാലം തുടരാന്‍ പറ്റും സുഹൃത്തേ?

ജനശക്തി said...

കടത്തുകാരാ...
1. സമാധാനമായ പ്രകടനം ടെലിവിഷന്‍ ചാനലില്‍ കണ്ടതു തന്നെയല്ലേ.. മറയ്ക്കാനും ഒളിക്കാനും എന്തോ ഉണ്ടെന്ന് സുധാകരന്‍ മുതല്‍ ഉമ്മന്‍ചാണ്ടിയുടെ വരെ ശരീരഭാഷ തെളിയിക്കുന്നുണ്ട്.

2. കണ്ണൂരില്‍ വന്ന സുധാകരന്റെ സുഹൃത്തുക്കളുടെ തനിനിറവും പുറത്തു വന്നിട്ടുണ്ട്. ഒരു സുഹൃത്തിന്റെ പേര് കാക്കത്തൊമ്മി. സ്വദേശം എറണാകുളം. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ ഏഴു കേസുകള്‍. ഒറിജിനല്‍ ഗുണ്ടയ്ക്ക് വാടക ഗുണ്ട തന്നെ കൂട്ട്. കടത്തുകാരന്‍ പറയുന്നത് വളരെ കറക്ട്.

വാടകഗുണ്ടകള്‍ കണ്ണൂരില്‍ വന്നത് സുധാകരനെ കണ്ട് ഉമ്മ വെച്ചിട്ട് പോകാനാണോ കടത്തുകാരാ...പ്രജിത്തിന്റെ പേരില്‍ എത്ര കേസുണ്ടെന്നും അയാള്‍ ആരാണെന്നും മനോജിന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

3. അതേ, ജയരാജന്റെയും മകന്റെയും ബിസിനസ് അല്ല സുധാകരന്. പഴയ പുഷ്പരാജന്റെ സഹോദരിയെ കാണാന്‍ ചെന്നെയ്ക്ക് പോയപ്പോഴും സുധാകരന്‍ ബിസിനസ് കാര്യത്തിനാണ് പോയതെന്നല്ലേ പറഞ്ഞത്. പഴയ പത്രമൊക്കെ ഒന്നു തപ്പി നോക്കിയാല്‍ മതി. ഏതായാലും സുധാകരന്റെ ബിസിനസ് അല്ല ജയരാജനും മകനുമെന്ന് കടത്തുകാരന്‍ തന്നെ തുറന്നുപറഞ്ഞത് നന്നായി.

4.വോട്ടെടുപ്പു ദിവസം കണ്ണൂരില്‍ സിപിഎം നടത്തിയ അക്രമത്തിന്റെ കാര്യം വീക്ഷണം, മനോരമ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒന്നു കാട്ടിത്തരാമോ? പരിക്കേറ്റവരെത്ര, ഏത് ആശുപത്രിയില്‍, പരിക്കിന്റെ സ്വഭാവമെന്ത് തുടങ്ങിയ മര്‍മ്മപ്രധാന വിവരങ്ങള്‍ സഹിതമുളള വാര്‍ത്ത.

വോട്ടെടുപ്പു ദിവസം ഹെലിക്കോപ്റ്ററില്‍ പാഞ്ഞ് കണ്ണൂരെത്തിയ ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച വിവരവും മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കുമല്ലോ.. ആ സന്ദര്‍ശനത്തിന്റെ വാര്‍ത്തയും പത്രങ്ങളില്‍ നിന്ന് ചൂണ്ടിക്കാട്ടാമോ? ഏതൊക്കെ ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടി എത്ര നേരം വീതം ചെലവിട്ടുവെന്നും പറയാമോ?

സാധാരണ ഗതിയില്‍ കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലല്ല, കക്കൂസില്‍ പോയാലും പത്രക്കാരെയും ഒപ്പം കൊണ്ടുപോകാറാണ് പതിവ്. അപ്പോപ്പിന്നെ ആശുപത്രിയില്‍ ഗദ്ഗദ കണ്ഠനായി ഉമ്മന്‍ചാണ്ടി വിങ്ങിപ്പൊട്ടുന്ന ചിത്രം പിറ്റേദിവസം എല്ലാ പത്രത്തിലും വരേണ്ടതാണ്. എന്തുകൊണ്ടാണ് കടത്തുകാരാ, അങ്ങനെ സംഭവിക്കാത്തത്?

അബ്ദുളളക്കുട്ടിയെ സിപിഎം കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം ആരാണ് നടത്തിയതെന്ന് തെളിവു സഹിതം ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. വീക്ഷണം പത്രവും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലാകെ ദിവസങ്ങള്‍ക്കു മുമ്പേ ആ പ്രചരണം ആരംഭിച്ചിരുന്നുവെന്ന് തലയ്ക്ക് വെളിവുളള ആര്‍ക്കും മനസിലാകും.

കണ്ണൂരില്‍ സിപിഎം കളളവോട്ടു ചെയ്യുന്നുവെന്ന കുപ്രചരണം എത്രയാവര്‍ത്തിച്ചാലും അത് സത്യമാവില്ല കടത്തുകാരാ... മാധ്യമങ്ങളും പോലീസും പട്ടാളവുമൊക്കെ ഇമചിമ്മാതെ കാവല്‍ നില്‍ക്കുന്ന ബൂത്തുകളില്‍ സിപിഎമ്മുകാര്‍ ആളെഭീഷണിപ്പെടുത്തി കളളവോട്ടു ചെയ്യിക്കുന്നുവെന്നൊക്കെ തട്ടിവിടാന്‍ തൊലിക്കട്ടി അല്‍പമൊന്നും പോര.

വേശ്യയുടെ ചാരിത്രപ്രസംഗം എന്നൊക്കെ അധിക്ഷേപിച്ച് കടത്തുകാരന് സംതൃപ്തിയടയാം. കൈരളിയും ഡേഷാഭിമാനിയും (അമ്പമ്പോ, എന്തൊരു സഹിഷ്ണുത) മാത്രമല്ല ഇതേറ്റു പിടിച്ചത്. രണ്ടു ദിവസം മുമ്പ് മനോരമ വിഷനില്‍ വേണു, സുധാകരനെ തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത് വെയിലത്തു വെച്ചത് കടത്തുകാരന്‍ കണ്ടില്ലല്ലേ.. എന്തുചെയ്യാം, കൈരളിയോടും ഡേഷാഭിമാനിയോടുമുളള പകമൂത്ത് വീക്ഷണവും ജയ് ഹിന്ദും വായിച്ചും കണ്ടുമിരുന്നാല്‍ ഇതുപോലെ പലതും മിസാകും. സാരമില്ല.. ഇന്ന് ശ്രദ്ധിച്ചാലും മതി. ഇന്ത്യാവിഷനും ഏഷ്യാനെറ്റും മനോരമ വിഷനുമൊക്കെ കണ്ടാട്ടെ..

ജനശക്തി said...

കണ്ണൂര്‍: പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ കാണാനാണ് തെരഞ്ഞെടുപ്പ് ദിവസം കണ്ണൂരിലെത്തിയതെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയുന്നു.

ഉമ്മന്‍ചാണ്ടി ഒരാളെയും ആശുപത്രിയിലോ വീട്ടിലോ സന്ദര്‍ശിച്ചില്ല എന്നതിന് തെളിവ് 'വീക്ഷണം' അടക്കമുള്ള യുഡിഎഫ് അനുകൂല പത്രങ്ങളാണ്. പരിക്കേറ്റ ആരെയെങ്കിലും ഏപ്രില്‍ 16ന് പ്രതിപക്ഷനേതാവ് കാണാന്‍ പോയതായി പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടല്ല.

17ന് ഇറങ്ങിയ വീക്ഷണത്തിലോ ചന്ദ്രികയിലോ മനോരമയിലോ ഇത്തരത്തില്‍ വാര്‍ത്തയില്ല. എല്‍ഡിഎഫിന്റെ 'തെരഞ്ഞെടുപ്പ് അക്രമം' വാര്‍ത്തയാക്കാന്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടി 'പരിക്കേറ്റവരെ' സന്ദര്‍ശിക്കുന്നത് മാധ്യമങ്ങളില്‍നിന്ന് ഒളിച്ചുവച്ചോ എന്ന ചോദ്യത്തിന് ഉത്തരമില്ല.

മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും എല്‍ഡിഎഫ് അക്രമത്തില്‍ ഏതെങ്കിലും യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റതായി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല.

കണ്ണൂര്‍, കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളും സന്ദര്‍ശിച്ചെന്നും ഇപ്പറഞ്ഞ കാര്യങ്ങള്‍ എവിടെയും കാണാന്‍കഴിഞ്ഞില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കൂടെയുണ്ടായിരുന്ന കോഗ്രസ് നേതാക്കളായ പി രാമകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവര്‍ പറഞ്ഞത് ഉച്ചക്കുശേഷമാണ് അക്രമം നടന്നതെന്നാണ്.

തങ്ങള്‍ വൈകിട്ട് നാലരക്കാണ് ബൂത്തുകള്‍ സന്ദര്‍ശിച്ച് മടങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, അതിനുശേഷമാണ് നടന്നതെന്നായി നേതാക്കള്‍.

യുഡിഎഫിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടായതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കണ്ണാടിപ്പറമ്പ് മാതോടം സ്കൂളില്‍ വോട്ടുചെയ്യാന്‍ ക്യൂനിന്ന മുന്നൂറോളം പേര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കിയില്ല എന്ന ഒറ്റക്കാര്യം മാത്രമാണ് എടുത്തുപറഞ്ഞത്. ഇക്കാര്യം പത്രങ്ങളിലുണ്ട്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏരുവേശിയില്‍ രാവിലെ വോട്ടുചെയ്ത് മടങ്ങുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകനെ യുഡിഎഫുകാര്‍ ആക്രമിച്ച സംഭവം മാത്രമാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയ ഉമ്മന്‍ചാണ്ടിയുടെ പെരുമാറ്റം എന്തോ ഒളിച്ചുവയ്ക്കാന്‍ തിടുക്കപ്പെടുന്നതുപോലെയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തിയിട്ടും അദ്ദേഹവും നേതാക്കളും ഡിസിസിയുടെ മുകള്‍നിലയില്‍നിന്ന് ഇറങ്ങിയില്ല.

സ്ഥാനാര്‍ഥി കെ സുധാകരന്‍ ഡിസിസിയിലുണ്ടായിട്ടും വാര്‍ത്താസമ്മേളനത്തിന് വന്നില്ല. അക്രമ സംഭവങ്ങളില്ലാഞ്ഞിട്ടും വ്യാപക അക്രമം എന്ന് താങ്കള്‍ പ്രചരിപ്പിക്കുന്നത് കണ്ണൂരിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയാത്തതിനാല്‍ എം വി രാഘവന്‍ ഇടപെട്ടു.

ഈസമയം, ക്വട്ടേഷന്‍സംഘം സഞ്ചരിച്ച വാഹനങ്ങള്‍ ഡിസിസി വളപ്പിലുണ്ടായിരുന്നു. ഒരു വണ്ടി പൊലീസ് പിടിയിലുമായിരുന്നു. അതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Deshabhimani news
http://www.deshabhimani.com/Profile.aspx?user=86085

thara said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753987&articleType=Malayalam%20News&contentId=5535748&BV_ID=@@@
visit the link they know mr Madurai joshi and his connections with a congress leader haing connections at kudagu