ലാവലിന്‍: ഗൂഢാലോചനയിലൂടെ പ്രതികള്‍
ഉയര്‍ന്ന നിരക്ക് നല്കി
തിരുവനന്തപുരം: മൂന്ന് ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കരാര്‍ നല്കിയ എസ്.എന്‍.സി. ലാവലിന്‍ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ. കണ്ടെത്തി.
389.99 കോടി രൂപയുടേതായിരുന്നു അടങ്കല്‍. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുടെ നവീകരണം 100 കോടി രൂപയ്ക്ക് പൊതുമേഖലാസ്ഥാപനമായ ഭെല്ലിനെക്കൊണ്ട് ചെയ്യിക്കാമെന്ന ഇ. ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് മറികടന്നുകൊണ്ടാണ് ഇത്രയും വലിയ തുക അടങ്ങിയ എസ്റ്റിമേറ്റിലേക്ക് വൈദ്യുതി ബോര്‍ഡ് നീങ്ങിയത്.' പിണറായി ഗൂഢാലോചന നടത്തിയെന്ന് സിബിഐ' എന്നായിരുന്നു.
ഇപ്പോള്‍ എവിടെനിന്നു വന്നു വീണ്ടുമൊരു കഥ?
ഇതാണ് വീരഭൂമി. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ എം പി വീരേന്ദ്രകുമാറിന്റെ ശൈലി ഇങ്ങനെയാണ്. തനിക്ക് ഇഷടമില്ലാത്തവരെ എഴുതി നാറ്റിച്ചുകളയും. അതിന് ക്രൈം നന്ദകുമാറോ അജിതയോ കാളീശ്വരം രാജോ ഏതുചെകുത്താനോ ആകട്ടെ-വീരന് കൂട്ടുപിടിക്കും.
വീരന്റെ വലംകൈയും ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറലുമായ കൃഷ്ണന്‍കുട്ടിയുടെ പ്രസംഗം മലയാള മനോരമ (ഏപ്രില്‍ 6)പ്രസിദ്ധീകരിച്ചത് നോക്കുക: വി.എസ്.അച്യുതാനന്ദനും ജനതാദളും ചേര്‍ന്നു നടത്തിയ നീക്കങ്ങളാണ് എല്‍ഡിഎഫിനെ ജയിപ്പിച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പല പ്രശ്നങ്ങളിലും ജനതാദള്‍ തുടങ്ങിവച്ച സമരങ്ങളാണ് അച്യുതാനന്ദന് ഏറ്റെടുത്തത്. സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ ഒരു പിന്തുണയും അക്കാര്യത്തില്‍ അച്യുതാനന്ദനു കിട്ടിയിരുന്നില്ല.അതായത്, സിപിഐ എമ്മിനകത്ത് കുഴപ്പമോ ഭിന്നതയോ ഉണ്ടാക്കാനാണ് ഇന്നുവരെ വീരനും കൃ. കുട്ടിയും 'അച്യുതാനന്ദനും ജനതാദളും ചേര്‍ന്ന്' ചില നീക്കങ്ങള്‍ നടത്തിയെന്ന്! എല്‍ഡിഎഫിനും സിപിഐ എമ്മിനും അറിയാത്ത ഏതുനീക്കമാണ് അങ്ങനെ നടത്തിയിട്ടുള്ളത്? ഇത്തരം പ്രചാരണങ്ങളിലൂടെ സിപിഐ എമ്മിനെക്കുറിച്ച് മാതൃഭൂമി നടത്തുന്ന ആക്രമണം ഏതുലക്ഷ്യം വെച്ചാണെന്നും അതിന്റെ ഉറവിടം ഏതാണെന്നും ഇതില്‍ വ്യക്തമാകുന്നുണ്ട്. അല്ലെങ്കിലും, കോഴിക്കോട്ട് എല്‍ഡിഎഫ് നിര്‍ത്തിയ, ആ ജില്ലയിലെ ഡിവൈഎഫ്ഐ പ്രസിഡന്റും എസ്എഫ്ഐയിലൂടെ വളര്‍ന്നുവന്ന നേതാവുമായ മുഹമ്മദ് റിയാസിനെ 'ഫാരിസ് അബൂബക്കറിന്റെ ബിനാമി' എന്നുവിളിക്കാനും റിയാസിന്റെ ബാപ്പയെക്കുറിച്ചുപോലും പച്ചക്കള്ളം വിളിച്ചുപറയാനും വീരേന്ദ്രകുമാര്‍ തന്നെ തയാറാകുമ്പോള്‍, ക്രൈം നന്ദകുമാറടക്കമുള്ളവര്‍ വെറും ശിശുക്കള്‍ മാത്രം.
ഇനി കാര്യത്തിലേക്ക് വരാം. വീരേന്ദ്രകുമാറിന്റെ കോട്ടയം പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചത് വായിക്കാം. ഒരു പാരഗ്രാഫ് വീരന്റെ വക വരുമ്പോള്‍ ഒരു ബ്രാക്കറ്റ് മറുകുറി എന്നതാണ് വായനക്ക് സൌകര്യം.
Date : April 07 2009
(ജനതാദളിന് സീറ്റ് എല്‍ഡിഎഫ് നിഷേധിച്ചിട്ടില്ല. പഴയ കോഴിക്കോട് മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളടങ്ങുന്ന-കല്പറ്റ, ബത്തേരി, തിരുവമ്പാടി- പുതിയ വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടു. കല്പറ്റയില് ദള്‍ എംഎല്‍എയുമാണ്. കോഴിക്കോട് മുമ്പ് സിപിഐ എമ്മിന്റെ സീറ്റായിരുന്നു-ഇമ്പിച്ചിബാവ ജയിച്ചത്. അത് പിന്നീട് ദളിന് കൊടുത്തു. ഇത്തവണ, മണ്ഡലം പുനര്നിര്ണ്ണയാം വന്നപ്പോഴാണ് വയനാട്ടിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത്. പഴയ കോഴിക്കോടിന്റെ വലിയ ഭാഗം ഉള്‍ക്കൊള്ളുന്ന വയനാട്ടിലേക്ക് മാറണം എന്ന ആ ആവശ്യം വീരേന്ദ്രകുമാറാണ് തള്ളിക്കളഞ്ഞത്. വയനാട്ടില്‍ ജയസാധ്യതയുണ്ടെന്നും അഥവാ തോല്ക്കുകയാണെങ്കില് നിങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് തരാമെന്നും പറഞ്ഞു. വീരന് വാശിവിട്ടില്ല. കോഴിക്കോട് കിട്ടണം; ഇല്ലെങ്കില്‍ പ്രളയം. അതായിരുന്നു നിലപാട്. ഇതാണോ അവഗണന? മറവി? അപമാനം? സിപിഐ എമ്മിന് , ഞങ്ങളുടെ പഴയ സീറ്റായ കോഴിക്കോട് ഇതാ തിരിച്ചെടുക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോരായിരുന്നോ? ഇതില്‍ ഏത് 'പുതിയ കൂട്ടുകെട്ടിന്റെ' സ്വാധീനമാണ് വീരന്റെ ദുര്‍ബുദ്ധിയില്‍ കാണാനാകുന്നത്?)പുതിയ കൂട്ടുകെട്ടുണ്ടായപ്പോള്‍ പഴയത് സി.പി.എം. മറന്നു - എം.പി.വീരേന്ദ്രകുമാര്‍
കോട്ടയം: കേവലം ഒരു പാര്‍ലമെന്റ് സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്. പതിറ്റാണ്ടുകള്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ച ഞങ്ങളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും അപമാനിച്ചു; അവഗണിച്ചു. പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടായപ്പോള്‍ പഴയത് അവര്‍ മറന്നു - ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
കോട്ടയത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വീരന്: സഖാക്കളേ, നിങ്ങള്‍ ഓര്‍ത്തിരിക്കണം. തിരഞ്ഞെടുപ്പ് 16-ാം തീയതി കഴിയും. ചരിത്രം അതിനുശേഷവും തുടരും. ഇനിയും സൂര്യോദയങ്ങള്‍ ഉണ്ടാകും. സി.പി.എം. നേതൃത്വം ഞങ്ങളോട് കാട്ടിയത് രാഷ്ട്രീയമര്യാദയല്ല. ഇത്രയ്ക്ക് അപമാനിക്കേണ്ടിയിരുന്നില്ല; പരിഹസിക്കേണ്ടിയിരുന്നില്ല. രണ്ട് വോട്ടിനുവേണ്ടി മഅദനിയുടെ പാര്‍ട്ടി നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായപ്പോള്‍ നമ്മള് ഒപ്പംനിന്ന് നടത്തിയ എത്രയോ പോരാട്ടങ്ങളെ വിസ്മരിക്കുകയാണ് നിങ്ങള്‍ ചെയ്തത്.
(രണ്ടുവോട്ടിന് മഅ്ദനിയുടെ പാര്‍ട്ടി പ്രിയപ്പെട്ടതായി എന്ന്. ഇതേ വീരന്റെ പാര്‍ട്ടിയോട് മുന്നണി മര്യാദ കാട്ടി ഏറാമലയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെ ഏതിര്ത്തുകൊണ്ടല്ലേ അവിടെ വിമതപ്പാര്ട്ടി ഉണ്ടായത്? സ്വന്തം പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന രൂക്ഷമായ എതിര്‍പ്പിനെയും അതിന്റെ ഫലമായുണ്ടായ വിട്ടുപോക്കിനെയും കണക്കിലെടുക്കാതെ ഘടകകക്ഷിയോട് നീതികാട്ടാന്‍ തയാറായ സിപിഐ എമ്മിന്റെ നിലപാട് വീരന് എന്തേ മറന്നുപോകുന്നു? കോഴിക്കോട്ടുനിന്ന് വീരന് ലോക്സഭാംഗമായത് സ്വന്തം പാര്‍ട്ടിയുടെ വോട്ടുകൊണ്ടുമാത്രമാണോ? വയനാട്ടില്‍ ദള്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ പ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ സിപിഐ എമ്മായിരിക്കുമെന്നതില് സംശയമുണ്ടോ? മഅ്ദനി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും ഇതും തമ്മിലെന്ത് ബന്ധമാണ് വീരന് കല്‍പ്പിക്കുന്നത്?)
വീരന്:ഞങ്ങള്‍ ഉയര്‍ത്തുന്ന ചില രാഷ്ട്രീയസമസ്യകളുണ്ട്. എന്തുകൊണ്ട് സി.പി.എം. നേതൃത്വത്തിന് മറുപടി പറയാന്‍ കഴിയുന്നില്ല? എന്താണ് ഇപ്പോള്‍ ഈ മുന്നണി? ഇതിന് ആത്മാവുണ്ടോ? ജീവനുണ്ടോ? എവിടെപ്പോയി ഇതിന്റെ ചൈതന്യം? ഇതൊരു യാന്ത്രികസംവിധാനമായിരുന്നില്ലല്ലോ. ആര്‍ക്കുവേണ്ടിയാണ് ഈ മുന്നണിയെ തകര്‍ക്കാന്‍ നോക്കുന്നത്. എത്രയോ പോരാട്ടങ്ങളിലൂടെ, തീക്ഷ്നമായ അനുഭവങ്ങളിലൂടെയല്ലേ നമ്മള് ഇതു കൊണ്ടുപോയത്.
(വീരേന്ദ്രകുമാറാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചൈതന്യവും ആത്മാവുമായി നിന്നതെന്നത് പുതിയ വിവരം തന്നെ. ഇപ്പോള്‍ മുന്നണിക്കൊപ്പം നില്കാന് ആഗ്രഹിക്കുന്ന ജനതാദള്‍ പ്രവര്‍ത്തകരുടെ ആത്മാവും ചൈതന്യവും എന്നാണാവോ ഇദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയത്? വളവളാ വാചകമടിക്കുന്നതാണ് യാന്ത്രികതയില്ലായ്മയുടെ ലക്ഷണമെങ്കില്‍ വീരന് പറഞ്ഞതിനെ ശരിവെക്കാം. വെറുതെ കുറെ ജാഡപ്രയോഗങ്ങള്‍! എന്താണാവോ രാഷ്ട്രീയ സമസ്യ-അത് ആദ്യം ബംഗലൂരുവില്‍ ചെന്ന് ദേവഗൌഡയെ ബോധ്യപ്പെടുത്തിയിട്ടുപോരേ പൂരിപ്പിക്കാന്‍ എല്‍ഡിഎഫിനോടുള്ള വെല്ലുവിളി)
വീരന്:ഇവിടെ മൂന്നാംമുന്നണിയെ സംരക്ഷിക്കാനും നിലനിര്‍ത്താനും ബാധ്യതപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ അതിനെ തകര്‍ക്കാന്‍ നടക്കുന്നു! ഇപ്പോള്‍ അവര്‍ക്ക് വലുത് ഫാരിസ് അബൂബക്കറാണല്ലോ. അവരുടെ ഇപ്പോഴത്തെ കോര്‍പ്പറേറ്റ് സംസ്കാരത്തെയാണ് ഇതെല്ലാം കാണിക്കുന്നത്. കോര്‍പ്പറേറ്റ് കുത്തകകള്‍ നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുപോയപ്പോള് എവിടെയായിരുന്നു നിങ്ങള്‍? പഴയ രാഷ്ട്രീയസംസ്കാരത്തിന്റെ പാരമ്പര്യം പറയാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്കിപ്പോള്‍?
(ഇതാ വരുന്നു അളിഞ്ഞ പ്രചാരണത്തിന്റെ തനിനിറം. ഫാരിസ്് അബൂബക്കറിന്റെ കാര്യം മാതൃഭൂമിയുടെ ഡയറക്ടര്‍ കൂടിയായ പി വി നിധീഷ് പറഞ്ഞത് വീരന് കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ ഒന്നുകൂടി ചോദിച്ചുമനസ്സിലാക്കാന്‍ തടസ്സമില്ലല്ലോ. കണ്ണൂരിലെ നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഫാരിസ് അബൂബക്കര്‍ നല്കിയ സംഭാവനയെ മാതൃഭൂമി വൃത്തികെട്ട രീതിയില്‍ അവതരിപ്പിച്ചതും ഫാരിസ് അബൂബക്കര്‍ ഒരു ഒറ്റക്കണ്ണന്‍ ഭീകരനാണെന്ന മട്ടില്‍ പ്രചാരണം നടത്തിയതും ആ ഒറ്റക്കണ്ണനുമായി സിപിഐ എം നേതൃത്വത്തിന് അഗാധബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയതും പേയ്മെന്റ് സീറ്റ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ച് അത് തുടരുന്നതും ഏതു നികൃഷ്ട ബുദ്ധിയില്‍ ജനിച്ച തന്ത്രമാണെന്ന് അങ്ങനെ തെളിഞ്ഞുവരട്ടെ.
മഗ്സാസെ അവാര്‍ഡിനുവേണ്ടി നടത്തുന്ന പ്രചാരണകോപ്രായങ്ങളല്ല സിപിഐ എമ്മിന്റെ കുത്തകവുരുദ്ധ നിലപാട് എന്ന് വീരന് മനസ്സിലാകില്ല. കൊക്കോ കോലയ്ക്കെതിരെ വീരന് പറയുന്നത് വീരന്റെ രണ്ടുഡസന്‍ അവാര്‍ഡുകളുടെ കുട്ടത്തില്‍ കനപ്പടിയുള്ള ഒരെണ്ണം കൂടി ചേര്‍ക്കാനാണ്. സിപിഐ എം സമരം നടത്തുന്നത്, കൊക്കോ കോളയടക്കമുള്ള കുത്തക കമ്പനികള്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിനെതിരെയാണ്. രണ്ടും രണ്ടാണ് മാഷേ. മൂന്നാം മുന്നണി നിലവില്വന്നുകാണണം എന്ന നിര്ബന്ധമുള്ളതുകൊണ്ടാണല്ലോ വീരന് ഇത്രയേറെ ഗീര്വാണമടിച്ചിട്ടും ജനതാദള്‍ മുന്നണിയില്‍ തന്നെയാണെന്നും അവര്‍ക്ക് ഈ മുന്നണി വിട്ടുപോകാന്‍ കഴിയില്ലെന്നും സിപിഐ എം പറയുന്നത്. വീരന് ഇഷ്ടപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ തകര്‍ത്ത് തരിപ്പണമാക്കേണ്ട ഒന്നാണ് മൂന്നാം മുന്നണി. അതുകൊണ്ട് ജോസ് കെ മാണി കെട്ടിയ സ്റ്റേജില്‍ കെഎം മാണി ഏര്‍പ്പെടുത്തിയ മൈക്ക് പിടിച്ച് മാര്‍ക്സിസ്റ്റ് പാര്ട്ടിഠയെ തെറിവിളിക്കുന്നു.)
വീരന്: 82ല്‍, കെ.രാമന്‍പിള്ളയും രാജഗോപാലും ഒക്കെ ജനതാപാര്ട്ടിയിലുണ്ടെന്നു പറഞ്ഞാണ് അന്ന് സി.പി.എം. ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എവിടെയാണ് രാമന്‍പിള്ള ഇപ്പോള്‍. മുസ്ലിംലീഗുമായി കൂട്ടുകൂടാമെന്ന് പറഞ്ഞതിനല്ലേ എം.വി.രാഘവനെ പുറത്താക്കിയത്? ഇപ്പോള്‍ ആരെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. അന്നുള്ളവര് ഇന്നില്ല; കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗം!
(ഇടയ്ക്കിടയ്ക്ക് കോര്‍പറേററ് സംസ്കാരം എന്ന് പറയുന്നുണ്ട്. മാതൃഭൂമിയുടെ കോര്‍പറേറ്റ് മാനേജുമെന്റിന്റെ തലവനായി കാലാകാലമായി തുടരുന്നതിന്റെ കുഴപ്പമാകും. അഖിലേന്ത്യാ പ്രസിഡന്റായ ദേവ ഗൌഡയെ സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാര്‍ പുറത്താക്കിയതുപോലെയും പാര്‍ട്ടിയെയും പോക്കറ്റിലിട്ട് മുലായം സിങ്ങ് യാദവിന്റെ വീട്ടുപടിക്കല്‍ കാവലിനുപോയപോലെയുമുള്ള പരിപാടികളാണ് സിപിഐ എമ്മിലും നടക്കുന്നതെന്ന ധാരണ കൊണ്ടാണ് ഇത്തരമൊരു വികലവിചാരം. ഇന്ന് വീരേന്ദ്രകുമാര്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷനെ ധിക്കരിക്കുകയും അനുയായിയായ കൃഷ്ണന്‍കുട്ടിയെക്കൊണ്ട് ധിക്കാരത്തിന്റെ ചുടുചോറ് വാരത്തീറ്റിക്കുകയും ചെയ്യുന്നുണ്ടല്ലോ. അത്തരമൊരു പരിപാടിക്ക് ശ്രമിച്ചപ്പോഴാണ് എംവി രാഘവന് പുറത്തായത്. എന്തായാലും വീരന് സ്വന്തം പാര്‍ട്ടിയില്‍ ചെയ്തത്ര കടുപ്പമൊന്നും എംവി രാഘവന് ചെയ്തിട്ടില്ല.
'പുറത്താക്കിയ' ഗൌഡയുടെയടുത്തേക്ക് ദേശാഭിമാനി പത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കെട്ടുമായി വീരന് ചെന്ന് കാലുപിടിക്കാം. ആര്‍എസ്എസ്-ബിജെപി ബന്ധം വിട്ട് സ്വതന്ത്രപാര്ട്ടിയുണ്ടാക്കി മതനിരപേക്ഷതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാമന്‍പിള്ളയ്ക്ക് അസ്പൃശ്യത കല്പിക്കണം പോലും! ഈ ന്യായം മാതൃഭൂമിയിലെ പെന്ഷന് പ്രായം കഴിഞ്ഞിട്ടും ശിങ്കിടിപ്പണിയെടുക്കുന്ന റാന്മൂളികളോട് പറയാന്‍ കൊള്ളാം.)
വീരന്: പാര്ട്ടിക്കാര് കള്ളുകുടിച്ചാല്‍ നടപടിയെടുക്കുന്ന കാലമുണ്ടായിരുന്നു സി.പി.എമ്മില്‍. ഇപ്പോള്‍ മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് ഇ.പി.ജയരാജന് പറയുന്നത്. നമുക്ക് എന്തായാലും ജയരാജന് പറയുന്നത് കേള്‍ക്കേണ്ട, എ.കെ.ജി.പറഞ്ഞത് കേട്ടാല്‍ മതി.
(ഇതാണ് മറ്റൊരു തട്ടിപ്പ്. ഇപി ജയരാജന് സാന്ദര്‍ഭികമായി പറഞ്ഞ ഒരു കാര്യത്തെ പാര്‍ട്ടിയുടെ നയമാക്കി ചിത്രീകരിച്ച് നടത്തുന്ന കുപ്രചാരണം വീരേന്ദ്രകുമാറും ഏറ്റെടുത്തിരിക്കുന്നു. കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യപാന ശീലത്തെക്കുറിച്ചാണ് ജയരാജന് പറഞ്ഞത്. അതിനെ പാശ്ചാത്യ സംസ്കാരവുമായാണ് താരതമ്യപ്പെടുത്തിയത്. അത്തരമൊരു താരതമ്യം 'പാര്‍ട്ടിക്കാരുടെ കള്ളുകുടി'യുമായി ബന്ധപ്പെടുത്തുന്ന വീരന്റെ മനസ്സിലിരിപ്പ് നല്ലതല്ല എന്നേ പറയാനാകൂ. എന്തായാലും സിപിഎം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയില്ല.)
വീരന്: കോഴിക്കോട് സീറ്റ് സി.പി.എം. 'എടുത്തു' എന്നാണ് പിണറായി വിജയന് പറഞ്ഞത്. പിന്നീട് സ്നേഹത്തോടെ അദ്ദേഹം പറഞ്ഞത്, വയനാട്ടില്‍ മത്സരിക്കണമെന്നും താങ്കള്‍ക്ക് അവിടെ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്നുമാണ്. ആറുമാസം മുമ്പേ എന്റെ പാര്‍ട്ടിയെ അറിയിച്ചതാണ് ഞാന്‍ സ്ഥാനാര്‍ത്ഥിയാവില്ല എന്ന്. മുസ്ലിം സമുദായത്തില്‍ എനിക്ക് സ്വാധീനമുണ്ടെങ്കില്‍ അത് രണ്ട് വോട്ട് കിട്ടാന്വേണ്ടിയുള്ളതല്ല.
(സമ്മതിച്ചുവല്ലോ-വയനാട് തരാമെന്ന് പറഞ്ഞുവെന്ന്. ഇനി വൈകാതെ രാജ്യസഭാ സീറ്റിന്റെ കാര്യം കൂടി പറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയാകും. എന്തേ വയനാട് എടുക്കാതിരുന്നത് എന്ന് വീരന് പറയുന്നത് കേള്‍ക്കുന്നില്ല. കുറെ ജനതാദള്‍ പ്രവര്‍ത്തകര്‍ക്കെങ്കിലും അത് ഒന്നറിയണമെന്നുണ്ട്.)
വീരന്: രണ്ട് വോട്ടുകിട്ടാന്‍വേണ്ടി എന്തും പറയുകയും പിന്നീടത് മാറ്റിപ്പറയുകയും ചെയ്യുന്നത് ഇപ്പോഴത്തെ ഗ്ലോബലൈസേഷന്റെ ഭാഗമാകാം. എന്തായാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല
(ഗ്ളോബലൈസേഷന്റെ ഭാഗമായി ആരാണ് മാറ്റിപ്പറയുന്നതെന്ന് മുലായത്തിന്റെയും ഗൌഡയുടെയും വാതിലുകള്‍ മാറിമാറി മുട്ടിയ വീരനേക്കാള്‍ നന്നായി ആര്‍ക്ക് പറയാനാകും?)
വീരന്: എ.കെ.ജി.യോടും ഇ.എം.എസ്സിനോടും അഴീക്കോടന്‍ രാഘവനോടും സി.എച്ച്.കണാരനോടും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് സോഷ്യലിസ്റ്റുകള്‍. രാഷ്ട്രീയത്തില്‍ എന്റെ ഗുരുനാഥന് എ.കെ.ജി.യാണ്. ഞങ്ങള്‍ ഒരുമിച്ചുനിന്ന് പോരാടിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂലായ് 5ന് കോഴിക്കോട്ട് എ.കെ.ജി.യും ഇ.എം.എസ്സും അരങ്ങില്‍ ശ്രീധരനും കെ.ചന്ദ്രശേഖരനും കെ.എം.മാണിയും ആര്.ബാലകൃഷ്ണപിള്ളയും കെ.ശങ്കരനാരായണനുമൊക്കെ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് എഴുതിയത് അന്ന് മുന്നണി കണ്‍വീനറായിരുന്ന ഞാനായിരുന്നു. എ.കെ.ജി.യും. ഇ.എം.എസ്സും ഒന്നിച്ചുപങ്കെടുത്ത അവസാന യോഗംകൂടിയായിരുന്നു അത്. ഇതെല്ലാം ചരിത്രമാണ്. വിസ്മരിക്കപ്പെടേണ്ടതല്ല
(ഈ തഴമ്പിന്റെ കഥ കുറെനാളായി കേള്‍ക്കുന്നു. മിനിട്സെഴുതിയതും പുതുതായി നിലവില്‍വന്ന ഒരു സംവിധാനത്തിന്റെ താല്കാലിക കണ്വീനറുമായതാണത്രെ മഹത്വം. അങ്ങനെയെങ്കില്‍ നാലപ്പാട് കുടുംബത്തോടും മാധവിക്കുട്ടിയോടും എംഡി നാലപ്പാടിനോടും പഴയ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജനടക്കമുള്ളവരോടും വീരന് കാണിച്ച കാര്യങ്ങളും പരിശോധിക്കാം. സ്വന്തം സഹോദരിയോട് അദ്ദേഹം കാണിച്ച കാര്യങ്ങള്‍, ദേശാഭിമാനി പരമ്പരയില്‍ ഒരു പിശകുവന്നതുകൊണ്ട് മാത്രം ഇല്ലാതായിപ്പോയിട്ടില്ലല്ലോ. അങ്ങനെയുള്ള നന്ദികേടൊന്നും വീരനോട് സിപിഐ എം കാണിച്ചു എന്ന് അദ്ദേഹത്തിന്റെ മകന്‍പോലും പറയില്ല. സിപിഐ എമ്മിന് അങ്ങനെ കാണിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, വീരന് എല്ലാകാലത്തും-സ്വന്തം കയ്യിലിരിപ്പുകൊണ്ട് തോറ്റുപോയ സന്ദര്‍ഭങ്ങളൊഴികെ-എംഎല്‍എയും മന്ത്രിയും എംപിയുമൊക്കെ ആകാന്‍ കഴിയുമായിരുന്നോ. സ്വന്തം പാര്‍ട്ടിയിലെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ വീരന് പിടിച്ചുകൈവശം വെച്ച ഈ സ്ഥാനങ്ങള്‍ സിപിഐ എമ്മിന്റെ സഹായമുള്ളതുകൂടിയായിരുന്നു എന്ന് സമ്മതിക്കാനുള്ള സന്മനസ്സെങ്കിലും അദ്ദേഹം കാട്ടണേ എന്ന് പ്രാര്‍ത്ഥിക്കാം. പണ്ട് ഇഎംഎസിന്റെയും എകെജിയുടെയും കൂടെയിരുന്നത്, ഇന്ന് ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ കെറുവില്‍ വിഷംതുപ്പാനുള്ള ലൈസന്‍സാണ് വീരനെങ്കില്‍-നമോവാകം.)
വീരന്: കോട്ടയത്തെ ഈ പ്രസംഗവേദി ഇവിടത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി സജ്ജീകരിച്ചതാണെന്നാണ് ദേശാഭിമാനിയുടെ ഇന്നത്തെ കണ്ടെത്തല്‍. ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. മറിച്ച് തീരുമാനമെടുക്കണമെങ്കില്‍ അത് ഞങ്ങള്‍ പരസ്യമായിത്തന്നെ ചെയ്യും. ഇനി, അവര്‍ നടത്താനിരുന്ന യോഗം മാറ്റി, ഞങ്ങള്‍ക്കായി വേദി വിട്ടുതന്നെങ്കില്‍ 52 വര്‍ഷം ഒപ്പംനിന്ന ഞങ്ങളോട് നിങ്ങള്‍ കാട്ടാത്ത മര്യാദ മാണി ഞങ്ങളോട് കാണിച്ചതാണ്. 52 വര്‍ഷം ഒപ്പംനിന്ന ഞങ്ങളുടെ ബോര്‍ഡുകളുംമറ്റും നിങ്ങള്‍ നശിപ്പിക്കുമ്പോള്‍ അവര്‍ മാന്യത കാട്ടുന്നു
(പ്രസംഗവേദി മാത്രമല്ല മാണിയുമായി പങ്കിടുന്നത്. മാണിയുടെ രാഷ്ട്രീയം തന്നെയാണ് വീരന് പങ്കിട്ടെടുത്തിരിക്കുന്നത്. കോഴിക്കോട് സീറ്റ് കിട്ടാത്തതുകൊണ്ട് കോട്ടയത്ത് മാണിയുടെ സ്റ്റേജില്‍കയറി ഇടതുമുന്നണിക്കെതിരെ കാറിത്തുപ്പുന്നയാള്ക്ക് 52കൊല്ലത്തെ എന്തിന്റെ പാരമ്പര്യമാണ്? അത് തുറന്നടിച്ച് ചോദിക്കുന്നതാണോ ദേശാഭിമാനിയുടെ കുറ്റം. സിപിഐ എം മാതൃഭൂമിയെ വിമര്‍ശിക്കുന്നത് ഉള്‍ക്കൊള്ളാനാകാത്ത വീരന് ദേശാഭിമാനിയുടെ വിമര്‍ശനങ്ങളോട് എന്തിത്ര അസഹിഷ്ണുത? ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമെന്നതുപോലെ ഒരു വാര്‍ത്താ പത്രവുമല്ലേ? വീരന്റെ ഭൂമികയ്യേറ്റം മറ്റുപത്രങ്ങളില്‍ വരുന്നതിന് ചില ദുസ്വാധീനങ്ങളിലൂടെ തടയിട്ടത് ദേശാഭിമാനിയില്‍ ചെലവാകാത്തതിന്റെ അരിശം തീര്‍ക്കാന്‍ എന്തിന് മുന്നണി രാഷ്ട്രീയത്തെ വലിച്ചിഴയ്ക്കണം? വീരന് ഒരു ന്യായവും ദേശാഭിമാനിക്ക് വേറെന്യായവും ആകുന്നതെങ്ങനെ?)
.വീരന്: മഅദനിയുമായി 16-ാം തീയതിവരെയാണ് സി.പി.എം. നേതൃത്വത്തിന്റെ ബന്ധം. ആണും പെണ്ണും ഒന്നിച്ചുകഴിയുന്ന യൂറോപ്പിലെ ഡേറ്റിങ് പോലെ 16-ാം തീയതി കഴിഞ്ഞാല്‍ രണ്ടും രണ്ടുവഴിക്ക്. സോഷ്യലിസ്റ്റായ മുലായംസിങ് യാദവുമായി സി.പി.എം. നേതാക്കള്‍ക്ക് സംസാരിക്കാം. ഞാനുമായി പാടില്ല. ആയിരക്കണക്കിന് അപവാദങ്ങള്‍ ദേശാഭിമാനി എന്നെക്കുറിച്ചെഴുതി. മറുപടി ഇല്ലാത്തതുകൊണ്ടല്ല, അന്ന് പറയാതിരുന്നത്. മുന്നണി തകരരുതെന്നു വിചാരിച്ചാണ്. മറുപടി പറയാന്‍ ആയിരം നാവുകള്‍ ഉണ്ട് ഞങ്ങള്‍ക്ക്''
(കോണ്‍ഗ്രസിന്റെ മുന്നണിയില്‍നില്‍ക്കുന്ന മുലായം സിങ്ങ് യാദവിന്റെ ചുമലില്‍ കയറി ഇടതുമുന്നണിയില്‍തന്നെ തുടരാമെന്ന് വീരന് സ്വപ്നം കാണാം. എന്‍സിപിയില്‍ കരുണാകരന് ചേര്‍ന്നതോടെ, ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍നിന്ന് ഒഴിവാക്കേണ്ടിവന്നപ്പോള് വീരന് ഈ വികാരം തോന്നിയിരുന്നോ?)
ഇനി ഒരു പത്രക്കുറിപ്പ് വായിച്ചുനോക്കാം. 7-4-2009ന് തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ ക്രൈം വാരികയുടെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ വിതരണംചെയ്ത പത്രക്കുറിപ്പ് ഇങ്ങനെ:
മുഹമ്മദ് റിയാസിന്റെ അപകീര്ത്തിനോട്ടീസ് ഒരു വലിയ തമാശ
ഫാരിസ് അബൂബക്കറിന്റെ പേയ്മെന്റ് സീറ്റാണ് കോഴിക്കോട് എന്ന എംപി വീരേന്ദ്രകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അപകീര്‍ത്തിക്ക് നോട്ടീസയച്ച കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന്റെ നടപടി ഇലക്ഷന് ഗിമ്മിക്കും ഏറ്റവും വലിയ തമാശയുമത്രെ. അപകീര്‍ത്തിക്കേസ് ഫയല്ചെയ്യുന്നയാള് സമൂഹത്തില്‍ നിലയും വിലയും മാന്യതയും ഉള്ളയാള്‍ ആയിരിക്കണം. എന്നാല്‍ ക്രൈം ഓഫീസ് അടിച്ചുതകര്‍ത്ത് തീകത്തിച്ച കേസില്‍ 20 ദിവസത്തോളം ജയിലില്‍ കിടന്നയാളാണ് കേസിലെ മുഖ്യപ്രതിയായ റിയാസ്. ക്രിമിനല്‍ പശ്ചാത്തലവും ഗുണ്ടായിസവും കാട്ടുന്നതാണോ മാന്യതയുടെ ലക്ഷണം?
ഇലക്ഷന് കഴിയുന്നതുവരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വിവി ദക്ഷിണാമൂര്ത്തിക്കാുവേണ്ടി കോഴിക്കോട് ജില്ലാക്കമ്മറ്റി തീരുമാനിച്ചിരുന്ന സീറ്റ് എങ്ങനെ റിയാസിന് ലഭിച്ചു എന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ലാവലിന്‍ രേഖകള്‍ നശിപ്പിക്കാന്‍ ക്രൈം ഓഫീസ് കത്തിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ സീറ്റെന്ന യാഥാര്‍ത്ഥ്യവും എല്ലാവര്ക്കും അറിവുള്ളതാണ്.
പോരേ? ഈ നന്ദകുമാറും വീരേന്ദ്രകുമാറും ഒരേ തരക്കാരാണ് , യോജിച്ചു പ്രവര്‍ത്തിക്കുന്നവരാണ് എന്നതിന് വേറെ തെളിവുനോക്കി പോകേണ്ടതുണ്ടോ? അഥവാ അങ്ങനെ വേണമെങ്കില്‍, ഡോ. സുകുമാര്‍ അഴീക്കോടിനോട് വീരേന്ദ്രകുമാറിന് വിരോധമുണ്ടായപ്പോള്‍, ക്രൈം വാരിക എങ്ങനെയാണ് അഴീക്കോട് മാഷെ അപമാനിച്ചത് എന്ന് ഓര്‍ത്തുനോക്കിയാല്‍ മതി.
വീരന്-ക്രൈം കൂട്ടുകെട്ട് ഇവിടെയുണ്ട്. വീരനുവേണ്ടി ക്രൈം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകളുമായി ക്രൈം ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. ഇത്തരം നെറികെട്ട പണികള്‍ സഹിക്കവയ്യാതെ പലയിടത്തുനിന്നും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. അതല്ലാതെ 'ലാവലിന്‍ രേഖ നശിപ്പിക്കാന്‍' ആരും ക്രൈം ആപ്പീസിലേക്ക് മാര്ച്ചുചെയ്തിട്ടില്ല. ഒരു മൂന്നാംകിട അശ്ളീല മാസികക്കാരന്റെ കയ്യില്‍ എന്തു രേഖ? വെറും നാട്യമല്ലാതെ. ഇവിടെ ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം വീരനും ക്രൈമും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നു എന്നതാണ്-നന്ദകുമാറിനേക്കാള്‍ യോഗ്യനല്ല 52 കൊല്ലത്തെ പാരമ്പര്യമുള്ള ആഗോള മഗ്സാസെ നേതാവെന്നും. അത്രയും ഗുണം.
2 comments:
ഒരു മൂന്നാംകിട അശ്ളീല മാസികക്കാരന്റെ കയ്യില്‍ എന്തു രേഖ? വെറും നാട്യമല്ലാതെ. ഇവിടെ ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം വീരനും ക്രൈമും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നു എന്നതാണ്-നന്ദകുമാറിനേക്കാള്‍ യോഗ്യനല്ല 52 കൊല്ലത്തെ പാരമ്പര്യമുള്ള ആഗോള മഗ്സാസെ നേതാവെന്നും. അത്രയും ഗുണം.
വിയറ്റ്നാം കോളനിയിലെ ശങ്കരാടി പറയുന്ന രേഖ ആയിരിക്കും? :)
Post a Comment