Showing posts with label സുപ്രിം കോടതി. Show all posts
Showing posts with label സുപ്രിം കോടതി. Show all posts

Wednesday, January 13, 2010

മാപ്പുപറഞ്ഞേ തീരൂ

എച്ച്എംടി ഭൂമിയും കെ എസ് മനോജും പോള്‍ സക്കറിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആലപ്പുഴയിലെ തുമ്പോളിയില്‍നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൌസിലേക്കും സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലേക്കുമുള്ള ദൂരം ഏതാണ്ട് 2160 കിലോമീറ്ററാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ കെ എസ് മനോജിന് സിപിഐ എം തുമ്പോളി ലോക്കല്‍കമ്മിറ്റിയില്‍ തുടരാനാവില്ല. അത് ഒരു തെറ്റുതിരുത്തല്‍ രേഖയുടെയും തടസ്സം കൊണ്ടല്ല. ആലപ്പുഴയില്‍ തോറ്റപ്പോള്‍ മനോജ് ഡല്‍ഹിയില്‍ തുടരാനാണ് താല്‍പ്പര്യപ്പെട്ടത്. എംപി ആകാനും ആയിരിക്കുമ്പോഴും പാര്‍ടി വേണമായിരുന്നു; മുന്‍ എംപിയാകാന്‍ പാര്‍ടി വേണ്ട. യുക്തി ലളിതമാണ്. പിന്നെന്തിന്, ഒരു രാജിയും അത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കലും ഉണ്ടായി എന്ന അന്വേഷണമാണ് ഈ സംഭവത്തിലെ വാര്‍ത്ത.

അത് ദൈവവിളിയാണോ, കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി ഒരു ബോംബുപൊട്ടിക്കാനുള്ള മറ്റാരുടെയെങ്കിലും വിളിയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടതിനുപകരം മാധ്യമങ്ങള്‍ ആഘോഷിച്ചത്, മനോജിലൂടെ സിപിഐ എമ്മിനുണ്ടായ 'നഷ്ട'വും 'പ്രതിസന്ധി'യുമാണ്. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി പോള്‍ സക്കറിയ മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ ആകെ ആക്ഷേപിച്ചപ്പോള്‍ പയ്യന്നൂരില്‍ ചില പ്രതികരണങ്ങളുണ്ടായി. അവിടെ എന്തു സംഭവിച്ചു എന്നു പരിശോധിക്കാനല്ല മാധ്യമങ്ങളും പലപല സാംസ്കാരിക നായകരും ശ്രമിച്ചുകണ്ടത്. തല്ലിയോ എന്ന ചോദ്യത്തിന് തള്ളി എന്നേ സക്കറിയപോലും മറുപടി നല്‍കിയുള്ളൂ. മാധ്യമങ്ങള്‍ അതിനെ 'കൈയേറ്റശ്രമ'ത്തില്‍ തുടങ്ങി 'കൈയേറ്റ'ത്തിലൂടെ 'ആക്രമണ'മാക്കി വളര്‍ത്തി. സക്കറിയയെ ന്യായീകരിക്കാന്‍, ഉണ്ണിത്താന്റെ അവിഹിതത്തെ; അനാശാസ്യത്തെ താത്വികവല്‍ക്കരിച്ചു. ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം എവിടെയും അഴിഞ്ഞാടാനുള്ള ലൈസന്‍സുണ്ടാക്കിക്കൊടുക്കാനുള്ള പടപ്പുറപ്പാട് നടന്നു. പിടി ചാക്കോയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കിട്ടാതിരുന്ന ആനുകൂല്യം ഉണ്ണിത്താന് കിട്ടുന്നു. എന്‍ ഡി തിവാരിക്ക് കിട്ടാതിരുന്ന ചര്‍ച്ചാമൂല്യം സക്കറിയയുടെ തിവാരിയന്‍ പരികല്‍പ്പനകള്‍ക്ക് ലഭിക്കുന്നു. ആശാസ്യവും അനാശാസ്യവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെപ്പോയി എന്ന് മാധ്യമങ്ങളോട് ചോദിച്ചേ തീരൂ. അവര്‍ പ്രക്ഷേപണംചെയ്യുന്നത് ശ്ളീലമല്ല, ഒന്നാംതരം അശ്ളീലമാണ്. ആ അശ്ളീലമാണ് എച്ച്എംടി ഭൂമി ഇടപാട് കേസിന്റെ പരിണാമഗുപ്തി നമുക്കുമുന്നില്‍ തുറന്നിടുന്നത്.

എച്ച്എംടി ഭൂമി ഇടപാട് ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുള്ള മുന്ത്യടവ് സക്കറിയ-കെ എസ് മനോജ് വിവാദങ്ങള്‍ കത്തിപ്പടരുന്നതില്‍ വായിച്ചെടുക്കുന്നതിലും തെറ്റില്ല. പുതിയ കാലത്ത് വിവാദം അക്കേഷ്യപോലെ തഴച്ചുവളരുന്ന ഒന്നാണ്. വെള്ളവും വേണ്ട; വളവും വേണ്ട. സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയതിനെ അഴിമതിയെന്നു വിളിച്ച് വിവാദമുണ്ടാക്കിയവര്‍ കേരളത്തിന് നഷ്ടപ്പെടുത്തിയത് ഒരു സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകേണ്ടിയിരുന്ന വിലപ്പെട്ട ഒന്നരവര്‍ഷമാണ്. നിയമത്തിന്റെ പരമോന്നത പരിശോധന കഴിഞ്ഞ് വിധി വന്നുകഴിഞ്ഞു-ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്. എച്ച്എംടിക്ക് പൂര്‍ണ അവകാശത്തോടെ സര്‍ക്കാര്‍ കൈമാറിയ ഭൂമി അവര്‍ വിറ്റതില്‍ തെറ്റില്ല. വ്യവസായ ആവശ്യത്തിന് നീക്കിവച്ചതാണ് ഭൂമി. ഇത് വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ഹര്‍ജിക്കാര്‍ക്ക് എന്താണ് പരാതിയെന്ന് ബോധ്യപ്പെടുന്നില്ല. വ്യവസായ ആവശ്യത്തിനായിമാത്രം നീക്കിവച്ച ഭൂമിയായതിനാല്‍ വാങ്ങിയത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണോ അല്ലയോ എന്നതിലൊന്നും കഴമ്പില്ല. ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുള്ളതായി ബോധ്യപ്പെടുന്നില്ല - സുപ്രീംകോടതി പറഞ്ഞു. ഇതുതന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരുന്നത്.

വിവാദസ്രഷ്ടാക്കള്‍ എന്തു നേടി?

വികസനം മുടക്കാന്‍ വിവാദവും വ്യവഹാരവും പതിവാക്കിയവരെ തുറന്നുകാട്ടുന്ന അനുഭവമാണിത്. കാപട്യം പരിധിവിടുന്ന മുഖമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്. സുപ്രീം കോടതി വിധിയെ 'മാതൃഭൂമി' അകത്തെ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനപ്പെടുത്തി. മനോരമയ്ക്ക് അത് വെറുമൊരു 'വാണിജ്യ വാര്‍ത്ത'യായിരുന്നു. എന്നാല്‍, വിവാദം കൊഴുപ്പിക്കാന്‍ ഇവര്‍ എത്ര പേജുകള്‍, എത്ര വാര്‍ത്തകള്‍, എത്ര വിശകലനങ്ങള്‍, എത്ര ലേഖനങ്ങള്‍ നിരത്തി എന്ന് ഓര്‍ത്തുനോക്കുക.
2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ വികസനം മുഖ്യ അജന്‍ഡയായിത്തന്നെ ഏറ്റെടുത്തു. മുന്‍ സര്‍ക്കാര്‍ 'ജിം' അടക്കമുള്ള ഗുണമില്ലാസര്‍ക്കസുകളാണ് നടത്തിയതെങ്കില്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാനാകുമെന്ന് എളമരം കരീം പ്രവൃത്തിയിലുടെ തെളിയിച്ചു. നിക്ഷേപകരെ ക്ഷണിച്ച് കൊണ്ടുവന്നു. പൊതുമേഖലയില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിച്ചു.
അഴിമതി, ഭൂമികച്ചവടം, ലാന്‍ഡ് മാഫിയ എന്നിങ്ങനെയുള്ള വാക്കുകളുടെ കുത്തൊഴുക്കുമായി പത്രങ്ങളിറങ്ങി-ചാനലുകളില്‍ ചര്‍ച്ചകളുടെ മേളമായി. കേരളത്തില്‍ നിക്ഷേപിക്കാന്‍ വരുന്ന ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന വിവാദങ്ങളാണ് 'ഏഷ്യാനെറ്റ്' പോലുള്ള ചാനലുകള്‍ കൂടുതുറന്ന് പുറത്തുവിട്ടത്.
കുടിയൊഴിപ്പിക്കാതെ നെല്‍പ്പാടം നികത്താതെ ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ഒരു പദ്ധതി ഒന്നരവര്‍ഷം നശിപ്പിച്ചതിന് ആര് ഉത്തരം പറയും? സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്ത മുക്കിയാല്‍ തീരുന്നതാണോ ഈ പ്രശ്നം? ഇന്നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വിവാദം ഭക്ഷിച്ചാല്‍ വയറുനിറയുമോ? ഇടതുപക്ഷത്തെ ആക്രമിക്കാന്‍ നാടിനെ മുടിക്കുന്ന സമ്പ്രദായം നല്ലതിനോ? ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തെ വിവാദങ്ങള്‍ സാമ്പിളായെടുത്ത് അതിന്റെ പരിണാമം സത്യസന്ധമായി പ്രസിദ്ധീകരിക്കാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറുണ്ടോ? പറഞ്ഞ നുണകള്‍; അര്‍ധ സത്യങ്ങള്‍; ഭാവന-ഇവയെല്ലാം ഒടുവില്‍ എവിടെയെത്തി എന്ന് ജനങ്ങളും അറിയട്ടെ. ചുരുങ്ങിയപക്ഷം സൈബര്‍സിറ്റിയെ തകര്‍ക്കാന്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിലെങ്കിലും കേരളത്തിലെ ജനങ്ങളോട് ഈ വിവാദവ്യവസായികള്‍ മാപ്പു പറയേണ്ടതല്ലേ? അല്ലെങ്കില്‍ ജനങ്ങള്‍ അത് പറയിക്കേണ്ടതല്ലേ?

Tuesday, April 14, 2009

ഇനിയും ചീഞ്ഞാല്‍

പലതും പ്രതീക്ഷിക്കണമെന്ന് നേരത്തെ എഴുതുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇതിലും വലുതെന്തോ കരുതിവെച്ചിട്ടുണ്ടെന്നാണ് നിരുപിച്ചത്. ഇന്നത്തെ മാതൃഭൂമി വന്‍കിട ലീഡും മനോരമ സാദാ ലീഡുമായി കൊടുത്ത വാര്‍ത്ത ശ്രദ്ധിച്ചില്ലേ-എല്‍ഡിഎഫിനെതിരെ വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് പൊട്ടിക്കാന്‍ വെച്ച വിഷുപ്പടക്കമാണ് ഇക്കാണുന്നത്.

സുപ്രിം കോടതിയില്‍ ഒരു സ്പെഷല്‍ ലീവ് പെറ്റീഷന്‍ കൊടുപ്പിച്ച് വാര്‍ത്തയാക്കാനാണ് ആദ്യം ശ്രമം നടന്നത്. അത് ഫലിച്ചില്ല. ഒന്നുകില്‍ ഏറ്റവും മുകളില്‍-അല്ലെങ്കില്‍ ഏറ്റവും താഴെ-അതാണ് ചിലരുടെ ശീലം. സുപ്രിംകോടതിയില്‍ നടക്കാതെപോയത് മജിസ്ട്ട്ര്േ കോടതിയില്‍ നടത്തിച്ചുളഞ്ഞു. ഇത്തരം ഒരു കടലാസ് കൊടുത്താല്‍ ഏതുമജിസ്ടേട്ടിനും അത് പരിശോധിക്കണമെന്ന് പറഞ്ഞ് പൊലീസിന് വിടാം. വിജിലന്‍സും സിബിഐയും അന്വേഷിച്ചതും ഹൈക്കോടതി പലവട്ടം പരിഗണിച്ചതുമായ ഒരുപ്രശ്നത്തില്‍ തമ്പാനൂര്‍ പൊലീസിനും വഞ്ചിയൂരെ മജിസ്ടേട്ടിനും നെയ്യാറ്റിന്‍കരയിലെ വക്കീലിനും എന്ത് കാര്യം എന്നുമാത്രം ചോദിക്കരുത്.

യുഡിഎഫിന് തെരഞ്ഞെടുപ്പുവിഷയമുണ്ടാക്കാന്‍, അത്തരം ചീഞ്ഞകളിക്ക് നേതൃത്വം നല്‍കുന്ന വീരനെയും ചെന്നിത്തലയേയും പോലുള്ളവരുണ്ടായാല്‍ ഇതൊക്കെ സംഭവിക്കും .ഇന്നലെ സുപ്രിം കോടതി നടത്തിയ ഇടപെടല്‍ കണ്ടില്ലേ. ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

രാജ്യത്തെ മററുപല സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളും അതിക്രമങ്ങളും സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും അരങ്ങേറുമ്പോള്‍, കേരളം അവയില്‍നിന്നെല്ലാം വിട്ടുനില്‍ക്കുന്നുവെന്നത് ഓരോ മലയാളിയും അഭിമാനിക്കുന്ന കാര്യമാണ്. ക്രമസമാധാനത്തിലെ കേരളത്തിന്റെ ഔന്നത്യം കേന്ദ്രസര്‍ക്കാരും മാധ്യമസര്‍വെകളും അംഗീകരിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുന്ന യുഡിഎഫിനുവരെ, ക്രമസമാധാനത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ ഒരക്ഷരം ഉരിയാടാനാകുന്നില്ലെന്നത്, ഇന്നാട്ടിലെ ജനങ്ങളുടെ സ്വൈരജീവിതം ആര്‍ക്കും നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമായതുകൊണ്ടാണ്. ഇത്തരമൊരവസ്ഥ നിലനില്‍ക്കുന്ന കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു എന്ന് ഒരുദിവസം ഒരു ഹൈക്കോടതി ജഡ്ജി പ്രഖ്യാപിച്ചത്, കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളറിയാവുന്നവരെ മാത്രമല്ല, നീതിപീഠത്തിന്റെ വിശ്വാസ്യത പുലര്‍ന്നുകാണണമെന്ന് ആശിക്കുന്നവരെയാകെയാണ് ഞെട്ടിച്ചത് .

കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല എന്ന് നിയമത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും പ്രാഥമിക ബോധമുള്ളവരാകെ അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. നീതിപീഠം പരിധി ലംഘിച്ചുനടത്തിയ ആ അനാവശ്യ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാകെ ഇന്ന് സുപ്രിം കോടതി ശരിവെച്ചിരിക്കുന്നു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന ജസ്റ്റിസ് കെ രാംകുമാറിന്റെ പരാമര്‍ശം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് സ്റ്റേ ചെയ്തതിലൂടെ, സംസ്ഥാന ഗവര്‍മെന്റിന്റെ നിലപാടുകള്‍ക്ക് പരമോന്നത നീതിപീഠത്തിന്റെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് വസ്തുതകള്‍ പരിശോധിക്കാതെയാണ് ജസ്റ്റിസ് രാംകുമാര്‍ നിഗമനത്തിലെത്തിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് സുപ്രിം കോടതിയില്‍ ബോധിപ്പിച്ചത്.

മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതികള്‍ നിഗമനത്തിലെത്തുക. അത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ജഡ്ജിമാര്‍ ചോദ്യങ്ങളുന്നയികുന്നത് പതിവാണ്. ഇവിടെ, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയിലാണ് സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് ആധികാരികമെന്ന ഭാവേനയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. അതാകട്ടെ, ക്രമസമാധാനപാലനത്തില്‍ സ്തുത്യര്‍ഹമായ നേട്ടമുണ്ടാക്കിയ സംസ്ഥാന ഗവര്‍മെന്റിനെ താഴ്ത്തിക്കെട്ടുന്നതുമായിരുന്നു. ആ പരാമര്‍ശം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനുള്ള ആയുധമായി പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നതാണ് പിന്നീട് കണ്ടത്.കേരളത്തില്‍ സ്വന്ത്രവും നീതിപൂര്‍വകവുമായ തെരഞെടുപ്പ് നടക്കാനിടയില്ലെന്ന് സമര്‍ത്ഥിക്കാന്‍ പോലും ഹൈക്കോടതി ജഡ്ജിയുടെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ഉദ്ധരിക്കുന്ന നിലയുണ്ടായി. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ് എന്ന് അന്നുതന്നെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായംപോലും കേള്‍ക്കാതെ, അധികാരപരിധി വിട്ടതും ഏകപക്ഷീയവും പരിഗണിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തതുമായ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് രാംകകുമാറില്‍നിന് മുമ്പും ഉണ്ടായിട്ടുണ്ട്.

ഉന്നതനീതിപീഠത്തിന് ചേരാത്ത, വെളിപാടുകളുടെ രീതിയെക്കുറിച്ച് കേരളത്തില്‍ ശക്തമായ പ്രതിഷേധവും ഇയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ ക്രമസമാധാനം പുലരാന്‍ പട്ടാളത്തെ വിളിക്കണമെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ഒരു ജാമ്യാപേക്ഷ പരിഗണിക്കവെ ഈ ജഡ്ജി നിര്‍ദേശിച്ചു. അതിലൂടെ സ്വന്തം അധികാരപരിധിയും ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ക്രമസമാധാനച്ചുമതലയും കണക്കിലെടുക്കാതെ പ്രശ്നം കേന്ദ്രസര്‍ക്കാരിനു മുമ്പിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുകയാണുചെയ്തത്. കേന്ദ്രത്തെ സമീപിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവില്ലാതെ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ല. അത് ചൂണ്ടിക്കാട്ടി, തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിധിയിലൂടെ ജഡ്ജി പ്രകടിപ്പിച്ചിരിക്കുന്നത് എന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിക്കാതെ തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണതെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു.


രക്തച്ചൊരിച്ചിലില്‍നിന്ന് നേതാക്കള്‍ രക്ഷപ്പെടുന്നെന്നും യഥാര്‍ഥ പ്രതികളല്ല കേസില്‍ അകപ്പെടുന്നതെന്നും പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നെന്നും മറ്റുമുള്ള അടിസ്ഥാനരഹിയവും കല്‍പനാപരവുമായ പരാമര്‍ശങ്ങളുടെ പരിഹാസ്യത പാര്‍ട്ടി നേതൃത്വം തുറന്നു പറഞ്ഞു. അന്നതിനെ കോടതിക്കെതിരായ യുദ്ധമായാണ് യുഡിഎഫ് വ്യാഖ്യാനിചത്. സിപിഐ എം കോടതിയെ വെല്ലുവിളിക്കുന്നുവെന്ന മുറവിളിയുമുയര്‍നനു. ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ പിന്നീട് ഡിവിഷന്‍ ബെഞ്ച് നീക്കിയെങ്കിലും സിപിഐ എമ്മിനെതിരെ ആക്രോശിച്ചവര്‍ പഴയ നിലപാട് മാറ്റിയില്ല. ക്രമസമാധാനത്തെക്കുറിച്ച് ജസ്റ്റിസ് രാംകുമാറില്‍നിന്ന് വീണ്ടും പരാമര്‍ശമുണ്ടായപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിക്കപ്പെട്ടു. അത്തരക്കാര്‍ക്കാണ് സുപ്രിം കോടതി സ്റ്റേ നടപടിയിലൂടെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ലെങ്കിലും കോടതികളെ രാഷ്ട്രീയക്കളിക്കും അപവാദ പ്രചാരണത്തിനും ഉപകരണമാക്കുന്ന ദുരവസ്ഥ അടുത്തകാലത്തായി കേരളത്തില്‍ ബലപ്പെട്ടിട്ടുണ്ട്. വ്യവഹാരപ്രിയരും രാഷ്ട്രീയഉപജാപങ്ങളില്‍ പങ്കാളികളുമായ ചിലര്‍ നിരന്തരം പലതരത്തിലുള്ള ഹര്‍ജികളുമായി വിവിധ കോടതികളെ സമീപിക്കുകയും അത്തരം കേസുകളിലെ സാധാരണ നടപടിക്രമങ്ങള്‍ക്കുപോലും കൃത്രിമപ്രാധാന്യവും ആധികാരികതയും നല്‍കി രാഷ്ട്രീയലക്ഷ്യത്തോടെ പ്രചരിപ്പിക്കയുമാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ മജിസ്ടേട്ടുകോടതി തീരുമാനം. കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്റെ വളച്ചൊടിക്കലുകളിലൂടെ ഏതാനും മാധ്യമങ്ങളും ഈ കളിയില്‍ പങ്കാളിയാകുന്നു. അതിന് മനോരയും മാതൃഭൂമിയും തെളിവ്. നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് ആഘാതമേല്‍പിക്കുന്ന നടപടികളാണിതും. ഇത്തരം കാര്യങ്ങളില്‍ ഗൌരവമയാ ചര്‍ച്ചയും ഇടപെടലും നീതിന്യായ വ്യവസ്ഥയില്‍നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.