ഗ്രാംഷി പറഞ്ഞു: "
ഇത് വരിക്കാരെ കണ്ടെത്താന്‍ പ്രചാരണം നടത്തുന്ന കാലമാണ്. ബൂര്‍ഷ്വാ പത്രങ്ങളുടെ പത്രാധിപന്‍മാരും അഡ്മിനിസ്ടേറ്റര്‍മാരും അവരുടെ കാഴ്ച അലമാരകള്‍ ക്രമീകരിക്കുന്നു; പരസ്യപ്പലകകള്‍ക്ക് വാര്‍ണീഷടിക്കുന്നു; കടന്നുപോകുന്നവരെ(ഇവിടെ വായനക്കാര്‍) വില്‍പനവസ്തുവിലേക്ക് ആകര്‍ഷിക്കാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. അവരുടെ വില്‍പനച്ചരക്ക് നാലോ ആറോ പേജുകളുള്ളതും രാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങുന്നതുമായ വാര്‍ത്താ പത്രങ്ങളാണ്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പത്രത്തിന്റെ ഉല്‍പാദകരുടെയും വില്‍പനക്കാരുടെയും താല്‍പര്യാനുസൃതം വായനക്കാരുടെ മനസ്സിലേക്ക് കുത്തിവെക്കലാണ് അവയുടെ ധര്‍മ്മം.'' 1916ലാണ് ഗ്രാംഷി ഇതെഴുതിയത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാധ്യമങ്ങളെക്കുറിച്ചുളള ബോധം ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ രൂപപ്പെട്ടതല്ല.
കമ്മ്യൂണിസ്റ്റുകാര്‍ക്കോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗപരമായ നിലപാടുകള്‍ക്കോ ഒരുകാലത്തും ആര്‍ജിക്കാനാകാത്ത ഒന്നാണ് ബൂര്‍ഷ്വാമാധ്യമങ്ങളിലെ സ്വീകാര്യത. തന്നെക്കുറിച്ച് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്ലതുപറയുമ്പോള്‍ തനിക്കെന്തോ പിശകുപറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കണമെന്ന ഇഎംഎസിന്റെ ബോധ്യം ആ തിരിച്ചറിവില്‍നിന്നുല്‍ഭവിച്ചതാണ്്. ബൂര്‍ഷ്വാമാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ-തൊഴിലാളി വിരുദ്ധ സമീപനത്തെ ഏറ്റവും മോശമായ വാക്കുകളില്‍ വിശേഷിപ്പിക്കാന്‍ ലെനിന്‍ മടിച്ചുനിന്നിരുന്നില്ല. തനിക്കെതിരായ താല്‍പര്യങ്ങളാലും ആശയങ്ങളാലും പ്രചോദിതമായി യുദ്ധംനടത്തുന്നവയാണ് ബൂര്‍ഷ്വാപത്രങ്ങള്‍ എന്ന് എല്ലായ്പ്പോഴും തൊഴിലാളി മനസ്സിലാക്കണമെന്നാണ് ഗ്രാംഷി ഓര്‍മ്മിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും അപവാദങ്ങളും നുണക്കഥകളും ഒന്നൊന്നായി പിറന്നുവീഴുമ്പോള്‍, അതാണ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ധര്‍മ്മം എന്ന മുന്‍വിധിയോടെ അവയെ സമീപിക്കണം എന്ന പ്രഥമപാഠം ആവര്ത്ച്ച് ഓര്‍ക്കണം.
.
മാധ്യമ സൃഷ്ടി എന്നത് പരിഹസിക്കപ്പെടുന്ന പദമായി കേരളത്തിന്റെ പൊതുബോധത്തിലേക്ക് അടിച്ചുകയറ്റാന്‍ മുഖ്യധാരയില്‍ സുസ്ഥിരസ്ഥാനമലങ്കരിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും കെട്ടിച്ചമച്ച വാര്‍ത്തയോട് 'അത് മാധ്യമ സൃഷ്ടിയാണ'് എന്ന് പ്രതികരിക്കുമ്പോള്‍ പുച്ഛവും പരിഹാസവും ഉല്‍പാദിപ്പിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചിരിക്കുന്നു എന്നതാണ് നമുക്കുമുന്നില്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ട് നിവര്‍ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം. മാധ്യമ സൃഷ്ടികള്‍ക്ക് രാഷ്ട്രീയത്തില്‍മാത്രമല്ല, പൊലീസ് നടപടികളിലും ജുഡീഷ്യല്‍ പരിശോധനകളിലും ദുസ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നതിന് എക്കാലത്തും എടുത്തുപറയാവുന്ന ഉദാഹരണമാണ് 'വരദാചാരിയുടെ തല' സംബന്ധിച്ച് സമീപനാളുകളില്‍ കേരളത്തില്‍ ഉയര്‍ന്ന വിവാദവും അതിന്റെ അപഹാസ്യമായ പരിണതിയും.
'ഹോട്ട് ഡോഗ്' എന്നത് മാംസംകൊണ്ടുണ്ടാക്കുന്ന ഒരുതരം ഭക്ഷ്യവസ്തുവാണ്. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഒന്ന്. 'ഹോട്ട് ഡോഗ്' തീറ്റമത്സരം സംബന്ധിച്ച ഒരു വാര്‍ത്ത വന്നപ്പോള്‍, ദേശാഭിമാനിയിലെ ഒരുസഹപത്രാധിപര്‍ തെറ്റിദ്ധരിച്ച്, അതിനെ 'പട്ടികളെ തിന്നുന്ന' മത്സരമാക്കി. ആ തെറ്റായ വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം ഞങ്ങള്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്താന്‍ പറ്റിയിരുന്നില്ല. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്തും നിര്‍വ്യാജമായ ഖേദപ്രകടനവും അച്ചടിക്കാനുള്ള തീരുമാനമാണ് അന്ന് ചേര്‍ന്ന എഡിറ്റോറിയല്‍ ആലോചനായോഗത്തില്‍ ആദ്യം എടുത്ത്. തെറ്റായ വാര്‍ത്ത അച്ചടിക്കാനിടയായാല്‍ അത് തുറന്നുപറഞ്ഞ് തിരുത്തിയേ തീരൂ എന്ന മാധ്യമ മര്യാദയാണ് ഞങ്ങളെ നയിച്ചത്. തിരുത്ത് അച്ചടിച്ചുവന്നപ്പോള്‍, അത്രയ്ക്ക് തുറന്നുപറയേണ്ടിയിരുന്നോ എന്നാണ് മലയാളമനോരമയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി സൌഹൃദഭാവത്തില്‍ ചോദിച്ചത്. 'വരദാചാരിയുടെ തല' പലവട്ടം വാര്‍ത്തയാക്കിയ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍, ആ തല 'പൊട്ടിച്ചിതറി'യപ്പോള്‍ അത്തരമൊരു മര്യാദ കാണിച്ചില്ല.
വരദാചാരി പ്രഗല്‍ഭനെന്ന് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതി നവീകരിക്കാന്‍ എസ്എന്‍സി ലാവലിനുമായി കരാര്‍ ഉണ്ടാക്കുന്നതിനെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം എതിര്‍ത്തുവെന്നും ആ എതിര്‍പ്പിനെ രൂക്ഷമായി അവഹേളിച്ച്, 'വരദാചാരിയുടെ മാനസികാവസ്ഥ ഒരു മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതി എന്നുമാണ് പ്രചാരണമുണ്ടായത്. നിരന്തരം വാര്‍ത്തകള്‍ വന്നു.
വരദാചാരിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദമുണ്ടായ കാര്യം പത്രപ്രവര്‍ത്തകരായ ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്. അത് സഹകരണ വകുപ്പുമായി ബന്ധപ്പെട്ടാണെന്നും ഓര്‍ക്കുന്നു. എന്നാല്‍, അങ്ങനെ തെളിയിക്കാന്‍ മുന്നില്‍ ഒരു മാര്‍ഗവുമുണ്ടായില്ല. കേരള കൌമുദി അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും വാര്‍ത്ത എഴുതിയ ലേഖകന്‍ ഇന്നയാളാണെന്നുമുള്ള വ്യക്തമല്ലാത്ത ധാരണവെച്ച് പ്രസ്തുത ലേഖകനോട് വിവരം ആരാഞ്ഞു. തന്റെ ഓര്‍മ്മയില്‍ ആ പ്രശ്നം തങ്ങിനില്‍ക്കുന്നില്ലെന്നും എഴുതിയ കാലം തീരെ ഓര്‍മ്മിച്ചെടുക്കാനാവുന്നില്ലെന്നുമാണ് ആവര്‍ത്തിച്ചുകിട്ടിയ മറുപടി.ദേശാഭിമാനിയില്‍ കേരളകൌമുദി അടക്കമുള്ള പത്രങ്ങളുടെ ഫയല്‍ സുക്ഷിക്കാറുണ്ട്. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഇറങ്ങിയ കൌമുദി ആകെ പരിശോധിച്ചു-ഒന്നല്ല; നാലോ അഞ്ചോ തവണ. 'തലപരിശോധന' വാര്‍ത്ത കണ്ടെത്താനായില്ല. സെക്രട്ടറിയേറ്റില്‍ ബന്ധപ്പെട്ട ഫയല്‍ തെരഞ്ഞുപിടിക്കാനാകുമോ എന്ന് നോക്കി. അതിലും നിരാശ ഫലം. അപ്പോഴേക്കും ലാവലിന്‍ കേസിനെക്കുറിച്ച് പറയുന്നവരെല്ലാം 'വരദാചാരിയുടെ തലയെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. പിണറായിക്കെതിരായി മുര്‍ച്ചയേറിയ ആയുധമായി അത് ഉപയോഗിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിരന്തരം അതുസംബന്ധിച്ച വാര്‍ത്തയെഴുതി. ആ കുറിപ്പടങ്ങിയ ഫയല്‍ സിപിഐ എം ഇടപെട്ട് പൂഴ്ത്തിയെന്ന് ആരോപണമുണ്ടായി.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുള്ളവരാണ് പൂഴ്ത്തലിനുപിന്നിലെന്നാരോപിച്ച് സ്വകാര്യ അന്യായം കോടതിയിലെത്തി. അതും കൂറ്റന്‍ വാര്‍ത്തകളായി. അന്വേഷണ ഏജന്‍സിയായ സിബിഐ 'തല' വിവാദം ഏറ്റെടുത്തു. അവര്‍ പിണറായി വിജയനോട് ചോദിച്ചു. നോട്ട് എഴുതി എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് സഹകരണ വകുപ്പിലെ ഏതോ കാര്യത്തിലാണെന്നാണ് ഓര്‍മ്മ. സിബിഐ അത് വിശ്വസിച്ചില്ല. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍, മറിച്ചുള്ള തെളിവുകളുടെ അഭാവത്തില്‍ സിബിഐക്ക് വേദവാക്യമായി. അതിന് ബലംനല്‍കാന്‍ വെങ്കിട്ടരമണന്‍, കൃഷ്ണന്‍ നായര്‍, ടി.പി. നന്ദകുമാര്‍ എന്നിവരെക്കൊണ്ട് സാക്ഷിപറയിപ്പിച്ചു. അങ്ങനെ, ലാവലിന്‍കേസില്‍ അലംഘനീയമായ തെളിവായി വരദാചാരിയുടെ തലപരിശോധന ഉയര്‍ന്നു.
പിന്നെയും പിന്നെയും വാര്‍ത്തകള്‍ വരികയാണ്. അന്നും മാതൃഭൂമി എഴുതി: "
ലാവലിന്‍: നായനാരും ശിവദാസമേനോനും ശബ്ദിച്ചില്ലെന്ന് സാക്ഷി'' എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ: "
കൊച്ചി: ലാവലിന്‍ കരാര്‍ സംബന്ധിച്ച് ശക്തിയായ എതിര്‍പ്പുകള്‍ താന്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരോ ധനകാര്യമന്ത്രി ശിവദാസമേനോനോ അതിന് എതിരെ ശബ്ദിച്ചില്ലെന്ന് മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സി.ബി.ഐയുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ് അദ്ദേഹം. പ്രതികള്‍ക്കുള്ളള്ള കുറ്റപത്രത്തോടൊപ്പം ഈ മൊഴിയും സി.ബി.ഐ. പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.''
അവിടംകൊണ്ടും നിര്‍ത്തുന്നില്ല. മാതൃഭൂമി തുടരുന്നു: "തന്റെ എതിര്‍പ്പുകള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാനോട് താന്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും എതിര്‍പ്പുകളും അതില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. മിനിറ്റ്സിന്റെ കോപ്പി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ തന്റെ എതിര്‍പ്പുകള്‍ പ്രത്യേകമായി എഴുതി തയ്യാറാക്കി ബോര്‍ഡ് ചെയര്‍മാന് നല്‍കി. അത് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും പ്രത്യേകമായി നല്‍കിയിരുന്നുവെന്ന് വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ രേഖാമൂലം അറിഞ്ഞിട്ടും അവരാരും പ്രതികരിച്ചില്ല. എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരും രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ് പരിശോധനയ്ക്ക് വിധേയമാക്കണ'മെന്ന് മന്ത്രി പിണറായി വിജയന്‍ എഴുതി. ആകുകുറിപ്പ് താന്‍ കണ്ടിരുന്നുന്നു. പക്ഷേ, അതിന് മറുപടി പറയേണ്ടെന്ന് താന്‍ തീരുമാനിച്ചു.''
നിസ്സഹായമായ അവസ്ഥയാണെന്ന് ലാവലിന്‍കേസില്‍ അത്യാവശ്യം പഠനംനടത്തിയിട്ടുള്ള ഞങ്ങള്‍, ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തോന്നി. എങ്ങനെയെങ്കിലും സത്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന തീവ്രചിന്തയും പരിശ്രമവും വീണ്ടും. തെരച്ചിലിന് ഞങ്ങള്‍ക്കൊപ്പം പീപ്പിള്‍ ടിവിയുടെ രണ്ട് പ്രധാന പ്രവര്‍ത്തകരും ചേര്‍ന്നു. 1998ലാണ് സംഭവമെന്ന ഓര്‍മ്മയില്‍ അക്കൊല്ലത്തെ ഫയലാണ് വള്ളിപുള്ളി വിടാതെ പരിശോധിച്ചത്. കൂട്ടത്തില്‍ ഒരാള്‍ക്ക് കിട്ടിയത് 1997 നവംബറിലെ ഫയലായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണത്-എന്നാല്‍ അതിലാണ് യഥാര്‍ത്ഥ വെടിമരുന്നുണ്ടായത്. നവംബര്‍ 11ന്റെ കേരള കൌമുദിയില്‍ അകത്തെപേജില്‍ ചെറിയൊരു വാര്‍ത്ത-സഹകരണ മന്ത്രിയുടെ പരാമര്‍ശത്തില്‍ അമര്‍ഷം എന്ന തലക്കെട്ട്. എന്താണ് പരാമര്‍ശമെന്നില്ല. എന്നാല്‍ സഹകരണ മന്ത്രിയോടാണ് ഐ എ എസുകാരുടെ അമര്‍ഷം എന്നുണ്ട്.
തൊട്ടുമുമ്പത്തെ കേരള കൌമുദിയില്‍തന്നെ യഥാര്‍ത്ഥ വാര്‍ത്ത കാണുമെന്ന് പ്രതീഷിച്ചു. ഒരാഴ്ചത്തെ ഫയല്‍ തപ്പിയിട്ടും കണ്ടില്ല. പിന്നെ, അതേമാസത്തെ മനോരമ, മാതൃഭൂമി ഫയലുകള്‍ പരിശോധിച്ചു. അവയില്‍ വാര്‍ത്തകളുണ്ട്.
അതില്‍ 'വരദാചാരിയുടെ മാനസികാവസ്ഥ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള കുറിപ്പ്' പിണറായി എഴുതിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണമെന്ന വിഷയത്തിലാണെന്നുമുണ്ട്. കലാകൌമുദിയില്‍ വന്ന ഒറിജിനല്‍ വാര്‍ത്ത തീയതിവച്ച് പരിശോധിച്ചപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. "ധനകാര്യ സെക്രട്ടറിക്കെതിരെ സഹകരണമന്ത്രി'' എന്ന തലക്കെട്ടില്‍ ഒന്നാംപേജില്‍തന്നെ കെ ബാലചന്ദ്രന്‍ പേരുവെച്ചെഴുതിയ അഞ്ചുകോളം വാര്‍ത്ത.
പത്രങ്ങളും യുഡിഎഫും ഒടുവില്‍ സിബിഐ തന്നെയും എഴുന്നള്ളിച്ചുനടന്ന ഒരു വന്‍ കള്ളം അതോടെ പൊളിഞ്ഞു. പിന്നെ മനോരമയിലോ മാതൃഭൂമിയിലോ ഒരിക്കലും അച്ചടിച്ചിട്ടില്ല-വരദാചാരിയുടെ പേര്. എല്ലാം പൊളിഞ്ഞ് തകര്‍ന്നപ്പോള്‍ മാതൃഭൂമിക്കോ മനോരമയ്ക്കോ തിരുത്തണമെന്നോ വ്യാജ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കണമെന്നോ തോന്നിയില്ല. ആ പത്രങ്ങള്‍ മാത്രം വായിക്കുന്നവരുടെ തലയില്‍ ഇന്നും 'വരദാചാരിയുടെ തല' ഉണ്ട്. അതാണ് കേരളത്തിന്റെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം.
മാധ്യമ സിന്‍ഡിക്കേറ്റ്, വ്യാജവാര്‍ത്താ സൃഷ്ടി എന്നൊക്കെ നാം നിരന്തരം പറയാറുണ്ട്. അത്തരം പറച്ചില്‍പോലും മാധ്യമ സ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടാറുമുണ്ട്. തുടര്‍ച്ചയായി വ്യാജ വാര്‍ത്തകളെഴുതുന്ന മാധ്യമ സമൂഹത്തെ നോക്കി നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന് സിപിഐ എം നേതാവ് പറഞ്ഞാല്‍ അതിനെ ധാര്‍ഷ്ട്യത്തിന്റെ കള്ളിയിലിട്ട് ആക്രമണം തുടരാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശീലിച്ചിട്ടുള്ളത്. തങ്ങളെ നോക്കിയുള്ള ചിരിയും തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അമിത പരിഗണനയുമാണ് രാഷ്ട്രീയനേതാക്കളെ നല്ലതും ചീത്തയുമായി വേര്‍തിരിക്കാന്‍ അവര്‍ക്കുള്ള മാനദണ്ഡം. മാധ്യമങ്ങളോട് ഇങ്ങനെ അസഹിഷ്ണുത കാണിക്കാതെ സൌഹൃദത്തില്‍ പെരുമാറിയാല്‍ പ്രശ്നം തീരുമെന്ന് പറയുന്നത് നുണക്കൂമ്പാരങ്ങളൊരുക്കി വ്യക്തിയെ ദഹിപ്പിക്കുന്നവര്‍തന്നെയാണ്.
വാര്‍ത്ത എങ്ങനെ ഉണ്ടാകുന്നു എന്നതാണ് പ്രശ്നം. സംഭവങ്ങളോ പ്രസ്താവനകളോ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം എന്നുവന്നിരിക്കുന്നു. പണം വാര്‍ത്തകള്‍ക്ക് വളമാകുന്നു. ആന്ധ്രപ്രദേശില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. 'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെമുന്നില്‍ ഗൌരവമായി മുമ്പ് വന്നതുമല്ല. ചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മ്മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്. കൂലിക്ക് വാര്‍ത്തയെഴുതുന്നു എന്ന പച്ചയാഥാര്‍ത്ഥ്യം.
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ആപ്പീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ത്ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്ത തന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു. 'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും. പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ത്ഥം.
വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുത മരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജ പരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുത മരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!
ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയനെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയനെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടരക്കോടി രൂപയിലെ രണ്ടാം ഗഢു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചംകാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.
മഖന്‍ലാല്‍ ചതുര്‍വേദി യൂനിവേഴ്സിറ്റി ഓഫ് ജേണലിസം ആന്റ് കമ്മ്യുണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജിഎന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമ രംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണന താല്‍പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍ തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രിംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.
നമുക്കുചുറ്റും എന്തുനടക്കുന്നു എന്നുമനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമ രംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള മുന്‍പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം. ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ട്ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍ നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്നതോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പുനടക്കുന്നതിനുമുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി. അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമ പ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പേയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയാറായത്.
ലാവലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നുവെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കാനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവെച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജണ്ടയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു.
സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കുസമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടി. ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കുവാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്.
ലാവലിന്‍ കേസ് എന്ന് നാം ഇന്നറിയുന്ന പ്രശ്നത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍, അത് മാധ്യമങ്ങളുടെ സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ നാള്‍വഴിയുമാണെന്ന് മനസ്സിലാക്കാനാകും. മുന്‍ സൂചിപ്പിച്ച 'വരദാചാരിയുടെ തല പരിശോധന' അതില്‍ ഒരുദാഹരണം മാത്രം. കുറ്റ്യാടി എക്സ്റന്‍ഷന്‍ ജലവൈദ്യുതപദ്ധതിയുടെ കരാറുകാര്‍ എസ്എന്‍സി ലാവലിന്‍ തന്നെയാണ്. ആ കരാറിന്റെ എല്ലാ ഭാഗങ്ങളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. രണ്ടു കരാറിന്റെയും നടപടിക്രമങ്ങള്‍ ഒരേ രീതിയലിലാണ്. ഒന്നില്‍ ഒരുകുഴപ്പവും കാണാത്തവര്‍ രണ്ടാമത്തേതില്‍ സര്‍വ കുഴപ്പവും കാണുന്നു എന്ന വൈരുധ്യം മനസ്സിലാകാത്തവരാണോ ഇവിടത്തെ മാധ്യമങ്ങള്‍. ടെക്ക്നിക്കാലിയ കടലാസ് കമ്പനിയാണ് എന്നതും ലാവലിന്‍ കരാറിലെ തുക 374 കോടിയാണെന്നതുമെല്ലാം വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ തകര്‍ന്നുപോയ കഥകളാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു കഥപോലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ നിലവിലില്ല എന്ന് ഓര്‍ക്കണം.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഈ ലേഖകന്റ വ്യക്തിപരമായി അനുഭവങ്ങളിലൊന്ന്, ആധികാരികമായി ലാവലിന്‍ വാര്‍ത്തകള്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ചില പത്രലേഖകന്‍മാര്‍ക്ക് അതുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും വ്യക്തയോ പ്രാഥമിക ധാരണപോലുമോ ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കരട് പുറത്തുവന്നതിനെത്തുടര്‍ന്ന് സംഘടിതമായി വന്ന വാര്‍ത്തകള്‍ ഒരുകേന്ദ്രത്തില്‍ രൂപപ്പെടുത്തിയതായിരുന്നു. എന്നും വൈകുന്നേരം 'വാര്‍ത്ത' കവറിലാക്കി പത്ര-ചാനല്‍ ഓഫീസുകളിലെത്തുകയും അത് അപ്പാടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പിണറായയി വിജയന്‍ അന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍ ലേഖകന്‍ മൊബൈല്‍ ഫോണിലൂടെ തിരുവനന്തപുരത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ചോദ്യം ഉന്നയിച്ചത്. സിബിഐയുടെ പ്രത്യേക കോടതി കുറ്റപത്രം കണ്ടയുടനെ പറഞ്ഞത് ജി കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിച്ചുവരാനാണ്.
കാര്‍ത്തികേയന്റെ കാലത്ത് ഉണ്ടാക്കിയ കരാറിലും ആരംഭിച്ചു എന്നു പറയുന്ന 'ഗൂഢാലോചന'യിലും രണ്ടുകൊല്ലവും അഞ്ചുമാസവും മാത്രം മന്ത്രിയായിരുന്ന പിണറായി വിജയന്‍ എങ്ങനെ കുറ്റക്കാരനാകും എന്ന ചോദ്യം അവഗണിച്ചുതള്ളിയവരുടെ കണ്ണാണ് സിബിഐ പ്രത്യേക കോടതി തുറപ്പിച്ചത്. അതോടെ ലാവലിന്‍ കേസ് സംബന്ധമായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പലപ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്.
വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കയ്യടക്കുന്നത്മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പര്യങ്ങളാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷ വേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.
ചാരക്കേസ് നാമെല്ലാം ഓര്‍ക്കുന്നു. നാടിന്റെ അഭിമാന ഭാജനങ്ങളാവേണ്ട ശാസ്ത്രജ്ഞരെക്കുറിച്ച് കേട്ടകഥകള്‍ കേരളത്തെ അന്ന് അമ്പരപ്പിച്ചിരുന്നു. ഇന്നോ? എല്ലാം കെട്ടുകഥകളായിരുന്നുവെന്നും അതില്‍ 'ചാരപ്രവര്‍ത്തനം' എന്ന അംശം ഉള്‍ച്ചേര്‍ന്നിരുന്നില്ലെന്നും നമുക്കറിയാം.
തെരുവന്‍പറമ്പിലെ ബലാത്സംഗകഥയും കെഎസ്യു നേതാവിനെ ചാപ്പകുത്തിയ കഥയും കൃത്രിമസൃഷ്ടികളായിരുന്നുവെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും നാണക്കേടാണെന്നും ഇന്ന് നാം മനസ്സിലാക്കുന്നു. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ചുകൊണ്ടുള്ള ഏതുമാധ്യമ വിമര്‍ശവും ഒഴുക്കിനൊപ്പമുള്ള നീന്തലാകും. ഒഴുക്കിനെതിരെ നീന്തുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അതുകൊണ്ടാണ്, മാധ്യമങ്ങള്‍ നുണയെഴുതുമ്പോള്‍, അത് നുണയാണെന്ന് ഉറച്ചുപറയാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കഴിയുന്നത്. അതിനു മറുപടിയായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നത്, നിങ്ങള്‍ ധാര്‍ഷട്യക്കാരാണ് എന്നത്രെ. എന്നാല്‍ അത് ധാര്‍ഷ്ട്യമല്ല. ലെനിന്റെയും ഗ്രാംഷിയുടെയും ഇഎംഎസിന്റെയും സമീപനമാണ്; തൊഴിലാളിവര്‍ഗപക്ഷ നിലപാടുമാണത്.