Tuesday, December 8, 2009

പൊറുതി മുട്ടുമ്പോള്‍

"വലിയ ഉള്ളിക്ക് ഒരുêവര്‍ഷംകൊണ്ട് 114.79 ശതമാനമാണ് വില കൂടിയത്. ഒരു മാസംകൊണ്ട് വര്‍ധിച്ചത് 71.43 ശതമാനം. ഈ വര്‍ഷം ഡിസംബര്‍ മൂന്നിന് ഒരുê കിലോ ഉള്ളിക്ക് സംസ്ഥാനത്തെ ശരാശരി വില 39.43 രൂപയായിരുന്നു. കഴിഞ്ഞമാസം മൂന്നിന് 23 രൂപയും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് 18.36 രൂപയുമായി വില. വെളുത്തുള്ളിയുടെ വിലവര്‍ധന 153.75 ശതമാനമാണ്. പഞ്ചസാരയ്ക്ക് 73.62 ശതമാനമാണ് വിലക്കയറ്റം.'' സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പിനെ ഉദ്ധരിച്ച്, 'സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു, തീവില തന്നെ' എന്ന് ഒരു പത്രം തിങ്കളാഴ്ച എഴുതി. ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണിന്ന് വിലക്കയറ്റം. ചെന്നൈയില്‍ ഒറ്റയടിക്ക് പച്ചക്കറിക്കും പഴങ്ങള്‍ക്കും നാല്‍പ്പതുശതമാനം വില വര്‍ധിച്ചു എന്നാണ് ഞായറാഴ്ച പിടിഐ റിപ്പോര്‍ട്ടുചെയ്തത്. പത്തുകൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ തലത്തിലെത്തിയ സവാളവില ഒരുമാസംകൊണ്ട് ഇനിയും അന്‍പതുശതമാനം വര്‍ധിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ശനിയാഴ്ച ചെന്നൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. "വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു; ഈ പ്രശ്നം നമുക്ക് ഒന്നിച്ചു നേരിടാം; സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണം'' എന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ കഴിഞ്ഞാഴ്ച ലോക്സഭയില്‍ പറഞ്ഞത്. നവംബര്‍ 13ന് ബിജെപി വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ ബന്ദ് നടത്തിയിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം ഭീകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങും ഉള്ളിയും പയര്‍വര്‍ഗങ്ങളുമൊന്നും കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളല്ല. കേരളത്തിനു വേണ്ടതെല്ലാം വരുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍ വിലക്കയറ്റമുണ്ടായാല്‍ കുഴപ്പമില്ല, കേരളത്തില്‍ പഴയവിലയ്ക്കുതന്നെ ഉള്ളി കിട്ടിക്കൊള്ളണം എന്ന് ആര്‍ക്കും കരുതാനാവില്ല. സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നത് വിപണിയില്‍ ശക്തമായി ഇടപെടാനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനാശാസ്യപ്രവണതകള്‍ തടയാനുമാണ്; പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനാണ്. കേരളത്തില്‍ അത്തരമൊരു ഇടപെടല്‍ നടക്കുന്നതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങള്‍ക്കു സമാനമായ തോതില്‍ വിലക്കയറ്റം ഇവിടെ ഇല്ലാത്തത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളം വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കേരളത്തേക്കാള്‍ വിലക്കയറ്റമാണ്. ത്രിപുരയും ഹിമാചല്‍പ്രദേശും മണിപ്പുരുമാണ് കേരളത്തിനുപിന്നിലുള്ളത്. കേരളം 17-ാം സ്ഥാനത്താണ്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനും ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ഇടപെടല്‍ സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയുടെ ഫലമായി ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയ നയസമീപനത്തിന്റെ പ്രശ്നമാണത്. വിലക്കയറ്റത്തിന്റെ സാമ്പത്തികശാസ്ത്രം ലളിതമാണ്. കൂടുതല്‍ പണവും കുറച്ചു സാധനങ്ങളുമാകുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണത്. ഉപയോക്താവിന് കൊടുക്കാന്‍മാത്രം സാധനം ഇല്ലെങ്കില്‍ കമ്പോളത്തില്‍ വില കയറും. ഇന്ദിരാ ഗാന്ധിയുടെ ഭരണം വിലക്കയറ്റത്തിന്റേതുകൂടിയായപ്പോള്‍ അവര്‍ പറഞ്ഞത്, 'വിലക്കയറ്റം ആഗോള പ്രതിഭാസമാണ്' എന്നത്രേ. അങ്ങനെ പറഞ്ഞു സമര്‍ഥിക്കാന്‍ പ്രയാസമില്ല-പക്ഷേ, അന്ന് പറച്ചില്‍ പറച്ചിലില്‍ ഒതുങ്ങുകയും വില അതിന്റെ വഴിക്ക് ഉയരുകയുംചെയ്തു. രാജ്യത്താകെ വില കയറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ ഓണം-പെരുന്നാള്‍ കാലം ഓര്‍ത്തുനോക്കാം. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടായിരുന്നു. സിവില്‍ സപ്ളൈസ് വകുപ്പും സഹകരണ വകുപ്പും ശക്തമായി രംഗത്തിറങ്ങി. കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ യഥേഷ്ടം ലഭ്യമായപ്പോള്‍ പൊതുവിപണിയില്‍ വില കയറില്ലെന്നായി-അഥവാ കയറിയാലും അത് ജനങ്ങളെ ബാധിക്കുന്നില്ലെന്നായി. സര്‍ക്കാരിന്റെ ഇടപെടല്‍ ആര്‍ക്കുവേണ്ടി എന്നതാണ് പ്രശ്നം. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, കേന്ദ്രം സബ്സിഡി നിഷേധിക്കുമ്പോള്‍ ജനങ്ങളെ അത് ബാധിക്കാതിരിക്കാന്‍ സംസ്ഥാന ഖജനാവില്‍നിന്ന് പണം മുടക്കേണ്ടിവരുന്നത്. റേഷനരിയുടെ കാര്യത്തില്‍മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ധന അടിച്ചേല്‍പ്പിച്ചപ്പോഴും ഈ രീതി തുടര്‍ന്നു. മാവേലി സ്റ്റോറുകളെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ തുടങ്ങുകയും കുടുംബശ്രീക്കെതിരെ ജനശ്രീയെ രംഗത്തിറക്കി തുരപ്പന്‍ പണിയെടുക്കുകയും ചെയ്യുന്നവരുടേതിന്റെ എതിര്‍വശത്താണ് ഇടതുപക്ഷ സമീപനം. ഇന്നത്തെ വിലക്കയറ്റത്തിന്റെ പൊരുള്‍ തേടിപ്പോകുമ്പോള്‍ സങ്കീര്‍ണമായ പല സംഗതികളും വേര്‍തിരിച്ചു കാണാനാകും. മഴക്കെടുതി, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഒരുവശത്തുണ്ട്. അവയൊന്നും ഇന്ത്യാമഹാരാജ്യത്തിന് പുത്തരിയല്ല. ഇത്തരം ദുരിതസാഹചര്യങ്ങളെ തൊഴിലാളികളും കൃഷിക്കാരുമുള്‍പ്പെടെയുള്ള ജനങ്ങളില്‍നിന്ന് കൊള്ളലാഭം അടിച്ചെടുക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ഇടതുപക്ഷകക്ഷികള്‍ യുപിഎ ഗവമെന്റിനു പിന്തുണ നല്‍കിയിരുന്ന കാലത്ത് വിലനിയന്ത്രിക്കാന്‍ ഗവമെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ആ സമ്മര്‍ദമില്ല. മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ഒക്കെ ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ് വിലക്കയറ്റത്തിലൂടെ. യുപിഎ സര്‍ക്കാരിന്റെ ബന്ധുക്കള്‍ സാധാരണ ജനങ്ങളോ അതോ ശതകോടീശ്വരന്മാരോ എന്നാണ് ചോദിക്കേണ്ടത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കണോ കരിഞ്ചന്തയിലൂടെ ആയിരക്കണക്കിന് കോടി ലാഭമുണ്ടാക്കാന്‍ മുതലാളിമാരെ സഹായിക്കണോ എന്ന് തീരുമാനിക്കാനുള്ള ഘട്ടം വന്നപ്പോള്‍ യുപിഎ സ്വീകരിച്ചത് രണ്ടാമത്തെ വഴിയാണ്. വില പൊടുന്നനെ കയറിയാല്‍ ഗുണമുണ്ടാകുന്നത് ഇടത്തട്ടുകാരായ കച്ചവടക്കാര്‍ക്കും അവരുടെ നിയന്ത്രിതാക്കളായ കുത്തകകള്‍ക്കുമാണ്. ആ കുത്തകകളുടേതാണ് യുപിഎ ഗവമെന്റ്. ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടാലും പട്ടിണികിടന്ന് മരിച്ചാലും കുത്തകകളുടെ അമിതലാഭേച്ഛയെ തടസ്സപ്പെടുത്തരുതെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കെ മറിച്ചൊരു പ്രതീക്ഷയ്ക്ക് പ്രസക്തിയില്ല.
ഇടതുപക്ഷ പിന്തുണയോടെ ഭരണത്തിലിരുന്നപ്പോള്‍ കുറെ നിയന്ത്രണം പാലിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ വലുതായി നിയന്ത്രിക്കാന്‍ ആരുമില്ല. അതുകൊണ്ടുകൂടി, വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍ വാചാടോപം മാത്രമായി. ആയുധങ്ങള്‍ വാരിക്കൂട്ടാനാണ് താല്‍പ്പര്യം. എത്ര വലിയ കരാറുണ്ടാക്കുന്നോ അത്ര വലിയ കമീഷനും കിട്ടും. ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്ലിനെ മൂലയ്ക്കിരുത്തി സ്വകാര്യ കമ്പനികള്‍ക്ക് പട്ടുപൂമെത്ത വിരിക്കുന്നു. രാജഭരണം നിലനില്‍ക്കുന്ന യുഎഇയില്‍ എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോം ആണ്. അവിടെ ആ രംഗത്ത് ഒരു സ്വകാര്യ സംരംഭകര്‍ക്കും പ്രവേശനമില്ല. ഇവിടെ ബിഎസ്എന്‍എല്ലിനേക്കാള്‍ സ്വകാര്യ കമ്പനികള്‍ വളര്‍ന്നിരിക്കുന്നു. ആയുധ അഴിമതികളെ കടത്തിവെട്ടിയതാണ് സ്പെക്ട്രം അഴിമതി. ടെലികോം സര്‍വീസിന്റെ കൊള്ളലാഭം അടിച്ചെടുക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് സൌകര്യം നല്‍കി കോഴപ്പണത്തിന്റെ അളവ് ആകാശംമുട്ടെ ഉയര്‍ത്താനുള്ള വ്യഗ്രതയാണ് യുപിഎ നേതൃത്വത്തിന്-വിശിഷ്യ കോണ്‍ഗ്രസിന്. എന്‍ഡിഎ ഭരണകാലത്ത് ബിജെപിയും മോശമായിരുന്നില്ല. വ്യത്യാസം കോഴപ്പണത്തിന്റെ അളവില്‍മാത്രം. ഈ മാനസികാവസ്ഥയുള്ളവര്‍ക്ക് വിലക്കയറ്റം തടയാന്‍ ആത്മാര്‍ഥമായി ഇടപെടാനാകില്ല എന്നതാണ് സത്യം. അവര്‍ക്ക് ജനങ്ങളില്‍നിന്ന് വോട്ടുമതി-കാശ് വേണ്ടത് കുത്തകകളില്‍നിന്നാണ്. കാശുകൊടുത്താല്‍ വോട്ടും വാങ്ങാവുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ എളുപ്പവഴി കുത്തകപ്രീണനം തന്നെ. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക് സഹായവും പ്രേരണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജനസംഖ്യയുടെ നാലില്‍മൂന്നും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമുള്ളവരാണ് ഭരിക്കുന്നത്. പട്ടിണി മാറ്റാന്‍; ജനങ്ങളുടെ ജീവിതനിലവാരം ഇടിയാതെ നോക്കാന്‍; കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സഹായിക്കാന്‍ അവര്‍ക്കെവിടെ സാവകാശം? കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യമായി സ്വീകരിച്ച് ആവശ്യമായ നടപടികളെടുത്താല്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താം എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഉത്സവകാലാനുഭവം അതാണ്. കേരളത്തില്‍ ഉണ്ടായതിന്റെ പകുതി മുന്‍കൈ കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായെങ്കില്‍ ഇന്നീ ഗതിയിലെത്തില്ലായിരുന്നു. പയര്‍, ഭക്ഷ്യഎണ്ണ, പഞ്ചസാര എന്നീ 15 അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തുകയും സംസ്ഥാനങ്ങളുടെ കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുകയുംചെയ്ത്, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയും ചെയ്യുക. -സ്വകാര്യസ്ഥാപനങ്ങളുടെ ഭക്ഷ്യധാന്യ സംഭരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. അവശ്യ സാധനങ്ങളുടെ മേലുള്ള അവധി വ്യാപാരം നിരോധിക്കുക, മുന്‍ എന്‍ഡിഎ ഗവമെന്റ് അത്യാവശ്യസാധനസംരക്ഷണ നിയമത്തില്‍ പൂഴ്ത്തിവയ്പുകാര്‍ക്ക് അനുകൂലമായി കൊണ്ടുവന്ന ഭേദഗതികള്‍ റദ്ദാക്കി, പൂഴ്ത്തിവയ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക. -പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്തര്‍ദേശീയ വില വര്‍ധനയുടെ ആഘാതം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏല്‍ക്കാത്തവിധം എക്സൈസ് കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവു വരുത്തുക. ആഡംബരവാഹനങ്ങള്‍ക്കുമേലെയും വന്‍ലാഭമുണ്ടാക്കുന്ന സ്വകാര്യ റിഫൈനറികള്‍ക്കു മേലെയും നികുതി ചുമത്തുക- ഇങ്ങനെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ സിപിഐ എം പലവട്ടം മുന്നോട്ടുവച്ചെങ്കിലും യുപിഎ നേതൃത്വം ചെവിക്കൊണ്ടില്ല. അതിന്റെയെല്ലാം ദുരന്തമാണ് ഈ വിലക്കയറ്റം. ഉമ്മന്‍ചാണ്ടിയും കൂട്ടരും സമരംചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയല്ല-ഡല്‍ഹിയി
ല്‍ ചെന്ന് പ്രധാനമന്ത്രിക്കും ഹൈകമാന്‍ഡിനും മുന്നിലാണ്.

6 comments:

manoj pm said...

ഉമ്മന്‍ചാണ്ടിയും കൂട്ടരും സമരംചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയല്ല-ഡല്‍ഹിയി
ല്‍ ചെന്ന് പ്രധാനമന്ത്രിക്കും ഹൈകമാന്‍ഡിനും മുന്നിലാണ്

Unknown said...

വിലകയറ്റം സാധാരണകാരന്റെ പ്രശ്നമല്ലെ.അത് വർദ്ധിച്ചാല് രാഷ്ടീയകാർക്ക് എന്ത് അല്ലെ

മഞ്ഞു തോട്ടക്കാരന്‍ said...

'വിലക്കയറ്റം ആഗോള പ്രതിഭാസമാണ്' എന്നല്ലേ ഇടതന്മാരും പറയുന്നത് ഇപ്പോള്‍?

രാജ് said...

വയനാട്ടിൽ കാരറ്റും പച്ചക്കറികളും വണ്ടി ചെന്നെത്താത്ത സ്ഥലങ്ങളിൽ വരെ തമിഴന്മാർ കഴുതപ്പുറത്തും കുതിരപ്പുറത്തും പോയി 3-4 രൂപ കിലോയ്ക്ക് നൽകി വാങ്ങി കേരളത്തിനു തന്നെ 20-25 രൂപയ്ക്ക് വിൽക്കുന്നതിനെ പറ്റി ഇന്ത്യാവിഷന്റെ റിപ്പോർട്ട് കണ്ടു തീർന്നിട്ട് 3 ദിവസമായിട്ടില്ല. ഇടനിലക്കാരെ ഒഴിവാക്കി ചെറുകിടകർഷകരിൽ വരെ ചെന്നെത്താൻ കഴിയുന്ന ഒരു കാർഷിക-വിപണന ശൃംഖല പോലും സ്റ്റേറ്റ് വൈഡ് ആയി ഉണ്ടാക്കുവാൻ കഴിയാത്ത സർക്കാറാണ് വിപ്ലവം പ്രസംഗിക്കുന്നത്. അതോ ഇനി കുടുംബശ്രീ വഴി ഉണ്ടാക്കുന്ന പച്ചക്കറി മാത്രമാണോ പച്ചക്കറിയുടെ ഗണത്തിൽ പെടുന്നുള്ളൂ? കേന്ദ്ര ഗവൺ‌മെന്റിന്റെ തൊഴിലുറപ്പു പദ്ധതി കാർഷിക ആവശ്യങ്ങൾക്കായി (കൃഷിയുടെ അഭിവൃദ്ധിക്കായി) കേരള സർക്കാർ എത്ര ഉപയോഗിച്ചു എന്നു മനോജിനു വെളിപ്പെടുത്താൻ കഴിയുമോ? ഇതേ തൊഴിലുറപ്പു പദ്ധതിയെ റോഡരികിലെ ചെടിവെട്ടലും മറ്റുമായി വിഭാവനം ചെയ്യുന്നതു കൊണ്ട് തക്കാളികർഷകർക്കു വിളവെടുപ്പിനെ കൂലിക്ക് ആളെ ലഭിക്കുന്നില്ലെന്ന റിപ്പോർട്ടും കണ്ടിട്ട് അധികം ദിവസമായിട്ടില്ല. മറ്റവർ അതു ചെയ്തില്ല ഇതു ചെയ്തില്ല എന്നു പറഞ്ഞു സമയം കളയാതെ നിങ്ങൾ എന്തു ചെയ്തെന്നു പറയൂ പി എം മനോജ്.

Unknown said...

നിങ്ങള്‍ 'മറ്റുള്ളവര്' എന്തു ചെയ്തു എങ്ങനെ ചെയ്തു എന്നൊന്നും ചോദിക്കരുത്.നമ്മള് ചോദിക്കും,നിങ്ങള് ഉത്തരം തരുക അത്രന്നെ. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വിലക്കയറ്റം കൊണ്ട് നട്ടം തിരിയുമ്പോ "ഇന്ത്യ" എന്ന് മിണ്ടരുത്. കേരളത്തെ കണ്ടു പഠിക്കാന്‍ കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാ അത് കേള്‍ക്കരുത്.കേരളം ഒരു വിധം രക്ഷപ്പെട്ടു നില്‍ക്കുകയാ.ദല്‍ഹിയില്, ഉത്തരെന്ദ്യ യില് ഭക്ഷ്യവസ്തു മാത്രമല്ല,ഏഴും എട്ടും മണിക്കൂര് പവര്‍ കട്ടും ഉണ്ട്. (എഫിഷ്യന്‍സി തിയറി അറിയില്ലേ ? അത് പ്രകാരം "നമ്മള്" വൈദ്യുതിയൊക്കെ പണ്ടേ സ്വകാര്യ വല്ക്കരിച്ചതാ).വന്‍കിട കര്ഷകര് പോലും കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ വൈദ്യതി ഇല്ലാതെ വലയുമ്പോ,അങ്ങോട്ട്‌ നോക്കണ്ട, അതൊന്നും പറയുകയും വേണ്ട. അല്ലെങ്കിലും നിങ്ങള് കൊലച്ചതി ചെയ്തില്ലേ, 2001-2006 വരെ 'അമര്‍ത്തി' വച്ചിട്ടും- മാധ്യമങ്ങള് അല്ലെങ്കിലും ഞമ്മളെ കൂടെ അല്ലെ- എന്നും കര്‍ഷക ആത്മഹത്യ തന്നെ. മനോരമക്കും ഇന്ത്യാവിഷനും പോലും ഹോട്ട് ന്യൂസായി ഒരു കര്‍ഷക ആത്മഹത്യ കിട്ടിയിട്ട് കാലമെത്രയായി. ഒന്നും പറയണ്ട, ഒര്മിപ്പിക്കണ്ട, മാവേലി സ്റ്റോര്‍ തുടങ്ങിയപ്പോ പരിഹസിക്കാന്‍,പൊളിക്കാന്‍ ഞമ്മള് പണ്ട് വാമന സ്റ്റോര്‍ തുടങ്ങിയതും പറയണ്ട. ഞമ്മള് അജണ്ട വച്ചിട്ടുണ്ട് അത് മാത്രം പറയാ, അത്ര തന്നെ.

ജനശക്തി said...

മറ്റവർ അതു ചെയ്തില്ല ഇതു ചെയ്തില്ല എന്നു പറഞ്ഞു സമയം കളയാതെ നിങ്ങൾ എന്തു ചെയ്തെന്നു പറയൂ പി എം മനോജ്.

പി.എം.മനോജ് തന്നെ പറഞ്ഞു തരണം എന്ന് നിര്‍ബന്ധമില്ലെങ്കില്‍, ജാഗ്രത ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഓരോന്നായി വായിക്കുക. മനസ്സിലായില്ലെങ്കില്‍ ചോദിച്ചാല്‍ മതി കൂടുതല്‍ പറഞ്ഞു തരാം.