വന്നവഴി മറക്കുന്നവരെക്കുറിനാം പഴിക്കാറുണ്ട്. അത്തരക്കാരെ നല്ലവരായി കണക്കാക്കാറില്ല. പഴയ കാലത്തില്‍ കടിച്ചുതൂങ്ങുന്നവരെയും മെച്ചപ്പെട്ടവരായല്ല നാം കാണുന്നത്. പരിപ്പുവടയും കട്ടന്‍ ചായയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ ആഹാരമെന്നും പാലൊഴിച്ച ചായയും പഴംപൊരിയും ബോണ്ടയും നിഷിദ്ധമാണെന്നും പറയുന്നവരുണ്ടല്ലോ.
കാലത്തിനൊത്ത മാറ്റം രണ്ടുതരതിലാകാം. ആദ്യത്തേത് പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച്, പഴയതിനെ മറന്നുപോകാതെയുള്ള പോക്ക്. രണ്ടാമത്തേത് അപ്പോള്‍ കണ്ടതിനെ സ്തുതിച്ചുള്ള അവസരവാദം. നമ്മുടെ കോണ്‍ഗ്രസ് അതിന്റെ പൂര്‍വകാലത്തില്‍ നിന്ന് ഒളിച്ചോടുന്നവരും രണ്ടാമതുപറഞ്ഞ വിഭാഗത്തില്‍ പെടുന്നവരുമാണെന്ന് പറയാനാകുമോ? തീര്‍ച്ചയായും ചില കാര്യങ്ങളില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊട്ട് ഉറപ്പിച്ച് പറയാനുമാകില്ല.
ഖദര്‍ കുപ്പായമിടുന്നതുതന്നെ കോണ്‍ഗ്രസിന്റെ ഒരു വലിയ കാപട്യമാണ്. പണ്ടവര്‍ അതണിഞ്ഞത് ഗാന്ധിജിയുടെ നന്‍മയില്‍ ഖദര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നവര്‍ ഖദറിട്ട് പ്രച്ഛഹ്നവേഷമാടുകയാണ്. 'ഖദറിട്ട മാംസ പിണ്ഡങ്ങള്‍'.
തമിഴ്നാട്ടിലെ പവര്‍ലൂമിലുണ്ടാക്കുന്ന കള്ളഖദര്‍ കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കി അതിനുള്ളില്‍ കയറിയിരിക്കുന്നത് കാര്യസാധ്യത്തിനും സേവപിടുത്തത്തിനും സ്ഥാനാര്‍ത്ഥിയാകുന്നതിനുമുള്ള ഉപാധിയാണിന്ന് കോണ്‍ഗ്രസില്‍.രമേശ് ചെന്നിത്തലയെ കണ്ടില്ലേ? ആ മുഖത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസാണോ റാസ്പുടിന്റെ ഉപജാപബുദ്ധിയാണോ തെളിയുന്നത്? ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ആന്റണിയുടെ സത്യസന്ധതയുടെ നൂറിലൊന്ന് നിഴലായെങ്കിലും കാണുന്നുണ്ടോ?
ആന്റണിയെപ്പോലെ ചിലര്‍ അവശേഷിക്കുന്നുണ്ട്. അവര്‍ നിസ്സഹായരാണ്. തൊള്ളായിരം കോടിയുടെ കോഴയ്ക്ക് അടിയൊപ്പുചാര്‍ത്തിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍.സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചറിവുണ്ടാകാം. പാശ്ചാത്യ സംസ്കാരത്തിന്റെ പെരുമാറ്റച്ചിട്ടയും മാന്യതയുമുണ്ടാകാം. അതുമതിയോ കോണ്‍ഗ്രസാകാന്‍? നെഹ്രുവിന്റെ പിന്‍തുടര്‍ച്ചക്കാരിയാകാന്‍?
കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയെ നോക്കൂ-അദ്ദേഹത്തിന്റെ നാവില്‍നിന്ന് എന്നെങ്കിലും ഒരു രാഷ്ട്രീയ പ്രശ്നം ഗൌരവത്തോടെ ഉതിര്‍ന്നുവീണ അനുഭവമുണ്ടോ? ഏറ്റവും താണ ഉപജാപകന്റെയും ധനാര്‍ത്തിമൂത്ത കാപട്യക്കാരന്റെയും കഴിവുകെട്ട ജാലവിദ്യക്കാരന്റെയും മുഖമുള്ള ഒരാള്‍ക്കുകീഴില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുകയാണ്. നീചമായ ഒരു കൂട്ടക്കൊല നടത്തിയ പുതുപ്പണക്കാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പത്രസമ്മേളനത്തിലിരുന്ന് ആ നേതാവ് പരവേശപ്പെടുന്നതും വിയര്‍പ്പ് ഒപ്പുന്നതും നാം കണ്ടിട്ടില്ലേ? എത്ര മാധ്യമ ആപ്പീസുകള്‍ കയറിയിറങ്ങി? ചാനല്‍ പരിപാടിക്കുവേണ്ടി അഭിനയിക്കുന്നതിരക്കില്‍, 'അഭിലാഷ് എവിടെ' എന്നുചോദിച്ച്, വണ്ടിയില്‍ പാഞ്ഞുകയറി കൈവീശി യാത്രയാകുന്ന ചെന്നിത്തലയുടെ ചിത്രം ഒരു നേതാവിന്റെ സ്ഥാനത്തോ കോമാളിയുടെ സ്ഥാനത്തോ കോണ്‍ഗ്രസുകാര്‍ പ്രതിഷ്ഠിക്കുക?
തീര്‍ച്ചയായും കോണ്‍ഗ്രസ് തകര്‍ന്നിട്ടില്ല. കുറെയേറെ ജനങ്ങള്‍ ഇന്നും ആ പാര്‍ട്ടിയോടൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റുകാരോട് ബദ്ധശത്രുതയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. എന്നിട്ടും ഇന്ന് കേരളത്തിലും ഇന്ത്യയിലും ആ പാര്‍ട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ല-വളര്‍ത്തുദോഷം.ദൌര്‍ബല്യം മറച്ചുവെക്കാന്‍ വ്യാജ വാര്‍ത്തകളിലും സര്‍വേകളിലും അവര്‍ അഭയം തേടുന്നു. മനോരമ പ്രസിദ്ധീകരിച്ച സര്‍വേ, കേരളത്തില്‍ പതിനഞ്ച് യുഡിഎഫിനും അഞ്ച് എല്‍ഡിഎഫിനുമാണ്. ചെന്നിത്തലയ്ക്ക് കേരളത്തിലെ ഒരു സീറ്റ് ഉറപ്പിച്ച് യുഡിഎഫിന് കിട്ടും എന്ന് പറയാനുള്ള ധൈര്യം ഇന്നുണ്ടോ? മലപ്പുറത്തുപോലും പ്രവചനാതീതമാണ് മത്സരം. പൊന്നാനിയല്ല, മലപ്പുറമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലീഗിന് കരുതേണ്ടിവന്നിരിക്കുന്നു. പൊന്നാനി തോറ്റാലും മലപ്പുറം പിടിക്കാനുള്ള പിടച്ചിലിലാണവര്‍. പിന്നെ എവിടെ?
അഖിലേന്ത്യാ തലത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ, കോണ്‍ഗ്രസ് വോട്ടെടുപ്പു നടക്കുന്നതിനുമുമ്പുതന്നെ ഒരു തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിബിഐ എന്ന കുറ്റാന്വേഷണ സംവിധാനത്തെ നാണംകെട്ട നിലയില്‍ ദുരുപയോഗിച്ചാണ്, ജഗദീഷ് ടൈറ്റ്ലറെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'കുറ്റവിമുക്തനായി' പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിയാകാനുള്ള വഴി കോണ്‍ഗ്രസ് തുറന്നുകൊടുത്തത്.
ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്. വെടിവച്ചവര്‍ സിഖുകാരാണ് എന്ന കാരണത്താല്‍, ആ വിഭാഗത്തില്‍പെട്ടവരെ കൂട്ടക്കൊലചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. അന്ന്, സിഖ്വിരുദ്ധ കലാപം നയിച്ചവരെ ന്യായീകരിച്ച്, 'വന്‍മരം വീഴുമ്പോള്‍' ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണെന്ന് ലാഘവത്തോടെ പറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറുമെല്ലാം കൂട്ടക്കൊലകള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തവരാണ്. അക്കാര്യം നിയമപരമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കോണ്‍ഗ്രസാണ് എന്ന ഒറ്റക്കാരണംകൊണ്ട്, ടൈറ്റ്ലറെ കുറ്റമുക്തനായി പ്രഖ്യാപിക്കാനാണ് സിബിഐയെ നിയോഗിച്ചത്.
സിബിഐ കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയതുകൊണ്ട് കൊലയാളികള്‍ക്ക് തങ്ങള്‍ മാപ്പുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അണപൊട്ടിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിഖ് ജനത പ്രഖ്യാപിച്ചത്. അവര്‍ സോണിയ ഗാന്ധിയുടെ വസതിയിലേക്കുതന്നെ മാര്‍ച്ച് ചെയ്തു. ആഭ്യന്തരമന്ത്രി ചിദംബരത്തിനുനേരെ മാധ്യമപ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞതും അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പത്തു കമീഷനുകള്‍ അന്വേഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ശക്തമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുമുണ്ട്്. അതിനെയെല്ലാം പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തത്. ഒടുവില്‍ സിബിഐ സംവിധാനത്തെ ലജ്ജയില്ലാതെ ദുരുപയോഗിച്ച്, കൊലയാളികളെ മാന്യന്മാരാക്കാന്‍ നടത്തിയ കളിയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ തിരിഞ്ഞുകുത്തിയത്്.
ജഗദീഷ് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും മത്സരരംഗത്തുനിന്ന് പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ആ പാര്‍ടി ജനവികാരം മാനിച്ച് തെറ്റ് തിരുത്തുന്നതിന്റെ ഉദാഹരണമല്ല, ജനങ്ങള്‍ക്കുമുന്നില്‍ ഗത്യന്തരമില്ലാതെ പരാജയം സമ്മതിച്ചതിന്റെ തെളിവുതന്നെയാണ്. ഇരുവരും മത്സരരംഗത്തുനിന്ന് മാറാന്‍ സ്വയം തീരുമാനിച്ചതായാണ്് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും അവര്‍ സ്ഥാനാര്‍ഥികളായാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജനരോഷവും പരാജയവും ഭയന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റമാണ് അതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍, കോഗ്രസ് എല്ലാ ഘട്ടത്തിലും ഇത്തരം വിവേകപൂര്‍ണമായ രീരുമാനങ്ങളെടുക്കും എന്ന് കരുതാന്‍ ന്യായമില്ല. കേരളത്തിലെ പര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയശേഷമാണ് സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ടൈറ്റ്ലറെയും സജ്ജനെയും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത.
കേരളത്തില്‍ സോണിയ പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ അവസാനത്തേത് തിരുവനന്തപുരത്തായിരുന്നു. അവിടെ വോട്ടുചോദിച്ചത്, ശശി തരൂര്‍ എന്ന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ്. അദ്ദേഹം കടുത്ത ഇസ്രയേല്‍ പക്ഷപാതിയാണെന്നുമാത്രമല്ല, ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയുമാണ്. നാടുമായോ കോണ്‍ഗ്രസുമായോ അടുപ്പമില്ലാത്ത അത്തരമൊരു സ്ഥാനാര്‍ഥിയെ, കോണ്‍ഗ്രസുകാരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നു വിശേഷിപ്പിച്ചയാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസില്‍നിന്ന് ശബ്ദമുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങളും കോലംകത്തിക്കലുമുണ്ടായി. സമാനമായ അവസ്ഥ ടോം വടക്കനെതിരെ തൃശൂരിലുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയ കോഗ്രസ് നേതൃത്വം, തിരുവനന്തപുരത്ത് എന്തുവന്നാലും ശശിതരൂരിനെ മത്സരിപ്പിച്ചേ അടങ്ങൂ എന്നാണ് നിശ്ചയിച്ചത്. തരൂരിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍പോലും ഇസ്രയേല്‍ സ്വാധീനം ഘടകമായി എന്നതിന്റെ സൂചനയാണിത്.
സ്വന്തം പാര്‍ടിക്കകത്തുനിന്ന് വന്ന എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് അങ്ങനെ തരൂരിനെ സ്ഥാനാര്‍ഥിയാക്കിയവരാണ്, ടൈറ്റ്ലറുടെയും സജ്ജന്‍കുമാറിന്റെയും പേര് നിരുപാധികം പിന്‍വലിച്ചിരിക്കുന്നത്. പരാജയം സമ്മതിച്ചുള്ള പിന്മാറ്റമായല്ലാതെ അതിനെ വിലയിരുത്താനാകില്ല. എന്നാല്‍, രണ്ടുപേരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതുകൊണ്ട് ഇല്ലാതാകുന്നതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നം എന്ന് ആരും കരുതുന്നില്ല.
രണ്ടു പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തിയോടെ ചര്‍ച്ചയ്ക്കുവരികയാണ്. ഒന്ന്, സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ഇന്നും കോണ്‍ഗ്രസ് വഴിവിട്ടു ശ്രമിക്കുന്നു എന്നത്. സിഖുകാരുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രശ്നമാണത്. കാല്‍നൂറ്റാണ്ടു തികയാറായിട്ടും ഒരു കൊടുംപാതകത്തിലെ പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിലെ ഹീനമായ താല്‍പ്പര്യം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുന്നതാണ് ടൈറ്റ്ലര്‍ സംഭവം. രണ്ടാമത്തെ പ്രശ്നം സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റേതാണ്. കേന്ദ്ര ഭരണകക്ഷിക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരെ കേസുകളും തെളിവുകളും സൃഷ്ടിച്ച് കേസില്‍ കുടുക്കാനും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൂട്ടക്കൊലക്കേസില്‍നിന്നുപോലും ഒഴിവാക്കിക്കൊടുക്കുന്നതിനുമുള്ള പാവ സംവിധാനമായി സിബിഐയെ അധഃപതിപ്പിക്കുന്നതിന്റെ അനുഭവമാണ് തുടര്‍ച്ചയായുണ്ടാകുന്നത്്. മുലായം, മായാവതി കേസുകളിലും ലാവ്ലിന്‍ അന്വേഷണത്തിലും ഇങ്ങനെ സിബിഐയുടെ ദാസ്യസ്വഭാവമാണ് വെളിപ്പെട്ടത്-ഇപ്പോഴിതാ ടൈറ്റ്ലര്‍ക്കുവേണ്ടി സിബിഐയുടെ വില വീണ്ടും കെടുത്തിയിരിക്കുന്നു.
കോണ്‍ഗ്രസിനെ നയിക്കുന്നത് അപ്പപ്പോഴത്തെ നേട്ടങ്ങള്‍ക്കുവേണ്ടിയും സാമ്രാജ്യത്വ-സിയോണിസ്റ്റ് അജന്‍ഡകള്‍ നടപ്പാക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിന്റെ ഉല്‍പ്പന്നമാണ് ഇത്തരം പരിഹാസ്യമായ പ്രകടനങ്ങള്‍. ഈ പോക്ക് കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തിലേക്കാണ് നയിക്കുക എന്നതിന് പ്രധാന തെളിവായി ടൈറ്റ്ലര്‍ നാടകത്തെ കാണാം.
1 comment:
ഖദര്‍ കുപ്പായമിടുന്നതുതന്നെ കോണ്‍ഗ്രസിന്റെ ഒരു വലിയ കാപട്യമാണ്. പണ്ടവര്‍ അതണിഞ്ഞത് ഗാന്ധിജിയുടെ നന്‍മയില്‍ ഖദര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നവര്‍ ഖദറിട്ട് പ്രച്ഛഹ്നവേഷമാടുകയാണ്. 'ഖദറിട്ട മാംസ പിണ്ഡങ്ങള്‍'.
Post a Comment