Saturday, April 11, 2009

ഞെട്ടിക്കുന്ന പലതും


ഞെട്ടിക്കുന്ന പലതും വരാന്‍ പോകുന്നുണ്ട്. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെക്കുറിച്ച് കഥകളുമായി ക്രിമിനല്‍ വാരികയുടെ പ്രത്യേക ലക്കം തയാറായിരിക്കുന്നു. അഞ്ചുലക്ഷം രൂപ അതിനായി ക്രിമിനല്‍ പത്രാധിപര്‍ ജനാധിപത്യകക്ഷിയുടെ നേതാവില്‍നിന് വാങ്ങി. അച്ചടി പൂര്‍ത്തിയായ 'സാധനം' വിതരണത്തിന് എത്തിയെന്നറിയുന്നു.

റിയാസ് 'ബിനാമി' എന്ന് വാരികയുടെ യഥാര്‍ത്ഥ ഉടമ പറഞ്ഞത് വെറുതെയല്ല. ആദ്യം അങ്ങനെയൊരു കഥ പറഞ്ഞുപരത്തി. പിന്നെ ചില വാര്‍ത്തകളെഴുതിച്ചു. വേണ്ട പ്രചാരം കിട്ടിയില്ലെന്നു കണ്ടപ്പോള്‍ അവതാരം നേരിട്ട് പ്രത്യക്ഷപ്പെട്ടു. ഇനി അതിനു സാധൂകരണം നല്‍കാന്‍ ക്രിമിനല്‍ വാരികയുടെ ഊഴമാണ്.

കോഴിക്കോട്ട് 'യഥാര്‍ത്ഥ ഇടതുപക്ഷ'ത്തിന്റെ ഒരു ചരക്ക് അവതരിച്ചിട്ടുണ്ട്. മൂന്നുലക്ഷം ഇതിനകം എണ്ണിവാങ്ങി. പോര, ഇനിയും ചെലവുണ്ട്, രണ്ടുകൂടി ഉടനെ വേണം എന്നാണ്. അത് ഇന്നോ നാളെയോ കിട്ടും.യഥാര്‍ത്ഥ ഇടതുപക്ഷത്തിന് രണ്ടാണ് കരാര്‍. സ്വന്തം വോട്ട് വലത്തേക്ക് മറിക്കുക; പിടിക്കാനാവുന്ന വോട്ട് ഇടത്തുനിന്ന് ചോര്‍ത്തുക. അതിന്റെ പണി നന്നായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്തുനിന്ന് ഒരു ഫോണ്‍കോള്‍ മാനാഞ്ചിറയ്ക്കു ചുറ്റും കറങ്ങുന്ന വലതുപക്ഷ തേരാളിക്ക് ചെന്നു. ഇന്നയിന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഇടതുപക്ഷത്തുനിന്ന് ചിലതെല്ലാം കോരിക്കുടിക്കാമെന്നായിരുന്നു സന്ദേശം. ചില നമ്പറുകളിലെല്ലാം വിളി പോയിട്ടുണ്ട്. കോഴിക്കോട്ട് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദം പറഞ്ഞ് തോല്‍പിക്കാമെന്നായിരുന്നു ആദ്യം കരുതിയത്. അത് ക്ളച്ചുപിടിച്ചില്ല. അത്ഭുതം തോന്നും-സോഷ്യലിസം പറഞ്ഞു നടക്കുന്ന നേതാവ് നേരിട്ട്, തന്റെ ക്രിമിനല്‍ വാരിക നടത്തിപ്പുകാരനെ വിട്ട് ഒരു റിയാസിനെ പിടിച്ചുകൊണ്ടുവന്നു-അപരനാകാന്‍. കോഴിക്കോട്ട് ഇടതിനെ തോല്‍പിച്ചേ തീരൂ എന്ന് ഒരുമാതിരി പരവേശമാണ് ടിയാന്. അവിടംകൊണ്ടും കളി തീരുന്നില്ല. ലാവലിന്‍ വിചാരിച്ച തോതില്‍ കത്താതിരുന്നത് വലിയ ക്ഷീണമായി. ഇപ്പോള്‍ ഡല്‍ഹിയിലാണ് കളി. സുപ്രിം കോടതിയെ ഒന്ന് ഇടപെടുവിക്കണം. ഒരു സ്പെഷ്യല്‍ ലീവ് പെറ്റീഷനിലൂടെ സുപ്രികോടതി 'ലാവലിന്‍' എന്നു പറഞ്ഞുകിട്ടിയാല്‍ അത്രയും ലാഭം!

വടകരയില്‍ ജനതാദളിനെയും വിമതരെയും വെച്ചുള്ള ആക്രമണത്തില്‍ സിപിഎം തളര്‍ന്നുപോകുമെന്ന് യുഡിഎഫ് ആദ്യം കരുതി. സിപിഐ എം പ്രവര്‍ത്തകരുടെ വാശിയോടെയുള്ള പ്രവര്‍ത്തനം ജനങ്ങളുടെ പൊതുവികാരം ഉണര്‍ത്തുകയും വടകരയുടെ ചുവപ്പന്‍ പാരമ്പര്യം കൂടുതല്‍ ചുവപ്പിക്കാനുള്ള മുന്നേറ്റമായി അത് മാറുകയും ചെയ്യുമ്പോള്‍ മുല്ലപ്പള്ളിയുടെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. വിമതര്‍ രണ്ടു നിയമസഭാ സെഗ്മെന്റുകളിലാണ്. നിങ്ങള്‍ക്ക് വോട്ടുചെയ്യുന്നത് കോണ്‍ഗ്രസിനെ സഹായിക്കലല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. ഒരു ആവേശത്തിന് അവരോട് അനുഭാവം കാട്ടിയവര്‍, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണയ്ക്കാനല്ല എന്ന് ഉറപ്പിച്ചുപറയുന്നു.

വോട്ടെടുപ്പിന് ഇനി കഷ്ടി അഞ്ചുനാളേ ഉള്ളൂ. അടിയൊഴുക്കുകളും തരംഗങ്ങളുമില്ല. പുതിയ അതിര്‍ത്തികളോടെയുള്ള മണ്ഡലങ്ങളാകയാല്‍, 2004ലെ കണക്കുവെച്ച് ഫലം ഉറപ്പിച്ചു പറയാന്‍ ചില സങ്കീര്‍ണതകളുണ്ടെന്നുമാത്രം. എന്നാല്‍ എല്‍ഡിഎഫിന് പ്രതികൂലമായ സീരിയസായ പ്രശ്നങ്ങളൊന്നും കാണുന്നില്ല. മാധ്യമങ്ങളുടെ സംഘടിത പ്രചാരണമല്ലാതെ.

ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനെതിരെ തിരിയുമെന്ന് യുഡിഎഫ് ആദ്യം കരുതിയിരുന്നുവെങ്കിലും അത്തരമൊരു കൈവിട്ടകളിക്ക് സഭകള്‍ സന്നദ്ധമല്ല. സംസ്ഥാനത്തെ ചില പ്രശ്നങ്ങളെക്കാളുപരി, ന്യൂനപക്ഷ സംരക്ഷണം, വര്‍ഗീയ വിരുദ്ധ സമീപനം തുടങ്ങിയ സുപ്രധാനപ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല.

സര്‍വേകളിലൂടെ കണ്‍ഫ്യൂഷനുണ്ടാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ അതൊന്നും പോര. അതുകൊണ്ട്, എത്ര മോശമായതും ഉപയോഗിക്കാനുള്ള നാളുകളാണിനി. വരുന്ന മണിക്കൂറുകളില്‍ ഇറങ്ങുന്ന നോട്ടീസുകള്‍, വാര്‍ത്തകള്‍, പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍-ഒന്നും പ്രവചിക്കാന്‍ കഴിയില്ല. സംഭവങ്ങള്‍ വരെ സൃഷ്ടിക്കപ്പെടാം. ഓരോരുത്തരും അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ട സമയമായി.

5 comments:

manoj pm said...

കഴിഞ്ഞ ദിവസം തലസ്ഥാനത്തുനിന്ന് ഒരു ഫോണ്‍കോള്‍ മാനാഞ്ചിറയ്ക്കു ചുറ്റും കറങ്ങുന്ന വലതുപക്ഷ തേരാളിക്ക് ചെന്നു. ഇന്നയിന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഇടതുപക്ഷത്തുനിന്ന് ചിലതെല്ലാം കോരിക്കുടിക്കാമെന്നായിരുന്നു സന്ദേശം. ചില നമ്പറുകളിലെല്ലാം വിളി പോയിട്ടുണ്ട്.

ജനശക്തി said...

ശരിയായ ഒരു ഇടതുപക്ഷത്തിന്റെ ലേഖനം ഇന്ന് മാതൃഭൂമിയിലുണ്ട്.ആരോഗ്യമേഖല തുറന്നു കൊടുത്തു, പൊതുമേഖല വിറ്റു തുലച്ചു തുടങ്ങിയ പ്രശ്നങ്ങളൊക്കെ പ്രതിപാദിക്കുന്നുവെങ്കിലും അത് നടപ്പിലാക്കുന്നത് ആരാണ്, അതാരുടെ നയം എന്നത് മാത്രം വ്യക്തമായി പറയുന്നില്ല. അങ്ങിനെ തന്നെ വേണമല്ലോ എഴുതാന്‍. എല്ലാം കണക്ക് എന്ന ലൈന്‍ ആണെങ്കിലും കൂടുതല്‍ “കണക്ക്” ഇടതുപക്ഷം ആണെന്ന് ലേഖനം വായിക്കുന്നവര്‍ക്ക് തോന്നും.

സംയുക്ത നാ‍വികാഭ്യാസത്തിനെതിരെ ഇടതുപക്ഷം (കനത്ത) പ്രതിഷേധമുയര്‍ത്തിയില്ല എന്ന കള്ളത്തരവും ലേഖനത്തില്‍ കയറ്റിയിട്ടുണ്ട്.

വായന said...

ദേശാഭിമാനി വായിക്കുന്ന ഫീലിംഗ്‌...

പാഞ്ഞിരപാടം............ said...

മൊത്തം പ്രശ്നങ്ങള്‍ അല്ലെ മനൊജെ? എന്താ ചെയ്യാ .....

കുട്ടിസഖാക്കള്‍ ദേശാഭിമാനിപറഞ്ഞതെല്ലം വിശ്വസിച്ചു ഇറങ്ങിതിരിച്ചിട്ടുണ്ട് "ക്രൈം" കത്തിക്കാന്‍.
നിങ്ങള്‍ സഖാക്കള്‍ക്കൊക്കെ ശരിക്കും എന്താ പ്രശ്നം? എനിക്കൊര്‍മ്മയുണ്ടു പത്മജക്കെതിരെ കഴിഞ്ഞ തവണ ഇലക്ഷ്നു ലൊക്കല്‍ സഖാക്കള്‍ "ക്രൈം" പൊക്കി പിടിച്ചു നടന്നതു. എന്താ ഇപ്പൊ "ക്രൈം" മഞ്ഞ ആയതു?

എന്താ ക്രിത്യതാ.... കോഴിക്കോട്ടേക്കു എത്ര ഫോണ്‍കോള്‍ എന്നാ? എന്താ ചെയ്യാല്ലെ?

"എല്‍ഡിഎഫിന് പ്രതികൂലമായ സീരിയസായ പ്രശ്നങ്ങളൊന്നും കാണുന്നില്ല" കുറെ ബുദ്ധിമുട്ടുന്നുണ്ടല്ലൊ സഖാവു തിരിച്ചു സ്താപിക്കാന്‍ !! കഷ്ടം,താങ്കള്‍ ഈ കേരളത്തില്‍ ഒന്നും അല്ലെ ജീവിക്കുന്നതു?

നടക്കട്ടെ സഖാവെ......നല്ല വിജയം ആശംസിക്കുന്നു !! വിഷു ആശംസകള്‍ ....

asdfasdf asfdasdf said...

ഈ ഇലക്ഷനു ശേഷം ഞെട്ടിക്കുന്ന ഒരു ഫലവും കേരളിത്തിലുണ്ടാവില്ല. എന്തൊക്കെ പറഞ്ഞാലും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മലയാളിയോടാരും പരഞ്ഞു കൊടുക്കേണ്ടതില്ല. അങ്ങനെ ഒരു അവസ്ഥ ദിവാസ്വപനം കൊണ്ട് നടക്കുന്ന പാര്‍ട്ടികളുടെ കാര്യം കട്ടപ്പൊക. !!