Friday, April 24, 2009

കാപട്യത്തിന്റെ രാഷ്ട്രീയം

ഉമ്മന്‍ചാണ്ടി കുടുങ്ങിയിരിക്കുന്നു. വോട്ടെടുപ്പുദിവസം എന്തിന് കണ്ണൂരില്‍ പോയി, ക്വട്ടേഷന്‍ ഗൂഢാലോചനയുമായി എന്തുബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ 'ബബ്ബബ്ബ' കളിക്കുന്ന പ്രതിപക്ഷനേതാവിന് ഇനി തെരഞ്ഞെടുപ്പു കമീഷനോടും കോടതിയോടും ഉത്തരം പറയേണ്ടിവരും.

ആദ്യനാളുകളില്‍ അവഗണിച്ചു തള്ളിയ കണ്ണൂര്‍ ഗൂഢാലോചനയുടെ വാര്‍ത്ത കൊടുക്കാന്‍ എല്ലാ മാധ്യമങ്ങളും നിര്‍ബന്ധിക്കപ്പെടുകയാണ്. അത്തരം പ്രധാന വാര്‍ത്ത കൊടുത്തില്ലെങ്കില്‍ എന്തിന് ഇങ്ങനെയൊരു പത്രം എന്ന വായനക്കാരുടെ വികാരം തള്ളിക്കളഞ്ഞാല്‍ സര്‍ക്കുലേഷന്‍ ഇടിയുമെന്ന ഭയംകൊണ്ടുമാത്രമുള്ള ചുവടുമാറ്റമാണത്. ചര്‍ച്ച കൊണ്ടുപിടിച്ചുകയറിയാലുള്ള അപകടം അവര്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ പൊക്കിയെടുത്ത 'ജനതാദള്‍ മന്ത്രിവിഷയം'ചര്‍ച്ച വഴിമാറ്റി ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താനുള്ള ഒരു മുന്തിയ അടവുമാത്രമാണ്.

ജനതാദളും എല്‍ഡിഎഫും തമ്മില്‍ തെരഞ്ഞെടുപ്പുകാലത്ത് ചില പ്രശ്നമുണ്ടായി. അതിന്റെ ഭാഗമായി ദളിന്റെ മന്ത്രി രാജിവച്ചു. രാജിവയ്ക്കരുതെന്നും മുന്നണി വിട്ടുപോകരുതെന്നും എല്ലാ ഘടകകക്ഷികളും അഭ്യര്‍ഥിച്ചതാണ്. ആ പാര്‍ടിയെ മുന്നണിയില്‍നിന്ന് ആരും പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ദള്‍ താല്‍പ്പര്യപ്പെടുന്നപക്ഷം അവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നതില്‍ ആരും തര്‍ക്കം ഉന്നയിച്ചതും കേട്ടിട്ടില്ല. അക്കാര്യം മുന്നണിയിലെ വലിയ കക്ഷിയായ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതുമാണ്. ദളിന് മന്ത്രിയുണ്ടാകുമെന്നോ അത് ഇന്നയാളായിരിക്കുമെന്നോ അല്ല, ആ പാര്‍ടി താല്‍പ്പര്യപ്പെടുന്ന പക്ഷം മന്ത്രിയുണ്ടാകുമെന്നാണ് പറഞ്ഞത്.

അങ്ങനെ പറഞ്ഞതിനുശേഷം ഭാരതപ്പുഴയില്‍ ഏറെ വെള്ളം ഒഴുകി. എന്നാല്‍, ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്കാര്യത്തില്‍ സംശയം ജനിച്ചത് ബുധനാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളന ഘട്ടത്തിലാണ്. 'ദളിന്റെ മന്ത്രിയെ തീരുമാനിക്കുന്നത് (ഞങ്ങളുടെ) പാര്‍ടി സെക്രട്ടറിയല്ല' എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അത് ചെയ്യേണ്ടത് ജനതാദള്‍തന്നെയാണ് എന്നതില്‍ ആര്‍ക്കും സംശയമില്ലാതിരിക്കെ, മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിവാദമില്ല. എന്നാല്‍, സ്വയം പരിഭവിച്ച് മുന്നണിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതിനെ ചവിട്ടിപ്പുറത്താക്കലാക്കി കണ്ണീര്‍പൊഴിച്ച വീരേന്ദ്രകുമാറിന്റെ അടവ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദത്തിന് ഇന്ധനമാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയും വീരന്‍ രംഗത്തിറങ്ങുകയുംചെയ്തു. അങ്ങനെ പുതിയൊരു വിവാദത്തിന് തുടക്കംകുറിക്കുന്നു! ഉമ്മന്‍ചാണ്ടിയെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ ആസൂത്രിതമായി ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ എന്നതിനപ്പുറം ഒരു പ്രാധാന്യവും ഈ പുതിയ വിവാദത്തിനില്ല.

വീരേന്ദ്രകുമാര്‍ ഇന്ന് നില്‍ക്കുന്നത് ഇടതുപക്ഷത്തോടൊപ്പമല്ല എന്നതില്‍ ആര്‍ക്കും സംശയമില്ല. പാരമ്പര്യവും ഒരുമിച്ചുനിന്ന വര്‍ഷങ്ങളുടെ എണ്ണവും മാത്രമാണ് മഹത്വം തെളിയിക്കുന്ന ഘടകങ്ങളെങ്കില്‍ കെ ആര്‍ ഗൌരിയമ്മയും എം വി രാഘവനും ഇന്ന് സിപിഐ എമ്മില്‍ത്തന്നെ ഉണ്ടാകുമായിരുന്നു. കെ ആര്‍ ഗൌരിയമ്മയോളം പാരമ്പര്യമുള്ള ഒരാളെ നഷ്ടപ്പെടേണ്ടിവന്നപ്പോള്‍പ്പോലും ആ പ്രയാസത്തിന്റെ പേരില്‍ അച്ചടക്കലംഘനം പൊറുക്കാന്‍ സിപിഐ എമ്മിന് കഴിയുമായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രാഗ്രൂപത്തിലെ പങ്കാളിത്തവും സോഷ്യലിസ്റ് പാരമ്പര്യത്തിന്റെ അവകാശവാദവും ജയിലില്‍കിടന്നതിന്റെ ഓര്‍മയുംകൊണ്ട് വീരേന്ദ്രകുമാര്‍ ഉയര്‍ത്തുന്നത്, ഇന്ന് എന്തുചെയ്താലും ഇന്നലത്തെ 'മഹത്വം'വച്ച് തങ്ങളെ സഹിച്ചുകൊള്ളണമെന്ന വാദമാണ്.

വീരേന്ദ്രകുമാര്‍ പ്രസിഡന്റും കെ കൃഷ്ണന്‍കുട്ടി സെക്രട്ടറി ജനറലുമായ ഒരു പാര്‍ടി കേരളത്തില്‍ ഇന്നുണ്ടെങ്കില്‍, ആ രണ്ടു പേരുടെയും വാക്കും പ്രവൃത്തിയുമാണ് പാര്‍ടിയുടെ രാഷ്ട്രീയ-നയ സമീപനമെങ്കില്‍ അതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്താന്‍ രാഷ്ട്രീയമോ ധാര്‍മികമോ ആയ അവകാശമുണ്ടോ എന്ന പ്രശ്നം ഗൌരവമായി നിലനില്‍ക്കുന്നു. നിര്‍ണായകമായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ നടന്നവര്‍ക്ക് ആ മുന്നണിയെക്കുറിച്ച് പറയാന്‍ എന്തവകാശം?

കോഴിക്കോട് മണ്ഡലം തങ്ങള്‍ക്ക് കിട്ടാത്തതാണ് ജനതാദള്‍ എന്ന പാര്‍ടിയെ ചൊടിപ്പിച്ചത്. യഥാര്‍ഥത്തില്‍ ജനതാദളിന്റെ സീറ്റ് ആരും പിടിച്ചെടുത്തിട്ടില്ല. പഴയ കോഴിക്കോട് മണ്ഡലം വിഭജിക്കപ്പെട്ടപ്പോള്‍ അതിലെ മൂന്ന് നിയമസഭാ സെഗ്മെന്റ് ഉള്‍ക്കൊള്ളുന്ന വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകമാത്രമാണുണ്ടായത്. അത് ദളിന്റെ സംസ്ഥാനനേതൃത്വം കൈയടക്കിവച്ച വീരേന്ദ്രകുമാര്‍വിഭാഗത്തിന് തൃപ്തിയായില്ല. വയനാട് മണ്ഡലത്തില്‍ ജനതാദളിന്റെ സിറ്റിങ് എംഎല്‍എയുടെ കല്‍പ്പറ്റ നിയമസഭാ സെഗ്മെന്റ്പെടുന്നു. ദള്‍ സംസ്ഥാന പ്രസിഡന്റിന്റെ ജന്മനാടുമാണ് അത്. അവിടെ മത്സരിക്കുന്നതില്‍ പരാജയഭീതിയാണെങ്കില്‍, അങ്ങനെയൊരു നഷ്ടം ഒഴിവാക്കാന്‍ ഇനി സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന രാജ്യസഭാസീറ്റ് നല്‍കാമെന്ന വാഗ്ദാനംകൂടി ദളിനു നല്‍കി.

അത്രയൊക്കെ സംഭവിച്ചിട്ടും 'കോഴിക്കോട് കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ ഇതാ പോകുന്നു' എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനാണ് വീരേന്ദ്രകുമാര്‍ തയ്യാറായത്. എന്തുകൊണ്ട് വയനാട് സീറ്റ് എടുത്തില്ല, രാജ്യസഭാ സീറ്റ് അസ്വീകാര്യമാകുന്നതെന്തുകൊണ്ട് എന്നീ ചോദ്യങ്ങളെ അവഗണിച്ച് വികാരപരമായി പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും 'ചവിട്ടിപ്പുറത്താക്കി' എന്ന് അലമുറയിട്ട് അണികളെ തെറ്റിദ്ധരിപ്പിക്കാനും കയ്മെയ്മറന്ന് ചാടിപ്പുറപ്പെടുന്ന വീരേന്ദ്രകുമാറിനെയാണ് പിന്നീട് കണ്ടത്.

ഒരു സീറ്റുമാറ്റത്തിന്റെ പേരില്‍ ഇന്നലെവരെ ഒന്നിച്ചുനിന്നവരെ ഒറ്റരാത്രി പുലരുമ്പോള്‍ ആജന്മശത്രുക്കളുടെ മട്ടില്‍ അകറ്റിനിര്‍ത്തിയത് മറ്റാരുമല്ല, വീരേന്ദ്രകുമാര്‍തന്നെയാണ്. തെരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ അബ്ദുള്ളക്കുട്ടിയേക്കാള്‍ തരംതാണരീതിയില്‍, ചപലമായ വാക്കുകളും വികാരപ്രകടനവുമായി മുന്നേറിയ 'പരമ്പരാഗത സോഷ്യലിസ്റ്' എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ചീവീടിനെപ്പോലെ ശല്യക്കാരനായി മാറി.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയാന്‍ മടിക്കുന്ന വൃത്തികേടുകള്‍ മൈക്കുകെട്ടി വിളിച്ചുപറയാന്‍ 'ഔന്നത്യ'ത്തിന്റെയും മാന്യതയുടെയും പുറന്തോട് അദ്ദേഹത്തിന് തടസ്സമായില്ല. കോഴിക്കോട്ട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുകൂടിയായ അഡ്വ. മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍, ആ ചെറുപ്പക്കാരനെക്കുറിച്ച് 'ഫാരിസ് അബൂബക്കറിന്റെ ബിനാമി' എന്ന ആരോപണം ഉന്നയിച്ചത് ഇതേ വീരേന്ദ്രകുമാറാണ്. അതില്‍ പ്രതികരണം വന്നപ്പോള്‍, അദ്ദേഹം പറഞ്ഞത്, താന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിപിഐ എമ്മിന്റെ രോഷം കാണുമ്പോള്‍ തോന്നുന്നെന്നാണ്. അതായത്, ഹീനമായ ഒരു ആരോപണം തനിക്കുതന്നെ ബോധ്യമില്ലാതെയാണ് ഉന്നയിച്ചതെന്നും അതിനെതിരെ സിപിഐ എം പ്രതികരിച്ചപ്പോഴാണ്, തന്റെ ആരോപണം ശരിയാണോ എന്ന് ചിന്തിച്ചതെന്നും. വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു നേതാവിന്റെ അധഃപതനം നോക്കണം.

രാഷ്ട്രീയത്തെ കേവലം സങ്കുചിതമായ ഇഷ്ടാനിഷ്ടങ്ങളുടെയും കുശുമ്പിന്റെയും പകയുടെയും വേദിയായി അധഃപതിപ്പിക്കുക എന്ന കൃത്യമായ അജന്‍ഡ മനസ്സിലുള്ളതുകൊണ്ടാണ്, വീരേന്ദ്രകുമാറിന്റെ പ്രതികരണമെല്ലാം അത്തരത്തില്‍ തരംതാഴുന്നത്. നാട്ടിലാകെ ഭൂമികൈയേറ്റത്തിനെതിരെ വികാരമുണര്‍ന്ന ഘട്ടത്തില്‍ ഒരുഭാഗത്ത് ആ വികാരത്തിനൊപ്പം സ്വന്തം പത്രത്തെ വിട്ട് അമിതാവേശം കാണിക്കുകയും മറുവശത്ത് കൈയേറ്റപരമ്പരകളിലൂടെ വെട്ടിപ്പിടിച്ച ഭൂമിയെക്കുറിച്ച് വാര്‍ത്തയെഴുതിയവരെ പള്ളുപറയുകയുമാണ് ഈ നേതാവ് ചെയ്തത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ ഭൂമികൈയേറ്റക്കാര്‍ക്കെതിരെ വാര്‍ത്തയെഴുതിയ പത്രം തന്റെ ശത്രുവാകുന്നത് എങ്ങനെയെന്നും രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്ക് അണുതൂക്കം വിലകൊടുക്കുന്നെങ്കില്‍, സ്വന്തം കുടുംബത്തിന്റെ കൈയേറ്റഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും പറയാനുള്ള മഹാമനസ്കത അദ്ദേഹത്തില്‍ ആരും ഇതുവരെ കണ്ടില്ല.

വീരേന്ദ്രകുമാറിന്റെ പാര്‍ടിയെ പിളര്‍ത്താന്‍ ആരും പോയിട്ടില്ല. നേതൃത്വത്തിലെ ചിലരുടെ അഹന്തയും കാപട്യവും അധികാരദുരയും തിളച്ചുപൊങ്ങിയപ്പോള്‍, അതിനെ മറ്റു പലവഴിക്കും തിരിച്ചുവിട്ട് അണികളെ ഉത്തേജിപ്പിച്ച് എല്‍ഡിഎഫിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. ജനതാദള്‍ എന്ന പാര്‍ടിയുടെയല്ല, അതിന്റെ ചില നേതാക്കളുടെ വിഷപ്രയോഗത്തിനാണ് തെരഞ്ഞെടുപ്പുഘട്ടത്തില്‍ കേരളം സാക്ഷിയായത്. വോട്ടെണ്ണുമ്പോള്‍ 20മണ്ഡലത്തിലും എ കെ ജി സെന്ററിനുമുന്നിലും സിപിഐ എമ്മിന്റെ നേതാക്കളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ വേണ്ടിവരുമെന്നു പറഞ്ഞുനടന്ന ഒരു മാന്യനെ മഹാനായ നേതാവായി ചുമലിലേറ്റി കൊണ്ടുനടക്കാനുള്ള മഹാമനസ്കതയൊന്നും എല്‍ഡിഎഫിനില്ല.

വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ ക്രമവുമില്ല; സമാധാനവുമില്ല എന്നാണ്. പുതിയ ചില പരിപാടി ഒപ്പിക്കാനുള്ള ശ്രമം സമാന്തരമായി നടത്തുന്നുമുണ്ട് അദ്ദേഹം. കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസുമായി 'ശക്തിപ്പെട്ട ഐക്യ'മുണ്ടെന്ന് മാതൃഭൂമിയെക്കൊണ്ട് എഴുതിക്കുന്നത് വെറുതെയല്ല. അത്് പലതും മനസ്സില്‍കണ്ടുകൊണ്ടുള്ള ഒരു പാലമിടലാണ്. കുതന്ത്രങ്ങള്‍മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ധരിച്ചുവശായ ഒരാളുടെ പതനമാണ് ഇക്കാണുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനുപോലും പിന്തുണ നല്‍കേണ്ടിവരുമെന്ന് പ്രകാശ് കാരാട്ട് സാന്ദര്‍ഭികമായി സൂചിപ്പിച്ചപ്പോള്‍, അതിനെ കേരളത്തില്‍ യുഡിഎഫിനെ സഹായിക്കാനുള്ള സൂത്രമാക്കി മാറ്റി 'അട്ടര്‍ കണ്‍ഫ്യൂഷനാണ്' എന്ന് പറഞ്ഞ അതേ ദേഹം ഇപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ജനതാദള്‍ കൂട്ടുചേരുന്നു എന്ന വാര്‍ത്ത പൊലിപ്പിച്ച് സ്വന്തം പത്രത്തില്‍ എഴുതിക്കുന്നു.

വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ക്കും പ്രവൃത്തിക്കും പിന്നില്‍ കാണാനാകുന്നത് ഒളിപ്രയോഗങ്ങളോളം താണ ചിലതാണ്. മാന്യതയുടെ എത്രയെത്ര കാശ്മീരി കമ്പളം പുതപ്പിച്ചാലും അറബിനാട്ടിലെ സുഗന്ധലേപനങ്ങളില്‍ കുളിപ്പിച്ചാലും മായാത്തതാണ് ആ കളങ്കം. ഇടതുപക്ഷ ജനാധിപത്യ
മുന്നണിയുടെ ഒരു പ്രവര്‍ത്തകനും അനുഭാവിക്കും അംഗീകരിക്കാനാകാത്ത ശബ്ദമാണ് ആ മനുഷ്യനില്‍നിന്ന് ഉയരുന്നത്. അത് വിമതശബ്ദമാണെന്നുള്ള വിശേഷണം വെറും ഔദാര്യമാണ്. ജനതാദള്‍ എന്ന പാര്‍ടിയെ കൂട്ടിക്കൊണ്ടുപോയി കോണ്‍ഗ്രസിന്റെ ആലയില്‍ കെട്ടാന്‍ കരാറെടുത്ത ബ്രോക്കര്‍ എന്ന നിലയിലേ പഴയ സോഷ്യലിസ്റ് നേതാവിന് ഇന്ന് കേരളത്തിലെ ജനങ്ങള്‍ വിലകല്‍പ്പിക്കുന്നുള്ളൂ. വീരന് രഹസ്യ അജന്‍ഡ ഒരുപാടുണ്ടാകാം. അവ ഒരുപക്ഷേ പുറത്തുപറയാന്‍ കൊള്ളാത്തതാകാം. സിപിഐ എം എന്ന പാര്‍ടിയുടെ ആഭ്യന്തരകാര്യങ്ങളിലടക്കം ഇടപെടാന്‍ താന്‍ മടിച്ചിട്ടില്ലെന്നതിന്റെ തെളിവ് അദ്ദേഹത്തിന്റെയും അനുചരരുടെയും വാക്കുകളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും പുറത്തുവന്നിട്ടുണ്ട്.

പാലുകൊടുക്കുന്ന കൈക്ക് വിഷപ്പല്ലാഴ്ത്തിയ അനുഭവമാണ് ഈ നേതാവില്‍നിന്ന് പുരോഗമനപ്രസ്ഥാനത്തിനുണ്ടായിട്ടുള്ളത്. വീരന്റെ കെട്ട വാക്കുകള്‍ നിശബ്ദം സഹിക്കാനും സോഷ്യലിസ്റ് ഗീര്‍വാണത്തിന്റെ ചുമടേറ്റി നടക്കാനുമുള്ള ക്വട്ടേഷന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. സോഷ്യലിസ്റിന്റെ മുഖംമൂടിയിട്ടതുകൊണ്ട് ചെന്നായ ആട്ടിന്‍കുട്ടിയാകില്ല. വീരന്റെ ശബ്ദം രമേശ് ചെന്നിത്തലയുടേതിനേക്കാള്‍ നികൃഷ്ടമാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളീയര്‍ക്ക് നഷ്ടപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ ആട്ടിന്‍തോല്‍ അഴിച്ചുവയ്ക്കാനുള്ള ഔചിത്യം ഇനിയെങ്കിലും അദ്ദേഹം കാണിക്കണം. തനിക്ക് അഴുക്കുചാലില്‍ തുഴയാന്‍ അവകാശമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നതില്‍നിന്ന് ആരും അദ്ദേഹത്തെ തടയുന്നില്ല.

അണികളെ അഴുക്കിലേക്കു തള്ളിവിടാന്‍ അധികാരമുണ്ടെന്നുള്ള അഹങ്കാരം സ്വയംതിരുത്താന്‍ തയ്യാറായാല്‍ അതിന്റെ മെച്ചം അദ്ദേഹത്തിനുമാത്രമാണ്. സിപിഐ എം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ കൊല്ലിക്കാന്‍ ആളെവിടുന്ന ഘടകകക്ഷിനേതാവിനെ ഇനിയും താങ്ങേണ്ടിവരില്ലെന്ന ആശ്വാസമാണ് ചിറ്റൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെങ്കില്‍ മുഖംമൂടിയണിഞ്ഞ ഒരു അപഹാസ്യവേഷത്തെ ഘടകകക്ഷി നേതാവായി ആനയിക്കുന്ന ദുര്യോഗം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളത്തിലാകെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. അതിന് അവസരമുണ്ടാക്കിയ വീരേന്ദ്രകുമാറിനോട് എല്‍ഡിഎഫ് നന്ദി പറഞ്ഞേതീരൂ.

വീറുകുറയാതെ ജനതാദള്‍ മുന്നണിയിലുണ്ടെന്നിരിക്കെ വീരന്റെ പീറവിചാരം ചുമക്കുന്നതെന്തിന്? അല്ലെങ്കിലും അരമണിക്കൂറിന്റെ ഇടവേളയില്‍ മുഖ്യമന്ത്രിയുമായി പരസ്യചര്‍ച്ചയും പ്രതിപക്ഷനേതാവുമായി രഹസ്യചര്‍ച്ചയും നടത്തുന്ന കാപട്യക്കാര്‍ക്കുള്ളതാണോ എല്‍ഡിഎഫിലെ ഇരിപ്പിടം?

8 comments:

manoj pm said...

അണികളെ അഴുക്കിലേക്കു തള്ളിവിടാന്‍ അധികാരമുണ്ടെന്നുള്ള അഹങ്കാരം സ്വയംതിരുത്താന്‍ തയ്യാറായാല്‍ അതിന്റെ മെച്ചം അദ്ദേഹത്തിനുമാത്രമാണ്. സിപിഐ എം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ കൊല്ലിക്കാന്‍ ആളെവിടുന്ന ഘടകകക്ഷിനേതാവിനെ ഇനിയും താങ്ങേണ്ടിവരില്ലെന്ന ആശ്വാസമാണ് ചിറ്റൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെങ്കില്‍ മുഖംമൂടിയണിഞ്ഞ ഒരു അപഹാസ്യവേഷത്തെ ഘടകകക്ഷി നേതാവായി ആനയിക്കുന്ന ദുര്യോഗം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളത്തിലാകെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. അതിന് അവസരമുണ്ടാക്കിയ വീരേന്ദ്രകുമാറിനോട് എല്‍ഡിഎഫ് നന്ദി പറഞ്ഞേതീരൂ

ഹരിയണ്ണന്‍@Hariyannan said...

ഉമ്മന്‍ ചാണ്ടി എന്തിന് കണ്ണൂരില്‍പ്പോയി?
അത് രാഷ്ട്രീയത്തിലെ കാപട്യമാണ്;അല്ലെങ്കില്‍ കാപട്യത്തിന്റെ രാഷ്ട്രീയം.

ജയരാജന്‍ സഖാവിന്റെ അറിവില്‍ ശിശുവായ മകന്റെ കയ്യിലിരുന്ന് ഒരു വിഷുപ്പടക്കം പൊട്ടിയതും ഈ മാധ്യമങ്ങള്‍ വേണ്ടവിധത്തിലല്ല കൈകാര്യം ചെയ്യുന്നതെന്നുതോന്നുന്നു!

തലക്കെട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആത്മകഥാംശമുള്ളതായിത്തോന്നി.

Rejeesh Sanathanan said...

പോസ്റ്റ്, കമ്മ്യൂണിസ് പാര്‍ട്ടിയുടെ മുഖപത്രം വായിക്കുന്ന അനുഭവം തന്നെങ്കിലും തലക്കെട്ട് കലക്കി............ആ തലക്കെട്ട് സത്യമാണ് പരമമായ സത്യം...

ജനശക്തി said...

നിഷ്പക്ഷ പത്രങ്ങളുടെ പാദസേവ ഇവിടെ

ullas said...

പോസ്റ്റ് നന്നായി ,ദേശാഭിമാനി വായിക്കുന്ന സുഖം .വീരന്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് പോകാന്‍ പണ്ടേ കച്ചകെട്ടിയതാണ് .

മുക്കുവന്‍ said...

no one going to be in trouble... pinarayi caught in airport with non lincesed bullets. what happend to it?

Umman is also going to escape. you wait and see..if it was some poor party worker, he would have been in trouble :)

Unknown said...

Another Notice.
Pinarayee's "Cheruppunakki" post

കുഞ്ഞന്‍ said...

മാഷെ ..

ഇപ്പോഴെങ്കിലും കണ്ണു തുറക്കുക, കണ്ണട മാറ്റുക..!