Thursday, April 2, 2009

ചന്തയുടെ സ്വഭാവം

ചന്ത എന്നത് ഒരു മോശം സ്ഥലമോ വാക്കോ ആയി കരുതുന്ന ആളല്ല ഇതെഴുതുന്നത്. ചന്തയും വീടും തമ്മില്‍ വ്യത്യാസമുണ്ട്. ചന്തയില്‍ ഒച്ചപ്പാട് അടങ്ങില്ല. പരസ്പരം സംസാരിക്കുന്നതിന് ശബ്ദത്തിന്റെയോ സഭ്യതയുടെയോ അതിര്‍വരമ്പുകളുണ്ടാകില്ല. ചന്തയിലെ സ്വഭാവം ആരും വീട്ടില്‍ കാണിക്കില്ല.

ചന്ത ചന്തയായും വീട് വീടായും കാണുന്നതാണ് നമ്മുടെ സംസ്കാരം. അല്ലെങ്കിലും, മനസ്സില്‍ തോന്നുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ നാം ചെയ്യാതിരിക്കുന്നതും പറയാതിരിക്കുന്നതും നമ്മുടെ സാമൂഹിക ബോധം കൊണ്ടാണ്. ചില നേരങ്ങളില്‍ ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ നമുക്ക് മുഖമടച്ച് തല്ലാന്‍ തോന്നും; ചവിട്ടിപ്പുറത്താക്കാന്‍ തോന്നും. നാം അത് മനസ്സില്‍ അടക്കി മാന്യമായ ഭാഷയിലും പ്രകടനത്തിലും പ്രതികരിക്കാന്‍ ശ്രമിക്കുന്നു. അത് നമ്മുടെ സംസ്കാരത്തിന്റെ പ്രശ്നമാണ്. സംയമനം എന്നത് സാമൂഹ്യബോധത്തിലൂടെയും സാംസ്കാരികമായും നാം ആര്‍ജിച്ച മഹത്തായ മൂല്യമാണ്.

കര്‍ണാടകത്തിലോ തമിഴനാട്ടിലോ ചെന്നാല്‍, ബസ്സിലും തീവണ്ടിയിലും വലിയ ഒച്ചപ്പാട് കേള്‍ക്കും. പരിസരം മറന്ന് ജനങ്ങള്‍ ഒച്ചയെടുത്ത് സംസാരിക്കും. കേരളത്തില്‍ അത്തരം അനുഭവം പതിവല്ല. ഇവിടെ ഇതെല്ലാം പറയുന്നത് എന്തിനെന്ന സംശയമുയരാം. നമ്മുടെ ചാനലുകള്‍ തുറന്നുവെച്ചാല്‍ ആര്‍ക്കാണ് ഇങ്ങനെ ചിന്ത വരാത്തത്?

റൂപ്പര്‍ട് മര്‍ഡോക്കിന്റെയും മുനീറിന്റെയും മാത്തുക്കുട്ടിച്ചായന്റെ(ഉമ്മന്‍ചാണ്ടി)യുടെയും വിജയന്‍ തോമസിന്റെ(ചെന്നിത്തല)യും ചാനലുകള്‍ കൊടിപ്പടം, പോര്‍ക്കളം, പടക്കളം, അടര്‍ക്കളം, അങ്കത്തട്ട് തുടങ്ങിയ പരിപാടികളുമായി നമ്മുടെ സ്വീകരണമുറികളിലേക്ക് കടന്നുവരുന്നു. തെരഞ്ഞെടുപ്പല്ലേ, അല്‍പം ഒച്ചയും ബഹളവുമൊക്കെയുണ്ടാകും എന്നുകരുതി സമാധാനിക്കാന്‍ നാം തീരുമാനിച്ചാല്‍ അങ്ങനെയാകാം. കൈരളി-പീപ്പിള്‍ ചാനലിലും സമാനമായ 'ജനസമക്ഷം' പരിപാടിയില്ലേ എന്ന മറുചോദ്യവുമായി എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് വഴങ്ങി മിണ്ടാതിരിക്കുകയും ചെയ്യാം.ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്ന പ്രശ്നം അത്തരം സങ്കുചിതത്വങ്ങളിലൊതുങ്ങുന്നതല്ല.

എന്താണ് ഈ ചാനലുകള്‍ കാട്ടിക്കൂട്ടുന്നത്? എത്രമാത്രം തെറ്റായതും വഴിതെറ്റിയതുമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്? ഏതെങ്കിലും എംപി സ്കൂളില്‍ കമ്പ്യൂട്ടര്‍ കൊടുത്ത കാര്യവും ആശിച്ച സീറ്റ് കിട്ടാതെവന്നപ്പോള്‍ സമനിലതെറ്റിയ നേതാവ് വിളിച്ചുപറഞ്ഞ നെറികേടും സീറ്റ് വിഭജനത്തിന്റെ പേരില്‍ മുന്നണികള്‍ക്കകത്തുണ്ടാകുന്ന പിണക്കങ്ങളും പറഞ്ഞ് പൊരിവെയിലത്ത് തമ്മില്‍ തല്ലുന്ന പരിപാടിയാണോ ഇന്ത്യയുടെ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ്?തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട യഥാര്‍ത്ഥ വിഷയങ്ങള്‍ എന്തൊക്കെ എന്ന ചോദ്യം ഈ ചാനല്‍ ജീവികള്‍ മറച്ചുപിടിക്കുന്നു.

ഒരു പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പരിഹരിക്കേണ്ട റോഡ് വികസനവും വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധ പതിയേണ്ട കുടിവെള്ള വിതരണത്തിലെ പാകപ്പിഴയും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ തീര്‍ക്കേണ്ട പൂവാലശല്യവും പ്രത്യേക പ്രദേശത്ത് നിരന്തരം ഉണ്ടാകുന്ന പേപ്പട്ടിശല്യവും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തന്നെ. എന്നാല്‍ അതും ലോക്സഭാ തെരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം?

മുമ്പുകാലത്ത്(കഷ്ടിച്ച് കാല്‍നൂറ്റാണ്ടിന് മുമ്പ്) വോട്ടര്‍മാരോട് കൊഞ്ചിക്കുഴഞ്ഞും കുട്ടികളെ വാരിയെടുത്തുമ്മവെച്ചും ഭാര്യയെക്കൊണ്ട് പാട്ടുപാടിച്ചും വോട്ടുതേടിപ്പോകുന്ന പതിവ് ആര്‍ക്കുമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കാന്‍ ജനങ്ങളെ കാണുമ്പോള്‍, "എനിക്ക് വോട്ടുചെയ്യണം'' എന്നല്ല, ഈ ചിഹ്നത്തില്‍ വോട്ടുചെയ്ത് പാര്‍ട്ടിയെ വിജയിപ്പിക്കണം എന്നാണഭ്യര്‍ത്ഥിച്ചിരുന്നത്. അന്ന് സ്ഥാനാര്‍ത്ഥിയുടെ ചിത്രം അച്ചടിക്കുന്ന പതിവുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്നില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കില്‍, കുടുംബങ്ങളെയും ചെറുപ്രദേശങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബാധിക്കുന വികസന-രാഷ്ട്രീയ പ്രശ്നങ്ങള്‍, ലോക് സഭാ തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയ കാര്യങ്ങള്‍-ഇങ്ങനെയാണ് ചര്‍ച്ച നടന്നത്.

മണ്ഡലങ്ങള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങളാവിഷ്കരിച്ച കോണ്‍ഗ്രസ് നേതാക്കളാണ് ചിത്രം മാറ്റിയെഴുതിയത്. മറ്റൊരു രാഷ്ട്രീയ ഉത്തരവാദിത്തവും നിറവേറ്റാനില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം മുഖംമിനുക്കാനും തരംതാണ വിദ്യകളിലൂടെ 'ജനപ്രീതി' പിടിച്ചുനിര്‍ത്താനുംതയാറായപ്പോള്‍ എംപി സ്ഥാനം മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്നത് മെമ്പര്‍

ഓഫ് പഞ്ചായത്ത് എന്ന തലത്തിലേക്കുമെത്തി. തന്റെ വീട്ടില്‍ കല്യാണത്തിനു വരാത്ത എംപി എന്ത് എംപി എന്ന ബോധം സാധാരണക്കാരില്‍ അടിയുറക്കുന്നതിലേക്കാണ് ഈ പ്രവണത എത്തിനിന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കേണ്ട, നിയമ നിര്‍മ്മാണത്തില്‍ പങ്കാളിയാകേണ്ട, ബില്ലും ആക്ടും തമ്മിലുള്ള വ്യത്യാസമറിയേണ്ട-കല്യാണ,മരണ വീടുകളില്‍ കൃത്യമായി എത്തുന്നയാളാണ് നല്ല എംപി എന്ന തെറ്റായ ബോധമാണ് ഇതിന്റെയെല്ലാം ഫലമായി ശക്തിപ്പെട്ടത്.അരാഷ്ട്രീയതയുടെ പടിപടിയായുള്ള ഈ വളര്‍ച്ചയാണ് ഇന്ന് ചാനല്‍ പരിപാടികളില്‍ നിറഞ്ഞുതുളുമ്പുന്നത്.

മൈക്കേന്തിയ ഒരു ആങ്കര്‍, മൂന്നോ നാലോ സ്ഥാനാര്‍ത്ഥികള്‍, പരസ്പരം കൊത്തിക്കീറാന്‍ ഹോംവര്‍ക്കുചെയ്തെത്തിയെ കുറെ ആളുകള്‍-ഇത്രയുമായാല്‍ ചാനലിലെ തെരഞ്ഞെടുപ്പു പരിപാടിയുടെ ചേരുവകളായി. മ്യൂസിക്ക് റിയാലിറ്റി ഷോയിലെയോ ക്വിസ് പരിപാടിയിലെയോ പോലെ നാലും അഞ്ചും ഘട്ടങ്ങളായാണ് ഷോ. ചാനല്‍ ഏതുപക്ഷത്തെ തുണക്കുന്നുവോ, ആ പക്ഷത്തിന്റെ ആളുകള്‍ക്ക് തലേന്ന് എന്തൊക്കെ ചര്‍ച്ച വരുമെന്നും വരുത്തണമെന്നും വിവരം കിട്ടിയിരിക്കും. നാടകം ആ വഴിക്കുമാത്രമാണ് നീങ്ങുക.

കാസര്‍കോട്ട് ചര്‍ച്ചയില്‍ മാത്തുക്കുട്ടിച്ചായന്റെ ആങ്കര്‍കുട്ടന്‍ പറയുന്നകാര്യങ്ങള്‍ക്കും കാണിക്കുന്ന ആംഗ്യങ്ങള്‍ക്കും ചെര്‍ക്കളം അബ്ദുള്ളയുടെയും സിടി അഹമ്മദാലിയുടെയും സ്വഭാവം മാത്രം. സഹികെട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ബഹിഷ്കരണത്തിനുവരെ ഒരുങ്ങേണ്ടിവന്നു.

മറ്റൊരു ആങ്കറമ്മ(സ്ത്രീലിംഗമായതുകൊണ്ട് അമ്മവിളി) ത്സാന്‍സി റാണിയുടെ ഭാവത്തിലാണ്. പതിറ്റാണ്ടുകളുടെ ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാനാര്‍ത്ഥികളോട്(ഏതുമുന്നണിയുമാകട്ടെ) പുച്ഛം അരച്ചുകലക്കിയ ചോദ്യങ്ങള്‍. ഉത്തരം സുഖിച്ചില്ലെങ്കില്‍ 'ആക്കുന്ന' കമന്റുകള്‍. ഒരു പരിപാടിയില്‍ പ്രേക്ഷകന്‍ ചോദിച്ചു' മുസ്ളിം ലീഗൊഴികെയുള്ള മതസംഘടനകള്‍ വര്‍ഗീയമാണെന്ന് വയലാര്‍ രവി പറഞ്ഞിട്ടുണ്ടല്ലോ' എന്ന്. "അങ്ങനെ പറഞ്ഞിട്ടുണ്ടോ'' എന്നായിരുന്നു അഹങ്കാരമ്മയുടെ ഉടന്‍ മറുചോദ്യം. ഉത്തരം മുട്ടുമായിരുന്ന ഇ ടി മുഹമ്മദ് ബഷീറിന് മാത്തുക്കുട്ടിച്ചായന്റെ ചാനല്‍ ഷീല്‍ഡ്.മിക്കയിടത്തും ബഹളംതന്നെ ബഹളം. അല്‍പം പ്രതിഭയുള്ള ചിലര്‍ പരിപാടി നന്നായി നടത്തുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല. അവര്‍ക്ക് ബഹളം നിയന്ത്രിക്കാനുമറിയാം, എങ്ങോട്ടും ചായ്വ് പ്രകടിപ്പിക്കാതെ രക്ഷപ്പെടാനുമറിയാം. അത്തരക്കാരില്‍ ചിലരുടെ ഇരിപ്പിനുമാത്രമാണ് കുഴപ്പം. ഇത്തരം ചര്‍ച്ചകളുടെ പൊതുസ്വഭാവം, തെരഞ്ഞെടുപ്പിന്റെ കാതലായ വിഷയങ്ങളെ തമസ്കരിക്കുന്നു എന്നതാണ്.

യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍, വിദേശ നയത്തിന്റെ പ്രശ്നം, അഞ്ചുകൊല്ലത്തെ ഭരണത്തിന്റെ ബാക്കിപത്രമെന്ത്, രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെന്ത്, ആഗോള സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം, മതനിരപേക്ഷതയുടെ പ്രാധാന്യം-ഇത്തരം കാര്യങ്ങളൊന്നും ചാനലുകള്‍ക്ക് വേണ്ട.

നാട്ടില്‍ പുലിക്കൂട്ടമിറങ്ങിയിട്ടുണ്ടെന്ന ഭീതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ഇഷ്ടസീറ്റ് കിട്ടാത്തതിന്റെ പേരില്‍ സമനിലതെറ്റിയ ഒരാളുടെ 'പ്രാക്ക്' ഭൂലോക വാര്‍ത്തയായി ആഘോഷിച്ചവരില്‍ നിന്ന് ഗൌരവമായ ചര്‍ച്ച പ്രതീക്ഷിക്കാനാവുകയുമില്ല.ഒരു ഫുട്ബോള്‍ മാച്ചുപോലെയോ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരം പോലെയോ ലോക്സഭാതെരഞ്ഞെടുപ്പിനെ കണ്ട് വാര്‍ത്തയുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള പണിയാണ് ചാനലുകളില്‍ ഏറിയപങ്കും എടുക്കുന്നത്. അതുകൊണ്ടു മാത്രമാണ്, നാടുതെണ്ടിയുള്ള സ്ഥാനാര്‍ത്ഥിപ്പോര് സംഘടിപ്പിക്കുന്നത്.

മുമ്പേ ഗമിക്കുന്ന ചാനല്‍പശുവിന്റെ പിന്നാലെ പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് രംഗത്തുള്ളത്. അങ്ങനെ ചെയ്തില്ലെങ്കില്‍ മാര്‍ക്കറ്റ് ഇടിയുമെന്ന പേടി അവരെ നയിക്കുന്നു. ആ പേടിയില്‍ അസംബന്ധങ്ങള്‍ വെന്ത് പാകപ്പെടുന്നു.എത്രയും വേഗം തെരഞ്ഞെടുപ്പ് തീരണേ എന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ ഓരോ മലയാളിക്കും അവകാശമുണ്ട്. അതോടെ, ഈ ചന്തപ്പരിപാടി കാണേണ്ടിവരിക എന്ന കഠിന ശിക്ഷ ഒഴിവാക്കിക്കിട്ടുമല്ലോ.

8 comments:

manoj pm said...

പതിറ്റാണ്ടുകളുടെ ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാനാര്‍ത്ഥികളോട്(ഏതുമുന്നണിയുമാകട്ടെ) പുച്ഛം അരച്ചുകലക്കിയ ചോദ്യങ്ങള്‍. ഉത്തരം സുഖിച്ചില്ലെങ്കില്‍ 'ആക്കുന്ന' കമന്റുകള്‍. ഒരു പരിപാടിയില്‍ പ്രേക്ഷകന്‍ ചോദിച്ചു' മുസ്ളിം ലീഗൊഴികെയുള്ള മതസംഘടനകള്‍ വര്‍ഗീയമാണെന്ന് വയലാര്‍ രവി പറഞ്ഞിട്ടുണ്ടല്ലോ' എന്ന്. "അങ്ങനെ പറഞ്ഞിട്ടുണ്ടോ'' എന്നായിരുന്നു അഹങ്കാരമ്മയുടെ ഉടന്‍ മറുചോദ്യം.

പള്ളിക്കുളം.. said...

""കല്യാണ,മരണ വീടുകളില്‍ കൃത്യമായി എത്തുന്നയാളാണ് നല്ല എംപി എന്ന തെറ്റായ ബോധമാണ് ഇതിന്റെയെല്ലാം ഫലമായി ശക്തിപ്പെട്ടത്.അരാഷ്ട്രീയതയുടെ പടിപടിയായുള്ള ഈ വളര്‍ച്ചയാണ് ഇന്ന് ചാനല്‍ പരിപാടികളില്‍ നിറഞ്ഞുതുളുമ്പുന്നത്.""

ഇതിനോട് പൂർണ്ണമായും യോജിക്കുന്നു..

പക്ഷെ അരാഷ്ട്രീയത വളർത്തുന്നതിൽ നമ്മുടെ കഴകംകെട്ട രാഷ്റ്റ്രീയം തന്നെയാണ് ഒന്നാം പ്രതി.
അതു കഴിഞ്ഞേ ചാനലുകളും മനോരമയും പോലും വരൂ..

Mr. K# said...

മുമ്പുകാലത്ത്(കഷ്ടിച്ച് കാല്‍നൂറ്റാണ്ടിന് മുമ്പ്) വോട്ടര്‍മാരോട് കൊഞ്ചിക്കുഴഞ്ഞും കുട്ടികളെ വാരിയെടുത്തുമ്മവെച്ചും ഭാര്യയെക്കൊണ്ട് പാട്ടുപാടിച്ചും വോട്ടുതേടിപ്പോകുന്ന പതിവ് ആര്‍ക്കുമുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കാന്‍ ജനങ്ങളെ കാണുമ്പോള്‍, "എനിക്ക് വോട്ടുചെയ്യണം'' എന്നല്ല, ഈ ചിഹ്നത്തില്‍ വോട്ടുചെയ്ത് പാര്‍ട്ടിയെ വിജയിപ്പിക്കണം എന്നാണഭ്യര്‍ത്ഥിച്ചിരുന്നത്. അന്ന് സ്ഥാനാര്‍ത്ഥിയുടെ ചിത്രം അച്ചടിക്കുന്ന പതിവുപോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്നില്ല.

:-) :-) :-))

അന്ന് ഇതു പോലെയാണോ പോസ്റ്റര്‍ അച്ചടിച്ചിരുന്നത്? സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിനു വലിയ പ്രാധാന്യം കൊടുക്കാതെ ഏറ്റവും താഴെ ചെറുതായി കൊടുക്കുന്ന രീതി ;-)


തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട യഥാര്‍ത്ഥ വിഷയങ്ങള്‍ എന്തൊക്കെ എന്ന ചോദ്യം ഈ ചാനല്‍ ജീവികള്‍ മറച്ചുപിടിക്കുന്നു.

തിരഞ്ഞെടുപ്പില്‍‌‌ ചര്‍‌‌ച്ച ചെയ്യേണ്ട വിഷയങ്ങ‌‌ള്‍ ഏതൊക്കെയെന്ന് അണിക‌‌ള്‍ തീരുമാനിക്കുമായിരിക്കും. ഇന്നലെ ഒരു പത്രത്തില്‍‌ വായിച്ച വാര്‍ത്ത.
ആലത്തൂരില്‍ നടന്ന ചാനല്‍ ചര്‍ച്ച അവസാനിച്ചത്‌ ലാത്തിച്ചാര്‍ജിലും സ്‌ഥാനാര്‍ഥിയുടെ പോലീസ്‌ സ്‌റ്റേഷന്‍ ധര്‍ണയിലും തുടര്‍ന്നു പ്രതികളുടെ അറസ്‌റ്റിലുമാണ്‌. ഇടതുസ്‌ഥാനാര്‍ഥി പി.കെ. ബിജുവിനോടു സദസില്‍നിന്ന്‌ ഉയര്‍ന്ന ഒരു ചോദ്യമാണു സംഘര്‍ഷങ്ങള്‍ക്കു കാരണം. 'പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ 200 രൂപ, മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ 4000 രൂപ. ഇതാണോ മതേതരത്വം?' എന്നായിരുന്നു ചോദ്യം. ചോദ്യകര്‍ത്താവായ യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി ഉണ്ണിക്കൃഷ്‌ണനെ സി.പി.എം. അണികള്‍ 'ആവേശത്തോടെ' എടുത്തുയര്‍ത്തുന്നതാണു പിന്നീടു കണ്ടത്‌. ഉണ്ണിക്കൃഷ്‌ണന്റെ മുതുകിലായി പിന്നെ ഇടതു 'പൊതുയോഗം'. ഒടുവില്‍ ചോദ്യകര്‍ത്താവ്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍.

ചോദ്യങ്ങ‌‌ള്‍ വരട്ടെ മാഷേ. ചാനലുകാര്‍ ചോദിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കട്ടെ. ആങ്കരമ്മമാര്‍ അവരുടെ ജോലി ചെയ്യട്ടെ. സർവോപരി ഉത്തരങ്ങ‌‌ള്‍ ജനങ്ങ‌‌ള്‍ ലൈവ് ആയി കാണുകയും ചെയ്യട്ടേ :-)

സാജന്‍| SAJAN said...

ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിക്കുന്നത് കാണാനിരുന്നിട്ട് നമ്മുടെ പിള്ളേര്‍ റാലിയായി കൂടാരം കേറുമ്പോഴും എനിക്ക് ടീവി തല്ലിപ്പൊട്ടിക്കണമെന്ന് തോന്നാറുണ്ട്,
സ്വാഭാവികമായി ചാനല്‍ മാറ്റാറാണ് ചെയ്യുക.ഇഷ്ടമുള്ള പരിപാടി കാണാനല്ലേ,ടീവീടെ കൂടെ റിമോട്ട്?
അല്ലെങ്കില്‍ പിന്നെ പുരോഗതി മാത്രം ലക്ഷ്യമാക്കിയ ഒരു ചാനല്‍ ഉണ്ടല്ലൊ അതും വേണോങ്കില്‍ ഡിഡിയും മാത്രം കണ്ടും പ്രശ്നം സോള്‍വ് ചെയ്യാം,
ഇനീപ്പൊ കുതിരവട്ടന്‍ എഴുതിയ ലിങ്ക് മൊത്തമായി കണ്ടില്ലെന്നു വേണ്ട
ഇവിടെയുണ്ട് ഒന്നു നോക്കിക്കോളൂ
http://mangalam.com/index.php?page=detail&nid=148164

K.P.Sukumaran said...

പരാജയഭീതിയില്‍ വിറളി പിടിച്ച ലാവലിന്‍‌വിജയന്‍-ഫാരിസ്-മാര്‍ട്ടിന്‍-മദനി-മാഫിയ കൂട്ട്കെട്ട് കൈയ്യാങ്കളിയില്‍. ഇത്തവണ എത്ര കള്ള വോട്ട് ചെയ്താലും രക്ഷയില്ല. നിഷ്പക്ഷവോട്ട് ഒന്ന് പോലും ഈ വര്‍ഗ്ഗീയ-മാഫിയ മുന്നണിക്ക് ലഭിക്കില്ല. കേരളത്തിന്റെ മന:സാക്ഷി മരിച്ചിട്ടില്ല എന്ന സത്യം ഈ എലക്ഷന്‍ സാക്ഷ്യപ്പെടുത്തും

രഞ്ജിത് വിശ്വം I ranji said...

പോര്‍ക്കളം ..അടര്‍ക്കളം തുടങ്ങിയ പേരില്‍ നടത്തുന്ന കൊപ്രായങ്ങളില്‍ അടിയല്ലാതെ പിന്നെ ഗാന്ധി മാര്‍ഗം പ്രതീക്ഷിക്കാനാകുമോ. ലോക സഭ തിരഞ്ഞെടുപ്പ് പോലെ രാജ്യത്തിന്റെ നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വേദിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ചര്‍ച്ചകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുനനതില്‍ മാധ്യമങ്ങളു‌ടെ രഹസ്യ അജണ്ട യുണ്ട് . ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളും അമേരിക്കയുടെ യും അവര്‍ പിന്തിടര്‍ന്ന നയങ്ങളുടെ തകര്‍ച്ചയും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാതെ തകര്‍ച്ചയുടെ വഴിയിലേക്കു ഭാരതത്തെ കൊണ്ട് ചെന്നെത്തിക്കുന്ന മന്‍മോഹന്‍ സിങ്ങ് ഭരണവും ചര്ച്ചയാകേണ്ടത്തിനു പകരം തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ സംകുചിത ലക്ഷ്യത്തില്‍ തലച്ചിടുക എന്നാ യു ഡി എഫ് തന്ത്രമാണ് മാധ്യമാങ്ങലിളൂടെ നടപ്പാക്കുന്നത്. ഇത്തരം മുന്‍പേ തയ്യാറാക്കിയ തിരക്കഥയില്‍ അഭിനേതാക്കളായി തങ്ങളുടെ സ്ഥനാര്തികളെ പന്കെടുപ്പിക്കുന്നില്ല എന്ന് പറയാനുള്ള ആര്‍ജവം പുരോഗമന പ്രസ്ഥാനങ്ങള്‍ കാണിക്കുക തന്നെ വേണം.

Unknown said...

"'പാര്‍ട്ടി കെട്ടിപ്പടുക്കാന്‍.. കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ 200 രൂപ, മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ 4000 രൂപ. ഇതാണോ മതേതരത്വം?' എന്നായിരുന്നു ചോദ്യം. ചോദ്യകര്‍ത്താവായ .. സെക്രട്ടറി ഉണ്ണിക്കൃഷ്‌ണനെ സി.പി.എം. അണികള്‍ 'ആവേശത്തോടെ' എടുത്തുയര്‍ത്തുന്നതാണു കണ്ടത്‌.ഉണ്ണിക്കൃഷ്‌ണന്റെ മുതുകിലായി പിന്നെ ഇടതു 'പൊതുയോഗം'..."

സംഘം വളര്‍ത്താന്‍ ദശകങ്ങളോളം അധ്വാനിച്ഛവര്‍ക്ക് ഗോപിക്കുറിയും ദന്ടും,സംഗത്തില്‍ നിന്ന് 'പാര്‍ടിയില്‍' പോയവര്‍ 2000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെ? വെറും പാവം സ്കൂള്‍ മാഷ്‌ടെ മകനല്ലയിരുന്നോ മഹാജന്മാര്‍, എങ്ങനെ സ്വന്തം ചേട്ടനെ അനുജന് വധിക്കാന്‍ സാധിക്കും (?)എന്നെല്ലാം ചോദിച്ചാല്‍,ചാനല്‍ പെണ്‍കിളികളുടെ 'വെളിപ്പെടുത്തലുകള്‍ 'ശരിയോ എന്നൊക്കെ ചോദിച്ചു നോക്ക്, "പോതുയോഗമല്ല" നട്ടെല്ലൂരി,ലോകാ സമസ്തോ സുഖിനോ പാടി അവിടെ ശിബിരം നടത്തും..ബാക്കി ബോഡി ആംബുലന്‍സില്‍ വീട്ടിലേക്കു...

Suraj said...

കുരുക്ഷേത്രമെന്നും പോര്‍ക്കളമെന്നും കൊടിപ്പടയെന്നുമൊക്കെയുള്ള പേരില്‍ത്തന്നെയുണ്ട് “ഡേയ് ദാ അടി നടക്കാമ്പോവേണ്, വന്ന് പാര്‍ട്ടിസിപ്പേറ്റ് ചെയ്യഡേയ്, ആര്‍മ്മാദിക്കടേയ്” എന്ന ഒരു സ്വാഗതം ;)

റെക്കോഡ് ചെയ്യപ്പെട്ട പ്രോഗ്രാമുകളില്‍ നിന്നു പോലും ഈ വക കയ്യാങ്കളികള്‍ എഡിറ്റു ചെയ്യുന്നില്ലെന്ന് മാത്രമല്ല, അത് തന്നെ ഹൈലൈറ്റ് ചെയ്താണ് ഈവക പരിപാടികളുടെ പരസ്യം പോലും. കയ്യാങ്കളി കാമറ തല്ലിപ്പൊട്ടിക്കലിലൊക്കെ എത്തുമ്പോള്‍ അത് വാര്‍ത്തയിലാക്കി വേവിച്ചും വേവാതെയും വിളമ്പാനും ചാനലുകള്‍ റെഡി.

അടഞ്ഞ ഹാളില്‍ ‍, ചോദ്യങ്ങളും മറ്റും മുന്‍ കൂട്ടിത്തയ്യാറാക്കി വരുന്ന, പാര്‍ലമെന്റെന്താ പഞ്ചായത്തെന്താ എന്നൊക്കെ വകതിരിവുള്ള ഒരു ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വച്ചുമാത്രം ഷൂട്ടു ചെയ്യുക എന്നതേ തല്ക്കാലം ഈ തറവേലയ്ക്ക് ഒരു പരിഹാരമുള്ളു. ചില പത്രങ്ങള്‍ അത്തരം സര്‍വ്വതലസ്പര്‍ശിയായ മികച്ച ചര്‍ച്ചകള്‍ മണ്ഡലം തോറും നടത്തുന്നുണ്ട്.കൈരളി-പീപ്പിളിലെ ക്രോസ് ഫയര്‍ ഈ ലൈനിലെ മികച്ച മാതൃകയാണ് - സദസ്സ് പലപ്പോഴും ചില്ലറ ബഹളങ്ങള്‍ സദസ്സില്‍ നിന്ന് ഉണ്ടാവാറുണ്ടെങ്കിലും.

എന്തുതന്നെയായാലും ചാനലുകള്‍ ഉടനെ ഈ പരിപാടികളെ സ്വന്തം നിലയ്ക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാളെ ഏതെങ്കിലുമൊരുത്തന്‍ കേറി ഈ പരിപാടിക്കെതിരേ പൊതുതാല്പര്യഹരജി ഫയലു ചെയ്യും; എലിയെപ്പേടിച്ച് ഇല്ലം ചുടാന്‍ നോക്കിയിരിക്കുന്ന ചില ജസ്റ്റീസ് തമ്പ്രാക്കമ്മാര് കോളെജില്‍ അക്രമമെന്നു പറഞ്ഞ് കാമ്പസ് രാഷ്ട്രീയം തന്നെ അങ്ങ് നിരോധിച്ച പോലെ ഈ ചാനല്-ഫൈറ്റ് ക്ലബ്ബുകളെയും കേറി നിരോധിക്കും. അപ്പോള്‍ പിന്നെ ജനാധിപത്യധ്വംസനമാണേന്ന് നെലവിളിച്ചിട്ട് കാര്യമില്ലല്ലോ.