Thursday, November 13, 2008

എന്‍ഡിഎഫും ഗോഡ്സേയും

പി എം മനോജ്

തീവ്രവാദി റിക്രൂട്ട്മെന്റിലെ പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ വന്നപ്പോള്‍ വിഷമവൃത്തത്തിലായ എന്‍ഡിഎഫ് തികഞ്ഞ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തുകയാണ്. 'സംഘപരിവാര്‍ മലേഗാവ് സ്ഫോടനക്കേസിലെ സന്യാസിനിയെ ന്യായീകരിക്കുന്നില്ലേ'എന്ന ചോദ്യമുയര്‍ത്തി സ്വയം ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന അവര്‍, കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം തങ്ങള്‍ക്കു കാണേണ്ട എന്ന ബന്ധുക്കളുടെ നിലപാടിനെയും ചോദ്യംചെയ്യുന്നു.

എന്‍ഡിഎഫിന്റെ മുഖപത്രമായ 'തേജസ്' എഴുതുന്നത് നോക്കുക: "മലേഗാവില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ എന്ന സന്ന്യാസിനിയുടെ നേതൃത്വത്തില്‍ ലഫ്റ്റനന്റ് കേണല്‍ അടക്കമുള്ള സൈനികോദ്യോഗസ്ഥരും മറ്റുമടങ്ങിയ സംഘം നടത്തിയ ബോംബ് സ്ഫോടനത്തിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഗ്യയെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബജ്രംഗ്ദള്‍, ശിവസേന, നവനിര്‍മാണ്‍ സേന, ഭാരതീയ ജനശക്തി തുടങ്ങിയ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. പ്രഗ്യയുടെ അച്ഛന്‍ അഭിമാനപൂര്‍വം മകളുടെ പ്രവൃത്തിയെ ന്യായീകരിച്ചു; ശ്ളാഘിച്ചു. ഉമാഭാരതി മധ്യപ്രദേശില്‍ പ്രഗ്യക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്യുകയും അവരില്‍നിന്ന് നാമനിര്‍ദേശപത്രികയില്‍ ഒപ്പുവാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നാസിക് കോടതിയില്‍ ഹരജി സമര്‍പ്പിക്കുകപോലുമുണ്ടായി.

ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു. ഗാന്ധിവധത്തില്‍ നാഥുറാം വിനായക് ഗോഡ്സെ എന്ന സ്വയംസേവകന്‍, തൂക്കിലേറ്റപ്പെടുന്നതുവരെ പശ്ചാത്തപിച്ചില്ല. മാത്രമല്ല, ജീവപര്യന്തം തടവനുഭവിച്ച ഗോപാല്‍ ഗോഡ്സെയും സഹപരിവാരവും യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ നാഥുറാമിന്റെ ചിതാഭസ്മം പൂജിച്ചുവച്ചിരിക്കുകയാണിപ്പോഴും.

"രാജ്യദ്രോഹിയായ എന്റെ മോന്റെ മയ്യിത്ത് എനിക്കു കാണേണ്ട'' എന്നു ഫയാസിന്റെ ഉമ്മ സഫിയത്ത് പ്രസ്താവിക്കുന്നത് പൊലിസ് സംഘങ്ങളുടെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ബ്രീഫിങ്ങിനും ശേഷമാണ്. തുടര്‍ന്നു മറ്റുള്ളവരും ഇതേ നിലപാടെടുത്തതും യാദൃച്ഛികമല്ലതന്നെ. "ഇവിടെ മൃതദേഹ പരിശോധന, മതാചാരപ്രകാരമുള്ള മയ്യിത്ത് സംസ്കരണം തുടങ്ങിയ അവകാശങ്ങള്‍ ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണു സഫിയത്തിനെ ബ്ളോ അപ് ചെയ്തുള്ള മാധ്യമശ്രമം അപഹാസ്യമാവുന്നത്. ''(തേജസ്, നവംബര്‍ 9, ഞായര്‍)


എന്‍ഡിഎഫ് എന്താണ്, എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഇവിടെ പുറത്തുവരുന്നത്. സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ് രീതികളെ പ്രതിരോധിക്കുന്നതിന് സ്വയം സംഘടിക്കുക എന്ന മുദ്രാവാക്യമാണ് എന്‍ഡിഎഫ് അടക്കമുള്ള മത ഭീകരവാദ സംഘടനകള്‍ ഉയര്‍ത്താറുള്ളത്. ഇവിടെ ആര്‍എസ്എസിനെപ്പോലെ സംഘടിക്കാന്‍ മാത്രമല്ല, ആര്‍എസ്എസ് ചെയ്യുന്ന എല്ലാ ഫാസിസ്റ്റ് നടപടികളും ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നു പ്രഖ്യാപിക്കുകയാണ്. ആര്‍എസ്എസിനോടല്ല ഹിന്ദുക്കളോടാണ് എന്‍ഡിഎഫിന് വിരോധം എന്നാണ്, "ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു'' എന്ന വാചകത്തില്‍ തെളിയുന്നത്.

ആര്‍എസ്എസും അതിന്റെ പരിവാരങ്ങളുമല്ലാതെ ഏതു ഹിന്ദുവാണ് ഇന്നാട്ടില്‍ 'വിജയദിനം' ആഘോഷിക്കുന്നത്? നാഥുറാമിന്റെ ചിതാഭസ്മം ആര്‍എസ്എസ് സൂക്ഷിക്കുന്നുണ്ടെങ്കില്‍, അതുപോലെ കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് മരണാനന്തര ബഹുമതി നല്‍കണമെന്നാണ് എന്‍ഡിഎഫിന്റെ ന്യായം. 'ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം.' എന്ന പ്രയോഗം കേരളത്തില്‍നിന്ന് പോയി കശ്മീരില്‍ പട്ടാളക്കാരോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ മഹാത്യാഗികളാണെന്ന പ്രഖ്യാപനം കൂടിയാകുന്നുണ്ട്. യുവാക്കളെ ആകര്‍ഷിച്ച് നാടിനു കൊള്ളാത്ത പണിയിലേക്ക് നയിക്കുകയും മനുഷ്യാവകാശ സംഘടനകളുടെ മുഖംമൂടിയിട്ട് കൊടുംക്രൂരത ആസൂത്രണം ചെയ്യുകയും പതിവാക്കിയ സംഘടന, നിര്‍ണായകഘട്ടത്തില്‍ മുഖംമൂടി വലിച്ചെറിഞ്ഞ് ഭീകരമായ തത്സ്വരൂപം പുറത്തുകാട്ടുകയാണ് ഇവിടെ.

തീവ്രവാദികളും രാജ്യദ്രോഹികളുമായി മരണമടഞ്ഞ മക്കളെ ഓര്‍ത്ത് മനം നോവുമ്പോഴും അവരുടെ ജഡം തങ്ങള്‍ക്കുവേണ്ട എന്നുപറയാന്‍ മാതാപിതാക്കള്‍ തയ്യാറായത്, എന്‍ഡിഎഫ് പോലുള്ള വര്‍ഗീയ-തീവ്രവാദ സംഘടനകളോടും അവ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യദ്രോഹപരവും മനുഷ്യത്വരഹിതവുമായ നയങ്ങളോടുള്ള എതിര്‍പ്പുംകൊണ്ടാണ്. ആ അമ്മമാരുടെ വാക്കുകള്‍ മഹത്തായ രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ഒരു ജനത ഏറ്റുവാങ്ങിയപ്പോള്‍, എന്‍ഡിഎഫ് പറയുന്നു, പൊലീസ് അവരെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്ന്്. കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനയും മതാചാരപ്രകാരമുള്ള ഖബറടക്കവും നടന്നില്ല എന്ന് വേവലാതിപ്പെടുകയാണവര്‍. സ്വന്തം ഉമ്മയ്ക്കും ബാപ്പയ്ക്കുമില്ലാത്ത വികാരം എന്‍ഡിഎഫിന് എവിടന്നു വന്നു? ആരാണ് മതപൊലീസാകാനുള്ള അധികാരപത്രം ഇവരെ ഏല്‍പ്പിച്ചത്?

ആര്‍എസ്എസിന്റെ മറുപുറമാണ് എന്‍ഡിഎഫ് എന്ന് ഇന്നാട്ടിലെ മതനിരപേക്ഷശക്തികള്‍ പറഞ്ഞപ്പോള്‍, തങ്ങളുടേത് മനുഷ്യാവകാശ സംരക്ഷണ അജണ്ട മാത്രമാണെന്ന് എന്‍ഡിഎഫ് അവകാശപ്പെട്ടിരുന്നു. നാടിനെ ഒറ്റുകൊടുക്കുന്ന തീവ്രവാദികളെ മഹത്വവല്‍ക്കരിക്കുകയും സ്വന്തം ഫാസിസ്റ്റ് നടപടികളെ ആര്‍എസ്എസ് എങ്ങനെ ന്യായീകരിക്കുന്നുവോ അതുപോലെ ന്യായീകരിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശഠിക്കുകയും ചെയ്യുന്ന എന്‍ഡിഎഫിന് ഏതുവിധത്തിലാണ് ആ ന്യായീകരണം സമര്‍ഥിക്കാന്‍ കഴിയുക? ഇസ്ളാം മതത്തില്‍പ്പെട്ടവര്‍ ഇന്നപോലെ ജീവിക്കണമെന്നും അതനുസരിച്ചില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയുമെന്നുമാണ് പ്രാദേശികതലത്തില്‍ എന്‍ഡിഎഫ് ഇറക്കുന്ന 'ഫത്വ'. ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്യുന്നു. ഫാസിസത്തിന്റെ രീതികളില്‍നിന്ന് വിഭിന്നമല്ല ഇത്.

യഥാര്‍ഥത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ശക്തിയും വാശിയും പകര്‍ന്നുകൊടുക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ എന്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. എന്‍ഡിഎഫിന്റെ വര്‍ഗീയ പ്രചാരണങ്ങളും അക്രമങ്ങളും ചൂണ്ടിയാണ് സംഘപരിവാര്‍ സ്വന്തം കൊടിക്കീഴിലേക്ക് ആളെ ക്ഷണിക്കുന്നത്. ഇരുകൂട്ടരും പരസ്പരം എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ത്തന്നെ ഒന്നിനെ ഒന്ന് വളര്‍ത്തുക എന്ന കൃത്യവും നിര്‍വഹിക്കുന്നുണ്ട്. ഒരു വര്‍ഗീയത കൊണ്ട് മറ്റൊന്നിനെ പ്രതിരോധിച്ച ചരിത്രം ലോകത്തൊരിടത്തുമില്ല.

എന്‍ഡിഎഫ് എന്ന സംഘടന കേരളത്തിലെ ഒരൊറ്റ ഇസ്ളാമിന്റെയും അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല; ആര്‍എസ്എസ് ഹിന്ദുക്കളുടെയും. രണ്ടുകൂട്ടര്‍ക്കും പൊതുവായി പല സവിശേഷതകളുമുണ്ട്. അതിലൊന്ന് ഇരുവരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു എന്നതാണ്. ആര്‍എസ്എസിന്റെ കത്തിയും ബോംബും സിപിഐ എമ്മുകാര്‍ക്കുനേരെയാണ് പായുന്നത്. എന്‍ഡിഎഫും ആസൂത്രണംചെയ്ത് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. മതനിരപേക്ഷത എന്ന വാക്ക് അലര്‍ജിയായി കണ്ട്, മതനിരപേക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള യോജിച്ച പ്രവര്‍ത്തനത്തിലാണവര്‍.

ഭീകരവാദത്തിനായി മതവിശ്വാസികളെ ഉപയോഗപ്പെടുത്തുക എന്ന കൊടുംകുറ്റമാണ് എന്‍ഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ചെയ്യുന്നതുതന്നെയാണത്. മതഭീകരവാദത്തെ പ്രതിരോധിക്കണമെങ്കില്‍ അതിന് അടിത്തറയൊരുക്കുന്ന വര്‍ഗീയവാദത്തെയാണ് ഉന്മൂലനംചെയ്യേണ്ടത്. അതിന് എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയും ഒന്നിച്ചുതന്നെ എതിര്‍ക്കണം. സ്വന്തം മക്കളുടെ മൃതദേഹംപോലും കാണേണ്ടെന്നു പറയുന്ന അമ്മമാര്‍ ഇനി ഉണ്ടാവരുത് എന്ന് നാം ആഗ്രഹിക്കുമ്പോള്‍ അത്തരമൊരവസ്ഥ സൃഷ്ടിക്കുന്ന എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയുംപോലുള്ള സംഘടനകള്‍ ശക്തിപ്രാപിക്കരുത് എന്നുതന്നെയാണ് അതിനര്‍ഥം.

ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ ആര്‍എസ്എസ് ബഹുമാനിക്കുമ്പോള്‍ കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ ആരാധിക്കാന്‍ തങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നു പറയാന്‍ എന്‍ഡിഎഫിന് നാവുപൊങ്ങിയിട്ടുണ്ടെങ്കില്‍, നമ്മുടെ നാട്ടിലെ മതനിരപേക്ഷതയ്ക്ക് ലഭിക്കാനുള്ള ഏറ്റവും കടുത്ത അപായസൂചന തന്നെയാണത്. മുസ്ളിങ്ങളെ കൊന്നൊടുക്കാന്‍ ശട്ടംകെട്ടി അയച്ച കാഷായ വസ്ത്രധാരിണിക്ക് സംഘപരിവാറില്‍നിന്നും മുരത്ത ഹിന്ദു വര്‍ഗീയവാദികളില്‍നിന്നും കിട്ടുന്ന പ്രോത്സാഹനം എന്‍ഡിഎഫിന്റെ തീവ്രവാദ പ്രവര്‍ത്തനത്തിനും നല്‍കണമെന്ന ആവശ്യം ഇന്നാട്ടിലെ പാവപ്പെട്ട മുസ്ളിം സഹോദരങ്ങളെ കൊണ്ടുപോയി കൊല്ലിക്കാനുള്ളതുതന്നെയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സ്വയം നിര്‍മിച്ച ബോംബുപൊട്ടി രണ്ട് ആര്‍എസ്എസ് ക്രിമിനലുകള്‍ മരിച്ചു. തലശേരി താലൂക്കില്‍ ചോരപ്പുഴയൊഴുക്കാനുള്ള ബോംബാണ് അവര്‍ നിര്‍മിച്ചിരുന്നത്. അതേ മാരകശേഷിതന്നെയാണ് എന്‍ഡിഎഫുകാര്‍ നിര്‍മിക്കുന്ന ബോംബുകള്‍ക്കും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്കുമുള്ളതെന്ന് തിരിച്ചറിയപ്പെട്ടാലേ മതനിരപേക്ഷ ശക്തികളുടെ ദൌത്യം പൂര്‍ണതയിലെത്തൂ.

Tuesday, November 11, 2008

കൊണ്ടുപോയി കൊല്ലിക്കുന്നവര്‍


പി എം മനോജ്

ഇന്ത്യയിലാകെയെന്നപോലെ, കേരളത്തിലും വര്‍ഗീയതയുടെയും തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ഭീഷണി നിലനില്‍ക്കുന്നു. സമൂഹത്തില്‍ വര്‍ഗീയചേരിതിരിവ് വളര്‍ത്താനുള്ള ശക്തമായ ശ്രമങ്ങള്‍ വിവിധ ഭാഗത്തുനിന്നുണ്ടാകുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള നീക്കവും നടക്കുന്നു.
ജനങ്ങളെ വര്‍ഗീയമായി ചിന്തിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും തീപ്പൊരികള്‍ ആളിക്കത്താതിരിക്കാനും മുന്‍കൈയെടുക്കേണ്ടവര്‍പോലും രാഷ്ട്രീയ അജന്‍ഡയുമായി ചാടി വീഴുകയാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലെത്തി, സിപിഐ എമ്മിനെതിരെ ശകാരവര്‍ഷം ചൊരിഞ്ഞിരിക്കുന്നു. (മാതൃഭൂമി ലേഖനം-വലിയ മനസ്സുകളും ചെറിയ മനസ്സുകളും-നവംബര്‍ 4,2008).
അദ്ദേഹത്തിന്റെ ആരോപണം ഇപ്രകാരമാണ്: 1. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ, ധാര്‍മിക മര്യാദകളും മറന്ന് ഇടതുമുന്നണി ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ് കേരളത്തെ ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
2. പൊലീസിന്റെ കൈകള്‍ ഇപ്പോള്‍ കെട്ടപ്പെട്ടിരിക്കുന്നു. ഇടതു സര്‍ക്കാരും ആഭ്യന്തരവകുപ്പും ഇത്തരം ശക്തികളുടെ തടവറയിലാണ്്.
ഒടുവില്‍ ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്, "അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് ഇടതുപക്ഷ സുഹൃത്തുക്കള്‍ എന്നാണ് തിരിച്ചറിയുക?'' എന്നാണ്. ഏറ്റവും മിതമായ വാക്കുകളില്‍, ഈ സമീപനത്തെ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം എന്നാണ് വിശേഷിപ്പിക്കാനാവുക.
കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രാദികള്‍ കശ്മീരില്‍ ചെന്ന് പട്ടാളക്കാരോട് ഏറ്റുമുട്ടി മരിച്ചപ്പോള്‍, അവരെ റിക്രൂട്ട് ചെയ്തവരോടോ ഭീകര പരിശീലനം നല്‍കിയവരോടോ ഉമ്മന്‍ചാണ്ടിക്ക് രോഷമില്ല. എന്‍ഡിഎഫ് എന്ന പേരുപോലും ഉച്ചരിക്കാന്‍ ധൈര്യമില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുത്ത സംസ്ഥാന ഗവമെന്റിനോടും പൊലീസിനോടും സര്‍ക്കാരിനെ നയിക്കുന്ന സിപിഐ എമ്മിനോടുമാണ് രോഷം! എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് കേരള പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
നാലു ചെറുപ്പക്കാരെ തീവ്രവാദികളാക്കി കൊണ്ടുപോയി കൊല്ലിച്ച കേസില്‍ എന്‍ഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകന്‍ അറസ്റിലായിട്ടുണ്ട്; പല നേതാക്കളെയും സംശയിക്കുന്നുമുണ്ട്. പക്ഷേ, തന്റെ സുദീര്‍ഘമായ ലേഖനത്തില്‍ എന്‍ഡിഎഫ് എന്ന സംഘടനയുടെ പേര് ഒരിക്കല്‍പോലും ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളുടെ വോട്ടുവാങ്ങി ജയിച്ചെന്നും അതിന്റെ നന്ദികാണിക്കാന്‍ തീവ്രവാദികളോട് സന്ധിചെയ്യുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി, അങ്ങനെയെങ്കില്‍ എന്തിന് തീവ്രവാദ സംഘടനകളിലെ പ്രധാനിയായ എന്‍ഡിഎഫിന് കൊടിയ സിപിഐ എം വിരോധം എന്നുകൂടി വിശദീകരിക്കേണ്ടിവരും.
ആര്‍എസ്എസ് അടക്കമുള്ള ന്യൂനപക്ഷശത്രുക്കള്‍ സിപിഐ എമ്മിനെതിരെ വാളും ബോംബും നാക്കുംകൊണ്ട് എന്തിന് യുദ്ധംചെയ്യുന്നെന്നും പറയേണ്ടിവരും. പൊലീസിന്റെ കൈകള്‍ കെട്ടിയെന്നും രാഷ്ട്രീയ വല്‍ക്കരിച്ചെന്നും ആരോപിക്കുമ്പോള്‍, പൊലീസ് തീവ്രവാദശക്തികള്‍ക്കെതിരെ എടുത്ത കര്‍ക്കശനടപടിയും മുഖംനോക്കാതെയുള്ള അന്വേഷണവും അറസ്റുകളുമൊന്നും കണ്ടില്ലെന്നു നടിക്കേണ്ടിയുംവരും ഉമ്മന്‍ചാണ്ടിക്ക്.
അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്ക് ഏതുതെരഞ്ഞെടുപ്പിലും ജാതി-മത വര്‍ഗീയതകളെ കൂട്ടുപിടിക്കേണ്ടിവരുന്നത്. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ സകലവിധ ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും സഹായത്തോടെയാണ് യുഡിഎഫ് ജയിച്ചതും ആദ്യം എ കെ ആന്റണിയും അദ്ദേഹത്തെ പുകച്ചുപുറത്തുചാടിച്ച് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായത്.
ഹിന്ദു-മുസ്ളിം വര്‍ഗീയവാദികളുടെ തുറന്ന പിന്തുണ തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ചതിന്റെ പ്രത്യുപകാരമായി നിയമംലംഘിച്ച് എന്തുംചെയ്യാനുളള അവകാശം വര്‍ഗീയശക്തികള്‍ക്കു നല്‍കിയത് ആ യുഡിഎഫ് ഭരണമാണ്. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലത്തില്‍ കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനം- 121. അവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം- 18. പരിക്കേറ്റവര്‍- 250. ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍- 22. ഇത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ വച്ച കണക്കാണ്.
2001ല്‍ യുഡിഎഫ് ഭരണമേറ്റതുമുതല്‍ 2006 ജനുവരി 15 വരെനടന്ന ആര്‍എസ്എസ് ആക്രമണങ്ങളുടെ എണ്ണം 306 ആണ്. ഇതില്‍ കൊല്ലപ്പെട്ടത് അഞ്ചു സിപിഐ എം പ്രവര്‍ത്തകരും ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകനുമാണ്. വര്‍ഗീയശക്തികളുടെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യം സിപിഐ എം ആണെന്നു തെളിയുന്ന കണക്കാണ് ഇത്.
ഒരുഭാഗത്ത് ആര്‍എസ്എസിന്റെ വോട്ട് വിലകൊടുത്തും അല്ലാതെയും വാങ്ങുന്നു; മറുവശത്ത് ന്യൂനപക്ഷവര്‍ഗീയത കുത്തിയിളക്കി ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴിക്കാനുള്ള ശ്രമത്തില്‍ മുഴുകുന്നു- ഇതാണ് എക്കാലത്തെയും യുഡിഎഫ് നയം. കേരളത്തെ ഞെട്ടിച്ചതായിരുന്നു മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യം. ആ പ്രദേശത്ത്, കൂട്ടക്കൊലയുടെയും മൃഗീയമായ ആക്രമണങ്ങളുടെയും രൂക്ഷഗന്ധം മാറുന്നതിനുമുമ്പ് ആര്‍എസ്എസുമായി തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയ പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത്.
മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ ആര്‍എസ്എസ്- യുഡിഎഫ് പരസ്യ സഖ്യമായിരുന്നു. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.
എല്ലാ ദുരിതങ്ങളും അനുഭവിച്ച ജനങ്ങള്‍ അവിടെ എല്‍ഡിഎഫിനെയാണ് വിജയിപ്പിച്ചത്. എല്ലാ വര്‍ഗീയതകളെയും പ്രീണിപ്പിച്ച ഭരണമെന്ന് സംശയരഹിതമായി പറയാവുന്നത് 2001ലെ യുഡിഎഫ് മന്ത്രിസഭയെ ചൂണ്ടിയായിരുന്നു.
ത്രിശൂല വിതരണം അനുവദിച്ചും പ്രവീ തൊഗാഡിയക്ക് പരവതാനി വിരിച്ചും വൈദികനെ കൊന്നെന്ന് പൊലീസ് തെളിയിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ചും സംഘപരിവാറിനെ പ്രീണിപ്പിച്ചും വിവിധ കേസുകളില്‍നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കിയും മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്കാളിത്തം മറച്ചുവച്ചും എല്ലാ ജാതിമത വര്‍ഗീയ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതംവച്ചും ഇതര വര്‍ഗീയവാദികള്‍ക്കും സംരക്ഷണം നല്‍കി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 4.84 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നും അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ടു ലഭിച്ചിരുന്നെന്നും ബിജെപിയില്‍നിന്ന് ചോര്‍ന്ന വോട്ട് കോഗ്രസ് വിലയ്ക്കുവാങ്ങിയതാണെന്നും ഉമ്മന്‍ചാണ്ടി മറന്നാലും കേരളീയര്‍ക്ക് മറക്കാനാകില്ല.
അത്തരമൊരവസ്ഥയെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും. കാശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍നിന്ന് കിട്ടിയത് വ്യാജമായി നിര്‍മിച്ച കേരള വിലാസമുള്ള ഒരു ഐഡന്ററ്റികാര്‍ഡുമാത്രമാണ്. ആ തുമ്പില്‍നിന്ന് അന്വേഷണം തുടങ്ങിയ കേരള പൊലീസാണ് മരിച്ച നാലു മലാളികളെയും അവരുടെ ബന്ധങ്ങളും അന്വേഷിച്ച് കണ്ടെത്തിയത്. അത് ഉമ്മന്‍ചാണ്ടിക്കറിയില്ലെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അറിയാതിരിക്കാന്‍ തരമില്ല. അതുകൊണ്ടാകുമല്ലോ, സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തെ ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനമായി പാട്ടീല്‍ വാഴ്ത്തിയത്.
കളമശേരിയില്‍ ബസ് കത്തിച്ചത് 2005 സെപത്ംബര്‍ ഒമ്പതിനാണ്. കോഴിക്കോട് ഗ്രീന്‍വാലി ഫൌണ്ടേഷനില്‍ സ്ഫോടനമുണ്ടായതും മാറാട് കലാപങ്ങളുണ്ടായതും യുഡിഎഫ് ഭരിക്കുമ്പോഴാണ്. ഇന്ന് എന്‍ഡിഎഫിന്റെ പേരുപോലും പറയാന്‍ മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനിക്കാന്‍ വലിയ ബുദ്ധിശക്തിയും ഭാവനാവിലാസവുമൊന്നും വേണ്ടതില്ല. കളമശേരിയില്‍ ബസ് കത്തിച്ച പ്രതികളിലൊരാളാണ് ഇപ്പോഴത്തെ തീവ്രവാദിയെന്നത് യാദൃച്ഛികമാണോ?
ഉമ്മന്‍ ചാണ്ടി വളര്‍ത്തിയ വിഷച്ചെടികളേ ഇപ്പോള്‍ കേരളത്തിലുള്ളൂ. അവ പിഴുതുകളയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കുതന്നെയാണല്ലോ രോഷമുണ്ടാകേണ്ടത്. ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് എന്‍ഡിഎഫുമായാണ് ഉമ്മന്‍ചാണ്ടി ഇന്നും നില്‍ക്കുന്നത്. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിനെതിരെ മതവികാരമിളക്കി കലാപത്തിന് ശ്രമിച്ചതും ഒരധ്യാപകനെ തല്ലിക്കൊന്നതും യുഡിഎഫുകാര്‍തന്നെയാണ്. കേരളത്തില്‍ ഇന്ന് വര്‍ഗീയശക്തികള്‍ തഴച്ചുവളര്‍ന്നിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കോഗ്രസ് എക്കാലത്തും സമീപിച്ച വര്‍ഗീയപ്രീണന നയമാണെന്നു കാണാന്‍ ആരും പ്രയാസപ്പെടില്ല.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളുടെ പേരില്‍ കോഗ്രസിന്റെമേല്‍ കുതിരകയറാന്‍ ഒരൊറ്റ ഇടതുപക്ഷ നേതാവും പോയിട്ടില്ല. മറിച്ച്, തീവ്രവാദവും വര്‍ഗീയവികാരവും ജനമനസ്സില്‍ കുത്തിവയ്ക്കുന്ന ശക്തികള്‍ക്കെതിരായ ഉശിരന്‍ നിലപാടാണെടുത്തത്. രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വേലിയേറ്റം വരാനിരിക്കുന്ന നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെന്ന ശരിയായ കാഴ്ചപ്പാടുവച്ച് പ്രശ്നങ്ങളെ സമീപിച്ചാലേ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശരിയായി വിലയിരുത്താനാകൂ.
ഭീകരവാദം ഏതെങ്കിലുമൊരു മതത്തിനുമേല്‍ ചുമത്തുക എന്ന തെറ്റായ സമീപനമല്ല സിപിഐ എമ്മിന്റേത്. 2004 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 25 വമ്പന്‍ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. 717 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഭീകരവാദവും വര്‍ഗീയതയും അന്യോന്യം ശക്തിപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. ഭീകരവാദ ശൃംഖലകളെ തിരിച്ചറിയുകയും തകര്‍ക്കുകയും ഗുരുതരകുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ രാജ്യത്തെ നിയമാനുസരണം ഗൌരവമായ ശിക്ഷാവിധിക്ക് വിധേയരാക്കുകയും വേണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ്, എന്‍ഡിഎഫിനെയും അതുപോലുള്ള വര്‍ഗീയ-പ്രതിലോമ ശക്തികളെയും ഫാസിസ്റ് സ്വഭാവമുള്ള സംഘപരിവാറിനെയും സിപിഐ എമ്മിന് നെഞ്ചുവിരിച്ച് എതിര്‍ക്കാനാകുന്നത്്. കോഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ളിംയുവാക്കളെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നതിന്റെയും നിരപരാധികളെ പൊലീസ് കസ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും നിരവധി വാര്‍ത്ത വരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഡല്‍ഹിയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
കേരളത്തില്‍ അങ്ങനെ ആരും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂട്ടായ പരിശ്രമം മുസ്ളിം സമുദായത്തിനകത്തുതന്നെ ശക്തമായി ഉയരുന്നുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമായാണ്, കശ്മീരില്‍ കൊല്ലപ്പെട്ട മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും അതുകൊണ്ടുതന്നെ അവന്റെ മൃതദേഹം തനിക്കുകാണേണ്ടെന്നും പെറ്റുമ്മ പറഞ്ഞതിനെ വിലയിരുത്തേണ്ടത്.
മക്കളെ കൊണ്ടുപോയി കൊല്ലിക്കുന്നവര്‍ക്കെതിരെ കൊടിയ വെറുപ്പാണ് എല്ലാ ഉമ്മമാര്‍ക്കും. ഭീകരാക്രമണങ്ങളുടെ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ്- ബിജെപി- വിഎച്ച്പി- ബജ്രംഗ്ദള്‍ സഖ്യം നടത്തുന്ന ശ്രമങ്ങളെയും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ ആ വികാരം ഏകോപിപ്പിച്ച് സുശക്തമായ മതനിരപേക്ഷ മുന്നേറ്റം സൃഷ്ടിക്കുന്നതിനുപകരം, എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ കയറ്റി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വോട്ടുസമാഹരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഉമ്മന്‍ചാണ്ടിയുടേത്.
അധികാരത്തേക്കാള്‍ വലുത് മറ്റൊന്നുമില്ലെന്നുള്ള ഈ സമീപനമാണ് ആപത്തിനെ കൂടുതല്‍ തീവ്രമാക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സീനിയര്‍ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്യാവുന്നത്, വര്‍ഗീയ-ഭീകരവാദ ശക്തികള്‍ക്കെതിരെ കര്‍ക്കശനിലപാടെടുക്കാന്‍ കേന്ദ്ര കോഗ്രസ് നേതൃത്വത്തെയും യുപിഎ ഭരണത്തെയും ഉപദേശിക്കലാണ്.
ഡല്‍ഹി പൊട്ടിച്ചിതറുമ്പോള്‍ കുപ്പായം മാറ്റിക്കളിച്ച ശിവരാജ് പാട്ടീല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതാവുതന്നെയാണല്ലോ. അവിടത്തെ 'ചെറിയ മനസ്സു'കളെ ഒന്ന് ഊതിവീര്‍പ്പിക്കാന്‍ ശ്രമിക്കുക. ഇവിടെ പൊലീസിനെ തൊഴില്‍ചെയ്യാനും സര്‍ക്കാരിനെ ഭരിക്കാനും അനുവദിക്കുക. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 121 പേരെക്കുറിച്ച് ഓര്‍ത്തുനോക്കിയാല്‍, ആരാണ് അധികാരത്തിനുവേണ്ടി വര്‍ഗീയത കത്തിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമാകും.
അധികാരമല്ല, രാജ്യത്തിന്റെ മതനിരപേക്ഷതയാണ് വലുത് എന്ന ഉറച്ച ബോധ്യത്താലാണ് 'ഇടതുപക്ഷ സുഹൃത്തുക്കള്‍' യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയതെന്നും അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്നുള്ളതുകൊണ്ടാണ് രാജ്യത്തെ അടിയറവയ്ക്കാന്‍ തുനിഞ്ഞ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെന്നും ആരും ആവര്‍ത്തിക്കാതെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ജീവന്‍കൊടുത്തും മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവരെ നോക്കി 'നിങ്ങളാണ് കുഴപ്പക്കാര്‍' എന്നു വിളിച്ചു പറയുന്ന ഉമ്മന്‍ചാണ്ടിസത്തിന് സമാനതകള്‍ എവിടെയും കാണാനാകുന്നില്ല- ബിജെപിക്കാര്‍ മതനിരപേക്ഷത പ്രസംഗിക്കുന്നതുപോലെ സരളംതന്നെ ഇതും.

Tuesday, September 16, 2008

'പ്രതി സഹനം'



പി എം മനോജ്
മം ഗലാപുരം കേരളത്തിന്റെ തൊട്ടടുത്താണ്. അ വിടെനിന്നുള്ള ഒരു ചിത്രം നോക്കുക. ക്രൂശിതനായ ക്രിസ്തു. മുള്‍ക്കിരീടം തറഞ്ഞിറങ്ങിയ ശിരസ്സില്‍നിന്നും ആണിയടിച്ചുകയറ്റിയ കൈകാലുകളില്‍നിന്നും ഒലിച്ചിറങ്ങുന്ന ചോര. പീഡാനുഭവത്തിന്റെ മൂര്‍ധന്യമാണ് ആ രംഗം. കര്‍ത്താവീശോയുടെ ഇടതുകൈ പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു. വലതുകൈ തച്ചുതകര്‍ത്തിരിക്കുന്നു. രണ്ടുകാലും വെട്ടിമുറിച്ച് തൂങ്ങിക്കിടക്കുന്ന നിലയിലാണ്.

കൂത്തുപറമ്പില്‍ വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ വെട്ടിക്കൊന്നപ്പോഴും സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിനുറുക്കിയപ്പോഴും സമാനതയുള്ള ദൃശ്യം കണ്ടിരുന്നു. അന്ന് സുധീഷിനെ 38 തവണ വെട്ടിക്കീറിയതും ജയരാജന്റെ കൈകാല്‍ ഛേദിച്ചതും ഇന്ന് യേശുവിന്റെ തിരുരൂപം വെട്ടിനുറുക്കിയതും ഒരേ കരവും ആയുധവുമാണെന്നത് യാദൃച്ഛികമല്ല.

ഈശോയുടെ കുരിശുമരണം മനുഷ്യപാപത്തിന്റെ ഘോരതയെയാണ് വ്യക്തമാക്കിയത്. 'നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പീഡകള്‍ സഹിച്ചു' എന്നാണ് വിശ്വാസപ്രമാണവാക്യം. മനുഷ്യകുലത്തിനുവേണ്ടി കര്‍ത്താവീശോ ഏറ്റെടുത്ത ത്യാഗത്തെ, പീഡയെ 'പ്രതി സഹനം' എന്നാണു പറയുന്നത്. സുവിശേഷങ്ങളില്‍ വായിക്കാവുന്നതുപോലെ, തിരുവത്താഴം കഴിഞ്ഞ് ഈശോ ശിഷ്യസമേതം ഒലിവ് തോട്ടത്തിലേക്കു പുറപ്പെട്ടു. വരാനിരിക്കുന്ന അത്യുഗ്രപീഡനം കര്‍ത്താവ് മനസ്സാ കണ്ടു. മാനവകുലപരിത്രാണാര്‍ഥം താന്‍ ഉഗ്രവേദന സഹിച്ചാലും അനേകം പേര്‍ തന്റെ രക്ഷാകരകര്‍മഫലത്തെ നിരസിക്കുമെന്ന ചിന്ത ഈശോയുടെ ആന്തരികവ്യഥയെ ഇരട്ടിപ്പിച്ചു.'പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ ജാഗ്രതയോടെ പ്രാര്‍ഥിപ്പാനാണ്' അപ്പോള്‍ ഈശോ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നതെങ്കിലും അവര്‍ മതിമറന്ന് ഉറങ്ങുകയാണ്. അപ്പോഴാണ് ക്രിസ്തു പറഞ്ഞുപോകുന്നത്, 'പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ' എന്ന്.

അതെ, ആ പാനപാത്രം തട്ടിയുടയ്ക്കാന്‍ വാളും മഴുവും ശൂലവും ഇന്നും ഉയരുന്നുണ്ട്. ഒറീസയില്‍ വീണ ചോര, കരിഞ്ഞ മനുഷ്യര്‍- ഇപ്പോഴിതാ കര്‍ണാടകത്തിലും. പ്രതിസഹനം ഈശോ ഇന്നും അനുഭവിക്കുന്നു. ശിഷ്യര്‍ ലക്കുകെട്ട് ഉറങ്ങുകയുമാണ്. 'യഥാര്‍ഥ ക്രിസ്ത്യാനി ഒന്നേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം കുരിശില്‍ മരിക്കുകയുംചെയ്തു' (വിചാരധാര, പേജ് 223) എന്നാണ് ആര്‍എസ്എസിന്റെ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്.
ഇന്നുള്ള ക്രിസ്ത്യാനികള്‍ ആര്‍എസ്എസിന് 'ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാര്‍മികവും രാജനൈതികവുമായ തന്ത്രങ്ങള്‍ കൈമുതലാക്കി' ക്രിസ്തുരാജ്യം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ്. "കേരളത്തിലെ വിഖ്യാതമായ ശബരിമലക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവക്ഷേത്രങ്ങള്‍ ക്രിസ്ത്യന്‍ തെമ്മാടികളാല്‍ നശിപ്പിക്കപ്പെട്ട് അവിടത്തെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കപ്പെടുകയുണ്ടായി'' (വിചാരധാര, പേജ് 227) എന്നും ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഏതുക്ഷേത്രമാണ് ക്രിസ്ത്യാനികള്‍ നശിപ്പിച്ചതെന്ന് കേരളീയരായ നമുക്കറിയില്ല. ചരിത്രം തപ്പിയാല്‍ കാണുകയുമില്ല. പക്ഷേ, ആര്‍എസ്എസ് അങ്ങനെ പ്രചരിപ്പിക്കുന്നു.

കേരളത്തിലെ സഭാനേതൃത്വം ഇതൊന്നും കാണാത്തതെന്ത്? വിദ്വേഷവും പ്രചാരണവും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിച്ചുവച്ച് ക്രിസ്ത്യാനിയുടെ യഥാര്‍ഥ ശത്രുവിനെ ഒളിപ്പിക്കുകയാണോ? തലശേരി രൂപതയില്‍ ചിലേടത്ത് കുടുംബ പ്രാര്‍ഥനാവേളയില്‍ ജപമാലമധ്യേ ചൊല്ലാനുള്ള പ്രാര്‍ഥന അച്ചടിച്ചുകൊടുത്തിട്ടുണ്ട് സഭാ നേതൃത്വം. അതിങ്ങനെ:
"ഓ എന്റീശോയേ, എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ
ദൈവ നിഷേധത്തില്‍നിന്നും
ഭൌതിക പ്രവണതകളില്‍നിന്നും
എന്നെ രക്ഷിക്കേണമേ
വര്‍ഗസമര ചിന്തകളില്‍നിന്നും
സര്‍വാധിപത്യ പ്രവണതകളില്‍നിന്നും
എനിക്ക് മോചനം തരേണമേ
വിദ്വേഷത്തില്‍നിന്നും
വിപ്ളവ തീക്ഷ്ണതയില്‍നിന്നും
എന്നെ കാത്തുകൊള്ളേണമേ''
ജപമാലപ്രാര്‍ഥനാ കാലത്ത് സന്ധ്യാസമയത്ത് മാതാപിതാക്കള്‍ ഒന്നുചേര്‍ന്നു കൊന്തജപിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ നല്ലവരും ദൈവഭയവും അനുസരണയുള്ളവരുമാകുമെന്നാണ് ക്രൈസ്തവ വിശ്വാസം.

കുഞ്ഞുങ്ങള്‍ നല്ലവരാകാന്‍ 'വര്‍ഗസമര ചിന്തകളില്‍നിന്നും' 'വിപ്ളവ തീക്ഷ്ണതയില്‍നിന്നും' മോചനം നേടിയാല്‍ മതി! അവര്‍ ഒറീസയിലെ ചോരയും കത്തിക്കരിഞ്ഞ കബന്ധങ്ങളും കാണേണ്ട! കൈകാല്‍ വെട്ടിനുറുക്കപ്പെട്ട യേശുദേവന്റെ തിരുരൂപം അവരുടെ കണ്ണില്‍ പെടേണ്ട! വലിച്ചുകീറപ്പെടുന്ന കന്യാസ്ത്രീകളുടെ മാനം അവരെ അലട്ടേണ്ട! പ്രാണനുംകൊണ്ട് കാട്ടിലേക്കും മലയിലേക്കും നിലവിളിച്ചോടുന്ന പാവങ്ങളുടെ 'കര്‍ത്താവേ' എന്ന നിലവിളി അവരുടെ കാതില്‍ പതിയേണ്ട!


നല്ലവരാകാന്‍ വിധിക്കപ്പെട്ട അതേ കുട്ടികളോട്, 'ക്രിസ്ത്യാനിയായി നമുക്കീ നാട്ടില്‍ ജീവിക്കണമെങ്കില്‍' വിമോചനസമരത്തിനിറങ്ങി അത് വിജയിപ്പിച്ചോളാന്‍ ആജ്ഞാപിച്ചവര്‍തന്നെ ഇന്ന് ജപമാല പ്രാര്‍ഥനയുമായി ഇറങ്ങിയിരിക്കുന്നു.

അവരുടെ എന്‍ജിനിയറിങ്-മെഡിക്കല്‍ കോളേജുകളില്‍ വസന്തം വിരിയട്ടെ. പ്രവേശനപ്പണം കുന്നുകൂടട്ടെ. പള്ളിക്കൂടങ്ങള്‍ പെറ്റുപെരുകട്ടെ. വീഞ്ഞുപാത്രങ്ങള്‍ നുരഞ്ഞുപൊന്തട്ടെ.

ആഗമനകാലം ഒന്നാംഞായര്‍, റോമാക്കാര്‍ക്കുള്ള ലേഖനം പതിമൂന്നില്‍ 11, 12- ഇങ്ങനെ പറയുന്നു:

"നാം നമ്മുടെ ഉറക്കത്തില്‍നിന്നും ഉണരേണ്ട സമയമായിരിക്കുന്നു. രക്ഷയുടെ സമയം സമാഗതമായിരിക്കുന്നു. രാത്രി കഴിഞ്ഞ് പകല്‍ അടുത്തിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികളെ ഉപേക്ഷിച്ച് പ്രകാശത്തിന്റെ പടച്ചട്ട ധരിക്കാം''.

അന്ധകാരത്തില്‍നിന്ന് ആരാണ് ഉണരേണ്ടത്? ജപമാല പ്രാര്‍ഥനകളില്‍ 'വര്‍ഗസമര വിരോധം' ചാലിക്കുന്നവരോ, സഹജീവികളുടെ കണ്ണീരിനും ചോരയ്ക്കും മുന്നില്‍ രോഷം കടിച്ചമര്‍ത്തുന്ന സഭാമക്കളോ? ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് മതനേതൃത്വവും അതാ ശത്രുവെന്ന് ചൂണ്ടിക്കാട്ടുന്ന കമ്യൂണിസ്റുകാരന്‍ കണ്ണീരൊപ്പുന്നവനും അപരന്നുവേണ്ടി ജീവന്‍ ത്യജിക്കുന്നവനുമാണെന്ന കാഴ്ച സാധാരണ വിശ്വാസിക്ക് ഇല്ലാതെ പോകുമോ? മംഗലാപുരത്ത് വണ്ടി നില്‍ക്കുമോ? അത് നേത്രാവതി കടന്ന് ഇക്കരെയെത്തുമ്പോഴും കൊന്തജപത്തില്‍ 'ഭൌതിക പ്രവണതകള്‍' മതിയാകുമോ? 'വര്‍ഗസമരം'ശത്രുവും നെഞ്ചില്‍ തറയുന്ന ത്രിശൂലം നിരുപദ്രവിയുമോ?

Friday, September 5, 2008

പുരോഗതി മുടക്കുന്ന രാഷ്ട്രീയ ദുര്‍മോഹം

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണപ്ളാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുന്നു. മമതബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോഗ്രസിന്റെ ഉപരോധവും അക്രമവും നിമിത്തം ടാറ്റ കമ്പനി തൊഴിലാളികളെ പിന്‍വലിച്ച് അടച്ചിടുകയായിരുന്നു. ഫാക്ടറി പശ്ചിമ ബംഗാളില്‍നിന്ന് മാറ്റി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ടാറ്റയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ടാറ്റയെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ഏതെങ്കിലും തൊഴിലാളിസമരമോ തൊഴില്‍ക്കുഴപ്പമോകൊണ്ടല്ല ഇത്തരമൊരു വ്യവസായം തകര്‍ക്കപ്പെടുന്നത്. മറിച്ച്, ഭൂമി സംരക്ഷിക്കുന്നതിന് എന്ന നാട്യത്തില്‍ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെ ജനാധിപത്യപരമായ എല്ലാ അതിരും ലംഘിച്ചുള്ള അക്രമസമരമാണവിടെ അരങ്ങേറുന്നത്. അതിന് രാജ്യം ഭരിക്കുന്ന കോഗ്രസ് പാര്‍ടിയും പ്രത്യക്ഷത്തിലും പരോക്ഷമായും പിന്തുണ നല്‍കുന്നു. കോഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വ്യക്തമാക്കിയത്, തങ്ങള്‍ സമരംചെയ്യുന്നവര്‍ക്കൊപ്പമാണ് എന്നാണ്. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കോഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയാകട്ടെ, മുന്‍ഷിയുടെ വാക്കുകളെ പൂര്‍ണഅര്‍ഥത്തില്‍ ശരിവയ്ക്കുകയും കേന്ദ്രത്തിന് പ്രശ്നത്തില്‍ ഇടപെടാനുള്ള വൈമനസ്യം പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ടാറ്റ സിംഗൂരിലെ ഫാക്ടറി ഇട്ടെറിഞ്ഞുപോകുമെന്ന നില വന്നപ്പോള്‍ ഇതുവരെ ചര്‍ച്ചകളോടു പുറംതിരിഞ്ഞുനിന്ന മമതബാനര്‍ജി ചര്‍ച്ചയാകാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത്രയും നല്ല കാര്യം. എന്നാല്‍, സംസ്ഥാനത്തിന്റെ വ്യവസായ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചെറുകാര്‍ ഫാക്ടറി തകര്‍ത്തത് താനാണ് എന്ന കുറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാനുള്ള കുതന്ത്രമായേ ഈ സന്നദ്ധതയെ വിലയിരുത്താനാവൂ. ഇത്തരം പ്രകടനം മമതയില്‍നിന്ന് മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്്. മമതയും അവരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധസമിതിയും ഉപരോധത്തിന് ആധാരമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ 997.11 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അതില്‍ 690.79 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ 11000 പേര്‍ നഷ്ടപരിഹാരത്തുക ഇതിനകം വാങ്ങിക്കഴിഞ്ഞു. 300 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥരാണ് ഇനി നഷ്ടപരിഹാരം വാങ്ങാന്‍ അവശേഷിക്കുന്നത്. അവരില്‍ത്തന്നെ വലിയൊരു ഭാഗത്തിന് പണം വാങ്ങാന്‍ കഴിയാത്തത് ഉടമാവകാശത്തിലും രേഖയിലും മറ്റുമുള്ള അവ്യക്തതയും പ്രശ്നവുംകൊണ്ടാണ്. പണം കൈപ്പറ്റാത്തവരുടെ സ്ഥലമാകട്ടെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ആ ഭൂമി തിരിച്ചുകൊടുക്കുക എന്ന ആവശ്യം യാഥാര്‍ഥ്യമാക്കിയാല്‍, ഒരു സംശയവുമില്ല നാനോ കാര്‍ സിംഗൂരില്‍നിന്നിറങ്ങാന്‍ ഫാക്ടറി ഉണ്ടാവില്ല. ഏറ്റെടുത്ത ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗം ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാമെന്നുവച്ചാലും, ആ ഭാഗത്തിന്റെ മുന്‍ഉടമകള്‍ക്ക് അത് തടസ്സപ്പെടുത്താം. കാരണം, ഫാക്ടറിക്കുവേണ്ടിയാണല്ലോ അവര്‍ സ്ഥലം കൊടുത്തത്. സിംഗൂരിലെ സാഹചര്യവും നിലവിലുള്ള നിയമവും കോടതി വിധിയും അനുസരിച്ച്, ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കുന്നത് അസാധ്യമാണ്. അതറിഞ്ഞുകൊണ്ടുതന്നെ പദ്ധതി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് മമതയുടെ പ്രക്ഷോഭത്തിന്റേതെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. നാനോ കാര്‍ നിര്‍മാണപദ്ധതി നിശ്ചയിച്ചതുപോലെ നടക്കുന്നുവെന്നും പ്രഖ്യാപിച്ച സമയത്ത് പൂര്‍ത്തിയാകുമെന്നും ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമത ഉപരോധം തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്്. പശ്ചിമ ബംഗാളില്‍ വ്യവസായങ്ങള്‍ വരാതിരിക്കുകയും അതിലുടെ ഇടതുമുന്നണി സര്‍ക്കാരിന്റെ യശസ്സ് തകര്‍ക്കുകയുമാണ് ലക്ഷ്യം. ടാറ്റ വ്യവസായം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ഒരു സംസ്ഥാനത്ത് ധൈര്യപൂര്‍വം നിക്ഷേപത്തിനെത്താന്‍ മറ്റാരും വരില്ലെന്നും ആ അവസ്ഥ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഇന്ധനമാക്കാമെന്നും അവര്‍ കരുതുന്നു. അതുകൊണ്ടാണ്, ആ പ്രദേശവുമായി ഒരു ബന്ധവുമില്ലാത്തവരെയടക്കം ആട്ടിത്തെളിച്ച് ഉപരോധത്തിനിറങ്ങിയത്. ഒരു സുപ്രഭാതത്തില്‍ കുറെ സ്ഥലം ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ടാറ്റയ്ക്ക് കൊടുത്തു എന്ന മട്ടിലാണ് മമതയും കൂട്ടരും പ്രചാരണം നടത്തുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച്, ന്യായമായ വിലയും പുനരധിവാസപദ്ധതിയും ആസൂത്രണംചെയ്താണ് ബുദ്ധദേവ് സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടത്തിയത്. സ്ഥലം നഷ്ടപ്പെട്ട കുടുംബങ്ങളിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ടാറ്റാ കമ്പനിയുടെ പങ്കാളിത്തത്തോടെ പദ്ധതിതന്നെ ആവിഷ്കരിച്ചു. അതിന് പരിശീലനപദ്ധതി തയ്യാറാക്കി. പരിശീലനം കഴിഞ്ഞവരടക്കം തൊള്ളായിരത്തിലധികം പേര്‍ക്ക് ഇപ്പോള്‍ത്തന്നെ തൊഴില്‍ ലഭിച്ചു. സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയുമുണ്ട്. ജനങ്ങള്‍ക്ക് സഹായകമായ രീതിയിലുള്ള ഇത്തരം ഇടപെടല്‍ രാജ്യത്തിന്റെ മറ്റു പലഭാഗത്തും ചിന്തിക്കാനാവാത്തതാണ്. പ്രശ്നം പരിഹരിക്കുകയല്ല, വഷളാക്കുക എന്ന ലക്ഷ്യമാണ് മമതബാനര്‍ജിയെയും കൂട്ടരെയും നയിക്കുന്നത്. നശീകരണത്തിന്റെ സമരമാണത്. ഭൂമി നഷ്ടപ്പെട്ട ദരിദ്രരെ സഹായിക്കലാണ് സമരലക്ഷ്യമെങ്കില്‍ എല്ലാത്തരം ചര്‍ച്ചയെയും അനുരഞ്ജന ശ്രമത്തെയും തിരസ്കരിച്ച് അക്രമം നടത്തുക എന്ന ഏക അജന്‍ഡയില്‍ അവര്‍ തളച്ചിടപ്പെടുമായിരുന്നില്ല. പശ്ചിമ ബംഗാളിന്റെ വ്യവസായവല്‍ക്കരണ ശ്രമം ഇത്തരമൊരു നിഷേധാത്മക സമരത്തിലൂടെ അട്ടിമറിക്കപ്പെട്ടുകൂടാ. അതേസമയം, ഭൂമി ഏറ്റെടുക്കല്‍മൂലം ഏതെങ്കിലുമൊരു കുടുംബത്തിന് കടുത്ത പ്രയാസം ഉണ്ടാവുയുമരുത്. അവസാനത്തെ ആളിന്റെയും സാമ്പത്തികമായ പുനരധിവാസം ഉറപ്പാക്കണം. അതിനുള്ള കുറ്റമറ്റ നീക്കം പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടാകും എന്ന് മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ബംഗാളില്‍നിന്ന് ടാറ്റയെയും നാനോ കാറിനെയും കെട്ടുകെട്ടിക്കുമ്പോള്‍ പൂര്‍ണമാകുന്നതാണ് മമതബാനര്‍ജിയുടെ സമരമെങ്കില്‍ അതിനെ ഉചിതമായ രീതിയില്‍ നേരിടാനുള്ള ജനകീയ ഐക്യനിര രാജ്യത്താകെ ഉയരുകതന്നെ വേണം. ഏതെങ്കിലും വ്യക്തിയുടെയോ കക്ഷിയുടെയോ ദുര്‍മോഹങ്ങളും ദുഷ്ടലക്ഷ്യങ്ങളും ഒരു ജനതയ്ക്കുതന്നെ ബാധ്യതയാകുന്ന അവസ്ഥ ലജ്ജാകരമാണ്. മമതബാനര്‍ജിയുടെ ഈ സമരം പ്രോത്സാഹിപ്പിക്കുന്ന കോഗ്രസടക്കമുള്ളവര്‍ അക്കാര്യം ചിന്തിച്ചാല്‍ നന്ന്. കാരണം നാളെ അവര്‍ക്കെതിരെയും ഇത്തരം രീതി എവിടെയും വരാം.

എന്‍ഡിഎഫിന്റെ ഭീകരമുഖം

ഏറ്റവുമൊടുവില്‍ ഒറീസയില്‍നിന്നാണ് സംഘപരിവാര്‍ അഴിഞ്ഞാടുന്നതിന്റെ വാര്‍ത്തകള്‍ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തി ഒന്നിനു പുറകെ ഒന്നായി വരുന്നത്. ഭൂരിപക്ഷ വര്‍ഗീതയുടെ ഫാസിസ്റ്റ് മാതൃകയിലുള്ള മനുഷ്യക്കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്താകമാനം മതനിരപേക്ഷ ശക്തികള്‍ പ്രതിരോധമുര്‍ത്തുന്നു. അതേസമയം തന്നെയാണ്, ന്യൂനപക്ഷ വര്‍ഗീയതയുടെ കൊടിയേന്തുന്ന ചില ശക്തികള്‍ നരഹത്യയുടെ താലിബാന്‍ വഴിയേ മുന്നേറുന്ന അസുഖകരമായ വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ജില്ലയില്‍ കാക്കയങ്ങാട്ട് സിപിഐ എം ബ്രാഞ്ച്സെക്രട്ടറി നരോത്ത് ദിലീപി (32)നെ എന്‍ഡിഎഫുകാരാണ് വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രി കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുപോകുമ്പോഴാണ്, ജീപ്പിലെത്തിയ ക്രിമിനല്‍ സംഘം ഇടവഴിയില്‍ വെച്ച്് ദിലീപിനെ വെട്ടിയത്. എന്‍ഡിഎഫിന്റെ പതിവുമുറയില്‍ കഴുത്തുവെട്ടിത്തന്നെയായിരുന്നു കൊലപാതകം.

കണ്ണൂര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ട്കൊലപാതകങ്ങളാണ് എന്‍ഡിഎഫ് നടത്തിയത്. ജൂലൈ 23ന് ന്യൂമാഹിയിലെ യു കെ സലീമിനെയാണ് കൊലപ്പെടുത്തിയത്. പള്ളികള്‍ക്കടുത്തുവെച്ച് നടന്ന രണ്ടുകൊലപാതകങ്ങളും ഒട്ടേറെ സാദൃശ്യമുള്ളതാണ്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളിലാകെ ഒരുപക്ഷത്ത് സിപിഐ എമ്മാണെന്നു സ്ഥാപിക്കാന്‍ നടക്കുനനവര്‍ക്ക് ഈ കൊലപാതകങ്ങളെയും അതേ ഗണത്തില്‍ പെടുത്തി സ്വന്തം വഴിക്ക് ചിന്തിക്കാം. എന്നാല്‍, എന്‍ഡിഎഫ് എന്ന സംഘത്തിന്റെ പ്രവര്‍ത്തനരീതികളും അധോലോക സമാനമായ ഇടപെടലുകളും പ്രശ്നങ്ങളെ അത്ര ലഘുവായി കാണാന്‍ പ്രരിപ്പിക്കുന്നതല്ല. ഇയ്യിടെ കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ റോഡരികില്‍ തലയറുത്ത പട്ടികളുടെ ജഡം കണ്ടിരുന്നു. ആദ്യം അതിനെക്കുറിച്ച് ആര്‍ക്കും മനസ്സിലായില്ലെങ്കിലും എന്‍ഡിഎഫുകാര്‍ രാത്രി ബൈക്കില്‍ എത്തി വാള്‍കൊണ്ട് തെരുവുപട്ടികളെ കൊല്ലുകയാണെന്ന് പിന്നീട് തെളിഞ്ഞു. മനുഷ്യനെ എങ്ങനെ മിന്നലാക്രണത്തിലൂടെ വെട്ടിക്കൊല്ലാം എന്ന് നായ്ക്കളുടെ തലയറുതത് പരിശീലിക്കുകയായിരുന്നുവത്രെ എന്‍ഡിഎഫുകാര്‍. മനുഷല്യ്‍ക്കശാപ്പിനുള്ള അറപ്പുതീര്‍ക്കാന്‍ സ്വന്തം കഴുത്തില്‍ മുറിവേല്‍പിച്ചും മറ്റുമുള്ള പരിശീലനംനടതുന്നതായി തെളിവുസഹിതം വാര്‍ത്തകള്‍ വന്നു.
ബിനാമി കച്ചവടങ്ങള്‍, കുഴല്‍പണം, കള്ളനോട്ട്, വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം ഇവര്‍ക്ക് കിട്ടുന്നു. ഈ സംഘത്തിന്റെ വലയിലാകുന്ന കൌമാരക്കാരെയും യുവാക്കളെയും പണവും വാഹനങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് വര്‍ഗീയക്രിമിനലുകളാക്കി മാററുന്നത്.കണ്ണൂരില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടായത് എന്‍ഡിഎഫ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനര്‍ത്ഥം എല്ലാ സംഘര്‍ഷങ്ങളിലും ഒരുഭാഗത്ത് സിപിഐ എമ്മാണെന്നത് വ്യാജ പ്രചാരണമാണ് എന്നാണ്. മാത്രമല്ല, വര്‍ഗീയ വികാരമുണര്‍ത്തി അക്രമപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനെപ്പോലെതന്നെ എന്‍ഡിഎഫും തയാറാകുന്നു എന്നുമാണ്. ഹിന്ദുവര്‍ഗീയ സംഘടനകളുടെനിയന്ത്രണം ആര്‍എസ്എസ് കയ്യാളുന്നതുപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളുടെയാകെ മേലാളായി സ്വയം കവരോധിച്ച് പ്രവര്‍ത്തിക്കുകയാണ് എന്‍ഡിഎഫ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തങ്ങളുടേതെന്നാണ് എന്‍ഡിഎഫ് അവകാശപ്പെടുന്നത്. പൊതുസമൂഹത്തില്‍ സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് തങ്ങളെന്നു സ്ഥാപിക്കാനുള്ള ഇടപെടലുകളും നടത്താറുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ നുഴഞ്ഞുകയറ്റിച്ച് അവരിലൂടെ വര്‍ഗീയ അജണ്ട ഓപ്പറേറ്റുചെയ്യുന്നത് എന്‍ഡിഎഫിന്റെ അംഗീകൃത രീതിയാണ്. എന്‍ഡിഎഫിന്റെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെയല്ലെങ്കില്‍ അവര്‍ ഇടപെടുന്നു. നാട്ടിന്‍പുറത്തെ കൊച്ചുകൊച്ചു വഴക്കുകള്‍ക്കുപോലും വര്‍ഗീയ നിറം നല്‍കി ആയുധം കയ്യിലെടുക്കാന്‍ ഇക്കൂട്ടര്‍ മടിക്കുന്നില്ല. കേരളത്തിന്റെ സാമൂഹിക സവിശേഷതകള്‍ കൊണ്ടാകാം, ഹിന്ദുക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെന്ന പോലെ മുസ്ളിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിനും നിസ്സാരസ്വാധീനമേ ചെലുത്താനായിട്ടുള്ളൂ. താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കൂട്ടമായാണ് മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നത്.എഴുപതുകളുടെ തുടക്കത്തില്‍ വടക്കേമലബാറില്‍ ഹിന്ദു-മുസ്ളിം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രണം തകര്‍ത്തത് സിപിഐ എമ്മിന്റെ ഇടപെടലായിരുന്നു എന്നത് കേരള ചരിത്രത്തിലെ സ്വര്‍ണശോഭയുള്ള അധ്യായമാണ്. ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പൊതുവെ തിരിച്ചറിയപ്പെടുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാടാണ് വര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നത് എന്നതും വസ്തുതയാണ്. എന്‍ഡിഎഫ് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ഈ ഘട്ടത്തില്‍, അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ. എന്‍ഡിഎഫിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കര്‍ക്കശമായി തടയാനും ക്രിമിനലുകളെ അഴികള്‍ക്കുള്ളിലാക്കാനും ജാഗ്രതയോടെയുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ആയുധവും പണവും വരുന്നത് പിടിക്കപ്പെടുകതന്നെ വേണം.

നരകത്തിലേക്കുള്ള പാത

(തിരുത്തിയ കോപ്പി)
പി എം മനോജ്
ഇംഗ്ളണ്ടില്‍ തീവണ്ടി ഓടിച്ചുതുടങ്ങിയ ഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പോപ്പ് ഗ്രിഗറി പതിനാറാമന്‍ തന്റെ സാമ്രാജ്യത്തില്‍ തീവണ്ടി നിരോധിച്ചു. 'നരകത്തിലേക്കുള്ള പാത'യാണ് റെയില്‍വെ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. മു പ്പത്തിരണ്ടുകൊല്ലം മാര്‍പാപ്പയായിരുന്ന് ച രിത്രം സൃഷ്ടിച്ചയാളാണ് പീയൂസ് ഒമ്പതാ മന്‍ (1846-78).തനിക്കെതിരെ ശബ്ദിക്കുന്നവരെ, അവര്‍ കര്‍ദിനാള്‍മാരായിരുന്നാല്‍പ്പോലും ക്രൂരമായി പീഡിപ്പിച്ച ഈ പാപ്പ, യേശുവിനെപ്പോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് വിമ്പടിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയുംചെയ്തിരുന്നു. തന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത ആക്ട ന്‍എന്ന പ്രമുഖ കത്തോലിക്കാ വിശ്വാസിയെ 'ആ തെമ്മാടി ആക്ട ന്‍നാറി' (That blackguard actonuccio) എന്നാണ് പരിശുദ്ധപിതാവ് വിശേഷിപ്പിച്ചത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തിരുവസ്ത്രമണിഞ്ഞ് വിവരക്കേടും ധാര്‍ഷ്ട്യവും വിളമ്പിയ പലരും ഉണ്ടായിരുന്നു. ഗ്രിഗറി പതിനാറാമനെയും പീയൂസ് ഒന്‍പതാമനെയുമ്പോലുള്ള അത്തരക്കാ രെ വിശുദ്ധപട്ടത്തിലേക്ക് വലിച്ചുയര്‍ത്താന്‍ പില്‍ക്കാലത്ത് സഭ ശ്രമിച്ചിട്ടുമുണ്ട്.

ഒറീസയിലെ ക്രൈസ്തവര്‍ക്ക് ഇന്ന് 'നരകത്തിലേക്കുള്ള പാത' റെയില്‍വെ അല്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്്ദളിന്റെയും നീട്ടിപ്പിടിച്ച ആയുധവും തീവെട്ടിയുമാണ് അവരെ 'നരകത്തിലേക്ക്' നയിക്കുന്നത്. വൈദികര്‍ ആക്രമിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സുവിശേഷ പ്രവര്‍ത്തകര്‍ ചുട്ടുകരിക്കപ്പെടുന്നു. പള്ളികളും അനാഥാലയങ്ങളും വെന്തുവെണ്ണീറാകുന്നു. ജീവനുംകൊണ്ട് ഓടുന്നവര്‍ക്ക് കാടാണ് അഭയകേന്ദ്രം. കുഷ്ഠരോഗികളെയും അവശന്മാരെയും ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനവാസത്തിന് അയക്കപ്പെടുന്നു!

ഗുജറാത്തിന്റെ തുടര്‍ച്ചയാണ് ഒറീസ. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്്ദളും ഒറ്റപ്പെട്ട വര്‍ഗീയഗ്രൂപ്പല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പരിവാരഘടകങ്ങളാണവ. അവരാണ്, പുണ്യഭൂമിയായ; മോക്ഷഭൂമിയായ ഭാരതം സുവിശേഷവല്‍ക്കരണം എന്ന നീരാളിപ്പിടിത്തത്തില്‍ അമരുകയാണെന്നും' 'ഹിന്ദുക്കളേ, ഉണരൂ; ഭാരതത്തെ രക്ഷിക്കൂ' എന്നും അലമുറയിടുന്നത്. അവരുടെ നേതാവായ അടല്‍ബിഹാരി വാജ്പേയിയാണ്, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് "മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്ന്'' ആഹ്വാനംചെയ്തത്. ആ ആഹ്വാനമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും പച്ചജീവന്‍ കത്തിക്കരിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായത്. ഒളവണ്ണയിലെ കന്യാസ്ത്രീകളുടെ ചോര ചിതറിച്ചതും അതേ ആഹ്വാനംതന്നെയാണ്. എന്നിട്ടും പവ്വത്തില്‍തിരുമേനി പറയുന്നു, തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് പുനര്‍നിര്‍മിക്കാം എന്ന്. പള്ളി പൊളിഞ്ഞാലും ക്രൈസ്തവരെ കൊന്നൊടുക്കിയാലും വേണ്ടില്ല, നമുക്ക് 'വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ' പോരടിക്കാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

പീയൂസ് ഒന്‍പതാമന്റെ ശ്രേണിയിലുള്ള പിതാക്കന്മാരുടെ ഓര്‍മ ഉണര്‍ത്തുന്നു റിട്ടയേഡ് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇവിടെ ബിഷപ്പ് പൌലോസ് മാര്‍പൌലോസിന്റെ വാക്കുകള്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിങ്ങനെ: "സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നവരെ നിരീശ്വരവാദികള്‍ എന്നു മുദ്രകുത്തുന്നത് സര്‍വസാധാരണമാണ്. ക്രിസ്തുമതത്തിലെ പല രക്തസാക്ഷികളും കേള്‍ക്കേണ്ടിവന്ന പോര്‍വിളി ഇങ്ങനെയാണ് "നിരീശ്വരവാദികള്‍ നശിക്കട്ടെ''. ക്രിസ്ത്യാനികളുടെ ചരിത്രവും ഒട്ടും മോശമല്ല. സഭയുടെ പരമ്പരാഗതമായ ഉപദേശങ്ങള്‍ക്ക് പുതിയതും പ്രസക്തവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയവരെയെല്ലാം നിരീശ്വരവാദികള്‍ എന്നാണ് മുദ്രയടിച്ചത്. ചിന്തിക്കുന്നവരെ തറ പറ്റിക്കുന്നതിനുള്ള ആയുധമായിട്ടാണ് നിരീശ്വരവാദം ഉപയോഗിക്കുക "നിരീശ്വരവാദമെന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യാത്മക മുഖമാണ്. ഊമനായ ആത്മാവുള്ള ബാലനെ സൌഖ്യമാക്കുന്നതിന് യേശുവിന്റെയടുക്കല്‍ കൊണ്ടുവന്ന പിതാവ് ഇങ്ങനെ പറഞ്ഞു. "കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിനു സഹായിക്കണമേ!!'' നാമൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും നാമൊക്കെ ആയിരിക്കുന്നത് ഈ അവസ്ഥയിലാണ്. നാം എല്ലാം വിശ്വാസികളാണ്. ഒരു പരിധിവരെ അവിശ്വാസികളുമാണ്. സംശയം വിശ്വാസത്തിന്റെ ഭാഗമാണ്. "ഒരു വിശ്വാസിയുടെ വിശ്വാസത്തിലുള്ള ആഴം ആശ്രയിച്ചുനില്‍ക്കുന്നത് എല്ലാ വിഗ്രഹാരാധനയെയും എതിര്‍ക്കുന്ന നിരീശ്വരവാദിയുടെതന്നെ വിശ്വാസത്തിന്റെ ശക്തിയിലാണ്''. ഈശ്വര വിശ്വാസസംരക്ഷണം എന്ന പേരും പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങളെ പരിരക്ഷിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവര്‍ ഇതറിഞ്ഞിരിക്കണം''.

ആരാണ് ക്രിസ്ത്യാനിയുടെ ശത്രുക്കള്‍ എന്നതാണ് പ്രശ്നം. അത് 'നിരീശ്വര കമ്യൂണിസ്റ്റുകളാണെ'ന്ന് പവ്വത്തില്‍ തിരുമേനി പറയുന്നു. എന്നാല്‍, ആര്‍എസ്എസിന് അങ്ങനെ സംശയമില്ല. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒന്നുംരണ്ടും മൂന്നും നമ്പര്‍ ആന്തരികഭീഷണികളാണെന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ വിചാരധാര ആര്‍എസ്എസിന്റെ അടിസ്ഥാന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ എന്ന് വാജ്പേയി അനുയായികളെ ഉദ്ബോധിപ്പിച്ചതിന്റെ സന്ദേശം ഉപദേശിച്ചും തല്ലിയും തല്ലിപ്പുറത്താക്കിയും ക്രിസ്ത്യാനിയെ കൈകാര്യം ചെയ്തുകൊള്ളണം എന്നാണ്. അത് ആര്‍എസ്എസിന്റെ നയമാണ്. ആര്‍എസ്എസ് ബന്ധത്തില്‍ അഭിമാനംകൊള്ളുന്നവരാണ് വാജ്പേയിയും അദ്വാനിയും. ഗുജറാത്തില്‍ മുസ്ളിങ്ങളെ കൊന്നുതള്ളാന്‍ ഒരു ഗോധ്രയാണ് സൃഷ്ടിച്ചതെങ്കില്‍ ഒറീസയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം നിമിത്തമാക്കി. സ്വാമിയെ കൊന്നവരെ കണ്ടെത്തുക എന്ന കടമ വിസ്മരിച്ച് ഒറീസയിലെ പൊലീസ്, ക്രൈസ്തവരെ കൊന്നും കൊലവിളിച്ചും മരണതാണ്ഡവംനടത്തുന്ന കാവിപ്പടയ്ക്ക് അകമ്പടി സേവിക്കുന്നു.

ബിഷപ് പവ്വത്തിലിന് സംഘപരിവാറിന്റെ സംഹാരാത്മക മുഖം കാണാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്നത്, സംഘപരിവാര്‍ തകര്‍ത്തതെല്ലാം നമുക്ക് വീണ്ടെടുക്കാം; കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് സഹിക്കാനാവില്ല എന്നാണ്. ഒട്ടേറെ മലയാളികള്‍ ഒറീസയിലെ കന്യാസ്ത്രീമഠങ്ങളിലും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിലുമുണ്ട്. മരണം 'ഓം കാളി' വിളിയുമായി പാഞ്ഞെത്തുന്നതിന് കാതോര്‍ത്ത് കര്‍ത്താവിങ്കല്‍ എല്ലാം സമര്‍പ്പിച്ച് വനാന്തരങ്ങളിലും ഒളികേന്ദ്രങ്ങളിലും നിമിഷങ്ങളെണ്ണുന്ന ആ പാവങ്ങളെയോര്‍ത്ത് കണ്ണീരുപൊഴിക്കുന്ന ആയിരക്കണക്കിന് ബന്ധുക്കള്‍ ഈ കേരളത്തിലുണ്ട്. അവരോടാണ് പവ്വത്തില്‍ തിരുമേനി പറയുന്നത്, അതൊക്കെ നമുക്ക് ശരിയാക്കാം, നിങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ഇടയലേഖനങ്ങള്‍ വായിച്ചും സമരംനടത്തിയും ജീവിച്ചുകൊള്ളൂ എന്ന്.

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണോത്സുകതയെ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുക എന്നൊരു ദൌത്യംകൂടി ഇതിലൂടെ തിരുമേനി നിര്‍വഹിക്കുന്നുണ്ട്. ഇത് ഒരു ആസൂത്രിത അജന്‍ഡയാണ്്. സെപ്തംബര്‍ മൂന്നിന്റെ മലയാള മനോരമ പത്രം ആ അജന്‍ഡയ്ക്ക് സാധൂകരണം നല്‍കുന്നു. ഒറീസയിലെ വിഎച്ച്പി-ബജ്രംഗ്ദള്‍ ആക്രമണങ്ങള്‍ വിരാമമില്ലാതെ തുടരുമ്പോള്‍,ഏതോ ഒരു വിഎച്ച്പി നേതാവിന്റെ അടഞ്ഞകണ്ണുകള്‍ തുറപ്പിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ ബാബയ്ക്ക് ഹരിയാണയില്‍ ആശ്രമം കെട്ടിക്കൊടുത്തത് ആഘോഷിക്കുയാണ് മനോരമ. ക്രിസ്ത്യന്‍പാതിരിയായ ഫാദര്‍ അജി സെബാസ്റ്റ്യന്‍ കാവിപുതച്ച് ഇരിക്കുന്ന ചിത്രംസഹിതം പ്രസിദ്ധീകരിച്ച ആ വാര്‍ത്ത, 'ക്രൈസ്തവ വിശ്വാസികളേ, വിഎച്ച്പിയും ബജ്രംഗ്ദളും അത്ര മോശക്കാരല്ല' എന്നുറപ്പിക്കാനുള്ള ശ്രമമാണ്. മാര്‍ക്സിസ്റ്റുകാരാണ്, നിരീശ്വരരാണ് യഥാര്‍ഥ പ്രശ്നം എന്ന വാദം ആണിയടിച്ച് ഉറപ്പിക്കുന്നതിന്റെ അനുബന്ധ പ്രവര്‍ത്തനവുമാണത്.

കമ്യൂണിസ്റ്റുകാര്‍ ക്രൈസ്തവ സഭയ്ക്കെതിരെ യുദ്ധം നടത്തുന്നവരല്ല. സിപിഐ എം പരിപാടിയില്‍ പറയുന്നു: "5.9 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയുംചെയ്യുന്നു. മുസ്ളിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെകൂടി ശരവ്യമാക്കുകയുംചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' ഇതാണ് സിപിഐ എമ്മിന്റെ നിലപാട്.



പരിരക്ഷയ്ക്കുവേണ്ടി ജീവന്‍കൊടുത്തും പോരാടിയ ചരിത്രം സിപിഐ എമ്മിനല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെടാനാവുമെന്ന് പൌവത്തില്‍ തിരുമേനി ശാന്തമായി ചിന്തിച്ചുനോക്കണം. ഏറ്റവുമൊടുവില്‍ ഒറീസയില്‍ ക്രൈസ്തവവേട്ട നടക്കുമ്പോള്‍ സാന്ത്വനവുമായി പാഞ്ഞെത്തിയത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഈ കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും നെഞ്ചുവിരിച്ച് പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരാണുണ്ടായ തലശേരി കലാപത്തിന്റെ കഥ എക്കാലത്തും ഓര്‍ക്കപ്പെടേണ്ടതാണ്. കൊട്ടിയൂരിലും അമരാവതിയിലും കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് ഓടിയെത്തിയതെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ തിരുമേനിമാര്‍തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കാതിരിക്കാനാവുമോ? പള്ളിക്കൂടങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നും പാഠപുസ്തകങ്ങള്‍ മതനിരപേക്ഷമാകണമെന്നുമേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടിള്ളൂ. പാവപ്പെട്ടവനു പഠിക്കാനുള്ള അവസരത്തിനുവേണ്ടിയേ ഇടപെട്ടിട്ടുള്ളൂ. ഒരു പള്ളിയിലും കമ്യൂണിസ്റ്റുകാര്‍ കയറി അലമ്പുണ്ടാക്കിയിട്ടില്ല. പാര്‍ടിനേതാവായിക്കെ അന്തരിച്ച കമ്യൂണിസ്റ്റുകാരനെ മരണാനന്തരം വ്യാജപ്രസ്താവനയിലൂടെ 'വിശ്വാസി'യാക്കിയ സഭാനേതൃത്വത്തിന്റെ ലജ്ജാശൂന്യതയെയേ എതിര്‍ത്തിട്ടുള്ളൂ. അതല്ലാതെ ഒരു വിശ്വാസിയെയും ബലംപ്രയോഗിച്ച് കമ്യൂണിസ്റ്റാക്കിയിട്ടില്ല. ക്രൈസ്തവ സഭ നടത്തുന്ന ആശയ പ്രചാരണത്തിന്റെ എല്ലാ മാര്‍ഗവും അവലംബിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും അവകാശമുണ്ട്. അത് ആശയതലത്തില്‍ത്തന്നെ നടക്കേണ്ട സമരമാണ്. ഇവിടെ, ആശയം വിട്ട് വൈകാരികോദ്ഗ്രഥനത്തിലൂടെ കമ്യൂണിസ്റ്റുകാരെ നേരിടാനുള്ള പുറപ്പാടാണ് പവ്വത്തില്‍ നടത്തുന്നത്. നേരായ മാര്‍ഗമല്ലിത്.

"ക്രൈസ്തവരും മാര്‍ക്സിസ്റ്റുകളും ശത്രുതാ മനോഭാവത്തോടെ പെരുമാറാതെ സംവാദത്തിലേര്‍പ്പെടുന്നത് ഒരു ക്രിസ്ത്യാനിയെ മികച്ച ക്രിസ്ത്യാനിയായും മാര്‍ക്സിസ്റ്റിനെ മികച്ച മാര്‍ക്സിസ്റ്റായും മാറ്റും'' എന്ന് ബിഷപ് പൌലോസ് മാര്‍ പൌലോസ് പറഞ്ഞത് പവ്വത്തില്‍ തിരുമേനിക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാകാം. എന്നാല്‍, ചിന്താശേഷിയുള്ള വിശ്വാസികളെ സങ്കുചിതമായ ആ നിര്‍ബന്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അദ്ദേഹത്തിനെന്തവകാശം? ഇല്ലാത്ത ആ അവകാശം വിനിയോഗിക്കുമ്പോള്‍ പീയൂസ് ഒന്‍പതാമന്റെയും ഗ്രിഗറി പതിനാറമന്റെ വിഡ്ഢിത്തത്തില്‍ ജനിച്ച 'നരകവഴി'യുടെയും ഓര്‍മ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. നിലപാടുകളിലെ തെറ്റു ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുണ്ടാകുമ്പോള്‍ യുക്തിഭദ്രമായ മറുപടി നല്‍കാതെ, നിരീശ്വരര്‍ വിശ്വാസം തകര്‍ക്കുന്നു എന്ന് അലമുറയിട്ട് വികാരംകൊള്ളുന്നതിന് മിതമായ ഭാഷയിലുള്ള വിശേഷണങ്ങളില്ലതന്നെ.

Thursday, September 4, 2008

നരകത്തിലേക്കുള്ള പാത

പി എം മനോജ്

മു പ്പത്തിരണ്ടുകൊല്ലം മാര്‍പാപ്പയായിരുന്ന് ച രിത്രം സൃഷ്ടിച്ചയാളാണ് പീയൂസ് ഒമ്പതാ മന്‍ (1846-78). ഇംഗ്ളണ്ടില്‍ തീവണ്ടി ഓടിച്ചുതുടങ്ങിയ ഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പീയൂസ് തന്റെ സാമ്രാജ്യത്തില്‍ തീവണ്ടി നിരോധിച്ചു. 'നരകത്തിലേക്കുള്ള പാത'യാണ് റെയില്‍വെ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. (തീവണ്ടി നിരോധിച്ചത് പീയൂസ് ഒന്‍പതാമന്റെ തൊട്ടുമുമ്പ് മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമനാണ്. തെറ്റ് ചൂണ്ടിക്കാണിച്ച ഗുപ്തന്‍ എന്ന ബ്ലോഗര്‍ക്ക് നന്ദി.)തനിക്കെതിരെ ശബ്ദിക്കുന്നവരെ, അവര്‍ കര്‍ദിനാള്‍മാരായിരുന്നാല്‍പ്പോലും ക്രൂരമായി പീഡിപ്പിച്ച ഈ പാപ്പ, യേശുവിനെപ്പോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് വിമ്പടിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയുംചെയ്തിരുന്നു. തന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത ആക്ട ന്‍എന്ന പ്രമുഖ കത്തോലിക്കാ വിശ്വാസിയെ 'ആ തെമ്മാടി ആക്ട ന്‍നാറി' എന്നാണ് പരിശുദ്ധപിതാവ് വിശേഷിപ്പിച്ചത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തിരുവസ്ത്രമണിഞ്ഞ് വിവരക്കേടും ധാര്‍ഷ്ട്യവും വിളമ്പിയ പലരും ഉണ്ടായിരുന്നു. പീയൂസ് ഒന്‍പതാമനെപ്പോലുള്ള അത്തരക്കാര്‍ക്ക് വിശുദ്ധപട്ടത്തിലേക്ക് വലിച്ചുയര്‍ത്താന്‍ പില്‍ക്കാലത്ത് സഭ ശ്രമിച്ചിട്ടുമുണ്ട്. ഒറീസയിലെ ക്രൈസ്തവര്‍ക്ക് ഇന്ന് 'നരകത്തിലേക്കുള്ള പാത' റെയില്‍വെ അല്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്്ദളിന്റെയും നീട്ടിപ്പിടിച്ച ആയുധവും തീവെട്ടിയുമാണ് അവരെ 'നരകത്തിലേക്ക്' നയിക്കുന്നത്. വൈദികര്‍ ആക്രമിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സുവിശേഷ പ്രവര്‍ത്തകര്‍ ചുട്ടുകരിക്കപ്പെടുന്നു. പള്ളികളും അനാഥാലയങ്ങളും വെന്തുവെണ്ണീറാകുന്നു. ജീവനുംകൊണ്ട് ഓടുന്നവര്‍ക്ക് കാടാണ് അഭയകേന്ദ്രം. കുഷ്ഠരോഗികളെയും അവശന്മാരെയും ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനവാസത്തിന് അയക്കപ്പെടുന്നു! ഗുജറാത്തിന്റെ തുടര്‍ച്ചയാണ് ഒറീസ. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്്ദളും ഒറ്റപ്പെട്ട വര്‍ഗീയഗ്രൂപ്പല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പരിവാരഘടകങ്ങളാണവ. അവരാണ്, പുണ്യഭൂമിയായ; മോക്ഷഭൂമിയായ ഭാരതം സുവിശേഷവല്‍ക്കരണം എന്ന നീരാളിപ്പിടിത്തത്തില്‍ അമരുകയാണെന്നും' 'ഹിന്ദുക്കളേ, ഉണരൂ; ഭാരതത്തെ രക്ഷിക്കൂ' എന്നും അലമുറയിടുന്നത്. അവരുടെ നേതാവായ അടല്‍ബിഹാരി വാജ്പേയിയാണ്, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് "മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്ന്'' ആഹ്വാനംചെയ്തത്. ആ ആഹ്വാനമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും പച്ചജീവന്‍ കത്തിക്കരിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായത്. ഒളവണ്ണയിലെ കന്യാസ്ത്രീകളുടെ ചോര ചിതറിച്ചതും അതേ ആഹ്വാനംതന്നെയാണ്. എന്നിട്ടും പവ്വത്തില്‍തിരുമേനി പറയുന്നു, തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് പുനര്‍നിര്‍മിക്കാം എന്ന്. പള്ളി പൊളിഞ്ഞാലും ക്രൈസ്തവരെ കൊന്നൊടുക്കിയാലും വേണ്ടില്ല, നമുക്ക് 'വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ' പോരടിക്കാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. നടേപറഞ്ഞ പീയൂസ് ഒന്‍പതാമന്റെ ശ്രേണിയിലുള്ള പിതാക്കന്മാരുടെ ഓര്‍മ ഉണര്‍ത്തുന്നു റിട്ടയേഡ് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇവിടെ ബിഷപ്പ് പൌലോസ് മാര്‍പൌലോസിന്റെ വാക്കുകള്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിങ്ങനെ: "സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നവരെ നിരീശ്വരവാദികള്‍ എന്നു മുദ്രകുത്തുന്നത് സര്‍വസാധാരണമാണ്. ക്രിസ്തുമതത്തിലെ പല രക്തസാക്ഷികളും കേള്‍ക്കേണ്ടിവന്ന പോര്‍വിളി ഇങ്ങനെയാണ് "നിരീശ്വരവാദികള്‍ നശിക്കട്ടെ''. ക്രിസ്ത്യാനികളുടെ ചരിത്രവും ഒട്ടും മോശമല്ല. സഭയുടെ പരമ്പരാഗതമായ ഉപദേശങ്ങള്‍ക്ക് പുതിയതും പ്രസക്തവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയവരെയെല്ലാം നിരീശ്വരവാദികള്‍ എന്നാണ് മുദ്രയടിച്ചത്. ചിന്തിക്കുന്നവരെ തറ പറ്റിക്കുന്നതിനുള്ള ആയുധമായിട്ടാണ് നിരീശ്വരവാദം ഉപയോഗിക്കുക "നിരീശ്വരവാദമെന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യാത്മക മുഖമാണ്. ഊമനായ ആത്മാവുള്ള ബാലനെ സൌഖ്യമാക്കുന്നതിന് യേശുവിന്റെയടുക്കല്‍ കൊണ്ടുവന്ന പിതാവ് ഇങ്ങനെ പറഞ്ഞു. "കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിനു സഹായിക്കണമേ!!'' നാമൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും നാമൊക്കെ ആയിരിക്കുന്നത് ഈ അവസ്ഥയിലാണ്. നാം എല്ലാം വിശ്വാസികളാണ്. ഒരു പരിധിവരെ അവിശ്വാസികളുമാണ്. സംശയം വിശ്വാസത്തിന്റെ ഭാഗമാണ്. "ഒരു വിശ്വാസിയുടെ വിശ്വാസത്തിലുള്ള ആഴം ആശ്രയിച്ചുനില്‍ക്കുന്നത് എല്ലാ വിഗ്രഹാരാധനയെയും എതിര്‍ക്കുന്ന നിരീശ്വരവാദിയുടെതന്നെ വിശ്വാസത്തിന്റെ ശക്തിയിലാണ്''. ഈശ്വര വിശ്വാസസംരക്ഷണം എന്ന പേരും പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങളെ പരിരക്ഷിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവര്‍ ഇതറിഞ്ഞിരിക്കണം''. ആരാണ് ക്രിസ്ത്യാനിയുടെ ശത്രുക്കള്‍ എന്നതാണ് പ്രശ്നം. അത് 'നിരീശ്വര കമ്യൂണിസ്റ്റുകളാണെ'ന്ന് പവ്വത്തില്‍ തിരുമേനി പറയുന്നു. എന്നാല്‍, ആര്‍എസ്എസിന് അങ്ങനെ സംശയമില്ല. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒന്നുംരണ്ടും മൂന്നും നമ്പര്‍ ആന്തരികഭീഷണികളാണെന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ വിചാരധാര ആര്‍എസ്എസിന്റെ അടിസ്ഥാന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ എന്ന് വാജ്പേയി അനുയായികളെ ഉദ്ബോധിപ്പിച്ചതിന്റെ സന്ദേശം ഉപദേശിച്ചും തല്ലിയും തല്ലിപ്പുറത്താക്കിയും ക്രിസ്ത്യാനിയെ കൈകാര്യം ചെയ്തുകൊള്ളണം എന്നാണ്. അത് ആര്‍എസ്എസിന്റെ നയമാണ്. ആര്‍എസ്എസ് ബന്ധത്തില്‍ അഭിമാനംകൊള്ളുന്നവരാണ് വാജ്പേയിയും അദ്വാനിയും. ഗുജറാത്തില്‍ മുസ്ളിങ്ങളെ കൊന്നുതള്ളാന്‍ ഒരു ഗോധ്രയാണ് സൃഷ്ടിച്ചതെങ്കില്‍ ഒറീസയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം നിമിത്തമാക്കി. സ്വാമിയെ കൊന്നവരെ കണ്ടെത്തുക എന്ന കടമ വിസ്മരിച്ച് ഒറീസയിലെ പൊലീസ്, ക്രൈസ്തവരെ കൊന്നും കൊലവിളിച്ചും മരണതാണ്ഡവംനടത്തുന്ന കാവിപ്പടയ്ക്ക് അകമ്പടി സേവിക്കുന്നു. ബിഷപ് പവ്വത്തിലിന് സംഘപരിവാറിന്റെ സംഹാരാത്മക മുഖം കാണാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്നത്, സംഘപരിവാര്‍ തകര്‍ത്തതെല്ലാം നമുക്ക് വീണ്ടെടുക്കാം; കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് സഹിക്കാനാവില്ല എന്നാണ്. ഒട്ടേറെ മലയാളികള്‍ ഒറീസയിലെ കന്യാസ്ത്രീമഠങ്ങളിലും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിലുമുണ്ട്. മരണം 'ഓം കാളി' വിളിയുമായി പാഞ്ഞെത്തുന്നതിന് കാതോര്‍ത്ത് കര്‍ത്താവിങ്കല്‍ എല്ലാം സമര്‍പ്പിച്ച് വനാന്തരങ്ങളിലും ഒളികേന്ദ്രങ്ങളിലും നിമിഷങ്ങളെണ്ണുന്ന ആ പാവങ്ങളെയോര്‍ത്ത് കണ്ണീരുപൊഴിക്കുന്ന ആയിരക്കണക്കിന് ബന്ധുക്കള്‍ ഈ കേരളത്തിലുണ്ട്. അവരോടാണ് പവ്വത്തില്‍ തിരുമേനി പറയുന്നത്, അതൊക്കെ നമുക്ക് ശരിയാക്കാം, നിങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ഇടയലേഖനങ്ങള്‍ വായിച്ചും സമരംനടത്തിയും ജീവിച്ചുകൊള്ളൂ എന്ന്. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണോത്സുകതയെ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുക എന്നൊരു ദൌത്യംകൂടി ഇതിലൂടെ തിരുമേനി നിര്‍വഹിക്കുന്നുണ്ട്. ഇത് ഒരു ആസൂത്രിത അജന്‍ഡയാണ്്. സെപ്തംബര്‍ മൂന്നിന്റെ മലയാള മനോരമ പത്രം ആ അജന്‍ഡയ്ക്ക് സാധൂകരണം നല്‍കുന്നു. ഒറീസയിലെ വിഎച്ച്പി-ബജ്രംഗ്ദള്‍ ആക്രമണങ്ങള്‍ വിരാമമില്ലാതെ തുടരുമ്പോള്‍,ഏതോ ഒരു വിഎച്ച്പി നേതാവിന്റെ അടഞ്ഞകണ്ണുകള്‍ തുറപ്പിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ ബാബയ്ക്ക് ഹരിയാണയില്‍ ആശ്രമം കെട്ടിക്കൊടുത്തത് ആഘോഷിക്കുയാണ് മനോരമ. ക്രിസ്ത്യന്‍പാതിരിയായ ഫാദര്‍ അജി സെബാസ്റ്റ്യന്‍ കാവിപുതച്ച് ഇരിക്കുന്ന ചിത്രംസഹിതം പ്രസിദ്ധീകരിച്ച ആ വാര്‍ത്ത, 'ക്രൈസ്തവ വിശ്വാസികളേ, വിഎച്ച്പിയും ബജ്രംഗ്ദളും അത്ര മോശക്കാരല്ല' എന്നുറപ്പിക്കാനുള്ള ശ്രമമാണ്. മാര്‍ക്സിസ്റ്റുകാരാണ്, നിരീശ്വരരാണ് യഥാര്‍ഥ പ്രശ്നം എന്ന വാദം ആണിയടിച്ച് ഉറപ്പിക്കുന്നതിന്റെ അനുബന്ധ പ്രവര്‍ത്തനവുമാണത്. കമ്യൂണിസ്റ്റുകാര്‍ ക്രൈസ്തവ സഭയ്ക്കെതിരെ യുദ്ധം നടത്തുന്നവരല്ല. സിപിഐ എം പരിപാടിയില്‍ പറയുന്നു: "5.9 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയുംചെയ്യുന്നു. മുസ്ളിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെകൂടി ശരവ്യമാക്കുകയുംചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' ഇതാണ് സിപിഐ എമ്മിന്റെ നിലപാട്. ന്യൂനപക്ഷങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടി ജീവന്‍കൊടുത്തും പോരാടിയ ചരിത്രം സിപിഐ എമ്മിനല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെടാനാവുമെന്ന് പൌവത്തില്‍ തിരുമേനി ശാന്തമായി ചിന്തിച്ചുനോക്കണം. ഏറ്റവുമൊടുവില്‍ ഒറീസയില്‍ ക്രൈസ്തവവേട്ട നടക്കുമ്പോള്‍ സാന്ത്വനവുമായി പാഞ്ഞെത്തിയത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഈ കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും നെഞ്ചുവിരിച്ച് പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരാണുണ്ടായ തലശേരി കലാപത്തിന്റെ കഥ എക്കാലത്തും ഓര്‍ക്കപ്പെടേണ്ടതാണ്. കൊട്ടിയൂരിലും അമരാവതിയിലും കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് ഓടിയെത്തിയതെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ തിരുമേനിമാര്‍തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കാതിരിക്കാനാവുമോ? പള്ളിക്കൂടങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നും പാഠപുസ്തകങ്ങള്‍ മതനിരപേക്ഷമാകണമെന്നുമേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടിള്ളൂ. പാവപ്പെട്ടവനു പഠിക്കാനുള്ള അവസരത്തിനുവേണ്ടിയേ ഇടപെട്ടിട്ടുള്ളൂ. ഒരു പള്ളിയിലും കമ്യൂണിസ്റ്റുകാര്‍ കയറി അലമ്പുണ്ടാക്കിയിട്ടില്ല. പാര്‍ടിനേതാവായിക്കെ അന്തരിച്ച കമ്യൂണിസ്റ്റുകാരനെ മരണാനന്തരം വ്യാജപ്രസ്താവനയിലൂടെ 'വിശ്വാസി'യാക്കിയ സഭാനേതൃത്വത്തിന്റെ ലജ്ജാശൂന്യതയെയേ എതിര്‍ത്തിട്ടുള്ളൂ. അതല്ലാതെ ഒരു വിശ്വാസിയെയും ബലംപ്രയോഗിച്ച് കമ്യൂണിസ്റ്റാക്കിയിട്ടില്ല. ക്രൈസ്തവ സഭ നടത്തുന്ന ആശയ പ്രചാരണത്തിന്റെ എല്ലാ മാര്‍ഗവും അവലംബിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും അവകാശമുണ്ട്. അത് ആശയതലത്തില്‍ത്തന്നെ നടക്കേണ്ട സമരമാണ്. ഇവിടെ, ആശയം വിട്ട് വൈകാരികോദ്ഗ്രഥനത്തിലൂടെ കമ്യൂണിസ്റ്റുകാരെ നേരിടാനുള്ള പുറപ്പാടാണ് പവ്വത്തില്‍ നടത്തുന്നത്. നേരായ മാര്‍ഗമല്ലിത്. "ക്രൈസ്തവരും മാര്‍ക്സിസ്റ്റുകളും ശത്രുതാ മനോഭാവത്തോടെ പെരുമാറാതെ സംവാദത്തിലേര്‍പ്പെടുന്നത് ഒരു ക്രിസ്ത്യാനിയെ മികച്ച ക്രിസ്ത്യാനിയായും മാര്‍ക്സിസ്റ്റിനെ മികച്ച മാര്‍ക്സിസ്റ്റായും മാറ്റും'' എന്ന് ബിഷപ് പൌലോസ് മാര്‍ പൌലോസ് പറഞ്ഞത് പവ്വത്തില്‍ തിരുമേനിക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാകാം. എന്നാല്‍, ചിന്താശേഷിയുള്ള വിശ്വാസികളെ സങ്കുചിതമായ ആ നിര്‍ബന്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അദ്ദേഹത്തിനെന്തവകാശം? ഇല്ലാത്ത ആ അവകാശം വിനിയോഗിക്കുമ്പോള്‍ പീയൂസ് ഒന്‍പതാമന്റെയും അദ്ദേഹത്തിന്റെ വിഡ്ഢിത്തത്തില്‍ ജനിച്ച 'നരകവഴി'യുടെയും ഓര്‍മ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. നിലപാടുകളിലെ തെറ്റു ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുണ്ടാകുമ്പോള്‍ യുക്തിഭദ്രമായ മറുപടി നല്‍കാതെ, നിരീശ്വരര്‍ വിശ്വാസം തകര്‍ക്കുന്നു എന്ന് അലമുറയിട്ട് വികാരംകൊള്ളുന്നതിന് മിതമായ ഭാഷയിലുള്ള വിശേഷണങ്ങളില്ലതന്നെ.
(ഈ പോസ്റ്റ് അബദ്ധത്തില്‍ ഡിലിറ്റ് ചെയ്തുപോയത് വീണ്ടും പോസ്റ്റ് ചെയ്യുന്നു. ഇതില്‍ വന്ന ഒരു പിശക് ചൂണ്ടിക്കാട്ടി ഗുപ്തന്‍ എന്ന ബ്ളോഗര്‍ ഒരു കമന്റിട്ടിരുന്നു. പിശകു ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തിന് നന്ദി. തീവണ്ടി നിരോധിച്ചത് പീയൂസ് ഒന്‍പതാമന്റെ തൊട്ടുമുമ്പ് മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമനാണ്.)
Gregory in fact banned railways in the Papal States, calling them chemins d'enfer (literally "ways of hell," a play on the French for railroad, chemin de fer, literally "iron road").

രോഗീലേപനം

തുടസ്സ'മാണ് പ്രശ്നം. ഇ വി കൃഷ്ണപിള്ള പറഞ്ഞപോലെ തുടങ്ങാനുള്ള തടസ്സം. കൂദാശയെക്കുറിച്ചും മതത്തെക്കുറിച്ചും മത്തായി ചാക്കോയെക്കുറിച്ചും പറയുമ്പോള്‍ എങ്ങനെ, എവിടെ പറഞ്ഞുതുടങ്ങണമെന്നത് പ്രശ്നംതന്നെയാണ്. അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു: "ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.'' ശത്രുക്കളുടെ വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സോവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ളവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരെ സഭയുടെ ഒരു തലത്തിലും അടുപ്പിക്കാന്‍ പാടില്ലെന്ന് തീരുമാനമെടുത്ത ചങ്ങനാശേരി പാസ്റ്ററല്‍ കൌണ്‍സിലിലെ ആരും ഫാദര്‍ കാമിലോയെക്കുറിച്ച് അറിഞ്ഞിരിക്കാനിടയില്ല. കമ്യൂണിസ്റ്റ് പാര്‍ടിക്ക് അന്ത്യകൂദാശ നല്‍കാന്‍ ഇറങ്ങിത്തിരിച്ച തിരുവമ്പാടിയിലെ താടിയുള്ള അച്ചനും പാലായിലെ ചന്ദ്രന്‍കുന്നില്‍നിന്ന് ശുഭ്രളോഹയില്‍പൊതിഞ്ഞ് തിരുവമ്പാടിവരെ സഞ്ചരിച്ചെത്തിയ താടിയില്ലാത്ത അച്ചനും കാമിലോ എന്നല്ല, അബ്രഹാം ലിങ്കണ്‍ എന്ന പേരുപോലും കേട്ടിട്ടുണ്ടാവില്ല. അമേരിക്കയിലേക്ക് നോക്കുകയല്ലാതെ അവിടെയുള്ള സത്യങ്ങള്‍ കാണാനുള്ള കണ്ണ് ചന്ദ്രന്‍കുന്നിലുണ്ടോ എന്ന് ആര്‍ക്കറിയാം.

എന്തായാലും മഹാനായ അമേരിക്കന്‍ പ്രസിഡന്റ് എന്നറിയപ്പെടുന്ന അബ്രഹാം ലിങ്കണെപ്പറ്റി അല്‍പ്പം ചില കാര്യങ്ങളെങ്കിലും അവര്‍ കേള്‍ക്കേണ്ടതാണ്. ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റുവൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു. "നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കണെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കണ്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ ചിറ്റിലപ്പിള്ളിമാര്‍ ശ്രമിച്ചത്. ലിങ്കണ്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കണെതിരെ കലിതുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്ലോ. അഞ്ചാംതവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു. വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്. ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി. ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്.

രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയുംകുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിസെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നുപറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളിസെമിത്തേരിയില്‍ അടക്കംചെയ്യാനാവില്ലെന്നായി പുരോഹിതര്‍. വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷംപേരുണ്ടായിരുന്നു. അതുകാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട്് പ്രതികാരംചെയ്തു.

മത്തായി ചാക്കോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മെത്രാന്‍ പ്രകോപനപ്പെടുകയും മറ്റുചിലര്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോള്‍ ശതമന്യുവിന് പഴയ ചിലകാര്യങ്ങള്‍ ഓര്‍മവന്നതാണ്. സത്യവിശ്വാസികള്‍ പൊറുക്കണം. ശതമന്യുവും വിശ്വസിക്കുന്നത് വിശുദ്ധമായ സത്യത്തിലാണ്. വിശുദ്ധ കള്ളത്തിലല്ല. അതുകൊണ്ടുതന്നെ, എം വി രാഘവന്റെ ഭാഷ ബിഷപ്പ് പറഞ്ഞാല്‍ മറുപടി ബിഷപ്പിന്റെ ഭാഷയിലാകണമെന്ന് ശതമന്യൂ വിശ്വസിക്കുന്നു. നികൃഷ്ടമായ വര്‍ത്തമാനം പറയുന്നവരെ ഉല്‍കൃഷ്ടരെന്നു വിളിക്കാന്‍ പാടില്ലെന്നും വിശ്വസിക്കുന്നു.

ശതമന്യുവിന് ക്രിസ്തുവിലാണ് വിശ്വാസം. ബുദ്ധിയും വിചാരവും വികാരത്തിനും വിശ്വാസത്തിനും പണയപ്പെടുത്തി വിവരക്കേട് പാട്ടമെടുക്കുന്നവനല്ല ശതമന്യു. ആ പണിയെടുക്കാന്‍ ചെന്നിത്തലയുണ്ടല്ലോ. പിണറായി വിജയന്‍ മാപ്പുപറയണമെന്ന് ചെന്നിത്തലയും തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെടുമ്പോള്‍ കപ്പല്‍കയറുന്നത് നെഹ്റുവിന്റെയും ഇന്ദിരയുടെയും പാരമ്പര്യമാണ്.

"സംഘടിത മതം എല്ലായ്പ്പോഴും നിക്ഷിപ്ത താല്‍പ്പര്യമായും അനിവാര്യമാറ്റത്തെയും പുരോഗതിയെയും എതിര്‍ക്കുന്ന പ്രതിലോമശക്തിയായും തീരുന്നു'' എന്നാണ് (ഇന്ത്യയെ കണ്ടെത്തല്‍) നെഹ്റു എഴുതിയത്. ദൈവത്തിലോ മതത്തിലോ എനിക്കു വിശ്വാസമില്ല, എന്റെ ജീവിതത്തില്‍ എനിക്ക് ഊന്നുവടികള്‍ ആവശ്യമില്ല എന്ന് ഇന്ദിരാഗാന്ധി സധൈര്യം വ്യക്തമാക്കി. ആ നെഹ്റുവിനെയും ഇന്ദിരയെയും ചെന്നിത്തലയ്ക്ക് അറിയാമോ ആവോ. ഗാന്ധിജിയെ അന്തിക്രിസ്തു എന്നു വിളിച്ച സഭാമേലധ്യക്ഷരുടെയും ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രോഗീലേപനം നല്‍കാന്‍ നടക്കുന്നവരുടെയും മനോഗതി ഒന്നാണെന്ന് സമ്മതിക്കാനുള്ള വിവേകബുദ്ധി ചെന്നിത്തലയ്ക്കുണ്ടാകില്ല.

Wednesday, September 3, 2008

ഭൂതകാലം മറക്കരുത്

പി എം മനോജ്

ഇന്ന് ബിഷപ്പ് മാര്‍ പൌവ്വത്തില്‍ യുഡിഎഫിനുവേണ്ടി സ്വന്തം സഭാമക്കളുടെ രക്തത്തെയും കണ്ണീരിനെയും തള്ളിപ്പറയുന്നു. എന്നാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലം അങ്ങനെ മറക്കാനാകുമോ, അന്നു നാടിനേറ്റ മുറിവുകള്‍ എളുപ്പം കരിഞ്ഞുപോകുമോ? ആ അഞ്ചുകൊല്ലംകൊണ്ട് കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനങ്ങളുടെ എണ്ണം 121 ആയിരുന്നു. അതില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായിരുന്നു. പരിക്കുപറ്റിയവര്‍- 250. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ചുകൊല്ലം സംസ്ഥാനത്ത് വര്‍ഗീയകലാപങ്ങളോ വര്‍ഗീയതയുടെപേരിലുള്ള കലഹങ്ങളില്‍ ഒരാള്‍ക്കുപോലും ജീവഹാനിയോ ഉണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.

യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍ ഇരുപത്തിരണ്ടാണ്. 306 ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായി.മറ്റ് ആരു മറന്നാലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് മറക്കാനാകില്ല അക്കാലം. എത്രയെത്ര ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍... ഒളവണ്ണയിലെ ഹരിജന്‍കോളനിയില്‍ പാവങ്ങളെ സഹായിക്കാനെത്തിയ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധശ്രമം നടത്തിയത്. അക്രമികളില്‍ ഒരാള്‍പോലും നിയമത്തിന്റെ പിടിയിലായില്ല. തൃശൂരിലെ മാളയില്‍ വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അന്വേഷണം നടത്തിയ ഡിവൈഎസ്പി ജോളി ചെറിയാന്‍ കണ്ടെത്തിയത്് അഞ്ച് ആര്‍എസ്എസുകാരാണ് കൊലയാളികളെന്നാണ്. മൂന്നുപേരെ പിടികിട്ടിയെന്നും പ്രഖ്യാപിച്ചു. എന്നാല്‍, അവസാനം അറസ്റ്റിലായത് രഘുകുമാര്‍ എന്ന മനോരോഗി. ആര്‍എസ്എസുകാരെ രക്ഷപ്പെടുത്തി. കേസ് സിബിഐയെ ഏല്‍പിക്കുന്നതിലും ഉമ്മന്‍ചാണ്ടി ഒളിച്ചുകളിച്ചു.

കോവൂരിലും നമ്പിക്കൊല്ലിയിലും പുരോഹിതന്മാരെ ആര്‍എസ്എസ് ആക്രമിച്ചു. പൊലീസ് നിഷ്ക്രിയമായിരുന്നു.2005 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ സഭയുടെ ബിഷപ്സ് ഹൌസ് ഗുണ്ടകള്‍ ആക്രമിച്ചു. കാര്‍ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ തല്ലിത്തകര്‍ത്തു. കാവല്‍ക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി. ബിഷപ്പ് വിന്‍സന്റ് സാമുവലും വികാരി ജനറല്‍ ക്രിസ്തുദാസും ബിഷപ്സ് ഹൌസിലുള്ളപ്പോഴാണ് ആക്രമണം. ബിഷപ്സ് ഹൌസിലെ പട്ടക്കാരനായ ഫാ. ജെറാള്‍ഡ് മത്യാസിനെ അപായപ്പെടുത്താനാണ് കൊലയാളിസംഘം എത്തിയത്. സ്പിരിറ്റുമാഫിയ സംഘത്തലവനായ കോണ്‍ഗ്രസ് നേതാവ് സജിന്‍ലാലാണ് ബിഷപ്സ് ഹൌസ് ആക്രമിച്ചത്.
സജിന്‍ലാല്‍ ഒന്നാംപ്രതിയായ ഒരു കൊലപാതക കേസ് കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചതിനെതിരെ ഫാ. ജെറാള്‍ഡ് മത്യാസിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജിന്‍ലാലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഈ കേസില്‍ ഒന്നാംസാക്ഷിയാണ് ഫാ. ജെറാള്‍ഡ് മത്യാസ്. ജാമ്യത്തിലിറങ്ങിയ സജിന്‍ലാല്‍ പലതവണ ഫാദറിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റി പറയാന്‍ പ്രേരിപ്പിച്ചു. വധഭീഷണിയും മുഴക്കിയിരുന്നു. സംരക്ഷണത്തിന് സമീപിച്ചപ്പോള്‍ പൊലീസ് കൈമലര്‍ത്തി. തുടര്‍ന്നായിരുന്നു ബിഷപ്സ് ഹൌസ് ആക്രമണം.

സജിന്‍ലാലിനെ സംരക്ഷിച്ചതും ബിഷപ്സ് ഹൌസ് ആക്രമണത്തിന് പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേക്ക് പുന്നയ്ക്കാട് വാര്‍ഡില്‍നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചത് സജിന്‍ലാലാണ്. ആലുവ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അതിക്രമിച്ചുകയറിയ പൊലീസ്, വൈദികരും കന്യാസ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. തല്ലുകൊണ്ട് ചോരയൊലിപ്പിച്ചും അരുതേ എന്നു നിലവിളിച്ചും ഓടിയ വൈദികരുടെ ദൈന്യം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് കേരളം ഞെട്ടിത്തരിക്കുകയായിരുന്നു.

ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ തടയുമെന്ന് വര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തി. ഇഷ്ടമുള്ള മതവിശ്വാസം വെച്ചുപുലര്‍ത്തുക എന്ന ഇന്ത്യയുടെ ഉന്നതമായ മതേതരപാരമ്പര്യത്തിനുനേരെ വന്ന ആ ആക്രമണവും യുഡിഎഫ് സര്‍ക്കാര്‍ ഗൌനിച്ചില്ല. മാറാട് ഉള്‍പ്പെടെ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമായത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയമായിരുന്നുവെന്ന് അന്വേഷണ കമീഷനുകള്‍ കണ്ടെത്തി.
-മാറാട് കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചില്ല. ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ ഒത്താശചെയ്തു.-മാറാട്ട് ആദ്യകലാപത്തിന് ഉത്തരവാദികളായ വര്‍ഗീയവാദികള്‍ക്കെതിരെ കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ തയ്യാറായില്ല.
-കേരള, തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല.-കുഴപ്പമുണ്ടാകാനുള്ള സാധ്യത സ്ഥലം എംഎല്‍എ വി കെ സി മമ്മദുകോയ ചൂണ്ടിക്കാട്ടിയത് മുഖവിലയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
-മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനു പകരം ഉള്ളവരെപ്പോലും പിന്‍വലിച്ചു.-മുസ്ളിം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ആ സമുദായത്തെയാകെ പീഡിപ്പിക്കാനും സംഘര്‍ഷം നിലനിര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നതിനുമാണ് ആര്‍എസ്എസ് മുതിര്‍ന്നത്. ഇതിനെ കര്‍ശനമായി നേരിടുന്നതിനു പകരം ആര്‍എസ്എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
-മതേതരപ്രസ്ഥാനങ്ങളെ സമാധാനശ്രമങ്ങളില്‍നിന്നു മാറ്റിനിര്‍ത്തി വര്‍ഗീയവാദികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. -സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ സംഭവസ്ഥലത്തുപോലും കൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ മടക്കിക്കൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാര്‍ ആശ്രയിച്ചത്.
ഇങ്ങനെ വര്‍ഗീയസംഘടനകളുമായി ഉണ്ടാക്കിയ ഇടപാടുകളിലൂടെ കേരളത്തിന്റെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തെത്തന്നെ യുഡിഎഫ് വെല്ലുവിളിച്ചു.
-ചേര്‍ത്തലയിലെ തൈക്കാട്ടും തുമ്പയിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇതേകാലത്ത് ഉയര്‍ന്നുവന്നു.വര്‍ഗീയവാദികള്‍ക്കെതിരായി കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരിക്കലും യുഡിഎഫ് തയ്യാറായിട്ടില്ലെന്നതിന് എണ്ണിയെണ്ണി പറയാന്‍ ഇനിയുമുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍.

കാവിവല്‍ക്കരണത്തെ ആന്റണി പരസ്യമായി അനുകൂലിക്കുകയായിരുന്നു. വിദ്യാഭ്യാസകാവിവല്‍ക്കരണത്തിനെതിരായ അഖിലേന്ത്യാ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിട്ടുനിന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂലവിതരണം പ്രോല്‍സാഹിപ്പിച്ചു.
ഇടുക്കി പദ്ധതിപ്രദേശത്ത് ക്ഷേത്രനിര്‍മാണം കയ്യുംകെട്ടി നോക്കിനിന്നു. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വര്‍ഗീയ വിഷലിപ്തമായ പ്രചാരണത്തിന് യുഡിഎഫിന്റെ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
ന്യൂനപക്ഷസമുദായങ്ങള്‍ സമ്പന്നരാണെന്നും സമ്മര്‍ദ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും ആന്റണി പ്രഖ്യാപിച്ചു.
വര്‍ഗീയകലാപത്തിന്റെ വിഷവിത്തുവിതച്ച രഥയാത്രയ്ക്കെതിരെ ശക്തമായ നിലപാടെടുത്തില്ല.
ന്യൂനപക്ഷ വര്‍ഗീയതയ്ക്കും കിട്ടി പലപ്പോഴും പ്രോല്‍സാഹനം. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട എന്‍ഡിഎഫുകാരെ സമ്മര്‍ദത്തിനുവഴങ്ങി കേസുകളില്‍നിന്ന് ഒഴിവാക്കി.
മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്ക് തുറന്നുകാണിക്കാന്‍ തയ്യാറായില്ല.
വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിച്ച് ജാതിമതവര്‍ഗീയ സംഘടനകള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വീതംവെക്കുന്നതിനു കാര്‍മികരായി യുഡിഎഫ് നേതൃത്വംതന്നെ നിലകൊണ്ടു. സമുദായങ്ങള്‍ക്കുള്ളിലെ സമ്പന്നവര്‍ഗങ്ങളുടെ സംരക്ഷണമാണ് ലീഗ് അടക്കമുള്ള വര്‍ഗീയകക്ഷികള്‍ നടത്തുന്നതെന്ന സത്യം മൂടിവെച്ച് പാവപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ കബളിപ്പിക്കുകയായിരുന്നു അവര്‍.

മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യത്തില്‍ പ്രതിസ്ഥാനത്തു നിന്ന ആര്‍എസ്എസുമായി ചോരവീണ അതേമണ്ണില്‍ സന്ധിയുണ്ടാക്കാന്‍ യുഡിഎഫിന് ബുദ്ധിമുട്ടുണ്ടായില്ല. മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ തുറന്നസഖ്യത്തിലായിരുന്നു ആര്‍എസ്എസും യുഡിഎഫും. ഇവരുടെ പൊതുസ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് നേരിട്ടത്. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.

കന്യാസ്ത്രീകളെ ആക്രമിക്കാന്‍ തയ്യാറായ ഒളവണ്ണയില്‍ കോ-ലീ-ബി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തി. വിജയിച്ചത് എല്‍ഡിഎഫായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി കെ പത്മനാഭന് 4.84 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍, അതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ട് ലഭിച്ചിരുന്നു. സ്വന്തം നേതാവായ പത്മനാഭനെ ബലികൊടുത്തും യുഡിഎഫിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നു ബിജെപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പ്രകടനം യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ എല്ലാ നെറികേടും വെളിപ്പെടുത്തുന്നതായിരുന്നു.

വര്‍ഗീയശക്തികളുമായി സന്ധിയില്ലാ സമരമാണ് ഇടതുപക്ഷപ്രസ്ഥാനം നടത്തുന്നത്. ഭരണരംഗത്ത് വര്‍ഗീയശക്തികള്‍ക്ക് ഒരുതരത്തിലുമുള്ള സ്വാധീനം ഇല്ലാതിരിക്കുക എന്നത് മതനിരപേക്ഷത സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. മതനിരപേക്ഷശക്തികളുടെ കൂട്ടായ്മയായ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ എന്നു ജനങ്ങള്‍തിരിച്ചറിയുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എല്‍ഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം.
ഇന്ന് എല്‍ഡിഎഫ് ഗവര്‍മെണ്ട് രണ്ടേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ കേരളം വര്‍ഗീയകലാപങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും മുക്തമാണ്. ഒരിടത്തും വര്‍ഗീയശക്തികള്‍ക്ക് സ്വൈരവിഹാരം നടത്താന്‍ കഴിയുന്നില്ല. എന്നിട്ടും മാര്‍ പൌവ്വത്തിലിന് ഇത്തരത്തില്‍ വിഷം വമിപ്പിക്കാന്‍ കഴിയുന്നു!

Monday, August 11, 2008

മൃദുമുരളീരവം

മൃദുമുരളീരവം#links

മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും- 2

"ആഗോള ഗ്രാമത്തിന്റെ അധിപന്മാര്‍' എന്നശീര്‍ഷകത്തില്‍ ബെന്‍ ബഗ്ദി ക്യാന്‍ എഴുതിയ പുസ്തകം 1989ലാണ് പ്രസിദ്ധീകരിച്ചത്. ലോകമാകെ ഒരു 'ഗ്രാമ'മാകുമ്പോള്‍ അതിന്റെ തലപ്പത്തെത്തുന്ന മാധ്യമ ചക്രവര്‍ത്തിമാരെക്കുറിച്ചാണ് ആ പുസ്തകം വിവരിക്കുന്നത്.'ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തത്ര ജനപഥങ്ങളെ സ്വാധീനിക്കുംവിധം ആശയങ്ങളെയും സംസ്കാരത്തെയും വ്യാപാരങ്ങളെയും കുടുക്കിട്ടുപിടിക്കുന്ന ഏകമുഖ അധീശത്വമുള്ള' വന്‍ സ്വകാര്യ സംഘടനകള്‍ ലോകമാധ്യമങ്ങളെ കയ്യടക്കുമെന്നാണ് ബെന്നിന്റെ വിലയിരുത്തല്‍. പുതിയ നൂറ്റാണ്ടിലെ മാധ്യമങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും പരിശോധിക്കുമ്പോള്‍ സാമ്രാജ്യത്വ സൃഷ്ടിയായ ആഗോളവല്‍ക്കരണത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന കടന്നുകയറ്റത്തെയാണ് ആദ്യം കാണേണ്ടത്.ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ലോക വ്യാപാരസംഘടന, ധനകാര്യ ഏജന്‍സികള്‍ എന്നിവയിലൂടെയാണ് ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ലോകത്താകെ വ്യാപിക്കുന്നത്. മുതലാളിത്തത്തിന്റെ സത്ത തന്നെ ലാഭാധിഷ്ഠിതമായ ചൂഷണമായിരിക്കെ, അത് സാധൂകരിക്കുന്നതിനുള്ള പ്രചാരണദൌത്യമാണ് മാധ്യമഭീമന്‍മാര്‍ക്ക്. ആഗോള മാധ്യമവ്യവസ്ഥയുടെ കൈകാര്യകര്‍ത്താക്കള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടേത് മാത്രമല്ല, സാമ്രാജ്യശക്തികളുടെയാകെ കോളനിയാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ്. സാമ്രാജ്യത്വത്തിന്റെ മുഖം അനുദിനം മാറുന്നു. കായികമായി ആക്രമിച്ചു കീഴ്പ്പെടുത്തി വരുതിയിലാക്കുക എന്നതിനോടൊപ്പമോ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ ആശയമണ്ഡലത്തിലെ അധിനിവേശത്തിലൂടെ ലോകജനതയെ തങ്ങള്‍ക്കനുയോജ്യമാംവിധം പരുവപ്പെടുത്തിയെടുക്കുക എന്നരീതി പ്രയോഗിക്കപ്പെടുന്നു.എങ്ങനെ ആളുകളുടെ മനസ്സിനെ വശത്താക്കാമെന്നും ചിന്തകള്‍ക്ക് കടിഞ്ഞാണിടാമെന്നും ആണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഗവേഷണം ചെയ്യുന്നത്. സ്വന്തം നിലനില്‍പിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍പോലും പ്രതികരണശേഷിയറ്റ നിശ്ശബ്ദരും നിഷ്ക്രിയരുമായ നിരീക്ഷകരാക്കി ജനങ്ങളെ അവരറിയാതെ മാറ്റിയെടുക്കുക എന്ന പ്രക്രിയയാണ് വളരെ സമര്‍ഥമായി നിര്‍വഹിച്ചു പോരുന്നത്. ഈയിടെയായി ഇന്ത്യന്‍ മാധ്യമമേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ബഹുരാഷ്ട്ര മാധ്യമകുത്തകകള്‍ ശ്രമിക്കുന്നതും അതിന് ഇന്ത്യാ ഗവര്‍മെണ്ട് ഒത്താശ ചെയ്യുന്നതും അതിനെതിരെ സര്‍വവ്യാപിയായ പ്രതിഷേധം ഉയരുന്നതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍."വികസിത രാജ്യങ്ങളില്‍ സമീപകാലത്തായി പത്ര-മാധ്യമ കുത്തക വന്‍തോതില്‍ വളര്‍ന്നു വന്നതും വൈവിധ്യത്തിനും ബഹുസ്വരതക്കും ഗൌരവപൂര്‍വമായ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്കും കോട്ടം സംഭവിച്ചതും നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയിലും പത്രമേഖലയില്‍ കുത്തക പ്രവണതകളും കമ്പോളത്തിലെ ഓഹരി വെട്ടിപ്പിടിത്തം ലക്ഷ്യമാക്കിയുള്ള ആക്രമണോല്‍സുക കമ്പോളരീതികളും എതിരാളിയെ വധിക്കുന്ന തരത്തിലുള്ള മല്‍സരവും ഉയര്‍ന്നുവന്നിട്ടുണ്ട്. വൈവിധ്യത്തിനും ബഹുസ്വരതക്കും ഗുരുതരമായ ഭീഷണിയുളവാക്കും വിധം ഇംഗ്ളീഷിലും ചില ഇന്ത്യന്‍ ഭാഷകളിലുമുള്ള വൃത്താന്ത പത്രവിപണിയില്‍ ഇരുധ്രുവ രീതിയോ ഏകധ്രുവരീതിയോ തന്നെ വളര്‍ന്നുവന്നിരിക്കുന്നു. വിശേഷിച്ചും മലയാളം, ബംഗാളി, തെലുങ്ക് എന്നിവയില്‍ (എന്‍ റാം, ഭീഷണി മാധ്യമരംഗത്തും).അമേരിക്കയിലെ ദുഷ്പ്രവണതകള്‍ ഇന്ത്യയിലും എല്ലാ തീവ്രതയോടും കൂടി വളര്‍ന്നിരിക്കുന്നു എന്നാണ് അനുഭവം. എല്ലാ കാലത്തും ഇന്ത്യയിലെ പത്രങ്ങളില്‍ സാമ്രാജ്യാഭിമുഖ്യം കടന്നുകയറിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിക്കുകയും ബ്രിട്ടീഷ് കോളനിവാഴ്ചക്ക് ഹല്ലേലുയ പാടുകയും ചെയ്ത വന്‍കിട പത്രങ്ങള്‍ ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് മര്‍ദക ഭരണകൂടത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തി ഇന്ത്യന്‍ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗത്തിന്റെ സഹയാത്രികരായി നിലക്കൊണ്ട പത്രങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് ധാരകളില്‍ നിന്നും ഭിന്നമായി ഇടതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങളുടെ സാന്നിധ്യവും ഇന്ത്യയില്‍ ശക്തമാണ്. ഇതിനെയെല്ലാം കവച്ചുവെച്ച് മാധ്യമരംഗത്തെയാകെ കൈപ്പിടിയിലൊതുക്കി സമ്പൂര്‍ണമായ ആധിപത്യം സ്ഥാപിക്കുകയാണ് ആഗോള മാധ്യമ കുത്തകകളുടെ താല്‍പര്യം.അതിനുവേണ്ടിയാണ് ഇന്ത്യന്‍ വൃത്താന്ത പത്രമേഖലയിലേക്ക് കടന്നുവരാന്‍ ബഹുരാഷ്ട്ര ഭീമന്‍മാര്‍ നിരന്തരം ശ്രമിക്കുന്നത്. ആ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുന്ന അവസ്ഥയാണ് എന്‍ഡിഎ ഗവര്‍മെണ്ട് സൃഷ്ടിച്ചിരിക്കുന്നത്. അരാഷ്ട്രീയത ജനങ്ങളില്‍ ആധിപത്യം നേടുന്നത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. ചൂടുള്ള വാര്‍ത്തകളല്ല ക്രീം പുരട്ടി ഡക്കറേറ്റ് ചെയ്ത വിഭവങ്ങളാണ് അവര്‍ ജനങ്ങള്‍ക്ക് വിളമ്പുന്നത്. ഫാഷന്‍ഷോയും ശരീര സൌന്ദര്യമല്‍സരങ്ങളും ആഭാസനൃത്തവും ഇന്ന് സാധാരണ തൊഴിലാളിയുടെ ഇടുങ്ങിയ വീട്ടുമുറിയില്‍ പോലും ടിവി ചാനലുകളിലൂടെ കടന്നെത്തുന്നു. നിര്‍ദോഷമായ കലാപരിപാടികളായി ഇത് അവഗണിക്കപ്പെടുമ്പോള്‍ കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തന പദ്ധതിയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അമേരിക്കയില്‍ ഗവര്‍ണര്‍ പദവിയിലേക്ക് മല്‍സരിക്കുന്ന ആര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ എന്ന മസില്‍മാന്റെ അടുക്കളയിലേക്കും കിടപ്പറയിലേക്കും ഇങ്ങ് കേരളത്തിലെ പാവം ഓട്ടോ ഡ്രൈവറെ അടക്കം പിടിച്ചു കൊണ്ടുപോകാനുള്ള കരുത്ത് റൂപ്പര്‍ട്ട് മുര്‍ദോക്കുമാര്‍ക്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും കലയും സിനിമയുമെല്ലാം മുഖ്യധാരാ രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. ആ അര്‍ഥത്തില്‍ തന്നെയാണ് അവയ്ക്ക് സ്വീകാര്യത കിട്ടുന്നത്. ബൂര്‍ഷ്വാ സമൂഹത്തില്‍ ആധിപത്യം വഹിക്കുന്നതും അധികാരം കൈയാളുന്നതും അധ്വാനിക്കുന്ന ജനങ്ങളല്ല മറിച്ച് ഭൂപ്രഭുക്കളും കുത്തക മുതലാളിമാരും അവരുടെ താല്‍പര്യങ്ങളുമാണ്. അതുകൊണ്ട്, മുഖ്യധാരാ മാധ്യമങ്ങളുടെ പൊതുവായ താല്‍പര്യം ഭരണവര്‍ഗത്തിന്റെ താല്‍പര്യമായിരിക്കും.വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ഇംഗിതങ്ങള്‍ക്കുമനുസരിച്ചുള്ളവ മാത്രമാണ് ജനങ്ങള്‍ കാണുന്നത്. അവയ്ക്ക് മാത്രമാണ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രോല്‍സാഹനവും അംഗീകാരവും ലഭിക്കാറുള്ളതും. പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന്റെ ഉത്ഭവം അമേരിക്കയിലാണ്. പൊതുജനങ്ങളുടെ മനസ്സ്് നിയന്ത്രിക്കാനുള്ള ഉപാധിയെന്ന നിലയിലാണ് അമേരിക്കന്‍ മുതലാളിത്തം പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന് തുടക്കമിട്ടത്. കണ്‍കെട്ടുവിദ്യയോടുപമിക്കാവുന്നതാണത്. കണ്‍മുന്നിലുള്ളതിനെ മറ്റൊന്നായി അവതരിപ്പിക്കുകയും കൃത്രിമമായ ആ കാഴ്ച്ചയ്ക്കനുസൃതമായി അഭിപ്രായങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി.സമൂഹത്തിന്റെ വര്‍ഗപരമായ ഉള്ളടക്കത്തെയും വേര്‍തിരിവുകളെയും നിസ്സാരവല്‍ക്കരിച്ചുകാട്ടി, സ്വന്തം വര്‍ഗത്തില്‍ നിന്ന് തനിക്ക് മോചനം എന്നതിലേക്ക് വ്യക്തികളെ എത്തിക്കുകയാണ് ഈ തന്ത്രത്തിന്റെ കാതല്‍. വ്യക്തിയെ അയല്‍ക്കാരുടെ വേവലാതികള്‍ ശ്രദ്ധിക്കാന്‍ നേരമില്ലാതാക്കുകയും മാസബജറ്റിന്റെയും കുട്ടികളുടെ ഫീസിന്റെയും ഊരാക്കുടുക്കുകളില്‍ തളച്ചിടുകയും ചെയ്യുമ്പോള്‍ അയാള്‍ സാമൂഹികമായ കര്‍ത്തവ്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമെന്ന് പുതിയ മാധ്യമത്തമ്പുരാക്കന്മാര്‍ക്കറിയാം. സ്വന്തം കാര്യത്തിലേക്ക് ഉള്‍വലിയാന്‍ പ്രചാരണത്തിന്റെ അദൃശ്യകരങ്ങള്‍ ശീലിപ്പിക്കുന്നു. അണുകുടുംബങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ് കമ്പോളവല്‍കൃതസമൂഹത്തിന് പഥ്യം. ഈ മനോഭാവം അടിച്ചുറപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. പൊതുപ്രവര്‍ത്തനത്തോട് പൊതുവെ അവജ്ഞ വളര്‍ത്തുക, എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കുക, തൊഴിലാളിവര്‍ഗത്തിന്റെ സംഘടനയെ അവഹേളിച്ച് നിഷ്പ്രഭമാക്കുക, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ അപവാദപ്രചാരണങ്ങളിലൂടെ വിലയിടിച്ചുകാട്ടുക തുടങ്ങിയ രീതികള്‍ തുടര്‍ച്ചയായി അവലംബിക്കപ്പെടുന്നു. വാര്‍ത്തകള്‍ക്കല്ല, പിന്നാമ്പുറ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കിട്ടുന്നത്. യഥാര്‍ഥ വസ്തുതകള്‍ക്കല്ല, അതിന്റെ മാംസളമായ വൈകാരിക അംശത്തിനാണ് പ്രാമുഖ്യം കിട്ടുന്നത്. ഈ പ്രവണത പലപ്പോഴും അതിരുകടന്ന് നമ്മുടെ സാംസ്കാരിക ബോധത്തെ ആക്രമിക്കുന്നു. ഇവിടെ, മലയാള പത്രപ്രവര്‍ത്തനത്തില്‍ കണ്ടുവരുന്ന ഒരു പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട ഒരു സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്.ഇന്ത്യയിലെ പത്രങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട പ്രസ് കൌണ്‍സിലിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് പി ബി സാവന്ത് ഒരിക്കല്‍ പറഞ്ഞത്, "പത്രസ്വാതന്ത്യ്രമെന്നാല്‍ പത്രമുതലാളിയുടെ സ്വാതന്ത്യ്രമല്ല, അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്യ്രമാണ്'' എന്നാണ്. പത്രമുതലാളിമാര്‍ 'കോടിപതി'കളാകുമ്പോള്‍ (മനോരമ പരസ്യം) വായനക്കാര്‍ കബളിപ്പിക്കപ്പെടുകയാണ്. കമ്യൂണിസ്റ്റുകാരെ ഭീകരരായും ചോരകുടിയന്‍മാരായും സംസ്കാരശൂന്യരായും ചിത്രീകരിക്കാന്‍ സെനറ്റര്‍ മക്കാര്‍ത്തി തന്റെ നല്ലകാലമാകെ വിനിയോഗിച്ചു.കേരളത്തില്‍ പണ്ടൊരു പത്രാധിപര്‍ പറഞ്ഞത്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ പല തവണ കേരളത്തില്‍ മുഖ്യമന്ത്രിമാരായിട്ടും ഒരാത്മഹത്യയും വരെ ഉണ്ടായില്ല എന്നസത്യം വിരല്‍ചൂണ്ടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ എതിര്‍ക്കാന്‍ ഏതുതലംവരെയും പോകാന്‍ വിരുദ്ധശക്തികള്‍ തയറാവും എന്നുതന്നെയാണ്. വിദ്യാര്‍ഥി സമരത്തില്‍ ഉയരുന്ന ജീവല്‍പ്രധാനമായ ആവശ്യങ്ങളെ അവഗണിച്ച് അക്രമത്തിന്റെയും സമൂഹവിരുദ്ധതയുടെയും ലേബല്‍ വിദ്യാര്‍ഥികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത് ജനങ്ങളോട് സമരത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പുറത്തുവരുന്നത് ഈ പ്രത്യയശാസ്ത്ര ദൌത്യമാണ്. കീഴടങ്ങാനും വിധേയരാവാനുമുള്ള ഉത്തേജക ഔഷധങ്ങളാണ് വാര്‍ത്തകളിലൂടെയും പരസ്യങ്ങളിലൂടെയും മാധ്യമങ്ങള്‍ നല്‍കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും ഉള്ള തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയുമെല്ലാം നാടിന്റെ പുരോഗതിയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളും അവഗണിക്കപ്പെടുന്നു..കേരളത്തിന്റെ ഉദാഹരണം നോക്കുക. ക്യാമ്പസുകളില്‍ ഭീകരവാഴ്ച നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കാലഹരണപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനെ സമാധാനത്തിന്റെ അപ്പോസ്തലന്‍മാരായി പാടിപ്പുകഴ്ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തെല്ലും മടിയില്ല. മാതൃകാപരമായ പ്രവര്‍ത്തനശൈലിയിലൂടെ വിദ്യാര്‍ഥി സമൂഹത്തിന്റെ മനസില്‍ അജയശക്തിയായി വളര്‍ന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തോടാകട്ടെ ഇവര്‍ക്ക് തീരാത്ത അരിശമാണ്. 22 വിദ്യാര്‍ഥികളെ ക്യാമ്പസിനകത്തും പുറത്തുംവെച്ച് പലപ്പോഴായി കടന്നാക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിന്റെ കൊടുംപാതകങ്ങള്‍ ഈ പത്രങ്ങളില്‍ ഒരിക്കലും കണ്ണില്‍പെടുന്ന വാര്‍ത്തയായിരുന്നില്ല. തൃശൂരില്‍ എട്ടുവര്‍ഷം മുമ്പ് യൂനിവേഴ്സിറ്റി കലോല്‍സവ നഗരിയിലെ മുഖ്യവേദിക്ക് മുമ്പില്‍ കുട്ടനെല്ലൂര്‍ ഗവര്‍മെണ്ട് കോളേജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കെ വി കൊച്ചനിയനെ കുത്തിക്കൊന്നപ്പോള്‍ ഒറ്റക്കോളം വാര്‍ത്ത ഒന്നാംപേജില്‍ ഉള്‍പ്പെടുത്താനുള്ള പത്രധര്‍മം അവരില്‍ ഉണര്‍ന്നിരുന്നില്ല. അത്തരക്കാരാണ് എതിരാളിയുടെ പുറത്ത് ചാപ്പ കുത്തിയെന്ന 'അന്തര്‍ദേശീയ വാര്‍ത്ത' സൃഷ്ടിച്ച് മാസങ്ങളോളം കൊണ്ടാടി തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിസംഘടനയെ ആവോളം കരിതേച്ചത്. ആ ചാപ്പകുത്തലിന്റെ തനിനിറം കെട്ടുകഥചമച്ച ഒരാള്‍തന്നെ വെളിപ്പെടുത്തിയപ്പോള്‍ അത് മൂടിവെക്കാന്‍ ചില മാധ്യമങ്ങള്‍ കാണിച്ച വെപ്രാളം ഈയടുത്ത നാളുകളിലെ കാഴ്ച്ചയായിരുന്നു.ലോകമാകെ നോക്കിയാലും ഇന്ത്യയിലായാലും കേരളത്തിലായാലും ഏറ്റവും ഭീകരമായ അടിച്ചമര്‍ത്തല്‍ നേരിട്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഭരണകൂടവും എതിര്‍രാഷ്ട്രീയക്കാരും ജന്‍മി-മുതലാളി പ്രമാണിമാരുടെ ഗുണ്ടകളും ഇത്രയേറെ വേട്ടയാടിയ മറ്റൊരു പാര്‍ടിയില്ല. ആക്രമണത്തിന് ഇരയായി ഏറ്റവുമധികം പ്രവര്‍ത്തകരുടെ ജീവന്‍ ത്യജിക്കേണ്ടി വന്ന രാഷ്ട്രീയകക്ഷിയും കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നാല്‍ ബൂര്‍ഷ്വാ പത്രങ്ങളുടെ കണ്ണില്‍ മാര്‍ക്സിസ്റ്റുകാരാണ് എവിടെയും കുഴപ്പക്കാര്‍. എതിര്‍പക്ഷത്ത് ആരായാലും വലിയ സമാധാനപ്രിയരും.ചുറ്റുപാടും എന്തു നടക്കുന്നു എന്നു മനസ്സിലാക്കിയാലേ എന്തുചെയ്യണം എന്ന് തീരുമാനിക്കാവൂ. മുഖ്യധാരാ മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്തും ഉപ്പുചേര്‍ക്കാതെ വിഴുങ്ങുന്നവര്‍ക്ക് സമൂഹത്തിന്റെ യഥാര്‍ഥ മിടിപ്പുകള്‍ കാണാനാവില്ല. അതുകൊണ്ടാണ്, ഒറ്റനോട്ടത്തില്‍ പുരോഗമന ചിന്താഗതിക്കാരെന്ന് തോന്നുന്ന 'സാംസ്കാരിക നായകര്‍' പോലും ചതിക്കുഴികളില്‍ വീഴുന്നത്. രാഷ്ട്രപിതാവിനെ കൊന്ന; അനേകലക്ഷങ്ങളുടെ ചോരയില്‍ കൈമുക്കി നില്‍ക്കുന്ന ഭീകരസംഘടനയെ വെറുമൊരു സാംസ്കാരിക സംഘടനയാണെന്ന് ചിത്രീകരിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നത് ഈ ലാഘവത്വം കൊണ്ടാണ്. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തിനുശേഷം ലോകത്താകെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദവിരുദ്ധ പ്രചാരണം ഇസ്ളാംവിരുദ്ധമായി രൂപാന്തരപ്പെടാന്‍ ഏറെ സമയമെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും കൂട്ടക്കശാപ്പുനടത്താന്‍ ഈ പ്രചാരണം കൊണ്ടാണ് പെന്റഗണ്‍ തറയൊരുക്കിയത്. അമേരിക്കക്കെതിരെ ഏതോ ഒറ്റപ്പെട്ട ഭീകരസംഘടന നടത്തിയ ആക്രമണത്തിന്റെ വില നല്‍കേണ്ടിവന്നത് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കായ ജനങ്ങളാണ്. രണ്ട് ആക്രമണങ്ങളും മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെട്ടവയാണ്. വാര്‍ത്താമാധ്യമങ്ങളെ അടക്കിവാഴുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ താല്‍പ്പര്യാനുസരണം അവയുടെ വാണിജ്യ സീമകള്‍ വിസ്തൃതമാക്കാന്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ചോരപ്പുഴകള്‍ സൃഷ്ടിക്കുകയായിരുന്നു.മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ച ഭരണാധികാരിയെന്ന സല്‍പ്പേര് അമേരിക്കയുടെ ഭ്രാന്തന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സദ്ദാംഹുസൈന് സഹായകമായില്ല. മാധ്യമങ്ങള്‍ ഇസ്ളാംവിരോധമായി രൂപാന്തരപ്പെടുത്തിയ 'ഭീകരവിരുദ്ധ' ക്യാമ്പയിന്‍ വിതച്ച വിപത്ത് ഇറാഖിനെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ലക്ഷങ്ങളുടെ കുരുതിപ്പറമ്പാക്കി. അല്‍ ഖ്വയ്ദയുമായി തെളിയിക്കപ്പെട്ട ബന്ധമില്ലാതിരുന്നിട്ടും മതാധിഷ്ഠിത തീവ്രവാദശക്തിയല്ലാതിരുന്നിട്ടും ഇറാഖ് എന്ന ഇരയെ കണ്ടെത്താനും തച്ചുതകര്‍ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒട്ടും അമാന്തിച്ചുനില്‍ക്കേണ്ടിവന്നില്ല. ഇതിലെ അസ്വാഭാവികത കാണാന്‍ ജനങ്ങളെ മാധ്യമങ്ങള്‍ അനുവദിച്ചുമില്ല.ഒരുവശത്ത് സാമ്പത്തിക കോയ്മകൊണ്ട് മാധ്യമങ്ങളെ വരുതിയിലാക്കുന്നവര്‍ മറുവശത്ത് ബദല്‍ മാധ്യമ സംരംഭങ്ങളെ തല്ലിത്തകര്‍ക്കാനും മുതിരുന്നു. സ്വാതന്ത്യ്രവും സത്യസന്ധതയും അപകടത്തിലാകും വിധം ബദല്‍ മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലാണ്. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും ആക്രമിക്കപ്പെടുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്യ്രം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നു.മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. നാസിപാര്‍ട്ടി ജര്‍മ്മനിയിലെ മാധ്യമങ്ങളെയാണ് ആദ്യം സ്വന്തമാക്കിയത്. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന എന്‍ ഡി എ ഗവര്‍മെണ്ട് ഫാസിസ്റ്റ് സ്വഭാവമാര്‍ജിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ജനങ്ങളെയാകെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഫാസിസത്തിന് മാധ്യമങ്ങള്‍.കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചത് അദ്ദേഹം സംഘ്പരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതി എന്ന 'കുറ്റം'കൊണ്ട് മാത്രമായിരുന്നു.ഇന്ത്യയില്‍ ആകെ സമീപകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ മറ്റൊരു മുഖമാണിത്. നഇന്ത്യയില്‍ നൂറോളം ഭാഷകളായി അമ്പതിനായിരത്തോളം പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. പത്രങ്ങളും ടെലിവിഷനും റേഡിയോയും ഇന്റര്‍നെറ്റും എല്ലാമായി ജനസംഖ്യയുടെ പകുതിലേറെപ്പേര്‍ക്ക് ദൈനംദിനം വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വേയിലെ കണ്ടെത്തല്‍. ദിനപത്രങ്ങള്‍ വായിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ 1510 ലക്ഷമാണ് (നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വേ 2001). രാജ്യത്ത് ലഭ്യമായ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരുടെ എണ്ണം 1780 ലക്ഷമാണ്. 3730 ലക്ഷമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം. റേഡിയോ സ്രോതാക്കളാകട്ടെ 1750 ലക്ഷവും.കേരളത്തില്‍ ഈ തോത് ദേശീയശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 80.7 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 62.2 ശതമാനത്തിനും ദൈനംദിനം പത്രങ്ങള്‍ ലഭ്യമാകുന്നു എന്നാണ് 1999ല്‍ കണക്കാക്കിയിട്ടുള്ളത് (ഐആര്‍എസ്-99). ജനങ്ങളുടെ സിംഹഭാഗവും ഏതെങ്കിലും ഒരു തരത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ദൈനംദിന വിവരശേഖരണം നടത്തുന്നു. പ്രത്യക്ഷമായോ അല്ലാതെയോ മാധ്യമങ്ങളുടെ സ്വാധീന പരിധിയില്‍ വരുന്ന ഭൂരിപക്ഷത്തെ ലക്ഷ്യംവെച്ചാണ് ആഗോള മാധ്യമക്കുത്തകകള്‍ ഇന്ത്യയുടെ വാതിലില്‍ മുട്ടുന്നത്. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്യ്രം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്യ്രത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടീഷനുകൂലവും പ്രതികൂലവുമായി പത്രങ്ങള്‍ രണ്ടുചേരിയിലായിരുന്ന.ഭൂരിപക്ഷം പത്രങ്ങളും കോളനിഭരണത്തിനെതിരെ നിലകൊണ്ടു. അവയാണ്'ദേശീയ പത്രങ്ങളാ'യി അറിയപ്പെട്ടത്.ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്വതന്ത്ര നിലപാടിനും നിര്‍ഭയത്വത്തിനും ചരിത്രപരമായ പശ്ചാത്തലമുണ്ടെന്നര്‍ത്ഥം.നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്യ്രത്തിന്റെ കാലം കൂടിയായിരുന്നു. ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്യ്ര ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്യ്ര നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശം നിഷേധിച്ചു. അതിലൂടെ സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്യ്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്യ്രം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്യ്രവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യ്രം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു.1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്യ്രത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വിത്തല്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. 1977ല്‍ ജനതാമന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് ഇന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്കായിരുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ ആദ്യം കിട്ടിയ സുവര്‍ണ്ണാവസരമായാണ് അന്ന് അതിനെ സംഘ്പരിവാര്‍ കണ്ടത്. അന്ന്് പാകിയ അടിത്തറയിലാണ് പിന്നീട് അധികാരത്തില്‍ എത്തിപ്പിടിക്കാനും കിട്ടിയ അധികാരം നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ സംഘനേതൃത്വം മെനഞ്ഞത്. ഇന്ത്യയിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ മാധ്യമമേഖലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. ആ സാന്നിധ്യം തകര്‍ക്കുക എന്നത്് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സുപ്രധാന ആവശ്യമാണ്. മുതലാളിത്ത വികസനപാത പിന്തുടരുന്നതിന് വിദേശ ഫിനാന്‍സ് മൂലധനവുമായി സര്‍വാത്മനാ സഹകരിക്കുകയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വം സ്വയം വരിക്കുകയും ചെയ്ത ഇന്ത്യന്‍ ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗ്ഗഭരണത്തിന്റെ താല്‍പ്പര്യങ്ങള്‍ സ്വാഭാവികമായും ആഗോള മാധ്യമ ഭീമന്മാരുടെ ഇംഗിതങ്ങളോട് സമരസപ്പെടുന്നവയാണ്. ഏകതാനമായ ഈ ലക്ഷ്യമാണ് ഇങ്ങ് കേരളത്തിലും പ്രഛഹ്നവേഷമിട്ടെത്തുന്നത്. മാധ്യമങ്ങളിലെ സാമ്രാജ്യ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. നാം കുടിക്കുന്ന വെള്ളവും തേക്കുന്ന സോപ്പും എന്തിന് നമ്മുടെ ചിരിയും പ്രതികരണങ്ങളും വരെ മാധ്യമങ്ങളുടെ ഉല്‍പ്പന്നമായ അഭിരുചികള്‍ക്കനുസരിച്ചാകുമ്പോള്‍, നാമറിയാതെ നമ്മുടെ ബോധത്തില്‍ സാമ്രാജ്യത്വത്തിന്റെ വിഷവിത്തുകള്‍ തഴച്ചുവളരുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുന്നത് അനിവാര്യതയാകുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ശിഥിലമാക്കാനും പ്രതിലോമ ചിന്തകള്‍ക്ക്് മാന്യതനല്‍കാനുമുള്ള നീക്കങ്ങള്‍ തടയപ്പെടുന്നില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള വഴി വളരെ ചെറുതാകും. ആഗോള മാധ്യമങ്ങളെ മനസ്സിലാക്കുക എന്നത് ആഗോളവ്യാപകമായ പുത്തന്‍ കോളണി തന്ത്രങ്ങളെ അറിയുക എന്നതുതന്നെയാണ്. നമ്മെ കീഴടക്കാന്‍ വിവിധ രൂപങ്ങളില്‍ കടന്നുവരുന്ന സാമ്രാജ്യദല്ലാളന്മാരെയും അവരുടെ

മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും

ലോകസാമ്രാജ്യത്വത്തിന്റെ ഫലപ്രദമായ ആയുധമാണ് വാര്‍ത്താമാധ്യമങ്ങള്‍. 90കളുടെ തുടക്കം മുതല്‍ ലോക രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ഇന്‍ഫര്‍മേഷന്‍ രംഗത്തെ അതിശയകരമായ പുരോഗതിയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അപ്രമാദിത്വവും മുതലാളിത്ത വ്യവസ്ഥക്ക് ഏറെ അനുകൂലമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നവകൊളോണിയല്‍ രൂപംപൂണ്ട മുതലാളിത്തത്തിന് അതിന്റെ തന്നെ ഉല്‍പന്നമായ പുതിയ മാധ്യമവ്യവസ്ഥയെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരുന്നു. വര്‍ഗസമരത്തിന്റെ കൃത്യവും സുപ്രധാനവുമായ ഒരു മേഖലയാണ് മാധ്യമരംഗം. സമ്പന്ന വര്‍ഗത്തിന്റെ കുഴലൂത്ത് നടത്തുന്നതില്‍ മാത്രമല്ല അവയ്ക്ക് അനുകൂലവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രതികൂലവുമായ പ്രത്യയശാസ്ത്ര പ്രചാരണദൌത്യം ശാസ്ത്രീയമായി നിര്‍വഹിക്കുന്നു എന്നതില്‍ക്കൂടിയാണ് പുത്തന്‍ മാധ്യമവ്യവസ്ഥയുടെ പ്രാധാന്യം. അക്രമരഹിതമായ അധിനിവേശത്തിന്റെ വിനാശകാരിയായ ആയുധമായി ഉപയോഗിക്കാന്‍ മാധ്യമങ്ങളെ പാകപ്പെടുത്തുക എന്നതില്‍ സാമ്രാജ്യത്വം വിജയിച്ചിട്ടുണ്ട്. "ലയനങ്ങളും ഏറ്റെടുക്കലുകളും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 1990കളാകുമ്പോള്‍ ഒരൊറ്റ വന്‍കിട സ്ഥാപനം ലോകത്തെ പ്രധാന മാധ്യമങ്ങളെയാകെ കീഴടക്കുമെന്ന്'' 1983ല്‍ ബെന്‍ ബഗ്ദിക്യാന്‍ പ്രവചിച്ചിരുന്നു. മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ മുന്‍കൂട്ടി കണ്ടു എന്നതാണ് പുലിറ്റ്സര്‍ അവാഡ് ജേതാവും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജേണലിസം സ്കൂളില്‍ ഡീന്‍ എമിറിറ്റസുമായ ബഗ്ദിക്യാനിന്റെ സംഭാവന. റൂപ്പര്‍ട്ട് മുര്‍ദോക്ക്(ന്യൂസ'് കോര്‍പറേഷന്‍ ഉടമ), ടൈം വാര്‍ണര്‍, ഡിസ്നി, വയാകോം, സോണി, ജനറല്‍ ഇലക്ട്രിക് എന്നീ സ്ഥാപനങ്ങള്‍ ലോകമാധ്യമങ്ങളെയാകെ നിയന്ത്രിക്കുകയാണ്. ലോകം എന്ത് അറിയണമെന്നും, എന്ത് ചിന്തിക്കണമെന്നും എന്തൊക്കെ വാങ്ങുകയും ഉപയോഗിക്കുകയും വേണമെന്നും ഇവര്‍ തീരുമാനിക്കുന്നു. റൂപ്പര്‍ട്ട് മുര്‍ദോക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ അധികാരങ്ങളും സ്വാധീനവും ഈ മാധ്യമഭീമനുണ്ട്. ആസ്ട്രേലിയക്കാരനായ മുര്‍ദോക്ക് അമേരിക്കന്‍ പൌരത്വം എടുത്താണ് തന്റെ മാധ്യമസാമ്രാജ്യത്വത്തിന്റെ വല ലോകമാകെ എറിഞ്ഞത്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചുകിടക്കുന്ന മാധ്യമസ്ഥാപനങ്ങളുള്ള മുര്‍ദോക്കിനെക്കുറിച്ച് മല്‍സരരംഗത്തുള്ള മറ്റൊരു സ്ഥാപനമായ വയാകോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമ്മര്‍ റെഡ്സ്റ്റോണ്‍ പറഞ്ഞത് "അദ്ദേഹത്തിന് അടിസ്ഥാനപരമായി ലോകം കീഴടക്കണമെന്നുണ്ട്'' എന്നാണ്. ടൈംസ്് ഓഫ് ഇന്ത്യയില്‍ പത്രാധിപന്മാരുടെ സ്ഥാനം മാനേജര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു അത്. ഇന്ന് ലോകവ്യാപകമായി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നയം തീരുമാനിക്കുന്നത് മാനേജ്മെന്റ് വിദഗ്ധരാണ്. മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതാകട്ടെ പരസ്യദാദാക്കളും. അമേരിക്കയില്‍ മാഗസിനുകള്‍ക്ക് 50 ശതമാനവും പത്രങ്ങള്‍ക്ക് 80 ശതമാനവും റേഡിയോ-ടെലിവിഷന്‍ കമ്പനികള്‍ക്ക് നൂറുശതമാനവും വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. അന്നദാദാക്കളായ കോര്‍പ്പറേഷനുകള്‍ക്ക് പരിപൂര്‍ണ്ണമായി വഴങ്ങാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ല. 17000 കോടി ഡോളര്‍ വര്‍ഷാവര്‍ഷം പരസ്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ക്കുനല്‍കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത വാര്‍ത്തകളും അന്വേഷണങ്ങളും സെന്‍സര്‍ചെയ്യുന്നു. അനുസരിച്ചില്ലെങ്കില്‍ പരസ്യം നിഷേധിക്കുന്നു."പരസ്യങ്ങള്‍ എങ്ങനെ മാധ്യമവ്യവസ്ഥയെ അധീനപ്പെടുത്തുന്ന എന്നതിന്റെ ഉത്തമദൃഷ്ടാന്തമാ''യി അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായത്തെ എഡ്വിന്‍ ഹെര്‍മ്മന്‍(കാര്‍ ബിസിനസ് സ്്കൂള്‍) ചൂണ്ടിക്കാട്ടുന്നുണ്ട്.വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താക്കളായ റൂപ്പര്‍ട്ട് മുര്‍ദോക്കിനെപ്പോലുള്ളവര്‍ വ്യക്തിപരമായിത്തന്നെ തങ്ങളുടെ പ്രത്യയശാസ്ത്രധാരണകള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വന്തം മാധ്യമ സ്ഥാപനങ്ങളെ ഉപകരണമാക്കുന്നു. പരസ്യദാദാക്കളുടെ സമ്മര്‍ദ്ദങ്ങളേക്കാള്‍ ഫലപ്രദമായ ഇടപെടലാണത്. വാര്‍ത്തകള്‍ സ്വേഛക്കനുസരിച്ച് ഉല്‍പ്പാദിപ്പിക്കാന്‍ ഇത്തരം മാധ്യമചക്രവര്‍ത്തിമാര്‍ക്കറിയാം. ഈ ജോലി ഭംഗിയായി നിര്‍വഹിക്കാനറിയാവുന്ന റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും അവര്‍ പോറ്റിവളര്‍ത്തുന്നു. ഫ്ളോറിഡയില്‍ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ ഉടമസ്ഥതയിലുള്ള ടിവി സ്റ്റേഷന്‍ മാനേജര്‍ ഒരിക്കല്‍ അവകാശപ്പെട്ടത്, "ഞങ്ങള്‍ മൂന്ന് ബില്യന്‍ ഡോളര്‍ ഈ ടിവി സ്റ്റേഷനുകള്‍ക്ക് വേണ്ടി മുടക്കിയിട്ടുണ്ട്, അതുകൊണ്ട് എന്താണ് വാര്‍ത്തയെന്ന് ഞങ്ങള്‍ തീരുമാനിക്കും, ഞങ്ങള്‍ പറയുന്നതെന്തോ അതാണ് വാര്‍ത്ത''യെന്നാണ്.'എന്റെ സത്യസന്ധമായ അഭിപ്രായങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എഴുതാതിരിക്കാനാണ് ആഴ്ചയില്‍ എനിക്കവര്‍ ശമ്പളം തരുന്നത്. നിങ്ങളിലാരെങ്കിലും സത്യസന്ധമായ അഭിപ്രായം പത്രത്തിലെഴുതുക എന്ന വിഡ്ഢിത്തം കാണിച്ചാല്‍ അടുത്ത ദിവസം മറ്റൊരു ജോലിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരും' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിഖ്യാത എഡിറ്ററായിരുന്ന ജോണ്‍ സ്വിന്‍ഡന്‍ പത്രലേഖകരെ ഒരിക്കല്‍ ഉദ്ബോധിപ്പിച്ചത്. അണിയറക്ക് പിന്നില്‍ നില്‍ക്കുന്ന പണച്ചാക്കുകളുടെ താളത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനത്തെ ബൌദ്ധിക വ്യഭിചാരമായി അദ്ദേഹം വിശേഷിപ്പിച്ചു. വാര്‍ത്താവിതരണ-വിശകലനങ്ങളിലെ ആസൂത്രിതമായ ഇടപെടലാണ് മൂന്നാമത്തെ സ്വാധീന ഘടകം. വാര്‍ത്തകളും അവയുടെ വിശകലനങ്ങളും തയ്യാര്‍പെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍തന്നെ വാണിജ്യ കോര്‍പ്പറേഷനുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. നേരിട്ട് വാര്‍ത്തകളില്‍ കടന്നുകയറി അവയെ പക്ഷപാതപരമായി മാറ്റിമറിക്കാന്‍ പ്രയാസമുള്ളിടത്ത് എത്തിപ്പറ്റാനുള്ള എളുപ്പവഴിയായി 'വിദഗ്ധ'രെയും 'ഗവേഷണ'സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ഹെറിറ്റേജ് ഫൌണ്ടേഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാറ്റോഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ തങ്ങള്‍ക്കനുകൂലമായ 'വിദഗ്ധാഭിപ്രായങ്ങള്‍' പടച്ചുവിടാന്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ പണം മുടക്കി നടത്തുന്ന സ്ഥാപനങ്ങളാണ്.സിബിഎസോ എന്‍ബിസിയോ അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് നിരന്തരം വാര്‍ത്തകൊടുക്കുന്നുവെങ്കില്‍ അവയുടെ പിതൃസ്ഥാപനങ്ങളായ വെസ്റ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും അമേരിക്കന്‍ ഗവര്‍മ്മെണ്ടുമായി വന്‍തോതിലുള്ള ആയുധക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്."വ്യവസ്ഥാപിതമായ സവിശേഷാധികാരങ്ങളെ പിന്തുണച്ച് തദനുസൃതമായി വാദപ്രതിവാദങ്ങളെയും ചര്‍ച്ചകളെയും പരിമിതപ്പെടുത്തിയും സ്വന്തം വാര്‍ത്തകള്‍ രൂപപ്പെടുത്തിയും വിശകലനങ്ങള്‍ തയ്യാറാക്കിയും മാധ്യമങ്ങള്‍ അടുത്ത പരസ്പരബന്ധം പുലര്‍ത്തുന്ന ഭരണകൂടത്തിന്റെയും കുത്തകാധികാരത്തിന്റെയും താല്‍പര്യങ്ങളെ സേവിക്കുന്നു'' (നോം ചോംസ്കി, നെസസ്സറി ഇല്യൂഷന്‍സ്- തോട്ട് കണ്‍ട്രോള്‍ ഇന്‍ ഡെമോക്രാറ്റിക് സൊസൈറ്റീസ്). മാധ്യമങ്ങളുടെ ധര്‍മം ഇതായി സാമ്രാജ്യത്വം കണക്കാക്കുമ്പോള്‍ പുതിയ അധിനിവേശശ്രമങ്ങളെ മറ്റൊരര്‍ഥത്തില്‍ കാണാനാവില്ല.രാഷ്ട്രീയമായ അധിനിവേശത്തിനുവേണ്ടി മാധ്യമങ്ങളെ സാമ്രാജ്യത്വം ഉപയോഗിക്കുന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ചിലി. 1964ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആ രാജ്യത്ത് അമേരിക്ക വിനിയോഗിച്ചത് 30,00,000 ഡോളറാണ്. '70 മുതല്‍ '73 വരെ ചിലിയന്‍ ഗവര്‍മെണ്ടിനെ അട്ടിമറിക്കാന്‍ 80,00,000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആ കൊച്ചുരാജ്യത്തിലേക്ക് ഒഴുകി. അമേരിക്കന്‍ താല്‍പര്യത്തിനനുസൃതമായ ലേഖനങ്ങളും വാര്‍ത്തകളും ചിലിയിലെ മാധ്യമങ്ങളില്‍ കുത്തിനിറക്കുക എന്ന ഒറ്റ പരിപാടിക്കുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കപ്പെട്ടത്. '53 മുതല്‍ അമേരിക്കന്‍ മാധ്യമഭീമന്‍മാര്‍ ചിലിയന്‍ പത്രങ്ങളെ നിരക്ക് കുറച്ച വാര്‍ത്താ ഏജന്‍സി സര്‍വീസിലൂടെയും അനേകതരത്തിലുള്ള സബ്സിഡികളിലൂടെയും വരുതിയിലാക്കാന്‍ ശ്രമിച്ചു വന്നു. പത്രങ്ങള്‍, റേഡിയോ, ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, കത്തുകള്‍, ചുമരെഴുത്ത് എന്നിങ്ങനെ എല്ലാത്തരം മാര്‍ഗങ്ങളും ചിലിയന്‍ ജനതക്കുമേല്‍ പ്രയോഗിക്കപ്പെടുകയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയെ ഭീകര ഭരണാധികാരിയായി ചിത്രീകരിക്കാന്‍ സോവിയറ്റ് ടാങ്കുകളുടെയും ക്യൂബന്‍ പട്ടാളത്തിന്റെയും ചിത്രങ്ങള്‍ വികൃതമാക്കി ഉപയോഗിച്ചു. മാര്‍പ്പാപ്പയുടെ പേരില്‍ ആയിരക്കണക്കിന് കത്തുകള്‍ ചിലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അയച്ചു. അലന്‍ഡെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചിലി കമ്യൂണിസ്റ്റ് സര്‍വാധിപത്യരാജ്യമാകുമെന്നും അങ്ങനെ വന്നാല്‍ മതങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുമെന്നും പ്രചരിപ്പിച്ചു. ഇത് ചെറിയ ഉദാഹരണം മാത്രം. ലോകത്താകെ കമ്യൂണിസത്തിനെതിരെ അമേരിക്ക നടത്തിയ കടന്നാക്രമണങ്ങളുടെ ഏറ്റവും ചെറിയ പതിപ്പ്. ലോകത്തെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷന്‍ ടൈം വാര്‍ണറാണ്. 1989ല്‍ ടൈം, വാര്‍ണര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയോജിപ്പിച്ച് രൂപീകൃതമായ ടൈം വാണനര്‍ ഇന്ന് ലോകത്താകെ 200ലേറെ ഉപസ്ഥാപനങ്ങളുള്ള വന്‍കിട കമ്പനിയാണ്. സിഎന്‍എന്‍, എച്ച്ബിഒ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ചാനലുകള്‍ ടൈം മാസിക ഉള്‍പ്പെടെയുള്ള 24 മാസികകള്‍, ലോകത്ത് ഏറ്റവും വലിയ സംഗീത ഗ്രൂപ്പായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് എന്നിവയെല്ലാം ഈ ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ വകയാണ്. 60 ശതമാനത്തിലേറെ വരുമാനം ഇവര്‍ ആര്‍ജിക്കുന്നത് അമേരിക്കക്ക് പുറത്തുനിന്നാണ്. ഡിസ്നി ടൈം വാര്‍ണറിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു ഭീമനാണ്. എബിസി ടെലിവിഷന്‍ ഡിസ്നിയുടേതാണ്. ഇഎസ്പിഎല്‍ എന്ന സ്പോട്സ് ചാനലിലൂടെ വന്‍കുതിപ്പാണ് ഡിസ്നിക്കുണ്ടായത്. ഡിസ്നിലാന്റിന്റെയും ഡിസ്നി വേള്‍ഡിന്റെയും ഉടമസ്ഥാവകാശമുള്ള ഈ സ്ഥാപനം ലോകത്താകെ വേരൂന്നിയിരിക്കുന്നു.എംടിവിയുടെ ഉടമകളായ വയാകോമാണ് മറ്റൊരു വമ്പന്‍. 25 കോടി വീടുകളിലേക്ക് ഒരേസമയം സാമ്രാജ്യതാല്‍പര്യാധിഷ്ഠിതമായ വിനോദ പരിപാടികളാണ് എംടിവി എത്തിക്കുന്നത്. പാരമൌണ്ട് പിക്സ്ചേഴ്സ് ഉള്‍പ്പെടെ വന്‍കിട ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളും വീഡിയോ, മ്യൂസിക് സംരംഭങ്ങളും വയാകോമിനുണ്ട്.ലണ്ടന്‍ ടൈംസും ന്യൂയോര്‍ക്ക് പോസ്റ്റും ഉള്‍പ്പെടെയുള്ള 150ഓളം പത്രങ്ങള്‍ ഫോക്സ് ടിവിയും എംഎസ്എന്‍ബിസിയും ഉള്‍പ്പെടെയുള്ള വന്‍കിട സംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്നിവ കൈയാളുന്ന ന്യൂസ് കോര്‍പ്പറേഷന്‍ അതിന്റെ തലവനായ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ പേരുകൊണ്ടു തന്നെ പ്രശസ്തമാണ്. അച്ചടി മാധ്യമരംഗത്ത് മുര്‍ദോക്കിനെ വെല്ലാന്‍ മറ്റാരുമില്ല. സാമ്രാജ്യത്വത്തിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറും മുഖ്യ ഉപദേഷ്ടാവുമായാണ് മുര്‍ദോക്ക് അറിയപ്പെടുന്നത്. സോണി, എന്‍ബിസി(ജനറല്‍ ഇലക്ട്രിക്ക്) എന്നിവയാണ് മറ്റു ബഹുരാഷ്ട്ര മാധ്യമഭീമന്‍മാര്‍. "ആഗോള വാണിജ്യ മാധ്യമ വ്യവസ്ഥ പ്രധാനമായും അമേരിക്ക കേന്ദ്രീകരിച്ചുള്ളതും അതിശക്തിയുള്ളതുമായ ചില ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അധീനതയിലുമാണെ''ന്ന് റോബര്‍ട്ട് മാക് ചെസ്നി നിരീക്ഷിക്കുന്നുണ്ട്. ഈ മാധ്യമക്കുത്തകകള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ത്തന്നെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കുകയും ചെയ്യുന്നു. 2000ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് മാധ്യമ ചക്രവര്‍ത്തിമാരായിരുന്നു. ജോര്‍ജ് ബുഷിനുവേണ്ടി ശക്തമായി നിലക്കൊള്ളുകയും പക്ഷപാത വൃത്താന്തങ്ങളുടെ നയാഗ്രകള്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ക്ക് പ്രതിഫലമായി കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും കുടുതല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള നിയമ ഭേദഗതിയും ബുഷ് അധികാരമേറ്റയുടന്‍ ലഭിച്ചു.ബുഷിന്റെ വിജയം തന്നെ മാധ്യമ സൃഷ്ടിയാണ്. തങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത അല്‍ഗോര്‍ ബുഷിനേക്കാള്‍ വളരെ താഴ്ന്ന നിലവാരമുള്ളയാളാണെന്നുവരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമം നടന്നു. കാതലായ പ്രശ്നങ്ങളില്‍ അല്‍ഗോര്‍ സ്വീകരിച്ച നിലപാടുകള്‍ ബുഷിന്റേതിനേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്നതിനാല്‍ അവ അവഗണിക്കപ്പെട്ടു.പകരം നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചു. അമേരിക്കക്കാരന്റെ 'ബഹുമാന്യതയും ഔന്നത്യവും' പുനസ്ഥാപിക്കുന്ന രക്ഷകനായാണ് ബുഷ് അവതരിക്കപ്പെട്ടത്. പ്രചാരണഘട്ടത്തിലുടനീളം ബുഷ് പറഞ്ഞ നുണകളും ടെക്സാസ് റേഞ്ചേഴ്സ് സ്റ്റേഡിയം ഇടപാടിലെ അഴിമതിയും മറ്റും ജനശ്രദ്ധയിലെത്തിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമീഷന്റെ തലപ്പത്ത് പാറ്റ് വുഡ് എന്ന സ്വന്തക്കാരനെ നിയമിക്കാന്‍ എന്‍റോണ്‍ ബുഷിനു നല്‍കിയത് 650,000ഡോളറാണ്. ആ കഥ പക്ഷേ മാധ്യമങ്ങളില്‍ കാണില്ല. മാത്രമല്ല എന്‍റോണ്‍ കുംഭകോണത്തെ വെറുമൊരു ബിസിനസ് പ്രശ്നമാക്കി അതിന്റെ രാഷ്ട്രീയ പ്രാധാന്യം മൂടിവെക്കാനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു.ശീതയുദ്ധാനന്തരം 90കളുടെ തുടക്കത്തില്‍ ശീഘ്രവേഗത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ആപത്കരമായ വശങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. എതിരഭിപ്രായങ്ങള്‍ പാടെ തമസ്കരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവല്‍ക്കരിച്ച് ഉദാരവല്‍ക്കരണത്തിന് പൊതുസ്വീകാര്യത നേടാനാണ് മുതലാളിത്ത മാധ്യമങ്ങള്‍ വന്‍തോതില്‍ ശ്രമിച്ചത്.മുതലാളിത്ത രാജ്യങ്ങളിലെയാകെ മാധ്യമങ്ങള്‍ ഒരുതരം രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് വിധേയമാണ്. ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ അവയ്ക്ക് നല്‍കാനാവില്ല. ഒരര്‍ഥത്തില്‍ മുര്‍ദോക്കുമാരും പാക്കര്‍മാരും തന്നെയാണ് ഭരണവര്‍ഗം. നേരിട്ട് അധികാരം കൈയാളുന്നില്ലെങ്കിലും അധികാരത്തിന്റേതായ എല്ലാവിധ സൌകര്യങ്ങളും ഈ മാധ്യമ പ്രഭുക്കള്‍ക്ക് ലഭ്യമാണ്. ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറെ അധികാരത്തിലേറ്റുന്നതിന് ബ്രിട്ടീഷ് പത്രങ്ങളെ ഉളുപ്പില്ലാതെ ഉപയോഗിച്ച "പത്രപ്രവര്‍ത്തനത്തിന്റെ അകിടും ചോരയും ഊറ്റുന്നതില്‍ വമ്പനായ'' മുര്‍ദോക്കിന്റെ തന്ത്രങ്ങളെക്കുറിച്ച് ബഗ്ദിക്യാന്‍ (മീഡിയാ മൊണോപ്പൊളി)പറയുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തിലും ഇറാക്ക് യുദ്ധത്തിലും അമേരിക്കന്‍ സൈന്യത്തിന്റെ കൊടും ക്രൌര്യം എങ്ങനെ മറച്ചുവെക്കപ്പെട്ടു എന്ന് പില്‍ക്കാലത്ത് തെളിഞ്ഞതാണ്. ബസ്രയിലെ കൊട്ടാരം തകര്‍ക്കപ്പെട്ട് മരണമടഞ്ഞ കെമിക്കല്‍ അലി മാസങ്ങള്‍ക്കുശേഷം പിടിയിലായെന്ന് പറയേണ്ടിവരുന്ന അപഹാസ്യത ഈ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് മാത്രമല്ല യജമാനദാസ്യത്തെ വെളിപ്പെടുത്തുന്നതുമാണ്. എംബെഡ്ഡഡ് പത്രക്കാരായി അമേരിക്കന്‍ സൈന്യത്തിന്റെ ചെലവില്‍ ഊരുചുറ്റി അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ ചമക്കുന്നവര്‍ പുതിയ മാധ്യമ സംസ്കാരത്തിന്റെ പ്രതിനിധികളോ മാതൃകകളോ ആണ്.