Wednesday, September 3, 2008

ഭൂതകാലം മറക്കരുത്

പി എം മനോജ്

ഇന്ന് ബിഷപ്പ് മാര്‍ പൌവ്വത്തില്‍ യുഡിഎഫിനുവേണ്ടി സ്വന്തം സഭാമക്കളുടെ രക്തത്തെയും കണ്ണീരിനെയും തള്ളിപ്പറയുന്നു. എന്നാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലം അങ്ങനെ മറക്കാനാകുമോ, അന്നു നാടിനേറ്റ മുറിവുകള്‍ എളുപ്പം കരിഞ്ഞുപോകുമോ? ആ അഞ്ചുകൊല്ലംകൊണ്ട് കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനങ്ങളുടെ എണ്ണം 121 ആയിരുന്നു. അതില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായിരുന്നു. പരിക്കുപറ്റിയവര്‍- 250. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ചുകൊല്ലം സംസ്ഥാനത്ത് വര്‍ഗീയകലാപങ്ങളോ വര്‍ഗീയതയുടെപേരിലുള്ള കലഹങ്ങളില്‍ ഒരാള്‍ക്കുപോലും ജീവഹാനിയോ ഉണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.

യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍ ഇരുപത്തിരണ്ടാണ്. 306 ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായി.മറ്റ് ആരു മറന്നാലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് മറക്കാനാകില്ല അക്കാലം. എത്രയെത്ര ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍... ഒളവണ്ണയിലെ ഹരിജന്‍കോളനിയില്‍ പാവങ്ങളെ സഹായിക്കാനെത്തിയ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധശ്രമം നടത്തിയത്. അക്രമികളില്‍ ഒരാള്‍പോലും നിയമത്തിന്റെ പിടിയിലായില്ല. തൃശൂരിലെ മാളയില്‍ വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അന്വേഷണം നടത്തിയ ഡിവൈഎസ്പി ജോളി ചെറിയാന്‍ കണ്ടെത്തിയത്് അഞ്ച് ആര്‍എസ്എസുകാരാണ് കൊലയാളികളെന്നാണ്. മൂന്നുപേരെ പിടികിട്ടിയെന്നും പ്രഖ്യാപിച്ചു. എന്നാല്‍, അവസാനം അറസ്റ്റിലായത് രഘുകുമാര്‍ എന്ന മനോരോഗി. ആര്‍എസ്എസുകാരെ രക്ഷപ്പെടുത്തി. കേസ് സിബിഐയെ ഏല്‍പിക്കുന്നതിലും ഉമ്മന്‍ചാണ്ടി ഒളിച്ചുകളിച്ചു.

കോവൂരിലും നമ്പിക്കൊല്ലിയിലും പുരോഹിതന്മാരെ ആര്‍എസ്എസ് ആക്രമിച്ചു. പൊലീസ് നിഷ്ക്രിയമായിരുന്നു.2005 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ സഭയുടെ ബിഷപ്സ് ഹൌസ് ഗുണ്ടകള്‍ ആക്രമിച്ചു. കാര്‍ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ തല്ലിത്തകര്‍ത്തു. കാവല്‍ക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി. ബിഷപ്പ് വിന്‍സന്റ് സാമുവലും വികാരി ജനറല്‍ ക്രിസ്തുദാസും ബിഷപ്സ് ഹൌസിലുള്ളപ്പോഴാണ് ആക്രമണം. ബിഷപ്സ് ഹൌസിലെ പട്ടക്കാരനായ ഫാ. ജെറാള്‍ഡ് മത്യാസിനെ അപായപ്പെടുത്താനാണ് കൊലയാളിസംഘം എത്തിയത്. സ്പിരിറ്റുമാഫിയ സംഘത്തലവനായ കോണ്‍ഗ്രസ് നേതാവ് സജിന്‍ലാലാണ് ബിഷപ്സ് ഹൌസ് ആക്രമിച്ചത്.
സജിന്‍ലാല്‍ ഒന്നാംപ്രതിയായ ഒരു കൊലപാതക കേസ് കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചതിനെതിരെ ഫാ. ജെറാള്‍ഡ് മത്യാസിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജിന്‍ലാലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഈ കേസില്‍ ഒന്നാംസാക്ഷിയാണ് ഫാ. ജെറാള്‍ഡ് മത്യാസ്. ജാമ്യത്തിലിറങ്ങിയ സജിന്‍ലാല്‍ പലതവണ ഫാദറിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റി പറയാന്‍ പ്രേരിപ്പിച്ചു. വധഭീഷണിയും മുഴക്കിയിരുന്നു. സംരക്ഷണത്തിന് സമീപിച്ചപ്പോള്‍ പൊലീസ് കൈമലര്‍ത്തി. തുടര്‍ന്നായിരുന്നു ബിഷപ്സ് ഹൌസ് ആക്രമണം.

സജിന്‍ലാലിനെ സംരക്ഷിച്ചതും ബിഷപ്സ് ഹൌസ് ആക്രമണത്തിന് പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേക്ക് പുന്നയ്ക്കാട് വാര്‍ഡില്‍നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചത് സജിന്‍ലാലാണ്. ആലുവ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അതിക്രമിച്ചുകയറിയ പൊലീസ്, വൈദികരും കന്യാസ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. തല്ലുകൊണ്ട് ചോരയൊലിപ്പിച്ചും അരുതേ എന്നു നിലവിളിച്ചും ഓടിയ വൈദികരുടെ ദൈന്യം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് കേരളം ഞെട്ടിത്തരിക്കുകയായിരുന്നു.

ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ തടയുമെന്ന് വര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തി. ഇഷ്ടമുള്ള മതവിശ്വാസം വെച്ചുപുലര്‍ത്തുക എന്ന ഇന്ത്യയുടെ ഉന്നതമായ മതേതരപാരമ്പര്യത്തിനുനേരെ വന്ന ആ ആക്രമണവും യുഡിഎഫ് സര്‍ക്കാര്‍ ഗൌനിച്ചില്ല. മാറാട് ഉള്‍പ്പെടെ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമായത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയമായിരുന്നുവെന്ന് അന്വേഷണ കമീഷനുകള്‍ കണ്ടെത്തി.
-മാറാട് കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചില്ല. ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ ഒത്താശചെയ്തു.-മാറാട്ട് ആദ്യകലാപത്തിന് ഉത്തരവാദികളായ വര്‍ഗീയവാദികള്‍ക്കെതിരെ കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ തയ്യാറായില്ല.
-കേരള, തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല.-കുഴപ്പമുണ്ടാകാനുള്ള സാധ്യത സ്ഥലം എംഎല്‍എ വി കെ സി മമ്മദുകോയ ചൂണ്ടിക്കാട്ടിയത് മുഖവിലയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
-മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനു പകരം ഉള്ളവരെപ്പോലും പിന്‍വലിച്ചു.-മുസ്ളിം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ആ സമുദായത്തെയാകെ പീഡിപ്പിക്കാനും സംഘര്‍ഷം നിലനിര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നതിനുമാണ് ആര്‍എസ്എസ് മുതിര്‍ന്നത്. ഇതിനെ കര്‍ശനമായി നേരിടുന്നതിനു പകരം ആര്‍എസ്എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
-മതേതരപ്രസ്ഥാനങ്ങളെ സമാധാനശ്രമങ്ങളില്‍നിന്നു മാറ്റിനിര്‍ത്തി വര്‍ഗീയവാദികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. -സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ സംഭവസ്ഥലത്തുപോലും കൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ മടക്കിക്കൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാര്‍ ആശ്രയിച്ചത്.
ഇങ്ങനെ വര്‍ഗീയസംഘടനകളുമായി ഉണ്ടാക്കിയ ഇടപാടുകളിലൂടെ കേരളത്തിന്റെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തെത്തന്നെ യുഡിഎഫ് വെല്ലുവിളിച്ചു.
-ചേര്‍ത്തലയിലെ തൈക്കാട്ടും തുമ്പയിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇതേകാലത്ത് ഉയര്‍ന്നുവന്നു.വര്‍ഗീയവാദികള്‍ക്കെതിരായി കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരിക്കലും യുഡിഎഫ് തയ്യാറായിട്ടില്ലെന്നതിന് എണ്ണിയെണ്ണി പറയാന്‍ ഇനിയുമുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍.

കാവിവല്‍ക്കരണത്തെ ആന്റണി പരസ്യമായി അനുകൂലിക്കുകയായിരുന്നു. വിദ്യാഭ്യാസകാവിവല്‍ക്കരണത്തിനെതിരായ അഖിലേന്ത്യാ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിട്ടുനിന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂലവിതരണം പ്രോല്‍സാഹിപ്പിച്ചു.
ഇടുക്കി പദ്ധതിപ്രദേശത്ത് ക്ഷേത്രനിര്‍മാണം കയ്യുംകെട്ടി നോക്കിനിന്നു. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വര്‍ഗീയ വിഷലിപ്തമായ പ്രചാരണത്തിന് യുഡിഎഫിന്റെ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
ന്യൂനപക്ഷസമുദായങ്ങള്‍ സമ്പന്നരാണെന്നും സമ്മര്‍ദ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും ആന്റണി പ്രഖ്യാപിച്ചു.
വര്‍ഗീയകലാപത്തിന്റെ വിഷവിത്തുവിതച്ച രഥയാത്രയ്ക്കെതിരെ ശക്തമായ നിലപാടെടുത്തില്ല.
ന്യൂനപക്ഷ വര്‍ഗീയതയ്ക്കും കിട്ടി പലപ്പോഴും പ്രോല്‍സാഹനം. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട എന്‍ഡിഎഫുകാരെ സമ്മര്‍ദത്തിനുവഴങ്ങി കേസുകളില്‍നിന്ന് ഒഴിവാക്കി.
മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്ക് തുറന്നുകാണിക്കാന്‍ തയ്യാറായില്ല.
വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിച്ച് ജാതിമതവര്‍ഗീയ സംഘടനകള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വീതംവെക്കുന്നതിനു കാര്‍മികരായി യുഡിഎഫ് നേതൃത്വംതന്നെ നിലകൊണ്ടു. സമുദായങ്ങള്‍ക്കുള്ളിലെ സമ്പന്നവര്‍ഗങ്ങളുടെ സംരക്ഷണമാണ് ലീഗ് അടക്കമുള്ള വര്‍ഗീയകക്ഷികള്‍ നടത്തുന്നതെന്ന സത്യം മൂടിവെച്ച് പാവപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ കബളിപ്പിക്കുകയായിരുന്നു അവര്‍.

മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യത്തില്‍ പ്രതിസ്ഥാനത്തു നിന്ന ആര്‍എസ്എസുമായി ചോരവീണ അതേമണ്ണില്‍ സന്ധിയുണ്ടാക്കാന്‍ യുഡിഎഫിന് ബുദ്ധിമുട്ടുണ്ടായില്ല. മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ തുറന്നസഖ്യത്തിലായിരുന്നു ആര്‍എസ്എസും യുഡിഎഫും. ഇവരുടെ പൊതുസ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് നേരിട്ടത്. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.

കന്യാസ്ത്രീകളെ ആക്രമിക്കാന്‍ തയ്യാറായ ഒളവണ്ണയില്‍ കോ-ലീ-ബി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തി. വിജയിച്ചത് എല്‍ഡിഎഫായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി കെ പത്മനാഭന് 4.84 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍, അതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ട് ലഭിച്ചിരുന്നു. സ്വന്തം നേതാവായ പത്മനാഭനെ ബലികൊടുത്തും യുഡിഎഫിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നു ബിജെപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പ്രകടനം യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ എല്ലാ നെറികേടും വെളിപ്പെടുത്തുന്നതായിരുന്നു.

വര്‍ഗീയശക്തികളുമായി സന്ധിയില്ലാ സമരമാണ് ഇടതുപക്ഷപ്രസ്ഥാനം നടത്തുന്നത്. ഭരണരംഗത്ത് വര്‍ഗീയശക്തികള്‍ക്ക് ഒരുതരത്തിലുമുള്ള സ്വാധീനം ഇല്ലാതിരിക്കുക എന്നത് മതനിരപേക്ഷത സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. മതനിരപേക്ഷശക്തികളുടെ കൂട്ടായ്മയായ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ എന്നു ജനങ്ങള്‍തിരിച്ചറിയുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എല്‍ഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം.
ഇന്ന് എല്‍ഡിഎഫ് ഗവര്‍മെണ്ട് രണ്ടേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ കേരളം വര്‍ഗീയകലാപങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും മുക്തമാണ്. ഒരിടത്തും വര്‍ഗീയശക്തികള്‍ക്ക് സ്വൈരവിഹാരം നടത്താന്‍ കഴിയുന്നില്ല. എന്നിട്ടും മാര്‍ പൌവ്വത്തിലിന് ഇത്തരത്തില്‍ വിഷം വമിപ്പിക്കാന്‍ കഴിയുന്നു!

1 comment:

മൂര്‍ത്തി said...

നന്ദി..തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇടുമല്ലോ....