Friday, September 5, 2008

പുരോഗതി മുടക്കുന്ന രാഷ്ട്രീയ ദുര്‍മോഹം

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണപ്ളാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുന്നു. മമതബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോഗ്രസിന്റെ ഉപരോധവും അക്രമവും നിമിത്തം ടാറ്റ കമ്പനി തൊഴിലാളികളെ പിന്‍വലിച്ച് അടച്ചിടുകയായിരുന്നു. ഫാക്ടറി പശ്ചിമ ബംഗാളില്‍നിന്ന് മാറ്റി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ടാറ്റയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ടാറ്റയെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ഏതെങ്കിലും തൊഴിലാളിസമരമോ തൊഴില്‍ക്കുഴപ്പമോകൊണ്ടല്ല ഇത്തരമൊരു വ്യവസായം തകര്‍ക്കപ്പെടുന്നത്. മറിച്ച്, ഭൂമി സംരക്ഷിക്കുന്നതിന് എന്ന നാട്യത്തില്‍ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെ ജനാധിപത്യപരമായ എല്ലാ അതിരും ലംഘിച്ചുള്ള അക്രമസമരമാണവിടെ അരങ്ങേറുന്നത്. അതിന് രാജ്യം ഭരിക്കുന്ന കോഗ്രസ് പാര്‍ടിയും പ്രത്യക്ഷത്തിലും പരോക്ഷമായും പിന്തുണ നല്‍കുന്നു. കോഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വ്യക്തമാക്കിയത്, തങ്ങള്‍ സമരംചെയ്യുന്നവര്‍ക്കൊപ്പമാണ് എന്നാണ്. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കോഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയാകട്ടെ, മുന്‍ഷിയുടെ വാക്കുകളെ പൂര്‍ണഅര്‍ഥത്തില്‍ ശരിവയ്ക്കുകയും കേന്ദ്രത്തിന് പ്രശ്നത്തില്‍ ഇടപെടാനുള്ള വൈമനസ്യം പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ടാറ്റ സിംഗൂരിലെ ഫാക്ടറി ഇട്ടെറിഞ്ഞുപോകുമെന്ന നില വന്നപ്പോള്‍ ഇതുവരെ ചര്‍ച്ചകളോടു പുറംതിരിഞ്ഞുനിന്ന മമതബാനര്‍ജി ചര്‍ച്ചയാകാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത്രയും നല്ല കാര്യം. എന്നാല്‍, സംസ്ഥാനത്തിന്റെ വ്യവസായ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചെറുകാര്‍ ഫാക്ടറി തകര്‍ത്തത് താനാണ് എന്ന കുറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാനുള്ള കുതന്ത്രമായേ ഈ സന്നദ്ധതയെ വിലയിരുത്താനാവൂ. ഇത്തരം പ്രകടനം മമതയില്‍നിന്ന് മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്്. മമതയും അവരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധസമിതിയും ഉപരോധത്തിന് ആധാരമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ 997.11 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അതില്‍ 690.79 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ 11000 പേര്‍ നഷ്ടപരിഹാരത്തുക ഇതിനകം വാങ്ങിക്കഴിഞ്ഞു. 300 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥരാണ് ഇനി നഷ്ടപരിഹാരം വാങ്ങാന്‍ അവശേഷിക്കുന്നത്. അവരില്‍ത്തന്നെ വലിയൊരു ഭാഗത്തിന് പണം വാങ്ങാന്‍ കഴിയാത്തത് ഉടമാവകാശത്തിലും രേഖയിലും മറ്റുമുള്ള അവ്യക്തതയും പ്രശ്നവുംകൊണ്ടാണ്. പണം കൈപ്പറ്റാത്തവരുടെ സ്ഥലമാകട്ടെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ആ ഭൂമി തിരിച്ചുകൊടുക്കുക എന്ന ആവശ്യം യാഥാര്‍ഥ്യമാക്കിയാല്‍, ഒരു സംശയവുമില്ല നാനോ കാര്‍ സിംഗൂരില്‍നിന്നിറങ്ങാന്‍ ഫാക്ടറി ഉണ്ടാവില്ല. ഏറ്റെടുത്ത ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗം ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാമെന്നുവച്ചാലും, ആ ഭാഗത്തിന്റെ മുന്‍ഉടമകള്‍ക്ക് അത് തടസ്സപ്പെടുത്താം. കാരണം, ഫാക്ടറിക്കുവേണ്ടിയാണല്ലോ അവര്‍ സ്ഥലം കൊടുത്തത്. സിംഗൂരിലെ സാഹചര്യവും നിലവിലുള്ള നിയമവും കോടതി വിധിയും അനുസരിച്ച്, ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കുന്നത് അസാധ്യമാണ്. അതറിഞ്ഞുകൊണ്ടുതന്നെ പദ്ധതി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് മമതയുടെ പ്രക്ഷോഭത്തിന്റേതെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. നാനോ കാര്‍ നിര്‍മാണപദ്ധതി നിശ്ചയിച്ചതുപോലെ നടക്കുന്നുവെന്നും പ്രഖ്യാപിച്ച സമയത്ത് പൂര്‍ത്തിയാകുമെന്നും ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമത ഉപരോധം തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്്. പശ്ചിമ ബംഗാളില്‍ വ്യവസായങ്ങള്‍ വരാതിരിക്കുകയും അതിലുടെ ഇടതുമുന്നണി സര്‍ക്കാരിന്റെ യശസ്സ് തകര്‍ക്കുകയുമാണ് ലക്ഷ്യം. ടാറ്റ വ്യവസായം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ഒരു സംസ്ഥാനത്ത് ധൈര്യപൂര്‍വം നിക്ഷേപത്തിനെത്താന്‍ മറ്റാരും വരില്ലെന്നും ആ അവസ്ഥ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഇന്ധനമാക്കാമെന്നും അവര്‍ കരുതുന്നു. അതുകൊണ്ടാണ്, ആ പ്രദേശവുമായി ഒരു ബന്ധവുമില്ലാത്തവരെയടക്കം ആട്ടിത്തെളിച്ച് ഉപരോധത്തിനിറങ്ങിയത്. ഒരു സുപ്രഭാതത്തില്‍ കുറെ സ്ഥലം ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ടാറ്റയ്ക്ക് കൊടുത്തു എന്ന മട്ടിലാണ് മമതയും കൂട്ടരും പ്രചാരണം നടത്തുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച്, ന്യായമായ വിലയും പുനരധിവാസപദ്ധതിയും ആസൂത്രണംചെയ്താണ് ബുദ്ധദേവ് സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടത്തിയത്. സ്ഥലം നഷ്ടപ്പെട്ട കുടുംബങ്ങളിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ടാറ്റാ കമ്പനിയുടെ പങ്കാളിത്തത്തോടെ പദ്ധതിതന്നെ ആവിഷ്കരിച്ചു. അതിന് പരിശീലനപദ്ധതി തയ്യാറാക്കി. പരിശീലനം കഴിഞ്ഞവരടക്കം തൊള്ളായിരത്തിലധികം പേര്‍ക്ക് ഇപ്പോള്‍ത്തന്നെ തൊഴില്‍ ലഭിച്ചു. സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയുമുണ്ട്. ജനങ്ങള്‍ക്ക് സഹായകമായ രീതിയിലുള്ള ഇത്തരം ഇടപെടല്‍ രാജ്യത്തിന്റെ മറ്റു പലഭാഗത്തും ചിന്തിക്കാനാവാത്തതാണ്. പ്രശ്നം പരിഹരിക്കുകയല്ല, വഷളാക്കുക എന്ന ലക്ഷ്യമാണ് മമതബാനര്‍ജിയെയും കൂട്ടരെയും നയിക്കുന്നത്. നശീകരണത്തിന്റെ സമരമാണത്. ഭൂമി നഷ്ടപ്പെട്ട ദരിദ്രരെ സഹായിക്കലാണ് സമരലക്ഷ്യമെങ്കില്‍ എല്ലാത്തരം ചര്‍ച്ചയെയും അനുരഞ്ജന ശ്രമത്തെയും തിരസ്കരിച്ച് അക്രമം നടത്തുക എന്ന ഏക അജന്‍ഡയില്‍ അവര്‍ തളച്ചിടപ്പെടുമായിരുന്നില്ല. പശ്ചിമ ബംഗാളിന്റെ വ്യവസായവല്‍ക്കരണ ശ്രമം ഇത്തരമൊരു നിഷേധാത്മക സമരത്തിലൂടെ അട്ടിമറിക്കപ്പെട്ടുകൂടാ. അതേസമയം, ഭൂമി ഏറ്റെടുക്കല്‍മൂലം ഏതെങ്കിലുമൊരു കുടുംബത്തിന് കടുത്ത പ്രയാസം ഉണ്ടാവുയുമരുത്. അവസാനത്തെ ആളിന്റെയും സാമ്പത്തികമായ പുനരധിവാസം ഉറപ്പാക്കണം. അതിനുള്ള കുറ്റമറ്റ നീക്കം പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടാകും എന്ന് മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ബംഗാളില്‍നിന്ന് ടാറ്റയെയും നാനോ കാറിനെയും കെട്ടുകെട്ടിക്കുമ്പോള്‍ പൂര്‍ണമാകുന്നതാണ് മമതബാനര്‍ജിയുടെ സമരമെങ്കില്‍ അതിനെ ഉചിതമായ രീതിയില്‍ നേരിടാനുള്ള ജനകീയ ഐക്യനിര രാജ്യത്താകെ ഉയരുകതന്നെ വേണം. ഏതെങ്കിലും വ്യക്തിയുടെയോ കക്ഷിയുടെയോ ദുര്‍മോഹങ്ങളും ദുഷ്ടലക്ഷ്യങ്ങളും ഒരു ജനതയ്ക്കുതന്നെ ബാധ്യതയാകുന്ന അവസ്ഥ ലജ്ജാകരമാണ്. മമതബാനര്‍ജിയുടെ ഈ സമരം പ്രോത്സാഹിപ്പിക്കുന്ന കോഗ്രസടക്കമുള്ളവര്‍ അക്കാര്യം ചിന്തിച്ചാല്‍ നന്ന്. കാരണം നാളെ അവര്‍ക്കെതിരെയും ഇത്തരം രീതി എവിടെയും വരാം.