Thursday, September 4, 2008

രോഗീലേപനം

തുടസ്സ'മാണ് പ്രശ്നം. ഇ വി കൃഷ്ണപിള്ള പറഞ്ഞപോലെ തുടങ്ങാനുള്ള തടസ്സം. കൂദാശയെക്കുറിച്ചും മതത്തെക്കുറിച്ചും മത്തായി ചാക്കോയെക്കുറിച്ചും പറയുമ്പോള്‍ എങ്ങനെ, എവിടെ പറഞ്ഞുതുടങ്ങണമെന്നത് പ്രശ്നംതന്നെയാണ്. അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു: "ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.'' ശത്രുക്കളുടെ വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സോവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ളവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരെ സഭയുടെ ഒരു തലത്തിലും അടുപ്പിക്കാന്‍ പാടില്ലെന്ന് തീരുമാനമെടുത്ത ചങ്ങനാശേരി പാസ്റ്ററല്‍ കൌണ്‍സിലിലെ ആരും ഫാദര്‍ കാമിലോയെക്കുറിച്ച് അറിഞ്ഞിരിക്കാനിടയില്ല. കമ്യൂണിസ്റ്റ് പാര്‍ടിക്ക് അന്ത്യകൂദാശ നല്‍കാന്‍ ഇറങ്ങിത്തിരിച്ച തിരുവമ്പാടിയിലെ താടിയുള്ള അച്ചനും പാലായിലെ ചന്ദ്രന്‍കുന്നില്‍നിന്ന് ശുഭ്രളോഹയില്‍പൊതിഞ്ഞ് തിരുവമ്പാടിവരെ സഞ്ചരിച്ചെത്തിയ താടിയില്ലാത്ത അച്ചനും കാമിലോ എന്നല്ല, അബ്രഹാം ലിങ്കണ്‍ എന്ന പേരുപോലും കേട്ടിട്ടുണ്ടാവില്ല. അമേരിക്കയിലേക്ക് നോക്കുകയല്ലാതെ അവിടെയുള്ള സത്യങ്ങള്‍ കാണാനുള്ള കണ്ണ് ചന്ദ്രന്‍കുന്നിലുണ്ടോ എന്ന് ആര്‍ക്കറിയാം.

എന്തായാലും മഹാനായ അമേരിക്കന്‍ പ്രസിഡന്റ് എന്നറിയപ്പെടുന്ന അബ്രഹാം ലിങ്കണെപ്പറ്റി അല്‍പ്പം ചില കാര്യങ്ങളെങ്കിലും അവര്‍ കേള്‍ക്കേണ്ടതാണ്. ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റുവൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു. "നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കണെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കണ്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ ചിറ്റിലപ്പിള്ളിമാര്‍ ശ്രമിച്ചത്. ലിങ്കണ്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കണെതിരെ കലിതുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്ലോ. അഞ്ചാംതവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു. വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്. ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി. ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്.

രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയുംകുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിസെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നുപറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളിസെമിത്തേരിയില്‍ അടക്കംചെയ്യാനാവില്ലെന്നായി പുരോഹിതര്‍. വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷംപേരുണ്ടായിരുന്നു. അതുകാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട്് പ്രതികാരംചെയ്തു.

മത്തായി ചാക്കോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മെത്രാന്‍ പ്രകോപനപ്പെടുകയും മറ്റുചിലര്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോള്‍ ശതമന്യുവിന് പഴയ ചിലകാര്യങ്ങള്‍ ഓര്‍മവന്നതാണ്. സത്യവിശ്വാസികള്‍ പൊറുക്കണം. ശതമന്യുവും വിശ്വസിക്കുന്നത് വിശുദ്ധമായ സത്യത്തിലാണ്. വിശുദ്ധ കള്ളത്തിലല്ല. അതുകൊണ്ടുതന്നെ, എം വി രാഘവന്റെ ഭാഷ ബിഷപ്പ് പറഞ്ഞാല്‍ മറുപടി ബിഷപ്പിന്റെ ഭാഷയിലാകണമെന്ന് ശതമന്യൂ വിശ്വസിക്കുന്നു. നികൃഷ്ടമായ വര്‍ത്തമാനം പറയുന്നവരെ ഉല്‍കൃഷ്ടരെന്നു വിളിക്കാന്‍ പാടില്ലെന്നും വിശ്വസിക്കുന്നു.

ശതമന്യുവിന് ക്രിസ്തുവിലാണ് വിശ്വാസം. ബുദ്ധിയും വിചാരവും വികാരത്തിനും വിശ്വാസത്തിനും പണയപ്പെടുത്തി വിവരക്കേട് പാട്ടമെടുക്കുന്നവനല്ല ശതമന്യു. ആ പണിയെടുക്കാന്‍ ചെന്നിത്തലയുണ്ടല്ലോ. പിണറായി വിജയന്‍ മാപ്പുപറയണമെന്ന് ചെന്നിത്തലയും തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെടുമ്പോള്‍ കപ്പല്‍കയറുന്നത് നെഹ്റുവിന്റെയും ഇന്ദിരയുടെയും പാരമ്പര്യമാണ്.

"സംഘടിത മതം എല്ലായ്പ്പോഴും നിക്ഷിപ്ത താല്‍പ്പര്യമായും അനിവാര്യമാറ്റത്തെയും പുരോഗതിയെയും എതിര്‍ക്കുന്ന പ്രതിലോമശക്തിയായും തീരുന്നു'' എന്നാണ് (ഇന്ത്യയെ കണ്ടെത്തല്‍) നെഹ്റു എഴുതിയത്. ദൈവത്തിലോ മതത്തിലോ എനിക്കു വിശ്വാസമില്ല, എന്റെ ജീവിതത്തില്‍ എനിക്ക് ഊന്നുവടികള്‍ ആവശ്യമില്ല എന്ന് ഇന്ദിരാഗാന്ധി സധൈര്യം വ്യക്തമാക്കി. ആ നെഹ്റുവിനെയും ഇന്ദിരയെയും ചെന്നിത്തലയ്ക്ക് അറിയാമോ ആവോ. ഗാന്ധിജിയെ അന്തിക്രിസ്തു എന്നു വിളിച്ച സഭാമേലധ്യക്ഷരുടെയും ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രോഗീലേപനം നല്‍കാന്‍ നടക്കുന്നവരുടെയും മനോഗതി ഒന്നാണെന്ന് സമ്മതിക്കാനുള്ള വിവേകബുദ്ധി ചെന്നിത്തലയ്ക്കുണ്ടാകില്ല.

No comments: