(തിരുത്തിയ കോപ്പി)
പി എം മനോജ്
ഇംഗ്ളണ്ടില്‍ തീവണ്ടി ഓടിച്ചുതുടങ്ങിയ ഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പോപ്പ് ഗ്രിഗറി പതിനാറാമന്‍ തന്റെ സാമ്രാജ്യത്തില്‍ തീവണ്ടി നിരോധിച്ചു. 'നരകത്തിലേക്കുള്ള പാത'യാണ് റെയില്‍വെ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. മു പ്പത്തിരണ്ടുകൊല്ലം മാര്‍പാപ്പയായിരുന്ന് ച രിത്രം സൃഷ്ടിച്ചയാളാണ് പീയൂസ് ഒമ്പതാ മന്‍ (1846-78).തനിക്കെതിരെ ശബ്ദിക്കുന്നവരെ, അവര്‍ കര്‍ദിനാള്‍മാരായിരുന്നാല്‍പ്പോലും ക്രൂരമായി പീഡിപ്പിച്ച ഈ പാപ്പ, യേശുവിനെപ്പോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് വിമ്പടിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയുംചെയ്തിരുന്നു. തന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത ആക്ട ന്‍എന്ന പ്രമുഖ കത്തോലിക്കാ വിശ്വാസിയെ 'ആ തെമ്മാടി ആക്ട ന്‍നാറി' (That blackguard actonuccio) എന്നാണ് പരിശുദ്ധപിതാവ് വിശേഷിപ്പിച്ചത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തിരുവസ്ത്രമണിഞ്ഞ് വിവരക്കേടും ധാര്‍ഷ്ട്യവും വിളമ്പിയ പലരും ഉണ്ടായിരുന്നു. ഗ്രിഗറി പതിനാറാമനെയും പീയൂസ് ഒന്‍പതാമനെയുമ്പോലുള്ള അത്തരക്കാ രെ വിശുദ്ധപട്ടത്തിലേക്ക് വലിച്ചുയര്‍ത്താന്‍ പില്‍ക്കാലത്ത് സഭ ശ്രമിച്ചിട്ടുമുണ്ട്.
ഒറീസയിലെ ക്രൈസ്തവര്‍ക്ക് ഇന്ന് 'നരകത്തിലേക്കുള്ള പാത' റെയില്‍വെ അല്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്്ദളിന്റെയും നീട്ടിപ്പിടിച്ച ആയുധവും തീവെട്ടിയുമാണ് അവരെ 'നരകത്തിലേക്ക്' നയിക്കുന്നത്. വൈദികര്‍ ആക്രമിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സുവിശേഷ പ്രവര്‍ത്തകര്‍ ചുട്ടുകരിക്കപ്പെടുന്നു. പള്ളികളും അനാഥാലയങ്ങളും വെന്തുവെണ്ണീറാകുന്നു. ജീവനുംകൊണ്ട് ഓടുന്നവര്‍ക്ക് കാടാണ് അഭയകേന്ദ്രം. കുഷ്ഠരോഗികളെയും അവശന്മാരെയും ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനവാസത്തിന് അയക്കപ്പെടുന്നു!
ഗുജറാത്തിന്റെ തുടര്‍ച്ചയാണ് ഒറീസ. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്്ദളും ഒറ്റപ്പെട്ട വര്‍ഗീയഗ്രൂപ്പല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പരിവാരഘടകങ്ങളാണവ. അവരാണ്, പുണ്യഭൂമിയായ; മോക്ഷഭൂമിയായ ഭാരതം സുവിശേഷവല്‍ക്കരണം എന്ന നീരാളിപ്പിടിത്തത്തില്‍ അമരുകയാണെന്നും' 'ഹിന്ദുക്കളേ, ഉണരൂ; ഭാരതത്തെ രക്ഷിക്കൂ' എന്നും അലമുറയിടുന്നത്. അവരുടെ നേതാവായ അടല്‍ബിഹാരി വാജ്പേയിയാണ്, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് "മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്ന്'' ആഹ്വാനംചെയ്തത്. ആ ആഹ്വാനമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും പച്ചജീവന്‍ കത്തിക്കരിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായത്. ഒളവണ്ണയിലെ കന്യാസ്ത്രീകളുടെ ചോര ചിതറിച്ചതും അതേ ആഹ്വാനംതന്നെയാണ്. എന്നിട്ടും പവ്വത്തില്‍തിരുമേനി പറയുന്നു, തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് പുനര്‍നിര്‍മിക്കാം എന്ന്. പള്ളി പൊളിഞ്ഞാലും ക്രൈസ്തവരെ കൊന്നൊടുക്കിയാലും വേണ്ടില്ല, നമുക്ക് 'വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ' പോരടിക്കാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
പീയൂസ് ഒന്‍പതാമന്റെ ശ്രേണിയിലുള്ള പിതാക്കന്മാരുടെ ഓര്‍മ ഉണര്‍ത്തുന്നു റിട്ടയേഡ് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇവിടെ ബിഷപ്പ് പൌലോസ് മാര്‍പൌലോസിന്റെ വാക്കുകള്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിങ്ങനെ: "സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നവരെ നിരീശ്വരവാദികള്‍ എന്നു മുദ്രകുത്തുന്നത് സര്‍വസാധാരണമാണ്. ക്രിസ്തുമതത്തിലെ പല രക്തസാക്ഷികളും കേള്‍ക്കേണ്ടിവന്ന പോര്‍വിളി ഇങ്ങനെയാണ് "നിരീശ്വരവാദികള്‍ നശിക്കട്ടെ''. ക്രിസ്ത്യാനികളുടെ ചരിത്രവും ഒട്ടും മോശമല്ല. സഭയുടെ പരമ്പരാഗതമായ ഉപദേശങ്ങള്‍ക്ക് പുതിയതും പ്രസക്തവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയവരെയെല്ലാം നിരീശ്വരവാദികള്‍ എന്നാണ് മുദ്രയടിച്ചത്. ചിന്തിക്കുന്നവരെ തറ പറ്റിക്കുന്നതിനുള്ള ആയുധമായിട്ടാണ് നിരീശ്വരവാദം ഉപയോഗിക്കുക "നിരീശ്വരവാദമെന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യാത്മക മുഖമാണ്. ഊമനായ ആത്മാവുള്ള ബാലനെ സൌഖ്യമാക്കുന്നതിന് യേശുവിന്റെയടുക്കല്‍ കൊണ്ടുവന്ന പിതാവ് ഇങ്ങനെ പറഞ്ഞു. "കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിനു സഹായിക്കണമേ!!'' നാമൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും നാമൊക്കെ ആയിരിക്കുന്നത് ഈ അവസ്ഥയിലാണ്. നാം എല്ലാം വിശ്വാസികളാണ്. ഒരു പരിധിവരെ അവിശ്വാസികളുമാണ്. സംശയം വിശ്വാസത്തിന്റെ ഭാഗമാണ്. "ഒരു വിശ്വാസിയുടെ വിശ്വാസത്തിലുള്ള ആഴം ആശ്രയിച്ചുനില്‍ക്കുന്നത് എല്ലാ വിഗ്രഹാരാധനയെയും എതിര്‍ക്കുന്ന നിരീശ്വരവാദിയുടെതന്നെ വിശ്വാസത്തിന്റെ ശക്തിയിലാണ്''. ഈശ്വര വിശ്വാസസംരക്ഷണം എന്ന പേരും പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങളെ പരിരക്ഷിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവര്‍ ഇതറിഞ്ഞിരിക്കണം''.
ആരാണ് ക്രിസ്ത്യാനിയുടെ ശത്രുക്കള്‍ എന്നതാണ് പ്രശ്നം. അത് 'നിരീശ്വര കമ്യൂണിസ്റ്റുകളാണെ'ന്ന് പവ്വത്തില്‍ തിരുമേനി പറയുന്നു. എന്നാല്‍, ആര്‍എസ്എസിന് അങ്ങനെ സംശയമില്ല. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒന്നുംരണ്ടും മൂന്നും നമ്പര്‍ ആന്തരികഭീഷണികളാണെന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ വിചാരധാര ആര്‍എസ്എസിന്റെ അടിസ്ഥാന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ എന്ന് വാജ്പേയി അനുയായികളെ ഉദ്ബോധിപ്പിച്ചതിന്റെ സന്ദേശം ഉപദേശിച്ചും തല്ലിയും തല്ലിപ്പുറത്താക്കിയും ക്രിസ്ത്യാനിയെ കൈകാര്യം ചെയ്തുകൊള്ളണം എന്നാണ്. അത് ആര്‍എസ്എസിന്റെ നയമാണ്. ആര്‍എസ്എസ് ബന്ധത്തില്‍ അഭിമാനംകൊള്ളുന്നവരാണ് വാജ്പേയിയും അദ്വാനിയും. ഗുജറാത്തില്‍ മുസ്ളിങ്ങളെ കൊന്നുതള്ളാന്‍ ഒരു ഗോധ്രയാണ് സൃഷ്ടിച്ചതെങ്കില്‍ ഒറീസയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം നിമിത്തമാക്കി. സ്വാമിയെ കൊന്നവരെ കണ്ടെത്തുക എന്ന കടമ വിസ്മരിച്ച് ഒറീസയിലെ പൊലീസ്, ക്രൈസ്തവരെ കൊന്നും കൊലവിളിച്ചും മരണതാണ്ഡവംനടത്തുന്ന കാവിപ്പടയ്ക്ക് അകമ്പടി സേവിക്കുന്നു.
ബിഷപ് പവ്വത്തിലിന് സംഘപരിവാറിന്റെ സംഹാരാത്മക മുഖം കാണാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്നത്, സംഘപരിവാര്‍ തകര്‍ത്തതെല്ലാം നമുക്ക് വീണ്ടെടുക്കാം; കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് സഹിക്കാനാവില്ല എന്നാണ്. ഒട്ടേറെ മലയാളികള്‍ ഒറീസയിലെ കന്യാസ്ത്രീമഠങ്ങളിലും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിലുമുണ്ട്. മരണം 'ഓം കാളി' വിളിയുമായി പാഞ്ഞെത്തുന്നതിന് കാതോര്‍ത്ത് കര്‍ത്താവിങ്കല്‍ എല്ലാം സമര്‍പ്പിച്ച് വനാന്തരങ്ങളിലും ഒളികേന്ദ്രങ്ങളിലും നിമിഷങ്ങളെണ്ണുന്ന ആ പാവങ്ങളെയോര്‍ത്ത് കണ്ണീരുപൊഴിക്കുന്ന ആയിരക്കണക്കിന് ബന്ധുക്കള്‍ ഈ കേരളത്തിലുണ്ട്. അവരോടാണ് പവ്വത്തില്‍ തിരുമേനി പറയുന്നത്, അതൊക്കെ നമുക്ക് ശരിയാക്കാം, നിങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ഇടയലേഖനങ്ങള്‍ വായിച്ചും സമരംനടത്തിയും ജീവിച്ചുകൊള്ളൂ എന്ന്.
ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണോത്സുകതയെ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുക എന്നൊരു ദൌത്യംകൂടി ഇതിലൂടെ തിരുമേനി നിര്‍വഹിക്കുന്നുണ്ട്. ഇത് ഒരു ആസൂത്രിത അജന്‍ഡയാണ്്. സെപ്തംബര്‍ മൂന്നിന്റെ മലയാള മനോരമ പത്രം ആ അജന്‍ഡയ്ക്ക് സാധൂകരണം നല്‍കുന്നു. ഒറീസയിലെ വിഎച്ച്പി-ബജ്രംഗ്ദള്‍ ആക്രമണങ്ങള്‍ വിരാമമില്ലാതെ തുടരുമ്പോള്‍,ഏതോ ഒരു വിഎച്ച്പി നേതാവിന്റെ അടഞ്ഞകണ്ണുകള്‍ തുറപ്പിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ ബാബയ്ക്ക് ഹരിയാണയില്‍ ആശ്രമം കെട്ടിക്കൊടുത്തത് ആഘോഷിക്കുയാണ് മനോരമ. ക്രിസ്ത്യന്‍പാതിരിയായ ഫാദര്‍ അജി സെബാസ്റ്റ്യന്‍ കാവിപുതച്ച് ഇരിക്കുന്ന ചിത്രംസഹിതം പ്രസിദ്ധീകരിച്ച ആ വാര്‍ത്ത, 'ക്രൈസ്തവ വിശ്വാസികളേ, വിഎച്ച്പിയും ബജ്രംഗ്ദളും അത്ര മോശക്കാരല്ല' എന്നുറപ്പിക്കാനുള്ള ശ്രമമാണ്. മാര്‍ക്സിസ്റ്റുകാരാണ്, നിരീശ്വരരാണ് യഥാര്‍ഥ പ്രശ്നം എന്ന വാദം ആണിയടിച്ച് ഉറപ്പിക്കുന്നതിന്റെ അനുബന്ധ പ്രവര്‍ത്തനവുമാണത്.
കമ്യൂണിസ്റ്റുകാര്‍ ക്രൈസ്തവ സഭയ്ക്കെതിരെ യുദ്ധം നടത്തുന്നവരല്ല. സിപിഐ എം പരിപാടിയില്‍ പറയുന്നു: "5.9 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയുംചെയ്യുന്നു. മുസ്ളിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെകൂടി ശരവ്യമാക്കുകയുംചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' ഇതാണ് സിപിഐ എമ്മിന്റെ നിലപാട്.
പരിരക്ഷയ്ക്കുവേണ്ടി ജീവന്‍കൊടുത്തും പോരാടിയ ചരിത്രം സിപിഐ എമ്മിനല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെടാനാവുമെന്ന് പൌവത്തില്‍ തിരുമേനി ശാന്തമായി ചിന്തിച്ചുനോക്കണം. ഏറ്റവുമൊടുവില്‍ ഒറീസയില്‍ ക്രൈസ്തവവേട്ട നടക്കുമ്പോള്‍ സാന്ത്വനവുമായി പാഞ്ഞെത്തിയത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഈ കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും നെഞ്ചുവിരിച്ച് പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരാണുണ്ടായ തലശേരി കലാപത്തിന്റെ കഥ എക്കാലത്തും ഓര്‍ക്കപ്പെടേണ്ടതാണ്. കൊട്ടിയൂരിലും അമരാവതിയിലും കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് ഓടിയെത്തിയതെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ തിരുമേനിമാര്‍തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കാതിരിക്കാനാവുമോ? പള്ളിക്കൂടങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നും പാഠപുസ്തകങ്ങള്‍ മതനിരപേക്ഷമാകണമെന്നുമേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടിള്ളൂ. പാവപ്പെട്ടവനു പഠിക്കാനുള്ള അവസരത്തിനുവേണ്ടിയേ ഇടപെട്ടിട്ടുള്ളൂ. ഒരു പള്ളിയിലും കമ്യൂണിസ്റ്റുകാര്‍ കയറി അലമ്പുണ്ടാക്കിയിട്ടില്ല. പാര്‍ടിനേതാവായിക്കെ അന്തരിച്ച കമ്യൂണിസ്റ്റുകാരനെ മരണാനന്തരം വ്യാജപ്രസ്താവനയിലൂടെ 'വിശ്വാസി'യാക്കിയ സഭാനേതൃത്വത്തിന്റെ ലജ്ജാശൂന്യതയെയേ എതിര്‍ത്തിട്ടുള്ളൂ. അതല്ലാതെ ഒരു വിശ്വാസിയെയും ബലംപ്രയോഗിച്ച് കമ്യൂണിസ്റ്റാക്കിയിട്ടില്ല. ക്രൈസ്തവ സഭ നടത്തുന്ന ആശയ പ്രചാരണത്തിന്റെ എല്ലാ മാര്‍ഗവും അവലംബിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും അവകാശമുണ്ട്. അത് ആശയതലത്തില്‍ത്തന്നെ നടക്കേണ്ട സമരമാണ്. ഇവിടെ, ആശയം വിട്ട് വൈകാരികോദ്ഗ്രഥനത്തിലൂടെ കമ്യൂണിസ്റ്റുകാരെ നേരിടാനുള്ള പുറപ്പാടാണ് പവ്വത്തില്‍ നടത്തുന്നത്. നേരായ മാര്‍ഗമല്ലിത്.
"ക്രൈസ്തവരും മാര്‍ക്സിസ്റ്റുകളും ശത്രുതാ മനോഭാവത്തോടെ പെരുമാറാതെ സംവാദത്തിലേര്‍പ്പെടുന്നത് ഒരു ക്രിസ്ത്യാനിയെ മികച്ച ക്രിസ്ത്യാനിയായും മാര്‍ക്സിസ്റ്റിനെ മികച്ച മാര്‍ക്സിസ്റ്റായും മാറ്റും'' എന്ന് ബിഷപ് പൌലോസ് മാര്‍ പൌലോസ് പറഞ്ഞത് പവ്വത്തില്‍ തിരുമേനിക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാകാം. എന്നാല്‍, ചിന്താശേഷിയുള്ള വിശ്വാസികളെ സങ്കുചിതമായ ആ നിര്‍ബന്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അദ്ദേഹത്തിനെന്തവകാശം? ഇല്ലാത്ത ആ അവകാശം വിനിയോഗിക്കുമ്പോള്‍ പീയൂസ് ഒന്‍പതാമന്റെയും ഗ്രിഗറി പതിനാറമന്റെ വിഡ്ഢിത്തത്തില്‍ ജനിച്ച 'നരകവഴി'യുടെയും ഓര്‍മ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. നിലപാടുകളിലെ തെറ്റു ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുണ്ടാകുമ്പോള്‍ യുക്തിഭദ്രമായ മറുപടി നല്‍കാതെ, നിരീശ്വരര്‍ വിശ്വാസം തകര്‍ക്കുന്നു എന്ന് അലമുറയിട്ട് വികാരംകൊള്ളുന്നതിന് മിതമായ ഭാഷയിലുള്ള വിശേഷണങ്ങളില്ലതന്നെ.
No comments:
Post a Comment