Showing posts with label അധിനിവേശം. Show all posts
Showing posts with label അധിനിവേശം. Show all posts

Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''

ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.
സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

Monday, August 11, 2008

മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും- 2

"ആഗോള ഗ്രാമത്തിന്റെ അധിപന്മാര്‍' എന്നശീര്‍ഷകത്തില്‍ ബെന്‍ ബഗ്ദി ക്യാന്‍ എഴുതിയ പുസ്തകം 1989ലാണ് പ്രസിദ്ധീകരിച്ചത്. ലോകമാകെ ഒരു 'ഗ്രാമ'മാകുമ്പോള്‍ അതിന്റെ തലപ്പത്തെത്തുന്ന മാധ്യമ ചക്രവര്‍ത്തിമാരെക്കുറിച്ചാണ് ആ പുസ്തകം വിവരിക്കുന്നത്.'ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തത്ര ജനപഥങ്ങളെ സ്വാധീനിക്കുംവിധം ആശയങ്ങളെയും സംസ്കാരത്തെയും വ്യാപാരങ്ങളെയും കുടുക്കിട്ടുപിടിക്കുന്ന ഏകമുഖ അധീശത്വമുള്ള' വന്‍ സ്വകാര്യ സംഘടനകള്‍ ലോകമാധ്യമങ്ങളെ കയ്യടക്കുമെന്നാണ് ബെന്നിന്റെ വിലയിരുത്തല്‍. പുതിയ നൂറ്റാണ്ടിലെ മാധ്യമങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും പരിശോധിക്കുമ്പോള്‍ സാമ്രാജ്യത്വ സൃഷ്ടിയായ ആഗോളവല്‍ക്കരണത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന കടന്നുകയറ്റത്തെയാണ് ആദ്യം കാണേണ്ടത്.ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ലോക വ്യാപാരസംഘടന, ധനകാര്യ ഏജന്‍സികള്‍ എന്നിവയിലൂടെയാണ് ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ലോകത്താകെ വ്യാപിക്കുന്നത്. മുതലാളിത്തത്തിന്റെ സത്ത തന്നെ ലാഭാധിഷ്ഠിതമായ ചൂഷണമായിരിക്കെ, അത് സാധൂകരിക്കുന്നതിനുള്ള പ്രചാരണദൌത്യമാണ് മാധ്യമഭീമന്‍മാര്‍ക്ക്. ആഗോള മാധ്യമവ്യവസ്ഥയുടെ കൈകാര്യകര്‍ത്താക്കള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടേത് മാത്രമല്ല, സാമ്രാജ്യശക്തികളുടെയാകെ കോളനിയാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ്. സാമ്രാജ്യത്വത്തിന്റെ മുഖം അനുദിനം മാറുന്നു. കായികമായി ആക്രമിച്ചു കീഴ്പ്പെടുത്തി വരുതിയിലാക്കുക എന്നതിനോടൊപ്പമോ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ ആശയമണ്ഡലത്തിലെ അധിനിവേശത്തിലൂടെ ലോകജനതയെ തങ്ങള്‍ക്കനുയോജ്യമാംവിധം പരുവപ്പെടുത്തിയെടുക്കുക എന്നരീതി പ്രയോഗിക്കപ്പെടുന്നു.എങ്ങനെ ആളുകളുടെ മനസ്സിനെ വശത്താക്കാമെന്നും ചിന്തകള്‍ക്ക് കടിഞ്ഞാണിടാമെന്നും ആണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഗവേഷണം ചെയ്യുന്നത്. സ്വന്തം നിലനില്‍പിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍പോലും പ്രതികരണശേഷിയറ്റ നിശ്ശബ്ദരും നിഷ്ക്രിയരുമായ നിരീക്ഷകരാക്കി ജനങ്ങളെ അവരറിയാതെ മാറ്റിയെടുക്കുക എന്ന പ്രക്രിയയാണ് വളരെ സമര്‍ഥമായി നിര്‍വഹിച്ചു പോരുന്നത്. ഈയിടെയായി ഇന്ത്യന്‍ മാധ്യമമേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ബഹുരാഷ്ട്ര മാധ്യമകുത്തകകള്‍ ശ്രമിക്കുന്നതും അതിന് ഇന്ത്യാ ഗവര്‍മെണ്ട് ഒത്താശ ചെയ്യുന്നതും അതിനെതിരെ സര്‍വവ്യാപിയായ പ്രതിഷേധം ഉയരുന്നതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍."വികസിത രാജ്യങ്ങളില്‍ സമീപകാലത്തായി പത്ര-മാധ്യമ കുത്തക വന്‍തോതില്‍ വളര്‍ന്നു വന്നതും വൈവിധ്യത്തിനും ബഹുസ്വരതക്കും ഗൌരവപൂര്‍വമായ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്കും കോട്ടം സംഭവിച്ചതും നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയിലും പത്രമേഖലയില്‍ കുത്തക പ്രവണതകളും കമ്പോളത്തിലെ ഓഹരി വെട്ടിപ്പിടിത്തം ലക്ഷ്യമാക്കിയുള്ള ആക്രമണോല്‍സുക കമ്പോളരീതികളും എതിരാളിയെ വധിക്കുന്ന തരത്തിലുള്ള മല്‍സരവും ഉയര്‍ന്നുവന്നിട്ടുണ്ട്. വൈവിധ്യത്തിനും ബഹുസ്വരതക്കും ഗുരുതരമായ ഭീഷണിയുളവാക്കും വിധം ഇംഗ്ളീഷിലും ചില ഇന്ത്യന്‍ ഭാഷകളിലുമുള്ള വൃത്താന്ത പത്രവിപണിയില്‍ ഇരുധ്രുവ രീതിയോ ഏകധ്രുവരീതിയോ തന്നെ വളര്‍ന്നുവന്നിരിക്കുന്നു. വിശേഷിച്ചും മലയാളം, ബംഗാളി, തെലുങ്ക് എന്നിവയില്‍ (എന്‍ റാം, ഭീഷണി മാധ്യമരംഗത്തും).അമേരിക്കയിലെ ദുഷ്പ്രവണതകള്‍ ഇന്ത്യയിലും എല്ലാ തീവ്രതയോടും കൂടി വളര്‍ന്നിരിക്കുന്നു എന്നാണ് അനുഭവം. എല്ലാ കാലത്തും ഇന്ത്യയിലെ പത്രങ്ങളില്‍ സാമ്രാജ്യാഭിമുഖ്യം കടന്നുകയറിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിക്കുകയും ബ്രിട്ടീഷ് കോളനിവാഴ്ചക്ക് ഹല്ലേലുയ പാടുകയും ചെയ്ത വന്‍കിട പത്രങ്ങള്‍ ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് മര്‍ദക ഭരണകൂടത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തി ഇന്ത്യന്‍ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗത്തിന്റെ സഹയാത്രികരായി നിലക്കൊണ്ട പത്രങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് ധാരകളില്‍ നിന്നും ഭിന്നമായി ഇടതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങളുടെ സാന്നിധ്യവും ഇന്ത്യയില്‍ ശക്തമാണ്. ഇതിനെയെല്ലാം കവച്ചുവെച്ച് മാധ്യമരംഗത്തെയാകെ കൈപ്പിടിയിലൊതുക്കി സമ്പൂര്‍ണമായ ആധിപത്യം സ്ഥാപിക്കുകയാണ് ആഗോള മാധ്യമ കുത്തകകളുടെ താല്‍പര്യം.അതിനുവേണ്ടിയാണ് ഇന്ത്യന്‍ വൃത്താന്ത പത്രമേഖലയിലേക്ക് കടന്നുവരാന്‍ ബഹുരാഷ്ട്ര ഭീമന്‍മാര്‍ നിരന്തരം ശ്രമിക്കുന്നത്. ആ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുന്ന അവസ്ഥയാണ് എന്‍ഡിഎ ഗവര്‍മെണ്ട് സൃഷ്ടിച്ചിരിക്കുന്നത്. അരാഷ്ട്രീയത ജനങ്ങളില്‍ ആധിപത്യം നേടുന്നത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. ചൂടുള്ള വാര്‍ത്തകളല്ല ക്രീം പുരട്ടി ഡക്കറേറ്റ് ചെയ്ത വിഭവങ്ങളാണ് അവര്‍ ജനങ്ങള്‍ക്ക് വിളമ്പുന്നത്. ഫാഷന്‍ഷോയും ശരീര സൌന്ദര്യമല്‍സരങ്ങളും ആഭാസനൃത്തവും ഇന്ന് സാധാരണ തൊഴിലാളിയുടെ ഇടുങ്ങിയ വീട്ടുമുറിയില്‍ പോലും ടിവി ചാനലുകളിലൂടെ കടന്നെത്തുന്നു. നിര്‍ദോഷമായ കലാപരിപാടികളായി ഇത് അവഗണിക്കപ്പെടുമ്പോള്‍ കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തന പദ്ധതിയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അമേരിക്കയില്‍ ഗവര്‍ണര്‍ പദവിയിലേക്ക് മല്‍സരിക്കുന്ന ആര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ എന്ന മസില്‍മാന്റെ അടുക്കളയിലേക്കും കിടപ്പറയിലേക്കും ഇങ്ങ് കേരളത്തിലെ പാവം ഓട്ടോ ഡ്രൈവറെ അടക്കം പിടിച്ചു കൊണ്ടുപോകാനുള്ള കരുത്ത് റൂപ്പര്‍ട്ട് മുര്‍ദോക്കുമാര്‍ക്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും കലയും സിനിമയുമെല്ലാം മുഖ്യധാരാ രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. ആ അര്‍ഥത്തില്‍ തന്നെയാണ് അവയ്ക്ക് സ്വീകാര്യത കിട്ടുന്നത്. ബൂര്‍ഷ്വാ സമൂഹത്തില്‍ ആധിപത്യം വഹിക്കുന്നതും അധികാരം കൈയാളുന്നതും അധ്വാനിക്കുന്ന ജനങ്ങളല്ല മറിച്ച് ഭൂപ്രഭുക്കളും കുത്തക മുതലാളിമാരും അവരുടെ താല്‍പര്യങ്ങളുമാണ്. അതുകൊണ്ട്, മുഖ്യധാരാ മാധ്യമങ്ങളുടെ പൊതുവായ താല്‍പര്യം ഭരണവര്‍ഗത്തിന്റെ താല്‍പര്യമായിരിക്കും.വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ഇംഗിതങ്ങള്‍ക്കുമനുസരിച്ചുള്ളവ മാത്രമാണ് ജനങ്ങള്‍ കാണുന്നത്. അവയ്ക്ക് മാത്രമാണ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രോല്‍സാഹനവും അംഗീകാരവും ലഭിക്കാറുള്ളതും. പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന്റെ ഉത്ഭവം അമേരിക്കയിലാണ്. പൊതുജനങ്ങളുടെ മനസ്സ്് നിയന്ത്രിക്കാനുള്ള ഉപാധിയെന്ന നിലയിലാണ് അമേരിക്കന്‍ മുതലാളിത്തം പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന് തുടക്കമിട്ടത്. കണ്‍കെട്ടുവിദ്യയോടുപമിക്കാവുന്നതാണത്. കണ്‍മുന്നിലുള്ളതിനെ മറ്റൊന്നായി അവതരിപ്പിക്കുകയും കൃത്രിമമായ ആ കാഴ്ച്ചയ്ക്കനുസൃതമായി അഭിപ്രായങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി.സമൂഹത്തിന്റെ വര്‍ഗപരമായ ഉള്ളടക്കത്തെയും വേര്‍തിരിവുകളെയും നിസ്സാരവല്‍ക്കരിച്ചുകാട്ടി, സ്വന്തം വര്‍ഗത്തില്‍ നിന്ന് തനിക്ക് മോചനം എന്നതിലേക്ക് വ്യക്തികളെ എത്തിക്കുകയാണ് ഈ തന്ത്രത്തിന്റെ കാതല്‍. വ്യക്തിയെ അയല്‍ക്കാരുടെ വേവലാതികള്‍ ശ്രദ്ധിക്കാന്‍ നേരമില്ലാതാക്കുകയും മാസബജറ്റിന്റെയും കുട്ടികളുടെ ഫീസിന്റെയും ഊരാക്കുടുക്കുകളില്‍ തളച്ചിടുകയും ചെയ്യുമ്പോള്‍ അയാള്‍ സാമൂഹികമായ കര്‍ത്തവ്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമെന്ന് പുതിയ മാധ്യമത്തമ്പുരാക്കന്മാര്‍ക്കറിയാം. സ്വന്തം കാര്യത്തിലേക്ക് ഉള്‍വലിയാന്‍ പ്രചാരണത്തിന്റെ അദൃശ്യകരങ്ങള്‍ ശീലിപ്പിക്കുന്നു. അണുകുടുംബങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ് കമ്പോളവല്‍കൃതസമൂഹത്തിന് പഥ്യം. ഈ മനോഭാവം അടിച്ചുറപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. പൊതുപ്രവര്‍ത്തനത്തോട് പൊതുവെ അവജ്ഞ വളര്‍ത്തുക, എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കുക, തൊഴിലാളിവര്‍ഗത്തിന്റെ സംഘടനയെ അവഹേളിച്ച് നിഷ്പ്രഭമാക്കുക, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ അപവാദപ്രചാരണങ്ങളിലൂടെ വിലയിടിച്ചുകാട്ടുക തുടങ്ങിയ രീതികള്‍ തുടര്‍ച്ചയായി അവലംബിക്കപ്പെടുന്നു. വാര്‍ത്തകള്‍ക്കല്ല, പിന്നാമ്പുറ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കിട്ടുന്നത്. യഥാര്‍ഥ വസ്തുതകള്‍ക്കല്ല, അതിന്റെ മാംസളമായ വൈകാരിക അംശത്തിനാണ് പ്രാമുഖ്യം കിട്ടുന്നത്. ഈ പ്രവണത പലപ്പോഴും അതിരുകടന്ന് നമ്മുടെ സാംസ്കാരിക ബോധത്തെ ആക്രമിക്കുന്നു. ഇവിടെ, മലയാള പത്രപ്രവര്‍ത്തനത്തില്‍ കണ്ടുവരുന്ന ഒരു പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട ഒരു സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്.ഇന്ത്യയിലെ പത്രങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട പ്രസ് കൌണ്‍സിലിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് പി ബി സാവന്ത് ഒരിക്കല്‍ പറഞ്ഞത്, "പത്രസ്വാതന്ത്യ്രമെന്നാല്‍ പത്രമുതലാളിയുടെ സ്വാതന്ത്യ്രമല്ല, അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്യ്രമാണ്'' എന്നാണ്. പത്രമുതലാളിമാര്‍ 'കോടിപതി'കളാകുമ്പോള്‍ (മനോരമ പരസ്യം) വായനക്കാര്‍ കബളിപ്പിക്കപ്പെടുകയാണ്. കമ്യൂണിസ്റ്റുകാരെ ഭീകരരായും ചോരകുടിയന്‍മാരായും സംസ്കാരശൂന്യരായും ചിത്രീകരിക്കാന്‍ സെനറ്റര്‍ മക്കാര്‍ത്തി തന്റെ നല്ലകാലമാകെ വിനിയോഗിച്ചു.കേരളത്തില്‍ പണ്ടൊരു പത്രാധിപര്‍ പറഞ്ഞത്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ പല തവണ കേരളത്തില്‍ മുഖ്യമന്ത്രിമാരായിട്ടും ഒരാത്മഹത്യയും വരെ ഉണ്ടായില്ല എന്നസത്യം വിരല്‍ചൂണ്ടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ എതിര്‍ക്കാന്‍ ഏതുതലംവരെയും പോകാന്‍ വിരുദ്ധശക്തികള്‍ തയറാവും എന്നുതന്നെയാണ്. വിദ്യാര്‍ഥി സമരത്തില്‍ ഉയരുന്ന ജീവല്‍പ്രധാനമായ ആവശ്യങ്ങളെ അവഗണിച്ച് അക്രമത്തിന്റെയും സമൂഹവിരുദ്ധതയുടെയും ലേബല്‍ വിദ്യാര്‍ഥികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത് ജനങ്ങളോട് സമരത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പുറത്തുവരുന്നത് ഈ പ്രത്യയശാസ്ത്ര ദൌത്യമാണ്. കീഴടങ്ങാനും വിധേയരാവാനുമുള്ള ഉത്തേജക ഔഷധങ്ങളാണ് വാര്‍ത്തകളിലൂടെയും പരസ്യങ്ങളിലൂടെയും മാധ്യമങ്ങള്‍ നല്‍കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും ഉള്ള തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയുമെല്ലാം നാടിന്റെ പുരോഗതിയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളും അവഗണിക്കപ്പെടുന്നു..കേരളത്തിന്റെ ഉദാഹരണം നോക്കുക. ക്യാമ്പസുകളില്‍ ഭീകരവാഴ്ച നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കാലഹരണപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനെ സമാധാനത്തിന്റെ അപ്പോസ്തലന്‍മാരായി പാടിപ്പുകഴ്ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തെല്ലും മടിയില്ല. മാതൃകാപരമായ പ്രവര്‍ത്തനശൈലിയിലൂടെ വിദ്യാര്‍ഥി സമൂഹത്തിന്റെ മനസില്‍ അജയശക്തിയായി വളര്‍ന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തോടാകട്ടെ ഇവര്‍ക്ക് തീരാത്ത അരിശമാണ്. 22 വിദ്യാര്‍ഥികളെ ക്യാമ്പസിനകത്തും പുറത്തുംവെച്ച് പലപ്പോഴായി കടന്നാക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിന്റെ കൊടുംപാതകങ്ങള്‍ ഈ പത്രങ്ങളില്‍ ഒരിക്കലും കണ്ണില്‍പെടുന്ന വാര്‍ത്തയായിരുന്നില്ല. തൃശൂരില്‍ എട്ടുവര്‍ഷം മുമ്പ് യൂനിവേഴ്സിറ്റി കലോല്‍സവ നഗരിയിലെ മുഖ്യവേദിക്ക് മുമ്പില്‍ കുട്ടനെല്ലൂര്‍ ഗവര്‍മെണ്ട് കോളേജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കെ വി കൊച്ചനിയനെ കുത്തിക്കൊന്നപ്പോള്‍ ഒറ്റക്കോളം വാര്‍ത്ത ഒന്നാംപേജില്‍ ഉള്‍പ്പെടുത്താനുള്ള പത്രധര്‍മം അവരില്‍ ഉണര്‍ന്നിരുന്നില്ല. അത്തരക്കാരാണ് എതിരാളിയുടെ പുറത്ത് ചാപ്പ കുത്തിയെന്ന 'അന്തര്‍ദേശീയ വാര്‍ത്ത' സൃഷ്ടിച്ച് മാസങ്ങളോളം കൊണ്ടാടി തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിസംഘടനയെ ആവോളം കരിതേച്ചത്. ആ ചാപ്പകുത്തലിന്റെ തനിനിറം കെട്ടുകഥചമച്ച ഒരാള്‍തന്നെ വെളിപ്പെടുത്തിയപ്പോള്‍ അത് മൂടിവെക്കാന്‍ ചില മാധ്യമങ്ങള്‍ കാണിച്ച വെപ്രാളം ഈയടുത്ത നാളുകളിലെ കാഴ്ച്ചയായിരുന്നു.ലോകമാകെ നോക്കിയാലും ഇന്ത്യയിലായാലും കേരളത്തിലായാലും ഏറ്റവും ഭീകരമായ അടിച്ചമര്‍ത്തല്‍ നേരിട്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഭരണകൂടവും എതിര്‍രാഷ്ട്രീയക്കാരും ജന്‍മി-മുതലാളി പ്രമാണിമാരുടെ ഗുണ്ടകളും ഇത്രയേറെ വേട്ടയാടിയ മറ്റൊരു പാര്‍ടിയില്ല. ആക്രമണത്തിന് ഇരയായി ഏറ്റവുമധികം പ്രവര്‍ത്തകരുടെ ജീവന്‍ ത്യജിക്കേണ്ടി വന്ന രാഷ്ട്രീയകക്ഷിയും കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നാല്‍ ബൂര്‍ഷ്വാ പത്രങ്ങളുടെ കണ്ണില്‍ മാര്‍ക്സിസ്റ്റുകാരാണ് എവിടെയും കുഴപ്പക്കാര്‍. എതിര്‍പക്ഷത്ത് ആരായാലും വലിയ സമാധാനപ്രിയരും.ചുറ്റുപാടും എന്തു നടക്കുന്നു എന്നു മനസ്സിലാക്കിയാലേ എന്തുചെയ്യണം എന്ന് തീരുമാനിക്കാവൂ. മുഖ്യധാരാ മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്തും ഉപ്പുചേര്‍ക്കാതെ വിഴുങ്ങുന്നവര്‍ക്ക് സമൂഹത്തിന്റെ യഥാര്‍ഥ മിടിപ്പുകള്‍ കാണാനാവില്ല. അതുകൊണ്ടാണ്, ഒറ്റനോട്ടത്തില്‍ പുരോഗമന ചിന്താഗതിക്കാരെന്ന് തോന്നുന്ന 'സാംസ്കാരിക നായകര്‍' പോലും ചതിക്കുഴികളില്‍ വീഴുന്നത്. രാഷ്ട്രപിതാവിനെ കൊന്ന; അനേകലക്ഷങ്ങളുടെ ചോരയില്‍ കൈമുക്കി നില്‍ക്കുന്ന ഭീകരസംഘടനയെ വെറുമൊരു സാംസ്കാരിക സംഘടനയാണെന്ന് ചിത്രീകരിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നത് ഈ ലാഘവത്വം കൊണ്ടാണ്. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തിനുശേഷം ലോകത്താകെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദവിരുദ്ധ പ്രചാരണം ഇസ്ളാംവിരുദ്ധമായി രൂപാന്തരപ്പെടാന്‍ ഏറെ സമയമെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും കൂട്ടക്കശാപ്പുനടത്താന്‍ ഈ പ്രചാരണം കൊണ്ടാണ് പെന്റഗണ്‍ തറയൊരുക്കിയത്. അമേരിക്കക്കെതിരെ ഏതോ ഒറ്റപ്പെട്ട ഭീകരസംഘടന നടത്തിയ ആക്രമണത്തിന്റെ വില നല്‍കേണ്ടിവന്നത് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കായ ജനങ്ങളാണ്. രണ്ട് ആക്രമണങ്ങളും മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെട്ടവയാണ്. വാര്‍ത്താമാധ്യമങ്ങളെ അടക്കിവാഴുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ താല്‍പ്പര്യാനുസരണം അവയുടെ വാണിജ്യ സീമകള്‍ വിസ്തൃതമാക്കാന്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ചോരപ്പുഴകള്‍ സൃഷ്ടിക്കുകയായിരുന്നു.മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ച ഭരണാധികാരിയെന്ന സല്‍പ്പേര് അമേരിക്കയുടെ ഭ്രാന്തന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സദ്ദാംഹുസൈന് സഹായകമായില്ല. മാധ്യമങ്ങള്‍ ഇസ്ളാംവിരോധമായി രൂപാന്തരപ്പെടുത്തിയ 'ഭീകരവിരുദ്ധ' ക്യാമ്പയിന്‍ വിതച്ച വിപത്ത് ഇറാഖിനെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ലക്ഷങ്ങളുടെ കുരുതിപ്പറമ്പാക്കി. അല്‍ ഖ്വയ്ദയുമായി തെളിയിക്കപ്പെട്ട ബന്ധമില്ലാതിരുന്നിട്ടും മതാധിഷ്ഠിത തീവ്രവാദശക്തിയല്ലാതിരുന്നിട്ടും ഇറാഖ് എന്ന ഇരയെ കണ്ടെത്താനും തച്ചുതകര്‍ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒട്ടും അമാന്തിച്ചുനില്‍ക്കേണ്ടിവന്നില്ല. ഇതിലെ അസ്വാഭാവികത കാണാന്‍ ജനങ്ങളെ മാധ്യമങ്ങള്‍ അനുവദിച്ചുമില്ല.ഒരുവശത്ത് സാമ്പത്തിക കോയ്മകൊണ്ട് മാധ്യമങ്ങളെ വരുതിയിലാക്കുന്നവര്‍ മറുവശത്ത് ബദല്‍ മാധ്യമ സംരംഭങ്ങളെ തല്ലിത്തകര്‍ക്കാനും മുതിരുന്നു. സ്വാതന്ത്യ്രവും സത്യസന്ധതയും അപകടത്തിലാകും വിധം ബദല്‍ മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലാണ്. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും ആക്രമിക്കപ്പെടുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്യ്രം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നു.മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. നാസിപാര്‍ട്ടി ജര്‍മ്മനിയിലെ മാധ്യമങ്ങളെയാണ് ആദ്യം സ്വന്തമാക്കിയത്. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന എന്‍ ഡി എ ഗവര്‍മെണ്ട് ഫാസിസ്റ്റ് സ്വഭാവമാര്‍ജിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ജനങ്ങളെയാകെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഫാസിസത്തിന് മാധ്യമങ്ങള്‍.കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചത് അദ്ദേഹം സംഘ്പരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതി എന്ന 'കുറ്റം'കൊണ്ട് മാത്രമായിരുന്നു.ഇന്ത്യയില്‍ ആകെ സമീപകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ മറ്റൊരു മുഖമാണിത്. നഇന്ത്യയില്‍ നൂറോളം ഭാഷകളായി അമ്പതിനായിരത്തോളം പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. പത്രങ്ങളും ടെലിവിഷനും റേഡിയോയും ഇന്റര്‍നെറ്റും എല്ലാമായി ജനസംഖ്യയുടെ പകുതിലേറെപ്പേര്‍ക്ക് ദൈനംദിനം വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വേയിലെ കണ്ടെത്തല്‍. ദിനപത്രങ്ങള്‍ വായിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ 1510 ലക്ഷമാണ് (നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വേ 2001). രാജ്യത്ത് ലഭ്യമായ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരുടെ എണ്ണം 1780 ലക്ഷമാണ്. 3730 ലക്ഷമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം. റേഡിയോ സ്രോതാക്കളാകട്ടെ 1750 ലക്ഷവും.കേരളത്തില്‍ ഈ തോത് ദേശീയശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 80.7 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 62.2 ശതമാനത്തിനും ദൈനംദിനം പത്രങ്ങള്‍ ലഭ്യമാകുന്നു എന്നാണ് 1999ല്‍ കണക്കാക്കിയിട്ടുള്ളത് (ഐആര്‍എസ്-99). ജനങ്ങളുടെ സിംഹഭാഗവും ഏതെങ്കിലും ഒരു തരത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ദൈനംദിന വിവരശേഖരണം നടത്തുന്നു. പ്രത്യക്ഷമായോ അല്ലാതെയോ മാധ്യമങ്ങളുടെ സ്വാധീന പരിധിയില്‍ വരുന്ന ഭൂരിപക്ഷത്തെ ലക്ഷ്യംവെച്ചാണ് ആഗോള മാധ്യമക്കുത്തകകള്‍ ഇന്ത്യയുടെ വാതിലില്‍ മുട്ടുന്നത്. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്യ്രം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്യ്രത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടീഷനുകൂലവും പ്രതികൂലവുമായി പത്രങ്ങള്‍ രണ്ടുചേരിയിലായിരുന്ന.ഭൂരിപക്ഷം പത്രങ്ങളും കോളനിഭരണത്തിനെതിരെ നിലകൊണ്ടു. അവയാണ്'ദേശീയ പത്രങ്ങളാ'യി അറിയപ്പെട്ടത്.ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്വതന്ത്ര നിലപാടിനും നിര്‍ഭയത്വത്തിനും ചരിത്രപരമായ പശ്ചാത്തലമുണ്ടെന്നര്‍ത്ഥം.നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്യ്രത്തിന്റെ കാലം കൂടിയായിരുന്നു. ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്യ്ര ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്യ്ര നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശം നിഷേധിച്ചു. അതിലൂടെ സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്യ്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്യ്രം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്യ്രവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യ്രം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു.1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്യ്രത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വിത്തല്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. 1977ല്‍ ജനതാമന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് ഇന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്കായിരുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ ആദ്യം കിട്ടിയ സുവര്‍ണ്ണാവസരമായാണ് അന്ന് അതിനെ സംഘ്പരിവാര്‍ കണ്ടത്. അന്ന്് പാകിയ അടിത്തറയിലാണ് പിന്നീട് അധികാരത്തില്‍ എത്തിപ്പിടിക്കാനും കിട്ടിയ അധികാരം നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ സംഘനേതൃത്വം മെനഞ്ഞത്. ഇന്ത്യയിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ മാധ്യമമേഖലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. ആ സാന്നിധ്യം തകര്‍ക്കുക എന്നത്് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സുപ്രധാന ആവശ്യമാണ്. മുതലാളിത്ത വികസനപാത പിന്തുടരുന്നതിന് വിദേശ ഫിനാന്‍സ് മൂലധനവുമായി സര്‍വാത്മനാ സഹകരിക്കുകയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വം സ്വയം വരിക്കുകയും ചെയ്ത ഇന്ത്യന്‍ ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗ്ഗഭരണത്തിന്റെ താല്‍പ്പര്യങ്ങള്‍ സ്വാഭാവികമായും ആഗോള മാധ്യമ ഭീമന്മാരുടെ ഇംഗിതങ്ങളോട് സമരസപ്പെടുന്നവയാണ്. ഏകതാനമായ ഈ ലക്ഷ്യമാണ് ഇങ്ങ് കേരളത്തിലും പ്രഛഹ്നവേഷമിട്ടെത്തുന്നത്. മാധ്യമങ്ങളിലെ സാമ്രാജ്യ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. നാം കുടിക്കുന്ന വെള്ളവും തേക്കുന്ന സോപ്പും എന്തിന് നമ്മുടെ ചിരിയും പ്രതികരണങ്ങളും വരെ മാധ്യമങ്ങളുടെ ഉല്‍പ്പന്നമായ അഭിരുചികള്‍ക്കനുസരിച്ചാകുമ്പോള്‍, നാമറിയാതെ നമ്മുടെ ബോധത്തില്‍ സാമ്രാജ്യത്വത്തിന്റെ വിഷവിത്തുകള്‍ തഴച്ചുവളരുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുന്നത് അനിവാര്യതയാകുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ശിഥിലമാക്കാനും പ്രതിലോമ ചിന്തകള്‍ക്ക്് മാന്യതനല്‍കാനുമുള്ള നീക്കങ്ങള്‍ തടയപ്പെടുന്നില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള വഴി വളരെ ചെറുതാകും. ആഗോള മാധ്യമങ്ങളെ മനസ്സിലാക്കുക എന്നത് ആഗോളവ്യാപകമായ പുത്തന്‍ കോളണി തന്ത്രങ്ങളെ അറിയുക എന്നതുതന്നെയാണ്. നമ്മെ കീഴടക്കാന്‍ വിവിധ രൂപങ്ങളില്‍ കടന്നുവരുന്ന സാമ്രാജ്യദല്ലാളന്മാരെയും അവരുടെ

മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും

ലോകസാമ്രാജ്യത്വത്തിന്റെ ഫലപ്രദമായ ആയുധമാണ് വാര്‍ത്താമാധ്യമങ്ങള്‍. 90കളുടെ തുടക്കം മുതല്‍ ലോക രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ഇന്‍ഫര്‍മേഷന്‍ രംഗത്തെ അതിശയകരമായ പുരോഗതിയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അപ്രമാദിത്വവും മുതലാളിത്ത വ്യവസ്ഥക്ക് ഏറെ അനുകൂലമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നവകൊളോണിയല്‍ രൂപംപൂണ്ട മുതലാളിത്തത്തിന് അതിന്റെ തന്നെ ഉല്‍പന്നമായ പുതിയ മാധ്യമവ്യവസ്ഥയെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരുന്നു. വര്‍ഗസമരത്തിന്റെ കൃത്യവും സുപ്രധാനവുമായ ഒരു മേഖലയാണ് മാധ്യമരംഗം. സമ്പന്ന വര്‍ഗത്തിന്റെ കുഴലൂത്ത് നടത്തുന്നതില്‍ മാത്രമല്ല അവയ്ക്ക് അനുകൂലവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രതികൂലവുമായ പ്രത്യയശാസ്ത്ര പ്രചാരണദൌത്യം ശാസ്ത്രീയമായി നിര്‍വഹിക്കുന്നു എന്നതില്‍ക്കൂടിയാണ് പുത്തന്‍ മാധ്യമവ്യവസ്ഥയുടെ പ്രാധാന്യം. അക്രമരഹിതമായ അധിനിവേശത്തിന്റെ വിനാശകാരിയായ ആയുധമായി ഉപയോഗിക്കാന്‍ മാധ്യമങ്ങളെ പാകപ്പെടുത്തുക എന്നതില്‍ സാമ്രാജ്യത്വം വിജയിച്ചിട്ടുണ്ട്. "ലയനങ്ങളും ഏറ്റെടുക്കലുകളും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 1990കളാകുമ്പോള്‍ ഒരൊറ്റ വന്‍കിട സ്ഥാപനം ലോകത്തെ പ്രധാന മാധ്യമങ്ങളെയാകെ കീഴടക്കുമെന്ന്'' 1983ല്‍ ബെന്‍ ബഗ്ദിക്യാന്‍ പ്രവചിച്ചിരുന്നു. മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ മുന്‍കൂട്ടി കണ്ടു എന്നതാണ് പുലിറ്റ്സര്‍ അവാഡ് ജേതാവും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജേണലിസം സ്കൂളില്‍ ഡീന്‍ എമിറിറ്റസുമായ ബഗ്ദിക്യാനിന്റെ സംഭാവന. റൂപ്പര്‍ട്ട് മുര്‍ദോക്ക്(ന്യൂസ'് കോര്‍പറേഷന്‍ ഉടമ), ടൈം വാര്‍ണര്‍, ഡിസ്നി, വയാകോം, സോണി, ജനറല്‍ ഇലക്ട്രിക് എന്നീ സ്ഥാപനങ്ങള്‍ ലോകമാധ്യമങ്ങളെയാകെ നിയന്ത്രിക്കുകയാണ്. ലോകം എന്ത് അറിയണമെന്നും, എന്ത് ചിന്തിക്കണമെന്നും എന്തൊക്കെ വാങ്ങുകയും ഉപയോഗിക്കുകയും വേണമെന്നും ഇവര്‍ തീരുമാനിക്കുന്നു. റൂപ്പര്‍ട്ട് മുര്‍ദോക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ അധികാരങ്ങളും സ്വാധീനവും ഈ മാധ്യമഭീമനുണ്ട്. ആസ്ട്രേലിയക്കാരനായ മുര്‍ദോക്ക് അമേരിക്കന്‍ പൌരത്വം എടുത്താണ് തന്റെ മാധ്യമസാമ്രാജ്യത്വത്തിന്റെ വല ലോകമാകെ എറിഞ്ഞത്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചുകിടക്കുന്ന മാധ്യമസ്ഥാപനങ്ങളുള്ള മുര്‍ദോക്കിനെക്കുറിച്ച് മല്‍സരരംഗത്തുള്ള മറ്റൊരു സ്ഥാപനമായ വയാകോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമ്മര്‍ റെഡ്സ്റ്റോണ്‍ പറഞ്ഞത് "അദ്ദേഹത്തിന് അടിസ്ഥാനപരമായി ലോകം കീഴടക്കണമെന്നുണ്ട്'' എന്നാണ്. ടൈംസ്് ഓഫ് ഇന്ത്യയില്‍ പത്രാധിപന്മാരുടെ സ്ഥാനം മാനേജര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു അത്. ഇന്ന് ലോകവ്യാപകമായി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നയം തീരുമാനിക്കുന്നത് മാനേജ്മെന്റ് വിദഗ്ധരാണ്. മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതാകട്ടെ പരസ്യദാദാക്കളും. അമേരിക്കയില്‍ മാഗസിനുകള്‍ക്ക് 50 ശതമാനവും പത്രങ്ങള്‍ക്ക് 80 ശതമാനവും റേഡിയോ-ടെലിവിഷന്‍ കമ്പനികള്‍ക്ക് നൂറുശതമാനവും വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. അന്നദാദാക്കളായ കോര്‍പ്പറേഷനുകള്‍ക്ക് പരിപൂര്‍ണ്ണമായി വഴങ്ങാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ല. 17000 കോടി ഡോളര്‍ വര്‍ഷാവര്‍ഷം പരസ്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ക്കുനല്‍കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത വാര്‍ത്തകളും അന്വേഷണങ്ങളും സെന്‍സര്‍ചെയ്യുന്നു. അനുസരിച്ചില്ലെങ്കില്‍ പരസ്യം നിഷേധിക്കുന്നു."പരസ്യങ്ങള്‍ എങ്ങനെ മാധ്യമവ്യവസ്ഥയെ അധീനപ്പെടുത്തുന്ന എന്നതിന്റെ ഉത്തമദൃഷ്ടാന്തമാ''യി അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായത്തെ എഡ്വിന്‍ ഹെര്‍മ്മന്‍(കാര്‍ ബിസിനസ് സ്്കൂള്‍) ചൂണ്ടിക്കാട്ടുന്നുണ്ട്.വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താക്കളായ റൂപ്പര്‍ട്ട് മുര്‍ദോക്കിനെപ്പോലുള്ളവര്‍ വ്യക്തിപരമായിത്തന്നെ തങ്ങളുടെ പ്രത്യയശാസ്ത്രധാരണകള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വന്തം മാധ്യമ സ്ഥാപനങ്ങളെ ഉപകരണമാക്കുന്നു. പരസ്യദാദാക്കളുടെ സമ്മര്‍ദ്ദങ്ങളേക്കാള്‍ ഫലപ്രദമായ ഇടപെടലാണത്. വാര്‍ത്തകള്‍ സ്വേഛക്കനുസരിച്ച് ഉല്‍പ്പാദിപ്പിക്കാന്‍ ഇത്തരം മാധ്യമചക്രവര്‍ത്തിമാര്‍ക്കറിയാം. ഈ ജോലി ഭംഗിയായി നിര്‍വഹിക്കാനറിയാവുന്ന റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും അവര്‍ പോറ്റിവളര്‍ത്തുന്നു. ഫ്ളോറിഡയില്‍ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ ഉടമസ്ഥതയിലുള്ള ടിവി സ്റ്റേഷന്‍ മാനേജര്‍ ഒരിക്കല്‍ അവകാശപ്പെട്ടത്, "ഞങ്ങള്‍ മൂന്ന് ബില്യന്‍ ഡോളര്‍ ഈ ടിവി സ്റ്റേഷനുകള്‍ക്ക് വേണ്ടി മുടക്കിയിട്ടുണ്ട്, അതുകൊണ്ട് എന്താണ് വാര്‍ത്തയെന്ന് ഞങ്ങള്‍ തീരുമാനിക്കും, ഞങ്ങള്‍ പറയുന്നതെന്തോ അതാണ് വാര്‍ത്ത''യെന്നാണ്.'എന്റെ സത്യസന്ധമായ അഭിപ്രായങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എഴുതാതിരിക്കാനാണ് ആഴ്ചയില്‍ എനിക്കവര്‍ ശമ്പളം തരുന്നത്. നിങ്ങളിലാരെങ്കിലും സത്യസന്ധമായ അഭിപ്രായം പത്രത്തിലെഴുതുക എന്ന വിഡ്ഢിത്തം കാണിച്ചാല്‍ അടുത്ത ദിവസം മറ്റൊരു ജോലിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരും' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിഖ്യാത എഡിറ്ററായിരുന്ന ജോണ്‍ സ്വിന്‍ഡന്‍ പത്രലേഖകരെ ഒരിക്കല്‍ ഉദ്ബോധിപ്പിച്ചത്. അണിയറക്ക് പിന്നില്‍ നില്‍ക്കുന്ന പണച്ചാക്കുകളുടെ താളത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനത്തെ ബൌദ്ധിക വ്യഭിചാരമായി അദ്ദേഹം വിശേഷിപ്പിച്ചു. വാര്‍ത്താവിതരണ-വിശകലനങ്ങളിലെ ആസൂത്രിതമായ ഇടപെടലാണ് മൂന്നാമത്തെ സ്വാധീന ഘടകം. വാര്‍ത്തകളും അവയുടെ വിശകലനങ്ങളും തയ്യാര്‍പെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍തന്നെ വാണിജ്യ കോര്‍പ്പറേഷനുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. നേരിട്ട് വാര്‍ത്തകളില്‍ കടന്നുകയറി അവയെ പക്ഷപാതപരമായി മാറ്റിമറിക്കാന്‍ പ്രയാസമുള്ളിടത്ത് എത്തിപ്പറ്റാനുള്ള എളുപ്പവഴിയായി 'വിദഗ്ധ'രെയും 'ഗവേഷണ'സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ഹെറിറ്റേജ് ഫൌണ്ടേഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാറ്റോഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ തങ്ങള്‍ക്കനുകൂലമായ 'വിദഗ്ധാഭിപ്രായങ്ങള്‍' പടച്ചുവിടാന്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ പണം മുടക്കി നടത്തുന്ന സ്ഥാപനങ്ങളാണ്.സിബിഎസോ എന്‍ബിസിയോ അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് നിരന്തരം വാര്‍ത്തകൊടുക്കുന്നുവെങ്കില്‍ അവയുടെ പിതൃസ്ഥാപനങ്ങളായ വെസ്റ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും അമേരിക്കന്‍ ഗവര്‍മ്മെണ്ടുമായി വന്‍തോതിലുള്ള ആയുധക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്."വ്യവസ്ഥാപിതമായ സവിശേഷാധികാരങ്ങളെ പിന്തുണച്ച് തദനുസൃതമായി വാദപ്രതിവാദങ്ങളെയും ചര്‍ച്ചകളെയും പരിമിതപ്പെടുത്തിയും സ്വന്തം വാര്‍ത്തകള്‍ രൂപപ്പെടുത്തിയും വിശകലനങ്ങള്‍ തയ്യാറാക്കിയും മാധ്യമങ്ങള്‍ അടുത്ത പരസ്പരബന്ധം പുലര്‍ത്തുന്ന ഭരണകൂടത്തിന്റെയും കുത്തകാധികാരത്തിന്റെയും താല്‍പര്യങ്ങളെ സേവിക്കുന്നു'' (നോം ചോംസ്കി, നെസസ്സറി ഇല്യൂഷന്‍സ്- തോട്ട് കണ്‍ട്രോള്‍ ഇന്‍ ഡെമോക്രാറ്റിക് സൊസൈറ്റീസ്). മാധ്യമങ്ങളുടെ ധര്‍മം ഇതായി സാമ്രാജ്യത്വം കണക്കാക്കുമ്പോള്‍ പുതിയ അധിനിവേശശ്രമങ്ങളെ മറ്റൊരര്‍ഥത്തില്‍ കാണാനാവില്ല.രാഷ്ട്രീയമായ അധിനിവേശത്തിനുവേണ്ടി മാധ്യമങ്ങളെ സാമ്രാജ്യത്വം ഉപയോഗിക്കുന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ചിലി. 1964ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആ രാജ്യത്ത് അമേരിക്ക വിനിയോഗിച്ചത് 30,00,000 ഡോളറാണ്. '70 മുതല്‍ '73 വരെ ചിലിയന്‍ ഗവര്‍മെണ്ടിനെ അട്ടിമറിക്കാന്‍ 80,00,000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആ കൊച്ചുരാജ്യത്തിലേക്ക് ഒഴുകി. അമേരിക്കന്‍ താല്‍പര്യത്തിനനുസൃതമായ ലേഖനങ്ങളും വാര്‍ത്തകളും ചിലിയിലെ മാധ്യമങ്ങളില്‍ കുത്തിനിറക്കുക എന്ന ഒറ്റ പരിപാടിക്കുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കപ്പെട്ടത്. '53 മുതല്‍ അമേരിക്കന്‍ മാധ്യമഭീമന്‍മാര്‍ ചിലിയന്‍ പത്രങ്ങളെ നിരക്ക് കുറച്ച വാര്‍ത്താ ഏജന്‍സി സര്‍വീസിലൂടെയും അനേകതരത്തിലുള്ള സബ്സിഡികളിലൂടെയും വരുതിയിലാക്കാന്‍ ശ്രമിച്ചു വന്നു. പത്രങ്ങള്‍, റേഡിയോ, ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, കത്തുകള്‍, ചുമരെഴുത്ത് എന്നിങ്ങനെ എല്ലാത്തരം മാര്‍ഗങ്ങളും ചിലിയന്‍ ജനതക്കുമേല്‍ പ്രയോഗിക്കപ്പെടുകയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയെ ഭീകര ഭരണാധികാരിയായി ചിത്രീകരിക്കാന്‍ സോവിയറ്റ് ടാങ്കുകളുടെയും ക്യൂബന്‍ പട്ടാളത്തിന്റെയും ചിത്രങ്ങള്‍ വികൃതമാക്കി ഉപയോഗിച്ചു. മാര്‍പ്പാപ്പയുടെ പേരില്‍ ആയിരക്കണക്കിന് കത്തുകള്‍ ചിലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അയച്ചു. അലന്‍ഡെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചിലി കമ്യൂണിസ്റ്റ് സര്‍വാധിപത്യരാജ്യമാകുമെന്നും അങ്ങനെ വന്നാല്‍ മതങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുമെന്നും പ്രചരിപ്പിച്ചു. ഇത് ചെറിയ ഉദാഹരണം മാത്രം. ലോകത്താകെ കമ്യൂണിസത്തിനെതിരെ അമേരിക്ക നടത്തിയ കടന്നാക്രമണങ്ങളുടെ ഏറ്റവും ചെറിയ പതിപ്പ്. ലോകത്തെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷന്‍ ടൈം വാര്‍ണറാണ്. 1989ല്‍ ടൈം, വാര്‍ണര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയോജിപ്പിച്ച് രൂപീകൃതമായ ടൈം വാണനര്‍ ഇന്ന് ലോകത്താകെ 200ലേറെ ഉപസ്ഥാപനങ്ങളുള്ള വന്‍കിട കമ്പനിയാണ്. സിഎന്‍എന്‍, എച്ച്ബിഒ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ചാനലുകള്‍ ടൈം മാസിക ഉള്‍പ്പെടെയുള്ള 24 മാസികകള്‍, ലോകത്ത് ഏറ്റവും വലിയ സംഗീത ഗ്രൂപ്പായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് എന്നിവയെല്ലാം ഈ ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ വകയാണ്. 60 ശതമാനത്തിലേറെ വരുമാനം ഇവര്‍ ആര്‍ജിക്കുന്നത് അമേരിക്കക്ക് പുറത്തുനിന്നാണ്. ഡിസ്നി ടൈം വാര്‍ണറിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു ഭീമനാണ്. എബിസി ടെലിവിഷന്‍ ഡിസ്നിയുടേതാണ്. ഇഎസ്പിഎല്‍ എന്ന സ്പോട്സ് ചാനലിലൂടെ വന്‍കുതിപ്പാണ് ഡിസ്നിക്കുണ്ടായത്. ഡിസ്നിലാന്റിന്റെയും ഡിസ്നി വേള്‍ഡിന്റെയും ഉടമസ്ഥാവകാശമുള്ള ഈ സ്ഥാപനം ലോകത്താകെ വേരൂന്നിയിരിക്കുന്നു.എംടിവിയുടെ ഉടമകളായ വയാകോമാണ് മറ്റൊരു വമ്പന്‍. 25 കോടി വീടുകളിലേക്ക് ഒരേസമയം സാമ്രാജ്യതാല്‍പര്യാധിഷ്ഠിതമായ വിനോദ പരിപാടികളാണ് എംടിവി എത്തിക്കുന്നത്. പാരമൌണ്ട് പിക്സ്ചേഴ്സ് ഉള്‍പ്പെടെ വന്‍കിട ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളും വീഡിയോ, മ്യൂസിക് സംരംഭങ്ങളും വയാകോമിനുണ്ട്.ലണ്ടന്‍ ടൈംസും ന്യൂയോര്‍ക്ക് പോസ്റ്റും ഉള്‍പ്പെടെയുള്ള 150ഓളം പത്രങ്ങള്‍ ഫോക്സ് ടിവിയും എംഎസ്എന്‍ബിസിയും ഉള്‍പ്പെടെയുള്ള വന്‍കിട സംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്നിവ കൈയാളുന്ന ന്യൂസ് കോര്‍പ്പറേഷന്‍ അതിന്റെ തലവനായ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ പേരുകൊണ്ടു തന്നെ പ്രശസ്തമാണ്. അച്ചടി മാധ്യമരംഗത്ത് മുര്‍ദോക്കിനെ വെല്ലാന്‍ മറ്റാരുമില്ല. സാമ്രാജ്യത്വത്തിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറും മുഖ്യ ഉപദേഷ്ടാവുമായാണ് മുര്‍ദോക്ക് അറിയപ്പെടുന്നത്. സോണി, എന്‍ബിസി(ജനറല്‍ ഇലക്ട്രിക്ക്) എന്നിവയാണ് മറ്റു ബഹുരാഷ്ട്ര മാധ്യമഭീമന്‍മാര്‍. "ആഗോള വാണിജ്യ മാധ്യമ വ്യവസ്ഥ പ്രധാനമായും അമേരിക്ക കേന്ദ്രീകരിച്ചുള്ളതും അതിശക്തിയുള്ളതുമായ ചില ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അധീനതയിലുമാണെ''ന്ന് റോബര്‍ട്ട് മാക് ചെസ്നി നിരീക്ഷിക്കുന്നുണ്ട്. ഈ മാധ്യമക്കുത്തകകള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ത്തന്നെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കുകയും ചെയ്യുന്നു. 2000ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് മാധ്യമ ചക്രവര്‍ത്തിമാരായിരുന്നു. ജോര്‍ജ് ബുഷിനുവേണ്ടി ശക്തമായി നിലക്കൊള്ളുകയും പക്ഷപാത വൃത്താന്തങ്ങളുടെ നയാഗ്രകള്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ക്ക് പ്രതിഫലമായി കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും കുടുതല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള നിയമ ഭേദഗതിയും ബുഷ് അധികാരമേറ്റയുടന്‍ ലഭിച്ചു.ബുഷിന്റെ വിജയം തന്നെ മാധ്യമ സൃഷ്ടിയാണ്. തങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത അല്‍ഗോര്‍ ബുഷിനേക്കാള്‍ വളരെ താഴ്ന്ന നിലവാരമുള്ളയാളാണെന്നുവരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമം നടന്നു. കാതലായ പ്രശ്നങ്ങളില്‍ അല്‍ഗോര്‍ സ്വീകരിച്ച നിലപാടുകള്‍ ബുഷിന്റേതിനേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്നതിനാല്‍ അവ അവഗണിക്കപ്പെട്ടു.പകരം നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചു. അമേരിക്കക്കാരന്റെ 'ബഹുമാന്യതയും ഔന്നത്യവും' പുനസ്ഥാപിക്കുന്ന രക്ഷകനായാണ് ബുഷ് അവതരിക്കപ്പെട്ടത്. പ്രചാരണഘട്ടത്തിലുടനീളം ബുഷ് പറഞ്ഞ നുണകളും ടെക്സാസ് റേഞ്ചേഴ്സ് സ്റ്റേഡിയം ഇടപാടിലെ അഴിമതിയും മറ്റും ജനശ്രദ്ധയിലെത്തിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമീഷന്റെ തലപ്പത്ത് പാറ്റ് വുഡ് എന്ന സ്വന്തക്കാരനെ നിയമിക്കാന്‍ എന്‍റോണ്‍ ബുഷിനു നല്‍കിയത് 650,000ഡോളറാണ്. ആ കഥ പക്ഷേ മാധ്യമങ്ങളില്‍ കാണില്ല. മാത്രമല്ല എന്‍റോണ്‍ കുംഭകോണത്തെ വെറുമൊരു ബിസിനസ് പ്രശ്നമാക്കി അതിന്റെ രാഷ്ട്രീയ പ്രാധാന്യം മൂടിവെക്കാനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു.ശീതയുദ്ധാനന്തരം 90കളുടെ തുടക്കത്തില്‍ ശീഘ്രവേഗത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ആപത്കരമായ വശങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. എതിരഭിപ്രായങ്ങള്‍ പാടെ തമസ്കരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവല്‍ക്കരിച്ച് ഉദാരവല്‍ക്കരണത്തിന് പൊതുസ്വീകാര്യത നേടാനാണ് മുതലാളിത്ത മാധ്യമങ്ങള്‍ വന്‍തോതില്‍ ശ്രമിച്ചത്.മുതലാളിത്ത രാജ്യങ്ങളിലെയാകെ മാധ്യമങ്ങള്‍ ഒരുതരം രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് വിധേയമാണ്. ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ അവയ്ക്ക് നല്‍കാനാവില്ല. ഒരര്‍ഥത്തില്‍ മുര്‍ദോക്കുമാരും പാക്കര്‍മാരും തന്നെയാണ് ഭരണവര്‍ഗം. നേരിട്ട് അധികാരം കൈയാളുന്നില്ലെങ്കിലും അധികാരത്തിന്റേതായ എല്ലാവിധ സൌകര്യങ്ങളും ഈ മാധ്യമ പ്രഭുക്കള്‍ക്ക് ലഭ്യമാണ്. ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറെ അധികാരത്തിലേറ്റുന്നതിന് ബ്രിട്ടീഷ് പത്രങ്ങളെ ഉളുപ്പില്ലാതെ ഉപയോഗിച്ച "പത്രപ്രവര്‍ത്തനത്തിന്റെ അകിടും ചോരയും ഊറ്റുന്നതില്‍ വമ്പനായ'' മുര്‍ദോക്കിന്റെ തന്ത്രങ്ങളെക്കുറിച്ച് ബഗ്ദിക്യാന്‍ (മീഡിയാ മൊണോപ്പൊളി)പറയുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തിലും ഇറാക്ക് യുദ്ധത്തിലും അമേരിക്കന്‍ സൈന്യത്തിന്റെ കൊടും ക്രൌര്യം എങ്ങനെ മറച്ചുവെക്കപ്പെട്ടു എന്ന് പില്‍ക്കാലത്ത് തെളിഞ്ഞതാണ്. ബസ്രയിലെ കൊട്ടാരം തകര്‍ക്കപ്പെട്ട് മരണമടഞ്ഞ കെമിക്കല്‍ അലി മാസങ്ങള്‍ക്കുശേഷം പിടിയിലായെന്ന് പറയേണ്ടിവരുന്ന അപഹാസ്യത ഈ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് മാത്രമല്ല യജമാനദാസ്യത്തെ വെളിപ്പെടുത്തുന്നതുമാണ്. എംബെഡ്ഡഡ് പത്രക്കാരായി അമേരിക്കന്‍ സൈന്യത്തിന്റെ ചെലവില്‍ ഊരുചുറ്റി അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ ചമക്കുന്നവര്‍ പുതിയ മാധ്യമ സംസ്കാരത്തിന്റെ പ്രതിനിധികളോ മാതൃകകളോ ആണ്.