Monday, August 11, 2008
മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും- 2
"ആഗോള ഗ്രാമത്തിന്റെ അധിപന്മാര്‍' എന്നശീര്‍ഷകത്തില്‍ ബെന്‍ ബഗ്ദി ക്യാന്‍ എഴുതിയ പുസ്തകം 1989ലാണ് പ്രസിദ്ധീകരിച്ചത്. ലോകമാകെ ഒരു 'ഗ്രാമ'മാകുമ്പോള്‍ അതിന്റെ തലപ്പത്തെത്തുന്ന മാധ്യമ ചക്രവര്‍ത്തിമാരെക്കുറിച്ചാണ് ആ പുസ്തകം വിവരിക്കുന്നത്.'ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തത്ര ജനപഥങ്ങളെ സ്വാധീനിക്കുംവിധം ആശയങ്ങളെയും സംസ്കാരത്തെയും വ്യാപാരങ്ങളെയും കുടുക്കിട്ടുപിടിക്കുന്ന ഏകമുഖ അധീശത്വമുള്ള' വന്‍ സ്വകാര്യ സംഘടനകള്‍ ലോകമാധ്യമങ്ങളെ കയ്യടക്കുമെന്നാണ് ബെന്നിന്റെ വിലയിരുത്തല്‍. പുതിയ നൂറ്റാണ്ടിലെ മാധ്യമങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും പരിശോധിക്കുമ്പോള്‍ സാമ്രാജ്യത്വ സൃഷ്ടിയായ ആഗോളവല്‍ക്കരണത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന കടന്നുകയറ്റത്തെയാണ് ആദ്യം കാണേണ്ടത്.ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ലോക വ്യാപാരസംഘടന, ധനകാര്യ ഏജന്‍സികള്‍ എന്നിവയിലൂടെയാണ് ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ലോകത്താകെ വ്യാപിക്കുന്നത്. മുതലാളിത്തത്തിന്റെ സത്ത തന്നെ ലാഭാധിഷ്ഠിതമായ ചൂഷണമായിരിക്കെ, അത് സാധൂകരിക്കുന്നതിനുള്ള പ്രചാരണദൌത്യമാണ് മാധ്യമഭീമന്‍മാര്‍ക്ക്. ആഗോള മാധ്യമവ്യവസ്ഥയുടെ കൈകാര്യകര്‍ത്താക്കള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടേത് മാത്രമല്ല, സാമ്രാജ്യശക്തികളുടെയാകെ കോളനിയാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ്. സാമ്രാജ്യത്വത്തിന്റെ മുഖം അനുദിനം മാറുന്നു. കായികമായി ആക്രമിച്ചു കീഴ്പ്പെടുത്തി വരുതിയിലാക്കുക എന്നതിനോടൊപ്പമോ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ ആശയമണ്ഡലത്തിലെ അധിനിവേശത്തിലൂടെ ലോകജനതയെ തങ്ങള്‍ക്കനുയോജ്യമാംവിധം പരുവപ്പെടുത്തിയെടുക്കുക എന്നരീതി പ്രയോഗിക്കപ്പെടുന്നു.എങ്ങനെ ആളുകളുടെ മനസ്സിനെ വശത്താക്കാമെന്നും ചിന്തകള്‍ക്ക് കടിഞ്ഞാണിടാമെന്നും ആണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഗവേഷണം ചെയ്യുന്നത്. സ്വന്തം നിലനില്‍പിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍പോലും പ്രതികരണശേഷിയറ്റ നിശ്ശബ്ദരും നിഷ്ക്രിയരുമായ നിരീക്ഷകരാക്കി ജനങ്ങളെ അവരറിയാതെ മാറ്റിയെടുക്കുക എന്ന പ്രക്രിയയാണ് വളരെ സമര്‍ഥമായി നിര്‍വഹിച്ചു പോരുന്നത്. ഈയിടെയായി ഇന്ത്യന്‍ മാധ്യമമേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ബഹുരാഷ്ട്ര മാധ്യമകുത്തകകള്‍ ശ്രമിക്കുന്നതും അതിന് ഇന്ത്യാ ഗവര്‍മെണ്ട് ഒത്താശ ചെയ്യുന്നതും അതിനെതിരെ സര്‍വവ്യാപിയായ പ്രതിഷേധം ഉയരുന്നതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍."വികസിത രാജ്യങ്ങളില്‍ സമീപകാലത്തായി പത്ര-മാധ്യമ കുത്തക വന്‍തോതില്‍ വളര്‍ന്നു വന്നതും വൈവിധ്യത്തിനും ബഹുസ്വരതക്കും ഗൌരവപൂര്‍വമായ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്കും കോട്ടം സംഭവിച്ചതും നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയിലും പത്രമേഖലയില്‍ കുത്തക പ്രവണതകളും കമ്പോളത്തിലെ ഓഹരി വെട്ടിപ്പിടിത്തം ലക്ഷ്യമാക്കിയുള്ള ആക്രമണോല്‍സുക കമ്പോളരീതികളും എതിരാളിയെ വധിക്കുന്ന തരത്തിലുള്ള മല്‍സരവും ഉയര്‍ന്നുവന്നിട്ടുണ്ട്. വൈവിധ്യത്തിനും ബഹുസ്വരതക്കും ഗുരുതരമായ ഭീഷണിയുളവാക്കും വിധം ഇംഗ്ളീഷിലും ചില ഇന്ത്യന്‍ ഭാഷകളിലുമുള്ള വൃത്താന്ത പത്രവിപണിയില്‍ ഇരുധ്രുവ രീതിയോ ഏകധ്രുവരീതിയോ തന്നെ വളര്‍ന്നുവന്നിരിക്കുന്നു. വിശേഷിച്ചും മലയാളം, ബംഗാളി, തെലുങ്ക് എന്നിവയില്‍ (എന്‍ റാം, ഭീഷണി മാധ്യമരംഗത്തും).അമേരിക്കയിലെ ദുഷ്പ്രവണതകള്‍ ഇന്ത്യയിലും എല്ലാ തീവ്രതയോടും കൂടി വളര്‍ന്നിരിക്കുന്നു എന്നാണ് അനുഭവം. എല്ലാ കാലത്തും ഇന്ത്യയിലെ പത്രങ്ങളില്‍ സാമ്രാജ്യാഭിമുഖ്യം കടന്നുകയറിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിക്കുകയും ബ്രിട്ടീഷ് കോളനിവാഴ്ചക്ക് ഹല്ലേലുയ പാടുകയും ചെയ്ത വന്‍കിട പത്രങ്ങള്‍ ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് മര്‍ദക ഭരണകൂടത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തി ഇന്ത്യന്‍ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗത്തിന്റെ സഹയാത്രികരായി നിലക്കൊണ്ട പത്രങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് ധാരകളില്‍ നിന്നും ഭിന്നമായി ഇടതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങളുടെ സാന്നിധ്യവും ഇന്ത്യയില്‍ ശക്തമാണ്. ഇതിനെയെല്ലാം കവച്ചുവെച്ച് മാധ്യമരംഗത്തെയാകെ കൈപ്പിടിയിലൊതുക്കി സമ്പൂര്‍ണമായ ആധിപത്യം സ്ഥാപിക്കുകയാണ് ആഗോള മാധ്യമ കുത്തകകളുടെ താല്‍പര്യം.അതിനുവേണ്ടിയാണ് ഇന്ത്യന്‍ വൃത്താന്ത പത്രമേഖലയിലേക്ക് കടന്നുവരാന്‍ ബഹുരാഷ്ട്ര ഭീമന്‍മാര്‍ നിരന്തരം ശ്രമിക്കുന്നത്. ആ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുന്ന അവസ്ഥയാണ് എന്‍ഡിഎ ഗവര്‍മെണ്ട് സൃഷ്ടിച്ചിരിക്കുന്നത്. അരാഷ്ട്രീയത ജനങ്ങളില്‍ ആധിപത്യം നേടുന്നത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. ചൂടുള്ള വാര്‍ത്തകളല്ല ക്രീം പുരട്ടി ഡക്കറേറ്റ് ചെയ്ത വിഭവങ്ങളാണ് അവര്‍ ജനങ്ങള്‍ക്ക് വിളമ്പുന്നത്. ഫാഷന്‍ഷോയും ശരീര സൌന്ദര്യമല്‍സരങ്ങളും ആഭാസനൃത്തവും ഇന്ന് സാധാരണ തൊഴിലാളിയുടെ ഇടുങ്ങിയ വീട്ടുമുറിയില്‍ പോലും ടിവി ചാനലുകളിലൂടെ കടന്നെത്തുന്നു. നിര്‍ദോഷമായ കലാപരിപാടികളായി ഇത് അവഗണിക്കപ്പെടുമ്പോള്‍ കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തന പദ്ധതിയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അമേരിക്കയില്‍ ഗവര്‍ണര്‍ പദവിയിലേക്ക് മല്‍സരിക്കുന്ന ആര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ എന്ന മസില്‍മാന്റെ അടുക്കളയിലേക്കും കിടപ്പറയിലേക്കും ഇങ്ങ് കേരളത്തിലെ പാവം ഓട്ടോ ഡ്രൈവറെ അടക്കം പിടിച്ചു കൊണ്ടുപോകാനുള്ള കരുത്ത് റൂപ്പര്‍ട്ട് മുര്‍ദോക്കുമാര്‍ക്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും കലയും സിനിമയുമെല്ലാം മുഖ്യധാരാ രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. ആ അര്‍ഥത്തില്‍ തന്നെയാണ് അവയ്ക്ക് സ്വീകാര്യത കിട്ടുന്നത്. ബൂര്‍ഷ്വാ സമൂഹത്തില്‍ ആധിപത്യം വഹിക്കുന്നതും അധികാരം കൈയാളുന്നതും അധ്വാനിക്കുന്ന ജനങ്ങളല്ല മറിച്ച് ഭൂപ്രഭുക്കളും കുത്തക മുതലാളിമാരും അവരുടെ താല്‍പര്യങ്ങളുമാണ്. അതുകൊണ്ട്, മുഖ്യധാരാ മാധ്യമങ്ങളുടെ പൊതുവായ താല്‍പര്യം ഭരണവര്‍ഗത്തിന്റെ താല്‍പര്യമായിരിക്കും.വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ഇംഗിതങ്ങള്‍ക്കുമനുസരിച്ചുള്ളവ മാത്രമാണ് ജനങ്ങള്‍ കാണുന്നത്. അവയ്ക്ക് മാത്രമാണ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രോല്‍സാഹനവും അംഗീകാരവും ലഭിക്കാറുള്ളതും. പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന്റെ ഉത്ഭവം അമേരിക്കയിലാണ്. പൊതുജനങ്ങളുടെ മനസ്സ്് നിയന്ത്രിക്കാനുള്ള ഉപാധിയെന്ന നിലയിലാണ് അമേരിക്കന്‍ മുതലാളിത്തം പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന് തുടക്കമിട്ടത്. കണ്‍കെട്ടുവിദ്യയോടുപമിക്കാവുന്നതാണത്. കണ്‍മുന്നിലുള്ളതിനെ മറ്റൊന്നായി അവതരിപ്പിക്കുകയും കൃത്രിമമായ ആ കാഴ്ച്ചയ്ക്കനുസൃതമായി അഭിപ്രായങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി.സമൂഹത്തിന്റെ വര്‍ഗപരമായ ഉള്ളടക്കത്തെയും വേര്‍തിരിവുകളെയും നിസ്സാരവല്‍ക്കരിച്ചുകാട്ടി, സ്വന്തം വര്‍ഗത്തില്‍ നിന്ന് തനിക്ക് മോചനം എന്നതിലേക്ക് വ്യക്തികളെ എത്തിക്കുകയാണ് ഈ തന്ത്രത്തിന്റെ കാതല്‍. വ്യക്തിയെ അയല്‍ക്കാരുടെ വേവലാതികള്‍ ശ്രദ്ധിക്കാന്‍ നേരമില്ലാതാക്കുകയും മാസബജറ്റിന്റെയും കുട്ടികളുടെ ഫീസിന്റെയും ഊരാക്കുടുക്കുകളില്‍ തളച്ചിടുകയും ചെയ്യുമ്പോള്‍ അയാള്‍ സാമൂഹികമായ കര്‍ത്തവ്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമെന്ന് പുതിയ മാധ്യമത്തമ്പുരാക്കന്മാര്‍ക്കറിയാം. സ്വന്തം കാര്യത്തിലേക്ക് ഉള്‍വലിയാന്‍ പ്രചാരണത്തിന്റെ അദൃശ്യകരങ്ങള്‍ ശീലിപ്പിക്കുന്നു. അണുകുടുംബങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ് കമ്പോളവല്‍കൃതസമൂഹത്തിന് പഥ്യം. ഈ മനോഭാവം അടിച്ചുറപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. പൊതുപ്രവര്‍ത്തനത്തോട് പൊതുവെ അവജ്ഞ വളര്‍ത്തുക, എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കുക, തൊഴിലാളിവര്‍ഗത്തിന്റെ സംഘടനയെ അവഹേളിച്ച് നിഷ്പ്രഭമാക്കുക, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ അപവാദപ്രചാരണങ്ങളിലൂടെ വിലയിടിച്ചുകാട്ടുക തുടങ്ങിയ രീതികള്‍ തുടര്‍ച്ചയായി അവലംബിക്കപ്പെടുന്നു. വാര്‍ത്തകള്‍ക്കല്ല, പിന്നാമ്പുറ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കിട്ടുന്നത്. യഥാര്‍ഥ വസ്തുതകള്‍ക്കല്ല, അതിന്റെ മാംസളമായ വൈകാരിക അംശത്തിനാണ് പ്രാമുഖ്യം കിട്ടുന്നത്. ഈ പ്രവണത പലപ്പോഴും അതിരുകടന്ന് നമ്മുടെ സാംസ്കാരിക ബോധത്തെ ആക്രമിക്കുന്നു. ഇവിടെ, മലയാള പത്രപ്രവര്‍ത്തനത്തില്‍ കണ്ടുവരുന്ന ഒരു പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട ഒരു സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്.ഇന്ത്യയിലെ പത്രങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട പ്രസ് കൌണ്‍സിലിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് പി ബി സാവന്ത് ഒരിക്കല്‍ പറഞ്ഞത്, "പത്രസ്വാതന്ത്യ്രമെന്നാല്‍ പത്രമുതലാളിയുടെ സ്വാതന്ത്യ്രമല്ല, അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്യ്രമാണ്'' എന്നാണ്. പത്രമുതലാളിമാര്‍ 'കോടിപതി'കളാകുമ്പോള്‍ (മനോരമ പരസ്യം) വായനക്കാര്‍ കബളിപ്പിക്കപ്പെടുകയാണ്. കമ്യൂണിസ്റ്റുകാരെ ഭീകരരായും ചോരകുടിയന്‍മാരായും സംസ്കാരശൂന്യരായും ചിത്രീകരിക്കാന്‍ സെനറ്റര്‍ മക്കാര്‍ത്തി തന്റെ നല്ലകാലമാകെ വിനിയോഗിച്ചു.കേരളത്തില്‍ പണ്ടൊരു പത്രാധിപര്‍ പറഞ്ഞത്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ പല തവണ കേരളത്തില്‍ മുഖ്യമന്ത്രിമാരായിട്ടും ഒരാത്മഹത്യയും വരെ ഉണ്ടായില്ല എന്നസത്യം വിരല്‍ചൂണ്ടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ എതിര്‍ക്കാന്‍ ഏതുതലംവരെയും പോകാന്‍ വിരുദ്ധശക്തികള്‍ തയറാവും എന്നുതന്നെയാണ്. വിദ്യാര്‍ഥി സമരത്തില്‍ ഉയരുന്ന ജീവല്‍പ്രധാനമായ ആവശ്യങ്ങളെ അവഗണിച്ച് അക്രമത്തിന്റെയും സമൂഹവിരുദ്ധതയുടെയും ലേബല്‍ വിദ്യാര്‍ഥികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത് ജനങ്ങളോട് സമരത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പുറത്തുവരുന്നത് ഈ പ്രത്യയശാസ്ത്ര ദൌത്യമാണ്. കീഴടങ്ങാനും വിധേയരാവാനുമുള്ള ഉത്തേജക ഔഷധങ്ങളാണ് വാര്‍ത്തകളിലൂടെയും പരസ്യങ്ങളിലൂടെയും മാധ്യമങ്ങള്‍ നല്‍കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും ഉള്ള തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയുമെല്ലാം നാടിന്റെ പുരോഗതിയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളും അവഗണിക്കപ്പെടുന്നു..കേരളത്തിന്റെ ഉദാഹരണം നോക്കുക. ക്യാമ്പസുകളില്‍ ഭീകരവാഴ്ച നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കാലഹരണപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനെ സമാധാനത്തിന്റെ അപ്പോസ്തലന്‍മാരായി പാടിപ്പുകഴ്ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തെല്ലും മടിയില്ല. മാതൃകാപരമായ പ്രവര്‍ത്തനശൈലിയിലൂടെ വിദ്യാര്‍ഥി സമൂഹത്തിന്റെ മനസില്‍ അജയശക്തിയായി വളര്‍ന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തോടാകട്ടെ ഇവര്‍ക്ക് തീരാത്ത അരിശമാണ്. 22 വിദ്യാര്‍ഥികളെ ക്യാമ്പസിനകത്തും പുറത്തുംവെച്ച് പലപ്പോഴായി കടന്നാക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിന്റെ കൊടുംപാതകങ്ങള്‍ ഈ പത്രങ്ങളില്‍ ഒരിക്കലും കണ്ണില്‍പെടുന്ന വാര്‍ത്തയായിരുന്നില്ല. തൃശൂരില്‍ എട്ടുവര്‍ഷം മുമ്പ് യൂനിവേഴ്സിറ്റി കലോല്‍സവ നഗരിയിലെ മുഖ്യവേദിക്ക് മുമ്പില്‍ കുട്ടനെല്ലൂര്‍ ഗവര്‍മെണ്ട് കോളേജ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കെ വി കൊച്ചനിയനെ കുത്തിക്കൊന്നപ്പോള്‍ ഒറ്റക്കോളം വാര്‍ത്ത ഒന്നാംപേജില്‍ ഉള്‍പ്പെടുത്താനുള്ള പത്രധര്‍മം അവരില്‍ ഉണര്‍ന്നിരുന്നില്ല. അത്തരക്കാരാണ് എതിരാളിയുടെ പുറത്ത് ചാപ്പ കുത്തിയെന്ന 'അന്തര്‍ദേശീയ വാര്‍ത്ത' സൃഷ്ടിച്ച് മാസങ്ങളോളം കൊണ്ടാടി തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിസംഘടനയെ ആവോളം കരിതേച്ചത്. ആ ചാപ്പകുത്തലിന്റെ തനിനിറം കെട്ടുകഥചമച്ച ഒരാള്‍തന്നെ വെളിപ്പെടുത്തിയപ്പോള്‍ അത് മൂടിവെക്കാന്‍ ചില മാധ്യമങ്ങള്‍ കാണിച്ച വെപ്രാളം ഈയടുത്ത നാളുകളിലെ കാഴ്ച്ചയായിരുന്നു.ലോകമാകെ നോക്കിയാലും ഇന്ത്യയിലായാലും കേരളത്തിലായാലും ഏറ്റവും ഭീകരമായ അടിച്ചമര്‍ത്തല്‍ നേരിട്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഭരണകൂടവും എതിര്‍രാഷ്ട്രീയക്കാരും ജന്‍മി-മുതലാളി പ്രമാണിമാരുടെ ഗുണ്ടകളും ഇത്രയേറെ വേട്ടയാടിയ മറ്റൊരു പാര്‍ടിയില്ല. ആക്രമണത്തിന് ഇരയായി ഏറ്റവുമധികം പ്രവര്‍ത്തകരുടെ ജീവന്‍ ത്യജിക്കേണ്ടി വന്ന രാഷ്ട്രീയകക്ഷിയും കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നാല്‍ ബൂര്‍ഷ്വാ പത്രങ്ങളുടെ കണ്ണില്‍ മാര്‍ക്സിസ്റ്റുകാരാണ് എവിടെയും കുഴപ്പക്കാര്‍. എതിര്‍പക്ഷത്ത് ആരായാലും വലിയ സമാധാനപ്രിയരും.ചുറ്റുപാടും എന്തു നടക്കുന്നു എന്നു മനസ്സിലാക്കിയാലേ എന്തുചെയ്യണം എന്ന് തീരുമാനിക്കാവൂ. മുഖ്യധാരാ മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്തും ഉപ്പുചേര്‍ക്കാതെ വിഴുങ്ങുന്നവര്‍ക്ക് സമൂഹത്തിന്റെ യഥാര്‍ഥ മിടിപ്പുകള്‍ കാണാനാവില്ല. അതുകൊണ്ടാണ്, ഒറ്റനോട്ടത്തില്‍ പുരോഗമന ചിന്താഗതിക്കാരെന്ന് തോന്നുന്ന 'സാംസ്കാരിക നായകര്‍' പോലും ചതിക്കുഴികളില്‍ വീഴുന്നത്. രാഷ്ട്രപിതാവിനെ കൊന്ന; അനേകലക്ഷങ്ങളുടെ ചോരയില്‍ കൈമുക്കി നില്‍ക്കുന്ന ഭീകരസംഘടനയെ വെറുമൊരു സാംസ്കാരിക സംഘടനയാണെന്ന് ചിത്രീകരിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നത് ഈ ലാഘവത്വം കൊണ്ടാണ്. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തിനുശേഷം ലോകത്താകെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദവിരുദ്ധ പ്രചാരണം ഇസ്ളാംവിരുദ്ധമായി രൂപാന്തരപ്പെടാന്‍ ഏറെ സമയമെടുത്തിരുന്നില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും കൂട്ടക്കശാപ്പുനടത്താന്‍ ഈ പ്രചാരണം കൊണ്ടാണ് പെന്റഗണ്‍ തറയൊരുക്കിയത്. അമേരിക്കക്കെതിരെ ഏതോ ഒറ്റപ്പെട്ട ഭീകരസംഘടന നടത്തിയ ആക്രമണത്തിന്റെ വില നല്‍കേണ്ടിവന്നത് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കായ ജനങ്ങളാണ്. രണ്ട് ആക്രമണങ്ങളും മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെട്ടവയാണ്. വാര്‍ത്താമാധ്യമങ്ങളെ അടക്കിവാഴുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ താല്‍പ്പര്യാനുസരണം അവയുടെ വാണിജ്യ സീമകള്‍ വിസ്തൃതമാക്കാന്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ചോരപ്പുഴകള്‍ സൃഷ്ടിക്കുകയായിരുന്നു.മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ച ഭരണാധികാരിയെന്ന സല്‍പ്പേര് അമേരിക്കയുടെ ഭ്രാന്തന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സദ്ദാംഹുസൈന് സഹായകമായില്ല. മാധ്യമങ്ങള്‍ ഇസ്ളാംവിരോധമായി രൂപാന്തരപ്പെടുത്തിയ 'ഭീകരവിരുദ്ധ' ക്യാമ്പയിന്‍ വിതച്ച വിപത്ത് ഇറാഖിനെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ലക്ഷങ്ങളുടെ കുരുതിപ്പറമ്പാക്കി. അല്‍ ഖ്വയ്ദയുമായി തെളിയിക്കപ്പെട്ട ബന്ധമില്ലാതിരുന്നിട്ടും മതാധിഷ്ഠിത തീവ്രവാദശക്തിയല്ലാതിരുന്നിട്ടും ഇറാഖ് എന്ന ഇരയെ കണ്ടെത്താനും തച്ചുതകര്‍ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒട്ടും അമാന്തിച്ചുനില്‍ക്കേണ്ടിവന്നില്ല. ഇതിലെ അസ്വാഭാവികത കാണാന്‍ ജനങ്ങളെ മാധ്യമങ്ങള്‍ അനുവദിച്ചുമില്ല.ഒരുവശത്ത് സാമ്പത്തിക കോയ്മകൊണ്ട് മാധ്യമങ്ങളെ വരുതിയിലാക്കുന്നവര്‍ മറുവശത്ത് ബദല്‍ മാധ്യമ സംരംഭങ്ങളെ തല്ലിത്തകര്‍ക്കാനും മുതിരുന്നു. സ്വാതന്ത്യ്രവും സത്യസന്ധതയും അപകടത്തിലാകും വിധം ബദല്‍ മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലാണ്. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും ആക്രമിക്കപ്പെടുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്യ്രം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നു.മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. നാസിപാര്‍ട്ടി ജര്‍മ്മനിയിലെ മാധ്യമങ്ങളെയാണ് ആദ്യം സ്വന്തമാക്കിയത്. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന എന്‍ ഡി എ ഗവര്‍മെണ്ട് ഫാസിസ്റ്റ് സ്വഭാവമാര്‍ജിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ജനങ്ങളെയാകെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഫാസിസത്തിന് മാധ്യമങ്ങള്‍.കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചത് അദ്ദേഹം സംഘ്പരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതി എന്ന 'കുറ്റം'കൊണ്ട് മാത്രമായിരുന്നു.ഇന്ത്യയില്‍ ആകെ സമീപകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ മറ്റൊരു മുഖമാണിത്. നഇന്ത്യയില്‍ നൂറോളം ഭാഷകളായി അമ്പതിനായിരത്തോളം പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. പത്രങ്ങളും ടെലിവിഷനും റേഡിയോയും ഇന്റര്‍നെറ്റും എല്ലാമായി ജനസംഖ്യയുടെ പകുതിലേറെപ്പേര്‍ക്ക് ദൈനംദിനം വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വേയിലെ കണ്ടെത്തല്‍. ദിനപത്രങ്ങള്‍ വായിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ 1510 ലക്ഷമാണ് (നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വേ 2001). രാജ്യത്ത് ലഭ്യമായ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരുടെ എണ്ണം 1780 ലക്ഷമാണ്. 3730 ലക്ഷമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം. റേഡിയോ സ്രോതാക്കളാകട്ടെ 1750 ലക്ഷവും.കേരളത്തില്‍ ഈ തോത് ദേശീയശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 80.7 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 62.2 ശതമാനത്തിനും ദൈനംദിനം പത്രങ്ങള്‍ ലഭ്യമാകുന്നു എന്നാണ് 1999ല്‍ കണക്കാക്കിയിട്ടുള്ളത് (ഐആര്‍എസ്-99). ജനങ്ങളുടെ സിംഹഭാഗവും ഏതെങ്കിലും ഒരു തരത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ദൈനംദിന വിവരശേഖരണം നടത്തുന്നു. പ്രത്യക്ഷമായോ അല്ലാതെയോ മാധ്യമങ്ങളുടെ സ്വാധീന പരിധിയില്‍ വരുന്ന ഭൂരിപക്ഷത്തെ ലക്ഷ്യംവെച്ചാണ് ആഗോള മാധ്യമക്കുത്തകകള്‍ ഇന്ത്യയുടെ വാതിലില്‍ മുട്ടുന്നത്. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്യ്രം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്യ്രത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. സ്വാതന്ത്യ്രസമരകാലത്ത് ബ്രിട്ടീഷനുകൂലവും പ്രതികൂലവുമായി പത്രങ്ങള്‍ രണ്ടുചേരിയിലായിരുന്ന.ഭൂരിപക്ഷം പത്രങ്ങളും കോളനിഭരണത്തിനെതിരെ നിലകൊണ്ടു. അവയാണ്'ദേശീയ പത്രങ്ങളാ'യി അറിയപ്പെട്ടത്.ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്വതന്ത്ര നിലപാടിനും നിര്‍ഭയത്വത്തിനും ചരിത്രപരമായ പശ്ചാത്തലമുണ്ടെന്നര്‍ത്ഥം.നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്യ്രത്തിന്റെ കാലം കൂടിയായിരുന്നു. ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്യ്ര ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്യ്ര നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശം നിഷേധിച്ചു. അതിലൂടെ സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്യ്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്യ്രം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്യ്രവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യ്രം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു.1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്യ്രത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വിത്തല്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. 1977ല്‍ ജനതാമന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് ഇന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്കായിരുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് ഫാസിസ്റ്റ് ശക്തികള്‍ക്ക് നുഴഞ്ഞുകയറാന്‍ ആദ്യം കിട്ടിയ സുവര്‍ണ്ണാവസരമായാണ് അന്ന് അതിനെ സംഘ്പരിവാര്‍ കണ്ടത്. അന്ന്് പാകിയ അടിത്തറയിലാണ് പിന്നീട് അധികാരത്തില്‍ എത്തിപ്പിടിക്കാനും കിട്ടിയ അധികാരം നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ സംഘനേതൃത്വം മെനഞ്ഞത്. ഇന്ത്യയിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ മാധ്യമമേഖലയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. ആ സാന്നിധ്യം തകര്‍ക്കുക എന്നത്് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സുപ്രധാന ആവശ്യമാണ്. മുതലാളിത്ത വികസനപാത പിന്തുടരുന്നതിന് വിദേശ ഫിനാന്‍സ് മൂലധനവുമായി സര്‍വാത്മനാ സഹകരിക്കുകയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വം സ്വയം വരിക്കുകയും ചെയ്ത ഇന്ത്യന്‍ ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗ്ഗഭരണത്തിന്റെ താല്‍പ്പര്യങ്ങള്‍ സ്വാഭാവികമായും ആഗോള മാധ്യമ ഭീമന്മാരുടെ ഇംഗിതങ്ങളോട് സമരസപ്പെടുന്നവയാണ്. ഏകതാനമായ ഈ ലക്ഷ്യമാണ് ഇങ്ങ് കേരളത്തിലും പ്രഛഹ്നവേഷമിട്ടെത്തുന്നത്. മാധ്യമങ്ങളിലെ സാമ്രാജ്യ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. നാം കുടിക്കുന്ന വെള്ളവും തേക്കുന്ന സോപ്പും എന്തിന് നമ്മുടെ ചിരിയും പ്രതികരണങ്ങളും വരെ മാധ്യമങ്ങളുടെ ഉല്‍പ്പന്നമായ അഭിരുചികള്‍ക്കനുസരിച്ചാകുമ്പോള്‍, നാമറിയാതെ നമ്മുടെ ബോധത്തില്‍ സാമ്രാജ്യത്വത്തിന്റെ വിഷവിത്തുകള്‍ തഴച്ചുവളരുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തുന്നത് അനിവാര്യതയാകുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ശിഥിലമാക്കാനും പ്രതിലോമ ചിന്തകള്‍ക്ക്് മാന്യതനല്‍കാനുമുള്ള നീക്കങ്ങള്‍ തടയപ്പെടുന്നില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള വഴി വളരെ ചെറുതാകും. ആഗോള മാധ്യമങ്ങളെ മനസ്സിലാക്കുക എന്നത് ആഗോളവ്യാപകമായ പുത്തന്‍ കോളണി തന്ത്രങ്ങളെ അറിയുക എന്നതുതന്നെയാണ്. നമ്മെ കീഴടക്കാന്‍ വിവിധ രൂപങ്ങളില്‍ കടന്നുവരുന്ന സാമ്രാജ്യദല്ലാളന്മാരെയും അവരുടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment